2011, ജനുവരി 16, ഞായറാഴ്‌ച

തമിഴാ.. തമിഴാ.. കടവുള്‍ ഇല്ലൈ !?

['നാസ്തികത-ഒരു ബദല്‍ സംസ്കാരം' എന്ന മുദ്രാവാക്യമുയര്‍ത്തി തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ നടന്ന ലോക നാസ്തികസമ്മേളനം ആവേശത്തിന്റെ അലയൊലികളോടെ വിജയകരമായി പരിസമാപിച്ചു.']

['തമിഴാ തമിഴാ കടവുള്‍ ഇല്ലൈ', 'കടവുള്‍ ഇല്ലൈ' 'കടവുള്‍ ഇല്ലൈ'  എന്ന മുദ്രാവാക്യത്തിന്റെ അലയൊലികള്‍ അന്തരീക്ഷത്തില്‍ അലയടിച്ചപ്പോള്‍ സംഘടിത നാസ്തികപ്രസ്ഥാനത്തിന്റെ കരുത്തിനുമുന്നില്‍ ട്രിച്ചിനഗരം കോരിത്തരിച്ചു.']

2011 ജനുവരി 7 മുതല്‍ 9 വരെ നടന്ന ലോകനാസ്തിക സമ്മേളനത്തിന്റെ വാര്‍ത്തയില്‍നിന്നാണ് മേല്‍ വരികള്‍ നല്‍കിയിട്ടുള്ളത്. താഴെപറയുന്ന വിഷയത്തില്‍ മൂന്ന് സെഷനുകളും സമ്മേളനത്തിലുണ്ടായിരുന്നതായി റിപ്പോര്‍ട്ട് തുടര്‍ന്ന് പറയുന്നു. 

["നാസ്തികതയും മാനവികതയും ഒരു ജീവിതരീതി", "നാസ്തികത സാമൂഹ്യമാറ്റത്തിന്‌", "നിരീശ്വരതയുടെ വ്യാപനത്തില്‍ കുട്ടികളുടെ പങ്ക്" എന്നീ വിഷയങ്ങളില്‍ ശ്രീ. ലവണം, ജി. കരുണാനിധി, പ്രിന്‍സ് എന്നാറെസ് പെരിയാര്‍ എന്നിവരുടെ നേതൃത്വത്തില്‍  മൂന്ന് സെഷനുകള്‍ നടന്നു.]

അതോടൊപ്പം മലപ്പുറത്ത് മതേതര കുടുംബോല്‍സവം എന്ന നാമത്തില്‍ നടന്നുകഴിഞ്ഞ യുക്തിവാദി കുടുംബ സംഗമത്തിലെ 'മാനവികതക്ക് മതമില്ലാത്ത ജീവന്‍ , മതമില്ലാത്ത സമൂഹം' എന്ന മുദ്രാവാക്യവും ശ്രദ്ധേയമാണ്. ലോകത്ത് എല്ലാ വിഭാഗങ്ങള്‍ക്കും അവരവരുടെ ആശയങ്ങള്‍ തുറന്ന് പറയാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യമുണ്ട് എന്ന് അടിയുറച്ച് വിശ്വസിക്കുന്നതിനാല്‍ മാനവികതക്ക് വേണ്ടി മതമില്ലാത്ത ജീവനും സമൂഹവുമാണ് വേണ്ടത് എന്ന ഒരു വിഭാഗത്തിന്റെ വാദം ചര്‍ച്ചചെയ്യേണ്ടതുതന്നെയാണ്. എന്നാല്‍ 'മനുഷ്യന്‍ സൃഷ്ടിച്ചതില്‍ വെച്ച് ഏറ്റവും നശീകരണ ശക്തിയുള്ള ആയുധമാണ് മതം' എന്ന് വലിയ ബാനര്‍ വെച്ച് ഭീകരതയുടെയും ഫാസിസത്തിന്റെയും പേര് പറഞ്ഞ് മതങ്ങളെ മതമൂല്യങ്ങളെ കടന്നാക്രമിക്കുമ്പോള്‍, എന്താണ് ഇവര്‍ കൊട്ടിഘോഷിച്ച് വീണ്ടും രംഗത്തിറക്കാന്‍ ആഗ്രഹിക്കുന്ന നാസ്തികസംസ്‌കാരം ലോകത്തിന് നല്‍കിയത് എന്ന് ചര്‍ചചെയ്യപ്പെടേണ്ടതുണ്ട്

'നിര്‍മതയുഗം' എന്ന് വിശേഷിപ്പിക്കപ്പെട്ട ഒരു കാലഘട്ടം ലോകചരിത്രത്തില്‍ ഉണ്ടായിരുന്നു. ഇന്ന് നമുക്ക് ഈ കാലഘട്ടത്തെ അങ്ങനെ പറയാനാകില്ല. മുമ്പ് മതരഹിതമായ രാജ്യങ്ങള്‍ അല്‍പം സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ മതങ്ങളെയും ദൈത്തെയും സ്വീകരിച്ച കാഴ്ചയാണ് നാം റഷ്യയുടെ തകര്‍ച്ചയോടെ കണ്ടുകഴിഞ്ഞത്. ആ കാലഘട്ടത്തിന്റെ അവസാനം (1970 കളില്‍) പ്രസിദ്ധ ഇസ്‌ലാമിക പണ്ഡിതനായ നഈം സിദ്ദീഖി എഴുതുന്നു:

'മനുഷ്യന്‍ മുമ്പും സത്യത്തില്‍നിന്ന് അകന്നുപോയിട്ടുണ്ട് ദൈവിക സന്‍മാര്‍ഗത്തില്‍നിന്ന വ്യതിചലിച്ചിട്ടുമുണ്ട്. എന്നാല്‍ ദേശീയവും അന്തര്‍ദേശീയവുമായ ജീവിതതുറകളിലോരോന്നിനെയും ദൈവനിഷേധത്തിന്റെയും മതനിഷേധത്തിന്റെയും സദാചാരനിഷേധത്തിന്റെയും അടിത്തറകളില്‍ പണിതുയര്‍ത്താന്‍ മാത്രം ആസൂത്രിതമായും ശാസ്ത്രീയവുമായ തയ്യാറെടുപ്പുകളോടുകൂടിയും മനുഷ്യന്‍ വഴിതെറ്റിയത് ചരിത്രത്തില്‍ ഇതാദ്യത്തെ സംഭവമായിരുന്നു. അതും ഒരു നഗരത്തിലോ രാജ്യത്തോ വന്‍കരയിലോ മാത്രമല്ല, ലോകത്തുടനീളം നിര്‍മതത്വ ചിന്താഗതിയുടെ അടിസ്ഥാനത്തില്‍ വ്യാപിച്ചതും ഇതാദ്യമായിരുന്നു. ഇന്ന് നിര്‍മതത്വം ഒരു യുഗസംസ്‌കാരത്തിന്റെ പ്രഭാവത്തോടെ നമ്മുടെ കണ്‍മുമ്പില്‍ വന്നുനില്‍ക്കുന്നു. അതെ നാമീ യുഗത്തെ നിര്‍മതയുഗം എന്ന് വിളിക്കുന്നു.' (ഉദ്ധരണം: ഇസ്‌ലാമും ഇതര പ്രസ്ഥാനങ്ങളും പേജ് 10,11)

ഈ യുഗപ്രഭാവം പിന്നീട് അതികം നീണ്ടുനിന്നില്ല. ലോകത്തെ മുഴുവന്‍ കയ്യിലെടുത്ത നിര്‍മതത്വം അതിന്റെ ആന്തരികബലഹീനതയും മാനവവിരുദ്ധമായ സിദ്ധാന്തവും മനുഷ്യമനസ്സിന് യോജിക്കാത്ത തത്വശാസ്ത്രവും കാരണമായി കാലയവനികക്ക് പിന്നിലേക്ക് പെട്ടെന്ന് വലിഞ്ഞു. അതിനെ തിരിച്ചുകൊണ്ടുവരുവാനുള്ള ശ്രമത്തിന്റെ ഭാഗമാണ് മതേതര കുടുമ്പോത്സവം എന്നക്കെയുള്ള ആകര്‍ഷണീയമായ പേരുകളില്‍ പുനരവതരിക്കപ്പെടുന്നത്. മതേതരത്വം എന്നാല്‍, ഇന്ത്യക്കാര്‍ക്ക് ഒരു മതത്തോടും പ്രത്യേക മമതയില്ലാതെ, എല്ലാമതങ്ങളെയും തുല്യമായി പരിഗണിക്കുന്ന വിഭാവനയാണ്. ഈ മനസികാവസ്ഥമുതലെടുത്താണ് ഇഷ്ടമില്ലാത്ത ചില വിഭാഗങ്ങളെ മതേതരവിരുദ്ധര്‍ എന്ന് പറയുന്നത്. എന്നാല്‍ നാസ്തികരുടെ മതേതരത്വം മതവിരുദ്ധത തന്നെയാണ് എന്ന് പ്രത്യേകം പറയേണ്ടതില്ല. മതവിരുദ്ധതക്കും നിര്‍മതത്വത്തിനും മനുഷ്യമനസ്സില്‍ സ്വീകാര്യത ലഭിക്കാന്‍ ഇത്തരം ചില മുഖം മൂടി ആവശ്യമാണ് എന്നത് ശ്രദ്ധേയമാണ്. 

മതത്തിന്റെ പ്രചാരത്തിനും പ്രചരണത്തിനും കാരണം ദൈവവിശ്വാസികള്‍ മനുഷ്യരില്‍ കുട്ടികളായിരിക്കെ അടിച്ചേല്‍പിച്ച ദൈവത്തോടുള്ള വിധേയത്വമാണ് എന്ന് യുക്തിവാദികള്‍ കൂടെകൂടെ പറയാറുണ്ട്. എന്നാല്‍ യുക്തിവാദികളുടെ സന്താനങ്ങളല്ലാം യുക്തിവാദികളായി വളരാത്തതെന്തേ എന്ന ചോദ്യത്തിന് ഞങ്ങള്‍ അവരെ സ്വതന്ത്രരായി ചിന്തിക്കാന്‍ വിടുന്നുവെന്നതാണ് ഉത്തരം ലഭിക്കാറുള്ളത്. സ്വതന്ത്രമായി ചിന്തിച്ചാല്‍ മതത്തിലെത്തിച്ചേരുമോ എന്ന് തിരിച്ചുള്ള ചോദ്യം അവര്‍ കേട്ടതായി ഭവിക്കാറില്ല. ഇവിടെ ഒരു സെഷനിലെ ചര്‍ചാവിഷയം നിരീശ്വരതയുടെ വ്യാപനത്തില്‍ കുട്ടികളുടെ പങ്ക് എന്നതാണ്. ചുരുക്കത്തില്‍ കുട്ടികളെ സ്വതന്ത്രമായി ചിന്തിക്കാന്‍ വിടരുതെന്നും മതവിരുദ്ധത കുട്ടികളില്‍ അടിച്ചേല്‍പ്പിക്കാതെ രക്ഷയില്ല എന്നും നാസ്തികര്‍ തിരിച്ചറിഞ്ഞുവോ?. അപ്പോള്‍ പിന്നെ മതത്തിന്റെ ഏറ്റവും വലിയ ദൂഷ്യമായി കാണുന്ന സ്വന്ത്രചിന്തക്കുള്ള കൂച്ചുവിലങ്ങ് സ്വയം സ്വീകരിക്കുകയാണോ?.

ഈ പശ്ചാതലത്തില്‍ 'നാസ്തികസംസ്‌കാരം ലോകത്തിന് നല്‍കിയത്' എന്ന വിഷയത്തില്‍ ഏതാനും ലേഖനങ്ങള്‍ തുടര്‍ പോസ്റ്റുകളില്‍ വായിക്കുക.

12 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

സ്വതന്ത്രമായി ചിന്തിച്ചാല്‍ മതത്തിലെത്തിച്ചേരുമോ എന്ന് തിരിച്ചുള്ള ചോദ്യം അവര്‍ കേട്ടതായി ഭവിക്കാറില്ല. ഇവിടെ ഒരു സെഷനിലെ ചര്‍ചാവിഷയം നിരീശ്വരതയുടെ വ്യാപനത്തില്‍ കുട്ടികളുടെ പങ്ക് എന്നതാണ്. ചുരുക്കത്തില്‍ കുട്ടികളെ സ്വതന്ത്രമായി ചിന്തിക്കാന്‍ വിടരുതെന്നും മതവിരുദ്ധത കുട്ടികളില്‍ അടിച്ചേല്‍പ്പിക്കാതെ രക്ഷയില്ല എന്നും നാസ്തികര്‍ തിരിച്ചറിഞ്ഞുവോ?. അപ്പോള്‍ പിന്നെ മതത്തിന്റെ ഏറ്റവും വലിയ ദൂഷ്യമായി കാണുന്ന 'സ്വന്ത്രചിന്തക്കുള്ള കൂച്ചുവിലങ്ങ്' സ്വയം സ്വീകരിക്കുകയാണോ?.

റിയാസ് കൊടുങ്ങല്ലൂര്‍ പറഞ്ഞു...

പറയുന്പാള് യുക്തി വാദികള് വലിയ സ്വതന്ത്ര ചിന്തകരാണ്.അണ്ടിയോടുത്താല് അറിയാം...
ഈയിടയായി അതുങ്ങള് വലിയ അങ്കലാപ്പിലാ
അതാ തുടരെ തുടരെയുള്ള പരിപാടികള് .
സ്വതന്ത്ര ചിന്ത ഉറപ്പിക്കണ്ടേ?

CKLatheef പറഞ്ഞു...

@റിയാസ്

:-)

V.B.Rajan പറഞ്ഞു...

"സ്വതന്ത്രമായി ചിന്തിച്ചാല്‍ മതത്തിലെത്തിച്ചേരുമോ എന്ന് തിരിച്ചുള്ള ചോദ്യം അവര്‍ കേട്ടതായി ഭവിക്കാറില്ല."

അതു ശരിയല്ലല്ലോ ലത്തീഫ്. സ്വതന്ത്രമായി ചിന്തിച്ച് എവിടെ എത്തിയാലും യുക്തിവാദികള്‍ക്ക് അതില്‍ ഒരു പരിഭവവുമില്ല. കുട്ടിയെ സ്വതന്ത്രമായി ചിന്തിക്കാന്‍ അനുവദിക്കണമെന്നേ യുക്തിവാദികള്‍ പറയുന്നുള്ളു. എല്ലാമതങ്ങളെയും മതവിരുദ്ധതയേയും പറ്റി പഠിച്ച് ഒരു സ്വതന്ത്ര തീരുമാനം അവര്‍ എടുക്കട്ടെ. പാഠപുസ്തകത്തില്‍ വന്ന മതമില്ലാത്ത ജീവനില്‍ പറഞ്ഞതും ഇതുതന്നെ. അന്ന് ഹാലിളകിയത് ആര്‍ക്കാണെന്ന് ലത്തിഫിനറിയാമല്ലോ?

മതമില്ലാത്തവര്‍ ഒരു കുടുംബസംഗമം നടത്തിയതില്‍ എന്താണ് തെറ്റ്. അവര്‍ സമൂഹത്തില്‍ ഒറ്റപ്പെടല്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ അതിന് അവര്‍ കണ്ടെത്തിയ പരിഹാരമായി ഇതിനെ കണ്ടാല്‍ മതി.

CKLatheef പറഞ്ഞു...

@V.B.Rajan

മതങ്ങളുടെ വ്യാപനത്തില്‍ കുട്ടികളുടെ പങ്ക് എന്ന വിഷയം ഒരു മതസംഘട ചര്‍ചചെയ്യുന്നുവെന്ന് വെക്കുക, എന്തായിരിക്കും ഇവിടെ യുക്തിവാദികളുടെ നിലപാട്. ഏതായാലും നിരീശ്വരതയുടെ വ്യാപനത്തില്‍ കുട്ടികളുടെ പങ്ക് എന്താണെന്നറിയാന്‍ താല്‍പര്യമുണ്ടായിരുന്നു. ഒരു പങ്കുമില്ല എന്നാണ് വിഷയാവതാരകന്‍ സമര്‍ഥിച്ചതെങ്കില്‍ എന്റെ ആശങ്കക്ക് ഒരു വിലയുമില്ല. മറിച്ചാകാനാണല്ലോ സാധ്യത.

തീര്‍ചയായും മതമില്ലാത്തവര്‍ക്കും സംഘടിക്കാനും ആഘോഷിക്കാനും അവകാശമുണ്ട്. മതവിരുദ്ധതക്ക് മതേതരം എന്ന് നല്‍കിയപ്പോള്‍ അതുകൊണ്ടുണ്ടാകുന്ന അനര്‍ഥങ്ങള്‍ ചൂണ്ടിക്കാണിച്ചു എന്ന് മാത്രം.

കാട്ടിപ്പരുത്തി പറഞ്ഞു...

നല്ല പോസ്റ്റ്- പക്ഷെ പോത്തിന്റെ ചെവിയിൽ വേദമോതുക എന്ന ഒരു പ്രയോഗമില്ലെ -

Shouckath പറഞ്ഞു...

നല്ലൊരു പോസ്റ്റ്‌

അജ്ഞാതന്‍ പറഞ്ഞു...

tracking

മുത്ത്‌/muthu പറഞ്ഞു...

'തമിഴാ തമിഴാ കടവുള്‍ ഇല്ലൈ', 'കടവുള്‍ ഇല്ലൈ' 'കടവുള്‍ ഇല്ലൈ'
ഹൌ എന്തൊരു മുദ്രാവാക്യം.അതോടെ കടവുള്‍ 'ഒലിച്ചു പോയി' എന്നൊന്നും എഴുതിപ്പിടിപ്പിച്ചില്ലല്ലോ?
പണ്ടൊരു വിദ്വാന്‍ കടവുള്‍ സത്തു പോയിട്ടാര്‍ എന്നങ്ങു ഒരു പ്രഖ്യാപനം.
എന്നിട്ടോ, നൂറ്റാണ്ട് ഒന്ന് കഴിഞ്ഞു.എന്നിട്ടും
യുക്തിവാദികളുടെ വഞ്ചി തിരുനക്കരെ തന്നെ.

അതോണ്ടല്ലേ തങ്ങള്‍ ഇതുവരെ കുറ്റം പറഞ്ഞോണ്ടിരുന്ന സംഘടിത മതങ്ങളുടെ
അതേ പാതയില്‍ തന്നെ യുക്തന്മാര്‍ക്കും സഞ്ചരിക്കേണ്ടി വരുന്നത്.

"നാസ്തികതയും മാനവികതയും ഒരു ജീവിതരീതി" എങ്ങനെയൊക്കെയായിരിക്കും
പടച്ചോനെ ഈ ജീവിത രീതി മുമ്പോട്ടു പോവുക.ആ മാസികേ പറഞ്ഞ പോലെയാകുമോ? ആണെങ്കില്‍ ഭേഷായി.

ലതീഫ്‌ സാഹിബിന്റെ തുടര്‍ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു.

CKLatheef പറഞ്ഞു...

@മുത്ത്‌/muthu

കടവുള്‍ ഒലിച്ചുപോയി എന്നുമാത്രമേ എഴുതിപ്പിടിപ്പിക്കാത്തതുള്ളൂ. ബാക്കി പറയാനുള്ളതൊക്കെ പറഞ്ഞിട്ടുണ്ട്. കടവുളെ തോല്‍പിക്കുന്ന വിധം കാണൂ.

നാസ്തികതയും മാനവികതയും ഒരു നിലക്കും പൊരുത്തപ്പെടുന്നില്ല. മാനവികത ഒരു കൂട്ടം സ്ഥായിയായ മൂല്യങ്ങളിലും നന്മകളിലുമാണ് എന്നും മുന്നോട്ട് പോയത്. പക്ഷെ അത്തരമൊന്നിന്റെ സാന്നിദ്ധ്യത്തെ നിഷേധിക്കുന്ന നാസ്തികത മാനവികതയോട് സമരസപ്പെടുന്നതെങ്ങനെ?.

നാസ്തിക സംസ്‌കാരത്തിന്റെ കീഴില്‍ മൂന്ന് നൂറ്റാണ്ടോളം ലോകം തരിച്ചുനിന്നിട്ടുണ്ട്. അതിനപ്പുറം ഇനിയും നമ്മുക്ക് അതില്‍നിന്ന് പ്രതീക്ഷിക്കാനാവും എന്ന് കരുതാന്‍ ന്യായമൊന്നും കാണുന്നില്ല. കാരണം ഏതൊരു മൗലിക സിദ്ധാന്തങ്ങളുടെ പേരിലാണോ നാസ്തികത അതിന്റെ രൗദ്രഭാവം കാണിച്ചത് അതേ മൗലിക ഘടകങ്ങളില്‍ തന്നെയാണ് ഇന്നും അത് നിലനില്‍ക്കുന്നത്. അതിനെക്കുറിച്ച് ചെറിയ ഒരു വിവരണം മാത്രമാണ് തുടര്‍ പോസ്റ്റുകളില്‍ ഉദ്ദേശിക്കുന്നത്.

@sh@do/F/luv

നാസ്തികതയുടെ രാപനിയറിഞ്ഞ താങ്കള്‍ക്ക് ഈ വിഷയത്തില്‍ കൂടുതല്‍ സംഭാവന ചെയ്യാനാകും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അതിനാല്‍ ചര്‍ചയില്‍ ഇടപെട്ടു സംസാരിക്കുമല്ലോ.

V.B.Rajan പറഞ്ഞു...

പ്രിയ ലത്തീഫ്

നാസ്തികരും മാനവികതയും എന്ന വിഷയം വിവരിക്കുന്നതിനു മുമ്പ് സ്വന്തം സമൂഹവും മാനവികതയും എന്നതിലേക്ക് ഒരു തിരിഞ്ഞുനോട്ടം നടത്തി അവിടം ശുദ്ധീകരിക്കുവാന്‍ ശ്രമിക്കുന്നതല്ലെ കൂടുതല്‍ നല്ലത്.

പാകിസ്ഥാന്‍ പഞ്ചാബ് ഗവര്‍ണ്ണര്‍ സല്‍മാന്‍ ടസീര്‍ (Salmaan Taseer) ഇക്കഴിഞ്ഞ ജനുവരി 4ന് സ്വന്തം അംഗരക്ഷകന്റെ വെടിയേറ്റു മരിച്ചു. പ്രതി മാലിക് മുംതാസ് ക്വാദ്രിക്ക് (Malik Mumtaz Qadri) അവിടെ ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകരണം ആധൂനിക മനുഷ്യ സമൂഹത്തെ ലജ്ജിപ്പിക്കുന്നതാണ്. മുഹമ്മദിനെതിരെ എന്തോ പറഞ്ഞു എന്ന ആരോപണത്തില്‍ വധ ശിക്ഷക്കു വിധിക്കപ്പെട്ട ആസിയ ബീവി എന്ന ഒരു പാകിസ്ഥാനി ക്രിസ്ത്യന്‍ സ്ത്രീക്കുവേണ്ടി ദയാഹര്‍ജി തയാറാക്കിയതാണ് സല്‍മാന്‍ ടസീര്‍ ചെയ്ത കുറ്റം..

തോടുപുഴയിലെ തോമസ് മാഷിന്റെ സംഭവം നടന്നത് നമ്മുടെ മൂക്കിനു താഴെയാണ്. ഇതിന്റെ എല്ലാം പിന്നില്‍ "പോത്തു"
കളാണെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറില്ലെന്ന് കരുതട്ടെ.

CKLatheef പറഞ്ഞു...

പ്രിയ രാജന്‍

താങ്കള്‍ തെറ്റിദ്ധരിച്ചു എന്ന് തോന്നുന്നു. ഒരു പക്ഷെ നാസ്തിക സംസ്‌ക്കാരം മനുഷ്യന് നല്‍കിയ ദുരന്തത്തിന്റെ കണക്കെടുപ്പ് നടത്തുന്ന പോസ്റ്റായിരിക്കാം എന്നില്‍ നിന്ന് താങ്കള്‍ പ്രതീക്ഷിച്ചത്. അത് ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. അത് ഒരു തരം വെറിമൂത്ത യുക്തിവാദികളുടെ ശൈലിയാണ്, എവിടെയെങ്കിലും അന്ധവിശ്വാസത്തിന്റെ പേരിലും മറ്റും നടക്കുന്ന ചില കാര്യങ്ങള്‍ ലിങ്കായും ചിത്രമായും നല്‍കി അതിനെയൊക്കെ എതിര്‍ക്കുന്ന ഒരു ദര്‍ശനത്തെ പരമാവധി അപകീര്‍ത്തിപ്പെടുത്തുക എന്നത്. അത് ഉഗാണ്ടയിലെ ഏതെങ്കിലും കുഗ്രാമത്തില്‍ നടക്കുന്ന സ്ത്രീകളുടെ സുന്നത്തോ അല്ലെങ്കില്‍ സോമാലിയയിലെ ഏതെങ്കിലും ഗോത്രസമൂഹത്തില്‍ നടക്കുന്ന എറിഞ്ഞുകൊല്ലലോ അതുമല്ലെങ്കില്‍ ഏകാധിപതികള്‍ നിയന്ത്രിക്കുന്ന ചില രാജ്യങ്ങളിലും മറ്റും നടക്കുന്ന ചില കോടതി നടപടികളോ അതുമല്ലെങ്കില്‍ ചില മതതീവ്രവാദിക്കൂട്ടങ്ങള്‍ നടത്തുന്ന സംഭവങ്ങളുടെ സചിത്രവിവരണമോ നല്‍കി വട്ടംകൂടി കൂകിത്തോല്‍പ്പിക്കുന്ന ശൈലി ഇവിടെ ഉദ്ദേശിക്കപ്പെട്ടിട്ടില്ല.

നാസ്തികതസംസ്‌കാരത്തിന്റെ ചില മൂല സങ്കല്‍പങ്ങളെ നിരൂപണം ചെയ്യുകയും അത് എങ്ങനെ സമൂഹത്തെ ബാധിച്ചു എന്ന് ചര്‍ചചെയ്യാനെ ഞാന്‍ ഉദ്ദേശിച്ചിട്ടുള്ളൂ. ഒരു പോസ്റ്റിട്ടാല്‍ അത് വായിക്കാനുള്ള ഒരു സാവകാശം നല്‍കുന്നതിന് വേണ്ടിയാണ് അല്‍പം വൈകിപ്പിച്ചത് താമസിയാതെ നല്‍കാം. താങ്കളുടെ വിയോജിപ്പികളും അഭിപ്രായങ്ങളും സ്വാഗതം ചെയ്യുന്നു.

താങ്കള്‍ ഇവിടെ നല്‍കിയ ലിങ്കിലെ വിഷയങ്ങളും മറ്റും ഇവിടെ ഇപ്പോള്‍ ചര്‍ചചെയ്യുന്നതില്‍ അര്‍ഥമില്ല. അത് വേണ്ടവിധം യുക്തിവാദി ബ്ലോഗുകളില്‍ ആഘോഷിക്കുന്നുണ്ടല്ലോ. അതിലെ സത്യത്തിനും നീതിക്കും ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ക്കും നിരക്കാത്ത കാര്യങ്ങളെ ശക്തിയുക്തം എതിര്‍ക്കുന്നവരില്‍ ഒരാള് തന്നെയാണ് ഞാന്‍ എന്ന് താങ്കള്‍ അറിയുന്നത് കൊണ്ടായിരിക്കുമല്ലോ അവസാന വരികള്‍ താങ്കള്‍ മുന്‍കൂര്‍ ജാമ്യം പോലെ എഴുതിയത്.

സ്വയം ശുദ്ധീകരിക്കപ്പെട്ടതിന് ശേഷമാണ് യുക്തിവാദികള്‍ മതങ്ങളെ ഒറ്റപ്പെട്ട ചില സംഭവങ്ങളെ മറയാക്കി നിരൂപണം നടത്തുന്നതും, മതമാണ് ഏറ്റവും വലിയ നശീകരണ ആയുധം എന്ന് പുരപ്പുറത്ത് കയറി കൂകുന്നതെന്നും ചിന്തിക്കാനുള്ള ശുദ്ധത യുക്തിവാദികള്‍ക്ക് പോലുമുണ്ടാവില്ല എന്ന് കരുതട്ടേ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review