2010, ഓഗസ്റ്റ് 14, ശനിയാഴ്‌ച

ഖുര്‍ആന്റെ ദൈവികതക്ക് രണ്ടാമത്തെ തെളിവ്

ദൃക്‌സാക്ഷ്യം: രണ്ടാമത്തെ തെളിവ്

വിശുദ്ധ ഖുര്‍ആന്‍ ദൈവികമാണെന്നതിനുള്ള രണ്ടാമത്തെ തെളിവ്. ദൃക്‌സാക്ഷിയുടെ തെളിവാണ്. ആ ദൃക്‌സാക്ഷി മുഹമ്മദ് നബിയാണ്. അദ്ദേഹം അത് സമര്‍പിച്ചിട്ടുള്ളത് തന്റേതായിട്ടല്ല. ദൈവത്തിങ്കല്‍ ലഭിച്ച സന്ദേശമായിട്ടാണ്. താന്‍ സമര്‍പിക്കുന്ന വചനങ്ങള്‍ ലോകരക്ഷിതാവായ അല്ലാഹുവിങ്കല്‍നിന്ന് എനിക്ക് അവതരിച്ചുകിട്ടിയതാണെന്നും അല്ലാഹുവിന്റെ പരിശുദ്ധ മലക്കായ ജിബ് രീലിനെ അവന്‍ എന്റെ അടുക്കലേക്കയക്കുകയും ആ മലക്ക് ഈ വചനങ്ങള്‍ എന്നെ കേള്‍പ്പിക്കുകയും ചെയ്യുകയാണ് പതിവെന്നും ഏത്രയോ പ്രാവശ്യം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ പ്രസ്തുത വാക്കും സാക്ഷ്യവും സത്യമാണെന്നുതന്നെ വിശ്വസിക്കണമെന്നുണ്ടോ എന്ന ചോദ്യം ന്യായമാണ്.

ഇതിനുള്ള മറുപടി, എല്ലാവിധ സംശയങ്ങള്‍ക്കും അതീതമായ സത്യസന്ധതയുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത് ഒരു ചരിത്ര സത്യമാണ്. സ്വന്തക്കാരുടെ ദൃഷ്ടിയില്‍ മാത്രമല്ല അന്യരുടെ ദൃഷ്ടിയിലും അദ്ദേഹത്തിന്റെ സത്യസന്ധത സംശയാതീതമായിരുന്നു. അദ്ദേഹത്തെ എതിര്‍ക്കാന്‍ വേണ്ടി അറബികള്‍ അവരുടെ കഴിവില്‍ പെട്ടതെല്ലാം പ്രവര്‍ത്തിക്കുകയും പറയുകയും ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹം സത്യസന്ധനും വിശ്വസ്തനുമാണെന്ന പരമാര്‍ഥം അവര്‍ ഒരിക്കലും നിഷേധിച്ചിട്ടില്ലെന്ന് ലോകത്തിനറിയാവുന്നതാണ്.

പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പ് സാധാരണക്കാരും പ്രധാനികളുമായ മക്കാനിവാസികളെല്ലാം അദ്ദേഹത്തിന് അല്‍ അമീന്‍ (വിശ്വസ്തന്‍ ) എന്ന നാമം തന്നെ നല്‍കിയിരുന്നു. പ്രവാചകത്വ ലബ്ദിക്ക് ശേഷം ആ വിഷയത്തില്‍ മാത്രം അവര്‍ അദ്ദേഹത്തിന്റെ വാക്ക് വിശ്വസിച്ചില്ല. അദ്ദേഹം അവരുടെ വിശ്വസ്തനായും അവരുടെ അമാനത്തുകള്‍ സൂക്ഷിക്കുന്നവനായും അവരദ്ദേഹത്തെ കണ്ടു. പ്രവാചകന്‍ മദീനയിലേക്ക് ഹിജ്‌റ പോകുമ്പോള്‍ അലിയെ തന്നെ തന്റെ വൈരികള്‍ ഏല്‍പിച്ച മുതലുകള്‍ മടക്കികൊടുക്കാന്‍ ചുമതലപ്പെടുത്തി. പ്രവാചകനോട് കടുത്ത ശത്രുത പുലര്‍ത്തിയിരുന്ന അബൂസുഫ് യാന്‍ , അബൂജഹ് ല്‍ എന്നിവര്‍ പോലും പ്രവാചകനില്‍ അസത്യം ആരോപിച്ചില്ല. ചില സംഭവങ്ങള്‍ കാണുക.

സീസര്‍ ചക്രവര്‍ത്തി തന്റെ ദര്‍ബാറില്‍ വെച്ച് അബൂസുഫ് യാനോട് ചോദിച്ചു. "പ്രവാചകത്വം വാദിക്കുന്നതിന് മുമ്പ് ഈ വ്യക്തി കളവു പറഞ്ഞതായി നിങ്ങള്‍ വല്ലപ്പോഴും ആരോപിച്ചിട്ടുണ്ടോ. ?" ശത്രുവികാരം മനസ്സിലുണ്ടായിട്ടും അതെ എന്ന് പറയാന്‍ യാതൊരു പഴുതും അദ്ദേഹം കണ്ടില്ല. സീസര്‍ വീണ്ടും ചോദിച്ചു. "ഈ വ്യക്തി വാഗ്ദത്തം ലംഘിക്കാറുണ്ടോ?" അതിന് അബൂസുഫ് യാന്റെ മറുപടി ഇങ്ങനെയായിരുന്നു. "ഇല്ല ഇതുവരേക്കും അദ്ദേഹം അങ്ങനെ ചെയ്തിട്ടില്ല. ഇപ്പോള്‍ അദ്ദേഹവും ഞങ്ങളും ഒരു (ഹുദൈബിയ) സന്ധിയില്‍ ഏര്‍പ്പെട്ടിരിക്കയാണ് അതില്‍ അദ്ദേഹത്തിന്റെ നിലയെന്തായിരിക്കുമെന്ന് നിശ്ചയമില്ല." (ബുഖാരി). ഇസ്‌ലാമിന്റെ ശത്രുക്കളുടെ നേതാവായ അബൂജഹ് ല്‍ പോലും ഒരിക്കല്‍ നബിയോട് സംസാരിക്കുന്നതിനിടയില്‍ പറയുകയുണ്ടായി "താങ്കളെ കളവാക്കുന്നില്ല. പക്ഷെ താങ്കള്‍കൊണ്ടുവന്നത് (ഖുര്‍ആന്‍ )  കള്ളമാണെന്നെത്രേ ഞങ്ങള്‍ കരുതുന്നത്."

ബദ് ര്‍ യുദ്ധാവസരത്തില്‍ അബുജഹ് ലിന്റെ ഒരു സുഹൃത്തായ അഖ്‌നസുബ്‌നു ശുറൈഖ് അബൂജഹ് ലിനോടന്വേഷിച്ചു. "നിങ്ങള്‍ നേര് പറയണം മുഹമ്മദ് സത്യവാനോ അസത്യവാനോ നിങ്ങളുടെ വിശ്വാസമെന്താണ്." അബൂജഹ് ല്‍ മറുപടി പറഞ്ഞു. "ദൈവാമാണ, മുഹമ്മദ് സത്യവാനായ ഒരു മനുഷ്യനാണ്. ആയുഷ്‌കാലത്തൊരിക്കലും അദ്ദേഹം കളവ് പറഞ്ഞിട്ടില്ല." (ഇബ്‌നു ജരീര്‍).

ഖുര്‍ആന്‍ ദിവ്യഗ്രന്ഥമാണെന്നതിനു നബി നല്‍കിയ സാക്ഷ്യം സത്യമാണെന്ന് നാം വിശ്വസിക്കേണ്ടതുണ്ടോ. ഇല്ലേ എന്ന് ഇനി നിങ്ങള്‍ക്ക് തീര്‍ചപ്പെടുത്താം. സത്യസന്ധതയും വിശ്വസ്തതയും ഒരു നിമിഷംപോലും നിത്യജീവിതത്തില്‍ കൈവിടാതെ പാലിച്ച് ജീവിച്ച ഒരു വ്യക്തി ദൈവത്തിന്റെ പേരില്‍ കളവ് പറയുകയോ. ഈ കളവ് ഒന്നോ രണ്ടോ പ്രാവശ്യമല്ല. ഇരുപത്തിമൂന്ന് വര്‍ഷം തുടര്‍ചയായി. തന്റെ ബദ്ധവൈരിയെ സംബന്ധിച്ചുപോലും ഒരിക്കലും കളവ് പറായത്ത ഒരു വ്യക്തി തന്റെ നാഥന്റെ പേരില്‍ ജനങ്ങള്‍ക്കുപാകാരം മാത്രം നല്‍ക്കുന്ന സന്ദേശം നല്‍കുന്നതിന് കളവ് പറയുകയോ. കളവ് പറയല്‍ മഹാപാതകമെന്ന് പഠിപ്പിച്ച് ആളുകളെ അതിനനുസരിച്ച് പരിവര്‍ത്തിപ്പിച്ച ഒരു മഹാന്‍ നിസങ്കോചം കളവ് പറഞ്ഞ് പീഡനങ്ങള്‍ ഏറ്റുവാങ്ങുകയോ. അദ്ദേഹം ദൈവത്തിന്റെ പേരില്‍ ഒരിക്കലും സത്യം പറയാതിരിക്കുകയോ. എന്തൊരാശ്ചര്യം മനഃശാസ്ത്ര പാഠങ്ങളോ അനുഭവസാക്ഷ്യമോ ബുദ്ധിയുടെ വിശകലനമോ വല്ലതും ആശ്ചര്യകരമായ ഇത്തരം അസാധാരണ വാദത്തിന് പിന്തുണ നല്‍കുമോ. സാധാരണഗതിയില്‍ ഇത്തരം വ്യക്തിപറയുന്നതൊക്കെ നാം മുഖവിലക്കെടുക്കുകയാണ് പതിവ്. എന്നാല്‍ അതില്‍ അവസാനിപ്പിച്ച് ചര്‍ച മതിയാക്കാന്‍ നാം ആഗ്രഹിക്കുന്നില്ല. ഖുര്‍ആന്‍ ദൈവികമാണെന്നതിന് മറ്റുള്ള തെളിവുകള്‍ നമ്മുക്ക് പരിശോധിക്കാം.

1 അഭിപ്രായ(ങ്ങള്‍):

സന്തോഷ്‌ പറഞ്ഞു...

tracking

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review