2011, ജനുവരി 25, ചൊവ്വാഴ്ച

ചൂഷണവും ലൈംഗികഅരാജകത്വവും

നാസ്തികസംസ്‌കാരത്തിന്റെ സംഭാവനകള്‍  (3)

നാസ്തിക സംസ്‌കാരം സാമ്പത്തിക രംഗത്ത് നല്‍കിയ സംഭാവന വ്യാവസായിക വിപ്ലവത്തിന്റെ രൂപത്തിലായിരുന്നു. അതുവരെ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനമായിരുന്ന ഫ്യൂഡലിസ്റ്റ് വ്യവസ്ഥതിയെ അത് പിഴുതെറിഞ്ഞു. യന്ത്രങ്ങളുടെ ഉപയോഗം വര്‍ദ്ധിച്ചതോടെ അധികോല്‍പാദനമുണ്ടായി. ഇത്രയും കാര്യങ്ങള്‍ മനുഷ്യന്റെ പുരോഗതിയുടെ ഗണത്തില്‍ എണ്ണാവുന്നതാണ് എന്ന കാര്യത്തില്‍ സംശയമില്ല. അതുമായി ബന്ധപ്പെട്ടുണ്ടായ സ്വാഭാവിക പ്രതികരണങ്ങളെക്കൂടാതെ നാസ്തികതയുടെ ഫലമായുണ്ടായ പ്രശ്‌നങ്ങളാണ് ഇവിടുത്തെ പ്രതിപാദ്യം.

യന്ത്രങ്ങളുടെ കടന്നുവരവോടെ ആയിരക്കണക്കിന് കര്‍ഷകരും തൊഴിലാളികളും ത്വഴില്‍രഹിതരായി മാറി. അതോടെ മനുഷ്യന്റെ എല്ലാ ചലനങ്ങളുടെയും കേന്ദ്രബിന്ദു ഒരു ചാണ്‍ വയറായി പരിണമിച്ചു. വ്യവസായം കൃഷിയെ അടിപ്പെടുത്തിയപ്പോള്‍ ജനങ്ങള്‍ ഗ്രാമങ്ങള്‍ വിട്ട് പട്ടണങ്ങളില്‍ തിങ്ങിത്താമസിക്കാന്‍ തുടങ്ങി. തൊഴിലില്ലായ്മ അസ്ഥിരവാസത്തെ അനിവാര്യമാക്കിയപ്പോള്‍ വേതനം സ്ത്രീകളെക്കൂടി വീടിനു പുറത്ത് ജോലിക്കിറങ്ങാന്‍ നിര്‍ബന്ധിതരാക്കി. ഇത് കുടുംബമെന്ന സുപ്രധാന സാംസ്‌കാരിക സ്ഥാപനത്തിന്റെ അടിത്തറയെ ഇളക്കി. മത-ധാര്‍മിക വിഭാവനകള്‍ക്ക് യാതൊരു പരിഗണനയും ലഭ്യമല്ലാത്ത സാമൂഹികാന്തരീക്ഷത്തില്‍ പണവും ഭൗതികാവശ്യങ്ങളുടെ പൂര്‍ത്തീകരരണവും മാത്രമായി ജീവിതത്തിന്റെ അന്തിമ ലക്ഷ്യം.

റൊട്ടിയുടെ ബലിപീഠത്തില്‍ തന്റെ വിലപ്പെട്ട എന്തിനെയും കുരുതികൊടുക്കാനാണ് നാസ്തികതയിലധിഷ്ഠിതമായ വ്യാവസായിക വിപ്ലവം മനുഷ്യനെ പഠിപ്പിച്ചത് എന്നാണ് ചിന്തകര്‍ അന്നത്തെ ജീവിത മൂല്യങ്ങളുടെ നിരാസത്തെയും ചൂഷണത്തെയും ബന്ധപ്പെടുത്തി പറഞ്ഞത്. മനുഷ്യനെ സംബന്ധിച്ച പ്രത്യേകരീതിയിലുള്ള യാന്ത്രിക വിഭാവനം പ്രചാരം നേടിയതും ഇക്കാലത്താണ്. മനുഷ്യന്റെ അവയവങ്ങള്‍ക്ക് മാത്രമല്ല അവന്റെ മനസ്സിനും സദാചാരത്തിനും സാങ്കേതികമായ വ്യാഖ്യാനങ്ങള്‍ നല്‍കപ്പെട്ടു. ആ വ്യാഖ്യാനത്തിന്റെ ചട്ടക്കൂട്ടില്‍ ആത്മീയ മൂല്യങ്ങള്‍ക്ക് യാതൊരു സ്ഥാനവുമുണ്ടായില്ല. ക്രൂരമായ ചൂഷണത്തിന് തൊഴിലാളികള്‍ വ്യാപകമായി വിധേയമാക്കപ്പെട്ടു.

സ്ത്രീ-പുരുഷ ബന്ധത്തെക്കുറിച്ച് മൃഗീയമായ ഒരു തത്വശാസ്ത്രം രൂപപെടുത്തി എന്നതാണ് നാസ്തിക സംസ്‌കാരത്തിന്റെ കുടുംബപരമായ സംഭാവന. ധാര്‍മിക മൂല്യങ്ങളെ നശിപ്പിക്കുന്നതിലും നാഗരിക വ്യവസ്ഥയുടെ അധഃപതനം പൂര്‍ത്തീകരിക്കുന്നതിലും ഈ തത്ത്വശാസ്ത്രം വലുതായ സ്വാധീനം ചെലുത്തി. വ്യാവസായിക വിപ്ലവത്തിന്റെ പശ്ചാതലത്തില്‍ സ്ത്രീ പുറത്തിറങ്ങി ജോലി ചെയ്യാന്‍ നിര്‍ബന്ധിതമായപ്പോള്‍ അതിനനുസരിച്ച സ്ത്രീ-പുരുഷ സമത്വം എന്ന കൃത്രിമ സിദ്ധാന്തത്തിന് തത്ത്വശാസ്ത്രജ്ഞന്‍മാര്‍ മുന്നോട്ട് വന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഏത് ജോലിയിലും പുരുഷന് ഒപ്പത്തിനൊപ്പം മത്സരിക്കുകയും സാമ്പത്തികമായി സ്വന്തം കാലില്‍നില്‍ക്കുകയുമാണ് സ്ത്രീയുടെ യഥാര്‍ഥ ദൗത്യമെന്ന് പറഞ്ഞ് ധരിപ്പിച്ചു.

സ്ത്രീ പുറത്തിറങ്ങരുതെന്നോ അവര്‍ ഒരു നിലക്കും സാമുഹ്യപുരോഗതിയുടെ മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കരുതെന്നോ മതങ്ങള്‍ക്കും വാദമില്ല. എന്നാല്‍ അവരുടെ യഥാര്‍ഥ ദൗത്യം സംബന്ധിച്ച് നാസ്തികതയുടെ മേല്‍ പ്രസ്താവിച്ച ബോധനം വഞ്ചനാത്മകമാണെന്ന് മതം കരുതുന്നു.  മതധാര്‍മികമൂല്യങ്ങളില്‍നിന്ന് മുക്തമായതും ദേഹേഛക്കും ഭോഗാസക്തിക്കും അടിപ്പെട്ട ലൈംഗികസ്വാതന്ത്ര്യവും നിമിത്തമായത് അനിയന്ത്രിതമായ വ്യഭിചാരത്തിനും അതുവഴി എണ്ണമറ്റ വിവാഹമോചനത്തിനുമാണ്.  ലൈംഗിക സ്വാതന്ത്ര്യം തികച്ചും പ്രകൃതിപരമാണെന്നും പാപമല്ലെന്നുമുള്ള പുരോഗമന തത്ത്വശാസ്ത്രം മറ്റൊരു പ്രശ്‌നത്തിന് വഴിതുറന്നു. അത് പരിഹരിച്ചത് സന്താന നിയന്ത്രണ സിദ്ധാന്തത്തിന് പ്രചാരം നല്‍കിക്കൊണ്ടാണ്.

സന്താനനിയന്ത്രണത്തില്‍ സാമ്പത്തികവും നാഗരികവുമായ വമ്പിച്ച നേട്ടങ്ങളുണ്ടെന്ന് കൊട്ടിഘോഷിക്കപ്പെട്ടു. എന്നിട്ടും സന്തത്യുല്‍പാദനം വേണ്ടവണ്ണം തടയാന്‍ കഴിയാതെ വരികയും ജാരസന്താനങ്ങള്‍ ഒരു സ്ഥിരം പ്രശ്‌നമായി മാറുകയും ചെയ്തപ്പോള്‍ അതിന് പരിഹാരം കണ്ടത്, ജാരസന്താനങ്ങള്‍ക്ക് വിഹിത സന്താനങ്ങള്‍ക്കുള്ള അതേ സ്ഥാനം നല്‍കാനും എല്ലാതരത്തിലുള്ള മാതൃത്വത്തെയും ഒന്നായിക്കാണാനുള്ള ചിന്താഗതി പ്രചരിപ്പിച്ചുകൊണ്ടാണ്. ലൈംഗിക അരാചകത്വം അതിന്റെ മൂര്‍ധന്യത പ്രാപിച്ചു എന്നതായിരുന്നു ഇതിന്റെയൊക്കെ സ്വാഭാവിക ഫലം. സാര്‍വത്രികമായ ഈ സാമൂഹികാധഃപതനം മാനുഷിക ധാര്‍മികതയുടെ അടിവേരുകളെ പുഴക്കിയെറിഞ്ഞുവെന്നതാണ് മാനവകുലം നാസ്തികസംസ്‌കാരം മൂലം അനുഭവിച്ച എറ്റവും ദുരന്തപൂര്‍ണമായ വസ്തുത.

7 അഭിപ്രായ(ങ്ങള്‍):

മനു പറഞ്ഞു...

വന്നു വന്നു യുക്തി വാദവും , വ്യവസായ വിപ്ലവവും തമ്മില്‍ ഉള്ള വെത്യാസം പോലും മനസിലാകതായോ ?

CKLatheef പറഞ്ഞു...

@മനു

പറയാന്‍ വിഷമുണ്ടെങ്കിലും പറയാതിരിക്കാന്‍ കഴിയുന്നുമില്ല. അത് മറ്റൊന്നുമല്ല. ഇവിടെയുള്ള പോസ്‌റ്റോ ചര്‍ചയോ താങ്കള്‍ക്ക് മനസ്സിലാകുന്നില്ല എന്നത് മാത്രമല്ല പ്രശ്‌നം, അതിനക്കുറിച്ചറിയാതെ ഇതില്‍ ഇടപെട്ടു സംസാരിക്കുന്നുവെന്നതാണ്. ദയവായി ഇസ്‌ലാമിനെക്കുറിച്ച് ഒരു സാമാന്യ അറിവെങ്കിലും നേടുക. അതുമല്ലെങ്കില്‍ എന്താണോ താങ്കള്‍ ജീവിതവീക്ഷണമായി തെരഞ്ഞെടുത്തത് അതിനെക്കുറിച്ചെങ്കിലും.

മനു പറഞ്ഞു...

എന്‍റെ അറിവിയ്യയ്മ ആകാം , ഈ വിഷയത്തില്‍ എനിക്ക് പറയാന്‍ ഉള്ളത് ആദ്യപോസ്റ്റില്‍ ചുരുക്കി പറഞ്ഞു . എല്ലാം മനസിലാക്കിയവര്‍ക്ക് പിന്നെ ഇത്തരം ചര്‍ച്ചയുടെ ആവശ്യം ഇല്ലല്ലോ അതുകൊണ്ട് തന്നെ നിങ്ങള്‍ പറയുന്നതിനെ കുറിച്ച് ഒന്നും അറിയാത്തതിനാല്‍ തന്നെ ആണ് പ്രശ്നത്തില്‍ ഇടപെട്ടു സംസരികുന്നത് . അറിവ് നേടാന്‍ അങ്ങിനെ അല്ലെ ചെയ്യേണ്ടത് ? നിങ്ങള്‍ പറഞ്ഞു തരു ഞാന്‍ മനസിലാക്കാം .

Abid Ali പറഞ്ഞു...

യൂറോപ്പില്‍ പുരോഹിത മതവും ശാസ്ത്രവും തമ്മിലുണ്ടായ സംഘട്ടനത്തില്‍ ശാസ്ത്രം വിജയിച്ചു(കോപ്പേര്‍ നിക്കസ്സു,ഗലീലിയോ ,ബ്രൂണോ തുടങ്ങിയവരുടെ പീഡനങ്ങള്‍ കാണുക) .അത് പുരോഹിത സ്വാധീനമുള്ള ചൂഷണാധിഷ്ടിതമായ പ്രഭുഭരണതിന്നു അന്ത്യം കുറിച്ചു. പുരോഹിത മതത്തിന്റെ ചങ്ങലക്കെട്ടില്‍ നിന്ന് രക്ഷപ്പെട്ട പൊതുജനങ്ങളും ശാസ്ത്രഞ്ജരും മതമാണ്‌ ചൂഷണത്തിന്റെ അടിസ്ഥാനമെന്ന നിലക്ക് പൊതുവില്‍ മതവിരുദ്ധരും ദൈവ നിഷേധികളുമായി.അതൊരു ആശയമായി മാറി അവസാനം നിരീശ്വരവാദവുമായി.ശാസ്ത്രത്തിന്റെ അത്ഭുതകരമായ വളര്‍ച്ച വ്യാവസായിക വിപ്ലവത്തിലേക്കും നയിച്ചു. ഒരു സംഭവത്തിന്റെ രണ്ടു അനന്തര ഫലങ്ങളാണ് അവ .പക്ഷെ ശാസ്ത്രം മത വിരുദ്ധമല്ലാത്തതിനാല്‍ അത് സകലരാലും അംഗീകരിക്കപ്പെട്ടു.നിരീശ്വരതം യുക്തി വിരുദ്ധമായതിനാല്‍ അത് എല്ലാവരാലും തഴയപ്പെടുകയും അതിന്നു സ്വാധീന ശക്തി ഇല്ലാതാവുകയും ചെയ്തു.വ്യാവസായിക വളര്‍ച്ച നിരീശ്വരത്തത്തിന്റെ ഉത്പന്നമായി പലപ്പോഴും യുക്തിവാദികള്‍ വ്യാഖ്യാനിക്കരുന്ടെങ്കിലും
cont ....

Abid Ali പറഞ്ഞു...

cont...
നിരീശ്വരത്തം ദൈവത്തിന്റെ ആസ്തിക്യം തന്നെ നിഷേധിക്കുന്നതിനാല്‍ ദൈവീക സാനര്‍ഗ്ഗിക നിര്‍ദ്ദേശങ്ങളെ മൊത്തത്തില്‍ ജീവിതത്തില്‍ നിന്ന് പുറം തള്ളുകയാണ്.പിന്നെ അവിടെ അവശേഷിക്കുന്നത് സ്വാര്‍ത്ഥത മാത്രമാണ്.സ്വാര്‍ത്ഥതയെ ജീവിത അടിത്തറയായി സ്വീകരിച്ചതിന്റെ സ്വാഭാവിക പരിണിതികളാണ് സാമ്പത്തിക അസമത്തം,ലൈംഗീക അരാജകത്തം,മദ്യം,ചൂതാട്ടം.ഇനി ഇത്തരക്കാര്‍ക്കാന് അധികാരമെങ്കിലോ? അവിടെ നിങ്ങള്‍ക്ക് അഴിമതി,അനീതി ,പക്ഷപാതം,വര്‍ഗ്ഗീയത,കലാപങ്ങള്‍,യുദ്ധങ്ങള്‍ തുടങ്ങിയവ കാണാം.ദൈവ നിര്‍ദ്ദേശങ്ങള്‍ തള്ളിക്കളഞ്ഞ സമൂഹം പ്രശ്ന പരിഹാരത്തിനായി കൂരിരുട്ടില്‍ തപ്പുന്നതും നിങ്ങള്‍ക്ക് കാണാം.മനുഷ്യന്‍ അനുഭവിക്കുന്ന മേല്പറഞ്ഞ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ക്ക് നിരീശ്വരവാദം ചരിത്രത്തില്‍ ഇന്ന് വരെ ഒരു പരിഹാരവും നിര്‍ദ്ദേശിച്ചിട്ടില്ല എന്നത് തന്നെയാണ് അതിന്റെ പരാജയവും.
note :- സ്വാര്‍ത്ഥതയാണ് ജീവിതാടിത്തരയെങ്കില്‍ നിങ്ങള്‍ നിരീശ്വര വാദിയോ ,മത വിശ്വാസിയോ(ദൈവ നിര്‍ദ്ദേശങ്ങള്‍ തള്ളിക്കളയുന്ന മത വിശ്വാസികള്‍) ആരായാലും ഫലം ഒന്ന് തന്നെയായിരിക്കും.

മനു പറഞ്ഞു...

ഇത്തരക്കാര്‍ക്ക് ഇത് വരെ അധികാരം ലഭിച്ചിട്ടില്ല .അതുകൊണ്ട് തന്നെ അധികാരം ലഭിച്ചാല്‍ അഴിമതി,അനീതി,പക്ഷപാതം,വര്‍ഗ്ഗീയത,കലാപങ്ങള്‍,യുദ്ധങ്ങള്‍ തുടങ്ങിയവ കാണാം എന്ന പ്രവചനം ഏതൊരുമോന്നെറ്റത്തിനും മുന്നേ ഉണ്ടാകുന്ന പിന്തിരിപ്പന്‍ ആശയ പ്രചരണം മാത്രം ആണ് . എന്നാല്‍ ഭുരിപക്ഷം പേരും ദൈവവിസ്വസികള്‍ ആയുള്ള ഇന്നത്തെ സമുഹത്തില്‍ അഴിമതി,അനീതി ,പക്ഷപാതം,വര്‍ഗ്ഗീയത,കലാപങ്ങള്‍,യുദ്ധങ്ങള്‍ തുടങ്ങിയവയ്ക്ക് ഒരു കുറവും ഇല്ല എന്നതിനാല്‍ തന്നെ , ദൈവ വിശ്വാസം മനുഷ്യരെ മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ നിന്നും പിന്തിരിപ്പിക്കണോ അവയൊന്നും ഇല്ലാത്ത ഒരു ലോകം കെട്ടിപ്പടുക്കാന്‍ പ്രാപ്തന്‍ ആക്കുകയോ ഇല്ല എന്നത് നമ്മള്‍ അനുഭവിച്ചറിഞ്ഞ വാസ്തവവും ആണ് .

" ദൈവ നിര്‍ദ്ദേശങ്ങള്‍ തള്ളിക്കളഞ്ഞ സമൂഹം പ്രശ്ന പരിഹാരത്തിനായി കൂരിരുട്ടില്‍ തപ്പുന്നതും നിങ്ങള്‍ക്ക് കാണാം " . ആര് എപ്പോള്‍ എവിടെ ?

" മനുഷ്യന്‍ അനുഭവിക്കുന്ന മേല്പറഞ്ഞ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ക്ക് നിരീശ്വരവാദം ചരിത്രത്തില്‍ ഇന്ന് വരെ ഒരു പരിഹാരവും നിര്‍ദ്ദേശിച്ചിട്ടില്ല എന്നത് തന്നെയാണ് അതിന്റെ പരാജയവും " മനുഷ്യന്‍ അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങളും മനുഷ്യ സൃഷ്ടി ആണ് എന്ന് തെളിയിക്കല്‍ ആണ് യുക്തി വാദികള്‍ ചെയ്യേണ്ടത് . പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് അതതു പ്രശ്നങ്ങളെ പറ്റി പഠിച്ചവര്‍ ആണ് . മനുഷ്യന്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം മുത്തശ്ശി കഥകള്‍ ആണെങ്കില്‍ യുക്തി വാദികള്‍ അത് ഉണ്ടാക്കാന്‍ അത്ര മിടുക്കരല്ല .
മുത്തശ്ശി കഥകള്‍ 1400 വര്‍ഷം പറഞ്ഞു പഠിപ്പിച്ചിട്ടും അഴിമതി,അനീതി ,പക്ഷപാതം,വര്‍ഗ്ഗീയത,കലാപങ്ങള്‍,യുദ്ധങ്ങള്‍ തുടങ്ങിയവ സമുഹത്തില്‍ നിന്നും നിക്കം ചെയ്യാന്‍ കഴിഞ്ഞില്ല എന്നത് തന്നെ ആണ് ദൈവ വിശ്വാസത്തിന്റെ പരാജയവും '

മനു പറഞ്ഞു...

കേരളത്തിലെ യുക്തി വാദികളെ എല്ലാം ഇപ്പറഞ്ഞ സ്ഥലങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്തത് ആവും അല്ലെ ? അലി ആദ്യ പോസ്റ്റില്‍ മത ഭരണം കൊണ്ട് പൊരുതി മുട്ടിയ ജനങ്ങളെ പറ്റി പറയുന്നു രണ്ടാമത്തെ പോസ്റ്റില്‍ മത ഭരണം വരേണം എന്നും പറയുന്നു . കൊള്ളാം കഠിനമായ വാക്കുകള്‍ ആയതിനാല്‍ അതികം പെട്ടെന്ന് ആര്‍ക്കും മനസിലാവുകയില്ല .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review