2011, ജനുവരി 7, വെള്ളിയാഴ്‌ച

നാസ്തികവാദത്തിന്റെ പ്രേരകം

ലോകത്ത് നീരീശ്വരവാദം ഉത്ഭവിച്ചതും വളര്‍ന്ന് വികസിച്ചതും യുക്തിവാദികള്‍ വിശദീകരിക്കുന്ന പ്രകാരം മനുഷ്യബുദ്ധിവികാസം പ്രാപിച്ചതിന്റെ ഫലമായിരുന്നില്ല. ഇന്നും ദൈവവിശ്വാസികളേക്കാള്‍ തുലോം കുറവാണ് യുക്തിവാദികള്‍ എന്ന് തെറ്റായി അറിയപ്പെടുന്ന നാസ്തികരുടെ ചിന്താശേഷി. യുക്തിവാദികളുടെ ബ്ലോഗുകള്‍ പരിശോധിക്കുന്ന ആര്‍ക്കും അത് ബോധ്യമാകും. ഉപരിപ്ലവമായേ അവര്‍ ഏത് വിഷയത്തെയും ചര്‍ചചെയ്യുന്നുള്ളൂ. ദൈവികവിഷയം പോകട്ടെ ശാസ്ത്രവിഷയം പോലും. ബ്ലോഗിലുള്ള നാടന്‍ യുക്തിവാദികളുടെ കാര്യം മാത്രമല്ല അത്. അവരുടെ പ്രവാചകനായി കൊണ്ടാടപ്പെടുന്ന റിച്ചാര്‍ഡ് ഡോക്കിന്‍സ് പോലും അതില്‍നിന്നൊഴിവല്ല എന്ന് എന്‍ . എം ഹുസൈന്‍ തന്റെ ബ്ലോഗിലൂടെ വ്യക്തമാക്കുന്നു.

ശാസ്ത്രത്തിന്റെ മൊത്തക്കുത്തക തങ്ങള്‍ക്കാണ് എന്ന ഗര്‍വില്‍ ദൈവവിശ്വാസികളെ പരിഹസിക്കുന്നവര്‍ നിലക്കൊള്ളുന്ന അജ്ഞതയുടെ ആഴം വളരെ വലിയതാണ്. ദൈവവിശ്വാസികള്‍ എങ്ങനെ ദൈവത്തെ വിശദീകരിക്കുന്നു എന്ന് മനസ്സിലാക്കാന്‍ ശ്രമിക്കാതെ പരിഹസിക്കാന്‍ പാകത്തിന് ഒരു ദൈവത്തെ അവര്‍ സ്വയം നിര്‍മിച്ച് പരിഹസിച്ച് തൃപ്തിയടയുകയാണ് നാസ്തികരായ യുക്തിവാദികള്‍ ചെയ്യുന്നത്. എന്നാല്‍ ആധുനികരായ പ്രഗത്ഭരായ ശാസ്ത്രകാരന്‍മാര്‍ സൃഷ്ടിയിലെ ദൈവത്തിന്റെ പങ്ക് നിഷേധിക്കുന്ന പരിണാമവാദത്തിന്റെ പൊള്ളത്തരം കാണിക്കാന്‍ മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നു. മറിച്ച് ആദ്യമേ ദുര്‍ബലദൈവവിശ്വാസം കൊണ്ടുനടന്നിരുന്ന ഡഗ്‌ളസ് ആഡംസിനെ പോലുള്ള ശാസ്ത്രകഥാകാരന്‍ ദൈവവിശ്വാസം ഉപേക്ഷിച്ച് പരിണാമ സങ്കല്‍പം സ്വീകരിച്ചത് വലിയ കാര്യമായി എടുത്ത് പറയുവോളം നാസ്തികര്‍ നിസ്സഹായരായി മാറിക്കൊണ്ടിരിക്കുന്നുവെന്നത് നാം കണ്ടുകൊണ്ടിരിക്കുന്ന യാഥാര്‍ഥ്യമാണ്.

പറഞ്ഞുവന്നത് ഒരു കാലത്തും ചിന്തയോ ശാസ്ത്രീയ ബോധമോ അല്ല ദൈവനിഷേധത്തിന് പ്രേരകം എന്നാണ്. കാലമല്ലാതെ ഞങ്ങളെ നശിപ്പിക്കുന്നില്ല എന്ന് വാദിച്ച വിരലിലെണ്ണാവുന്ന ചില ദൈവനിഷേധികളുടെ പരാമര്‍ശം ഖുര്‍ആനിലുണ്ട്. അവര്‍ അന്നത്തെ വിപ്ലവകാരികളോ സാമൂഹ്യപരിഷ്‌കര്‍ത്താക്കളോ ആയിരുന്നില്ല. അവര്‍ക്ക് കണ്ടെത്താന്‍ കഴിയാത്ത ഒന്നിനെ അന്ധമായി നിഷേധിച്ചു എന്നതിനപ്പുറം യാതൊരു പ്രാധാന്യവും അവരുടെ നിഷേധത്തിനുണ്ടായിരുന്നില്ല. ഖുര്‍ആന്‍ ഈ പറഞ്ഞത് നിഷേധികളായ യുക്തിവാദികളെക്കുറിച്ചാണ് എന്ന് എനിക്ക് എപ്പോഴും തോന്നാറുണ്ട്.
കാര്യമിതാകുന്നു: അവരുടെ അറിവിന്റെ പരിധിക്കപ്പുറമുളളതും അനന്തരഫലം മുമ്പില്‍ വന്നുകഴിഞ്ഞിട്ടില്ലാത്തതുമായ ഒരു സംഗതിയെ അവര്‍ (വീണ്ടുവിചാരമില്ലാതെ) തള്ളിക്കളഞ്ഞു. ഇതുപോലെ ഇവര്‍ക്കു മുമ്പുളള ജനവും തള്ളിക്കളഞ്ഞിട്ടുണ്ട്. ആ അക്രമികളുടെ അന്ത്യം എങ്ങനെയായിരുന്നുവെന്ന് നോക്കുക.(10:39)

ഖുര്‍ആന്‍ ഈ പറഞ്ഞത് കൂടുതല്‍ ബോധ്യപ്പെടാവുന്ന വിധത്തിലാണ് കാര്യങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കടുത്ത അഹങ്കാരമോ വെറുപ്പോ ഒക്കെയാണ് ദൈവനിഷേധത്തിന് പിന്നില്‍ വര്‍ത്തിക്കുന്നത് എന്ന് വ്യക്തമായിക്കൊണ്ടിരിക്കുന്നു. മൂസാനബിയില്‍ അവിശ്വസിച്ചവരെപ്പറ്റി ഖുര്‍ആന്‍ ഇങ്ങനെ പറഞ്ഞു:
അങ്ങനെ കണ്ണുതുറപ്പിക്കത്തക്ക നിലയിൽ നമ്മുടെ ദൃഷ്ടാന്തങ്ങൾ അവർക്ക്‌ വന്നെത്തിയപ്പോൾ അവർ പറഞ്ഞു: ഇതു സ്പഷ്ടമായ ജാലവിദ്യതന്നെയാകുന്നു. അവയെപ്പറ്റി അവരുടെ മനസ്സുകൾക്ക്‌ ദൃഢമായ ബോധ്യം വന്നിട്ടും അക്രമവും അഹങ്കാരവും മൂലം അവരതിനെ നിഷേധിച്ചുകളഞ്ഞു. അപ്പോൾ ആ കുഴപ്പക്കാരുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന്‌ നോക്കുക.(27:13,14)

ആധുനിക സമൂഹത്തില്‍ നിരീശ്വരത്വം ഇത്രമേല്‍ പ്രചരിച്ചതെങ്ങനെ എന്ന കാര്യം വിശകലനവിധേയമാക്കുമ്പോള്‍ മേല്‍ സൂക്തങ്ങളുടെ ആശയം നമ്മുക്ക് സത്യമെന്ന് ബോധ്യപ്പെടും. അതിങ്ങനെ സംഗ്രഹിക്കാം.

ദൈവനിഷേധത്തിന്റെ ഉത്ഭവം  ചിന്താപരമെന്നതിനേക്കാള്‍ വൈകാരികവും പ്രതികാരപരവുമായിരുന്നുവെന്നതാണ് ചരിത്രവസ്തുത. ഈ പ്രതികാരചിന്ത ഇന്നോളം അത് തുടര്‍ന്നുപോരുന്നു. ഈ ലോകം കേവലം പാദാര്‍ഥിക പ്രതിഭാസമാണെന്നും, യാതൊരു സ്രഷ്ടാവുമില്ലാതെ സ്വയമേവ ഉണ്ടായി ഒരു നിയന്ത്രകനും അധിപനുമില്ലാതെ ചലിച്ചുകൊണ്ടിരിക്കുകയാണെന്നും, അതില്‍ നടക്കുന്ന നിയമങ്ങളും വ്യവസ്ഥകളും ഒരു നിയമനിര്‍മാതാവിന്റെയും വകയല്ലെന്നും, നിരീശ്വരവാദികള്‍ പ്രചരിപിച്ചു. ഈ തത്വശാസ്ത്രത്തിന്‍മേലാണ്-പ്രപഞ്ചത്തിലെ നഗ്നമായ ദൃഷ്ടാന്തങ്ങളെയും മനുഷ്യപ്രകൃതിയുടെ ആഹ്വാനങ്ങളെയും തട്ടിനീക്കിക്കൊണ്ട്- നിര്‍മതസംസ്‌കാരത്തിന്റെ പ്രണേതാക്കള്‍ ജീവിത സൗധത്തെ കെട്ടിപ്പടുത്തത്. സമാന്യമനുഷ്യപ്രകൃതി ഇത്തരം നിരീശ്വരത്വത്തോട് വഴങ്ങാന്‍ മടികാണിക്കുമെന്ന് അനുഭവയാഥാര്‍ഥ്യമാണെങ്കിലും പാശ്ചാത്യലോകത്ത് ഈ നിരീശ്വരത്വം ഇത്രമേല്‍ പച്ചപിടിക്കാന്‍ കാരണം അത്രമാത്രം മതപുരോഹിത്യവും പള്ളിമേധാവിത്തവും ഭരണവര്‍ഗവുമായി യോജിച്ച് മനുഷ്യനെ ഞെക്കിഞെരുക്കുകയും അവന്റെ സാമാന്യചിന്തക്ക് പോലും കൂച്ചുവിലങ്ങിടുകയും ചെയ്തിന്റെ ഫലമാണ്. അതുകൊണ്ടുതന്നെ നിരീശ്വരവാദികള്‍ കേവലം ഒരു വാദക്കാര്‍ മാത്രമല്ല. മതത്തെയും ദൈവത്തെയും പ്രതിസ്ഥാനത്ത് നിര്‍ത്തി കൈകാര്യം ചെയ്യാന്‍ ഉദ്യമിക്കുന്നവരായത്. നിര്‍മത-നിരീശ്വരവ്യവസ്ഥ ആധ്യപത്യം സ്ഥാപിച്ചിടത്ത് ദൈവവിശ്വാസികളെ ഉന്‍മൂലനം ചെയ്യുന്നത് ഒരു വലിയ ദൗത്യമായി അവര്‍ മനസ്സിലാക്കിയത്. ഈ കഠിന ശത്രുതയുടെ ഫലമായിരുന്നു.

അതുവരെ ദൈവവിശ്വസത്തിന്റെ (പൌരോഹിത്യത്തിന്റെതല്ല) അടിത്തറകളില്‍ നിലനിന്നിരുന്ന മാനുഷിക-ജനായത്ത മൂല്യങ്ങളെ ആധുനിക സംസ്‌കാരത്തിന്റെ ശില്‍പികള്‍ ദൈവനിഷേധത്തിന്റെ അസ്തിവാരങ്ങളില്‍ പണിതുയര്‍ത്താനുള്ള സുദീര്‍ഘമായൊരു സംരംഭം ആരംഭിച്ചു. അവര്‍ ആവര്‍ത്തിച്ചുറപ്പിച്ചു: ദൈവമില്ല, ദിവ്യബോധനമില്ല, നിര്‍ബന്ധപൂര്‍വം അനുസരിക്കപ്പെടേണ്ട ഒരു ധാര്‍മികവ്യവസ്ഥയില്ല. പുനരുത്ഥാനമോ വിചാരണയോ പരലോകമോ ഇല്ല. ഈ സങ്കല്‍പത്തോടെയായി എല്ലാ ഗവേഷണത്തിന്റെയും തുടക്കം. ജീവശാസ്ത്രം, മനഃശാസ്ത്രം, രാഷ്ട്രമീമാംസ, സാമുഹിക ശാസ്ത്രം തുടങ്ങി ശാസ്ത്രത്തിന്റെ ഏത് മേഖലയിലും തൂലികയെടുക്കുമ്പോള്‍ നിര്‍മതത്വചിന്താഗതിയെ ഒരു യാഥാര്‍ഥ്യമായംഗീകരിപ്പിക്കാന്‍ തല്‍കര്‍ത്താക്കള്‍ പ്രതിജ്ഞാബദ്ധരായി. ഇപ്രകാരമാണ് ആധുനിക സംസ്‌കാരത്തിന് ശാസ്ത്രീയമായ അടിത്തറകള്‍ നിര്‍മിക്കപ്പെട്ടത്. പിന്നീട് പ്രസ്തുത ശാസ്ത്രീയടിത്തറകളില്‍ സാമൂഹിക വ്യവസ്ഥിതികളും സംഘടിത പ്രസ്ഥാനങ്ങളും നിലവില്‍വന്നു. ഇങ്ങനെ നിലവില്‍വന്ന സംഘടിത പ്രസ്ഥാനങ്ങളും സാമൂഹിക-രാഷ്ട്രീയതത്വങ്ങളും ലോകത്തുടനീളം വ്യാപിച്ചു.

ദൈവികദര്‍ശനത്തിന്റെ കീഴില്‍ നിലനിന്നിരുന്ന ആകര്‍ഷകമായ ചിലമുദ്രാവാക്യങ്ങള്‍  (സ്വതന്ത്ര ചിന്ത, അഭിപ്രായ സ്വാതന്ത്യം, മനുഷ്യമോചനം തുടങ്ങിയവ)പൗരോഹിത്യത്തിന്റെ കടന്നുകയറ്റത്തില്‍ വിസ്മൃതമായിപ്പോയിരുന്നു. എന്നാല്‍ യൂറോപ്പിലെ മുസ്ലിം സമൂഹത്തില്‍നിന്ന് ദൈവനിഷേധത്തിന്റെ അടിത്തറകളില്‍ ഇവയെ പുനരവതരിപ്പിച്ച്  ലോകമൊട്ടാകെ പ്രചരിപ്പിക്കുന്നതില്‍ നാസ്തികള്‍ അന്നത്തെ ക്ഷമാപണമനസ്‌കരായ വിശ്വാസികളെ മറികടന്നതിന്റെ ഫലമായിട്ടാണ് നാസ്തികത്വം മേല്‍കൈനേടിയത്. എന്നാല്‍ ഇന്ന് നിരീശ്വരത്വം ഒട്ടും ആകര്‍ഷകമായ ഒരു വാദമല്ല. അതുകൊണ്ട് ചിലകണ്‍കെട്ടുകള്‍ക്കും ആള്‍ദൈവങ്ങള്‍ക്കും വരെ എത്ര വിദ്യാസമ്പന്നരെയും വീഴ്താമെന്നായിരിക്കുന്നു. ആള്‍ദൈവലേക്ക് വീഴുന്ന വിദ്യാസമ്പന്നരെപോലും ആകര്‍ഷിക്കാന്‍ ദൈവനിഷേധപരമായ അന്ധവിശ്വാസത്തിനാകുന്നില്ല എന്നാണ് ഇത് തെളിയിക്കുന്നത്.       

2 അഭിപ്രായ(ങ്ങള്‍):

M.A Bakar പറഞ്ഞു...

:)

hafeez പറഞ്ഞു...

ദൈവനിഷേധത്തിന്റെ ഉത്ഭവം ചിന്താപരമെന്നതിനേക്കാള്‍ വൈകാരികവും പ്രതികാരപരവുമായിരുന്നുവെന്നതാണ് ചരിത്രവസ്തുത.
വളരെ ശരിയാണ്. ചിലര്‍ക്ക് ചെറുപ്പത്തില്‍ മത കേന്ദ്രങ്ങളില്‍ നിന്ന് ഉണ്ടാവുന്ന കയ്പ്പ്‌ ഉള്ള അനുഭവങ്ങളും ആവാം കാരണം. ആദ്യം നാസ്തികനാവുന്നു. ന്യായീകരണം പിന്നീട് കണ്ടെത്തുന്നതാണ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review