2010, ഫെബ്രുവരി 8, തിങ്കളാഴ്‌ച

ജീവിതത്തെക്കുറിച്ച് 10 ചോദ്യങ്ങള്‍

ബുദ്ധിയും ചിന്താശേഷിയും നല്‍കപ്പെട്ട മനുഷ്യരില്‍ ഓരോരുത്തരും ഞാനാര് എന്ന ചോദ്യത്തിന് അവരുടെതായ ഒരു ഉത്തരം കണ്ടെത്തിയിരിക്കും. അത് തെറ്റൊ ശരിയോ ആകട്ടെ അദ്ദേഹത്തെ സംബന്ധിച്ച് ആ ഉത്തരം ന്യായീകരിക്കത്തകതാണ്. അയാള്‍ക്ക് അതുവരെ ലഭിച്ച അറിവാണ് ആ ഉത്തരത്തിലേക്ക് എത്തിച്ചത്. അതുകൊണ്ടുതന്നെ അതോരിക്കലും സ്ഥായിയായ ഉത്തരമല്ല. പക്ഷെ ആ ഉത്തരത്തില്‍ മാറ്റംവരുത്താന്‍ അയാള്‍ക്കേ കഴിയൂ. അയാളുടെ ജീവിതത്തിന്റെ ഗതിനിര്‍ണയിക്കുന്നതിലും അദ്ദേഹത്തിന്റെതന്നെ പര്യവസാനത്തിലും ആ ഉത്തരത്തിന് പങ്കുണ്ട്.  ബ്ലോഗില്‍ മതവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പലരും ഞാനാര് എന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ ശ്രമിച്ചിട്ടുണ്ട്. സ്വയം അറിവ്, ആത്മജ്ഞാനം എന്നൊക്കെ പറയാവുന്ന ഈ അറിവ് ബോധപൂര്‍വം നേടിയെടുക്കുക മനുഷ്യനെന്ന നിലയില്‍ ഒരു ആവശ്യമാണ്. ജനിച്ചതുകൊണ്ട് ജീവിക്കുന്നു എന്ന ഒരു തലത്തില്‍ നിന്ന് ജീവിക്കുന്നത് അറിഞ്ഞുകൊണ്ടാകുക എന്ന അവസ്ഥയിലേക്ക് വരുമ്പോഴാണ് മനുഷ്യനെന്ന നിലയില്‍ നാം മൃഗങ്ങളില്‍ നിന്ന വ്യതിരിക്തനാകുന്നത്.

ഇത്തരമൊരു ചിന്ത എന്നെ പോസ്റ്റാക്കാന്‍ പ്രേരിപ്പിച്ചത് ശ്രീ.ശ്രേയസിന്റെ ഏതാനും ചോദ്യങ്ങളാണ്. ആ ചോദ്യം ഞാന്‍ അല്‍പം കൂടി വിപുലീകരിച്ച് ഞാന്‍ എന്നെ മനസ്സിലാക്കിതരാനുള്ള ശ്രമമാണ് ഈ പോസ്റ്റ് ഞാനെന്ന വ്യക്തി എന്തിന് ഈ ഭൂമിയില്‍ ജീവിക്കുന്നു എന്നാണ് ഇതിലൂടെ പറയാന്‍ ശ്രമിക്കുന്നത്. എനിക്ക് ഈ ഉത്തരം ലഭിച്ചത് വിശുദ്ധഖുര്‍ആനില്‍ നിന്നായതുകൊണ്ട്. ഈ ജീവിത വീക്ഷണം ഉള്‍കൊണ്ട ലോകത്തുള്ള കോടിക്കണക്കിന്  ആളുകളിലൊരുവരാണ് ഞാന്‍ എന്നതാണ് ഈ പോസ്റ്റിന്റെ പ്രസക്തി. ഇത് ഞാന്‍ നല്‍കിയ കമന്റുകളുടെ സംക്ഷിപ്ത രൂപമാണ്. പുതിയ പോസ്റ്റിടുമ്പോള്‍ മാത്രം ശ്രദ്ധിക്കുന്ന എന്റെ മാന്യവായനക്കാര്‍ക്കായി പ്രസ്തുത കമന്റുകള്‍ പോസ്റ്റായി പുനപ്രസിദ്ധീകരിക്കുന്നു.

1. ഞാന്‍ ആരാണ്?.

ദൈവത്തിന്റെ ഖലീഫ (പ്രതിനിധി). പ്രതിനിധി ഉടമസ്ഥനല്ല. അയാളുടെ ഇഷ്ടം അദ്ദേഹത്തെ നിയോഗിച്ചവന്റെ തൃപ്തിക്കനുസൃതമായി പ്രവര്‍ത്തിക്കുകയാണ്. അതിന് ദൈവത്തിന്റെ നിയമങ്ങളും നിര്‍ദ്ദേശങ്ങളും കൃത്യമായി ലഭിക്കേണ്ടതുണ്ട്. മനുഷ്യാരംഭം മുതല്‍ അവ മനുഷ്യന് ലഭ്യമായിട്ടുണ്ട്. ഇപ്പോഴും അന്വേഷിക്കുന്നവര്‍ക്ക് അവന്റെ തെളിഞ്ഞ നിയമ നിര്‍ദ്ദേശങ്ങള്‍ ലഭ്യമാണ്. അതിനാല്‍ ദൈവത്തിന്റെ പ്രാതിനിധ്യവ്യവസ്ഥ പാലിക്കാന്‍ ഭൗതികമായ തടസ്സങ്ങളൊന്നുമില്ല.

2. എന്താണ് എന്റെ ഉത്തരവാദിത്തം?

ദൈവത്തിന്റെ പ്രാതിനിധ്യം യഥാവിധി പാലിക്കുക. . നന്മ (മഅ്‌റൂഫ്) പിന്തുടരുകയും അതിനെ മറ്റുള്ളവരോട് കല്‍പിക്കുകയും ചെയ്യുക, തിന്‍മ സ്വയം ഒഴിവാക്കുകയും ആ തിന്‍മയില്‍ (മുന്‍കര്‍)നിന്ന് മറ്റുള്ളവരെ തടയാന്‍ പരിശ്രമിക്കുകയും ചെയ്യുക. ഇതിനാവശ്യമായത് നന്മതിന്‍കള്‍ വ്യക്തമായി അറിയുക എന്നതാണ്. അതിനുള്ള മാനദണ്ഡം മനുഷ്യന്റെ തോന്നലുകളോ ചിന്തകളോ മാത്രമായാല്‍ മതിയാവുകയില്ല. അത് ദൈവദത്തമാകുമ്പോള്‍ മാത്രമേ അത് സത്യവും സമ്പൂര്‍ണവുമാകൂ. അതിനാല്‍ ആ നന്മതിന്‍മകള്‍ ദൈവം പൂര്‍ണമായും വ്യക്തമായും വിശദീകരിച്ച് തന്നിരിക്കുന്നു. അവ എനിക്ക് ലഭ്യമാണ്.
3. ഞാനും ഈ ലോകവും തമ്മിലുള്ള ബന്ധം എന്താണ്?.

ഈ ലോകവും അതിലെ സകലചരാചരങ്ങളും ദൈവത്തിന്റെ സൃഷ്ടികളാണ്. ഞാനാകട്ടെ ദൈവം പ്രത്യേകമായി ആദരിച്ച മനുഷ്യവര്‍ഗത്തില്‍ പെട്ടവനാണ്. ഈ ലോകത്തിലെ വസ്തുകളെ മിതമായും മാന്യമായും, എന്നെപോലെയുള്ളവരെ പരിഗണിച്ചും, ഉപയോഗിക്കാന്‍ എനിക്ക് അനുവാദം നല്‍കപ്പെട്ടിരിക്കുന്നു. നേരത്തെ സൂചിപ്പിച്ച പ്രാതിനിധ്യം ആചരിക്കാന്‍ ആവശ്യമായ തോതില്‍ മാത്രം. സ്വന്തത്തിന് മാത്രമായോ എന്റെ കുടുംബത്തിന്റെ താല്‍പര്യത്തിനോ മാത്രം മുന്‍ഗണനനല്‍കി അവയെ ചുഷണം ചെയ്യാന്‍ എനിക്കനുവാദമില്ല. മുഴുവന്‍ മനുഷ്യരും എന്റെ സഹോദരങ്ങള്‍, മുഴുവന്‍ സൃഷ്ടിജാലങ്ങളും എന്നെ സൃഷ്ടിച്ച ദൈവത്തിന്റെ അതേ സൃഷ്ടികള്‍.

4. എന്റെ കര്‍മങ്ങള്‍ക്ക് ഞാന്‍ ആരോടെങ്കിലും കണക്ക് പറയേണ്ടതുണ്ടോ?.

അതെ, ഉണ്ട്. എന്നെ വെറുതെ സൃഷ്ടിച്ചതല്ല. എന്റെ ഉത്തരവാദിത്തത്തില്‍ മനഃപൂര്‍വം വീഴ്ചവരുത്തിയാല്‍ ഞാന്‍ കുറ്റക്കാരനാകും. എന്റെ ആയുസും എന്റെ അറിവും, സമ്പത്തും, ആരോഗ്യവും വിചാരണ ചെയ്യപ്പെടും.
5. എനിക്കൊരു സ്രഷ്ടാവുണ്ടോ?.

ഉണ്ട്. എന്റെ അസ്തിത്വത്തിന്റെ തേട്ടമാണ് എനിക്കൊരു സൃഷ്ടാവുണ്ടാകുക എന്നത്. എന്റെ ബുദ്ധിയും യുക്തിയും അത്തരമൊരു അസ്തിത്വത്തിന്റെ സാന്നിദ്ധ്യം എന്നെ ബോധ്യപ്പെടുത്തിട്ടുണ്ട്. എന്റെ പഞ്ചേന്ദ്രിയങ്ങള്‍ അതിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആ അസ്തിത്വത്തെ എന്റെ കണ്ണുകൊണ്ട് കണ്ടിട്ടില്ല എന്നതല്ലാതെ അതിനെ നിഷേധിക്കാന്‍ എനിക്ക് ഒരു ന്യായവും ലഭിച്ചിട്ടില്ല. എന്നാല്‍ കണ്ണുകൊണ്ട് കാണാത്ത പലതും ഞാന്‍ ഉണ്ടെന്ന് വിശ്വസിക്കുന്നു. അതേ പ്രകാരം ഈ പ്രപഞ്ചവും അതിലെ കോടാനുകോടി വസ്തുക്കളും അവയുടെ ആസൂത്രിതവും, സുന്ദരവും, സങ്കീര്‍ണവുമായ ഘടനയും ഇവയ്‌കൊക്കെ പിന്നില്‍ ഒരു സ്രഷ്ടാവുണ്ടെന്ന് എന്നെ ബോധ്യപ്പെടുത്തുന്നു. അതേ ശക്തി തന്നെയാണ് എന്റെയും സ്രഷ്ടാവ് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ദിവ്യവെളിപാട് എന്ന സംവിധാനം അദൃശ്യകാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത എനിക്ക് നല്‍കുന്നു.

മനുഷ്യന് ആവാസയോഗ്യമായ ഭൂമിയിലെ അവസ്ഥയും, അതില്‍ ജീവിക്കാനാവശ്യമായ സകല സൗകര്യങ്ങള്‍ ഒരുക്കപ്പെട്ടതും, അതിനെ ഉപയോഗിക്കാനും സൗകര്യപ്പെടുത്തുവാനും ആവശ്യമായ ഗുണങ്ങളും കഴിവുകളും മനുഷ്യന് നല്‍കപ്പെട്ടതും, ഒരോ ജീവിയിലും ഒരോ കണികയിലും മനുഷ്യശരീരത്തിലെ ഒരോ സെല്ലിലും നിക്ഷേപിച്ച് വെക്കപ്പെട്ട അത്ഭുതങ്ങളും അന്ധമായ ഒരു മ്യൂട്ടേഷന്റെ ഫലമാണ് എന്ന് ചിന്തിക്കാന്‍ എന്റെ ബുദ്ധി മനുഷ്യരിലെ ശാസ്ത്ര വാദികളോടു ഇടഞ്ഞുനില്‍ക്കുന്നു. അതിനാല്‍ എനിക്ക് ബോധ്യമാകാത്ത ഒരു കാര്യം ഞാന്‍ വിശ്വസിക്കേണ്ടതില്ല. ഇതിനേക്കാള്‍ എത്രയോ ദൃഢമായി എനിക്ക് വിശ്വസിക്കാവുന്നത് എനിക്കൊരു ശ്രഷ്ടാവുണ്ട് എന്ന വസ്തുതയാണ്.
6. ഞാന്‍ ആരുടെ നിയമങ്ങള്‍ അനുസരിക്കണം?.

എന്നെ സൃഷ്ടിച്ച സ്രഷ്ടാവിന്റെ നിയമങ്ങളാണ് ഞാന്‍ അനുസരിക്കേണ്ടത്. ഒരു ഉപകരണം നിര്‍മിച്ച കമ്പനിതന്നെയാണ് അത് പ്രവര്‍ത്തിക്കാനുള്ള കാറ്റലോഗ് ഇറക്കാറുള്ളത്. അതിനാല്‍ ഈ ഭൂമിയും ഇതില്‍ വസിക്കാന്‍ തക്കവിധം നമ്മെ സൃഷ്ടിച്ച ദൈവമാണ് എങ്ങനെ ഇവിടെ കഴിയേണ്ടത് എന്ന കാര്യവും പറഞ്ഞ് തരാന്‍ അര്‍ഹന്‍ . ആ നിയമമനുസരിച്ച് ജീവിച്ചാല്‍ മനുഷ്യജീവിതം സുന്ദരമാകും. ഒരു ഉപകരണം അതിന്റെ നിര്‍മാതാക്കളുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ഉപയോഗിച്ചാല്‍ പലപ്പോഴും കേടുവരാന്‍ സാധ്യത കൂടുതലാണ്. എത്ര മാത്രം ആ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ സാധിക്കുന്നുവോ അത്രമാത്രം ആ ഉപകരണം ഭംഗിയായി പ്രവര്‍ത്തിക്കും. ഒരാള്‍ തന്റെ യുക്തിയും ബുദ്ധിയും ഉപയോഗിച്ച് ആ നിര്‍ദ്ദേശം പാലിക്കാതെ വലിയ കുഴപ്പമില്ലാതെ കുറച്ച് കാലം ഉപയോഗിച്ചു എന്നത് അവര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ വലിച്ചെറിയാന്‍ നമ്മെ പ്രേരിപ്പിക്കാറില്ല. സമ്പൂര്‍ണമായ നിയമങ്ങള്‍ ദൈവം നല്‍കിയിരിക്കുന്നുവെന്നത് എന്റെ വിശ്വാസമല്ല ആര്‍ക്കും ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ കഴിയുമാര്‍ എന്റെ മുന്നിലുള്ള യാഥാര്‍ഥ്യമാണ്.   
7. ദൈവം ഒരു സത്യമോ മിഥ്യയോ?

ദൈവം സത്യം. എന്തുകൊണ്ടെന്നാല്‍ ദൈവം മിഥ്യയാണെന്ന് സ്ഥാപിക്കപ്പെട്ടിട്ടില്ല. അടുത്ത ചോദ്യം, മിഥ്യയല്ല എന്ന് സ്ഥാപിക്കാന്‍ കഴിയില്ല കാരണം ഇല്ലാത്തതിനെ എങ്ങനെയാണ് സ്ഥാപിക്കുക എന്നതായിരിക്കും. ഇവിടെ ദൈവമില്ല എന്നത് കേവലവാദമാണ്. ദൈവമുണ്ട് എന്ന വാദവും അതിന് തെളിവായി ഈ പ്രപഞ്ചവും നമ്മുക്ക് മുമ്പിലുണ്ട്. ദൈവം മിഥ്യ എന്ന് പറയുന്നവര്‍ പ്രധാനമായും ഉദ്ദേശിക്കുന്നത് ശാസ്ത്രീയമായി അത് തെളിയിക്കാനാവില്ല എന്ന് മാത്രമാണ്.
 
8. ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നതെന്തിന്?

ആ വിശ്വാസം എനിക്ക് ജീവിതത്തിന് അര്‍ഥം നല്‍കുന്നു. സര്‍വശക്തനും എന്റെ ഹൃദയരഹസ്യങ്ങള്‍ പോലും അറിയുന്നവനാണ് എന്ന ബോധം എനിക്ക് നല്‍കുന്ന സമാധാനവും ആശ്വാസവും വിശദീകരിക്കാന്‍ സാധ്യമല്ല. എനിക്കുള്ളതെല്ലാം ദൈവം നല്‍കിയതാണ്, നഷ്ടപ്പെട്ടത് ദൈവം നല്‍കാനുദ്ദേശിക്കാത്തതും. ഈ വിശ്വാസമുള്ളതിനാല്‍ നല്‍കപ്പെട്ടതില്‍ ഞാന്‍ അഹങ്കരിക്കുകയില്ല. നഷ്ടപ്പെട്ടതില്‍ ഞാന്‍ നിരാശയുടെ പടുകുഴിയില്‍ അകപ്പെടുകയുമില്ല. ഉപകാരമുള്ളതാണ് ദൈവം എന്നോട് കല്‍പിച്ചത്. ഉപദ്രവമുള്ളതാണ് ദൈവം വിലക്കിയത്. ദൈവിക നിയമങ്ങള്‍ പാലിക്കുമ്പോള്‍ ജീവിതത്തില്‍ വല്ലാത്ത ആനന്ദം അനുഭവപ്പെടുന്നു. അത് ലംഘിക്കുമ്പോള്‍ പ്രയാസങ്ങള്‍ അനഭവിക്കേണ്ടിവരുന്നു.കര്‍മങ്ങള്‍ക്ക് മറുപടി പറയേണ്ടിവരും എന്ന ബോധം ചെയ്യുന്ന കര്‍മങ്ങളില്‍ സൂക്ഷമത പാലിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നു. തെറ്റായ കാര്യങ്ങള്‍ ചെയ്തുപോകുന്നതില്‍ നിന്ന് എന്നെ തടയുന്നു. ഈ ജീവിതത്തിന് ശേഷം കര്‍മങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുമല്ലോ എന്ന പ്രതീക്ഷ അത്യാവേശത്തോടെ നന്മയെ പുല്‍കാന്‍ എനിക്ക് സഹായകമാകുന്നു. ഇത്രയും ഉപകാരങ്ങള്‍ എനിക്ക് വിശ്വാസം കൊണ്ടുണ്ടെങ്കില്‍ ദൈവത്തില്‍ വിശ്വസിക്കാതിരിക്കണം.
9. എന്റെ ജീവിതത്തില്‍ എനിക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ടോ?.

ഇല്ല. പരിമിതമായ സ്വാതന്ത്ര്യം നല്‍കപ്പെട്ടിട്ടുണ്ട്. മനുഷ്യന് നല്‍കപ്പെട്ട നിയമങ്ങള്‍ക്ക് അവന്‍ വിധേയമാക്കപ്പെട്ടിരിക്കുന്നു. ജനനം, വളര്‍ച, രോഗം, ആരോഗ്യം, മരണം എന്നിവയില്‍ വളരെ കുറച്ച് മാത്രമേ എന്റെ ഇഛനടപ്പാകുന്നുള്ളൂ. എനിക്ക് തെരെഞ്ഞെടുക്കാനുള്ള സ്വാതന്ത്യമുള്ള മേഖലകളില്‍കൂടി ദൈവിക നിയമങ്ങള്‍ക്ക് വിധേയമാകുക എന്നതാണ് ദൈവം എന്നില്‍ നിന്നാവശ്യപ്പെടുന്നത്. അതിന് വിധേയമാകുന്നതിലൂടെ പ്രകൃതിയുടെ സ്വാഭാവികമായ താളലയത്തില്‍ ഞാന്‍ എന്റെ പങ്കുകൂടി വഹിക്കുകയാണ്.
10. എന്റെ ജീവിതം മരണത്തോടെ അവസാനിക്കുമോ?.

ഇല്ല. എന്റെ മാതാവിന്റെ ഗര്‍ഭാശയത്തില്‍ അല്‍പകാലം ഞാന്‍ കഴിച്ചുകൂട്ടിയിട്ടുണ്ട്. ഇപ്പോള്‍ എനിക്ക് കഴിച്ചുകൂട്ടേണ്ടത് ഭൂമിയിലാണ്. ഇത് ദൈവനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള രംഗമാണ്. ഇനി എന്നെ മരണം കാത്തിരിക്കുന്നു. അതിന് ശേഷം എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക പ്രതിഫലമോ ശിക്ഷയോ നല്‍കപ്പെടുന്ന ദിനങ്ങളാണ് വരാനിരിക്കുന്നത്. അവ ഇല്ലായിരുന്നെങ്കില്‍ ഈ ജീവിതം ഫലശൂന്യമായേനെ. ദൈവം നീതിമാനാണ് എന്ന് പറയുന്നതിന്റെ അര്‍ഥം നഷ്ടപ്പെട്ടേനെ. എനിക്കെന്റെ ജീവിതത്തിന് സമാധാനവും ഈ സമാധാന ജീവിതത്തിന് മരണശേഷം പ്രതിഫലവും ഈ ജീവിതം എത്ര സുന്ദരം.
ഇത്രയും ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം കണ്ടെത്താന്‍ മനുഷ്യന്‍ നിര്‍ബന്ധിതനാണ്. ഇതേ ഉത്തരങ്ങളല്ല നിങ്ങള്‍ക്ക് ലഭിച്ചതെങ്കില്‍ എങ്ങനെ നിങ്ങള്‍ക്ക് വ്യത്യസ്തമായ ഉത്തരം ലഭിച്ചു എന്നറിയാന്‍ എനിക്ക് താല്‍പര്യമുണ്ട്. അത് നിങ്ങള്‍ക്ക് പങ്ക് വെക്കാന്‍ സാധ്യമല്ല എന്ന് വരികില്‍ അത് നല്‍കുന്ന സൂചന താങ്കളാരാണ് എന്നതിനെ കുറിച്ച് ഗൗരവമായി ചിന്തിച്ചിട്ടില്ല എന്നാണ്.  ഉത്തരമുണ്ടായിട്ടും അതെന്റെ മനസ്സില്‍ കിടന്നാല്‍ മതി എന്ന് കരുതുകയാണെങ്കില്‍ അത് മറ്റുള്ളവര്‍ മനസ്സിലാക്കുന്നതില്‍ പ്രത്യേക നന്മയൊന്നും താങ്കള്‍ കാണുന്നില്ല എന്നാണ്.

21 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ഇത്രയും ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം കണ്ടെത്താന്‍ മനുഷ്യന്‍ നിര്‍ബന്ധിതനാണ്.

CKLatheef പറഞ്ഞു...

'ഞാന്‍ ആര്' എന്ന ചോദ്യത്തിന് രമണമഹര്‍ഷി നല്‍ക്കുന്ന ഉത്തരം ഇവിടെ വായിക്കുക.

ചിന്തകന്‍ പറഞ്ഞു...

പ്രിയ ലത്തീഫ്.

നന്നായിയിരിക്കുന്നു.

വിത്യസ്ഥ വീക്ഷണങ്ങള്‍ക്കായി ഞാന്‍ കാതോര്‍ക്കുന്നു.

അപ്പൂട്ടൻ പറഞ്ഞു...

ലതീഫ്‌,
താങ്കളുടെ പോസ്റ്റുകൾ വായിക്കാറുണ്ടായിരുന്നു, പലപ്പോഴും ജോലിത്തിരക്കുകൾ മൂലം കമന്റുകൾ പൂർണ്ണമാക്കാനായില്ല, അതിനാൽ പോസ്റ്റ്‌ ചെയ്യാതെ വിടുകയായിരുന്നു. പിന്നീട്‌ പ്രസക്തമല്ലെന്നു തോന്നിയപ്പോൾ (ചർച്ചകൾ പുരോഗമിച്ചതിനാൽ) കമന്റുകൾ ഒഴിവാക്കി.
ഇവിടെ ചിലത്‌ ഞാനും കുറിക്കട്ടെ. എന്റെ കാഴ്ചപ്പാടുകൾ മാത്രമാണിവ, ഏതെങ്കിലും ഗ്രൂപ്പിലേയ്ക്ക്‌ ഞാനില്ല.

1. ഞാൻ ആരാണ്‌?

ഞാൻ ഞാൻ മാത്രമാണ്‌. സമൂഹത്തിൽ നിന്നും പലതും പഠിച്ചും പഠിച്ചുകൊണ്ടേയിരുന്നും ജീവിക്കുന്നു, അത്രമാത്രം. എന്നെ എന്തെങ്കിലും പ്രത്യേക ഉദ്ദേശ്യത്തോടെ അയച്ചതാണെന്ന ചിന്തയൊന്നും എനിക്കില്ല. എനിക്കും എന്നെ അറിയുന്നവർക്കും അപ്പുറം എനിക്ക്‌ പ്രസക്തിയുമില്ല. ഓരോ വ്യക്തിയേയും അറിയാവുന്നവരുടെ ഗ്രൂപ്പിന്റെ വലിപ്പം അനുസരിച്ച്‌ അവർ ചരിത്രത്തിൽ പ്രസക്തരാവുകയോ അല്ലാതാവുകയോ ചെയ്യുന്നു. ഒരു പരിധി വരെ ഇത്‌ ഓരോ വ്യക്തിയുടേയും aptitude-ഉം attitude-ഉം അനുസരിച്ച്‌ വലുതാക്കുകയോ ചെറുതാക്കുകയോ ചെയ്യാം, കഴിവിനും സാമൂഹ്യസാഹചര്യങ്ങൾക്കും അനുസരിച്ച്‌ പ്രസക്തരാവുകയോ അല്ലാതാവുകയോ ആവാം.

2. എന്താണ്‌ എന്റെ ഉത്തരവാദിത്വം?
ഇതും തീരുമാനിക്കുന്നത്‌ ഞാൻ തന്നെയാണ്‌. തൽക്കാലം എന്റെ പ്രഥമ ഉത്തരവാദിത്വം ഞാനടങ്ങുന്ന എന്റെ കൊച്ചുകുടുംബത്തോടാണ്‌. സമൂഹജീവി എന്ന നിലയ്ക്ക്‌ സമൂഹത്തിന്റെ നിലനിൽപിനാവശ്യമായ കാര്യങ്ങൾ പ്രവർത്തിയിൽ കൊണ്ടുവരിക എന്നതാണ്‌ എന്റെ ദ്വിദീയ ഉത്തരവാദിത്വം (കുറഞ്ഞപക്ഷം ആ നിലനിൽപ്‌ അപകടത്തിലാക്കാതിരിക്കുകയെങ്കിലും വേണം). എന്റെ സഹായം ആവശ്യമുള്ളവർക്ക്‌ അതെത്തിക്കുക എന്നത്‌ എന്റെ ഉത്തരവാദിത്വമല്ല, പക്ഷെ എനിക്കത്‌ സന്തോഷം തരും എന്നതിനാൽ ഞാനത്‌ ചെയ്യുന്നു. എന്റെ ചിന്താഗതികൾ എന്റേത്‌ മാത്രമാണെന്നും അത്‌ മറ്റൊരാളിൽ അടിച്ചേൽപ്പിക്കേണ്ടതില്ലെന്നും ഉള്ള നിലപാട്‌ ഉള്ളതിനാൽ സാമൂഹികമായൊരു ആശയസംവാദത്തിന്‌ മുതിരുന്നില്ല, പക്ഷെ മറ്റൊരാളെ ചിന്തിയ്ക്കാൻ എന്റെ ചിന്തകൾ പ്രേരിപ്പിയ്ക്കും എന്നു തോന്നുമ്പോൾ സംവാദത്തിന്‌ മടിയ്ക്കാറില്ല.

3. ഞാനും ഈ ലോകവും തമ്മിലുള്ള ബന്ധം എന്താണ്‌?
ഞാൻ ഈ ലോകത്ത്‌ ജീവിയ്ക്കുന്ന ഒരു ജീവി ആണ്‌, ആ ഒരു ബന്ധം മാത്രമേ ഈ ലോകവുമായി എനിയ്ക്കുള്ളു. ഇതിന്റെ ഭാഗഭാക്കെന്ന നിലയിൽ എനിക്ക്‌ സാധിക്കുന്ന കാര്യങ്ങൾ ഞാൻ ചെയ്യുന്നു, അത്രമാത്രം.

4. എന്റെ കർമ്മങ്ങൾക്ക്‌ ഞാൻ ആരോടെങ്കിലും കണക്ക്‌ പറയേണ്ടതുണ്ടോ?
എന്നെ മാത്രം ബാധിക്കുന്ന കാര്യങ്ങൾക്ക്‌ ഞാൻ ആരോടും കണക്കു പറയേണ്ടതില്ല. മറ്റൊരാളെ ബാധിക്കുന്ന കാര്യമാണെങ്കിൽ തീർച്ചയായും പ്രസ്തുത വ്യക്തി കൂടി അത്‌ അറിഞ്ഞിരിക്കേണ്ടതാണ്‌, ആ വ്യക്തിയോട്‌ ഞാൻ കണക്കുപറഞ്ഞേ തീരൂ. എന്റെ ചെയ്തികൾ എന്റെ മരണശേഷം എന്റെ കുടുംബാഗങ്ങളേയും ബാധിക്കും എന്നതിനാൽ കരുതലോടെ മാത്രമേ ഞാൻ ഓരോ കാര്യവും ചെയ്യാവൂ.

അപ്പൂട്ടൻ പറഞ്ഞു...

5. എനിക്കൊരു സൃഷ്ടാവുണ്ടോ?
സ്രഷ്ടാവ്‌ ആണ്‌ ശരി.
ഇതിനുത്തരം എന്തായിരിക്കും എന്ന്‌ വിശദീകരിക്കേണ്ടതില്ല, എന്നാലും പറയാം.
ഭൗതികമായി, ഞാൻ ഉണ്ടായത്‌ ഈ ഭൂമിയിൽ തന്നെയുള്ള പദാർത്ഥങ്ങളിൽ നിന്നും ഈ പ്രപഞ്ചത്തിൽ നിന്നും ലഭ്യമായ ഊർജ്ജത്തിൽ നിന്നുമാണ്‌. ഞാൻ ഒറ്റയടിയ്ക്ക്‌ ഉണ്ടായി വന്നതല്ല, പടിപടിയായി വളർന്നതാണ്‌, ഭൂമിയിലെ മറ്റേതൊരു വസ്തുവിനേയും പോലെ.
ചിന്താപരമായും ഇതേ പരിണാമം എന്നിൽ സംഭവിച്ചിട്ടുണ്ട്‌. ശിശുവായിരുന്നപ്പോൾ ക്ലീൻ സ്ലേറ്റിൽ തുടങ്ങി പലപല ചിന്തകളും അറിവുകളും എന്നെ സ്വാധീനിച്ചിട്ടുണ്ട്‌, ഓരോ പുതിയ അറിവും പഴയതുമായി താരതമ്യം ചെയ്ത്‌ തെറ്റിയും തിരുത്തിയും ഞാൻ ഇപ്പോൾ നിൽക്കുന്നിടത്ത്‌ നിൽക്കുന്നു. ആ അർത്ഥത്തിൽ എന്റെ സ്രഷ്ടാക്കൾ ഞാൻ ജീവിക്കുന്ന ഈ ലോകം തന്നെയാണ്‌. The world made me

6. ഞാൻ ആരുടെ നിയമങ്ങൾ അനുസരിക്കണം?
മറ്റൊരാൾക്ക്‌ അറിഞ്ഞുകൊണ്ട്‌ ബുദ്ധിമുട്ടുണ്ടാക്കാതെ ജീവിക്കാൻ പഠിച്ചാൽ അത്‌ താനെ സാമൂഹികനിയമങ്ങളുടെ അനുസരണമാകും. അതിനാൽ എഴുതിവെച്ച നിയമങ്ങളേക്കാൾ ഞാൻ പ്രാധാന്യം കൊടുക്കുക എന്റെ പ്രവൃത്തിയുടെ അനന്തരഫലമാണ്‌. അത്‌ മറ്റൊരാൾക്ക്‌ ദോഷമാകാത്തിടത്തോളം എനിക്ക്‌ നിയമങ്ങളെ ഭയപ്പെടേണ്ടതില്ല.

7. ദൈവം ഒരു സത്യമോ മിഥ്യയോ?
ഇന്നുവരെ കേട്ടറിവുള്ള ദൈവം സത്യമാണെന്ന ചിന്ത എനിക്കില്ല. പ്രപഞ്ചം ഉണ്ടായത്‌ ദൈവം 'ഉണ്ടാവട്ടെ' എന്നു പറഞ്ഞതിനാലാണെന്ന്‌ താങ്കൾ വിശ്വസിക്കുന്നുവെങ്കിൽ അങ്ങിനെ ആയിക്കോട്ടെ, അത്‌ താങ്കളുടെ ചിന്താഗതി. അത്‌ മാറണമെന്ന്‌ ഞാൻ പറയുന്നില്ല.

അപ്പൂട്ടൻ പറഞ്ഞു...

8. ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നതെന്തിന്‌?
ഇതിന്‌ താങ്കൾ പറഞ്ഞ ഉത്തരങ്ങൾ അവിശ്വാസി എന്ന നിലയിൽ എനിക്കും സാധിക്കുന്നതാണ്‌. താങ്കൾക്ക്‌ താങ്കളുടെ വിശ്വാസമാണ്‌ ശരി, എനിക്ക്‌ മറിച്ചാണ്‌ അഭിപ്രായം. പക്ഷെ താങ്കളുടെ വിശ്വാസത്തെ ചോദ്യം ചെയ്യേണ്ട ആവശ്യം എനിക്കില്ല.

9. എന്റെ ജീവിതത്തിൽ എനിക്ക്‌ പൂർണ സ്വാതന്ത്ര്യമുണ്ടോ?
ഉണ്ട്‌. മറ്റൊരാൾക്കും അതുണ്ടെന്ന ബോധം ഉണ്ടെങ്കിൽ, അത്‌ സംരക്ഷിക്കപ്പെടേണ്ടതാണെന്ന അറിവുണ്ടെങ്കിൽ, സ്വന്തം സ്വാതന്ത്ര്യം തകർക്കാതെ തന്നെ നല്ല മനുഷ്യനായി ജീവിക്കാം.
സ്വാതന്ത്ര്യമോ അതില്ലായ്മയോ സ്വയം ഉണ്ടാക്കിയെടുക്കുന്ന ചിന്തകളാണ്‌. ഞാൻ വിചാരിച്ച കാര്യങ്ങൾ എല്ലാം നടക്കണമെന്നില്ല, പക്ഷെ സംഭവിക്കുന്നത്‌ എനിക്ക്‌ നല്ലതോ ചീത്തയോ എന്നത്‌ തീരുമാനിക്കുന്നത്‌ ഞാൻ തന്നെയാണ്‌. ശരിയായ ആത്മവിശ്വാസമുണ്ടെങ്കിൽ തിരിച്ചടികളും അനുകൂലമാക്കാം.

10. എന്റെ ജീവിതം മരണത്തോടെ അവസാനിക്കുമോ?.
ജീവിതം അവസാനിക്കും, എന്നുവെച്ചാൽ ഞാൻ ജീവിതത്തിൽ ശേഖരിച്ച ഡാറ്റാ, തലച്ചോറ്‌ മറ്റു അവയവങ്ങൾക്ക്‌ നൽകുന്ന നിർദ്ദേശങ്ങൾ എന്നിവ പിന്നീട്‌ പ്രോസസ്‌ ചെയ്യാനാവില്ല. അതുകൊണ്ടുതന്നെ എന്റെ ശരീരത്തിന്റെ പ്രവർത്തനങ്ങളും എവിടെയും രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ എന്റെ ചിന്തകളും അറിവും എന്റെ മരണത്തോടെ ഇല്ലാതാവും. പക്ഷെ എന്റെ ശരീരത്തിന്റെ ഭൗതികഭാഗങ്ങൾ പിന്നീട്‌ വേറെ എന്തെങ്കിലുമായി രൂപപ്പെടും. പ്രകൃതി അത്‌ ഊർജ്ജമായോ പദാർത്ഥമായോ പരിണമിപ്പിക്കും.
പരലോകം, ശിക്ഷ എന്നിവയൊക്കെ നാം അറിഞ്ഞിട്ടില്ലാത്ത ഒന്നാണ്‌, അസന്നിഗ്ദ്ധമായി ആരും ഇതുവരെ തെളിയിച്ചിട്ടില്ല. അതുകൊണ്ട്‌ വിശ്വസിക്കുന്നില്ല

CKLatheef പറഞ്ഞു...

പ്രിയ അപ്പൂട്ടന്‍,

എന്റെ പത്ത് ചോദ്യങ്ങള്‍ക്കുള്ള താങ്കളുടെ മറുപടി പങ്കുവെച്ചതില്‍ സന്തോഷം. കൂടുതലെന്തെങ്കിലും അതിനെപ്പറ്റിപറയാനും ഞാനാളല്ല. പക്ഷെ താങ്കള്‍ സൂചിപ്പിച്ച പലകാര്യങ്ങളും എന്റെ മറുപടി കൂടുതല്‍ വിശാലമായിരുന്നെങ്കില്‍ അതില്‍ ചേര്‍ക്കാന്‍ കഴിയുന്നതാണ്. ഉദാഹരണം കുടുംബത്തോടും സമൂഹത്തോടും ഒക്കെയുള്ള ഉത്തരവാദിത്തം. ദൈവപ്രാതിനിധ്യത്തിന്റെ സാക്ഷാല്‍കാരം എന്ന എന്റെ ഉത്തരവാദിത്തം പൂര്‍ത്തിയാകുന്നത് ഇതേപ്രകാരം സ്വന്തന്തോടും കുടുംബത്തോടും സമൂഹത്തോടും രാഷ്ട്രത്തോടുമുള്ള ഉത്തരവാദിത്തം യഥാവിധി പൂര്‍ത്തീകരിക്കുന്നതോടെയാണ്. അതോടൊപ്പം എന്റെ സഹായം ആവശ്യമുള്ളവര്‍ക്ക് എന്റെ കഴിവിന്റെ പരമാവധി എത്തിക്കുക എന്നതും എന്റെ ഉത്തരവാദിത്വത്തില്‍ പെടും. മറ്റുള്ളവരുമായി ബന്ധപ്പെട്ട എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നെ ഏല്‍പിക്കുന്നവരോട് കണക്കുപറയേണ്ട ബാധ്യതയും ഉണ്ട്. പരലോക രക്ഷാശിക്ഷകളെ ആരും തെളിയിച്ചിട്ടില്ല എന്നതിനെക്കാള്‍ അവ ബോധ്യപ്പെട്ടിട്ടില്ല അതിനാല്‍ വിശ്വസിക്കുന്നില്ല എന്നതായിരിക്കും കൂടുതല്‍ ശരി എന്ന ഒരു അഭിപ്രായം ഉണ്ട്.

അപ്പൂട്ടൻ പറഞ്ഞു...

ലതീഫ്‌,
ഒന്നുകൂടി എന്റെ കമന്റ്‌ വായിച്ചപ്പോൾ ഒരു തിരുത്തൽ വരുത്തേണ്ടിയിരുന്നു എന്ന്‌ തോന്നി. വലിയൊരു കമന്റായിരുന്നതിനാൽ രണ്ടാമതൊരാവർത്തി വായിക്കാൻ സാധിച്ചില്ല, ക്ഷമിക്കൂ.
എന്റെ സഹായം ആവശ്യമുള്ളവർക്ക്‌ അത്‌ ചെയ്യേണ്ടത്‌ എന്റെ ഉത്തരവാദിത്വമല്ല എന്ന്‌ എഴുതിയിരുന്നു. ഉദ്ദേശ്യം സാഹായം ആവശ്യമുള്ളവർക്ക്‌ മുഴുവൻ എന്നാണ്‌ എഴുതാൻ ഉദ്ദേശിച്ചിരുന്നത്‌. സഹായം ആവശ്യമുള്ളവർക്ക്‌ എന്നാലാവുന്നവിധം സഹായം ചെയ്യാൻ ഞാൻ ശ്രമിക്കാറുണ്ട്‌, പക്ഷെ എപ്പോഴും സാധ്യമാകണമെന്നില്ല. പക്ഷെ specifcally, എന്റെ സഹായം ആവശ്യപ്പെടുന്നവരെ ഞാൻ അധികം നിരാശപ്പെടുത്താറില്ല. അത്‌ എന്റെ ഉത്തരവാദിത്വമാണോ എന്നത്‌ സാഹചര്യം അനുസരിച്ചിരിയ്ക്കും. ദൈവവിശ്വാസം ഉള്ളതിനാൽ താങ്കൾ അത്‌ ഉത്തരവാദിത്വമായി വിലയിരുത്തുന്നു, ശ്ലാഘനീയമായൊരു കാഴ്ചപ്പാടാണത്‌.

മറ്റുള്ളവരുമായി ബന്ധപ്പെട്ട എന്റെ പ്രവർത്തനങ്ങൾക്ക്‌ എന്നെ ഏൽപിക്കുന്നവരോട്‌ കണക്കുപറയേണ്ട ബാധ്യതയും ഉണ്ട്‌.
ഏൽപ്പിക്കുന്നവർ എന്നതുകൊണ്ട്‌ മനുഷ്യരെത്തന്നെയാണ്‌ താങ്കൾ ഉദ്ദേശിച്ചതെന്ന് മനസിലാക്കട്ടെ. ഞാൻ പറഞ്ഞതിൽ അതിനെ നിഷേധിക്കുന്ന ഒന്നും തന്നെയില്ല. മറ്റൊരാളെ ബാധിക്കുന്ന കാര്യം എന്നു പറയുമ്പോൾ അത്‌ എന്നെ ഏൽപ്പിച്ചയാളും അതിന്റെ ഫലം അനുഭവിക്കുന്നയാളും ഒക്കെ അടങ്ങുന്നതാണ്‌. എന്നെ ഒരാൾ ഒരു ജോലി ഏൽപ്പിച്ചാൽ അത്‌ എന്നെ മാത്രം ബാധിക്കുന്ന കാര്യം ആകുന്നില്ലല്ലൊ.

പരലോകത്തെക്കുറിച്ചുള്ള താങ്കളുടെ ചിന്തകൾ വാക്കുകളിൽ ചെറിയ മാറ്റമുണ്ടെന്നല്ലാതെ പ്രത്യേകിച്ച്‌ അർത്ഥവ്യത്യാസം ഒന്നുമില്ല. തെളിവില്ലാത്തതിനാൽ ബോധ്യപ്പെടുന്നില്ല, അത്രമാത്രം. തെളിവുണ്ടെങ്കിൽ ബോധ്യപ്പെടാൻ ബുദ്ധിമുട്ടില്ലല്ലൊ.

ഒരു നല്ല വിശ്വാസി ദൈവവിശ്വാസത്തിൽ അർപ്പിക്കുന്ന കാര്യങ്ങൾ അതില്ലാതെ ഒരു യുക്തി-സാമൂഹ്യബോധമുള്ള ഒരു അവിശ്വാസി വ്യക്തിപരമായ തലത്തിൽ ചെയ്യുന്നുണ്ട്‌ എന്നത്‌ മാത്രമെ എനിക്കിതിൽ പറയാനുള്ളു. കൂടുതൽ കാര്യങ്ങൾ, ആവശ്യം വരുമ്പോൾ പറയാം.

Sudheer K. Mohammed പറഞ്ഞു...

inescapable questions......

http://madhyamam-editorial.blogspot.com

V.B.Rajan പറഞ്ഞു...

ലതീഫ്, ഞാനും ഈ ചോദ്യങ്ങള്‍ക്ക് എന്റെ പരിമിതമായ അറിവില്‍ നിന്നുകൊണ്ട് മറുപടി നല്‍കാന്‍ ശ്രമിക്കാം.

1. ഞാന്‍ ആരാണ്?.

ഞാന്‍ രണ്ടു കാലില്‍ നിവര്‍ന്നു നില്‍ക്കാനും സഞ്ചരിക്കാനും ശേഷിയുള്ള ഹോമോ സാപ്പിയന്‍സ് സ്പീഷിസില്‍പ്പെട്ട മനുഷ്യ ജീവി. കുരങ്ങു വര്‍ഗ്ഗത്തില്‍പ്പെട്ട ഗൊറില്ല, ചിമ്പാന്‍സി തുടങ്ങിയ ജീവികള്‍ എന്റെ ജീവിച്ചിരിക്കുന്ന ബന്ധുക്കളാണ്. ഞാന്‍ സമൂഹമായി ജീവിക്കാനിഷ്ടപ്പെടുന്നു. എനിക്ക് മറ്റുജീവികളെ അപേക്ഷിച്ച് വികാസം നേടിയ തലച്ചോറുണ്ട്. വസ്തുതകളെ വിശകലനം ചെയ്യുവാനും, ഭാഷ ഉപയോഗിച്ച് ആശയ വിനിമയം നടത്താനും പ്രശ്നങ്ങളെ ബുദ്ധിഉപയോഗിച്ച് തരണം ചെയ്യുവാനുമുള്ള കഴിവ് എനിക്കുണ്ട്. രണ്ടുകാലില്‍ നിവര്‍ന്നു നില്‍ക്കാന്‍ സാധിക്കുന്നതുകൊണ്ട് എന്റെ കൈകള്‍ മറ്റുജീവികളെ അപേക്ഷിച്ച് സ്വതന്ത്രമാണ്. അതുകൊണ്ട് ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ എനിക്ക് എളുപ്പം സാധിക്കും. ജീവികളില്‍ തീ ഉപയോഗിക്കുവാനും, ഭക്ഷണം പാകം ചെയ്യുവാനും, വസ്ത്രം ഉണ്ടാക്കി ധരിക്കുവാനും എനിക്കു മാത്രമേസാധിക്കു. പ്രകൃതി പ്രതിഭാസങ്ങളെ ശാസ്ത്രം, തത്വചിന്ത, മതം, ഭാവന ഇവ ഉപയോഗിച്ച് വിശദീകരിക്കുവാനും എനിക്കു കഴിയും. ഞാന്‍ എന്ന ആധുനിക മനുഷ്യന്‍ ഏതാണ്ട് 200,000 വര്‍ഷം മുമ്പ് അഫ്രിക്കയില്‍ ഉടലെടുത്തുവെന്ന് ഫോസില്‍ പഠനത്തില്‍ നിന്നും വെളിവാകുന്നു.

2. എന്താണ് എന്റെ ഉത്തരവാദിത്തം?

എന്റെ ഉത്തരവാദിത്തത്തിന് ഒരു സ്ഥായിഭാവം ഇല്ല. കുട്ടിയായിരിക്കുമ്പോള്‍, മാതാപിതാക്കളെ അനുസരിക്കുകയും, പഠനത്തില്‍ ശ്രദ്ധിക്കുകയും ആയിരുന്നു പ്രധാനം. കുറച്ചു മുതിര്‍ന്നപ്പോള്‍ മാതാപിതാക്കളും സഹോദരങ്ങളും അടങ്ങിയ കുടുംബത്തെ സം‌രക്ഷിക്കുക എന്നതായി അതു മാറി. ഇപ്പോള്‍ എന്റെ ഭാര്യ, കുട്ടി എന്നിവരടങ്ങിയ എന്റെ കുടുംബത്തിനോടും ഞാനടങ്ങുന്ന എന്റെ സമൂഹത്തോടുമായി അത്. ഒറ്റപ്പെട്ടവരേയും, വേദനിക്കുന്നവരേയും ആശ്വസിപ്പിക്കുക എന്നതും എന്റെ ഉത്തരവാദിത്വമായി ഞാന്‍ കാണുന്നു.

3. ഞാനു ഈ ലോകവും തമ്മിലുള്ള ബന്ധം എന്താണ്?

ഞാന്‍ ഈ ലോകത്തിന്റെ ഭാഗമാണ്. ഈ ലോകത്തിലെ വസ്തുക്കളാണ് എന്റെ ശരീരത്തില്‍ അടങ്ങിയിട്ടുള്ളത്. എനിക്കു ലഭിച്ച അറിവും ഈ ലോകത്തില്‍ നിന്നു തന്നെ. അതുകൊണ്ട് ലോകവും ഞാനും തമ്മില്‍ വേര്‍തിരിക്കാനാവത്ത ബന്ധം ഉണ്ട്.

4. എന്റെ കര്‍മ്മങ്ങള്‍ക്ക് ഞാന്‍ ആരോടെങ്കിലും കണക്കു പറയേണ്ടതുണ്ടോ?

എന്റെ കര്‍മ്മങ്ങള്‍ എനിക്കും സമൂഹത്തിനും ദോഷകരമാകാതിരിക്കുന്നിടത്തോളം കാലം ആരോടും കണക്കു പറയേണ്ടതില്ല.

5. എനിക്കൊരു സ്രഷ്ടാവുണ്ടൊ?

പ്രപഞ്ചത്തിലുള്ള വസ്തുക്കളാണ് എന്നിലുള്ളത് എന്നു മുകളില്‍ പറഞ്ഞല്ലോ. ഇവ പ്രപഞ്ചത്തില്‍ എന്നും ഉണ്ടായിരുന്നു. എന്റെ മരണശേഷം ഉണ്ടായിരിക്കുകയും ചെയ്യും. അപ്പോള്‍ ഈ പ്രപഞ്ചം തന്നെയാണ് എന്റെ സ്രഷ്ടാവ്.

6. ഞാന്‍ ആരുടെ നിയമങ്ങള്‍ അനുസരിക്കണം?

മനുഷ്യന്‍ നിര്‍മ്മിച്ച നിയമങ്ങള്‍. സമൂഹത്തിന്റെ സുഗമാമായ മുന്നോട്ടുള്ള പോക്കിനു മനുഷ്യന്‍ ചില നിയമങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അവയില്‍ എനിക്ക് പ്രസക്തമെന്നു തോന്നുന്നവ മാത്രം ഞാന്‍ അനുസരിക്കും. അല്ലാത്തവ തള്ളിക്കളയുകയും അവയുടെ സ്ഥാനത്ത് ആവശ്യമെങ്കില്‍ പ്രസക്തമായ പുതിയ നിയമങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യും.

7. ദൈവം ഒരു സത്യമോ മിഥ്യയോ?

മനുഷ്യന്റെ പല ഭാവനാസ്രഷ്ടികളില്‍ ഒന്നു മാത്രമായി ഇതിനെ ഞാന്‍ കാണുന്നു. അജ്ഞത, ഭയം തുടങ്ങിയവയില്‍ നിന്നും ഉടലെടുത്ത സങ്കല്പം.

8. ദൈവത്തില്‍ വിശ്വസിക്കുന്നതെന്തിന്?

ദൈവത്തില്‍ മാത്രമല്ല ഒന്നിലും വിശ്വസിക്കേണ്ട ആവശ്യം എനിക്കില്ല.

9. എന്റെ ജീവിതത്തില്‍ എനിക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം ഉണ്ടോ?

തീര്‍ച്ചയായും എന്റെ സഹജീവികള്‍ക്കും ഉള്ളതുപോലെ. പക്ഷെ എനിക്കു തോന്നിയതുപോലെ പ്രവര്‍ത്തിച്ചുകൂടാ. മനുഷ്യ നിര്‍മ്മിതമായ ചില നിയമങ്ങള്‍ അനുസരിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്.

10. എന്റെ ജീവിതം മരണത്തോടെ അവസാനിക്കുമോ?

ജീവിതം മരണത്തോടെ അവസാനിക്കും. ശരീരത്തില്‍ അടങ്ങിയിട്ടുള്ള ഭൗതീക വസ്തുക്കള്‍ അതേരൂപത്തിലോ മറ്റുരൂപങ്ങളിലോ നിലനില്‍ക്കും.

ബിജു ചന്ദ്രന്‍ പറഞ്ഞു...

Nice discussion... tracking

CKLatheef പറഞ്ഞു...

പ്രിയ വി.ബി. രാജന്‍,

നാം ആരാണ് എന്ന അടിസ്ഥാന ചോദ്യങ്ങള്‍ക്ക് താങ്കളുടെ മറുപടി ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ട്. സ്വാഭാവികമായും താങ്കളുടെ മറപടി പ്രതീക്ഷിക്കപ്പെട്ടതുതന്നെ. എങ്കിലും അതിവിടെ രേഖപ്പെടുത്തിയതില്‍ നന്ദി.

കുറെകൂടി വൈവിധ്യമുള്ള മറുപടികള്‍ മറ്റുള്ളവരില്‍നിന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

നല്ലൊരു പോസ്റ്റ്‌.. കാണട്ടെ.

Sudheer K. Mohammed പറഞ്ഞു...

പ്രിയ രാജന് ചേട്ടന് ;
പദാര്‍ത്ഥം സ്ഥായിയല്ല.
ബിഗ്ബാങ്ങിനു മുന്പ് അത് ഉന്ടായിരുന്നില്ല.
അതിനു മുന്പ് സമയവും ഉണ്ടായിരുന്നില്ല
അതായത് അത് സ്ര്ഷ്ടിയാണ്.....
തുടക്കമുള്ള എല്ലാം ഒടുങ്ങും .....
സ്രുഷ്ടികള്‍ക്ക് ഒരു സ്രഷ്ടാവ് അനിവാര്യമാണ്.....
അത് ബുദ്ധിയുടെ തേട്ടമാണ്...
ഗ്യാലക്സികള് ജനിക്കുകയും മരിക്കുകയും ചെയ്യുന്നു....
പദാര്‍ത്ഥം ഇല്ലാതാവാം അത് ഇപ്പോള്‍ ഗൊചരമല്ലെന്നു മാത്രം ...
മുക്ളില് പറഞ്ഞതൊക്കെ ശാസ്ത്രമാണെങ്കിലും
ഞാനുള്‌പ്പെടെയുള്ള് ശാസ്ത്രജ്ഞറ് അത് അംഗീകരിക്കില്ല...
കാരണം പഴയ യൂറോപ്പില്‍ മതവും ശാസ്ത്രവും അടികൂടി...
പിന്നെ മനുഷ്യന് സ്ര്ഷ്ടിച്ച മതങ്ങള് ചൂഷകരായി...
എന്നാലും മനുഷ്യനെ സ്രുഷ്ടിചവന്റെ മാര്ഗദര്ഷനം ഉണ്ടോ?
എന്ന അന്വെഷണം നാം തുടരുക്....
ഇല്ലാതിരിക്കില്ല കാരണം ...
നാം ചൊദിക്കാതെ അവന്‍ നമുക്ക് ഹ്ര്ദയം തന്നു ...
തലച്ചൊറും കൈവിരലും അതില് നമ്മളെ തിരിചരിയാന് അടയളം തന്നു....
ലോകത്ത് എല്ലാത്തിനും (കൊതുക് മുതല്‍ കോഴിക്കുഞ്ഞ് വരെ)
അരിമണിയും മണല്‍തരിയും കോഴിക്കുഞ്ഞ് തിരിച്ച്അറിയുന്നു ജനിച്ച മുതല്‍ ....
നമ്മുടെ തൊലിക്കടിയില് ഭക്ഷണമുണ്ടെന്ന് ആരാ കൂത്താടിക്ക് പറഞുകൊടുത്തത്....
അവന് നമുക്കോ....
ഒന്നും പറയാതിരിക്കോ....

CKLatheef പറഞ്ഞു...

പ്രിയ ശ്രദ്ധേയന്‍, സുധീര്‍മുഹമ്മദ്

അഭിപ്രായ പ്രടനത്തിന് നന്ദി.

@സുധീര്‍മുഹമ്മദ്
ചിന്തിക്കുന്നവര്‍ക്ക് ദൈവത്തെ അറിയാന്‍ കഴിയുന്നവിധം ധാരാളം ദൃഷ്ടാന്തങ്ങള്‍ ഭൂമിയില്‍ ധാരാളമുണ്ട് എന്നാണല്ലോ ഖുര്‍ആന്‍. പലരും ദൈവമില്ല എന്ന് വെറുതെ പറയുകയാണെന്ന് തോന്നുന്നു. ദൈവമില്ലെന്ന് പറയുന്നവര്‍ക്ക് മനസ്സിലെവിടെയോ ഒരു ദൈവമുണ്ട് ആ സങ്കല്‍പത്തെ ശക്തിപ്പെടുത്താനുള്ള സമീപനമാണോ സ്വീകരിച്ചുവരുന്നത് എന്ന് പലപ്പോഴും തോന്നിപ്പോകുന്നു.

അജ്ഞാതന്‍ പറഞ്ഞു...

മനുഷ്യന്‍ ദൈവത്തിന്റെ മഹത്തായ സൃഷ്ടിയാണ് എന്നും മറ്റെല്ലാം- ഈ ഭൂമിയും പ്രപഞ്ചവും സകല ചരാചരങ്ങളും - അവനിവേണ്ടി നിര്‍മ്മിക്കാ പെട്ടവ ആണെന്നും ആണ് ഇസ്ലാമീക വിശ്വാസം.ഇത് ഏറ്റവും പൊള്ളയായ ഒരു വാദം ആണ്.ലത്തീഫിന്റെ ചോദ്യങ്ങളും ഉത്തരങ്ങളും ഇസ്ലാം അനുഭവിക്കുന്ന ആത്മീയ ദൌര്‍ബല്യത്തിന് മകുടോദാഹരണങ്ങള്‍ ആണ്.

CKLatheef പറഞ്ഞു...

'ലത്തീഫിന്റെ ചോദ്യങ്ങളും ഉത്തരങ്ങളും ഇസ്ലാം അനുഭവിക്കുന്ന ആത്മീയ ദൌര്‍ബല്യത്തിന് മകുടോദാഹരണങ്ങള്‍ ആണ്.'

'ഞാന്‍ ആര്' എന്നതിന് ഉത്തരം കണ്ടെത്തുക എന്നത് ഏതൊരു മനുഷ്യന്റെയും ബുദ്ധിയുടെയും ചിന്തയുടെയും പ്രകടനമാണ്. ഞാന്‍ ആര് എന്ന ചോദ്യത്തില്‍ ഉള്‍പ്പെടേണ്ട ചില ഉപചോദ്യങ്ങളാണ് ഞാന്‍ നല്‍കിയത്. രണ്ടുപേര്‍ എന്നെക്കൂടാതെ ഇവിടെ തങ്ങളുടെ മറുപടി പറഞ്ഞിട്ടുണ്ട്. ഞാനവയെ നിരൂപണം ചെയ്ത് എന്റെത് മാത്രമാണ് ശരിയെന്ന വാദം നടത്തിയിട്ടില്ല. അതിന്റെ ആവശ്യവുമുണ്ടെന്ന് തോന്നുന്നില്ല. താങ്കളെപ്പോലെ മറ്റുള്ളവര്‍ക്കാര്‍ക്കെങ്കിലും ഇത് ആത്മീയ ദൗര്‍ബല്യത്തിന്റെ മകുടോദാഹരണമാണ് എന്ന് പറയാന്‍ കഴിയും എന്ന് തോന്നുന്നുമില്ല. ഇസ്‌ലാമിലെ അത്മീയത ഈ ചോദ്യത്തിന്റെ ഉത്തരത്തില്‍ നിന്നാണ് ആരംഭിക്കുന്നത്. ഒരു പക്ഷേ താങ്കള്‍ ആത്മീയത എന്ന് പറയുമ്പോള്‍ മറ്റുവല്ലതുമായിരിക്കും ഉദ്ദേശിക്കുന്നത് എന്ന് തോന്നുന്നു.

കാട്ടിപ്പരുത്തി പറഞ്ഞു...

സത്യവാന്റെ ബ്ലോഗിലൂടെ ഒന്നു പോയി, പിന്നെ അവിടെയുമിവിടെയുമെല്ലാമുള്ള അലമ്പ് കമെന്റുകളും, അദ്ദേഹം അനുഭവിക്കുന്ന ആത്മീയ ദൌർബല്യത്തിന്റെ മകുടോദാഹരണങ്ങളായി!!

CKLatheef പറഞ്ഞു...

'അല്ലാഹു പരിശുദ്ധവചനത്തെ എങ്ങനെ ഉദാഹരിച്ചിരിക്കുന്നുവെന്ന് നീ കണ്ടിട്ടില്ലേ? പരിശുദ്ധ വചനം ഒരു വിശിഷ്ട വൃക്ഷം പോലെയാകുന്നു. അതിന്റെ മൂലം മണ്ണില്‍ ആഴത്തില്‍ ആണ്ടിറങ്ങിയിരിക്കുന്നു. ശാഖകളോ അംബരചുംബികളും. എല്ലാ കാലത്തും അത് റബ്ബിന്റെ കല്‍പനപ്രകാരം ഫലങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നു. അല്ലാഹു ഈ ഉദാഹരണങ്ങള്‍ നല്‍കുന്നത് ജനം അതില്‍ നിന്ന് പാഠമുള്‍ക്കൊള്ളേണ്ടതിനാകുന്നു. നീചവചനത്തിന്റെ ഉദാഹരണം, ഭൂമിയുടെ ഉപരിതലത്തില്‍നിന്നു പിഴുതെറിയപ്പെടുന്ന ക്ഷുദ്ര വൃക്ഷത്തിന്റേതാകുന്നു. അതിന് യാതൊരു അടിയുറപ്പുമില്ല. സത്യവിശ്വാസം കൈക്കൊള്ളുന്നവര്‍ക്ക്, അല്ലാഹു സുസ്ഥിരമായ വചനത്തിന്റെ അടിസ്ഥാനത്തില്‍ ഇഹത്തിലും പരത്തിലും സ്ഥൈര്യം പ്രദാനം ചെയ്യുന്നു.
അക്രമികളെയാണ് അവന്‍ വഴി തെറ്റിക്കുന്നത്. ഇച്ഛിക്കുന്നത് ചെയ്യുവാന്‍ അല്ലാഹുവിന് അധികാ രമുണ്ട്.' (14:24-27)

CKLatheef പറഞ്ഞു...

പ്രിയ കാട്ടിപ്പരുത്തി,

മുക്കാല്‍ വര്‍ഷത്തിന് ശേഷം ഇവിടെ വന്നപ്പോള്‍ മുകളില്‍ നല്‍കിയ സൂക്തങ്ങളാണ് എനിക്ക് ഓര്‍മ വന്നത്. ഇസ്ലാമിക വിഷയം കൈകാര്യം ചെയ്യുന്ന ബ്ലോഗുകള്‍ക്ക് മറുപടിയായി ഏതാനും ബ്ലോഗുകള്‍ അക്കാലത്ത് നിലവിലുണ്ടായിരുന്നു. അതിലൊന്നാണ് സത്യവാന്റെ ബ്ലോഗ്. താങ്കള്‍ വിശേഷിപ്പിച്ചത് പോലുള്ള ആ ബ്ലോഗ് ഇപ്പോള്‍ ലഭ്യമല്ല.

കമന്റ് നല്‍കിയതിന് സത്യവാനും കാട്ടിപ്പരുത്തിക്കും നന്ദി.

KK Alikoya പറഞ്ഞു...

പ്രപഞ്ചത്തിന്റെ സ്രഷ്ടാവായ ഏക ദൈവത്തിന്റെ സൃഷ്ടികളില്‍ ഏറ്റവും ഉന്നതമായ മനുഷ്യ വര്‍ഗ്ഗത്തിലെ ഒരംഗമാണ്‌ ഞാന്‍. ദൈവത്തിന്റെ അടിമയായ ഞാന്‍, അവന്റെ കല്‍പ്പനകളനുസരിക്കാനും മരണാനന്തരം അവന്റെ മുമ്പില്‍ കണക്ക് ബോധിപ്പിക്കാനും ബാദ്ധ്യസ്ഥനാണ്‌. ഈ വിശ്വാസം എനിക്ക് മനഃസമാധാനം നല്‍കുകയും എന്നെ ഉത്തരവാദിത്തബോധമുള്ളവനാക്കുകയും ചെയ്യുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review