2010, ഏപ്രിൽ 18, ഞായറാഴ്‌ച

ധാര്‍മികബോധത്തിന് ദൈവവിശ്വാസം വേണ്ട.

അതെ, ധാര്‍മികബോധത്തിന് ദൈവവിശ്വാസം വേണ്ട!!.  അത് വ്യക്തമാക്കുന്നതിന് മുമ്പ് ചില കാര്യങ്ങല്‍ ആമുഖമായി മനസ്സിലാക്കേണ്ടതുണ്ട്.  2010 ഫെബ്രുവരിയില്‍ ബ്രൈറ്റ് എന്ന പ്രദര്‍ശനനാമമുള്ള നാസ്തികനായ ബ്ലോഗര്‍  ധാര്‍മികതക്ക് ദൈവവിശ്വാസം വേണോ? എന്ന ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചു. ശ്രദ്ധേയമായ ഒരു ബ്ലോഗായിരുന്നു ഇത്. വിഷയത്തിന്റെ ഗാംഭീര്യം കൊണ്ടോ ചര്‍ചയില്‍ പങ്കെടുത്തവരുടെ ആധിക്യം കൊണ്ടോ അല്ല ശ്രദ്ധേയം എന്ന് പറഞ്ഞത്. മറിച്ച് മിക്ക യുക്തിവാദി ബ്ലോഗര്‍മാരും തങ്ങളുടെ ബ്ലോഗില്‍ സ്ഥിരമായ ഒരു ലിങ്ക് ആ പോസ്റ്റിലേക്ക് നല്‍കിയതായി കാണാന്‍ കഴിഞ്ഞതുകൊണ്ടാണ്. മാത്രമല്ല തുടര്‍ന്ന് നടന്ന പല ചര്‍ചകളിലും പ്രസ്തുത പോസ്റ്റിലെ പരാമര്‍ശങ്ങള്‍ ആവര്‍ത്തികുന്നതായി കണ്ടു. മനുഷ്യനിലെ ധാര്‍മികതക്ക് ദൈവവിശ്വാസം ആവശ്യമില്ല എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതിനാല്‍ ഇനി മതത്തിന് അത്തരമൊരു പ്രസക്തിയില്ല എന്ന വാദം കൂടുതല്‍ ശക്തമായി ഉന്നയിക്കാം എന്നതാണ് ഈ പോസ്റ്റ് ദൈവനിഷേധികളായ യുക്തിവാദികള്‍ക്ക് നല്‍കിയ ആത്മവിശ്വാസം എന്ന് ഊഹിക്കുന്നതില്‍ തെറ്റില്ല. പോസ്റ്റ് ഇട്ട ഉടനെ അത് വായിച്ചിരുന്നുവെങ്കിലും  പ്രത്യേകിച്ച് പുതുമയൊന്നും തോന്നാത്തതിനാല്‍ ഇടപെട്ടില്ല. പലസ്ഥലത്തും ദൈവവിശ്വാസികളുടെ അഭിപ്രായം അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ധാര്‍മികതയുള്ള മനുഷ്യനാകാന്‍ ദൈവവിശ്വാസം ആവശ്യമില്ല. എന്ന കാഴ്ചപ്പാടിനോട് ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നവരാരും പോസ്റ്റിട്ട് പ്രതികരിച്ചതായി കണ്ടില്ല. ഇപ്പോഴും എന്റെ ബ്ലോഗില്‍ നടക്കുന്ന ചര്‍ചയിലടക്കം പ്രസ്തുത വാദം പലവിധത്തില്‍ അലയടിക്കുന്നത് കൊണ്ട് ഇതുമായി ബന്ധപ്പെട്ട ഖുര്‍ആന്റെ കാഴ്ചപ്പാടില്‍ നിന്ന് കൊണ്ട് എന്റെ അഭിപ്രായം പറയേണ്ടതുണ്ടെന്ന് തോന്നി. അതില്‍നിന്നാണ് ഈ പോസ്റ്റ് പിറക്കുന്നത്.

നമ്മുക്ക് ബ്രൈറ്റിന്റെ വാദം പരിശോധിക്കാം:
 Marc Hauser അദ്ദേഹത്തിന്റെ Moral Minds:How nature designed our universal sense of right and wrong  എന്ന  പുസ്തകത്തില്‍ പരാമര്‍ശിച്ച ഒരു ഏതാനും ചിന്താ പരീക്ഷണങ്ങള്‍ (Thought experiments)നല്‍കി കൊണ്ടാണ് അദ്ദേഹം തന്നെ വാദം ആരംഭിക്കുന്നത്. പരീക്ഷണം ഇതാണ്.
നിങ്ങള്‍ ഒരു റെയില്‍വേ ട്രാക്കിന് മുകളിലുള്ള ഒരു പാലത്തില്‍ നിൽക്കുന്നു.ട്രാക്കിലൂടെ ഒരു ട്രോളി നിയന്ത്രണം വിട്ടു ഓടി വരുന്നുണ്ട്.അല്പം ദൂരെ അഞ്ചുപേര്‍ ട്രാക്കില്‍ പണിയെടുക്കുന്നുണ്ട്. അവര്‍ ട്രോളി കാണുന്നില്ല.അഞ്ചുപേരും ട്രോളിയിടിച്ച് തീര്‍ച്ചയായും മരണപ്പെടും. നിങ്ങൾക്ക് വേണമെങ്കില്‍ ഒരു സ്വിച്ച് ഉപയോഗിച്ച് ട്രോളിയെ മറ്റൊരു സൈഡ് ട്രാക്കിലേക്ക് തിരിച്ചു വിടാം. പക്ഷേ ആ ട്രാക്കില്‍ ഒരാള്‍ പണി ചെയ്യുന്നുണ്ട്. അയാള്‍ തീര്‍ച്ചയായും മരിക്കും. നിങ്ങൾക്ക് ഒന്നുകില്‍ സ്വിച്ച് ഉപയോഗിക്കാതിരിക്കാം, അപ്പോള്‍ അഞ്ചുപേര്‍ മരിക്കും. അല്ലെങ്കില്‍ സ്വിച്ച് ഉപയോഗിക്കാം അപ്പോള്‍ ഒരാള്‍ മരിക്കും. നിങ്ങള്‍ എന്തു ചെയ്യും? സ്വിച്ചുപയോഗിച്ചു ഒരാളെ കൊലക്ക് കൊടുത്തു അഞ്ചുപേരെ രക്ഷിക്കുമോ? അതോ സ്വിച്ച് ഉപയോഗിക്കാതിരിക്കുമോ? തീരുമാനം എന്തായാലും എന്തായിരിക്കും ന്യായീകരണം?
ഇനി വേറൊരു ചിന്താപരീക്ഷണം. മുൻപത്തേപ്പോലെ നിങ്ങള്‍ ട്രാക്കിനു മുകളിലുള്ള പാലത്തില്‍ നില്‍ക്കുന്നു. ട്രോളി വരുന്നു. ഇത്തവണ ട്രോളി നിര്‍ത്താന്‍ സ്വിച്ചൊന്നുമില്ല. പക്ഷേ ട്രാക്കിലേക്ക് ഒരു ഭാരമുള്ള വസ്തു ഇട്ടാല്‍ ട്രോളി തടഞ്ഞു നിര്‍ത്താം. ആകെയുള്ള ഭാരമുള്ള വസ്തു പാലത്തിൽ നിന്ന് അസ്തമയം ആസ്വദിക്കുന്ന ഒരു തടിയനാണ്. അയാളെ ട്രാക്കിലേക്ക് തള്ളിയിട്ടാല്‍ കാര്യം നടക്കും.നിങ്ങള്‍ അത് ചെയ്യുമോ? എന്തായിരിക്കും ന്യായീകരണം?
നൂറോളം രാജ്യങ്ങളിൽ നിന്ന് രണ്ടു ലക്ഷത്തോളം പേര്‍ പങ്കെടുത്ത ഒരു ഇന്റര്‍നെറ്റ്‌ സർവ്വേ ഫലം ഇതായിരുന്നു:
എല്ലാ ഭൂഖണ്ഡങ്ങളിലേയും ആണുങ്ങളും,പെണ്ണുങ്ങളും, കറുത്തവരും, വെളുത്തവരും, കുട്ടികളും, വയസ്സന്മാരും, നിരീശ്വരവാദികളും, ഹിന്ദുക്കളും, ക്രിസ്ത്യാനികളും, മുസ്ലിംകളും, ജൂതന്മാരും, നിരക്ഷരും, വിദ്യാസമ്പന്നരും എല്ലാം ഒരേ അഭിപ്രയമാണ് പറഞ്ഞത്. ഏകദേശം തൊണ്ണൂറു ശതമാനം പേരും ആദ്യത്തെ സംഭവത്തില്‍ ട്രോളി വഴിതിരിച്ചു വിടുന്നത് നിർബന്ധമല്ലെങ്കിൽ പോലും അനുവദനീയമാണ് എന്നാണ് അഭിപ്രായപ്പെട്ടത്. രണ്ടാമത്തെ സംഭവത്തില്‍ ഏതാണ്ട് ആരും തന്നെ തടിയനെ ഉപയോഗിച്ച് ട്രോളി നിര്‍ത്തുന്നതിനെ അനുകൂലിച്ചില്ല. രണ്ടു സംഭവങ്ങളിലും ഒരാളുടെ ജീവന്‍ കൊടുത്തു അഞ്ചുപേരുടെ ജീവന്‍ രക്ഷിക്കുകയാണ് ചെയ്യുന്നത് എന്ന് ശ്രദ്ധിക്കുക. യുക്തിപൂർവ്വം ആലോചിച്ചാല്‍ രണ്ടു സംഭവവും തുല്യമാണ്. Life of one v/s five. പിന്നെന്തുകൊണ്ട് ആളുകളുടെ പെരുമാറ്റത്തില്‍ ഇത്രമാത്രം വ്യത്യാസം? വിശ്വാസികളും അവിശ്വാസികളും തമ്മില്‍ ധാർമ്മിക ബോധത്തിന്റെ കാര്യത്തില്‍ ഒരു വ്യത്യാസവുമില്ല എന്നതും ശ്രദ്ധേയമാണ്. അപ്പോള്‍ തീര്‍ച്ചയായും ദൈവമായിരിക്കില്ല ധാർമ്മികതയുടെ ഉറവിടം. (ധാർമ്മികതയുടെ മൊത്തക്കച്ചവടക്കരായി വിശ്വാസികള്‍ അവതരിക്കുമ്പോള്‍ ഈ പഠനം അവര്‍ക്കുനേരെ ഉപയോഗിക്കാം.)
ഇത്രയുമാണ് ബ്രൈറ്റിന്റെ പോസ്റ്റിലെ പ്രധാന ഭാഗം തുടര്‍ന്നങ്ങോട്ട് ഇത് വെച്ചുകൊണ്ട് ധാര്‍മികതക്ക് ദൈവവിശ്വാസം ആവശ്യമില്ല എന്ന് സ്ഥാപിക്കുകയാണ്.
ബ്രൈറ്റ് തുടരുന്നു.. 'ദൈവഭയവും പരലോകവിശ്വാസവുമാണ് മനുഷ്യനെ ധാർമ്മികജീവിതത്തിനു പ്രേരിപ്പിക്കുന്നത് എന്ന ധാരണ പരത്താന്‍ മതവക്താക്കള്‍ എല്ലാ കാലത്തും ശ്രമിച്ചിട്ടുണ്ട്. സ്നേഹം, ദയ, കാരുണ്യം, സഹകരണമനോഭാവം തുടങ്ങിയ സല്‍ഗുണങ്ങള്‍ വിശ്വാസത്തില്‍നിന്നുണ്ടായതാണെന്നും, വിശ്വാസികളല്ലാത്തവര്‍ വെറും നികൃഷ്ടരും അസാന്മാർഗ്ഗികളും ആണെന്നാണ് വിശ്വാസികള്‍ നിരന്തരം പ്രചരിപ്പിക്കുന്നത്. എന്താണ് ധാർമ്മികത? ധാർമ്മികത മത/ദൈവ വിശ്വാസത്തിന്റെ ഫലമാണോ? അങ്ങിനെയെങ്കില്‍ ട്രോളി പ്രശ്നം പോലുള്ളവയില്‍ വിശ്വാസികളും അവിശ്വാസികളും ഒരേപോലെ സ്കോർ ചെയ്യുന്നതെന്തുകൊണ്ട്‌?'
ചില സാങ്കല്‍പിക ചോദ്യങ്ങള്‍ (പരീക്ഷണങ്ങള്‍) സ്വന്തം വകയായും നല്‍കിയിട്ടുണ്ട് അതില്‍ വസ്തുതകളെക്കാളേറെ മതവിശ്വാസികളുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ മുന്‍ധാരണകളാണ് പ്രവര്‍ത്തികുന്നത്. ഉദാ:-
'ഇനി ഇതൊന്നു സങ്കല്‍പ്പിച്ചു നോക്കൂ. അഞ്ചു പേര്‍ ഒരാശുപത്രിയില്‍ മരിക്കാന്‍ കിടക്കുന്നു. അഞ്ചുപേരുടെയും വ്യത്യസ്ത ശരീരഭാഗങ്ങള്‍ മാറ്റിവച്ചാല്‍ അവരെ രക്ഷപ്പെടുത്താം. ഡോക്ടര്‍ ആശുപത്രിയിലെ വെയ്റ്റിങ്ങ് റൂമില്‍ ഒരു ആരോഗ്യവാനായ മനുഷ്യനെ കാണുന്നു. ഇയാളുടെ ശരീരഭാഗങ്ങള്‍ നേരത്തെ കണ്ട അഞ്ചു രോഗികള്‍ക്കും യോജിക്കും. ഡോക്ടര്‍ക്ക് ഇയാളെ ഉപയോഗിച്ച് അഞ്ചു രോഗികളെ രക്ഷിക്കാമോ? ഏതാണ്ട് ആരും തന്നെ ഇതിനെ അനുകൂലിക്കുമെന്ന് തോന്നുന്നില്ല. And now you know the answer...A rational being should never be used as a merely an unconsenting means to an end..period...end of discussion. നിരീശ്വരവാദിക്കള്‍ക്ക് തീരുമാനമെടുക്കാന്‍ ഒരു ദൈവത്തിന്റേയും സഹായം ആവശ്യമില്ല. ഒരു വേദഗ്രന്ഥവും നോക്കണ്ട.'
തുടര്‍ന്ന് അദ്ദേഹത്തിന്റ സന്ദേഹം/നിഗമനം ഇങ്ങനെ :
(വേദഗ്രന്ഥം അക്ഷരം പ്രതി അനുസരിക്കുന്നവര്‍ക്ക് വേണമെങ്കില്‍ മറിച്ചു ചിന്തിക്കാൻ സാധിക്കും. അഞ്ചു രോഗികള്‍ നിങ്ങളുടെ മതത്തിന്റെ വിശ്വാസികളാണെന്നു സങ്കൽപ്പിക്കുക. നമ്മുടെ അവയവ ദാതാവ് ഒരു കടുത്ത നിരീശ്വരവാദിയും. നിങ്ങളെന്തു ചെയ്യും? വിശ്വാസികളും അവിശ്വാസികളും തുല്യരല്ല എന്ന് മതഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുണ്ടല്ലോ. എതെങ്കിലും വിശ്വാസിയുടെ അഭിപ്രായം ഈ വിഷയത്തില്‍ പ്രതീക്ഷിക്കുന്നുണ്ട്.)
മുസ്‌ലിംകള്‍ക്ക് വേണ്ടി ആദ്യത്തെ പരീക്ഷണത്തെ അല്‍പം വ്യത്യാസം വരുത്തി അദ്ദേഹം വീണ്ടും ഉദ്ധരിക്കുന്നു. അഞ്ച് പേര്‍ വധിക്കപ്പെടാനിടയാകാതെ ട്രോളി തിരിച്ചുവിടാനുള്ള സ്വിച്ച് അമര്‍ത്തിയാല്‍ വിശ്വാസികള്‍ ബഹുമാനിക്കുന്ന ചിലരെക്കുറിച്ച് ആപവാദങ്ങള്‍ പ്രക്ഷേപണം ചെയ്യും മുസ്‌ലിം എന്ത് ചെയ്യും. (അഞ്ചുപേര്‍ കൊല്ലപ്പെട്ടിട്ടെങ്കിലും മൈക്കിലൂടെയുള്ള പ്രവാചകനെയോ മറ്റോ ഉള്ള അപവാദ പ്രക്ഷേപണത്തെ തടഞ്ഞുനിര്‍ത്തുമോ).

കുറ്റം മാത്രം പറയരുതല്ലോ സംഭവലോകത്തുനിന്നുള്ള ഒരു ഉദാഹരണവും ഉണ്ട്. ഒരു സ്‌കൂള്‍ ടീചര്‍ വളര്‍ത്തു കരടിക്ക് നാമമായി പ്രവാചകന്‍ മുഹമ്മദിന്റെ പേരിട്ടതിനാല്‍ മതനിന്ദ പ്രകാരം സുഡാനിലെ ഗവണ്‍മെന്റ് അറസ്റ്റ് ചെയ്തുതമായി ബന്ധപ്പെട്ടതാണ് അത്. ഇസ്‌ലാമുമായി ബന്ധപ്പെട്ട ഒരു താത്വിക ചര്‍ചയില്‍ ചില ഭരണകൂടങ്ങള്‍ അവിടുത്തെ നാടിന്റെ സമാധാനപാലനവുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന കാര്യങ്ങള്‍ക്ക് പ്രസക്തിയില്ല എന്നതിനാല്‍ അത് വിടുന്നു. മതേതര ഭരണകൂടങ്ങളും അപ്രകാരം ചെയ്യാറുണ്ടല്ലോ. തൊടുപുഴ സംഭവവും തുടര്‍ന്നുള്ള അറസ്റ്റും ക്മ്മ്യൂണിസത്തിന്റെ താത്വികമാനവുമായി ബന്ധപ്പെട്ടതല്ല. പോസ്റ്റിനെ മുഴുവനായി പരാമര്‍ശിക്കാതിരുന്നാല്‍ മറുപടി പറയാന്‍ കഴിയാത്തതുകൊണ്ട് അവഗണിച്ചു എന്ന് പറയാതിരിക്കാന്‍ ഈ സംഭവവും സൂചിപ്പിച്ചു എന്ന് മാത്രം.

ബ്രൈറ്റ്, ഇതിന് വിശ്വാസികള്‍ക്ക് മറുപടി പറയാനാകില്ല എന്ന് പ്രതീക്ഷിച്ചിരുന്നുവത്രേ അദ്ദേഹം തന്റെ ലേഖനത്തിന്റെ രണ്ടാഭാഗത്തില്‍ (അത് കൂടുതല്‍ വിശകലനം അര്‍ഹിക്കുന്നതാണ് പിന്നീടാകാം) ഇങ്ങനെ പറഞ്ഞു:
മുസ്ലിമിനാണെങ്കില്‍ ബാക്കി ചപ്പടാച്ചികളെല്ലാം മാറ്റി നിർത്തിയാല്‍ പ്രവാചകനെ സ്വന്തം കുടുംബത്തേക്കാള്‍,സ്വന്തം ജീവനേക്കാള്‍ സ്നേഹിക്കുക എന്നതാണ്. ബ്ലോഗില്‍ അങ്ങിനെ അഭിമാനപൂര്‍വം പ്രഖ്യാപിച്ചു യഥാര്‍ത്ഥ വിശ്വാസികളായിരിക്കുന്നവരെ ഉദ്ദേശിച്ചാണ് ധാർമ്മികതക്ക് ദൈവവിശ്വാസം വേണോ എന്ന പോസ്റ്റില്‍ 'ടെഡ്ഡി ബെയർ മുഹമ്മദ്' പ്രശ്നത്തിൽ അവരുടെ അഭിപ്രായം ഞാന്‍ ചോദിച്ചത്. ബ്ലോഗുകൾ തോറും ഓടിനടന്നു വിശ്വാസം പ്രചരിപ്പിക്കുന്നവരെയൊന്നും ആ വഴി കണ്ടില്ല. (അത് ഏറെക്കുറെ പ്രതീക്ഷിച്ചതാണ്,കാരണം സത്യസന്ധമായി ഉത്തരം പറഞ്ഞാന്‍ അവരുടെ ധാർമ്മികതയുടെ പാപ്പരത്തം വെളിവാകും.)
ഇവിടെ ദൈവനിഷേധികളായ യുക്തിവാദികള്‍ പയറ്റുന്ന ഒരു കുതന്ത്രം പറയാതിരിക്കാനാവില്ല. തങ്ങളുടെ വാദത്തിന് വിരുദ്ധമായ അഭിപ്രായം വന്നു കഴിഞ്ഞാല്‍ പോസ്റ്റുമായി ഒരു ബന്ധമില്ലെങ്കിലും ഒന്നായി നിന്ന് പ്രവാചകനെ ഭത്സിക്കാന്‍ തുടങ്ങും. അല്ലെങ്കില്‍ മോശമായ രൂപത്തില്‍ പരിഹാസം ചൊരിയും അല്‍പം പോലും സഹിഷ്ണുതയോടെ യുക്തിവാദികള്‍ സംവാദത്തിന് വിസമ്മതിക്കുകയും ചെയ്യുന്നു. പലപ്പോഴും എന്തെങ്കിലും പറയാനുണ്ടെങ്കിലും വഴിമാറിപോകുന്നത് അതുകൊണ്ടാണ്. എന്നാല്‍ മുകളില്‍ സൂചിപ്പിച്ച പോലെ അതുമൊരു ആയുധമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.

ഈ രണ്ട് പോസ്റ്റിലും അദ്ദേഹം സൂചിപ്പിച്ച പോലെ ആരും അഭിപ്രായം രേഖപ്പെടുത്താതിരിക്കാനുള്ള കാരണം അതാണ് എന്ന് ഞാന്‍ എന്റെ അനുഭവം വെച്ച് മനസ്സിലാക്കുന്നു. ആദ്യത്തെ പോസ്റ്റിനോട് എനിക്ക് പറയാനുള്ളത് ഇവിടെ പറയാം. യോജിപ്പുള്ള  സുഹൃത്തുക്കള്‍ക്കും വിയോജിപ്പുള്ളവര്‍ക്കും വിഷയത്തില്‍ നിന്ന് മാറാതെ ചര്‍ചയില്‍ പങ്കെടുക്കാം. പോസ്റ്റില്‍ നല്‍കുന്നത് അടിസ്ഥാനപരമായ ചില വീക്ഷണങ്ങളാണ് ചര്‍ചകളില്‍ അത് വിശദമായി അവതരിപ്പിക്കാം എന്ന് കരുതുന്നു.
ഏതൊരു മനുഷ്യനിലും ധാര്‍മിക ബോധം അങ്കുരിക്കുന്നതിന് ദൈവവിശ്വാസം ആവശ്യമാണ് എന്ന് മതവിശ്വാസികള്‍ പ്രത്യേകിച്ചും ഇസ്ലാംമതവിശ്വാസികള്‍ കരുതുന്നു എന്ന നിലക്കാണ് ബ്രൈറ്റ് തന്റെ വിഷയം കൈകാര്യം ചെയ്യുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ധാര്‍മികതക്ക് ദൈവവിശ്വാസം വേണ്ട. പരിണാമം മനുഷ്യന് ധാര്‍മിക കൂടി നല്‍കിയിരിക്കുന്നു. മറ്റൊരു തലത്തില്‍ ഈ അഭിപ്രായം ഇങ്ങനെയും പറയാം. അദ്ദേഹം ഉദ്ധരിക്കുന്നു:
'Joshua Greene (Harvard University)അഭിപ്രായപ്പെടുന്നത് മറ്റൊരു മനുഷ്യ ജീവനെ ഉപദ്രവിക്കുന്നത് അറപ്പുളവാക്കുന്ന ഒരു പ്രവർത്തിയായാണ് പരിണാമം നന്നെ വാർത്തെടുതിരിക്കുന്നത് എന്നാണ്.

ഇക്കാര്യത്തില്‍ എന്താണ് ഖുര്‍ആന്റെ കാഴ്ചപ്പാട് എന്ന് നോക്കാം. (ഞങ്ങള്‍ ഒരു കാര്യം ശാസ്ത്രിയമായി തെളിയിക്കുമ്പോള്‍ അത് ഞങ്ങളുടെ പുത്തകത്തിലുണ്ടെന്ന് പറയുന്ന സ്വഭാവം നിങ്ങള്‍ക്ക് പണ്ടേയുള്ളതാണ് എന്ന മുന്‍ധാരണയിലെത്തേണ്ടതില്ല.) ഇവിടെ വിശ്വാസികള്‍ പണ്ടേ മനസ്സിലാക്കുന്നതാണ് ധാര്‍മിക ബോധം മനുഷ്യമനസ്സില്‍ അന്തലീനമാണ് എന്നത്. അതേ പ്രകാരം മനുഷ്യമനസ്സിന് അവന്റെ ദേഹേഛയുമായി ബന്ധപ്പെട്ട പ്രേരണകളുമുണ്ട്. ധാര്‍മിക ബോധത്താല്‍ ദേഹേഛയുടെ പ്രേരണകള്‍ക്ക് കടിഞ്ഞാണിടാന്‍ ശ്രമിക്കുക എന്നതാണ് ഒരു മനുഷ്യനില്‍നിന്ന് ദൈവവിശ്വാസം ആവശ്യപ്പെടുന്നത്. ധാര്‍മികബോധം ഒരാളുടെ ദേഹേഛകളെ നിയന്ത്രിക്കുന്നില്ലെങ്കില്‍ അയാള്‍ അധാര്‍മികനായി മാറും. നേരെ മറിച്ച് ഒരാളുടെ ധാര്‍മിക ബോധത്തിന് അയാളുടെ ദേഹേഛകളെ നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിച്ചാല്‍ അദ്ദേഹം ധാര്‍മികത പുലര്‍ത്തുന്നവന്‍ എന്ന് നമ്മുക്ക് വിളിക്കാവുന്ന വ്യക്തിത്വമായി രൂപാന്തരപ്പെടും. ധാര്‍മികബോധത്തിന് തഖ് വ എന്ന പദവും അധര്‍മത്തിത്തിന് ഫുജൂറ് (91:8)എന്നും ദേഹേഛക്ക് ഹവ എന്നും ദേഹേഛക്ക് പ്രേരിപ്പിക്കുന്ന മനസ്സിന് നഫ്‌സുല്‍ അമ്മാറ (12:53)എന്നും പറയപ്പെടുന്നു. ധാര്‍മിക ബോധത്താല്‍ പ്രവര്‍ത്തികുന്ന (അക്ഷേപിക്കുന്ന മനസ്സ്) നഫ്‌സുല്‍ ലവ്വാമ (75:2)എന്നും പറയുന്നു.   

ആത്മാവാണ, അതിനെ സന്തുലിതമാക്കിയവനാണ, എന്നിട്ട് അതിന് ധര്‍മാധര്‍മങ്ങള്‍ ബോധനം ചെയ്തവനാണ,  നിശ്ചയം, ആത്മാവിനെ സംസ്‌കരിച്ചവന്‍ വിജയം പ്രാപിച്ചു. അതിനെ ചവിട്ടിത്താഴ്ത്തിയവന്‍ പരാജയപ്പെട്ടു. (91:8-10) 
വിശുദ്ധ ഖുര്‍ആനിലെ ഈ സുക്തങ്ങളില്‍ നിന്നാണ് ധര്‍മാധര്‍മങ്ങള്‍ മനുഷ്യമനസ്സില്‍ അവന്റെ പ്രകൃതിയോടൊപ്പമുള്ളതാണ് എന്ന കാഴ്ചപ്പാടിലേക്ക് ഇസ്‌ലാം മതവിശ്വാസികളെ എത്തിക്കുന്നത്. യാതൊരു വിധതെറ്റിദ്ധാരണക്കും ഇടയില്ലാത്ത വിധം ഖുര്‍ആന്റെ പ്രഖ്യാപനമാണത്. മനുഷ്യമനസ്സിനെത്തന്നെയാണ് ഇവിടെ ആത്മാവ് എന്ന് അര്‍ഥം നല്‍കിയിരിക്കുന്നത്. ആത്മാവ് എന്നതിന് റൂഹ് എന്നാണ് പ്രയോഗിക്കാറുള്ളത്. ഇവിടെ നല്‍കിയത് നഫ്‌സ് എന്ന പദമാണ്. സാധാരണയായി ഞാന്‍ അവലംബിക്കുന്ന പരിഭാഷതന്നെ എടുത്ത് ചേര്‍ത്തു എന്ന് മാത്രം. ഈ സൂക്തങ്ങള്‍ നല്‍കുന്ന സന്ദേശം മനസ്സിലാകാന്‍ ആത്മാവെന്നോ മനസ്സെന്നോ ഉപയോഗിക്കാം.
രണ്ടും മനുഷ്യമനസ്സില്‍ അന്തര്‍ലീനമാണെങ്കില്‍ പിന്നെ പ്രവാചകന്‍മാരുടെ ആവശ്യമെന്ത് എന്ന ഒരാള്‍ക്ക് ന്യായമായും സംശയിക്കാവുന്നതാണ്. ഇവിടെ ഒരു കാര്യം മനസ്സിലാക്കുന്നത് നന്നായിരിക്കും. തഖ് വ എന്ന ധാര്‍മികബോധം (സൂക്ഷമത എന്നും ദൈവഭയമെന്നുമൊക്ക ആ വാക്കിന് അര്‍ഥമുണ്ട്) മനുഷ്യന്റെ ആത്മാവുമായി ബന്ധപ്പെട്ടതാണ്. അത് ദൈവികമാണ്. അതേ സമയം ഫുജൂറ് എന്ന അധര്‍മം (ദുഷ്ടത) ദേഹവുമായി ബന്ധപ്പെട്ടതാണ്. മനുഷ്യനില്‍ ഒരു മൃഗവും ഉണ്ടെന്ന് സാരം. ആത്മാവില്ലാത്ത ജീവിയാണല്ലോ മൃഗം. (ദൈവനിഷേധികള്‍ ആത്മവിന്റെ നിഷേധികള്‍കുടിയാണ് എന്നത് മറുക്കുന്നില്ല). ധാര്‍മികതയുടെ  അഭാവത്തില്‍ മനുഷ്യന്‍ മൃഗങ്ങളുടെത് പോലുള്ള ഒരു ജീവിയായി അധഃപതിക്കും. അതിനേക്കാള്‍ മോശമായി കാരണം മൃഗങ്ങളുടെ ദുഷ്ടത അവയുടെ ജന്മവാസനകളാല്‍ നിയന്ത്രിതമാണ്. അതുകൊണ്ട് അവരെക്കുറിച്ച് ഖുര്‍ആന്‍ ഇങ്ങനെ പറഞ്ഞു:
സ്വേച്ഛയെ ദൈവമാക്കിയ മനുഷ്യന്റെ അവസ്ഥയെക്കുറിച്ച് നീ ചിന്തിച്ചിട്ടുണ്ടോ? അത്തരക്കാരെ നേര്‍വഴിയിലാക്കാനുള്ള ചുമതലയേല്‍ക്കാന്‍ നിനക്കു കഴിയുമോ? അവരിലധികമാളുകളും കേള്‍ക്കുകയും ഗ്രഹിക്കുകയും ചെയ്യുന്നുണ്ടെന്ന് കരുതുന്നുവോ? അവരോ, വെറും കാലികളെപ്പോലെയാകുന്നു. അല്ല; അവയെക്കാളേറെ വഴിതെറ്റിയവരാകുന്നു. (25:43-44)


ദേഹേഛക്ക് (സ്വേഛക്ക്) മനുഷ്യശരീരത്തില്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ കഴിയും. അവന്റെ ഇഛയെ കയറൂരിവിട്ടാല്‍ മാത്രം മതി അവന്‍ തികഞ്ഞ ആധാര്‍മികനാവാന്‍ ‍. അവന്റെ ഇഛകളുടെ പൂരണത്തിന് നിയന്ത്രണം വരുത്തുന്നതിനെ ദേഹേഛ പ്രതിരോധിക്കും. ധാര്‍മികതയുടെ പ്രചാരകര്‍ക്ക് എക്കാലത്തും ഏല്‍ക്കേണ്ടിവന്ന കടുത്ത എതിര്‍പ്പുകള്‍ അതിന്റെ ഫലമാണ്.   മനുഷ്യസ്‌നേഹത്തിന്റെയും പരിഷ്‌കാരത്തിന്റെയും ധാര്‍മികതയുടെയും അടിസ്ഥാനത്തിലാണ് തങ്ങളുടെ എതിര്‍പ്പെന്ന് നിരന്തരം പെരുമ്പറയടിച്ചാലും,  ദേഹേഛയുടെ സ്വതന്ത്രമായ പൂരണത്തിന് തടസ്സം നില്‍ക്കുന്നു എന്നതാണ് ഈ എതിര്‍പ്പിന്റെ മുഖ്യകാരണം. ചെറിയ ഒരു ന്യൂനപക്ഷം തെറ്റിദ്ധരിച്ചതുമുണ്ടാകാം എന്ന് മാത്രം.

ദേഹേഛപൂരണത്തിന്റെ പാത വശ്യമാണ് , ആകര്‍ഷകമാണ്, മനുഷ്യമനസ്സ് അതില്‍ ഉടക്കിപ്പോകും, കെണിയലകപ്പെടുത്തുന്ന സൗന്ദര്യം, വിഷയ സുഖം, ധനം എങ്ങനെയും സമ്പാദിക്കാം, എല്ലാ വിലക്കുകളുംലംഘിച്ച് തോന്നിയ പോലെ പ്രവര്‍ത്തിക്കാം, വിലക്കുകളെ വെറുക്കുകയും സൈ്വരവിഹാരം ഇഷ്ടപ്പെടുകയും ചെയ്യുന്ന ഇഛയെ അയച്ചുവിട്ടാല്‍ അധാര്‍മികത തകര്‍ത്താടും.  

എന്നാല്‍ ധര്‍മത്തിന്റെ പാതയില്‍ പ്രവേശിക്കുന്നവന് നേരിടാനുള്ളത് പറഞ്ഞറിയിക്കാനാവാത്ത വിധമുള്ള പ്രയാസങ്ങളാണ്. വിലക്കുകളും നിയന്ത്രണങ്ങളുമുണ്ടവിടെ. ഹൃദയത്തിന്റെ തിന്‍മക്ക് വേണ്ടിയുള്ള പ്രേരകങ്ങളെ /കല്‍പനകളെ തടഞ്ഞു നിര്‍ത്തേണ്ടിവരും. ചെറുതായൊന്ന് കണ്ണ് ചിമ്മി ഒരൊപ്പിട്ടാല്‍ ലക്ഷങ്ങള്‍ കയ്യില്‍ വരും സത്യത്തിന്റെ പക്ഷത്ത് നിന്നാലോ സ്ഥലമാറ്റമടക്കമുള്ള പൊല്ലാപ്പുകള്‍. സുഹൃത്തുക്കളോടൊത്ത് ഒരു കമ്പനി, ലൈംഗിക ദാഹത്തിന്റെ പൂര്‍ത്തീകരണം ശരീരം ആവശ്യപ്പെടുന്നു. മറുവശത്ത് മനസാക്ഷിയുടെ ഒരു ചോദ്യം (ധാര്‍മികതയുടെ തിരുത്തല്‍) നിന്നെമാത്രം സ്‌നേഹിക്കുന്ന നിന്റെ പാതിയെ നീ മറക്കുകയോ? .  ഏതിന് മുന്‍ഗണന നല്‍കും?. 

ഇവിടെയാണ് പ്രവാചകന്‍മാരും മതവും വേദഗ്രന്ഥവും ധാര്‍മികമൂല്യങ്ങളുടെ പിന്തുണക്കായ് രംഗത്ത് വരുന്നത്. മുകളില്‍ സൂചിപ്പിച്ച മനസ്സിലെ ഈ വിരുദ്ധ പോരാട്ടങ്ങളില്‍ ദേഹേഛയുടെ പക്ഷത്ത് നില്‍ക്കാന്‍ കുറേ പേരുണ്ട്. അവക്ക് ഒന്നാകെ പറയുന്ന പേരാണ് പിശാചുക്കള്‍. ഇസ്‌ലാമി
ല്‍ പിശാച് ഒരു പ്രത്യേക സൃഷ്ടിയല്ല. മനുഷ്യരിലും ജിന്ന് എന്ന സൃഷ്ടികളിലുമുള്ള അധര്‍മത്തിന് പ്രേരണനല്‍കുന്ന മുഴുവന്‍ ശക്തികള്‍ക്കും പറയുന്ന വര്‍ഗനാമമാണത്. ഇവയുടെ സ്വാധീനം എക്കാലത്തും നിലനില്‍ക്കുന്നു. അതിനെതിരെ മനുഷ്യന്റെ ധാര്‍മികതയുടെ പക്ഷത്തെ ശക്തിപ്പെടുത്താനുള്ള ദൈവികമായ സഹായമാണ് വിശ്വാസം. ഒരു കാര്യം പ്രത്യേകം മനസ്സിലാക്കേണ്ടത് കേവല വിശ്വാസത്തിന് ഈ രംഗത്ത് കാര്യമായി റോളൊന്നുമില്ല എന്നതാണ്. ദൃഢവിശ്വാസത്തിന് മാത്രമേ ധാര്‍മികത പൂര്‍ണ അര്‍ഥത്തില്‍ സംരക്ഷിക്കാനാവൂ. ഏത് മതമായാലും ശരി. സുഭദ്രമായ കോട്ടപോലെ അവ ധാര്‍മികതക്ക് പിന്തുണ നല്‍കും. അവയിലൂടെ ഇന്നും കോടിക്കണക്കിനാളുകള്‍ അധാര്‍മികതയിലേക്ക് എത്തിനോക്കുക പോലും ചെയ്യാതെ സുരക്ഷിതരാകുന്നു. അതേ ധാര്‍മികതയാണ് താന്‍ സമ്പാദിച്ചുണ്ടാക്കിയവയില്‍ നിന്ന്  കഷ്ടപ്പെടുന്ന, പേരോ ഊരോ അറിയാത്ത സഹജീവിക്ക് വേണ്ടി നല്‍കാന്‍ പ്രേരിപ്പിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ മനുഷ്യനിലെ സഹജമായ ധാര്‍മികബോധം കാരണമായി ദൈവത്തെ നിഷേധിക്കുന്നവര്‍ വരെ ചെയ്തു എന്ന് വരും. എന്നാല്‍ ധര്‍മം അനുഷ്ഠിക്കുന്നത് വളരെയേറെ പ്രയാസകരമാകുന്ന സന്ദര്‍ഭത്തില്‍ ഒരു ആജ്ഞേയവാദി അടിതെറ്റുകതന്നെ ചെയ്യും.
 

പറഞ്ഞുവന്നതിന്റെ ചുരുക്കം ഇതാണ്. ധാര്‍മികബോധം ഓരോ മനുഷ്യനിലും സൃഷ്ടിപ്പിലേ ഉള്ളതാണ്. അതിലൂടെയാണ് അവന്‍ നന്മതിന്മകള്‍ തിരിച്ചറിയുന്നത്. സമൂഹത്തില്‍ ഇന്ന് നിലനില്‍ക്കുന്ന ധാര്‍മികമൂല്യങ്ങള്‍ മുഴുവന്‍ ദൈവപ്രോക്തമായി അറിയിക്കപ്പെട്ടതാണ്, ഇന്ന് നാം സര്‍വസാധാരണമായി വിശ്വാസമുള്ളവനും ഇല്ലാത്തവനും അവയുടെ പ്രയോക്താക്കളാകുന്നുവെങ്കിലും. കാരണം ഇസ്‌ലാമിക കാഴ്ചപാടില്‍ ആദിമ മനുഷ്യന്‍ മുതല്‍ ഈ അറിവ് ലഭിച്ചുപോന്നിട്ടുണ്ട്. എന്നാല്‍ മനുഷ്യനിലെ ഈ ധാര്‍മികബോധത്തിന് മാത്രം ധാര്‍മികതയെ വളര്‍ത്തുന്നതിനോ അവയെ നിലനിര്‍ത്തുന്നതിലോ വലിയ പങ്ക് വഹിക്കാനാവില്ല. അവയ്ക്ക് അതി ശക്തമായ മറ്റുചില പ്രേരകങ്ങള്‍ വേണം. അവ കളങ്കമറ്റ മതദര്‍ശനത്തിന്റെ സഹായത്താലല്ലാതെ ലഭിക്കുകയില്ല.   

ബ്രൈറ്റ് സൂചിപ്പിച്ച പരീക്ഷണം അദ്ദേഹം വാദിക്കുന്നവിധം ഒരു വിധിതീര്‍പ്പിനുപകരിക്കണമെങ്കില്‍ കൃത്യമായ എണ്ണം വിശ്വാസികളിലും നാസ്തികരിലും പരീക്ഷണം ആവര്‍ത്തിക്കണം. അത് അദ്ദേഹം സൂചിപ്പിച്ചിട്ടില്ല. വിശ്വാസികളല്ലാത്തവരുടെ ശതമാനം വളരെ കുറവാണ് എന്നതിനാല്‍ ഇത്തരമൊരു പരീക്ഷണം മുന്നില്‍ വെച്ച്  അഥവാ ധാര്‍മികതക്ക് മതവിശ്വാസം വേണ്ട എന്ന നിഗമനത്തിലെത്താനാവില്ല. എങ്കിലും ഞാന്‍ പറയട്ടേ. ഈ പരീക്ഷണത്തില്‍ അപ്രകാരം ചെയ്താലും വിശ്വാസികളുടെയും അവിശ്വാസികളുടെയും ഉത്തരങ്ങള്‍ ഒരേ പോലെയായിരിക്കും. ഭൂരിപക്ഷത്തിന്റെ മറുപടിയും അവരുടെ ജന്മസിദ്ധമായ ധാര്‍മികബോധത്തിന്റെ അടിസ്ഥാനത്തിലായിരിക്കും എന്ന് ചുരുക്കം. (തുടരും)


അടുത്ത പോസ്റ്റ് : എന്താണ് ധാര്‍മികത?

79 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ബ്രൈറ്റ് said..

വിശ്വാസികളും അവിശ്വാസികളും തമ്മില്‍ ധാർമ്മിക ബോധത്തിന്റെ കാര്യത്തില്‍ ഒരു വ്യത്യാസവുമില്ല എന്നതും ശ്രദ്ധേയമാണ്. അപ്പോള്‍ തീര്‍ച്ചയായും ദൈവമായിരിക്കില്ല ധാർമ്മികതയുടെ ഉറവിടം. (ധാർമ്മികതയുടെ മൊത്തക്കച്ചവടക്കരായി വിശ്വാസികള്‍ അവതരിക്കുമ്പോള്‍ ഈ പഠനം അവര്‍ക്കുനേരെ ഉപയോഗിക്കാം.)

വിശ്വാസികളും അവിശ്വാസികളും തമ്മില്‍ ധാര്‍മികബോധത്തിന്റെ കാര്യത്തില്‍ ഒരു വ്യത്യാസവുമില്ല എന്നത് അതിന്റെ ഉറവിടം ദൈവമല്ല എന്ന് തെളിയിക്കുന്നില്ല. ദൈവം മനുഷ്യസൃഷ്ടിപ്പില്‍ തന്നെ വെച്ച ഒരു സംവിധാനത്തിന്റെ അസ്തിത്വം സ്ഥാപിക്കുക മാത്രമാണ് ചിന്താപരീക്ഷണത്തിലൂടെ സംഭവിച്ചിട്ടുള്ളത്. ഖുര്‍ആനിലെ ഒരു പരാമര്‍ശത്തിന് ഒരു ശാസ്ത്രീയമായ തെളിവ് നല്‍കി എന്ന് ചുരുക്കം. ഇസ്‌ലാമിന്റെ കാര്യത്തിലെങ്കിലും ബ്രൈറ്റ് ഇക്കാര്യത്തില്‍ നിസ്സഹായനായിരിക്കുന്നു.

ചിന്തകന്‍ പറഞ്ഞു...

ധാര്‍മ്മികതയെ മൊത്തം, ഏതെങ്കിലും സര്‍വെ/ സെന്‍സസ് കൊണ്ട് അളന്നെടുക്കാന്‍ പറ്റുമെന്ന് കരുതിയായതാണ് ബ്രൈറ്റിനും ബ്രൈറ്റിന്റെ ‘ദൈവങ്ങള്‍ക്കും/വിഗ്രഹങ്ങള്‍ക്കും/ആരാ‍ധകര്‍ക്കും‘ പറ്റിയ ഒന്നാമത്തെ തെറ്റ്. ബ്രൈറ്റ് അളന്നെടുക്കാന്‍ ശ്രമിക്കുന്ന ധാര്‍മ്മികതയും മനുഷ്യന്റെ ധാര്‍മ്മിക ബോധത്തിന്റെ ഭാഗം തന്നെ. മനുഷ്യന്‍ ജന്മനാ തന്നെ ധര്‍മ്മാധര്‍മ്മ ബോധത്തോട് കൂടി സൃഷ്ടിക്കപ്പെട്ടത് കൊണ്ടാണ് ഇത്തരം ഒരു ധാര്‍മ്മിക ബോധം അവന്‍ പ്രകടിപിക്കുന്നത് എന്ന് ലത്തീഫ് ഖുര്‍ ആന്റെ പിന്‍ ബലത്തോട് കൂടി തന്നെ വ്യക്തമാക്കി കഴിഞ്ഞു. അതായത് മനുഷ്യന്റെ, ബ്രൈറ്റ് അളന്നെടുത്തത് പോലെയുള്ള, ഒരു ധാര്‍മ്മികതയോട് കൂടിത്തന്നെയാണ് വിശ്വാസിയും അവിശ്വാസിയും എല്ലാം ഉള്ളത്. ഒരു വിശ്വാസിയും(ഇസ്ലാം), ഇങ്ങനെയല്ല കാര്യങ്ങള്‍ എന്ന് ഇത് വരെ വാദിച്ചതായി ഞാന്‍ കേട്ടിട്ടില്ല. ഒരു മുസ്ലീമിനെ സംബന്ധിച്ചേടത്തോളം ഇത്തരം വാദങ്ങള്‍ അവന്റെ വിശ്വാസത്തിന് എതിരായിരിക്കും എന്ന യാഥാര്‍ഥ്യവും ലത്തീഫ് ഇവിടെ വ്യക്തമാക്കി കഴിഞ്ഞു.

പ്രിയ ലത്തീഫ്,
ബ്രൈറ്റിന്റെ വാദങ്ങളിലെ അര്‍ത്ഥ ശൂന്യത തുറന്നുകാട്ടിയതിന് അഭിനന്ദനങ്ങള്‍.

CKLatheef പറഞ്ഞു...

ബ്രൈറ്റ് said..
ഇനി ഇതൊന്നു സങ്കല്‍പ്പിച്ചു നോക്കൂ. അഞ്ചു പേര്‍ ഒരാശുപത്രിയില്‍ മരിക്കാന്‍ കിടക്കുന്നു. അഞ്ചുപേരുടെയും വ്യത്യസ്ത ശരീരഭാഗങ്ങള്‍ മാറ്റിവച്ചാല്‍ അവരെ രക്ഷപ്പെടുത്താം....

ഈ ഉദാഹരണത്തിലൂടെ ബ്രൈറ്റ് പ്രതീക്ഷിക്കുന്നത്. ഈ ചോദ്യത്തില്‍ ദൈവനിഷേധികളുടെയും മതവിശ്വാസികളുടെയും മറുപടി വ്യത്യസ്ഥമായിരിക്കും എന്നാണ്. എന്നാല്‍ ഇസ്്‌ലാമിലെ ധാര്‍മിക മൂല്യങ്ങള്‍ വെച്ച് എനിക്ക് പറയാന്‍ കഴിയും. ഇവിടെ മരിക്കാന്‍ പോകുന്നവര്‍ 5 വിശ്വാസികളാണെങ്കില്‍ ഒരു നിഷേധിയെ കൊലക്ക് കൊടുത്ത് മറ്റുള്ളവരെ രക്ഷിക്കാം എന്ന കാഴ്ചപ്പാട് ഇസ്്‌ലാം അംഗീകരിക്കുകയില്ല. എവിടെയാണത് പറഞ്ഞത് എന്ന് ചോദിച്ചാല്‍ ഇത്തരം സാങ്കല്‍പിക ചോദ്യത്തിനൊക്കെ മറുപടി റെഡിമെയ് പ്രതീക്ഷിക്കരുത് എന്ന് മാത്രമേ പറയാന്‍ കഴിയൂ. അത് തെറ്റാണെന്ന് ദൈവനിഷേധിയെ ബോധിപ്പിച്ച ധാര്‍മികബോധം തന്നെയാണ് വിശ്വാസിയിലും പ്രവര്‍ത്തിക്കുന്നത്്.

ബ്രൈറ്റിന്റെ തെളിവ് ഇവിടെ പ്രസക്തമല്ല. വിശ്വാസികളും അവിശ്വാസികളും തുല്യരല്ല എന്ന് മതഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ടല്ലോ. അതുകൊണ്ട് മറിച്ചാക്കും വിശ്വാസികളുടെ ഉത്തരം എന്നദ്ദേഹം കണക്കുകൂട്ടുന്നു. വിശ്വാസികളും അവിശ്വാസികളും തുല്യരല്ല എന്ന് കൂടുതല്‍ ശക്തമായി പ്രചരിപ്പിക്കുന്നത് ദൈവനിഷേധികളാണല്ലോ. ഞങ്ങള്‍ക്ക് പലചര്‍ചകളില്‍ പോലും പങ്കെടുക്കാന്‍ അനുവാദമില്ല. എന്ന് വെച്ചാല്‍ എനിക്കും ഇതുപോലെ ചില ഉദാഹരണങ്ങള്‍ പറഞ്ഞ് സമാനമായ ഊഹങ്ങള്‍ നിഷേധികള്‍ക്കെതിരെ പറയാമോ.

അറിവുള്ളവനും ഇല്ലാത്തവനും തുല്യമല്ല. ജീവിച്ചിരിക്കുന്നവനും മരിച്ചവനും തുല്യമല്ല. നല്ലതും മ്ലേഛമായതും തുല്യമല്ല. കാഴ്ചയുള്ളവനും അന്ധനും തുല്യമല്ല. സ്വര്‍ഗവാസികളും നരകവാസികളും തുല്യരല്ല എന്നൊക്കെ ഖുര്‍ആനിലുണ്ട്. തുല്യരല്ലാത്തത് ഏത് കാര്യത്തില്‍ എന്ന് ആ രണ്ട് വിഭാഗത്തെ പറയുമ്പോള്‍ തന്നെ മനസ്സിലാകും. മതഗ്രന്ഥങ്ങള്‍ വ്യാഖ്യാനിക്കുമ്പോള്‍ സാമാന്യബുദ്ധിപോലും വേണ്ടതില്ല എന്ന് ദൈവനിഷേധികളുടെ നിലപാട് ബ്രൈറ്റും സ്വീകരിക്കുന്നു എന്ന് മാത്രം.

CKLatheef പറഞ്ഞു...

ബ്രൈറ്റ് said..
വിശ്വാസികളല്ലാത്തവര്‍ വെറും നികൃഷ്ടരും അസാന്മാർഗ്ഗികളും ആണെന്നാണ് വിശ്വാസികള്‍ നിരന്തരം പ്രചരിപ്പിക്കുന്നത്. എന്താണ് ധാർമ്മികത? ധാർമ്മികത മത/ദൈവ വിശ്വാസത്തിന്റെ ഫലമാണോ? അങ്ങിനെയെങ്കില്‍ ട്രോളി പ്രശ്നം പോലുള്ളവയില്‍ വിശ്വാസികളും അവിശ്വാസികളും ഒരേപോലെ സ്കോർ ചെയ്യുന്നതെന്തുകൊണ്ട്‌?'

ഇതിനൊക്കെ മറുപടി എന്റെ പോസ്റ്റ് ഉള്‍കൊള്ളുന്നുണ്ടെങ്കിലും വിശദീകരിച്ചാല്‍ മാത്രം മനസ്സിലാക്കുന്നവര്‍ക്ക് വേണ്ടി വീണ്ടും ആവര്‍ത്തിക്കുകയാണ്.
വിശ്വാസികളല്ലാത്തവരെക്കുറിച്ച് ആ ധാരണ പരത്തിയതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവര്‍ അവര്‍തന്നെ. ദൈവനിഷേധികള്‍ ഒരു പരിശുദ്ധജീവിതം മതത്തില്‍ സാധ്യമല്ല എന്ന് മനസ്സിലായി ദൈവനിഷേധം കൈകൊണ്ടവരല്ല എന്ന് വ്യക്തം. ദൈവത്തെ ഉള്‍കൊള്ളാന്‍ അവരുടെ മുന്‍ധാരണകളാല്‍ സാധിക്കാതെ പോയി. വേറെയും കാരണങ്ങളുണ്ടാവാം. മതങ്ങളുടെ നിയന്ത്രണത്തില്‍ നിന്നും നിര്‍ദ്ദേശത്തില്‍ നിന്നും രക്ഷപ്പെടുക എന്ന ഒരു ഉദ്ദേശ്യം ദൈവനിഷേധികല്‍ മറച്ചുവെക്കുന്നില്ല. മതത്തിന്റെ ചങ്ങലകള്‍ എന്നൊക്കെ പറഞ്ഞ് അവര്‍ അത് വിശദീകരിച്ചു തരും. ചിലര്‍ മതം മുന്നോട്് വെക്കുന്ന ദൈവസങ്കല്‍പം യുക്തിക്ക് നിരക്കാത്തതുകൊണ്ട് തന്നെ അവിശ്വാസം കൈകൊണ്ടവരാണ്. ഇത്തരക്കാര്‍ മറ്റേത് കേവലമതവിശ്വാസികളെക്കാളേറെ ധാര്‍മിക മൂല്യങ്ങള്‍ ജീവിതത്തില്‍ പുലര്‍ത്തുന്നവരുമാണ്. ഇവിടെ ചിലര്‍ സൂചിപ്പിച്ച പോലെ വിശ്വാസികള്‍ ദൈവത്തെക്കുറിച്ച് പറയുമ്പോള്‍ മാത്രം ദൈവനിഷേധത്തെക്കുറിച്ച് ഓര്‍ക്കുന്നവരാണവര്‍. ഒരു കേവല അന്ധവിശ്വാസിയെക്കാള്‍ അത്തരമൊരാള്‍ക്ക് കുടുതല്‍ സമാധാന ജീവിതം സാധ്യമാകും. ഒട്ടേറെ അന്ധവിശ്വാസങ്ങളുടെ ചങ്ങലകളില്‍ കുടുങ്ങിയ കേവലവിശ്വാസിയാണ് അവരുടെ ദൈവനിഷേധത്തില്‍ തുടരുന്നതിനുള്ള പ്രേരകം പോലും.

ട്രോളി പ്രശ്‌നത്തിലുള്ള സ്‌കോര്‍ നോക്കിയാണ് ബ്രൈറ്റ് മൊത്തം ലേഖനം സമാഹരിച്ചിട്ടുള്ളത് എന്നതുകൊണ്ട് വിശ്വാസികളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അതുവെച്ചുള്ള നിഗമനം പരമാബദ്ധത്തിലേ കലാശിക്കൂ.

CKLatheef പറഞ്ഞു...

മനുഷ്യമനസ്സില്‍ നിക്ഷേപിച്ചത് ധാര്‍മികതയോ ധാര്‍മികതയെക്കുറിച്ച ബോധമോ. ധാര്‍മികതയായിരുന്നെങ്കില്‍ മനുഷ്യരെല്ലാം ഒരേ ധാര്‍മിക നിലവാരത്തിലാകേണ്ടതായിരുന്നു. അല്‍ഹമ എന്ന പദമാണ് ഖുര്‍ആന്‍ പ്രയോഗിച്ചത് ബോധംനല്‍കി, തോന്നിപ്പിച്ചു എന്നൊക്കെയാണ് ആ പദത്തിന്റെ അര്‍ഥം. കള്ളുകുടിക്കുന്നത് നല്ലതല്ല എന്ന ബോധം കൊണ്ടുമാത്രം കുടിക്കാതിരിക്കില്ലല്ലോ. എന്നാല്‍ ആ ബോധമാണ് കുടിക്കാതിരിക്കുക എന്ന കാര്യം സംഭവിപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നത്. ധാര്‍മികബോധമുള്ളവരെല്ലാം ധാര്‍മികതയുള്ളവരല്ല എന്ന ചുരുക്കം. ദൈവവിശ്വാസമുണ്ടെങ്കില്‍ മാത്രമേ ധാര്‍മികത സ്വായത്തമാക്കാവൂ എന്ന് ഒരു നിബന്ധനയും ഇല്ല. ചുരുക്കത്തില്‍ ധാര്‍മികബോധവും ധാര്‍മികതയും ഒന്നല്ല. ധാര്‍മികബോധത്തില്‍ നിന്നാണ് ധാര്‍മികത വളരുകയും വികസിക്കുകയും ചെയ്യുന്നത് എന്ന് മാത്രം. അതേ ധാര്‍മികത വികസിപ്പിക്കാം സംസ്‌കരിക്കാം അവര്‍ വിജയിക്കുകയും അതിനെ ചവിട്ടിതാഴ്താം ദസ്സ എന്ന പദത്തിന് കുഴിച്ചുമൂടുക, മറച്ചുവെക്കുക എന്നാണ് അര്‍ഥം. ഈ രണ്ട് സന്ദര്‍ഭത്തിലും ആ വസ്തു അവിടെ ഉണ്ടായിരിക്കുമല്ലോ. എന്നാല്‍ അതിന്റെ ധര്‍മം നിര്‍വഹിക്കാന്‍ സാധിക്കുകയുമില്ല. മനുഷ്യനില്‍ നിക്ഷേപിക്കപ്പെട്ട ധാര്‍മികബോധത്തെ നഷിപ്പിക്കാന്‍ ആര്‍ക്കും സാധ്യമല്ല. പക്ഷെ അതിനെ കുഴിച്ചുമൂടാം. അപ്പോള്‍ പിന്നെ പ്രകടമാകുക അവനിലെ ദുഷ്ടത അധര്‍മമായിരിക്കും. ബ്രൈറ്റിന് ഈ വ്യത്യാസം മനസ്സിലായിട്ടില്ല. അദ്ദേഹത്തിന്റെ കുറ്റമല്ല. തലച്ചോറോ മനുഷ്യശരീരമോ കീറിമുറിച്ചാല്‍ കണ്ടെത്താവുന്നതല്ല അത്. ഇനി എന്താണ് ധാര്‍മികത എന്നറിയാനും അദ്ദേഹത്തിന്റെ കയ്യില്‍ ഒന്നുമില്ല. അത് മനസ്സില്‍ തോന്നുന്നത് എന്ന മറുപടി മാത്രമേ ഉണ്ടാകൂ. അവിടെയും മതഗ്രന്ഥങ്ങളെ യഥാര്‍ഥ വഴികാണിക്കൂ.

bright said. 'നിരീശ്വരവാദിക്കള്‍ക്ക് തീരുമാനമെടുക്കാന്‍ ഒരു ദൈവത്തിന്റേയും സഹായം ആവശ്യമില്ല. ഒരു വേദഗ്രന്ഥവും നോക്കണ്ട.'

ഒരാള്‍ സര്‍ക്കസ് കാരനോട്: 'താങ്കള്‍ ആ വളയത്തിലൂടെ പ്രയാസപ്പെട്ട് ചാടുന്നു. എനിക്ക് വളയമില്ലാതെ ചാടാന്‍ കഴിയുമല്ലോ!!!'

CKLatheef പറഞ്ഞു...

ഇനി നിങ്ങള്‍ക്ക് പറയാനുള്ളത് പറയൂ. കേള്‍ക്കട്ടേ..

V.B.Rajan പറഞ്ഞു...

റിച്ചാര്‍ഡ് ഡ്വാക്കിന്‍സിന്റെ "God Delusion" എന്ന പ്രശസ്തമായ പുസ്തകം 223, 224, 225 - എന്നീ പേജുകളില്‍ മുകളില്‍ പറഞ്ഞ ട്രോളിയുടെയും, തടിയന്റേയും കഥ വിവരിക്കുന്നുണ്ട്. അഞ്ചു പേരുടെ ജീവന്‍ രക്ഷിക്കുവാന്‍ വേണ്ടി ഒരാളുടെ ജീവന്‍ ഉപയോഗിച്ചുകൂടാ എന്നായിരുന്നു സര്‍‌വേയില്‍ പങ്കെടുത്ത ഭൂരിപക്ഷവും അഭിപ്രായപ്പെട്ടത്. എന്നാല്‍ അഞ്ചുപേരെ രക്ഷപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കിടയില്‍ ഒരാള്‍ മരണപ്പെട്ടാല്‍ അത് എതിര്‍ക്കപ്പെടേണ്ടതല്ല എന്നും അവര്‍ അഭിപ്രായപ്പെട്ടു. വിശ്വാസികളും അവിശ്വാസികളും ഏതാണ്ട് ഇതേ അഭിപ്രായം തന്നെയാണ് പ്രകടിപ്പിച്ചത്. അവര്‍ ഈ നിഗമനത്തിലെത്തിയത് ദിവ്യ ഗ്രന്ഥങ്ങള്‍ നോക്കിയല്ല എന്നും മനസിലാക്കുക. ഈ അഭിപ്രായ രൂപികരണത്തിന് ദൈവത്തിന് ഒരു പങ്കുമില്ല.

CKLatheef പറഞ്ഞു...
" ഒരാള്‍ സര്‍ക്കസ് കാരനോട്: 'താങ്കള്‍ ആ വളയത്തിലൂടെ പ്രയാസപ്പെട്ട് ചാടുന്നു. എനിക്ക് വളയമില്ലാതെ ചാടാന്‍ കഴിയുമല്ലോ!!!' "

സര്‍ക്കസ്സ് കാരന്‍: വളയത്തില്‍ കൂടി ചാടണമെന്ന വിവരം എനിക്ക് ജിബ്രില്‍ എന്ന കൊറിയര്‍ വഴി ദൈവം നേരിട്ട് അയച്ചു തന്നതാണ്. ഇതില്‍ കൂടി ചാടിയില്ലങ്കില്‍ എന്റെ മരണ ശേഷം എന്നെ നരകത്തിലിട്ടു കത്തിക്കും. ഈ വിവരം നിങ്ങള്‍ക്കും കിട്ടിയല്ലോ. ഇനി വളയം ഇല്ലാതെ ചാടിയാല്‍ നിങ്ങളേയും നരകത്തിലിട്ട് ദൈവം കത്തിക്കും. വളയത്തില്‍ കുടി ചാടിയാല്‍ മരണശേഷം സുന്ദരികാളായ പെണ്ണുങ്ങളും (ബാലന്മാരും!!), മദ്യം, പാല്, തേന് ഇവ ഒഴുകുന്ന അരുവികളും നിറഞ്ഞ സ്വര്‍ഗത്തില്‍ ഇരുന്നു സുഖിക്കാം. അതാണ് ഞാന്‍ ഈ വളയിത്തില്‍ കൂടി ചാടുന്നതിന്റെ കാരണം.

ചിന്തകന്‍ പറഞ്ഞു...

വളയത്തില്‍ കുടി ചാടിയാല്‍ മരണശേഷം സുന്ദരികാളായ പെണ്ണുങ്ങളും (ബാലന്മാരും!!), മദ്യം, പാല്, തേന് ഇവ ഒഴുകുന്ന അരുവികളും നിറഞ്ഞ സ്വര്‍ഗത്തില്‍ ഇരുന്നു സുഖിക്കാം. അതാണ് ഞാന്‍ ഈ വളയിത്തില്‍ കൂടി ചാടുന്നതിന്റെ കാരണം.

രാജന്റെ അറിവിന്റെ ഉറവിടം ഏതാണെന്നറിയില്ല. വല്ലാത്ത സഹാതാപം അര്‍ഹിക്കുന്നുണ്ട് ഇത്തരം അറിവു കേടുകള്‍ക്ക്. സ്വര്‍ഗ്ഗത്തെയും ഇവിടത്തെ മദ്യ-മദിരാഷി ശാലകളെയും രാജന്‍ സ്വയം അങ്ങ് അളന്നെടുത്തു.

ധാര്‍മ്മികതയെ കുറിച്ചു രാജന് ഒന്നും പറയാനില്ലെന്ന് തോന്നുന്നു. അതാണ് സ്വര്‍ഗ്ഗത്തില്‍ കയറിപിടിച്ചത്.
‘യുക്തിവാദം‘ എന്നത് വിവരക്കേടിന് കയ്യും കാലും വെച്ചത് പോലെയാണെന്ന് എനിക്ക് തോന്നിപോകുന്നു!

ഈ ലോകത്തില്‍ നമുക്ക് ഏറ്റവും ആനന്ദകരവും ആസ്വാദ്യവുമോയി തോന്നുന്നതിനേക്കാള്‍ മഹത്തായത്; അതാണ് സ്വര്‍ഗ്ഗത്തെ പറ്റിയുള്ള വിവരണം. അനുസരിക്കുന്നവര്‍ക്കുള്ള പ്രതിഫലം തന്നെയാണത്.

വിചാരം പറഞ്ഞു...

ചര്‍ച്ച വീക്ഷിക്കുന്നു

Unknown പറഞ്ഞു...

@CKLatheef
ധാര്‍മികതയുടെ വിഷയത്തില്‍ വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും ഉള്ള ഈ സാദൃശ്യം ദൈവം ഇല്ല എന്നോ ദൈവം സൃഷ്ടിച്ചതാണ് ധാര്‍മികത എന്നോ തെളിയിക്കുന്നില്ല. വിശപ്പ് , ദാഹം , ലൈംഗികത , സര്‍വോപരി നിലനില്പിനുള്ള അത്യാഗ്രഹം എന്നതുപോലെയുള്ള , ആരും പരിശീലിപ്പിക്കാതെത്തന്നെ ലഭിക്കുന്ന ഒരു ഗുണമാണ് ധാര്‍മികത എന്ന് തെളിഞ്ഞാല്‍ മാത്രമേ ദൈവത്തിനെ ഇങ്ങോട്ട് വലിച്ചിഴക്കാനുള്ള സാധ്യതയെങ്കിലും ലഭിക്കൂ.

Unknown പറഞ്ഞു...

ലത്തീഫ് കമന്റില്‍ മറുപടി എന്ന് ഒരു ഓപ്ഷന്‍ തന്നിട്ടുണ്ടല്ലോ ! വളരെ സൌകര്യപ്രദം. മുന്‍പ് പറഞ്ഞയാളുടെ കമന്റ് വെട്ടിയൊട്ടിക്കാതെ ആ ഓപ്ഷന്‍ ഉപയോഗിക്കുക. രാജനോ ചിന്തകനോ അത് ഉപയോഗിച്ചതായി കണ്ടില്ല

ചര്‍ച്ച പിന്തുടരുന്നു.

Abdul Azeez Vengara പറഞ്ഞു...

"""ഇവിടെ ദൈവനിഷേധികളായ യുക്തിവാദികള്‍ പയറ്റുന്ന ഒരു കുതന്ത്രം പറയാതിരിക്കാനാവില്ല. തങ്ങളുടെ വാദത്തിന് വിരുദ്ധമായ അഭിപ്രായം വന്നു കഴിഞ്ഞാല്‍ പോസ്റ്റുമായി ഒരു ബന്ധമില്ലെങ്കിലും ഒന്നായി നിന്ന് പ്രവാചകനെ ഭത്സിക്കാന്‍ തുടങ്ങും. അല്ലെങ്കില്‍ മോശമായ രൂപത്തില്‍ പരിഹാസം ചൊരിയും അല്‍പം പോലും സഹിഷ്ണുതയോടെ യുക്തിവാദികള്‍ സംവാദത്തിന് വിസമ്മതിക്കുകയും ചെയ്യുന്നു."""

നേരിലേക്കുള്ള വഴി കണ്ടാലറിയാം. അതിലൂടെ സഞ്ചരിക്കുമ്പോൾ ആത്മവിശ്വാസം കൂടികൂടി വരും.

അല്ലാത്തവർ എന്നും സംശയാലുകളായി തുടരും. അവസാനം വല്ല ബസ്റ്റാഡിലോ അങ്ങാടിയിലെ നഗ്നനായോ അർദ്ധ നഗ്നനായോ അലഞ്ഞു തിരിയും. ഇതിനെ ഞങ്ങളുടെ നാട്ടിൽ പഠിച്ചു മറിയുക എന്ന് പറയും.(കാലികളെ അല്ല) :)

prachaarakan പറഞ്ഞു...

@V.B.Rajan


പരിഹാസങ്ങളിലൂടെ ആരും സത്യം കണ്ടെത്തുകയില്ല. ചർച്ച ക്രിയാത്മകമാവണമെങ്കിൽ പരസ്പരം ബഹുമാനം സൂക്ഷിക്കുക .ആശയ വൈജാത്യങ്ങൾക്കപ്പുറം എല്ലാവരും മനുഷ്യരെന്നു കണക്കാക്കുക. ചർച്ച നടക്കട്ടെ

prachaarakan പറഞ്ഞു...

യുക്തിവാദിയായാലും മുസ്‌ലിമായാലും മറ്റ് മതസ്തരായാലും അവഹേളനങ്ങളിലൂടെയോ അപവാദ പ്രചാരണങ്ങളിലൂടെയോ ആർക്കും ഒന്നു നേടാനാവില്ലെന്ന് മനസിലാക്കുക. ആരു പറയൂന്നതായാലും അതിന്റെ സത്യാസത്യങ്ങൾ വേർതിരിച്ചറിയാൻ ആഗ്രഹിക്കുന്നവരായാൽ മുൻ‌വിധികളില്ലാതെ വിഷയത്തെ സമീപിക്കണം. അതില്ലായെങ്കിൽ ആർക്കും ഒരു ഉപകാരവും ചെയ്യില്ല. ലതീഫിന്റെ ആദർശങ്ങളോട് (ജമാ‌അത്തെ ഇസ്‌ലാമി ) ആദർശപരമായി വിയോജിപ്പുള്ള പ്രചാരകൻ പക്ഷെ യോജിക്കുന്ന വിഷയങ്ങളിൽ അനുകൂലിച്ച് അഭിപ്രായം അറിയിക്കുന്നത് അത് നില നിർത്തിക്കൊണ്ട് തന്നെയാണ്. അങ്ങിനെ യുക്തിവാദികളും ഇതര വിശ്വാസികളും തങ്ങളുടെ ന്യായ വാദങ്ങൾ അവതരിപ്പിച്ചാൽ അത് മറ്റുള്ളവർക്കും ഉപകാരമാവും. അല്ലാതെയുള്ള പരിഹാസങ്ങളും ആക്ഷെപങ്ങളും ഒഴിവാക്കുക

Muhammed Shan പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Unknown പറഞ്ഞു...

സമൂഹം സമൂഹത്തിനു ഗുണകരമെന്നും ശരിയെന്നും നല്ലതെന്നും നിശ്ചയിച്ച സാംസ്കാരികകബോധവും സദാചാരബോധവും നമ്മളെ നമ്മളറിയാതെത്തന്നെ സ്വാധീനിക്കുന്നതിന്റെ ഫലമാണ് ധാര്‍മികതയുടെ കാര്യത്തിലെ ഈ സാദൃശ്യം എന്നാണ് എനിക്ക് തോന്നുന്നത്.

ഒരു കുട്ടിക്ക് മറ്റൊരാള്‍ പറയുന്നത് മനസ്സിലാവാന്‍ തുടങ്ങുന്ന നിമിഷം മുതല്‍ സദാചാരധാര്‍മികനിയമങ്ങള്‍ സ്വന്തം അച്ഛനും അമ്മയും ഉള്‍പ്പെടുന്ന സംസ്കാരം തന്നെ അവനെ പരിശീലിപ്പിക്കുന്നു. അത് ചെയ്യരുത് ഇത് ചെയ്യരുത് , അന്യനെ ദ്രോഹിക്കരുത്, മറ്റുള്ളവനെ സഹായിക്കണം ഇങ്ങനെയിങ്ങന! ഇത്തരം പരിശീലനം ലഭിക്കാത്ത ഒരു തലമുറയില്‍ ഈ ധാര്‍മികത കാണപ്പെടുന്നത് ഇതേ മട്ടിലാവുമോ എന്ന് ചിന്തിക്കേണ്ടതാണ്.

തന്റെ ഭക്ഷണമായി ഒരു മനുഷ്യനെ തെരഞ്ഞെടുക്കുന്നതില്‍ ഒരു നരഭോജിക്ക് യാതൊരു വിധ ധാര്‍മികപ്രശ്നങ്ങളും ഉണ്ടാവാന്‍ വഴിയില്ല്ല. നരഭോജിയുടെ ദൈവവിശ്വാസം അവന്റെ ഈ ധാര്‍മികബോധത്തിനു യാതൊരു അലോസരവും ഉണ്ടാക്കുന്നുമില്ല. ഇനി നരഭോജിയുടേത് ശരിയാ‍യ ദൈവവിശ്വാസം അല്ലാത്തതുകൊണ്ടാണ് ഈ പ്രശ്നം എന്ന് വാദിക്കാന്‍ നിന്നാല്‍ ശരിയായ ദൈവം , കള്ളദൈവം എന്നീ വിഷയങ്ങളില്‍
ചളി വാരിയെറിഞ്ഞുകൊണ്ട് മാത്രമേ ഈ ചര്‍ച്ച മുന്നോട്ട് കൊണ്ടു പോവാനാവൂ.


കറുപ്പും വെളുപ്പും ചുവപ്പും ആണും പെണ്ണുമായ എല്ലാ വിഭാഗം മനുഷ്യരിലും നടത്തിയ ട്രോളീപരീക്ഷണം അന്യസംസ്കാരത്തില്‍ - വേട്ടക്കാര്‍, നരഭോജികള്‍ , സംസ്കാരത്തിന്റെ പരിശീലനം ലഭിക്കാത്തവര്‍ മുതലായവരില്‍ നടത്തിയാല്‍ ഇതേ ഫലം തന്നെ ലഭിക്കുമോ എന്ന് ആലോചിക്കുന്നത് രസകരമാണ്.

M.A Bakar പറഞ്ഞു...

ധാര്‍മ്മികത എന്നത്‌ വളരെ സിമ്പിള്‍ ആയി തോന്നാമെങ്കിലും അത്‌ അങ്ങനെയല്ല. മറ്റുള്ളവര്‍ക്ക്‌ പൊതുവെ ഹാനികരമാവാതെ സമൂഹത്തില്‍ നിലനില്‍ക്കുന്ന വ്യക്തിപരമായ "ഭാര"മിറക്കി വയ്ക്കലാണു പൊതുവെ അതിണ്റ്റെ ഉറച്ച വശം. വിശ്വാസ രഹിതമായ സാഹചര്യങ്ങളില്‍ പലപ്പോഴും അതു രൂപപ്പെടുന്നത്‌ വ്യക്തിപരമായ പ്ളെഷര്‍ സൃഷ്ടിച്ചുകൊണ്ടാണ്‌ . പക്ഷേ പ്രത്യക്ഷത്തില്‍ തന്നെ മതം അതാണു സൃഷ്ടിക്കുന്നതെങ്കിലും മനുഷ്യണ്റ്റെ മുന്‍ ധാരണകളും അറിവില്ലായ്മയും വെറുപ്പും കാരണം അവന്‍ അതിനെ വിഭിന്ന രീതിയിലെടുക്കുന്നു.

ഉദാഹരണമായി ഒരുവന്‍ വ്യഭിചരിച്ച്‌ വ്യക്തി അവണ്റ്റെ 'പ്ളെഷര്‍' ആഘോഷിക്കുമ്പോല്‍, അങ്ങനെ ചെയ്യരുത്‌ എന്ന്‌ പറയുന്ന മതം ഒരുപാടുപേരുടെ പ്ളെഷറാണു മുന്നോട്ട്‌ വയ്ക്കുന്നത്‌. സമൂഹത്തില്‍ ജാരസന്തതികള്‍ സൃഷ്ടിക്കുന്ന പ്രശ്നം, ലൈംഗികരോഗങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്നം, മറ്റൊരാളുടെ സഹോദരിയുടെയ്യൊ ഭാര്യയുടെയോ , മാതാവിണ്റ്റെയോ മാനം സംരക്ഷിക്കാനുള്ള ഉള്‍ക്കര്‍ഷ്വേഛ. ഇതൊക്കെയാണവ.

ഇതൊന്നും പരിശീലിപ്പിക്കാതെ തന്നെ മനുഷ്യനില്‍ അന്തര്‍ലീനമാണു. ഇത്‌ ദൈവം പറയുന്നു. അതുകൊണ്ടുതന്നെ മതം മനുഷ്യപ്രകൃതിയില്‍ ലയിച്ചിരിക്കണം. വ്യക്തിത്വരയില്‍ അല്ല. അതിനു ഇന്നേവരെ മതം മാത്രമെ മാര്‍ഗ്ഗ ദര്‍ശനമായി വന്നിട്ടുള്ളു. മദ്യത്തിണ്റ്റെയും പലിഷയുടെയും ചൂഷണത്തിണ്റ്റെയും കൊലയുടെയും ഒക്കെ എതിരെയുള്ള തത്വം മതാധിഷ്ടിതമാണു. ഒരാളെ വളയത്തിലൂടെ കടത്താന്‍ ശ്രമിക്കുമ്പോല്‍ മറ്റുള്ളവര്‍ "വളയ"ത്തിലകപ്പെടുന്നില്ലെന്നര്‍ഥം. ബോണസ്സായി സ്വര്‍ഗ്ഗവും ലഭിക്കുമെന്ന്‌ വച്ചോളൂ.. കയ്പ്പില്ലല്ലോ..

മതേതര കമ്മ്യൂണിറ്റികളില്‍ മനുഷ്യന്‍ സൃഷ്ടിക്കുന്ന ജീവിത ശൈലി അവന്‍ ധാര്‍മ്മികതയായി തെറ്റിദ്ധരിക്കുന്നു. ചിലപ്പോല്‍ അവന്‍ പ്രതിനിധാനം ചെയ്യാത്ത സൊസൈറ്റിയോടുള്ള വെറുപ്പ്‌ ധാര്‍മ്മികതയായി വരും. അതുകൊണ്ട്തന്നെ അത്തരത്തിലുള്ള ഒരു ഫണ്ടമെണ്റ്റല്‍ മോറല്‍ സൊസൈറ്റിയെ അവന്‍ സ്വാഗതം ചെയ്യുകയും ചെയ്യുന്നു. മുന്‍പു പറഞ്ഞത്‌ പോലെ അത്‌ ഒരു ഗ്രൂപ്‌ സെലക്ഷനായി മാറിയാല്‍ അതു മൊത്തത്തിലുള്ള ധാര്‍മ്മിക വ്യതിചലനമായി മാറുന്നു.

ഒരു ഉദാഹരണം പറയുകയാണെങ്കില്‍ , ഈസ്റ്റ്‌ തൈമൂറിണ്റ്റെയും ഫലസ്തീണ്റ്റെയും സ്വാതന്ത്യ്ര പോരാട്ടങ്ങല്‍ ധാര്‍മ്മികതയുടെ വിരുദ്ധചേരികളില്‍ നിലനില്‍ക്കാന്‍ ഒരേസമയം ഒരു കമ്മ്യൂണിറ്റിയെ പ്രേരിപ്പിക്കുന്നു ജീവിത ശൈലികളിലെ ധാര്‍മ്മികതയാണു. അതുകൊണ്ടാണു ധാര്‍മ്മികതയെന്നത്‌ വളരെ സങ്കീര്‍ണ്ണവും ഒരു പക്ഷേ മനുഷ്യണ്റ്റെ സൃഷ്ടാവിന്‌ മാത്രം മനുഷ്യാസ്തിത്തെ നിര്‍വചിക്കാവുന്നതിലേക്കും പ്രത്യാശ്യാഭരിതമാക്കാവുന്നതിലേക്കും ഏല്‍പ്പിക്കുന്നതില്‍ വിശ്വാസി ആഗ്രഹിക്കുന്നതും.

പ്രകൃത്യാ മനുഷ്യന്‍ അവന്‍ അറിയുന്നത്‌ മാത്രം വിശ്വസിക്കാന്‍ ആഗ്രഹിക്കുന്നവനാണു. മറ്റൊരര്‍ഥത്തില്‍ അറിയാന്‍ അവന്‍ ആഗ്രഹിക്കുന്നത്‌ അത്‌ വിശ്വസിക്കാനും കൂടിയാണു. അങ്ങനെവരുമ്പോല്‍ മനുഷ്യ നിര്‍മ്മിത ട്രോളി സിദ്ധാന്തങ്ങളെ അവലംബിക്കുന്നവര്‍ ചെയ്യുന്നത്‌ ഒരു മനുഷ്യന്‍ അറിയാന്‍ ആഗ്രഹിച്ചതിനെ വിശ്വസിക്കാന്‍ മറ്റൊരാള്‍ ലോജിക്‌ പണയപ്പെടുത്തുന്നത്‌ കൊണ്ടാണു. ധാര്‍മ്മികത സയന്‍സ്‌ പോലെ വസ്തുനിഷ്ടത കൊണ്ട്‌ ക്ളിപ്തമായതല്ല. അതിനാല്‍ തന്നെ അത്‌ സാര്‍വ്വ-മാനവീക ധാര്‍മ്മികതയില്‍ ഉരുട്ടിയെടുക്കാനും ആവില്ല. വിശ്വാസിക്ക്‌ ആ പരിമിതിയുമില്ല.

ധാര്‍മ്മികതക്ക്‌ വിശ്വാസം ആവശ്യമുണ്ടൊ ഇല്ലയോ എന്ന ചര്‍ച്ചതന്നെ മതം ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരുടെ ചമയ്ക്കള്‍ ശ്രമങ്ങളാണു. മത വിരോധികള്‍ പോലും ഒരു ഒപക്ഷേ നിഷേധിക്കുന്നില്ല മതം ധാര്‍മ്മികതയില്‍ അധിഷ്ടിതമല്ലെന്ന്‌. അവര്‍ മതത്തിനു ഒരു ധാര്‍മ്മിക ബദല്‍ അന്വേഷിക്കുകമാത്രമാണ്‌ ചെയ്യുന്നത്‌. അതും ബാലിശ തിയറികള്‍ വച്ച്‌.
ക്രിമിനോളജിയിലെ ആധുനിക ആനുകാലിക "ക്രൈമും മതവും" തമ്മിലുള്ള പഠനത്തിണ്റ്റെ ഉറച്ച നിരീക്ഷണം പറയുന്നത്‌ ഇപ്രകാരം :

"മതപരമായ സ്വഭാവ സവിശേഷതകളും വിശ്വാസങ്ങളും വളരെ സെന്‍സിബിളും എഫക്റ്റീവുമായി വ്യക്തികളെ ക്രിമിനല്‍ സ്വഭാവ രൂപീകരണത്തില്‍ നിന്നും തടയുന്നു. " - A meta-analysis of the effect of religion on crime. Journal of Research in Crime and Delinquency,38,3–21.

ഇതുതന്നെയാണു മത-ധാര്‍മ്മികതയുടെ സാക്ഷ്യവും... (ഇപ്പോല്‍ ചിലര്‍ ബിന്‍ ലാദനുമായി വരും .. നോക്കാം.. )

ചിന്തകന്‍ പറഞ്ഞു...

@അരുണ്‍ / Arun

മനുഷ്യന്, സഹജമായ ധാര്‍മ്മിക ബോധത്തിന് പുറമേ, ചില കാര്യങ്ങള്‍ കൂടി ജീവിതത്തില്‍ പാലിക്കപെടാന്‍ വേണ്ടി ഇസ്ലാം നിശ്ചയിച്ചിട്ടുണ്ട്. ഉദാഹരണം:- മദ്യം, മയക്കുമരുന്നു, പലിശ, ചൂതാട്ടം,വ്യഭിചാരം, ഊഹക്കച്ചവടം ഇങ്ങനെ നിരവധി കാര്യങ്ങളില്‍ വ്യക്തമായ നിരോധവും അനാഥ/അഗതി സംരഷണം, വരുമാനത്തിന്റെ ഒരു ഭാഗം നിര്‍ബന്ധപൂര്‍വ്വം മറ്റുള്ളവര്‍ക്ക് അവകാശമായി നിശ്ചയിക്കല്‍, മാതാ പിതാക്കളോടും കുടുംബത്തോടും സമൂഹത്തോടും രാഷ്ട്രത്തോടുമുള്ള ബാധ്യതകള്‍ തുങ്ങിയവയെല്ലാം ബ്രൈറ്റ് സൂചിപിച്ച കണക്കില്‍ പെടാത്ത തരം ധാര്‍മ്മികതകളാണ്. മുസ്ലീംങ്ങള്‍ മദ്യം(യുക്തിവാദ ചിന്താഗതിയുള്ളവരെ ഉദ്ദേശിച്ചിട്ടില്ല) ഉപയോഗിക്കാത്തതും പലിശയിടപാടുകളിലും ഏര്‍പെടാത്തതും അവരുടെ വിശ്വാസത്തിന്റെ ഭാഗമായാണ്. അത്തരം വിശ്വാസം ഇല്ലാത്തവര്‍ മദ്യം യഥേഷ്ടം ഉപയോഗിക്കുന്നു, പലിശ കച്ചവടം നടത്തുന്നു.

തന്റെ വിശ്വാസത്തിന്റെ ഭാഗമായി വരുമാനത്തിന്റെ ഒരു നിശ്ചിത ശതമാനം അവന്‍ അനാഥകള്‍ക്കും അഗതികള്‍ക്കും പാവപെട്ടവര്‍ക്കുമായി നീക്കിവെക്കുന്നു. എന്നാല്‍ യുക്തിവാദിയോ നിരീശ്വരവാദികളോ ഒരിക്കലും ഇങ്ങനെയൊരു പ്രവൃത്തി ചെയ്യുന്നതായി ഇത് വരെ ഒരു കണക്കും ആരും സമര്‍പ്പിച്ചിട്ടില്ല.

ഇസ് ലാം, ഒരു വ്യക്തിയിലും അവന്റെ കുടുംബത്തിലും അത് വഴി സമൂഹത്തിലും പിന്നെ രാഷ്ട്രത്തിലും ഉണ്ടാവാന്‍ ആഗ്രഹിക്കുന്ന ചിലഗുണങ്ങളുണ്ട്. വ്യക്തി സംസ്കരിക്കപെടുമ്പോഴാണ് ഒരു കുടുംബം നന്നാവുന്നത്. കുടുബം നന്നാകുമ്പോള്‍ സമൂഹവും അത് വഴി രാഷ്ട്രവും നന്നാവുന്നു. ധാര്‍മ്മിക ബോധവും അതുവഴി ധര്‍മ്മികാടിത്തറയുമുള്ള ഒരു സമൂഹത്തെ കെട്ടിപടുക്കുക എന്നതാണ് അതിന്റെ അടിസ്ഥാനം.
ലഹരിമുക്തമായ, സാമ്പത്തിക അച്ചടക്കമുള്ള, ലൈംഗിക അസാന്മാര്‍ഗികമല്ലാത്ത, തന്നെ പോലെ തന്റെ സഹജീവികള്‍ക്കും അവകാശപെട്ടതാണ് ഇവിടുത്തെ വിഭവങ്ങള്‍ എന്നു മനസ്സിലാക്കുന്ന, സ്വന്തത്തോടും ഇതര മനുഷ്യരോടും നീതിയോടെ വര്‍ത്തിക്കണമെന്നനുശാസിക്കുന്ന, പ്രകൃതിയും അതി വിഭവങ്ങളും തന്റെ വരും തലമുറകള്‍ക്കു കൂടി അവകാശപെട്ടതാണെന്ന ബോധമുള്ള ഒരു ധാര്‍മ്മിക വ്യക്തിയെയും സമൂഹത്തെയുമാണ് അത് ഉന്നം വെക്കുന്നത്.

അരുണ്‍
നരബോജിയായ ഒരു ദൈവ വിശ്വാസികുറിച്ച് നമ്മള്‍ കെട്ടുകഥകളില്‍ പോലും വായിച്ചതായറിയില്ല. സാങ്കല്പികമായ കാര്യങ്ങള്‍ക്ക് പകരം കുറച്ച് കൂടി യാഥാര്‍ത്യങ്ങള്‍ അടങ്ങിയ കാര്യങ്ങള്‍ ഉദാഹരിക്കുന്നതല്ലേ ഉചിതം.

Unknown പറഞ്ഞു...

@ചിന്തകന്‍ഇസ്ലാമികധാര്‍മികതയെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ എനിക്ക് മടുപ്പുണ്ട്.

മദ്യപാനാദികള്‍ അധാര്‍മികമെന്ന് ഇസ്ലാമും ഗോവധവും മറ്റും അധാര്‍മികമെന്ന് ഹിന്ദുവും അങ്ങനെ പലമതങ്ങള്‍ക്കും പലപല അനാചാരങ്ങള്‍ ഉണ്ടാവാം . ഇതൊക്കെ ഇവിടെ പ്രസക്തമാണോ ?

എന്റെ അഭിപ്രായം ഇതാണ്

ധാ‍ര്‍മികത ജന്മനാ ലഭിക്കുന്ന ഒരു ഗുണമല്ല മറിച്ച് അത് മനുഷ്യന്‍ വളര്‍തിയെടുക്കുന്ന ഒരു ഗുണമാണ്‍

അതുകൊണ്ടുതന്നെയാണ് ജീവിക്കുന്ന സമൂഹത്തിനനുസരിച്ച് ധാര്‍മികത അല്പസ്വല്പം മാറുന്നത്. എന്നാല്‍ നമ്മുടെ സംസ്കാരം മൊത്തത്തില്‍ വിലക്കുന്ന ചില കാര്യങ്ങള്‍ എടുത്ത് ( നിരപരാധിയയ ഒരാളെ കൊല്ലുക അല്ലെങ്കില്‍ നരഭോജനം )അത് ധാര്‍മികമാണോ എന്ന് ചോദിച്ചാല്‍ ഉത്തരവും ഏതാണ്ട് ഒരുപോലെയുള്ളതായിരിക്കും. എന്നാല്‍ നമ്മുടെ സംസ്കാരത്തിനു പുറത്ത് ജീവിക്കുന്നവര്‍ക്ക് കാര്യം മറ്റൊരു രീതിയില്‍ ആവും.

നരഭോജിയ്ക്ക് ദൈവവിശ്വാസമോ എന്ന് അതിശയം കൂറുന്ന താങ്കള്‍ തന്നെയാണ് മനുഷ്യന്‍ ജന്മനാ ധര്‍മാധര്‍മബോധത്തോടെ ജനിക്കുന്നു എന്ന് പറഞ്ഞത്. തെറ്റാണെങ്കില്‍ തിരുത്തുക. താന്‍ ചെയ്യുന്നത് തെറ്റാണ് എന്നോ അന്യനെ ദ്രോഹിക്കലാണ് എന്നോ കരുതിയല്ല ഒരു നരഭോജിയും മറ്റൊരുവനെ കൊന്നു തിന്നുക. മറിച്ച് തന്റെ ഭക്ഷണമാണ് അന്യന്‍ എന്നുള്ള ഉറച്ച വിശ്വാസ്ത്തോടെയാണ്‍.

നരഭോജികള്‍ക്കും അവരുടേതായ ദൈവവിശ്വാസം ഉണ്ടായിരുന്നു.http://en.wikipedia.org/wiki/Carib#Religion ഒരുദാഹരണം.നരബലി നടത്തിയിരുന്ന ഹിന്ദുക്കള്‍ക്കും ആസ്ടെക്കുകള്‍ക്കും മായന്മാര്‍ക്കും ഒക്കെ ഉണ്ടായിരുന്നു നല്ല സൊയമ്പന്‍ ദൈവവിശ്വാസം.

ഷൈജൻ കാക്കര പറഞ്ഞു...

ധാർമികതയ്‌ക്ക്‌ ദൈവവിശ്വാസത്തിന്റെ ആവശ്യമുണ്ട്‌ എന്ന്‌ ഞാൻ വിശ്വാസിക്കുന്നില്ല. അവിശ്വാസികൾക്കും ധാർമികതയുണ്ട്‌. ധാർമികതയുടെ മൊത്തകച്ചവടം മതമോ അല്ലെങ്ങിൽ മതമില്ലാത്തവരോ ഏറ്റെടുക്കേണ്ടതില്ല.

മതവിശ്വാസികൾക്ക്‌ അധാർമികതയുടെ കുപ്പായവും അവിശ്വാസികൾക്ക്‌ ധാർമികതയുടെ കുപ്പായവും! ഇങ്ങനെയുള്ള കുപ്പായങ്ങൾ യുക്തിയിൽ ചർച്ചിക്കുമ്പോൾ തൽകാലത്തേക്കെങ്ങിലും മാറ്റി വെയ്ക്കുക.

എന്റെ ധാർമികത രൂപപ്പെടുന്നത്‌ എന്റെ യുക്തിയിൽ നിന്ന്‌ (ബുദ്ധി എന്നൊ തലച്ചോർ എന്നോ എന്തു വേണമെങ്ങിലും വിളിക്കാം), ഈ ധാർമികത രൂപപ്പെടുന്നതിൽ എന്റെ സാഹചര്യങ്ങൾ സഹായിക്കുന്നുണ്ട്‌. ഈ സാഹചര്യങ്ങളിൽ എന്റെ വീട്ടുകാർ, കൂട്ടുകാർ, സമൂഹം ഇതിന്റെയെല്ലാം കൂടെ എന്റെ മത വിശ്വാസവും. മതവിശ്വാസം ഇവിടെ ഇങ്ങനെ വായിക്കുക - പാവങ്ങളെ സഹായിച്ചാൽ നിനക്ക്‌ സ്വർഗ്ഗരാജ്യം ലഭിക്കും (ശരിയൊ തെറ്റൊ ആവട്ടെ) എന്ന്‌ വിശ്വാസ്സിച്ച്‌ ഒരു ദൈവവിശ്വാസി ദാനധർമം ചെയ്താൽ ധാർമികതയ്‌ക്ക്‌ ദൈവവിശ്വാസവും ഒരു കൈതാങ്ങ്‌ അല്ലെ?

രക്തമൊലിച്ച്‌ കിടക്കുന്നവന്റെ ഉദാകരണം പണം എന്നതിൽ ചിന്തിച്ചാൽ താങ്ങൽ പറഞ്ഞത്‌ ശരിയാവും പക്ഷെ അതേ ഉദാകരണം രക്തമൊലിച്ചവനെ സഹയിക്കാൻ ഒരാൾ മാത്രം പക്ഷെ വിദൂരതയിലുള്ള ഒരാളെ സഹായിക്കാൻ ഒരുപാട് പേരിൽ ഒരാൾമാത്രം. ഈ യുക്തിയിൽ ഒന്ന്‌ ചിന്തിക്കു.

എന്റെ ധാർമികതയിൽ മതത്തിന്റെ ഒരു വേലികെട്ടും ഞാൻ അനുഭവിച്ചിട്ടില്ല. പക്ഷെ ധാർമികതയ്‌ക്ക് ഒരു കൈതാങ്ങ്‌ വിശ്വസത്തിൽ നിന്നെ ലഭിക്കുകയും ചെയ്യുന്നു. എന്റെ ഇൻസ്റ്റന്റ് ധാർമികതയിൽ ദൈവവിശ്വാസം ഒരു തരത്തിലും സ്വാധീനിക്കുന്നില്ല, അവിടെ എന്റെ യുക്തിക്ക്‌ തന്നെ സ്ഥാനം.

പുസ്തകം കത്തിച്ചത്‌ വിശ്വാസിയല്ല, വിശ്വാസിയുടെ ഫാസിസമാണ്‌, ഇതേ ഫാസിസം അവിശ്വാസികളും ചെയ്യുന്നു, ബ്രൈറ്റ്‌ തന്നെ പോസ്റ്റിൽ എഴുതിയല്ലോ?

ഷൈജൻ കാക്കര പറഞ്ഞു...

മുകളിലെ കമന്റ് ബ്രൈറ്റിന്റെ പോസ്റ്റിനുള്ള കമന്റായിരുന്നു. അതേപടി ഇവിടെ പകർത്തി കാരണം ലത്തീഫിന്റെ പോസ്റ്റിന്റെ ആധാരം തന്നെ ബ്രൈറ്റിന്റെ പോസ്റ്റാണല്ലോ..

ചിന്തകന്‍ പറഞ്ഞു...

@അരുണ്‍ / Arun


നരഭോജിയായ ഒരു ദൈവ വിശ്വാസികുറിച്ച് നമ്മള്‍ കെട്ടുകഥകളില്‍ പോലും വായിച്ചതായറിയില്ല.

ഈ പ്രസ്താവന ഞാന്‍ പിന് വലിക്കുന്നു.

പണ്ട് സൂരജിന്റെ ഒരു പോസ്റ്റിലും ഞാന്‍ നരഭോജികളെ കണ്ടതായി ഓര്‍ക്കുന്നു.

ചിന്തകന്‍ പറഞ്ഞു...

@അരുണ്‍ / Arun

എല്ലാമതങ്ങളെയും ഒരേ പശ്ചാത്തലത്തില്‍ കണ്ട് സംസാരിക്കാന്‍ എനിക്ക് കഴിയില്ല.
മദ്യപാ‍നം അധാര്‍മ്മികതയുടെ ഭാഗമായി തന്നെയാണ് ഞാന്‍ കാണുന്നത്. കുറച്ച് കൂടി പറഞ്ഞാല്‍ മദ്യപാനം ഒട്ടുമിക്ക അധാര്‍മ്മികതകളുടെയും അടിവേരാണ്. പല വിവരമുള്ളവരും മദ്യത്തെ തിന്മകളുടെ മാതാവ് എന്ന് വിശേഷിച്ചിപ്പിച്ചിട്ടുള്ളത്.

താങ്കള്‍ക്ക് ഇത് ഒരു അനാചാരമായി തോന്നുന്നു. ഇവിടെ തന്നെയാണ് വിശ്വാസവും അവിശ്വാസവും തമ്മിലുള്ള ധാര്‍മ്മികതയുടെ വിത്യാസവും.

മനുഷ്യന്‍ ജന്മനാ ധാര്‍മ്മിക ബോധമുള്ളത് കൊണ്ടാണ് അതിനെ അവന്‍ വളര്‍ത്തിയെടുക്കുന്നത്. ഇല്ലാത്ത ഒന്നിനെ വളര്‍ത്തിയെടുക്കുന്നതെങ്ങനെ. എന്നാല്‍ ഓരോരുത്തരുടെ ധാര്‍മ്മികത എന്തെന്ന് അവരവര്‍ തീരുമാനിക്കുന്ന തരത്തിലാണോ അതോ ദൈവം തീരുമാനിക്കുന്ന തരത്തിലാണോ വളര്‍ത്തിക്കൊണ്ടുവരേണ്ടത് എന്നതാണ് തര്‍ക്കമുള്ള കാര്യം.

അവനവന്‍ തന്നെ തീരുമാനിക്കുന്നത് ധാര്‍മ്മികത ആയത് കൊണ്ട് , മദ്യപാനം ഒരു നല്ല പ്രവൃത്തിയായും അതുപയോഗിക്കരുത് എന്നു പറയുന്നത് ഒരു അനാചാരമായും അരുണിന് തോന്നുന്നു.

ദൈവം തീരുമാനിക്കുന്നതാണ് ധാര്‍മ്മികത എന്ന് വിശ്വസിക്കുന്ന എനിക്ക് മദ്യപാനം ഒരു അധാര്‍മ്മിക പ്രവൃത്തിയായി തോന്നുന്നു.

CKLatheef പറഞ്ഞു...

@V.B.Rajan
യുക്തിവാദികളുടെ സംവാദ ശൈലിയെക്കുറിച്ച് പോസ്റ്റില്‍ നല്‍കിയ നിഗമനങ്ങളെ സത്യപ്പെടുത്തുന്ന കമന്റ് നല്‍കി സഹകരിച്ചതിന് നന്ദി.

CKLatheef പറഞ്ഞു...

@അരുണ്‍ / Arun

എന്റെ അസാന്നിദ്ധ്യത്തില്‍ ഈ ഓര്‍മപ്പെടുത്തലിന് നന്ദി. ഇത്തരം ചര്‍ചയില്‍ വളരെയേറെ സൗകര്യമാണ് ഈ സംവിധാനം. ബ്ലോഗറിന്റെ ഒരു പോരായ്മ ഇതിലൂടെ പരിഹരിക്കപ്പെടുന്നു. ചര്‍ചചെയ്യുന്നവര്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തുക.

CKLatheef പറഞ്ഞു...

@അബ്ദുല്‍ അസീസ് വേങ്ങര

പ്രിയ സ്‌നേഹിതാ,

താങ്കളുടെ അഭിപ്രായങ്ങള്‍ ചിലപ്പോഴെല്ലാം ദഹിപ്പിക്കാന്‍ വലിയ പ്രയാസം നേരിടുന്നു. പഠിച്ചുമറിയുക എന്നത് ഒരു അന്ധവിശ്വാസമാണ്. ചിലതൊക്കെ പഠിച്ച ചിലര്‍ മാനസിക രോഗത്തിന് വിധേയരാകുമ്പോള്‍ സംഭവിക്കുന്ന കാര്യങ്ങള്‍... അതും നമ്മുടെ പോസറ്റും തമ്മില്‍ എന്ത് ബന്ധമാണുള്ളത്.

CKLatheef പറഞ്ഞു...

@പ്രചാരകന്‍

താങ്കളുടെ പക്വമായ ഈ അഭിപ്രായത്തെ ഹൃദയ പൂര്‍വം സ്വീകരിക്കുകയും എന്റെ അകൈതവമായ നന്ദി അറിയിക്കുകയും ചെയ്യുന്നു. അതിലൂടെ താങ്കള്‍ ഇതര വിശ്വാസി സമൂഹത്തിനും വിശ്വാസികളല്ലാത്തവര്‍ക്കും ശക്തമായ ഒരു സന്ദേശം നല്‍കുകയും ചെയ്തു.

CKLatheef പറഞ്ഞു...

@അരുണ്‍ / Arun

താങ്കള്‍ പറഞ്ഞ ആദ്യവാചകം ശരിയാണ്. ഇതുകൊണ്ട് ദൈവത്തിന്റെ അസ്തിത്വം സ്ഥിരപ്പെടും എന്ന് ഞാന്‍ വാദിച്ചിട്ടില്ല. മറിച്ച് മനുഷ്യനില്‍ ധാര്‍മികബോധം കുടികൊള്ളുന്നതിനാല്‍ ധാര്‍മികതക്ക് ദൈവത്തിന്റെ ആവശ്യമില്ല എന്ന ബ്രൈറ്റിന്റെ വാദത്തെ ഖണ്ഡിക്കുക മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ.

ധാര്‍മികയും ധാര്‍മികബോധവും ചെറിയ വ്യത്യാസമുണ്ട്. അവ കൂട്ടികലര്‍ത്തി ഇത്തരം ചര്‍ച മുന്നോട്ട് കൊണ്ടുപോയാല്‍ ഒരിക്കല്‍ സംശയം തീരില്ല.

ഇസ്‌ലാമിന്റ കാഴ്ചപ്പാടില്‍ ധാര്‍മികബോധത്തിനും ധാര്‍മികനിയമങ്ങളുടെ ദര്‍ശനത്തിനും ദൈവത്തോട് കടപ്പെട്ടതിനാല്‍ ഇക്കാര്യത്തില്‍ ദൈവത്തെ മാറ്റിനിര്‍ത്തിയുള്ള ചര്‍ചക്ക് പ്രസക്തിയില്ല. മറ്റുള്ളവര്‍ ചിലകാര്യങ്ങള്‍ വെച്ച് ദൈവമില്ല ദൈവത്തിന്റെ ആവശ്യമില്ല എന്ന് തെളിയിക്കാനാണല്ലോ ശ്രമിക്കുന്നത്. ആ നിലക്കും ആരും വലിച്ചില്ലെങ്കിലും ദൈവം ഈ ചര്‍ചയില്‍ വരും.

ക്രിയാത്മകമായി ഈ ചര്‍ചയില്‍ പങ്കെടുത്ത് അഭിപ്രായം പറയുന്ന അരുണിന് പ്രത്യേകം നന്ദി.

ബീമാപള്ളി / Beemapally പറഞ്ഞു...

ഒരു പ്രവാചകന്‍ ദൈവത്തിന്റെ നിര്‍ദേശപ്രകാരമാണോ സംസാരിക്കുന്നത് എന്ന് അറിയുവാനുള്ള മാനദണ്ഡമായി ബൈബിള്‍ പറയുന്നത് ആ പ്രാവാചകന്റെ പ്രവചനങ്ങളുടെ പൂര്‍ത്തീകരണമാണ്.

ഒരു പ്രവാചകനെ തിരിച്ചറിയുന്നതിന് നിര്‍ദേശിക്കപ്പെട്ട ഈ മാനദണ്ഡങ്ങള്‍ വെച്ച് ഇന്ന് നിലനില്‍ക്കുന്ന വേദഗ്രന്ഥങ്ങള്‍ പരിശോധനക്ക് വിധേയമാക്കിയാല്‍ ഇത്തരം നടക്കാത്ത പ്രവചനങ്ങള്‍ പ്രവാചകന്മാരുടെ വചനങ്ങളല്ലെന്നും മറ്റു മനുഷ്യര്‍ അവരുടെ പേരില്‍ എഴുതിച്ചേര്‍ത്തവയാണെന്നും ഇത്തരം നടക്കാത്ത പ്രവചനങ്ങള്‍ക്കു ആ ദൈവദൂതന്മാര്‍ ഉത്തരവാദികളല്ലെന്നും മനസ്സിലാക്കാന്‍ കഴിയും.

ബീമാപള്ളി ബ്ലോഗിലെ പുതിയ പോസ്റ്റില്‍ വായിക്കുക..
മത ഗ്രന്ഥങ്ങളിലെ പ്രവചനങ്ങള്‍.!

പള്ളിക്കുളം.. പറഞ്ഞു...

പോസ്റ്റ് നന്നായി. കമന്റ് മുഴുവൻ വായിച്ചില്ല.
ഇടക്കിടക്ക് ചില ടീമുകൾ ഇതുപോലെ കഥയുമായി വരും. ‘ദൈവത്തിന് ഉയർത്താനാവാത്ത കല്ല്’ ആയിരുന്നു നേരത്തെയുള്ള ചില വിഷയങ്ങൾ.

എന്തായാലും ട്രാക്ക് ചെയ്യുന്നു...

CKLatheef പറഞ്ഞു...

@അരുണ്‍ / Arun

ഇവിടെ എനിക്ക് സ്വീകരിക്കാവുന്ന ഒരു നിലപാട് വിശുദ്ധഖുര്‍ആനില്‍നിന്ന് ലഭിക്കുന്ന അറിവുകളെ എന്റെ ആര്‍ജിത അറിവുകളുമായി ചേര്‍ത്ത് എനിക്ക് ബോധ്യപ്പെട്ട ഒരു യുക്തിയില്‍ അവതരിപ്പിക്കുക എന്നതാണ്. അതുകൊണ്ട് നരഭോജികളെന്ന വിഭാഗവും അവരുടെ ധാര്‍മികതയും ഈശ്വരവിശ്വാസവും ഈ ചര്‍ചയില്‍ പ്രസക്തമായി എനിക്ക് തോന്നുന്നില്ല. ധാര്‍മികബോധത്തെ അട്ടിമറിക്കാനും കുഴിച്ചുമൂടാനും മനുഷ്യന് കഴിയും എന്ന് ഖുര്‍ആനില്‍ നിന്ന് തന്നെ വ്യക്തമാക്കിയ സ്ഥിതിക്ക് താങ്കള്‍ പറയുന്ന ഒരു വിഭാഗത്തിന്റെ അസ്തിത്വം അംഗീകരിച്ചാല്‍ തന്നെ അവരുടെ മനുഷ്യരെ വധിക്കുന്നതിനെതിരെ പ്രവര്‍ത്തിക്കുന്ന അവരുടെ ധാര്‍മികബോധം മറഞ്ഞുപോയി എന്ന് പറഞ്ഞ് ഞാനാ ചര്‍ച അവസാനിപ്പിക്കും. സാമൂഹത്തില്‍ ഒരു ധാര്‍മികത അംഗീകരിക്കപ്പെടുന്നുണ്ട്. അതില്‍ ചില്ലറ വ്യത്യാസം കാണാം. ആ വ്യത്യാസം എന്താണ് ധാര്‍മികത എന്താണ് അധാര്‍മകത എന്ന് തീരുമാനിക്കുന്നതില്‍ വരുന്ന വ്യത്യാസമാണ്. അതുകൊണ്ടുതന്നെ ധാര്‍മികമൂല്യങ്ങളുടെ അവലംബം വെറും ബുദ്ധിയായാല്‍ ശരിയാവില്ല എന്ന തീരുമാനത്തില്‍ ഇസ്‌ലാം എത്തിചേരുന്നത്.

CKLatheef പറഞ്ഞു...

@M.A Bakar

സങ്കീര്‍ണമായ കാര്യങ്ങളായതിനാലാണ് ദൈവികമാര്‍ഗദര്‍ശനത്തിലൂടെ അത് ലളിതമാക്കി ദൈവം നല്‍കിയതെന്ന് വിശ്വസിക്കുന്നവരാണ് നമ്മള്‍. ധാര്‍മികബോധം മനുഷ്യമനസ്സില്‍ അന്തര്‍ലീനമാണ് എന്ന വളരെ നിസ്സാരമായ ഒരു സംഗതിയാണ് ലക്ഷക്കണക്കിന് ആളുകളില്‍ സര്‍വെ നടത്തി കണ്ടെത്തിയത്. എന്നിട്ട് അതാണ് ധാര്‍മികത എന്ന് തെറ്റിദ്ധരിക്കുകയും ചെയ്യുന്നു. കുറച്ചുകൂടി കാര്യങ്ങള്‍ അടിസ്ഥാനപരമായി തന്നെ വ്യക്തമാക്കേണ്ടതുണ്ട്. ധാര്‍മികബോധവും ധാര്‍മികതയും എന്നതിലുള്ള വ്യതിരിക്തത വ്യക്തമാക്കാനെ ഈ പോസറ്റിലൂടെ ഞാന്‍ ഉദ്ദേശിച്ചിട്ടുള്ളൂ. എന്താണ് ധാര്‍മികത. അതില്‍ എന്തെല്ലാം വരും. ധാര്‍മികതയും ധാര്‍മികമൂല്യങ്ങളും, സദാചാരവും സദാചാരമൂല്യങ്ങളും, ആചാരങ്ങളും അനാചാരങ്ങളും ഇതെല്ലാം പരസ്പരം കലര്‍ത്തി മനസ്സിലാക്കാന്‍ ശ്രമിച്ച് ഒന്നിലും കൃത്യമായ ധാരണയിലെത്താന്‍ സാധിക്കാതെ വരുമ്പോഴാണ് താങ്കള്‍ സൂചിപ്പിച്ച സങ്കീര്‍ണത ഈ വിഷയത്തിലുണ്ടാകുന്നത് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ചിന്തകള്‍ പങ്കുവെച്ചതിന് നന്ദി.

CKLatheef പറഞ്ഞു...

@കാക്കര - kaakkara

ഈ കമന്റ് ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു. ധാര്‍മികത ആരുടെയും കുത്തകയൊന്നുമല്ല. വിശ്വാസികള്‍ കുത്തക അവകാശപ്പെടുന്നുമില്ല. പക്ഷെ ധാര്‍മികത ഒരു തമാശയായികാണാനാണ് പലപ്പോഴും ദൈവനിഷേധികള്‍ ശ്രമിക്കുന്നത് എന്നതിനാല്‍ അവര്‍ ധാര്‍മികതയുടെ ശത്രുക്കളാണ് എന്ന ഒരു ധാരണ അത് സൃഷ്ടിക്കുന്നു. ഒരു ദൈവത്തില്‍ വിശ്വസിക്കുന്നത് കൊണ്ട് അയാള്‍ ചെയ്യുന്നതൊക്കെ ധാര്‍മികതയും മറ്റൊരാള്‍ ദൈവത്തെ നിഷേധിക്കുന്നതിനാല്‍ അദ്ദേഹം ചെയ്യുന്നതൊക്കെ അധാര്‍മികതയും എന്നില്ല. പലരും മതത്തിന്റെ പുറത്ത് കടക്കുന്നത് അധാര്‍മിക പ്രവൃത്തികള്‍ സൗകര്യപൂര്‍വം ചെയ്യാനാണ് എന്ന ഒരു വീക്ഷണവും അനുഭവവും വിശ്വാസികള്‍ പലര്‍ക്കുമുണ്ടെന്നതാണ് വാസ്തവം. താങ്കളുടെ കമന്റില്‍ ഒരു പ്രതിരോധത്തിന്റെ സ്വരമുണ്ട്. ദൈവനിഷേധികളെ സംബന്ധിച്ചിടത്തോളം ഇക്കാര്യത്തില്‍
ഇത് വലിയൊരു വിജയമാണ്.

CKLatheef പറഞ്ഞു...

@പള്ളിക്കുളം..

ആദ്യത്തെ ഏതാനും കമന്റുകള്‍ പോസ്റ്റിന്റെ തന്നെ ഭാഗമായി കാണേണ്ടതാണ്. തീര്‍ചയായും ദൈവത്തിന് ഉയര്‍ത്താന്‍ കഴിയാത്ത കല്ലുമായി ഇവിടെയും ചിലര്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു. ചര്‍ചക്കുപകരിക്കാത്ത പരിഹാസവുമായി മാത്രം വരുന്ന ചില കൂതറ ദൈവനിഷേധികളെ നീക്കം ചെയ്യേണ്ടി വന്നേക്കാം. ക്ഷമിക്കുക.

CKLatheef പറഞ്ഞു...

@ചിന്തകന്‍

പിന്തുടരപ്പെടേണ്ടുന്ന ചില ധാര്‍മികനിയമങ്ങളുണ്ട് എന്ന തത്വത്തിലേക്ക് വന്നുകഴിഞ്ഞാല്‍ ആരായിരിക്കണം ആ ധാര്‍മികനിയമങ്ങള്‍ നല്‍കേണ്ടത് എന്ന ചോദ്യം തുടര്‍ന്ന് വരും. ഓരോരുത്തരും അവര്‍ക്ക് തോന്നുന്നതാണോ ധാര്‍മികനിയമത്തിന്റെ അടിസ്ഥാനം അതല്ല നാട്ടില്‍ പൊതുവായി നിലനില്‍ക്കുന്നതോ. അതല്ല പുരോഹിതരുടെ നിയമമോ. വേദഗ്രന്ഥങ്ങള്‍ നല്‍കുന്നതോ. ചര്‍ചയര്‍ഹിക്കുന്ന ഒരു ഭാഗമാണത്. ഏതായാലും ഒന്നുറപ്പ്. സമഗ്രമായ ഒരു ദര്‍ശനത്തിന് അതിന്റെ ധാര്‍മികനിയമങ്ങള്‍ മാത്രം ആളുകളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വിട്ടുകൊടുക്കാന്‍ കഴിയില്ല.

ചിന്തകന്‍ , ചര്‍ചയില്‍ പങ്കെടുത്ത് മറുപടി നല്‍കിയതിന് നന്ദി.

ക്ഷമ പറഞ്ഞു...

എം. ഏ. ബക്കര്‍, ധാര്‍മ്മികത എന്നത് തികച്ചും ലളിതമായ സംഗതിയാണ്. ഒരു മനുഷ്യന് തന്റെ സഹജീവിയോടു ഏറ്റവും മാന്യമായി പെരുമാറുവാന്‍ പ്രേരകമാകുന്ന കാര്യമാണ് ധാര്‍മ്മികത. അതിനു നിങ്ങള്‍ പറയുന്നപോലെയുള്ള വ്യക്തിപരമായ "ഭാര"മിറക്കി വയ്ക്കല്‍ എങ്ങനെയാണ് വരിക എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല.

നിങ്ങള്‍ പറയുന്നപോലെ ഇതൊന്നും പരിശീലിപ്പിക്കാതെ തന്നെ മനുഷ്യനില്‍ അന്തര്‍ലീനമാണു എങ്കില്‍ ദൈവത്തില്‍ വിശ്വസ്സിക്കാത്ത വ്യക്തികളും അവരുടെ ധാര്‍മ്മികത പ്രകടിപ്പിക്കേണ്ടിവരുന്ന സന്ദര്‍ഭത്തില്‍ തീര്‍ച്ചയായും അത് പ്രകടിപ്പിക്കുക തന്നെ ചെയ്യും.

ചിന്തകന്‍, നിങ്ങള്‍ സൂചിപ്പിച്ച മദ്യം, മയക്കുമരുന്നു, പലിശ, ചൂതാട്ടം,വ്യഭിചാരം, ഊഹക്കച്ചവടം ഇങ്ങനെ നിരവധി കാര്യങ്ങളില്‍ വ്യക്തമായ നിരോധവും അനാഥ/അഗതി സംരഷണം, വരുമാനത്തിന്റെ ഒരു ഭാഗം നിര്‍ബന്ധപൂര്‍വ്വം മറ്റുള്ളവര്‍ക്ക് അവകാശമായി നിശ്ചയിക്കല്‍, മാതാ പിതാക്കളോടും കുടുംബത്തോടും സമൂഹത്തോടും രാഷ്ട്രത്തോടുമുള്ള ബാധ്യതകള്‍ തുങ്ങിയവയെല്ലാം ഇസ്ലാം മാത്രമല്ല എല്ലാ മതങ്ങളും അതാതു മതവിശ്വാസ്സികളെ പഠിപ്പിക്കുന്ന കാര്യങ്ങള്‍ ആണ്.

മുസ്ലീംങ്ങള്‍ മദ്യം ഉപയോഗിക്കാത്തതു അവരുടെ വിശ്വാസത്തിന്റെ ഭാഗമായാണ് എങ്കിലും വിശ്വാസികള്‍ ആയ എല്ലാ മുസ്ലിങ്ങളും അങ്ങനെയാണ് എന്ന് എങ്ങനെ പറയാനാകും? കഴിഞ്ഞ ഓണക്കാലത്ത് കേരളത്തിലെ ബീവറേജസ് കോര്പരേഷന്‍ എറ്റവും കൂടുതല്‍ മദ്യം വിറ്റഴിച്ച വില്‍പ്പനശാലകള്‍ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, വവ്വാക്കാവ്, ഓച്ചിറ എന്നിവിടങ്ങളാണ്. ഈ സ്ഥലങ്ങള്‍ എല്ലാം തന്നെ കേവലം 10 കിലോമീറ്ററിനുള്ളില്‍ തന്നെയുള്ള ഭൂരിപക്ഷവും മുസ്ലിം സമുദായാംഗങ്ങള്‍ ഉള്ള പ്രദേശങ്ങള്‍ ആണ്. തീര്‍ച്ചയായും ഈ കച്ചവടത്തിന്റെ ഒരു പങ്കു നല്‍കിയത് ഇവരുമാകാം. തെക്കന്‍ കേരളത്തിലെ ഏറ്റവും മനോഹരമായ മുസ്ലിം പള്ളികളില്‍ ഒന്ന് സ്ഥിതിചെയ്യുന്നത് കരുനാഗപ്പള്ളിയില്‍ ആണ്.

സ്വന്തം വരുമാനത്തിന്റെ നിശ്ചിത ശതമാനം അവന്‍ അനാഥകള്‍ക്കും അഗതികള്‍ക്കും പാവപെട്ടവര്‍ക്കുമായി നീക്കിവച്ചിട്ടു അതിനു മറ്റുള്ളവരുടെ മുന്നില്‍ കണക്കു സൂക്ഷിക്കുന്നു എങ്കില്‍ അതില്‍ എന്ത് പുണ്യമാണ് ഉള്ളത്? ചില മതവിശ്വാസികളെ അവരുടെ മതം പഠിപ്പിക്കുന്നത്‌ നിങ്ങള്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും സഹായം ചെയ്യുന്നു എങ്കില്‍ അതിനു മനുഷ്യരുടെ മുന്നില്‍ കണക്കു പറയരുത് എന്നാണു. യുക്തിവാദിയോ നിരീശ്വരവാദികളോ ഒരിക്കലും ഇങ്ങനെയൊരു പ്രവൃത്തി ചെയ്യുന്നതായി ഇത് വരെ ഒരു കണക്കും ആരും സമര്‍പ്പിച്ചിട്ടില്ല എന്നതുകൊണ്ട്‌ അവരാരും ഇതൊന്നും ചെയ്യില്ല എന്ന് എങ്ങനെ തീരുമാനിക്കാനാകും?.

ലത്തീഫ്, ധാര്‍മികബോധവും ധാര്‍മികതയും പരസ്പരപൂരകങ്ങള്‍ ആണ്. ഒരു മനുഷ്യന്റെ ഉള്ളിലെ ധാര്‍മ്മികബോധമാണ് അവന്റെ പ്രവൃത്തികളിലെ ധാര്‍മ്മികതയായി പുറത്ത് വരുന്നത്. സദാചാരമൂല്യങ്ങള്‍ എന്നത് മതവിശ്വാസം എന്നതിലുപരിയായി ഓരോ സമൂഹത്തിന്റെയും സംസ്കാരവുമായോ ജീവിതശൈലിയുമായോ കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ഞാന്‍കരുതുന്നത്.

CKLatheef പറഞ്ഞു...

@ക്ഷമ

ഇവിടെ ഇസ്‌ലാമിന്റെ പക്ഷത്ത് നിന്ന് ചില കാര്യങ്ങള്‍ പറയുന്നു എന്ന് വെച്ചാല്‍ മറ്റെല്ലാ സാധ്യതതളേയും നിഷേധിക്കുന്നു എന്നര്‍ഥമില്ല. ധാര്‍മികബോധത്തില്‍ നിന്നാണ് ധാര്‍മികതയുണ്ടാകുന്നത്. ധാര്‍മികബോധം ധാര്‍മികത വളരാനുള്ള മണ്ണാണ്. ഇസ്‌ലാമിന്റെ പേര്‍ സ്വീകരിച്ചവരില്‍നിന്നെല്ലാം ധാര്‍മികത പ്രതീക്ഷിക്കരുത്. പറഞ്ഞുവരുന്നത്. ഇസ്‌ലാമിന് ഇക്കാര്യത്തില്‍ വളരെ വ്യക്തവും കൃത്യവുമായ കാഴ്ചപ്പാടുകളുണ്ടെന്നും തത്വങ്ങളും നിയമങ്ങളുമുണ്ടെന്നുമാണ്. അവ യഥാവിധി പാലിക്കാന്‍ ശ്രമിച്ചാല്‍ അദ്ദേഹം സമൂഹത്തിലെ ഏറ്റവും ബഹുമാന്യനും നല്ലവനും ധാര്‍മികനും ആകും എന്ന് മാത്രമാണ്. മറ്റുമതങ്ങളില്‍ അത്തരം നിയമങ്ങളില്ലെന്ന് ഇവിടെ ആരും വാദിച്ചിട്ടില്ല. മാത്രമല്ല വൈദികദര്‍ശനങ്ങളില്‍നിന്നാണ് ധാര്‍മികമൂല്യങ്ങളുടെ ഉല്‍ഭവം എന്ന് ഞാന്‍ പോസ്റ്റില്‍ തന്നെ സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

CKLatheef പറഞ്ഞു...

സാന്നിദ്ധ്യമറിയിച്ച വിചാരം, മുഹമ്മദ് ഷാന്‍ , ബീമാപള്ളി തുടങ്ങി... ചര്‍ചയില്‍ പങ്കെടുക്കുന്നില്ലെങ്കിലും വായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വായനക്കാര്‍ എല്ലാവര്‍ക്കും നന്ദി

Unknown പറഞ്ഞു...

@ചിന്തകന്‍
ചെറിയൊരു തിരുത്ത്
പലമതങ്ങള്‍ക്കും പലപല അനാചാരങ്ങള്‍ ഉണ്ടാവാം എന്ന് പറയുമ്പോള്‍ ഞാന്‍ ഉദ്ദേശിച്ചത് പലപലമതങ്ങളുടെയും കണ്ണില്‍ പലപല കാര്യങ്ങള്‍ അനാചാരം ആണ് എന്നാണ്. മദ്യപാനത്തെയോ മദ്യനിരോധനത്തെയൊ അനാചാരമായി ഞാന്‍ കാണുന്നില്ലെന്നുകൂടി പറയട്ടെ.

ചിന്തകന്‍ പറഞ്ഞു...

@ക്ഷമ
എല്ലാ മതങ്ങളും പഠിപ്പിക്കുന്നു എന്ന് ‘ക്ഷമ‘ പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് എനിക്കറിയില്ല. മറ്റുള്ള മതങ്ങള്‍ എന്താണ് പഠിപ്പിക്കുന്നതെന്ന് അവരവര്‍ തന്നെ പറയട്ടെ. ക്ഷമ ഈ ചര്‍ച്ചയില്‍ ഏതിനെയാണോ പ്രതിനിധീകരിക്കുന്നത് അത് മാത്രം അവതരിപ്പിക്കുന്നതായിരിക്കും ഉചിതം എന്ന് തോന്നുന്നു.

ഈ ചര്‍ച്ചയുടെ വിഷയം മതങ്ങള്‍ തമ്മിലുള്ള വിശകലനവുമല്ല. ധര്‍മ്മികതക്ക് വിശ്വാസം ആവശ്യമുണ്ടോ എന്നതാണിവിടെ വിഷയം. ഞാന്‍ എന്റെ വിശ്വാസത്തിന്റെ പരിധിയില്‍ നിന്നാണ് അതിനെ വിലയിരുത്താന്‍ ശ്രമിക്കുന്നത്/അത് മാത്രമേ എനിക്ക് സാധിക്കുകയുള്ളൂ. ഇക്കാര്യത്തില്‍, എല്ലാ വിശ്വാസങ്ങളുടെയും മൊത്താവകാശം ഏറ്റെടുക്കുന്നതില്‍ എന്നെ സംബന്ധിച്ച് പരിമിതികളുണ്ട്. ഓരോരുത്തരുടെയും വിശ്വാസത്തിലെ ധാര്‍മ്മികത സംബന്ധിച്ച വിവരങ്ങള്‍ അവര്‍ തന്നെ അവതരിപ്പിക്കട്ടെ എന്നുള്ളതാണ് എന്റെ നിലപാട്.

ഇവിടെ വ്യക്തിതലത്തിലല്ല കാര്യങ്ങള്‍ വിലയിരുത്തുന്നതെന്ന് ലത്തീഫ് വ്യക്തമാക്കി കഴിഞ്ഞു. ഒരു കാര്യം എനിക്ക് പറയാന്‍ കഴിയും; മറ്റു സമൂഹങ്ങളെ അപേക്ഷിച്ച് മുസ്ലീങ്ങളില്‍ മഹാ ഭൂരിപക്ഷവും മദ്യം ഉപയോഗിക്കാത്തവര്‍ തന്നെയാണ്.

മറ്റുള്ളവരുടെ മുന്നില്‍ കണക്കു അവതരിപ്പിക്കുന്നതിനെ കുറിച്ച് ഞാന്‍ ഒന്നും പറഞ്ഞില്ല.
യുക്തിവാദികള്‍ക്കോ/നിരീശ്വരവാദികള്‍ക്കോ നിര്‍ബന്ധ ദാനം എന്ന ഒരു നിയമം ഉണ്ടോ എന്നത് ഞാന്‍ ഇത് വരെ കേട്ടിട്ടില്ല.

സത്യത്തില്‍ താങ്കള്‍ എന്തിനെയാണ് പ്രതിനിധീകരിക്കുന്നത് എന്ന് എനിക്ക് മനസ്സിലായില്ല.
വിശ്വാസത്തെയാണോ/അവിശ്വാസത്തെയോ/അതോ രണ്ടുമല്ലാത്തതിനേയോ ?

ഷൈജൻ കാക്കര പറഞ്ഞു...

ലത്തീഫ്... എന്റെ ഭാഷയിൽ മിതത്വമുണ്ട്‌ പക്ഷെ അത്‌ പ്രതിരോധത്തിന്റെയല്ല.

അരുൺ പറഞ്ഞപോലെ “ധാർമികത ജന്മനാ ലഭിക്കുന്ന ഗുണമല്ല, അത്‌ വളർത്തിയെടുക്കുന്ന ഗുണമാണ്‌” ഇങ്ങനെ വളർത്തിയെടുക്കുന്നതിന്‌ ചിലർക്ക്‌ ദൈവവിശ്വസം ഒരു കൈതാങ്ങാവുന്നു എന്നതാണ്‌ എന്റെ അഭിപ്രായം. കൂടാതെ ജനറ്റിക് ആയി “വല്ലതും” കിട്ടുന്നുണ്ടെങ്ങിൽ അത്‌ മാത്രമെ ജന്മസിദ്ധമാണ്‌ എന്ന ഗണത്തിൽ ഉൾപ്പെടുത്തുവാൻ നിർവാഹമുള്ളു.

മതത്തിന്റെ പുറത്ത്‌ കടക്കുന്നത്‌ തന്നെ അധാർമികത സൗകര്യമായി ചെയുന്നതിനാണ്‌ എന്നൊക്കെ പറയുന്നതിന്‌ യാതൊരു യുക്തിയുമില്ല. അധാർമികത ചെയ്യുന്നവർ മതത്തിന്‌ പുറത്ത്‌ പോകുന്നുണ്ടാകും പക്ഷെ “അധാർമികത ചെയ്യാനായി” ആരും മതത്തിന്‌ പുറത്ത്‌ പോകുന്നില്ല. ഇനി ഇവർ മതത്തിന്‌ പുറത്ത്‌ പോയാലും ഇവർക്ക്‌ ദൈവമുണ്ട്‌, അത്‌ ഇവിടെ പ്രത്യേകം ശ്രദ്ധിക്കുക. അതിനാൽ തന്നെ ഇവർ ദൈവനിഷേധികളല്ല, മത നിഷേധികൾ മാത്രം.

പിന്നെ എന്റെ കമന്റ് പ്രത്യേകം ശ്രദ്ധിച്ചതിൽ നന്ദിയുണ്ട്‌ കാരണം ഇതേ കമന്റ് ബ്രൈറ്റിന്റെ പോസ്റ്റിൽ ആരും കണ്ടഭാവം നടിച്ചില്ല (സ്മൈൽ പ്ലീസ്).

വിചാരം പറഞ്ഞു...

:)

വിചാരം പറഞ്ഞു...

പോസ്റ്റില്‍ കാര്യമായതൊന്നും ഇല്ലാത്തതിനാല്‍ ഇവിടെയുള്ള കമന്റുകള്‍ക്ക് മറുപടി പറയുന്നതാണ് ഉചിതമെന്ന് തോന്നുന്നു.
ചിന്തകന്റെ ഈ വരികള്‍ക്ക് “മുസ്ലീംങ്ങള്‍ മദ്യം(യുക്തിവാദ ചിന്താഗതിയുള്ളവരെ ഉദ്ദേശിച്ചിട്ടില്ല) ഉപയോഗിക്കാത്തതും “ ഒരു മറുപടി
ഞാന്‍ പൊന്നാനിക്കാരനാണ് ചിന്തകനറിയാലോ എന്റെ നാട്ടിലെ മുസ്ലിംങ്ങളില്‍ 99 ശതമാനം പേരും വിശ്വാസികളാണ് ഇവരില്‍ ഒട്ടുമിക്ക ആളുകളും വൈകിട്ട് യാതൊരു മടിയും ഉളുപ്പും ഇല്ലാതെ ബീവറേജ് കോര്‍പറേഷന്റെ മുന്‍പില്‍ ക്യൂ നില്‍ക്കുന്നത് നിത്യ കാഴ്ച്ചയാണ് ഇവര്‍ തന്നെയാണ് വെള്ളിയാഴ്ച്ച മാത്രം ജുമ‌അയ്ക്ക് പോകുന്നതും എന്റെ നാട്ടില്‍ വരികയാണെങ്കില്‍ ഞാന്‍ നേരിട്ട് കാണിച്ചു തരാം ഇതൊക്കെ .. കഴിഞ്ഞ ന്യൂയര്‍ ഡേയ്ക്ക് കേരളത്തില്‍ ഏറ്റവുമധികം മദ്യം വില്പന നടന്നത് പൊന്നാനിയിലാണന്നതും ഒരു സത്യം .. 12 മാസത്തില്‍ ഒരു മാസം മാത്രമേ ഇവിടെ വില്പന കുറവുണ്ടാവാറൊള്ളൂ അത് റംസാനില്‍ മാത്രം . എന്റെ ചങ്ങാതിമാരില്‍ മദ്യം ഉപയോഗിക്കാത്തത് യുക്തിവാദിയായ ഞാന്‍ മാത്രമാണ് ഒരു മുസ്ലിം കുടുംബത്തില്‍ പെട്ടതുകൊണ്ടല്ല ഞാന്‍ മദ്യം കഴിക്കാത്തത്, എന്റെ ശരീരത്ത്തിനത് ആവശ്യമില്ലാന്ന് മനസ്സിലായത് കൊണ്ടാണ്, എന്റെ പരിചയത്തില്‍ ഒട്ടുമിക്ക യുക്തിവാദികളും മദ്യം ഉപയോഗിക്കുന്നവരല്ല, ഉപയോഗിക്കുന്നവരും ഉണ്ട് .. ചിന്തകാ ഇന്നൊക്കെ മദ്യം കുടിയ്ക്കുന്നതും മറ്റും ചെയ്യുന്നതൊന്നും മതത്തിന്റെ കാര്യങ്ങള്‍ നോക്കിയല്ല അതൊക്കെ കാലഘട്ടത്തിന്റെ യുക്തികനുസരിച്ചാണ് ഒരുപക്ഷെ ചിന്തകനെ പോലെ സത്യസന്ധരായ ചിലരൊക്കെ വിശ്വാസത്തിലധിഷ്ടിതമായി ജീവിതം നയിക്കുന്നുണ്ടാവാം എന്നാല്‍ എല്ലാ മുസ്ലിംങ്ങളും അങ്ങനെയല്ല അങ്ങനെ ആവാനും അവര്‍ക്ക് ആവില്ല, ഒരുപക്ഷെ ഒരു വാദത്തിന് വേണ്ടി ഇവിടെയുള്ള മുസ്ലിം നാമധാരികള്‍ സമ്മതിച്ചെന്ന് വരില്ല യാഥാര്‍ത്ഥ്യം എന്തന്ന് അവര്‍ക്കറിയാം , മുസ്ലിംങ്ങള്‍ മദ്യപ്പിയ്ക്കുന്നത് ഇസ്ലാമിന്റെ കുഴപ്പം കൊണ്ടാണന്നൊന്നും ഞാന്‍ പറയില്ല.

ഈ വരികള്‍ക്കുള്ള മറുപടി:-

തന്റെ വിശ്വാസത്തിന്റെ ഭാഗമായി വരുമാനത്തിന്റെ ഒരു നിശ്ചിത ശതമാനം അവന്‍ അനാഥകള്‍ക്കും അഗതികള്‍ക്കും പാവപെട്ടവര്‍ക്കുമായി നീക്കിവെക്കുന്നു. എന്നാല്‍ യുക്തിവാദിയോ നിരീശ്വരവാദികളോ ഒരിക്കലും ഇങ്ങനെയൊരു പ്രവൃത്തി ചെയ്യുന്നതായി ഇത് വരെ ഒരു കണക്കും ആരും സമര്‍പ്പിച്ചിട്ടില്ല.

ഈ പട്ടിണിയും പരിവട്ടവും വര്‍ഷത്തില്‍ ഒരു മാസം മാത്രമേ ഒള്ളൂ ചിന്തകാ .. മാഷേ ഇങ്ങനെ കൊടുക്കുന്നത് തന്നെ അമിതമായ അന്ധമായ ദൈവ വിശ്വാസത്താലാണ്,

വിചാരം പറഞ്ഞു...

1) റംസാന്‍ മാസത്തില്‍ അതും ഈരുപ്പത്തി ഏഴാരാവില്‍ സക്കാത്ത് കൊടുത്താല്‍ സ്വര്‍ഗ്ഗത്തിന്റെ അവകാശിയാവും 2) ഒരു പുണ്യ കര്‍മ്മത്തിന് 70,000 പ്രതിഫലം കിട്ടുമെന്ന തികച്ചും അന്ധമായ വിശ്വാസം. ഇങ്ങനെയൊരു നിബന്ധന ഇസ്ലാമില്‍ ഇല്ലായിരുന്നെങ്കില്‍ ചിന്തകന്‍ പോലും അഞ്ചു പൈസ പാവങ്ങള്‍ക്ക് നല്‍കില്ല.
ചിന്തകാ നിങ്ങള്‍ക്ക് തെറ്റി അല്ലെങ്കില്‍ ലോകത്തെ ഇസ്ലാമിന്റെ കാഴ്ച്ചപ്പാടിലല്ലാതെ മറ്റൊരു വീക്ഷണ കോണിലൂടെയും താങ്കള്‍ കാണാത്തതുകൊണ്ടാണ് മുകളിലെ പ്രസ്താവന .. കുവൈറ്റിലാണല്ലോ ചിന്തകനുള്ളത് അവിടെ സാന്ത്വനം എന്ന സംഘടന പ്രവര്‍ത്തിയ്ക്കുന്നത് ചിന്തകനറിയാലോ ? ഈ സംഘടന എല്ലാ മാസത്തിലും മൂന്ന് ലക്ഷത്തില്‍ കുറയാത്ത സംഖ്യ കേരളത്തിലേയും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേയും പാവങ്ങള്‍ക്ക് 5000 ല്‍ കുറയാത്ത പണം അയക്കുന്നുണ്ട് ഇതിന്റെ ഉന്നതിയില്‍ പ്രവര്‍ത്തിയ്ക്കുന്നവരില്‍ ഭൂരിപക്ഷവും യുക്തിവാദികളും കമ്യൂണിസ്റ്റുക്കാരുമാണ് അതുപോലെ എല്ലാ മത വിഭാഗങ്ങളും ഉണ്ട് ..ഒരു മാസത്തില്‍ ഒരു വ്യക്തി ഒരു ദിനാര്‍ (ഞാന്‍ ഇവിടെ സെറ്റില്‍ ചെയ്തിട്ട് ആറുമാസമായി ഈ മാസവും എന്റെ ഒരു ദിനാര്‍ അവര്‍ക്ക് കിട്ടിയിട്ടുണ്ടാവും) പണം കൊടുക്കുന്നവര്‍ എല്ലാ ജാതി,മത വിഭാഗത്തില്‍ നിന്നുമുള്ളവരും ഉണ്ട് , ആറു മാസം മുന്‍പ് സാന്ത്വനം എന്ന സംഘടന ഒരു കൂടി രൂപ പാവങ്ങള്‍ക്ക് അയച്ചു കൊടുത്തു കഴിഞ്ഞു,ഞങ്ങള്‍ ഇങ്ങനെയുന്നത് മരിച്ചാല്‍ സ്വര്‍ഗ്ഗത്തില്‍ കയറുമെന്നും അവിടെ എല്ലാം കിട്ടുമെന്നും ഒന്നും കരുതിയല്ല ആ വാഗ്ദാനങ്ങളില്‍ മോഹിതരല്ല ഞങ്ങള്‍ അത്രയ്ക്ക് മണ്ടന്മാരല്ല .
ചിന്തകാ എല്ലാ മനുഷ്യര്‍ക്കും വിശപ്പും ദാഹവും പട്ടിണിയും പരിവട്ടവും എപ്പോഴും ഉണ്ട് അതൊരു വര്‍ഷത്തില്‍ ഒരു മാസമല്ല. പിന്നെ ഞങ്ങള്‍ ചത്താല്‍ ഞങ്ങടെ ശരീരം മെഡിക്കല്‍ കോളേജിന് നല്‍കുന്നു, അങ്ങനെ നല്‍കിയാല്‍ അത് കീറി മുറിച്ച് പരിശോധിച്ച് വിദഗദരായ ഡോക്ടര്‍മാര്‍ ഉണ്ടായാല്‍ അതിന്റെ ഗുണം അനുഭവിയ്ക്കുന്നത് കേവലം യുക്തിവാദികള്‍ മാത്രമല്ല എല്ലാ മനുഷ്യരുമാണ് ..ഇത്രയും വിശാലമായി ചിന്തിയ്ക്കുന്നവര്‍ യുക്തിവാദികള്‍ മാത്രമേ ഒള്ളൂ ഏതൊരു മതവിശ്വാസിയ്ക്കും അവന്റെ ശവം എങ്ങനെ സംസ്ക്കരിക്കണമെന്ന് നിഷ്കര്‍ശതയുണ്ട് എന്നാല്‍ യുക്തിവാദികള്‍ അവരുടെ ശരീരം പോലും പൊതുജന നന്മയ്ക്ക് സമര്‍പ്പിയ്ക്കുന്നു
ജയ് ഹിന്ദ്

വിചാരം പറഞ്ഞു...

ചിന്തകന്റെ ഈ വരികള്‍ക്ക്
“അരുണ്‍
നരബോജിയായ ഒരു ദൈവ വിശ്വാസികുറിച്ച് നമ്മള്‍ കെട്ടുകഥകളില്‍ പോലും വായിച്ചതായറിയില്ല. സാങ്കല്പികമായ കാര്യങ്ങള്‍ക്ക് പകരം കുറച്ച് കൂടി യാഥാര്‍ത്യങ്ങള്‍ അടങ്ങിയ കാര്യങ്ങള്‍ ഉദാഹരിക്കുന്നതല്ലേ ഉചിതം.
ചിന്തകാ .. നിങ്ങടെ മുഹമദിന്റെ ഗോത്രവര്‍ഗ്ഗം പോലെതന്നെ കാട്ടിലും മായന്‍ സംസ്ക്കാരത്തിലുമൊക്കെ വ്യത്യസ്ഥ ദൈവ സങ്കല്പങ്ങളായിരിന്നു, ഒരു ഗോത്രത്തിന്റെ ദൈവ വിശ്വാസങ്ങളല്ല മറ്റു ഗോത്രങ്ങള്‍ക്കുള്ളത് അതുകൊണ്ട് തന്നെ ദൈവീകമായി വ്യത്യസ്ഥത പുലര്‍ത്തുന്ന ഗോത്രങ്ങളിലെ മനുഷ്യരും തികച്ചും വ്യത്യസ്ത ചിന്തകരായിരിന്നു, ശക്തമായ ഗോത്ര വര്‍ഗ്ഗം മറ്റു ഗോത്രങ്ങളിലെ മനുഷ്യരെ കീഴടക്കി തങ്ങളുടെ ദൈവത്തിന് പ്രീതിപ്പെടുത്തും.. അവരുടെ ദൈവത്തിന്റെ മുന്‍പില്‍ വെച്ച് മറ്റു ഗോത്രത്തിലെ മനുഷ്യരുടെ ഹൃദയം ചൂഴ്ന്നെടുത്ത് പച്ചയോടെ തിന്നും .. (തിന്നുന്നത് വെളിച്ചപ്പാട് ആയിരിക്കും) ദൈവത്തിന്റെ പ്രതിനിധി. ഇതൊന്നും കെട്ടുകഥകളല്ല ചിന്തകാ ഇതല്ലാം ഒരു കാലത്തുണ്ടായ സത്യങ്ങളാണ്.

Abdul Azeez Vengara പറഞ്ഞു...

>>>(ഞാന്‍ ഇവിടെ സെറ്റില്‍ ചെയ്തിട്ട് ആറുമാസമായി ഈ മാസവും എന്റെ ഒരു ദിനാര്‍ അവര്‍ക്ക് കിട്ടിയിട്ടുണ്ടാവും)<<<

നിർബന്ധ ദാനമല്ലാത്ത ദാനം ഇടത് കൈ കൊടുക്കുന്നത് വലതു കൈ അറിയരുത്.

വിചാരം പറഞ്ഞു...

അസീസ് ഭായ് ..

നിർബന്ധ ദാനമല്ലാത്ത ദാനം ഇടത് കൈ കൊടുക്കുന്നത് വലതു കൈ അറിയരുത്.
ഇത് യുക്തിവാദികളായ ഞങ്ങള്‍ക്ക് ബാധിക്കുന്ന പ്രശ്നമല്ല എങ്കിലും ഇവിടെ അത് പറയാന്‍ എനിക്കിഷ്ടമല്ലായിരിന്നു പറയാനുള്ള സാഹചര്യം ചിന്തകന്‍ ഒരുക്കിയതുകൊണ്ട് അങ്ങനെ എഴുതേണ്ടി വന്നു. പിന്നെ അസീസ് നാട്ടിലായിരുന്നില്ലേ ജീവിച്ചത് ? ഒരു ഗ്ലാസ് വെള്ളം കൊടുക്കുന്നുണ്ടെങ്കില്‍ , മുസ്ലിം ലീഗ്,പിഡിപി.എന്‍.ഡി.എഫ്,എസ്കെ എസ് എസ് എഫും, സോളിഡാരിറ്റിയും, എസ് വൈ എസും എല്ലാ മത ജാതി സംഘടനകളും അത് വാങ്ങിക്കാന്‍ സാഹചര്യമുണ്ടായ പാവങ്ങളെ സ്റ്റേജില്‍ കയറ്റി പത്താളുകളുടെ മുന്‍പില്‍ അപമാനിക്കുമ്പോള്‍(ദരിദ്രനെന്ന ലേബല്‍ കുത്തിയ്ക്കുന്ന സമ്പ്രധായം)ഈ തത്വം എവിടെ പോയി എന്റെ അസീസേ ..

ചിന്തകന്‍ പറഞ്ഞു...

വിചാരം
പൊന്നാരിക്കാരില്‍ വിചാരവും ചില യുക്തിവാദികളും ഒഴിച്ച് ഭൂരിഭാഗം വരുന്ന വിശ്വാസികളും കുടിയന്മാരാണെന്ന വാദത്തിലെ സത്യ സന്ധത ബോധ്യപെടേണ്ടതുണ്ട്. മുസ്ലീങ്ങളില്‍ മദ്യപാനികളില്ല എന്നൊന്നും ഞാന്‍ എവിടെയും വാദിച്ചിട്ടില്ല. പൊന്നാനിക്കാരായ മുസ്ലീങ്ങളില്‍/ വിചാരത്തിന്റെ ചുറ്റുപാടുമുള്ളവരില്‍ വിചാരമൊഴിച്ച് മറ്റുള്ളവരെല്ലാം മുഴു കുടിയന്മാരാണെന്നാണ് വിചാരം പറയുന്നത്. എനിക്കും പൊന്നാനിനിക്കാരായ ചില സുഹൃത്തുക്കളുണ്ട് അവരാരും തന്നെ കുടിയന്മാരല്ല. സ്വന്തം നാട്ടുകാ‍രാ‍യ മുസ്ലീം വിശ്വാസികളില്‍ ഭൂരിപക്ഷവും കുടിയന്മാരാണെന്ന വിചാരത്തിന്റെ പ്രസ്താവനക്ക്, വിചാരത്തിന്റെ നാട്ടുകാരായ മറ്റുള്ള വിശ്വാസികള്‍ മറുപടി പറയട്ടെ.

ഈ പോസ്റ്റിലെ വിഷയം ധാര്‍മ്മികതയാണ് അതുസംബന്ധമായ ഒരുദാഹരണമായി മാത്രമേ മദ്യപാനത്തെ ഞാന്‍ സൂചിപ്പിച്ചിട്ടുള്ളു. അല്ലാതെ മുസ്ലീങ്ങളിലെ മദ്യപാനികളുടെ എണ്ണമല്ല. മറ്റുള്ളവരെ ഏതു സമുദായങ്ങളെ അപേക്ഷിച്ചും മുസ്ലീങ്ങളില്‍ മദ്യപാനം കുറവാണെന്ന് മാത്രമേ ഞാന്‍ പറഞ്ഞിട്ടുമുള്ളൂ.

ദൈവവിശ്വാസം ധാര്‍മ്മികതയിലേക്ക് നയിക്കുന്നുണ്ടോ എന്നതാണിവിടെ പ്രധാന വിഷയം. തീര്‍ച്ചായായും ഉണ്ട് എന്നതാണ് എന്റെ വാദഗതികളുടെ മൊത്തം ആശയം. ദൈവമേ അന്ധവിശ്വസമായി കരുതുന്ന, താന്‍ തന്നെയാണ് തന്റെ ദൈവവും എന്ന് കരുതുന്ന, ഒരു അന്ധയുക്തിവാദിയെ സംബന്ധിച്ചേടൊത്തോളം , സ്വര്‍ഗ്ഗ നരകങ്ങള്‍ അന്ധവിശ്വാസമായിരിക്കുമെന്നത് വിചാരം ഇടക്കുദ്ധരിച്ച് സമയം പാഴാക്കേണ്ടതില്ല.

ഇസ് ലാമിനെകുറിച്ചും, അതിലെ നിര്‍ബന്ധ ദാനവും, മറ്റു ദാന ധര്‍മ്മങ്ങളും എന്തെന്നും അത് കൊടുക്കേണ്ടത് എങ്ങനെ എന്നതിനെ കുറിച്ചും വിചാരത്തിനുള്ള അറിവ് കേട് വിശ്വാസികളുടെ മേല്‍ കെട്ടിയേല്പിക്കേണ്ടതില്ല. അതിവിടെ വിഷയമല്ലാത്തത് കൊണ്ടും പോസ്റ്റിലെ വിഷയത്തില്‍ നിന്നും ഒരു കാടുകയറ്റം ആഗ്രഹിക്കാത്തതും അതിനെ കുറിച്ച് ഇവിടെ വിവരിക്കുന്നില്ല.

ജനങ്ങളില്‍ നിന്ന് പിരിവ് നടത്തിയാണ് ഒരു കാര്യം ചെയ്യുന്നതെങ്കില്‍ അതിന്റെ കണക്കും ജനങ്ങള്‍ മുമ്പില്‍ അവതരിപ്പിക്കേണ്ടതുണ്ട്. വിചാരം സൂചിപിച്ച സാന്ത്വനം കുവൈത്തില്‍ പ്രവൃത്തിക്കുന്ന ഒരു ജീവകാരുണ്യ പ്രവര്‍ത്തകരുടെ ഒരു കൂട്ടായ്മായാണ്. അവരെ ഒരു നിലക്കും വിലകുറച്ച് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അവര്‍ കൃത്യമായി തന്നെ അവര്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കും മുമ്പില്‍ അവതരിപ്പിക്കുന്നുമുണ്ട്. അങ്ങനെയാണ് ചെയ്യേണ്ടതും. അതില്‍ എല്ലാ വിഭാഗം ആളുകളുമുണ്ട്. യുക്തിവാദികള്‍ക്കും നിരീ‍ശ്വരവാദികള്‍ക്കും മാത്രമായി അവകാശപെടാന്‍ മാത്രം ആ സംഘടനയില്‍ എന്തെങ്കിലും ഉണ്ട് എന്ന് ഞാന്‍ കരുതുന്നില്ല.

സംഘടിതമായി ചെയ്യുന്നത് ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കുന്നത് പ്രധാനമായും രണ്ട് ആവശ്യത്തിനാണ്
1) ജനങ്ങള്‍ മുമ്പില്‍ കണക്കുബോധിപ്പിക്കേണ്ടാതും അതുവഴി ആ സംഘത്തിന്റെ വിശ്വാസ്യത നിലനിര്‍ത്തേണ്ടതും സംഘത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ആവശ്യമാണ്
2) ഇത്തരം പ്രവര്‍ത്തനങ്ങളിലേക്ക് കൂടുതല്‍ ആളുകള്‍ക്ക് പ്രേരണയും പ്രോത്സാഹനവും നല്‍കേണ്ടതിന്.

ഈയൊരര്‍ത്ഥത്തില്‍ യുക്തിവാദികള്‍ക്ക്/നിരീശ്വരവാദികള്‍ക്ക് സ്വന്തമായി അവകാശപെടാനെന്താണുള്ളത് എന്നാണെന്റെ ചോദ്യം. പിന്നെ ശവം കൊടുക്കുന്നത് ഒരു ജീവകാരുണ്യ പ്രവര്‍ത്തനം ഒന്നുമല്ല. ഓരോ ശവം കൊടുക്കുന്നതിനും ജബ്ബാര്‍ ഓരോ പോസ്റ്റും ഇടാറുണ്ട് :). ഇതൊരു മാതൃകയാക്കേണ്ട കാര്യമായും തോന്നുന്നില്ല. എല്ലാവരും ശവം കൊടുക്കാന്‍ തുടങ്ങിയാല്‍ അതൊരു സാമൂഹ്യ പ്രശ്നമായി മാറും. ഏതായാലും എല്ലായുക്തിവാദികളും ഇങ്ങനെ കൊടുത്താല്‍ ശവറാക്കറ്റെങ്കിലും ഇല്ലാതാകും എന്നൊരു ഗുണമുണ്ട്.

എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തിപരമായ പൊങ്ങച്ഛം കാണിക്കുന്നതും(വിചാരം കൊടുക്കുന്ന ‘ഒരു‘ ദീനാറും അതില്‍ പെടും) ഞാന്‍ വലിയ കൊടുക്കുന്നവനാണെന്ന് കാണിക്കുന്നതും , അല്ലെങ്കില്‍ ഞാനും അതിലേക്കും കൊടുക്കുന്നുണ്ടെന്നും പറയുന്നതും അത്പത്തത്തിന്റെ ഭാഗമായി മാത്രമേ കാണാന്‍ കഴിയുകയുള്ളൂ.

നരഭോജനത്തെ സംബന്ധിച്ച് എന്റെ പ്രസ്താവന ഞാന്‍ പിന്‍ വലിച്ചതാണ്. ഏത് വിശ്വാസത്തിലാണോ അതുള്ളത് അവര്‍ അത് സംബന്ധമായി മറുപടി പറയട്ടെ.

CKLatheef പറഞ്ഞു...

പോസ്റ്റില്‍ കാര്യമായി യാതൊന്നുമില്ലെന്ന് പറഞ്ഞ് വിചാരം പോസ്റ്റുമായി ബന്ധമില്ലാത്ത വിഷയങ്ങളാണ് ഇവിടെ സംസാരിച്ചത്. ഡിലീറ്റ് ചെയ്താലോ എന്ന് വിചാരിച്ചതാണ്. പക്ഷെ മറുപക്ഷത്ത് നിന്ന് കാര്യമായ അഭിപ്രായം പറയാത്തതിനാല്‍ ഇവിടെ മറുപടിയില്ലാത്തതിനാല്‍ മൗനം പാലിക്കുന്ന വിദ്വാന്‍മാര്‍ അതൊരു തന്ത്രമായി സ്വീകരിക്കും. പക്ഷെ സമാനമായ തുടര്‍ കമന്റുകള്‍ ഒഴിവാക്കുക തന്നെ ചെയ്യും.

ചില പരീക്ഷണങ്ങള്‍ മുന്നില്‍ വെച്ച് ധാര്‍മികതക്ക് മതം വേണ്ട എന്ന തെറ്റായ ഒരു പ്രചരണത്തിന് ശ്രമിച്ചപ്പോഴാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടേണ്ടിവന്നത്. ധാര്‍മികതക്ക് മതം വേണ്ട എന്ന് പറയാന്‍ മാത്രമുള്ള ഒരു പരീക്ഷണമല്ല അതെന്നും പരമാവധി അതില്‍ നിന്നും ലഭിക്കുക. ധാര്‍മികബോധം എല്ലാമനുഷ്യനിലുമുണ്ടെന്ന് മാത്രമാണെന്നും അതാകട്ടെ ഖുര്‍ആന്‍ എടുത്ത് പറഞ്ഞതാണെന്നും ഞാന്‍ പോസ്റ്റിലൂടെ പറഞ്ഞ് കഴിഞ്ഞു. അതിനോട് വസ്തുതപരമായി വിയോജിക്കുകയോ അനുകൂലിക്കുകയോ ആകാം. ഇസ്‌ലാമിന്റെ പക്ഷത്ത് നിന്ന് എല്ലാവരും അതിനോട് യോചിച്ചു. അരുണ്‍ പറഞ്ഞതും ഞാന്‍ പറഞ്ഞതിനോട് അനുകൂലിക്കുന്ന തരത്തിലാണ്. അഥവാ ധാര്‍മികത വളര്‍ന്ന് വരുമ്പോള്‍ ഉണ്ടായിതീരുന്നതാണ് എന്നുതന്നെയാണല്ലോ ഞാന്‍ പറഞ്ഞത്. ധാര്‍മികബോധമാണ് മനുഷ്യനിലുള്ളത് അതുകൊണ്ടാണ് നല്ല ഒരു കാര്യം നല്ലതായി എല്ലാവര്‍ക്കും മതമുള്ളവനും ഇല്ലാത്തവനും തോന്നുന്നത്. ഒന്നരവയസുള്ള ഒരു കുട്ടിക്ക് പോലും ഒരാളെ സഹായിക്കാനുള്ള പ്രവണതയുണ്ട് എന്നാണ് സി.കെ.ബാബു പറയുന്നത്.

മനുഷ്യന് മതവിശ്വാസവും മതഗ്രന്ഥങ്ങളും യഥാര്‍ഥത്തില്‍ ആവശ്യമായി വരുന്നത് എന്താണ് ധാര്‍മികത എന്താണ് അധാര്‍മികത എന്ന് വ്യക്തമാകാനാണ്. അതിന് മറ്റൊരു വഴിയുമില്ല. ധാര്‍മികത എന്നത് ചില സഹായവും ദയയുംമൊക്കെ മാത്രമാണ് എന്ന് തെറ്റിദ്ധരിച്ചവര്‍ക്ക് അത് മതി. ബാക്കി അവര്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന ധാര്‍മിക അംഗീകരിക്കുകയും അതില്‍ വ്യക്തിപരമായ പ്രയാസം തോന്നുന്ന പക്ഷെ ധാര്‍മികതയുടെ കോളത്തില്‍ നിന്ന വെട്ടിക്കളയുകയും ചെയ്യും.

എന്നാല്‍ ധാര്‍മികമൂല്യങ്ങള്‍ക്ക് സ്ഥിരതയുണ്ടായാല്‍ മാത്രമേ. അവയെ സംരക്ഷിക്കാന്‍ സദാചാരനിയമങ്ങളുണ്ടാക്കാന്‍ കഴിയൂ. അത്തരം കര്‍ക്കഷമായ സദാചാര ധാര്‍മിക നിയമങ്ങളിലൂടെ മാത്രമേ സൂരക്ഷിതമായ ക്ഷേമപൂര്‍ണമായ ഒരു സമൂഹവും രാജ്യവും നിലവില്‍ വരൂ. ഇതാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. ഇവിടെ വിചാരം നല്‍കിയ കാര്യങ്ങള്‍ ചിന്തകന്‍ സൂചിപ്പിച്ചപോലെ അതിശയോക്തി കലര്‍ന്നതാണെങ്കില്‍ പോലും വ്യക്തമാക്കുന്നത് മതത്തിന്റെ ധാര്‍മികത അംഗീകരിച്ചില്ലെങ്കില്‍ അയാള്‍ അധാര്‍മികനാകും എന്നാണല്ലോ.

സദാചാരലംഘനം സാര്‍വത്രികമായ എന്നാല്‍ നല്ലധാര്‍മികബോധമുള്ള ഗോത്രവര്‍ഗങ്ങളുടെ ഇടക്കാണ് പ്രവാചകന്‍ വന്നത് എന്നത് അനിഷേധ്യമാണ്. പ്രവാചകന്‍ അത് തുടരുകയായിരുന്നില്ല. കൃത്യമായ ധാര്‍മികവ്യവസ്ഥ നല്‍ക്കുകയും സാദാചാരം പഠിപ്പിക്കുകയും ചെയ്തുകൊണ്ട് അവരെ അന്നത്തെ ലോകത്തെ ഏറ്റവും സംസ്‌കാരവും ധാര്‍മികതയുമുള്ള ഒരു ലോകൈക സമൂഹമാക്കി പരിവര്‍ത്തിപ്പിച്ചെടുത്തു. അതറിയണമെങ്കില്‍ ഇസ്‌ലാമിനും മുമ്പും ശേഷവുമുള്ള അറേബ്യയുടെ ചരിത്രം വായിച്ചാല്‍ മതി.

CKLatheef പറഞ്ഞു...

ഇതിലെ ചര്‍ച അവസാനിപ്പിക്കാറായി എന്ന് തോന്നുന്നു. ഈ വിഷയത്തിന്റെ മറ്റൊരു വശത്തെക്കുറിച്ച് അല്‍പം കൂടി പറയാനുണ്ട്. പിന്നെ ഓര്‍ക്കേണ്ട ഒരു വസ്തുത. ധാര്‍മികതക്ക് ദൈവവിശ്വാസം വേണ്ട എന്ന വാദം പുതിയതായതിനാല്‍ ഇതിനെതിരെയുള്ള വാദത്തിലും അല്‍പം പുതുമ കാണും. മതത്തിന്റെ കല്‍പനകള്‍ പാലിച്ച് ജീവിതം ചിട്ടപ്പെടുത്തുന്നവര്‍ക്ക് ഇത്തരം ഒരു ചര്‍ചയുടെ ആവശ്യമില്ല. അതുകൊണ്ടുതന്നെ പുതിയവാദങ്ങള്‍ക്കുള്ള മറുപടി റെഡിമെയ്ഡായി ലഭിക്കുകയുമില്ല. എന്നാല്‍ മറുപടിക്കാവശ്യമായ എല്ലാം വിശുദ്ധഗ്രന്ഥത്തില്‍ ധാരാളമായി ഉണ്ട് താനും. അതിനാല്‍ ഈ പറയുന്നതിന്റെ മറ്റൊരു രൂപത്തിലുള്ള അവരതണവും സാധ്യമാണ്.

ചില കാര്യങ്ങളെ ഞാന്‍ ചില കോളങ്ങളിലേക്ക് മാറ്റുകയാണ്. ഉദാ: വ്യഭിചാരം സദാചാര ലംഘനം എന്ന കോളത്തിലേക്ക് ചേര്‍ക്കുമ്പോള്‍ അതേ കാര്യത്തെ അധാര്‍മികതയായി കാണുന്നവരുണ്ടാകാം. എന്നാല്‍ ഞാന്‍ പറയുന്ന അധാര്‍മികതയുടെ കോളത്തില്‍ വ്യഭിചാരം ഉണ്ടാവുകയില്ല. തുടര്‍ ചര്‍ച വഴിതെറ്റാതിരിക്കാന്‍ ചില സൂചനകള്‍ നല്‍കി എന്ന് മാത്രം.

മതത്തിന്റെ (പ്രത്യേകിച്ചും ഇസ്‌ലാമിന്റെ) ധാര്‍മിക സദാചാരമൂല്യങ്ങള്‍ മനുഷ്യനെ അക്രമത്തിനും അധര്‍മത്തിനും പ്രേരിപ്പിക്കുമെന്നും അതിനാല്‍ അവയെ ഇല്ലായ്മ ചെയ്യുന്നതിലൂടെ മാത്രമേ സമാധാപൂര്‍ണവും പരിഷ്‌കൃതവുമായ ഒരു ജനതപിറവിയെടുക്കൂ എന്നതാണല്ലോ യുക്തിവാദികള്‍ എന്നറിയപ്പെടുന്ന ഇസ്ലാം വിമര്‍ശകരെ കര്‍മനിരതരാകാന്‍ പ്രേരിപ്പിക്കുന്നത്. അതല്ല വാദമെങ്കില്‍ പിന്നെ എന്താണ് അവരുടെ പ്രചോദകം എന്ന് വേറെ പറയേണ്ടതുണ്ട്. അതുകൊണ്ടുതന്നെ യുക്തിവാദികളുമായുള്ള സംവാദത്തിന്റെ പരമപ്രധാനമാണ് ഈ ഭാഗം ഇതിലൊന്നുമില്ലെന്ന് പറഞ്ഞ് അവഗണിക്കുന്നത് യാഥാര്‍ഥ്യത്തെ അഭിമുഖീകരിക്കാനുള്ള തന്റേടമില്ലായ്മയായി മാത്രമേ ഞാന്‍ കാണൂ.

Unknown പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
Unknown പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
CKLatheef പറഞ്ഞു...

പ്രിയ ഈശ്വര്‍ദാസ്

മുകളിലെ കമന്റില്‍ സൂചിപ്പിച്ച പ്രകാരം എന്താണ് ധാര്‍മികത എന്ന പോസ്റ്റ് വൈകാതെ നല്‍കാനുദ്ദേശിക്കുന്നു. താങ്കള്‍ നല്‍കിയ ലിസ്റ്റ് എത്ര പ്രസക്തമായാലും അതിവിടെ നിന്ന് നീക്കം ചെയ്യും. എല്ലാമത ഗ്രന്ഥങ്ങളിലും മതത്തിലും സമാനമായ ഉദ്ധരണികള്‍ കാണാന്‍ കഴിയും എന്ന കാര്യത്തില്‍ സംശയമില്ല. മതങ്ങള്‍ തമ്മിലുള്ള താരതമ്യം ഈ പോസ്റ്റിന്റെ വിഷയത്തില്‍ വരുന്നില്ല. അതിനാല്‍ ഇവ അടുത്ത പോസ്റ്റില്‍ സൗകര്യപ്പെടുമെങ്കില്‍ നല്‍കുക. വെല്ലുവിളിയായിട്ടല്ല. ഇസ്‌ലാമിലെ നിയമനിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കാന്‍ മാത്രം

സ്‌നേഹപൂര്‍വം.

ക്ഷമ പറഞ്ഞു...

ലത്തീഫ്, ഇസ്‌ലാമിന്റെ പക്ഷത്ത് നിന്ന് ചില കാര്യങ്ങള്‍ പറയുന്നു എന്ന് വെച്ചാല്‍ മറ്റെല്ലാ സാധ്യതതളേയും നിങ്ങള്‍ നിഷേധിക്കുന്നു എന്ന് ഞാനും പറഞ്ഞില്ല. ചിന്തകന്‍ പറഞ്ഞ നിയമങ്ങള്‍ എല്ലാം ഇസ്ലാമിന്റെ മാത്രം പ്രത്യേകത അല്ല എന്നും മറ്റു മതങ്ങളും ഇവയൊക്കെത്തന്നെ പഠിപ്പിക്കുണ്ട് എന്നുമാണ് ഞാന്‍ പറഞ്ഞത്. അതായത് ഇവയെല്ലാം എല്ലാ മതങ്ങളിലും പൊതുവായി കാണപ്പെടുന്നവ തന്നെയാണ് എന്ന്.

ചിന്തകന്‍, എല്ലാ മതങ്ങളും പഠിപ്പിക്കുന്നു എന്ന് ഞാന്‍ പറഞ്ഞത് അവയെക്കുറിച്ച് എനിക്ക് അറിവുണ്ടായിട്ടുതന്നെയാണ്. എന്റെ അഭിപ്രായം പ്രകടിപ്പിക്കുന്നതിന് ഞാന്‍ ഏതെങ്കിലും വിശ്വാസത്തിന്റെ പ്രതിനിധി ആകണം എന്നുണോ? ചിന്തകന്റെ വിശ്വ്വസത്തിനകത്തു നിന്ന് മാത്രം ചിന്തകന് പറയുവാന്‍ സാധിച്ച ഒരു അഭിപ്രായം, ചിന്തകന്റെ വിശ്വാസത്തിനു പുറത്തുനില്‍ക്കുന്ന ഒരു വ്യക്തിക്കും അതെ അര്‍ത്ഥത്തില്‍ പറയുവാന്‍ സാധിക്കും എന്ന് ഞാന്‍ ചൂണ്ടികാണിച്ചെന്നേ ഉള്ളൂ.

"മറ്റുള്ളവരുടെ മുന്നില്‍ കണക്കു അവതരിപ്പിക്കുന്നതിനെകുറിച്ച് ചിന്തകന്‍ ഒന്നും പറഞ്ഞില്ല എങ്കില്‍ ചിന്തകന്റെ ഈ അഭിപ്രായം എന്തിനെക്കുറിച്ചാണ് : ("തന്റെ വിശ്വാസത്തിന്റെ ഭാഗമായി വരുമാനത്തിന്റെ ഒരു നിശ്ചിത ശതമാനം അവന്‍ അനാഥകള്‍ക്കും അഗതികള്‍ക്കും പാവപെട്ടവര്‍ക്കുമായി നീക്കിവെക്കുന്നു. എന്നാല്‍ യുക്തിവാദിയോ നിരീശ്വരവാദികളോ ഒരിക്കലും ഇങ്ങനെയൊരു പ്രവൃത്തി ചെയ്യുന്നതായി ഇത് വരെ ഒരു കണക്കും ആരും സമര്‍പ്പിച്ചിട്ടില്ല.") നിര്‍ബന്ധ ദാനം എന്നത് ഒരു നിയമായാല്‍ മാത്രമേ ഒരു മതവിശ്വാസി ചെയ്യുകയുള്ളൂ എങ്കില്‍ അങ്ങനെ ഒരു നിയമം ഇല്ലാതെതന്നെ അത് ചെയ്യുന്ന യുക്തിവാദി അല്ലെ കൂടുതല്‍ മാന്യന്‍?

V.B.Rajan പറഞ്ഞു...

ഒരു മതവിശ്വാസി ധാര്‍മികബോധമുള്ളവനാകുന്നത് മതവും ദൈവവും അവനോട് അങ്ങനെ ആവണമെന്ന് ആവശ്യപ്പെട്ടതുകൊണ്ടും, ദൈവത്തിന്റെ അംഗീകാരവും, പ്രതിഫലവും ലഭിക്കുവാനും , ദൈവശിക്ഷയില്‍ നിന്നു രക്ഷപെടുവാനും വേണ്ടിയാണ് . ആരോ ഒരാള്‍ തന്നെ നിരന്തരം നിരീക്ഷിക്കുകയും തന്റെ ചിന്തകള്‍ പോലും മനസ്സിലാക്കുകയും ചെയ്യുന്നതുകൊണ്ട് താന്‍ ധാര്‍മ്മികബോധമുള്ളവനായി ജീവിക്കുന്നു. ദൈവം എന്ന ഒരു ശക്തിയില്ലെന്ന് വന്നാല്‍ ഒരു വിശ്വാസി ധാര്‍മ്മികത കൈവെടിയുകയും, കൊള്ള, കൊള്ളിവയ്പ് തുടങ്ങിയ അധാര്‍മ്മിക പ്രവര്‍ത്തികളിലേര്‍പ്പെടുകയും ചെയ്യും. അതിനര്‍ത്ഥം വിശ്വാസി അടിസ്ഥാനപരമായി ഒരു അധാര്‍മികനാണെന്നാണ്. പക്ഷെ ഒരു യുക്തിവാദി ധാര്‍മ്മികബോധമുള്ളവനാകുന്നത് അവനെ ആരോ നിരന്തരം വീക്ഷിക്കുന്നുണ്ട് എന്ന മിഥ്യാബോധമുള്ളതുകൊണ്ടല്ല. ധാര്‍മ്മികത അവനില്‍ ആരും അടിച്ചേല്പിച്ചിട്ടില്ല. തന്റെ സഹജീവികളോട് സ്നേഹപൂര്‍‌വ്വം പെരുമാറുക എന്നത് അവനില്‍ സ്വാഭാവികമായി ഉണ്ടായ വികാരമാണ്.

അപ്പൂട്ടൻ പറഞ്ഞു...

ലതീഫ്‌,
എന്റെ അഭിപ്രായം രേഖപ്പെടുത്തുന്നു.

ഒരു മനുഷ്യൻ വളരുന്നതിനിടെ സമൂഹത്തിൽ നിന്നും പഠിക്കുന്നതാണ്‌ അവന്റെ കാഴ്ചപ്പാടുകൾ വളർത്തുന്നത്‌. കാണുന്ന/അറിയാനിടയാവുന്ന സംഭവങ്ങളിലൂടെയോ അനുഭവങ്ങളിലൂടെയോ മറ്റുള്ളവരുമായി ഇടപഴകുന്നതിലൂടെയോ വായിക്കുന്നതിലൂടെയോ ഒക്കെ അവൻ മനസിലാക്കുന്ന കാര്യങ്ങൾ അപഗ്രഥിച്ച്‌ സ്വന്തമായൊരു കാഴ്ചപ്പാട്‌ ഉണ്ടാക്കിയെടുക്കുകയാണ്‌ ഒരു വ്യക്തി തന്റെ ജീവിതത്തിൽ ചെയ്യുന്നത്‌.

ഇതൊന്നും ഒരൊറ്റ സോഴ്സിൽ നിന്നല്ല വരുന്നത്‌. ആശയങ്ങൾ പലതും കൊടുത്തും വാങ്ങിയും തന്നെയാണ്‌ മനുഷ്യൻ ചിന്തിക്കുവാൻ ശ്രമിക്കുന്നത്‌. നല്ലൊരു ശതമാനം ആളുകളും സ്വന്തം കാഴ്ചപ്പാട്‌ രൂപപ്പെടുന്നത്‌ ശ്രദ്ധിച്ചുവെന്നുവരില്ല, അതുകൊണ്ട്‌ അവർ അത്‌ പ്രകടിപ്പിച്ചേക്കില്ല എന്നുമാത്രം. ഇതൊരു പരിണാമം തന്നെയാണ്‌, അല്ലാതെ പെട്ടെന്നൊരുദിവസം ഉണ്ടായി വരുന്നതല്ല. അതുകൊണ്ടുതന്നെ വീക്ഷണങ്ങൾക്ക്‌ മാറ്റം സാധ്യമാണുതാനും.

മതഗ്രന്ഥം മാത്രമാകില്ല ഒരാളുടേയും ജിവിതവീക്ഷണം രൂപപ്പെടുത്തുന്നത്‌. വിശ്വാസികൾക്ക്‌ അതൊരുപക്ഷെ അവരുടെ വീക്ഷണരൂപീകരണത്തിൽ ഏറ്റവും influential ആയിരിക്കാം, പക്ഷെ പുസ്തകം മാത്രം വായിച്ചതുകൊണ്ട്‌ ഒരിക്കലും സമൂഹികജീവിതം നയിക്കാനാവില്ല. പക്ഷെ ചിന്തകളുടെ ആധാരം മതഗ്രന്ഥങ്ങളിലെ ദർശനങ്ങൾ ആണെന്നതിനാൽ എളുപ്പത്തിൽ മറ്റു സ്വാധീനങ്ങൾ വേർതിരിച്ച്‌ മനസിലാകുന്നില്ല എന്നേയുള്ളു.

ധാർമ്മികതയെക്കുറിച്ച്‌ പറഞ്ഞാൽ, ബ്രൈറ്റ്‌ തന്റെ ലേഖനത്തിൽ പറഞ്ഞത്‌ മതവിശ്വാസത്തിനുപരിയായി മനുഷ്യൻ പലയവസരങ്ങളിലും പ്രതികരിക്കുന്നത്‌ സമാനമായാണെന്നാണ്‌. മതവിശ്വാസം ഏതുതന്നെയായാലും മറ്റൊരു മനുഷ്യന്റെ നിലനിൽപ്‌ അപകടത്തിലാകുന്ന അവസരത്തിൽ മനുഷ്യപ്രതികരണം ഒന്നുതന്നെയാണെന്നാണ്‌ ഈ പരീക്ഷണങ്ങളിലൂടെ മനസിലാക്കാവുന്നത്‌.

ധാർമ്മികബോധം എന്നത്‌ മതവിശ്വാസത്തിലൂടെ മാത്രമേ വരൂ എന്ന് ഒരു മതവിശ്വാസിക്ക്‌ പറയാം, കാരണം ആ വ്യക്തിയുടെ ചിന്താരൂപീകരണത്തിൽ മതവിശ്വാസം അത്രയേറെ സ്വാധീനം ചെലുത്തിയിട്ടുണ്ടാവും, മറ്റ്‌ എല്ലാ സ്വാധീനങ്ങളേയും അത്‌ കവച്ചുവെയ്ക്കുകയും ചെയ്യും. പക്ഷെ മതവിശ്വാസമില്ലാതെ തന്നെ മനുഷ്യസ്നേഹികളായി ജീവിച്ച/ജീവിക്കുന്ന ഒട്ടേറെ വ്യക്തികളുണ്ടെന്നിരിക്കെ ഈ നിരീക്ഷണം എല്ലാവർക്കും ബാധകമാകുന്നില്ല. അല്ലെങ്കിൽ മതവിശ്വാസമില്ലാത്ത എല്ലാവരും ദുർമ്മാർഗ്ഗികളായിട്ടാണ്‌ ജീവിതം നയിച്ചതെന്ന് സംശയലേശമന്യേ തെളിയികേണ്ടിവരും, ചുരുക്കം ചില ഉദാഹരണങ്ങൾ പോരാ അതിന്‌.

ധാർമ്മികത ജന്മനാ ഉള്ളതാണെന്നും ധാർമ്മികബോധം ദൈവവിശ്വാസത്താൽ വരുന്നതുമാണ്‌ എന്നാണല്ലോ താങ്കൾ പറയുന്നത്‌. ഞാനിതിനെ ഒന്ന് തിരുത്തിനോക്കട്ടെ.

ധാർമ്മികതയോടുകൂടിത്തന്നെയാണ്‌ എല്ലാവരും ജനിക്കുന്നത്‌. വളരുമ്പോൾ അറിവിനോടൊപ്പം, സാഹചര്യങ്ങൾക്കനുസരിച്ച്‌ ഈ ധാർമ്മികതയ്ക്ക്‌ കറപ്‌ഷനും സംഭവിക്കുന്നു (അഥവാ സംഭവിക്കാനിടയുണ്ട്‌). അതിനെ എത്രത്തോളം തടയാമോ അതാണ്‌ മനുഷ്യന്റെ സാത്വികത്വം.

ഇത്‌ ദഹിക്കുമോ?

അപ്പൂട്ടൻ പറഞ്ഞു...

ചിന്തകൻ
ദൈവവിശ്വാസികളല്ലാത്തവർ കാരുണ്യപ്രവർത്തനങ്ങളിൽ ഏർപ്പെടാറുണ്ടോ എന്ന് ചോദിക്കുന്നതിനോടൊപ്പം തന്നെ അങ്ങിനെ ചെയ്യുന്നുണ്ടെന്ന് പറയുന്നത്‌ അൽപത്തരമാണെന്നും താങ്കൾ പറയുന്നു. ഇത്‌ രണ്ടും ഒത്തുപോകുമോ? താങ്കൾ ചോദിച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷെ വിചാരം സാന്ത്വനത്തിലെ തന്റെ പങ്ക്‌ പറയുമായിരുന്നില്ല, അപ്പോൾ ഒരു ദിനാർ താങ്കൾ അത്രയ്ക്കൊരു വിഷയമാക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല.

ഒരുപാടുപേർ (വിശ്വാസികളും അവിശ്വാസികളും പെടും) പുറംലോകം അറിയാതെതന്നെ ജീവകാരുണ്യപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ട്‌. സംഘടനയുടെ പിൻബലത്തിലല്ലാതെതന്നെ ഇത്തരം കാര്യങ്ങൾ ചെയ്യുന്നവർ ധാരാളമുണ്ടാവും, സ്വാഭാവികമായും അതൊന്നും മറ്റുള്ളവർ അറിയുകയുമില്ല. എനിക്ക്‌ എന്തെങ്കിലും ചെയ്യാൻ സാധിക്കുന്ന അവസരങ്ങളിൽ ഞാനും എന്നാലാവുന്നത്‌ ചെയ്യാറുണ്ട്‌, അതൊന്നും നാലാള്‌ അറിയണമെന്നോ അതിനൊക്കെ ഗുണഭോക്താക്കൾ എന്നോട്‌ നന്ദിയുള്ളവരായിരിക്കണമെന്നോ എനിക്ക്‌ നിർബന്ധമില്ല. കഴിഞ്ഞ 25-ലധികം വർഷങ്ങളായി സ്വന്തം ജന്മദിനത്തിന്‌ രക്തം ദാനം ചെയ്യുന്ന ഒരു ബന്ധുവുണ്ടെനിക്ക്‌ (rare group അല്ലാത്തതിനാൽ അത്യാവശ്യക്കാർ ഉണ്ടാവാറില്ല), അവസാനം സഹപ്രവർത്തകരിലാരോ പത്രക്കാരോട്‌ പറഞ്ഞാണ്‌ അക്കാര്യം അദ്ദേഹത്തിന്റെ ബന്ധുക്കൾ തന്നെയറിഞ്ഞത്‌.

ഇത്തരം കാര്യങ്ങൾക്ക്‌ നിയമം വേണമെന്ന വാദത്തോട്‌ എനിക്ക്‌ യോജിപ്പില്ല.

bright പറഞ്ഞു...

പോസ്റ്റില്‍ നിന്ന് കാര്യമായതൊന്നും എനിക്ക് മനസ്സിലായില്ല.എന്തൊക്കെയോ ചില വാചകകസര്‍ത്തുക്കള്‍ ‍.ധാര്‍മ്മികതയും ധാര്‍മ്മികബോധവും രണ്ടാണെന്ന വാദിക്കുന്നുണ്ടെങ്കിലും അതിന്റെ തെളിവൊന്നും കണ്ടില്ല.ഇതിനു മറുപടി വേണ്ട എന്ന് കരുതിയെങ്കിലും ലത്തീഫിന്റെ ചില കുതന്ത്രങ്ങള്‍ കാണാതെ പോകാന്‍ തോന്നുന്നില്ല.

'ടെഡ്ഢി ബെയര്‍' പ്രശ്നത്തെപ്പറ്റിയാണ് .ലത്തിഫ് മനഃപൂര്‍വ്വം തെറ്റിദ്ധരിപ്പിക്കുന്നു.ഞാന്‍ എഴുതിയത്....

........[[[[[[[[സ്റ്റീവൻ പിങ്കർ അദ്ദേഹത്തിന്റെ ഒരു ലേഖനത്തില്‍ ഒരു ചിന്താപരീക്ഷണം പറയുന്നുണ്ട്...

''Consider this moral dilemma: A runaway trolley is about to kill a schoolteacher. You can divert the trolley onto a sidetrack, but the trolley would trip a switch sending a signal to a class of 6-year-olds, giving them permission to name a teddy bear Muhammad. Is it permissible to pull the lever?''

അദേഹം തുടരുന്നു...

''This is no joke.......a British woman teaching in a private school in Sudan allowed her class to name a teddy bear after the most popular boy in the class, who bore the name of the founder of Islam. She was jailed for blasphemy and threatened with a public flogging, while a mob outside the prison demanded her death. To the protesters, the woman’s life clearly had less value than maximizing the dignity of their religion, and their judgment on whether it is right to divert the hypothetical trolley would have differed from ours. Whatever grammar guides people’s moral judgments can’t be all that universal.''.......]]]]]]]]]

ഇനി ഈ കാര്യം ലത്തീഫ് വിവരിക്കുന്നത് നോക്കൂ.. ഒന്ന്,ഈ ചോദ്യം എന്റെ വകയാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നു. പിന്നെ ,ഒരു വളര്‍ത്തുകരടിക്കല്ല വെറും ഒരു കളിപ്പാവയ്ക്കാണ് പേരിടുന്നത്.(ഒരു കളിപ്പാവയ്ക്ക് പേരിട്ടു എന്ന വളരെ 'സില്ലി' ആയ കാര്യത്തിനാണ് വിശ്വാസികള്‍ ഒരു ജയില്‍ ആക്രമിക്കാന്‍ ശ്രമിച്ചത്‌ എന്നതിന്റെ ജാള്യത കൊണ്ടാകാം അത് ഒരു വളര്‍ത്തു കരടിയാണെന്ന് ലത്തീഫ് പറയുന്നത്.സംഭവത്തിന്‌ ലേശം ഗൌരവം കിട്ടുന്നെങ്കില്‍ ആയിക്കോട്ടെ:-)) ടീച്ചര്‍ അല്ല,ക്ലാസ്സിലെ കുട്ടികളാണ് മുഹമ്മദ്‌ എന്ന പേര് തിരഞ്ഞെടുത്തത്.അത് ക്ലാസ്സിലെ ഏറ്റവും മിടുക്കനായ കുട്ടിയുടെ പേരായതുകൊണ്ടാണ്,അല്ലാതെ ലത്തീഫ് പറയുന്നതുപോലെ കരടിക്ക് പേരിട്ടത് അത് പ്രവാചകന്‍ മുഹമ്മദിന്റെ പേരായതുകൊണ്ടല്ല.ഏതെങ്കിലും രാജ്യത്തെ നിയമത്തേപ്പറ്റിയല്ല മറിച്ച്, ഒരു ആള്‍ക്കൂട്ടം ജയില്‍ തകര്‍ത്തും ആ സ്ത്രീയെ ആക്രമിക്കാന്‍ തുനിഞ്ഞതിനേയാണ് ആ ചിന്തപരീക്ഷണത്തില്‍ പറയുന്നത്.ലത്തീഫിന്റെ സൂത്രം നോക്കൂ... [[[[[ഇസ്‌ലാമുമായി ബന്ധപ്പെട്ട ഒരു താത്വിക ചര്‍ചയില്‍ ചില ഭരണകൂടങ്ങള്‍ അവിടുത്തെ നാടിന്റെ സമാധാനപാലനവുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന കാര്യങ്ങള്‍ക്ക് പ്രസക്തിയില്ല എന്നതിനാല്‍ അത് വിടുന്നു.]]]]]]ഈ കാര്യങ്ങള്‍ക്കു പ്രസക്തിയുണ്ട് ലത്തീഫേ.

ഇതൊക്കെയായാലും ആ ചോദ്യത്തിന് ലത്തീഫ് മറുപടി പറഞ്ഞില്ല.ഉത്തരം ഒരു എസ്/നോ.പിന്നെ അതിനുള്ള കാരണവും ഇത്രയും മതി.ഈ പോയിന്റ്‌ കഴിഞ്ഞിട്ട് വേറെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാം.

Muhammed Shan പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഷൈജൻ കാക്കര പറഞ്ഞു...

V.B. Rajan... വിശ്വാസം മാറ്റി നിറുത്തിയാൽ വിശ്വാസിയും യുക്തിവാദിയും തമ്മിൽ ഒരു വിത്യാസവുമില്ല. ബ്രൈറ്റിന്റെ പോസ്റ്റിലെ പരീക്ഷണം ശ്രദ്ധിക്കുക.

അതിനാൽ തന്നെ വിശ്വസിയെ ഒരാൾ നീരിക്ഷിക്കുന്നു എന്ന ചിന്ത മാറിയാലും വിശ്വാസി അധാർമികരാവുന്നില്ല. ധാർമികനായ ഒരു യുക്തിവാദി വിശ്വാസിയാൽ അതുവരെ അവനിൽ നില നിന്നിരുന്ന ധാർമികതയിൽ കുറവ്‌ വരുമോ?

CKLatheef പറഞ്ഞു...

കാക്കരെ സൂചിപ്പിച്ച പോലെ. ഇപ്പോള്‍ മിക്കവരുടെയും ചര്‍ച എത്തിനില്‍ക്കുന്നത് ഒരേ പോയിന്റിലാണ്. വിശ്വാസികള്‍ സല്‍പ്രവൃത്തിചെയ്യുന്നത് ദൈവിക നിയമമനുസരിച്ചാണ്. എന്നാല്‍ ദൈവനിഷേധി അതു ചെയ്യുന്നത് ഒരുമനുഷ്യനില്‍ അന്തര്‍ലീനമായ കാരുണ്യം ദയ സഹാനുഭൂതി എന്നിവയില്‍ നിന്നാണ്. നിയമമില്ലായിരുന്നെങ്കില്‍ കൊള്ള കൊള്ളിവെപ്പ് തുടങ്ങിയ എല്ലാ പ്രവര്‍ത്തനത്തിലും വിശ്വാസി ഏര്‍പ്പെടുമായിരുന്നു എന്നും രാജന് അഭിപ്രായമുണ്ട്. ഇവിടെ ദൈവം ശരിയല്ല എന്ന് അറിയുമ്പോഴാണല്ലോ വിശ്വാസിക്ക് കുഴപ്പം പറ്റുന്നത്. അപ്പോള്‍ അതേ മാറ്റമാണല്ലോ ഇപ്പോഴത്തെ നിഷേധിയിലും സംഭവിച്ചത്?. ഇവരൊക്കെ നിഷേധികള്‍ എന്ന പറഞ്ഞ ഒരു പ്രത്യേക ജീവികളായിട്ടാണോ ജനിച്ചതും വളര്‍ന്നതും?. അതല്ല ഒരിക്കല്‍ വിശ്വാസിയായിക്കഴിഞ്ഞാല്‍ മാനുഷിക ഗുണങ്ങള്‍ തിരിച്ചുകിട്ടാത്തവിധം നഷ്ടപ്പെടും എന്നാണോ?.

ഈ യുക്തിവാദികളോട് സംസാരിച്ച് എന്റെ ഉള്ള യുക്തിപോകുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു.:)

CKLatheef പറഞ്ഞു...

@Apputten

'ധാർമ്മികബോധം എന്നത്‌ മതവിശ്വാസത്തിലൂടെ മാത്രമേ വരൂ എന്ന് ഒരു മതവിശ്വാസിക്ക്‌ പറയാം...,'

ജന്‍മനാല്‍ ഉള്ളത് ധാര്‍മികബോധമാണെന്നും അതിന് പ്രത്യേകം മതവിശ്വാസം ആവശ്യമില്ലെന്നുമല്ലേ ഞാന്‍ പറഞ്ഞത്. അതേ ധാര്‍മികബോധം തന്നെയാണ് പ്രസ്തുത പരീക്ഷണത്തിലും സ്വാധീനിച്ചത്. മനുഷ്യന്റെ ശരിയായ വിവേചനശക്തി പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നതോടെയാണ് മനുഷ്യന്‍ ശരിയായ അര്‍ഥത്തില്‍ ധാര്‍മികനാകുന്നത്. കുട്ടികളെ സംബന്ധിച്ച് ധാര്‍മികന്‍ അധാര്‍മികന്‍ എന്ന കാഴ്ചപ്പാടില്ല. അവര്‍ തങ്ങളുടെ ശുദ്ധപ്രകൃതിയിലാണുള്ളത്. അവര്‍ സ്വേഛപ്രകാരം തിന്മയുടെ മാര്‍ഗം തെരഞ്ഞെടുക്കുന്നത് വരെ. ധാര്‍മികബോധം പോലും വിവേചനശക്തിപ്രയോഗിക്കാന്‍ ശക്തിനേടുന്നതോടെയാണ് പൂര്‍ണതയിലെത്തുന്നത്. ആ പരീക്ഷണം കുട്ടികളില്‍ നടത്തിയാല്‍ ഒരു സംഗതി വ്യക്തമാകും. മിക്ക കുട്ടികളും ഒരു തടിയനെ തള്ളിയിട്ട് അഞ്ചുപേരെ രക്ഷിക്കണം എന്ന തീരുമാനത്തിലാണ് എത്തുക. ഞാനെന്റെ കുട്ടികളിലാണ് പരീക്ഷിച്ചത്.:) ശ്രമിച്ചുനോക്കൂ. ഇല്ലെങ്കിലും അവര്‍ വല്ലാതെ കണ്‍ഫ്യൂഷനിലാകും. അതുകൊണ്ട് താങ്കള്‍ തിരിച്ചുപറയുന്നത് എനിക്ക് ദഹിക്കുന്നില്ല.

Muhammed Shan പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
CKLatheef പറഞ്ഞു...

പ്രിയ ബ്രൈറ്റ്,

എന്റെ ബ്ലോഗിലേക്ക് ഹാര്‍ദ്ദവമായ സ്വാഗതം.
ഞാന്‍ പോസ്റ്റില്‍ പറഞ്ഞതൊന്നും കാര്യമായി മനസ്സിലാകാത്ത ഒരാളോടാണ് തുടര്‍ന്ന് സംസാരിക്കാനുള്ളത് എന്നത് എന്റെ ദൈന്യതയാണ്.

ഇങ്ങനെ വിശ്വാസികളുടെതായ കുറേ കാര്യങ്ങള്‍ മനസ്സിലാകാതെ പോകുന്നതുകൊണ്ടാണല്ലോ നാം വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ രണ്ടുതട്ടിലായിപ്പോകുന്നത്. താങ്കളിവിടെ ഇതുവരെ കമന്റിടാതിരിക്കാനുള്ള കാരണവും മറ്റൊന്നല്ല എന്ന ഞാന്‍ കരുതട്ടേ.

ഞാന്‍ മനഃപുര്‍വം തെറ്റിദ്ധരിപ്പിച്ചു എന്ന കേട്ടപ്പോള്‍ ആദ്യമായി ഞെട്ടിയത് ഞാന്‍ തന്നെ. ഒറ്റവാക്കില്‍ എനിക്കാ ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്ന് സൂചിപ്പിക്കട്ടെ. ഇത്രവിശദമായി ആ കാര്യം താങ്കളുടെ ബ്ലോഗില്‍ പറഞ്ഞിരുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ ചില കാര്യങ്ങളെങ്കിലും വസ്തുതാപരമായി വന്നേനെ. ഈ ചോദ്യം നിങ്ങളുടെ വകയാണെന്ന് ഞാന്‍ സൂചിപ്പിച്ചിട്ടുമില്ല. നടന്ന ഒരു സംഭവം നിങ്ങള്‍ ആരെയെങ്കിലും ഉദ്ധരിച്ചാല്‍ പിന്നീട് നിങ്ങളുടേതായി ഉദ്ധരിക്കുന്നത് സാധാരണമാണ്. മുകളിലെ കമന്റില്‍നിന്ന തന്നെ വ്യക്തമാകും.

നാം നേരില്‍ കാണുന്ന വസ്തുതകളെപ്പോലും താല്‍പര്യമനുസരിച്ച് വളരെ തെറ്റായി ഉദ്ധരിക്കപ്പെടുന്ന ഒരു കാലമാണിത്. തൊടുപുഴസംഭവത്തിന് എത്ര വേര്‍ഷന്‍ ഉണ്ടെന്ന് നോക്കുക. ഇനി അത് അല്‍പം കഴിഞ്ഞാല്‍ ഇങ്ങനെ ഉദ്ധരിക്കാം. ഒരദ്ധ്യാപകന്‍ പാഠപുസ്തകത്തിലുള്ള ഒരു പാഠഭാഗം കുത്തും കോമയും നല്‍കാനുള്ള ചോദ്യമാക്കി. അതില്‍ മുഹമ്മദ് ദൈവം എന്നീ പരാമര്‍ശങ്ങളുണ്ടായിരുന്നു. ഇത് കണ്ട് മുസ്ലിംകള്‍ അക്രമത്തിലേക്ക് തിരിഞ്ഞു.

ഞാനിത് വെറുതെ സൂചിപ്പിച്ചതാണ് എന്ന കരുതിക്കോള്ളൂ. ഒരു ടീച്ചര്‍ തന്റെ കയ്യിലെ പവക്കുട്ടി (അത് കരടിയായിരുന്നു) അതിന് ഒരു പേര് നല്‍കാന്‍ തീരുമാനിച്ചു. കുട്ടികളോട് ചോദിച്ചു. ക്ലാസിലെ സമര്‍ഥനായ കുട്ടിയുടെ പേര്‍ മുഹമ്മദ് ആയിരുന്നു.അതുനല്കി. സുഡാനിലെ പോലീസ് അതിന്റെ പേരില്‍ അവരെ അറസ്റ്റ് ചെയ്തു. ജയിലിന്റെ പുറത്ത് ആളുകള്‍ അവരെ വധിക്കണമെന്ന് പറഞ്ഞ് ബഹളം കൂട്ടി. (വിട്ടുപോയെങ്കില്‍ ക്ഷമിക്കുക. വല്ലതും ഉണ്ടെങ്കില്‍ കൂട്ടിചേര്‍ക്കുക) ഇത് തെറ്റോ ശരിയോ? ഇതിനുത്തരം പറഞ്ഞാല്‍ വിഷയത്തെക്കുറിച്ച ചര്‍ച ആകാലോ അല്ലേ. എന്റെ ഉത്തരം പോലീസ് അവരെ അറസ്റ്റ് ചെയ്ത് തെറ്റ്. അവരെ വധിക്കണമെന്ന് ആളുകള്‍ ബഹളം വെച്ചത് അതിനേക്കാള്‍ വലിയ തെറ്റ്.

ഇവിടെ വന്നതിനും ചില തെറ്റിദ്ധാരണകള്‍ നീക്കാന്‍ സഹായിച്ചതിനും നന്ദി.

Muhammed Shan പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
അപ്പൂട്ടൻ പറഞ്ഞു...

ലതീഫ്‌,
ചെറിയൊരു കൺഫ്യൂഷൻ വന്നതാണ്‌, ക്ഷമിക്കൂ. ഞാൻ താങ്കളുടെ പോസ്റ്റ്‌ വായിച്ചത്‌ തിങ്കളാഴ്ചയാണ്‌, മറുപടി ഇന്നേ എഴുതാനൊത്തുള്ളു. പോസ്റ്റ്‌ ഒരിക്കൽക്കൂടി വായിക്കാൻ സാധിച്ചില്ല. ധാർമ്മികബോധം ദൈവവിശ്വാസത്തിലൂടെ ലഭിക്കുന്നതാണെന്നാണ്‌ താങ്കളുടെ അഭിപ്രായം എന്ന ഒരു ഓർമ്മയാണ്‌ എനിക്ക്‌ ഉണ്ടായിരുന്നത്‌.

ഇനി ദഹിക്കാത്ത ഭാഗത്തെക്കുറിച്ച്‌.
ധാർമ്മികബോധം ദേഹേച്ഛ മൂലം തിന്മയുടെ വഴിയിലേക്ക്‌ പോകാതിരുന്നാൽ മതി മനുഷ്യന്‌ താങ്കൾ എഴുതിയിരുന്നത്‌. ഒരർത്ഥത്തിൽ ഇതുതന്നെയാണ്‌ ഞാനും എഴുതിയത്‌. താങ്കൾ ദേഹേച്ഛ എന്നെഴുതിയത്‌ ഞാൻ കറപ്‌ഷൻ എന്നെഴുതി, കാര്യം ക്ലോസ്‌ (അല്ലേ?)

Anyway മനുഷ്യന്റെ ശരിയായ വിവേചനശക്തി പ്രവർത്തിക്കാൻ തുടങ്ങുന്നതോടെയാണ്‌ മനുഷ്യൻ ശരിയായ അർഥത്തിൽ ധാർമികനാകുന്നത്‌ എന്ന് താങ്കൾ പറയുമ്പോൾ ദൈവവിശ്വാസത്തിന്റെ അനിവാര്യത എനിക്ക്‌ മനസിലാകുന്നില്ല. മറ്റൊരാൾക്ക്‌ ബുദ്ധിമുട്ടുണ്ടാകാത്തവിധം ജീവിക്കാനുള്ള സന്മനസ്‌ ഒരാൾ കളയാതെ സൂക്ഷിക്കുന്നുണ്ടെങ്കിൽ അതല്ലേ വേണ്ടത്‌, അതിന്‌ വിശ്വാസമുണ്ടോ ഇല്ലയോ എന്നത്‌ പ്രസക്തമാകുന്നതെങ്ങിനെ?

ഓടോ....
താങ്കൾ ഉദ്ദേശിക്കുന്ന ധാർമ്മികത എന്തെന്ന്‌ എനിക്കറിയില്ല, വിശദീകരണം നോക്കാം. ഞാൻ ഉദ്ദേശിച്ചത്‌ ജന്മനാ ലഭിക്കുന്ന നന്മയാണ്‌, താങ്കൾ ധാർമ്മികബോധം എന്ന്‌ പറഞ്ഞത്‌.
(ബോധം എന്നാൽ വസ്തുതകളെ വിവേചിക്കാനുള്ള, തിരിച്ചറിവുള്ള അവസ്ഥ എന്നാണ്‌ ഞാൻ മനസിലാക്കിയിട്ടുള്ളത്‌. അന്നിലയ്ക്ക്‌ ധാർമ്മിക"ബോധം" എന്നത്‌ വളർത്തിയെടുക്കപ്പെടുന്ന ഒന്നായിട്ടാണ്‌ ഞാൻ മനസിലാക്കുന്നത്‌, കുട്ടികൾക്ക്‌ ബോധം ഉണ്ടായിക്കൊള്ളണമെന്നില്ല)

CKLatheef പറഞ്ഞു...

@Muhammed shan

>>> ലതീഫിനോട് ധാര്‍മികതയ്ക്ക് ദൈവവിശ്വാസം വേണമോ എന്ന് ചോദിച്ചാല്‍ ഒറ്റ വാക്കില്‍ എന്താണ് ഉത്തരം പറയാന്‍ കഴിയുക ? <<<

മുഹമ്മദ് ഷാന്‍ ഒരു രഹസ്യം ചോദിച്ചോട്ടെ. താങ്കള്‍ എന്റെ ഒരു പഴയ സുഹൃത്ത് നന്ദനയെ അറിയുമോ. പുള്ളിക്കാരത്തിയെ ഇയ്യിടെയായി ഈ വഴിക്കൊന്നും കാണാനില്ല. നിങ്ങളുടെ കമന്റ്ുകള്‍ തമ്മില്‍ അസാധാരണ സാമ്യം. അതുകൊണ്ടു അവരെ ഓര്‍ത്തു പോയി ചോദ്യം ഇഷ്ടപ്പെട്ടില്ലെങ്കില്‍ ക്ഷമിക്കുക.

ചില ചോദ്യങ്ങള്‍ക്ക് ഒറ്റവാക്കില്‍ ഉത്തരം പറഞ്ഞാല്‍ ശരിയാവില്ല. അതിനാല്‍ എങ്ങനെ ഉത്തരം പറയണം എന്നുള്ളത് ഉത്തരം പറയുന്നയാള്‍ക്ക് വിട്ടുകൊടുക്കുക. ഇതിന് ഉത്തരം പറയാനാണ് ഞാന്‍ പോസ്റ്റ് എഴുതിയത് അത് ഒന്നുകൂടി വായിക്കുക.

Muhammed Shan പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
CKLatheef പറഞ്ഞു...

>>>Anyway മനുഷ്യന്റെ ശരിയായ വിവേചനശക്തി പ്രവർത്തിക്കാൻ തുടങ്ങുന്നതോടെയാണ്‌ മനുഷ്യൻ ശരിയായ അർഥത്തിൽ ധാർമികനാകുന്നത്‌ എന്ന് താങ്കൾ പറയുമ്പോൾ ദൈവവിശ്വാസത്തിന്റെ അനിവാര്യത എനിക്ക്‌ മനസിലാകുന്നില്ല. മറ്റൊരാൾക്ക്‌ ബുദ്ധിമുട്ടുണ്ടാകാത്തവിധം ജീവിക്കാനുള്ള സന്മനസ്‌ ഒരാൾ കളയാതെ സൂക്ഷിക്കുന്നുണ്ടെങ്കിൽ അതല്ലേ വേണ്ടത്‌, അതിന്‌ വിശ്വാസമുണ്ടോ ഇല്ലയോ എന്നത്‌ പ്രസക്തമാകുന്നതെങ്ങിനെ? <<<

പ്രിയ അപ്പൂട്ടന്‍ ,

താങ്കള്‍ പറഞ്ഞതിനോട് വളരെ ചെറിയ വിയോജിപ്പേ ഉള്ളൂ. അത് താങ്കള്‍ക്ക് തന്നെ മനസ്സിലാക്കാനും കഴിയും. സാധാരണഗതിയില്‍ സമൂഹത്തില്‍ മൊത്തമായി ചില ധാര്‍മിക ഗുണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതില്ലായിരുന്നെങ്കില്‍ ആ സമൂഹം എന്നേ നഷിച്ച് പോകുമായിരുന്നു. ഇവിടെ ചര്‍ച ചെയ്യുന്ന വിഷയം പലതവണ സൂചിപ്പിച്ചുകഴിഞ്ഞു. ധാര്‍മികതക്ക് മതവിശ്വാസം വേണ്ട. അതൊക്കെ (ധാര്‍മിക എന്നുപറഞ്ഞാല്‍) ഞങ്ങളുടെ ബുദ്ധിയിലും യുക്തിയിലും തെളിയുന്നതാണ് എന്ന സങ്കല്‍പത്തോടാണ് എന്റെ വിയോജിപ്പ്. എനിക്ക് പറയാനുള്ളത്. നിങ്ങള്‍ പറയുന്നത് ധാര്‍മാധര്‍മബോധം എന്ന മനുഷ്യമനസ്സില്‍ ദൈവം തെറ്റും ശരിയും വിവേചിച്ചറിയാന്‍ നിക്ഷേപിച്ച കഴിവിനെക്കുറിച്ചാണ്. യഥാര്‍ഥ ധാര്‍മികത മനുഷ്യന്‍ വളരുന്നതിനുസരിച്ച് സ്വായത്തമാക്കേണ്ടതും കണ്ടെത്തി ഉള്‍കൊള്ളേണ്ടതുമാണ്. എന്താണ് ധാര്‍മികത എന്ന് തീരുമാനിക്കാന്‍ മനുഷ്യന് പൂര്‍ണമായി കഴിയില്ല. അതിനാല്‍ ദൈവം അത് വ്യക്തമാക്കി തന്നിട്ടുണ്ട്. അടുത്ത പോസ്‌റ്റോടുകൂടി ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത് കുറച്ചുകൂടി മനസ്സിലാകും എന്ന് പ്രതീക്ഷിക്കുന്നു. വീണ്ടും വന്നതിന് നന്ദി.

ചിന്തകന്‍ പറഞ്ഞു...

അപ്പൂട്ടന്‍
ഞാന്‍ പരാമര്‍ശിച്ചത് വ്യക്തിതലത്തില്‍ ഒന്നോരണ്ടോ പേര്‍ ചെയ്യുന്ന ചെറിയ സഹായങ്ങളെ കുറിച്ചല്ല. ഒരു പ്രസ്ഥാനം എന്ന നിലക്ക് യുക്തിവാദി/നിരീശ്വരവാദ പ്രസ്ഥാനങ്ങള്‍ക്ക് അങ്ങിനെയൊരു പോളിസിയുണ്ടോ അല്ലെങ്കില്‍ പൊതുവായി പ്രവര്‍ത്തിച്ചതിന് തെളിവുണ്ടോ എന്ന അര്‍ത്ഥത്തിലാണ്. ഒരു മുസ്ലീം വിശ്വാസിയെ സംബന്ധിച്ചേടൊത്തോളം ധാനധര്‍മ്മങ്ങള്‍ അവരുടെ വിശ്വാസത്തിനെറ്റ് ഭാഗമാണ്. അപ്പുറത്തുള്ള തന്റെ സഹജീവിയായ ഒരു മനുഷ്യന്‍ പ്രയാസമനുഭവിക്കുമ്പോള്‍ തിരിഞ്ഞ് നോക്കാത്തവനില്‍ നിന്ന് ഒരു കര്‍മ്മവും ദൈവം സ്വീകരിക്കപെടുകയില്ല എന്നത് വിശ്വാസത്തിന്റെ ഭാഗമാണ്. അവനെ കുറിച്ച്, കള്ള വിശ്വാസിയെന്നാണ് ഖുര്‍ആന്‍ പ്രസ്താവിക്കുന്നത്.

വ്യക്തിപരമായി ഒരു തവണയെങ്കിലും ചില്ലറ സഹായങ്ങള്‍ നല്‍കാത്തവര്‍ കുറവായിരിക്കും. യുക്തിവാദി/നിരീശ്വവാദികളായ വ്യക്തികളില്‍ അങ്ങിനെ സഹായിക്കാത്തവരില്ലെന്ന് യാതൊരഭിപ്രായവും എനിക്കില്ല.

എന്നാല്‍ അത് തന്റെ ജീവിതത്തിലെ ധാര്‍മ്മിക ബാധ്യതായി ഏറ്റെടുത്ത് ചെയ്യുന്നത് വിശ്വാസികള്‍ക്കുള്ള ധാര്‍മ്മിക ബോധത്തിന്റെ ഭാഗമാണ്. ഒരു വിശ്വാസി വ്യക്തിപരമായി താന്‍ നല്‍കിയ സഹായങ്ങളെ പ്രസിദ്ധപെടുത്താറില്ല. മാത്രമല്ല സഹായിച്ച വ്യക്തി ഏതെങ്കിലും സഹായിക്കപെട്ടവരുടെ മുമ്പില്‍ ‘ഞാന്‍ നിന്നെ സഹായിച്ചവനാണ്‘ എന്ന ഭാവം പോലും നടിക്കുന്നത് വിശ്വാസപരമായി തന്നെ തെറ്റാണു താനും. പൊതു ജനങ്ങളുമായി ബന്ധപെട്ടത് പ്രസിദ്ധപെടുത്തേണ്ട ആവശ്യകത ഞാന്‍ നേരത്തെ വ്യക്തമാക്കി കഴിഞ്ഞു. അതിന്റെ അടിസ്ഥാനത്തിലാണ് യുക്തിവാദി/നിരീശ്വരവാദി ആളുകളുടെ/പ്രസ്ഥാനങ്ങളുടെ ഇത്തരം പ്രവര്‍ത്തനങ്ങളെ/പോളിസികളെ കുറിച്ചുള്ള തെളിവുകള്‍ ചോദിച്ചത്.

യുക്തിവാദി ശരിയായ ‘പരിണാമ സിദ്ധാന്ത‘ യുക്തിയാണുപയോഗിക്കുന്നതെങ്കില്‍ അവന്റെ അതിജീവനത്തിന്റെ അപ്പുറത്തുള്ള കാര്യങ്ങളെ കുറിച്ച് അവന്‍ ചിന്തിക്കുക പോലുമില്ല. യുക്തിവാദിയാ ഒരാള്‍ ഒരു സന്നിഗ്ദ ഘട്ടത്തില്‍ ഒരു സഹായിക്കാത്തതിന് മറ്റൊരു യുക്തിവാദിക്ക് ചോദിക്കാന്‍ പോലും അര്‍ഹതയുണ്ടാരിക്കുകയുമില്ല. കാരണം അവന്‍ സഹായിക്കുന്നതും സഹായിക്കാതിരിക്കുന്നതും അവന്റെ യുക്തിയനുസരിച്ചാണ്. അവന്റെ ധാര്‍മ്മികത നിശ്ചയിക്കുന്നതും അവന്റെ യുക്തിയാണ്.

നന്ദന പറഞ്ഞു...

പ്രിയ ലത്തീഫ്, ഞാനിവിടെ വന്നിരുന്നു, ചിലതൊക്കെ വായിച്ചിരുന്നു. പക്ഷെ എന്നെ Muhammed Shan “ആക്കിയത്” കണ്ടു നന്നായിരിക്കുന്നു.
എനിക്ക് താങ്കളുടെ ഇസ്ലാമിനേക്കാൾ ആവശ്യമുള്ള ഒരു ചർച്ച ഇവിടെ

അപ്പൂട്ടൻ പറഞ്ഞു...

ലതീഫ്‌,
താങ്കൾ എഴുതൂ, എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറയാം.
ഞാൻ ആദ്യം എഴുതിയതിന്റെ അവസാന പാരഗ്രാഫിനു മാത്രമാണ്‌ താങ്കൾ മറുപടി പറഞ്ഞതെന്നുകൂടി പറയട്ടെ.

ചിന്തകൻ,
സാമൂഹിക/ജീവകാരുണ്യപ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന എത്രയോ സംഘടനകളുണ്ട്‌, അവയിൽ ഒരുപാടെണ്ണം മതവിശ്വാസവുമായി യാതൊരുവിധത്തിലും ബന്ധമില്ലാത്തവയാണ്‌. ധനപരമായി തന്നെ വേണമെന്നില്ല, സാമൂഹികവിഷയങ്ങളിലുള്ള ഇടപെടലുകളായോ നിയമസഹായം നൽകിയോ ഒക്കെ പ്രവർത്തിക്കുന്ന ധാരാളം സംഘടനകൾ ഉണ്ടിവിടെ. ഇനി അഥവാ ദൈവവിശ്വാസത്തിൽ അധിഷ്ഠിതമായി മതഭേദമന്യേ അതിലേക്ക്‌ തങ്ങളാലാവുംവിധം പലരും പങ്കാളികളാവുന്നുണ്ടുതാനും.

മിക്ക സംഘടനകളും, എന്തിന്‌, ഇന്ന്‌ കോർപ്പറേറ്റുകൾ പോലും ഏതെങ്കിലും തരത്തിൽ സാമൂഹികപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ട്‌. ഇനി, അതൊക്കെ പോളിസി ആയിട്ടാണോ ചെയ്യുന്നത്‌ എന്ന്‌ ചോദിക്കുന്നതിൽ കാര്യമില്ല, കാരണം എഴുതിവെക്കുന്നതിനേക്കാൾ ആവശ്യം പ്രവർത്തനമാണ്‌.

ഏതൊരു സംഘടനയും പൊതുജനസഹായത്താൽ തന്നെയാണ്‌ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത്‌, അതിൽ ജാതിയോ മതമോ നോക്കിയല്ല. തങ്ങൾക്ക്‌ സഹകരിക്കാവുന്നതാണെന്ന്‌ തോന്നുന്നതാണെങ്കിൽ അംഗമായോ അനുഭാവിയായോ അല്ലെങ്കിൽ ഒരു ഡോണർ ആയോ അതിൽ പലരും പങ്കുചേരും. ഇതൊക്കെ ഒരു ദൈവവിശ്വാസം മൂലമാണെന്നാണ്‌ വിലയിരുത്തലെങ്കിൽ അത്‌ തെറ്റാണെന്നേ എനിക്ക്‌ പറയാനാവൂ. വിശ്വാസികൾ അത്‌ അങ്ങിനെ വിലയിരുത്തിയാലും എല്ലാവരുടേയും കാര്യത്തിൽ അത്‌ പ്രസക്തമല്ല. (ഇത്രയേ ഞാനും പറഞ്ഞിട്ടുള്ളു, വേറിട്ടൊരു സംഘടനയുണ്ടാക്കി പ്രവർത്തിച്ചാലേ പ്രവർത്തനമാകൂ എന്ന്‌ ചിന്തിക്കുന്നത്‌ എത്രമാത്രം ശരിയാണെന്ന്‌ താങ്കൾക്ക്‌ വിലയിരുത്താം)

തന്റെ പ്രവർത്തനങ്ങൾ വിശ്വാസി പരസ്യപ്പെടുത്താറില്ല എന്ന്‌ പറഞ്ഞു, അവിശ്വാസികളെ സംബന്ധിച്ച്‌ എന്റെ കമന്റിലും അക്കാര്യം ഞാൻ പറഞ്ഞതാണ്‌, വിശ്വാസപരമായി തെറ്റാണെന്ന്‌ (മതവിശ്വാസമില്ലാത്തതിനാൽ) വിശ്വസിക്കാത്തവർ തന്നെ അത്‌ നിർവ്വഹിക്കുന്നുണ്ട്‌, അപ്പോൾ വിശ്വാസത്തിനിവിടെ പ്രത്യേകതയെന്താണുള്ളത്‌, when you consider the whole population? താങ്കൾ കരുതുന്നു വിശ്വാസപരമായി തെറ്റാണെന്ന ബോധ്യമുള്ളതിനാലാണ്‌ താങ്കൾ പുറത്ത്‌ പരസ്യപ്പെടുത്താത്തതെന്ന്‌, അത്‌ താങ്കൾക്ക്‌ ശരിയായിരിക്കാം, എല്ലാവർക്കും അങ്ങിനെയല്ലല്ലൊ. അതല്ലേ ഞാനും പറഞ്ഞത്‌?

ഒരു അവിശ്വാസിക്ക്‌ പരിണാമസിദ്ധാന്തം എന്നത്‌ താങ്കൾക്ക്‌ ഖുർആൻ പോലെയാണെന്നത്‌ അബദ്ധധാരണയാണ്‌. ഏതൊരു ഘട്ടത്തിലും പരിണാമസിദ്ധാന്തം എന്തുപറയുന്നു എന്നു നോക്കിയല്ല ആരും ജീവിക്കുന്നത്‌. തത്വചിന്തയുടെ തലത്തിൽ മനുഷ്യന്റെ നിസ്സാരത ബോധ്യപ്പെടുത്താനും സമൂഹത്തിലെ മാറ്റങ്ങൾ വിലയിരുത്താനും സഹായിച്ചേക്കാം എന്നതിലുപരി ഓരോ വ്യക്തിയും എന്തെന്ത്‌ ചെയ്യണം എന്ന്‌ നോക്കി മനസിലാക്കാനുള്ള വിശുദ്ധഗ്രന്ഥമൊന്നുമല്ലത്‌.
യുക്തിവാദിയായ ഒരാൾ സഹായിക്കാത്തതിന്‌ മറ്റൊരു യുക്തിവാദിക്ക്‌ ചോദിക്കാനാവില്ല എന്ന്‌ പറഞ്ഞുകണ്ടു. വിശ്വാസികളുടെ കാര്യത്തിലോ? അത്യാവശ്യഘട്ടത്തിൽ ഒരു x രൂപ ധനസഹായം വേണമെന്ന അഭ്യർത്ഥന നിരാകരിച്ചതിനെ സഹായമഭ്യർത്ഥിച്ചയാൾക്ക്‌ ചോദ്യം ചെയ്യാനാവുമോ? മൂന്നാമതൊരാൾ ചോദ്യം ചെയ്യുന്ന കാര്യമാണെങ്കിൽ പലയിടത്തും സംഭവിക്കുന്നുണ്ട്‌, സഹായം ചെയ്യാത്തയാൾ അതിന്‌ അയാളുടേതായ ന്യായീകരണം കണ്ടെത്തുകയും ചെയ്യും, അതിൽ വിശ്വാസികളും പെടും. ഇതൊന്നും വിശ്വാസി-അവിശ്വാസി എന്ന മട്ടിൽ വേർതിരിക്കാനാവില്ല.

അപ്പൂട്ടൻ പറഞ്ഞു...

ഇവിടെ ഞാൻ പറയാനുദ്ദേശിക്കുന്നത്‌ ഇത്രമാത്രം.

ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അയാളുടെ വിശ്വാസമായിരിക്കാം നന്മയുടെ ആധാരം, അതിൽ പ്രത്യേകിച്ച്‌ ആർക്കും എതിർപ്പുണ്ടാവണമെന്നില്ല. പക്ഷെ വിശ്വാസം ഇല്ലെങ്കിൽ വഴി തെറ്റും എന്ന വാദം ശരിയല്ലെന്ന്‌ ഉറപ്പിച്ചുതന്നെ പറയാനാവും, കാരണം ദൈവവിശ്വാസമില്ലാത്തവ്വർ എല്ലാവരും (വലിയൊരു ശതമാനമെങ്കിലും) ദുർമ്മാർഗ്ഗികളായല്ല ജീവിച്ചത്‌ എന്ന്‌ ആർക്കുമറിയാവുന്നതാണെന്നതുതന്നെ. സർവ്വേ നടത്താതെതന്നെ അത്‌ മനസിലാക്കാനാവും.

ബ്രൈറ്റ്‌ ഉപയോഗിച്ച പരീക്ഷണങ്ങൾ പറയുന്നത്‌ മതവിശ്വാസത്തിനുപരിയായി മനുഷ്യൻ പ്രതികരിക്കുന്നത്‌ ഒരുപോലെത്തന്നെയാണെന്നാണ്‌, ഒരു പ്രത്യേകവിശ്വാസം മൂലം മനുഷ്യന്റെ അടിസ്ഥാനപ്രതികരണത്തിൽ വിശേഷിച്ച്‌ വ്യത്യാസമൊന്നും വരുന്നില്ല എന്നതുമാത്രമാണ്‌. ഭൗതികവാദിക്കും മതവിശ്വാസിക്കും തനിക്കാവശ്യമുള്ള തരത്തിൽ അത്‌ വ്യാഖ്യാനിക്കാം. ഏതാണ്‌ ശരി എന്നത്‌ വിശകലനത്തിനുപയോഗിക്കുന്ന വീക്ഷണമനുസരിച്ചിരിക്കും.

സമൂഹത്തിൽ പരിഷ്കർത്താക്കൾ ധാരാളം ഉണ്ടായിട്ടുണ്ട്‌, അവരെല്ലാം തനിക്ക്‌ ചുറ്റും കാണുന്ന കാര്യങ്ങളോടാണ്‌ പ്രതികരിച്ചത്‌. അങ്ങിനെ പലരുടേയും പ്രവർത്തനങ്ങളിലൂടെ തെറ്റിയും തിരുത്തിയുമാണ്‌ മനുഷ്യവംശം ഇന്നുവരെ നിലനിന്നത്‌. അതിനിടെ ചില വിഭാഗങ്ങൾ മതവിഭാഗങ്ങളായി രൂപപ്പെട്ടു എന്നുമാത്രം. ഇവയെല്ലാം അപ്രസക്തമാകുന്നില്ല, കാരണം മനുഷ്യചരിത്രത്തിലെ യാത്രയിൽ ഇവയ്ക്കെല്ലാം അവരുടേതായ പങ്കുണ്ട്‌. അതുകൊണ്ടുതന്നെ മതങ്ങളില്ലായിരുന്നെങ്കിൽ എന്ന സങ്കൽപം ബുദ്ധിമുട്ടായിരിക്കും.

വ്യക്തിപരപായി, ഒരു സമൂഹജീവി എന്ന നിലയിൽ, നല്ലരീതിയിൽ ജീവിക്കാൻ എനിക്ക്‌ ആവശ്യമാണോ അല്ലയോ എന്നുമാത്രമേ എനിക്ക്‌ പ്രസക്തമാകുന്നുള്ളു.

bright പറഞ്ഞു...

ഇപ്പോഴും വ്യക്തമായ ഉത്തരം കിട്ടിയില്ലല്ലോ ലത്തീഫേ?സുഡാനിലെ ഒരു സ്ത്രീയെ അറസ്റ്റു ചെയ്തതും ആള്‍ക്കൂട്ടം അവരെ വധിക്കണമെന്ന് പറഞ്ഞ് ബഹളം കൂട്ടിയതും ശരിയോ തെറ്റോ എന്നല്ലോ ചോദ്യം.ചോദ്യം ആവര്‍ത്തിക്കാം...

''Consider this moral dilemma: A runaway trolley is about to kill a schoolteacher. You can divert the trolley onto a sidetrack, but the trolley would trip a switch sending a signal to a class of 6-year-olds, giving them permission to name a teddy bear Muhammad. Is it permissible to pull the lever?''

CKLatheef പറഞ്ഞു...

പ്രിയ ബ്രൈറ്റ്,

beating about the bush എന്ന് ഇതിനാണ് പറയേണ്ടത്. തികച്ചും സാങ്കല്‍പിക ചോദ്യങ്ങള്‍. തങ്ങള്‍ വെറുക്കുന്ന ചിലതിനെ അപകീര്‍ത്തിപ്പെടുത്താനും. തങ്ങള്‍ പുറത്താകരുതെന്നാഗ്രഹിക്കുന്ന സത്യത്തെ ഒളിപ്പിച്ച് വെക്കാനും. ആടിനെ പട്ടിയാക്കാനുമൊക്കെ ഉപകരിക്കുന്നതാണ് ഇത്തരം ചോദ്യങ്ങള്‍. ഒരു ശാസ്ത്രസര്‍വേ എന്ന ലേബലും വെച്ച് ലോകത്തെ ലക്ഷക്കണക്കിന് ആളുകള്‍ തങ്ങള്‍ ഇഛിക്കുന്നവിധം മറുപടി എഴുതിക്കാന്‍ ഇതിലൂടെ സാധിക്കും. ഏത് ഉത്തരം പറഞ്ഞാലും താങ്ങളുദ്ദേശിക്കുന്ന ലക്ഷ്യം നിറവേറും. വേണമെങ്കില്‍ അതുപോലുള്ള ചില സാമ്പില്‍ ചോദ്യങ്ങള്‍ ഞാനും തരാം.

ഈ ചോദ്യത്തിന് ഉത്തരം പറഞ്ഞാല്‍ എന്ത് നിഗമനത്തിലാണ് താങ്കള്‍ എത്തിച്ചേരുക. എന്താണ് നമ്മുക്കിടയിലെ തര്‍ക്കവിഷയം. ഈ ചോദ്യത്തിന് ഉത്തരം പറയുന്നതിലൂടെ നമ്മുക്കിടയിലെ വിയോജിപ്പ് അവസാനിക്കുമോ. സംഭവലോകത്ത് നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ക്ക് തന്നെ മറുപടി പറയാന്‍ വേണ്ടത്ര സമയമില്ല. അതുകൊണ്ടാണ് നടന്നു എന്ന കരുതുന്ന സംഭവത്തെ മുന്നില്‍ വെച്ച് ഞാനെന്റെ മറുപടി പറഞ്ഞത്.

ഈ ചോദ്യങ്ങള്‍ക്ക് താങ്കളുടെ മറുപടി എന്താണ്. ചിന്താപരീക്ഷണത്തില്‍ നല്‍കപ്പെട്ടെങ്കില്‍ അതില്‍ പങ്കെടുത്തവരുടെ പ്രതികരണം എന്തായിരുന്നു. അതില്‍ നിന്ന് ചോദ്യകര്‍ത്താവ് എന്ത് നിഗനമനമാണ് സാധിച്ചത്. ഇതൊക്കെ ഒന്ന് പറയൂ. എന്നിട്ടാകാം. എന്റെ മറുപടി.

Abdul Azeez Vengara പറഞ്ഞു...

ഒരാൾ ദാനധർമ്മം ചെയ്യുന്നത് സ്വന്തം കസേര നിലനിർത്താനും ബിസിനസ്സ് മെച്ചപ്പെടുത്താനും പോപ്പുലാരിറ്റിക്കും പള്ളയുടെ പ്രശനത്തിനും അതായത് സ്വന്തം കാര്യ ലാഭത്തിനായാൽ അതിലെവിടെ ധർമ്മം?

‘പരിചയക്കാരനു സീറ്റ് ശരിയാക്കി കൊടുക്കൽ‘ ഇവരുടെ രണ്ടു പേരുടെ ഇടയിൽ അത് ഒരു തെറ്റോ കുഴപ്പമോ അല്ലേ അല്ല. അതിന്റെ പേരിൽ മനസാക്ഷി കുത്തോ പക്ഷാതാപമോ ഒന്നും അവർക്കുണ്ടാവില്ല. സമൂഹത്തിനല്ലെ അതിന്റെ നഷ്ടം?

CKLatheef പറഞ്ഞു...

(ഈ പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് രവി എന്ന ബ്ലോഗര്‍ സ്വന്തം പോസ്റ്റിലിട്ട കമന്റ് ഇവിടെ ചേര്‍ക്കുന്നു. തുടര്‍ന്നുള്ള കമന്റ് അതേ ബ്ലോഗിലിട്ട എന്റെ പ്രതികരണം.)

Ravi said..

'ലതീഫിന്റെത് വ്യാഖ്യാനങ്ങളാണ്. മതക്കാര്‍ പറയുക മതവിശ്വാസികള്‍ക്കെ ധാര്മികതയുണ്ടാവൂ എന്നാണു. ധാര്‍മികതയുടെ മൊത്തക്കച്ചവടക്കാര്‍ മതക്കാരനല്ലോ? എന്താണ് ധാര്‍മികതയുടെ അര്‍ഥം? നല്ല കാര്യങ്ങള്‍ ചെയ്യല്‍ എന്ന് പറയാമെന്നു തോന്നുന്നു. മതക്കാര്‍ പറയും ധാര്‍മികമായ കാര്യങ്ങള്‍ ചെയ്‌താല്‍ സ്വര്‍ഗത്തില്‍ പോവും, അല്ലെങ്കില്‍ നരകത്തില്‍ യാതന അനുഭവിക്കേണ്ടി വരും. എന്താണ് നല്ല കാര്യങ്ങള്‍? എല്ലാ കാലത്തേക്കുമായി ഒരു ധാര്‍മികത ഉണ്ടോ? നബി ഒമ്പത് വയസ്സുള്ള ആയിഷയെ വിവാഹം ചെയ്തു എന്ന് പറയുന്നു അക്കാലത്ത് അത് അധാര്‍മികമായി എന്ന് ആരും പറഞ്ഞതായി അറിയില്ല. പക്ഷെ, ഇന്നാണെങ്കിലോ (നമ്മുടെ നാട്ടില്‍) ? ഉണ്ട തിന്നേണ്ടി വരില്ലേ? (നബിയെ പറ്റിയല്ല കേട്ടോ..കച്ചറ ആവേണ്ട) കണ്ണിനു കണ്ണ് കൈക്ക് കൈ എന്ന ശിക്ഷാരീതി ഇപ്പോഴും അറേബിയയില്‍ ഉണ്ടെന്നു കേള്‍ക്കുന്നു. അത് അവിടെ ധാര്‍മികത ആണ്. എന്നാല്‍ ആധുനിക ജനാധിപത്യ രാജ്യങ്ങളില്‍ ഇത് നടക്കുമോ? അവര്‍ അത് അധാര്‍മികമായിട്ടാണ് കാണുന്നത്. കാലദേശങ്ങള്‍ക്കനുസരിച്ച് ധാര്‍മികതയുടെ അര്‍ഥം മാറും.

ലത്തീഫ് എങ്ങനെയൊക്കെ വ്യാഖ്യാനിച്ചാലും, ദൈവഭയം വേണം എങ്കിലേ ധാര്‍മികത നിലനില്ക്കു എന്നാണു മതക്കാരുടെ വാദം. നേരത്തെ റിച്ചാഡ് ഡോകിന്സിനെ ഉദ്ധരിച്ചു പറഞ്ഞത് പോലെ, ധാര്‍മികത ജനിതകമായി പരിണമിച്ചുണ്ടായതാണ് എന്നതാണ് ശരി. നിരീശ്വരവാദികള്‍ ധാര്‍മികമായി അധപ്പതിച്ചവരാന് എന്ന് പറയാമോ? ദൈവത്തിന്റെ കാര്യം പറയുമ്പോള്‍ അള്ളാഹു മാത്രമേ ദൈവമായി ഉള്ളു എന്ന് വിശ്വസിക്കുന്നവരും ഹിന്ദുക്കളെപ്പോലുള്ളവരും തമ്മിലുള്ള വ്യത്യാസം കാണാതിരിക്കരുത്. ഹിന്ദുക്കള്‍ക്ക് ഒരു പാട് ദൈവങ്ങളുണ്ട്‌. അവരില്‍ പലരും ഇന്നത്തെ രീതിയില്‍ ചിന്തിച്ചാല്‍ അധാര്‍മികന്മാര്‍ ആണ്. ആ അധാര്മികന്മാര്‍ക്കെങ്ങിനെ മനുഷ്യരില്‍ ധാര്‍മികത ഉണ്ടാക്കാന്‍ കഴിയും? ഇക്കാര്യത്തില്‍ ലത്തീഫ് എന്നോട് യോജിക്കുമെന്നു തോന്നുന്നു. അല്ലെങ്കില്‍ അന്യമത നിന്ദ ചെയ്യുന്നത് 'ധാര്‍മിക'മല്ല എന്ന് കരുതി മിണ്ടാതിരിക്കും അല്ലെ?

ലത്തീഫ് പറഞ്ഞു: " ദേഹെച്ചയുടെ മനസ്സിന് (സ്വേച്ചക്ക്)മനുഷ്യ ശരീരത്തില്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ കഴിയും......" ഇതെന്തു മലയാളം സുഹൃത്തേ? ദേഹേച്ച = ദേഹത്തിന്റെ ഇച്ച. ദേഹത്തിനു ഇച്ചയോ? മനസ്സില്‍ ഉദ്ഭൂതമാവുന്ന ഇച്ച (ആഗ്രഹം) ശരീരം കൊണ്ട് പ്രായോഗികമാക്കുകയാണ് മനുഷ്യന്‍ ചെയ്യുന്നത്. വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ചു ആളുകളെ വട്ടം കറക്കല്ലേ ....'

CKLatheef പറഞ്ഞു...

>>> 'ദേഹേഛക്ക് (സ്വേഛക്ക്) മനുഷ്യശരീരത്തില്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ കഴിയും. അവന്റെ ഇഛയെ കയറൂരിവിട്ടാല്‍ മാത്രം മതി അവന്‍ തികഞ്ഞ ആധാര്‍മികനാവാന്‍ ‍. അവന്റെ ഇഛകളുടെ പൂരണത്തിന് നിയന്ത്രണം വരുത്തുന്നതിനെ ദേഹേഛ പ്രതിരോധിക്കും' <<<

(ഇതാണ് ഞാന്‍ പറഞ്ഞത് ദേഹേഛയുടെ മനസ്സ് എന്ന പ്രയോഗത്തില്‍ ആവര്‍ത്തനം വരുന്നതിനാല്‍ ഈ കമന്റ് കാണുന്നതിന് മുമ്പ് ഒഴിവാക്കിയിരുന്നു. ഇഛ എന്നാണ് ഞാന്‍ ഉപയോഗിച്ചത് ഇച്ചയല്ല. മുമ്പ് അത് ഇച്ഛ എന്നെഴുതിയിരുന്നു. കൊതി, അഭിലാഷം, ആഗ്രഹം ദേഹേഛ എന്ന് പറഞ്ഞാല്‍ ദേഹത്തിന്റെ ആഗ്രഹം. സ്വേഛ എന്ന് പറഞ്ഞാലും അത് തന്നെയാണ് ഉദ്ദേശിക്കുന്നത്.)

സാധാരണ ഗതിയില്‍ മനുഷ്യന്‍ മനസ്സിനെക്കുറിച്ച് എന്ത് മനസ്സിലാക്കേണ്ടതുണ്ടോ അത്രയും കാര്യങ്ങള്‍ ഖുര്‍ആനിലൂടെ നല്‍കിയിരിക്കുന്നു. കൂടുതല്‍ ആവശ്യമുള്ളവര്‍ക്ക് കൂടുതല്‍ പഠനമാകാം എന്നുമാത്രം. അതനുസരിച്ച്. മനുഷ്യനില്‍ രണ്ടു ചിന്താഗതികള്‍ പ്രവര്‍ത്തിക്കുന്നു. ഒന്ന് മനുഷ്യന്റെ ശരീരത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ളതാണ്. മനുഷ്യനെ സംബന്ധിച്ചിടത്തോളം അത് ആവശ്യം തന്നെയാണ്. പക്ഷെ ആ ഇഛ(ആഗ്രഹം)നിയന്ത്രിക്കപ്പെട്ടില്ലെങ്കില്‍ മനുഷ്യനും മൃഗവും തമ്മിലുള്ള അന്തരം ഇല്ലാതെയാകും. ഉദാഹരണത്തിന് ശരീരത്തിന്റെ ഏറ്റവും ശക്തമായ വികാരങ്ങളിലൊന്ന് അവന്റെ ലൈംഗികതയാണ്. ഇതിനെ ശരീരത്തിന്റെ ആഗ്രഹത്തിനുസരിച്ചല്ല നാം കൈകാര്യം ചെയ്യുന്നത്. അവിടെ അമ്മയും സഹോദരിയും അതില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുന്നു. അന്യസ്ത്രീകളെയും. വിശക്കുമ്പോള്‍ ഭക്ഷണം ആഗ്രഹിക്കുന്ന മനസ്സ്. ഇതിനെ ഇസ്്‌ലാമിക സാങ്കേതിക ഭാഷയില്‍ ഹവ എന്ന് പറയും. അതിനെ മലയാള അര്‍ഥം നല്‍കുമ്പോള്‍ ചിലര്‍ സ്വേഛ എന്നും ചിലര്‍ ദേഹേഛ എന്നും പറയും. ഈ കാര്യമാണ് ഞാന്‍ എന്റെ പോസ്റ്റില്‍ പറഞ്ഞത്. ആധുനിക മനഃശാസ്ത്രജ്ഞരൊക്കെ ഈ മനസ്സിന്റെ പ്രവര്‍ത്തനം വ്യക്തമാക്കിയതാണ്. ഫ്രോയിഡിന്റെ ഈഗോയും ഇദ്ദുമൊക്കെ വായിച്ചിരുന്നെങ്കില്‍ ഞാന്‍ പറയുന്നതിനോട് ഇത്ര അപരിചിതത്വം തോന്നില്ലായിരുന്നു.

എല്ലാമത വിശ്വാസികള്‍ക്കും അവര്‍ സാധാരണ മതവിഷയങ്ങളില്‍ ഉപയോഗിക്കുന്ന ചില മലയാള പദങ്ങളുണ്ടാകും. വെഞ്ചരിക്കല്‍ എന്ന് പറഞ്ഞാല്‍ ഒരു ക്രിസ്ത്യാനിക്ക് വിശദീകരണം ആവശ്യമില്ലാതെ മനസ്സിലാകും. പക്ഷെ അതുകൊണ്ടെന്താണ് ഉദ്ദേശിക്കുന്നതെന്ന് ഒരു മുസ്ലിമിന് മനസ്സിലാകില്ല. അതേ പോലെ മുസ്ലിംകള്‍ (തെക്കന്‍ കേരളത്തില്‍ ചിലപ്പോള്‍ മുസ്ലിംകള്‍ക്ക് പോലും പരിചയമുണ്ടായി എന്ന് വരില്ല) ഒരു പദമാണ് തേട്ടം എന്നത് തേടുക പ്രാര്‍ഥിക്കുക. ആഗ്രഹിക്കുക. എന്നൊക്കെയുള്ള അര്‍ഥത്തില്‍ ഉപയോഗിക്കപ്പെടുന്നു. പക്ഷെ അത് എഴുതുന്നവര്‍ക്കും വായിക്കുന്നവര്‍ക്കുമറിയില്ല. എന്നൊക്കെ ചിലര്‍ ഇവിടെ വന്ന് പറയുന്നു. മനസ്സും ശരീരവും ആത്മാവുമൊക്കെ അതിനെ അറിയേണ്ട വിധം അറിയുകയും ഓരോന്നിനെ അതാതിന്റെ സ്ഥാനത്ത് നിര്‍ത്തി പരിഗണിക്കുകയും ചെയ്യുന്ന ഒരു ദര്‍ശനത്തിന്റെ ആളുകള്‍ക്ക് എന്ത് പുതിയ അറിവാണ് മതനിഷേധത്തിന്റെയും യുക്തിവാദത്തിന്റെയും ആളുകള്‍ക്ക് നല്‍കാനുള്ളത് എന്നറിയാന്‍ താല്‍പര്യമുണ്ട്.

എന്താണ് ധാര്‍മികത എന്നറിയാന്‍ ഈ പോസ്റ്റ് വായിക്കുക.

CKLatheef പറഞ്ഞു...

പുതിയ പോസ്റ്റ്: തിന്മയുടെ മനഃശാസ്ത്രം ഉടന്‍ പ്രതീക്ഷിക്കുക....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review