2009, ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

ദൈവേഛയും മനുഷ്യന്റെ പ്രവര്‍ത്തനങ്ങളും

വിവിധ മതങ്ങളിലെ ദൈവവീക്ഷണത്തെക്കുറിച്ച് ധാരാളം ചര്‍ചകള്‍ ബ്ളോഗുകളില്‍ നടന്നിട്ടുണ്ട്. സജീവമായ പങ്കാളിത്തം കൊണ്ടും ബുദ്ധിപരമായ ഇടപെടലുകള്‍കൊണ്ടും സമ്പന്നമാണവ. വീക്ഷണവൈജാത്യമുള്ളവര്‍ തങ്ങളുടെ സ്വന്തം ബ്ളോഗുകളില്‍ (ദൈവവിശ്വാസികളും ദൈവനിഷേധികളും) ഇത്തരം ചര്‍ചകള്‍ക്ക് അവസരം നല്‍കിയിട്ടുണ്ട്. കൂടുതല്‍ ചര്‍ചയായിട്ടുള്ളത് -ചര്‍ചചെയ്യാനുള്ള സൌകര്യം കാരണമാണോ എന്നറിയില്ല- ഇസ്ലാമിലെ ദൈവവീക്ഷണമാണ്. ഹിന്ദു സഹോദരങ്ങളുടെ ബ്ളോഗിലും അത്തരം ചര്‍ചകളുണ്ട്. പ്രത്യേക വേദഗ്രന്ഥത്തെ അടിസ്ഥാനമാക്കി എന്നതിനേക്കാളുപരി സ്വന്തമായി ഒരു ദൈവസങ്കല്‍പത്തെ സമര്‍പിക്കുന്നതായിട്ടാണ് എനിക്കനുഭവപ്പെട്ടത്. ഖുര്‍ആന്‍ സമര്‍പിക്കുന്ന ദൈവവീക്ഷണം വളരെ തെളിഞ്ഞതും കലര്‍പ്പറ്റതുമാണ്. വിട്ടുവീഴ്ചയില്ലാത്ത ഏകദൈവ വീക്ഷണം അതിന്റെ പ്രത്യേകതയാണ്. സ്വാഭാവികമായു ഏറെ വിമര്‍ശിക്കപ്പെട്ടത് സ്വാഭാവികമായും ഖുര്‍ആനിലെ ദൈവവീക്ഷണമാണ്. അതില്‍ ഏറെകുറെ പ്രസക്തമായ വിമര്‍ശനമാണ്, മനുഷ്യന്റെ ഇഛയുമായി ബന്ധപ്പെട്ടത്. മനുഷ്യന്‍ സ്വന്ത്രനോ. അതോ ദൈവത്തിന്റെ തീരുമാനത്തിന് വിധേയനോ?. നന്‍മയും തിന്‍മയും പടച്ചത് ദൈവമെങ്കില്‍ തിന്‍മ ചെയ്തവനെ ശിക്ഷിക്കുന്നതില്‍ ന്യായമുണ്ടോ?. എന്തുകൊണ്ട് തെറ്റ് ചെയ്യാവുന്ന വിധം മനുഷ്യനെ സൃഷ്ടിച്ചു?. പിശാചിനെ സൃഷ്ടിച്ച ദൈവമല്ലേ വലിയ പിശാച് എന്ന യുക്തിവാദി നിരീക്ഷണങ്ങളും. ദൈവം ഇഛിച്ചതല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുന്നില്ല എന്ന ഖുര്‍ആന്‍ സൂക്തത്തിന്റെ വിവക്ഷ.

ഇതെല്ലാം പറഞ്ഞത് ഖുര്‍ആനിലാണ് എന്ന ഒരൊറ്റ കാരണത്താല്‍ നാം അങ്ങനെതന്നെ വിശ്വസിക്കണമോ. ഇതിനെക്കുറിച്ചുള്ള അന്വേഷണം ഏത് വരെ ആകാം?. പകരം ഇതിനേക്കാള്‍ യുക്തമായ ദൈവിക വീക്ഷണം വേറെയുണ്ടോ?. ദൈവവിശ്വാസം കൊണ്ട് മനുഷ്യന് എന്തെങ്കിലും പ്രയോജനമുണ്ടോ?. ദോശമുണ്ടോ?. ദൈവവിശ്വാസം കൈവെടിഞ്ഞാല്‍ നമ്മുക്ക് മനുഷ്യസമൂഹത്തിന് വല്ല പ്രയോജനവുമുണ്ടോ?. ഏതൊരു മനുഷ്യനും ഇതൊക്കെ ഒന്ന് അറിഞ്ഞിരിക്കാന്‍ ആഗ്രഹിക്കില്ലേ?. അല്ലെങ്കില്‍ ഇതിനകം ഓരോരുത്തരും ഒരു കണ്‍ക്ളൂഷനിലെത്തിയിരിക്കില്ലേ?. സന്‍മനസ്സുള്ളവര്‍ അതൊന്ന് പങ്ക് വെക്കുന്നത് നല്ലതായിരിക്കില്ലേ. ഇത്തരം കാര്യങ്ങള്‍ ചര്‍ചചെയ്ത് മടുത്തവരും ഇതിന് സമയം ചെലവഴിക്കുന്നതില്‍ കാര്യമില്ല എന്ന് കരുതുന്നവരുമുണ്ടാകാം. അവര്‍ തുടര്‍ന്ന് വായിക്കേണ്ടതില്ല. കാരണം ഒരു പുതിയ വിവരം ഇതില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിച്ചുകൊള്ളണം എന്നില്ല.

വിവിധമതങ്ങളുടെ ദൈവവീക്ഷണം ഇവിടെ തലനാരിഴ കീറിയുള്ള ചര്‍ച ഉദ്ദേശിക്കുന്നില്ല. ഇസ്ലാമിന്റെ ദൈവവീക്ഷണവുമായി ബന്ധപ്പെട്ടാണ് ചര്‍ച മുന്നോട്ടു നീങ്ങുക. ഖുര്‍ആനാണ് അവലംബം. ആദ്യമായി പരിശോധിക്കാനുള്ളത് ദൈവത്തിന്റെ ഇഛയും മനുഷ്യന്റെ പ്രവര്‍ത്തനവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്.

(അധ്യായം 76:23-31 )
പ്രവാചകാ, ഈ ഖുര്‍ആന്‍ പലപ്പോഴായി നിനക്ക് അവതരിപ്പിച്ചിട്ടുള്ളത് നാമാകുന്നു. അതിനാല്‍ നീ നാഥന്റെ ശാസനയില്‍ സ്ഥിരചിത്തനായിരിക്കുക. ഇവരിലെ കുറ്റവാളിക്കോ സത്യവിരോധിക്കോ വഴങ്ങിപ്പോകരുത്. പ്രഭാതത്തിലും പ്രദോഷത്തിലും നാഥന്റെ നാമം സ്മരിക്കുക. രാത്രിയിലും അവനു വേണ്ടി പ്രണാമം ചെയ്യുക. രാവില്‍ നീണ്ട നേരം അവനെ പ്രകീര്‍ത്തനം ചെയ്തുകൊണ്ടിരിക്കുക. ഈ ജനം ശീഘ്രം ലഭിക്കുന്നതിനെ (ഭൌതിക നേട്ടത്തെ) സ്നേഹിക്കുകയും വരാനിരിക്കുന്ന ഭാരമേറിയ നാളിനെ അവഗണിച്ചുതള്ളുകയുമാകുന്നു.നാമാണിവരെ സൃഷ്ടിച്ചതും ഇവരുടെ ചട്ടക്കൂട് ദൃഢീകരിച്ചതും. നമുക്ക് വേണമെങ്കില്‍ ഇവരുടെ രൂപങ്ങള്‍ മാറ്റിക്കളയാവുന്നതാണ്. ഇതൊരുദ്ബോധനമാകുന്നു. ഇനി ഇഷ്ടമുള്ളവന്‍ തന്റെ റബ്ബിങ്കലേക്കുള്ള മാര്‍ഗം സ്വീകരിച്ചുകൊള്ളട്ടെ. നിങ്ങളുടെ ഇച്ഛയാല്‍ യാതൊന്നുമുണ്ടാകുന്നില്ല-അല്ലാഹു ഇച്ഛിക്കുന്നതുവരെ. അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമല്ലോ. താനുദ്ദേശിക്കുന്നവരെ അവന്‍ തന്റെ അനുഗ്രഹത്തില്‍ പ്രവേശിപ്പിക്കുന്നു. ധിക്കാരികള്‍ക്ക് വേദനയേറിയ ശിക്ഷയാണവന്‍ ഒരുക്കിവെച്ചിട്ടുള്ളത്.

ഈ സൂക്തങ്ങളില്‍ മൂന്നു കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു. ഒന്ന്, ഇഷ്ടമുള്ളവന്‍ തന്റെ നാഥനിലേക്കുള്ള മാര്‍ഗം സ്വീകരിച്ചുകൊള്ളട്ടെ. രണ്ട്, അല്ലാഹു ഇഛിക്കാതെ നിങ്ങളുടെ ഇഛകൊണ്ട് മാത്രം ഒന്നും സംഭവിക്കുന്നില്ല. മൂന്ന്, അല്ലാഹു ഏറ്റം യുക്തിമാനും സര്‍വജ്ഞനുമാകുന്നു. ഈ മൂന്നു സംഗതികളെക്കുറിച്ച് നന്നായി ചിന്തിച്ചുനോക്കിയാല്‍ മനുഷ്യസ്വാതന്ത്യ്രവും ദൈവേഛയും തമ്മിലുള്ള ബന്ധം ശരിക്കും മനസ്സിലാക്കാവുന്നതാണ്. വിധിവിശ്വാസം സംബന്ധിച്ച് പൊതുവില്‍ ജനമനസ്സുകളില്‍ സ്ഥലംപിടിക്കുന്ന സന്ദേഹങ്ങളെയെല്ലാം അതു ദൂരീകരിക്കുകയും ചെയ്യും.

ആദ്യവാക്യം മനസ്സിലാക്കിത്തരുന്നത് ഇതാണ്: ഈ ലോകത്ത് മനുഷ്യന്ന് നല്‍കപ്പെട്ടിട്ടുള്ള സ്വാതന്ത്യ്രം, അവന്‍ ഇവിടെ ജീവിതം നയിക്കുന്നതിനു വേണ്ടി, തന്റെ മുന്നില്‍ വരുന്ന വിവിധ സരണികളില്‍ ഏതു സരണി സ്വീകരിക്കണമെന്ന് സ്വയം തീരുമാനിക്കുക എന്ന പരിധിയില്‍ പരിമിതമാകുന്നു. തെരഞ്ഞെടുക്കാനുള്ള ഈ സ്വാതന്ത്യ്രം (Freedom of choice) ആണ് അല്ലാഹു മനുഷ്യന്ന് നല്‍കിയിട്ടുള്ളത്. ഉദാഹരണമായി, നിത്യവൃത്തി തേടുന്ന ഒരാള്‍. അയാളുടെ മുന്നില്‍ പലവഴികളുണ്ട്. ചിലത് കൃഷി, കച്ചവടം, വ്യവസായം, ഉദ്യോഗം, കൈത്തൊഴില്‍ എന്നിവപോലെ അനുവദനീയങ്ങളാണ്. ചിലത് മോഷണം, കവര്‍ച്ച, പലിശക്കച്ചവടം, കൈക്കൂലി, ചാരിത്യ്രവില്‍പന, ചൂതാട്ടം, അവിഹിതമായ തൊഴിലുകള്‍ എന്നിവ പോലെ നിഷിദ്ധവും. ഇവയില്‍ നിത്യവൃത്തിക്കായി ഏതു മാര്‍ഗം സ്വീകരിക്കണമെന്ന തീരുമാനം മനുഷ്യന്റെ തെരഞ്ഞെടുപ്പിനു വിട്ടുകൊടുത്തിരിക്കുന്നു. വ്യത്യസ്ത സ്വഭാവരീതികളും ഇപ്രകാരം തന്നെ. ഉത്തരവാദിത്വം, വിശ്വസ്തത, സത്യസന്ധത, മാന്യത, നീതി, കാരുണ്യം, സഹാനുഭൂതി തുടങ്ങിയ സദ്ഗുണങ്ങള്‍ ഒരുവശത്ത്. അപകര്‍ഷത, നിരുത്തരവാദിത്വം, അക്രമം, കാപട്യം, കളവ്, അവിവേകം തുടങ്ങിയ ദുര്‍ഗുണങ്ങള്‍ മറുവശത്തും. ഇതില്‍ ഇഷ്ടമുള്ള ഏതു സ്വഭാവരീതിയും തെരഞ്ഞെടുക്കാന്‍ മനുഷ്യന്ന് പൂര്‍ണ സ്വാതന്ത്യ്രമുണ്ട്. മതങ്ങളുടെയും വിശ്വാസങ്ങളുടെയും കാര്യവും ഇപ്രകാരംതന്നെ. ആ വകയിലും പല സരണികള്‍ മനുഷ്യന് മുമ്പില്‍ തുറന്നുകിടപ്പുണ്ട്. നാസ്തികത്വം, ബഹുദൈവത്വം, വിഗ്രഹാരാധന, ഏകദൈവത്വവും ബഹുദൈവത്വവും കൂടിക്കുഴഞ്ഞ സങ്കരങ്ങള്‍, ഖുര്‍ആന്‍ പഠിപ്പിക്കുന്ന തനി ഏകദൈവാരാധന എന്നിങ്ങനെ. അതില്‍ ഏത് സ്വീകരിക്കണമെന്ന തീരുമാനം മനുഷ്യന്നുതന്നെ വിട്ടുകൊടുത്തിരിക്കുകയാണ്. അല്ലാഹു സ്വന്തം തീരുമാനം മനുഷ്യനില്‍ അടിച്ചേല്‍പ്പിക്കുന്നില്ല. അതായത്, മനുഷ്യന്‍ അനുവദനീയമായ നിത്യവൃത്തി ആഗ്രഹിക്കുകയും അല്ലാഹു ബലാല്‍ക്കാരം അവനെ നിഷിദ്ധ ഭക്ഷണം കഴിക്കുന്നവനാക്കുകയും ചെയ്യുന്നില്ല. അല്ലെങ്കില്‍ അവന്‍ ഖുര്‍ആനിനെ അനുഗമിക്കാനാഗ്രഹിക്കുമ്പോള്‍ അല്ലാഹു അവനെ നാസ്തികനോ ബഹുദൈവവിശ്വാസിയോ സത്യനിഷേധിയോ ആക്കുന്നില്ല. മനുഷ്യന്‍ സച്ചരിതനായിത്തീരണമെന്നാഗ്രഹിക്കുമ്പോള്‍ അല്ലാഹു നിര്‍ബന്ധിച്ച് അവനെ ദുഷ്ടനാക്കുക എന്നതും ഒരിക്കലും സംഭവിക്കുന്നില്ല.

പക്ഷേ, തെരഞ്ഞെടുക്കാനുള്ള ഈ സ്വാതന്ത്യ്രത്തിനുശേഷം ഒരു കാര്യമുണ്ട്. മനുഷ്യന് താന്‍ ഉദ്ദേശിച്ചതുതന്നെ പ്രായോഗികമായി ചെയ്യാന്‍ കഴിയുക എന്നത് അല്ലാഹുവിന്റെ ഇഛയെയും مَشِيئَة അനുമതിയെയും إِذْن ഉതവിയെയും تَوْفِيق ആശ്രയിച്ചിരിക്കുന്നു. മനുഷ്യന്‍ ചെയ്യാനാശിക്കുകയോ ഉദ്ദേശിക്കുകയോ തീരുമാനിക്കുകയോ ചെയ്തതുതന്നെ പ്രവര്‍ത്തിച്ചുകൊള്ളട്ടെ എന്ന് അല്ലാഹുവിന്റെ മശീഅത്ത് ഉണ്ടെങ്കിലേ അവന്നത് ചെയ്യാന്‍ കഴിയൂ. മനുഷ്യന്‍ എത്രതന്നെ ശ്രമിച്ചാലും അല്ലാഹുവിന്റെ മശീഅത്തും അനുമതിയുമില്ലാതെ അവന്ന് ഒന്നും ചെയ്യാനാവില്ല. ഇതാണ് അടുത്ത വാക്യത്തില്‍ പ്രസ്താവിച്ചിട്ടുള്ളത്. ഇവ്വിഷയകമായി ഗ്രഹിച്ചിരിക്കേണ്ട ഒരു കാര്യമിതാണ്: ഈ ലോകത്ത് മനുഷ്യന്ന് സകല സ്വാതന്ത്യ്രങ്ങളും നല്‍കിയിട്ട് അവനാഗ്രഹിക്കുന്നതെന്തും ചെയ്തുകളയാനുള്ള കഴിവും അവന്റെ ഇഷ്ടത്തിനുതന്നെ വിട്ടുകൊടുത്തിരിക്കുന്നുവെങ്കില്‍ പ്രാപഞ്ചിക വ്യവസ്ഥയാകെ താറുമാറികും. ലോകത്തുള്ള സകല മനുഷ്യരെയും കൊന്നുകളയാന്‍ ഒരു ഘാതകന്‍ മതിയാകുമായിരുന്നു- അവന് തോന്നുന്ന ആരെയും കൊല്ലാനുള്ള സൌകര്യം ലഭിക്കുകയാണെങ്കില്‍. ഇഷ്ടമുള്ളയാരെയും പോക്കറ്റടിക്കാന്‍ സൌകര്യം ലഭിക്കുന്ന പോക്കറ്റടിക്കാരനില്‍നിന്ന് ആരുടെ പോക്കറ്റാണ് രക്ഷപ്പെടുക? ഒരു കള്ളന്റെ കൈയില്‍നിന്ന് ആരുടെയും മുതലും രക്ഷപ്പെടില്ല. ഒറ്റ സ്ത്രീക്കും ഒരു തെമ്മാടിയില്‍നിന്ന് മാനം കാക്കാനാവാതെവരും. ഒരു ഭവനഭേദനക്കാരന്‍ ഒറ്റ വീടും ഒഴിവാക്കുകയില്ല; ഇവര്‍ക്കൊക്കെ അവരവര്‍ക്കു തോന്നുന്നത് അപ്പടി ചെയ്യാന്‍ തികഞ്ഞ കഴിവും സൌകര്യവും കൂടി കിട്ടുകയാണെങ്കില്‍. അതുകൊണ്ട് മനുഷ്യന്‍ ശരിയോ തെറ്റോ ആയ ഏതു മാര്‍ഗത്തിലൂടെ നടക്കാന്‍ ഉദ്ദേശിച്ചാലും അതിലൂടെ അവനു നടക്കാന്‍ സൌകര്യമേകണമോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അവകാശം അല്ലാഹു അവന്റെ കരത്തില്‍തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഒരാള്‍ ദുര്‍മാര്‍ഗം വെടിഞ്ഞ് സന്‍മാര്‍ഗം സ്വീകരിക്കാനാഗ്രഹിച്ചാല്‍ അയാള്‍ക്കും അല്ലാഹുവിന്റെ മശീഅത്തും തൌഫീഖും ലഭിച്ചാല്‍ മാത്രമേ പ്രായോഗികമായി സന്‍മാര്‍ഗനിരതനാവാന്‍ കഴിയൂ. ദുര്‍മാര്‍ഗം വെടിഞ്ഞ് സന്‍മാര്‍ഗം കൈക്കൊള്ളാനുള്ള തീരുമാനം മനുഷ്യന്‍ സ്വയം എടുത്തിരിക്കണമെന്ന് ഉപാധിയുണ്ടെന്നു മാത്രം. അതല്ലാതെ, അല്ലാഹു ആരെയും ബലാല്‍ക്കാരം കള്ളനോ ഘാതകനോ നാസ്തികനോ ബഹുദൈവവിശ്വാസിയോ ആക്കാത്തതു പോലെ ആരെയും ബലാല്‍ക്കാരം സത്യവിശ്വാസിയും ആക്കുന്നില്ല.

അനന്തരം തുടര്‍ന്നുള്ള വാക്യത്തില്‍, അല്ലാഹുവിന്റെ ഈ മശീഅത്ത് അവ്യവസ്ഥിത (Arbitrary) മാണെന്ന തെറ്റിദ്ധാരണയെ ദൂരീകരിച്ചിരിക്കുകയാണ്. അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമാണ് എന്ന് പ്രസ്താവിച്ചുകൊണ്ടാണ് അത് ദൂരീകരിക്കുന്നത്. അതായത്, അവന്‍ ചെയ്യുന്നതെന്തും തികഞ്ഞ ജ്ഞാനത്തോടെയാണ് ചെയ്യുന്നത്. അതിനാല്‍ അവന്റെ തീരുമാനത്തില്‍ തെറ്റുപറ്റാനുള്ള ഒരു സാധ്യതയുമില്ല. ആര്‍ക്ക് എന്തിന് തൌഫീഖ് നല്‍കണം, എന്തിനു നല്‍കേണ്ടതില്ല, എന്തുകാര്യം എങ്ങനെ ചെയ്യാനനുവദിക്കണം, എങ്ങനെ ചെയ്യാനനുവദിക്കേണ്ടതില്ല എന്നൊക്കെ അവന്‍ വിധിക്കുന്നത് സമ്പൂര്‍ണമായ ജ്ഞാനത്തിന്റെയും യുക്തിയുടെയും അടിസ്ഥാനത്തിലാണ്. അല്ലാഹു ഒരാള്‍ക്ക് എത്രത്തോളം അവസരം നല്‍കുകയും സൌകര്യങ്ങളേര്‍പ്പെടുത്തിക്കൊടുക്കകയും ചെയ്യുന്നുവോ അത്രത്തോളമേ അയാള്‍ക്ക് തന്റെ ഇഛാനുസാരം കര്‍മം ചെയ്യാനാകൂ-അത് സല്‍ക്കര്‍മമായാലും ശരി, ദുഷ്കര്‍മമായാലും ശരി. സന്‍മാര്‍ഗപ്രാപ്തിയുടെ കാര്യവും ഇതിന്നപവാദമല്ല. ആരാണ് സന്‍മാര്‍ഗപ്രാപ്തിക്കര്‍ഹനെന്നും ആര്‍ അര്‍ഹനല്ലെന്നും അല്ലാഹു തന്റെ ജ്ഞാനത്താല്‍ അറിയുകയും തന്റെ യുക്തിവൈഭവത്താല്‍ തീരുമാനിക്കുകയും ചെയ്യുന്നു. (തഫ്ഹീമുല്‍ ഖുര്‍ആന്‍ )

49 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

അഭിപ്രായം രേഖപ്പെടുത്തുന്നവരും വിമര്‍ശിക്കുന്നവരും നല്‍കപ്പെട്ട പോസ്റ്റിനെ കുറിച്ചാകാന്‍ ശ്രദ്ധിക്കുക. ഇതിന് മുമ്പ് ഈ വിഷയകമായി ചര്‍ച നടന്ന രണ്ട് ലിങ്കുകള്‍ ഇതാ ഇവിടെ അതിലുള്ളവ ആവര്‍ത്തിക്കാതിരിക്കുക.
ലോകവിചാരം
ചാര്‍വാകം

അപ്പൂട്ടൻ പറഞ്ഞു...

ലതീഫ്‌,
ഒരു ചെറിയ സംശയം ചോദിച്ചോട്ടെ.
എന്റെ കയ്യിലുള്ള ഖുർആൻ പരിഭാഷയിൽ 76:30 ആയത്ത്‌ ഇപ്രകാരമാണ്‌.
അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷമല്ലാതെ നിങ്ങൾ ഉദ്ദേശിക്കുകയില്ല. തീർച്ചയായും അല്ലാഹു സർവ്വജ്ഞനും യുക്തിമാനുമാകുന്നു.

ഇതാണ്‌ പലരും ചോദ്യം ചെയ്തിട്ടുള്ള ഒരു കാര്യം. ഞാൻ ഉദ്ദേശിക്കണമെങ്കിൽ അല്ലാഹു ഉദ്ദേശിക്കണം എന്ന് പറയുമ്പോൾ free will എന്നൊന്നില്ല എന്നല്ലേ മനസിലാക്കേണ്ടത്‌. ഇത്തരത്തിലൊരു വ്യാഖ്യാനം വിശ്വാസികൾ തന്നെ പറയുന്നുണ്ടെങ്കിൽ അതിൽ ചോദ്യങ്ങൾ വരുന്നത്‌ അസാധാരണമാണെന്ന് തോന്നുന്നില്ല.
അതെന്താണെങ്കിലും അതിൽ ചർച്ച വേണമെന്ന് ഞാൻ പറയുന്നില്ല, കാരണം താങ്കൾ മനസിലാക്കുന്ന, വിശ്വസിക്കുന്ന വ്യാഖ്യാനം ആണല്ലൊ താങ്കൾക്ക്‌ വിശദീകരിക്കുവാൻ കഴിയുന്നത്‌.

ഇവിടെ ചർച്ച ചെയ്യുന്നത്‌, ചെയ്യേണ്ടത്‌ എന്റെ ഇച്ഛയും ദൈവത്തിന്റെ ഇച്ഛയും (അഥവാ തീരുമാനവും) ആണല്ലൊ.
ഇവിടെ ഒരു കോമ്പിനേഷൻ എടുത്താൽ നമുക്ക്‌ നാലു സാധ്യതകൾ ഉണ്ടാവും. ഏതെങ്കിലും ഒരു വസ്തു, അല്ലെങ്കിൽ ഒരു ജീവിതാഭിലാഷം ഉദാഹരണമായി എടുക്കാം.
1. ഞാൻ ഇച്ഛിക്കുന്നില്ല, ദൈവവും ഇച്ഛിക്കുന്നില്ല. എനിക്ക്‌ അത്‌ (എന്താണെങ്കിലും) ലഭിക്കുന്നുമില്ല.
2. ഞാൻ ഇച്ഛിക്കുന്നു, പക്ഷെ ദൈവത്തിന്റെ തീരുമാനം മറിച്ചാണ്‌. എനിക്ക്‌ എന്റെ ഇച്ഛയ്ക്കനുസരിച്ച്‌ എന്റെ ആവശ്യം ലഭിക്കുന്നില്ല.
3. ഞാൻ ഇച്ഛിക്കുന്നില്ല, പക്ഷെ ദൈവം തീരുമാനിക്കുന്നു. അതിനാൽ എനിക്കത്‌ ലഭിക്കുന്നു.
4. ഞാൻ ഇച്ഛിക്കുന്നു, ദൈവവും അത്തരത്തിൽ തന്നെ തീരുമാനിക്കുന്നു. എന്റെ ഇച്ഛയ്ക്കനുസരിച്ച്‌ ലഭിക്കുന്നു.

ആദ്യത്തേതിൽ പരാതിയില്ല. എന്റെ ഇച്ഛ അവിടെ ഇല്ലാത്തതിനാൽത്തന്നെ എനിക്കതിനർഹതയില്ല.
രണ്ടാമത്തേതിൽ എനിക്ക്‌ അതിയായ ആഗ്രഹമുണ്ട്‌, പക്ഷെ വിധി മറിച്ചാണ്‌. തടസങ്ങൾ എന്തെങ്കിലും ഉണ്ടാവുന്നതിനാൽ എന്റെ ആഗ്രഹം സഫലീകരിക്കാൻ എനിക്ക്‌ സാധിച്ചില്ല. കാർന്നോന്മാർ പറയുന്നതുപോലെ "യോഗല്ല്യ". ഫലം നിരാശ. ഇവിടെയും പരാതിയില്ല.
മൂന്നാമൻ ഇത്തിരി പിശകാണ്‌. അസുലഭഭാഗ്യം എന്നൊക്കെ പറയാം, പക്ഷെ ഞാൻ ഇച്ഛിക്കാത്തതായതിനാൽ തന്നെ അതെങ്ങിനെ ഉപയോഗിക്കും എന്നത്‌ പ്രശ്നമായി വരും. ഒരുമാതിരി കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയമട്ടാവും അധികം കേസുകളിലും. ദൈവം തന്നെ അത്തരമൊരു കാര്യം ചെയ്യുമോ എന്നറിയില്ല. പക്ഷെ അത്‌ നമുക്ക്‌ ഒഴിവാക്കാം, തൽക്കാലം.
നാലാമത്തേതാണ്‌ ചർച്ച ചെയ്യേണ്ടത്‌ എന്നെനിക്ക്‌ തോന്നുന്നു.

ചില ഉദാഹരണങ്ങളിലൂടെ ഞാൻ ചർച്ചയിലേയ്ക്ക്‌ വരട്ടെ.

സ്വന്തം ഇച്ഛാശക്തി ഉപയോഗിച്ച്‌ കാര്യങ്ങൾ നേടിയെടുത്തവരെ ചരിത്രത്തിൽ നാം ധാരാളം കണ്ടിട്ടുണ്ട്‌. കപിൽദേവ്‌, യേശുദാസ്‌, അംബേദ്കർ, ചാപ്ലിൻ തുടങ്ങിയവർ ആരംഭകാലത്ത്‌ അവഗണന സഹിച്ചും സ്വപ്രയത്നത്താൽ ഉയർന്നുവന്നവരാണ്‌. അബ്രഹാം ലിങ്കൺ ഒരു self-made man ആയാണ്‌ നാം അറിയുന്നത്‌. എഡിസനും ഐൻസ്റ്റീനും ശാരീരികവൈകല്യങ്ങളെ വകവെയ്ക്കാതെ പരിശ്രമിച്ചവരാണ്‌.
നാമറിയുന്ന കേവലവിധിവിശ്വാസത്തെ ചോദ്യം ചെയ്യുന്നവയാണ്‌ ഇത്തരം അറിവുകൾ. എഴുതിവെയ്ക്കപ്പെട്ട സ്വന്തം വിധി (അങ്ങിനെയൊന്നുണ്ടെങ്കിൽ) സ്വയം തിരുത്തിയെഴുതുവാനുള്ള കഴിവ്‌ മനുഷ്യനുണ്ടെന്ന് ഇത്തരം വ്യക്തികൾ നമ്മെ പഠിപ്പിക്കുന്നുണ്ട്‌.
സ്വന്തം ഇച്ഛ പരിശ്രമത്തിലൂടെ നേടിയെടുത്തവരാണിവർ. താങ്കളുടെ അഭിപ്രായമനുസരിച്ച്‌ മനുഷ്യനും ദൈവവും ഒന്നിച്ച്‌ ഇച്ഛിച്ച ഉദാഹരണങ്ങൾ. (വെറും ഇച്ഛ മാത്രമല്ല, പ്രതിബന്ധങ്ങളെ തരണം ചെയ്തുകൂടിയാണ്‌ ഇവരെല്ലാം സ്വന്തം ഇച്ഛ + ദൈവത്തിന്റെ ഇച്ഛ നടപ്പിലാക്കിയത്‌)

ഇതുസംബന്ധമായി ചില കാര്യങ്ങൾ കൂടി പറയാം. തൽക്കാലം ഇവിടെ നിർത്തട്ടെ.

Off: This can be applied to any belief with an element of fate in it. So, please don't take this an something for or against Islam. I would ask the same question to any fate-believer

CKLatheef പറഞ്ഞു...

പ്രിയ അപ്പൂട്ടന്‍

താങ്കളുടെ വിശകലനവും സംശയവും പ്രസക്തമാണ്. ഈ വിഷയത്തിന്റെ മര്‍മവും താങ്കള്‍ക്ക് മനസ്സിലായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇതുസംബന്ധമായ വിശദീകരണങ്ങളും ഗ്രഹിക്കാന്‍ പ്രയാസമുണ്ടാകില്ല എന്ന് ഞാന്‍ കരുതുന്നു. ആദ്യമായി ഇതുമായി ബന്ധപ്പെട്ട സൂക്തത്തിന് നല്‍കപ്പെട്ട ഒരു വ്യാഖ്യാനം കൂടി വായിച്ചിരിക്കുന്നത് നന്നായിരിക്കും. വിശദീകരണം തഫ്ഹീമുല്‍ ഖുര്‍ആനില്‍ നിന്നുതന്നെ. അതിങ്ങനെ വായിക്കുക.

'അടിമയുടെ ഒരു കര്‍മവും അവന്റെ ഇച്ഛകൊണ്ടുമാത്രം പ്രത്യക്ഷമാകുന്നില്ല. അടിമയുടെ ഇച്ഛ ദൈവേച്ഛയുമായി യോജിക്കുമ്പോഴേ ഏതു കര്‍മവും പ്രാവര്‍ത്തിക രൂപം പ്രാപിക്കൂ. വളരെ സങ്കീര്‍ണമായ ഒരു വിഷയമാണിത്. ഇത് മനസ്സിലാകാത്തതുമൂലം മനുഷ്യബുദ്ധി തപ്പിത്തടഞ്ഞു വീഴേണ്ടിവന്നിട്ടുള്ളത് കുറച്ചൊന്നുമല്ല. സംക്ഷിപ്തവാക്കുകളില്‍ അതിങ്ങനെ മനസ്സിലാക്കാവുന്നതാണ്: ഭൌതികലോകത്ത് ഓരോ വ്യക്തിക്കും അയാളാഗ്രഹിക്കുന്നതെല്ലാം ചെയ്യാനുള്ള കഴിവ് ലഭിച്ചിരുന്നുവെങ്കില്‍ പ്രപഞ്ചസംവിധാനമാകെ താറുമാറായിപ്പോകുമായിരുന്നു. ദൈവേച്ഛ മറ്റെല്ലാ ഇച്ഛകള്‍ക്കും ഉപരിയായി നില്‍ക്കുന്നതുകൊണ്ടുമാത്രമാണ് ഈ പ്രപഞ്ചവ്യവസ്ഥ ഇവ്വിധം നിലനില്‍ക്കുന്നത്. മനുഷ്യന്‍ എന്തു കര്‍മം ചെയ്യാനാഗ്രഹിച്ചാലും, ആ മാനുഷിക കര്‍മം പ്രാവര്‍ത്തികമാകട്ടെ എന്ന് അല്ലാഹു ഇച്ഛിക്കുമ്പോഴേ അതു ചെയ്യാന്‍ കഴിയൂ. സന്മാര്‍ഗത്തിന്റെയും ദുര്‍മാര്‍ഗത്തിന്റെയും കാര്യവും ഇതുതന്നെയാണ്. തനിക്ക് സന്മാര്‍ഗം സിദ്ധിക്കണമെന്ന് മനുഷ്യന്‍ സ്വയം ഇച്ഛിച്ചാല്‍ മാത്രം പോരാ, അവന്റെ അഭിലാഷം സഫലമാകട്ടെ എന്ന് അല്ലാഹു വിധിക്കുമ്പോഴേ അവന് സന്മാര്‍ഗം ലഭിക്കൂ. ഇതേപ്രകാരം ദുര്‍മാര്‍ഗാഭിലാഷവും അടിമയുടെ ഭാഗത്തുനിന്നു മാത്രമുണ്ടായാല്‍ പോരാ. പ്രത്യുത, അവന്റെ ഉള്ളിലുള്ള ദുര്‍മാര്‍ഗാഭിനിവേശം കണ്ട് അല്ലാഹു വിധിക്കണം, അവന്‍ അബദ്ധസരണികളില്‍ വഴിതെറ്റിപ്പോകട്ടെ എന്ന്. അപ്പോള്‍ അവന് എത്തിപ്പെടാന്‍ അല്ലാഹു അവസരം സൃഷ്ടിച്ചുകൊടുത്ത സരണികളില്‍ അവന്‍ വഴിപിഴച്ചു പ്രത്യക്ഷപ്പെടുന്നു. ഉദാഹരണമായി, ഒരുവന്‍ മോഷ്ടാവാകണമെന്നാഗ്രഹിച്ചാല്‍, ഏതെങ്കിലും വീട്ടില്‍ നുഴഞ്ഞുകടന്ന് ഉദ്ദേശിച്ച വസ്തു മോഷ്ടിച്ചു കൊണ്ടുവരാന്‍ അവന്റെ ആ ആഗ്രഹം മാത്രം പോരാ. മറിച്ച്, അല്ലാഹു അവന്റെ അപാരമായ ജ്ഞാനത്തിനും താല്‍പര്യങ്ങള്‍ക്കും അനുസൃതമായി ആ മനുഷ്യന്റെ ഈ അഭിലാഷം എപ്പോള്‍, ഏതളവില്‍, ഏതു രൂപത്തില്‍ പൂര്‍ത്തീകരിക്കാന്‍ സന്ദര്‍ഭമേകുന്നുവോ, അത്രത്തോളമേ അത് പൂര്‍ത്തീകരിക്കാനാവൂ.'

CKLatheef പറഞ്ഞു...

പല ഖുര്‍ആന്‍ വ്യാഖ്യാനങ്ങളും പരിഭാഷകളും എഴുതപ്പെട്ടിട്ടുള്ളത് വേണ്ടത്ര ചിന്തയോ തയ്യാറെടുപ്പോ കൂടാതെയാണ്. പലതിനും പ്രേരകം സംഘടനാപരമായ താല്‍പര്യം മാത്രമാണ്. അതുകൊണ്ടുതന്നെ മുമ്പ് നാം ചര്‍ചചെയ്ത പോലെ അതിലെ പരാമര്‍ശങ്ങള്‍ യുക്തിയുമായി ഏറ്റുമുട്ടുന്ന അനുഭവമുണ്ടാകും എന്നാല്‍ അത് രചിച്ചവര്‍ ഉദ്ദേശിച്ച അര്‍ഥം അതായിരിക്കില്ല എന്നതാണ് ഏറ്റവും വലിയ തമാശ. മനുഷ്യന് സ്വന്തമായി ഒന്നും ഇഛിക്കാനാവില്ല എന്നോ മറ്റോ അവര്‍ ഉദ്ദേശിച്ചിട്ടില്ല എന്ന് വ്യക്തം താങ്കളാകട്ടേ അതില്‍ നിന്ന് അങ്ങനെ മനസ്സിലാക്കുകയും ചെയ്യുന്നു. അതുകൊണ്ട് ശരിയായ വ്യാഖ്യാനം ഞാന്‍ എടുത്ത് ചേര്‍ത്തതുതന്നെ. മനുഷ്യന് നല്‍കപ്പെട്ട തെരഞ്ഞെടുപ്പു സ്വാന്തന്ത്ര്യം നിരുപാധികമല്ല. ആ നിയന്ത്രണത്തിന് കാരണവും വ്യാഖ്യാനത്തില്‍ നല്‍ക്കപ്പെട്ടിട്ടുണ്ട്.

നമ്മുടെ ഇഛയും പ്രവര്‍ത്തനവും ഉള്ളതോടൊപ്പം ദൈവേഛയും കൂടിയാണ് അതിന്റെ ഫലപ്രാപ്തി ആശ്രയിച്ചിരിക്കുന്നത്. അതിന്റെ ഗുണവും ദോശവും നാം അനുഭവിക്കുന്നുണ്ട്. ദോശം നമ്മുക്ക് ദോശമായി തോന്നുന്നതാകാം. ഉദാഹരണത്തിന് എല്ലാവരും സമ്പന്നരാകണമെന്ന് ആഗ്രഹിക്കുന്നു. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ അവര്‍ക്കാവുന്നത് നടത്തുന്നു. പക്ഷേ ഫലപ്രാപ്തി അവരുടെ ശ്രമത്തെയും ഇഛയെയും ആശ്രയിച്ചല്ല അതിനുപരിയായി ചില സംഗതികള്‍ അതിനെ സ്വാധീനിക്കുന്നു. മനുഷ്യന്‍ അതിനെ വിധി എന്ന് പറയുന്നു. താങ്കള്‍ സൂചിപ്പിച്ച നാല് സാധ്യതകളും സംഭവിക്കാനിടയുള്ളതും നിത്യേന നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്നതുമാണ്. അതിലെ പ്രയാസങ്ങള്‍ നാം സഹിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. ആരാണ് സ്വന്തത്തിനും മക്കള്‍ക്കും നന്മയാഗ്രഹിക്കാത്തത്. പക്ഷേ കാര്യങ്ങള്‍ അപ്രകാരം നടക്കുന്നുണ്ടോ. എന്ന് വെച്ച് ഓരോന്നും സംഭവിക്കുന്നതിനുള്ള കാര്യകാരണങ്ങള്‍ സ്വീകരിക്കാതിരിക്കുന്നതിന് അത് ന്യായമാകുന്നില്ല. കൃഷിയില്‍ നല്ല വിളവ് ലഭിക്കുന്നതിന് അതിനെ വേണ്ടവിധം പരിചരിക്കേണ്ടതുണ്ട്. അതില്ലാതെ ദൈവം ഉദ്ദേശിക്കുന്നുവെങ്കില്‍ നല്ലവിളലഭിക്കും എന്ന് പറഞ്ഞ് അടങ്ങിയിരിക്കുന്നതിന് ന്യായീകരണമില്ല. കാര്യകാരണങ്ങളില്‍ ദൈവത്തെ ഭരമേല്‍പ്പിക്കരുതെന്നും കാര്യകാരണങ്ങള്‍ സ്വീകരിച്ച ശേഷം ഫലപ്രാപ്തിയിലാണ് ദൈവത്തെ ഭരമേല്‍പ്പിക്കേണ്ടതെന്നും ഇസ്ലാം പഠിപ്പിക്കുന്നു. അതേ പ്രകാരം വ്യാഖ്യാനത്തില്‍ പറയപ്പെട്ട പോലെ. നാം ഇഛിക്കുന്നതിന് വിരുദ്ധമായി എപ്പോഴും സംഭവിക്കും എന്ന് കരുതുന്നതും ശരിയല്ല. നാം നന്മ ചെയ്യാനുദ്ദേശിച്ചാല്‍ ബലാല്‍കാരം തിന്‍മ ചെയ്യിക്കുക എന്നത് ഒരിക്കലും ദൈവത്തിന്റെ ഭാഗത്ത് നിന്ന് സംഭവിക്കില്ല. ഇതാണ് മനുഷ്യന്‍ വിചാരണക്കര്‍ഹനാകുന്നതിന്റെ ന്യായം. നാം ചെയ്ത തെറ്റിനും നന്മക്കും ഉത്തരവാദി നാം തന്നെയാണ്. എന്നാല്‍ നാം ഉദ്ദേശിച്ചത് കൊണ്ടുമാത്രം നമ്മുക്ക് നന്‍മചെയ്യാനോ തിന്‍മചെയ്യാനോ സാധിക്കുകയില്ല എന്നത് മുകളില്‍ സൂചിപ്പിച്ച സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ വരുന്ന വിഷയമാണ്.

സ്വന്തം ഇഛയാല്‍ തങ്ങളുടെ വിധിമാറ്റിമറിച്ച ചിലരെക്കുറിച്ച് സൂചിപ്പിക്കുകയുണ്ടായി. ഇതിലെ സാഹിത്യം മാറ്റിനിര്‍ത്തിയാല്‍ സംഭവിച്ചത് അവര്‍ ഇഛിക്കുകയും അവരുടെ ഉദ്ദേശ്യം നിറവേറുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കുകയും ചെയ്തപ്പോള്‍ അവരുടെ ഇഛയും ദൈവഇഛയും യോജിച്ചുവന്നു. അപ്രകാരം അവരുടെ ഇഛപോലെ സംഭവിച്ചു എന്നതാണ്. ഇവിടെ വിധിമാറ്റിമറിക്കപ്പെടുകയല്ല. അവര്‍ക്ക് വിധിച്ചതിലേക്ക് ചെന്നെത്തുകയാണ് ചെയ്തത്. പ്രതിബന്ധങ്ങള്‍ എന്നത് ദൈവം അവര്‍ക്കത് ഇഛിച്ചിരുന്നില്ല എന്നതിന്റെ തെളിവല്ല. ഹെലന്‍ കെല്ലര്‍ക്ക് കാഴ്ചയും കേള്‍വിയും നഷ്ടപ്പെടുത്തിയത് അവര്‍ ഒരു ഭാഷാപണ്ഡിതയാകരുത് എന്ന് ദൈവം ഇഛിച്ചതുകൊണ്ടല്ല.

തല്‍കാലം ഇവിടെ നിര്‍ത്തുന്നു.

അപ്പൂട്ടൻ പറഞ്ഞു...

ലതീഫ്‌,
ഒരു ഉദാഹരണമെന്ന നിലയിൽ നമുക്ക്‌ യേശുദാസിന്റെ കാര്യമെടുക്കാം.

സംഗീതാഭിനിവേശവുമായി ജീവിക്കുന്ന അദ്ദേഹത്തിന്റെ ആരംഭകാലത്ത്‌ സംഗീതപഠനം എന്ന മോഹത്തെ പുച്ഛിച്ചുതള്ളിയവരുണ്ട്‌, ആകാശവാണി അദ്ദേഹത്തിന്റെ ശബ്ദം റിജക്റ്റ്‌ ചെയ്തിട്ടുണ്ട്‌. അത്തരം സംഭവങ്ങളൊന്നും തന്നെ അദ്ദേഹത്തിന്റെ ഇച്ഛാശക്തിയെ തളർത്തിയില്ല, മറിച്ച്‌ കൂടുതൽ ആവേശത്തോടെ അദ്ദേഹം മറ്റുവഴികൾ അന്വേഷിക്കുകയാണുണ്ടായത്‌.
ഇവിടെ അദ്ദേഹം തോൽവി സമ്മതിച്ചാൽ?

എന്തുകൊണ്ടോ അതല്ല സംഭവിച്ചത്‌, പക്ഷെ ആ സാധ്യത ഉണ്ടായിരുന്നു, തീർച്ചയായും. ഇന്നും നിരവധി യേശുദാസുമാർ തോൽവി സമ്മതിക്കുന്നുണ്ട്‌. പക്ഷെ അദ്ദേഹം പരിശ്രമിച്ചു, ഫലവും കണ്ടു.

ഇത്തരം ഒരു സ്ഥിതിവിശേഷത്തിന്‌ രണ്ടുതരം വ്യാഖ്യാനം കേട്ടിട്ടുണ്ട്‌.

ഒന്ന്, യേശുദാസ്‌ ഇച്ഛിക്കും, പരിശ്രമിക്കും എന്നത്‌ ദൈവനിശ്ചയമാണ്‌. അത്‌ സംഭവിച്ചു, സ്വാഭാവികമായും അടുത്ത ദൈവനിശ്ചയമെന്ന നിലയ്ക്ക്‌ അതിന്റെ പരിസമാപ്തിയും.
രണ്ട്‌, യേശുദാസിന്റെ ഇച്ഛാശക്തിയിൽ സന്തുഷ്ടനായ ദൈവം അദ്ദേഹത്തിന്‌ അർഹമായ (പുറമേക്കെങ്കിലും) പാരിതോഷികം നൽകി.
ഇതിലേതാണ്‌ താങ്കൾക്ക്‌ സ്വീകാര്യം എന്നറിയില്ല.

ഒന്നാമത്തേതിലെ പ്രശ്നം വീണ്ടും "ദൈവം ഇച്ഛിച്ചാലേ നിങ്ങൾ ഇച്ഛിക്കൂ" എന്ന നിലയിലേക്ക്‌ കൊണ്ടുവരും. ഞാൻ ഇച്ഛിക്കുന്നതോ ഇച്ഛിക്കാതിരിക്കുന്നതോ ദൈവനിശ്ചയമാണ്‌, അതായത്‌ in pure sense, freewill എന്നൊന്നില്ല. ദൈവം നിശ്ചയിച്ചതിനാൽ ഞാൻ ആ വഴിയിലൂടെ പോകുന്നു, എന്റേതായൊരു വഴിയല്ല അത്‌.

രണ്ടാമത്തേതാണ്‌ ശരിയെങ്കിൽ കൂടുതൽ പ്രശ്നമാണ്‌.
ദൈവത്തിന്‌ ഉറപ്പില്ല ഞാനേത്‌ വഴിയേ പോകും എന്നത്‌. ഞാൻ പരിശ്രമിക്കുമെങ്കിൽ മാത്രം ദൈവം അർഹമായ രീതിയിൽ എനിക്ക്‌ എന്റെ ആഗ്രഹം നടത്തിത്തരും, പക്ഷെ ഞാൻ പരിശ്രമിക്കുമോ എന്ന് ദൈവം അറിയണം, എന്നാലേ തീരുമാനമെടുക്കൂ. ഒരുപക്ഷെ യേശുദാസ്‌ തോറ്റുമടങ്ങിയിരുന്നെങ്കിൽ ദൈവം അദ്ദേഹത്തെ ഈ നിലയിലേക്കുയർത്തുമായിരുന്നില്ല.
ഏതിലായാലും ദൈവം സ്വന്തം തീരുമാനം തിരുത്താനുള്ള സാധ്യതയുണ്ടിവിടെ.

ഇനി ഇതിലെ യുക്തിവാദപ്രശ്നം നോക്കാം., what an aethiest (including me) would say here

ആദ്യത്തെ കേസിൽ നന്മയും തിന്മയും മനുഷ്യൻ ചെയ്യുന്നത്‌ ദൈവനിശ്ചയമായാണ്‌. യേശുദാസ്‌ എന്നത്‌ മാറ്റി ഹിറ്റ്ലർ എന്നാക്കിയാലും ഇതേ കാര്യം നടക്കണം, അതായത്‌ ഹിറ്റ്ലർ ജൂതരെ വധിക്കാൻ തീരുമാനിച്ചതും ദൈവത്തിന്റെ തീരുമാനം അപ്രകാരത്തിലായതിനാലാണ്‌. അപ്പോൾ ദൈവമെന്തിന്‌ ഹിറ്റ്ലറെ പരലോകത്ത്‌ ശിക്ഷിക്കണം?

രണ്ടാമത്തേതാണെങ്കിൽ ദൈവം സർവ്വജ്ഞനാവില്ല. ഞാൻ അടുത്ത നിമിഷം എന്ത്‌ ചെയ്യും എന്ന് ദൈവം അറിയുന്നില്ല. കാറോടിച്ച്‌ പോകുമ്പോൾ വഴിയിൽ കാണുന്ന പട്ടിയെ ഇടിക്കാതെ ഒഴിവാക്കി പോകുമോ അല്ല ഇടിച്ചിടുമോ എന്നത്‌ ഞാനാണ്‌ തീരുമാനിക്കുന്നത്‌, നടന്നതിനു ശേഷമേ (കുറഞ്ഞപക്ഷം ആ ചിന്ത എന്റെ മനസിൽ വേരിട്ടതിനു ശേഷമേ) ദൈവം അറിയുന്നുള്ളു.
ഇവിടെ ദൈവത്തിന്‌ ശിക്ഷിക്കാം. തെറ്റ്‌ ചെയ്യുന്നത്‌ ആ വ്യക്തി തന്നെ.
ഇവിടെ പറയാം, ഒരു പരിധിക്കപ്പുറം ദൈവം സഹായിക്കില്ല എന്ന്. പക്ഷെ അതൊരു ഡാമേജ്‌ കണ്ട്രോൾ മാത്രമേ ആകുന്നുള്ളു. ചരിത്രം പരിശോധിച്ചാൽ ലോകത്ത്‌ ഏറ്റവുമധികം മാറ്റങ്ങൾക്ക്‌ നിദാനമായത്‌ എണ്ണപ്പെട്ട ചില വ്യക്തികളുടെ ചിന്തകളാണ്‌. ബുദ്ധൻ, കൃസ്തു, നബി തുടങ്ങിയവർ ഉണ്ടാക്കിയ ചരിത്രമാറ്റങ്ങളെപ്പോലെ തന്നെ ഹിറ്റ്ലറും ഈദി-അമീനുമൊക്കെ ഉണ്ടാക്കിയിട്ടുണ്ട്‌. അവയുടെയെല്ലാം ഫലങ്ങൾ ഇന്നും മനുഷ്യൻ അനുഭവിക്കുന്നുമുണ്ട്‌ (ചിലതെല്ലാം നാം അർഹിക്കാത്തതാണെങ്കിൽ പോലും).

ഇതിനെല്ലാം പുറമേ, തിന്മ ചെയ്യാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുക കൂടി ചെയ്യുമ്പോൾ ദൈവത്തിനും ഇതിൽ പങ്കില്ലേ, പ്രത്യേകിച്ചും നിരപരാധികളായ ചിലർ കൂടി ഇതിന്റെ പേരിൽ പീഡിപ്പിക്കുന്ന അവസ്ഥ വരുമ്പോൾ?

ഇതിനൊക്കെ ഉത്തരമുണ്ടോ എന്നറിയില്ല. നേരത്തെ പറഞ്ഞതുപോലെ താങ്കളെ എതിർക്കുക എന്നതല്ല എന്റെ ഉദ്ദേശ്യം, വിധിയിൽ വിശ്വസിക്കുന്നവർ ആരെങ്കിലും ഇതിനുത്തരം പറയുമെങ്കിൽ സന്തോഷം.

അപ്പൂട്ടൻ പറഞ്ഞു...

Latheef
Saw your comments only after posting mine. Sorry if you are forced to repeat any of your points.

അപ്പൂട്ടൻ പറഞ്ഞു...

എന്നാൽ അത്‌ രചിച്ചവർ ഉദ്ദേശിച്ച അർഥം അതായിരിക്കില്ല എന്നതാണ്‌ ഏറ്റവും വലിയ തമാശ. മനുഷ്യന്‌ സ്വന്തമായി ഒന്നും ഇഛിക്കാനാവില്ല എന്നോ മറ്റോ അവർ ഉദ്ദേശിച്ചിട്ടില്ല എന്ന്‌ വ്യക്തം താങ്കളാകട്ടേ അതിൽ നിന്ന്‌ അങ്ങനെ മനസ്സിലാക്കുകയും ചെയ്യുന്നു.

ക്ഷമിക്കണം ലതീഫ്‌, എനിക്കിവിടെ ഒരു വിയോജിപ്പുണ്ട്‌.
പണ്ഡിതർ നടത്തിയ പരിഭാഷകളാണ്‌ ഞാൻ വായിക്കുന്നത്‌ എന്നാണ്‌ ഞാൻ മനസിലാക്കിയിട്ടുള്ളത്‌. അറബിയും പരിഭാഷയായി ഉപയോഗിക്കുന്ന ഭാഷയും സാമാന്യം നന്നായിത്തന്നെ അറിയാവുന്നവരായിരിക്കും അവർ. ഒരുതരത്തിൽ നോക്കിയാൽ താങ്കളും ഇതെഴുതുന്നത്‌ ഒരു തർജ്ജമയെ അവലംബിച്ചല്ലേ? വായിക്കുന്നവർ മറിച്ച്‌ മനസിലാക്കാൻ സാധ്യതയുണ്ട്‌ എന്ന് അറിയാത്തവരാണ്‌ അവരെന്ന് ഞാൻ കരുതുന്നില്ല. കൂടാതെ ഇത്‌ ഞാൻ മാത്രം തെറ്റി മനസിലാക്കിയതാണെന്നും കരുതുന്നില്ല.
തർജ്ജമയിൽ സംഘടനാപരമായ താൽപര്യങ്ങൾ കൂടി ഉൾകൊള്ളിച്ചിട്ടുണ്ടെങ്കിൽ പോലും ഇത്‌ വായിക്കുന്നവർ ധാരാളം ഉണ്ടല്ലോ. അപ്പോൾ അവരെല്ലാം വഴിതെറ്റിപ്പോകില്ലേ? 2:178 വ്യാഖ്യാനം ഞാൻ മനസിലാക്കിയതുപോലെ ഒരു വിശ്വാസിയും മനസിലാക്കുകയും അതിനനുസരിച്ച്‌ പ്രവർത്തിക്കുകയും ചെയ്താൽ പ്രശ്നമല്ലേ? അപ്പോൾ വ്യക്തത വരുത്തേണ്ടത്‌ പരിഭാഷകരുടെ തന്നെ ചുമതലയല്ലേ?
ഒരുകാര്യം കൂടി ഇവിടെയുണ്ട്‌. 76:29 വായിച്ചാൽ ഈ ആയത്തിന്റെ ആശയം കൂടുതൽ വ്യക്തമാകും. ഇതുരണ്ടും ഇന്റർകണക്റ്റഡ്‌ ആണെന്ന് കരുതട്ടെ.

76:29 - തീർച്ചയായും ഇത്‌ ഒരു ഉൽബോധനമാകുന്നു. ആകയാൽ വല്ലവനും ഉദ്ദേശിക്കുന്നപക്ഷം തന്റെ രക്ഷിതാവിങ്കലേക്കുള്ള മാർഗ്ഗം സ്വീകരിച്ചുകൊള്ളട്ടെ.
76:30 - അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷമല്ലാതെ നിങ്ങൾ ഉദ്ദേശിക്കുകയില്ല. തീർച്ചയായും അല്ലാഹു സർവ്വജ്ഞനും യുക്തിമാനുമാകുന്നു.

ഇവിടെ പറയുന്നതുപോലെ അല്ലാഹുവിന്റെ മാർഗ്ഗത്തിലേയ്ക്ക്‌ വരണമെന്ന് ഞാൻ ഉദ്ദേശിക്കണമെങ്കിൽ അല്ലാഹു ഉദ്ദേശിക്കണമെന്നാണ്‌. അതായത്‌ എന്റെ ഉദ്ദേശ്യം അല്ലാഹുവിന്റേതാണെന്നല്ലേ? കൂടാതെ ഉൽബോധനം കേൾക്കുന്നവരിലും അല്ലാഹു ചിലരുടെ കണ്ണിനുമുൻപിൽ മറയിടുമെന്നും ചെവികൾ അടയ്ക്കുമെന്നും പറയുന്നില്ലേ? ഇതെല്ലാം ചേർത്തുവായിക്കുമ്പോൾ കിട്ടുന്ന ചിത്രം എന്താണ്‌? ഞാനെന്ത്‌ മനസിലാക്കണമെന്നും ഞാനെന്ത്‌ വഴി തിരഞ്ഞെടുക്കണമെന്നും ഉദ്ദേശിക്കുന്നത്‌ അല്ലാഹു ആണെന്നല്ലേ?

നന്ദന പറഞ്ഞു...

ലതീഫ്‌ അപ്പുക്കുട്ടന്‍ പറഞ്ഞത് ശ്രദ്ധിച്ചോ .? ഇത്പോലൊരു ചോദ്യമാണ് താങ്കളോട് എനിക്കും ചോദിക്കാനുള്ളത്‌ .ദൈവം പറയുന്നു മക്കാ മുശ്രിക്കുകളുടെ വിധിനിര്‍യിക്കപ്പെട്ടു എന്ന് .പിന്നെ എന്തിനു യുദ്ധം ചെയ്ത് അവരെ നശിപ്പിക്കാന്‍ പറഞ്ഞു. താങ്കളുടെ വ്യക്തമായ മറുപടിക്ക് കാക്കുന്നു
പഠനം ഉദ്ദേശിച്ചാണ് താങ്കളെ വായിക്കുന്നത്
ലതീഫ്‌ അപ്പോള്‍ താങ്കള്‍ പറയുന്നത് മനുഷ്യന്‍ ഓരോ പ്രവര്‍ത്തികള്‍ ചെയ്യുമ്പോഴും പടച്ചവന്‍ ഇട്പെടുകയാന്നെന്നാണോ ? അപ്പോള്‍ ഒരുവന്‍ ചെയ്യുന്ന പ്രവര്‍ത്തി പടച്ചവനു മുന്‍കൂട്ടി അറിയില്ലേ ?
നന്ദന

നന്ദന പറഞ്ഞു...

അപ്പുക്കുട്ടന്‍ ഞാന്‍ മനസ്സിലാക്കിയത്‌ പറയാം ..ഒട്ടകത്തെ കെട്ടുകയും നിങ്ങള്‍ വിധിയില്‍ വിശ്വസിക്കുകയും ചെയ്യുക ..അല്ലാതെ ഒട്ടകത്തെ കയരൂരിവിട്ട് വിധിപോലെ വരും എന്ന്പറയാനല്ല..
ഒരിക്കല്‍ ഖലീഫ ഉമര്‍ പകര്‍ച്ചവ്യാധിയുള്ള സ്ഥലത്തേക്ക് പോകാതെ തിരിച്ചുവന്നപ്പോള്‍ ആളുകള്‍ ചോദിച്ചു ഉമര്‍ താങ്കള്‍ വിധിയില്‍ വിശ്വസിക്കുന്നില്ലേ ..? അപ്പോള്‍ ഉമര്‍ പറഞ്ഞ മറുപടി ഞാന്‍ ദൈവത്തിന്‍റെ വിധിയില്‍ നിന്നും വിധിയിലെക്കാന്നു പോകുന്നത്..കൂടുതലായി എന്നോടു ചോദിക്കരുത്‌ ..എനിക്കറിയില്ല
നന്‍മകള്‍ നേരുന്നു
നന്ദന

CKLatheef പറഞ്ഞു...

അപ്പൂട്ടന്‍ .. നന്ദന..

ഈ വിഷയത്തിലെ ഏറ്റവും പ്രസക്തമായ ചോദ്യങ്ങളാണ് നിങ്ങള്‍ ചോദിക്കുന്നത്. ഞാനല്‍പം ജോലിത്തിരക്കില്‍ പെട്ടുപോയി അതുകൊണ്ടാണ് മറുപടിയില്‍ അല്‍പം ഗ്യാപ്പ് സംഭവിച്ചത്. എന്റെ മറുപടി തുടര്‍ന്ന് വായിക്കാം.

നന്ദന പറഞ്ഞു...

ലതീഫ്‌ ഈ ഒരു വിഷയം പൂര്‍ണമായും മനസ്സിലാക്കിതരണം കാരണം ഈ വിഷയം മനസ്സിലാക്കാന്‍ വേണ്ടി ഒരുപാട് പുസ്തകങ്ങള്‍ വായിച്ചു ..പൂര്‍ണമായ ഉത്തരങള്‍ ഒന്നിലും കണ്ടില്ല
നന്‍മകള്‍ നേരുന്നു
നന്ദന

നന്ദന പറഞ്ഞു...

സോറി ലതീഫ്‌ ,വീണ്ടും പറയാം ... എനിക്ക് പറയാനുള്ളത് ഞാന്‍ പറഞ്ഞു.... എല്ലാവര്ക്കും മനസ്സിലായി കാണും .....
വിഷയത്തില്‍ നിന്നും മാറുന്നു എന്നീ കാരണങ്ങള്‍ പറഞ്ഞ് അവസാനിപ്പിക്കരുത്‌. കാരണം ഈ ഒരു വിഷയം മതങ്ങള്‍ എന്നുണ്ടായോ അന്നുമുതല്‍ ഈ ചോദ്യങ്ങളും ഉണ്ട്. ഇവിടെ ആരും ജയിക്കുകയും ആരും പരാജയപ്പെടുകയും ചെയ്യുന്നില്ല എന്നോര്‍മ്മിപ്പിക്കട്ടെ. അറിവ്‌ നേടാന്‍ ഒരു എളിയ ശ്രമം നടത്തുന്നു .
നന്‍മകള്‍ നേരുന്നു
നന്ദന

CKLatheef പറഞ്ഞു...

പ്രിയ അപ്പൂട്ടന്‍ , നന്ദന

മറുപടിയിലേക്ക് കടക്കുന്നതിന് മുമ്പ് ചില ചോദ്യങ്ങള്‍ സ്വയം ചോദിച്ചു നോക്കുക. താങ്കള്‍ക്ക് ഇഛിക്കുന്നത്/ഉദ്ദേശിക്കുന്നത് പ്രവര്‍ത്തിക്കാന്‍ സാധിക്കുമോ?
എല്ലായ്‌പ്പോഴും സാധിക്കാറുണ്ടോ?. മേശപ്പുറത്ത് ഒരു ഗ്ലസ് പാലും ഒരു ഗ്ലാസ് ചാരായവും ഉണ്ടെന്ന് കരുതുക. നിങ്ങള്‍ അതില്‍ നിന്ന് പാലെടുത്ത് കുടിക്കാന്‍ ആഗ്രഹിക്കുന്നു. അതിന് നിങ്ങള്‍ക്ക് സാധിക്കില്ലേ?. ഒരു കാര്യത്തില്‍ സത്യം പറയാനും കളവ് പറയാനും നിങ്ങള്‍ക്ക് സാധിക്കുകയില്ലേ?. ഒരാളെ സഹായിക്കുന്നതും ഉപദ്രവിക്കുന്നതും സങ്കല്‍പ്പിച്ചു നോക്കൂ. നിങ്ങള്‍ക്ക് ഉദ്ദേശമുണ്ടെങ്കിലും എപ്പോഴും സാധിക്കാറുണ്ടോ?. ഇക്കാര്യത്തില്‍ നിങ്ങളുടെ അനുഭവം ഒന്നുപറയാമോ.

CKLatheef പറഞ്ഞു...

അതോടൊപ്പം താങ്കള്‍ എടുത്ത് ചേര്‍ത്ത ഖുര്‍ആന്‍ സൂക്തങ്ങള്‍ ഇവയിലുള്ളതുമായിഒന്ന് താരതമ്യം ചെയ്തു നോക്കുക. വലിയ വ്യത്യാസം കാണും എന്ന നിലക്കല്ല. ഞാന്‍ ഒരു പരിധിവരെ അവലംബിക്കുന്നത് ഈ പരിഭാഷയെയാണ്.

CKLatheef പറഞ്ഞു...

2:178 ന്റെ കാര്യം വിട്ടേക്കൂ അത് ഇതുമായി കൂട്ടിക്കുഴക്കുന്നതില്‍ യാതൊരു കാര്യവുമില്ല. അല്‍പം ഇസ്്‌ലാമിക ബോധമുള്ള ആരും താങ്കളും ജബ്ബാര്‍ മാഷും നല്‍കിയ വ്യാഖ്യാനം അതിന് മനസ്സിലാക്കുകയില്ല. അതിനാല്‍ വഴിപിഴക്കുന്ന പ്രശ്‌നവുമില്ല.

CKLatheef പറഞ്ഞു...

@nandana
'ദൈവം പറയുന്നു മക്കാ മുശ്രിക്കുകളുടെ വിധിനിര്‍യിക്കപ്പെട്ടു എന്ന് .പിന്നെ എന്തിനു യുദ്ധം ചെയ്ത് അവരെ നശിപ്പിക്കാന്‍ പറഞ്ഞു.'

മക്കാ മുശ്രിക്കുകളുടെ വിധിനിര്‍ണയിക്കപ്പെട്ടു എന്ന് ദൈവം പറഞ്ഞിട്ടുണ്ടായിരുന്നില്ല. പ്രാവാചകനോട് അവരെ സന്‍മാര്‍ഗത്തിലേക്ക് ക്ഷണിക്കാനാണ് പറഞ്ഞത്. നിന്റെ ഉത്തരവാദിത്തം സന്‍മാര്‍ഗം എത്തിച്ചുകൊടുക്കുക മാത്രമാണെന്നും. അവരുടെ മേല്‍ അധികാരം ചെലുത്തുന്നവനല്ല എന്നുമാണ് പ്രവാചകനോട് ദൈവം കല്‍പിച്ചത്. അവരെ യുദ്ധം ചെയ്ത് നശിപ്പിക്കാന്‍ ദൈവം പ്രവാചകനോട് കല്‍പിച്ചു എന്ന് താങ്കളോട് ആരാണ് പറഞ്ഞത്. അവരില്‍ ഒരു ചെറിയ വിഭാഗം മാത്രമാണ് യുദ്ധത്തിലൂടെ വധിക്കപ്പെട്ടത് (അതും അവര്‍ ഇങ്ങോട്ട് യുദ്ധത്തിന് വന്നപ്പോള്‍ മാത്രം. അവരെ നഷിപ്പിക്കണമെന്നുണ്ടെങ്കില്‍ മക്കാവിജയ നാളിലാകാമായിരുന്നു. അന്ന് നടന്നത് രക്തരഹിത വിപ്ലവമാണ്.) ഭാക്കിയുള്ളവര്‍ ഈ സത്യസന്ദേശത്തിന്റെ വാഹകരും പ്രചാരകരുമായി മാറുകയാണ് ചെയ്തത്. ഈ വിഷയം മനസ്സിലാക്കുന്നതിനിടയില്‍ ഇത്തരം അപാകതകള്‍ മനസ്സിലാക്കാതെ പോകരുത്. കാരണം താങ്കള്‍ അന്വേഷിക്കുന്ന മറുപടികള്‍ ഈ ഘട്ടം തരണം ചെയ്തവര്‍ക്കേ പ്രയോജനപ്പെടൂ എന്നതുകൊണ്ടാണ് ആദ്യം ഇതിന് മറുപടി പറയാന്‍ ശ്രമിച്ചത്.

നന്ദന പറഞ്ഞു...

ഖുര്‍ആനില്‍ പലസ്ഥലത്തും മനുഷ്യന്‍റെ കാര്യങ്ങള്‍ എല്ലാം മുന്‍പേ രേഖപ്പെടുത്തിവെക്കപ്പെട്ടു എന്ന് പറയുന്നു
നന്‍മകള്‍ നേരുന്നു
നന്ദന

അപ്പൂട്ടൻ പറഞ്ഞു...

ലതീഫ്‌,
2:178 അടഞ്ഞ അദ്ധ്യായമായി കാണാം. ഞാൻ അതേക്കുറിച്ച്‌ സംസാരിക്കണമെന്ന്‌ പറഞ്ഞില്ല. പല പരിഭാഷകൾ, വ്യാഖ്യാനങ്ങൾ തമ്മിലുള്ള വ്യത്യാസം കാണിക്കാൻ പറഞ്ഞു എന്നേയുള്ളു. അതിലെ എന്റെ ചോദ്യം മാത്രമേ പ്രസക്തമായി കാണുന്നുള്ളു. എന്റെ ചോദ്യം ഇതായിരുന്നു "തർജ്ജമയിൽ സംഘടനാപരമായ താൽപര്യങ്ങൾ കൂടി ഉൾകൊള്ളിച്ചിട്ടുണ്ടെങ്കിൽ പോലും ഇത്‌ വായിക്കുന്നവർ ധാരാളം ഉണ്ടല്ലോ. അപ്പോൾ അവരെല്ലാം വഴിതെറ്റിപ്പോകില്ലേ?"

താങ്കൾ ചോദിച്ച ചോദ്യങ്ങൾക്ക്‌ എന്റെ പക്കൽ എനിക്ക്‌ ബോധിക്കുന്ന ഉത്തരങ്ങളുണ്ട്‌. വിധിവിശ്വാസം (മുൻപേ കുറിച്ചുവെക്കപ്പെട്ട വിധി എന്ന അർത്ഥത്തിലാണിവിടെ) ഇല്ലാതെ തന്നെ ഇതെല്ലാം പറയാവുന്നതേയുള്ളു.

സമചിത്തതയോടെ ഇരിക്കുന്ന ഏതുനേരത്തും എന്റെ പ്രവൃത്തികളിൽ എനിക്ക്‌ നിയന്ത്രണമുണ്ട്‌. പാൽ വേണോ ചാരായം വേണോ, സത്യം പറയണോ നുണ പറയണോ എന്നതെല്ലാം എന്റെ നിയന്ത്രണത്തിൽ ഉള്ളവ തന്നെയാണ്‌. പക്ഷെ മറ്റൊരാളുടെ ചിന്തയിലോ പ്രവൃത്തിയിലോ നമുക്കുചുറ്റുമുള്ള പ്രകൃതിയിലോ എനിക്ക്‌ നിയന്ത്രിക്കാനാവുന്ന ഘടകങ്ങൾക്ക്‌ പരിധിയുണ്ട്‌. സ്വാഭാവികമായും എന്റെ പ്രവൃത്തിയുടെ വിജയമോ പരാജയമോ (അതും ആപേക്ഷിമാണെന്നുകൂടി പറയട്ടെ) പല ഘടകങ്ങളെ ആശ്രയിച്ചിരിക്കും.
എന്റെ പ്രവൃത്തിയുടെ പരിസമാപ്തി വിജയമാണോ പരാജയമാണോ എന്ന് നിശ്ചയിക്കുന്നതിലും അതിനനന്തരം എന്റെ ഭാഗത്തുനിന്നും സ്വീകരിക്കേണ്ട നടപടികളിലുമാണ്‌ എന്റെ പിന്നീടുള്ള നിയന്ത്രണാധീനമായ കാര്യങ്ങൾ. അവയ്ക്കും വ്യക്തമായ, നമുക്കാവശ്യമായ റിസൽറ്റ്‌ കിട്ടണമെന്നില്ല, അപ്പോൾ ഈ പ്രക്രിയ തുടർന്നുകൊണ്ടേയിരിക്കും.

നന്ദനയുടെ ചോദ്യത്തിന്‌ (മനസിലാക്കലിന്‌) എന്റെ ചിന്ത പറയാം. ഒട്ടകത്തെ കെട്ടിയിടൽ മാത്രമല്ല, അത്‌ കെട്ടുപൊട്ടിക്കാതെ ഓടുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിലും ഉണ്ട്‌ കാര്യം. ഇതൊക്കെയായിരുന്നാലും ഒട്ടകം കെട്ടുപൊട്ടിച്ച്‌ പോയേക്കാം, ഒരുപക്ഷെ ഒട്ടകത്തിന്റെ ശക്തിയെക്കുറിച്ച്‌ എനിക്ക്‌ ധാരണയില്ലാത്തതായിരിക്കാം കാരണം (an example). ഞാൻ പിന്നീട്‌ ചെയ്യേണ്ടത്‌ ഒട്ടകം പോയി എന്ന് വിചാരിച്ച്‌ ദു:ഖിച്ചിരിക്കുകയോ അതാണ്‌ വിധി എന്നുപറഞ്ഞ്‌ മിണ്ടാതിരിക്കുകയോ അല്ല. ഒട്ടകത്തെ തേടി പിടിക്കാൻ ശ്രമിക്കണം, എന്നിട്ടും കിട്ടിയില്ലെങ്കിൽ അടുത്ത ഒട്ടകത്തെ വാങ്ങാൻ ശ്രമിക്കണം, പിന്നീട്‌ മുൻപ്‌ പറ്റിയ തെറ്റു ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണം (get a better rope). അപ്പോൾ പുതിയ എന്തെങ്കിലും കാരണമായിരിക്കാം ഒട്ടകം വീണ്ടും ഓടുന്നതിനു കാരണം. ഇത്തരത്തിൽ തെറ്റിയും തിരുത്തിയുമാണ്‌ നാം മുന്നോട്ട്‌ പോകുന്നത്‌.

വിധിവിശ്വാസത്തിലെ ഏറ്റവും പ്രശ്നം പിടിച്ച വശം പിന്നീടുള്ള ഓപ്ഷൻ അന്വേഷിക്കുന്നതിലും തെറ്റുകൾ തിരുത്തുന്നതിലും വീഴ്ച വരാനുള്ള സാധ്യതകൾ ഉണ്ടെന്നതാണ്‌.

എന്റെ ചോദ്യങ്ങൾ ഇതിന്റെ വിധിപരമായ, അല്ലെങ്കിൽ ദൈവീകമായ കാര്യങ്ങളെക്കുറിച്ചായിരുന്നു.

എന്റെ ചിന്തകളിലും അനന്തരകർമ്മത്തിലും അതിന്റെ ഫലപ്രാപ്തിയിലും ദൈവത്തിന്റെ പങ്ക്‌ എത്രമാത്രമുണ്ടെന്നായിരുന്നു ഞാൻ ചോദിച്ചത്‌. Freewill എന്നു പറയുമ്പോൾ ഞാൻ ചിന്തിക്കുന്നതിൽ (അതാണല്ലൊ എന്റെ കർമ്മത്തിന്റെ തുടക്കം) ദൈവത്തിനു പങ്കില്ലെന്നു വരും, അത്‌ സർവ്വജ്ഞനായ ദൈവം എന്ന സങ്കൽപത്തിന്‌ വിരുദ്ധമാകും. അല്ലെങ്കിൽ ഞാൻ ചിന്തിക്കുന്നതുകൂടി ദൈവം മുൻകൂട്ടി (ഒരുപക്ഷെ ജനിക്കുമ്പോൾ തന്നെ, അത്തരത്തിൽ ഒരു ഹദീസ്‌ വചനമുണ്ടെന്ന് പണ്ട്‌ വായിച്ചിട്ടുണ്ട്‌, നെറ്റിൽ തപ്പിയിട്ടു കിട്ടിയില്ല) അറിയുമെന്നുവരും. അപ്പോൾ freewill ഇല്ല, നേരത്തെ തീരുമാനിച്ചുറപ്പിച്ചതിൻപ്രകാരം നാം ജീവിക്കുന്നു.

ഇതിലേതാണ്‌ താങ്കളുടെ അഭിപ്രായത്തിൽ ശരി?

ഇതു രണ്ടുമല്ലാതെ വേറെ ഉണ്ടെങ്കിൽ അതും പറയാം.

വാൽക്കഷ്ണം - മനുഷ്യജീവിതത്തിന്റെ ഉദ്ദേശ്യമെന്നത്‌ ആർ നന്നായി പ്രവർത്തിക്കും എന്നത്‌ ദൈവത്തിനു പരീക്ഷിക്കാനാണെന്ന് ഖുറാനിൽ പറയുന്നു. (67:2, 18:7) ഞാനിവിടെ മുൻധാരണകളൊന്നും ഉണ്ടാക്കുന്നില്ല, താങ്കൾക്ക്‌ വിട്ടുതരുന്നു.

CKLatheef പറഞ്ഞു...

പ്രിയ അപ്പൂട്ടന്‍

താങ്കള്‍ യഥാര്‍ഥ്യത്തോട് വളരെ അടുത്താണ് നില്‍ക്കുന്നത് എന്നാണ് തോന്നുന്നത്. ചില സൂക്തങ്ങളുടെ വ്യാഖ്യാനം താങ്കളുദ്ദേശിച്ച വിധത്തിലായാല്‍ സംഭവിക്കാനിടയുള്ള ചില പ്രശ്‌നങ്ങളാണ് വിഷയം. അതുകൊണ്ടുതന്നെയാണ് കാര്യങ്ങള്‍ പരത്തിപ്പറയാതെ അല്‍പം അവധാനത കൈകൊള്ളുന്നത്. നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന യാഥാര്‍ഥ്യങ്ങള്‍ക്ക് വിലകല്‍പ്പിക്കാത്തതും ദൈവത്തെക്കുറിച്ച് ന്യൂനതയായി മാറുന്നതുമായ ഒരു വ്യാഖ്യാനം വിശുദ്ധഖുര്‍ആനിലെ സൂക്തങ്ങള്‍ക്ക് ഉണ്ടാവുകയില്ല എന്നത് ഖുര്‍ആന്റെ അനുയായികള്‍ മുഴുവന്‍ ഏകസ്വരത്തില്‍ അംഗീകരിക്കും. അത് എത് സംഘടനയില്‍ പെട്ടവരാകട്ടേ. ഞാന്‍ സൂചിപ്പിച്ചത്. താങ്കള്‍ അവലംഭിക്കുന്ന പരിഭാഷയും ഞാന്‍ ലിങ്ക് നല്‍കിയ പരിഭാഷയും ഇപ്പോള്‍ നെറ്റില്‍ ലഭ്യമാകുന്നത് ആവശ്യമായ വ്യാഖ്യാനം ഇല്ലാതെയാണ്. നാം ഈ ചര്‍ചചെയ്യുന്ന കാര്യങ്ങളൊക്കെ ചിന്തിച്ച് യാഥാര്‍ഥ്യത്തോട് ഒത്തുപോകുന്ന വിധം നിര്‍വഹിക്കപ്പെട്ട ഒരു പരിഭാഷ വെച്ചേ നമ്മുക്ക് ചര്‍ചമുന്നോട്ടുകൊണ്ടു പോകാന്‍ കഴിയൂ. എഴുതപ്പെട്ട പരിഭാഷക്കുപരി എനിക്ക് ഖുര്‍ആനിന്റെ ഭാഷപഠിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. അതുകൊണ്ടു യാഥാര്‍ഥ്യത്തോട് അടുത്ത് നില്‍ക്കുന്നതേത് എന്ന് മനസ്സിലാക്കാന്‍ ഒരു പ്രയാസവുമില്ല. നിലവിലുള്ള പരിഭാഷകളുടെ സഹായമില്ലാതെ തന്നെ എനിക്ക് താങ്കള്‍ക്ക് കാര്യങ്ങള്‍ വിശദീകരിച്ച് തരാനാവും എങ്കിലും എനിക്ക് യോജിക്കാവുന്ന പരിഭാഷ നിലവിലിരിക്കെ ഞാന്‍ എന്റേതായ വ്യാഖ്യാനവും പരിഭാഷയും നല്‍കി വിഷയങ്ങളുടെ അക്കാഡമിക നിലവാരത്തെ തകര്‍ക്കേണ്ടതില്ല എന്ന് കരുതുകയാണ്.

CKLatheef പറഞ്ഞു...

മനുഷ്യന്‍ ഇസ്്‌ലാമിന്റെ ഖുര്‍ആന്റെ കാഴ്ചപ്പാടില്‍ ഒരു പ്രത്യേക ലക്ഷ്യം വെച്ച് ദൈവസൃഷ്ടിച്ച മറ്റുജീവികളില്‍ വെച്ച് ആദരണിയനായ ഒരു സൃഷ്്ടിയാണ്. അവനെ എന്തൊരുദ്ദേശ്യത്തോടെ പടച്ചുവോ. ആ ധര്‍മം നിര്‍വഹിക്കാനാവശ്യമായ ശരീരഘടനയും ബുദ്ധിയും വിവേചനശക്തിയും ഇഛാസ്വതന്ത്ര്യവും നല്‍കപ്പെട്ടിരിക്കുന്നു. അവന് നല്‍കപ്പെട്ട മേല്‍ സൂചിപ്പിച്ച കഴിവുകള്‍ നിരുപാധികമോ അറ്റമില്ലാത്തതോ അല്ല. എല്ലാം അല്ലാഹുവിന്റെ നിയന്ത്രണത്തിന് വിധേയമാണ്. പക്ഷേ ആ നിയന്ത്രണം ഒരിക്കലും അവന് ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിന് തടസ്സമാകുന്ന രൂപത്തില്‍ ആകാവതല്ലല്ലോ. അതല്ല എന്നതാണ് നാം ഒരുമിച്ച് അംഗീകരിച്ചത്. ആ അംഗീകാരമാണ് ഇന്നലെ താങ്കളില്‍ നിന്ന് വാങ്ങിയത്. അത് നാം നിത്യജീവിതത്തില്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന നിഷേധിക്കാനാവാത്ത യാഥാര്‍ഥ്യം മാത്രം. ഇനി നമ്മുടെ ചര്‍ചയിലേക്ക് കടക്കാം. താങ്കള്‍ ക്വോട്ടിയ സൂക്തങ്ങള്‍ എടുക്കുക.

76:29 - തീർച്ചയായും ഇത്‌ ഒരു ഉൽബോധനമാകുന്നു. ആകയാൽ വല്ലവനും ഉദ്ദേശിക്കുന്നപക്ഷം തന്റെ രക്ഷിതാവിങ്കലേക്കുള്ള മാർഗ്ഗം സ്വീകരിച്ചുകൊള്ളട്ടെ.

ആ സൂക്തങ്ങള്‍ക്ക് മൗദൂദി നല്‍കിയ പരിഭാഷയും വ്യാഖ്യാനവും ഞാന്‍ അതേ പോലെ ഉദ്ധരിക്കുകയുണ്ടായി. കൂടുതല്‍ വ്യക്തതക്കുവേണ്ടിയാണല്ലോ നാം ചര്‍ച ചെയ്യുന്നത്. ആ വ്യാഖ്യാനം ഒന്നുകൂടെ വായിക്കുക. ഇനിയുണ്ടാകുന്ന സംശയം താങ്കള്‍ ഉദ്ധരിച്ച് പരിഭാഷയായിക്കൂടെ എന്നാണ്. സൂക്തം 76 29 ല്‍ പറയുന്നത് വല്ലവനും ഉദ്ദേശിക്കുന്ന പക്ഷം ഖുര്‍ആനിന്റെ ഉല്‍ബോധനം സ്വീകരിച്ച് തന്നെ സൃഷ്ടിച്ച രക്ഷിതാവിന്റെ പ്രീതിലഭിക്കാനുള്ള വഴി സ്വീകരിച്ചുകൊള്ളട്ടേ എന്നാണ്.

ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്താണ്.

1. ഖുര്‍ആന്‍ ഉല്‍ബോധനമാണ്. ദൈവം അവന്റെ ശക്തിഉപയോഗിച്ച് അടിച്ചേല്‍പിക്കുന്ന ഉത്തരവല്ല.

2. ആ മാര്‍ഗം തെരഞ്ഞെടുക്കാനും നിരസിക്കാനുമുള്ള സ്വാതന്ത്ര്യം മനുഷ്യനില്‍
നിക്ഷിപ്തമാണ്.

3. ദൈവം അക്കാര്യത്തില്‍ ഒരു വിധേനയും അവനുമേല്‍ ബലാല്‍കാരം സ്വീകരിക്കുകയില്ല.

4. അവന് കഴിയാത്ത കാര്യമല്ല അവനോട് ആവശ്യപ്പെടുന്നത്. (കൈകാലുകള്‍ കെട്ടിയിട്ടിട്ട് ആരെങ്കില്‍ നടക്കാന്‍ പറഞ്ഞാല്‍ അതിന് അയാല്‍ നല്‍കുന്ന സ്വാതന്ത്ര്യം എന്നുപറയുമോ.)

ഈ കാര്യങ്ങള്‍ സംഭവലോകത്ത് സാധ്യമാണ് എന്നത് നമ്മുടെ അനുഭവം. ഒരാള്‍ക്ക് ഖുര്‍ആനിന്റെ സന്ദേശം ഉള്‍കൊള്ളുന്നതിനെ തടയുന്ന ശാരീരികാവസ്ഥ നിലനില്‍ക്കുന്നില്ല. ഒരാളുടെ ഇഛാശക്തിയുമായിട്ടാണ് അതിന് ബന്ധം(ചിന്താമാറ്റം നിരോധിക്കപ്പെടുന്ന അവസ്ഥയില്‍ അവന്‍ ഉത്തരവാദിയായിരിക്കില്ല എന്നത് വേറെകാര്യം).

ഇനി അടുത്ത സൂക്തം
('അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷമല്ലാതെ നിങ്ങൾ ഉദ്ദേശിക്കുകയില്ല.')

താങ്കള്‍ സൂചിപ്പിച്ച വിധം തുടര്‍ച തന്നെ. അതിനെ കൂടുതല്‍ വിശദീകരിക്കുകയും അവയില്‍ നിന്ന് തെറ്റായി ധരിക്കാനിടയുള്ള സ്വാതന്ത്ര്യത്തിന് പരിധിനിശ്ചയിക്കുകയും ചെയ്യുന്നു. മൗദൂദി അത് നന്നായി വിശദീകരിച്ചിട്ടുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. എങ്കിലും പറയട്ടേ.

തൊട്ടുമുകളില്‍ പറയപ്പെട്ട സൂക്തത്തിന് വിരുദ്ധമായ ഒരര്‍ഥം നാം ഇതിന് കല്‍പിക്കുന്നതെങ്ങനെ?. അതിന് ഭാഷാപരമോ യുക്തിപരമോ ആയ തെളിവുണ്ടോ?. ഇല്ല എന്നതാണ് വസ്തുത.

'മനുഷ്യന്‍ ചെയ്യാനാശിക്കുകയോ ഉദ്ദേശിക്കുകയോ തീരുമാനിക്കുകയോ ചെയ്തതുതന്നെ പ്രവര്‍ത്തിച്ചുകൊള്ളട്ടെ എന്ന് അല്ലാഹുവിന്റെ മശീഅത്ത് ഉണ്ടെങ്കിലേ അവന്നത് ചെയ്യാന്‍ കഴിയൂ. മനുഷ്യന്‍ എത്രതന്നെ ശ്രമിച്ചാലും അല്ലാഹുവിന്റെ മശീഅത്തും അനുമതിയുമില്ലാതെ അവന്ന് ഒന്നും ചെയ്യാനാവില്ല.'

ഇതാണ് വസ്തുത. നാം ഇതിന് എങ്ങനെ അര്‍ഥം പറഞ്ഞാലും താങ്കള്‍ ഉദ്ധരിച്ച വിധമായാല്‍ പോലും. നാം തീരുമാനിക്കുന്നതിന് മുമ്പ് ദൈവം തീരുമാനിക്കുമെന്നും, ആ തീരുമാനമനുസരിച്ച് മാത്രമേ നമ്മുക്ക് ഇഛിക്കാന്‍ കഴിയൂ എന്നും (മനുഷ്യന്റെ ഇഛപോലും സ്വതന്ത്രമല്ല എന്ന് ചുരുക്കം) വ്യാഖ്യാനം നല്‍കുന്ന പക്ഷം മുകളില്‍ നല്‍കിയ തെരഞ്ഞെടുപ്പ് സ്വതന്ത്ര്യം വൃഥാവിലാണ്. അങ്ങനെ ഒരു വ്യാഖ്യാനം നല്‍കുന്ന പക്ഷം മുകളിലുള്ള സൂക്തത്തെ വിശദീകരിക്കുകയല്ല. ആ സൂക്തത്തിന് നേരെ എതിരാവുകയാണ് ചെയ്യുക. അപ്രകാരം തെറ്റായി വ്യാഖ്യാനം വരാതിരിക്കാനാണ്. മൗദൂദി ആ സുക്തത്തെ ഇങ്ങനെ പരിഭാഷപ്പെടുത്തിയത്.

നിങ്ങളുടെ ഇച്ഛയാല്‍ യാതൊന്നുമുണ്ടാകുന്നില്ല-അല്ലാഹു ഇച്ഛിക്കുന്നതുവരെ.

സംഭവലോകത്ത് നാം ഉദ്ദേശിച്ചപ്രകാരം കാര്യങ്ങള്‍ ചിലപ്പോള്‍ നടക്കുന്നില്ല എന്ന് നമ്മുക്ക് അനുഭവമുള്ളതാണല്ലോ. നാം സാഹചര്യങ്ങളെയും അവിചാരിതമായ സംഭവിക്കുന്ന മറ്റ് കാര്യങ്ങളെയും കുറ്റപ്പെടുത്തുമെങ്കിലും. ദൈവേഛ നമ്മുടെ ഇഛയോട് യോജിച്ചുവന്നില്ല, എന്നതാണ് അതിന്റെ വിശ്വാസപരമായ ഭാഗം. (ഒരു ദിവസത്തെ ഗ്യാപ്പോടുകൂടി ചര്‍ച തുടരാം).

M.A Bakar പറഞ്ഞു...

ഒരു പക്ഷേ വിശദീകരിക്കുകയാണെങ്കില്‍ വളരെ സങ്കീര്‍ണ്ണമായ ഒരു വിഷയമാണു ഇവിടെ നിങ്ങള്‍ കൈകാര്യം ചെയ്യുന്നതു. ബൌദ്ധികമായി വളരെ വ്യായാമം ചെയ്യേണ്ട സംഗതി.

ലത്തീഫ്‌ വളരെ താത്വികമായിത്തന്നെ അതു വിശദീകരിക്കുകയും ചെയ്യുന്നു..

ഈ ആയത്തുകളില്‍ (76:29-30) മനസ്സിലാക്കാന്‍ ഉദ്ധേശിച്ചാല്‍ വളരെ സിമ്പിളായി തന്നെ മനസ്സിലാവുന്ന ഒരു സംഗതിയുണ്ട്‌. മൌദൂദിയുടെ ഈ വ്യാഖ്യാനമാണു ഇവിടെ പ്രസക്തമായി തീരുന്നതും..

നിങ്ങളുടെ ഇച്ഛയാല്‍ യാതൊന്നുമുണ്ടാകുന്നില്ല-അല്ലാഹു ഇച്ഛിക്കുന്നതുവരെ

പ്രധാന വാക്യം 76:29 അല്ല... അതിണ്റ്റെ വ്യാഖ്യാനമായ 76:30 ആണു ..

ഇതു (76:30 ) വ്യക്തമാക്കുന്നതു, അല്ലാഹു വളരെ സര്‍വ്വജ്ഞനും "യുക്തി"മാനും എന്നാണു

തണ്റ്റെ ശത്രുവുണ്റ്റെ തലയില്‍ ഇടിത്തീ വീഴട്ടെ എന്ന്‌ ഒരാള്‍ ആഗ്രഹിച്ചാല്‍ അതു നടക്കാതെ പോകുന്നതും അതുകൊണ്ടാണു..

അതായത്‌ "എല്ലാദ്ദേശങ്ങളുടെയും ഉദ്ദേശം അല്ലാഹു തീരുമാനിക്കുന്നു" എന്നാണു ഇവിടെ വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നതു..

അപ്പൂട്ടൻ പറഞ്ഞു...

ലതീഫ്‌,
താങ്കളുടെ ആദ്യകമന്റിന്‌
പരിഭാഷകളെക്കുറിച്ചും വ്യാഖ്യാനങ്ങളെക്കുറിച്ചും ഞാൻ ചർച്ച തുടരുന്നില്ല, കാരണം ചർച്ച വേറൊരു വഴിക്ക്‌ നീക്കാനേ അതു സഹായിക്കൂ. താങ്കൾ അതേക്കുറിച്ചൊരു പോസ്റ്റിടുകയാണെങ്കിൽ അവിടെ സംസാരിക്കാം, ഇനിയും പറയാനുണ്ടെന്നത്‌ കാര്യം.

നന്ദന പറഞ്ഞു...

" ദൈവേഛ നമ്മുടെ ഇഛയോട് യോജിച്ചുവന്നില്ല, " എന്നതാണ് അതിന്റെ വിശ്വാസപരമായ ഭാഗം. അങ്ങിനെയെങ്കില്‍ ഹിട്ട്ലരുടെ പ്രവര്‍ത്തി ദൈവേഛയാണ് എന്നുപരയെണ്ടിവരുമോ ?
നന്‍മകള്‍ നേരുന്നു
നന്ദന

നന്ദന പറഞ്ഞു...

അതല്ല കാര്യം അപ്പുട്ടന്‍ ..ഒട്ടകത്തെ കെട്ടിയാല്‍ മാത്രമേ ദൈവം നോക്കുകയുള്ളൂ ...അപ്പോള്‍ തീരുമാനം തീര്‍ത്തും ഒട്ടകത്തിനെ വളര്‍ത്തുന്നവനിലാണ്
നന്‍മകള്‍ നേരുന്നു
നന്ദന

അപ്പൂട്ടൻ പറഞ്ഞു...

ലതീഫ്‌.
താങ്കളുടെ വിശദീകരണം മുഴുവനായില്ല എന്ന് പറയുന്നതിൽ ഖേദമുണ്ട്‌. പ്രവൃത്തിയും അതിന്റെ ഫലങ്ങളും തമ്മിൽ ഇത്തിരി കുഴഞ്ഞുമറിഞ്ഞിട്ടുണ്ട്‌ എന്നൊരു തോന്നലാണ്‌ എനിക്കുണ്ടായത്‌. ഞാൻ നേരത്തെ പറഞ്ഞതുപോലെ, വിധിവിശ്വാസമുള്ളവർക്ക്‌ എളുപ്പം വിശദീകരിക്കാനാവുന്നതല്ല ഇത്‌.

ഞാൻ മനസിലാക്കിയതിനനുസരിച്ച്‌ ഇപ്രകാരം കാര്യങ്ങൾ വ്യാഖ്യാനിക്കാം.
സത്യമാർഗ്ഗത്തിലെത്താൻ ഉദ്ദേശിക്കുന്നവർക്ക്‌ അതാവാം. അതിൽ ദൈവം ബലാൽക്കാരമായി ആരേയും സ്വന്തം വഴിയിലേക്കാക്കുന്നില്ല. എന്നാൽ, അതിനനുസരിച്ചോ അതിനു വിരുദ്ധമായോ ചിന്തിക്കുന്നവരാകട്ടെ, എന്ത്‌ പ്രവർത്തിക്കണമെങ്കിലും ദൈവത്തിന്റെ അനുമതിയില്ലാതെ സാധ്യമല്ല.

ഞാൻ പ്രകടിപ്പിച്ച സംശയങ്ങൾ ഇവിടെ അക്കമിട്ടു പറയട്ടെ, അതായിരിക്കും സൗകര്യപ്രദം എന്ന് തോന്നുന്നു. ഏതൊരു സംഭവം ഉണ്ടാവുകയാണെങ്കിലും അതുസംബന്ധമായി ചില പ്രീ-കണ്ടീഷൻസും പോസ്റ്റ്‌-കണ്ടീഷൻസും ഉണ്ടെന്നത്‌ അറിയാമല്ലൊ. അതിനാൽ തന്നെ എവിടെയൊക്കെ ദൈവനിയന്ത്രണം (ദൈവത്തിന്റെ ഇച്ഛ) പ്രവർത്തിക്കുന്നുണ്ടെന്ന് പറയുമല്ലൊ. (ചിലയിടങ്ങളിൽ ആവർത്തനം ആവശ്യമായേക്കും, പക്ഷെ ഒന്ന് കൺസോളിഡേറ്റ്‌ ചെയ്യാൻ ഇത്‌ സഹായിക്കും). കൂടാതെ സത്യമാർഗ്ഗസ്വീകരണം എന്ന രീതിയിൽ മാത്രമല്ല ഞാനീ വിഷയത്തെ കാണുന്നത്‌. ജീവിതത്തിൽ എല്ലാം യെസ്‌/നൊ ഉത്തരങ്ങളല്ലല്ലൊ. പലപ്പോഴും സ്വീകരിക്കുന്ന വഴിയുടെ തീവ്രത വരെ ഫലപ്രാപ്തിയെ സ്വാധീനിക്കും.

1. ഒരു കാര്യം ചെയ്യണമെന്ന് ഞാൻ ഇച്ഛിക്കുന്നു. ഞാൻ ഇച്ഛിക്കണം എന്നത്‌ ദൈവം ഇച്ഛിച്ചാൽ മാത്രമേ എനിക്ക്‌ ഇച്ഛിക്കാനാവൂ എന്നുണ്ടോ?

2. ഞാൻ ഇച്ഛയ്ക്കനുസരിച്ചുള്ള പ്രവൃത്തിയിൽ ഏർപ്പെടുന്നു, അല്ലെങ്കിൽ പ്രവർത്തിക്കുന്നില്ല (വെറും ദിവാസ്വപ്നമായി എന്റെ ഇച്ഛ). ഞാൻ പ്രവർത്തിക്കണം എന്ന് ദൈവം ഇച്ഛിച്ചാൽ മാത്രമെ ഞാൻ പ്രവർത്തിക്കൂ എന്നുണ്ടോ? അല്ലെങ്കിൽ ഞാൻ പ്രവർത്തിക്കില്ല എന്ന് ദൈവം തീരുമാനിച്ചതിനാലാണോ ഞാൻ മടിയനാകുന്നത്‌?

3. ഇതിന്റെയൊക്കെ അവസാനം എനിക്കൊരു ഫലം ലഭിക്കുന്നു. ഇവിടെ ഉദ്ദേശിച്ചത്‌ ലഭിച്ചില്ല എന്നുതന്നെയിരിക്കട്ടെ. ഇവിടെ എനിക്ക്‌ സംശയങ്ങളില്ല. ദൈവം തീരുമാനിച്ചില്ല, അതിനാൽ എനിക്ക്‌ ലഭിച്ചില്ല.

4. എന്റെ ലക്ഷ്യം നിറവേറിയില്ല എന്നതിൽ എനിക്ക്‌ അതിയായ ദു:ഖമുണ്ടായി (ഡിപ്രഷൻ വരെ വന്നേയ്ക്കാം). അല്ലെങ്കിൽ കൂടുതൽ പരിശ്രമിക്കാൻ ഞാൻ തീരുമാനിച്ചു. ഇവിടെയും എന്റെ ഫലപ്രാപ്തിയോടുള്ള എന്റെ പ്രതികരണം ഇവ്വിധമായിരിക്കും എന്ന് ദൈവം ഇച്ഛിച്ചതിനാലാണോ അത്‌?

ഇതിനെല്ലാം ഉത്തരം വേണമെന്ന് ഞാൻ ശഠിക്കുന്നില്ല കേട്ടൊ. നമ്മുടെ അറിവിനും ചിന്തയ്ക്കും പരിധികളുണ്ടെന്ന് നല്ലവണ്ണം അറിയാവുന്നവനാണ്‌ ഞാൻ. അതുകൊണ്ടുതന്നെ ഒരു ഉത്തരം ലഭിച്ചില്ലെങ്കിൽപ്പോലും എനിക്ക്‌ പരാതിയില്ല. താങ്കളുടെ വിശ്വാസപ്രകാരം അല്ലാഹുവിനേ അറിയൂ.

എന്റെ ചിന്തകൾ ഇവിടെ ഞാൻ പറഞ്ഞു. എല്ലാം എന്റെ നിയന്ത്രണത്തിലല്ല എന്നത്‌ അംഗീകരിക്കുമ്പോൾ തന്നെ അത്‌ ആരെങ്കിലും, ദൈവം തന്നെ, നിയന്ത്രിക്കുന്നുണ്ട്‌ എന്ന് ഞാൻ കരുതുന്നില്ല. ആ ചിന്താഗതിയിലേയ്ക്കെത്താൻ എനിക്ക്‌ എന്റേതായ കാരണങ്ങളുണ്ട്‌. നമുക്കിരുവർക്കും സൗകര്യപ്പെടുന്ന അവസരത്തിൽ അത്‌ പറയാം. ഇതൊരു ദൈവ-പ്രാർത്ഥനാവിശ്വാസിയല്ലാത്ത ഒരാളുടെ ചിന്താഗതിയാണ്‌. താങ്കളുടെ വിശ്വാസത്തെ ചോദ്യം ചെയ്യാനോ പുച്ഛിക്കാനോ എനിക്ക്‌ ഉദ്ദേശ്യമില്ല.

നന്ദന,
I was just extending your thoughts a bit.
ഞാൻ ദൈവവിശ്വാസിയല്ല (ദൈവമില്ല എന്നു പറയുന്നില്ല, ഇതുവരെ കേട്ടറിഞ്ഞ ഒരു ദൈവമുണ്ട്‌ എന്ന് വിശ്വസിക്കുന്നില്ല എന്നുമാത്രം). അതിനാൽ തന്നെ എന്റെ നിയന്ത്രണത്തിലുള്ള കാര്യങ്ങൾ ചെയ്യാനും ബാക്കി ദൈവത്തിനു മാത്രം വിട്ടുകൊടുക്കാതെ അതിന്റെ ഫലം എനിക്കോ മറ്റുള്ളവർക്കോ കൂടുതൽ പ്രയോജനപ്രദമായി (കുറഞ്ഞപക്ഷം നാശകരമല്ലാതെയെങ്കിലും) വിനിയോഗിക്കുകയും ചെയ്യാൻ ശ്രമിച്ചുകൊണ്ടേയിരിക്കണം എന്നാണ്‌ എന്റെ അഭിപ്രായം. ഒട്ടകത്തെ കെട്ടിയാൽ എന്റെ ഉത്തരവാദിത്വം തീരുന്നില്ല എന്നർത്ഥം.

Faizal Kondotty പറഞ്ഞു...

ഈ ചര്‍ച്ചയുമായി നേരിട്ട് എത്രത്തോളം ബന്ധപ്പെടുമെന്ന് അറിയില്ല എങ്കിലും ഒരു അനുഭവം പറയാം ,

കോളേജ് ല്‍ പഠിക്കുന്ന സമയത്ത് എന്റെ സുഹൃത്ത്‌ ശ്രീനി ഒരിക്കല്‍ എന്നോട് ചോദിച്ചു എനിക്ക് ഈ വിധി എന്നതില്‍ ഒരു വിശ്വാസവും ഇല്ല , ഒരു ഉദാഹരണത്തിന് നന്നായി പഠിച്ചു പരീക്ഷ എഴുതിയാല്‍ ഞാന്‍ വിജയിക്കും ഇല്ലെങ്കില്‍ തോല്‍ക്കും , ഇതില്‍ ദൈവത്തിനെവിടെ റോള് ?

ഞാന്‍ അവനോടു പറഞ്ഞു അല്ല സുഹൃത്തേ , നാം ദൈവ അല്ലെങ്കില്‍ പ്രകൃതി വിധിക്ക് വിധേയമായിട്ടാണ് ജീവിച്ചു കൊണ്ടിരിക്കുന്നത് ... ഉദാഹരണത്തിന് ഓക്സിജന്‍ ശ്വസിക്കണം എന്നത് ഒരു വിധിയാണ് അത് മാറ്റി എനിക്ക് നൈട്രജന്‍ ശ്വസിക്കണം എന്ന് വാശി പിടിച്ചിട്ടു കാര്യമില്ല , കേരളത്തില്‍ ഇന്ന സ്ഥലത്ത് ജനിക്കണം എന്നതും ഒരു വിധിയായിരുന്നു ..നമുക്ക് സ്വയം തിരഞ്ഞെടുക്കാന്‍ പറ്റാത്ത ഇത്തരം നിരവധി വിധികള്‍ക്ക് കീഴ്പ്പെട്ടു കൊണ്ടാണ് നാം ജീവിക്കുന്നത് . ഒന്ന് ഉറങ്ങി ഉണരുമ്പോ ഴേക്കും നമ്മുടെ ശരീരത്തിലെ പതിനായിരക്കണക്കിനു കോശങ്ങള്‍ നാം അറിയാതെ മാറ്റപ്പെടുന്നു . അങ്ങിനെ നോക്കിയാല്‍ നമ്മുടെ ജീവിതത്തിലെ ഒട്ടു മുക്കാല്‍ സംഭവങ്ങളും വിധി ക്ക് കീഴ്പ്പെട്ടാണ് നാം ജീവിക്കുന്നത് .

എന്നാല്‍ നിയന്ത്രണങ്ങളോടെ ആണെങ്കിലും നമ്മുടെ തീരുമാനത്തിനായി വിട്ടു തന്ന ഒരു വളരെ ചെറിയ പ്രവര്‍ത്തന മേഖല ഉണ്ട് . പരീക്ഷ നന്നായി എഴുതണമോ മറ്റും തുടങ്ങിയ കാര്യങ്ങള്‍ അവയില്‍ വരുന്നതാണ് .. ആ മേഖലയിലെ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ദൈവം നമ്മെ വിലയിരുത്തുന്നതും , നമുക്ക് മോക്ഷം തരുന്നതും . ദൈവത്തിനു നമ്മെ പരീക്ഷിച്ചു നോക്കനമോ അല്ലാതെ തന്നെ അറിയില്ലേ എന്ന് മറു ചോദ്യം വരാം , പക്ഷെ ഭൂമിയില്‍ നാം നല്ലവരായിരുന്നോ അല്ലെയോ എന്ന് നമുക്കും കൂടി സ്വയം മനസ്സിലാക്കാനുള്ള വേദി കൂടിയാണ് നമ്മുടെ ഈ തീരുമാനങ്ങള്‍ എടുക്കാനുള്ള സ്വാതന്ത്ര്യം . മന :സ്സാക്ഷി എന്നാ സംവിധാനം നമ്മുടെ ഉള്ളില്‍ എവിടെയോ ഉള്ളതും ഈ വിലയിരുത്തല്‍ സ്വയം മനസ്സിലാക്കാനുള്ള ഉപാധിയാണ് . മനസ്സാക്ഷിയെ വഞ്ചിച്ചു കൊണ്ടല്ലാതെ ഒരാള്‍ക്ക്‌ തിന്മ ചെയ്യാന്‍ കഴിയില്ല .

ഇനി ഈ സ്വാതന്ത്ര്യം ആകട്ടെ അത്ര നിരുപാധികവും അല്ല . ഒരാളെ വധിക്കണം എന്ന് നാം മാത്രം വിചാരിച്ചാല്‍ പോര . ദൈവം ആ കര്‍മ്മത്തിന് അംഗീകാരം തരാത്തിടത്തോളം , അത് നടക്കില്ല , നാം എത്ര വിചാരിച്ചാലും ശരി . എത്രയോ കൊലപാതക ശ്രമങ്ങള്‍ നടക്കാതെ പോകുന്നത് നമുക്കറിയാം . പക്ഷെ ആ വിചാരത്തിന്റെ പേരില്‍ ദൈവം നമ്മെ ശിക്ഷിക്കുകയും ചെയ്യും കാരണം കര്‍മ്മങ്ങള്‍ ഉദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആണ് വിചാരണ ചെയ്യപ്പെടുക .

നമ്മെയും ഈ പ്രപഞ്ചത്തെയും സൃഷ്‌ടിച്ച ഒരു ശക്തി ഉണ്ടെങ്കില്‍ ആ ശക്തി അറിയാതെ ഒരു ഈച്ച പോലും അനങ്ങില്ല . നമുക്ക് പരിമിതമായ ഒരു ചെറിയ ശതമാനം സ്വാതന്ത്ര്യം തന്നിട്ടുണ്ട് .. ആ വിനിയോഗവും ദൈവത്തിന്റെ അനുമതിയോടു (ഇച്ഛ ) കൂടിയേ സാധ്യമാകുകയുള്ളു എന്നതും ഒരു കാര്യമാണ് . ആ സ്വാതന്ത്ര്യത്തിന്റെ വിനിയോഗം ആകട്ടെ ചോദ്യം ചെയ്യപ്പെടുന്നതുമാണ് . മറ്റുള്ളവരെ ദ്രോഹിച്ചു സുഖിച്ചു അങ്ങ് ജീവിച്ചു മരിച്ചു പോകാമെന്ന് ആണ് ഒരു മനുഷ്യന്‍ കരുതുന്നതെങ്കില്‍ അത് അയാളുടെ വ്യാമോഹം മാത്രമാണ് , താന്‍ ഇങ്ങിനെ ഒരു വര്‍ണ്ണ പ്രപഞ്ച ലോകത്ത് , ഓക്സിജന്‍ ശ്വസിച്ചു, ഭക്ഷണം കഴിച്ചു ജീവിക്കേണ്ടി വരുമെന്ന് അവന്‍ ഒരിക്കലും കരുതിയതല്ല , അപ്പൊ പിന്നെ മറ്റൊരു ലോകത്ത് അവന്‍ പുന സൃഷ്ടിക്കപ്പെടുകയില്ല എന്ന് അവന്‍ ഉറപ്പിച്ചു പറയാനും സാധ്യമല്ല .. ആദ്യത്തേത്‌ സംഭവിച്ചെങ്കില്‍ രണ്ടാമത്തേതും സംഭവിക്കാനുള്ള ഒരു വലിയ സാധ്യതയാണ് .

അങ്ങിനെ വിചാരണയുടെതായ ഒരു ദിവസം ഇല്ലെങ്കില്‍ നൈതികമായ പല ചോദ്യങ്ങള്‍ക്കും ഉത്തരം ഉണ്ടാവില്ല ,,, ക്രൂരരും തെമ്മാടികളും വഞ്ചകരും ചൂഷകരും ആയ ഒരു പറ്റം ആളുകള്‍ മറ്റുള്ളവരെ ദ്രോഹിച്ചു സുഖിച്ചു ജീവിച്ചു മരിക്കുന്നു ...ക്രൂരത ഏറ്റു വാങ്ങി പിഞ്ചു കുഞ്ഞുങ്ങള്‍ അടക്കം പിടഞ്ഞു വീണു മരിക്കുന്നു.. നീതിയുടെ തേട്ടം ആണ് ഒരു വിചാരണ നാള്‍ ,

ചുരുക്കി പറഞ്ഞാ മൊത്തം പ്രപഞ്ചത്തിന്റെ കിടപ്പില്‍ നമ്മുടെ ഇച്ഛ കള്‍ക്ക് ഒരു ചെറിയ സ്ഥാനമേ ഭൂമിയില്‍ ഉള്ളൂ , അത് തന്നെ നിരുപാധികം അല്ല , ദൈവം അതിനു അനുമതി തന്നാല്‍ അത് കര്‍മ്മ പഥത്തില്‍ എത്തുന്നു .അല്ലെങ്കില്‍ അത് നടപ്പാകാതെ വരുന്നു .. രണ്ടായാലും ഈ ഇച്ഛകള്‍ നല്ലതല്ലെങ്കില്‍ അതിന്റെ ഭവിഷ്യത്ത് നാം ഇവിടെ വച്ച് തന്നെയോ അല്ലെങ്കില്‍ മറ്റൊരു സംവിധാനത്തില്‍ വച്ചോ ഒരിക്കല്‍ അനുഭവിക്കേണ്ടി വരികയും ചെയ്യും .

Unknown പറഞ്ഞു...

ഖുര്‍ആനില്‍ പലസ്ഥലത്തും മനുഷ്യന്‍റെ കാര്യങ്ങള്‍ എല്ലാം മുന്‍പേ രേഖപ്പെടുത്തിവെക്കപ്പെട്ടു എന്ന് പറയുന്നു
നന്‍മകള്‍ നേരുന്നു
നന്ദന


1) അല്ലാഹുവിന് എല്ലാറ്റിനെക്കുറിച്ചും മുന്നറിവ്‌ ഉണ്ട്. അവന്‍ omniscient ആണ്. ഭാവി അറിയുന്നവനാണ്. അതുകൊണ്ട് അവന്‍ അത് രേഖപ്പെടുത്തി വെച്ചിരിക്കുന്നു. സമയമെന്നൊരു പരിധി ദൈവത്തിനില്ല.
2) രേഖപ്പെടുത്തിവെച്ചതു കൊണ്ടല്ല മനുഷ്യന്‍ അതാതു കര്‍മ്മങ്ങള്‍ ചെയ്യുന്നത്. മറിച്ച് മനുഷ്യപ്രവര്‍ത്തികളെക്കുറിച്ച് ദൈവത്തിന് ആദ്യമേ അറിവുള്ളത് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു എന്നതാണ് ഇസ്ലാമിക ഭാഷ്യം.
3) മനുഷ്യന്റെ ഒരു ഗുണമാണ് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം. ദൈവം ഉദ്ദേശിച്ചതുകൊണ്ടാണ് മനുഷ്യന് ഈ കഴിവ്‌ കിട്ടിയിരിക്കുന്നത്. തെറ്റു തെരഞ്ഞെടുക്കാന്‍ ഒരു മനുഷ്യന്‍ ഇച്ഛിച്ചാല്‍ ദൈവം അതിന് അനുമതി നല്‍കുന്നു. ശരി തെരഞ്ഞെടുക്കാന്‍ ഒരു മനുഷ്യന്‍ ഇച്ഛിച്ചാല്‍ ദൈവം അതിനും അനുമതി നല്‍കുന്നു.
4) തെറ്റേത്, ശരിയേതെന്ന് വ്യക്തമാക്കിക്കൊണ്ട് പ്രവാചകന്മാരെ അയച്ചതിനു ശേഷമാണ്, തെറ്റുചെയ്താല്‍ ശിക്ഷകിട്ടുമെന്ന് ദൈവം പറയുന്നത്. അഥവാ, തീയില്‍ കൈയിട്ടാല്‍ കൈപൊള്ളുമെന്ന് പറഞ്ഞതിനു ശേഷം തീയില്‍ കൈയിടരുതെന്ന് പറഞ്ഞിരിക്കുന്നു. പൊള്ളുമെന്നറിഞ്ഞിട്ടും തീയ്യില്‍ കയ്യിടാനുള്ള സ്വാതന്ത്ര്യവും മനുഷ്യനുണ്ട്!! മുന്നറിയിപ്പ് കിട്ടിയിട്ടും തീയില്‍ കൈയിട്ടാല്‍ കൈ പൊള്ളും. അതുപോലെ മുന്നറിയിപ്പ് കിട്ടിയിട്ടും തെറ്റുചെയ്താല്‍ ശിക്ഷകിട്ടുന്നു.

CKLatheef പറഞ്ഞു...

ചര്‍ചകളുടെ ഗതി മുന്നോട്ട് തന്നെയാണ്. ഫൈസലും എം.എ ബക്കറും എം.ജെയും തങ്ങളുടെ പങ്ക് ക്രിയാത്മകമായി തന്നെ വിനിയോഗിച്ചിട്ടുണ്ട് നന്ദി. അപ്പൂട്ടനും നന്ദനക്കും വളരെ പക്വതയോടെ ഈ വിഷയത്തില്‍ ഇടപെട്ട്് അഭിപ്രായം പറയുന്നതിന് പ്രത്യേകം നന്ദി പറയുന്നു. വിധിവിശ്വാസം മനസ്സിലാക്കുന്നതില്‍ പിഴവ് സംഭവിച്ചാല്‍ നേരെ വിപരീത ഫലമാണ് ഉണ്ടാവുക. വിധിവിശ്വസം, ദൈവത്തിന്റെ അറിവ് ഇഛ തീരുമാനം എന്നിവ മനസ്സിലാക്കാന്‍ ഖുര്‍ആനിലെ ഏതെങ്കിലും ഒരു വചനമോ ഒരു നബി വചനമോ മാത്രം എടുത്ത് ചര്‍ച്ച ചെയ്യുമ്പോഴാണ് മനസ്സിലാക്കാന്‍ പ്രയാസം നേരിടുന്നത്. ഖുര്‍ആനിലെ ഒരു സൂക്തം മറ്റൊരു സൂക്തം കൊണ്ട് വിശദീകരിക്കപ്പെടുന്നു. പിന്നീട് പ്രവാചക വചനമാണ് അതിനെ വിശദീകരിക്കുക. ഇസ്്ലാമിലെ ഏതൊരു വിധിയിലും ഈ തത്വം പാലിക്കും. അപ്പൂട്ടന്‍ എടുത്ത് ചേര്‍ത്ത സൂക്തങ്ങളിലും അതേ സമീപനമാണ് സ്വീകരിക്കേണ്ടത് ബക്കര്‍ സൂചിപ്പിച്ച പോലെ അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമാണ് എന്ന സമാപന വാക്യം കൂടി അതില്‍ ഉള്‍പ്പെടുത്തണം.

അപ്പൂട്ടന്‍ വളരെ വ്യക്തമായി പറയുകയുണ്ടായി:

'രണ്ടാമത്തേതാണെങ്കിൽ ദൈവം സർവ്വജ്ഞനാവില്ല. ഞാൻ അടുത്ത നിമിഷം എന്ത്‌ ചെയ്യും എന്ന് ദൈവം അറിയുന്നില്ല. കാറോടിച്ച്‌ പോകുമ്പോൾ വഴിയിൽ കാണുന്ന പട്ടിയെ ഇടിക്കാതെ ഒഴിവാക്കി പോകുമോ അല്ല ഇടിച്ചിടുമോ എന്നത്‌ ഞാനാണ്‌ തീരുമാനിക്കുന്നത്‌, നടന്നതിനു ശേഷമേ (കുറഞ്ഞപക്ഷം ആ ചിന്ത എന്റെ മനസിൽ വേരിട്ടതിനു ശേഷമേ) ദൈവം അറിയുന്നുള്ളു.'

വിധിവിശ്വാസം അല്ലാഹുവിന്റെ വിജ്ഞാനത്തിന്റെയും യുക്തിയുടെയും ഭാഗമാണ്. ദൈവത്തിന്റെ പൂര്‍ണതയില്‍ പെട്ടതാണ്, അവന്റെ സൃഷ്ടികളെക്കുറിച്ച് ആദ്യവസാനം സൂക്ഷമമായി അറിയുക എന്നത്. അവന്റെ യുക്തിയുടെ പൂര്‍ണതയില്‍ പെട്ടതാണ്, ഈ സൃഷ്ടികളെല്ലാം മുന്‍കൂട്ടിയുള്ള ആസൂത്രണത്തിന്റയും തീരുമാനത്തിന്റെയും ഭാഗമാകുക എന്നത്.

ഇസ്ലാം വിശ്വാസികളില്‍ വളരെ ചെറിയ ഒരു വിഭാഗം മുന്‍കാലങ്ങളിലും സംഘടിസ്വഭാവത്തിലല്ലെങ്കിലും ഇപ്പോഴും ഈ വിഷയത്തില്‍ സംശയഗ്രസ്തരാണ്, എന്നത് മറക്കുന്നില്ല. എങ്കിലും ഭൂരിപക്ഷം ഇസ്ലാം വിശ്വാസികളും അതിനെ ശരിയായ രൂപത്തില്‍ തന്നെ മനസ്സിലാക്കിയിട്ടുണ്ട് എന്നാണ് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നത്. വിശ്വാസികളല്ലാത്തവര്‍ക്കും അതിനെ നിഷേധിക്കുന്നവര്‍ക്കും മനസ്സിലാക്കി കൊടുക്കാന്‍ അവര്‍ക്ക് കഴിയില്ലെങ്കിലും.

ഇത്രയും പൊതുവായി പറഞ്ഞ് അപ്പൂട്ടന്റെ സംശയങ്ങള്‍ പരിശോധിക്കാം.

CKLatheef പറഞ്ഞു...

ഹിറ്റ്‌ലറുടെ ചെയ്തികള്‍ ദൈവത്തിന് മുന്‍കൂട്ടി അറിയാമായിരുന്നു. ദൈവവിധിയനുസരിച്ചാണ് അത് സംഭവിച്ചത്. അതോടൊപ്പം താങ്കളെപ്പോലെ തന്നെ ഹിറ്റ്‌ലര്‍ക്കും സ്വന്തമായി തീരുമാനാധികാരം ഉണ്ടായിരുന്നു. അദ്ദേഹം ജൂതന്‍മാരെ കൂട്ടക്കൊല ചെയ്യാന്‍ തീരുമാനിച്ചു. (പക്ഷേ അദ്ദേഹം ഇഛിച്ചത് മുഴുവന്‍ സംഭവിച്ചുവോ എന്ന് അദ്ദേഹത്തിനെ അറിയൂ.) അദ്ദേഹത്തിന് അവരെ വെറുതെ വിടാമായിരുന്നു. എന്നാല്‍ അദ്ദേഹം തെരഞ്ഞെടുത്തത് തിന്‍മയാണ് അതിനാല്‍ ദൈവനിശ്ചയം അതായിരുന്നു എന്ന് പറഞ്ഞ് കുറ്റവിമുക്തനാകാനാവില്ല.

CKLatheef പറഞ്ഞു...

@Aputten
'ഞാൻ പിന്നീട്‌ ചെയ്യേണ്ടത്‌ ഒട്ടകം പോയി എന്ന് വിചാരിച്ച്‌ ദു:ഖിച്ചിരിക്കുകയോ അതാണ്‌ വിധി എന്നുപറഞ്ഞ്‌ മിണ്ടാതിരിക്കുകയോ അല്ല.'

ഇക്കാര്യത്തില്‍ താങ്കളെടുക്കുന്ന അതേ നിലപാടെടുക്കാന്‍ വിശ്വാസിയും ബാധ്യസ്തനാണ്. പക്ഷേ വിശ്വാസിക്ക് ലഭിക്കുന്ന ഒരു അമിത ഗുണമുണ്ട്. ഒട്ടകത്തെ (പശുവിനെ എന്നും ആകാം) എല്ലാ ശ്രമങ്ങള്‍ക്കും ശേഷം ലഭിക്കാതെ വന്നാല്‍ അത് ദൈവം തനിക്ക് വിധിച്ചതാണെന്നും ദൈവത്തിന്റെ ഒരു പരീക്ഷണമാണെന്നും അയാള്‍ വിശ്വസിക്കുന്നു. ഈ ചിന്ത അയാള്‍ക്ക് യുക്തിവാദിക്ക് ലഭിക്കാനിടയില്ലാത്ത സമാധാനവും ആശ്വാസവും നല്‍കും. കുടുതല്‍ മനസ്സിലാകാന്‍ വിധിവിശ്വാസത്തിന്റെ പ്രയോജനങ്ങള്‍ എന്ന പോസ്റ്റ് കാണുക.

CKLatheef പറഞ്ഞു...

ദൈവത്തിന്റെ ഉദ്ദേശ്യവും മുന്‍കൂട്ടിയുള്ള തീരുമാനവും അനുസരിച്ചാണ് ഇഹലോകത്ത് കാര്യങ്ങള്‍ നടക്കുന്നത്. എന്നത് ഇസ്‌ലാമിന്റെ പ്രാഥമിക പാഠമാണ്. ഇതിനെയാണ് വിധി എന്ന് പറയുന്നത്. നിങ്ങളുടെ ഉദ്ദേശ്യം പോലും ദൈവം ഉദ്ദേശിക്കുന്നതിനനുസരിച്ചാണ് എന്ന് പറയുമ്പോള്‍, സ്വാഭാവികമായും അങ്ങനെയെങ്കില്‍, എന്റെ ചിന്തകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ദൈവം മാത്രമല്ലേ ഉത്തരവാദി എന്ന സംശയം ന്യായമാണ്. അതിന് ഖുര്‍ആനില്‍ നിന്ന് ലഭിക്കുന്ന മറുപടി. മനുഷ്യന് നല്‍കപ്പെട്ട വിവേചന അധികാരത്തിനും
തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യത്തിന്നും
ദൈവത്തിന്റെ മുന്‍കൂട്ടിയുള്ള നിശ്ചയം ഭംഗം വരുത്തുന്നില്ല എന്നതാണ്. അത് നമ്മുടെ അനുഭവവുമാണ്. മനുഷ്യന്‍ അവന്റെ പ്രവര്‍ത്തനത്തിന് പൂര്‍ണ ഉത്തരവാദിയാണ്.
കൂടാതെ നാം മനസ്സിലാക്കേണ്ട മറ്റൊരു വ്‌സ്തുത, ഈ വിഷയത്തില്‍ നമ്മുക്ക് പൂര്‍ണമായി മനസ്സിലാക്കാന്‍ സാധിക്കാത്ത ഒരേയൊരു കാര്യവും ഇത് മാത്രമാണ്. ദൈവത്തിന്റെ ഇഛ, അധികാരം, കഴിവ്, പ്രവര്‍ത്തനശേഷി എന്നിവയെല്ലാം അതിഭൗതിക കാര്യങ്ങളില്‍ പെട്ടതാണ് ഇതൊക്കെ ഏറെ പരിമിതികളുള്ള മനുഷ്യന് ഊഹിച്ച് കണ്ടെത്തനാവില്ല. ദിവ്യവചനങ്ങളിലൂടെ വെളിപ്പെടുത്തിത്തന്ന കാര്യങ്ങളെ അവലംഭിച്ചാണ് നാം അവയെക്കുറിച്ച് ചര്‍ചചെയ്യുന്നത്.

മനുഷ്യന്‍ തന്റെ അവലക്ഷണം എന്ന് പറഞ്ഞ് ബാഹ്യലോകത്ത് കാരണങ്ങളന്വേഷിച്ച് പോകുന്നതുപോലും ഇസ്‌ലാം അനുവദിക്കുന്നില്ല. അവന്റെ ഭാഗ്യവും നിര്‍ഭാഗ്യവും അവനുമായിട്ട് തന്നെയാണ് ബന്ധപ്പെട്ടിരിക്കുന്നതെന്ന് ഖുര്‍ആന്‍ അര്‍ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കുന്നു:


ഓരോ മനുഷ്യന്റെയും ശകുനത്തെ നാം അവന്റെ കഴുത്തില്‍ ബന്ധിച്ചിട്ടുണ്ട്.* പുനരുത്ഥാനനാളില്‍ നാം അവനുവേണ്ടി ഒരു രേഖ പുറപ്പെടുവിക്കും. അത് ഒരു തുറന്ന പുസ്തകം പോലെ അവന്‍ കാണും-വായിക്കുക! നിന്റെയീ കര്‍മരേഖ. ഇന്നു നിന്റെ കണക്കുനോക്കുന്നതിന് നീ തന്നെ മതി. (17:13-14)

* 'ഓരോ മനുഷ്യന്റെയും ഭാഗ്യവും ദൗര്‍ഭാഗ്യവും, നല്ലതോ തിയ്യതോ ആയ പര്യവസാനത്തിന്റെ നിമിത്തങ്ങളും യഥാര്‍ഥത്തില്‍ അവനില്‍ തന്നെയാണ് നിലകൊള്ളുന്നത്. തന്റെ സ്വഭാവഗുണങ്ങള്‍, നടപടിക്രമങ്ങള്‍, വിവേചനശക്തി, തീരുമാന ശക്തി എന്നിവയുടെ ഉപയോഗത്തിലൂടെ ഓരോരുത്തരും സ്വയം തന്നെയാണ് തങ്ങളെ സൗഭാഗ്യത്തിനും ദൗര്‍ഭാഗ്യത്തിനും അര്‍ഹരാക്കുന്നത്. അറിവില്ലാത്ത ആളുകള്‍ തങ്ങളുടെ ശകുനത്തേയും ഭാഗധേയത്തേയും ബാഹ്യലോകത്തേക്ക് വലിച്ചുനീട്ടുകയും തങ്ങളുടെ ദൗര്‍ഭാഗ്യത്തിന്റെ ഉത്തരവാദിത്വം ബാഹ്യകാരണങ്ങളില്‍ കെട്ടിവെക്കുകയും ചെയ്യുന്നു. വാസ്തവമാകട്ടെ അവരുടെ നന്‍മ തിന്‍മകളുടെ വിധി അവരുടെ തന്നെ കഴുത്തില്‍ ബന്ധിക്കപ്പെട്ടിരിക്കയാണ്. അവിടെ നോക്കിയാല്‍ അവരെ കാണാം. ഏതെല്ലാം കാര്യങ്ങളാണ് അവനെ ദുര്‍മാര്‍ഗത്തിന്റെയും നാശത്തിന്റെയും വഴിയിലേക്ക് നയിക്കുകയും അവസാനം പരാജിതനും നഷ്ടപ്പെട്ടവനുമാക്കി മാറ്റുകയും ചെയ്തതെന്ന്. അതെല്ലാം വാസ്തവത്തില്‍ അവന്റെ സ്വന്തം ഗുണങ്ങളും തെറ്റായ തീരുമാനങ്ങളും തന്നെയായിരുന്നു. പുറമെ നിന്നു വന്ന് ഒരു ശക്തിയും അവന്റെ മേല്‍ ആധിപത്യം ചെലുത്തുകയും നിര്‍ബന്ധിക്കുകയും ചെയ്തിട്ടില്ല.' (തഫ്ഹീമുല്‍ ഖുര്‍ആന്‍)

നമ്മുടെ ഈ വിഷയകമായ ചര്‍ച ഏറെക്കുറെ സമാപനത്തിലേക്ക് നീങ്ങുകയാണ്. പ്രിയ അപ്പൂട്ടന്‍ നിങ്ങള്‍ മറുപടി ആവശ്യപ്പെട്ട നാല് കാര്യങ്ങളില്‍ ഞങ്ങളിത്രയും എഴുതി കഴിഞ്ഞിട്ട് ഏതാണ് ബാക്കിയാവുന്നത് എന്നറിയിക്കുമല്ലോ. പൗരാണിക കാലം മുതല്‍ക്കേ വിശ്വസിക്കാന്‍ മനസ്സില്ലാത്തവര്‍ അവതരിപ്പിക്കുന്ന ന്യായവാദമാണ് ദൈവേഛയുമായി ബന്ധപ്പെട്ടത് ഖുര്‍ആന്‍ അതൊരിക്കലും ഒരൊഴിവുകഴിവായി എടുത്തിട്ടില്ല. അത് അത് പറയുന്നവര്‍ക്കുകൂടി ബോധിക്കാത്ത ഒരു കാര്യമാണ് എന്നതത്രേ വസ്തുത. അതുകൊണ്ടാണ് പരലോകത്ത് അവരുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവര്‍ക്ക് തന്നെ ബോധ്യപ്പെടും എന്ന് മേല്‍ സൂക്തത്തിന്റെ അവസാനത്തില്‍ സൂചിപ്പിച്ചത്. ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടേ.

നന്ദന പറഞ്ഞു...

ലതീഫ്‌ ഞാന്‍ ആദ്യമേ പറഞ്ഞല്ലോ ഇങ്ങനെയുള്ള കാര്യങ്ങള്‍ പറഞ്ഞ് അവസാനിപ്പിക്കരുത്‌
"പൗരാണിക കാലം മുതല്‍ക്കേ വിശ്വസിക്കാന്‍ മനസ്സില്ലാത്തവര്‍ അവതരിപ്പിക്കുന്ന ന്യായവാദമാണ് ദൈവേഛയുമായി ബന്ധപ്പെട്ടത് ഖുര്‍ആന്‍ അതൊരിക്കലും ഒരൊഴിവുകഴിവായി എടുത്തിട്ടില്ല. അത് അത് പറയുന്നവര്‍ക്കുകൂടി ബോധിക്കാത്ത ഒരു കാര്യമാണ് എന്നതത്രേ വസ്തുത. "
നമു‌ടെ ഉദ്ദേശത്തില്‍ ദൈവത്തിനു പങ്കുണ്ടോ ?.
ആയിഷയും അലിയും തമ്മിലുള്ള യുദ്ധത്തില്‍ ദൈവത്തിന്‍റെ പങ്ക്കെന്ത് ? രണ്ടുപേരും സത്യവിശ്വാസികള്‍ ? അവരുടെ ഉദ്ദേശത്തില്‍ ദൈവത്തിനു പങ്കുണ്ടോ ?

നന്ദന പറഞ്ഞു...

ഇവിടെ മനുഷ്യന് വിവേചന അധികാരം കൊടുത്തു എന്ന് പറയുന്നു . ഞാന്‍ ഒരാളെ കൊല്ലാന്‍ വിചാരിക്കുന്നു അതില്‍ ദൈവത്തിന്‍റെ അറിവുണ്ട് ഉദ്ദേശമുണ്ട് ?ഞാന്‍ അത് ചെയ്താലും ചെയ്തില്ലന്കിലും ദൈവത്തിന്‍റെ വിധി ? അപ്പോള്‍ ഞാന്‍ ചെയ്‌താല്‍ ദൈവത്തിന്‍റെ തീരുമാനപ്രകാരമാണ് ഞാന്‍ ചെയ്യുന്നത്. പക്ഷെ ഞാന്‍ ശിക്ഷിക്കപ്പെടും. അപ്പോള്‍ എനിക്ക് എവിടെ വിവേചന അധികാരം ? ദൈവത്തിന്‍റെ ഉദ്ദേശമായിരുന്നു അത് .അത്കൊണ്ടാനെല്ലോ അത് നടപ്പായത് ? നല്ലതും ചീത്തയും ദൈവത്തിന്‍റെ ഉദ്ദേശത്തില്‍ നിന്നാണോ? അതല്ല നന്മ മാത്രമോ?
അലി ഒരിക്കല്‍ പറഞ്ഞ് സുബഹി നമസ്ക്കരിക്കാന്‍ പറഞ്ഞപ്പോള്‍ ദൈവം ഉദ്ദേശിച്ചാല്‍ ചെയ്യുമെന്ന് ?

CKLatheef പറഞ്ഞു...

പ്രിയ നന്ദന..

താങ്കളില്‍ തുടക്കം മുതല്‍ ഞാന്‍ ശ്രദ്ധിച്ച കാര്യം ഈ വിഷയത്തില്‍ രണ്ടടി മുന്നോട്ട് വെച്ച് നാലടി പിന്നോട്ടു പോകുന്നു എന്നതാണ്. നാം ഇതുവരെ പറഞ്ഞതില്‍ നിന്ന് താങ്കള്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് സ്വയം ഉത്തരം കണ്ടെത്താമായിരുന്നു. അതിനാവശ്യമായ തെളിവുകളും സൂചനകളും ഇത് വരെ നാം പറഞ്ഞ് കഴിഞ്ഞിട്ടുണ്ട്. ഈ വിഷയത്തില്‍ നമ്മുടെ പരിമിതിയും ഞാന്‍ സൂചിപ്പിക്കുകയുണ്ടായി അത് ഒന്നുകൂടി പറയാം. ദൈവത്തിന്റെ ഇഛയും വിധിയും മനുഷ്യന്റെ തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യത്തെ എങ്ങനെ ബാധിക്കുന്നു എന്നത് പൂര്‍ണമായി നമ്മുക്കറിവില്ല. അതോടൊപ്പം നാം നമ്മുടെ അനുഭവം, പ്രവാചക നിയോഗം, അത് പിന്‍പറ്റാനുള്ള കല്‍പന എന്നിവയില്‍ നിന്നും ദൈവേഛ നമ്മുടെ ഇഛയെയോ പ്രവര്‍ത്തനത്തെയോ ഭാഗികമായി മാത്രമേ സ്വാധീനിക്കുന്നുള്ളു. എന്ന് വെച്ചാല്‍ നാം ഉദ്ദേശിച്ചതില്‍ നിന്ന് നമ്മുക്ക് ചെയ്യാന്‍ സാധിക്കും. എന്നാല്‍ നാം ഉദ്ദേശിച്ചതുകൊണ്ടുമാത്രം ചെയ്യാന്‍ സാധിച്ചുകൊള്ളണം എന്നില്ല. അതില്‍ ദൈവം പ്രതിഫലം നല്‍കുന്നതും ശിക്ഷിക്കുന്നതും നമ്മുക്ക് സാധ്യമായ സ്വാതന്ത്ര്യം എന്തിന് ഉപയോഗിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ്. അലി(റ), ആയിശ(റ) പ്രശ്‌നം തീര്‍ത്തും അഭികാമ്യമായ ഒന്നായിരുന്നില്ല. എന്നാല്‍ അവരിരുപര്‍ക്കും നിയന്ത്രണത്തിന് പുറത്തുള്ള ചിലകാര്യങ്ങളാണ് പ്രസ്തുത സംഭവത്തിലേക്ക് നയിച്ചത് എന്നാണ്. അതുകൊണ്ടുതന്നെ അവര്‍ ആ പ്രശ്‌നത്തില്‍ കുറ്റക്കാരാണെന്ന് ഞാന്‍ കരുതുന്നില്ല. കുടുതല്‍ അറിയുക ദൈവത്തിനാണ്.

CKLatheef പറഞ്ഞു...

@nandana

നന്ദന ആദ്യം മുതലേ ഇത്തരം ചില ചോദ്യങ്ങള്‍ മനസ്സില്‍ വെച്ചാണ് നമ്മെതുടരുന്നതെന്ന് എനിക്ക് തോന്നിയിരുന്നു. ആദ്യമായി താങ്കള്‍ ചെയ്യേണ്ടത് പോസ്റ്റു അതോടൊപ്പമുള്ള അഭിപ്രായങ്ങളും മറുപടികളും ശ്രദ്ധിച്ച് ഒരു പ്രാവശ്യം കൂടി വായിക്കുക. അലി ഒരിക്കള്‍ പറഞ്ഞു... ദൈവം ഉദ്ദേശിച്ചാല്‍ ചെയ്യുമെന്ന്. ഇതിലെന്താണ് ഇത്ര അത്ഭുതം നന്ദന. ഒരോ വിശ്വാസിയും ചെയ്യാനുള്ള കാര്യത്തോട് ബന്ധപ്പെടുത്തി അതുതന്നെയാണ് പറയുക. താങ്കള്‍ കൊലചെയ്താലും (അത് സംഭവിക്കാതിരിക്കട്ടേ. അതിന് മുമ്പ് ദൈവം താങ്കള്‍ക്ക് സത്യം കണ്ടത്താനും അത് പിന്തുടരാനും ഉതവിനല്‍കുമാറാകട്ടേ - ഇത് ഓ.ടോ അല്ല) അതിലും ചെറിയ തിന്‍മ ചെയ്താലും താങ്കള്‍ ദൈവം പൊറുത്തുതന്നില്ലെങ്കില്‍ ശിക്ഷിക്കപ്പെടും. താങ്കള്‍ക്ക് അത് ഉദ്ദേശപൂര്‍വം നിര്‍വഹിക്കാനും നിര്‍വഹിക്കാതിരിക്കാനുമുള്ള ശക്തിയും കഴിവും നല്‍കപ്പെട്ടിരിക്കുന്നു. ദൈവത്തിന്റെ ഇഛയെന്തെന്ന് ചിന്തിച്ച് ഇത്തരം ന്യായവാദങ്ങള്‍ ഉന്നയിക്കാന്‍ താങ്കള്‍ കല്‍പ്പിക്കപ്പെട്ടിട്ടില്ല എന്നത് തന്നെ കാരണം. നിങ്ങള്‍ക്ക് വിവേചനാധികാരമില്ലെന്നാണോ നിങ്ങള്‍ വാദിക്കുന്നത്. അങ്ങനെയുള്ളവര്‍ ഇസ്‌ലാമിന്റെ കാഴചപ്പാടില്‍ ഭ്രാന്തന്‍മാരാണ്. അവര്‍ തങ്ങളുടെ കര്‍മങ്ങള്‍ക്ക് ഉത്തരവാദിയായിരിക്കുന്നതല്ല. അവര്‍ ശിക്ഷിക്കപ്പെടുകയുമില്ല. നന്‍മ നേരുന്നു...

ചിന്തകന്‍ പറഞ്ഞു...

ചര്‍ച്ച മുന്നോട്ട് നീങ്ങുന്നില്ലല്ലോ...

ഇപ്പോഴും പഴയ സ്ഥലത്ത് തന്നെ.

നന്ദന പറയാന്‍ ശ്രമിക്കുന്നത് ഇതാണെന്ന് തോന്നുന്നു.

എല്ലാം ദൈവത്തിന്റെ മുന്‍ കൂട്ടിയുള്ള തീരുമാനങ്ങള്‍ക്കനുസരിച്ചാണ് നടക്കുന്നതെങ്കില്‍ പിന്നെ രക്ഷാ ശിക്ഷകളുടെ അടിസ്ഥാനമെന്ത്? യുദ്ധവും മരണവും ആക്രമവും,കുറ്റകൃത്യങ്ങളും എല്ലാം നടക്കുന്നത് ദൈവത്തിന്റെ അറിവോടും തീരുമാനത്തോടും കൂടി തന്നെ. എത്ര ഉദാഹരണങ്ങള്‍ പറഞ്ഞാലും അടിസ്ഥാന പരമായ പ്രശ്നം ഇത് തന്നെ. നന്ദനക്കും അപ്പൂട്ടനും എല്ലാം ഉത്തരം ലഭിക്കാത്തതും ഇവിടെ തന്നെ.

ഇവിടെയാണ് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയിരിക്കുന്നത്. ലത്തീഫ് പറയാന്‍ ശ്രമിച്ചതും ഖുര്‍ ആന്‍ വ്യക്തമാക്കിയതും ഇതാണ്. വ്യക്തമായ രണ്ട് വഴികള്‍ ദൈവം കാണിച്ച് തന്നിരിക്കെ പിന്നെ മറ്റുവാദങ്ങള്‍ക്കൊന്നും പ്രസക്തിയില്ലാതാവുന്നു. അതിലെ ചോയ്സ് നമ്മുടെതാണ്. “സ്വയം നന്നാവണമെന്ന് ഒരാള്‍ വിചാരിക്കുന്നത് വരെ ആരെയും ദൈവം സന്മാര്‍ഗ്ഗത്തിലാക്കാനും പോകുന്നില്ല”. ഒരാള്‍ ഏത് വഴിക്കാണോ സഞ്ചരിക്കുന്നത് ആ വഴി അവര്‍ക്ക് ദൈവം എളുപ്പമാക്കികൊടുക്കും.തെറ്റിലേക്ക് നടക്കാന്‍ ആഗ്രഹിക്കുന്ന ഒരാളെ അല്ലാഹു നേര്‍മാര്‍ഗത്തിലാക്കാന്‍ പോകുന്നില്ല. ഒരാള്‍ നന്നാവണെമെന്ന് സ്വയം തീരുമാനിക്കുകയും ആ തീരുമാനത്തില്‍ ദൈവ സഹായം ഉണ്ടാവുകയും ചെയ്യുമ്പോള്‍ മാത്രമാണ് ഒരാള്‍ സന്മാര്‍ഗത്തിലാവുന്നത്.

പ്രപഞ്ചിക വ്യവസ്ഥ ചലിക്കുന്നത് ദൈവത്തിന്റെ ചില വ്യക്തമായ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ്. ആ നിയമത്തിന്റെ ഒരു ഭാഗം മാത്രമാണ് ദൈവേച്ഛയും മനുഷ്യേച്ഛയും തമ്മിലുള്ള ബന്ധം.

(ദൈവ വിശ്വാസികള്‍ അല്ലാത്തവര്‍ പ്രകൃതി വിധിയില്‍ വിശ്വസിക്കേണ്ടിവരും. പ്രകൃതിയില്‍ എല്ലാം തന്നെ ഓരോ വിധിക്ക് വിധേയമാണ്. എന്ന് വെച്ചാല്‍ ഏതോ ഒരു വ്യവസ്ഥയുടെ ഭാഗമായോ/അല്ലാതെയോ എല്ലാം സംഭവിക്കുന്നു. സമാധാനത്തിന് ഒരു വകയുമില്ല.)വിധി വിശ്വാസം ഭൌതിക വാദത്തിലും ഇസ് ലാമിലും==>
വിശദമായ പോസ്റ്റ് ഇവിടെ വായിക്കാം



നാം നമ്മുടെ ഭാഗത്ത് നിന്ന് ചിന്തിക്കുന്നതിന് പകരം ദൈവത്തിന്റെ ഭാഗത്ത് നിന്ന് ചിന്തിക്കാന്‍ ശ്രമിക്കുന്നു. നമ്മുടെ ഭാഗത്ത് നിന്ന് തീരുമാനങ്ങളെടുക്കാനുള്ള സ്വതന്ത്ര്യം നമുക്കുണ്ടെന്നതിന് വേറെ ഒരാളോടും തെളിവ് ചോദിച്ച് പോകേണ്ട കാര്യമില്ല. തീരുമാനിക്കുന്ന എല്ലാ കാര്യങ്ങളും നടക്കാറില്ലെന്നും നമുക്ക് വ്യക്തമായറിയാം.
നന്നാവണോ ചീത്തയാവണോ എന്ന് തീരുമാനിക്കുന്നതും നാം തന്നെയാണ്.

അപ്പൂട്ടൻ പറഞ്ഞു...

ലതീഫ്‌, ഫൈസൽ, ബക്കർ, MJ, ചിന്തകൻ.....
ഒരുപക്ഷെ ഈ പോസ്റ്റിലെ എന്റെ അവസാനത്തെ കമന്റ്‌ ആയിരിക്കാം ഇത്‌, അറിയില്ല.

എന്റെ ചോദ്യത്തിന്‌ വ്യക്തമായ ഒരു ഉത്തരം കിട്ടുമോ എന്നെനിക്ക്‌ തുടക്കത്തിൽ തന്നെ ഉറപ്പില്ലായിരുന്നു. ഇതേ ചോദ്യം പലരിൽ നിന്നും ഉത്തരം കിട്ടാതെ പോയിട്ടുണ്ട്‌, മുസ്ലീങ്ങളടക്കം അതിൽ പെടും. അവരൊക്കെ വലിയ പണ്ഡിതരാണെന്നു പറയുന്നില്ല, പക്ഷെ വിധിവിശ്വാസത്തെക്കുറിച്ച്‌ സമാന വിശ്വാസം പുലർത്തുന്നവർ തന്നെയാണ്‌. ഈ വിശ്വാസത്തെക്കുറിച്ച്‌ പൂർണ്ണമായും ഞാൻ അജ്ഞനല്ല. പരമാവധി വിശ്വാസത്തെ ഹനിക്കാത്തരീതിയിൽ കൊണ്ടുപോകണമെന്നേ ഞാൻ കരുതിയുള്ളു.

നമ്പറിട്ട്‌ ചോദ്യം ചോദിച്ചത്‌ ഉത്തരം പറയാൻ എളുപ്പത്തിനു വേണ്ടിത്തന്നെയാണ്‌. ഒരുപാട്‌ അങ്ങോട്ടും ഇങ്ങോട്ടും പോകാതെ ഉത്തരം പറയാൻ ഇത്‌ സഹായിക്കും എന്നാണ്‌ ഞാൻ പ്രതീക്ഷിച്ചത്‌. Not sure whether this really worked out.

പ്രവൃത്തിയുടെ ഫലമാണോ അതോ പ്രവൃത്തിയും അതിന്റെ ഫലവും കൂടിയാണോ ദൈവം നിയന്ത്രിക്കുന്നത്‌ എന്നായിരുന്നു ഞാൻ ചോദിച്ചതിന്റെ കാതൽ. അറിയുന്നതും നിയന്ത്രിക്കുന്നതും തമ്മിൽ കാതലായ വ്യത്യാസമുണ്ട്‌. അത്‌ വ്യക്തമാക്കാൻ വേണ്ടികൂടിയാണ്‌ ഞാൻ നമ്പറിട്ട്‌ ചോദിച്ചത്‌. പ്രവൃത്തി കൂടി നിയന്ത്രിക്കുന്നുണ്ട്‌ എന്ന് സൂചിപ്പിക്കുന്ന ഖുർആൻ വചനങ്ങൾ ഉണ്ട്‌ എന്നതുകൂടി ഇവിടെ പറയട്ടെ. കൂടാതെ ദൈവത്തിന്റെ അനുമതിയില്ലാതെ ആർക്കും പ്രവർത്തിക്കാനാവില്ല എന്നും ഇവിടെ പലരും പറയുകയുണ്ടായി. അതിനാൽ തന്നെ ഏതൊരു കാര്യത്തിനും ദൈവത്തിന്റെ നിയന്ത്രണം ഉണ്ട്‌ എന്നാണ്‌ ഞാൻ മനസിലാക്കുന്നത്‌. (ഇച്ഛയും ഒരു പ്രവൃത്തിയാണെന്നത്‌ - മനസിന്റെ പ്രവൃത്തി - ഇവിടെ പ്രത്യേകം പറയട്ടെ)

ഹിറ്റ്ലറുടെ കാര്യം തന്നെയെടുക്കാം. അദ്ദേഹം എന്തുചെയ്യും എന്നത്‌ ദൈവത്തിനറിയാമായിരുന്നു എന്ന് ഇവിടെ പറഞ്ഞു. ദൈവത്തിന്റെ നിയന്ത്രണം ഉണ്ടെന്ന് വ്യാഖ്യാനമുണ്ടെങ്കിൽ തീർച്ചയായും ഹിറ്റ്ലറുടെ പ്രവൃത്തി ദൈവനിശ്ചയമാണ്‌. ഹിറ്റ്ലർക്ക്‌ കുറഞ്ഞത്‌ രണ്ട്‌ ചോയ്സ്‌ ഉണ്ടെന്നത്‌ സമ്മതിക്കാം, പക്ഷെ ദൈവനിശ്ചയം എപ്രകാരമോ അതുപോലെമാത്രമേ അദ്ദേഹത്തിന്‌ പ്രവർത്തിക്കാനാവൂ. ഹിറ്റ്ലർക്ക്‌ നല്ലവഴി തിരഞ്ഞെടുക്കാമായിരുന്നു എന്നത്‌ ശരി തന്നെ, പക്ഷെ രണ്ടുവഴികളിൽ ഏത്‌ തിരഞ്ഞെടുക്കും എന്നത്‌ നിശ്ചയിക്കപ്പെട്ടു കഴിഞ്ഞതിനാൽ അദ്ദേഹം രണ്ടാമത്തെ വഴി തിരഞ്ഞെടുക്കും എന്നത്‌ അസംഭാവ്യമാണ്‌.

ചുരുക്കിപ്പറഞ്ഞാൽ, നമ്മുടെ മുൻപിൽ രണ്ടുവഴികളുണ്ട്‌, ഞാൻ ഏത്‌ തിരഞ്ഞെടുക്കും എന്നത്‌ നേരത്തെ നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണ്‌. പക്ഷെ രണ്ടുവഴികളുണ്ട്‌ എന്നത്‌ എന്നെ അറിയിക്കുക മാത്രമാണ്‌ ദൈവം അവിടെ ചെയ്യുന്നത്‌. ഞാൻ രണ്ടാമത്തെ വഴിയെക്കുറിച്ച്‌ ബോധവാനാണെങ്കിലും ഞാനത്‌ തിരഞ്ഞെടുക്കില്ല എന്നതാണ്‌ ദൈവനിശ്ചയം.

അപ്പോൾ ഫ്രീവിൽ എന്നത്‌ എന്റെ ഒരു തോന്നൽ മാത്രമായി വരും. ഒരു മായ. പിന്നീടൊരിക്കൽ നഷ്ടപ്പെടുത്തിയ ചാൻസ്‌ ഓർക്കാനായി മാത്രം ഒരു ഓപ്‌ഷൻ.

ഇതിലാരാണ്‌ ഉത്തരവാദി എന്നൊന്നും ഞാൻ ചോദിക്കുന്നില്ല. അത്‌ എന്റെ ഉദ്ദേശ്യവുമല്ല. ഞാനിതുവരെ പറഞ്ഞതിൽ യുക്തിപരമായി എന്തെങ്കിലും ശരിയുണ്ടെങ്കിൽ അംഗീകരിക്കാം, അത്രമാത്രം.

ഹിന്ദുവിശ്വാസങ്ങളിൽ ചിലയിടത്തെങ്കിലും കർമ്മത്തിനനുസരിച്ച്‌ ഫലം എന്നത്‌ കണ്ടിട്ടുണ്ട്‌. വെറും നൂൽപ്പാവകളാകാതെ കർമ്മം ചെയ്യുന്നതിനനുസരിച്ച്‌ ഫലം സിദ്ധിക്കുന്ന അവസ്ഥ.
താൻതാൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻതാൻ അനുഭവിച്ചീടുകെന്നേ വരൂ എന്ന് അമ്മ ചൊല്ലുന്നത്‌ കേട്ടിട്ടുണ്ട്‌. അധർമ്മം വർദ്ധിക്കുമ്പോൾ ധർമ്മസംസ്ഥാപനത്തിനായി അവതാരങ്ങൾ വരും എന്നതും ഈയൊരു ബാലൻസിങ്ങിന്റെ ഭാഗമായിരിക്കാം.

ദൈവത്തിൽ വിശ്വസിക്കാത്തവർ ദൈവത്തിന്റെ ഒരു ഗുണത്തിൽ സംവാദം നടത്തുന്നതിൽ എന്തർത്ഥം എന്നും ഇവിടെ എഴുതിക്കണ്ടു. താങ്കളുടെ ബ്ലോഗിന്റെ പേരുതന്നെ യുക്തിവാദികളും വിശ്വാസികളും എന്നാണല്ലൊ. ദൈവവിശ്വാസത്തിന്റെ ഭാഗത്തുനിന്ന് താങ്കൾ പറയുക, അതില്ലാതെ എന്നെപ്പോലൊരാൾ തന്റെ ഭാഗം പറയുക എന്നതാണ്‌ താങ്കൾ ഇതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ എന്നാണ്‌ ഞാൻ മനസിലാക്കിയത്‌. ദൈവത്തിന്റെ ഗുണത്തെ തള്ളിപ്പറഞ്ഞല്ല ഞാനിതുവരെ സംസാരിച്ചതെന്നും ഞാൻ വിശ്വസിക്കുന്നു. എന്നിട്ടും ആ സംവാദത്തിൽ അർത്ഥമില്ല എന്നാണ്‌ താങ്കൾക്ക്‌ തോന്നുന്നതെങ്കിൽ പറയുമല്ലൊ.

ആശംസകൾ.

നന്ദന പറഞ്ഞു...

ലതീഫ്‌ ക്ഷമിക്കണം ..സമയക്കുരവുണ്ട്
എന്‍റെ ദൈവ വിശ്വാസം ..
ഞാന്‍ ശക്തമായി തന്നെ ഒരു ദൈവത്തില്‍ വിശ്വസിക്കുന്നു ..ഈ അണ്ടകടാഹം ..അനേകം ഗാലക്സികള്‍ ..നമ്മുടെ സങ്കല്പ്പങ്ങല്‍ക്കുമപ്പുരം ..ചെറുതും വലുതുമായ കോടന് കോടി ജീവികളും ..മറ്റും മറ്റും ..ഇതിന്‍റെ നാഥന്‍ ..ഒരു മഹാ ശക്തി ..അതിനെ പൂര്‍ണാര്‍ത്ഥത്തില്‍ വിശേഷിപ്പിക്കാന്‍ നമുക്ക് കഴിയില്ല ..വാക്കുകളില്ല അത് നമ്മുടെയൊക്കെ സങ്കല്‍പ്പങ്ങള്‍ക്കും എത്രയോകോടി അകലെയാണ് .നമുക്ക്‌ ഒരിക്കലും അതിന്റെ വിശേഷനങളില്‍ പോലും എത്താന്‍ കഴിയില്ല ...കരുണ, കാരുണ്യം ,സ്നേഹം അങ്ങിനെയുള്ള വാക്കുകളൊന്നും ആ ശക്തിക്ക് ചാര്‍ത്താന്‍ കഴിയില്ല .പ്രവാചകന്മാരെ അയക്കുക ..സന്മാര്‍ഗത്തിലക്കുക അനുസരിചില്ലെന്കില്‍ ശിക്ഷിക്കുക , വിധിക്കുക ..ഉദ്ദേശത്തിനു കടിഞ്ഞാണിടുക ..പ്രവര്‍ത്തിയില്‍ പൂരണ സ്വാതന്ത്ര്യം കൊടുക്കുക ..ഇതൊന്നും ആ ശക്തിക്ക്‌ യോചിച്ച പ്രവര്‍ത്തികളല്ല .. ഇങ്ങനയൊക്കെ ദൈവത്തിനു ചാര്‍ത്തുമ്പോള്‍ നമ്മള്‍ ദൈവത്തെ ആ മഹാ ശക്തിയെ വല്ലാതെ ചെറുതാക്കുന്നു .നമ്മള്‍ നമ്മുടെ അറിവുവെച്ച് ഒരു യജമാനന്‍ ആക്കുന്നു .ഇത് തീര്‍ത്തും തെറ്റാണു .നാം ദൈവത്തെ കുറിച്ച് ഒന്നും പഠിച്ചിട്ടില്ല .പഠിക്കാന്‍ കഴിയില്ല . ഇപ്പോള്‍ മനസ്സിലായെല്ലോ ഞാന്‍ ദൈവ വിശ്വാസിയാണെന്ന് ..നിങ്ങളുടെ ഒരു ഘട്ടം കഴിഞ്ഞു .

ചിന്തകന്‍ പറഞ്ഞു...

[പ്രവാചകന്മാരെ അയക്കുക ..സന്മാര്‍ഗത്തിലക്കുക അനുസരിചില്ലെന്കില്‍ ശിക്ഷിക്കുക , വിധിക്കുക ..ഉദ്ദേശത്തിനു കടിഞ്ഞാണിടുക ..പ്രവര്‍ത്തിയില്‍ പൂരണ സ്വാതന്ത്ര്യം കൊടുക്കുക ..ഇതൊന്നും ആ ശക്തിക്ക്‌ യോചിച്ച പ്രവര്‍ത്തികളല്ല .]

നന്ദനപറഞ്ഞതനുസരിച്ച് , പ്രവാചകന്‍ മാരെ അയക്കാത്ത രക്ഷാ ശിക്ഷകള്‍ വിധിക്കാത്ത നീതി നടപ്പാക്കാത്ത, മനുഷ്യരുടെ യാതൊരു കാര്യത്തിലുമിടപെടാത്തവനാണ് ദൈവം..

ദൈവത്തിന് ഇന്ന പ്രവര്‍ത്തികളെ‍ ഉചിതമാകൂ എന്നും ഇന്ന പ്രവൃത്തികള്‍ ഉചിതമാവില്ല എന്നും തീരുമാനിക്കാന്‍ നന്ദന ഉപയോഗിക്കുന്ന മാനദണ്ഡം ഒന്ന് വ്യക്തമാക്കാമോ?

നന്ദന പറഞ്ഞു...

ഇപ്പോള്‍ അപ്പുട്ടന്‍ നല്‍കിയ വരികള്‍ നല്ലവണ്ണം മസ്സമാധനത്തോടെ വായിക്കുക ..ഇത് തന്നെയാണ് ഞാനും പറഞ്ഞത് . ലതീഫ്‌ ഒരുപ്രയാസവും തോന്നരുത്‌ ..ഞാന്‍ മുന്‍പ്‌ പറഞ്ഞത് പോലെ ഈ അന്ടകടാഹത്തിന്റെ പിന്നിലെ ശക്തിയെകുരിച്ച് , കഴിവിനെ കുറിച്ച് വെറും നൈമിഷികമായ ആയുസ്സോ ബുദ്ധിയോ കൊണ്ട് നിര്‍വചിക്കാന്‍, അളക്കാന്‍ കഴിയില്ല .അത് അത്രയും മഹത്തരമാണ് .നമ്മള്‍ നമ്മുടെ വളരെ ചെറിയ ബുദ്ധി ഉപയോഗിച്ച ഒരു നിഗമനത്തില്‍ എത്തും. നമ്മെക്കാള്‍ ബുദ്ധിയുള്ള ഒരാള്‍ വരുമ്പോള്‍ അത് തെറ്റാണെന്നു പറയും.
ലോകത്ത് ഇന്നുവരെ സംഭവിച്ചതും സംബവിച്ചുകൊണ്ടിരിക്കുന്നതും അതാണ് ലതീഫ്‌. അവസാനമായി ...നിങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ

V.B.Rajan പറഞ്ഞു...

പോസ്റ്റും കമന്റുകളും വായിച്ചു. പക്ഷേ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി ഉണ്ടായിട്ടില്ല. മനുഷ്യന്‍ അവന്റെ മാര്‍ഗ്ഗം തെരഞ്ഞെടുക്കുന്നത് അവന്റെ സ്വയം നിര്‍ണ്ണയ അവകാശം ഉപയോഗിച്ചാണ് എന്നതാണ് ഏകദേശ ധാരണ. ഈ സ്വയം നിര്‍ണ്ണയ അവകാശം അവനു കൊടുത്തത് ദൈവം തന്നെയാണ്. ഒരു മനുഷ്യന്‍ തെറ്റു ചെയ്യുന്നെങ്കില്‍ അതിന്റെ ഉത്തരവദിത്വം അവന് സ്വയം നിര്‍ണ്ണയ അവകാശം കൊടുത്ത ദൈവത്തിലല്ലേ ഉള്ളത്? ഉദാഹരണത്തിന് തീജ്വലയില്‍ തൊടാന്‍ ശ്രമിക്കുന്ന കുട്ടിയെ തടയാതെ അതിന് അനുവദിക്കുന്ന മാതാപിതാക്കളല്ലെ തെറ്റുകാര്‍.

മറ്റൊന്നു കൂടി. തെറ്റു ചെയ്യുന്നവരെ ദൈവം മരണ ശേഷം ശിക്ഷിക്കുമെങ്കില്‍ മനുഷ്യന്‍ ഉണ്ടാക്കിയ നീതിന്യായ വ്യവസ്തകള്‍ക്ക് എന്താണ് പ്രസക്തി. ഇസ്ലാം ഭരണം നടക്കുന്ന രാജ്യങ്ങളില്‍ പോലും കുറ്റവാളികളെ ഭരണകൂടം തന്നെ പൊതുസ്ഥലത്ത് വച്ച് ശിക്ഷിക്കുന്നതായി കാണാം. ഇതിനു കാരണം ദൈവശിക്ഷയില്‍ ഭരണകൂടത്തിനു വിശ്വാസമില്ലത്തതിനാലോണോ?

M.A Bakar പറഞ്ഞു...

വന്ന് വന്ന് ചര്‍ച്ച മനസ്സിലാക്കുന്ന രീതി ബാലിശമായി പോക്കുന്നല്ലോ എന്ന് തോന്നുന്നു.

അവസാനം മനുഷ്യനെ സൃഷ്ടിച്ചതു പോലും ദൈവത്തിണ്റ്റെ ഒരു തെറ്റായി തീരുന്നതു പോലെ തോന്നുന്നു ചില കമണ്റ്റുകള്‍..

CKLatheef പറഞ്ഞു...

അതെ ബക്കര്‍ ഞാന്‍ യോജിക്കുന്നു. പോസ്റ്റ് ആദ്യവാസാനം വായിക്കാത്തവര്‍ ഇനിയും വരും ഇതേ പോലെ സംശയങ്ങള്‍ ഉന്നയിച്ചുകൊണ്ടേ ഇരിക്കും.

@അപ്പൂട്ടന്‍

ഞാന്‍ പറഞ്ഞത് ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുകയാണ്. എനിക്കും താങ്കള്‍ക്കും നമ്മുടെ ഇഛയനുസരിച്ച് പ്രവര്‍ത്തിക്കാവുന്ന ഒരു പരിധിയുണ്ട്. അത് താങ്കള്‍ സമ്മതിച്ചതുമാണ്. അവ ഒന്നുകൂടി വായിച്ചു നോക്കിയാല്‍ മതി. നമ്മുക്ക് ഫ്രീവില്‍ ഉണ്ടെന്നത് നമ്മുടെ അനുഭവമാണ്. എന്നാല്‍ പൂര്‍ണമായി നമ്മുടെ ഇഛയനുസരിച്ച് നടക്കാറില്ല എന്നതും നമ്മുടെ അനുഭവം. ദൈവം പ്രവാചകന്‍മാരെ അയച്ചതില്‍ നിന്നും നന്‍മതിന്‍മകളുടെ രണ്ടുമാര്‍ഗങ്ങള്‍ കാണിച്ചുതരികയും ദൈവത്തിന്റെ തൃപ്തി നന്‍മ തെരഞ്ഞെടുക്കുന്നതിലാണ് എന്നറിയിക്കുകയും ചെയ്തതും നമ്മുടെ ആ ഇഛയുടെ മേല്‍ ദൈവത്തിന്റെ നിയന്ത്രണമില്ല എന്നതിന്റെ മതിയായ തെളിവാണ്. നമ്മുടെ ഈ കഴിവ് എല്ലാര്‍ക്കും ലഭിച്ചിട്ടുണ്ട്. അതിനുമപ്പുറം നാം ചിന്തിക്കുകയും തെറ്റായ എന്തെങ്കിലും ഊഹത്തില്‍ എത്തിച്ചേരേണ്ട ആവശ്യമില്ല. ആസൂത്രണപാടവമുള്ള അറിവിന്റെ പൂര്‍ണതയുടെ ഭാഗമാണ് ഈ ദൈവേഛയുടെയും കഴിവിന്റെയും പ്രകടനങ്ങള്‍ എന്ന താങ്കളുടെ തന്നെ കാഴ്ചപ്പാടിലാണ് വിശ്വാസികളുള്ളത്. ഇസ്്‌ലാമിലെ മനുഷ്യര്‍ നൂല്‍പാവകളല്ല. ദൈവനിഷേധവും നിങ്ങള്‍ സ്വയം തെരഞ്ഞെടുത്തതാണ്. ദൈവവിശ്വാസം ഞാനും. അതുകൊണ്ടുതന്നെയാണല്ലോ. പ്രേമത്തിന്റെ പേരില്‍ മതം മാറിയവരെ തെരഞ്ഞ് നമ്മുടെ നിയമപാലകര്‍ ഊരുതെണ്ടുന്നത്. ഈ വസ്തുതകളെ നിഷേധിക്കാനുള്ള ഒരു സൂക്തവും ഖുര്‍ആനിലില്ല. ചില സൂക്തങ്ങളില്‍ നമ്മുടെ ഇഛകളുടെ പരിധിസൂചിപ്പിക്കുന്നു. അതോടൊപ്പം ദൈവിക അറിവിന്റെയും അവന്റെ ആസൂത്രണത്തിന്റെയും പരാമര്‍ശമുള്ള സൂക്തങ്ങളുമുണ്ട്. ഈ സൂക്തങ്ങളൊക്കെ മുന്നില്‍ വെച്ചുമാത്രമേ വിശ്വാസികള്‍ പ്രവര്‍ത്തിക്കൂ. അതിനാല്‍ അവര്‍ ഒരിക്കലും തങ്ങളുടെ അധര്‍മത്തിന് ദൈവത്തെ കുറ്റം പറയുകയില്ല. പ്രവാചകന്‍മാരുടെ കാലത്തെല്ലാം ദൈവനിശ്ചയം പറഞ്ഞ് സത്യം ഉള്‍കൊള്ളുന്നതില്‍ നിന്ന് മാറിനിന്ന ഒരു വിഭാഗമുണ്ടായിരുന്നു എന്ന് ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നു. അതുകൊണ്ട താങ്കളുടെയോ നന്ദനയുടെയോ നിലപാടില്‍ വിശ്വാസികളായ ഞങ്ങള്‍ക്ക് ഒരത്ഭുതവുമില്ല. എന്ന് വിനയപൂര്‍വം അറിയിക്കട്ടേ. ബ്ലോഗിന്റെ പേര്‍ യുക്തിവാദികളും വിശ്വാസികളും എന്ന് തന്നെ അത് തെരഞ്ഞെടുത്തത് ബോധപൂര്‍വവും. എന്തര്‍ഥം എന്ന വാക്ക് വലിയ പ്രയോജനമില്ല എന്ന് തിരുത്തിവായിച്ചല്‍ കൂടുതല്‍ വ്യക്തതയുണ്ടാകും. താങ്കളുടെ ഇവ്വിഷയകാമായ സമീപനം തികച്ചും അഭിനന്ദനാര്‍ഹമാണ് എന്ന് ഞാനപ്പോഴും പറയുന്നു. വാദത്തിന് വേണ്ടിയാണെങ്കിലും ചില വസ്തുതകളെ അംഗീരിച്ചു മുന്നോട്ട് നീങ്ങിയതുകൊണ്ടാണ് ചര്‍ച ഇതുവരെയെങ്കിലും എത്തിയത്. അല്ലെങ്കില്‍ ഈ ചര്‍ച ഒരടിപോലും മുന്നോട്ടു നീങ്ങുമായിരുന്നില്ല. വിരോധമില്ലെങ്കില്‍ ഇതിന്റെ മറ്റുചില ഉപവിഷയങ്ങള്‍കൂടി ചര്‍ചചെയ്യാനുണ്ട് ബാക്കി അങ്ങോട്ട് ആക്കുന്നതായിരിക്കും നല്ലത്. നന്ദി.

CKLatheef പറഞ്ഞു...

@നന്ദന

ചിന്തകന്‍ ചോദിച്ചത് തന്നെയാണ് താങ്കളോട് എനിക്കും ചോദിക്കാനുള്ളത്. താങ്കള്‍ക്ക് ഇഷ്ടമുള്ള ഒരു ദൈവത്തെ സങ്കല്‍പ്പിക്കാന്‍ കഴിയും കാരണം താങ്കള്‍ ഞങ്ങള്‍ അവലംബിക്കുന്നതുപോലെ ഒരു വേദഗ്രന്ഥത്തെ മാനദണ്ഡമാക്കിയല്ലെ അതു ചെയ്യുന്നത്. ഞങ്ങള്‍ക്ക് ഒരു സൗകര്യമുണ്ട് (നിങ്ങളതിനെ പരിമിതി എന്ന് പറയും) ദൈവത്തെക്കുറിച്ച് ഞങ്ങള്‍ പറയുന്ന കാര്യങ്ങള്‍ ദൈവം തന്റെ പ്രവാചകനിലൂടെ മനുഷ്യകുലത്തെ അറിയിച്ച കാര്യങ്ങളാണ്. നിങ്ങള്‍ക്ക് അവ കണ്ടെത്താനുള്ള മനസ്സില്ലാതെ പോയി എന്നുമാത്രം. ദൈവത്തെ ചെറുതാക്കുകയോ വലുതാക്കുകയോ ചെയ്യുന്നത് ഞങ്ങളല്ല. ദൈവം ഞങ്ങള്‍ക്ക് പറഞ്ഞുതന്നത് ഞങ്ങള്‍ ആവര്‍ത്തിക്കുന്നു എന്നുമാത്രം. ദൈവത്തെക്കുറിച്ച് എന്ത് മനസ്സിലാക്കണമെന്ന് ദൈവം ആഗ്രഹിച്ചുവോ അത് ഞങ്ങള്‍ മനസ്സിലാക്കി. പഠിച്ചു. ദൈവമനുഗ്രഹിച്ചാല്‍ ലോകാവസാനം വരെ ഒരു വിഭാഗം ഇതുതന്നെ പറഞ്ഞുകൊണ്ടിരിക്കും. അതേ സമയം താങ്ങള്‍ ദൈവത്തെക്കുറിച്ച് പറയുന്നത് ഒരു പക്ഷെ ഏറ്റുപറയാന്‍ (താങ്കള്‍ അപ്രകാരം മുഴുവന്‍ ഗുണങ്ങളോടെയും പ്രവര്‍ത്തനങ്ങളോടെയും വിശദീകരിച്ചാല്‍) ഒരാള്‍ പോലും ഉണ്ടായി എന്ന് വരില്ല. അവസാനമായി നന്ദന, രാജന്‍, അപ്പൂട്ടന്‍ നമ്മുക്കെല്ലാവര്‍ക്കും ദൈവം നന്‍മവരുത്തട്ടേ. നമ്മെ രക്ഷിക്കുന്ന ഒരു വിശ്വാസം കരസ്ഥമാക്കാന്‍ ദൈവം തുണക്കുമാറാകട്ടേ. ആമീന്‍.

(വളരെ അനിവാര്യമെങ്കില്‍ മാത്രം ഇനി ഞാനിടപെടുകയുള്ളു. ഇവിടെ നടന്ന ചര്‍ചയെ മുന്നോട്ടുകൊണ്ടുപോകാന്‍ സഹായിക്കാത്ത മുഴുവന്‍ അഭിപ്രായങ്ങളും ഡിലീറ്റ് ചെയ്യപ്പെടും എന്ന് വിനയപൂര്‍വം അറിയിക്കുന്നു.)

CKLatheef പറഞ്ഞു...

പ്രിയ അപ്പൂട്ടന്‍ താങ്കളുടെ ഈ കമന്റോടെ ഈ വിഷയം ഇവിടെ അവസാനിപ്പിക്കേണ്ടതിന്റെ അനിവാര്യത ഒന്നുകൂടി ബോധ്യമായി എന്നുമാത്രം. ഹിറ്റ്‌ലര്‍ക്ക് മാത്രമായി ഈ ചര്‍ചയില്‍ പ്രത്യേക സ്ഥാനമൊന്നുമില്ല. ഒരു ഉദാഹരണം മാത്രമായിട്ടാണ് പ്രസ്തുത പേരിനെ ഞാനെടുത്തത്. സറ്റാലിനും ബുഷും ഫറോവയുമൊക്കെ കടന്നുവരാം. അതുകൊണ്ടാണ് ഹിറ്റലറുടെ പേരെടുത്തുപറയാതെ ഞാനിങ്ങനെ പൊതുവായി മറുപടി നല്‍കിയത്.

'ദൈവം പ്രവാചകന്‍മാരെ അയച്ചതില്‍ നിന്നും നന്‍മതിന്‍മകളുടെ രണ്ടുമാര്‍ഗങ്ങള്‍ കാണിച്ചുതരികയും ദൈവത്തിന്റെ തൃപ്തി നന്‍മ തെരഞ്ഞെടുക്കുന്നതിലാണ് എന്നറിയിക്കുകയും ചെയ്തതും നമ്മുടെ ആ ഇഛയുടെ മേല്‍ ദൈവത്തിന്റെ നിയന്ത്രണമില്ല എന്നതിന്റെ മതിയായ തെളിവാണ്. നമ്മുടെ ഈ കഴിവ് എല്ലാര്‍ക്കും ലഭിച്ചിട്ടുണ്ട്.'

യുക്തിവാദികളെ താങ്കളുദ്ദേശിക്കുന്ന രീതിയില്‍ കാണുന്നതിനുള്ള തടസ്സം അവര്‍തന്നെ ബൂലോഗത്തേക്കൊന്നു എത്തിനോക്കിയാല്‍ മതി. അന്ധമായ ഇസ്്‌ലാം വിരോധം രക്തത്തില്‍ ലയിച്ചുചേര്‍ന്ന ഒരു വിഭാഗമായി അവര്‍ സ്വയം അധപതിച്ചത് കാണാന്‍ കഴിയും. ഹിന്ദുമതവിശ്വാസികള്‍ ബ്ലോഗര്‍മാരെങ്കിലും യുക്തിവാദികളുടെ മനസ്സറിഞ്ഞ് വിമര്‍ശിക്കാന്‍ സാധ്യത കുറഞ്ഞ ഒരു ദൈവത്തെയാണ് പരിചയപ്പെടുത്തുന്നത്. അവരുടെ ദൈവം ഒന്നും സൃഷ്ടിച്ചിട്ടില്ല. മനുഷ്യരുടെ ആരാധന വേണ്ട, രക്ഷാശിക്ഷകള്‍ നല്‍കുന്നില്ല. വേദം അവതരിപ്പിക്കുകയോ ജനങ്ങളുടെ കാര്യത്തില്‍ ഇടപെടുകയോ ചെയ്യുന്നില്ല. അതിനാല്‍ യുക്തിവാദികള്‍ക്ക് അവര്‍ അകറ്റി നിര്‍ത്തപ്പെടേണ്ടവരല്ല. കൃസ്തുമത വിശ്വാസികള്‍ക്ക് ഇത്തരം കാര്യത്തില്‍ അവര്‍ എവിടെ നില്‍ക്കുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയുന്നുമില്ല. പിന്നെയുള്ളത് ഇസ്്‌ലാം തന്നെ. അതിനാല്‍ താങ്ങളുദ്ദേശിക്കുന്നവിധം യുക്തിവാദികളെ കാണാന്‍ പ്രയാസം നേരിടുന്നു. താങ്കള്‍ യുക്തിവാദി എന്നവകാശപ്പെടുന്നെങ്കിലും മേല്‍ സൂചിപ്പിച്ച സ്വഭാവം താങ്കളില്‍ കാണാന്‍ കഴിയുന്നില്ല. താങ്കളുടെ മുഴുവന്‍ സംശയങ്ങളും ഇതോടെ ദൂരീകരിക്കപ്പെട്ടു എന്ന ആത്മവിശ്വാസമൊന്നും എനിക്കില്ല. എങ്കിലും വിധിവിശ്വാസത്തെക്കുറിച്ച് പണ്ഡിതന്‍മാരുടെ വാക്കുകളെ ലളിതമായി വിശദീകരിക്കാന്‍ താങ്കള്‍കൂടി പങ്കെടുത്ത് ഇവിടെ നടത്തിയ ചര്‍ച സഹായകമാകും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ദൈവം അനുഗ്രഹിക്കുമാറാകട്ടേ.

M.A Bakar പറഞ്ഞു...

Dear Latheef,

My last comments deleted ..?
then why ?

you can mail me baker2b@gmail.com, if any reason for it..

CKLatheef പറഞ്ഞു...

Dear M.A.Baker

Your last comments are not deleted. pls read it here.

KK Alikoya പറഞ്ഞു...

വിധിവിശ്വാസത്തെക്കുറിച്ച് ഇവിടെ വായിക്കാം.

muneer പറഞ്ഞു...

വളരെ ഫലപ്രദമായ ചര്‍ച്ച ..ഒരു പാട് സംശയങ്ങള്‍ ദൂരികരിക്കപ്പെട്ടു ...ലത്തീഫ് സാഹിബിനു ഹൃദയം നിറഞ്ഞ നന്ദി .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review