2010, ഫെബ്രുവരി 4, വ്യാഴാഴ്‌ച

നാം ജീവിക്കേണ്ടതെങ്ങനെ ?

നാം ഈ ഭൂമിയില്‍ വസിച്ചുകൊണ്ടിരിക്കുന്നു.  ഭൂമിനമ്മുക്കും ഇതരജീവികള്‍ക്കും വാസയോഗ്യമായ നിലയില്‍ സംവിധാനിക്കപ്പെട്ടത് നാം അറിയുന്നു. നമ്മുക്ക് ചുറ്റും വിവിധ വിശ്വാസങ്ങള്‍ സ്വീകരിച്ചവരെയും വിശ്വാസത്തെ നിഷേധിക്കുകയും ദൈവത്തെ തള്ളിപ്പറയുന്നവരെയും നാം കാണുന്നു. വിവിധതരം ജീവിവര്‍ഗങ്ങളെയും, കോടാനുകോടി നക്ഷത്രങ്ങളും ഗ്രഹങ്ങളും ചേര്‍ന്ന ഒരു ബൃഹത്തായ പ്രപഞ്ചവും നമ്മെ അത്ഭുതപരതന്ത്രരാക്കുന്നു. ഓരോ വസ്തുവും സൂക്ഷമായ തന്‍മാത്രകളും ആ തന്‍മാത്രകള്‍ അതിസൂക്ഷമമായ ആറ്റങ്ങള്‍ ചേര്‍ന്നതാണെന്നും നാം മനസ്സിലാക്കുന്നു. ആ സൂക്ഷമ ആറ്റത്തില്‍ സൗരയുഥത്തിന്റെ ഒരു ചെറിയ പതിപ്പ് സൂര്യന് ചുറ്റും ഗ്രഹങ്ങളെന്നോണം ന്യൂട്രോണും പ്രോട്ടോണും അടങ്ങിയ ന്യൂക്ലിയസിന് ചുറ്റും കറങ്ങുന്ന ഇലക്ട്രോണുകള്‍ നമ്മെ അമ്പരപ്പിക്കുന്നു. ഈ വസ്തുക്കള്‍ക്ക് രൂപമാറ്റം സംഭവിക്കുന്നതും, മനുഷ്യരും ഇതരജീവികളും ജനിക്കുന്നതും മരിക്കുന്നതും കാണുന്നു. നമ്മുടെ അവസ്ഥയും ഭിന്നമല്ല എന്ന് നാമറിയുന്നു. മരണമെപ്പോഴെന്ന് മനസ്സിലാക്കാനും അതിനെതിരെ മുന്‍കരുതലെടുക്കാനുമുള്ള നമ്മുടെ നിസ്സാഹായവസ്ഥയെക്കുറിച്ചും നമ്മുക്ക് നല്ല ബോധ്യമുണ്ട്.

നമ്മുടെ ജനനത്തിനും ഇനിസംഭവിക്കാനിരിക്കുന്ന മരണത്തിനുമിടയില്‍ നാം എങ്ങനെ ജീവിക്കണം. അതുതീരുമാനിക്കേണ്ടത് ആരാണ്. നാമോ നമ്മുടെ മാതാപിതാക്കളോ അതല്ല നാം ജനിച്ച മതത്തിലെ മതനേതാക്കളോ അതോ നാം തന്നെയോ. നാം അത് തീരുമാനിച്ചുവോ.
നമ്മില്‍ നിന്നുയരുന്ന ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കണ്ടെത്തിയോ. താഴെ നല്‍കിയ ചോദ്യങ്ങള്‍ എപ്പോഴെങ്കിലും നമ്മിലുയര്‍ന്നുവോ. ചില ചോദ്യങ്ങല്‍ കാണുക:
  1. സ്വയം അറിയാതെ ഒരു ചെറിയ ശ്രമം പോലും നടത്താതെ, ആത്മാവ്, ദൈവം, പടച്ചവന്‍, കര്‍ത്താവ്, എന്നിങ്ങനെ ഓരോ പേരുപറഞ്ഞു എന്തിനെയോ പ്രതിനിധീകരിച്ചാല്‍, ആര്‍ക്കു എന്തുഫലം? അത് വിശ്വാസം മാത്രമല്ലേ?
  2. എന്തിനാണ് നാം ദൈവത്തില്‍ വിശ്വസിക്കുന്നത്? അല്ലെങ്കില്‍ വിശ്വസിക്കാതിരിക്കുന്നത്? ദൈവം, മതം, എന്നീ വാക്കുകള്‍തന്നെയില്ലെങ്കില്‍ എന്താ ഈ ലോകത്തിനു നിലനില്‍പ്പില്ലേ?
  3. ശ്രേഷ്ഠമായ ഒരു മനുഷ്യനായി എങ്ങനെ ജീവിക്കണം എന്നാണല്ലോ മതഗ്രന്ഥങ്ങള്‍ ഉദ്ഘോഷിക്കുന്നത്. ശ്രേഷ്ടമായി ജീവിക്കുന്നത് എന്തിന്? ജീവിക്കുന്നതുതന്നെ എന്തിന്?
  4. പുരാതനകാലത്തില്‍ ഇവിടെ മനുഷ്യര്‍ ഉണ്ടായിരുന്നില്ലേ? അപ്പോഴും ദൈവം ഉണ്ടായിരുന്നല്ലോ. പേപ്പറും പ്രിന്റിങ്ങും എന്തിന് ലിപികള്‍ ഉണ്ടാകുന്നതിനു മുന്‍പേതന്നെ മനുഷ്യര്‍ ഉണ്ടായിരുന്നു. എന്തിനേറെ വിചാരിക്കുന്നു - ഇസ്ലാംമതം, ക്രിസ്തുമതം തുടങ്ങി എല്ലാ മതങ്ങളും ഉണ്ടാകുന്നതിനു മുന്‍പേതന്നെ മനുഷ്യര്‍ ഉണ്ടായിരുന്നു. അതുവരെ മനുഷ്യര്‍ എങ്ങനെ ജീവിച്ചിരുന്നു? അവര്‍ക്ക് ദൈവമില്ലായിരുന്നോ? അവരെല്ലാം പാപികള്‍ ആയിരുന്നോ? അവരുടെ ജീവിതവും ഇപ്പോഴത്തെ നമ്മുടെ ജീവിതവും തമ്മില്‍ എന്തു വ്യത്യാസം?
  5. അല്ലെങ്കില്‍തന്നെ, വൃക്ഷങ്ങളെയും പക്ഷികളെയും കൃമികളെയും പോലെ ഈ പ്രകൃതിയിലെ മറ്റൊരു സാധനം മാത്രമല്ലേ മനുഷ്യര്‍? മനുഷ്യര്‍ക്കെന്താ ഒന്നൊന്നര കൊമ്പുണ്ടോ? ദൈവത്തെകുറിച്ച് ചിന്തിക്കാന്‍വേണ്ടി ദൈവം ഉണ്ടാക്കിയതാണോ മനുഷ്യരെ? ദൈവത്തെ പുകഴ്ത്താന്‍ ആരെങ്കിലും വേണമെന്ന് ദൈവം കരുതുമോ?
  6. ഈ മതങ്ങളിലൊന്നുംപെടാത്ത ആഫ്രിക്കന്‍ വനാന്തരങ്ങളിലെ മനുഷ്യര്‍ പാപികളാണോ? അവര്‍ നമ്മെക്കാളും താണവരാണോ? പ്രകൃതിയില്‍ ജീവിക്കുന്ന, സ്വയം പ്രകൃതിയായിത്തന്നെ ജീവിക്കുന്ന, അവരല്ലേ നമ്മെക്കാളും ശ്രേഷ്ഠന്മാര്‍?
  7. യേശുക്രിസ്തുവും നബിമാരും രാമകൃഷ്ണന്മാരും അങ്ങനെ മറ്റെല്ലാ മതങ്ങളിലുമുള്ള അവതാരങ്ങളും ജനിക്കുന്നതിനുമുന്‍പേ ഇവിടെയുണ്ടായിരുന്ന മനുഷ്യര്‍ക്കെന്താ ദൈവം ഇല്ലായിരുന്നോ? അന്നൊന്നും ദൈവത്തിനു ബലക്ഷയം സംഭവിച്ചിട്ടില്ലല്ലോ? ദൈവം, ഈശോ തുടങ്ങിയ വാക്കുകളും ആചാരങ്ങളും അനുഷ്ടാനങ്ങളും ഒക്കെ തുടങ്ങിയതിനുശേഷം ദൈവത്തിനു ശക്തി കൂടിയോ? അല്ലെങ്കില്‍ മനുഷ്യന് ശക്തി കൂടിയോ, ആയുസ്സ് കൂടിയോ, ശാന്തി ഉണ്ടായോ?
  8. എന്തിനു ഈ ലോകം തന്നെ സൃഷ്ടിച്ചിട്ട് മനുഷ്യനെ സൃഷ്ടിച്ചിട്ട് ഇത്രയും തലവേദന വരുത്തിവച്ചു? നമ്മുടെ ബുദ്ധിയും യുക്തിയും ഇതിനൊക്കെ എന്തുത്തരം തരും? സൃഷ്ടിച്ച ഒരു ശക്തി ഉണ്ടെങ്കില്‍, അതാണ്‌ ദൈവം എന്ന് നാം വിശ്വസിച്ചതുകൊണ്ട് എന്തു പ്രയോജനം? ഓരോ ജീവിയുടെയും വിശ്വാസവും അവിശ്വാസവും നോക്കി പകരംചോദിക്കുന്ന ഒരു ശക്തിയാണോ ദൈവം?
  9. നാം ദൈവത്തെ ആശ്രയിക്കുന്നതെന്തിന്? ദൈവം ഉണ്ടെങ്കിലെന്ത്? ഇല്ലെങ്കിലെന്ത്‌? (എന്താണ് അതുകൊണ്ടുണ്ടാകുന്ന വ്യത്യാസം?)
പിന്നെ, ഇവിടെ ഇത്തരം ചോദ്യങ്ങള്‍ എഴുതിയത് ഇസ്ലാമിനോ ഹിന്ദുവിനോ ക്രിസ്ത്യാനിക്കോ മതമില്ല എന്ന് പറയുന്നവര്‍ക്കോ ആര്‍ക്കും എതിരെയോ പിന്‍താങ്ങിയോ അല്ല. ഈയുള്ളവന്‍ ഈയുള്ളവന്‍ മാത്രം. ഉറക്കെ ചിന്തിച്ചതാണ്, അടിയുണ്ടാക്കാണോ എതിര്‍ക്കാനോ അല്ല. അവനവനു ചിന്തിക്കാന്‍ മാത്രമേ സാധിക്കൂ, ആരെയും പഠിപ്പിക്കാന്‍ ആര്‍ക്കും സാധ്യമല്ല. 
ഈയുള്ളവന്റെ ചോദ്യങ്ങളെല്ലാം എല്ലാ വിശ്വാസികള്‍ക്കും അന്ധവിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കുംഒക്കെ തോന്നാവുന്നവയാണ്. അതിനാല്‍ ഓരോന്നിനും തക്കതായ മനസ്സിലാക്കാവുന്ന മറുപടികള്‍ തരുമെന്നു പ്രതീക്ഷിക്കുന്നു.
ബ്ലോഗറായ ശ്രീ (sreyas.in) ന്റെതാണ് മുകളില്‍ നല്‍കിയ ചോദ്യങ്ങള്‍. യുക്തിവാദി ബ്ലോഗര്‍മാരില്‍ നിന്നും വ്യത്യസ്ഥമായി മുന്‍ധാരണയോ വിധിതീര്‍പ്പോ ഇല്ലാതെ അവതരിപ്പിച്ച ചോദ്യങ്ങള്‍ എന്റെ മറുപടി പ്രതീക്ഷിച്ചാണ് നല്‍കിയതെങ്കിലും മറ്റുള്ളവര്‍ക്കുള്ള മറുപടിയും അദ്ദേഹത്തിന്റെ തന്നെ പ്രതികരണവും ഞാന്‍ പ്രതീക്ഷിക്കുന്നു. അവയ്കിടയിലുള്ള നമ്പര്‍ മറുപടി പറയാനുള്ള സൗകര്യത്തിന് ഞാന്‍ നല്‍കിയതാണ്. (കമന്റിന്റെ പുര്‍ണരൂപം ഇവിടെ) പക്ഷെ പ്രസ്തുത പോസ്റ്റില്‍ ഇനിയും കമന്റുകള്‍ ഇടുന്നത് വായനക്ക് പ്രയാസം സൃഷ്ടിക്കുമെന്നതിനാല്‍ ഒരു പോസ്റ്റായി നല്‍കുന്നു.
മുഴുവന്‍ ചോദ്യങ്ങള്‍ക്കും എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന ഒരു മറുപടി ലഭിച്ചില്ലെങ്കിലും മുന്‍ പോസ്റ്റില്‍ നടന്നത് പോലുള്ള കാര്യമാത്ര പ്രസക്തമായ ഒരു ചര്‍ച പ്രതീക്ഷിക്കുന്നു. ശ്രീ.ശ്രേയസ് സുചിപ്പിച്ച പോലെ ആസ്തികനിലും നാസ്തികനിലും ഉയരേണ്ട ചോദ്യങ്ങളാണിത്. ചോദ്യങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല. ഉത്തരങ്ങളും.

18 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

സ്വയം അറിയാതെ ഒരു ചെറിയ ശ്രമം പോലും നടത്താതെ, ആത്മാവ്, ദൈവം, പടച്ചവന്‍, കര്‍ത്താവ്, എന്നിങ്ങനെ ഓരോ പേരുപറഞ്ഞു എന്തിനെയോ പ്രതിനിധീകരിച്ചാല്‍, ആര്‍ക്കു എന്തുഫലം? അത് വിശ്വാസം മാത്രമല്ലേ?

Sudheer K. Mohammed പറഞ്ഞു...

കൊള്ളാം വെരി ഗുഡ്
www.sudheerkmuhammed.blogspot.com

Unknown പറഞ്ഞു...

ലത്തീഫേ,
ചില കാരയങ്ങളില്‍ വലിയ വിജോയിപ്പുണ്ട്.
വേദനകള്‍ വരുമ്പോള്‍ നമ്മള്‍ ദൈവത്തില്‍ ആശ്രയിച്ച് പോകും. നല്ലൊരനുഭവം വന്നാല്‍ എല്ലാവരും അറിയാതെ പറയും "എന്റെ ദൈവമേ..!!"
http://tomsnovel.blogspot.com/

Calvin H പറഞ്ഞു...

[[ആ സൂക്ഷമ ആറ്റത്തില്‍ സൗരയുഥത്തിന്റെ ഒരു ചെറിയ പതിപ്പ് സൂര്യന് ചുറ്റും ഗ്രഹങ്ങളെന്നോണം ന്യൂക്ലിയസിന് ചുറ്റും ന്യൂട്രോണുകളും പ്രോട്ടോണുകളും അതിവേഗം കറങ്ങി കൊണ്ടിരിക്കുന്നുവെന്ന വസ്തുത നമ്മെ അമ്പരപ്പിക്കുന്നു.]

ലത്തീഫ് ,

൧. ന്യൂക്ലിയസിന്റെ ചുറ്റും കറങ്ങുന്ന സാധനങ്ങള്‍ അല്ല പ്രോട്ടോണും ന്യൂട്രോണും. ന്യൂക്ലിയസ് എന്ന് വിളിക്കുന്നത് പ്രോട്രോണും ന്യൂട്രോണും അടങ്ങുന്ന ഭാഗത്തെയാണ്‌.

൨) സൗരയൂഥം മോഡല്‍ ആറ്റം ഹൈസ്കൂളില്‍ പഠിപ്പിക്കാന്‍ മാത്രമുള്ളതാണ്‌. യഥാര്‍ത്ഥ ആറ്റം മോഡലില്‍ ഗ്രഹങ്ങളെ പോലെ ന്യൂക്ലിയസിനു ചുറ്റും ഒന്നും കറങ്ങുന്നില്ല

ശ്രദ്ധിക്കുമല്ലോ

CKLatheef പറഞ്ഞു...

പ്രിയ കാല്‍വിന്‍

അഭിപ്രായം രേഖപ്പെടുത്തിയതിനും, അബദ്ധം ചൂണ്ടിക്കാണിച്ചതിനും നന്ദി. ന്യൂട്രോണും പ്രോട്ടോണും അടങ്ങിയ ന്യൂക്ലിയസിന് ചുറ്റും കറങ്ങുന്ന ഇലക്ട്രോണുകള്‍ എന്നായിരുന്നു ഉദ്ദേശിച്ചത്. സ്‌കൂളില്‍ പഠിപ്പിക്കാന്‍ മാത്രമുള്ളതാണ് അത് എന്ന് പറഞ്ഞത് വ്യക്തമായില്ല. വിഷയം അതല്ലെങ്കിലും വ്യക്തമാക്കിയാല്‍ കുടുതല്‍ മനസ്സിലാക്കാമായിരുന്നു. നന്ദി.

CKLatheef പറഞ്ഞു...

പ്രിയ കോനുമഠം,

നന്നായിരിക്കുന്നു എന്ന് പറഞ്ഞാല്‍ മനസ്സിലാക്കാം. അതില്‍ തന്നെയും വ്യക്തത കുറവാണ്. നന്നായത് അവതരണമാണോ, അതിലെ ഉള്ളടക്കമാണോ എന്ന സംശയം വീണ്ടും നിലനില്‍കും. മേലില്‍ എല്ലാ പോസ്റ്റിലും അത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് ഒഴിവാക്കണം. ഒരിക്കല്‍ സി.കെ ബാബു ഉദാഹരിച്ചപോലെ എല്ലാ പോസ്റ്റിലും ഈ അഡ്രസ് പതിക്കുന്നത് നല്ല ഒരു കീഴ് വഴക്കമാണ് എന്ന് എനിക്കും തോന്നുന്നില്ല. അതേ പ്രകാരം വിയോജിക്കാന്‍ എന്താണ് ഞാനിവിടെ പോസ്റ്റില്‍ പറഞ്ഞത്. കാല്‍വിന്‍ സൂചിപ്പിച്ചതോ.

ശ്രീ.ശ്രേയസിനുള്ള എന്റെ പ്രതികരണം വൈകാതെ രേഖപ്പെടുത്തും. ഇന്നല്‍പം ജോലിത്തിരക്കുണ്ട്. പിന്നീട് കാണാം. അഭിപ്രായം പ്രകടിപ്പിച്ച സൂധീര്‍, കാല്‍വിന് എന്നിവര്‍ക്ക് ഒരിക്കല്‍ കൂടി നന്ദി.

മുക്കുവന്‍ പറഞ്ഞു...

there are two major theories I guess, planetary model and Bohr modal.. I guess, refined Bohr modal is currently people are following... me not studied much... but recently when I was teaching my young kid, I just surfed a bit... you may google for more info!

CKLatheef പറഞ്ഞു...

രണ്ടുകമന്റുകളില്‍ നിന്നായി എടുത്ത 9 ചോദ്യഗ്രൂപ്പുകളാണ് ഈ പോസ്റ്റിന്റെ മുഖ്യ ഉള്ളടക്കം. ചോദ്യത്തിന് മറുപടി പറയാന്‍ ഒന്നാമത്തെ ബാധ്യത എനിക്ക് തന്നെയായതുകൊണ്ടായിരിക്കാം പതിവിനുവിപരിതമായി രണ്ട് ദിവസത്തിനുള്ളില്‍ ധാരാളം പേര്‍ ഇവിടെ വന്ന് പോയെങ്കിലും ചോദ്യങ്ങളോട് പ്രതികരിച്ചിട്ടില്ല. ചേദ്യങ്ങള്‍ അതീവ നിസ്സാരങ്ങളെന്ന് തോന്നുമെങ്കിലും വിശ്വാസത്തിന്റെ ആവശ്യകതയും ജീവിതവുമായി അതിനുള്ള ബന്ധവുമൊക്കെ അതിന്റെ മറുപടിയില്‍ വരേണ്ടതുണ്ട്. രണ്ട് രൂപത്തില്‍ ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയാം. ചോദ്യങ്ങളെ ഗ്രൂപ്പുകളായെടുത്തത് ഈ ഉദ്ദേശ്യത്തോടെയാണ്. ആ ഒരു ഗ്രൂപ്പ് ചോദ്യങ്ങളിലൂടെ ഉല്‍ഭവിക്കുന്ന ഒരാശയത്തിന് മറുപടി പറയുക. അപ്പോള്‍ ഒന്നാമത്തെ ഗ്രൂപ്പുചോദ്യങ്ങള്‍ക്കുള്ള ശരിയായ മറുപടിയില്‍ വിശ്വാസം കൊണ്ട് മനുഷ്യനുള്ള പ്രയോജനങ്ങള്‍ എന്താണ് എന്ന് വിശദീകരിക്കണം. അതേപ്രകാരംതന്നെ ബാക്കിയുള്ളതും. എന്നാല്‍ അത്തരമൊരു മറുപടി ആദ്യമായി നല്‍കുന്നത്. മറ്റുള്ളവരെ തൃപ്തിപ്പെടുത്തുകയില്ല. മാത്രമല്ല ചോദിച്ചതിനല്ല മറുപടി എന്ന ധാരണയും ചിലര്‍ക്കെങ്കിലുമുണ്ടാകും. അതിനാല്‍ ഒന്നാം ഘട്ടത്തില്‍ ഓരോ ചോദ്യങ്ങളും ഓരോന്നായി എടുത്ത് ഒറ്റവാക്കില്‍ മറുപടി നല്‍കുന്നതും. പിന്നീട് ആവശ്യമെങ്കില്‍ വിശദമാക്കുന്നതുമാണ്. ഇക്കാര്യത്തില്‍ എന്റെ ഒരു മറുപടി അവസാനവാക്കാണ് എന്ന ധാരണ എനിക്കില്ല. അതിനേക്കാള്‍ നല്ല മറുപടികളും ഉണ്ടാവാം. ഒറ്റവാക്കുകളില്‍ പറയുന്ന മറുപടി ശ്രീയുടെ ചോദ്യങ്ങള്‍ വാചികാര്‍ഥത്തിലെടുത്താണ്. ചോദ്യകര്‍ത്താവിന്റെ ഉദ്ദേശ്യമനുസരിച്ചുള്ള മറുപടി അതായിരിക്കില്ല. എങ്കിലും അങ്ങനെമാത്രമേ എനിക്ക് ചോദ്യങ്ങളെ ഫലപ്രദമായി നേരിടാന്‍ കഴിയൂ.

CKLatheef പറഞ്ഞു...

1. ഓരോ പേര് പറഞ്ഞ് എന്തിനെയോ പ്രതിനിധീകരിച്ചാല്‍ ആര്‍ക്കും വലിയ ഫലമില്ല. അതെ വിശ്വാസം മാത്രം.

2. ദൈവവിശ്വാസത്തിന് മനുഷ്യജീവിതത്തില്‍ വലിയ സ്വധീനം ചെലുത്താന്‍ കഴിയും അതാകട്ടെ മനുഷ്യനെ സംബന്ധിച്ചിടത്തോളം സല്‍ഫലങ്ങള്‍ മാത്രമേ നല്‍കുന്നുള്ളൂ. ആ സല്‍ഫലങ്ങള്‍ എനിക്കാവശ്യമുണ്ട് അതിനാണ് ദൈവത്തില്‍ വിശ്വസിക്കണമെന്ന് പറയുന്നത്.
വിശ്വാസിക്കാതിരിക്കുന്നത് വിശ്വാസത്തിന്റെ സദ്ഫലങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാത്തതുകൊണ്ടാണ്.
ലോകത്തിന്റെ നിലനില്‍പ് വിശ്വാസവുമായി മാത്രം ബന്ധപ്പെട്ടതല്ല. ലോകം നിലനില്‍ക്കും ദൈവമിഛിക്കുന്നത് വരെ. പക്ഷെ ദൈവനിര്‍ദ്ദേശങ്ങളും മതധാര്‍മികമൂല്യങ്ങളും ഉള്‍കൊള്ളാത്ത ഒരു ലോകം അതിന്റെതായ പ്രയാസങ്ങള്‍ അനുഭവിക്കേണ്ടിവരും.

3. ശ്രേഷ്ടമായി ജീവിക്കുന്നത് ശ്രേഷ്ടമായി മരിക്കാന്‍ .
ജനിച്ചതുകൊണ്ട് മരിക്കുന്നത് വരെ ജീവിക്കാന്‍ നാം നിര്‍ബന്ധിതരാണ്.

4. പുരാതനകാലത്ത് ഇവിടെ മനുഷ്യന്‍ ഉണ്ടായിരുന്നു. അറിയപ്പെടുന്ന ഇസ്്‌ലാം മതം ക്രിസ്തുമതം തുടങ്ങിയ മതങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പും മനുഷ്യന്‍ ഉണ്ടായിരുന്നു. ഇന്നത്തെ പോലെ അന്നും മനുഷ്യര്‍ ദൈവവിശ്വാസികളായും ചിലര്‍ വിശ്വസിക്കാതെയും ജീവിച്ചു. അവര്‍ക്ക് ദൈവമുണ്ടായിരുന്നു. അവരില്‍ പാപികളും അല്ലാത്തവരുമുണ്ടായിരുന്നു. പ്രകടമായി നമ്മുക്ക് അറിയാവുന്ന വ്യത്യാസങ്ങള്‍ അവര്‍ക്കും നമ്മുക്ക് ഇടയിലും ഉണ്ട്. (പുരാതന മനുഷ്യന്‍ എന്ന് വെച്ചാല്‍ ഞാനുദ്ദേശിച്ചത് നമ്മുക്ക് കൃത്യമായ ചരിത്ര രേഖലഭ്യമല്ലാത്ത ജനസമൂഹങ്ങളെ ഉദ്ദേശിച്ചാണ്.)

5. അല്ല. മനുഷ്യന്‍ കൊമ്പില്ല. കൊമ്പുള്ളതും കൊമ്പില്ലാത്തതുമല്ല ജീവികളെ വേര്‍ത്തിരിക്കുന്നത്. തീര്‍ചയായും മനുഷ്യനൊരു 'കൊമ്പു'ണ്ട് അതുകൊണ്ടാണ് മറ്റുമുഴുവന്‍ ജീവികളെയും അവന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ അവന് കഴിയുന്നത്. ദൈവത്തെക്കുറിച്ച് ചിന്തിക്കാന്‍ വേണ്ടി മാത്രം സൃഷ്ടിച്ചതല്ല മനുഷ്യനെ. അത് കൃത്യമായി പറയാന്‍ കഴിയില്ല, പക്ഷെ മനുഷ്യന്റെ സൃഷ്ടിപ്പിന്റെ ഉദ്ദേശ്യം അതല്ല.

6. അല്ല എന്ന് കരുതുന്നു. സൃഷ്ടിപ്പിന്റെ കാര്യത്തില്‍ അല്ല. അവര്‍ക്കും നമ്മെപോലെ ഇഛാശക്തി നല്‍കപ്പെട്ടിട്ടുണ്ട്. നന്മയും തിന്‍മയും അവരുടെ മനസ്സിലും ഉണ്ട്. അതുപയോഗിക്കുന്നതിനനുസരിച്ചാണ് ശ്രേഷ്ടത തീരുമാനിക്കുക. അവരില്‍ ചിലര്‍ നമ്മെക്കാള്‍ ശ്രേഷ്ടരായിരിക്കും ചിലര്‍ ദുഷ്ടരും.

7. അവര്‍ക്കും ദൈവമുണ്ടായിരുന്നു. ഭൂമിയിലെ ആദ്യമനുഷ്യന്‍ മുതല്‍ ദൈവവിശ്വാസിയായിരുന്നു. അതിന് ശേഷം ദൈവത്തില്‍ വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരുമുണ്ടായി. ദൈവത്തിന് ബലക്ഷയം ഒരു കാലത്തും സംഭവിച്ചിട്ടില്ല. മനുഷ്യരില്‍ ചിലര്‍ വിശ്വസിച്ചതുകൊണ്ടോ ദൈവത്തെ പുകഴ്തിയതുകൊണ്ടോ ദൈവത്തിന് ശക്തികൂടുകയും ചെയ്തിട്ടില്ല. ദൈവത്തിന്റെ ആയുസും ശാന്തിയും തന്റെ സൃഷ്ടികളെ ആശ്രയിച്ചല്ല നിലനില്‍ക്കുന്നത്.

8. മനുഷ്യന് ദൈവം എന്തിന് ഇത്രയും തലവേദന വരുത്തിവെച്ചു എന്നറിയില്ല. ഒന്നറിയാം ദൈവകല്‍പനകള്‍ അനുസരിച്ചിരുന്നുവെങ്കില്‍ അവന് ഇത്ര തലവേദന അനുഭവിക്കേണ്ടി വരില്ലായിരുന്നു. ദൈവത്തില്‍ വിശ്വസിക്കുന്നതില്‍ ധാരാളം പ്രയോജനമുണ്ട്. വിശ്വാസം നോക്കി പരകരം ചോദിക്കുന്നവനല്ല ദൈവം. എന്നാല്‍ വിശ്വാസത്തിനനുസരിച്ച് കര്‍മങ്ങള്‍ വ്യത്യാസപ്പെടുമെന്നും യഥാര്‍ഥമല്ലാത്ത വിശ്വാസം തെറ്റായ കര്‍മങ്ങളിലേക്ക് നയിക്കുമെന്നും ആ കര്‍മങ്ങള്‍ക്കനുരിച്ച് ദൈവിക ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും ദൈവം തീരുമാനിച്ചിട്ടുണ്ട്.

9. നാം ദൈവത്തെ ആശ്രയിക്കുന്നത് നമ്മുക്ക് വേണ്ടി. ദൈവമില്ലായിരുന്നെങ്കില്‍ ഈ പ്രപഞ്ചമോ അതിലുള്‍ക്കൊള്ളുന്ന ഈ നാമോ ഉണ്ടാകുമായിരുന്നില്ല. (അത്രതന്നെ)

ഒറ്റവാക്കില്‍ ശ്രീ നല്‍കിയ ചോദ്യങ്ങള്‍ക്കുള്ള എന്റെ മറുപടിയാണിത്. ഇതിനോട് ശ്രീയുടെയും ഇതരവിശ്വാസികളുടെയും പ്രതികരണമറിയാന്‍ താല്‍പര്യമുണ്ട്. ദൈവത്തെ മുന്‍കൂട്ടി നിഷേധിക്കാന്‍ തീരുമാനിച്ചവരും പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കണ്ടെത്തിയതിന് ശേഷം വിശ്വസിക്കാന്‍ തീരുമാനിച്ചവര്‍ക്കും ഇവിടെനിന്ന് എന്തെങ്കിലും ലഭിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍ മഹാഭൂരിപക്ഷംവരുന്ന, ഏതെങ്കിലും ഒരര്‍ഥത്തില്‍ ദൈവവിശ്വാസം കൊണ്ടുനടക്കുന്നവര്‍ക്ക് ചില വെളിച്ചം നല്‍കാന്‍ എന്റെ ഈ മറുപടികളിലൂടെ സാധിക്കും എന്ന് ഞാന്‍ മനസ്സിലാക്കുന്നു.

CKLatheef പറഞ്ഞു...

1. സ്വയം അറിയാതെ ഒരു ചെറിയ ശ്രമം പോലും നടത്താതെ, ആത്മാവ്, ദൈവം, പടച്ചവന്‍, കര്‍ത്താവ്, എന്നിങ്ങനെ ഓരോ പേരുപറഞ്ഞു എന്തിനെയോ പ്രതിനിധീകരിച്ചാല്‍, ആര്‍ക്കു എന്തുഫലം? അത് വിശ്വാസം മാത്രമല്ലേ?

പ്രിയ ശ്രീ.ശ്രേയസ്,

താങ്കളുടെ ചോദ്യങ്ങള്‍ അല്‍പം കൂടി വിശദീകരണം നല്‍കാം. ഒരാള്‍ സ്വയം അറിയാനുള്ള ശ്രമം ആരംഭിക്കുന്നത് ചില സംശയങ്ങള്‍ സ്വയം ചോദിച്ചുകൊണ്ടായിരിക്കും. എല്ലാവരുടെയും ചോദ്യങ്ങള്‍ ഒന്നുതന്നെയായികൊള്ളണം എന്നില്ല. എങ്കിലും പോതുവെ ഈ ആശയങ്ങള്‍ ലഭികാത്ത ചോദ്യങ്ങള്‍ സ്വയം തിരിച്ചറിവിലേക്ക് നയിക്കുന്നതില്‍ പരാജയപ്പെടും.

ഞാന്‍ ആരാണ്?. എന്താണ് എന്റെ ഉത്തരവാദിത്തം?, ഞാനും ഈ ലോകവും തമ്മിലുള്ള ബന്ധം എന്താണ്?. എന്റെ കര്‍മങ്ങള്‍ക്ക് ഞാന്‍ ആരോടെങ്കിലും കണക്ക് പറയേണ്ടതുണ്ടോ?. എന്റെ ജീവിതം മരണത്തോടെ അവസാനിക്കുമോ?. മരണശേഷം എന്റെ കര്‍മങ്ങള്‍ക്ക് സമാധാനം പറയേണ്ടിവരുമോ?. എനിക്കൊരു സൃഷ്ടാവുണ്ടോ?. ഞാന്‍ ആരുടെ നിയമങ്ങള്‍ അനുസരിക്കണം?. ദൈവം ഒരു സത്യമോ മിഥ്യയോ?. ദൈവങ്ങള്‍ പലതുണ്ടോ?. അതോ ദൈവം ഏകനോ?. ദൈവമുണ്ടെങ്കില്‍ ആ ദൈവം എങ്ങനെ?. ആ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നതെന്തിന്?. എന്റെ ജീവിതത്തില്‍ എനിക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ടോ?. ഈ ചോദ്യങ്ങള്‍ ഉത്തരം ലഭിക്കാന്‍ വല്ല മാര്‍ഗവും ഇവിടെ ഉണ്ടോ?. ഞാനത് അന്വേഷിച്ചുവോ?.

ഇത്രയും വായിച്ചുകഴിയുമ്പോള്‍ ചിലര്‍ ചിന്തിക്കാന്‍ തുടങ്ങും ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് സാധിക്കുമോ. ഇല്ല. നാം തല്‍ക്കാലം സാധാരണ മനുഷ്യരെക്കുറിച്ചാണ് ആലോചിക്കുന്നത്.

മുകളില്‍ നല്‍കിയ മുഴുവന്‍ ചോദ്യങ്ങള്‍ക്കും വിശുദ്ധഖുര്‍ആന്‍ വ്യക്തമായ ഉത്തരം നല്‍കിയിട്ടുണ്ട്. ഒന്നിനും സംശയം ബാക്കിവെച്ചിട്ടില്ല. പറയാം. ഇവിടെ വരുന്ന മറ്റുവിശ്വാസികള്‍ പറയേണ്ടത്. നിങ്ങള്‍ അവലംബമായി കാണുന്ന വേദങ്ങളോ ഉപനിഷത്തുക്കളോ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നുണ്ടോ, ഉണ്ടെങ്കില്‍ അവ എന്താണ്. വിശ്വാസികളല്ലാത്തവര്‍ പറയേണ്ടത് ഈ ചോദ്യങ്ങള്‍ക്ക് നിങ്ങളുടെ ഉത്തരം എന്താണ്. ആ ഉത്തരങ്ങള്‍ക്ക് നിങ്ങള്‍ അവലംബിക്കുന്ന അടിസ്ഥാനങ്ങള്‍ ഏതാണ് എന്നാണ്.

ഇതില്‍ നല്‍കി ചോദ്യങ്ങള്‍ക്ക് ഖുര്‍ആന്‍ നല്‍കുന്ന മറുപടി തുടര്‍ന്ന് വായിക്കുക. (cont..)

CKLatheef പറഞ്ഞു...

ഞാന്‍ ആരാണ്?.

ഞാന്‍ ദൈവത്തിന്റെ ഖലീഫ (പ്രതിനിധി) എന്നതാണ്. പ്രതിനിധി ഉടമസ്ഥനല്ല. അയാളുടെ ഇഷ്ടം അദ്ദേഹത്തെ നിയോഗിച്ചവന്റെ തൃപ്തിക്കനുസൃതമായി പ്രവര്‍ത്തിക്കുകയാണ്. അതിന് ദൈവത്തിന്റെ നിയമങ്ങളും നിര്‍ദ്ദേശങ്ങളും കൃത്യമായി ലഭിക്കേണ്ടതുണ്ട്. മനുഷ്യാരംഭം മുതല്‍ അവ മനുഷ്യന് ലഭ്യമായിട്ടുണ്ട്. ഇപ്പോഴും അന്വേഷിക്കുന്നവര്‍ക്ക് അവന്റെ തെളിഞ്ഞ നിയമ നിര്‍ദ്ദേശങ്ങള്‍ ലഭ്യമാണ്. അതിനാല്‍ ദൈവത്തിന്റെ പ്രാതിനിധ്യവ്യവസ്ഥ പാലിക്കാന്‍ ഭൗതികമായ തടസ്സങ്ങളൊന്നുമില്ല.

എന്താണ് എന്റെ ഉത്തരവാദിത്തം?

ദൈവത്തിന്റെ പ്രാതിനിധ്യം യഥാവിധി പാലിക്കുക എന്നതാണ് എന്റെ ഉത്തരവാദിത്തം. നന്മ (മഅ്‌റൂഫ്) പിന്തുടരുകയും അതിനെ മറ്റുള്ളവരോട് കല്‍പിക്കുകയും ചെയ്യുക, തിന്‍മ സ്വയം ഒഴിവാക്കുകയും ആ തിന്‍മയില്‍ (മുന്‍കര്‍)നിന്ന് മറ്റുള്ളവരെ തടയാന്‍ പരിശ്രമിക്കുകയും ചെയ്യുക. ഇതിനാവശ്യമായത് നന്മതിന്‍കള്‍ വ്യക്തമായി അറിയുക എന്നതാണ്. അതിനുള്ള മാനദണ്ഡം മനുഷ്യന്റെ തോന്നലുകളോ ചിന്തകളോ മാത്രമായാല്‍ മതിയാവുകയില്ല. അത് ദൈവദത്തമാകുമ്പോള്‍ മാത്രമേ അത് സത്യവും സമ്പൂര്‍ണവുമാകൂ. അതിനാല്‍ ആ നന്മതിന്‍മകള്‍ ദൈവം പൂര്‍ണമായും വ്യക്തമായും വിശദീകരിച്ച് തന്നിരിക്കുന്നു. അവ എനിക്ക് ലഭ്യമാണ്.

ഞാനും ഈ ലോകവും തമ്മിലുള്ള ബന്ധം എന്താണ്?.

ഈ ലോകവും അതിലെ സകലചരാചരങ്ങളും ദൈവത്തിന്റെ സൃഷ്ടികളാണ്. ഞാനാകട്ടെ ദൈവം പ്രത്യേകമായി ആദരിച്ച മനുഷ്യവര്‍ഗത്തില്‍ പെട്ടവനാണ്. ഈ ലോകത്തിലെ വസ്തുകളെ മിതമായും മാന്യമായും എന്നെപോലെയുള്ളവരെ പരിഗണിച്ചും ഉപയോഗിക്കാന്‍ എനിക്ക് അനവാദം നല്‍കപ്പെട്ടിരിക്കുന്നു. അതാകട്ടെ നേരത്തെ സൂചിപ്പിച്ച പ്രാതിനിധ്യം ആചരിക്കാന്‍ ആവശ്യമായ തോതില്‍ മാത്രം. ഈ ലോകത്തെ എന്റെ സ്വാര്‍ഥതക്ക് വേണ്ടിയോ എന്റെ കുടുംബത്തിന്റെ താല്‍പര്യത്തിനോ മുന്‍ഗണനനല്‍കി ചുഷണം ചെയ്യാന്‍ എനിക്കനുവാദമില്ല. മുഴുവന്‍ മനുഷ്യരും എന്റെ സഹോദരങ്ങള്‍, മുഴുവന്‍ സൃഷ്ടിജാലങ്ങളും എന്നെ സൃഷ്ടിച്ച ദൈവത്തിന്റെ സൃഷ്ടികള്‍.

എന്റെ കര്‍മങ്ങള്‍ക്ക് ഞാന്‍ ആരോടെങ്കിലും കണക്ക് പറയേണ്ടതുണ്ടോ?.

അതെ. എന്നെ വെറുതെ സൃഷ്ടിച്ചതല്ല. എന്റെ ഉത്തരവാദിത്തത്തില്‍ മനഃപൂര്‍വം വീഴ്ചവരുത്തിയാല്‍ ഞാന്‍ കുറ്റക്കാരനാകും. എന്റെ ആയുസും എന്റെ അറിവും, സമ്പത്തും, ആരോഗ്യവും വിചാരണ ചെയ്യപ്പെടും.

എന്റെ ജീവിതം മരണത്തോടെ അവസാനിക്കുമോ?.

ഇല്ല. എന്റെ മാതാവിന്റെ ഗര്‍ഭാശയത്തില്‍ അല്‍പകാലം ഞാന്‍ കഴിച്ചുകൂട്ടിയിട്ടുണ്ട്. ഇപ്പോള്‍ എനിക്ക് കഴിച്ചുകൂട്ടേണ്ടത് ഭൂമിയിലാണ്. ഇത് ദൈവനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള രംഗമാണ്. ഇനി എന്നെ മരണം കാത്തിരിക്കുന്നു. അതിന് ശേഷം എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക പ്രതിഫലമോ ശിക്ഷയോ നല്‍കപ്പെടുന്ന ദിനങ്ങളാണ് വരാനിരിക്കുന്നത്. അവ ഇല്ലായിരുന്നെങ്കില്‍ ഈ ജീവിതം ഫലശൂന്യമായേനെ. ദൈവം നീതിമാനാണ് എന്ന് പറയുന്നതിന്റെ അര്‍ഥം നഷ്ടപ്പെട്ടേനെ. ഓരോ മനുഷ്യനും കൃത്യമായി വിചാരണ ചെയ്യപ്പെടുകയും അവവനവന്റെ കര്‍മങ്ങള്‍ക്ക് ഒട്ടും അനീതിക്കിരയാകാതെ പ്രതിഫലം നല്‍കപ്പെടുകയും ചെയ്യുന്ന ഒരു ലോകം വരാനുണ്ട്. നാം ഇത് വായിച്ചുകൊണ്ടിരിക്കുന്നു എന്നതുപോലെ സത്യം. (cont..)

CKLatheef പറഞ്ഞു...

എനിക്കൊരു സൃഷ്ടാവുണ്ടോ?.

ഉണ്ട്. എന്റെ അസ്തിത്വത്തിന്റെ തേട്ടമാണ് എനിക്കൊരു സൃഷ്ടാവുണ്ടാകുക എന്നത്. ഭൂമിയിലെ മനുഷ്യന് ആവാസയോഗ്യമായ അവസ്ഥയും അതില്‍ ജീവിക്കാനാവശ്യമായ സകല സൗകര്യങ്ങള്‍ ഒരുക്കപ്പെട്ടതും അതിനെ ഉപയോഗിക്കാനും സൗകര്യപ്പെടുത്തുവാനും ആവശ്യമായ ഗുണങ്ങളും കഴിവുകളും മനുഷ്യന് നല്‍കപ്പെട്ടതും, ഒരോ ജീവിയിലും ഒരോ കണികയിലും മനുഷ്യശരീരത്തിലെ ഒരോ സെല്ലിലും നിക്ഷേപിച്ച് വെക്കപ്പെട്ട അത്ഭുതങ്ങള്‍ അന്തമായ ഒരു മ്യൂട്ടേഷന്റെ ഫലമാണ് എന്ന് ചിന്തിക്കാന്‍ എന്റെ ബുദ്ധി മനുഷ്യരിലെ ഭൂരിപക്ഷത്തോടൊപ്പം പാകപ്പെട്ടിട്ടില്ല. അതിനാല്‍ എനിക്ക് ബോധ്യമാകാത്ത ഒരു കാര്യം ഞാന്‍ വിശ്വസിക്കേണ്ടതില്ല. ഇതിനേക്കാള്‍ എത്രയോ ദൃഢമായി എനിക്ക് വിശ്വസിക്കാവുന്നത് എനിക്കൊരു നിര്‍മാതാവുണ്ട് എന്ന കാര്യമാണ്. ഇതിനെതിരെ ആരോപിക്കുന്ന ആരോപണങ്ങളൊന്നും സാമാന്യബുദ്ധിയെ പോലും തൃപ്തിപ്പെടുത്താന്‍ ഉപകാരപ്പെടുന്നുമില്ല. കാര്യങ്ങളെ ഉള്‍കൊള്ളാത്ത സങ്കുചിത മനസ്‌കരില്‍ നിന്നുള്ള പരിഹാസമല്ലാതെ ഇതിനെതിരെ ഞാന്‍ കണ്ടിട്ടില്ല. മാത്രമല്ല എന്റെ മുന്നിലുള്ള വേദഗ്രന്ഥം ഒരു മനുഷ്യനാല്‍ രചിക്കപ്പെട്ടതല്ല എന്ന വസ്തുത എനിക്ക് സര്‍വശക്തനും സര്‍വനിയന്താവും പരിപാലകനുമായ ഒരു ദൈവത്തില്‍ വിശ്വസിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നു. ആ ദൈവം നിയമദാതാവും രക്ഷശിക്ഷകള്‍ നല്‍കാന്‍ കഴിവുള്ളവനാണെന്നും ഞാന്‍ വിശ്വസിക്കുന്നു. ഒരു മനുഷ്യനും ബുദ്ധിയുള്ളവനും എന്ന നിലക്ക് രണ്ട് സാധ്യതകളില്‍ കൂടുതല്‍ ഉപകാരമുള്ളതിന്റെയും കൂടുതല്‍ റിസ്ക് കുറഞ്ഞതിന്റെയും പക്ഷത്ത് നില്‍കാന്‍ ഞാന്‍ ശ്രമിക്കും. ആ നിലക്കും ദൈവവിശ്വാസത്തിന്റെ പക്ഷത്ത് നില്‍ക്കാനാണെനിക്കിഷ്ടം. എനിക്ക് ജീവിതാവസാനം വരെ മനസമാധാനവും മാര്‍ഗദര്‍ശനവും നല്‍കുന്ന ഒരു വിശ്വാസത്തിന് പകരം നില്‍കാന്‍ ദൈവനിഷേധത്തിന് സാധ്യമല്ല. മാത്രമല്ല. ദൈവനിഷേധികള്‍ പറയുന്ന പോലെ ദൈവമില്ല എന്ന് കരുതുക. എങ്കില്‍ എനിക്കൊന്നും നഷ്ടപ്പെടാനില്ല. അഥവാ ഞാന്‍ പറയുന്ന പോലെ ഒരു ദൈവമുണ്ടെങ്കില്‍ നിഷേധികളുടെ കാര്യം പറയാനുമില്ല. അതിനാല്‍ ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു. നിങ്ങളോ?.

CKLatheef പറഞ്ഞു...

ഞാന്‍ ആരുടെ നിയമങ്ങള്‍ അനുസരിക്കണം?.

ഈ ചോദ്യത്തിനും എനിക്ക് വ്യക്തമായ ഉത്തരമുണ്ട്. എന്നെ സൃഷ്ടിച്ച സ്രഷ്ടാവിന്റെ നിയമങ്ങളാണ് ഞാന്‍ അനുസരിക്കേണ്ടത്. ഒരു ഉപകരണം നിര്‍മിച്ച കമ്പനിതന്നെയാണ് അത് പ്രവര്‍ത്തിക്കാനുള്ള കാറ്റലോഗ് ഇറക്കാറുള്ളത്. അതിനാല്‍ ഈ ഭൂമിയും ഇതില്‍ വസിക്കാന്‍ തക്കവിധം നമ്മെ സൃഷ്ടിച്ച ദൈവമാണ് എങ്ങനെ ഇവിടെ കഴിയേണ്ടത് എന്ന കാര്യവും പറഞ്ഞ് തരാന്‍ അര്‍ഹന്‍. ആ നിയമമനുസരിച്ച് ജീവിച്ചാല്‍ മനുഷ്യജീവിതം സുന്ദരമാകും. ഒരു ഉപകരണം അതിന്റെ നിര്‍മാതാക്കളുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ഉപയോഗിച്ചാല്‍ പലപ്പോഴും കേടുവരാന്‍ സാധ്യത കൂടുതലാണ്. എത്ര മാത്രം ആ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ സാധിക്കുന്നുവോ അത്രമാത്രം ആ ഉപകരണം ഭംഗിയായി പ്രവര്‍ത്തിക്കും. ഒരാള്‍ തന്റെ യുക്തിയും ബുദ്ധിയും ഉപയോഗിച്ച് ആ നിര്‍ദ്ദേശം പാലിക്കാതെ വലിയ കുഴപ്പമില്ലാതെ കുറച്ച് കാലം ഉപയോഗിച്ചു എന്നത് അവര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ വലിച്ചെറിയാന്‍ നമ്മെ പ്രേരിപ്പിക്കാറില്ല. സ്രഷ്ടികളായവരുടെ നിയമങ്ങള്‍ ആദ്യന്തികമായി അംഗീരിക്കാന്‍ എനിക്ക് ബാധ്യതയില്ല. അത്തരം നിയമങ്ങള്‍ നിരുപാധികം ഞാന്‍ അനുസരിക്കുകയുമില്ല. മനുഷ്യന് നിര്‍മിക്കാന്‍ കഴിയുന്ന ഏത് നിയമങ്ങളെക്കാളും കുറ്റമറ്റതായിരിക്കും ദൈവിക നിയമങ്ങള്‍ എന്ന് എനിക്ക് ബോധ്യമുണ്ട്. മനുഷ്യന് ഉപകാരപ്പെടുന്ന നിയമങ്ങളില്‍ ഏറ്റവും യോജിച്ച നിയമങ്ങള്‍ ദൈവിക നിയമങ്ങളോട് അടുത്ത് വരുന്നവയാണ് എന്ന് ഞാന്‍ കാണുന്നു. അതിനാല്‍ ലോകനാഥനായ സ്രഷ്ടാവിന്റെ നിയമനിര്‍ദ്ദേശങ്ങളാണ് ഞാന്‍ പിന്തുടരുക. ദൈവിക നിയമങ്ങള്‍ എന്നാല്‍ പൗരോഹിത്യം നിര്‍മ്മിക്കുന്നവയല്ല. പൗരോഹിത്യം തന്നെ ദൈവം നിയമമാക്കിയിട്ടില്ല. എന്നിട്ടല്ലേ അവര്‍ക്ക് നിയമം നിര്‍മിക്കാനുള്ള അവകാശം. പണ്ഡിതന്‍മാര്‍ ദൈവികഗ്രന്ഥവും അതിന്റെ വ്യാഖ്യാനമായ പ്രവാചക ചര്യയും മുന്നില്‍ വെച്ച് നിയമം നിര്‍ദ്ധാരണം ചെയ്‌തെടുത്തിട്ടുണ്ട്. അത് അവരുടെ നിയമങ്ങളല്ല. നിയമങ്ങള്‍ അറിയാല്‍ അവര്‍ നമ്മെ സഹായിക്കുകയാണ്.

CKLatheef പറഞ്ഞു...

ദൈവം ഒരു സത്യമോ മിഥ്യയോ?

ദൈവം സത്യം. എന്തുകൊണ്ടെന്നാല്‍ ദൈവം മിഥ്യയാണെന്ന് സ്ഥാപിക്കപ്പെട്ടിട്ടില്ല. അടുത്ത ചോദ്യം, മിഥ്യയല്ല എന്ന് സ്ഥാപിക്കാന്‍ കഴിയില്ല കാരണം ഇല്ലാത്തതിനെ എങ്ങനെയാണ് സ്ഥാപിക്കുക എന്നതായിരിക്കും. ഇവിടെ ദൈവമില്ല എന്നത് കേവലവാദമാണ്. ദൈവമുണ്ട് എന്ന വാദവും അതിന് തെളിവായി ഈ പ്രപഞ്ചവും നമ്മുക്ക് മുമ്പിലുണ്ട്. ദൈവം മിഥ്യ എന്ന് പറയുന്നവര്‍ പ്രധാനമായും പറയുന്നത് ശാസ്ത്രീയമായി അത് തെളിയിക്കാനാവില്ല എന്ന് മാത്രമാണ്. ഭൗതിപദാര്‍ഥങ്ങളാണ് ശാസ്ത്രത്തിന്റെ പഠനവിഷയം എന്നിരിക്കെ പദാര്‍ഥപരമായ ഈ പ്രപഞ്ചം സൃഷ്ടിച്ചത് മറ്റൊരു പദാര്‍ഥമാകാന്‍ സാധ്യമല്ല. അത് മനുഷ്യബുദ്ധിക്ക് നിരക്കുന്നതുമല്ല. അതിനാല്‍ ശാസ്ത്രിയമായി തെളിയിക്കപ്പെട്ടിട്ടില്ല എന്നത് ദൈവത്തിന്റെ അസ്തിത്വത്തെ നിഷേധിക്കാന്‍ കാരണമേ അല്ല. ദൈവം എന്നത് ഒരു പദാര്‍ഥമാണ് എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ മാത്രമേ അത് തെളിയിക്കാന്‍ ശാസ്ത്രത്തിന്റെ പിന്‍ബലം കാത്ത് നില്‍ക്കേണ്ടതുള്ളൂ. പ്രപഞ്ചത്തെക്കുറിച്ച് മുഴുവനറിയാതെ പ്രപഞ്ച സ്രഷ്ടാവിനെ എങ്ങനെ അറിയും എന്ന് ചോദിക്കുന്ന ബൂലോഗത്തെ മഹാബുദ്ധിമാന്‍മാര്‍ ദൈവസങ്കല്‍പത്തില്‍ പുലര്‍ത്തുന്ന അബദ്ധം കാരണമാണ് അപ്രകാരം ചോദിക്കുന്നത്. ദൈവം എന്നത് അഭൗതികമാണ് അതിനാല്‍ അതിനെക്കുറിച്ച് അറിയിക്കാന്‍ ദൈവം പ്രവാചകന്‍മാരെ അയച്ചു. അത് നിഷേധിക്കാന്‍ മനുഷ്യബുദ്ധിക്ക് സാധ്യമല്ല. മനുഷ്യബുദ്ധിക്ക് സാധ്യക്കുക അങ്ങനെ ഒരു സാധ്യതയെക്കുറിച്ച് പരിശോധിക്കാന്‍ മാത്രമാണ്. അതിനാല്‍ ദൈവം സത്യം തന്നെ.

CKLatheef പറഞ്ഞു...

ദൈവങ്ങള്‍ പലതുണ്ടോ?, അതോ ദൈവം ഏകനോ?. ദൈവമുണ്ടെങ്കില്‍ ആ ദൈവം എങ്ങനെ?.

ഈ പ്രപഞ്ചത്തിന്റെ ഏകതാനതയും വ്യവസ്ഥാപിതത്വവും ദൈവം ഒന്നിലധികമുണ്ട് എന്നതിനേക്കാള്‍ ദൈവം ഏകനാണ് എന്ന് നിരീക്ഷിക്കാനാണ് ബുദ്ധി നമ്മോട് ആവശ്യപ്പെടുന്നത്. ദൈവം രണ്ടുണ്ട് എന്ന് വരുമ്പോള്‍ പ്രപഞ്ചത്തില്‍ ഒരു ദൈവത്തിന് അധികാരമുള്ള ഒരിടം ഇല്ല എന്ന് വരുന്നു. കാരണം മറ്റേ ദേവപരിധിയില്‍ വരുന്നതിലെങ്കിലും ആ ദൈവത്തിന് ഒരു നിയന്ത്രണവുമില്ല. ഈ പ്രപഞ്ചത്തിന്റെ നിലനില്‍പും അതിനാല്‍ ഏകദൈവത്തിലാണ്. ഇങ്ങനെയൊക്കെയുള്ള പ്രയാസങ്ങള്‍ ഉള്ളതോടൊപ്പം ദൈവം രണ്ടുണ്ടെന്ന് വിശ്വസിക്കാനാവശ്യമായ തെളിവുകളൊന്നും ഇല്ലാതിരിക്കെ എന്തിന് അത്തരമൊരു സാഹസത്തിന് നില്‍ക്കണം മാത്രമല്ല. ദൈവിക ഗ്രന്ഥത്തില്‍ ദൈവം ഏകനാണെന്ന് വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ ദൈവം ഏകനാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആ ദൈവം എങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം എന്റെ ധാരാളം പോസ്റ്റുകളിലൂടെ നല്‍കപ്പെട്ടിരിക്കുന്നു. എങ്കിലും അവയില്‍ നിന്ന് ക്രോഡീകരിച്ച് ഒരു പോസ്റ്റ് പിന്നീട് നല്‍കുന്നതാണ്.

CKLatheef പറഞ്ഞു...

ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നതെന്തിന്?

ദൈവത്തില്‍ ഞാനെന്തിന് വിശ്വസിക്കാതിരിക്കണം. ആ വിശ്വാസം എനിക്ക് ജീവിതത്തിന് അര്‍ഥം നല്‍കുന്നു. സര്‍വശക്തനും എന്റെ ഹൃദയരഹസ്യങ്ങള്‍ പോലും അറിയുന്നവനാണ് എന്ന ബോധം എനിക്ക് നല്‍കുന്ന സമാധാനവും ആശ്വാസവും വിശദീകരിക്കാന്‍ സാധ്യമല്ല. എനിക്കുള്ളതെല്ലാം ദൈവc നല്‍കിയതാണ്, നഷ്ടപ്പെട്ടത് ദൈവം നല്‍കാനുദ്ദേശിക്കാത്തതും. ഈ വിശ്വാസമുള്ളതിനാല്‍ നല്‍കപ്പെട്ടതില്‍ ഞാന്‍ അഹങ്കരിക്കുകയില്ല. നഷ്ടപ്പെട്ടതില്‍ ഞാന്‍ നിരാശയുടെ പടുകുഴിയില്‍ അകപ്പെടുകയുമില്ല. ഉപകാരമുള്ളതാണ് ദൈവം എന്നോട് കല്‍പിച്ചത്. ഉപദ്രവമുള്ളതാണ് ദൈവം വിലക്കിയത്. ദൈവിക നിയമങ്ങള്‍ പാലിക്കുമ്പോള്‍ ജീവിതത്തില്‍ വല്ലാത്ത ആനന്ദം അനുഭവപ്പെടുന്നു. അത് ലംഘിക്കുമ്പോള്‍ പ്രയാസങ്ങള്‍ അനഭവിക്കേണ്ടിവരുന്നു.കര്‍മങ്ങള്‍ക്ക് മറുപടി പറയേണ്ടിവരും എന്ന ബോധം ചെയ്യുന്ന കര്‍മങ്ങളില്‍ സൂക്ഷമത പാലിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നു. തെറ്റായ കാര്യങ്ങള്‍ ചെയ്തുപോകുന്നതില്‍ നിന്ന് എന്നെ തടയുന്നു. ഈ ജീവിതത്തിന് ശേഷം കര്‍മങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുമല്ലോ എന്ന പ്രതീക്ഷ അത്യാവേശത്തോടെ നന്മയെ പുല്‍കാന്‍ എനിക്ക് സഹായകമാകുന്നു. ഇതെനിക്ക് വ്യക്തിപരമായി ലഭിക്കുന്ന ദൈവവിശ്വാസത്തിന്റെ പ്രയോജനങ്ങളാണെങ്കില്‍, സമൂഹം എന്നനിലക്കും രാജ്യങ്ങള്‍ എന്ന നിലക്കും ഈ വിശ്വാസം കൊണ്ടുവരുന്ന പ്രയോജനങ്ങള്‍ എണ്ണമറ്റതാണ്. അതിവിടെ വിശദീകരിക്കുന്നില്ല.

CKLatheef പറഞ്ഞു...

എന്റെ ജീവിതത്തില്‍ എനിക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ടോ?.

ഇല്ല. പരിമിതമായ സ്വാതന്ത്ര്യം നല്‍കപ്പെട്ടിട്ടുണ്ട്. മനുഷ്യന് നല്‍കപ്പെട്ട നിയമങ്ങള്‍ക്ക് അവന്‍ വിധേയമാക്കപ്പെട്ടിരിക്കുന്നു. ജനനം, വളര്‍ച, രോഗം, ആരോഗ്യം, മരണം എന്നിവയില്‍ വളരെ കുറച്ച് മാത്രമേ എന്റെ ഇഛനടപ്പാകുന്നുള്ളൂ. എനിക്ക് തെരെഞ്ഞെടുക്കാനുള്ള സ്വാതന്ത്യമുള്ള മേഖലകളില്‍കൂടി ദൈവിക നിയമങ്ങള്‍ക്ക് വിധേയമാകുക എന്നതാണ് ദൈവം എന്നില്‍ നിന്നാവശ്യപ്പെടുന്നത്. അവ നിര്‍വഹിക്കുന്നതിലൂടെ പ്രകൃതിയുടെ സ്വാഭാവികമായ സമാധാനത്തില്‍ ഞാന്‍ എന്റെ പങ്കുകൂടി വഹിക്കുകയാണ്.

CKLatheef പറഞ്ഞു...

ഈ ചോദ്യങ്ങള്‍ ഉത്തരം ലഭിക്കാന്‍ വല്ല മാര്‍ഗവും ഇവിടെ ഉണ്ടോ?. ഞാനത് അന്വേഷിച്ചുവോ?.

മുകളില്‍ നല്‍കപ്പെട്ട ചോദ്യങ്ങള്‍ക്ക് ക്യത്യമായ ഉത്തരം ദിവ്യഗ്രന്ഥങ്ങളിലൂടെ മാത്രമേ ലഭിക്കുകയുള്ളൂ. എനിക്ക് അതു ലഭിച്ചത് അവിടെ നിന്നാണ്. മറ്റെവിടെ നിന്നും കൃത്യമായ മറുപടി ലഭിക്കില്ലെന്ന് ഞാന്‍ കരുതുന്നു.

താങ്കളുടെ ഒന്നാമത്തെ ചോദ്യത്തില്‍ അവശേഷിക്കുന്നത്. ദൈവം എന്നത് വിശ്വാസം മാത്രമല്ലേ എന്നതാണ്. വിശ്വാസം എന്നത് യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്തതാണ് എന്ന ധ്വനിയുണ്ടെങ്കില്‍ അതിനോട് ഞാന്‍ യോജിക്കുന്നില്ല. അമേരിക്ക ഞാന്‍ കണ്ടിട്ടില്ല. അതിനാല്‍ എനിക്കത് വിശ്വാസമാണ്. എന്നാല്‍ എന്റെ ഈ ബ്ലോഗ് വായനക്കാരില്‍ മൂന്നാം സ്ഥാനത്ത് അമേരിക്കയില്‍ നിന്നുള്ളവരാണ്. അവര്‍ക്കുള്ളത് വിശ്വാമല്ല കണ്‍കാഴ്ചയാലുള്ള ബോധ്യമാണ് (ഐനല്‍ യഖീന്‍ ). ദൈവം എന്നുള്ളത് എനിക്ക് അമേരിക്ക എന്ന രാജ്യം ഉണ്ട് എന്ന പോലെയുള്ള ബോധ്യമാണ് ('യഖീന്‍ ' എന്നാണ് അറബി പ്രയോഗം). അതേ സമയം അമേരിക്ക കണ്ടവര്‍ക്കുള്ളത് ഞാന്‍ സുചിപ്പിച്ച 'ഐനല്‍ യഖീന്‍ ' ആണ്. പരലോകത്ത് മാത്രമാണ് നാം ഈ പറഞ്ഞകാര്യങ്ങള്‍ 'ഐനല്‍ യഖീനാ'യി മാറുന്നത്.അഥവാ കണ്ണുകൊണ്ടുകണ്ട് ബോധ്യപ്പെടുന്നത്


ഇതോടെ ശ്രീ.ശ്രേയസിന്റെ ഒന്നാമത്തെ ചോദ്യത്തിനുള്ള എന്റെ ഉത്തരം പൂര്‍ണമാകുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review