ഇപ്പോള്‍ ചര്‍ചയെപ്പറ്റിയാണ് ചര്‍ച. ബ്ലോഗര്‍മാരെല്ലാം പൊതുവെ നന്നായി അഭിപ്രായമുള്ളവരാണ് എന്നതിനാല്‍ ഏത് വിഷയം മുന്നില്‍ വന്നാലും അവരുടേതായ അഭിപ്രായമുണ്ടാവും. അത് കമന്റില്‍ ഉള്‍പ്പെടുത്താന്‍ പ്രയാസപ്പെടുമ്പോള്‍ പോസ്റ്റായി മാറും. ഇവിടെയും അതാണ് സംഭവിച്ചത്. ഇപ്പോഴത്തെ ചര്‍ചയില്‍ പലപ്പോഴും പലരെയും പോലെ ഞാനും തൃപ്തനല്ല. വിയോജിപ്പുകളോടുള്ള വിരോധമല്ല. വിയോജിപ്പാണ് ചര്‍ചയുടെ താക്കോല്‍ തന്നെ. എന്റെ അതേ വീക്ഷണമുള്ള ഒരു മതവിശ്വാസിയോട് ഞാന്‍ എങ്ങനെ ചര്‍ചനടത്തും. ഇങ്ങനെ ഒരു പോസ്റ്റ് ഉദ്ദേശിച്ചതല്ല. പക്ഷെ ഈ ചര്‍ചകള്‍ക്ക് കാരണക്കാരില്‍ ഒരാളായ സി.കെ ബാബുവിന്റെ ചര്‍ചയാണ് താരം എന്ന പോസ്റ്റ് വായിച്ചപ്പോള്‍ എനിക്ക് ഒരു കമന്റില്‍ ഒതുക്കാന്‍ കഴിയുന്നതിനേക്കാള്‍ വിയോജിപ്പനുഭവപ്പെട്ടു. എനിക്കദ്ദേഹത്തോട് മതിപ്പാണ് പലകാര്യത്തിലും ഉള്ളത്. ഞാന്‍ നല്കിയ കമന്റുകള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഞാന്‍ ചര്‍ചയില്‍ പങ്കെടുത്ത് അഭിപ്രായം പറഞ്ഞപ്പോള്‍ അത് വരെ ഏര്‍പ്പെടുത്തിയിരുന്ന കമന്റ് മോഡറേഷന് പോലും നീക്കിത്തന്ന് സഹകരിച്ചിട്ടുണ്ട്. പക്ഷെ അടുത്ത ഒന്ന് രണ്ട് പോസ്റ്റിലും ഈ പോസ്റ്റിലുമുള്ള അഹന്തനിറഞ്ഞതെന്ന് എനിക്ക് തോന്നുന്ന പരാമര്‍ശങ്ങളോടുള്ള വിയോജിപ്പ് മറച്ചുവെക്കാനാവില്ല. പോസ്റ്റിലെ ഭാഗങ്ങള്‍ ഇറ്റാലിക്സില്‍ അവക്കുള്ള എന്റെ പ്രതികരണവും ഇവിടെ നല്കുന്നു. നല്ല ഒരു ചര്‍ചാപരിസരം രൂപപ്പെടുകയാണെങ്കില്‍ അതിന്റെ ഉപയോക്താക്കളില്‍ ഒരാള്‍ ഞാനും കൂടിയാണല്ലോ.
അഭിപ്രായവ്യത്യാസം നിലനിൽക്കുന്ന ഒരു വിഷയത്തിൽ ചർച്ച തീർച്ചയായും ഒരു പരിഹാരമാർഗ്ഗമാണു്. പക്ഷേ, ഒരു നിഗമനത്തിൽ എത്തുക എന്നതായിരിക്കണം അത്തരമൊരു ചർച്ചയുടെ ലക്ഷ്യം.
സാധാരണ ബ്ലോഗുകളില്‍ ഞാന്‍ കണ്ടിട്ടുള്ളത്. ഒരു വിഷയത്തെ കുറിച്ച് ബ്ലോഗര്‍ തന്റെ അഭിപ്രായമിടും. അതിനോട് വിയോജിപ്പുള്ളവര്‍ പ്രതികരിക്കും. യോജിക്കുന്നവര്‍ ഉഗ്രന്‍, നന്നായി, നന്നാകും എന്നൊക്കെ പറഞ്ഞ് ഒരു സ്മൈലിയും ഇട്ട് അനുകൂലിക്കും. അതിലുപരിയായി അഭിപ്രായവ്യത്യാസങ്ങളെല്ലാം പരിഹരിച്ച് എന്റെ ഒരു പോസ്റ്റുകൊണ്ട് എല്ലാം ഭദ്രമായി എന്ന് സായൂജ്യമടയുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അയാള്‍ സ്വര്‍ഗത്തിലാണ്. വിഢികളുടെ.
അതു് സാദ്ധ്യമാവണമെങ്കിൽ ഒന്നുകിൽ ആ രണ്ടു് വാദഗതികളിൽ ഒന്നിനെ മറുപക്ഷം യുക്തിസഹമായി ഖണ്ഡിക്കണം, അല്ലെങ്കിൽ അതിനു് കഴിയാത്ത വിഭാഗം എതിർപക്ഷത്തിന്റെ വാദഗതിയാണു് ശരിയെന്നു് അംഗീകരിക്കാൻ തയ്യാറാവണം. ഇതു് രണ്ടുമാവില്ലെങ്കിൽ ഭാവിയിൽ ആ വിഷയത്തെപ്പറ്റി മിണ്ടാതിരിക്കാനെങ്കിലും അവർക്കു് കഴിയണം. ഇതിനൊന്നിനും തയ്യാറാവാത്ത ചർച്ചകളെല്ലാം കാലിപ്പാട്ടകളുടെ കലപിലയാണു്.
ഇതുകൊണ്ടായിരിക്കുമോ ലക്ഷ്യം നേടാന്‍ കഴിയില്ലെന്ന് കരുതി. ചിലര്‍ സൈറ്റില്‍ വന്ന് കലപില കൂട്ടുന്നത്.
പറയുന്ന വിഷയത്തെപ്പറ്റി എന്തെങ്കിലും പറയാനുള്ള അർഹത തനിക്കുണ്ടോ എന്നു് ചർച്ചിക്കാൻ വരുന്നതിനു് മുൻപേ ഒരുവൻ അറിഞ്ഞിരിക്കണം*. ബുദ്ധിയുടെ മാത്രമല്ല, ബുദ്ധിയെപ്പറ്റിയും തന്നെപ്പറ്റിത്തന്നെയുമൊക്കെയുള്ള ചിന്താശേഷിയുടെ ഉറവിടവും തലച്ചോറാണു്.** സ്വന്തം ബൗദ്ധികപരിമിതികളെപ്പറ്റി മനുഷ്യനു് പൊതുവെ അറിയാൻ കഴിയാത്തതും അതുകൊണ്ടുതന്നെയാണു്. ഉള്ള തലച്ചോറുകൊണ്ടല്ലാതെ ചിന്തിക്കാനാവുമോ?***
* അനാവശ്യവും അപ്രായോഗികവുമായ നിബന്ധന. **എല്ലാവരും അംഗീകരിക്കുന്ന സത്യം. *** അപരന്മാരെ പറ്റി പരിഹാസം കലര്‍ന്ന ചോദ്യം ഒരു ചര്‍ചയില്‍ സംഭവിക്കാന്‍ പാടില്ലാത്തത്.
എല്ലാം അറിയാവുന്നവനായ ഒരു ദൈവത്തിന്റെ സ്വന്തക്കാരനായി അവരോധിക്കുന്നതുവഴി ഒരു വിശ്വാസിയുടെ ദൃഷ്ടിയിൽ വിശ്വാസികളല്ലാത്ത മറ്റു് മനുഷ്യർ അറിവു് കുറഞ്ഞവർ ആണെന്ന തോന്നൽ ഉണ്ടാവുന്നു.* ബ്ലോഗിലെ 'അംഗീകൃത അവിശ്വാസികളായ' ബ്രൈറ്റ്, സൂരജ്, ജബ്ബാർ മാഷ് മുതലായവരെ ബൗദ്ധികമായി അവരുടെ അഞ്ചയലക്കത്തു് എത്താൻ പോലും യോഗ്യതയില്ലാത്തവരായ ബ്ലോഗിലെ വേദവാക്യകോപ്പിയിസ്റ്റുകൾക്കു് **കാര്യങ്ങൾ വേണ്ടവിധം ഗ്രഹിക്കാത്തവർ' ***എന്നു് ഉളുപ്പില്ലാതെ പരിഹസിക്കാനും തെറി പറയാനും കഴിയുന്നതു് അതുകൊണ്ടാണു്.
* സ്വന്തത്തെ വെച്ച് മറ്റുള്ളവരെ വിലയിരുത്തുന്നു. യുക്തിവാദികള്‍ അറിവുകുറഞ്ഞവരാണ് എന്ന് ഒരു വിശ്വാസിയും കരുതുന്നില്ല. മതകാര്യങ്ങളെക്കുറിച്ച് അറവില്ല എന്ന ചിലപ്പോള്‍ സൂചിപ്പിക്കേണ്ടി വരാറുണ്ട്.
** ഇതാണ് മതവിശ്വാസികളെക്കുറിച്ച് യുക്തിവാദികള്ക്കുള്ള മുന്‍ ധാരണ.*** കാര്യങ്ങളെ ഗ്രഹിക്കാത്തവര് എന്ന വിളി അവര്‍ കേള്ക്കേണ്ടിവരുന്നുണ്ടെങ്കില് അതിന് കാരണമായതെന്തോ ചര്‍ചയില്‍ സംഭവിച്ചിരിക്കണം. അതിന് മറ്റുള്ളവര്‍ എന്തിന് പ്രയാസപ്പെടണം. അതിന് മറുപടി പറയാന്‍ അവര്‍ക്കെന്താണ് തടസ്സം.
കാര്യങ്ങളുടെ കിടപ്പും, എവിടെയാണു് സത്യത്തിൽ പന്തികേടു് എന്നും ഞങ്ങൾ അറിയുന്നുണ്ടെന്നു് അവരുടെ ലായത്തിൽ പെടാത്തവർ എത്രവട്ടം പറഞ്ഞാലും എന്തുകൊണ്ടോ അതൊന്നും അവരുടെ തലയിൽ കയറുന്നില്ല.
എന്ത് ആരുടെ തലയിൽ കയറുന്നില്ല എന്നാണ് ഇദ്ദേഹം പറയുന്നത്. യുക്തിവാദികൾ ചില ഖുര്‍ആന്‍ സൂക്തങ്ങൾ വാലും തലയും കളഞ്ഞ് അവര്‍ക്ക് തോന്നിയ ഒരര്‍ഥം പറയും എന്നിട്ട് മുസ്ലിംകൾ വിശ്വസിക്കുന്ന ദൈവം ആറാം നൂറ്റാണ്ടിലെ ഗോത്രദൈവമാണെന്ന് പറയുന്നത് അപ്പടി ഞങ്ങളുടെ തലയിൽ കയറ്റണമെന്നോ. പൂതികൊള്ളാമല്ലോ.
ഒരു ഉദാഹരണം ചൂണ്ടിക്കാണിക്കട്ടെ: സ്ഥിരമായി എല്ലാ ബ്ലോഗുകളിലും ചെന്നു് മിക്കവാറും ഒരേ വാചകം തന്നെ കമന്റായി എഴുതി തന്റെ ബ്ലോഗ് അഡ്രസ്സും പതിപ്പിച്ചു് സ്ഥലം വിടുന്ന 'റ്റോംസ് കോനുമഠം' എന്നൊരു ബ്ലോഗറുണ്ടു്. (എനിക്കു് ആ മാന്യദേഹത്തെ പരിചയമോ, വ്യക്തിപരമായി അങ്ങേരോടു് എന്തെങ്കിലും വിരോധമോ ഇല്ല.) താൻ ചെയ്യുന്ന കൃത്യം പരിഹാസ്യമാണെന്നു്, ചുരുങ്ങിയപക്ഷം ബാലിശമാണെന്നു്, അറിയാമായിരുന്നെങ്കിൽ അയാൾ അതു് ചെയ്യുമായിരുന്നോ? ആരെങ്കിലും അതിനെപ്പറ്റി അയാളോടു് പറഞ്ഞാലും ആ പരിപാടി നിർത്തണമോ വേണ്ടയോ എന്നു് തീരുമാനിക്കാൻ അയാൾക്കു് മാത്രമേ കഴിയൂ.
എനിക്ക് ബോധ്യമാകാത്ത സംഭവം. അതിനാല്‍ ഞാന്‍ നിഷേധിക്കുന്നില്ല. പക്ഷെ ഇങ്ങനെ ഇവിടെ ഇദ്ദേഹത്തെ അപമാനിക്കാതെ തന്നെ ശേഷം വരുന്ന കാര്യം പറയാമായിരുന്നു എന്ന അഭിപ്രായമുണ്ട്.
ഇതുതന്നെയാണു് ബ്ലോഗെഴുതി ദൈവത്തെ സഹായിക്കുന്നവരുടെ മാനസികാവസ്ഥയും. സ്വന്തം പ്രവൃത്തിയെ വിമർശനാത്മകമായി പരിശോധിക്കാനുള്ള ശേഷി അവർക്കില്ല. ബാല്യത്തിലേ വിശ്വാസഭ്രാന്തു് അടിച്ചേൽപിച്ചാൽ മനുഷ്യബുദ്ധി മുരടിപ്പിക്കപ്പെടുമെന്നതിന്റെ തെളിവു്. കേൾക്കുന്ന കാര്യങ്ങളെപ്പറ്റി സ്വതന്ത്രമായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതാവണം ബാല്യകാലം മുതലേ വിദ്യാഭ്യാസം. ചെറുപ്പകാലങ്ങളിലുള്ള ശീലം...
അബദ്ധം നിറഞ്ഞ മുൻ ധാരണകൾ.
മതങ്ങൾ പ്രതിനിധീകരിക്കുന്ന ദൈവങ്ങൾക്കു് ഇന്നത്തെ ശാസ്ത്രജ്ഞാനത്തിന്റെ വെളിച്ചത്തിൽ നിലനിൽക്കാനാവില്ല എന്നതു് പലരും പല ബ്ലോഗ് പോസ്റ്റുകളിലൂടെ സംശയത്തിനു് ഇടയില്ലാത്തവണ്ണം തെളിയിച്ചുകഴിഞ്ഞ കാര്യമാണു്.
എവിടെ ആര് തെളിയിച്ചു?.
എന്നിട്ടും ഓരോ പുതിയ പോസ്റ്റുകൾ വരുമ്പോഴും പഴയ പല്ലവികളുമായി 'ഒന്നു്' എന്നു് വീണ്ടും വീണ്ടും പിന്നെയും വീണ്ടും തുടങ്ങുന്നവരാണു് വിശ്വാസത്തിന്റെയും ദൈവത്തിന്റെയും കാവൽക്കാർ. ദൈവത്തിനു് മനുഷ്യന്റെ സംരക്ഷണവും പിന്തുണയും വേണമോ? പറയുന്ന കാര്യങ്ങൾ ഉൾക്കൊള്ളാൻ വിശ്വാസികൾക്കു് കഴിയാത്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ മറ്റു് മനുഷ്യർക്കു് എന്തു് ബാദ്ധ്യത? അതിനു് ആരെയെങ്കിലും കുറ്റപ്പെടുത്താനുണ്ടെങ്കിൽ അതു് അവരെ ആ നിലയിൽ സൃഷ്ടിച്ച ദൈവത്തെയല്ലാതെ മറ്റാരെയാണു്? അർത്ഥം മനസ്സിലാക്കാൻ വേണ്ട അക്ഷരജ്ഞാനമില്ലാത്തതിനു് അന്യനെ കുറ്റപ്പെടുത്തിയിട്ടു് എന്തുകാര്യം?
തങ്ങൾക്ക് ബോധ്യമായ ഒരു ദൈവത്തിൽ വിശ്വസിച്ചു എന്ന ഒരൊറ്റകാരണത്താലാണ് ഒരു സമൂഹത്തെ ഈ വ്യക്തി ഇവിധം കൈകാര്യം ചെയ്യുന്നത്. ഇസ്ലാമിനെക്കുറിച്ച് പ്രാഥമിക ജ്ഞാനമുണ്ടായിരുന്നെങ്കിൽ ഇദ്ദേഹം ഇങ്ങനെ പറയുമായിരുന്നോ
. ഇനി അദ്ദേഹം സ്നേഹം കൊണ്ട് വിളിക്കുന്ന ചില പേരുകളും പ്രയോഗങ്ങളും.
കുട്ടിക്കുരങ്ങന്മാർ പല ID-കളുമായി കൊഞ്ഞനം കുത്താൻ തുടങ്ങും.
താമസിയാതെ ഏതു് വിഷയത്തിലും സ്വന്തം താത്പര്യം തന്മയത്വമായി സംരക്ഷിക്കാൻ അറിയാവുന്ന കുറെ 'വല്യ കുരങ്ങന്മാർ' രംഗത്തെത്തി അവരുടെ അംശം രക്തം നക്കിക്കുടിക്കാൻ തുടങ്ങും.
ഇതാണു് മലയാളം ബ്ലോഗ് ലോകത്തിൽ 'ചർച്ച' എന്നതുകൊണ്ടു് ഒരുവൻ മനസ്സിലാക്കേണ്ടതു്. മതപ്രതിനിധികൾ പങ്കെടുക്കുന്ന ഏതു് ചർച്ചക്കും ഒരേയൊരു ലക്ഷ്യമേയുള്ളു: യാതൊരു കാരണവശാലും മനുഷ്യന്റെ തലയിലേക്കു് ബുദ്ധിയുടെ വെളിച്ചം കടക്കരുതു് -മറ്റെന്തെങ്കിലുമൊരു നിലപാടു് മതപ്രതിനിധികളുടെ ലായങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നവൻ വിഡ്ഢിയാണു്.
മതവിമർശനങ്ങളെ സാമാന്യബുദ്ധിക്കു് അംഗീകരിക്കാവുന്ന വിധത്തിൽ ഖണ്ഡിക്കാൻ കഴിവുള്ള ഒരൊറ്റ ബ്ലോഗറും ഇന്നു് മലയാളം ബ്ലോഗോസ്ഫിയറിൽ ഇല്ല എന്നതു് ഒരു സത്യമാണു്. 'ചളു ചളു' എന്നു് ആവർത്തിച്ചു് എന്തെങ്കിലും പറഞ്ഞുകൊണ്ടിരിക്കുമെന്നല്ലാതെ വസ്തുനിഷ്ഠമായി കാര്യങ്ങളെ അപഗ്രഥിക്കാനോ, ചൂണ്ടിക്കാണിക്കപ്പെട്ട പോയിന്റുകളെ ഓരോന്നോരോന്നായി എടുത്തു് കാര്യകാരണസഹിതം തെറ്റെന്നു് തെളിയിക്കാനോ കഴിവുള്ള ആരെങ്കിലും ഉണ്ടെങ്കിൽ അവർക്കു് ഇപ്പോഴും അതിനു് അവസരമുണ്ടു്. അതല്ലാതെ, ഏതെങ്കിലും കൂലിയെഴുത്തുകാർ വെറുതെ 'ബ്ലാ ബ്ലാ' വയ്ക്കുന്നതല്ല ആശയപരമായ ചർച്ച.
ഇതൊന്നും വെറുതെ പറയുന്നതല്ല എന്നതിനു് തെളിവായി ഞാൻ ഇവിടെ എന്റെ ബ്ലോഗിൽ നിന്നുതന്നെ ചില ലിങ്കുകൾ നൽകുന്നു. ...... 'പോത്തുകച്ചവടക്കാർക്കു്' അതൊന്നും മനസ്സിലാക്കാൻ ആവില്ല എന്നു് എനിക്കു് നല്ലപോലെ അറിയാം. .... അവർക്കു് എന്തുകൊണ്ടോ അതും മനസ്സിലാവുന്നില്ല.
എന്റെ മാന്യസുഹൃത്ത് ബ്ലോഗർ അവസാനമായി പറയുന്ന തമാശകൂടി കേള്‍ക്കൂ. ഞാൻപറയുന്ന നിബന്ധനകളോടെ, ഞാൻ പറയുന്ന ആളുകൾ, ഞാൻ പറയുന്ന രീതിയിലേ ചർയിൽ പങ്കെടുക്കാവൂ എന്ന് ഇതുവരെ പറഞ്ഞതിന് ശേഷം പോസ്റ്റ് അവസാനിപ്പിക്കാന്‍ ഉപയോഗിച്ച വചനം തങ്കലിപികളാൽ രേഖപ്പെടുത്തണം. അത് ഇതാണ്:
"ഞാൻ നിശ്ചയിക്കുന്നതേ നീ പറയാവൂ" എന്ന പ്രവണത ഒരു ജനാധിപത്യവ്യവസ്ഥിതിയിൽ തുടക്കത്തിലേ എതിർത്തു് നശിപ്പിച്ചില്ലെങ്കിൽ അതു് ആ സമൂഹത്തെ അന്തിമമായി കൊണ്ടുചെന്നെത്തിക്കുന്നതു് സ്വേച്ഛാധിപത്യത്തിലോ സമഗ്രാധിപത്യത്തിലോ ആയിരിക്കും.
20 അഭിപ്രായ(ങ്ങള്):
"ഞാൻ നിശ്ചയിക്കുന്നതേ നീ പറയാവൂ" എന്ന പ്രവണത ഒരു ജനാധിപത്യവ്യവസ്ഥിതിയിൽ തുടക്കത്തിലേ എതിർത്തു് നശിപ്പിച്ചില്ലെങ്കിൽ അതു് ആ സമൂഹത്തെ അന്തിമമായി കൊണ്ടുചെന്നെത്തിക്കുന്നതു് സ്വേച്ഛാധിപത്യത്തിലോ സമഗ്രാധിപത്യത്തിലോ ആയിരിക്കും.
നമ്മെക്കുറിച്ച് വളരെ തെറ്റായ മുന്‍ധാരണ ഒരാള്‍ക്കുണ്ടെന്ന് നമ്മുക്ക് ബോധ്യമാകുകയും അദ്ദേഹത്തെ തിരുത്താനാവില്ല എന്ന് അതിനേക്കാള്‍ ബോധ്യമാകുയും ചെയ്യുമ്പോള്‍. നാം അദ്ദേഹത്തെ അഭിമുഖീകരിക്കാന്‍ വൈമനസ്യം കാണിക്കും. ഈ ഒരു മനഃശാസ്ത്രമാകുമോ ബാബുവിനെ ഭരിക്കുന്നത്. താന്‍ ഒഴുക്കോടെ പറഞ്ഞുപോകുന്ന ചിട്ടയാര്‍ന്ന ലേഖനങ്ങള്‍ക്ക് ആരും മറുപടി പറയാന്‍ ചെല്ലരുതെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുവോ.
ഇപ്പോഴത്തെ ചര്‍ചയില്‍ പലപ്പോഴും പലരെയും പോലെ ഞാനും തൃപ്തനല്ല. വിയോജിപ്പുകളോടുള്ള വിരോധമല്ല. വിയോജിപ്പാണ് ചര്‍ചയുടെ താക്കോല്‍ തന്നെ.
പ്രിയ ലത്തീഫേ,
ഒരു യുക്തിവാദിയെ സംബന്ധിച്ചടത്തോളം മതം, ദൈവം, പിശാച്, മലക്ക്, ജിന്‍, കല്പവൃക്ഷം, പാലാഴി, അനന്തനില്‍ ശയിക്കുന്ന വിഷ്ണു, കന്യകയുടെ പ്രസവം, മരണശേഷമുള്ള ഉയിര്‍പ്പ്, ദൈവത്തിന്റെ ആയത്ത് ഇറക്കല്‍ തുടങ്ങിയവ മനുഷ്യന്റെ തലച്ചോറില്‍ ഉരുത്തിരിഞ്ഞതോ അവനുണ്ടായ മായികാഭ്രമമോ മാത്രമാണ്. ഇവ സത്യമാണെന്ന് തെളിയിക്കാന്‍ തക്കാതായ തെളിവുലഭിച്ചാല്‍ അതംഗീകരിക്കുവാന്‍ ഒരു യുക്തിവാദിക്ക് ഒരു ബുദ്ധിമുട്ടുമില്ല. വിശ്വാസ പ്രമാണങ്ങളും തത്വ ശാസ്ത്രങ്ങളും എല്ലാം മനുഷ്യനാല്‍ ഉണ്ടാക്കപ്പെട്ടവയാണെന്ന് ഒരു യുക്തിവാദിക്ക് ഉറപ്പുണ്ട്.
ഒരു വിശ്വാസിയെ സംബന്ധിച്ചടത്തോളം ഇവ യാഥാര്‍ത്ഥ്യമാണെന്ന് അവന് കരുതുന്നു. ഇവ സത്യമാണെന്ന് ഉറപ്പിച്ചതിനു ശേഷമാണ് അതിനുള്ള തെളിവുകള്‍ അവന് ശേഖരിക്കുന്നത്. കുതിരക്കു മുമ്പില്‍ വണ്ടിയെക്കെട്ടുന്ന അവസ്ഥ. വിശ്വാസിക്ക് അവനും അവന്റെ മുന്‍തലമുറകളും പിന്തുടര്ന്നു പോന്ന വിശ്വാസ പ്രാമാണങ്ങള്‍ തെറ്റാണെന്ന ചിന്ത തന്നെ വേദനയുണ്ടാക്കുന്നതാണ്. വളരെ കുറച്ചു വിശ്വാസികള്‍ മാത്രമെ ഇവയെ ഒരു വിശകലനത്തിനു പോലും വിധേയമാക്കുകയുള്ളു. തനിക്ക് ഉറപ്പില്ലാത്ത കാര്യങ്ങള്‍ വരെ തന്റെ വരും തലമുറയിലേക്ക് ഒരുതരം നിര്‍ബന്ധബുദ്ധിയോടുകൂടി വിശ്വാസി അടിച്ചേല്പിക്കും. വിശ്വാസികളില്‍ മഹാഭൂരിപക്ഷവും ഒരുതരം മനോവിഭ്രാന്തിയിലാണ്. കുറച്ചുപേരെങ്കിലും ബോധപൂര്‍വ്വം ഇത്തരം അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നുമുണ്ട്. ബുദ്ധിമാന്മാരായ അവര്‍ വിശ്വാസം വിറ്റ് ജീവിക്കുന്നു.
വിശ്വാസപ്രമാണങ്ങളും അതിനെ എതിര്‍ക്കുന്ന വാദങ്ങളും ജനങ്ങളുടെ മുന്പില് തുറന്നു വക്കുക എന്നതാണ് ഒരു യുക്തിവാദിയുടെ ലക്ഷ്യം. ജനങ്ങള്‍ രണ്ടും വിശകലനം ചെയ്തിട്ട് അവന് ശരിയെന്നു തോന്നുന്നത് സ്വീകരിക്കട്ടെ. അതിനുള്ള സ്വാതന്ത്ര്യം ജനങ്ങള്ക്കുണ്ടാവണെമെന്നും യുക്തിവാദി ആവശ്യപ്പെടും.
പ്രിയ ലത്തീഫ്,
നമ്മുടെ രണ്ടുപേരുടെയും
വിലയിരുത്തലുകള്‍ യോജിച്ചുവന്നത് യാദൃശ്ചികമെങ്കിലും അത്ഭുതകരമല്ല. ബാബുവിന്റെ പോസ്റ്റ് വായിക്കുന്ന ഏതൊരാള്‍ക്കും ഇതുപോലെയെ വിലയിരുത്താന്‍ കഴിയൂ. അപ്പോള്‍ ഞാനാണ് ആദ്യം പോസ്റ്റിയത് അല്ലെ? :) ഏതായാലും ബാബുവില്‍ ചില മാറ്റങ്ങള്‍ കാണുന്നു. കാത്തിരിക്കാം.
പ്രിയ രാജന്
ഈ ചര്‍ച ചര്‍ചയെപ്പറ്റിയാണ്. അതിനാല്‍ തന്നെ താങ്കളുടെ കമന്റിനെ ആനിലക്ക് പരിഗണിക്കുന്നു. ഇവിടെ ഒരാള്‍ ജനിക്കുന്നത് യുക്തിവാദിയോ ഇവിടെ പറഞ്ഞ എല്ലാ വിശ്വാസവും ഉള്‍ക്കൊള്ളുന്ന വിശ്വാസിയായോ അല്ല. ശുദ്ധപ്രകൃതിയോടെ ഒഴിഞ്ഞ സ്ലേറ്റ് പോലെയാണ്. എനിക്ക് ഒന്നരവയസുള്ള ഒരു മോളുണ്ട്. അവള് അനുകരിക്കാന്‍ തുടങ്ങി പലകാര്യങ്ങളും പഠിക്കാന്‍ തുടങ്ങി. ഇത് അനുകരണത്തിന്റെ ഘട്ടമാണ്. കുറച്ചുകൂടി കഴിഞ്ഞാല്‍ മനഃപാഠമാക്കാന്‍ കഴിയുന്ന ഘട്ടം ആരംഭിക്കും. അതുകഴിഞ്ഞ് കാര്യങ്ങളെ യുക്തിപൂര്‍വം ദര്‍ശിക്കാന്‍ സാധിക്കും. പറഞ്ഞുവന്നത് യുക്തിവാദി എന്ന ഒരു വര്‍ഗമില്ല. യുക്തി ഏത് മനുഷ്യനും ഉപയോഗപ്പെടുത്താം. ഇന്നറിയപ്പെടുന്ന യുക്തിവാദികള്‍ ഒരു സംഘടിതരൂപമാര്ജിച്ച മതവിരോധികളാണ്. മതകീയമായ എല്ലാറ്റിനോടും കടുത്ത മുന്‍വിധി അവരെ ഗ്രസിച്ചിരിക്കുന്നു. താങ്കള്‍ അതിന്റെ ഏറ്റവും മാന്യന്മാരില് ഒരാള്‍ എന്ന നിലക്കാണ് ഞാന്‍ കാണുന്നത്.
ഇവിടെ തന്നെ നോക്കൂ.
'വിശ്വാസപ്രമാണങ്ങളും തത്വശാസ്ത്രങ്ങളും എല്ലാം മനുഷ്യനാല്‍ ഉണ്ടാക്കപ്പെട്ടവയാണെന്ന് ഒരു യുക്തിവാദിക്ക് ഉറപ്പുണ്ട്.'
എന്ന് താങ്കള്‍ പറയുന്നു. ഇവിടെയാണ് വിശ്വാസികളും യുക്തിവാദികളും തമ്മില്‍ ചര്‍ചയുടെ പ്രസക്തി . ഈ ഉറപ്പിന് സഹായകമായ നിങ്ങള്‍ മനസ്സിലാക്കിയ അറിവുകള്‍ ഏതാണ്. ഞങ്ങള്‍ ചോദിക്കാം. നിങ്ങള്‍ മറുപടി പറഞ്ഞാല്‍ മതി. കാരണം ഇവിടെ നിങ്ങള്‍ക്കാണ് വിവരമുള്ളതെന്നാണ് പ്രത്യക്ഷത്തില്‍ വാദിക്കുന്നത്.
ഇനി ഇതിന്റെ മറുവശം. വിശ്വാസികള്‍ പറയുന്നു ഇവയെല്ലാം ദൈവദത്തമാണെന്ന് ഞങ്ങള്ക്കുറപ്പുണ്ടെന്ന്. നിങ്ങള്‍ക്ക് ചോദിക്കാം ഇതിലേക്ക് നിങ്ങളെ നയിച്ച മുന്നറിവുകളെന്തൊക്കെ. ഇവിടെ നിങ്ങള്‍ക്ക് ചോദിക്കാനും ഞങ്ങള്‍ക്ക് ഉത്തരം പറയാനം ബാധ്യതയുണ്ട്.
കുതിരക്ക് മുമ്പിന് വണ്ടിയെക്കെട്ടുന്ന അവസ്ഥ രണ്ടുരൂപത്തിലും വരും. അത് വിശ്വാസികളുമായി മാത്രം ബന്ധപ്പെട്ടതല്ല. ആ ഉദാഹരണം ഇവിടെ ഫിറ്റല്ല. കാരണം. കാട്ടിപ്പരുത്തി സൂചിപ്പിച്ച പോലെ. രണ്ടും രണ്ടും കൂട്ടിയാല്‍ നാല് എന്നതാണ് എന്നൊരാള്ക്കറിയാം. ഒരാള്‍ എട്ടാണെന്ന് വാദിക്കുന്നു. ഇതില്‍ നാലിന് വേണ്ടിവാദിക്കുന്നവന് തന്റെ അറിവിലേക്ക് മറ്റെയാളെ എത്തിക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. വിശ്വാസികളായ പ്രബോധകര്‍ (ഓരോ വിശ്വാസിയും പ്രബോധകനാണ്)ഒരു വഴികാട്ടിയുടെ റോളിലാണ്. ലക്ഷ്യത്തിലെത്താനുള്ള വഴി അവര്‍ക്കറിയാം അതേ സമയം ചിലര്‍ തെറ്റായ വഴികാണിച്ചുകൊടുക്കുന്നതും മറ്റുചിലര്‍ തെറ്റായ വഴിയിലൂടെ നയിച്ച് കൊണ്ടുപോകുകയും ചെയ്യുന്നത് ആ വിശ്വാസികള്‍ കാണുന്നു. സ്വാഭാവികമായും വഴിയറിയുന്ന പ്രബോധകന് സംശയലേശമന്യേ ശരിയായ മാര്‍ഗം ഇന്നതാണെന്ന് ചൂണ്ടിക്കാണിക്കും. അതെ സമയം മറ്റൊന്നുകൂടി ചെയ്യാം. അവര്‍ക്കൊപ്പം ഇറങ്ങിപുറപ്പെടുകയും തെറ്റായ വഴിയിലൂടെയാണ് താങ്കള്‍ സഞ്ചരിക്കുന്നത് എന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യും. ഇതിനെയാണ് യുക്തിപൂര്‍വകമായ പ്രബോധനം എന്ന് പറയുന്നത്.
രാജന്-
വിശ്വാസ പ്രമാണങ്ങളും തത്വ ശാസ്ത്രങ്ങളും എല്ലാം മനുഷ്യനാല്‍ ഉണ്ടാക്കപ്പെട്ടവയാണെന്ന് ഒരു യുക്തിവാദിക്ക് ഉറപ്പുണ്ട്.
അതേ ഉറപ്പ് ഇപ്പുറത്തുമുള്ള മതവാദിക്കുമുണ്ടാകുന്നതല്ലെ പ്രശ്നം സാര്‍-
യുക്തിവാദി എല്ലാം തന്നാലെഉണ്ടായതാണെന്നു വിശ്വസിക്കുന്നു. എന്നിട്ട് ഇവ സത്യമാണെന്ന് ഉറപ്പിച്ചതിനു ശേഷമാണ് അതിനുള്ള തെളിവുകള്‍ അവന് ശേഖരിക്കുന്നത്. കുതിരക്കു മുമ്പില്‍ വണ്ടിയെക്കെട്ടുന്ന അവസ്ഥ.
വാക്കുകളെ കൊണ്ട് കുറെ മായാജാലങ്ങള്‍ സൃഷ്ടിച്ചാല്‍ മാത്രം വസ്തുതകളാകില്ലല്ലോ?
@Rajan
'വളരെ കുറച്ചു വിശ്വാസികള്‍ മാത്രമെ ഇവയെ ഒരു വിശകലനത്തിനു പോലും വിധേയമാക്കുകയുള്ളു. തനിക്ക് ഉറപ്പില്ലാത്ത കാര്യങ്ങള്‍ വരെ തന്റെ വരും തലമുറയിലേക്ക് ഒരുതരം നിര്‍ബന്ധബുദ്ധിയോടുകൂടി വിശ്വാസി അടിച്ചേല്പിക്കും.'
വിശ്വാസികളില്‍ ഒരു വലിയ വിഭാഗം നയിക്കപ്പെടുകയാണ്. അവരുടെ നേതാക്കളും അവരോടൊപ്പമുള്ളവരും പോയിക്കൊണ്ടിരിക്കുന്നത് ശരിയായ രീതിയിലൂടെയാണ്. അവര്‍ക്ക് മറ്റുള്ളവര്‍ക്ക് വഴികാണിക്കണമെന്ന ചിന്തയില്ല. അവരെ നയിക്കുന്നവരും അതേ കുറിച്ച് അന്വേഷിക്കുന്നില്ല. അവരെക്കറിച്ചാണ് താങ്കളീ പറയുന്നത്. എന്ന് വെച്ചാല്‍ അവര്‍ വഴികാണിക്കാന്‍ മറ്റുള്ളവരോടൊപ്പം നടക്കുന്നില്ല.
വിശ്വാസത്തിന്റെ കാര്യം ഞാന്‍ നേരത്തെ സൂചിപ്പിച്ചിട്ടണ്ട്. നമ്മുക്ക് മനുഷ്യര്‍ക്ക് ഈ ലോകത്ത് ജീവിക്കണമെങ്കില്‍ ചില വിശ്വാസങ്ങള്‍ കൂടിയെതീരൂ. നാം പലരെയും വിശ്വസിക്കുന്നു. ഡോക്ടറെ, വക്കീലിനെ, മാതാവിനെ (നിങ്ങലുടെ പിതാവാരാണെന്ന് ചോദിച്ചാല്‍ താങ്കളൊരാളെ എനിക്ക് കാണിച്ചുതരുന്നത് മാതാവിനെ വിശ്വസിച്ചിട്ടാണ്.) അതില്‍ അന്ധവിശ്വാസമുണ്ടാകാം മറ്റുചില കാര്യങ്ങളിലൂടെ കുറേകൂടി ബോധ്യപ്പെട്ട ദൃഢവിശ്വാസങ്ങളുമാണ്ടാകാം.
പിന്നെ വിശ്വാസം നല്ല ഒരു കച്ചവടചരക്കാണ്. മതവിശ്വാസവുമായി ബന്ധപ്പെട്ടത്. എന്ന് വെച്ച് യാഥാര്‍ഥ്യം നിഷേധിക്കാന്‍ അത് കാരണമല്ലല്ലോ.
ഇവിടെ വിലയേറിയ അഭിപ്രായങ്ങള്‍ നല്കിയ
റ്റോംസ് കോനുമഠം,
രാജന്,
ശ്രദ്ധേയന്‍,
ബക്കര്‍,
കാട്ടിപ്പരുത്തി
എല്ലാവര്ക്കും നന്ദി.
ശ്രീ കാട്ടിപ്പരുത്തി, ലത്തീഫ്
ദൈവമാണ് എല്ലാം സൃഷ്ടിച്ച് പരിപാലിക്കുന്നത് എന്ന് നാമെങ്ങനെയറിയും?
അത് ഖുറാനില്‍ വ്യക്തമായി പറയുന്നുണ്ട്.
ഖുറാനില്‍ പറയുന്നത് സത്യമാണെന്ന് നാമെങ്ങനെ മനസ്സിലാക്കും?
അത് ദൈവത്താല്‍ നല്കപ്പെട്ടതാണ്.
ഈ വിവരം നാമെങ്ങനെ അറിഞ്ഞു?
അത് ഖുറാനില്‍ ഉണ്ടല്ലോ.
ഇങ്ങനെ ഒരു വൃത്തത്തിനുള്ളില്‍ കിടന്ന് നിങ്ങള്‍ കറങ്ങുകയല്ലാതെ വസ്തുതകളെ നിങ്ങള്‍ അപഗ്രഥിക്കാന്‍ ശ്രമിക്കുന്നില്ല.
യുക്തിവാദികള്‍ ഒന്നും തന്നെയുണ്ടായതാണെന്ന് വാദിക്കുന്നില്ല. എന്നും ഉള്ളതിന് രൂപ പരിണാമം സംഭവിക്കുന്നു എന്ന മാത്രമാണ് അവരുടെ വാദം. പുതുതായി ഒന്നുണ്ടാക്കുവാനോ ഉള്ളതിനെ പൂര്‍ണ്ണമായി നശിപ്പിക്കുവാനോ ആര്‍ക്കും സാധ്യമല്ല. നിങ്ങളുടെ ദൈവത്തിനുപോലും.
Rajan-
ഒരിടത്ത് ചര്‍ച്ച ചെയ്യുന്ന വിഷയം അവിടെ ചര്‍ച്ച ചെയ്യാതെ എല്ലായിടത്തും കയറിപ്പറഞ്ഞാല്‍ അത് ഒരു ഗുണവും ചെയ്യില്ല, ദൈവത്തിന്റെ അസ്ഥിത്വം ചര്‍ച്ചചെയ്യുന്നിടത്ത് അത് ചര്‍ച്ച ചെയ്യൂ- ഇവിടുത്തെ വിഷയം മനസ്സിലാക്കി പ്രതികരിക്കാനുള്ള യുക്തി കാണിച്ചു കൂടെ
പ്രിയ രാജന്,
താങ്കള്‍ പറഞ്ഞത് വളരെ ശരിയാണ് എന്നാണ് എന്റെ പക്ഷം. അറിഞ്ഞോ അറിയാതെയോ ഞങ്ങളില്‍ ഭൂരിഭാഗവും അതേ തെറ്റ് ആവര്‍ത്തിക്കുന്നു. ഞാനും അതില്‍ നിന്ന് പൂര്‍ണമായി ഒഴിവല്ല. പക്ഷെ ഈ പ്രശ്നം മുമ്പേ അനുഭവിച്ച ഒരാളെന്ന നിലക്ക് ഞാന്‍ താങ്കളീ പറഞ്ഞ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടായാണ് ഖുര്‍ആന്‍ വെളിച്ചം ലോകാനുഗ്രഹി എന്ന രണ്ട് ബ്ലോഗുകള്‍ കൂടി ഇട്ടിട്ടുള്ളത്. താങ്കള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഞങ്ങള്‍ക്കുള്ള ഉത്തരം ബോധ്യപെടുത്താന്‍ കഴിയുന്നത് വരെ ഞങ്ങള്‍ ഫലപ്രദമായ സംവാദത്തില്‍ ഏര്‍പ്പെട്ടു എന്ന് പറയാനാവില്ല.
താങ്കളുടെ ചോദ്യത്തെ ഈ പോസ്റ്റിനനുയോജ്യമാക്കി മാറ്റിയാണ് ഞാന്‍ മറുപടി പറഞ്ഞത്. കാട്ടിപ്പരുത്തി സൂചിപ്പിച്ച പ്രകാരം താങ്കളുടെ ചോദ്യം അസ്ഥനാത്തായതുകൊണ്ട് ഇവിടെ എന്നില്‍ നിന്ന് മറുപടി പ്രതീക്ഷിക്കുകയും ചെയ്യരുത്.
"മതകീയമായ എല്ലാറ്റിനോടും കടുത്ത മുന്‍വിധി അവരെ ഗ്രസിച്ചിരിക്കുന്നു"
"ചില" യുക്തിവാദികളെങ്ങിലും ചില അവസരങ്ങളിൽ അങ്ങനെയാണ്" എന്ന് ഞാനും കരുതുന്നു.
മിനിമം യുക്തിചിന്ത വിശ്വസികൾക്കും അവിശ്വാസികൾക്കും ഉണ്ടാകണം.
നാക്കിനൊടൊപ്പം ചെവിയും എല്ലാവർക്കും ഉണ്ടാകട്ടെ.
അതോടൊപ്പം ഒരു കാര്യം കൂട്ടിചേര്ക്കേണ്ടുതുണ്ട്. ഞാനടക്കമുള്ള വിശ്വാസി സഹോദരങ്ങളുടെ ബ്ലോഗുകളിലൂടെ നടക്കുന്ന ഏറ്റവും വലിയ ശ്രമം സി.കെ ബാബു ജബ്ബാര്മാഷടക്കമുള്ള യുക്തിവാദിബ്ലോഗുകളിലൂടെ പ്രചരിപ്പിക്കപ്പെട്ട ഖുര്‍ആനെക്കുറിച്ചും പ്രവാചകനെക്കുറിച്ചും ദൈവവീക്ഷണത്തെക്കുറിച്ചുമുള്ള വസ്തുനിഷ്ഠമല്ലാത്ത ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുക എന്നതാണ്. ഖുര്‍ആനില്‍ അപ്പടി ശാസ്ത്രസത്യങ്ങള്‍ക്ക് വിരുദ്ധമാണ് എന്ന പ്രചരിപ്പിക്കപ്പെട്ടാല്‍ പിന്നെ അത് ദൈവികമാണോ എന്ന ചിന്തക്ക് പോലും ആളെകിട്ടില്ല. ഈ അടവാണ് യുക്തിവാദികള്‍ പയറ്റുന്നത്. നേരെമറിച്ച് ഇവയിലൊരോ സംഗതിയും പ്രത്യേകം എടുത്ത് ചര്‍ചചെയ്യുന്നതില്‍ യുക്തിവാദികള്‍ക്ക് പലപ്പോഴും താല്പര്യമില്ല. ബാബു മാതൃകയായി തന്ന ബ്ലോഗ് ശ്രദ്ധിക്കുക. അതില്‍ ജബ്ബാര്‍മാഷ് വന്ന് ഇട്ടുപൊയ ലിങ്കുകള്‍ പ്രസ്തുത പോസ്റ്റുമായി ബന്ധപ്പെട്ടതാണോ. സൂര്യഗ്രഹത്തിലെ ഇസ്്ലാമിക വശം ചര്ചചെയ്യുന്നതിനിടയില് ജമാഅത്തെ ഇസ്്ലാമി എന്ന പോസ്റ്റില്ക്കാണ് ലിങ്ക് ഇടുന്നത്.
ഇങ്ങനെ എല്ലാ പോസ്റ്റിലും എല്ലാം പറഞ്ഞ് ചര്‍ചയെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നതില്‍ ആരാണ് മുന്‍പന്തിയില്‍ എന്ന് നോക്കുക. അതിന് കൂതറമാരും അനോണികളും തിമര്‍ത്താടുന്നത് എന്തിനെപേടിച്ചിട്ടാണ്. അതിനാല്‍ ആരോഗ്യകരമായ ചര്ചനടക്കരുതെന്ന് കരുതുന്ന ചിലരെങ്കിലും ഇവിടെയുണ്ട്.
പ്രിയ കാക്കര
അഭിപ്രായത്തിന് നന്ദി.
അല്പം കൂടി പറയട്ടേ. 'ഖുര്‍ആനിലെ കഴുത്തറുപ്പന്‍ സൂക്തങ്ങള്‍' എന്ന ഒരു തലക്കെട്ടിന് കീഴില്‍ യുദ്ധവുമായി വന്നി്ട്ടുള്ള മുഴുവന്‍ ഖുര്‍ആനിക സൂക്തങ്ങളും എടുത്ത് ചേര്‍ക്കുന്നു. അതോടൊപ്പം മുഴുവന്‍ സത്യനിഷേധികളെയും, അയല്‍വാസി കാഫിറാണെങ്കില് അവനെയും കണ്ടിടത്ത് വെച്ച് കൊല്ലാനാണ് ഖുര്‍ആന്റെ കല്പന എന്നരൊ അഭിപ്രായവും പാസാക്കും. ഇത് വായിക്കുന്ന ഒരു മുസ്ലിമല്ലാത്ത ഒരാള്‍ ധരിക്കുന്നത്. സംഗതി ശരിയാണ് കാര്യം മാഷ് പറയുന്നതാണ് ലത്തീഫും ചിന്തകനുമെല്ലാം കണ്ണടച്ചിരുട്ടാക്കുകയാണ് എന്നൊക്കെയാണ്.
എന്നാല്‍ അവയില്‍ ഒരോ സൂക്തം എടുത്ത് പരിശോധിച്ചാലറിയാം. അതൊക്കെയാണ് ഖുര്‍ആന്റെ ദൈവികതക്ക് തെളിവാണെന്ന്. മുകളില്‍ പറയപ്പെട്ട പ്രകാരം പോസ്റ്റിട്ടാല്‍ അതിന് മറുപടി പറയാനാവില്ല. എന്റെ അനുഭവം എന്നെ പഠിപ്പിച്ചതാണ്. നാലഞ്ച് പോസ്റ്റില്‍ ഞാന്‍ സജീവമായി ഇടപ്പെട്ടു. മറുപടി പറയുന്നതിനിടയില്‍ വന്നുപോകുന്ന പരാമര്ശക്കൊക്കെ പിന്നീട് മറുപടിയായി. ഖുര്‍ആന്‍ യാതൊരു മാറ്റവും ഇതുവരെ സംഭവിച്ചിട്ടില്ലെന്ന് പറഞ്ഞാല്‍ ഉടനെ വരു 'ആടുതിന്ന വെളിപാട്'. ഇസ്ലാം സമാധാനത്തിന്റെ മതമാണ് എന്ന സൂചന വന്നാല്‍ ലോകത്ത് പോട്ടുന്ന ബോംബിന്റെയെല്ലാം സമാധാനം പറയേണ്ടിവരും. അതിനിടയില്‍ കൂതറമാര്‍ എല്ലാപരിധിയും വിട്ട് പരിഹസിക്കാന്‍ തുടങ്ങും. അല്പം മാന്യതയുള്ളവന് പിന്നീട് അവിടെ തുടരാനാവില്ല. അതോടെ പണ്ഡിതന്മാര് പേടിച്ചോടി. അക്കമിട്ട് മറുപടിപറയാന്‍ സാധിച്ചില്ല തുടങ്ങിയവയൊക്കെ വരാന്‍ തുടങ്ങും.
ചുരുക്കത്തില്‍ ഇതൊക്കെയാണ് ചര്‍ചകളെ അപ്രസക്തമാക്കുന്നത്. ഇതുകൊണ്ടുകൂടിയാണ് മുകളില്‍ ഞാന്‍ ഇങ്ങനെ പറഞ്ഞത്:
'ഇപ്പോഴത്തെ ചര്‍ചയില്‍ പലപ്പോഴും പലരെയും പോലെ ഞാനും തൃപ്തനല്ല.'
ലതീഫ്,
ഈ ചർച്ചയുടെ തുടക്കത്തിൽ തന്നെ വന്ന ഒരു അഭിപ്രായമാണ് ദൈവത്തിന്റെ അസ്തിത്വത്തെക്കുറിച്ച് യുക്തിവാദികളിലും വിശ്വാസികളിലുമുള്ള ധാരണകളുടെ അന്തരം. രണ്ടു ചിന്തകളുടേയും അധാരം വ്യത്യസ്തമാണെന്നതിനാൽ തന്നെ അതിനുമുകളിൽ ഉയർത്തുന്ന വാദങ്ങളും യോജിക്കാൻ ബുദ്ധിമുട്ടാണ്.
നാം എന്ത് ചിന്തിക്കുന്നു, എന്ത് മനസിലാക്കുന്നു എന്നൊക്കെ ഏത് അടിത്തറയിൽ തുടങ്ങുന്നു എന്നതിനനുസരിച്ചിരിക്കും. ശരിയും തെറ്റും ധർമ്മവും അധർമ്മവും ഒക്കെ പിന്നീട് പരിഗണനയ്ക്കു വരുന്നത് ഈ ചിന്തയിലൂടെയാണ്.
ഖുർആൻ ദൈവീകമാണെന്ന് വിശ്വസിക്കാൻ തയ്യാറല്ലാത്തതിനാലാണ് അതിലെ തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ ജബ്ബാർ മാഷും ബാബുവും ഒക്കെ ശ്രമിക്കുന്നത്. അതിനെ താങ്കളടക്കം വിശ്വാസികൾ നേരിടുന്നത് ഇതേ കാര്യങ്ങൾ മറ്റൊരു ആംഗിളിൽ കാണുന്നതിലൂടെയാണ്. ഫലം, രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും "നിങ്ങൾ ബുദ്ധി ഉപയോഗിക്കുന്നില്ല" അല്ലെങ്കിൽ "നിങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു" എന്ന് പ്രസ്താവിക്കുന്നു.
ഇതിനിടയിൽ പ്രസക്തമായ ചോദ്യങ്ങൾക്കോ പരാമർശങ്ങൾക്കോ മറുപടി കിട്ടുക എളുപ്പമല്ല. പലയിടത്തും ഞാൻ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി കണ്ടിട്ടില്ല. ഒരു സുഹൃത്തിന്റെ ബ്ലോഗിൽ (പേരുപറയുന്നില്ല, പക്ഷെ മനസിലാക്കാൻ അത്ര ബുദ്ധിമുട്ടില്ല) ഞാനിട്ട കമന്റുകൾക്ക് ഒന്നുകിൽ മറുപടി കാണാറില്ല, അല്ലെങ്കിൽ ഏതെങ്കിലും അനോണി വന്ന് ചോദ്യം മറ്റൊരു ദിശയിലേക്ക് തിരിച്ചുവിടും. ബ്ലോഗുടമ എനിക്ക് ഇതുവരെ വസ്തുനിഷ്ഠമായ ഉത്തരം തന്നിട്ടില്ല, ഒരു പോസ്റ്റിലും. (ഞാൻ പറയുന്നതെല്ലാം സെൻസിബിൾ ആണെന്ന അവകാശമൊന്നും എനിക്കില്ല, പക്ഷെ കുറഞ്ഞപക്ഷം പോസ്റ്റിലെ വിഷയത്തിൽ മാന്യമായാണ് ഞാൻ ചോദിച്ചത് എന്ന് എനിക്ക് പറയാനാവും). ചിലപ്പോഴൊക്കെ "ജബ്ബാർ മാഷിന്റെ ബ്ലോഗിൽ നിന്നും പഠിച്ചത്" എന്ന പരാമർശവും കിട്ടും, അപ്പോൾ മതിയാക്കി പോരാനാണ് തോന്നാറ്.
ഇതുപോലെത്തന്നെയാണ് വിഷയത്തിൽ നിന്നു മാറുന്ന കമന്റുകളും. ജബ്ബാർ മാഷിന്റെ ബ്ലോഗിൽ വന്ന ചില കമന്റുകൾ സഭ്യതയുടെ ഏത് പരിധിയും ലംഘിക്കുന്നവയാണ്. ഭാര്യയേയും അമ്മയേയും വരെ പറയുന്ന കമന്റുകൾ അവിടെ കണ്ടിട്ടുണ്ട്. യുക്തിവാദികൾ പരിഹസിക്കാറുണ്ട്, ചിലപ്പോൾ ക്രൂരമായി തന്നെ, പക്ഷെ ഇതത്ര കാണാറില്ല. ബ്ലോഗിൽ ഇപ്പോഴും സജീവമായ പലരും അന്നും ആ പോസ്റ്റുകളിൽ കമന്റിടാറുണ്ടായിരുന്നു, അവർ ഓർക്കുന്നുണ്ടാവും.
കൂടുതലൊന്നും ചേർക്കാനില്ലാത്ത വിഷയത്തിലോ വിഷയത്തിനപ്പുറം പറയേണ്ടിവരും എന്നു തോന്നുന്ന പോസ്റ്റിലോ ഞാൻ സാധാരണ അഭിപ്രായം പറയാറില്ല. താങ്കളുടെ ബ്ലോഗിൽ ആരും മറുപടി പറഞ്ഞില്ല എന്ന് പറഞ്ഞ പോസ്റ്റുകൾക്കും മറുപടി ദൈവവിശ്വാസത്തിന്റെ ഈ ആധാരം മാറ്റി വേണം പറയാൻ. കൂടാതെ ഞാൻ ഒരിക്കൽ സൂചിപ്പിച്ചതുപോലെ, മതവും രാഷ്ട്രീയവും ഇടകലർന്നുകിടക്കുന്ന വിഷയങ്ങളുമാണവ. അതിനാലാണ് ഞാൻ മിണ്ടാതിരുന്നത്. മറ്റുള്ളവരുടെ കാര്യം എനിക്കറിയില്ല.
പിന്നെ, താങ്കൾ തല താഴ്ത്തേണ്ട യാതൊരാവശ്യവുമില്ല. ശരിയെന്ന് സ്വയം ബോധ്യമുണ്ടെങ്കിൽ എന്തിന് തല താഴ്ത്തണം?
ആശംസകൾ
അസ്വസ്ഥ ജനകവും രൂക്ഷവുമായ പോസ്റ്റ് മോര്‍ട്ടം...
ഇതിനു മാത്രം എന്ത് തെറ്റാണു (പാവം) സി കെ ബാബു ചെയ്തത്....
ഒരു പോസ്റ്റിട്ടതോ....
യുക്തിവാദികള്‍ക്ക് മാത്രമെ യുക്തിയുള്ളൂ എന്ന് ആത്മാര്‍ത്ഥമായും വിശ്വസിക്കുന്നതോ.....
എന്തേ വിശ്വാസികള്‍ക്ക് ദൈവത്തില്‍ വിശ്വസിക്കുന്നത് പോലെ അദ്ദേഹത്തിനു സ്വന്തം യുക്തിയിലും വിശ്വസിച്ചു കൂടെന്നോ.....
അന്ധമായി തന്നെ...???
ലത്തിഫ് സാഹിബേ ഇത് ക്രൂരമണു
ക്രൂരമാണു
ക്രൂരമാണു...
യുക്തിവാദ മതത്തിലെ പ്രതിഷ്ഠയായ "യുക്തി"യെ അധിക്ഷേപിക്കുന്നത് ക്രൂരതയാണു എന്നേ സാപ്പിക്കു പറയാനുള്ളു...
പ്രിയ സാപ്പി,
ഇങ്ങനെയൊരു 'ക്രൂരതക്ക്' ഞാന്‍ തയ്യാറായത് പ്രിയ ബാബുവിന്റെ അവസാന വരികളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ്. അഥവാ.
"ഞാൻ നിശ്ചയിക്കുന്നതേ നീ പറയാവൂ" എന്ന പ്രവണത ഒരു ജനാധിപത്യവ്യവസ്ഥിതിയിൽ തുടക്കത്തിലേ എതിർത്തു് നശിപ്പിച്ചില്ലെങ്കിൽ അതു് ആ സമൂഹത്തെ അന്തിമമായി കൊണ്ടുചെന്നെത്തിക്കുന്നതു് സ്വേച്ഛാധിപത്യത്തിലോ സമഗ്രാധിപത്യത്തിലോ ആയിരിക്കും.
പ്രിയ അപ്പൂട്ടന്
ചിന്തകള്‍ പങ്കുവെച്ചതില്‍ നന്ദിയുണ്ട്. മുന്‍ അനുഭവത്തില്‍ നിന്നാണ് അതിനോടുള്ള പ്രതികരണം അല്പം വൈകിപ്പിച്ചത്. ബ്ലോഗര്‍മാരില്‍ മിക്കവര്‍ക്കും ഉള്ള പ്രശ്നം തന്നെയായിരിക്കും നിങ്ങളെയും അലട്ടുന്നത്. ആരും എന്റെ യുക്തിപൂര്‍ണമായ വാദങ്ങളെ വിലക്കെടുക്കുന്നില്ല, എന്റെ ശക്തമായ ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി പറയാന്‍ ബ്ലോഗോസ്ഫിയറില്‍ ആണ്‍കുട്ടികള്‍ ഇനിയും ജനിച്ചിട്ട് വേണം എന്നൊക്കെ പലര്‍ക്കും അഭിപ്രായമുണ്ടാകും. ചിലരത് തുറന്ന് പ്രകടിപ്പിക്കുന്നു എന്ന് മാത്രം. എല്ലാറ്റിനും കാരണം താങ്കള്‍ സൂചിപ്പിച്ചതു തന്നെ. താങ്കളുടെ ആഴത്തിലുള്ള ചിന്തകള്‍ക്ക് മറ്റുള്ളവര്‍ക്ക് അത്ര ആഴം തോന്നാതിരിക്കാനും ഇവിടെ നടക്കുന്ന ചര്‍ചകള്‍ ഉപരിപ്ലവമാണെന്ന് താങ്കള്‍ക്ക് തോന്നാനും കാരണവും അതുതന്നെ.
'ഖുർആൻ ദൈവീകമാണെന്ന് വിശ്വസിക്കാൻ തയ്യാറല്ലാത്തതിനാലാണ് അതിലെ തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ ജബ്ബാർ മാഷും ബാബുവും ഒക്കെ ശ്രമിക്കുന്നത്.'
താങ്കള്‍ പറഞ്ഞതിനോട് യോജിക്കുന്നു. എന്തുകൊണ്ട് വിശ്വസിക്കാന്‍ തയ്യാറാകുന്നില്ല. എന്ന് അവര്‍ വ്യക്തമാക്കുന്നതോടെ ചര്‍ചക്കുള്ള വിഷയം തുറക്കപ്പെടും. ഇപ്പോള്‍ സംഭവിക്കുന്നത് ഖുര്‍ആന്‍ ദൈവികമല്ലെന്ന് വിശ്വസിപ്പിക്കാന്‍ ഖുര്‍ആനെ അവര്‍ക്ക് തോന്നിയതുപോലെ വ്യാഖ്യാനിച്ച് തെറ്റുകളാണെന്ന് വരുത്തിത്തീര്‍ക്കുകയാണ് എന്നാണ് എന്നെ പോലെയുള്ള വിശ്വാസികള്‍ക്ക് അനുഭവപ്പെടുന്നത്.
ഇതിനുള്ള കാരണങ്ങള്‍:
1. അസഹിഷ്ണുത നിറഞ്ഞ അവരുടെ ശൈലി.
2. മുന്‍ധാരണകളും. ഇസ്ലാമിനെക്കുറിച്ച തെറ്റായ പരാമര്‍ശങ്ങളും.
3. അഭിപ്രായങ്ങളെ സ്വാഗതം ചെയ്യുന്നതിലെ വിമുഖത.
4. വിഷയത്തെ ഓരോന്നായി എടുത്ത് വിശകലനം ചെയ്യുന്നതിന് പകരം വ്യത്യസ്തമായ വിഷയങ്ങള്‍ കൂട്ടികലര്ത്തുന്നതിലെ തന്ത്രം.
5. മതവിഷയങ്ങളിലാകുമ്പോള് യുക്തി എന്നത് വെറും ദൈവനിഷേധമാണെന്ന ധാരണയില്‍ വിഷയങ്ങളെ സമീപിക്കുന്നത്.
6. പുറമെയുള്ള അത്തരം വിഷയങ്ങളെ അപഗ്രഥിക്കാന്‍ ശ്രമിക്കുന്ന ബ്ലോഗുകളില്‍ ക്രിയാത്മകമായി ഇടപെടാനുള്ള ധൈര്യമില്ലായ്മ.
7. അനാവശ്യമായ പ്രചരണ ത്വര.
8. മതസമൂഹങ്ങളെ തമ്മിലടിപ്പിക്കാനുള്ള നമ്പറുകളിറക്കല്.
9. ഖുര്‍ആനെയും ഇസ്ലാമിനെയും സാകല്യത്തിലെടുത്ത് സൂക്തങ്ങള്‍ക്കും സംഭവങ്ങള്‍ക്കും യഥാര്‍ഥ വിശകലനം നല്‍കാനുള്ള വിമുഖത.
10. ബാബുവിനെപോലുള്ളവര്‍ വരികള്‍ക്കിടയില്‍ ഒളിപ്പിക്കുന്ന അഹന്തനിറഞ്ഞ പെരുമാറ്റം.
(ഇതില്‍ എല്ലാം എല്ലാവര്ക്കും യോജിച്ചെന്ന് വരില്ല. ഉദാഹരണം, അഭിപ്രായം സ്വാഗതം ചെയ്യുന്നതില്‍ ജബ്ബാര്‍മാഷെ ഞാന്‍ കുറ്റപ്പെടുത്തുകയില്ല. പക്ഷെ ജബ്ബാര്‍ മാഷ് ചെയ്ത വലിയ വിഢിത്തങ്ങളിലൊന്നായി ബാബു അതിനെ കാണുന്നു.)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ