2012, ഫെബ്രുവരി 13, തിങ്കളാഴ്‌ച

എന്താണ് ബനൂഖൈറൈളിയില്‍ സംഭവിച്ചത് ?

യുദ്ധം നടക്കാതെ പോയതില്‍ ശൈത്യകാലത്തിന്റെ പങ്ക് ചെറുതായിരുന്നില്ല. ശൈത്യകാലം കഴിയുമ്പോള്‍ ജൂതന്‍മാര്‍ക്ക് ഈ സംഖ്യകക്ഷികളെ വീണ്ടും ഒരുമിച്ചുകൂട്ടുക എളുപ്പമായിരുന്നു. ശത്രുക്കള്‍ അല്‍പം ഇഛാഭംഗത്തോടെ പിരിഞ്ഞുപോയതാണ്. അവരിലെ നേതാക്കള്‍ക്ക് പ്രതികാരദാഹം വര്‍ദ്ധിക്കുയല്ലാതെ അല്‍പം പോലും കുറവ് വരാനുള്ള ഒരു സാധ്യതയും ഉണ്ടായിരുന്നില്ല. മുസ്‌ലിംകളെ ഉന്‍മൂലനാശം വരുത്തുന്ന കാര്യത്തില്‍ ഇതോടെ ജൂതസഖ്യം ഒറ്റക്കെട്ടായി മാറിയിരിക്കുന്നു. അവര്‍ അതിനുള്ള തയ്യാറെടുപ്പുമായി തന്നെ മുന്നോട്ട് പോകാനുള്ള നല്ല സാധ്യതയും ഉണ്ടായിരുന്നു. ഇത്തരം ഒരു സന്നിഗ്ദ സന്ദര്‍ഭത്തില്‍ യുക്തിമാനായ ഒരു നേതാവ് എടുക്കുന്ന തീരുമാനം എന്തായിരിക്കും. തന്നെ വിശ്വസിച്ച് പിന്നില്‍ അണിനിരന്ന അനുയായികളെ ശത്രുക്കളുടെ മുന്നിലേക്ക് വിട്ടുകൊടുക്കുമോ. അതോ അത്തരം ഒരു ഭീഷണിയില്‍ നിന്ന് അവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുമോ. യുക്തിവാദികള്‍ ഞങ്ങളോട് പറയുന്നു പ്രവാചകന്‍ അവരുടെ വാക്കുകള്‍ കേട്ട് നളീര്‍ ഗോത്രം എന്ത് ആപത്തിന് കൂട്ടുനിന്നുവോ അതുപോലെ അവരുടെ സമ്പത്ത് വാരിക്കൂട്ടി മറ്റൊരു സ്ഥലത്തേക്ക് പോകാന്‍ അവരെ അനുവദിക്കണമായിരുന്നു എന്ന്. സംഭവിച്ചതെന്തെന്ന് നോക്കാം. ശേഷമുള്ള സംഭവം മൗലാനാ മൗദൂദി വിവരിക്കട്ടേ.

'നബി(സ) കിടങ്ങില്‍നിന്ന് മടങ്ങി വീട്ടിലെത്തിയ ളുഹര്‍ സമയത്ത് ജിബ്‌രീല്‍ ആഗതനായി ഇപ്രകാരം വിധിയറിയിച്ചു: 'ഇപ്പോഴും ആയുധം വെക്കാറായിട്ടില്ല. ബനൂ ഖുറൈളയുടെ പ്രശ്‌നം ബാക്കിനില്‍ക്കുന്നു. അവരുടെ കാര്യം ഇപ്പോള്‍ തന്നെ തീര്‍ക്കേണ്ടിയിരിക്കുന്നു.' ഈ വിധി കേട്ട ഉടനെ നബി(സ) പ്രഖ്യാപിച്ചു: 'കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തുകൊണ്ട് നിലകൊള്ളുന്നവരാരും ബനൂ ഖുറൈളയുടെ പ്രദേശത്തെത്താതെ അസ്വര്‍ നമസ്‌കരിക്കരുത്.' ഈ പ്രഖ്യാപനത്തോടൊപ്പം ഹ: അലിയെ ഒരു കൊടിയുമായി പടയുടെ മുന്നോടിയെന്ന നിലയില്‍ ബനൂ ഖുറൈളയിലേക്കയക്കുകയും ചെയ്തു. അദ്ദേഹം അവിടെ എത്തിയപ്പോള്‍ ജൂതന്മാര്‍ കോട്ടകളില്‍ കയറി നബി(സ)യെയും മുസ്‌ലിംകളെയും ഭര്‍ത്സിച്ചുകൊണ്ടിരുന്നു. പക്ഷേ, ഈ പുലഭ്യംപറച്ചിലുണ്ടോ അവര്‍ ചെയ്ത വന്‍ കുറ്റത്തിന്റെ ദുഷ്ഫലത്തില്‍നിന്ന് അവരെ രക്ഷിക്കുന്നു! യുദ്ധസമയത്തുതന്നെ അവര്‍ കരാര്‍ ലംഘിച്ചു. ശത്രുക്കളുമായി ചേര്‍ന്ന് മദീനയിലെ ജനങ്ങളെ മുഴുവന്‍ അപകടത്തിലകപ്പെടുത്തി. അലിയുടെ പതാക കണ്ട് അതൊരു ഭീഷണി മാത്രമാണെന്നാണ് അവര്‍ കരുതിയത്. എന്നാല്‍, തുടര്‍ന്ന് നബി(സ)യുടെ നേതൃത്വത്തില്‍ മുസ്‌ലിം ഭടന്‍മാര്‍ മുഴുക്കെ അവിടെ എത്തിച്ചേരുകയും ആ പ്രദേശത്തെ ഉപരോധിക്കുകയും ചെയ്തു. ഇതവരെ ആശങ്കാകുലരാക്കി. രണ്ടുമൂന്നാഴ്ചകളിലധികം ഉപരോധത്തെ അതിജീവിക്കാന്‍ അവര്‍ക്കായില്ല. ഒടുവില്‍ ഔസ് ഗോത്രത്തിന്റെ നായകനായ സഅ്ദുബ്‌നുമുആദ് അവരെ സംബന്ധിച്ചെടുക്കുന്ന ഏതു തീരുമാനവും ഇരുകക്ഷികള്‍ക്കും സ്വീകാര്യമായിരിക്കും എന്ന വ്യവസ്ഥയില്‍ അവര്‍ നബി(സ)യുടെ മുമ്പില്‍ കീഴടങ്ങി. അവര്‍ സഅ്ദിനെ (റ) വിധികര്‍ത്താവാക്കിയത് ഈ പ്രതീക്ഷയോടു കൂടിയായിരുന്നു: ജാഹിലിയ്യാ കാലത്ത് ബനൂ ഖുറൈളയും ഔസ് ഗോത്രവും തമ്മില്‍ ദീര്‍ഘകാലം സന്ധികളുണ്ടായിരുന്നു. അദ്ദേഹം അത് പരിഗണിക്കും. അതുകൊണ്ട് ഖൈനുഖാഅ്-നളീര്‍ ഗോത്രങ്ങളെ ചെയ്തതുപോലെ തങ്ങളെയും നാടുകടത്തും. ഔസ് ഗോത്രത്തിലെ അംഗങ്ങള്‍തന്നെയും തങ്ങളുടെ പഴയ സഖ്യക്കാരായിരുന്ന ബനൂ ഖുറൈളയോട് ദാക്ഷിണ്യം കാണിക്കണമെന്ന് സഅ്ദിനോട് (റ) ശിപാര്‍ശ ചെയ്തിട്ടുമുണ്ടായിരുന്നു. പക്ഷേ, സഅ്ദ് (റ) സ്ഥിതിഗതികള്‍ നന്നായി പഠിച്ചു. മുമ്പ് നാടുവിട്ടു പോകാന്‍ അവസരം നല്‍കിയ ജൂതഗോത്രങ്ങള്‍ പിന്നീട് ചുറ്റുമുള്ള ഗോത്രങ്ങളെയെല്ലാം ചേര്‍ത്ത് പത്തുപന്തീരായിരം വരുന്ന സൈന്യങ്ങളുമായി മദീനയെ ആക്രമിച്ച കാര്യം അദ്ദേഹം സഗൗരവം വീക്ഷിച്ചു. അവശേഷിച്ച അവസാനത്തെ ജൂതഗോത്രവും വിദേശാക്രമണത്തിന്റെ പ്രതിസന്ധിഘട്ടത്തില്‍ മദീനയെയും മദീനാവാസികളെയും നശിപ്പിക്കാനുള്ള ഉപകരണമായിത്തീര്‍ന്ന യാഥാര്‍ഥ്യം അദ്ദേഹത്തിന്റെ മുമ്പിലുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹം വിധിച്ചു: 'ബനൂ ഖുറൈളയിലെ പുരുഷന്മാരെയെല്ലാം വധിക്കുകയും സ്ത്രീകളെയും കുട്ടികളെയും തടവുകാരാക്കുകയും ചെയ്യുക. അവരുടെ സ്വത്തുക്കള്‍ മുസ്‌ലിംകള്‍ വീതിച്ചെടുക്കുക!' ഈ തീരുമാനം നടപ്പാക്കപ്പെട്ടു. ബനൂ ഖുറൈളയുടെ കോട്ടകളില്‍ കടന്ന മുസ്‌ലിംകള്‍ ആ വഞ്ചകര്‍ അഹ്‌സാബ് യുദ്ധത്തില്‍ പങ്കെടുക്കുവാന്‍ സജ്ജീകരിച്ചുവെച്ച 1500 വാളുകളും 300 പടയങ്കികളും 2000 കുന്തങ്ങളും 1500 പരിചകളും കണ്ടെടുക്കുകയുണ്ടായി. മുസ്‌ലിംകള്‍ക്ക് അല്ലാഹുവിന്റെ പിന്‍ബലം ലഭിച്ചില്ലായിരുന്നുവെങ്കില്‍ ഈ യുദ്ധസാമഗ്രികളത്രയും സഖ്യകക്ഷികള്‍ കിടങ്ങുകടന്ന് പോരാടാന്‍ ഒരുമ്പെടുന്ന അതേ സമയത്തുതന്നെ മദീനയെ പിന്നില്‍നിന്ന് ആക്രമിക്കാന്‍ ഉപയോഗിക്കപ്പെടുമായിരുന്നു. ഹ: സഅ്ദ് (റ) അവരുടെ കാര്യത്തിലെടുത്ത തീരുമാനം ന്യായമായിരുന്നുവെന്നതില്‍, ഈ വസ്തുത വെളിപ്പെട്ടശേഷം യാതൊരു സംശയത്തിനും പഴുതില്ല.'

ഖുറൈളഗോത്രത്തിനെതിരായ നടപടിയുടെ സംക്ഷിപ്തരൂപമാണിത്. പ്രസ്തുത സന്ദര്‍ഭത്തില്‍ അവര്‍ക്കിടയില്‍ നടന്ന ചര്‍ച്ച എപ്രകാരമായിരിക്കുമെന്ന് ഊഹിക്കാവുന്നതാണ്. ചരിത്രകാരന്‍മാര്‍ ഹൃദയസ്പൃക്കായ രീതിയില്‍ അവ വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ അത് അപ്രതീക്ഷമായിരുന്നു എന്ന് അതിനുപിന്നിലുള്ള ചരിത്രം വായിക്കുന്ന ആരും പറയില്ല. ഖുറൈള സംഭവം തനതായ രൂപത്തില്‍ അവര്‍ ഉദ്ധരിച്ചിരുന്നുവെങ്കില്‍ സമ്മതിക്കാമായിരുന്നു. അതിലും ധാരാളം തെറ്റിദ്ധരിപ്പിക്കുന്ന അവ്യക്തതകള്‍ അവര്‍ വരുത്തിയിട്ടുണ്ട്. ഏതൊക്കെയെന്ന് പിന്നീട് നമ്മുക്ക് പരിശോധിക്കാം. ഖുറൈളക്കാരുടെ മനസ്സുമായി ഇസ്‌ലാമിനെതിരെ പൊരുതുന്നവരില്‍ നിന്ന് ഇതല്ലാതെ നാമെന്താണ് പ്രതീക്ഷിക്കുന്നത്. ഈ സംഭവത്തെ പ്രവാചകന്റെ ക്രൂരതക്കും കൊള്ളക്കും മാത്രകയാക്കുന്നവരുടെ തൊലിക്കട്ടി അപാരമാണെന്ന് പറയാതിരിക്കാനാവില്ല. പ്രവാചകനെ വാളുമായി നേരിട്ടവരെ അതേപോലെ തന്നെ പ്രവാചകന്‍ പ്രതിരോധിച്ചു. ആക്ഷേപഹാസ്യകവിതയിലൂടെ പ്രവാചകനെ ആക്ഷേപിച്ചപ്പോള്‍ അതേ മാര്‍ഗത്തിലൂടെ അഥവാ കവിതയിലൂടെ അവരെ പ്രതിരോധിക്കാന്‍ ഹസ്സാനുബ്‌നുസാബിത്തിനെ പ്രവാചകന്‍ ഏല്‍പിച്ചു.

അഹ്‌സാബ് യുദ്ധം ശത്രുക്കള്‍ ഉദ്ദേശിച്ചവിധം നടക്കാതെ പോയതിന് മുഖ്യകാരണം മുസ്‌ലിംകളില്‍ രണ്ടേരണ്ടു വ്യക്തികളുടെ സമയോജിതമായ ഇടപെടലായിരുന്നു എന്ന് നാം മനസ്സിലാക്കുന്നു. പേര്‍ഷ്യക്കാരനായ സല്‍മാനുല്‍ ഫാരിസി, അശ്ജഅ് ഗോത്രക്കാരനായ നഊമുബ്‌നു മസ്ഊദ്. പ്രവാചകന്‍ അവരുടെ അഭിപ്രായങ്ങള്‍ അംഗീകരിക്കുകയും അതിനവരെ സഹായിക്കുകയും ചെയ്തു. യുക്തിവാദികള്‍ ആഗ്രഹിക്കുന്നതും പ്രചരിപ്പിക്കുന്നതും പ്രവാചകന്റെ ആകെയുള്ള ആയുധം വാളായിരുന്നു എന്ന് വരുത്തിതീര്‍ക്കാനാണ്. ഇവിടെ ഇസ്‌ലാമിന്റെ ശത്രുക്കള്‍ എന്ന് പറയുമ്പോള്‍ ബിംബാരാധകരാണെന്നും അവര്‍ ചെയ്ത ആകെയുള്ള തെറ്റ് ഇസ്‌ലാം ആവശ്യപ്പെടുന്ന ഏകദൈവത്വം അംഗീകരിക്കാത്തതാണെന്നും ബ്ലോഗ് വായനക്കാരില്‍ വലിയ ഒരു വിഭാഗം വിശ്വസിക്കുന്നു. ഇസ്‌ലാമിനെ ഒരു സമഗ്രജീവിത പദ്ധതിയായി അവതരിപ്പിക്കുന്നത് ഏതാനും ചിലഗ്രൂപ്പുകളാണെന്നും അവര്‍ തെറ്റായി മനസ്സിലാക്കിയിരിക്കുന്നു. അതിനാല്‍ പ്രവാചകന്‍ യുദ്ധം നയിച്ചിട്ടുണ്ടെങ്കില്‍ അത് മതത്തില്‍ ചേര്‍ക്കാനല്ലെങ്കില്‍ പിന്നെ എന്തിന് എന്നാണ് അവര്‍ യുക്തിമാന്‍മാരെപ്പോലെ ചോദിക്കുന്നത്. പ്രവാചകനെ പൂര്‍ണമായി മനസ്സിലാക്കണമെങ്കില്‍ അദ്ദേഹം ഒരു അറബി ഗോത്രനേതാവ് എന്ന നിലയില്‍ കണ്ടാല്‍ മതിയാവില്ല. മറിച്ച് മുഹമ്മദ് നബിയെക്കുറിച്ച്, ജനങ്ങള്‍ക്ക് ദൈവികദര്‍ശനം നല്‍കാന്‍ വന്ന ലോകത്തിന് കാരുണ്യമായ പ്രവാചകന്‍ എന്നുതന്നെ അറിയാന്‍ കഴിയണം.

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review