2010, ജനുവരി 6, ബുധനാഴ്‌ച

സൃഷ്ടികളെ തെറി വിളിക്കുന്ന സ്രഷ്ടാവ് ??

'ദൈവം തന്റെ വഴിക്കുവരാത്ത ജനങ്ങളെ ശപിക്കുന്നത് നോക്കൂ:

“അബൂലഹബിന്റെ രണ്ടു കൈകളും നശിക്കട്ടെ;
അവന്റെ സമ്പാദ്യവും തുലഞ്ഞു പോട്ടെ;
ജ്വലിക്കുന്ന തീയില്‍ അവന്‍ കിടന്നെരിയും;
അവന്റെ കെട്ട്യോളുണ്ടല്ലോ, ആ വിറകു ചുമട്ടുകാരി, അവളും;
അവളുടെ കഴുത്തില്‍ പിരിച്ച കയറുമുണ്ടാകും.”[111:1-5]

ഒരു സര്‍‌വ്വശക്തന്‍ ഇങ്ങനെ തന്റെ സൃഷ്ടികളെ ശപിക്കുമോ.'

ഒരു യുക്തിവാദി സുഹൃത്ത് (V.B. Rajan) ചര്‍ചക്കിടെ ഉന്നയിച്ച സംശയമാണിത്. അദ്ദേഹത്തിന് ഇത് ലഭിച്ചത് പ്രമുഖ യുക്തിവാദിയായ ഇ.എ.ജബ്ബാറിന്റെ പോസ്റ്റില്‍ നിന്നാണ് എന്ന് പരിഭാഷയുടെ വാചകഘടന സൂചിപ്പിക്കുന്നു. സൃഷ്ടികളെ തെറിവിളിക്കുന്ന സ്രഷ്ടാവ് എന്ന തലക്കെട്ടിന് കീഴില്‍ ബ്ലോഗര്‍ നല്‍കിയ ആദ്യത്തെ തെളിവും ഈ അധ്യായം തന്നെ. വാചകഘടനയോട് അല്‍പം കൂടി മാന്യത കാണിക്കണം തോന്നിയതിനാല്‍ രാജന്‍അത് ദൈവത്തിന്റെ ശാപമായി കാണുകയും തന്റെ സംശയം ചോദ്യരൂപത്തില്‍ ഉന്നയിക്കുകയും ചെയ്തു. ഇത് അറിയാനുള്ള ചോദ്യമായി വാചക ഘടനയില്‍ തോന്നുകയില്ലെങ്കിലും. ഇതേ കുറിച്ച് തെറ്റായ ധാരണ നിലനില്‍ക്കുന്നതിനാല്‍ ചോദ്യത്തെ ആത്മാര്‍ഥമായി കണ്ട് എനിക്ക് പറയാനുള്ളത് പണ്ഡിതന്‍മാരുടെയും ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെയും അഭിപ്രായങ്ങളുടെ വെളിച്ചത്തില്‍ അല്‍പം വിശദമായി തന്നെ പറയുകയാണ്.

പലപ്പോഴും യുക്തിവാദികള്‍ വാചകഘടനയിലും പദാര്‍ത്ഥങ്ങളിലും പിടിച്ച് അതിന് നല്‍കാവുന്ന ഏറ്റവും മോശമായ പദം പ്രയോഗിച്ചാണ് ഖുര്‍ആനെ തെറ്റിദ്ധരിപ്പിക്കുന്നത്. യുക്തിവാദികള്‍ ഇത്തരം അവസരത്തിന് കാത്തിരിക്കുന്നു എന്നതുകൊണ്ടുതന്നെ യഥാര്‍ഥ പരിഭാഷയും വാചകഘടനയും വ്യക്തമാക്കേണ്ടി വരും. അവന്റെ പിതാവിന്റെ തലയില്‍ കത്തിതട്ടിയ ഒരു മുറിവുണ്ട് എന്ന് പറയുന്നതിന് പകരം ഓന്റെ തന്തന്റെ തലയില്‍ ഒരു വെട്ട് കിട്ടിയിട്ടുണ്ട് എന്ന് പറയുന്നതും വ്യത്യാസമുണ്ടല്ലോ. അബദ്ധത്തില്‍ കത്തിതട്ടിയ മുറിവാണങ്കില്‍ അതേ പ്രയോഗം തന്നെ തെറ്റിദ്ധരിപ്പിക്കലായി മാറുന്നു. ഇതാണ് ഇക്കാര്യത്തില്‍ യുക്തിവാദികളുടെ ശൈലി. മുകളില്‍ നല്‍കിയ അധ്യായത്തിന്റെ യഥാര്ഥ പരിഭാഷ ഇങ്ങനെയാണ്.

അബൂലഹബിന്റെ കൈകള്‍ രണ്ടും ഒടിഞ്ഞുപോയി. അവന്‍ നശിച്ചു. അവന്റെ സമ്പത്തും നേട്ടങ്ങളും യാതൊരുപകാരവും ചെയ്തില്ല. തീര്‍ച്ചയായും ജ്വാലകളുയരുന്ന നരകത്തില്‍ അവന്‍ എരിയുന്നതാകുന്നു. (ഒപ്പം) അവന്റെ ഏഷണിക്കാരിയായ പെണ്ണും. അവളുടെ കഴുത്തില്‍ പനനാരുകൊണ്ടൊരു വടമുണ്ടാകും.(11.1-5)

രാജന്‍ പരാമര്‍ശിച്ച വിധം ഈ അധ്യായത്തിലൂടെ ദൈവം തന്റെ വഴിക്ക് വരാത്ത ഒരു മാന്യന്യ ശപിക്കുകയായിരുന്നോ?. അദ്ദേഹം നല്‍കിയ പരിഭാഷയിലെ വാചകങ്ങള്‍ ഖുര്‍ആനിന്റെ യഥാര്‍ഥ മൂലവുമായി എത്രമാത്രം യോജിച്ചുവരുന്നു എന്നതാണ് ആദ്യമായി പരിശോധിക്കാനുള്ളത്. ദൈവത്തന്റെ തൃപ്തിയും അതൃപ്തിയും വ്യക്തമാക്കുന്നതിന്‍ മനുഷ്യരുപയോഗിക്കുന്ന അത്തരം പ്രയോഗങ്ങള്‍ അവര്‍ക്ക് മനസ്സിലാകുന്നവിധം അല്ലാഹു ഖുര്‍ആനില്‍ പ്രയോഗിച്ചിട്ടുണ്ട് എന്ന കാര്യം വ്യക്തമാണ്. അല്ലാഹുവിന്റെ ശാപം, കോപം, തൃപ്തി എന്നീ പ്രയോഗങ്ങള്‍ ഖുര്‍ആനിലൂടനീളമുണ്ട്. അതിന് മനുഷ്യന്റെ സദാചാര ധാര്‍മിക ചിന്തവളര്‍ത്തുന്നതിലും ദൈവകല്‍പനകള്‍ക്കെതിരെ നീങ്ങുന്നതില്‍ നിന്ന് മനുഷ്യനെ തടയുന്നതിലും വലിയ പങ്കുണ്ട്. ദൈവമാകുമ്പോള്‍ അങ്ങനെയൊന്നും ഉണ്ടാവാന്‍ പാടില്ലെന്ന ചിന്ത അപക്വവും തെറ്റായ ദൈവത്തെക്കുറിച്ചുള്ള ഭാവനാ വിലാസവുമാണ്.

ഇനി ഖുര്‍ആന്‍ പ്രയോഗിച്ച 'ശാപവാക്കുകളുടെ' അര്‍ഥം പരിശോധിക്കാം.

'തബ്ബത്ത് യദാ അബീലഹബ് എന്ന വാക്യത്തിന് 'അബൂലഹബിന്റെ കൈകള്‍ മുറിഞ്ഞുപോവട്ടെ' എന്നാണ് വ്യാഖ്യാതാക്കള്‍ അര്‍ഥം നല്‍കിയിട്ടുള്ളത്. തബ്ബത്ത് എന്ന പദത്തിന് അവന്‍ നശിച്ചുപോകട്ടെ അല്ലെങ്കില്‍ അവന്‍ നശിച്ചുപോയി എന്നാണവര്‍ അര്‍ഥം കല്‍പിക്കുന്നത്. പക്ഷേ, വാസ്തവത്തില്‍ ഇത് അയാള്‍ക്ക് നല്‍കിയ ഒരു ശാപമല്ല, പ്രത്യുത ഭാവിയില്‍ അയാള്‍ അനുഭവിക്കാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ച് ഭൂതകാലവചനത്തില്‍ നടത്തിയ പ്രവചനമാണ്. സംഭവിച്ചുകഴിഞ്ഞതുപോലെ ഉറപ്പാണത് എന്ന് സൂചിപ്പിക്കാനാണ് ഭൂതകാലവചനം ഉപയോഗിച്ചത്. പില്‍ക്കാലത്ത് യഥാര്‍ഥത്തില്‍ സംഭവിച്ചതും ഏതാനും വര്‍ഷം മുമ്പ് ഈ സൂറയിലൂടെ പ്രവചിക്കപ്പെട്ടതുതന്നെയായിരുന്നു. കൈ ഒടിയുക എന്നതിന്റെ താല്‍പര്യം, ശാരീരികമായ കൈ മുറിഞ്ഞുപോകല്‍ അല്ലെന്ന് വ്യക്തമാണ്. ഒരാള്‍ എന്തു നേടുന്നതിലാണോ തന്റെ ശക്തിയത്രയും ഊന്നിയിരുന്നത്, ആ ലക്ഷ്യം നേടുന്നതില്‍ തീര്‍ത്തും പരാജയപ്പെടുക എന്നാണതിന്റെ താല്‍പര്യം.'

'തബ്ബത്ത്' എന്ന പദം ശാപം എന്നതിനേക്കാള്‍ പ്രവചനം എന്ന നിലക്കാണ് എന്ന് വിശദീകരിക്കുന്കയാണ് മൗദൂദി. സംഭവത്തിന്റെ പരിണാമവും അറബി വാചകഘടനയും അതിനെ ശരിവെക്കുന്നു. നശിക്കട്ടേ എന്നതിന് തബ്ബന് (ലക) നീനശിക്കട്ടേ എന്നാണ് അക്കലത്തെ ശൈലി. മാത്രമല്ല അബൂലഹബിന്റെ ഒരു സ്ഥിരം പ്രയോഗവുമായിരുന്നു അത്. മേല്സൂചിപ്പിച്ച അബദ്ധവ്യാഖ്യാനങ്ങള്‍ക്കും തെറ്റിദ്ധാരണ പരത്തുന്നതിനും അത് സഹായിക്കുമെന്നതിനാല്‍ പദത്തിന്റെ ശരിയായ അര്‍ഥം ചൂണ്ടിക്കാട്ടുകയാണ് അതിലൂടെ.

പ്രസ്തുത സൂക്തത്തിലുള്ള മറ്റൊരു തെറിയായി യുക്തിവാദികള്‍ എടുത്തുകാണിക്കുന്നത് ഹമ്മാലത്തല്‍ ഹത്വബ് എന്ന പ്രയോഗമാണ്. അതിന്റെ ശരിയായ വ്യാഖ്യാനം ഇങ്ങനെ:

'ഏഷണി പരത്തി കുഴപ്പത്തിന്റെ തീ കത്തിക്കാന്‍ ശ്രമിക്കുന്നവരെക്കുറിച്ച് ഹമ്മാലത്തല്‍ ഹത്വബ് (വിറകു ചുമക്കുന്നവര്‍) എന്ന് ഒരറബിപ്രയോഗമുണ്ട്. സഈദുബ്‌നു ജുബൈര്‍ പറയുന്നു: പാപങ്ങളുടെ ഭാണ്ഡം പേറിനടക്കുന്നവനെക്കുറിച്ച് അറബിഭാഷയില്‍, ഒരു പ്രയോഗമെന്ന നിലയില്‍ ഫുലാനുന് യഖ്തതിബു അലാ ളഹ് രിഹി (അയാള്‍ മുതുകില്‍ വിറകുംപേറി നടക്കുന്നു) എന്നു പറയാറുണ്ട്. അതിനാല്‍ ഹമ്മാലത്തല്‍ ഹത്വബ് എന്നതിനര്‍ഥം പാപഭാരം പേറുന്നവള്‍ എന്നാകുന്നു.' അവളുടെ പാരത്രികഗതിയാണിതെന്ന് മറ്റൊരാശയവും ചില വ്യാഖ്യാതാക്കള്‍ നല്‍കിയിട്ടുണ്ട്.'

പക്ഷേ ഇങ്ങനയാണ് കാര്യമെങ്കിലും ഇത് പറഞ്ഞാല്‍ വാദത്തിന് ഒരു ഗമ പോരാ. അതിനെ ചിലര് ചോദ്യം ചെയ്തപ്പോള്‍ ഗത്യന്തരമില്ലാതെ യുക്തിവാദി ഇങ്ങനെ തട്ടിവിട്ടു:

പ്രിയ സുഹൃത്തുക്കളേ ,ഖുര്‍ ആനിലെ പ്രസ്തുത സൂക്തങ്ങളുടെ സന്ദര്‍ഭത്തോട് യോജിക്കുന്ന മലയാള പദങ്ങളാണു ഞാന്‍ പ്രയോഗിച്ചത്. അതിനെക്കാള്‍ നിക്ര്ഷ്ടമായ പദങ്ങളാണവ. ഹമ്മാലതല്‍ ഹതബ് എന്ന വാക്ക് ആ കാലത്ത് സ്ത്രീകളെ ചീത്ത വിളിക്കാന്‍ ഉപയോഗിച്ചിരുന്ന ഏറ്റവും വൃത്തികെട്ട വാക്കായിരുന്നു.

ഇതെവിടുന്ന് കിട്ടി എന്നദ്ദേഹം പറയുന്നില്ല. അറബിശൈലിയനുസരിച്ച് അതിനുള്ള അര്ഥം നാം മുകളില്‍ നല്‍കയുണ്ടായി. അതില്‍നിന്ന് ഇപ്രകാരം മനസ്സിലാക്കാന് സാധിക്കുന്നില്ല.

എന്നാലും ഇസ്്‌ലാം സ്വീകരിക്കാത്തതിന്റെ പേരില്‍ ഒരാളെ ഇങ്ങനെ ആക്ഷേപിക്കാമോ എന്ന് സംശയം ന്യായമാണ്. നിഷേധികളായ ധാരാളം പേരുണ്ടായിരിക്കെ അബൂലഹബിനെ മാത്രം എടുത്ത് പറയാന്‍ കാരണമുണ്ടോ. നമ്മുക്ക് പ്രസ്തുത വ്യക്തിയെ ഒന്ന് പരിചയപ്പെടാം. മൌദൂദിതന്നെ പറയട്ടേ.

[വിശുദ്ധ ഖുര്‍ആന്‍ ഇസ്‌ലാമിന്റെ ശത്രുക്കളില്‍ ഒരാളെ പേരെടുത്തു പറഞ്ഞ് ആക്ഷേപിച്ച ഒരേയൊരു സ്ഥലമാണിത്. എന്നാല്‍, മക്കയിലും ഹിജ്‌റയ്ക്കുശേഷം മദീനയിലും, പ്രവാചകനോടുള്ള വിരോധത്തില്‍ അബൂലഹബിന്റെ ഒട്ടും പിന്നിലല്ലാത്ത വളരെയാളുകളുണ്ടായിരുന്നു. ഇങ്ങനെ പേരുവിളിച്ച് ആക്ഷേപിക്കാന്‍, അബൂലഹബിനു മാത്രം ഉണ്ടായിരുന്ന വിശേഷമെന്ത് എന്നത് ഒരു ചോദ്യമാണ്. അതു മനസ്സിലാക്കാന്‍ അക്കാലത്തെ അറബി സാമൂഹികജീവിതത്തെ മനസ്സിലാക്കുകയും അതിന്റെ വെളിച്ചത്തില്‍ അബൂലഹബ് നടത്തിയിരുന്ന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്.

പ്രാചീനകാലത്ത് അറബ്‌ദേശത്തെങ്ങും അരക്ഷിതാവസ്ഥയും കൊള്ളകളും സംഘട്ടനങ്ങളും നടമാടിക്കൊണ്ടിരുന്നു. ഒരാള്‍ക്ക് തന്റെ ജീവന്റെയും ധനത്തിന്റെയും അഭിമാനത്തിന്റെയും സുരക്ഷിതത്വത്തിന് സ്വന്തം കുടുംബത്തിന്റെയും രക്തബന്ധുക്കളുടെയും സംരക്ഷണമല്ലാതെ മറ്റൊരു ഗ്യാരണ്ടിയുമില്ല എന്നതായിരുന്നു നൂറ്റാണ്ടുകളോളം അവിടത്തെ അവസ്ഥ. അതുകൊണ്ട് അറേബ്യന്‍ സാമൂഹികജീവിതത്തില്‍ കുടുംബസ്‌നേഹവും ബന്ധങ്ങളുടെ ഭദ്രതയും അതിപ്രധാനമായ മൂല്യമായി കരുതപ്പെട്ടിരുന്നു. കുടുംബവിഭജനം മഹാപാപമായും ഗണിക്കപ്പെട്ടു. പ്രവാചകന്‍ നേരിട്ട ഊരുവിലക്കിന്റെ ചരിത്രത്തില്‍തന്നെ ഈ പാരമ്പര്യത്തിന്റെ സ്വാധീനം കാണാം. പ്രവാചകന്‍ ഇസ്‌ലാമിക പ്രബോധനമാരംഭിച്ചപ്പോള്‍ കാരണവന്മാരും മറ്റു ഖുറൈശികുടുംബങ്ങളും അവരുടെ കാരണവന്മാരും അദ്ദേഹത്തെ കഠിനമായി എതിര്‍ത്തു. എന്നാല്‍, ഹാശിംവംശവും മുത്ത്വലിബ്‌വംശവും (ഹാശിമിന്റെ സഹോദരന്‍ മുത്ത്വലിബിന്റെ സന്തതികള്‍) തിരുമേനിയോട് ശത്രുത കാട്ടിയില്ലെന്നു മാത്രമല്ല, അദ്ദേഹത്തിന് പരസ്യമായ സംരക്ഷണം നല്‍കുകയും ചെയ്തു. എന്നാലോ, അവരിലധികമാളുകളും നബി (സ)യുടെ പ്രവാചകത്വത്തില്‍ വിശ്വസിച്ചിരുന്നില്ല. നബിക്ക് അദ്ദേഹത്തിന്റെ രക്തബന്ധുക്കള്‍ നല്‍കിയ ഈ സംരക്ഷണത്തെ അറേബ്യന്‍ സാംസ്‌കാരിക പാരമ്പര്യത്തിന്ന് തികച്ചും ഇണങ്ങുന്നതായി മറ്റു ഖുറൈശികുടുംബങ്ങള്‍ മനസ്സിലാക്കുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് ബനൂഹാശിമിനെയും ബനൂമുത്ത്വലിബിനെയും, അവര്‍ ഒരു പുത്തന്‍ മതക്കാരന് സംരക്ഷണം നല്‍കിക്കൊണ്ട് സ്വന്തം പിതാക്കളുടെ മതത്തില്‍നിന്ന് വ്യതിചലിച്ചുപോയി എന്ന് ആക്ഷേപിക്കാതിരുന്നത്. സ്വകുടുംബത്തിലെ ഒരംഗത്തെ ഒരു സാഹചര്യത്തിലും ശത്രുക്കള്‍ക്ക് ഏല്‍പിച്ചു കൊടുത്തുകൂടാ എന്ന് അറിയുകയും അംഗീകരിക്കുകയും ചെയ്യുന്നവരായിരുന്നു അവര്‍. അവര്‍ അവരുടെ ഉറ്റവരെ പിന്തുണയ്ക്കുന്നത് ഖുറൈശികളുടെ എന്നല്ല, എല്ലാ അറബികളുടെയും ദൃഷ്ടിയില്‍ തികച്ചും സ്വാഭാവികമായിരുന്നു.

ജാഹിലിയ്യാകാലത്തു പോലും അറബികള്‍ ഈ ധാര്‍മികമൂല്യം നിര്‍ബന്ധമായും ആദരിക്കപ്പെടേണ്ടതാണെന്ന് വിശ്വസിച്ചിരുന്നു. ഇസ്‌ലാമിനോടുള്ള വിരോധം മൂത്ത് ഒരാള്‍ മാത്രമാണിതു മറന്നത്. അത് അബ്ദുല്‍മുത്ത്വലിബിന്റെ മകനായ അബൂലഹബ് ആയിരുന്നു. അയാള്‍ റസൂല്‍ (സ) തിരുമേനിയുടെ പിതൃവ്യനാണ്. പ്രവാചകന്റെ പിതാവിന്റെയും അയാളുടെയും പിതാവ് ഒരാളാണ്. പിതൃവ്യന് പിതാവിന്റെ സ്ഥാനമുെണ്ടന്നായിരുന്നു അറബികളുടെ സങ്കല്‍പം. പ്രത്യേകിച്ച് സഹോദരപുത്രന്റെ പിതാവ് മരിച്ചുപോയാല്‍ പിന്നെ പിതൃവ്യന്‍ അവനെ സ്വന്തം പുത്രനെപ്പോലെ പോറ്റിക്കൊള്ളുമെന്നാണ് അറബി സാമൂഹിക സമ്പ്രദായപ്രകാരം പ്രതീക്ഷിക്കപ്പെടുക. പക്ഷേ, ഇസ്‌ലാമിനോടുള്ള വിരോധവും കുഫ്‌റിനോടുള്ള പ്രേമവും മൂലം ഈ അറേബ്യന്‍ പാരമ്പര്യങ്ങളെയെല്ലാം അയാള്‍ തൃണവല്‍ഗണിച്ചു കളഞ്ഞു.

നബി (സ) പൊതു പ്രബോധനം ആരംഭിക്കാന്‍ കല്‍പിക്കപ്പെടുകയും ആദ്യമായി സ്വന്തം ഉറ്റവരെയും ഉടയവരെയും ദൈവിക ശിക്ഷയെക്കുറിച്ച് താക്കീതുചെയ്യാന്‍ നിര്‍ദേശിക്കപ്പെടുകയും ചെയ്തപ്പോള്‍ തിരുമേനി (സ) ഒരു പ്രഭാതത്തില്‍ സഫാ മലയുടെ മുകളില്‍ കയറി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു:യാ സ്വബാഹാഹ് (ഹാ, ആപത്തിന്റെ പ്രഭാതം). അറബികളുടെ സമ്പ്രദായപ്രകാരം, പ്രഭാതം വെളിച്ചംവെക്കുമ്പോള്‍ ഏതെങ്കിലും ശത്രുക്കള്‍ സ്വഗോത്രത്തെ ആക്രമിക്കാന്‍ പാഞ്ഞുവരുന്നതു കണ്ടാലാണ് ഇങ്ങനെ വിളിച്ചു കൂവുക. തിരുമേനിയുടെ ശബ്ദം കേട്ട് ആളുകള്‍ അന്വേഷിച്ചു: ആരാണ് വിളിച്ചു പറയുന്നയ്?' അത് മുഹമ്മദി(സ)ന്റെ ശബ്ദമാണെന്നറിഞ്ഞപ്പോള്‍ എല്ലാ ഖുറൈശികുടുംബങ്ങളുടെയും ആളുകള്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിച്ചെന്നു. നേരിട്ടുവരാന്‍ കഴിയുന്നവര്‍ നേരിട്ടുവന്നു. അതിനു വയ്യാത്തവര്‍ തങ്ങളുടെ പ്രതിനിധികളെ അയച്ചു. എല്ലാവരും എത്തിച്ചേര്‍ന്നപ്പോള്‍ തിരുമേനി, അല്ലയോ ഹാശിംകുടുംബമേ, അബ്ദുല്‍മുത്ത്വലിബ് കുടുംബമേ, ഫിഹ്ര്‍കുടുംബമേ, ഇന്ന കുടുംബമേ, ഇന്ന കുടുംബമേ എന്നിങ്ങനെ ഓരോ കുടുംബത്തിന്റെയും പേരു വിളിച്ചുകൊണ്ടു പറഞ്ഞു: ''ഈ മലയ്ക്കു പിന്നില്‍ ഒരു പട നിങ്ങളെ കടന്നാക്രമിക്കാന്‍ ഒരുമ്പെട്ടുനില്‍ക്കുന്നു എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞാല്‍ നിങ്ങളതു വിശ്വസിക്കുമോ?'' ജനം പറഞ്ഞു: ''താങ്കള്‍ എപ്പോഴെങ്കിലും കളവു പറയുന്നതു കേട്ടതായി ഞങ്ങള്‍ക്കനുഭവമില്ലല്ലോ.'' തിരുമേനി പറഞ്ഞു: ''എങ്കില്‍ ഞാന്‍ നിങ്ങള്‍ക്കിതാ മുന്നറിയിപ്പ് നല്‍കുന്നു; കഠിനമായ ശിക്ഷ വരുന്നുണ്ട്.'' ഇതു കേട്ട് ആരെങ്കിലും വല്ലതും പറയുന്നതിനു മുമ്പായി തിരുമേനിയുടെ പിതൃവ്യന്‍ അബൂലഹബ് പറഞ്ഞു: തബ്ബന് ലക അലിഹാദാജമഅ്തനാ (നീ നശിച്ചുപോവട്ടെ. ഇതിനാണോ നീ ഞങ്ങളെ വിളിച്ചുകൂട്ടിയത്?) അയാള്‍ റസൂല്‍തിരുമേനിയെ എറിയാന്‍ കല്ലെടുത്തു എന്നും ഒരു നിവേദനത്തിലുണ്ട്.

ഇബ്‌നു ജരീര്‍ ഇബ്‌നു സൈദില്‍നിന്ന് ഉദ്ധരിക്കുന്നു: ഒരു ദിവസം അബൂലഹബ് റസൂല്‍തിരുമേനിയോടു ചോദിച്ചു: നിന്റെ മതം സ്വീകരിച്ചാല്‍ എനിക്കെന്താണ് കിട്ടുക?' തിരുമേനി പറഞ്ഞു: മറ്റെല്ലാ വിശ്വാസികള്‍ക്കും കിട്ടുന്നതുതന്നെ.' അബൂലഹബ് : എനിക്ക് ഒരു ശ്രേഷ്ഠതയുമില്ലെന്നോ?' തിരുമേനി: അങ്ങ് എന്താണാഗ്രഹിക്കുന്നത്?' അബൂലഹബ് പറഞ്ഞു: തബ്ബന് ലിഹാദദ്ദീന് തബ്ബന് അന്അകൂന വഹാഉലാഇ സവാഅ (ങ്ഹും, ഞാനും മറ്റുള്ളവരും തുല്യരാകുന്ന ഈ മതം നശിച്ചുപോട്ടെ!)

മക്കയില്‍ അബൂലഹബും തിരുമേനിയും വളരെ അടുത്ത അയല്‍ക്കാരായിരുന്നു. രണ്ടു വീടുകള്‍ക്കുമിടയില്‍ ഒരു ചുമരേ ഉണ്ടായിരുന്നുള്ളൂ. അബൂലഹബിനു പുറമെ ഹകമുബ്‌നുല്‍ ആസ്വ് (മര്‍വാന്റെ പിതാവ്), ഉഖ്ബതുബ്‌നു അബീമുഐത്ത്, അദിയ്യുബ്‌നു ഹംറാഅ്, ഇബ്‌നുല്‍ അസ്വ്ദാഇല്‍ ഹുദലി എന്നിവരും തിരുമേനിയുടെ അയല്‍ക്കാരായിരുന്നു. ഈയാളുകള്‍ തിരുമേനിക്ക് വീട്ടില്‍ ഒരു സൈ്വരവും കൊടുത്തിരുന്നില്ല. ചിലപ്പോള്‍ അദ്ദേഹം നമസ്‌കരിക്കുമ്പോള്‍ അവര്‍ മതിലിനു മുകളിലൂടെ ഒട്ടകക്കുടലുകള്‍ അദ്ദേഹത്തിനു നേരെ എറിയുമായിരുന്നു. ചിലപ്പോള്‍ മുറ്റത്തു ഭക്ഷണം പാകംചെയ്യുമ്പോള്‍ പാത്രങ്ങളിലേക്ക് വൃത്തികേടുകള്‍ എറിയും. ഒരിക്കല്‍ തിരുമേനി പുറത്തുവന്ന് അവരോട് ചോദിച്ചു: ''ഓ അബ്ദുമനാഫ് തറവാട്ടുകാരേ, ഇതെന്ത് അയല്‍പക്കമര്യാദയാണ്?'' അബൂലഹബിന്റെ ഭാര്യ ഉമ്മുജമീല്‍ (അബൂസുഫ്‌യാന്റെ സഹോദരി) ആവട്ടെ, രാത്രികാലങ്ങളില്‍ തിരുമേനിയുടെ വാതില്‍ക്കല്‍ മുള്ളുനിറഞ്ഞ ചപ്പുചവറുകള്‍ കൊണ്ടുവന്നിടുക പതിവ് തന്നെയായി സ്വീകരിച്ചിട്ടുണ്ടായിരുന്നു. നേരം വെളുത്ത് പുറത്തുവരുമ്പോള്‍തന്നെ റസൂലിന്റെയോ അവിടത്തെ മക്കളുടെയോ കാലില്‍ മുള്ളു തറയ്ക്കട്ടെ എന്നായിരുന്നു അവരുടെ വിചാരം.

അബൂലഹബിന്റെ ദുഷ്ടമനസ്സ് ചൂണ്ടിക്കാണിക്കുന്ന മറ്റൊരു സംഭവം: തിരുമേനിയുടെ സീമന്തപുത്രന്‍ ഖാസിമിന്റെ മരണാനന്തരം രണ്ടാമത്തെ പുത്രന്‍ അബ്ദുല്ലാ കൂടി മരിച്ചപ്പോള്‍ ഇയാള്‍ സഹോദരപുത്രന്റെ ദുഃഖത്തില്‍ പങ്കുകൊള്ളുന്നതിനു പകരം, ഖുറൈശിപ്രമാണിമാരുടെ അടുത്തേക്ക് ആഹ്ലാദപൂര്‍വം ഓടിച്ചെന്നിട്ട് അവരെ അറിയിച്ചു: ''കേട്ടോളൂ, ഇന്നത്തോടെ മുഹമ്മദ് വേരറ്റവനായിരിക്കുന്നു!''

ഇസ്‌ലാമിക സന്ദേശങ്ങള്‍ കേള്‍പ്പിക്കുന്നതിനുവേണ്ടി റസൂല്‍ തിരുമേനി എങ്ങോട്ടു പോയാലും ഇയാള്‍ തിരുമേനിയുടെ പിന്നാലെ പോയി, ആളുകള്‍ തിരുമൊഴികള്‍ കേള്‍ക്കുന്നത് തടയുക പതിവായിരുന്നു.

പ്രവാചകത്വത്തിന്റെ ഏഴാം ആണ്ടില്‍ ഖുറൈശി കുടുംബങ്ങളെല്ലാം ബനൂഹാശിമുമായും ബനുല്‍ മുത്ത്വലിബുമായും ഉള്ള എല്ലാ ബന്ധങ്ങളും വിഛേദിക്കുകയും, തിരുമേനിയെ സഹായിക്കാനും സംരക്ഷിക്കാനും ഉറച്ചുനിലകൊണ്ട ഈ രണ്ടു കുടുംബങ്ങളും ശിഅ്ബുഅബീത്വാലിബില്‍ ഉപരോധിതരാവുകയും ചെയ്തപ്പോള്‍ അബൂലഹബ് ഒരാള്‍ മാത്രം സ്വന്തം കുടുംബത്തിനെതിരായി ഖുറൈശികാഫിറുകളെ പിന്തുണച്ചു. ഈ ഊരുവിലക്ക് മൂന്നു വര്‍ഷം നീണ്ടുനിന്നു. അതിനിടയില്‍ ഹാശിം കുടുംബവും മുത്ത്വലിബ് കുടുംബവും ക്ഷാമത്തിന്റെ നെല്ലിപ്പടി കണ്ടു. പക്ഷേ, അബൂലഹബിന്റെ സമ്പ്രദായമിതായിരുന്നു: മക്കയില്‍ ഏതെങ്കിലും കച്ചവടസംഘം എത്തുമ്പോള്‍ ഉപരോധിത നിരയില്‍നിന്നും ആരെങ്കിലും ഭക്ഷണസാധനം വാങ്ങുന്നതിനു വേണ്ടി അവരെ സമീപിച്ചാല്‍ അവര്‍ക്കത് വാങ്ങാന്‍ കഴിയാത്തത്ര ഭീമമായ വില വാങ്ങണമെന്ന് അയാള്‍ കച്ചവടക്കാരോട് വിളിച്ചുപറയും. അവരുടെ കച്ചവടം മുടങ്ങുന്നതുകൊണ്ടുള്ള നഷ്ടം താന്‍ നികത്തിത്തരുമെന്ന് വാക്കുകൊടുക്കുകയും ചെയ്യും. അങ്ങനെ കച്ചവടക്കാര്‍ ആവശ്യക്കാരോട് താങ്ങാനാവാത്ത വില ചോദിക്കുന്നു. അവര്‍ ഭക്ഷണം വാങ്ങാനാവാതെ വിശന്നുപൊരിയുന്ന കുടുംബാംഗങ്ങളുടെ അടുത്തേക്ക് വെറുംകൈയോടെ മടങ്ങുന്നു. അനന്തരം അബൂലഹബ് ആ സാധനങ്ങളൊക്കെ മാര്‍ക്കറ്റ് വിലയ്ക്കു വാങ്ങുന്നു. (ഇബ്‌നു സഅ്ദ്, ഇബ്‌നു ഹിശാം)

അയാളുടെ ഇത്തരം ചെയ്തികള്‍ മൂലമാണ് ഈ സൂറയില്‍ അയാള്‍ പേരു വിളിച്ച് ആക്ഷേപിക്കപ്പെട്ടത്. അത് പ്രത്യേകിച്ച് ആവശ്യമായിത്തീര്‍ന്നതിനു കാരണം ഇതായിരുന്നു: മക്കയിലേക്ക് പുറത്തുനിന്ന് തീര്‍ഥാടകര്‍ വന്നെത്തുന്നു. വിവിധ സ്ഥലങ്ങളിലെ ചന്തകളിലും പലയിടത്തുനിന്നും ആളുകള്‍ വന്നുചേരുന്നു. അവിടെയൊക്കെ നബി(സ)യുടെ സ്വന്തം പിതൃവ്യന്‍തന്നെ പിന്നാലെ ചെന്ന് അദ്ദേഹത്തെ എതിര്‍ക്കുകയാണ്. ഒരാള്‍ കാരണമില്ലാതെ സ്വന്തം സഹോദരപുത്രനെ അന്യരുടെ മുന്നില്‍വെച്ച് ശകാരിക്കുകയും കല്ലെറിയുകയും കുറ്റങ്ങള്‍ ആരോപിക്കുകയും ചെയ്യുക എന്നത് അറബികളുടെ സുപരിചിതമായ പാരമ്പര്യമനുസരിച്ച് പ്രതീക്ഷിക്കാനാവാത്ത കാര്യമാണ്. അക്കാരണത്താല്‍ അബൂലഹബിന്റെ സംസാരത്തില്‍ സ്വാധീനിക്കപ്പെട്ട് ആളുകള്‍ നബി(സ)യെക്കുറിച്ച് സംശയത്തിലായി. പക്ഷേ, ഈ സൂറ അവതരിച്ചപ്പോള്‍ കോപാന്ധനായി വെകിളിയെടുത്ത് അബൂലഹബ്അതുമിതും ജല്‍പിക്കാന്‍ തുടങ്ങിയപ്പോള്‍ ആളുകള്‍ക്ക് മനസ്സിലായി, റസൂലി(സ)ന്നെതിരില്‍ ഇയാള്‍ പറയുന്നതൊന്നും പരിഗണനീയമല്ലെന്ന്. ഇയാള്‍ക്ക് തന്റെ സഹോദരപുത്രനോടുള്ള വിരോധംകൊണ്ട് ഭ്രാന്തു പിടിച്ചിരിക്കുകയാണെന്നവര്‍ക്ക് തോന്നി.

അതിനുപുറമേ സ്വന്തം പിതൃവ്യനെ പേരു ചൊല്ലി ആക്ഷേപിച്ചതോടെ, ആരെയെങ്കിലും പരിഗണിച്ച് റസൂല്‍ (സ) ദീനീവിഷയത്തില്‍ വല്ല വിട്ടുവീഴ്ചയ്ക്കും തയ്യാറായേക്കുമെന്ന ആളുകളുടെ പ്രതീക്ഷക്ക് എന്നെന്നേക്കുമായി അറുതിയാവുകയും ചെയ്തു. ഇക്കാര്യത്തില്‍ ഇന്നവന്‍, ഇന്നവന്റെ മകന്‍ എന്നതിന് യാതൊരു പ്രസക്തിയുമില്ല.](അവലംബം തഫ്ഹീമുല്‍ ഖുര്‍ആന്‍)

നിഷ്പക്ഷമായ ചിന്തിക്കുന്നവര്‍ക്ക് ഒരു കാര്യം വ്യക്തമാകും, ഖുര്ആനെ താറടിക്കാന്‍ ഏച്ചുകെട്ടലും ദുര്‍വ്യാഖ്യാനവും കൂടാതെ സാധിക്കുകയില്ല.

36 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

നിഷ്പക്ഷമായ ചിന്തിക്കുന്നവര്‍ക്ക് ഒരു കാര്യം വ്യക്തമാകും, ഖുര്‍ആനെ താറടിക്കാന്‍ ഏച്ചുകെട്ടലും ദുര്‍വ്യാഖ്യാനവും കൂടാതെ സാധിക്കുകയില്ല.

എറക്കാടൻ / Erakkadan പറഞ്ഞു...

ഒരു നല്ല ലേഖനം തന്നെ...കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു....

Sakkeer Hussain പറഞ്ഞു...

വായില്‍ തോന്നുന്നതൊക്കെ വിളിച്ചു പറയുന്ന യുക്തിവടികളോടെ സംവടിച്ചിട്ടു എന്ത് കാര്യം. അധ്വാനവും സമയവും ക്രിയാത്മകമായ മറ്റു കാര്യങ്ങളിലേക്ക് തിരിച്ചു വിട്ടാല്‍ അത് ഉപകാരപ്പെടും. ഏതെങ്കിലും അടിസ്ഥാനത്തില്‍ നിന്ന് കൊണ്ട് സംസരിക്കുന്നവരോടല്ലേ സംസാരിക്കാന്‍ കഴിയൂ. ഇവര്‍ക്കതില്ല. അര്‍ത്ഥവും വ്യ്ഖ്യനവുമെല്ലാം അവര്‍ക്കനുസരിച്ച്‌ മറ്റും. ഇവരില്‍ നന്മയില്ല.

CKLatheef പറഞ്ഞു...

പ്രിയ സക്കീര്‍

താങ്കളുടെ അഭിപ്രായത്തിന് നന്ദിപറയുന്നതോടൊപ്പം അതിനോട് സ്‌നേഹപൂര്‍വം വിയോജിക്കുകയും ചെയ്യുന്നു. യുക്തിവാദികളോട് സംവദിച്ചിട്ട് അവര്‍ക്കെന്തെങ്കിലും കാര്യമുണ്ടോ എന്ന കാര്യത്തില്‍ ഞാന്‍ ആദ്യമേ സംശയാലുവാണ്. ഇവിട വിഷയം അത് മാത്രമല്ല. ഇസ്്‌ലാമിനെ വളരെ വികൃതമായിട്ടാണ് അവര്‍ അവതരിപ്പിച്ച് കൊണ്ടിരിക്കുന്നത് എന്നറിയാത്തയാളാവില്ല താങ്കള്‍ എന്ന് കരുതുന്നു. സത്യം മനസ്സിലാക്കണമെന്ന് ആഗ്രഹമുള്ള ധാരാളം പേര്‍ അദ്ദേഹത്തിന്റെയും എന്റെയും ബ്ലോഗുകള്‍ സന്ദര്‍ശികുന്നു. ഇവര്‍ക്ക് ഇസ്്‌ലാമിന്റെ വക്രീകരിച്ച രൂപം മാത്രം ലഭിക്കുന്ന അവസ്ഥ എന്ത് മാത്രം പരിതാപകരമല്ല. ഏതോ ഒരു യുക്തിവാദിയെ തിരുത്താന്‍ ശ്രമിക്കുകയാണെന്ന ധാരണയില്‍ ഉപദേശിക്കാന്‍ ഇറങ്ങിതിരിക്കും മുമ്പ് ഈ പോസ്‌റ്റെങ്കിലും വായിക്കാന്‍ താങ്കള്‍ സമയം കണ്ടെത്തിയിരുന്നെങ്കില്‍ അധ്വാനവും സമയവും ക്രിയാത്മകമായി തിരിച്ചുവിടവാനുള്ള ഈ ഉപദേശം അസ്ഥാനത്താകുമായിരുന്നില്ല. നന്മകള്‍ നേരുന്നു.

Sakkeer Hussain പറഞ്ഞു...

ലത്തീഫ് പറഞ്ഞത് ശരിയാണ്. അന്ധത ബാധിച്ച യുക്തിവാദികള്‍ക്ക് കാര്യമില്ലെങ്കിലും നിഷ്പക്ഷമായി ചിന്ധിക്കുന്നവര്‍ക്കും യുക്തിവാദികളുടെ കുപ്രചാരണത്തില്‍ കുടുങ്ങിപ്പോകുന്ന നിഷ്കളങ്കര്‍ക്കും സത്യം മസ്സിലാക്കാന്‍ ഇതുപകരിക്കും.
യുക്തിവാദം ഉപേക്ഷിച്ചു വിശ്വാസത്തിലേക്ക് മടങ്ങിയ ഒരാളെ ഞാന്‍ ഈയിടെ കണ്ടു. ആ നിലക്ക് ഇത് വളരെ ഉപകാരപ്രദമായ കാര്യം തന്നെ.
ഭാവുകങ്ങള്‍

V.B.Rajan പറഞ്ഞു...

പ്രവാചകന്മാരുടെ വഴിയില്‍ അള്ളാഹു തന്നെ ശത്രുക്കളെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു താഴെക്കൊടുത്തിരിക്കുന്ന ഖുറാന്‍ വാക്യങ്ങളില്‍ പറയുന്നു. അവരുടെ പ്രവര്‍ത്തനം ദൈവം ഉദ്ദേശിച്ചിട്ടു തന്നെയാണെന്നും വേണമെന്നു വച്ചാല്‍ അവരെ നേര്‍‌വഴിയിലാക്കാന്‍ സാധിക്കുമായിരുന്നുവെന്നും പറയുന്നു. ദൈവം ഒരിടത്തു ശത്രുക്കളെയും, കുറ്റവാളികളെയും തയ്യാറാക്കിനിര്‍ത്തുകയും മറ്റൊരിടത്ത് അവരെ ശകാരിക്കുകയും ചെയ്യുന്നു. ഈ സ്വഭാത്തിന് പച്ചമലയാളത്തില്‍ നാരദന്റെ പണി എന്നു പറയും. രണ്ടറ്റത്തും തീ കൊളുത്തിയിട്ട് തമ്മിലടി കണ്ട് രസിക്കുന്ന ഒരു സാഡിസ്റ്റ് സ്വഭാവം.

“അപ്രകാരം ഓരോ പ്രവാചകന്നും മനുഷ്യരിലും ജിന്നുകളിലും പെട്ട പിശാചുക്കളെ നാം ശത്രുക്കളാക്കിയിട്ടുണ്ട്‌. കബളിപ്പിക്കുന്ന ഭംഗിവാക്കുകള്‍ അവര്‍ അന്യോന്യം ദുര്‍ബോധനം ചെയ്യുന്നു. നിന്‍റെ രക്ഷിതാവ്‌ ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരത്‌ ചെയ്യുമായിരുന്നില്ല. അത്‌ കൊണ്ട്‌ അവര്‍ കെട്ടിച്ചമയ്ക്കുന്ന കാര്യങ്ങളുമായി അവരെ നീ വിട്ടേക്കുക.”[6:112]

“അതേ പ്രകാരം തന്നെ ഓരോ നാട്ടിലും കുതന്ത്രങ്ങളുണ്ടാക്കുവാന്‍ അവിടത്തെ കുറ്റവാളികളുടെ തലവന്‍മാരെ നാം ഏര്‍പെടുത്തിയിട്ടുണ്ട്‌. എന്നാല്‍ അവര്‍ കുതന്ത്രം പ്രയോഗിക്കുന്നത്‌ അവര്‍ക്കെതിരില്‍ തന്നെയാണ്‌. അവര്‍ ( അതിനെപ്പറ്റി ) ബോധവാന്‍മാരാകുന്നില്ല..”[6:123]

"നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചവര്‍ ബധിരരും ഊമകളും ഇരുട്ടുകളില്‍ അകപ്പെട്ടവരുമത്രെ. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു വഴികേടിലാക്കും. താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍മാര്‍ഗത്തിലാക്കുകയും ചെയ്യും. ”[6:39]

“നാം അവരിലേക്ക്‌ മലക്കുകളെ ഇറക്കുകയും, മരിച്ചവര്‍ അവരോട്‌ സംസാരിക്കുകയും, സര്‍വ്വവസ്തുക്കളെയും നാം അവരുടെ മുമ്പാകെ കൂട്ടം കൂട്ടമായി ശേഖരിക്കുകയും ചെയ്താലും അവര്‍ വിശ്വസിക്കാന്‍ പോകുന്നില്ല. അല്ലാഹു ഉദ്ദേശിച്ചെങ്കിലല്ലാതെ. എന്നാല്‍ അവരില്‍ അധികപേരും വിവരക്കേട്‌ പറയുകയാകുന്നു.”.[6:111]

ചിന്തകന്‍ പറഞ്ഞു...

പ്രിയ രാജന്‍

ഈ പോസ്റ്റിലെ വിഷയവുമായി ബന്ധപ്പെട്ട് താങ്കള്‍ക്ക് പ്രത്യേകിച്ചൊന്നും പറയാനില്ലെന്ന് മനസ്സിലാക്കുന്നു.

ഇപ്പോള്‍ താങ്കള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ ഈ വിഷയുവുമായി ബന്ധപ്പെട്ടതല്ല. ഈ വിഷയം പലതവണ ചര്‍ച്ച ചെയ്തതുമാണ്. ലത്തീഫ് തന്നെ മുമ്പ് ഈ വിഷയവുമായി ബന്ധപെട്ട ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

CKLatheef പറഞ്ഞു...

പ്രിയ ചിന്തകന്‍

ഞാന്‍ ആഗ്രഹിച്ചിരുന്ന ഒരു കാര്യമാണ് താങ്കള്‍ ചെയ്തത്. ഈ സൂക്തങ്ങള്‍ ദൈവവിധിയുമായി ബന്ധപ്പെട്ടതാണ്. നാരദന്റെ പണിയാണോ ഇതെന്ന് ശേഷം നമ്മുക്ക് പരിശോധിക്കാം.

പ്രിയ രാജന്‍

താങ്കളുടെ ചിന്തകള്‍ പങ്കുവെക്കുന്നതിന് കലവറയില്ലാത്ത നന്ദി രേഖപ്പെടുത്തട്ടേ.

V.B.Rajan പറഞ്ഞു...

പ്രിയ ലത്തീഫ്, ചിന്തകന്‍

അബൂലഹബ് എന്ന ശത്രു അല്ലെങ്കില്‍ ശല്യക്കാരനെ പ്രവാചകനെതിരെ നിലനിര്‍ത്തിയത് ദൈവം തന്നെയാണ് എന്നാണ് ‍ മേല്‍ ചൂണ്ടിക്കാണിച്ച വാക്യങ്ങളില്‍ നിന്നും എനിക്കു ബോധ്യമാകുന്നത്. അങ്ങനെ ദൈവം നിയോഗിച്ച ഒരാള്‍ ദൈവേശ്ച അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരാള്‍ ആ പ്രവര്‍ത്തിക്ക് ദൈവത്തിന്റെ ശകാരത്തിനു വിധേയമാവുന്നത് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്. ദൈവം ആഗ്രഹിച്ചിരുന്നുവെങ്കില്‍ അബൂലഹബിനെ ഇത്തരം പ്രവര്‍ത്തികളില്‍ നിന്നും തടയാന്‍ സാധിക്കുമായിരുന്നു എന്നു ദൈവം തന്നെ പറയുകയും ചെയ്യുന്നുണ്ട്.

എന്റെ കമന്റ് പോസ്റ്റിലെ വിഷയവുമായി ബന്ധപ്പെട്ടതല്ലെന്ന് ചിന്തകന് എന്തുകൊണ്ടു തോന്നി എന്നു മനസ്സിലായില്ല.

CKLatheef പറഞ്ഞു...

ദൈവേഛ മനുഷ്യന്റെ പ്രവര്‍ത്തന സ്വാതന്ത്ര്യം എന്നീകാര്യങ്ങളെക്കുറിച്ച് ഒരു സാമാന്യ ധാരണയില്ലെങ്കില്‍ ഇതിന് എന്ത് മറുപടി പറഞ്ഞാലും എങ്ങനെ പറഞ്ഞാലും മനസ്സിലാക്കാന്‍ പ്രയാസമാകും എന്നത് കൊണ്ടാണ് ചിന്തകന്‍ ലിങ്ക് നല്‍കിയതും ഞാനതിനെ പിന്തുണച്ചതും. സൃഷ്ടികള്‍ എന്ത് ചെയ്താലും തടയാന്‍ സാധിക്കാത്ത ഒരു ദൈവം സര്‍വശക്തനാകുമോ യുക്തിമാന്‍ എന്ന് ആ അസ്തിത്വത്തെക്കുറച്ച് പറയാന്‍ കഴിയുമോ. അതാണ് ദൈവമുദ്ദേശിച്ചെങ്കില്‍ തടയാമെന്നും ദൈവമുദ്ദേശിച്ചിരുന്നെങ്കില്‍ ഭൂമിയിലുള്ളവരെല്ലാം സന്മാര്‍ഗചാരികളാകുമായിരുന്നു എന്നെല്ലാം പറയുന്നതിന്റെ അര്‍ഥം. എന്നാല്‍ എല്ലാവരെയും ബലമായി സന്‍മാര്‍ഗത്തിലേക്ക് നയിക്കണം എന്നതല്ല ദൈവതീരുമാനം. വിവേചനബുദ്ധിയും തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യവും നല്‍കി തെളിഞ്ഞ് കാണത്തക്കവിധം രണ്ട് വഴികളും കാണിച്ചുകൊടുത്ത് അതില്‍ നന്മയുടെ മാര്‍ഗത്തിലൂടെ സഞ്ചരിക്കണമെന്ന് കല്‍പിച്ച് അങ്ങനെ സഞ്ചരിച്ചാല്‍ നിങ്ങള്‍ക്ക് പ്രതിഫലമുണ്ടെന്ന് പഠിപ്പിച്ച് തെറ്റായ വഴിതെരഞ്ഞടുക്കരുതെന്നും അവയിലൂടെ പോയാല്‍ ശിക്ഷയുണ്ടെന്ന് പഠിപ്പിച്ച് മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് യോജിച്ച പ്രതിഫലം അവന്‍ നല്‍കണമെന്നതാണ് ദൈവം തൃപ്തിപ്പെടുന്നത്.

ഇതേ കാര്യമേ രാജുവില്‍ നിന്നും എന്നില്‍ നിന്നും അബൂലഹബില്‍ നിന്നും ദൈവം പ്രതീക്ഷിക്കുന്നത്. ഇതില്‍ നാം തെരഞ്ഞെടുക്കുന്നതിനനുസരിച്ച് നമ്മുക്ക് ലഭിക്കുന്ന പര്യവസാനങ്ങളും വ്യത്യസ്ഥമാകും അത്രമാത്രമേയുള്ളു. ഈ വസ്തുത മുന്നില്‍ വെച്ച് പരിശോധിച്ചാല്‍ താങ്കള്‍ നല്‍കി സൂക്തങ്ങള്‍ക്ക് ലഭിക്കുന്ന ആശയം ദൈവമൊരു നാരദനാണ് എന്നതായിരിക്കില്ല. മറിച്ച് ദൈവം സര്‍വശക്തനും യുക്തിമാനുമാണ് എന്നതായിരിക്കും. പക്ഷേ പ്രസ്തുത ലിങ്ക് ചെയ്ത പോസ്റ്റ് വായിച്ചില്ലെങ്കില്‍ ഈ പ്രശ്‌നത്തില്‍ നിങ്ങളെ സഹായിക്കാന്‍ ഞങ്ങള്‍ക്കാവില്ല.

പിന്നെ അവശേഷിക്കുക എങ്കില്‍ പിന്നെ പിശാചിനെ എന്തിന് സൃഷ്ടിച്ചു. എല്ലാവര്‍ക്കും ഇത് സ്വീകരിക്കാന്‍ കഴിയുന്നവിധം മനുഷ്യമനസ്സിനെ മാറ്റിക്കൂടായിരുന്നോ എന്നൊക്കെയുള്ള ചോദ്യങ്ങളാണ്. പരീക്ഷയില്‍ ഒരു ശരിയുത്തരവും 3 തെറ്റായ ഉത്തരവും നല്‍കുന്നതെന്തിനാണ്. എന്നൊരാള്‍ ചോദിക്കുമ്പോള്‍ പറയാന്‍ കഴിയുന്ന ഉത്തരമേ ഇതിനും നല്‍കാനാവൂ. കുറച്ച് അധ്വാനിച്ച് പ്രതിബന്ധങ്ങളെ തരണം ചെയ്യുന്നവര്‍ക്കാകട്ടേ അതുല്യമായ സ്വര്‍ഗം എന്ന് ദൈവം തീരുമാനിച്ചെങ്കില്‍ എനിക്കും താങ്കള്‍ക്കും ദൈവത്തിന്റെ തീരുമാനം മാറ്റാനാവില്ലല്ലോ.

ചുരുക്കത്തില്‍ സത്യമാര്‍ഗവും അതിലേക്കുള്ള പ്രേരകങ്ങളും അത് സ്വീകരിക്കാനാവശ്യമായ മുഴുവന്‍ സാഹചര്യവുമിവിടെയുണ്ട് മറുപുറത്ത് തിന്മയും അതിലേക്കുള്ള പ്രേരകവും അത് സ്വീകരിക്കാനാവശ്യമായ സാഹചര്യങ്ങളുമുണ്ട്. അതിനാണ് രണ്ട് വഴി എന്ന് പറയുന്നത്.

ഈ ഖുര്‍ആന്‍ സൂക്തങ്ങള്‍ വായിക്കുക.

മനുഷ്യന്‍ പറയപ്പെടാവുന്ന ഒന്നുമേ അല്ലാതിരുന്ന സുദീര്‍ഘമായ കാലഘട്ടം അവനില്‍ കടന്നുപോയിട്ടില്ലയോ? മനുഷ്യനെ നാം മിശ്രിതമായ ശുക്ളകണത്തില്‍നിന്ന് സൃഷ്ടിച്ചു; അവനെ പരീക്ഷിക്കുന്നതിനുവേണ്ടി. ഈ ആവശ്യാര്‍ഥം നാം അവനെ കാഴ്ചയും കേള്‍വിയുമുള്ളവനാക്കി. നാം അവനു വഴി കാട്ടിക്കൊടുത്തു. നന്ദിയുള്ളവനാകാം നന്ദി കെട്ടവനുമാകാം. (76:1-3)

V.B.Rajan പറഞ്ഞു...

A,B എന്ന രണ്ടു വ്യക്തികള്‍. എന്തോ വ്യക്തി വൈരാഗ്യം മൂലം A എന്ന വ്യക്തി സ്വയം മാറിനിന്നിട്ട് B യെ ഒരു വാടകഗുണ്ടയെ ഉപയോഗിച്ച് പൊതുജന മദ്ധ്യത്തില്‍ വച്ച് തല്ലിക്കുന്നു. അതിനു ശേഷം A പ്രത്യക്ഷപ്പെട്ട് സ്വയം മാന്യനാകാന്‍ ഗുണ്ടയെ പരസ്യമായി ശാസിക്കുന്നു. ഇങ്ങനെയുള്ള ഒരാളെ ഞാന്‍ കാണുന്നത് മുഖം മൂടിയിട്ട ഒരു വഞ്ചകനായിട്ടാണ്. ഇവിടെ ദൈവവും ഈ പണിതന്നെയാണ് ചെയ്യുന്നത്. മനുഷ്യനാല്‍ സൃഷ്ടിക്കപ്പെട്ട ദൈവത്തിന് തീര്‍ച്ചയായും ഇങ്ങനെ ചെയ്യാം. പക്ഷെ ഒരു സര്‍‌വശക്തന് ഇത് യോജിച്ചതല്ല.

ചിന്തകന്‍ തന്ന് ലിങ്ക് നേരത്തെ കണ്ടിരുന്നു. താഴെ എന്റെ കമന്റും ഉണ്ട്.

ചിന്തകന്‍ പറഞ്ഞു...

എന്റെ കമന്റ് പോസ്റ്റിലെ വിഷയവുമായി ബന്ധപ്പെട്ടതല്ലെന്ന് ചിന്തകന് എന്തുകൊണ്ടു തോന്നി എന്നു മനസ്സിലായില്ല.

‘സൃഷ്ടികളെ തെറിവിളിക്കുന്ന സ്രഷ്ടാവ്‘ എന്നതായിരുന്നു ഇവിടെ വിഷയം. അതിന് ഖുര്‍ ആനിലൂടെ അബൂലഹബിനെ തെറിവിളിച്ചു എന്നതിന് തെളിവായി താങ്കളും ജബ്ബാറും എടുത്തുദ്ധരിച്ച സൂക്തത്തിലെ യഥാര്‍ഥ വസ്തുത എന്താണെന്ന് വെളിവാക്കാനായിരുന്നു ഈ പോസ്റ്റ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

എന്നാല്‍ താങ്കള്‍ അത് വഴി മറ്റൊരു വിഷയത്തിലേക്ക് പ്രവേശിച്ചു.

ഇവിടെ താങ്കളുന്നയിക്കുന്നത് ചോദ്യം എല്ലാം അറിയുന്ന ദൈവം അബൂലഹബിനെ കൊണ്ട് എന്തിന് ഈ ക്രൂര കൃത്യം ചെയ്യാന്‍ അനുവധിക്കുകയും എന്നിട്ട് ശപിക്കുകയും ചെയ്യുന്നു എന്നതാണ്. ഇത് മറ്റൊരു വിഷയമാണ്. അതായത് ദൈവേച്ഛയും മനുഷ്യേച്ഛയും തമ്മിലുള്ള ബന്ധമാണ് താങ്കളുന്നയിച്ച ചോദ്യത്തിലെ വിഷയം.

CKLatheef പറഞ്ഞു...

പ്രിയ ചിന്തകന്‍

രാജന്‍ ഉന്നയിച്ച സൂക്തങ്ങള്‍ വിധിയുമായി ബന്ധപ്പെട്ടതാണെങ്കിലും മി.രാജന്‍ അത് യുക്തിയോടെത്തന്നെ നമ്മുടെ വിഷയവുമായി ബന്ധിച്ചിരിക്കുന്നു. അതിനാല്‍ പ്രസ്തുത സൂക്തങ്ങള്‍ വെച്ചുതന്നെ നമ്മുക്ക് ചര്‍ചനീക്കാം. പക്ഷെ അത് കേവലം കമന്റിലൂടെ സാധ്യമല്ല അതിനാല്‍ സൂക്തങ്ങളുടെ അര്‍ഥവും വ്യാഖ്യാനവും ഇവിടെനിന്ന് വായിച്ച് നമ്മുക്ക് ചര്‍ച ഇവിടത്തന്നെ തുടരാം. രാജന്റെ A,B,C പ്രശ്‌നത്തിനും അവവായിച്ചാല്‍ കുറച്ച് ശമനമാകും. മുന്‍ധാരണയില്ലാതെ തുറന്ന മനസ്സോടെ പാരായണം ചെയ്യുക എന്ന് മാത്രം ആവശ്യപ്പെടുന്നു. ചിന്തകനും രാജനും നന്ദി.

മി | Mi പറഞ്ഞു...

appol churukki paranjal...

nammude daivam "thanthayilla kazhuveri" ennalla, "pithru shoonyan" ennanu vilichathu..

"naayinte mone" ennalla, "shunaka santhathi" ennanu vilichathu..

kozhappalyaa.. ellam manasilaayi. thanks.

CKLatheef പറഞ്ഞു...

@ Mi

Anganeyanu manassilayathenkil thankalkkonnum manassilayittilla. Pakshe ningalekkurich chilathellam enikk manassilayi. nandi.

CKLatheef പറഞ്ഞു...

@V.B.Rajan

'A,B എന്ന രണ്ടു വ്യക്തികള്‍. എന്തോ വ്യക്തി വൈരാഗ്യം മൂലം A എന്ന വ്യക്തി സ്വയം മാറിനിന്നിട്ട് B യെ ഒരു വാടകഗുണ്ടയെ ഉപയോഗിച്ച് പൊതുജന മദ്ധ്യത്തില്‍ വച്ച് തല്ലിക്കുന്നു. അതിനു ശേഷം A പ്രത്യക്ഷപ്പെട്ട് സ്വയം മാന്യനാകാന്‍ ഗുണ്ടയെ പരസ്യമായി ശാസിക്കുന്നു.'

ഇത്രലളിതമായി വിശദീകരിച്ച് എങ്ങനെയെങ്കിലും ദൈവത്തെ വഞ്ചകനാക്കി സംതൃപ്താനാകാനാണ് താങ്കളുടെ ഉദ്ദേശ്യമെങ്കില്‍ ചര്‍ചചെയ്ത് വെറുതെ നാം സമയം പാഴാക്കേണ്ടതില്ല. വാക്കുകള്‍ മാര്‍ദ്ദവമില്ലെങ്കിലും ഉദ്ദേശ്യം ഒരു പക്ഷേ നന്നായിരിക്കും എന്നതുകൊണ്ടാണ് ഇവിടെ താങ്കള്‍ക്ക് വിശദീകരണം നല്‍കുന്നത്.

A = അല്ലാഹു
B = മുഹമ്മദ് നബി
ഗുണ്ട = അബൂലഹബും കൂട്ടുകാരും.

രണ്ട് പേര്‍ക്കും വ്യക്തിവൈരാഗ്യം. നിഷേധികളെക്കൊണ്ട് അടിപ്പിക്കുന്നു. അല്ലാഹു പ്രത്യക്ഷപ്പെട്ട് അബൂലഹബിനെ ശാസിക്കുന്നു.

ഇവിടെ അല്ലാഹു വഞ്ചകന്‍ . അതിനാല്‍ അല്ലാഹു മനുഷ്യ സൃഷ്ടി. (നഊദുബില്ലാഹ്)

ഇനി ഒന്നും പറയാനില്ല. എല്ലാം തീരുമാനമായി. നന്ദി. നന്മകള്‍ നേരുന്നു.

V.B.Rajan പറഞ്ഞു...

പ്രിയ ലത്തീഫ്,

കള്ളനെയും തെമ്മാടികളെയും സമൂഹത്തില്‍ വളര്‍ത്തുന്നത് താനാണെന്നും അവരുടെ പ്രവര്‍ത്തികള്‍ തന്റെ ആഗ്രഹപ്രകാരമാണെന്നും, അവര്‍ നല്ല വഴിക്കുവരണമെങ്കില്‍ താന്‍ തീരുമാനിച്ചാല്‍ മാത്രമെ സാധിക്കൂ എന്നും ദൈവം നബിയില്‍ കൂടി ഖുറാനില്‍ പറഞ്ഞിട്ടുണ്ട്. എനിക്ക് ദൈവത്തെ വഞ്ചകനാക്കി ഒന്നും നേടാനില്ല. ദൈവത്തിന്റെ വക്കാലത്ത് എടുക്കാനും ഞാനില്ല. ദൈവം, പിശച്, മാലാഖ തുടങ്ങിയവ മനുഷ്യന്റെ ഭാവനാ സൃഷ്ടി മാത്രമാണെന്നു സ്ഥാപിക്കാനാണ് എന്റെ ശ്രമം. അതല്ല സ്വര്‍ഗ്ഗത്തില്‍ സിംഹാസനത്തില്‍ അങ്ങിനെ ഒരാളിരുന്നു നിയന്ത്രണം നടത്തുന്നു എന്നുള്ളതിന് തെളിവു ലഭിച്ചാല്‍ അതംഗീകരിക്കാന്‍ ഞാന്‍ മുന്‍പന്തിയിലുണ്ടാവും.

CKLatheef പറഞ്ഞു...

അത്തരമൊരു സൂക്തം ഖുര്‍ആനില്‍ കാണിച്ച് തരാനാവില്ല എന്നതുതന്നെയാണ് താങ്കളുടെ മുന്‍ധാരണകളുടെ ശക്തമായ തെളിവ്. ദൈവമില്ല എന്ന് സ്ഥാപിക്കാനാണെങ്കില്‍ അതിന് പണ്ടുമുതലേ പറഞ്ഞുവരുന്ന കാര്യം മതിയായിരുന്നു. അഥവാ ഞാന്‍ കണ്ടിട്ടില്ല അതിനാല്‍ ദൈവമില്ല. ഇങ്ങനെ വളഞ്ഞ് മൂക്ക് പിടിക്കേണ്ട കാര്യമില്ല. പിന്നെ ദൈവം സ്വര്‍ഗത്തില്‍ സിംഹാസനത്തിലിരിക്കുന്നു എന്ന് മുസ്്‌ലിംകളായ ഞങ്ങള്‍ വിശ്വസിക്കുന്നില്ല. എവിടുന്ന് കിട്ടി ഇതൊക്കെ. നിങ്ങളെപ്പോലുള്ളവര്‍ക്ക് ദൈവത്തെകണ്ടെത്താന്‍ വേണ്ടത് വായനയും പഠനവുമൊന്നുമല്ല. ശാന്തമായി ചിന്തിക്കാനുള്ള കഴിവാണ്. രണ്ടാമതേ വായനയും പഠനവും പ്രസക്തമാകൂ. അതിന് ദൈവം താങ്കള്‍ക്ക് ഉതവിനല്‍കുമാറാകട്ടേ എന്ന് പ്രാര്‍ഥിക്കുന്നു.

V.B.Rajan പറഞ്ഞു...

പ്രിയ ലത്തീഫ്

താങ്കള്‍ ചൂണ്ടിക്കാണിച്ച ലിങ്ക് കണ്ടു. അതില്‍ താങ്കള്‍ പറഞ്ഞിരിക്കുന്ന താഴെക്കൊടുത്തിരിക്കുന്ന കാര്യങ്ങളാണ് ഞാന്‍ നേരത്തെ പറഞ്ഞത്.

"മോഷ്ടാവിന്റെ മോഷണം, കൊലയാളിയുടെ കൊല, അക്രമിയുടെ അക്രമം, അവിശ്വാസിയുടെ അവിശ്വാസം, മുശ്‌രികിന്റെ ശിര്‍ക്ക് ഇങ്ങനെയാതൊന്നും തന്നെ ദൈവാനുമതിയോടെ അല്ലാതെ സംഭവ്യമല്ല. അപ്രകാരം തന്നെയാണ് വിശ്വാസിയുടെ വിശ്വാസത്തിന്റെയും'ഭക്തന്റെ'ഭക്തിയുടെയും സ്ഥിതി. യാതൊന്നും ദൈവേഛക്കതീതമായി നടക്കുകയില്ല. രണ്ടുതരം സംഭവങ്ങളിലും ദൈവേഛ തുല്യനിലയില്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ആദ്യം പറഞ്ഞ തരത്തില്‍പ്പെട്ട സംഭവങ്ങളില്‍ ദൈവപ്രീതിയില്ല."

ദൈവാനുമതിയോടെ നടത്തപ്പെട്ട ഒരു കാര്യത്തിന് അതു ചെയ്ത ആളെ ദൈവം ശകാരിക്കുന്നത് എനിക്കു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്. ദൈവം വിചാരിച്ചിരുന്നെങ്കില്‍ അത്തരം പ്രവര്‍ത്തി ഉണ്ടാകുമായിരുന്നില്ല എന്നു ദൈവം തന്നെ പറയുന്നുമുണ്ട്. ദൈവത്തിന് പ്രീതിയില്ലാത്ത കാര്യം ചെയ്യാന്‍ ദൈവം അനുവദിക്കുന്നതും എനിക്കു മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. ദൈവം എങ്ങനെ ആവണമെന്ന് എനിക്കു ഒരു പിടിവാശിയുമില്ലന്ന് ഒന്നുകൂടി ഓര്‍മ്മിപ്പിക്കട്ടെ. ദൈവം എന്ന സങ്കല്പം മനുഷ്യന്റെ ഭാവനാസൃഷ്ടി മാത്രമാണെന്നാണ് എന്റെ കാഴ്ചപ്പാട്.

ചിന്തകന്‍ പറഞ്ഞു...

ദൈവാനുമതിയോടെ നടത്തപ്പെട്ട ഒരു കാര്യത്തിന് അതു ചെയ്ത ആളെ ദൈവം ശകാരിക്കുന്നത് എനിക്കു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്.

പ്രിയ രാജന്‍
ഈ പ്രപഞ്ചത്തിലെ എതൊരു ചേതന അചേതന വസ്തുവും ചലിക്കുന്നത് ദൈവം നിശ്ചയിച്ച പ്രാപഞ്ചിക നിയമങ്ങളുടെ അടിസ്ഥാനത്തിലാണ്. മനുഷ്യനും അത് പോലെ തന്നെ. ആ നിയമങ്ങള്‍ എന്ത് കൊണ്ട് അങ്ങിനെയായി ഇങ്ങനെയായിക്കൂടെ നാം ചോദിക്കുന്നതില്‍ വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഇവിടെ ആത്യന്തിക ഇച്ഛ ദൈവത്തിന്റെത് മാത്രമാണ്. അത് കൊണ്ടാണ് ദൈവം സര്‍വ്വശക്തനാണെന്ന് പറയുന്നത്.

മനുഷ്യന് കൊടുത്ത നിയമത്തിലെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് സ്വയം തിരഞ്ഞെടുപ്പിനുള്ള അവകാശമാണ്. അതായത് മനുഷ്യന്‍ നന്മയും തിന്മയും സ്വയം തിരഞ്ഞെടുക്കണമെന്ന് ദൈവം നിശ്ചയിച്ചു. അതിനുള്ള പൂര്‍ണ്ണ സ്വതന്ത്ര്യം മനുഷ്യന് നല്‍കി.ഇവിടെ അതാണ് ദൈവത്തിന്റെ ഇച്ഛ.

എന്നാല്‍ മനുഷ്യന്‍ സ്വയം തിരഞ്ഞെടുത്താലും അത് നടക്കണമെങ്കില്‍ ദൈവത്തിന്റെ ഇച്ഛ കൂടിയേ തീരൂ. ഇവിടെയാണ് താങ്കളുടെ സംശയം നിലനില്‍ക്കുന്നത്.

അബൂലഹബിനെ ഇത്തരം കാ‍ര്യങ്ങളില്‍ നിന്ന് ദൈവത്തിന് തടയാമായിരുന്നു. എന്നിട്ടും എന്ത് കൊണ്ട് തടഞ്ഞില്ല. എന്നാണ് ചോദ്യം.

തടയാന്‍ മനുഷ്യ പ്രകൃതിക്ക്(മനുഷ്യന് നിശ്ചയിച്ച നിയമം) അനുയോജ്യമായ എല്ലാ കാര്യങ്ങളും ചെയ്തിരുന്നു എന്നതാണ് സത്യം. എന്നാല്‍ അബൂലഹബിന്റെ ഇച്ഛ (അഹങ്കാരം),സത്യം മനസ്സിലാക്കിയിട്ടും അതിനെയൊന്നും അംഗീകരിച്ചില്ല. മാത്രമല്ല അതംഗീകരിച്ചവരെ എല്ലാ നിലക്കും കഷ്ടപെടുത്താന്‍ ശ്രമിക്കുകയും ചെയ്തു.

തന്നിഷ്ടക്കാരും അഹങ്കാരികളുമായ ആരെയും ദൈവം സന്മാര്‍ഗത്തിലാക്കുകയില്ല. യഥാര്‍ഥ സത്യം കണ്ടെത്താന്‍ ശ്രമിക്കുന്ന ഒരാളെയും അല്ലാഹു ദുര്‍മാ‍ാര്‍ഗത്തിലുമാക്കില്ല. അബൂലഹബിന്റെ സംഭവം മനുഷ്യ സമൂഹത്തിന് ഒരു പാഠമായിരിക്കാന്‍ വേണ്ടികൂടിയാണ് ഖുര്‍ ആനില്‍ അതെടുത്തുദ്ധരിക്കുന്നത്.

വിശ്വാസികളെ സംബന്ധിച്ചേടത്തോളം ഇത്തരം കാര്യങ്ങള്‍ അവര്‍ക്കുള്ള പരീക്ഷണങ്ങളാണ്. സത്യത്തിന്റെ മുമ്പില്‍ അടിയുറച്ച് നില്‍ക്കുന്നവരും ഏതു പരീക്ഷണങ്ങളെയും നേരിടാന്‍ തയ്യാറെടുത്തവരുമായിരിക്കും അവര്‍.

ആത്മാര്‍തമായി സത്യം കണ്ടെത്തണമെന്ന് ആഗ്രഹിക്കുകയാണെങ്കില്‍, അതിലേക്കുള്ള വഴികള്‍ ദൈവം തന്നെ തങ്കള്‍ക്ക് തുറന്ന് തരും. എന്നാല്‍ എന്റെ യുക്തിക്കപ്പുറത്ത് മറ്റൊരു സത്യമില്ലാ എന്ന് നേരെത്തെ തന്നെ നിശ്ചയിച്ചുറപ്പിച്ചുണ്ടെങ്കില്‍ ആ വഴി ഒരിക്കലും താങ്കള്‍ക്ക് കണ്ടെത്താനുമാവില്ല. താങ്കളുടെ മനസ്സിലുള്ളതും അറിയുന്നവനാണ് ദൈവം.

CKLatheef പറഞ്ഞു...

'ദൈവം എന്ന സങ്കല്പം മനുഷ്യന്റെ ഭാവനാസൃഷ്ടി മാത്രമാണെന്നാണ് എന്റെ കാഴ്ചപ്പാട്.'

പ്രിയ രാജന്‍

താങ്കള്‍ താങ്കളുടെ കാഴ്ചപ്പാട് വെച്ചുപുലര്‍ത്താന്‍ എല്ലാ സ്വാതന്ത്ര്യവുമുണ്ട്. അതുപോലെ ഞങ്ങള്‍ക്ക് ദിവ്യഗ്രന്ഥത്തിലൂടെ വെളിപ്പെട്ട് കിട്ടിയ ദൈവവീക്ഷണം സ്വീകരിക്കാനും. ഈ രണ്ട് തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യവും ദൈവം നല്‍കിയതാണ്. മറ്റുജീവികള്‍ക്ക് ഇത്തരം ചിന്താശക്തിയോ തെരഞ്ഞെടുപ്പിനുള്ള കഴിവോ ഇല്ല. അവ അവയുടെ ജന്‍മവാസനക്കനുസരിച്ച് ജീവിച്ചുകൊണ്ടിരിക്കുന്നു. താങ്കളുടെ ചോദ്യത്തിന്റെ അര്‍ഥം എന്തുകൊണ്ട് ആ ജീവികളെപ്പോലെ മനുഷ്യനെ സൃഷ്ടിച്ചില്ല എന്നത് മാത്രമാണ്. അതുമല്ലെങ്കില്‍ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന മലക്ക് എന്ന സൃഷ്ടിപോലെ ദൈവകല്‍പനക്ക് വിരുദ്ധമായി അവക്ക് പ്രവര്‍ത്തിക്കാന്‍ സാധ്യമല്ല. മലക്കുകളില്‍ വിശ്വാസത്തിന്റെ ഏറ്റവും വലിയ പ്രസക്തിയും അതാണ് എന്ന് തോന്നുന്നു. ഇങ്ങനെയും ദൈവത്തിന് ചില സൃഷ്ടികളുണ്ട് എന്ന് മനസ്സിലാക്കാന്‍. മനുഷ്യന്‍ ഈ രണ്ട് വിഭാഗത്തിലും പെടുന്നില്ല. നമ്മുക്ക് തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുള്ളതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പിന്റെ ഉത്തരവാദികള്‍ നമ്മള്‍ തന്നെയാണ്. ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്യാന്‍ നമ്മോടാവശ്യപ്പെട്ടിട്ടില്ല. പക്ഷേ ചരിത്രത്തിലിന്നോളം നിഷേധികള്‍ തങ്ങളുടെനിഷേധത്തിന് ന്യായീകരണമായി ഉയര്‍ത്തിക്കാട്ടിയിരുന്നു ഇവിടെ നോക്കുക.

ഇസ്‌ലാമിലെ ദൈവം മനുഷ്യന്റെ ഭാവനാസൃഷ്ടിയല്ല. ഇത്ര യുക്തിഭദ്രമായ ഒരു ദൈവവീക്ഷണം സൃഷ്ടിക്കാന്‍ മനുഷ്യബുദ്ധി അശക്തമാണ് എന്നത് തന്നെ തെളിവ്. ഇതല്ലാത്ത മറ്റേത് ദൈവസങ്കല്‍പങ്ങളെയും എടുത്ത് പരിശോധിച്ചോളൂ. കഴിവുകെട്ട ഒരു ദൈവമായിരിക്കും അത്. സൃഷ്ടിക്കാത്ത ദൈവം. സൃഷ്ടിച്ചാല്‍ കല്‍പിക്കാത്ത ദൈവം. മുന്‍കൂട്ടി ആസൂത്രണമോ തീരുമാനമോ ഇഛയോ ഇല്ലാത്ത ദൈവം.(ആ സങ്കലപം പുലര്‍ത്തുന്നവര്‍ അതൊക്കെ ദൈവത്തിന്റെ മഹത്വമായിട്ടാണ് കാണുന്നത് എന്ന കാര്യം മറക്കുന്നില്ല) ഇങ്ങനെയൊക്കെ മനുഷ്യന് ചിന്തിക്കാനാവൂ.

ദൈവം സ്വര്‍ഗത്തില്‍ സിംഹാസനത്തിലിരുന്ന് നിയന്ത്രിക്കുന്ന ദൈവത്തെ കുറിച്ച് തെളിവുലഭിച്ചാല്‍ അതംഗീകരിക്കാന്‍ താങ്കള്‍ മുന്‍പന്തിയിലുണ്ടാകുമെന്ന് പറഞ്ഞു. ഖുര്‍ആനില്‍ ദൈവിക സിംഹാസനത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. അത് സ്വര്‍ഗത്തിലാണെന്നില്ല. ഉപരിലോകം എന്ന അര്‍ഥത്തില്‍ സമാഅ എന്ന അറബി വാക്ക് പ്രയോഗിച്ചിട്ടുണ്ട്. പ്രപഞ്ചവ്യവസ്ഥയെ നിയന്ത്രിക്കുന്നു എന്നതിന്റെ സാഹിത്യ പ്രയോഗമാണ് ആ സിംഹാസന പ്രയോഗം. എങ്ങനെയായിരുന്നാലും താങ്കളുദ്ദേശിക്കുന്ന രൂപത്തിലുള്ള ഒരു തെളിവ് നല്‍കാന്‍ സാധിച്ചാല്‍ ആ ദൈവത്തെ ആദ്യം നിഷേധിക്കുന്നത് ഞാനും എന്നെപോലെയുള്ള ദൈവവിശ്വാസികളുമായിരിക്കും. പരീക്ഷണ നിരീക്ഷണങ്ങളിലൂടെയുള്ളത് മാത്രമാണല്ലോ നിങ്ങളെപോലുള്ളവര്‍ക്ക് തെളിവ്. അതിലൂടെ ദൈവത്തെകണ്ടെത്താന്‍ കഴിഞ്ഞാല്‍ അതാണ് വ്യാജദൈവം. മുസ്‌ലിംകള്‍ ആള്‍ദൈവങ്ങളില്‍ വിശ്വസിക്കാത്തതിന്റെ കാരണവും അതുതന്നെ. മറിച്ച് ഞങ്ങള്‍ പറയുന്ന ദൈവം ...(cont.)

V.B.Rajan പറഞ്ഞു...

പ്രിയ ചിന്തകന്‍

മനുഷ്യന് സ്വയം തിരഞ്ഞെടുപ്പിനുള്ള അവകാശം ദൈവം നല്‍കിയിട്ട് പിന്നെ മനുഷ്യന്റെപുറകെ ഭീഷണി അല്ലെങ്കില്‍ പ്രീണനം കൊണ്ടുനടക്കുന്നത് ശുദ്ധ മണ്ടത്തരമായാണ് എനിക്കു തോന്നുന്നത്. മനുഷ്യന്‍ തിരഞ്ഞെടുപ്പു നടത്തുന്നത് ദൈവം അനുവദിച്ചിട്ടാണ് എന്നുകൂടിയുള്ളപ്പോള്‍ മണ്ടത്തരത്തിന്റെ വ്യാപ്തി വര്‍ദ്ധിക്കുന്നു.

V.B.Rajan പറഞ്ഞു...

പ്രിയ ലത്തീഫ്

താങ്കള്‍ പറഞ്ഞു "മുസ്‌ലിംകള്‍ ആള്‍ദൈവങ്ങളില്‍ വിശ്വസിക്കാത്തതിന്റെ കാരണവും അതുതന്നെ"

താങ്കള്‍ മുസ്ലീമങ്ങളില്‍ ഏതുവിഭാഗത്തില്‍ വരുമെന്ന്‍ എനിക്കറിയില്ല. മുസ്ലീമിങ്ങള്‍ക്കിടയില്‍ തന്നെ ദൈവത്തെ എങ്ങനെ ആരാധിക്കണം എന്ന അടിസ്ഥന പ്രശ്നത്തിലെങ്കിലും ഒരു യോജിപ്പുണ്ടോ? ഒരു വിഭാഗം, അജ്‌മീറിലേക്കും, മമ്പറത്തേക്കും കാശ്മീറിലെ പ്രവാചകന്റെ മീശരോമം വച്ച പള്ളിയിലേക്കും മറ്റും തീര്‍ത്ഥയാത്ര പോകുന്നു. മറ്റൊരു വിഭാഗം മാറിനിന്ന് അവരെ ശകാരിക്കുന്നു. ചിലര്‍ പറയുന്നു ദൈവത്തിന് ഇടതും വലതും വശങ്ങളുണ്ടെന്നു, മറ്റൊരു വിഭാഗം വശങ്ങളുണ്ടെങ്കില്‍ അത് ദൈവമേ അല്ല എന്നു പറഞ്ഞു തര്‍ക്കിക്കുന്നു. ദൈവം എന്നത് ഒരു ശാസ്ത്രീയ സത്യമാണെങ്കില്‍ ഇത്രമാത്രം തര്‍ക്കം വിശ്വാസികള്‍ക്കിടയില്‍ എങ്ങിനെ വന്നു. ഭാവനാ സൃഷ്ടി ആകുമ്പോള്‍ ഈ തര്‍ക്കം സ്വാഭാവികമാണ്. ഭൂമി ഉരുണ്ടുതാണോ പരന്നതാണോ എന്ന്‍ ഇന്ന് ആരും തര്‍ക്കിക്കാറില്ലല്ലോ കാരണം അതൊരു ശാസ്ത്രീയ സത്യമായതുകൊണ്ടാണ്.

CKLatheef പറഞ്ഞു...

പ്രിയ രാജന്‍

മനുഷ്യബുദ്ധിയെ ഇങ്ങനെ പരിഹസിക്കരുത്. തെരഞ്ഞെടുപ്പുസ്വാതന്ത്ര്യം നല്‍കപ്പെട്ടാല്‍ മാത്രമേ ശിക്ഷയും പ്രതിഫലവും പ്രസക്തമാകൂ. മൃഗങ്ങളെപ്പോലെ വിവേചന ശക്തിയില്ലാതെ സൃഷ്ടിച്ചിട്ട് ശിക്ഷിക്കുകയോ പ്രതിഫലം നല്‍കുകയോ ചെയ്യുന്നതില്‍ എന്ത് കാര്യം. താങ്കള്‍ക്ക് കാര്യം മനസ്സിലാകാന്‍ മാത്രം വിശദീകരണം നല്‍കപ്പെട്ടു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇനി നിങ്ങളില്‍ നിന്ന് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഇത് വരെ നാം പറഞ്ഞകാര്യങ്ങള്‍ മുന്‍ധാരണമാറ്റിവെച്ച് ഒരു പുനര്‍വായനയാണ്.

താങ്കളുടെ അവസാന കമന്റ് അത് കൂടുതല്‍ വ്യക്തത നല്‍കുന്നു. ഞാനിവിടെ പറഞ്ഞ ദൈവവീക്ഷണത്തോട് വിയോജിക്കുന്ന ഏതെങ്കിലും മുസ്‌ലിം വിഭാഗങ്ങളുണ്ടെങ്കില്‍ അവരിവിടെ അഭിപ്രായം രേഖപ്പെടുത്തട്ടേ പരിശോധിക്കാം. വിശുദ്ധഖുര്‍ആനിന്റെ അടിസ്ഥാനത്തില്‍ നിന്നാണ് ഞാന്‍ സംസാരിക്കുന്നത്. എന്റെ ഏതെങ്കിലും വാദങ്ങള്‍ അതിനെതിരാണെങ്കില്‍ ആര്‍ക്കും ചൂണ്ടിക്കാണിക്കാന്‍ അവകാശമുണ്ട്. അത് തിരുത്താന്‍ എനിക്ക് ബാധ്യതയും. എങ്ങനെ ആരാധിക്കണം എവിടേക്കൊക്കെ തീര്‍ഥാടനം നടത്താം എന്നകാര്യം ഇവിടെ തീര്‍ത്തും വിഷയത്തിന് പുറത്താണ്. ഏതെങ്കിലും ഒരു മുസ്‌ലിം വിഭാഗത്തിന്റെ ദൈവത്തെയല്ല ഞാന്‍ പരിചയപ്പെടുത്തുന്നത്. ദൈവത്തിന്റെ വിഷയത്തില്‍ അങ്ങനെ ഒരു വിവേചനവുമില്ല. ഇടവും വലവും ചര്‍ചയും സിംഹാസനത്തിലിരിക്കുന്ന ചര്‍ചയിലും ഏതെങ്കിലും വിഭാഗങ്ങള്‍ അഭിരമിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കതാകാം. അതാരൊക്കെ എന്ന് എനിക്കറിയില്ല. ആ തര്‍ക്കത്തില്‍ ഒരു താല്‍പര്യവും എനിക്കില്ല.

CKLatheef പറഞ്ഞു...

(തുടര്‍ച).. പ്രപഞ്ചസ്രഷ്ടാവായ ദൈവമാണ്. സംപൂര്‍ണനായ യാതൊരു ന്യൂനതയുമില്ലാത്ത സര്‍വശക്തനായ ദൈവം. പ്രപഞ്ചസ്രഷ്ടാവെന്നത് കൊണ്ടുതന്നെ സൃഷ്ടികളുമായി അവന് യാതൊരു സാമ്യവുമില്ല. കമ്പ്യൂട്ടറുണ്ടാക്കാന്‍ കമ്പ്യൂട്ടറില്‍നിന്ന് വ്യതിരിക്തമായ അസ്തിത്വവും വ്യക്തിത്വവുമുള്ള മനുഷ്യന് മാത്രമേ സാധ്യമാകൂ. എന്നത് പോലെ മനുഷ്യനുള്‍കൊള്ളുന്ന പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിന് സര്‍വോന്നതനായ മറ്റൊരു ശക്തി അനിവാര്യമാണെന്ന് വരുന്നു. അതിനെ ഞങ്ങള്‍ ദൈവമെന്ന് വിളിക്കുന്നു. നിങ്ങളാകട്ടെ അതിനെ വീണ്ടുവിചാരമില്ലാതെ തള്ളിക്കളയുന്നു.

വിഖ്യാത ചിന്തകനായ ദെക്കാര്‍ത്തെ തന്റെ ബുദ്ധിയും ചിന്തയും ഉപയോഗിച്ച് അതേ ദൈവത്തിലെത്തിചേരുന്നതെങ്ങനെയെന്ന് നോക്കൂ:

[ഞാന്‍ സംശയിക്കുന്നു. അതിന്റെ അര്‍ഥം ഞാന്‍ പരിമിതനായ ഒരു സൃഷ്ടിയാണെന്നാണ്. എന്റെ ഈ ന്യൂനത, അഥവാ അല്‍പത്വം എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നതാകട്ടേ, പൂര്‍ണമായ ഒരസ്തിത്വത്തെക്കുറിച്ച ബോധത്താലാകുന്നു. ഇതില്‍ നിന്ന് അനിവാര്യമായും സമ്പൂര്‍ണമായ ഒരസ്തിത്വം ആവശ്യമാണെന്ന് വരുന്നു. അതത്രേ ദൈവം.

അടുത്ത പടിയായി മനുഷ്യസൃഷ്ടിപ്പിന്റെ പിന്നിലുള്ള ശക്തി ദൈവമാണെന്ന് അദ്ദേഹം സമര്‍ഥിക്കുന്നു:

ഞാന്‍ അല്‍പനായൊരു സൃഷ്ടിയാണ്. പൂര്‍ണനെക്കുറിച്ച് ഞാന്‍ ബോധവാനാകുന്നു. എങ്കില്‍ എന്റെ അസ്തിത്വത്തിന്ന് കാരണെന്താണ് സ്വയം തന്നെ സ്രഷ്ടാവാകുക സാധ്യമല്ല. കാരണം, എന്റെ സ്രഷ്ടാവ് ഞാന്‍ തന്നെയായിരുന്നെങ്കില്‍ പൂര്‍ണതയെന്നഗുണം ഞാനെനിക്ക് നിഷേധിക്കുമായിരുന്നില്ല. അതിനാല്‍ എന്റെ അസ്തിത്വത്തിന് കാരണം ശക്തനും സമ്പൂര്‍ണനുമായ സ്രഷ്ടാവാകാനേ വഴിയുള്ളൂ. അവനാണ് ദൈവം.

സമ്പൂര്‍ണനായ ദൈവം എല്ലാവിധ പൂര്‍ണതകളുടെയും ഉടമയാണ്. ഉണ്‍മയാവട്ടെ വിവിധതരം പൂര്‍ണതകളില്‍ ഒരിനവുമാകുന്നു എന്ന് വരുമ്പോള്‍ സമ്പൂര്‍ണന്‍ അനിവാര്യമായും ഉണ്ടായിരിക്കണമെന്ന് സിദ്ധിക്കുന്നു. (ഉദ്ധരണം മതവും യുക്തിവാദവും)]

ഞാനിവിടെ ദെക്കാര്‍ത്തെയെ ഉദ്ധരിച്ചത് ഞാന്‍ പറയാനുദ്ദേശിച്ചത് വേറൊരു രൂപത്തില്‍ പറഞ്ഞത് കണ്ടപ്പോഴുള്ള ഒരു കൗതുകത്തിന് മാത്രമാണ്.

നിസ്സഹായന്‍ പറഞ്ഞു...

പ്രിയപ്പെട്ട ലത്തീഫെ,

താങ്കളുടെ വാക്കുകള്‍:‌- “മനുഷ്യബുദ്ധിയെ ഇങ്ങനെ പരിഹസിക്കരുത്. തെരഞ്ഞെടുപ്പുസ്വാതന്ത്ര്യം നല്‍കപ്പെട്ടാല്‍ മാത്രമേ ശിക്ഷയും പ്രതിഫലവും പ്രസക്തമാകൂ. മൃഗങ്ങളെപ്പോലെ വിവേചന ശക്തിയില്ലാതെ സൃഷ്ടിച്ചിട്ട് ശിക്ഷിക്കുകയോ പ്രതിഫലം നല്‍കുകയോ ചെയ്യുന്നതില്‍ എന്ത് കാര്യം.”

മൃഗങ്ങളുടെ അത്ര പോലും വിവേചന ശേഷിയില്ലാ‍ത്ത മന്ദബുദ്ധികളെ മനുഷ്യര്‍ക്കിടയില്‍ സൃഷ്ടിക്കുന്നത് ദൈവമല്ലേ ?“മൃഗങ്ങളെപ്പോലെ വിവേചന ശക്തിയില്ലാതെ സൃഷ്ടിച്ചിട്ട് ശിക്ഷിക്കുകയോ പ്രതിഫലം നല്‍കുകയോ ചെയ്യുന്നതില്‍ എന്ത് കാര്യം” എന്ന താങ്കളുടെ ഉദ്ധരണിക്ക് താങ്കള്‍ എന്തു സമാധാനം തരും ? കൂടാതെ ജന്മനാ രോഗികളെയും വികലാംഗരേയും എന്തിന് ആത്മാവോ ശരീരമോ ഒക്കെ കൃത്യമായി വേര്‍പിരിക്കാനാകാത്ത സയാമീസ് ഇരട്ടകളെയും ദൈവമാണു സൃഷ്ടിച്ചതെങ്കില്‍ അദ്ദേഹം നീതിമാനാണോ ? പരിപൂര്‍ണ്ണ ആരോഗ്യവും ബുദ്ധിയും തന്നിട്ട് ദൈവത്തിന്റെ മാര്‍ഗ്ഗം തിരിച്ചറിഞ്ഞ്, നേര്‍വഴിക്കു നടക്കുന്നില്ലെങ്കില്‍ ശിക്ഷിച്ചാല്‍ പോരെ ?!! നല്ല ആരോഗ്യവും ബുദ്ധിയും തെരെഞ്ഞെടുക്കാനുള്ള അവസരം തരാതെ ദൈവത്തിനു തോന്നിയ മാതിരി മന്ദബുദ്ധികളായി(mentally retarded) ചിലരെയെങ്കിലും സൃഷ്ടിവിടുന്ന ദൈവം എന്ന കൊടുംക്രൂരനെ, നിഷ്ഠൂരകുറ്റവാളിയെ നാമെന്തു ചെയ്യണം ? ഇപ്പോള്‍ ലത്തീഫ് പറയും അതും അവന്റെ ഒരു പരീക്ഷണമാണെന്ന് :‌-) !!!!!!!!!!!!

CKLatheef പറഞ്ഞു...

പ്രിയ നിസ്സഹായന്‍

ചര്‍ചയിലേക്ക് വീണ്ടും സ്വാഗതം. ചോദ്യം പ്രസക്തം തന്നെ. എന്റെ പ്രസ്താവനയില്‍ നിന്നുരുത്തിരിയുന്ന ഒരു സംശയമാണ് താങ്ങളുടെ ചോദ്യത്തിന് പ്രേരകം. ഭ്രാന്തര്‍, താങ്കള്‍ സൂചിപ്പിച്ച തരത്തിലുള്ള മന്ദബുദ്ധികള്‍, കുട്ടികള്‍ തുടങ്ങിയവരെ ഇസ്‌ലാം നിര്‍ബന്ധകല്‍പനകളില്‍ ഇളവ് നല്‍കപ്പെട്ടവരായി പ്രഖ്യാപിച്ചിരിക്കുന്നു. ഇവരില്‍ ചിലര്‍ക്ക് വിവേചന ബോധം നല്‍കപ്പെടാത്തതിനാലും കുട്ടികള്‍ വിവേചനശക്തി വികസിക്കാത്തതിനാലുമാണ് കാരണം. അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അവരെ ശിക്ഷിക്കുകയുമില്ല. നമ്മുടെ നിയമപീഢവും ഈ സമീപനം തന്നെയല്ലേ സ്വീകരിക്കുക. എല്ലാവര്‍ക്കും അറിയാവുന്ന അടുത്ത ഉദാഹരണമാണല്ലോ. ലെറ്റര്‍ബോംബ് കേസ്. യഥാര്‍ഥ പ്രതി പിടിയിലായപ്പോള്‍ വിവാദം കെട്ടടങ്ങിയത് പ്രതി മാനസികരോഗിയാണെന്ന് പോലീസ് വെളിപ്പെടുത്തിയപ്പോഴാണല്ലോ. (മറ്റുപ്രചോദനങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ അത് എന്റെവിഷയത്തിന് പുറത്താണ് അതിനാല്‍ അവ വിശദീകരിക്കാന്‍ ആരും തുനിയേണ്ടതില്ല).

മറ്റുവൈകല്യമുള്ളവരുടെ കാര്യവും അങ്ങനെത്തനെ. അവര്‍ക്ക് നല്‍കപ്പെട്ട സാധ്യതയനുസരിച്ച് മാത്രമേ അവരില്‍ നിന്ന് കര്‍മങ്ങള്‍ പ്രതീക്ഷിക്കുന്നുള്ളൂ. മാത്രമല്ല നിര്‍ബന്ധമാക്കപ്പെട്ട ആരാധനാനുഷ്ഠാനങ്ങള്‍വരെ പ്രയാസകരമെന്ന് തോന്നുന്ന സന്ദര്‍ഭങ്ങളില്‍ നീട്ടിവെക്കാനും ഒഴിവാക്കാനും ദൈവം തന്നെ നിര്‍ദ്ദേശിച്ചിരിക്കുന്നു.

'പരിപൂര്‍ണ്ണ ആരോഗ്യവും ബുദ്ധിയും തന്നിട്ട് ദൈവത്തിന്റെ മാര്‍ഗ്ഗം തിരിച്ചറിഞ്ഞ്, നേര്‍വഴിക്കു നടക്കുന്നില്ലെങ്കില്‍ ശിക്ഷിച്ചാല്‍ പോരെ ?!!'

മതി. അങ്ങനെത്തന്നെയാണ് ദൈവികനടപടിക്രമം.

'നല്ല ആരോഗ്യവും ബുദ്ധിയും തെരെഞ്ഞെടുക്കാനുള്ള അവസരം തരാതെ ദൈവത്തിനു തോന്നിയ മാതിരി മന്ദബുദ്ധികളായി(mentally retarded) ചിലരെയെങ്കിലും സൃഷ്ടിവിടുന്ന ദൈവം എന്ന കൊടുംക്രൂരനെ, നിഷ്ഠൂരകുറ്റവാളിയെ നാമെന്തു ചെയ്യണം ? '

ഞാന്‍ നേരത്തെ പറഞ്ഞവിധമാണ് കാര്യമെങ്കിലും ദൈവത്തിന്റെത് ക്രൂരതയാകുമോ? :-).

പ്രിയ നിസ്സഹായന്‍ നമ്മുക്ക് ദൈവം നല്‍കിയ ആരോഗ്യത്തിന്റെയും ശരീരത്തിന്റെയും ബുദ്ധിയുടെയും വിലമനസ്സിലാക്കാനും അവനല്‍കിയ ദൈവത്തോട് നന്ദികാണിക്കാനും പ്രചോദിപ്പിക്കുന്നതില്‍ ഒരു പങ്ക് അവര്‍ വഹിക്കുന്നു. അതിന് പകരം അനുഗ്രഹങ്ങളെ മറന്ന് അവനല്‍കിയ ദാതാവിനെ എന്ത് ചെയ്യണം എന്നത് നന്ദിപ്രകടനത്തിന്റെ ഏത് രൂപത്തിലാണ് പെടുക.

'ഇപ്പോള്‍ ലത്തീഫ് പറയും അതും അവന്റെ ഒരു പരീക്ഷണമാണെന്ന്:‌-) !!'

തീര്‍ചയായും പരീക്ഷണം തന്നെ. ഒരു സംഗതി പരീക്ഷണമാകുന്നത്, കുറേപേര്‍ വിജയത്തിന് അതനുകൂലമായും കുറേപേര്‍ പ്രതികൂലമായും അവ ഉപയോഗപ്പെടുത്തുമ്പോഴാണ്. ആ നിലക്ക് ഇത് ഒരു പരീക്ഷണം തന്നെ. അവര്‍ക്കും നമ്മള്‍ക്കും.

കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

O.T.ലിങ്കുകള്‍ നല്‍കുന്നത് അധികവായനക്കാണ്. അവയില്‍ വല്ല സംശയവുമുണ്ടെങ്കില്‍ ബന്ധപ്പെട്ടവരോട് ചോദിക്കാവുന്നതാണ്. ചര്‍ച ഇവിടുത്തെ പോസ്റ്റില്‍ കേന്ദ്രീകരിക്കുന്നതായിരിക്കും ഉചിതം.

V.B.Rajan പറഞ്ഞു...

പ്രിയ ലത്തീഫ്,

ഇസ്ളാമിലെ ദൈവം മാത്രം മനുഷ്യന്റെ ഭാവനാ സൃഷ്ടിയല്ല. മറ്റ്‌ ദൈവങ്ങളെല്ലാം വെറും സങ്കല്‍പ്പങ്ങള്‍ . കഴിവുകെട്ട ദൈവങ്ങള്‍ ‍. ലത്തീഫേ കൊള്ളാം. മറ്റു ദൈവങ്ങളെ വിശകലനം ചെയ്യുമ്പോള്‍ താങ്കളിലെ യുക്തിവാദി തലപൊക്കുന്നു. നമ്മള്‍ തമ്മില്‍ ഒരു ദൈവത്തിന്റെ വ്യത്യാസമെയുള്ളൂ. താങ്കള്‍ തള്ളിക്കളയുന്നതിനേക്കാള്‍ ഒരു ദൈവത്തെ കൂടുതലായി ഞാന്‍ തള്ളിക്കളയുന്നു അത്രമാത്രം. തത്വസംഹിതകളും, ചിന്താപദ്ധതികളും, മതങ്ങളും, ജാതികളും എല്ലാം മനുഷ്യനാല്‍ ഉണ്ടാക്കപ്പെട്ടവയാണ്‍. ചോദ്യം ചെയ്യാതെ ജനങ്ങള്‍ അംഗീകരിക്കുവാന്‍ ഇതിന്റെ പുറകിലുള്ള ആളുകള്‍ പ്രയോഗിക്കുന്ന തന്ത്രമാണു ഇതു ദൈവ സൃഷ്ടിയാണെന്നുള്ളത്‌. ചാതുര്‍വര്‍ണ്ണ്യം മയാ സൃഷ്ടമെന്നു ശ്രീകൃഷ്ണനെ കൊണ്ട്‌ ഗീതയില്‍ പറയിപ്പിച്ചതും മനുഷ്യന്‍ തന്നെ. തന്റെ ഉടവാള്‍ പദ്മനാഭന്റെ മുമ്പില്‍ അടിയറ വച്ച്‌ പത്മനാഭദാസനായി തിരിവിതാംകൂര്‍ ഭരിച്ച രാജാക്കന്‍മാര്‍ പ്രയോഗിച്ചതും ഇതേ തന്ത്രമായിരുന്നു. ഞാന്‍ ദൈവത്തിന്റെ പ്രതിപുരുഷന്‍ എന്നെ ദൈവം എല്‍പിച്ച ജോലി ഞാന്‍ ചെയ്യുന്നു. എന്നെ ചോദ്യം ചെയ്താല്‍ അതു ദൈവത്തെ ചോദ്യം ചെയ്യുന്നതിനു തുല്യം. അടുത്ത കാലം വരെ നേപ്പാളിലെ രാജാവ്‌ സ്വയം അവകാശപ്പെട്ടത്‌ താന്‍ വിഷ്ണുവിന്റെ അവതാരമാണ് എന്നായിരുന്നു. ഇന്നു ആ വിഷ്ണുവിന്റെ അവസ്ഥ എന്തെന്നു നമുക്കറിയാം. മുഹമ്മദ്‌ നബിയുടെയും ഇതേ തന്ത്രം തന്നെ. ദൈവം ഇറക്കി തന്നതാണ് ഈ ആയത്തുകളെല്ലാം. ഇതിനെ ചോദ്യം ചെയ്യുന്നത്‌ ദൈവത്തിനെതിരാകും. എന്തെല്ലാം തന്ത്രങ്ങള്‍ ‍.

CKLatheef പറഞ്ഞു...

പ്രിയ രാജന്‍,

ഈ വിഷയത്തില്‍ ഇനി ചര്‍ചചെയ്യുന്നതില്‍ വലിയ കാര്യമില്ലെന്ന് തോന്നുന്നു. വസ്തുതകള്‍ അംഗീകരിക്കുകയും എന്തെങ്കിലുമൊക്കെ അടിസ്ഥാനത്തില്‍ നിന്ന് ചര്‍ചനടത്തുമ്പോഴെ അത് ഏതെങ്കിലും അര്‍ഥത്തില്‍ ഫലപ്പെടുകയുള്ളൂ. ഞാന്‍ വിശ്വസിക്കുന്ന ദൈവം പ്രപഞ്ചസ്രഷ്ടാവായ ദൈവമാണ്. അങ്ങിനെയല്ലാത്ത ഞാന്‍ നേരത്തെ സൂചിപ്പിച്ച വിശേഷണങ്ങളുള്ള ദൈവങ്ങളെ എനിക്കംഗീകരിക്കാനുള്ള പ്രയാസമാണ് സൂചിപ്പിച്ചത്. മിക്കമതങ്ങളും ഈ ദൈവത്തെ അംഗീകരിക്കുന്നുവെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. വേദങ്ങളാകട്ടെ, ബൈബിളും തോറയുമാകട്ടെ അവയിലെല്ലാം ഇത്തരമൊരു ദൈവത്തിന്റെ പരാമര്‍ശങ്ങളും വിശേഷണങ്ങളും കാണാം. പിന്നീട് ദൈവസങ്കല്‍പങ്ങളില്‍ കലര്‍പ്പുകള്‍ വന്നു ബഹുദൈവത്വവും ബിംബാരാധനയും അങ്ങനെ സംഭവിച്ചതാണ് എന്നാണ് ഇസ്‌ലാമിന്റെ നിലപാട്.

'നിങ്ങള്‍ 99 ദൈവങ്ങളെത്തള്ളി. നിങ്ങളുടെ ബാക്കിയുള്ള ഒരു ദൈവത്തെ ഞാനും തള്ളി.' എന്ന യുക്തിവാദി കാഴ്ചപ്പാട് അസംബന്ധമാണ്. ഞങ്ങള്‍ 99 എണ്ണം എന്തുകൊണ്ടുതള്ളി എന്നും നിങ്ങള്‍ ബാക്കിയുള്ള യഥാര്‍ഥ ദൈവത്തെ എന്തുകൊണ്ട് തള്ളുന്നു എന്നതുമാണ് ചര്‍ചവിഷയം. കുറേ കള്ളനാണയങ്ങളുണ്ടെങ്കില്‍ യഥാര്‍ഥനാണയത്തെ തള്ളികളയുന്നത് ന്യായീകരിക്കത്തക്കതാണോ.

ദൈവത്തിന്റെ പേരുപറഞ്ഞ് ആരും ഒരുതട്ടിപ്പും നടത്തുന്നില്ല എന്നവാദം എനിക്കില്ല. പക്ഷെ മുഹമ്മദ് നബിയുടെ പ്രവാചകത്വത്തെക്കുറിച്ചും ഖുര്‍ആനിന്റെ ദൈവികതയെക്കുറിച്ചും ഒരു സുമനസ്സിന് ബോധ്യം വരാവുന്ന ബുദ്ധിപരവും യുക്തിപരവും ചരിത്രപരവുമായ തെളിവുകളുണ്ട് എന്നത് തീര്‍ച്ച. അത്തരമൊരു ചര്‍ചക്ക് തയ്യാറുണ്ടോ എന്നതാണ് ചോദ്യം.

ചിന്തകന്‍ പറഞ്ഞു...

'നിങ്ങള്‍ 99 ദൈവങ്ങളെത്തള്ളി. നിങ്ങളുടെ ബാക്കിയുള്ള ഒരു ദൈവത്തെ ഞാനും തള്ളി.' എന്ന യുക്തിവാദി കാഴ്ചപ്പാട് അസംബന്ധമാണ്. ഞങ്ങള്‍ 99 എണ്ണം എന്തുകൊണ്ടുതള്ളി എന്നും നിങ്ങള്‍ ബാക്കിയുള്ള യഥാര്‍ഥ ദൈവത്തെ എന്തുകൊണ്ട് തള്ളുന്നു എന്നതുമാണ് ചര്‍ചവിഷയം. കുറേ കള്ളനാണയങ്ങളുണ്ടെങ്കില്‍ യഥാര്‍ഥനാണയത്തെ തള്ളികളയുന്നത് ന്യായീകരിക്കത്തക്കതാണോ.

പ്രിയ ലത്തീഫ്
സാധാരണ എല്ലാ യുക്തിവാദികളും പറഞ്ഞുവരുന്ന ഒരു വാദമാണിത്....നിങ്ങള്‍ തള്ളിക്കളഞ്ഞ ദൈവത്തില്‍ ഒന്ന് കൂടി തള്ളിയാല്‍ ഞങ്ങളും നിങ്ങളും സമമാകും എന്ന്. താങ്കള്‍ ഇതിന് വ്യക്തമായ മറുപടി നല്‍കി കഴിഞ്ഞു.



പ്രിയ രാജന്‍
ഞങ്ങളുടെ ദൈവത്തെ തള്ളികളഞ്ഞാല്‍ മാത്രം പോരാ സമവാവാന്‍... യുക്തി എന്നു പറയുന്ന നിങ്ങളുടെ ദൈവത്തെ ഞങ്ങള്‍ അംഗീകരിക്കുക കൂടി വേണം. അപ്പോഴെ സമമാകുകയുള്ളൂ.

‘യുക്തി‘യിലൂടെയാണ് ഞങ്ങള്‍ സത്യത്തില്‍ ദൈവ വിശ്വാസിയാകുന്നത്. എന്നാല്‍ തന്റെ യുക്തി തന്നെയാണ് ദൈവം എന്ന് കരുതുന്ന ഒരാള്‍ക്ക് അതിനപ്പുറത്തേക്കുള്ള ചിന്ത അസാധ്യമാകുന്നു.‘അഹം ബ്രഹ്മാസ്മി‘ എന്ന് പറയുന്നതും ഈ ‘യുക്തി ദൈവവും’ തമ്മില്‍ വലിയ വിത്യാസം ഞാന്‍ കാണുന്നില്ല.

കള്ള നാണയങ്ങള്‍ ഉണ്ടാവാം/ഉണ്ട്. എന്നാല്‍ അത് വെച്ച് എല്ലാം കള്ള നാണയങ്ങളാണെന്ന് പ്രഖ്യാപിക്കുന്നതിന്റെ യുക്തി എനിക്ക് മനസ്സിലായിട്ടില്ല.

M.A Bakar പറഞ്ഞു...

വെറുതെ ഇത്രമാത്രം..

ബഹുമാനപ്പെട്ട ശ്രീ രാജണ്റ്റെ മൌലികമായ നിശേധത്തിണ്റ്റെ ഉറച്ച നിലപാടുകളെ ഒരിക്കലും മാറ്റാന്‍ കഴിയുമെന്നു തോന്നുന്നില്ല.. സ്വയം അതു നീറ്റിയൊടിക്കിയാലല്ലാതെ .. ഈ യുക്തിതന്നെയാണു അബൂലഹബിണ്റ്റെ കാര്യത്തിലും സംഭവിച്ചതു,...


ഇവിടെ ശ്രീ രാജനെ ആരും അസത്യത്തിലേക്ക്‌ പിടിച്ചു നിര്‍ത്തുന്നതല്ല, സ്വയം ആഗ്രഹിച്ചിട്ടല്ലാതെ..

ശ്രീ രാജന്‍ ചോദിക്കുന്നതു : [മനുഷ്യന് സ്വയം തിരഞ്ഞെടുപ്പിനുള്ള അവകാശം ദൈവം നല്‍കിയിട്ട് പിന്നെ മനുഷ്യന്റെപുറകെ ഭീഷണി അല്ലെങ്കില്‍ പ്രീണനം കൊണ്ടുനടക്കുന്നത് ശുദ്ധ മണ്ടത്തരമായാണ് എനിക്കു തോന്നുന്നത്]

എനിക്ക്‌ കൈകാലുകളും അതില്‍ ആരോഗ്യവും തന്നതു എണ്റ്റെ പിതാവിനെ തല്ലാനുള്ള അവകാശമായിട്ടല്ല. തല്ലുകയാണെങ്കില്‍ അതുകൊണ്ട്‌ കുഴപ്പമില്ലെന്നാണു ശ്രീ രാജണ്റ്റെ ഈ 'യുക്തി'യില്‍ നിന്ന്‌ മനസ്സിലാവുന്നതു..

യുക്തി എന്നു പറയുന്നതു കുതര്‍ക്കങ്ങളുടെ ഇരുട്ട്‌ തപ്പലാണെന്ന്‌ വിശ്വസിച്ചുകഴിഞ്ഞാല്‍ പിന്നെ ധിഷണാപരമായ മാന്ദ്യം ഏറുകയും, വെറിയും വെറുപ്പും ഉപോല്‍പ്പന്നങ്ങളായി സൃഷ്ടിക്കപ്പെടുകയും ചെയ്യും..

CKLatheef പറഞ്ഞു...

പ്രിയ ബക്കര്‍

താങ്കളുടെ ഇടപെടലിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു. അതോടൊപ്പം താങ്കളുടെ പുതിയ പോസ്റ്റിലേക്കുള്ള ലിങ്ക് ഞാന്‍ നീക്കം ചെയ്യുന്നു ചര്‍ചചെയ്യുന്ന വിഷയവുമായി നേരിട്ട് ബന്ധമില്ലാത്തതിനാല്‍. ഇപ്രകാരം പലയുക്തിവാദികളും ആവശ്യമില്ലാത്ത ലിങ്ക് ഇട്ടുപോകുന്നത് നീക്കം ചെയ്യുകയാണ് പതിവ്. ചര്‍ചയുടെ മുന്നോട്ട് പോക്കിന് അതുഗുണകരമാണ് എന്ന് തോന്നുന്നു. ദയവായി തുടര്‍ന്നും ചര്‍ചയില്‍ പങ്കെടുക്കുക.

നിസ്സഹായന്‍ പറഞ്ഞു...

സ്നേഹിതാ,

ഞാന്‍ ഉന്നയിച്ച ചോദ്യത്തില്‍ നിന്നും താങ്കള്‍ വിദഗ്ദ്ധമായി ഒഴിഞ്ഞു മാറിയിരിക്കുന്നു.
ദൈവം മന്ദബുദ്ധികളേയും ഭ്രാന്തരേയും വികലാംഗരേയും ആത്മാവോ ശരീരമോ കൃത്യമായി വേര്‍പിരിക്കാനാകാത്ത സയാമീസ് ഇരട്ടകളെയും എന്തിനു സൃഷ്ടിച്ചു എന്നുള്ളതിനു സമാധാനം താങ്കള്‍ പറയുന്നില്ല. അത്തരം സൃഷ്ടികള്‍ക്ക് അക്കാരണത്താല്‍ ഇളവ് കൊടുത്തിട്ടുണ്ടെന്നത് പ്രസക്തമല്ല. ദൈവത്തെ അറിയാന്‍, ആരാധിക്കാന്‍, നന്മയുടെ മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കാന്‍ ആവശ്യമായ ബുദ്ധി നല്‍ക്കാതെ സൃഷ്ടിക്കുന്നത് ദൈവത്തിന്റെ കൈപ്പിഴയോ, ബോധപൂര്‍വ്വം അദ്ദേഹം അങ്ങനെ ചെയ്യുന്നതോ ?
കണ്ണില്ലാത്ത, ചെവി കേള്‍ക്കാത്ത, കയ്യുംകാലുമില്ലാത്ത, മന്ദബുദ്ധിയായ ഒരുവന്, ചിന്തിക്കാനോ ആശയവിനിമയം നടത്താനോ ഒരു ഭാഷപോലും സ്വായത്തമാക്കാന്‍ പോലും കഴിവില്ലാത്ത ഒരുവന്, സംരക്ഷിക്കുവാന്‍ ആരുമില്ലാത്ത അനാഥനായ ഒരുവന്, അവനു ലഭിച്ച ഏത് അനുഗ്രഹത്തിന്റെ പേരിലാണ് ദൈവത്തോട് നന്ദി കാണിക്കേണ്ടത് ?

CKLatheef പറഞ്ഞു...

താങ്കളുടെ ചോദ്യം എന്നെ വല്ലാതെ ആശയക്കുഴപ്പത്തിലാക്കുന്നു. താങ്കളുടെ ചോദ്യത്തിന് ഉത്തരമല്ല ആഗ്രഹിക്കുന്നത്, ഇത്തരം ചോദ്യങ്ങളിലൂടെ എന്നെ ഉത്തരം മുട്ടിക്കണമെന്നാണ്. അതിലൂടെ ഒന്നുകില്‍ ദൈവമില്ലെന്ന് സ്ഥാപിക്കപ്പെടണം. അല്ലെങ്കില്‍ ദൈവം കാരുണ്യവാനല്ല ക്രൂരനാണ് എന്നോ നീതിമാനല്ല എന്നോ ഞാന്‍ സമ്മതിക്കണം. അല്ലെങ്കില്‍ ഈ ചോദ്യത്തിന്റെ അര്‍ഥമെന്ത്. ദൈവം എന്തുദ്ദേശത്തിലാണ് മേല്‍പറയപ്പെട്ട വിഭാഗത്തെ സൃഷ്ടിച്ചത് എന്ന് ഞാന്‍ പറഞ്ഞില്ല എന്നാണല്ലോ ഞാന്‍ താങ്കളുടെ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞ് മാറി എന്നതിന് തെളിവ്. അത് പറയാന്‍ ഞാന്‍ പ്രവാചകനല്ല. പ്രവാചകനോട് പോലും അത്തരം ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കല്‍പിച്ചിരുന്നുന്നില്ല. 'ഞാന്‍ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാണ്' എന്ന് പറയാനാണ് ആവശ്യപ്പെട്ടത്. ദൈവിക സൃഷ്ടിപ്പിന്റെ സകല രഹസ്യങ്ങളും സൃഷ്ടികള്‍ക്ക് മനസ്സിലാക്കികൊടുക്കേണ്ട ഒരു ബാധ്യതയും ദൈവത്തിനില്ല എന്ന് എനിക്ക് തോന്നുന്നു. ദൈവികസൃഷ്ടിപ്പില്‍ കൈപ്പിഴ എന്നൊരു സംഗതിയില്ല. അതിനാല്‍ അത് ബോധപൂര്‍വം തന്നെ.

ഒരു കൈ ഇല്ലാത്തവന് നല്‍കപ്പെട്ട ഒരു കൈയിന്റെ കാര്യത്തില്‍ നന്ദികാണിക്കാം. കൈകാലുകളില്ലാത്തവന് കാഴചയുടെയും കേള്‍വിയുടെയും കാര്യത്തില്‍ നന്ദികാണിക്കാം. അക്കാര്യത്തില്‍ നിസ്സഹായന്‍ എന്തിന് പ്രയാസപ്പെടണം. പ്രിയ നിസ്സഹായന്‍ താങ്കള്‍ അത്ര നിസ്സാഹയനൊന്നുമല്ല. താങ്കള്‍ക്ക് നല്‍കപ്പെട്ട അനുഗ്രഹങ്ങളെക്കുറിച്ച് ചിന്തിക്കുക. അത് നല്‍കിയ ദൈവത്തിന് നന്ദിക്കാണിക്കുക. ബുദ്ധിനല്‍കിയ ദൈവത്തെ അതിലൂടെ കണ്ടെത്തുക. ഇല്ല എന്ന് ശരിക്കും ബോധ്യപ്പെട്ടിട്ടുണ്ടെങ്കില്‍ ഇത്തരം ചോദ്യങ്ങള്‍ ചോദിച്ച് സ്വയം വിഢിവേഷം കെട്ടാതിരിക്കുക. നന്മകള്‍ നേരുന്നു.

നിസ്സഹായന്‍ പറഞ്ഞു...

പ്രിയപ്പെട്ട സ്നേഹിതാ,

താങ്കൾ ഒരിക്കലും ആശയക്കുഴപ്പത്തിലാകുമെന്നൊ അങ്ങനെ ആക്കാമെന്നൊ ഞാൻ കരുതുന്നില്ല. കാരണം മതം ഒരു വികാരമായാണ് അതിന്റെ വിശ്വാസികൾ ഉൾക്കൊള്ളുന്നത്. അതു സ്വീകരിക്കപ്പെടുന്നത് കുട്ടിക്കാലത്തു തന്നെ തുടങ്ങുന്ന ഒരുതരം ബ്രയിൻ കണ്ടീഷനിങ്ങിലൂടെയാണ്. അതിനെ അതിജീവിച്ച് അതിൽ നിന്നും വിടുതൽ നേടാൻ കഴിയുന്നവർ വിരളമാണ്. അതേസമയം കേവലയുക്തിയെങ്കിലും ഉപയോഗിക്കുന്നവർ സ്ഥിരമായി ഒന്നിലും വിശ്വസ്സിക്കില്ല.കാരണം കൂടെ കൂടെ തങ്ങളുടെ ധാരണ ശരിയാണോയെന്നു പരിശോധിക്കാൻ അവർ ബാധ്യസ്ഥരാണ്. അക്കാരണം കൊണ്ടുതന്നെ യുക്തിവാദികൾ ഏതെങ്കിലും തരത്തിലുള്ള വിശ്വാസത്തിന്റെ അടിമകളകല്ല. യുക്തിസഹമായി ഉണ്ടെന്നു തോന്നുന്ന ഒന്നിനെ ഉൾക്കൊള്ളുന്നതിൽ അവർക്ക് യാതൊരു മടിയുമില്ല.താങ്കൾ ഇവിടെ സംവാദം സംഘടിപ്പിച്ചിരിക്കുന്നത് ചർച്ചയിലൂടെ ഒരുത്തിരിഞ്ഞുവരുന്ന പുതിയതെന്തെങ്കിലും ഉൽക്കൊള്ളുവാനല്ല. പകരം അരക്കിട്ടുറപ്പിച്ചിരിക്കുന്ന താങ്കളുടെ മതവും വിശ്വാസപദ്ധതികളും നേരിടുന്ന വിമർശനങ്ങളെ പ്രത്യേകിച്ച് യുക്തിവാദികളിൽനിന്നുള്ളതിനെ നേരിടുവാൻ മാത്രമാണെന്നും അറിയാം.ചുരുക്കിപ്പറഞ്ഞാൽ യുക്തിവാദികളും വിശ്വാസികളും തമ്മിൽ ഒരു സംവാദം സാദ്ധ്യമല്ലെന്നതാണ് സത്യം!എങ്കിലും നമുക്ക് സമയം തള്ളിനീക്കാം. അഭിനന്ദനങ്ങൾ !!

CKLatheef പറഞ്ഞു...

പ്രിയപ്പെട്ട നിസ്സഹായന്‍ ,

ഏതാണ്ട് പത്ത് മാസത്തിന് ശേഷം ഇവിടെ താങ്കളുടെ കമന്റിനോട് പ്രതികരിക്കുന്നത് മറുപടി പറയുക എന്ന നിലക്കല്ല. താങ്കളുടെ മാന്യമായ കമന്റ് ഈ പോസ്റ്റിന്റെ അവസാന കമന്റായി നിലനിര്‍ത്തുന്നതില്‍ എനിക്ക് ഒരു പ്രയാസവും തോന്നാത്തതുകൊണ്ടാണ് ഞാന്‍ നിശബ്ദനായത്. അത്രയും ആത്മാര്‍ഥത അതിലുണ്ടായിരുന്നു. പിന്നീട് പലയിടത്തും താങ്കളെ കണ്ടുമുട്ടിയപ്പോള്‍ എന്റെ ധാരണ തെറ്റെല്ലെന്ന് തെളിഞ്ഞു. പക്ഷെ താങ്കള്‍ യുക്തിവാദികള്‍ എന്ന് മൊത്തത്തില്‍ പറയുന്നവരുടെ സ്വഭാവം താങ്കള്‍ പറഞ്ഞതല്ലെന്നും ബോധ്യപ്പെട്ടു. ഇപ്പോഴുള്ള എന്റെ ധാരണ മുന്‍ധാരണയിലകപ്പെടാത്ത പ്രത്യേകിച്ച് മതവിരോധത്തിനപ്പുറം മതവിദ്വേഷം ബാധിച്ചിട്ടില്ലാത്ത സംവാദത്തിലേര്‍പ്പെടാവുന്ന ചില യുക്തിവാദികളെങ്കിലുമുണ്ട് എന്നതാണ്.

ബ്ലോഗില്‍ ഞാനെന്ത് ധര്‍മമാണ് നിര്‍വഹിച്ചതെന്ന ചോദിച്ചാല്‍ എനിക്ക് പറയാന്‍ കഴിയുന്നത്. ഞാന്‍ യുക്തിപൂര്‍വം തന്നെ മനസ്സിലാക്കിയ കാര്യങ്ങള്‍ യുക്തിരഹിതമാണ് എന്ന് പറഞ്ഞ് യുക്തിവാദികളെന്ന് പറഞ്ഞ് ചിലര്‍ തള്ളിക്കളഞ്ഞപ്പോള്‍ ഞാനതില്‍ കണ്ട യുക്തി വ്യക്തമാക്കി എന്നാണ്. അതുകൊണ്ടുതന്നെയാണ് ഞാനീ ബ്ലോഗിന് ഈ പേര് തെരഞ്ഞെടുത്തതും. താങ്കളുടെ നിലപാടുകളോട് എനിക്ക് അങ്ങേ അറ്റത്തെ മതിപ്പാണുള്ളത് എന്ന നന്ദി പൂര്‍വം അറിയിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review