2010, ഏപ്രിൽ 22, വ്യാഴാഴ്‌ച

എന്താണ് ധാര്‍മികത ?

(ധാര്‍മികബോധത്തിന് മതവിശ്വാസം വേണ്ട എന്ന പോസ്റ്റിന്റെ രണ്ടാഭാഗം.)

വിശുദ്ധഖുര്‍ആനില്‍ ധര്‍മം, അധര്‍മം എന്നതിന് സമാനമായ വാക്കുകള്‍ മഅ്‌റൂഫ്, മുന്‍കര്‍ എന്നീ പദങ്ങളാണ്. ഖുര്‍ആനിലെ പല പദങ്ങള്‍ക്കും തുല്യമായ മലയാള പദങ്ങളില്ലാത്തതുപോലെ മഅ്‌റൂഫ്, മുന്‍കര്‍ എന്നിവക്കും സമാനമായ പദങ്ങളില്ല. അതുകൊണ്ട് സന്ദര്‍ഭമനുസരിച്ച് മഅ്‌റൂഫ് എന്നതിന് നന്മ, ന്യായം, ധര്‍മം, നല്ലത് എന്നും. മുന്‍കര്‍ എന്നതിന് തിന്മ, അധര്‍മം, തിയ്യത് എന്നും മലയാള പരിഭാഷയില്‍ അര്‍ഥം നല്‍കിയിരിക്കുന്നു. മഅ്‌റൂഫ് എന്ന പദത്തിന്റെ വാക്കര്‍ഥം അറിയപ്പെട്ടത് എന്നാണ് 'നാട്ടുനടപ്പ്'നും ആ പദം തന്നെ പ്രയോഗിക്കുന്നു. എല്ലാമനുഷ്യരും അറിയുന്നതും മനുഷ്യപ്രകൃതി എല്ലാകാലത്തും നന്നായി കരുതുന്നതുമാണ് മഅ്‌റൂഫ് എന്നാല്‍ മുന്‍കര്‍ എന്നാല്‍ മറിച്ചും. അഥവാ എക്കാലത്തെയും ശുദ്ധമനുഷ്യപ്രകൃതി വെറുക്കുന്നവയാണവ.

ഇസ്‌ലാമില്‍ ഈ ധര്‍മത്തിന്റെ ശാസനക്കും അധര്‍മത്തിന്റെ വിലക്കിനും വമ്പിച്ചു പ്രധാന്യമുണ്ട്. പ്രവാചകന്റെ ചുമതലയില്‍ പെട്ടതായിരുന്നു അത്. വിശ്വാസികളെന്നനിലയിലും അവരില്‍ അര്‍പിതമായ ചുമത അതുതന്നെ. അവര്‍ക്ക് ഭരണാധികാരം ലഭിച്ചാല്‍ അവര്‍ നിര്‍വഹിക്കേണ്ട ഉത്തരവാദിത്തവും അതാണ്. ഇനി വ്യക്തിയെന്ന നിലയിലും അതേ കര്‍മം നിര്‍വഹിക്കാന്‍ അനുശാസിക്കപ്പെട്ടിരിക്കുന്നു. വിശുദ്ധഖുര്‍ആനില്‍ പ്രസ്തുത സന്ദര്‍ഭങ്ങള്‍ കാണുക.

നബിയെന്ന നിലയില്‍:

'തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തിക്കാണുന്ന നിരക്ഷരനായ പ്രവാചകദൂതനെ പിന്തുടരുന്നവരാരോ, (അവരാകുന്നു ഇന്ന് ഈ അനുഗ്രഹത്തിന് അര്‍ഹരായിട്ടുള്ളവര്‍). അദ്ദേഹം അവര്‍ക്ക് നന്മ വിധിക്കുന്നു. തിന്മ വിലക്കുന്നു. അവര്‍ക്കായി ശുദ്ധ വസ്തുക്കള്‍ അനുവദിച്ചുകൊടുക്കുന്നു. അശുദ്ധ വസ്തുക്കളെ നിരോധിക്കുകയും ചെയ്യുന്നു. അവരെ ഞെരിച്ചുകൊണ്ടിരുന്ന ഭാരങ്ങള്‍ ഇറക്കിവയ്ക്കുന്നു. അവരെ വരിഞ്ഞുമുറുക്കിയിരുന്ന ചങ്ങലകള്‍ പൊട്ടിച്ചെറിയുന്നു. അതിനാല്‍ അദ്ദേഹത്തെ വിശ്വസിക്കുകയും ബലപ്പെടുത്തുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിച്ച വെളിച്ചത്തെ പിന്തുടരുകയും ചെയ്യുന്നവര്‍ മാത്രമാകുന്നു വിജയം പ്രാപിക്കുന്നവര്‍.' (7:157)

സത്യവിശ്വാസികളെന്ന നിലയില്‍:
'സത്യവിശ്വാസികളും വിശ്വാസിനികളും പരസ്പരം സഹായികളും മിത്രങ്ങളുമാകുന്നു. അവര്‍ ധര്‍മം കല്‍പിക്കുന്നു. അധര്‍മം നിരോധിക്കുന്നു. നമസ്കാരം മുറപ്രകാരം നിലനിര്‍ത്തുന്നു. സകാത്തു നല്‍കുന്നു. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ളവര്‍ക്ക് അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കുകതന്നെ ചെയ്യും. നിശ്ചയം, അല്ലാഹു സകലര്‍ക്കും അജയ്യനും യുക്തിമാനുമാകുന്നു.'  (9:71)

ഭരണകൂടങ്ങളെന്ന നിലയില്‍:
'നാം ഭൂമിയില്‍ ആധിപത്യം നല്‍കുകയാണെങ്കില്‍ നമസ്കാരം നിലനിര്‍ത്തുകയും സകാത്തു നല്‍കുകയും നല്ലതു കല്‍പിക്കുകയും തിയ്യതു വിരോധിക്കുകയും ചെയ്യുന്ന വരത്രെ അവര്‍. സകല സംഗതികളുടെയും അന്തിമ പരിണതി അല്ലാഹുവിന്റെ ഹസ്തത്തിലാകുന്നു.' (22:41)

വ്യക്തികളെന്ന നിലയില്‍ (ലുഖ്മാന്‍ പുത്രനെ ഉപദേശിക്കുന്നു.):
'മകനേ, നമസ്കാരം മുറപ്രകാരം നിലനിര്‍ത്തേണം; ധര്‍മം കല്‍പിക്കേണം; അധര്‍മം വിലക്കേണം; നിന്നെ ബാധിക്കുന്ന വിപത്തുകളില്‍ ക്ഷമ കൈക്കൊള്ളേണം. ഇവ വളരെ ഉറച്ച കാര്യങ്ങളത്രെ.(31:17)

ഇതില്‍ നിന്നും വിശ്വാസികളുടെ ചുമതലയില്‍ പെട്ടതാണ് മഅ്‌റൂഫ് കല്‍പിക്കാലും മുന്‍കര്‍ വിലക്കലും എന്ന് മനസ്സിലാക്കാം. എന്താണ് മഅ്‌റൂഫ് എന്നതിനുള്ള മറുപടിയാണ് നമ്മുക്കിന് ആവശ്യം. ധര്‍മാധര്‍മ ബോധനം നല്‍കപ്പെട്ടവനാണ് മനുഷ്യന്‍ അതിനാല്‍ തന്നെ പൊതുവെ മനുഷ്യപ്രകൃതി നന്നായികാണുന്നതിനെ നമ്മുക്ക് മഅ്‌റൂഫ് എന്നതില്‍ ഉള്‍പ്പെടുത്താം. അവയേതൊക്കെയാണെന്ന് നോക്കാം:

സത്യസന്ധത, നീതി, വാഗ്ദത്തപാലനം, വിശ്വസ്തത, സഹാനുഭൂതി, കാരുണ്യം. ഔദാര്യം, വിശാലമനസ്‌കത, ക്ഷമ, സഹനം, സ്ഥൈര്യം, വിട്ടുവീഴ്ച, ദൃഢചിത്തത, ശൗര്യം, ആത്മനിയന്ത്രണം, സ്വാഭിമാനം, സംസ്‌കാരം, ഇണക്കം, കൃതജ്ഞതാഭാവം, സ്‌നേഹപാലനം, കര്‍മസന്നദ്ധത, ഉത്തരവാദിത്തബോധം.

ഇവയുടെ മറുവശമാണ് മുന്‍കര്‍ അഥവാ. കളവ്, അനീതി, അക്രമം, കരാര്‍ലംഘനം, വഞ്ചന, സ്വാര്‍ഥത, കഠിനമനസ്‌കത, ലുബ്ധ്, സങ്കുചിതവീക്ഷണം, ക്ഷമകേട്, ശുണ്ഠി, ചാഞ്ചല്യം, അപകര്‍ഷതാബോധം, ഭീരുത്വം, ആത്മപൂജ, കുടിലമനസ്‌കത, സംസ്‌കാരശൂന്യത, കൃതഘ്‌നത, മടി, ഉത്തരവാദിത്തബോധമില്ലായ്മ.

ഇതില്‍ നിന്ന് ഒരു കാര്യം മനസ്സിലാക്കം ഇതില്‍ എല്ലാധര്‍മവും എല്ലാ അധര്‍മവും ഒരേ നിലവാരത്തിലുള്ളതായിരിക്കുകയില്ല. അക്രമവും മടിയും അധര്‍മത്തില്‍ ഉള്‍പ്പെടുന്നു. ഇവ അവയുണ്ടാക്കുന്ന ദൂഷ്യങ്ങളില്‍ വലിയ അന്തരമുണ്ടായിരിക്കുമല്ലോ. അതേ പ്രകാരം തന്നെ ധര്‍മത്തിന്റെ കാര്യവും. ഇതുവരെ പറഞ്ഞത് ചില നാമങ്ങള്‍ മാത്രമാണ്. ഇവ ഒരു സ്വാധീനവും ഉണ്ടാക്കുന്നില്ല. ഇവ പ്രവര്‍ത്തനങ്ങളായി രൂപാന്തരപ്പെടണം. ഇതില്‍ ധര്‍മാചരണത്തിനുള്ള പ്രവര്‍ത്തനങ്ങളെ നമ്മുക്ക് സദാചാരം എന്ന് വിളിക്കാം. ഇവിടെ പറയപ്പെട്ട അധര്‍മങ്ങളെ ഉളവാക്കുന്ന പ്രവൃത്തികളെ അധാര്‍മിക പ്രവൃത്തി എന്നും വിളിക്കാം.

ചുരുക്കത്തില്‍ സദാചാരം എന്നത് മുകളില്‍ പറയപ്പെട്ട ധര്‍മങ്ങള്‍ നേടിയെടുക്കുന്നതിന് ആവശ്യമായ സല്‍പ്രവര്‍ത്തിയാണ്. അത് ധാനധര്‍മമാകാം, സഹായമാകാം, വിവാഹമാകാം, നല്ല അഭിവാദനമാകാം, ക്ഷമപാലിക്കുന്നതിലൂടെയാകാം, പുഞ്ചിരിവരെ ആകാം, ('
നിന്റെ സഹോദരന്റെ മുഖത്തുനോക്കി പുഞ്ചിരിക്കല്‍ നിനക്ക് ധര്‍മമാണ്.'-മുഹമ്മദ് നബി) മതഗ്രന്ഥങ്ങള്‍ ഇത്തരം കാര്യങ്ങള്‍ക്ക് പ്രോത്സാഹനവും പ്രേരണയും നല്‍കുന്നു. ആ പ്രേരണയുടെ ഭാഗമാണ്, അവ അനുഷ്ഠിക്കുന്നവര്‍ക്ക് പാരത്രികമായ പ്രതിഫലമുണ്ടെന്നുള്ള സന്തോഷവാര്‍ത്ത. അപ്രകാരം തന്നെ ദുരാചാരവും അധര്‍മവും അവ അധര്‍മമായിതീരുന്നത് മുകളില്‍ സൂചിപ്പിക്കപ്പെട്ട മുന്‍കര്‍ ആ പ്രവര്‍ത്തനത്തിലൂടെ ഉളവാകുന്നത് കൊണ്ടാണ്. കൊല, കളവ് നടത്തല്‍, വ്യഭിചാരം, ക്രൂരത എന്നീ പ്രവര്‍ത്തനങ്ങളിലൂടെ സംഭവിക്കുന്നു. കളവ് പറയുന്നതിലൂടെ ചിലപ്പോള്‍ അനീതിയും ചിലപ്പോള്‍ വഞ്ചനയും സംഭവിക്കാം. ഇങ്ങനെ ഒരു പ്രവര്‍ത്തനത്തിലൂടെ ഒട്ടേറെ അധര്‍മങ്ങള്‍ സംഭവിക്കാം. മദ്യപാനം സ്വന്തം നിലയില്‍ ചിന്തിക്കുമ്പോള്‍ ഒരു അധര്‍മമായി തോന്നില്ലെങ്കിലും നാം മേല്‍ സൂചിപ്പിച്ച ഒട്ടേറെ അധര്‍മത്തിന് അത് കാരണമാകുന്നു. അതേ പ്രകാരം ധാര്‍മികമൂല്യങ്ങളില്‍ പലതിന്റെയും ലംഘനത്തിനും. വ്യഭിചാരവും അപ്രകാരം തന്നെ. അതില്‍ അക്രമവും സ്വാര്‍ഥതയും കുടിലതയും മൊക്കെ വരാം ആ നിലക്ക് അത് അധര്‍മവും. വിശ്വസ്തത, നീതി, വാഗദത്തപാലനം തുടങ്ങിയ ധാര്‍മികമൂല്യങ്ങള്‍ നഷ്ടപ്പെടുന്നതിനാല്‍ വിവാഹമെന്ന സദാചാരത്തിന്റെ ലംഘനം കൂടി അതിലുണ്ട്. അതിനാല്‍ ഇസ്‌ലാം ഒരു കൊടിയ പാപമായി കാണുന്നു. 

എന്താണ് പുണ്യം ചെയ്യാനും പാപത്തില്‍ നിന്ന് വിട്ടുനില്‍ക്കാനുമാണ് മതങ്ങള്‍ ഉല്‍ബോധിപ്പിക്കുന്നത് എന്നറിയാമല്ലോ. എന്താണ് പുണ്യ (ബിര്‍റ്) പ്രവാചകന്‍ ഇങ്ങനെ ചുരുക്കി പറഞ്ഞു. പുണ്യമെന്നാല്‍ സല്‍സ്വഭാവമാണ്. പാപമെന്നാല്‍ നിനക്ക് മനസാക്ഷിക്കുത്തനുഭവപ്പെടുന്നതും ആളുകള്‍ അറിയുന്നത് നീ വെറുക്കുകയും ചെയ്യുന്ന കാര്യമാണ്. എത്ര സംക്ഷിപ്തവും സൂക്ഷമവുമായ നിര്‍വചനം. നാം മനസ്സിലാക്കിയ ധാര്‍മികമൂല്യങ്ങളും അധാര്‍മികതയും വെച്ച് ഇവ നോക്കുക. ധാര്‍മികതയായി നാം എണ്ണിയതൊക്കെ സല്‍സ്വഭാവത്തില്‍ പെടുന്നതായി നമ്മുക്ക് കാണാം. അവ ചെയ്യുന്നതിലൂടെ മനസ്സിന് സന്തോഷം തോന്നുന്നു. അതേ സമയം പാപം ചെയ്യുമ്പോള്‍ നമ്മുടെ ധര്‍മബോധം ആദ്യമായി അതിനെതിരില്‍ പടവാളുയര്‍ത്തുന്നു. ആളുകളറിയുന്നതിന് അതിന്റെ കര്‍ത്താവ് വെറുക്കുന്നു. വലിയ ക്രൂരതചെയ്യുന്നവര്‍ക്ക് ഒരിക്കലും മനസ്സമാധാനം ലഭിക്കില്ല. അത്തരം ആളുകള്‍ പലപ്പോഴും ആത്മഹത്യയിലൂടെയാണ് ജീവിതം അവസാനിപ്പിച്ചിട്ടുള്ളത്. എന്നാല്‍ ധാര്‍മികതയുടെ പ്രവര്‍ത്തനം ചെയ്തവര്‍ അവര്‍ ഏത് മതത്തില്‍ പെട്ടവരായാലും വലിയ സന്തോഷം അനുഭവിക്കുന്നു. അവര്‍ ദൈവത്തെ മനസ്സിലാക്കുകയും ദൈവികമായ പ്രതിഫലം മരണശേഷം ആഗ്രഹിക്കുകയും ചെയ്തവരല്ലെങ്കില്‍ പോലും ഭൗതിക ലോകത്ത് വെച്ച് ലഭിക്കുന്ന സംതൃപ്തി അവര്‍ക്ക് ലഭിക്കുക തന്നെ ചെയ്യും.

നന്മ ചെയ്യാനുള്ള നിര്‍ദ്ദേശങ്ങളും തിന്മചെയ്യാനുള്ള വിലക്കുകളും നല്‍കേണ്ടത് പുരോഹിതരോ, രാജ്യഭരണം നടത്തുന്നവരോ നേതാകളായി ചമയുന്നവരോ ആകരുതെന്നും സകലമനുഷ്യരെയും സൃഷ്ടിച്ച ദൈവമായിരിക്കണമെന്നും ഇസ്്‌ലാം നിഷ്‌കര്‍ശിക്കുന്നു. മനുഷ്യാരംഭം മുതല്‍ അവ മനുഷ്യന് ലഭ്യമാക്കാനുള്ള പദ്ധതി ദൈവം സ്വീകരിച്ചിട്ടുണ്ട്. അതാണ് പ്രവാചകന്‍മാരുടെ നിയോഗവും വേദഗ്രന്ഥങ്ങളുടെ അവതരണവും. അവയിലൂടെ നല്‍കപ്പെട്ട തൗറാത്തും ഇന്‍ജീലുമടക്കം ധര്‍മാചരണങ്ങളാണ് സമൂഹത്തില്‍ നിലനില്‍ക്കുന്നത്. എന്നാല്‍ കാലാകാലങ്ങളില്‍ ഇവയില്‍ ക്ഷയം സംഭവിക്കുകയും അധര്‍മങ്ങളില്‍ ചിലത് ധര്‍മമായും തിരിച്ചും സംഭവിക്കാറുണ്ട്. ധര്‍മസംസ്ഥാപനാര്‍ഥം നിശ്ചയിക്കപ്പെട്ട പല ആചാരങ്ങളും വഴിതെറ്റുകയും അനാചാരമായി മാറുകയും ചെയ്യുമ്പോള്‍ ദൈവം പുതിയ പ്രവാചകനെയും പുതിയ വേദഗ്രന്ഥത്തെയും അയക്കുന്നു. അവയെ നിരാകരിക്കുന്നവര്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന ധര്‍മത്തില്‍ തൃപ്തരാകുകയും ചെയ്യുന്നു. പൂര്‍ണമായി ധാര്‍മികതയില്‍ നിന്ന് മുക്തമായ ഒരു സമൂഹം നിലനില്‍ക്കുകയില്ല. എന്നാല്‍ സമൂഹങ്ങള്‍ക്കിടയില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കാം. ദൈവികനിയമമനുസരിക്കുമ്പോള്‍ സംഭവിക്കുന്നത് പുര്‍ണമായ അര്‍ഥത്തില്‍ ധാര്‍മിക പുലരുന്ന ഒരു സമൂഹം സൃഷ്ടിക്കപ്പെടുക എന്നതാണ്.

മുകളില്‍ ആചാരത്തെയും അനാചാരത്തെയും പരാമര്‍ശിക്കുകയുണ്ടായല്ലോ. എന്താണ് അവയെ വേര്‍ത്തിരിക്കുന്ന മാനദണ്ഡം. ഒന്നാമതായി ധാര്‍മികമൂല്യങ്ങള്‍ തന്നെയാണ് അവയുടെ മാനദണ്ഡം. എന്നാല്‍ കൃത്യമായി അവമനസ്സിലാക്കിയെടുക്കുക മനുഷ്യനെ പ്രയാസമായതിനാല്‍ ദൈവം അവ നിര്‍ദ്ദേശിച്ചുതന്നിട്ടുണ്ട്. അതുകൊണ്ട് ദൈവനിര്‍ദ്ദേശമനുസരിച്ചുള്ള കര്‍മങ്ങളെ ആചാരമെന്നും. സ്വയം നിര്‍മിതമായ കാര്യങ്ങളെ അനാചാരമെന്നും പറയാം. മുസ്‌ലിംകള്‍ മറ്റുള്ളവരുടെ ആചാരങ്ങളെ അനാചാരമായി കരുതുന്നത് ഇപ്രകാരമാണ്. അതിനാല്‍ അവര്‍ അത് ചെയ്യുന്നില്ല എന്ന് മാത്രമേയുള്ളൂ. മറ്റുള്ളവര്‍ക്ക് അത് ആചരിക്കാനുള്ള അവകാശം വകവെച്ചു കൊടുക്കാന്‍ മുസ്ലിംകള്‍ പ്രതിജ്ഞാബദ്ധരാണ്. ആചാരങ്ങള്‍ മുഖ്യമായും ആരാധനകളുമായി ബന്ധപ്പെട്ടതാണ് എന്നുകൂടി ഓര്‍മിക്കുക. വ്യഭിചാരത്തെ അനാചാരമായിട്ടല്ല ആധാര്‍മകതയും സദാചാരലംഘനവുമായിട്ടുതന്നെ പരിഗണിക്കപ്പെടും.

മുകളില്‍ സൂചിപ്പിക്കപ്പെട്ട അധാര്‍മിക പ്രവര്‍ത്തികളില്‍ അത് പ്രവര്‍ത്തിക്കുന്ന വ്യക്തിയെ ബാധിക്കുന്നവയും സമൂഹത്തെ ബാധിക്കുന്നവയുമുണ്ട്. സമൂഹത്തെ ബാധിക്കുന്ന അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം വരുത്താന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ട്. സമൂഹത്തിലെ മുഴുവന്‍ ജനങ്ങളും സ്വമേധയാ ധാര്‍മികനിയമങ്ങള്‍ക്ക് വിധേയമാകുമെന്നും ഒരു നാട്ടിലെ മനുഷ്യരെല്ലാം അവര്‍ ഏത് മതത്തില്‍ പെട്ടവരാകട്ടെ പുര്‍ണമായും ധാര്‍മിക വിശുദ്ധികൈവരിക്കുമെന്ന സങ്കല്‍പം ഇസ്‌ലാമിനില്ല. അതിനാല്‍ ചില പ്രവര്‍ത്തനങ്ങള്‍ക്ക് സാമൂഹ്യസുരക്ഷിതത്വവും സമാധാനവും പരിഗണിച്ച് ശിക്ഷവിധിക്കും. നാട്ടില്‍ കുഴപ്പമുണ്ടാക്കുന്ന തരത്തില്‍ പുസ്തകം പ്രസിദ്ധീകരിക്കുന്നതും പ്രസംഗിക്കുന്നതും ശിക്ഷാര്‍ഹമാകുന്നത് അങ്ങനെയാണ്. ഒരു കരടിക്കോ നായക്കോ പാവയാകട്ടേ വളര്‍ത്തുമൃഗമാകട്ടേ മുഹമ്മദ് എന്ന പേരിടാന്‍ പാടില്ല എന്ന നിയമം ഇസ്‌ലാമിലില്ല. ഏതെങ്കിലും ഒരു കോളേജില്‍ ചോദ്യപ്പേപ്പറില്‍ നായിന്റെ മോനെ എന്ന് ആരെ വിളിച്ചാലും അവരെ കൈകാര്യം ചെയ്യാന്‍ ഇസ്‌ലാമില്‍ വകുപ്പില്ല. പക്ഷെ ഈ നാട്ടിലെ നിയമം അത്തരം പ്രകോപനങ്ങളെ നിയന്ത്രിക്കാനുള്ള അതേ അധികാരം ഇസ്‌ലാമിക ഭരണകൂടത്തിനും വേണ്ടെന്ന് വെക്കാന്‍ കഴിയില്ല. അത്തരം നിയമങ്ങള്‍ ഏതാണ്ടെല്ലാ രാജ്യങ്ങള്‍ക്കുമുണ്ട്. ചില പാശ്ചാത്യരാജ്യങ്ങളില്‍ ചിലമതങ്ങളെ അതില്‍ ഉള്‍പ്പെടുത്തുകയും ചില മതങ്ങളെ പുറത്ത് നിര്‍ത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇസ്‌ലാമിക രാഷ്ട്രം ഇക്കാര്യത്തില്‍ വിവേചനം കാണിക്കുകയില്ല.

ഇസ്‌ലാമിക രാജ്യം എന്ന കേള്‍ക്കുമ്പോള്‍ നിലവിലുള്ള സൗദിഅറേബ്യ തുടങ്ങിയ രാജ്യങ്ങളാണ് മനസ്സിലേക്ക് വരിക. അപ്രകാരം കരുതുന്നവരെ കുറ്റം പറയുന്നില്ല. പക്ഷെ അവിടങ്ങളിലുള്ളത് രാജാധിപത്യഭരണമാണ്. ഏകാധിപത്യസ്വഭാവമുള്ള അത്തരം ഭരണകൂടങ്ങളുടെ ചെയ്തികളൊക്കെ ഇസ്‌ലാമിലേക്ക് വരവ് വെക്കുന്നത് ശരിയാവുകയില്ല. ഇസ്‌ലാമിക ഭരണം എന്ന് എന്നെ പോലുള്ളവര്‍ പറയുമ്പോള്‍ പ്രവാചകനും അനുചരന്‍മാരും കാണിച്ച് തന്ന ഒരു ഭരണസങ്കല്‍പമാണുള്ളത് എന്ന കൂട്ടത്തില്‍ ഓര്‍മിപ്പിക്കട്ടെ.

എന്താണ് ധാര്‍മികത എന്ന പോസ്റ്റ് ഇവിട അവസാനിപ്പിക്കുന്നതിന് മുമ്പ്, ഇക്കാര്യം വേ
ര്‍ത്തിരിച്ച് മനസ്സിലാക്കുന്നതില്‍ മുസ്‌ലിംകള്‍ പോലും ആശയക്കുഴപ്പത്തില്‍ പെടാറുണ്ട്. മഅ്‌റൂഫ് പറഞ്ഞ സൂക്തങ്ങളില്‍ തന്നെ നമസ്കാരവും സക്കാത്തും വേറെ പറഞ്ഞത് ശ്രദ്ധിക്കുക. അരാധനാകര്‍മങ്ങള്‍ വേറെത്തന്നെയാണ് എന്ന് ചുരുക്കം. ആ ആരാധനകള്‍ ധാര്‍മികതക്ക് സഹായമാകും എന്നകാര്യത്തില്‍ സംശയമില്ല. അതേ പ്രകാരം അധാര്‍മിക എന്നതിന് വിഗ്രഹപൂജ എന്നും അര്‍ഥമില്ല. അതുകൊണ്ട് ഇസ്‌ലാമിക ഭരണകൂടത്തോട് വിലക്കാനാവശ്യപ്പെട്ട അധര്‍മത്തില്‍ വിഗ്രഹപൂജയോ അവിശ്വാസമോ പെടുകയില്ല. ഇസ്്‌ലമിക ഭരണത്തിന്‍ കീഴിലും അവസുരക്ഷിതമായിരിക്കും. അവ നിരൂപണം ചെയ്യുന്നതും അതിലെ വസ്തുതകള്‍ തുറന്ന് കാണിക്കുന്നതും. ആളുകളെ ദൈവിക ദര്‍ശനത്തിലേക്ക് പ്രബോധനം ചെയ്യുന്നതുമെല്ലാം വെറെ വിഷയങ്ങളാണ്. അതുമായി ബന്ധപ്പെട്ട് പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ വിശ്വാസികള്‍ കടപ്പെട്ടിരിക്കുന്നു. 

ഇസ്‌ലാമിന്റെ പക്ഷത്ത് നിന്ന് ധാര്‍മികതയെ വ്യക്തമാക്കുകയായിരുന്നു ഇതുവരെ. സ്വാഭാവികമായും ദൈവനിഷേധികള്‍ ഇപ്പോഴും തിരുനക്കരെത്തന്നെയായിരിക്കും. അവര്‍ക്കിതില്‍ പറഞ്ഞ ഭൂരിഭാഗവും ഉള്‍കൊള്ളാന്‍ പ്രയാസം നേരിടും. അതുതന്നെയാണല്ലോ. ദൈവനിഷേധത്തിന്റെ ഏറ്റവും വലിയ കുഴപ്പവും. ദൈവികമാര്‍ഗദര്‍ശനങ്ങള്‍ക്ക് നേരെ കണ്ണടച്ച് ജീവിതാന്ത്യം വരെ നട്ടം തിരിയാന്‍ വിധിക്കപ്പെട്ടവരാണവര്‍. ശാസ്ത്രത്തെ അവര്‍ മതത്തിന് പകരം വെക്കാന്‍ തന്ത്രപ്പെടുന്നു. അതിന്റെ ഭാഗമായിട്ട് വേണം ധാര്‍മികതക്ക് മതം വേണ്ട എന്ന അവരുടെ പ്രഖ്യാപനത്തെ കാണാ
ന്‍ ‍.

22 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

വിഷയവുമായി ബന്ധപ്പെട്ട ചര്‍ചയാണ് പ്രതീക്ഷിക്കുന്നത്. വ്യക്തിഹത്യക്കും പരിഹാസത്തിനും ഈ കമന്റ് ബോക്‌സ് ഉപയോഗിക്കരുത്. വിയോജിപ്പ് തിരുത്തലുകള്‍ അന്വേഷണങ്ങള്‍ വിമര്‍ശനങ്ങള്‍ എല്ലാം ആവാം. തല്‍കാലം മോഡറേഷന്‍ വെക്കേണ്ടിവന്നിരിക്കുന്നു.

Muhammed Shan പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
നന്ദന പറഞ്ഞു...

പ്രിയ ലത്തീഫ് ഞാനിവിടെ വന്നിരുന്നു, ചിലതൊക്കെ വായിച്ചിരുന്നു, എനിക്ക് താങ്കളുടെ ഇസ്ലാമിനേക്കാൾ വലിയ അറിവ് തരുന്ന ബ്ലോഗായ, ശ്രീ ഉമേഷിന്റെ ബ്ലോഗിലായിരുന്നു, നല്ല ചർച്ച http://malayalam.usvishakh.net/blog/archives/411

പക്ഷെ ഞാനിപ്പോഴാണ് എന്നെ Muhammed Shan “ആക്കിയത്” കണ്ടത്, നന്നായിരികുന്നു താങ്കളുടെ വിലയിരുത്തലുകൾ. സംശയത്തിന്റെ പേരിൽ കമന്റിലൂടെ ചോദിച്ച് എന്നെ നാറ്റിക്കണമായിരുന്നോ, അദ്ദേഹത്തിന് ഒരു മെയിൽ ചെയ്യാൻ പാടില്ലായിരുന്നോ?? തുറന്ന് പറയുന്നവരെ സംശയിക്കുന്ന താങ്കളുടെ ബ്ലോഗിലേക്ക് എന്നെ വലിച്ചിഴക്കരുത്.
ഭാഷയുടെ ചെറിയ സാമ്യം കാരണം എന്നേയും അന്യപുരുഷനേയും താരതമ്മ്യം ചെയ്യുന്ന താങ്കളേ ഞാനെന്ത് വിളിക്കും.
താങ്കളുടെ ബ്ലോഗിൽ നിന്നും കാൽക്കാശിന്റെ അറിവ് കിട്ടില്ല എന്ന് മനസ്സിലായത് കൊണ്ടാണ് ഇവിടം വിട്ടത്, പിന്നെ വെറുതെ കമന്റുകളെഴുതി സമയം കൊല്ലാം.
ഇപ്പഴാണ് ഇവിടെ വന്ന് http://nandana2000.blogspot.com/2010/02/blog-post_25.html#comments “തോണ്ടി“യതിന്റെ കാര്യം മനസ്സിലായത്.


ചുരുക്കി എഴുതാം ധാർമികത വേണമെങ്കിൽ ദൈവ വിശ്വാസം വേണമെന്ന താങ്കളുടെ ചിന്ത തന്നെ, താങ്കൾ ഇന്നത്തെ ലോകത്തല്ല എന്നുള്ളതിന്റെ തെളിവാണ്. താങ്കളേക്കാൽ ദൈവ വിശ്വാസികളായ തീവ്രവാദികൾ നിരപരാധികളെ കൊന്നൊടുക്കുന്നത് അവർക്ക് ദൈവ വിശ്വാസമില്ലാതിരുന്നിട്ടാണോ?? കൂടിയത് കൊണ്ടല്ലേ?? ശിയയും സുന്നിയും പരസ്പരം കൊന്നൊടുക്കുന്നത് ദൈവ വിശ്വാസം കൂടിയത് കൊണ്ടല്ലേ?/?

ഇന്നത്തെ സമൂഹത്തിൽ ഇത്തിരിയെങ്കിലും ധാർമികതയുള്ളത് മതമില്ലാത്ത സമൂഹത്തിലാണെന്ന് കാണാൻ കഴിയുന്നില്ലേ ലത്തീഫ്.

CKLatheef പറഞ്ഞു...

പ്രിയ നന്ദന,

ക്ഷമിക്കണം. താങ്കളിത്ര പ്രകോപിതയാകാന്‍ മാത്രം ഒന്നും സംഭവിച്ചിട്ടില്ല. ഈ മുഹമ്മദ് ഷാന്‍ എന്ന പേരില്‍ കമന്റിടുന്നയാളുടെ ശൈലിയും മറ്റും നിങ്ങളുടെതുമായി അപൂര്‍വ സാമ്യത. പെട്ടെന്ന് നിങ്ങളെ ഓര്‍ത്തു. ആ കാര്യം ഞാനദ്ദേഹത്തോടും ചോദിച്ചു ചോദിച്ചത് ഇത് മാത്രം.

മുഹമ്മദ് ഷാന്‍ ഒരു രഹസ്യം ചോദിച്ചോട്ടെ. താങ്കള്‍ എന്റെ ഒരു പഴയ സുഹൃത്ത് നന്ദനയെ അറിയുമോ. പുള്ളിക്കാരത്തിയെ ഇയ്യിടെയായി ഈ വഴിക്കൊന്നും കാണാനില്ല. നിങ്ങളുടെ കമന്റ്ുകള്‍ തമ്മില്‍ അസാധാരണ സാമ്യം. അതുകൊണ്ടു അവരെ ഓര്‍ത്തു പോയി ചോദ്യം ഇഷ്ടപ്പെട്ടില്ലെങ്കില്‍ ക്ഷമിക്കുക.

പ്രിയ നന്ദന,

എന്നെ കുറ്റം പറയാമോ മുകളിലെ താങ്കളുടെയും മുഹമ്മദ് ഷാനിന്റെയും കാമന്റ് നോക്കൂ. നിങ്ങള്‍ ഞാന്‍ മുഹമ്മദ് ഷാനല്ല എന്ന് പറയേണ്ട കാര്യം ഉണ്ടായിരുന്നില്ല. ഇത് കേട്ട ഉടനെത്തന്നെ മുഹമ്മദ് ഷാന്‍ എന്ന ഇസ്‌ലാമിനെക്കുറിച്ച സാമാന്യവിവരം പോലുമില്ലാത്ത പ്രസ്തുത വ്യക്തി ഞാനല്ല നന്ദന എന്ന് വ്യക്തമാക്കിയിരുന്നു. അതവിടെ അവസാനിക്കേണ്ടതായിരുന്നു. നിങ്ങളെ നാറ്റിക്കുന്ന കാര്യം ചെയ്യുകയോ പറയുകയോ ഒന്നുമുണ്ടായില്ല. ഇമെയില്‍ ചെയ്യാനുള്ള കാര്യമൊന്നും അതിലുണ്ടെന്ന് തോന്നിയില്ല. ഏതായാലും മുഹമ്മദ് ഷാനും മാന്യനായ ഒരു ബ്ലോഗറാണല്ലോ. മുസ്‌ലിമമായി ജനിച്ചിട്ടും നന്ദനയെക്കാള്‍ ഇസ്‌ലമിനെക്കുറിച്ച് അജ്ഞാതനയത് അയാളുടെ മാത്രം കുറ്റമായിരിക്കില്ല. പക്ഷെ സഹോദരന്‍ മുജാഹിദാണെന്നാണ് അദ്ദേഹത്തിന്റെ വാദം. ഏതായാലും അദ്ദേഹത്തിന്റെവാദവും കമന്റും ഒരുമുഹമ്മദ് ഷാന്‍ എന്ന പേര് അദ്ദേഹത്തിന് അധികപറ്റാണെന്ന് വ്യക്തമാക്കുന്നു. ഇത്തരം വിവരംകുറഞ്ഞ ഒരാളോട് നിങ്ങളെക്കുറിച്ചു ചോദിച്ചു എന്നതാണോ നന്ദനയെ പ്രകോപിക്കാനിടയാക്കിയത്. ഏതായാലും നന്ദന ഇഷ്ടമുള്ളടത്ത് കമന്റിക്കോളൂ. പഴയ നന്ദനയല്ല ഇപ്പോള്‍ എന്നതുകൊണ്ടുതന്നെ ഈ ബ്ലോഗില്‍ ക്രിയാത്മകമായി ചര്‍ചയില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ക്കാവില്ല. നിങ്ങളുടെ ദേശ്യമെല്ലാം തീരുമ്പോള്‍ മാന്യമായി കമന്റിടാനുള്ള സമനില വീണ്ടെടുക്കുമ്പോള്‍ വീണ്ടും കാണാം. സ്‌നേഹപൂര്‍വം.

Muhammed Shan പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
CKLatheef പറഞ്ഞു...

മുഹമ്മദ് ഷാന്‍ ,

താങ്കളിത്ര സഹതപിക്കാന്‍ മാത്രം എന്തുണ്ടായി. താങ്കള്‍ നന്ദനയല്ലയെന്നും. നന്ദനയാകട്ടെ ഞാന്‍ മുഹമ്മദ് ഷാനല്ല എന്നും ഇവിടെ തെളിവുകളോടെ അണയിടുന്നതെന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇനി നന്ദന എന്നത് താങ്കളുടെ ബ്ലോഗിന്റെ പ്രദര്‍ശനനാമമാണെങ്കില്‍ അതിലും എനിക്ക് പരാതിയില്ല. ഇനി രണ്ടുപേരാണെങ്കില്‍ അങ്ങനെയാകട്ടെ. നന്ദനക്ക് ഇവിടെ കമന്റിടാന്‍ താല്‍പര്യമില്ലാത്തതുകൊണ്ടാണ് പോകുന്നതെന്ന് പറഞ്ഞു. ആകട്ടേ. എന്റെ അഭിപ്രായത്തില്‍ നന്ദന ഇവിടെ നില്‍ക്കേണ്ടതില്ല. കാരണം രണ്ടു പേര്‍ക്കും ഒരേ ശൈലി ഒരേ വാദം. അതുകൊണ്ട് നന്ദനയുടെ വിടവ് നിങ്ങളിലൂടെ പരിഹരിക്കാം. മദ്രസയില്‍ പോകാത്ത ഒരു ഇരിഞ്ഞാലക്കുടക്കാരനെ എനിക്കറിയാം താങ്കളുടെ ചോദ്യം പോലെ അദ്ദേഹത്തിന്റെ ചോദ്യവും എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. അതുകൊണ്ട് അതും ഞാന്‍ വിട്ടു. ഏതായാലും ഷാന്‍ കുറച്ചുകൂടി സൂക്ഷിക്കണം. വാക്കുകള്‍ക്ക് ശേഷമുള്ള ആ കുത്തുകള്‍ ഒഴിവാക്കല്ലേ.... ഇനി കാര്യത്തിലേക്ക് കടക്കാം. എന്റെ പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങളൊന്നും പ്രസക്തമല്ല എന്ന് തോന്നുന്നെങ്കില്‍ താങ്കള്‍ പറഞ്ഞപോലെ മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ഗുരുവിന്റെ വാക്യം അനുസരിച്ച് നടക്കുക. അതും ഒരു മതമാണല്ലോ.

Muhammed Shan പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
പള്ളിക്കുളം.. പറഞ്ഞു...

ലത്തീഫ്,
ഒരാളുടെ അറിവില്ലായ്മ അയാൾക്ക് അനുഭവപ്പെടണമെന്നില്ല. അതുപോലെയാണ് ഷാനിന്റെ കാര്യം. ഷാന് ഇസ്ലാമിലുള്ള അറിവ് തുച്ഛമാണെന്നാണ് മനസ്സിലാവുന്നത്. മുസ്ലിമായി ജീവിക്കുവാൻ ആയിരം ഗ്രന്ധങ്ങൾ വായിച്ച അറിവൊന്നും വേണ്ട. ഇസ്ലാം ആദ്യമായി നിങ്ങളെ ക്ഷണിക്കുന്നത് ഏക ദൈവത്വത്തിലേക്കാണ്. അതുകഴിഞ്ഞേ മറ്റുകാര്യങ്ങളൊക്കെ വരുന്നുള്ളൂ. ഇന്ന് ലോകത്ത് ഏക ദൈവത്വത്തിലേക്ക് ക്ഷണിക്കുന്ന ഒരേയൊരു മതവും ഇസ്ല്ലാം മതം മാത്രമാണ്. അതാണ് ഇസ്ലാമിന്റെ പ്രത്യേകതയും. അടിസ്ഥാന പരമായ ചോദ്യം നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ എന്നാണ്. പിന്നീടുള്ള നിർദ്ദേശമാണ് ‘ എങ്കിൽ നിങ്ങൾ ദൈവം നിർദ്ദേശിച്ച ധർമ്മങ്ങൾ അനുഷ്ടിക്കണമെന്നത്. ഇസ്ലാമിക ഭരണകൂടമൊക്കെ അതും കഴിഞ്ഞ് എത്രയോ കഴിഞ്ഞ് വരുന്ന സംഗതികളാണ്. മുഹമ്മദ് നബി ‘ഇസ്ലാമിക രാഷ്ട്രം സ്ഥാപിച്ച ശേഷമല്ല’ മത പ്രബോധനം നടത്തിയത്. ആത്മ സംസ്കരണമാണ് ആദ്യ ഘട്ടം. അതിനു ശേഷം മനുഷ്യനിൽ ദൈവത്തിൽ അധിഷ്ഠിതമായ ധാർമ്മിക ബോധം ഉറച്ചുകഴിഞ്ഞാൽ അതിന്റെ സംരക്ഷണാർത്ഥം ഒരു ബാഹ്യലോകം രൂപപ്പെട്ടു വരും. അങ്ങനെ ധർമ്മത്തിൽ അധിഷ്ഠിതമായ ഒരു രാഷ്ട്രവ്യവസ്ഥ ഉണ്ടായിത്തീരുന്നു. പിന്നീട് ആതമസംസ്കരണ യത്നങ്ങളെ ധർമ്മത്തിൽ അധിഷ്ഠിതമായ രാഷ്ട്രവ്യവസ്ഥയും, തിരിച്ചും, പരസ്പരം സഹായിച്ചുകൊണ്ടിരിക്കും. അങ്ങനെ ഒരു ദൈവരാജ്യം സാധ്യമാകും.

CKLatheef പറഞ്ഞു...

പ്രിയ ഷാന്‍,

എന്റെ നന്ദനയെപ്പറ്റി താങ്കളോടുള്ള ചോദ്യത്തിന് ശേഷമുള്ള എന്റെയും നിങ്ങളുടെയും കമന്റുകള്‍ വായിച്ചു. വലിയ തമാശതോന്നി. തിരുത്തേണ്ട ഒന്നും അതില്‍ കണ്ടില്ല. നിങ്ങള്‍ പറയുന്നതിലെ വൈരുദ്ധ്യങ്ങളും, 'ഭാഷയുടെ സാമ്യം കാരണം എന്നെയും അന്യപുരുഷനെയും താരതമ്യം ചെയ്യുന്ന താങ്കളെ ഞാനെന്ത് വിളിക്കും' എന്ന നന്ദനയുടെ ചോദ്യവുമൊക്കെ ഞാനത് അര്‍ഹിക്കുന്ന വിധത്തില്‍ തന്നെ ആസ്വദിച്ചു.

>>> മതം പറയുന്നത് ലത്തീഫും ഷിഹാസും (എന്‍റെ അനുജന്‍)പറയുന്നത് പോലെ ആണെങ്കില്‍ മതം ആചരിക്കുന്നത് ഏതു വിധേനയാണ്???? <<<

പള്ളിക്കുളം സൂചിപ്പിച്ച പോലെ ഇവിടെയുള്ള വിഷയം മനസ്സിലാക്കാന്‍ ഇതുപോലെ ചോദ്യമുന്നയിക്കുന്ന താങ്കള്‍ക്ക് സാധിക്കുമോ എന്നെനിക്ക് തോന്നുന്നില്ല.

അതിന് തെളിവാണ് താങ്കളുടെ കമന്റിലെ ഈ ഭാഗം.

>>> ലതീഫ്‌ വിശ്വസിക്കുന്ന അതെ മതം വിശ്വോസിച്ചു അതിനെ രക്ഷിക്കാന്‍ എന്നവണ്ണം ഒരുവന്‍ ഒരു ചാവേര്‍ പോരാളിയാകുംപോള്‍ അവന്‍ കരുതുന്നത് അത് ധര്‍മം എന്നാണ് ... <<<

ഇവിടെ ഏതെങ്കിലും വ്യക്തികളോ ഗ്രൂപ്പോ അവരുടെ പ്രവര്‍ത്തികള്‍ ധര്‍മമാണ് എന്ന് വാദിക്കുമ്പോള്‍ അല്ലെങ്കില്‍ അല്ല എന്ന് തറപ്പിച്ച് പറയാന്‍ ഒരു കൃത്യമായ വ്യവസ്ഥയും കാഴ്ചപ്പാടും ഇസ്‌ലാമിനുണ്ട് എന്നാണ് ഞാന്‍ പോസ്റ്റിലൂടെ പറഞ്ഞത്. താങ്കളും (നന്ദനയും) വീണ്ടും പാക്കിസ്ഥാനിലും അഫ്ഘാനിസ്ഥാനിലും പൊട്ടുന്ന ബോംബുകള്‍ ഏത് കണക്കില്‍ പെടുത്തും എന്ന് അസ്വസ്തമാകുകയാണ്. മതത്തിലെ ഞാന്‍ സൂചിപ്പിച്ച മാനദണ്ഡങ്ങള്‍ വെച്ചുകൊണ്ടാണ് തീവ്രവാദികളുടെ ചെയ്തികളെ ഓരോ രാജ്യങ്ങളിലുമുള്ള മുഖ്യധാരാ ഇസ്്‌ലാമിക ഗ്രൂപ്പുകള്‍ അപലപിക്കുന്നതും അത്തരം പ്രവര്‍ത്തനത്തില്‍ നിന്ന് മാറിനില്‍ക്കുന്നതും.

ഇസ്്‌ലാമില്‍ ഒരാളേക്കാള്‍ വിശ്വാസമുണ്ട് മറ്റെ ആള്‍ക്ക് എന്ന് തീരുമാനിക്കുന്നത് ആയാള്‍ പൊട്ടിക്കുന്ന ബോംബിന്റെ അടിസ്ഥാനത്തിലാണ് എന്ന ധാരണ താങ്കള്‍ക്കുണ്ടെന്ന് തോന്നുന്നു. അത് ശരിയല്ല. ഒരാളുടെ പ്രവര്‍ത്തനം എത്രമാത്രം വിശുദ്ധഖുര്‍ആനിനും പ്രവാചക ചര്യക്കും അനുസൃതമാകുന്നു എന്നതാണ് അദ്ദേഹത്തിന്റെ ദൈവവിശ്വാസത്തെ നമ്മുക്ക് അനുഭവമാക്കുന്ന വസ്തുത.

CKLatheef പറഞ്ഞു...

പള്ളിക്കുളം,

താങ്കളുടെ വിശദീകരണത്തിന് നന്ദി. സമഗ്രമായ ഒരു ദര്‍ശനത്തില്‍ രാഷ്ട്രീയമായ കാഴ്ചപ്പാടുകള്‍ കൂടി ഉണ്ടാവുക എന്നത് അതിന്റെ സ്വാഭാവകതയാണ്. ചില ധാര്‍മിക നിര്‍ദ്ദേശങ്ങള്‍കൊണ്ട് മാത്രം ഒരു നാട്ടില്‍നിന്ന് അധാര്‍മിക നീക്കാനാവില്ല. ചിലരുടെ ധാരണ ഒരു നാട്ടില്‍ മുസ്‌ലിംകളാണെങ്കില്‍ അവിടുത്തെ ഭരണം നടത്തുന്നത് മുസ്‌ലിം നാമമുള്ളവരാണെങ്കില്‍ ആ നാട്ടില്‍ നടക്കുന്നതിനെല്ലാം ഇസ്‌ലാം മറുപടിപറയണം എന്ന നിലക്കാണ്.

മതനിഷേധികളെക്കുറിച്ചുള്ള അമിതമായ അവകാശവാദത്തിലും വലിയ കഴമ്പില്ല. സമൂഹത്തില്‍ മറ്റേവരെയും പോലെ അവരും ധാര്‍മികമൂല്യങ്ങള്‍ പുലര്‍ത്തുന്നവരാണ്. സമൂഹത്തില്‍ സ്ത്രീക്കും പുരുഷനും ഒരുമിച്ചു ജീവിക്കാന്‍ വിവാഹം എന്ന ഒരേര്‍പ്പാടിന്റെ ആവശ്യമില്ല. എന്നൊക്കെ താത്വികമായി അവര്‍ക്ക് വാദമുണ്ടെങ്കിലും അല്‍പം മാന്യതയുള്ള മതനിഷേധികളും അതിന് വിവാഹം എന്ന ആചാരം തെരെഞ്ഞടുക്കുന്നു. മതനിഷേധമുള്ള സമൂഹത്തിലാണ് ഇത്തിരിയെങ്കിലും ധാര്‍മികതയുള്ളത് എന്ന് കാണാന്‍ കഴിയുന്നില്ലേ എന്നാണ് നന്ദന ചോദിക്കുന്നത്. എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് എന്റെ മറുപടി.

CKLatheef പറഞ്ഞു...

ഞാന്‍ ധാര്‍മികത എന്നതുകൊണ്ട് വിവക്ഷിക്കുന്നതെന്താണെന്ന് എന്റെ പോസ്റ്റില്‍ വ്യക്തമാക്കി കഴിഞ്ഞല്ലോ. ശിയ സുന്നി എന്നീ രണ്ടുവിഭാഗം മുസ്‌ലിംകളിലുണ്ട് എന്നത് സത്യം. എന്നാല്‍ അവര്‍തമ്മിലുള്ള അഭിപ്രായ വ്യത്യാസം പെട്ടെന്ന് തീരുന്നതാണെന്നോ അതിനുള്ള പരിഹാരം പരസ്പരം പള്ളിയില്‍ ബോംബ് വെക്കുകയാണന്നോ നിങ്ങളെപ്പോലെ ഞാനും ചിന്തിക്കുന്നില്ല. ബോംബും സ്‌ഫോടനവും ഒന്നിന്റെയും പരിഹാരമല്ല പ്രശ്‌നമാണ്. മുതലാളിത്വസാമ്രാജ്യത്വ നവലോകക്രമത്തില്‍ സംഭവിക്കുന്നതെല്ലാം പ്രത്യക്ഷത്തില്‍ കണ്ട് അഭിപ്രായം രൂപീകരിക്കുന്നതിലെ വിഢിത്തം അതികം താമസിയാതെ തന്നെ മനസ്സിലാക്കാന്‍ കഴിയുന്നതാണ്.

ഇസ്‌ലാമിക ഭരണകൂടത്തിന്റെ മുഖ്യലക്ഷ്യം ആളുകളെ ചില വിശ്വാസം സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുകയോ. കാടന്‍ നിയമങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്ന ചില ക്രിമിനല്‍ നിയമങ്ങള്‍ നടപ്പാക്കുകയോ അല്ല. അത്തരം നിയമങ്ങളില്‍ ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളില്‍ നിന്നുകൊണ്ട് ഭരണകൂടത്തിന് ഉചിതമായ ചില മാറ്റങ്ങള്‍ വരുത്തുവാന്‍ മാത്രം ഇസ്‌ലാമിക ക്രിമിനല്‍ നിയമങ്ങള്‍ ഇലാസ്തികതയുള്ളതാണെന്നാണ് പണ്ഡിത മതം. എന്നാല്‍ ഇസ്‌ലാമിക ഭരണകൂടം ചെയ്യേണ്ടത് ഒന്നാമതായി ധാര്‍മികതയുടെ ശാസനയും അധാര്‍മികതയുടെ വിപാടനവുമാണ്. നീതിയും സമത്വവും നിലവില്‍വന്നാല്‍ അധാര്‍മികത വളരെകുറച്ചേ നിലനില്‍ക്കൂ. അത്തരം ചിലരെ നിയന്ത്രിക്കാന്‍ ശക്തമായ ചില ശിക്ഷകളും നല്‍കും. ശിക്ഷകളുടെ ലക്ഷ്യം മറ്റാരും അതിലേക്ക് അടുക്കാന്‍ ഭയപ്പെടുന്നവിധം ആളുകളെ ഭീഷണിപ്പെടുത്തല്‍ കൂടിയായതിനാല്‍ ശിക്ഷ പേരിന് മാത്രമാക്കി പരിമിതപ്പെടുത്താന്‍ ഇസ്‌ലാം തുനിഞ്ഞിട്ടില്ല.

എന്നാല്‍ ജീവന്‍ നിലനിര്‍ത്താന്‍ കളവ് വേണ്ടിവരുന്ന ഒരവസ്ഥയില്‍ നിര്‍ണയിക്കപ്പെട്ട ഇസ്‌ലാമിന്റെ ക്രിമിനല്‍ ശിക്ഷയില്‍ ഇളവുനല്‍കിയതും ഇസ്‌ലാമില്‍ നിന്ന് മാതൃകയായി സ്വീകരിക്കേണ്ടതാണ്.

ഇപ്രകാരം അടിമുടി സുഭദ്രമായ ഒരു സമ്പൂര്‍ണവ്യവസ്ഥയുടെ ഭാഗമാണ് ഇസ്‌ലാമിലെ ധാര്‍മിക സദാചാര നിയമങ്ങള്‍. അതിനെ വേര്‍പ്പെടുത്തി ഓരോന്നായി ചര്‍ചചെയ്യുമ്പോള്‍ പലപ്പോഴും ശരിയായ ചിത്രം ലഭിക്കില്ല. ഈ പോസ്റ്റില്‍ കഴിഞ്ഞ പോസ്റ്റിലും കാര്യമാത്ര പ്രസക്തമായ ഒരു വിയോജിപ്പ് ആരും രേഖപ്പെടുത്താത്തതിനാല്‍ എനിക്ക് പറയാനുള്ളത് ഇതാണ്. ഇസ്‌ലാമിലെ മതധാര്‍മിക മൂല്യങ്ങള്‍ യഥാവിധി പാലിച്ചാല്‍ ഒരു മാതൃകാ വ്യക്തിത്വത്തെ സൃഷ്ടിക്കാന്‍ അത് മതി. മനുഷ്യര്‍ക്കുള്ള ധാര്‍മിക സദാചാരങ്ങളുടെയും മറ്റ് നിയമങ്ങളുടെയും അവസാനത്തെ വേര്‍ഷന്‍ എന്ന നിലയില്‍ ഇസ്ലാം ആചരിക്കുന്നതിലൂടെ ഇഹലോകത്തെ സമാധാനത്തിനും പരലോകത്തെ മോക്ഷത്തിനും ഉപകരിക്കുമെന്ന് അത് ഉറച്ച് വിശ്വസിക്കുന്നു. അതേ സമയം നിലവിലുള്ള സമൂഹത്തില്‍ നിലനില്‍ക്കുന്ന ധാര്‍മികത പാലിച്ച് ജീവിച്ചാല്‍ അത്രയും ധാര്‍മികനാകാം. എന്നാല്‍ അതും ധാര്‍മികതക്ക് മതം ആവശ്യമില്ല കാഴ്ചാപാടും തമ്മിലുള്ള അന്തരം വെക്താമാക്കാനാവശ്യമായ ചര്‍ച ഇവിടെ നടന്നുകഴിഞ്ഞിട്ടുണ്ട് എന്ന് തന്നെയാണ് എന്റെ അഭിപ്രായം.

Muhammed Shan പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
CKLatheef പറഞ്ഞു...

>>>ഇസ്‌ലാമിലെ ധാര്‍മികതയും, നിയമങ്ങളും, ജീവിതരീതിയും ജനങ്ങള്‍ സ്വീകരിക്കുന്നത് വ്യക്തിനിഷ്ഠമായിട്ടാണ്. <<<

@Muhammed shan

എല്ലാ നിയമങ്ങളും അപ്രകാരം തന്നെ. യുക്തിവാദവും ദൈവനിഷേധവും അപ്രകാരം തന്നെ. അതിലെന്താണ് അത്ഭുതം. ഏത് നിയമായമാലും അംഗീകരിക്കുന്നവരും ഭാഗികമായി സ്വീകരിക്കുന്നവരും തെറ്റായി നടപ്പിലാക്കുന്നവരും വിപരീതം പ്രവര്‍ത്തികുന്നവരുമൊക്കെയുണ്ടാകും. അതിനൊക്കെ കഴിയുന്ന രീതിയിലാണ് നിയമവും മനുഷ്യന്റെ അവസ്ഥയും സമ്പൂര്‍ണമായ ഒരു ഇസ്‌ലാമിക വ്യവസ്ഥക്ക് കീഴിലാകുമ്പോഴാണ് അതിന്റെ മറ്റുള്ള ധാര്‍മികസദാചാര നിയമങ്ങളൊക്കെ പൂര്‍ണ അര്‍ഥത്തില്‍ നടപ്പിലാകുന്നത്. അല്ലാത്തിടത്ത് അതിനനുസരിച്ചുള്ള പ്രതിഫലനത്തോടെ മാത്രമേ അത് നടക്കുകയുള്ളൂ. ഇന്ത്യാഗവണ്‍മെന്റ് അതിന്റെ പ്രജകളുടെ ക്ഷേമത്തിനും സുരക്ഷക്കും ചില നിയമങ്ങള്‍ ആവിഷ്‌കരിച്ചു എന്ന് വെക്കുക ചിലര്‍ അത് ലംഘിക്കുന്നുവെങ്കില്‍ നിയമത്തിന്റെ കുഴപ്പമാണ് അതുകൊണ്ട് നിയമം ഇനിമുതല്‍ വേണ്ടതില്ല എന്നാരെങ്കിലും പറയുമോ.

ഇസ്‌ലാമിനെത്തന്നെ പലവിധത്തില്‍ വ്യാഖ്യാനിക്കുന്നവരുണ്ടാകും. ബൂലോകത്ത് തന്നെ ഇ.എ.ജബ്ബാര്‍ മറ്റൊരു വിധത്തിലൊക്കെയുണ്ടാകും. വിവിധമതസംഘടനകളില്‍ പെട്ടവരാണ് അല്ലെങ്കില്‍ ഏതെങ്കിലും സംഘടനകളോട് അനുഭാവം പുലര്‍ത്തുന്നവരാണ് മിക്കവരും. പക്ഷെ ഇസ്്‌ലാമിന്റെ ഇത്തരം പൊതുവായി കാര്യങ്ങളില്‍ അവരാരെങ്കിലും ഭിന്നാഭിപ്രായം പറയുന്നത് താങ്കള്‍ ശ്രദ്ധിച്ചോ. സുന്നി മുജാഹിദ് ജമാഅത്ത് തുടങ്ങിയ സംഘടനയോട് ആഭിമുഖ്യമുള്ളവരാണ് ഇതില്‍ സജീവമായി പങ്കെടുക്കുന്ന ഏതാണ്ടെല്ലാവരും. എന്നാല്‍ യുക്തിവാദികളും ഇസ്ലാമും എന്ന ബ്ലോഗില്‍ ഇവര്‍തമ്മിലുള്ള ഒരു ഇടച്ചില്‍ താങ്കള്‍ കണ്ടുവോ. അപ്പോള്‍ ഇസ്‌ലാമില്‍ പൊതുവായി അംഗീകരിക്കാവുന്ന ധാരാളം കാര്യങ്ങളുണ്ട്. യുക്തിവാദികള്‍ വിമര്‍ശിച്ചുകൊണ്ടിരിക്കുന്ന 100% വിഷയത്തിലും ഈ സംഘടനകള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമില്ല എന്ന് ഒരാള്‍ക്ക് മനസ്സിലായാല്‍ പിന്നെ ഇ.എ. ജബ്ബാറിന്റെ വ്യാഖ്യാനമാണ് പ്രസ്തുവിഷയത്തില്‍ ഇസ്‌ലാമികമായി ശരി എന്ന് പറയുന്നത് എന്ത് മാത്രം സഹതാപാര്‍ഹമാണ്. അതുകൊണ്ടുതന്നെ മുസ്ലിംനാമധാരിയായ ഒരു ദൈവനിഷേധിയുടെതോ തീവ്രവാദത്തിനടിപ്പെട്ട ഏതെങ്കിലും വ്യക്തിയുടെതോ അല്ല ശരിയായ വ്യാഖ്യാനം. മറിച്ച് ഭൂരിപക്ഷം അതിന്റെ അനുയായികളും ഏതൊരു കാര്യത്തെ സത്യപ്പെടുത്തുന്നുവോ അതാണ് ആ മതത്തിന്റെ ശരിയായ വീക്ഷണം.

Muhammed Shan പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
CKLatheef പറഞ്ഞു...

@Muhammed Shan

മുഹമ്മദ് ഷാന്‍ ,

താങ്കള്‍ പോസ്റ്റ് ശരിയായി വായിക്കുന്നുണ്ടോ എന്ന് സംശയിക്കുകയാണ് താങ്കളുടെ കമന്റുകള്‍ കാണുമ്പോള്‍. കാരണം ഇവിടെ സൂചിപ്പിച്ച കാര്യങ്ങളുടെ നിലപാട് എന്താണെന്നും ഏത് കാര്യത്തിലാണ് മതഗ്രന്ഥം പ്രത്യേകിച്ച് ഖുര്‍ആന്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതെന്നും ഞാന്‍ പറഞ്ഞു കഴിഞ്ഞു. എന്താണ് ധാര്‍മിക എന്ന പോസ്റ്റില്‍ അത് താങ്കള്‍ വായിച്ചിരിക്കും. പിന്നെ മതത്തിന്റെ പേരിലുള്ളവര്‍ കാട്ടിക്കൂട്ടുന്നതൊക്കെ ഇസ്‌ലാം ഉത്തരവാദിയാകും എന്നാണെങ്കില്‍ അതേ മതത്തിന്റെ നാമം പേറി നിങ്ങള്‍ ചെയ്യുന്നതിനും പറയുന്നതിനും കൂടി അത് ഉത്തരവാദിത്തം ഏല്‍ക്കേണ്ടിവരില്ലേ. നിങ്ങള്‍ ഇസ്‌ലാം പഠിച്ചിട്ടല്ലല്ലോ, സ്വര്‍ഗവും നരകവും ഭൂമിയിലാണെന്ന് പറയുന്നത് മറിച്ച് അത് അറയാതെയല്ലേ. എന്നാലോ ഇസ്‌ലാമിനെക്കുറിച്ച ഞാന്‍ പഠിച്ചിട്ടില്ല എന്ന് പറയാന്‍ താങ്കള്‍ തയ്യാറാകുകയുമില്ല. എന്ന പോലെയാണ് മാനവികതക്ക് തടസ്സം നില്‍ക്കുന്ന മറ്റു മുസ്ലിം നാമധാരികലുടെയും സ്ഥിതി. മാനവികതക്ക് തടസ്സം നില്‍ക്കുന്ന ഒരു ഇസ്‌ലാം എനിക്ക് പരിചയമില്ല. താങ്കള്‍ ഏത് വൃത്തികെട്ട ചുറ്റുപാടിലാണ് നില്‍ക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ഏതായാലും നല്ല അനുഭവം പകരാന്‍ സാധിക്കുന്ന ചില യഥാര്‍ഥ മുസ്ലിംകളെ കണ്ടുമുട്ടാന്‍ കഴിയുന്നത് വരെ താങ്കള്‍ ഇങ്ങനത്തന്നെ സംസാരിച്ചുകൊണ്ടിരിക്കും. ദൈവിക ദര്‍ശനം കണ്ടെത്താനും മനസ്സിലാക്കാനും ദൈവം താങ്കളെ തുണക്കട്ടേ.

Muhammed Shan പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
CKLatheef പറഞ്ഞു...

@Muhammed Shan

കൂടുതല്‍ മനസ്സ് തുറന്നതിനും അഭിപ്രായം തുറന്ന് പറഞ്ഞതിനും നന്ദി. തികഞ്ഞ യാഥാസ്ഥിതികത താങ്ങളിലേല്‍പ്പിച്ച പരിക്കുകള്‍ മനസ്സിലാക്കാന്‍ കഴിയും. അതിന്റെ സ്വാഭാവിക പ്രകടങ്ങളെ താങ്കളുടെ കമന്റുകളിലുള്ളൂ. ഇതിന് പരിഹാരം താങ്കളില്‍ നിന്നുതന്നെയാണ് ഉണ്ടാകേണ്ടത്. താങ്കള്‍ ഇവിടെ സ്വര്‍ഗം നരകം എന്നൊക്കെ പറയുന്നത് മനുഷ്യന്‍ ശരിയായ ധാര്‍മികതയനുസരിക്കുമ്പോള്‍ ഉണ്ടായിത്തീരുന്ന സമാധാനത്തെ സ്വര്‍ഗമെന്നും നുഷ്യരില്‍ അധര്‍മം വ്യാപകമാകുകയും അത് നിയന്ത്രിക്കുന്നതില്‍ ഭരണകൂടം പരാജയപ്പെടുമ്പോല്‍ സംഭവിക്കുന്ന അസ്വസ്തതകളെ നരകമെന്നും വിളിക്കുന്നതില്‍ തെറ്റൊന്നുമില്ല. പക്ഷെ യഥാര്‍ഥ സ്വര്‍ഗനരകങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ. ഏത് വിശാലമനസ്സിനേയും ഉള്‍ക്കൊള്ളാന്‍ വിശാലമാണ് ഇസ്്‌ലാം. അതിന് ആദ്യമെ സങ്കുചിതമായി മനസ്സിലാക്കുന്നത് കൊണ്ടാണ് താങ്കളുടെ മനസ്സ് അതിന്റെ ചട്ടക്കൂടിലൊതുങ്ങുന്നില്ല എന്ന് തോന്നുന്നത്. ഇനി ദൈവിക പരിധികളെ ഉദ്ദേശിച്ചാണ് താങ്കള്‍ ചട്ടക്കൂടെന്ന് പറഞ്ഞതെങ്കില്‍ അതിന് മറുപടി ഖുര്‍ആന്‍ തന്നെ പറയട്ടേ.

'....ഇത് അല്ലാഹു നിശ്ചയിച്ച പരിധികളാകുന്നു. അതിനെ അതിലംഘിക്കാതിരിക്കുവിന്‍ . ദൈവികനിയമങ്ങളെ അതിലംഘിക്കുന്നവരാരോ, അവര്‍ അക്രമികള്‍
തന്നെയാകുന്നു.' (2:229)

ചില വൈവാഹിക നിയമം അനുശാസിച്ച ശേഷമാണ് ഖുര്‍ആന്‍ ഇത് പറയുന്നത്. എന്ന് വെച്ചാല്‍ ദൈവം നിര്‍ദ്ദേശിച്ച രീതിയാണ് പ്രസ്തുത വിഷയത്തില്‍ ക്രമമായിട്ടുള്ളത്. അത് അതിലംഘിക്കുക അക്രമമാണ്.

ഇതാണ് ഷാന്‍ ചട്ടക്കൂട് എന്നതുകൊണ്ടുദ്ദേശിച്ചതെങ്കില്‍ എനിക്ക് താങ്കളോട് കാര്യമായി ഒന്നുമ പറയാനില്ല. ദൈവം താങ്കളെ രക്ഷിക്കട്ടേ എന്ന് പ്രാര്‍ഥിക്കുക മാത്രം ചെയ്യുന്നു.

arivu thedi പറഞ്ഞു...

Latheef, I could not read your blog due to bad colour of back ground. Can u pls change it?

CKLatheef പറഞ്ഞു...

സുശീല്‍ കുമാര്‍ പി പി പറഞ്ഞു..

അക് ബറേ ഇത്രെ ഉരുട്ടിപ്പറായാതെ നാലാള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ പറയൂ. മൂന്നു വട്ടം വായിച്ച ശേഷമാണ്‌ എനിക്ക് കാര്യം മനസ്സിലായത്. മനസ്സിലായത് ഇങ്ങനെ: വിശ്വാസിക്കു്‌ ആയിരത്തി നാനൂറ് കൊല്ലം മുമ്പത്തെ ധാര്‍മികതയേ ഉണ്ടാകൂ; അവിശ്വാസിക്കു്‌ കാലാ കാലങ്ങളില്‍ ഉരുത്തിരിയുന്ന ധര്‍മികതയും. നമുക്ക് പുതിയത് മതിയേ...

ധാര്‍മികതയുടെ ഉറവിടം ഒരു ദൈവമാണെങ്കില്‍ (അങ്ങനെയൊന്നുണ്ടെങ്കില്‍) അത് നരഭോജിയിലും, മനുഷ്യഹത്യ നടത്താന്‍ കൈ വിറക്കാത്ത വരിലും, ദയാലുവും സാധുവുമായ ഒരു മനുഷ്യനിലും വ്യത്യസ്ഥമാകുമായിരുന്നില്ല. ജന്മ സിദ്ധമായ ദയയും സാഹചര്യങ്ങളില്‍ നിന്നു രൂപപ്പെടുന്ന ധാര്‍മികബോധവും ചേര്‍ന്നതാണ്‌ ഒരു മനുഷ്യന്റെ മൊത്തം ധാര്‍മികത എന്നാണ്‌ എനിക്കു തോന്നുന്നത്.

എന്റെ ബ്ലോഗില്‍ ആവശ്യമായ കമന്റ് വീഴാതിരിക്കുമ്പോള്‍ വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ പൊക്കികൊണ്ടുവന്നിട്ട് അതിന് മറുപടി പറയുക എന്നത് ഞാന്‍ ചെയ്യുന്ന വലിയ അപരാധമായി അനോണികളും കൂതറകളും സാധാരണയായി പരാതിപ്പെടാറുണ്ട്. അതേ ആവശ്യാര്‍ഥം ബ്രൈറ്റിന്റെ പോസ്റ്റില്‍ നിന്ന് പൊക്കിയ സുശീല്‍കുമാറിന്റെ രണ്ട് അഭിപ്രായങ്ങളാണ് മുകളില്‍ നല്‍കിയത്. യുക്തിവാദികള്‍ സ്ഥിരമായി ഉന്നയിക്കാറുള്ള പുതിയ ധാര്‍മിക രൂപപ്പെടുന്ന ധാര്‍മികത എന്നിവക്കുള്ള ഒരു ചെറിയ പ്രതികരണം ഇവിടെ നല്‍കാനുദ്ദേശിക്കുന്നു.

നരഭോജികളെപ്പറ്റി ബ്രൈറ്റിന്റെ മറുപടിയോട് ഒരു പരിധിവരെ എനിക്കും യോജിപ്പുണ്ട് എന്നതിനാല്‍ ആ പ്രശ്‌നത്തെ മാറ്റിവെക്കുന്നു.

bright said..

Many anthropologists seriously consider cannibalism is a myth.Historically, charges of cannibalism were used by European nations to help justify their colonization efforts. So many historical allegations of people eating people are undoubtedly false.Almost always it is the neighboring enemy tribe that reports the 'cannibalism' neighbors maybe to portrait them as less than human.Of course there were human flesh eating as a religious rite,but as a food source,...I doubt it.

Even if consider cannibalism is really there,still there is no reason to think they will indiscriminately eat anybody.Even they will have some do's and don't's.Even thieves and murders have their own morality.Heard of 'Honor among thieves.' isn't it?. I will quote from the post..

ഏതോ കാരണത്താല്‍ കാട്ടിലകപ്പെട്ട് നാഗരിക ജീവിത നഷ്ടപ്പെട്ടവരുടെ തലമുറയില്‍ പെട്ടവരായിട്ടാണ് ഗുഹാവാസികളെയും മറ്റും ഞാന്‍ കാണുന്നത്. അവരിലും സ്ഥിരമായി മനുഷ്യനെ ഭക്ഷിക്കുന്ന ഒരു വിഭാഗത്തെ എനിക്ക് സങ്കല്‍പിക്കാനാവുന്നില്ല. അതിനാല്‍ സംശയാസ്പദമായ ആ വിഭാഗത്തെ ഇതുപോലെ ഒരു ചര്‍ചയില്‍ പരിഗണിക്കാന്‍ നിവൃത്തിയില്ല.

CKLatheef പറഞ്ഞു...

@CKLatheef
മനുഷ്യചരിത്രത്തില്‍ 1400 വര്‍ഷം എന്നത് ഭീമമായ ഒരു കാലയളവാണ് എന്ന് വിശ്വസിക്കുന്നവരല്ല പദാര്‍ഥവാദികള്‍. ആ നിലക്ക് നോക്കിയാലും മുഴുവന്‍ മനുഷ്യര്‍ക്കും ധാര്‍മികത ജനമസിദ്ധമാണ് എന്ന ബ്രൈറ്റിന്റെ ഭാഷ്യമനുസരിച്ചും 1400 വര്‍ഷം മുമ്പുള്ള ധാര്‍മികതയില്‍ വലിയ മാറ്റം പ്രതീക്ഷിക്കുന്നതില്‍ എന്തര്‍ഥമാണുള്ളത്.

ഇനി ഇസ്‌ലാമിക വീക്ഷണമനുസരിച്ച് സ്ഥലകാലങ്ങള്‍ക്കനുസരിച്ച് മാറുന്നതല്ല ധാര്‍മികമൂല്യങ്ങള്‍ അത് മനുഷ്യന്റെ പ്രകൃതിഭാവങ്ങളോട് ബന്ധപ്പെട്ടാണുള്ളത്. അക്രമം എന്നും അധാര്‍മികത തന്നെ അനീതിയും തഥൈവ. പണ്ടുകാലത്ത് അനീതിയും അക്രമവും നടന്നിരുന്നു അതിനെ അധാര്‍മികമായി തന്നെ മനുഷ്യന്‍ കാണുകയും ചെയ്തു. ഇന്ന് പുതിയ ധാര്‍മികമൂല്യങ്ങള്‍ ഉരുത്തിരിഞ്ഞ് വന്നിട്ടില്ല. ഉണ്ടെന്നാണ് വാദമെങ്കില്‍ അതുപറയണം. ഞാന്‍ ഇവിടെ സൂചിപ്പിച്ച് ധാര്‍മികമൂല്യങ്ങള്‍ 1400 വര്‍ഷം മുമ്പിലുള്ള വേദഗ്രന്ഥത്തിലുള്ളതാണ്. 5000 വര്‍ഷമുള്ള വേദത്തിലും ഇതേ കാര്യങ്ങള്‍ ധാര്‍മികതയായി (നല്ലഗുണങ്ങളായി) കാണാന്‍ കഴിയും. അപ്പോള്‍ അപ്പോള്‍ അവിശ്വാസിക്ക് കാലാകാലങ്ങളില്‍ ഉരുത്തിരിയുന്ന പുതിയ ധാര്‍മികത മതിയേ എന്ന സുശീല്‍ കുമാറിന്റെ വാദം എത്രമാത്രം അസംബന്ധമാണ് മനസ്സിലാക്കാന്‍ ഒരു പ്രയാസവുമില്ല.

പിന്നെ എന്താണ് ഈ വാദത്തിന് പ്രചോദകം... ചില ആചാരങ്ങളില്‍ വരുന്ന വ്യത്യാസത്തെ ധാര്‍മികതയായി തെറ്റിദ്ധരിക്കുന്നു എന്നതാണ് ഇതിന്റെ കാരണം. ഇത്തരക്കാര്‍ പറയുന്ന കാര്യങ്ങള്‍ ആചാരവുമായി ബന്ധപ്പെട്ടതാണ് എന്ന് സസൂക്ഷം വീക്ഷിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയും.

CKLatheef പറഞ്ഞു...

@arivu thedi


എന്നെ നേരിട്ട് വിളിച്ച് ഒരു സുഹൃത്തില്‍ നിന്നും അറിയാന്‍ കഴിഞ്ഞത് ഇന്റെര്‍നെറ്റ് ബ്രൗസറിന്റെ പഴയ പതിപ്പുകള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നവര്‍ക്കാണ് ഈ പ്രശ്‌നമെന്നാണ്. രണ്ടുകാര്യം ചെയ്യാന്‍ കഴിയും ഒന്ന് നിങ്ങളാവശ്യപ്പെടുന്നവിധം ഞാന്‍ പഴയ രൂപത്തിലേക്ക് മടങ്ങുക. മറ്റൊന്ന് അത്തരം പരാതികളുള്ളവര്‍ മോസില്ല ഫയര്‍ഫോക്‌സ്, എക്‌സ്‌പ്ലോറര്‍, ക്രോം, ഓപറ ഇവയുടെ ഏതെങ്കിലും പുതിയ വേര്‍ഷന്‍ ഉപയോഗിക്കുക. ഇവയിലെല്ലാം ശരിയായി വര്‍ക്ക് ചെയ്യുന്നു. ഞാന്‍ മുന്‍ഗണന നല്‍കുന്നത് ഫയര്‍ഫോക്‌സിനാണ് ചിലതില്‍ ഫോണ്ട് പ്രശ്‌നം കാണുന്നു. ചൂണ്ടിക്കാണിച്ചവര്‍ക്ക് നന്ദി.

CKLatheef പറഞ്ഞു...

എട്ടുമാസം മുമ്പ് നല്‍കിയ പോസ്റ്റും അതോടനുബന്ധിച്ച് നടന്ന ചര്‍ചയുമാണ് ഇവിടെ. മുഹമ്മദ് ഷാന്‍ എന്ന് ബ്ലോഗര്‍ സുഹൃത്താണ് ഇവിടെ കാര്യമായി ഇടപെട്ട വ്യക്തി. അദ്ദേഹത്തിനുള്ളതാണ് ഇവിടെ നല്‍കപ്പെട്ട മറുപടികള്‍. എന്നാല്‍ ഇടക്കെപ്പോഴോ അദ്ദേഹം തന്റെ മുഴുവന്‍ കമന്റുകളും പിന്‍വലിച്ചിരിക്കുന്നു. സത്യം ബോധ്യപ്പെട്ടതുകൊണ്ടായിരിക്കാം. അങ്ങനെയല്ലെങ്കില്‍ ചര്‍ച ട്രാക്ക് ചെയ്ത അദ്ദേഹം കാരണം വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. എത് നിലക്കായാലും സത്യം കണ്ടെത്താനും അതില്‍ നിലയുറപ്പിക്കാനും അദ്ദേഹത്തിന് ദൈവം ഉതവി നല്‍കട്ടേ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review