2010, ഫെബ്രുവരി 14, ഞായറാഴ്‌ച

മുഹമ്മദ് നബിയെ വേദങ്ങളില്‍ തിരയുന്നുവോ !

മതവിഷയങ്ങളും മതവിരുദ്ധവിഷയങ്ങളും ചര്‍ചചെയ്യുന്ന ബ്ലോഗുകളില്‍ കണ്ടുവരുന്ന ഒരു പ്രവണതയുണ്ട്. ഒരു വിഷയം ആരെങ്കിലും ചര്‍ചചെയ്താല്‍ മറ്റുബ്ലോഗുകളിലേക്കും അത് പകരും.  വിഷയദൗര്‍ലഭ്യതയല്ല അതിന് കാരണം എന്ന് ഞാന്‍ കരുതുന്നു. പ്രസ്തുത വിഷയത്തില്‍ വ്യത്യസ്ഥമായ ഒരു കാഴ്ചപ്പാട് അവതരിപ്പിക്കാന്‍ തന്റെ നിയന്ത്രണത്തിലുള്ള ബ്ലോഗിലായിരിക്കും സൗകര്യം എന്ന് കരുതിയത് കൊണ്ടാക്കും അപ്രകാരം ചെയ്യുന്നത്. ചിന്തകന്‍ എന്ന ഇസ്ലാം വിശ്വാസിയും കാളിദാസന്‍ എന്നറിയപ്പെടുന്ന മതനിഷേധിയും അത്തരം ചര്‍ചകള്‍ നടത്തിക്കൊണ്ടിരിക്കുന്നു. അത്തരം ചര്‍ചകള്‍ നടത്തുന്ന ബ്ലോഗില്‍ വിയോജിപ്പുകള്‍ രേഖപ്പെടുത്തുക എന്നതിനപ്പുറം വ്യക്തമായ ദിശാബോധത്തോടെ ചര്‍ചകള്‍ നിയന്ത്രിക്കുന്നതിന്റെ കമന്റ് ചെയ്യുന്ന ആള്‍ക്ക് പരിമിതിയുണ്ട്. കുടുതല്‍ പോസിറ്റീവായി ഇടപെട്ടാല്‍ മതം പ്രചരിപ്പിക്കുന്നു എന്ന ആക്ഷേപവും ഉണ്ടാവും (മതത്തെ വിമര്‍ശിച്ചാല്‍ മനുഷ്യസ്‌നേഹവും മതം പ്രചരിപ്പിച്ചാല്‍ തീവ്രവാദവുമാണ്). മാത്രമല്ല എല്ലാ ബ്ലോഗുകളും കൂടിയാകുമ്പോള്‍ വായനക്കാരന് ഏകദേശം ശരിയായ ധാരണ ലഭിക്കുകയും ചെയ്യും.

ഞാനിവിടെ ഈ വിഷയം പോസ്റ്റാക്കുന്നതിന് കാരണവും അതുതന്നെ. ചില അടിസ്ഥാന കാര്യങ്ങള്‍ ഈ ചര്‍ചയുമായി ബന്ധപ്പെട്ട് പറയണമെന്ന് തോന്നി. യേശു, ഈസ, ബൈബിള്‍, ഇഞ്ചീല്‍, മുഹമ്മദ് നബി എന്നിവയാണ് ഇവിടെ വിഷയം. ചുരുക്കത്തില്‍ ഇവയെല്ലാം പ്രധാനമായും വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. ഇവരൊന്നും ചരിത്രപുരുഷന്‍മാരല്ലെന്നല്ല അതുകൊണ്ടുദ്ദേശിക്കുന്നത്. യേശു എന്നുവെച്ചാല്‍ ക്രിസ്ത്യാനികള്‍ക്ക് ദൈവമോ, ദൈവാവതാരമോ, ദൈവത്തിന്റെ ആളത്വങ്ങളില്‍ ഒന്നോ ആണ്. മുസ്ലിംകള്‍ക്ക് ഈസാ പ്രവാചകനാണ്. ബൈബിള്‍ ക്രിസ്ത്യാനികള്‍ക്ക് വേദപുസ്തകമാണ്. ദൈവികമായ അരുളപ്പാടിനാല്‍ പലരായി എഴുതിവെച്ചതെങ്കിലും പരിശുദ്ധമായ ഗ്രന്ഥം. ഇഞ്ചീലും ഖുര്‍ആനും മുസ്‌ലിംകള്‍ക്ക് ദൈവികമായ വേദഗ്രന്ഥവും പ്രവാചകന്‍മാര്‍ക്ക് അറിയച്ച ദിവ്യജ്ഞാനത്തിന്റെ സമാഹാരവുമാണ്. ഇസാനബിയുടെ വാക്കുകള്‍ ഇഞ്ചീലിലും മുഹമ്മദ് നബിയുടെ വാക്കുകള്‍ ഖുര്‍ആനിലും ഉണ്ടെന്ന് കരുതുന്ന ആള്‍ മുസ്ലിമായിരിക്കുകയില്ല. ഖുര്‍ആനിനെ നിഷേധിക്കുന്നവനാണ്.

മുഹമ്മദ് നബിയ ബൈബിളില്‍ അന്വേഷിക്കുന്നതെന്തിന്. അദ്ദേഹത്തില്‍ വിശ്വസിക്കാന്‍ മുസ്‌ലിംകള്‍ക്ക് ബൈബിളിന്റെ പിന്തുണവേണോ?. ക്രിസ്ത്യാനികള്‍ക്കാണെങ്കില്‍ അതിന്റെ വിശദീകരണം അവര്‍ മനസ്സിലാക്കുന്നതാണ്. അതില്‍ അവര്‍ ചിലരുടെ ആഗമനം കാണുന്നുണ്ടെങ്കിലും അത് മുഹമ്മദാണെന്ന് മനസ്സിലാക്കുന്നില്ല. കാര്യസ്ഥന്‍ വരും എന്ന് ബൈബിളിലുണ്ടെങ്കിലും അത് അപോസ്തല പ്രവര്‍ത്തികള്‍ 2 ല്‍ പരാമര്‍ശിച്ച പരിശുദ്ധാത്മാവാണ്. അതിനാല്‍ ഇനി അതിനെ പ്രതീക്ഷിക്കേണ്ടതില്ല. ഇപ്പോള്‍ ബൈബിള്‍ പ്രഭാഷണം നടത്തുന്നവര്‍ക്ക് അതിനുള്ള ശക്തി ലഭിക്കുന്നത് ആ പരിശുദ്ധാത്മാവിന്‍രെ ശക്തികൊണ്ടാണ്. അതിനാല്‍ മുസ്ലിലിംകള്‍ക്ക് അവരുടെ കാര്യം നോക്കിയാല്‍ പോരെ ഇങ്ങനെ പോകുന്നു ചര്‍ച. ഇത് എല്ലാവര്‍ക്കും യോജിക്കാവുന്ന കാര്യമാണെങ്കില്‍ പിന്നീട് ചര്‍ചക്ക് പ്രസക്തിയില്ല. എന്നാല്‍ തിരിച്ച് വല്ല കാഴ്ചപ്പാടുമുണ്ടെങ്കിലോ. ആര്‍ക്കെങ്കിലും ഈ പറയുന്നതില്‍ വിയോജിപ്പുണ്ടെങ്കിലോ. അല്ലെങ്കില്‍ വസ്തുത ഈ പറയുന്നത് പോലെയല്ലെങ്കിലോ. ഇത്തരം ഘട്ടങ്ങളിലെല്ലാം ഈ വിഷയത്തിലെ ചര്‍ച നിലനില്‍ക്കുകയും തുടരുകയും ചെയ്യും.

ഈ ചര്‍ചയും മുസ്‌ലിംകളുടെ മതതീവ്രവാദത്തിനും മുഹമ്മദ് നബിയുടെ കാപട്യത്തിനും തന്ത്രത്തിനും മായം ചേര്‍ക്കലിനുമുള്ള പങ്ക് വെളിച്ചതാക്കുന്നു. എന്ന് ചിലര്‍ ജല്‍പിച്ചുകൊണ്ടിരിക്കുമ്പോള്‍ ചര്‍ച എവിടെയെങ്കിലും നടന്നോട്ടെ എന്ന് വെക്കാന്‍ നിവൃത്തിയില്ല.

ഒരിക്കല്‍ കൂടി പറയട്ടെ. മുസ്‌ലിംകള്‍ വിശ്വസിക്കുന്ന പോലെ തന്നെ എല്ലാവരും വിശ്വസിക്കണം എന്ന് ഒരു മുസ്ലിമിനും ഒരു വാശിയുമില്ല. എങ്കില്‍ മാത്രമേ തീവ്രവാദമാകൂ. മറിച്ച് ഇസ്‌ലാമിനെ വിമര്‍ശിക്കാന്‍ വായിക്കേണ്ടത് ഇസ്‌ലാമിനെ വിമര്‍ശിച്ചെഴുതിയവരുടെ പുസ്തകങ്ങളാണെന്നും താടിവെച്ച സത്വങ്ങളുടെതല്ലെന്നും പറഞ്ഞ് വിവരക്കേടുകള്‍ വിളിച്ചുപറയുമ്പോള്‍. അതിന്റെ നിജസ്ഥിതി വ്യക്തമാക്കുന്നതിനെയാണ് ഇവിടെ മതതീവ്രവാദം എന്നാക്ഷേപിക്കുന്നത്. അതിന്റെ പിന്നിലൂള്ള മനശാസ്ത്രം മനസ്സിലാക്കുന്നതിനാല്‍ ആ കെണിയില്‍ ബൂലോഗത്തുള്ള വിശ്വാസി പ്രതിനിധികള്‍ വീഴുന്നില്ല എന്ന് മാത്രം.

മുഹമ്മദ് നബിയുടെ സാന്നിദ്ധ്യം പൂര്‍വവേദങ്ങളില്‍ തിരയാമോ അതിലെ ഔചിത്യമെന്ത് എന്നതാണ് ഈ പോസ്റ്റിന്റെ വിഷയം. തിരയുന്നതില്‍ ഒരു കുഴപ്പവുമില്ല എന്നാണ് എന്റെ ഉത്തരം. മുസ്‌ലിംകള്‍ അവയില്‍ നിന്ന കണ്ടെത്തി നിരത്തുന്നത് എല്ലാവരും അങ്ങനെത്തന്നെ വിശ്വസിക്കണം എന്ന്  മുസ്ലിംകള്‍ ഒരിക്കലും പറയാന്‍ സാധ്യതയില്ല. ജിജ്ഞാസയും കൗതുകവും മുസ്‌ലിമായതിന്റെ പേരില്‍ നിഷേധിക്കുന്നതിലര്‍ഥമില്ല.

ഇപ്രകാരം അന്വേഷിക്കുന്നതിലെ യുക്തിപരത എന്താണെന്ന് നോക്കാം. മുഹമ്മദ് നബി അന്ത്യപ്രവാചകനാണെന്ന് സ്വയം സാക്ഷ്യം വഹിക്കുകയും ഖുര്‍ആനില്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. (എന്തുകൊണ്ടങ്ങനെ അവസാനത്തെ പ്രവാചകനായി എന്ന് ചര്‍ചചെയ്യാവുന്നതാണ്. അതിന് വല്ല യുക്തിയുമുണ്ടോ എന്നൊക്കെ )  അത് മുസ്ലിംകള്‍ വിശ്വസിക്കുന്നു. മുഹമ്മദ് നബിക്ക് മുമ്പ് പ്രത്യേക പ്രദേശങ്ങളിലേക്കും ജനസമൂഹങ്ങളിലേക്കുമാണ് പ്രവാചകന്‍മാര്‍ നിയോഗിതരായിരുന്നത്. യേശുവിന്റെ ഒരു വചനവും മുസ്‌ലികള്‍ ഇതിനായി ഉദ്ധരിക്കാറുണ്ട്. മുഹമ്മദ് നബി വ്യക്തമായി പറഞ്ഞു. ഖുര്‍ആനും വ്യക്തമാക്കി. ഞാന്‍ സകല ലോകര്‍ക്കായും നിയോഗികപ്പെട്ടവനാണ് എന്ന്. അതിനാല്‍ മുഹമ്മദ് നബിയ ആഗതമായതോടെ അതുവരെയുള്ള മുഴുവന്‍ മതസമൂഹങ്ങളുടെയും ബാധ്യതയായിരുന്നു ദൈവത്തിന്റെ അന്ത്യപ്രവാചകനായ മുഹമ്മദ് നബിയെ അംഗീകരിക്കുക എന്നത്. അതിനാല്‍ പുര്‍വ വേദങ്ങളില്‍ മുഴുവന്‍ ഈ അവസാനം വരുന്ന പ്രവാചകനെ പറ്റി പരാമര്‍ശിച്ചു. അത് ഇപ്പോള്‍ അവിടെയുണ്ടോ എന്ന അന്വേഷണത്തില്‍ നിന്നാണ് മുസ്ലിംകളുടെ ഈ തിരയല്‍ ആരംഭിക്കുന്നത്.

മുസായുടെയും ഇസായുടെയും അനുയായികളെന്ന് അവകാശപ്പെട്ടിരുന്ന ജൂതന്‍മാരും ക്രിസ്ത്യാനികളും അത്തരമൊരു പ്രവാചകന്റെ ആഗമനം പ്രതീക്ഷിച്ചിരുന്നു എന്നത്, അവരുടെ വേദങ്ങളില്‍ അവര്‍ക്ക് മനസ്സിലാകും വിധം അവ രേഖപ്പെട്ടുകിടക്കുന്നുണ്ടായിരുന്നു എന്നതിന് തെളിവാണ്. അന്ന് നിലനിന്ന ബൈബിള്‍ (പഴയനിയമവും, പുതിയ നിയമവും) തന്നെയാണ് ഇന്നുമുള്ളത് എന്ന് വിശ്വിക്കാനാണ് കൂടുതല്‍ സാധ്യത (ചില്ലറ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നത് നാം കണ്ടുകൊണ്ടിരിക്കുന്ന യാഥാര്‍ഥ്യം). ആ നിലക്ക് ആ തിരച്ചില്‍ ബുദ്ധിശൂന്യമായ ഒരു ഏര്‍പ്പാടാണെന്ന് പറയാനാവില്ല. അതില്‍ ചില വചനങ്ങള്‍ ഇപ്പോഴും ചില വിശദീകരണങ്ങള്‍ അര്‍ഹിക്കുന്നു. അതേ പ്രകാരം തന്നെ ഹൈന്ദവ വേദങ്ങളും ഇപ്രകാരം തെരയാനാരംഭിച്ചത് അതിലും അവര്‍ക്ക് ചില വചനങ്ങള്‍ കിട്ടി. ചിലര്‍ പരിഹസിച്ചു. 'ഇപ്പോള്‍ ഞങ്ങളുടെ വേദത്തിന്റെ ദിവ്യത്വം നിങ്ങളും അംഗീകരിച്ചു അല്ലേ ' എന്നുപറഞ്ഞ്. ബൈബിളിലെ പരാമര്‍ശങ്ങളില്‍ സൂചനകള്‍മാത്രമാണെങ്കില്‍ മഹാമ്മദം എന്ന പേര്‍തന്നെ വ്യക്തമായി വേദങ്ങളില്‍ നല്‍കിയിരിക്കുന്നു. അത് തുറന്ന് പറയാനും അന്വേഷിക്കാനും മുസ്ലിംകള്‍ ആരെയാണ് ഭയപ്പെടേണ്ടത്?. ആരുടെ സമ്മതമാണ് നേടിയെടുക്കേണ്ടത്?. അതിനെ ഒരു കൗതുകപൂര്‍വമെങ്കിലും വീക്ഷിക്കാന്‍ വിശ്വാസികള്‍ക്കാകണം എന്നാണ് എനിക്ക് പറയാനുള്ളത്.

ജൂതന്‍മാരുടെ തോറയുടെ(പഴയനിയമം എന്നരൂപത്തില്‍ നമ്മുക്കവ ലഭ്യമാണ്) കാര്യവും അപ്രകാരം തന്നെ ആവര്‍ത്തന പുസ്തകം 18:18 ലെ പരാമര്‍ശങ്ങള്‍ ഒട്ടേറെ തെളിവുകളുടെ പിന്‍ബലത്തില്‍ മുഹമ്മദ് നബിയാണെന്ന് അഹമ്മദ് ദീദാത്തിനെപോലുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നു. ക്രിസ്ത്യാനികള്‍ അത് യേശുവിനെപറ്റിയാണെന്നു പറയുന്നു പറഞ്ഞുകൊള്ളട്ടേ. അതില്‍ നിന്ന് മൂന്നാം കക്ഷിക്ക് ഒരു തീരുമാനത്തിലെത്താനുള്ള അവസരമല്ലേ അതു നല്‍കുക.

അതിനാല്‍ അത്തരം അന്വേഷണങ്ങള്‍ നടക്കട്ടേ. വിരുദ്ധാഭിപ്രായങ്ങളും വരട്ടേ. ഈ സംവാദത്തില്‍ മുസ്‌ലിംകളും ഹൈന്ദവ വേദങ്ങളും തമ്മിലാണെങ്കില്‍ ദൈവനിഷേധികളും ത്രിത്വവാദികളും കാഴ്ചക്കാരാകട്ടെ അല്ലെങ്കില്‍ അന്വേഷണാത്മകമായി ഇടപെടട്ടെ. തെളിവിന്റെ പിന്‍ബലത്തില്‍ ആര്‍ക്കെങ്കിലും പിന്തുണ നല്‍കുന്നെങ്കില്‍ ഇന്ന കാരണത്താല്‍ അപ്രകാരം ചെയ്യുന്നു എന്ന് വ്യക്തമാക്കട്ടേ. അപ്രകാരം തന്നെ മുസ്‌ലിംകളും ബൈബിള്‍ അനുയായികളും തമ്മിലുള്ള ചര്‍ചയും. മറ്റുള്ളവര്‍ വീക്ഷിക്കുകയും മാന്യമായ അഭിപ്രായം പറയുകയും ചെയ്യട്ടേ. എല്ലാ മതങ്ങളെയും എതിര്‍ക്കുന്നവര്‍ തല്‍കാലം ഒരു വിഭാഗത്തെ തോല്‍പിച്ചു എന്ന വരുത്താന്‍ ഇടപെടുന്നത് മനസ്സിലാക്കപ്പെടുക തന്നെ ചെയ്യും.

അതിനാല്‍ നമ്മുക്ക് അത്തരം ചര്‍ച വീക്ഷിക്കാം. നിര്‍ഭയം. ജിജ്ഞാസയോടുകൂടിത്തന്നെ.

9 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ഇതില്‍ കുറെ അഭിപ്രായങ്ങള്‍ വെറുതെ കിടക്കട്ടെ എന്നുകരുതി ആരും അഭിപ്രായം പറയേണ്ടതില്ല. അതോടൊപ്പം മാന്യത പുലര്‍ത്തുന്ന അഭിപ്രായങ്ങള്‍ നിര്‍ഭയം പ്രസിദ്ധികരിക്കുക തന്നെ ചെയ്യും. ചിന്തകന്റെ ബ്ലോഗിലും കാളിദാസന്റെ ബ്ലോഗിലുമുള്ള ചര്‍ചകളില്‍ കൂടുതല്‍ വ്യക്തത നല്‍കണം എന്നുദ്ദേശിക്കുന്ന പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയുന്നതിന് വേണ്ടിയാണ് മുഖ്യമായും ഇതിവിടെ നല്‍ക്കുന്നത്.

CKLatheef പറഞ്ഞു...

ഈ വിഷയം ആരെങ്കിലും സഗൗരവം വീക്ഷിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കായി ഇതാ ഇവിടെ യേശുഖുര്‍ആനില്‍ എന്ന പുസ്തകത്തിന്റെ ലിങ്ക് നല്‍കുന്നു.
അതിലെ മുഴുവന്‍ പരാമര്‍ശങ്ങള്‍ക്കും മറുപടി പറയാന്‍ എനിക്ക് ബാധ്യതയില്ല. അതിലെ അഭിപ്രായങ്ങള്‍ ആ പുസ്തക രചയിതാവിന്റെതാണ്. കാര്യങ്ങള്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുക.

krishna പറഞ്ഞു...

MAHAMAD maatra malla THOMAYUM DEVASYAU Oke undu.
asa THOMA sath gamaya

Bhargo DEVASYA Dhimahi :)

CKLatheef പറഞ്ഞു...

പ്രിയ കൃഷ്ണാ

ആയിക്കോട്ടെ, ദേവസ്യയെ തെരയുന്നവര്‍ അതും തെരഞ്ഞ് കൊള്ളട്ടേ. എന്താ സമ്മതമല്ലേ.:)

CKLatheef പറഞ്ഞു...

ഈ വിഷയത്തിലേക്ക് കൂടുതല്‍ വെളിച്ചം ആഗ്രഹിക്കുന്നവര്‍ വായിക്കുക. വെറുതെ പരിഹാസം ചൊരിഞ്ഞിട്ട് കാര്യമില്ല.

യേശുവിന്റെ പിന്‍ഗാമി.

Bhargo DEVASYA Dhimahi

എന്നുകേട്ടപ്പോള്‍ എന്റെ പേരും വേദങ്ങളിലുണ്ട് എന്ന് ദേവസ്യ പറയുന്നതുപൊലുള്ള അവകാശവാദമാണോ മുസ്‌ലിംകള്‍ ഉന്നയിക്കുന്നത് എന്ന് നോക്കാനല്ലെങ്കില്‍ പിന്നെന്തിനാണ് മനുഷ്യന് വിശേഷബുദ്ധി.

ഇതോടൊപ്പം ചേര്‍ത്ത് വായക്കേണ്ട ഒരു തമാശ. പള്ളിയിലെ ഇമാം സുഹുഫി ഇബ്‌റാഹീമ വമൂസാ. എന്ന് പാരയണം ചെയ്യുന്നത് കേട്ട്. പോകര്‍ എന്ന മനുഷ്യന്‍ നമസ്‌കാരം പൂര്‍ത്തിയാക്കാതെ പിണങ്ങിപോയത്രേ. സൂപിയെയും ഇബ്രാഹീമിനെയും മുസാക്കയെയും ഇമാം വിളിച്ചു എന്നെ വിളിച്ചില്ല എന്നുപറഞ്ഞ്. അതുപൊലെയാകണോ മുഹമ്മദ് ബൈബിളില്‍ എന്ന ചര്‍ച തെളിവുണ്ടെങ്കില്‍ പരിശോധിക്കുക.

വേദങ്ങളിലെ മുഹമ്മദ് നബി ഇപ്പോല്‍ ചര്‍ചയല്ല.

ചിന്തകന്‍ പറഞ്ഞു...

പ്രിയ ലത്തീഫ്

എന്റെ പോസ്റ്റ് കൃത്യമായി വായിക്കാതെയോ മനസ്സിലാക്കാതെയോ ആണ് കാളിദാസനെ പോലുള്ളവര്‍ പ്രതികരിക്കുന്നതെന്ന് തോന്നുന്നു. ആ പോസ്റ്റില്‍ നടക്കുന്ന ചര്‍ച്ചകള്‍ മുഴുവന്‍ എഴുതാപ്പുറമാണെന്ന് പറയാതെ വയ്യ.

ഞാനീ ചര്‍ച്ച മുന്നോട്ട് നയിക്കാനുദ്ദേശിച്ചത് 61:6 ഖുര്‍ആന്‍ സൂക്തം ആധാരമാക്കിയാണ്.

അവിടെ ബൈബിള്‍ സൂക്തങ്ങള്‍ എടുത്തുചേര്‍ത്തത് മന:പൂര്‍വ്വം തന്നെയാണ്. ആ ബൈബിള്‍ സൂക്തങ്ങളില്‍ പറഞ്ഞത് തന്നെയാണ് ഖുര്‍ ആനും പറഞ്ഞത് എന്ന് പലരും തെറ്റിദ്ധരിച്ച് വെച്ചിട്ടുണ്ട്. കൃസ്ത്യാനികളെ സംബന്ധിച്ചേടൊത്തോളം ആ വചനങ്ങളില്‍ പറഞ്ഞ കാര്യസ്ഥാന്‍/സത്യത്തിന്റെ ആത്മാവ് എന്നത് ത്രിത്വത്തിലെ മൂന്നാമനായ പരിശുദ്ധാത്മാവാണ്. അപോസ്തല പ്രവൃത്തികള്‍(Acts) അതിനവര്‍ക്ക് കൂടുതല്‍ പിന്‍ബലമേകുന്നു. ദൈവം മൂന്നല്ല, ഒന്ന് മാത്രമേയുള്ളൂ എന്ന് വിശ്വസിക്കുന്ന മുസ്ലീംങ്ങളെ സംബന്ധിച്ചേടൊത്തോളം ആ വചനങ്ങളില്‍ പറഞ്ഞ സത്യത്തിന്റെ ആത്മാവ്/കാര്യസ്ഥന്‍ ഖുര്‍ ആനില്‍ സൂചിപിച്ച മുഹമ്മദ് നബിയെ കുറിച്ചുള്ള യേശുവിന്റെ പ്രവചനമായി അവര്‍ കണക്കാക്കുന്നു. രണ്ടു കൂട്ടരുടെയും ഇക്കാര്യത്തിലുള്ള കാഴ്ചപാട് വിത്യസ്ഥമായത് കൊണ്ട്, രണ്ട് കൂട്ടര്‍ക്കും ഇതുപയോഗിച്ച് അവരുടെ വാദങ്ങളെ സമര്‍ത്ഥിക്കാന്‍ കഴിയും.

എന്നാല്‍ ഖുര്‍ആന്‍ , യേശുവിനുള്ള സുവിശേഷത്തില്‍ ‘അഹ്മദ്‘(ആ പേരിന്റെ ഭാഷാന്തരമോ) എന്ന പേര്‍ തന്നെ കൃത്യമായി പരാമര്‍ശിച്ചിട്ടുണ്ട് എന്ന് അര്‍ത്ഥ ശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നുണ്ട്. ഇത് പരിശോധിക്കണമെങ്കില്‍ നമുക്ക് യേശു സംസാരിച്ച ഭാഷയായ അറാമിക് ഭാഷയുടെ ഉപഭാഷയായ സുറിയാനി ഭാഷയിലുള്ള സുവിശേഷം(ഇഞ്ചീല്‍) മാറ്റതിരുത്തലുകളില്ലാതെ ലഭിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ പിന്നെ ഓരോരുത്തരുടെയും കാഴ്ചപാടനുസരിച്ച് വ്യാഖ്യാനിക്കാന്‍ മാത്രമേ ഇരു കൂട്ടര്‍ക്കും കഴിയുകയുള്ളൂ.

കൂടുതല്‍ കാര്യങ്ങള്‍ ഇവിടെയും ==പെരിക്ലിറ്റസോ പാരാക്ലീറ്റസോ? (മുഹമ്മദ് നബി സുവിശേഷങ്ങളില്‍; മൂന്നാം ഭാഗം), വ്യക്തമാക്കിയിട്ടുണ്ട്.

ചിന്തകന്‍ പറഞ്ഞു...

കൂടുതല്‍ കാര്യങ്ങള്‍ ഇവിടേയും, ബൈബിള്‍, തിരുത്തപ്പെട്ട സുവിശേഷങ്ങളോ? പിന്നെ ഇവിടെയും, പെരിക്ലിറ്റസോ പാരാക്ലീറ്റസോ? (മുഹമ്മദ് നബി സുവിശേഷങ്ങളില്‍; മൂന്നാം ഭാഗം), വ്യക്തമാക്കിയിട്ടുണ്ട്.

CKLatheef പറഞ്ഞു...

പ്രിയ ചിന്തകന്‍ ,

ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്ന പരിശുദ്ധാത്മാവ് എങ്ങനെയുള്ളതാണെന്ന് ഇനിയും വ്യക്തമല്ല. സാജനോ മറ്റോ അത് പറയുന്നില്ല. ഇസ്‌ലാമിലെ ഏകനായ ദൈവം, പ്രവാചകന്, പരിശുദ്ധാത്മാവ് എന്ന് വിളിക്കപ്പെടുന്ന ജിബ് രീല്‍ എന്ന മാലാഖ. ഇതാണല്ലോ ദിവ്യജ്ഞാനം മനുഷ്യര്‍ക്ക് ലഭിക്കുന്ന കണ്ണികള്‍. എക്കാലത്തും ഇതേ മുന്ന് അസ്തിത്വങ്ങളായിരുന്നു ദിവ്യവെളിപാട് മനുഷ്യരിലേക്ക് എത്തുന്നതിന് സഹായകമായത്. അതാണ് ബൈബിളില്‍ മത്തായി 28:19 ല്‍ പറയുന്ന. പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ്. പിന്നീട് വന്ന സെന്റ് പോള്‍ ഇവയെല്ലാം കൂടി ഒരൊറ്റ ദൈവമാക്കുന്നത് ക്രിസ്തുമതത്തിലെ വ്യക്തമായ വഴിത്തിരിവാണ്. എങ്കിലും പൗലോസ് കൊരിന്ത്യര്‍ക്കെഴുതിയ ലേഖനത്തില്‍ പോലും പറയുന്നത് ഇവമൂന്നായിട്ട് തന്നെയാണ്. 'കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്‌നേഹവും പരിശുദ്ധാത്മാവിന്‍െ കൂട്ടായ്മയും നിങ്ങളെല്ലാവരോടും കൂടെ ഇരിക്കട്ടെ.' (13:14)

ചുരുക്കത്തില്‍ പറയാനുള്ളത്. ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കും വിയോജിക്കുന്നവയെക്കാള്‍ യോജിക്കുന്ന കാര്യങ്ങളാണ് കൂടുതലുള്ളത് എന്നാണ്. അതുകൊണ്ടാണ് ഖുര്‍ആന്‍ വിശ്വാസികളെ ഇപ്രകാരം ഉണര്‍ത്തിയത്.

നിങ്ങള്‍ വേദക്കാരോട് സംവാദത്തിലേര്‍പ്പെടരുത്, ഏറ്റം ശ്രേഷ്ഠമായ രീതിയിലല്ലാതെ- അവരില്‍ ധിക്കാരികളായവരോടൊഴിച്ച്. അവരോട് പറയുവിന്‍: 'ഞങ്ങളിലേക്കിറക്കപ്പെട്ടതിലും നിങ്ങളിലേക്കിറക്കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒന്നുതന്നെ. ഞങ്ങള്‍ അവന്റെ മാത്രം മുസ്ലിംകള്‍ (ആജ്ഞാനുവര്‍ത്തികള്‍) ആകുന്നു.' (പ്രവാചകാ) നാം ഇതേവിധം നിന്നിലേക്കു വേദമവതരിപ്പിച്ചു. അതിനാല്‍ നാം നേരത്തേ വേദം നല്‍കിയിട്ടുള്ളവര്‍ ഇതില്‍ വിശ്വസിക്കുന്നു. ഈയാളുകളിലും വളരെപ്പേര്‍ ഇതില്‍ വിശ്വസിക്കുന്നുണ്ട്. നിഷേധികള്‍ മാത്രമേ നമ്മുടെ സൂക്തങ്ങളെ തള്ളിക്കളയുകയുള്ളൂ. 29:46-47

CKLatheef പറഞ്ഞു...

ഈസാനബി പഠിപ്പിച്ച മതത്തില്‍ നിന്ന് ക്രിസ്ത്യാനികള്‍ വല്ലാതെ അകന്നു. അതിനദ്ദേഹം ഉത്തരവാദിയല്ല. കാരണം അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ പറയാത്ത കാര്യങ്ങളാണ് അദ്ദേഹത്തിന്റെ പേരില്‍ ആരോപിച്ച് അനുഷ്ഠിച്ചുകൊണ്ടിരിക്കുന്നത്. അന്ത്യദിനത്തില്‍ ഈസാനബിയെ വിചാരണ ചെയ്യുന്ന വിധം ഖുര്‍ആന്‍ വരച്ചുകാണിക്കുന്നതിങ്ങനെ:

അല്ലാഹു ചോദിക്കും, 'ഓ മര്‍യമിന്റെ പുത്രന്‍ ഈസാ, നീ ജനങ്ങളോടു അല്ലാഹുവിനെക്കൂടാതെ എന്നെയും എന്റെ മാതാവിനെയും രണ്ടു ആരാധ്യരായി വരിക്കുവിന്‍ എന്നു പറഞ്ഞിട്ടുണ്ടായിരുന്നുവോ?' അപ്പോള്‍ അദ്ദേഹം മറുപടി പറയും: 'നീയെത്ര പരിശുദ്ധന്‍! എനിക്ക് അധികാരമില്ലാത്തത് പറയുക എന്റെ ജോലിയായിരുന്നില്ല. ഞാനതു പറഞ്ഞിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും നീ അറിഞ്ഞിട്ടുമുണ്ടായിരിക്കുമല്ലോ. എന്റെ മനസ്സിലുള്ളതൊക്കെയും നീ അറിയുന്നു; നിന്റെ മനസ്സിലുള്ളതൊന്നും ഞാന്‍ അറിയുന്നുമില്ല. നീയോ, അദൃശ്യയാഥാര്‍ഥ്യങ്ങളെല്ലാം അറിയുന്നവനല്ലോ. നീ എന്നോടാജ്ഞാപിച്ചിട്ടുള്ളതല്ലാതൊന്നും ഞാന്‍ അവരോടു പറഞ്ഞിട്ടില്ല. അതായത്, എന്റെ നാഥനും നിങ്ങളുടെ നാഥനുമായ അല്ലാഹുവിന് ഇബാദത്തു ചെയ്യുവിന്‍ എന്ന്. ഞാന്‍ അവരില്‍ ഉണ്ടായിരുന്ന കാലത്തോളം അക്കാര്യത്തില്‍ ഞാന്‍ അവരുടെ നിരീക്ഷകനുമായിരുന്നു. നീ എന്നെ തിരിച്ചുവിളിച്ചപ്പോഴോ, അവരുടെ നിരീക്ഷകന്‍ നീ തന്നെ ആയിരുന്നുവല്ലോ. നീ സകല സംഗതികള്‍ക്കും സാക്ഷിയാകുന്നു. നീ അവരെ ശിക്ഷിക്കുന്നുവെങ്കില്‍ അവര്‍ നിന്റെ ദാസന്മാരല്ലോ. നീ അവര്‍ക്ക് മാപ്പരുളുന്നുവെങ്കിലോ, നീ അജയ്യനും അഭിജ്ഞനും തന്നെ.' അപ്പോള്‍ അല്ലാഹു അരുള്‍ചെയ്യും: സത്യവാന്മാരുടെ സത്യസന്ധത ഫലംചെയ്യുന്ന ദിനമത്രേ ഇത്. താഴ്ഭാഗങ്ങളിലൂടെ അരുവികളൊഴുകുന്ന ഉദ്യാനങ്ങള്‍ അവര്‍ക്കുള്ളതാകുന്നു. അതില്‍ അവര്‍ എന്നെന്നും വസിക്കുന്നവരാകുന്നു. അല്ലാഹു അവരില്‍ സംപ്രീതനായിരിക്കുന്നു; അവര്‍ അല്ലാഹുവിലും. അതത്രെ മഹത്തായ വിജയം. (5:115,116)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review