2010, ഓഗസ്റ്റ് 30, തിങ്കളാഴ്‌ച

ഖുര്‍ആന്റെ ദൈവികതക്ക് ഏഴാമത്തെ തെളിവ്.

 വിശുദ്ധഖുര്‍ആന്‍ സാധിച്ച വിപ്ലവം

വിശുദ്ധ ഖുര്‍ആന്‍ ദിവ്യഗ്രന്ഥമാണെന്നതിനുള്ള അനിഷേധ്യമായ മറ്റൊരു തെളിവ് അത് സാധിച്ച വിപ്ലവമാണ്. പ്രവാചകന്മാരെ തിരിച്ചറിയുന്നതിന് ഈസാനബി പഠിപ്പിച്ച അടയാളം 'അവരുടെ ഫലങ്ങള്‍മുഖേന നിങ്ങള്‍ക്കവരെ തിരിച്ചറിയാം' എന്നതായിരുന്നു. ആ നിലക്ക് നോക്കിയാല്‍. വിശുദ്ധ ഖുര്‍ആന്‍ മുഖേന നടപ്പില്‍വന്ന വിപ്ലവത്തെക്കാള്‍ മഹത്തും ബൃഹത്തും പ്രയോജനപ്രദവുമായ ഒരു വിപ്ലവത്തിന്റെ ഉദാഹരണം ലോകചരിത്രത്തില്‍ കാണുകയില്ല.

പന്ത്രണ്ടുലക്ഷം ചതുരശ്രമൈല്‍ വിസ്തൃതിയുള്ള വിശാലമായ പ്രദേശങ്ങളില്‍ അങ്ങുമിങ്ങും ചിന്നിചിതറിക്കിടന്നിരുന്ന, യുദ്ധക്കൊതിയന്‍മാരും, കലഹപ്രിയരും, അജ്ഞരും, അസംഘടിതരുമായ അറബികളെ ലോകത്തുവെച്ചേറ്റവും വലിയ മനുഷ്യസ്‌നേഹികളും സംഘടിതരും സൗമ്യശീലരും നന്മേഛുക്കളുമായ ഒരു ജനതയാക്കി മാറ്റാന്‍ ആ ഗ്രന്ഥത്തിന് സാധിച്ചു. ആ ഗ്രന്ഥത്തിന്റെ ശിക്ഷണങ്ങളാല്‍ മനുഷ്യമഹത്വത്തിന്റെ മൂര്‍ത്തീമദ്ഭാവങ്ങളായ വ്യക്തികള്‍ ജന്മമെടുത്തു. നന്മയുടെയും നീതിയുടെയും പര്യായമായ ഒരു സമൂഹം മാത്രമല്ല, സുസംഘിടതവും വിശുദ്ധഖുര്‍ആന്റെ അധ്യാപനങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നതുമായ ഒരു രാഷ്ട്രം തന്നെ സ്ഥാപിതമായി.

തിന്മയുടെ വള്ളിയില്‍ നന്മയുടെയും, അസത്യത്തിന്റെ കൊമ്പില്‍ സത്യത്തിന്റെയും സുന്ദര കുസുമങ്ങള്‍ ഇന്നേവരെ വിടര്‍ന്നിട്ടുണ്ടോ?. ഇല്ല എന്നിരിക്കെ അടിസ്ഥാനം തന്നെ വ്യാജവും വഞ്ചനയുമായ ഒരു ഗ്രന്ഥത്തില്‍നിന്നും അതിന്റെ പ്രബോധനത്തില്‍നിന്നും സദാചാരത്തിന്റെയും സത്യനിഷ്ഠയുടെയും അതിമനോഹരമായ പൂന്തോപ്പുകള്‍ ലോകത്ത് ദൃശ്യമാകാന്‍ എങ്ങനെ സാധിക്കും.

ഇത് ആരിലൂടെ സാധിച്ചു എന്നറിയുമ്പോഴെ വിശുദ്ധഖുര്‍ആന്റെ ദൈവികത നമ്മുക്ക് കൂടുതല്‍ ബോധ്യമാകൂ. ലോകത്ത് മഹത്തായ പല വിപ്ലവങ്ങളും നടന്നിട്ടുണ്ട്. പക്ഷെ ആ മാറ്റങ്ങള്‍ പലതും അടിസ്ഥാനപരമോ സ്ഥിരസ്വഭാവത്തിലുള്ളതോ ആയിരുന്നില്ല. പലതും മാറ്റങ്ങളുടെ പിന്തുടര്‍ചയായിരുന്നു. ഇത്രയും പൗരാണികമായ ഒരു കാലത്ത് ഇത്രയും അടിസ്ഥാനപരമായ ഒരു വഴിത്തിരിവ് ചരിത്രത്തില്‍ അതിന് മുമ്പ് സംഭവിച്ചിരുന്നില്ല. ആരാണ് ഈ മാറ്റത്തിന് ചുക്കാന്‍ പിടിച്ചതെന്ന് നോക്കുക.

അത്യധികം അധഃസ്ഥിതമായിരുന്ന അറേബ്യന്‍ പ്രദേശത്ത്  ജനിച്ച ഒരു വ്യക്തി. കുട്ടിക്കാലം മുഴുന്‍ അനാഥനായും കൗമാരം ആട്ടിടയനായും കഴിച്ചുകൂട്ടി.  അദ്ദേഹം നിരക്ഷരനായിരുന്നു. വിദ്യാഭ്യാസത്തിന്റെ കാറ്റുപോലും അദ്ദേഹത്തെ സ്പര്‍ശിച്ചിരുന്നില്ല. കാലവിജ്ഞാനങ്ങളുടെ നാമംപോലും അദ്ദേഹത്തിനജ്ഞാതമായിരുന്നു. ശാന്തനിശ്ശബ്ദ ജീവിതം നയിക്കുന്ന സല്‍സ്വഭാവിയും സമാധാനപ്രിയനും മാന്യനുമാനും സദ് വൃത്തനുമായ വ്യക്തിയെന്ന നിലയില്‍ ആളുകള്‍ക്കദ്ദേഹത്തെ പരിചയമുണ്ടായിരുന്നെങ്കിലും സുദീര്‍ഘമായ നാല്‍പതു കൊല്ലത്തിനിടക്ക് ഒരിക്കലെങ്കിലും വിജ്ഞാനപരവും തത്വജ്ഞാനപരവുമായ കാര്യങ്ങള്‍ അദ്ദേഹം സംസാരിച്ചതായി ആരും കേട്ടിട്ടില്ല. അവിചാരിതമായി ഒരിക്കല്‍ ഖുറൈശികള്‍ക്കിടയില്‍ മധ്യസ്ഥം വഹിച്ചുവെങ്കിലും അതിന് ശേഷം നാല്‍പത് വയസുവരെ നേതൃപരമായ ഒരു പങ്കും അദ്ദേഹം വഹിച്ചതായി അറിയില്ല. അധ്യാത്മികം, ധാര്‍മിക തത്ത്വശാസ്ത്രം ജീവിതത്തിന്റെ സാമൂഹിക പ്രശ്‌നങ്ങള്‍, നിയമകാര്യങ്ങള്‍, രാഷ്ട്രീയ വിഷയങ്ങള്‍ എന്നിവയെപ്പറ്റി ഒരു ദിവസമെങ്കിലും അദ്ദേഹം ചര്‍ച ചെയ്യുന്നത് ഒരൊറ്റമനുഷ്യനും കണ്ടിട്ടില്ല. ദൈവാസ്തിക്യം, ഏകാരാധ്യ സിദ്ധാന്തം, ദിവ്യസന്ദേശം, പ്രവാചകത്വം, പരലോകം, രക്ഷാശിക്ഷകള്‍, നരകം, സ്വര്‍ഗം ദിവ്യഗ്രന്ഥങ്ങള്‍, പൂര്‍വിക പ്രവാചകന്‍മാര്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ഒറ്റവാക്കുപോലും അദ്ദേഹം പറഞ്ഞതായി ആരും കേള്‍ക്കുയുണ്ടായില്ല.

എന്നാല്‍ സാധാരണവും കേവലം നിഷ്പ്രഭവുമായ നാല്‍പത് വര്‍ഷത്തെ ജീവിതത്തിന് ശേഷം പെട്ടെന്നൊരു ദിവസം മുതല്‍ അദ്ദേഹം നിസ്തുലമായ പരിവര്‍ത്തന സാധ്യമായ വചനങ്ങള്‍ ഉരുവിടാന്‍ തുടങ്ങുന്നു. അവിടുന്നങ്ങോട്ട് മാറ്റത്തിന്റെ തുടക്കമായിരുന്നു. ഒരു സമൂഹം കാണെക്കാണെ അടിമുടി പരിവര്‍ത്തിതമായി, നാം നേരത്തെ സൂചിപ്പിചതുപോലുള്ള സമൂഹം മാറ്റത്തിനായി അദ്ദേഹത്തന്റെ വചനങ്ങള്‍ക്ക് കാതോര്‍ത്തു. മദ്യപാനത്തില്‍ ആറാടിയ സമൂഹം ഏതാനും വചനങ്ങളാല്‍ പൂര്‍ണമായി അതില്‍നിന്ന് മുക്തരായി; ഒരു തുള്ളി രുചിച്ചുനോക്കാത്തവരായി. ഒരു ചിട്ടയുമില്ലാതെ തോന്നിയത് പോലെ ജീവിച്ച ഒരു സമൂഹമൊന്നടങ്കം  കൃത്യസമയത്ത്  ദിവസം അഞ്ച് നേരം ഉഛനീചത്വങ്ങളില്‍നിന്ന് മുക്തരായി തോളോട് തോള്‍ ചേര്‍ന്ന് നിന്ന് ഏകാനായ ദൈവത്തിന്റെ മുന്നില്‍നമിച്ചു.  വര്‍ഷത്തില്‍ ഒരു മാസം പകല്‍ അന്നപാനീയങ്ങളില്‍നിന്നും ലൈംഗിക ഭോഗങ്ങളില്‍നിന്നും വിട്ടുനില്‍ക്കാന്‍ കെല്‍പുള്ളവരാക്കി. ഭോഗങ്ങള്‍ക്ക് പിന്നാലെ ഓടുന്ന മനുഷ്യപ്രകൃതിയെ നിയന്ത്രിച്ചു. മറ്റുള്ളവരെ കൊള്ളയടിക്കാന്‍ വഴിയില്‍ പതുങ്ങിയിരുന്നവരെ അപരന്റെ പ്രയാസമകറ്റാന്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ടത് വരെ ചെലവഴിക്കുന്നവരാക്കി മാറ്റി. ഈ മാറ്റങ്ങളൊന്നും താല്‍കാലികമായിരുന്നില്ല. ഇന്നും കണിഷതയോടെ കോടികണക്കിനാളുകള്‍ പിന്തുടരുന്നു.

ഇവയ്‌കൊക്കെ കാരണം വിശുദ്ധഖുര്‍ആനെന്ന അത്ഭുത പ്രതിഭാസമായിരുന്നു. ഈ ശിക്ഷണങ്ങള്‍ മുഹമ്മദെന്ന ഒരു സാധാരണ അറബിയില്‍നിന്നുണ്ടായതല്ല. അത് സാധ്യമാണെന്ന് നമ്മുടെ ബുദ്ധി അംഗീകരിച്ചു തരികയുമില്ല. ആയിരുന്നെങ്കില്‍ ചരിത്രത്തില്‍ അതിന് ശേഷം മഹാബുദ്ധിമാന്‍ കഴിഞ്ഞുപോയിട്ടുണ്ട്. അതിനാല്‍  സ്വയം അവകാശപ്പെട്ടപോലെ അദ്ദേഹം ദൈവിക പ്രവാചകനും അദ്ദേഹം കൊണ്ടുവന്ന ഗ്രന്ഥം ദൈവികഗ്രന്ഥവുമാണെന്ന് നിഷ്പക്ഷമായ ഏതൊരു ബുദ്ധിയും വിധികല്‍പ്പിക്കാന്‍ നിര്‍ബന്ധിതമാണ്.

2 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ഞാനിവിടെ പറഞ്ഞ കാര്യങ്ങള്‍ക്ക് ഒട്ടേറെ ചരിത്ര സാക്ഷ്യങ്ങള്‍ നല്‍കാന്‍ കഴിയും പോസ്റ്റുകള്‍ ദീര്‍ഘിക്കുമെന്ന് ഭയപ്പെട്ടതിനാല്‍ അത്തരം ഉദാഹരണങ്ങള്‍ മനഃപൂര്‍വം ഒഴിവാക്കുകയാണ്.

Jazmikkutty പറഞ്ഞു...

good work!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review