2012, ഫെബ്രുവരി 5, ഞായറാഴ്‌ച

മദീനയിലെ ജൂതരും മുസ്ലിംകളും

പ്രവാചകന്‍ മുഹമ്മദ് നബി മക്കയില്‍ സമാധാനപൂര്‍വകമായ ജീവിതം നയിച്ചത് ശക്തിയില്ലാത്തത് കൊണ്ടാണ് എന്നും എന്നാല്‍ മദീനയിലെത്തിയപ്പോള്‍ പ്രവചാകന്‍ മുഹമ്മദ് നബി യുദ്ധത്തിന്റെ ഭാഷയില്‍ സംസാരിക്കാന്‍ തുടങ്ങിയെന്നും. അങ്ങനെ മദീനയിലെ ജൂതരെ ഉന്‍മൂലനം ചെയ്തുവെന്നും ഇസ്ലാം വിമര്‍ശകരില്‍ ചിലര്‍ തട്ടിവിടുന്നു. ഇസ്ലാമിക ചരിത്രത്തെക്കുറിച്ച ആളുകളുടെ അറിവില്ലായ്മ മുതലെടുത്താണ് ഇത്തരം ആരോപണം ഉന്നിയക്കുന്നത്. വിവാദമായ ബനൂനളീര്‍ സംഭവത്തെ വിശകലനം ചെയ്യുന്നതിന്റെ ഭാഗമായി മറ്റൊരു ബ്ലോഗില്‍ ഞാനിട്ട പോസ്റ്റ് ഇവിടെയും നല്‍കുകയാണ്.  മദീനയില്‍ പ്രവാചകന്‍ എത്തിയത് മുതല്‍ ബനൂനളീര്‍ സംഭവം വരെയുള്ള കാര്യങ്ങള്‍ ലളിതവും ഹൃസ്വവുമായി വിശദീകരിക്കുകയാണ് ഇവിടെ.


മദീനാവാസികള്‍


ക്രിസ്ത്യാനികളായ റോമക്കാരുടെ ആക്രമണത്തില്‍ നിന്നും രക്ഷതേടി മദ്ധ്യധരണ്യാഴിതീരങ്ങളില്‍ ഓടിപ്പോന്നവരായിരുന്നു മദീനയില്‍ കുടിയേറിയ ജൂതസമൂഹം. മദീനയിലെ ഫലപൂയിഷ്ടമായ സ്ഥലങ്ങളില്‍ അവര്‍ താമസമാക്കി. ഇവര്‍ പ്രധാനമായും മൂന്ന് ഗോത്രക്കാരായിരുന്നു. ബനൂ ഖുറൈള, ബനൂ നളീര്‍, ബനൂഖൈനുഖാഅ്. കൃഷി, കച്ചവടം മുതലായ മാര്‍ഗങ്ങളിലൂടെ ഏറെകുറെ പട്ടണവാസികളുടെ ജീവിതമാണ് അവര്‍ നയിച്ചിരുന്നത്. കൃഷിസ്ഥലങ്ങളെല്ലാം ഇവരുടെ കീഴിലായിരുന്നു. യഹൂദര്‍ക്ക് ശേഷം ക്രിസ്താബ്ദം 450 ല്‍ യമനിലുണ്ടായിരുന്ന മഅ്റബ് അണകെട്ടുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് അവിടെ നിന്നും ഔസ് ഖസ്റജ് വിഭാഗവും മദീനയിലെത്തി. ഇവര്‍ക്കുപുറമേ മദീനയുടെ പരിസരപ്രദേശങ്ങളില്‍ ധാരാളം ഗ്രാമീണഅറബിഗോത്രങ്ങളുമുണ്ടായിരുന്നു.

ഔസ്-ഖസ്റജുകാരും ജൂതരും

യമനിലെ അണക്കെട്ടുതകര്‍ന്നപ്പോള്‍ അവിടെ നിന്നും അംറുബ്നു ആമിര്‍ എന്നയാള്‍ തന്റെ കുടുംബവുമായി വടക്കന്‍ പ്രദേശങ്ങളിലേക്ക് പുറപ്പെട്ടു. അംറിന്റെ ഒരു മകനായ ജഫനത്തിന്റെ സന്താനങ്ങള്‍ സിറിയയില്‍ പോയി താമസമാക്കി. ഇവര്‍ക്ക് ആലു ജഫനത്ത് എന്നു ഗസ്സാനികള്‍ എന്നും അറിയപ്പെടുന്നു ഇവര്‍ സ്ഥാപിച്ച രാജവംശത്തിന് ഗസാസിനത്തു രാജവംശംമെന്നും പറയപ്പെടുന്നു.

അംറിന്റെ മറ്റൊരു മകനായ ഹാരിസ് ചെങ്കടല്‍ തീരത്തിനും ഹിജാസ് പര്‍വത നിരക്കുമിടയിലുള്ള തിഹാമയില്‍ താമസമാക്കി.

അംറിന്റെ മൂന്നാമത്തെ പുത്രനായ സഅ്ലബത്തിന്റെ രണ്ടുമക്കളാണ് ഔസും ഖസ്റജും ഇവരാണ് മദീനയില്‍ താമസിച്ചത്. അന്ന് മദീനയിലുണ്ടായിരുന്ന ജൂതഗോത്രങ്ങള്‍ ഔസ് ഖസ്റജ് ഗോത്രങ്ങളെ ഫലഭൂയിഷ്ടമായ ഭൂമിയില്‍ പ്രവേശിക്കാന്‍ അനുവദിച്ചിരുന്നില്ല. കൃഷിയോഗ്യമല്ലാത്ത സ്ഥലങ്ങളില്‍ ജീവിക്കാന്‍ അക്കാരണത്താല്‍ അവര്‍ നിര്‍ബന്ധിതതരായി. സിറിയയിലുള്ള തങ്ങളുടെ സഹോദര ഗ്രോത്രം അവിടെ ഒരു രാജവംശത്തിന് അടിത്തറയിടുകയും സൈനികമായി ശക്തിപ്രാപിക്കുകയും ചെയ്യുന്നത് വരെ ഈ അവസ്ഥ തുടര്‍ന്നു. പിന്നീട് അവര്‍ ഗസ്സാനികളോട് സഹായം തേടുകയും അവര്‍ സൈന്യസമേതം വന്ന് ബലം പ്രയോഗിച്ച് യഹൂദരെ പട്ടണത്തില്‍ നിന്ന് പുറത്താക്കി. നല്ല കൃഷിസ്ഥലങ്ങളെല്ലാം ഔസ് ഖസ്റജുകള്‍ക്ക് അധീനപ്പെടുത്തി കൊടുത്തു. എന്നാല്‍ പിന്നീട് ബനൂഖൈനുഖാഅ് കാലാന്തരത്തില്‍ ഖസ്റജികളുമായി സംഖ്യമുണ്ടാക്കുകയും പട്ടണത്തിന്റെ ഒരു ഭാഗത്ത് താമസിക്കാന്‍ സൌകര്യം നേടിയെടുത്തു. ഇത് കണ്ടപ്പോള്‍ ബനുഖുറൈളയും ബനൂ നളീറും ഔസുമായും സഖ്യമുണ്ടാക്കി ഒരുമിച്ചു ജീവിക്കാന്‍ തുടങ്ങി. ഇതോടെ ഔസും ഖസ്റജും തങ്ങളുടെ സഖ്യകക്ഷികളുമായി ചേര്‍ന്ന് പരസ്പരം യുദ്ധം ചെയ്യുന്ന വിധം ശത്രുത കഠിനമായി 250 വര്‍ഷത്തിനിടയില്‍ അവര്‍ അനേകം യുദ്ധം ചെയ്തു. അതില്‍ 11 എണ്ണം രക്തരൂക്ഷിതമായ യുദ്ധങ്ങളായിരുന്നു. അവസാന യുദ്ധം നടന്നത് പ്രവാചക നിയോഗത്തിന്റെ എട്ടാം വര്‍ഷമായിരുന്നു. ഈ യുദ്ധത്തിനായി ഔസില്‍ പെട്ട ഒരു പറ്റം യുവാക്കള്‍ സഹായം തേടി മക്കയിലെത്തി.

മദീനയില്‍


പ്രവാചകന്‍ അവരെ കാണുകയും ഇസ്ലാമിനെ പരിചയപ്പെടുത്തുകയും ചെയ്തു. അവരില്‍ ഇയാസ് ബിന്‍ മുആദ് ഇസ്ലാം സ്വീകരിച്ചു. അതിനിടെ യുദ്ധം പൊട്ടിപുറപ്പെടുകയും അവരിരുവരുടെയും മിക്കവാറും നേതാക്കളെല്ലാം മരണപ്പെടുകയും ചെയ്തു. പ്രവാചകത്വത്തിന്റെ എട്ടാം വര്‍ഷത്തിലാണ് ബുആസ് യുദ്ധം എന്നറിയപ്പെടുന്ന ഈ രക്തരൂക്ഷിത യുദ്ധം നടന്നത്. ഈ ശത്രുത നിലനിന്നാല്‍ ഇരുഗോത്രവും നാമാവശേഷമാകുമെന്ന് അവരിലെ ബുദ്ധിയുള്ളവര്‍ ചിന്തിക്കാന്‍ തുടങ്ങി. അങ്ങനെയാണ് ഖസ്റജ്നേതാവായ അബ്ദുല്ലാഹിബ്നു ഉബയ്യിനെ നേതാവാക്കാന്‍ ഇരു കക്ഷികളും തീരുമാനിച്ചത്. ഇതിനിടെ ഖസ്റജിലെ ഒരു പറ്റം ആളുകള്‍ ഹജ്ജ് കാലത്ത് മക്കയിലെത്തിയിരുന്നു പ്രവാചകന്‍ അവരെയും സമീപിച്ചു. സംഭാഷണത്തില്‍ ജൂതന്‍മാര്‍ തങ്ങളോട് മുന്നറിയിപ്പ് നല്‍കിയ അതേ പ്രവാചകനാണ് ഇതെന്ന് അവര്‍ മനസ്സിലാക്കി. ബഹുദൈവാരാധകരായ ഔസു-ഖസ്റജുമായി ഭിന്നിക്കുമ്പോള്‍ അവര്‍ സാധാരണ പറയാറുണ്ടായിരുന്നു. അടുത്തുതന്നെ ഒരു പ്രവാചകന്‍ വരും. ഞങ്ങള്‍ അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് നിങ്ങളെ കീഴ്പെടുത്തും. അവര്‍ പ്രതീക്ഷിച്ചിരുന്നത് അവരുടെ കൂട്ടത്തില്‍ നിന്നായിരിക്കും ആ പ്രവാചകന്‍ വരിക എന്നായിരുന്നു. ജൂതന്‍മാരുടെ ഭീഷണി ഓര്‍ത്തുകൊണ്ട് ജൂതന്‍മാര്‍ക്ക് മുമ്പ് പ്രവാചകനെ അംഗീകരിക്കാന്‍ അവര്‍ മുന്നോട്ട് വരികയും ചെയ്തു. എന്നാല്‍ ജൂതന്‍മാര്‍ തങ്ങളുടെ ധാരണതെറ്റിയപ്പോള്‍ പ്രവാചകനെ പിന്‍പറ്റാന്‍ തയ്യാറായില്ല. അസൂയയും താന്‍പോരിമയും ജൂതന്‍മാരെ ഇസ്ലാമിക സന്ദേശം സ്വീകരിക്കുന്നതില്‍ നിന്ന് അകറ്റിനിര്‍ത്തി. അവര്‍ക്കാകട്ടേ ഖുര്‍ആനിന്റെ ഭാഷയില്‍ പറഞ്ഞാല്‍ തങ്ങളുടെ മക്കളെ അറിയുന്ന പോലെ പ്രവാചകനെ അവരുടെ ഗ്രന്ഥങ്ങളില്‍ നിന്ന് അറിയുകയും ചെയ്തിരുന്നു.

പിന്നീടുള്ള വര്‍ഷങ്ങളില്‍ മദീനയില്‍ നിന്ന് ഇസ്ലാം സ്വീകരിച്ച് എത്തിയവര്‍ പ്രവാചകനുമായി നടത്തിയ ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ മുഹമ്മദ് നബി മക്കയില്‍ നിന്ന് മദീനയിലേക്ക് പലായനം ചെയ്തു. നിര്‍ബന്ധിതരായാണ് മുഹമ്മദ് നബിയും അനുചരന്‍മാരും പലായനം ചെയ്തത്. തങ്ങളുടെ സമ്പത്തും സാമഗ്രികളും വ്യാപാരവും മക്കയിലാണ്. മനുഷ്യപ്രകൃതിയില്‍ പെട്ടതാണ് ജ•ഭൂമിയോടുള്ള സ്നേഹം. തങ്ങള്‍ പെറ്റുവീണ, പിച്ചവെച്ചുവളര്‍ന്ന ഭൂമി ആരുടെയും ഹൃദയവികാരമാണ്. പ്രവാചകന്റെ തുടര്‍ന്നുള്ള നടപടികളുടെ യുക്തി യഥാവിധി ഗ്രഹിക്കാന്‍ ഈ കാര്യങ്ങള്‍ ഓര്‍മയില്‍ ഉണ്ടായിരിക്കണം.

മദീനയിലെത്തിയ പ്രവാചകനെ സ്വീകരിക്കാന്‍ വിശ്വാസികളോടൊപ്പം ജൂതന്‍മാരും ഉണ്ടായിരുന്നു. പ്രവാചകന്‍ അങ്ങേഅറ്റത്തെ നയതന്ത്രജ്ഞതയോടെയാണ് പ്രവര്‍ത്തിച്ചത്. ജൂതന്‍മാരുമായി അദ്ദേഹം കരാറിലെത്തി. മദീനയെ ബാഹ്യശക്തികളില്‍ നിന്ന് രക്ഷിക്കുക. മദീനയില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്തുക എന്നിവയായിരുന്നു മുഖ്യലക്ഷ്യം. ആവശ്യഘട്ടങ്ങളില്‍ മുസ്ലിംകളെ സഹായിക്കുമെന്നും, മറ്റേതെങ്കിലും വിഭാഗവുമായി ചേര്‍ന്ന് അവരെ ആക്രമിക്കുയില്ലെന്നും, ജൂതന്‍മാര്‍ക്ക് തങ്ങളുടെ വിശ്വാസവും ആചാരങ്ങളും നിലനിര്‍ത്താനുള്ള അവകാശവുമുണ്ടെന്നും കരാര്‍ ഉറപ്പാക്കി. ഈ കരാറില്‍ ഏര്‍പ്പെടുന്നതിന് ജൂതന്‍മാര്‍ക്ക് ഇതിനപ്പുറം താല്‍പര്യങ്ങളുണ്ടായിരുന്നു. തങ്ങളുടെ വാഗ്ദത്ത ഭൂമിയായ ഫലസ്തീനില്‍ നിന്ന് തങ്ങളെ പുറംതള്ളിയ ക്രൈസ്തവര്‍ക്കെതിരെ മുഹമ്മദ് തങ്ങളെ സഹായിക്കുമെന്ന് അവര്‍ പ്രതീക്ഷിച്ചു. പ്രവാചകനുമായി കരാറിലെത്തിയെങ്കിലും അവര്‍ ഒട്ടും സമാധാനചിത്തരായിരുന്നില്ല. ഇസ്ലാമിന്റെ പ്രചാരം അവരുടെ ഉറക്കം കെടുത്തി. അതിനാല്‍ അവര്‍ നിരന്തരം പ്രവാചകനെ പലവിധത്തിലും ശല്യം ചെയ്തുകൊണ്ടിരുന്നു. പ്രവാചകന്‍ അവരോട് വളരെ മാന്യമായാണ് പെരുമാറിയിരുന്നത്.

പക്ഷേ ദിനംപ്രതി മുസ്ലിംകളോടുള്ള ശത്രുത കടുത്തുവന്നു. യഹൂദര്‍ അങ്ങേഅറ്റം ആദരിക്കുന്ന അവരുടെ പണ്ഡിതന്‍ അബ്ദുല്ലാഹിബ്നു സലാം കുടുംബസഹിതം ഇസ്ലാം സ്വീകരിച്ചത് അവരുടെ ശത്രുത വര്‍ദ്ധിക്കാനിടയാക്കി. ഈ സാഹചര്യത്തിലാണ് അവരുടെ പൂര്‍വകാല ചരിത്രം ദിവ്യബോധനത്തിലൂടെ അല്ലാഹു പ്രവാചകനെ അറിയിച്ചത്. ഇവരുടെ പെരുമാറ്റത്തില്‍ അത്ഭുതപ്പെടേണ്ടതില്ലെന്ന സന്ദേശമാണ് ആ സൂക്തങ്ങള്‍ മൊത്തത്തില്‍ നല്‍കുന്നത്. അതോടൊപ്പം അവരുടെ പൂര്‍വികര്‍ക്ക് അല്ലാഹു ചെയ്തുകൊടുത്ത അനുഗ്രഹങ്ങള്‍ എടുത്തുപറയുന്നു. എപ്പോള്‍ മുതലാണ് അവര്‍ നിന്ദ്യരായതെന്നും. നിഷേധത്തിന് ദൈവത്തിന്റെ ശിക്ഷയെങ്ങനെയാണ് വന്നുപതിക്കുക എന്നൊക്കെ അതില്‍ വിശദീകരിക്കുന്നു.

ഔസ്-ഖസ്റജ് വിഭാഗങ്ങളില്‍ നിന്ന് ഭൂരിഭാഗം പേര്‍ ഇസ്ലാം സ്വീകരിച്ചിരുന്നെങ്കിലും അവര്‍ നേതാവാക്കാന്‍ തീരുമാനിച്ചിരുന്ന അബ്ദുല്ലാഹിബ്നു ഉബയ്യും അദ്ദേഹത്തിന്റെ കൂടെ ഒരു സംഘവും ബാഹ്യമായി ഇസ്ലാം സ്വീകരിക്കുകയും കപടന്‍മാരായി നിലകൊള്ളുകയും ചെയ്തു. ഇവര്‍ കാര്യമായി പരിശ്രമിച്ചത് ഇസ്ലാമിനെ ഉള്ളില്‍ നിന്ന് തുരങ്കം വെക്കുവാനാണ്. പുറമെ അവര്‍ അതിനായി ജൂതന്‍മാരെയും കൂട്ടുപിടിച്ചു. അതിനിടെ മക്കക്കാര്‍ മദീനയിലുള്ള ഇസ്ലാമിക ഭരണകൂടത്തെ നശിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചു. ഇസ്ലാം മദീനയില്‍ ശക്തിപ്രാപിക്കുന്നത് തങ്ങളുടെ കച്ചവടതാല്‍പര്യങ്ങളെ ബാധിക്കുമെന്നവര്‍ കണക്കുകൂട്ടി. പ്രവാചകന്‍ സ്വീകരിച്ച ചില തന്ത്രപരമായ നടപടികള്‍ അവരുടെ ഈ ധാരണയെ ശക്തിപ്പെടുത്തി. അവരുടെ വ്യാപാരമാര്‍ഗങ്ങളിലേക്ക് ചെറിയ സംഘങ്ങളെ അയച്ച് നാശനഷ്ടങ്ങളേല്‍പിച്ചു. കൊള്ളയോ യുദ്ധമോ ആയിരുന്നില്ല ഈ സംഘങ്ങളുടെ ആദ്യന്തിക ലക്ഷ്യം. മുസ്ലിംകളുമായി ഒരു ധാരണക്ക് പ്രേരിപ്പിക്കുക എന്നതായിരുന്നു. ഖുറൈശികള്‍ പക്ഷേ ഇവയെ ഒരു യുദ്ധ പ്രഖ്യാപനമായി കാണുകയും മുസ്ലികളെ നശിപ്പിക്കാന്‍ ഒരുങ്ങിപുറപ്പെടുകയും ചെയ്തു. ഇവരോടൊപ്പം ഒളിഞ്ഞുംതെളിഞ്ഞും മദീനയിലെ ജൂതന്‍മാരും പങ്കാളികളായി. കരാറിന്റെ വ്യക്തമായ ലംഘനമായിരുന്നു അത്. ഒരു വിഭാഗത്തില്‍ നിന്ന് വിശ്വാസവഞ്ചന (കരാര്‍ ലംഘനം) ഭയപ്പെട്ടാല്‍ അവരുടെ കരാര്‍ അവരിലേക്കിട്ടുകൊടുക്കുക. വഞ്ചകരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല (അന്‍ഫാല്‍ 58) എന്ന ഖുര്‍ആന്‍ സൂക്തത്തിന്റെ അടിസ്ഥാനത്തില്‍ അവരുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ പ്രവാചകന്‍ നിര്‍ബന്ധിതനായി. തുടര്‍ന്നുള്ള യുദ്ധങ്ങളില്‍ ജൂതന്‍മാരും കപടവിശ്വാസികളും ഇസ്ലാമിനെതിരില്‍ അവരവരുടേതായ പങ്ക് വഹിച്ചു.

(തുടരും... )

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review