2010, ജൂലൈ 12, തിങ്കളാഴ്‌ച

ദൈവാസ്തിക്യത്തെ ശാസ്ത്രം പിന്തുണക്കുന്ന വിധം

ഈ തലക്കെട്ടുകളൊക്കെ മതനിഷേധികളായ ശാസ്ത്രവാദികളെ അങ്ങേഅറ്റം വിളറി പിടിപ്പിക്കുന്നതാണ്. കഴിഞ്ഞ എന്റെ പോസ്റ്റിന് വന്ന കമന്റുകളും,  സമാന വിഷയം കൈകാര്യം ചെയ്യുന്ന സ്ഥലങ്ങളിലും മറ്റും (മനോരോഗബാധിതരെപ്പോലെ ചില യുക്തിവാദികള്‍) നല്‍കിയ കമന്റുകളും ശ്രദ്ധയില്‍ പെടുകയുണ്ടായി. അതിലൊന്ന് ഇപ്രകാരമാണ്:
 " അതായത് പരിമിതികൾ അറിയാനും കൂടിയുള്ള ആന്തരിക ശേഷിയോടെയാണു ശാസ്ത്രം കുതിക്കുന്നത് എന്ന് സാരം...
അതേ സമയം ദൈവജ്ഞാനികൾക്ക് ഒരു പരിമിതിയും ഇല്ല. അവർക്ക് എല്ലാ സൃഷ്ടിയും നിയന്ത്രണവും നടത്തുന്നത് അങ്ങനൊരു ശക്തിയാണെന്ന് പൂർണ ഉറപ്പാണു. പരിമിതിയില്ലാത്ത പരിധികളില്ലാത്ത അന്തമോ ആദിയോ ഇല്ലാത്ത ശക്തിവിശേഷമെന്നൊക്കെ ഉഡായിപ്പിറക്കും... ഇതിന്റെ ഒരു പ്രോപ്പർട്ടിയുമൊട്ട് വിശദീകരിക്കാനും അറിയില്ല...പക്ഷേ പരിധിയും അന്തവുമൊന്നുമില്ലാത്തതാണെന്ന കാര്യം നല്ല തിട്ടമാണു..അതെങ്ങനെ എന്ന് ചോദിച്ചാൽ “ഗ്രന്ധം” പൊക്കിക്കാണിക്കും..അവുത്തേൽ പറഞ്ഞിട്ടൊണ്ടെങ്കീ ഓ...പിന്നെ എല്ലാം ഓക്കെ...

ശാസ്ത്രത്തിന്റെ പരിധിയളക്കാൻ നടക്കുന്നു, കൊറേ മണ്ടശിരോമണികള് !

നൾ ഹൈപ്പോതിസീസും ഓൾട്ടർനേറ്റിവ് ഹൈപ്പോതിസീസും എന്താണെന്ന് പോലും അറിയില്ല..വിഡ്ഢിത്തത്തിനു മാത്രം ഒരു കുറവുമില്ലേനും !! ആവൂ !
എന്താണ് ഈ പ്രകോപനത്തിന് കാരണം. മനസ്സിലാക്കിയിടത്തോളം, മതനിഷേധികളായവര്‍ സ്വയം തങ്ങള്‍ ശാസ്ത്രത്തിന്റെ ആളുകളാണെന്ന മിഥ്യാബോധമുണ്ട്. അതാകട്ടെ അവരുടെ ആകെയുള്ള മനസ്സമാധാനമാണ്. ദൈവത്തെ മാറ്റിനിര്‍ത്തുന്നതിന് അവര്‍ക്കുള്ള ആകെ ന്യായം ശാസ്ത്രീയമായി ദൈവത്തിന്റെ അസ്തിത്വം തെളിയിക്കപ്പെട്ടിട്ടില്ല എന്നതാണ്. ഇനി തെളിയിക്കപ്പെട്ടാല്‍ തങ്ങള്‍ ആ ദൈവത്തില്‍ വിശ്വസിക്കും എന്ന് പലരും പറയുന്നുമുണ്ട്. അതേ പ്രകാരം മലക്ക് ജിന്ന് പരലോകം ഇവയൊക്കെ ശാസ്ത്രത്തിന്റെ ഉരക്കല്ലിലിട്ട് ഉരച്ച് നോക്കി യാഥാര്‍ഥ്യം വ്യക്തമാക്കിക്കൊടുക്കുകയാണെങ്കില്‍ ഒരു കൈ നോക്കാം എന്നും പറഞ്ഞിട്ടുണ്ട്. രണ്ടാമത്തെ കാരണം. മതം എന്നത് ശാസ്ത്രവിരുദ്ധമാണ് എന്ന് മതവിശ്വാസികള്‍ അംഗീകരിക്കണം എന്നാണ് അവരുടെ ആഗ്രഹം. തങ്ങളുടെ മതത്തില്‍ ബുദ്ധിക്കോ യുക്തിക്കോ സ്ഥാനമില്ല അവ രണ്ടിനും പ്രവേശനമില്ലാത്ത വിശ്വാസം മാത്രമാണ് അതിന്റെ അടിസ്ഥാനം എന്ന് പൊതുവെ മതവിശ്വാസികള്‍ പറയാറുണ്ട്. അതില്‍നിന്ന് വ്യത്യസ്ഥമായി ഞാന്‍ സ്വീകരിക്കുന്ന നിലപാട് മതനിഷേധികളെ വല്ലാതെ പ്രയാസപ്പെടുത്തുന്നു.  ആശയ സംവാദമായതിനാല്‍ മറ്റു പ്രതികരണങ്ങള്‍ തല്‍കാലം സാധ്യമല്ലാത്തതിനാല്‍ സമനില നഷ്ടപ്പെട്ട മറ്റൊരാളുടെ പ്രതികരണം നോക്കൂ:
"ഞമ്മക്ക് അന്റെ ചള്ള് ഐപ്പാതിസിസും, ഓട്ട ഐപ്പാതിസിസും ഒന്നും അറിയേണ്ട ഒരു കാര്യൂല്ല..അതൊക്ക ഇയ്യ് അന്റെ കയ്യീല്‌ ബച്ചാമതി. പരിണാമം ഒലത്തി ഈയൊക്കെ എബടെ ബരെ പോവൂന്ന് കാണണം ഞമ്മക്ക്. അതൊക്കെ മുയോന്‍ തെറ്റാണെന്ന് ഞമ്മടെ പൊത്തകത്തിലുണ്ടേ..പോരാഞേന്‌ അതൊക്കെ തെറ്റാന്ന് ഞമ്മടെ യാഹ്യയിക്ക ചാത്രീയമായി തന്ന തെളീച്ചിട്ടിണ്ടീ..ഇയ്യ് അത് കണ്ടീലാന്നുണ്ടാ. പിന്ന, ഞമ്മക്ക് യ്യ് പറേണ പൊത്തകങ്ങളൊന്നും പഠിക്കാനെക്കൊണ്ടൊന്നും മനസ്സില്ല, ബിംഗ് മാംഗ് ഒക്കെ ശരിയാന്ന് ഇയ്യ് ഇന്നെ പഠിപ്പിക്കാന്‍ നോക്കണ്ടാ. അദൊക്ക തെറ്റാണ്‌ന്ന് ഇയ്യ്ക്ക് നല്ല പോദ്യാ.. പശ്ശേ, ബിംഗ് മാംഗ് മുയുക്ക ഞമ്മടെ കിത്താബിലിണ്ടീ, അദോണ്ട് ഇപ്പ അത് ശര്യന്ന്യാന്ന് തോന്നണ്‌,

പിന്ന, ഇയ്യ്, പരിണാമചിദ്ദാന്തം മുയ്ക്കനെ അന്റെ പുത്തിയാന്ന് പറയണ്ടാ. ഞമ്മടെ ചാത്രകാരന്മാര്‌ ഇപ്പ അയിന്റ ചൂക്തം പൊത്തകത്തില്‌ കണ്ടെത്തീന്,

പിന്ന, മന്‍സേമാര്‌ക്ക് ചെറീയ് പുത്തിയേ ഉള്ള്, അത് അനക്കറിയാ? ആ പുത്തി വച്ച് അന്റെ മാര്യൊള്ള മന്‍സേര്‌ക്ക് ഈ ദുനിയാവിന്റ, ഒരു തരിപോലും നിരീച്ചിക്കാന്‍ കയ്യൂല്ലാ..പശ്ശേ ഞമ്മടെ ആള്‍ക്കാര്‍ക്ക് അദൊക്കെ നല്ല പുശ്പ്പം പുശ്പം പോലെ അറിയാം. ഞമ്മക്ക് ഞമ്മന്റെ പടച്ചോന്‍ അദൊക്കെ നേരിട്ട് വെളിപാടിറക്കി തന്നേന്‌, ..അദ് പടച്ചോന്‍ തന്ന്യാ എറക്കീന്‌, ഞമ്മക്ക് നല്ല ഒറപ്പാ. അതോണ്ട് അയ്നപ്പ്റത്തെ ചത്യോന്നും ഇല്ലാ, ചത്യം ഒന്നേള്ള്, അത് ഞമ്മന്റെ കിത്താവാണ്‌. അതോണ്ട് ഇയ്യ് പോയി അന്റ പണി നോക്കീന്‌.."
ഇതൊക്കെ പറയുന്നത് അക്ഷരാഭ്യാസമില്ലാത്ത അന്ധമതവിശ്വാസികളല്ല. ശാസ്ത്രം എന്നാല്‍ തങ്ങളുടെ കുത്തകയാണെന്ന് ധരിക്കുകയും മതങ്ങളെല്ലാം അസംബന്ധമാണെന്നും ബോധ്യപ്പെട്ടതിനാല്‍ ദൈവനിഷേധം സ്വീകരിക്കുകയും ചെയ്യുന്ന മനുഷ്യവംശത്തിലെ അപൂര്‍വ ബുദ്ധിജീവികളുടെ 'സഹിഷ്ണുത'യുള്ള മനസ്സില്‍ നിന്ന് ഊറിവരുന്ന 'മൊഴിമുത്തു'കളാണിവ. ഇവ കേട്ടിട്ട് താങ്കള്‍ക്ക് അറപ്പുതോന്നുന്നെങ്കില്‍ ആ പഴഞ്ചന്‍ മതധാര്‍മിക മുല്യങ്ങള്‍ നിങ്ങളുടെ മനസ്സില്‍ ഇനിയും അവശേഷിക്കുന്നത് കൊണ്ടോ,  അല്ലെങ്കില്‍ താങ്കള്‍ ആഗ്രഹപണ്ഡിതന്‍മാരുടെ വാക്ക് കേള്‍ക്കുന്ന കുമ്പളങ്ങാ തലയനായതുകൊണ്ടോ ആയിരിക്കും.

ഈ ഭിക്ഷാംദേഹികളുടെ മനോഭാവം സ്വീകരിക്കാത്തതിന് അവര്‍ക്കുള്ള കെറുവ് എങ്ങനെ തീര്‍ക്കണമെന്നറിയാത്തതിനാല്‍ പറഞ്ഞു പോകുന്നതാണ്. മാന്യമായി പറയുന്നവരും കൂട്ടത്തിലുണ്ട് അതിലൊരാള്‍ ഇപ്രകാരം പ്രതികരിച്ചു:
 " നിശ്ചയമായും ഏതൊരു വസ്തുവിനെയും നാം സൃഷ്ടിച്ചതു ഒരുവ്യവസ്ഥ പ്രകാരമാണ്‌.

ഈയൊരൊറ്റ വരി മതിയല്ലോ മൊത്തം ശാസ്ത്രത്തിനെയും വ്യാഖ്യാനിച്ച് നമ്മടെ സ്വന്തം ആക്കാന്‍

ഫൂഗുരുത്വം?
വ്യവസ്ഥ വ്യവസ്ഥ

കെപ്ലറുടെ പ്ലാനറ്ററി മോഷന്‍ നിയമം
നേരത്തെ പറഞ്ഞ വ്യവസ്ഥ

ഷ്രോഡിഞ്ചറുടെ വേവ് ഈക്വേഷന്‍?
അതും നേരത്തെ പറഞ്ഞ വ്യവസ്ഥ.

ചുരുക്കിപ്പറഞ്ഞാല്‍ കഷ്ടപ്പെട്ട് ശാസ്ത്രീയമായ പരീക്ഷണങ്ങളും യുക്തിയും ഉപയോഗിച്ച് പാവം ശാസ്ത്രജ്ഞന്‍മാര്‍ ഒരേ സമയം ശശിയും സോമനും സുകുമാരനുമായി.  
ഇവിടെ ഈ കമന്റ് നല്‍കിയവരുടെ പേര്‍ പ്രസക്തമല്ല. എല്ലാം ഒരേ മനോഭാവം പങ്കുവെക്കുന്നു. അത് ഒരു തരം അസഹിഷ്ണതയുടെതും അഹങ്കാരത്തിന്റേതുമാണ് എന്നാണ് എന്റെ അഭിപ്രായം. മുട്ടുന്യായങ്ങളും മേല്‍ പറയപ്പെട്ട പരിഹാസവുമല്ലാതെ  വസ്തുതകളെ നേരിടാനാകാതെ മതവിശ്വാസികളെ തെറിയഭിഷേകം ചെയ്യുന്ന മനുഷ്യവംശത്തിലെ ഉന്നതകുലമഹിമ അവകാശപ്പെടുന്ന ഈ യുക്തിവാദികള്‍ ആരിലും ചിരിയുണര്‍ത്താതിരിക്കില്ല.

ശാസ്ത്രബോധം മനുഷ്യനെ ദൃഢവിശ്വാസിയാക്കുന്നു:

ഇത് കേവലം ഒരു അവകാശവാദം മാത്രമല്ല. ജനലക്ഷങ്ങളുടെ അനുഭവമാണ്. ഒരിടത്ത് ശാസ്ത്രത്തിലൂടെ ദൈവമുണ്ടെന്ന് തെളിയിക്കാനാവില്ല എന്ന് പറയുക. എന്നാല്‍ അതേ സമയം ശാസ്ത്രീയ പഠനത്തിലൂടെ ദൈവവിശ്വാസം ദൃഢീകരിക്കാം എന്ന അവകാശവാദമുന്നയിക്കുക. ഇത് ഞാന്‍ അബദ്ധത്തില്‍ പറഞ്ഞ് പോയതാണ് എന്ന് ചിലര്‍ കരുതുകയും ചൂണ്ടിക്കാണിക്കുകയും ചെയ്തു. ബോധപുര്‍വവും ചിന്തിച്ചും തന്നെയാണ് ദൈവവിശ്വാസികളോടൊപ്പം ഞാനും ഈ രണ്ട് പ്രസ്താവനകളും നടത്തിയത്. വിശുദ്ധ ഖുര്‍ആനില്‍ പ്രാപഞ്ചിക പ്രതിഭാസങ്ങളെ നിരീക്ഷിക്കാനും അവയെ പഠനം നടത്താനും ചിന്തിക്കാനും അടിക്കടി മനുഷ്യനോട് ആവശ്യപ്പെടുന്നു. നിങ്ങളുടെ ശരീരത്തിലും നിങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ടെന്ന് അറിയിക്കുന്നു. എന്താണിതിന്റെ ആവശ്യം എന്ന കാര്യത്തില്‍ വിശ്വാസികള്‍ക്കാര്‍ക്കും സംശയമില്ല. എന്തുകൊണ്ട് ശാസ്ത്രപരീക്ഷണങ്ങളിലൂടെ ദൈവത്തിന്റെ അസ്തിത്വം തെളിയിക്കാന്‍ സാധ്യമല്ല എന്ന് പറഞ്ഞുകഴിഞ്ഞു. ഈ പോസ്റ്റില്‍ ഉദ്ദേശിക്കുന്നത് ശാസ്ത്രപഠനം ഒരു വിശ്വാസിക്ക് ദൈവവിശ്വാസത്തില്‍ ദൃഢതനല്‍കുന്നതെങ്ങനെ എന്നാണ്. എന്ത് വന്നാലും ദൈവനിഷേധിയാകാന്‍ ഉറച്ച തീരുമാനമെടുത്തവര്‍ക്ക് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയും പരിഹാസം തുടരാം.

സ്വയം കേടുപാടുകള്‍ തീര്‍ക്കുന്ന ഒരു യന്ത്രം സങ്കല്‍പിക്കാനാവില്ല. എന്നാല്‍ മനുഷ്യശരീരത്തെക്കുറിച്ചു ചിന്തിച്ചു നോക്കൂ. സ്വയം പഴകിയ ഭാഗങ്ങള്‍ നീക്കം ചെയ്യുകയും പുതിയവ സ്വയം നിര്‍മിക്കുകയും ചെയ്യുന്നു. ഒരു സെല്‍ വിഭജിക്കപ്പെട്ടാണ് കോടിക്കണക്കിന് കോശങ്ങളുള്‍ക്കൊള്ളുന്ന മനുഷ്യശരീരം രൂപം കൊണ്ടിട്ടുള്ളത്. ഒരു ഇഷ്ട്ടിക സ്വയം വിഭജിക്കപ്പെട്ട് ലക്ഷക്കണക്കിന് ഇഷ്ടികളായി മാറുകയും അവ രൂപപ്പെട്ട് ഒരു മനോഹരമായ കെട്ടിടം രൂപം കൊള്ളുന്നതിനേക്കാള്‍ അത്ഭുതകരമായ പ്രവര്‍ത്തനാണ് മനുഷ്യശരീര രൂപീകരണത്തില്‍ നടക്കുന്നത്. ശാസ്ത്രം പുരോഗമിക്കുന്നതിന് മുമ്പുള്ള കാലഘട്ടത്തില്‍ മനുഷ്യര്‍ക്ക് ശരിരത്തിന്റെ ഈ സങ്കീര്‍ണ സ്വഭാവം അറിയില്ലായിരുന്നു. ആ അവസ്ഥയില്‍നിന്ന് ഇന്നത്തെ അവസ്ഥയിലെത്തിചേരുമ്പോള്‍ മനുഷ്യസൃഷ്ടിപ്പിലെ അത്ഭുതങ്ങള്‍ കൂടുതല്‍ വ്യക്തമാകുകയും ഒരു സൃഷ്ടാവിന്റെ ആവശ്യകത മനുഷ്യയുക്തി കൂടുതല്‍ ആവശ്യപ്പെടുകയുമാണ് ചെയ്യുന്നത്. പരിണാമവിശ്വാസത്തിന്റെ അടിത്തറയിളക്കിയതും ഈ ശാസ്ത്രീയ വളര്‍ചയാണ്.

ഇനി കോശങ്ങളുടെ പ്രവര്‍ത്തനം വീക്ഷിക്കുക. മനുഷ്യശരീരത്തിന്റെ രൂപഘടനയെക്കുറിച്ച് തികഞ്ഞ ബോധമുണ്ടെന്ന് തോന്നത്തക്കവിധമാണ് അവ അതിന്റെ ധര്‍മം നിര്‍വഹിക്കുന്നത്. രാസ പദാര്‍ഥങ്ങളുടെ മോളിക്യൂളുകള്‍ കോശത്തിലെ സംങ്കീര്‍ണ ഘടകങ്ങളായി രൂപാന്തരപ്പെടുന്നത് മുതല്‍ അണ്ഡകോശത്തിലെ ന്യൂക്ലിയസ് വ്യക്തിയുടെ സ്വഭാവത്തിന് രൂപം നല്‍കുന്നത് വരെയുള്ള പ്രവര്‍ത്തനമൊക്കെ അന്ധമായ പരിണാമത്തിന്റെ ഫലമാണ് എന്ന് ധരിക്കാന്‍ മനുഷ്യബുദ്ധിയെ നാം വല്ലാതെ പീഢിപ്പിക്കേണ്ടിവരും.

വീണ്ടും നോക്കുക. ഒരു സ്ത്രീയുടെ അണ്ഡാശയത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്ന അണ്ഡങ്ങളിലൊന്ന് കോടിക്കണക്കിന് വരുന്ന പുംബീജങ്ങളിലൊന്നുമായി ചേര്‍ന്നാണ് മനുഷ്യജന്‍മത്തിന് പ്രാരംഭം കുറിക്കുന്നത് ഇങ്ങനെ കൂടിച്ചേരുന്ന ബീജത്തിനും അണ്ഡത്തിനും അവയുടെ ആസ്തിക്യത്തെക്കുറിച്ച് പരസ്പരം ബോധമുണ്ടായി. ഏതോ ഒരു ബാഹ്യപ്രേരണയില്‍ പരസ്പരമാശ്ലേഷിച്ചു ഒരു വ്യക്തിക്ക് ജന്‍മം നല്‍കി. മാതാവിന്റെ ഗര്‍ഭാശയത്തില്‍നിന്ന് ലഭിക്കുന്ന രക്തം കൊണ്ടുതന്നെ എല്ലും പല്ലും പേശികളും നിര്‍മിക്കുന്നു. ഗര്‍ഭാശയാന്ധകാരത്തില്‍തന്നെ, ഭാവിജീവിതത്തില്‍ പ്രകാശവും ശബ്ധവും സ്വീകരിക്കാന്‍ സഹായകമായ സിരാകേന്ദ്രങ്ങള്‍ക്ക് രൂപം നല്‍കുന്നു. ഗര്‍ഭാശയത്തിന് പുറത്ത് വസിക്കാനാവശ്യമായ വിധത്തിലുള്ള അവയവങ്ങളും ശാരീരിക കഴിവുകളും അവിടെ വികസിച്ചുതുടങ്ങുന്നു. ഇതൊക്കെ യാദൃശ്ചികതയുടെ മാസ്മരശക്തിയാണെന്ന് ധരിക്കാന്‍ ദൈവത്തിന്റെ സാന്നിദ്ധ്യം തള്ളികളയാന്‍ മാത്രം എന്ത് തെളിവുകളാണ് ശാസ്ത്രകാരന്‍മാര്‍ക്ക് ലഭിച്ചതെന്ന് അവരിതുവരെ വെളിപ്പെടുത്തിയിട്ടില്ല. പരമാണു മുതല്‍ ഭീമാകാരമായ ജ്യോതിര്‍ഗോളങ്ങള്‍ വരെ അതിന്റെ ഘടനയിലും സ്വഭാവത്തിലും കാണപ്പെടുന്ന പരസ്പരാശ്രിതത്വവും, ഏകതാനതയും,  വ്യവസ്ഥാപിതത്വവും അവക്ക് പിന്നില്‍ ഒരു ശക്തിയുണ്ടെന്ന കാഴ്ചപ്പാടിനാണ് മനുഷ്യബുദ്ധി പിന്തുണന
ല്‍കുക.  

ഒരോ വസ്തുവിലും കാണുന്ന ശാസ്ത്രീയ പഠനങ്ങളെ വിശദീകരിക്കുക ഇവിടെ ഉദ്ദേശ്യമല്ല. അതിന് ഞാന്‍ അശക്തനാണു താനും. പറഞ്ഞുവരുന്നത്, ശാസ്ത്രത്തിന്റെ വളര്‍ച്ച എത്ര ഉത്തുംഗതയിലെത്തിയാലും ആ പഠനങ്ങളിലൂടെ ദൈവസൃഷ്ടിപ്പിന്റെ അത്ഭുതങ്ങള്‍ കൂടുതല്‍ വെളിപ്പെടുകയും ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ ദൈവവിശ്വാസത്തിന് ദൃഢതനല്‍കുകയും മാത്രമേ ചെയ്യുന്നുള്ളൂ എന്ന് സൂചിപ്പിക്കാനാണ്.

ദൈവവിശ്വാസം മനുഷ്യസഹജമാണ് അതുകൊണ്ടാണ് ദൈവനിഷേധികള്‍ എക്കാലത്തും സമുഹത്തില്‍ അപവാദങ്ങള്‍ മാത്രമായി മാറിയത്. വലിയ യുക്തിയോ ബുദ്ധിയോ പ്രയോഗിക്കാതെ തന്നെ മനുഷ്യന്‍ ദൈവവിശ്വാസികളായി മാറുന്നതിന് കാരണം ഈ ജന്മസിദ്ധമായ മനുഷ്യസ്വഭാവമാണ്. പ്രസിദ്ധ ഫ്രഞ്ച് തത്വചിന്തകനായ ദെക്കാര്‍ത്തെയുടെ വാക്കുകള്‍ ഈ വസ്തുത അനാവരണം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു:

"എന്റെ സത്തയുടെ പരിമിതയെക്കുറിച്ച ബോധത്തോടൊപ്പം തന്നെ പൂര്‍ണമായ ഒരു സത്തയുടെ ആസ്തിക്യം എനിക്കനുഭവപ്പെടുന്നു. എന്നില്‍ ഈ ബോധം നട്ടുപിടിപ്പിച്ചത് പൂര്‍ണതയുടെ സകലമാന ഗുണങ്ങളാലും വിഭൂഷിതമായ ആ പൂര്‍ണ സത്തയാണെന്ന് വിശ്വസിക്കാന്‍ ഞാന്‍ സ്വയം നിര്‍ബന്ധിതനാവുന്നതായി കാണുന്നു."

നമ്മിലോരോരുത്തര്‍ക്കും അനുഭവപ്പെടുന്നത് ദേക്കാര്‍ത്തെ അദ്ദേഹത്തിന്റെ ഭാഷയില്‍ പരഞ്ഞതായി മാത്രമേ എനിക്കതേ കുറിച്ച് തോന്നുന്നുള്ളൂ. എല്ലാറ്റിനെയും സംശയിക്കുന്ന ദേക്കാര്‍ത്തെ ഇങ്ങനെ പറഞ്ഞപ്പോള്‍. ഇബ്‌നു അത്വാഉ സ്സിക്കന്ദരി എന്ന വിശ്വാസി ഈ ആശയം പ്രകടിപ്പിച്ചത് ഇങ്ങനെയാണ്:

"എന്റെ നാഥാ, നിന്നെ ആശ്രയിച്ചു നിലകൊള്ളുന്ന ഒന്ന് എങ്ങനെ നിന്നിലേക്കുള്ള തെളിവാകും. നിനക്കില്ലാത്ത വ്യക്തത മറ്റുള്ളതിനുണ്ടെന്നോ? നിന്നെ ചൂണ്ടിക്കാണിക്കുന്ന തെളിവ് ആവശ്യമാകാന്‍ നീ എപ്പോഴാണ് അപ്രത്യക്ഷനായത്.? കാല്‍പാടുകള്‍ നിന്നിലേക്ക് വഴികാണിക്കുവാന്‍ നീ എപ്പോഴാണ് അകന്നു പോയത്?."

ഈ പോസ്റ്റ് സമാപിച്ചുകൊണ്ട് എനിക്കും ആവര്‍ത്തിക്കാനുള്ളത് ഇതാണ്.
എന്റെ നാഥാ.. നിന്നെ ചൂണ്ടിക്കാണിക്കുന്ന തെളിവ് ആവശ്യമാകാന്‍ നീ എപ്പോഴാണ് അപ്രത്യക്ഷനായത്.?.

ദൈവശാസ്ത്രപരമായി ഉന്നയിക്കപ്പെട്ട വാദങ്ങള്‍ക്ക് വിയോജിച്ചുകൊണ്ട് നല്‍കപ്പെട്ട കമന്റുകളിലെ ഒരു പോതുവികാരം,  എല്ലാം പുസ്തകത്തിലുണ്ടെന്ന് (വേദഗ്രന്ഥമാണ് ഉദ്ദേശ്യം) വിശ്വാസികള്‍ വാദിക്കുന്നതിലെ പുച്ഛവും, ശാസ്ത്രത്തിന് ദൈവത്തെ പരീക്ഷണനിരീക്ഷണങ്ങളിലൂടെ കണ്ടെത്താന്‍ പരിമിതിയുണ്ടെന്ന പ്രസ്താവനയുടെ നേരെയുള്ള പരിഹാസവുമാണ്. ശാസ്ത്രത്തിലൂടെ മനുഷ്യന് ഈ ലോകജീവിതം കൂടുതല്‍ സൗകര്യപ്രദമായി ഉപയോഗപ്പെടുത്തുന്നതിന് പരിശ്രമിക്കുന്നു. അതേ സമയം മതഗ്രന്ഥങ്ങള്‍ മനുഷ്യന് ശാസ്ത്രീയമായി കണ്ടെത്താനാകാത്ത മേഖലയയില്‍ മനുഷ്യന് വേണ്ട നിയമനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. ഇവ രണ്ടും ചേര്‍ന്ന് ഒരു ഉത്തമ സമൂഹസൃഷ്ടി സാധ്യമാകുന്നു. വേദവും ശാസ്ത്രവും മനുഷ്യന്റെ മിത്രങ്ങള്‍ തന്നെ. വസ്തുത ഇതായിരിക്കെ മതവിശ്വാസികള്‍ ശാസ്ത്രത്തിന്റെ സാങ്കേതിവിദ്യ ഉപയോഗപ്പെടുത്തി തങ്ങളുടെ അസംബന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നു എന്ന് പറയുന്ന ബുദ്ധിശൂന്യര്‍ അവഗണനയല്ലാതെ അര്‍ഹിക്കുന്നില്ല.

ദൈവമേ.. നിന്നെ മനസ്സിലാക്കാന്‍, നീ പറയുന്ന കാര്യങ്ങള്‍ ഉള്‍കൊള്ളാന്‍ തെളിവുകള്‍ മതിയായില്ല എന്ന് ദൈവിക വിചാരണവേളയില്‍ പറയാന്‍ കഴിയിയില്ല. എന്ന എന്റെ വാദത്തിന് വിശദീകരണം നല്‍കുകയായിരുന്നു ഈ ലേഖനങ്ങളിലൂടെ. ഇതിവിടെ അവസാനിക്കുന്നില്ല. ദൈവത്തിന്റെ മുമ്പില്‍ ഒഴികഴിവ് പറയാന്‍ തടസ്സമാകുന്ന മൂന്നാമത്തെ ഒരു തെളിവുണ്ട് അത് ദിവ്യവചനങ്ങളുടെ സാന്നിദ്ധ്യമാണ് തുടര്‍ന്നുള്ള ചര്‍ചകളില്‍ അതേകുറിച്ച് പറയാം.
 
 

1 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ഈ ശാസ്ത്രീയ യുഗത്തിലും ദൈവമില്ലെന്ന് മനുഷ്യനെ ബോധ്യപ്പെടുത്താന്‍ നടക്കുന്ന ഗംഭീര ശ്രമങ്ങളെ അതിജീവിച്ച് ദൈവിക ബോധം മനുഷ്യനെ ഒഴിയാബാധയായി തുടരുന്നത്, ദൈവാസ്തിക്യത്തിന്റെ പ്രഥമ തെളിവ് തന്നെയാണ്. ഈ വസ്തുതയെ പുറത്ത് നിന്ന് നോക്കിക്കാണാനാണ് ഈ ലേഖനങ്ങളിലൂടെ ശ്രമിച്ചത്. നിങ്ങള്‍ക്കും ഈ വിഷയത്തില്‍ അഭിപ്രായമുണ്ടെങ്കില്‍ പങ്കുവെക്കാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review