2010, ഒക്‌ടോബർ 16, ശനിയാഴ്‌ച

ഖുര്‍ആന്‍ ക്രോഡീകരണവും കത്തിക്കലും

ഉസ്മാന്‍(റ)  കോപ്പികള്‍ കത്തിച്ചതെന്തിന്?..

ആരെന്തൊക്കെ പറഞ്ഞാലും  നെറ്റ് ഉപയോഗിക്കുന്നവരില്‍ ഒരു വലിയ വിഭാഗം യുക്തവാദി സൈറ്റുകളില്‍നിന്നാണ് ഇസ്‌ലാമിനെയും ഖുര്‍ആനെയും സംബന്ധിച്ച പ്രാഥമിക പാഠങ്ങള്‍ കരസ്തമാക്കിയിരിക്കുന്നത്. ഖുര്‍ആന്‍ എക്കാലത്തും വിമര്‍ശകരുടെ മുഖ്യ ഉന്നമാണ്. അതിന്റെ നിലനില്‍പ്പാണ് ഇസ്‌ലാം എന്ന തത്വസംഹിതയുടെ നിലനില്‍പ്പിന് ആധാരം. ഖുര്‍ആന്‍ നിലനില്‍ക്കുന്നിടത്തോളം കാലം ഇസ്‌ലാം വിമര്‍ശകരുടെ എല്ലാ ആരോപണവും അതില്‍ തട്ടിത്തകരും.

ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം നടത്തി തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം ഒരു വശത്ത് നടക്കുന്നതോടൊപ്പം, ഖുര്‍ആന്‍ അപൂര്‍ണവും മനുഷ്യന്റെ കൈകടത്തലുകള്‍ക്ക് വിധേയവുമാണ് എന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമവും നടത്താറുണ്ട്. ഇന്ന് നിലനില്‍ക്കുന്ന ഖുര്‍ആനിന്റെ എകത്വം ഈ ആരോപണത്തിന് വലിയ ഒരു തടസ്സമാണ്. അതിന് കണ്ടെത്തിയ മാര്‍ഗം അതിന്റെ ക്രോഡീകരണം സൂക്ഷമായിരുന്നില്ല എന്ന് വരുത്തുകയാണ്. എന്നാല്‍ അതും വിലപോകില്ല എന്ന് വിമര്‍ശകര്‍ക്ക് നന്നായി അറിയാം. എങ്കിലും ചില പാവങ്ങളെയെങ്കിലും തെറ്റിദ്ധരിപ്പിക്കാനായാല്‍ അതായി. ഇന് അത്തരം തെറ്റിദ്ധരിപ്പിക്കപ്പെട്ട ആളുടെ അഭിപ്രായം കാണുക.

"അതില്‍ കുറച്ചു ആടുതിന്നു പോയില്ലേ? ബാക്കിയുള്ളത് ഖലീഫമാര്‍ കത്തിച്ചു കളയുകയും ചെയ്തു. പിന്നെന്തു ചെയ്യും. മെക്കയില്‍ ഇന്നേ വരെ മറ്റൊരു ശക്തിയും ആക്രമിച്ചു കീഴടക്കിയിട്ടില്ല. എന്നിട്ടും പുരാതന എഴുത്ത് കോപ്പികള്‍ ഇപ്പോള്‍ ലഭ്യമല്ലെങ്കില്‍, മുസ്ലീമുകളെ നിങ്ങള്‍ ലജ്ജിക്കണം ."  സാജന്‍ എന്ന ക്രൈസ്തവ സുഹൃത്തിന്റെതാണ് ഈ കമന്റ്.

ഇന്ന് നിലവിലുള്ള ഖുര്‍ആന്‍ അപൂര്‍ണമാണെന്ന് സൂചിപ്പിക്കുകയാണ് സുഹൃത്തിന്റെ ഉദ്ദേശ്യം. കുറച്ച് ആടുതിന്നു പോയി ബാക്കിയുള്ളത് കത്തിച്ചു. ഇനി എന്തു ചെയ്യും. എന്നാണ് ചോദ്യം. കഴിഞ്ഞ പോസ്റ്റില്‍ ഖുര്‍ആന്‍ മുസ്ഹഫ് രൂപത്തില്‍ ക്രോഡീകരിക്കാന്‍ അവലംബിച്ച കാര്യങ്ങളെക്കുറിച്ച് ചര്‍ച ചെയ്തു. യാതൊരു തരത്തിലുമുള്ള അഭിപ്രായ വ്യത്യാസത്തിനും ഇടനല്‍കാത്തവിധം അത്യന്തം സൂക്ഷമായി നിര്‍വഹിക്കപ്പെട്ട ഒരു കര്‍മമായിരുന്നു. ഖുര്‍ആന്റെ ക്രോഡീകരണം. മൂന്ന് ഘട്ടം എന്ന് അതിന് പറയാം. ഒന്ന് ഖുര്‍ആന്റെ ക്രോഡീകരണം. അത് ചെയ്തത് അല്ലാഹുവിന്റെ നിര്‍ദ്ദേശ പ്രകാരം മുഹമ്മദ് നബി തന്നെയാണ്. രണ്ടാമത്തേത് അതിന്റെ ലിഖിതരൂപങ്ങള്‍ രണ്ട് ചട്ടകള്‍ക്കിടയില്‍ ഒരുമിച്ചു ചേര്‍ത്ത പ്രക്രിയയാണ്. അതാണ് അബൂബക്കറിന്റെ കാലത്ത് നടന്നത്. പിന്നീട് മൂന്നാം ഖലീഫ ഉസ്മാന്റെ കാലത്ത് പാരായണ രൂപം കൂടി ഏകീകരിച്ച് കോപ്പികളെടുത്ത് വിവിധ രാജ്യങ്ങളിലേക്ക് അയച്ചുകൊടുക്കുകയും പലരായി പലപ്പോഴായി എഴുതിയെടുത്ത ഏടുകള്‍ നശിപ്പിച്ചു കളയുകയും ചെയ്തു. അവയെല്ലാം പ്രവാചക ശിഷ്യന്‍മാര്‍ എഴുതിയവ തന്നെയായിരുന്നു. അവ കത്തിച്ചു കളഞ്ഞതിലൂടെ യഥാര്‍ഥ ഖുര്‍ആനില്‍ വല്ലതും കൂടാനോ കുറയാനോ ഉള്ള സാധ്യത എന്നന്നേക്കുമായി അടച്ചു കളഞ്ഞു.

അതോടൊപ്പം ഇന്ന് കാണുന്ന ഖുര്‍ആന്‍ മുതവാത്തിറായി ലഭ്യമായതാണ്. കുറ്റമറ്റ വിധത്തില്‍ 10 ലധികം വ്യത്യസ്ഥ പരമ്പരകളിലൂടെ ലഭ്യമായതിനേയാണ് മുതവാത്തിര്‍ എന്ന് പറയുന്നത്. വളരെക്കുറച്ച് നബിവചനങ്ങളേ അപ്രകാരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. എന്ന് വെച്ചാല്‍ അവയൊക്കെ സ്വയം കല്‍പിതം എന്നതല്ല. സത്യസന്ധരായ ഒരുകൂട്ടം നിവേദക പരമ്പരയിലൂടെ ലഭ്യമായ ഹദീസുകളും സ്വീകാര്യം തന്നെയാണ്. എങ്കിലും മുതവാത്തിറായി ലഭ്യമായ വിശുദ്ധഖുര്‍ആന്റെ ഉന്നതനിലവാരത്തില്‍ അവയൊന്നും എത്തുകയില്ല. ഇതിവിടെ സൂചിപ്പിച്ചത്. ഒറ്റപ്പെട്ട ചില ഹദീസുകളുടെ അടിസ്ഥാനത്തില്‍ ഖുര്‍ആനില്‍ ചില സൂക്തങ്ങള്‍ ഞങ്ങള്‍ പരായണം ചെയ്തിരുന്നുവെന്നും എന്നാല്‍ പിന്നീട് അവ അതില്‍ ചേര്‍ത്തിട്ടില്ലെന്നുമൊക്കെ പറയുന്ന ഹദീസുകളുടെ അടിസ്ഥാനത്തില്‍ നിലവിലുള്ള ഖുര്‍ആനില്‍ സംശയം ജനിപ്പിക്കാനുള്ള ശ്രമത്തിലെ വ്യര്‍ഥത മനസ്സിലാക്കുന്നതിന് വേണ്ടിയാണ്.  

ഇത്രയും കാര്യം യഥാവിധി മനസ്സിലാക്കിയാല്‍ പിന്നീട് അപ്രസക്തമാണെങ്കിലും രണ്ടു ചോദ്യം ക്രൈസ്തവ സുഹൃത്തുക്കളുടേതായി വീണ്ടും വരാറുണ്ട്.  ഖുര്‍ആനും ബൈബിളും ശിഷ്യരാല്‍ എഴുതപ്പെടുകയും പിന്നീട് ക്രോഡീകരിക്കുകയും ചെയ്തു. സ്വീകാര്യയോഗ്യമായവ നിലനിര്‍ത്തിയതിന് ശേഷം ബാക്കിയുള്ളവ കത്തിച്ചു കളഞ്ഞു. ബൈബിള്‍ ആധികാരികമല്ലെങ്കില്‍ ഖുര്‍ആനുമതേ. അതുമല്ലെങ്കില്‍ ബൈബിളിനെ തല്‍കാലം മാറ്റിനിര്‍ത്തി മേല്‍ കമന്റില്‍ ചോദിച്ചതുപോലെ ചില ചോദ്യങ്ങള്‍ അത്രയേ ചോദിക്കുന്നവര്‍ക്ക് ഉദ്ദേശ്യമുള്ളുവെങ്കിലും അത് വിശദീകരിക്കാതെ വിടുന്നത് ശരിയല്ല എന്ന് മനസ്സിലാക്കുന്നു. 

ആദ്യത്തെ ചോദ്യം ഇതാണ്. 

യേശുവിന് ശേഷം അനുയായികള്‍ സുവിശേഷങ്ങള്‍ എഴുതി സൂക്ഷിച്ച പോലെയല്ലേ ഖുര്‍ആനും പിന്‍കാലത്ത് എഴുതപ്പെട്ടത്?. ഖുര്‍ആന് മാത്രമായി എന്താണിത്ര ആധികാരികത അവകാശപ്പെടാന് ‍?.

ഖുര്‍ആന്‍ ക്രോഡീകരണവും സുവിശേഷമെഴുത്തും താരതമ്യം ചെയ്താല്‍ താഴെ പറയുന്ന കാര്യങ്ങളില്‍ വ്യത്യാസമുണ്ടെന്ന് കാണാം. ഏതാണ് കൂടുതല്‍ ആധികാരികം എന്ന വിധിതീര്‍പ്പിന് ഞാന്‍ ശ്രമിക്കുന്നില്ല.

1. യേശുവിന്റെ കാലത്ത് സുവിശേഷം എഴുതപ്പെട്ടതായി സ്ഥിരപ്പെട്ടിട്ടില്ല. എന്നാല്‍ ഖുര്‍ആന്‍ പ്രവാചക നിര്‍ദ്ദേശ പ്രകാരം എഴുതിവെക്കാന്‍ മുഹമ്മദ് നബി തന്നെ ആളുകളെ നിശ്ചയിച്ചിരുന്നു.

2. യേശു പ്രസംഗിച്ച സുവിശേഷം അദ്ദേഹത്തിന്റെ സമകാലികരില്‍ ആരെങ്കിലും മനപ്പാഠമാക്കി വെച്ചിരുന്നില്ല. പക്ഷെ ഖുര്‍ആന്‍ മനപ്പാഠമാക്കിയ നൂറുകണക്കിനാളുകള്‍ പ്രവാചകന്റെ കാലത്ത് തന്നെയുണ്ടായിരുന്നു.

3. നാല് സുവിശേഷകര്‍ എഴുതിയത് യേശു പ്രസംഗിച്ച സുവിശേഷമല്ല. യേശുവിന്റെ ജീവിതത്തെക്കുറിച്ച് തങ്ങള്‍ അറിഞ്ഞ കാര്യങ്ങളാണ്.  ക്രിസ്തു സംസാരിച്ചത് അരമായിക് ഭാഷയിലായിരുന്നു; എന്നാല്‍ സുവിശേഷ ഗ്രന്ഥങ്ങള്‍ രേഖപ്പെടുത്തിയത് ഗ്രീക്ക് ഭാഷയിലാണ്‌. മുഹമ്മദ് നബിയുടെ അനുചരന്‍മാര്‍ എഴുതിവെച്ചത് പ്രവാചകന്റെ വാക്കുകള്‍ പോലുമല്ല. പ്രവാചകന്‍ ,  ഖുര്‍ആനാണ് എന്ന് പ്രത്യേകമായി പരിചയപ്പെടുത്തി നല്‍കിയ ദൈവിക വചനങ്ങളാണ്. ഖുര്‍ആന്‍ പ്രവാചകന്‍ സംസാരിച്ച അറബിയില്‍ തന്നെ രേഖപ്പെടുത്തി.

4. സമൂഹത്തിന്റെ പ്രതിനിധിയും ഭരണാധികാരിയുമായി തെരഞ്ഞെടുക്കപ്പെട്ട അബൂബക്കറാണ് അത് ഗ്രന്ഥരൂപത്തില്‍ സമാഹരിച്ചത്. പ്രവാചകന്റെ എഴുത്തുകാരില്‍ ഒരാളായ സൈദുബ്‌നു ഥാബിത്തിനെയാണ് ചുമതലപ്പെടുത്തിയത്. വളരെ സൂക്ഷമതയോടെയാണ് അവ നിര്‍വഹിക്കപ്പെട്ടത്. എന്നാല്‍ സുവിശേഷങ്ങള്‍ ഓരോരുത്തര്‍ തങ്ങളുടെ ഇച്ഛപ്രകാരം രചിച്ച ഗ്രന്ഥങ്ങളാണ്. അവയുടെ ലക്ഷ്യമാകട്ടേ. തങ്ങളുടെ മുന്നിലുള്ള സമുഹത്തിന് ക്രിസ്തുവിനെ പരിചയപ്പെടുത്തുക എന്നതും.

5. യേശുവിന് ശേഷം അഞ്ചു പതിറ്റാണ്ടെങ്കിലും കഴിഞ്ഞാണ് സുവിശേഷങ്ങള്‍ എഴുതപ്പെട്ടത്. എന്നാല്‍ ഖുര്‍ആന്‍ അവതരിച്ച മുറക്ക് എഴുതിവെക്കുകയും, അനേകര്‍ ക്രമത്തില്‍ മനപ്പാഠമാക്കുകയും മുഹമ്മദ് നബിയുടെ വിയോഗത്തിന്റെ രണ്ടാം വര്‍ഷം തന്നെ അത് ഒറ്റപുസ്തകമായി ഒരുമിച്ചുകൂട്ടുകയും ചെയ്തു.

6. സുവിശേഷം എഴുതിയത് യേശുവിന്റെ ശിഷ്യന്‍മാരായിരുന്നില്ല. എന്നാല്‍ ഖുര്‍ആന്‍ എഴുതിയതാകട്ടെ മുഹമ്മദ് നബിയുടെ ശിഷ്യന്‍മാരും.

7. ഖുര്‍ആന്റെ ആദ്യപതിപ്പിനുള്ള അംഗീകാരം നല്‍കിയത് പ്രവാചകന്റെ പ്രതിനിധിയും ഭരണാധികാരിയുമായ അബൂബക്കറാണ്. അന്നത്തെ മുസ്‌ലിം സമൂഹം അത് ഐക്യഖണ്ഡേന സമ്മതിച്ചു. എന്നാല്‍ യേശുവിന് ശേഷം മൂന്ന് നൂറ്റാണ്ടുകള്‍ക്കിടയില്‍ പലരാലും രചിക്കപ്പെട്ട യേശുവിന്റെ ജീവിതത്തെ സംബന്ധിച്ച നാല്‍പതിലധികം . ഗ്രന്ഥങ്ങളാണ് നിഖിയാ സുനഹദോസ് കത്തിച്ചു കളഞ്ഞത്. അതിന് നേതൃത്വം നല്‍കിയ നിഖിയാ സുനഹദോസിന്റെ അധ്യക്ഷന്‍ അന്നുവരെ യേശുവില്‍ വിശ്വസിക്കാത്ത കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയായിരുന്നു.

കത്തിച്ചുകളഞ്ഞതിലൂടെ ഖുര്‍ആനിന്റെ ആധികാരികത സംശയാസ്പദമായില്ലേ?.

എന്താണ് കത്തിച്ചുകളഞ്ഞതെന്നും എന്തിനാണ് കത്തിച്ച് കളഞ്ഞതെന്നും മനസ്സിലാക്കിയാല്‍ ആ പ്രവര്‍ത്തിയിലുടെ ഖുര്‍ആന്റെ ആധികാരികത ഉറപ്പുവരുത്തുകായാണ് ചെയ്തത് എന്ന് മനസ്സിലാകും.

ഖലീഫമാര്‍ സമാഹരിച്ച ശേഷം അവശേഷിച്ച കോപ്പികള്‍ കത്തിച്ചു കളഞ്ഞു എന്ന പരാമര്‍ശം വളരെ ആകര്‍ഷകമായും സന്തോഷത്തോടെയും സ്വീകരിക്കുന്നത് സാധാരണ നിലയില്‍ ക്രൈസ്തവ സുഹൃത്തുക്കളാണ്. അതിന് ഒരു പ്രത്യേക കാരണമുണ്ട്. സമാനമായ ഒരു സംഭവമാണ് തങ്ങളുടെ ബൈബിളിന്റെ കാര്യത്തിലും സംഭവിച്ചതെന്ന് അവര്‍ കരുതുന്നു. അവിടെയെന്താണ് സംഭവിച്ചതെന്ന് അവര്‍ക്കറിയാം. അതേ പോലെയാണ് ഖുര്‍ആനുമെന്ന ധാരണയാണ് ഈ കരിക്കല്‍ സംഭവത്തില്‍ പിടികൂടാന്‍ ക്രൈസ്തവ സുഹൃത്തുക്കളെ പ്രേരിപ്പിക്കുന്നത് എന്ന് തോന്നുന്നു.

എന്താണ് ബൈബിളിന്റെ കാര്യത്തില്‍ സംഭവിച്ചത് എന്ന് ആദ്യം പരിശോധിക്കാം: യേശുവിന് ശേഷം മൂന്ന് നൂറ്റാണ്ടുകള്‍ക്കിടയില്‍ പലരാലും രചിക്കപ്പെട്ടവയായിരുന്നു സുവിശേഷങ്ങള്‍ ക്രി. 325 ല്‍നടന്ന നിഖിയ്യാ സുനഹദോസിന്റെ അധ്യക്ഷനായ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ ഉത്തരവനുസരിച്ച് കത്തിച്ചു കളഞ്ഞത് 40 ലധികം ഗ്രന്ഥങ്ങളാണ് (അന്ന് 70 ലധികം സുവിശേഷഗ്രന്ഥങ്ങളുണ്ടായിരുന്നുവെന്നും അഭിപ്രായമുണ്ട്) . കരിച്ചു കളഞ്ഞ അപ്പോക്രിഫാ ഗ്രന്ഥങ്ങളിലെ ആശയങ്ങള്‍ അവ കരിച്ചു കളഞ്ഞതോടുകൂടി വിസ്മൃതമായി. അവ കത്തിച്ചു കളയാനുള്ള കാരണം നിഖിയാ കൗണ്‍സില്‍ തെരഞ്ഞെടുത്ത നാലുസുവിശേഷങ്ങളിലും അപ്പോസ്തല പ്രവര്‍ത്തനങ്ങളിലും ഇരുപത്തിയൊന്നു ലേഖനങ്ങളിലും വെളിപാട് പുസ്തകത്തിലുമുള്ള പരാമര്‍ശങ്ങള്‍ക്ക് നിരക്കാത്തതായതിനാലാണ്.  പിന്നീട് പതിനാറാം നൂറ്റാണ്ടില്‍ അഥവാ 1540 ഏപ്രില്‍ 8 ന് തെന്ത്രോസ് സുനഹദോസ് നാലാം സമ്മേളനം കാനോനിക ഗ്രന്ഥങ്ങളെക്കുറിച്ച് എന്ന ഡിക്രിയിലൂടെ പഴയനിയമത്തില്‍ 45ഉം പുതിയനിയമത്തില്‍ 27 ഉം പുസ്തകങ്ങളാണുള്ളത് എന്ന് പ്രഖ്യാപിച്ചു. ഇതാണ് കാനോനിക ഗ്രന്ഥങ്ങളെക്കുറിച്ചുള്ള സഭയുടെ അവസാന വാക്ക്.  ഈ സംഭവ പരമ്പരകളോട് എന്തെങ്കലും സാദൃശ്യം ഖുര്‍ആന്റെ കാര്യത്തിലുണ്ടെങ്കില്‍ കത്തിച്ചു കളയുക എന്ന ഒരൊറ്റ കാര്യത്തില്‍ മാത്രമാണ്. രണ്ടിലേക്കും നയിച്ച കാരണങ്ങളും അതിന്റെ പ്രത്യാഗാധവും വ്യത്യസ്തമാണ്.

അതിസൂക്ഷമമവും കണിഷവുമായ പരിശോധനക്കൊടുവില്‍ വളരെ ആധികാരികമെന്ന് ഉറപ്പുവരുത്തി. പ്രവാചകന്റെ എഴുത്തുകാരിലൂടെയും അനവധി മനഃപാഠമുള്ള അനുയായികളിലൂടെയും സ്ഥിരപ്പെട്ട ഗ്രന്ഥത്തെ ഉത്തരവാദപ്പെട്ട വ്യക്തി ക്രോഡീകരിച്ചു കഴിഞ്ഞ ശേഷം അതിന്റെ പരിധിയില്‍ വരാത്ത, ക്രോഡീകരണത്തോടെ അപ്രസക്തമായ ഖുര്‍ആന്റെ തോലിലും എല്ലിലും ഓലയിലും രേഖപ്പെടുത്ത പ്പെട്ടവ കത്തിച്ചു കളഞ്ഞു മേലില്‍ ഒറിജിനല്‍ കോപ്പിയില്‍ കലര്‍പ്പുകടന്നു കൂടാതിരിക്കാന്‍ മുന്‍കരുതലെടുക്കുകയാണ് വിശ്വസ്തനായ അനുയായിയും, കറകളഞ്ഞ ഭക്തനും, പ്രവാചകന്റെ ജാമാതാവുമായ ഉസ്മാന്‍ (റ) ചെയ്തത്.

11 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ബൈബിളിന്റെ ക്രോഡീകരണ ചരിത്രത്തെ സംബന്ധിച്ച് വ്യത്യസ്തമായ വീക്ഷണങ്ങളും, കൂട്ടിചേര്‍ക്കലും സ്വാഗതം ചെയ്യുന്നു. ആധികാരിക റഫറന്‍സോടെയാണെങ്കില്‍ പോസ്റ്റിലും ആവശ്യമായ മാറ്റം വരുത്തും.

സന്തോഷ്‌ പറഞ്ഞു...

tracking

Fazil പറഞ്ഞു...

ബൈബിളിനെക്കുറിച്ച് കൂടുതല്‍ ഒന്നും അറിയില്ല. പക്ഷെ ഒരു സംശയം ചോദിച്ചോട്ടെ. ഇന്ന് ലോകമെമ്പാടും ഒരൊറ്റ ബൈബിള്‍ മാത്രമേ ഉള്ളോ? ഖുര്‍ആന്‍ പോലെ കുത്തിലും കോമയിലും വ്യത്യാസമില്ലാത്ത ഒരൊറ്റ ഗ്രന്ഥം എന്ന രീതിയില്‍ ബൈബിള്‍ എകീകരിച്ചിട്ടുണ്ടോ?

KK Alikoya പറഞ്ഞു...

ഖുര്‍ആന്‍ അതിന്റെ പൂര്‍ണ്ണ രൂപത്തില്‍ മുഹമ്മദ് നബിയുടെ കാലത്ത് തന്നെ നിലവിലുണ്ടായിരുന്നു. 114 അദ്ധ്യായങ്ങളും അവയുടെ ക്രമവും അല്ലാഹുവിനാല്‍ നിശ്ചയിക്കപെട്ടതും നബിയ്ക്ക് വെളിപാടായി നല്‍കിയിട്ടുള്ളതുമാണ്‌. എന്നാല്‍ അവ രണ്ടു ചട്ടയ്ക്കുള്ളില്‍ ഒരു പുസ്തകമായി ശേഖരിച്ചു വച്ചിരുന്നില്ല. ആ കൃത്യം മാത്രമാണ്‌ അബൂ ബകറിനെ ഭരണകാലത്ത് നടന്നത്. ഇതിന്റെ പകര്‍പ്പെടുത്ത് അയച്ചു കൊടുക്കുകയും അനധികൃത പതിപ്പുകള്‍ കത്തിക്കുകയുമാണ്‌ ഉസ്‌മാന്റെ കാലത്ത് ചെയ്തത്.
ഇതും ബൈബില്‍ പുതിയ നിയമ ക്രോഡീകരണവും തമ്മില്‍ ആനയും കുഴിയാനയും തമ്മിലള്ള ബന്ധമേയുള്ളു. കാരണം, ബൈബില്‍ പുതിയ നിയമം ക്രിസ്തു കണ്ടിട്ടില്ല. പാരായണം ചെയ്തിട്ടില്ല. ഒരു തരത്തിലും അദ്ദേഹത്തിന്റെ കാലത്ത് അതുണ്ടായിര്ന്നില്ല. പില്‍ക്കാലത്ത്ശിഷ്യന്‍മാരോ അവരുടെ ശിഷ്യന്‍മാരോ രചിച്ചവയാണ്‌ ആ ബൈബിളിലെ മുഴുവന്‍ കൃതികളും. ഇതും ഖുര്‍ആനും തമ്മില്‍ എന്ത് താരതമ്യമാണുള്ളത്?

സത്യാന്വേഷി പറഞ്ഞു...

നവനാസ്തികത: റിച്ചാഡ് ഡോക്കിന്‍സിന്റെ വിഭ്രാന്തികള്‍
(ശ്രീ സി രവിചന്ദ്രന്‍ എഴുതി ഡി സി ബുക്സ് പ്രസിദ്ധീകരിച്ച "യുക്തിവാദികളുടെ ബൈബിളാ"യ 'നാസ്തികനായ ദൈവം' എന്ന കൃതിയുടെ ഖണ്ഡനം)

പാര്‍ത്ഥന്‍ പറഞ്ഞു...

CKLatheef said
ജിബ് രീല്‍ എന്ന മലക്കിലൂടെ 23 വര്‍ഷത്തിനിടയില്‍ സന്ദര്‍ഭവും സാഹചര്യവുമനുസരിച്ച് അവതീര്‍ണമാവുകയും പിന്നീട് അവയെ രണ്ട് ചട്ടകള്‍ക്കിടയില്‍ ക്രമീകരിക്കുകയും ചെയ്തതിനെയാണ് ഖുര്‍ആന്റെ ക്രോഡീകരണം എന്ന് സാധാരണയായി ഉദ്ദേശിക്കുന്നത്. 'അതിന്റെ ഒരുമിച്ചുകൂട്ടലും പാരായണം ചെയ്തു തരേണ്ടതും നമ്മുടെ ചുമതലയാകുന്നു' (75:17) യഥാര്‍ഥ ക്രോഡീകരണം ദൈവത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് പ്രവാചകന്‍ തന്നെയാണ് നിര്‍വഹിച്ചത്.

-------------------------
KK Alikoya പറഞ്ഞു...
ഖുര്‍ആന്‍ അതിന്റെ പൂര്‍ണ്ണ രൂപത്തില്‍ മുഹമ്മദ് നബിയുടെ കാലത്ത് തന്നെ നിലവിലുണ്ടായിരുന്നു. 114 അദ്ധ്യായങ്ങളും അവയുടെ ക്രമവും അല്ലാഹുവിനാല്‍ നിശ്ചയിക്കപെട്ടതും നബിയ്ക്ക് വെളിപാടായി നല്‍കിയിട്ടുള്ളതുമാണ്‌. എന്നാല്‍ അവ രണ്ടു ചട്ടയ്ക്കുള്ളില്‍ ഒരു പുസ്തകമായി ശേഖരിച്ചു വച്ചിരുന്നില്ല. ആ കൃത്യം മാത്രമാണ്‌ അബൂ ബകറിനെ ഭരണകാലത്ത് നടന്നത്.

ഇവിടത്തന്നെ രണ്ട് രൂപത്തിൽ പറയുന്നു. അപ്പോൾ ലോക ജനതക്ക് അലപം സംശയങ്ങൾ വരുന്നതിൽ ആരുടെ കൈകളാണ് പ്രവർത്തിക്കുന്നത്.

CKLatheef പറഞ്ഞു...

@പാര്‍ത്ഥന്‍

ഇവിടെ ഒരേ കാര്യം രണ്ട് പേര്‍ പറഞ്ഞപ്പോഴുള്ള വ്യത്യസമേയുള്ളൂ. ഇതിലൊന്നും ആര്‍ക്കും ഒരഭിപ്രായവ്യത്യാസവുമില്ല. സാധാരണയായി ഖുര്‍ആന്‍ ക്രോഡീകരണം എന്ന് പറഞ്ഞ് വരുന്നത് രണ്ട് ചട്ടയ്ക്കുള്ളില്‍ ക്രമീകരിച്ച പ്രവര്‍ത്തനത്തെയാണ് എന്നാണ് ഞാന്‍ സൂചിപ്പിച്ചത്. ആ കര്‍മം മാത്രമാണ് അബൂബക്കറിന്റെ കാലത്ത് നടന്നത്. എന്നാല്‍ യഥാര്‍ഥ ക്രോഡീകരണം എന്ന് പറയുന്നത് അധ്യായങ്ങളുടെയും സൂക്തങ്ങളുടെയും ക്രമപ്പെടുത്തലാണ്. അതേ കുറിച്ചും രണ്ട് പേരും സൂചിപ്പിച്ചു. ആ ക്രമത്തിലാണ് ജനങ്ങള്‍ പാരായണം ചെയ്തുവന്നതും മനപ്പാഠമാക്കിയതും. ഇത് നിര്‍വഹിച്ചത് ദൈവം തന്നെ. ഇക്കാര്യം ഒന്നുകൂടി വ്യക്തമാക്കുക മാത്രമാണ് ആലിക്കോയ സാഹിബി ചെയ്തത്.

ഇത്രയും വ്യക്തതയും സുതാര്യതയും നിലവിലുള്ള ഒരു വേദഗ്രന്ഥത്തിനും അവകാശപ്പെടാനാവില്ല എന്നത് ഒരു വസ്തുതയാണ്.

സുരേഷ് ബാബു വവ്വാക്കാവ് പറഞ്ഞു...

ഒരു യുക്തിവാദി ഒരു മതഗ്രന്ഥവും ആധികാരികമെന്ന് (?) വിശ്വസിക്കാത്തത് കൊണ്ട് അവയിലുള്ള തെറ്റുകൾ വിളിച്ച് പറയുന്നത് മനസ്സിലാക്കാനാവും. എന്നാൽ ഒരു മതത്തിൽ നന്നായി വിശ്വസിക്കുന്ന ഒരാൾക്ക് എന്തുകൊണ്ട് മറ്റൊരാളുടെ വിശ്വാസത്തെ മാനിച്ചുകൂടാ? അവരുടെ വിശ്വാസങ്ങളെയും വിശുദ്ധ ഗ്രന്ഥങ്ങളെയും അവരുടെ വഴിക്ക് വിട്ടുകൂടാ ?

പാര്‍ത്ഥന്‍ പറഞ്ഞു...

@ CKLatheef...

‘ക്രോഡീകരണം‘ എന്നു പറയുമ്പോൾ EDITING, BINDING & PRINTING എന്ന മൂന്നു ഘടകങ്ങളിൽ ഏതിനെയാണ് ഉദ്ദേശിച്ചത് എന്നു വ്യക്തമല്ലായിരുന്നു.

സന്തോഷ്‌ പറഞ്ഞു...

<> നാല് സുവിശേഷകര്‍ എഴുതിയത് യേശു പ്രസംഗിച്ച സുവിശേഷമല്ല. യേശുവിന്റെ ജീവിതത്തെക്കുറിച്ച് തങ്ങള്‍ അറിഞ്ഞ കാര്യങ്ങളാണ്. ക്രിസ്തു സംസാരിച്ചത് അരമായിക് ഭാഷയിലായിരുന്നു; എന്നാല്‍ സുവിശേഷ ഗ്രന്ഥങ്ങള്‍ രേഖപ്പെടുത്തിയത് ഗ്രീക്ക് ഭാഷയിലാണ്‌. <>

എന്താണ് സുവിശേഷം / എങ്ങനെയാണ് സുവിശേഷങ്ങള്‍ രൂപം കൊണ്ടത്‌ എന്നുള്ളതിന്റെ ഒരു ചെറിയ വിശദീകരണം ഇവിടെ ഉണ്ട്

CKLatheef പറഞ്ഞു...

@പാര്‍ത്ഥന്‍

ഏതായാലും ഇപ്പോള്‍ മനസ്സിലാക്കിയല്ലോ. നന്ദി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review