2012, ഫെബ്രുവരി 13, തിങ്കളാഴ്‌ച

മുഹമ്മദ് നബി ദൈവദൂതനോ സാധാരണ മനുഷ്യനോ ?

മുഹമ്മദ് നബി പ്രവാചകനോ അതല്ല കവലം ഒരു ചരിത്ര പുരുഷന്‍മാത്രമോ എന്ന ചോദ്യത്തിന് നാം ഉത്തരം കാണേണ്ടതുണ്ട്. കേവല ചരിത്ര പാരായണം കൊണ്ട് അദ്ദേഹം പ്രവാചകനാണോ എന്ന് നമ്മുക്ക് ഉറപ്പിക്കാനാവുന്ന അറിവ് ലഭിക്കുകയില്ല. അതിന് പ്രത്യേകമായി നമ്മുടെ യുക്തിയും മുന്നറിവുകളും ഉപയോഗപ്പെടുത്തേണ്ടതുണ്ട്. പ്രവാചകന്‍ എന്നുപയോഗിച്ചത് ദൈവദൂതന്‍ എന്ന അര്‍ഥത്തിലാണ്. അഥവാ മനുഷ്യര്‍ക്ക് ദൈവിക സന്ദേശം അറിയിച്ചു തന്നെ ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട മനുഷ്യവ്യക്തി.

1400 നൂറ്റാണ് മുമ്പ് മക്കയില്‍ ജീവിച്ച ഒരു വ്യക്തിയായിരുന്നു മുഹമ്മദ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഇല്ലാത്തവിധം ചരിത്രത്തില്‍ അദ്ദേഹം അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു. മാത്രമല്ല  ചരിത്രത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ മനുഷ്യവ്യക്തിത്വം ആര് എന്ന ചോദ്യത്തിനും സത്യസന്ധമായ മറുപടി മുഹമ്മദ് എന്നാണ്.  എന്നാല്‍ എന്താണ് അദ്ദേഹം നിര്‍വഹിച്ച ദൌത്യം. എന്തായിരുന്നു അദ്ദേഹത്തിന്റെ നിയോഗ ലക്ഷ്യം എന്നതിനെ മനസ്സിലാക്കുന്നതില്‍ ആളുകള്‍ രണ്ട് പക്ഷമാണ്. ഒരു വിഭാഗം അദ്ദേഹം പറഞ്ഞത് അംഗീകരിച്ച് അദ്ദേഹത്തെ വിലയിരുത്തി ഉത്തരം കണ്ടെത്തിയവരാണ്. മറ്റൊരു വിഭാഗം അദ്ദേഹം പറഞ്ഞതിനെ മുഖവിലക്കെടുക്കാതെ അദ്ദേഹത്തെക്കുറിച്ചുള്ള അഭിപ്രായം സ്വരൂപിച്ചവരാണ്. ഇത് രണ്ടും ഒരേ സമയം ശരിയായിരിക്കുകയില്ല. ഒരു കൂട്ടരുടെ നിലപാട് കൂടുതല്‍ ശരിയോട് അടുത്ത് നില്‍ക്കുന്നുണ്ട്. 

ഒരാള്‍ താന്‍ പ്രവാചകനാണ് എന്ന് അവകാശപ്പെടുമ്പോഴേക്ക് അയാളെ പ്രവാചകനായി വിശ്വസിക്കേണമോ. എങ്കില്‍ മനുഷ്യബുദ്ധിക്ക് എന്ത് സ്ഥാനം.? വിശ്വാസകാര്യങ്ങളില്‍ മനുഷ്യബുദ്ധിക്ക് സ്ഥാനമില്ലേ. യുക്തി ഉപയോഗിച്ചാല്‍ മുഹമ്മദ് നബി പ്രവാചകനാണ് എന്ന് മനസ്സിലാക്കാന്‍ ആവശ്യമായ തെളിവ് ലഭിക്കുമോ?. മുഹമ്മദ് നബിയുടെ പ്രവാചകത്വം അംഗീകരിക്കാതിരിക്കുന്നവര്‍ എല്ലാ സാധ്യകളും പരിഗണിച്ചിട്ടുണ്ടോ? ഒന്നുകില്‍ മുഹമദ് നബി തന്നെക്കുറിച്ച് അവകാശപ്പെട്ടത് സത്യം. അല്ലെങ്കില്‍ തന്നെക്കുറിച്ച് പറഞ്ഞത് കളവ്. ഇതല്ലാത്ത മറ്റൊരു സാധ്യത ഉണ്ടോ?. അദ്ദേഹം അവകാശപ്പെട്ടത് സത്യമെങ്കില്‍ അതിനെ കളവാക്കിയവരുടെ അവസ്ഥയും വളരെ പ്രയാസകരമാവില്ലേ?.

എങ്ങനെ ഒരു പ്രവാചകനെ തിരിച്ചറിയാം എന്ന് നമ്മുക്ക് ആദ്യം പരിശോധിക്കാം..

'കാവ്യപ്രതിഭയുള്ള ഒരാളുടെ സംസാരം കേട്ടാല്‍ അതയാളുടെ ജന്‍മസിദ്ധമായ കഴിവാണെന്ന് മനസ്സിലാകും. എത്ര തന്നെ ശ്രമിച്ചാലും അയാളുടേത് പോലുള്ള കവിത രചിക്കുവാന്‍ മറ്റുള്ളവര്‍ക്കാവില്ല. അതുപോലെ പ്രസംഗം, എഴുത്ത്, ശാസ്ത്രീയ ഗവേഷണം തുടങ്ങിയ കാര്യങ്ങളില്‍ ജന്‍മവാസനയുള്ളവരെയും അവരുടെ പ്രവൃത്തികളുടെ സവിശേഷതകളില്‍നിന്ന് തിരിച്ചറിയാം. കാരണം, അവര്‍ സ്വന്തം ജോലികളില്‍ അനന്യസാധാരണമായ യോഗ്യത തെളിയിച്ചിരിക്കും. ഇതുപോലെയാണ് പ്രവാചകനും.

1. അന്യര്‍ക്ക് ഊഹിക്കാന്‍പോലും കഴിയാത്ത കാര്യങ്ങള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ നിഷ്പ്രയാസം തെളിയും.
അന്യരുടെ ദൃഷ്ടിയില്‍പെടാത്ത സൂക്ഷ്മമായ സംഗതികളില്‍ ദൃഷ്ടികള്‍ പതിയും.

2. അദ്ദേഹം പറയുന്ന കാര്യങ്ങള്‍ നമ്മുടെ ബുദ്ധി അംഗീകരിക്കും. എന്നല്ല, അതാണ് ശരിയെന്ന് ബുദ്ധി സാക്ഷ്യപ്പെടുത്തും.

3.
അദ്ദേഹത്തിന്റെ ഓരോ വാക്കിന്റെയും സത്യാവസ്ഥ ദൈനംദിനാനുഭവങ്ങളും പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളും വഴി തെളിഞ്ഞുകൊണ്ടേയിരിക്കും. എന്നാല്‍ , എത്ര ശ്രമിച്ചാലും അത്തരം ഒരു വാക്കുപോലും നമുക്ക് പറയാനാവില്ല.

4. അദ്ദേഹത്തിന്റെ പ്രകൃതി പരിശുദ്ധമായിരിക്കും. തന്‍മൂലം സകല ഏര്‍പ്പാടുകളിലും ഋജുവും ശ്രേഷ്ഠവും സംശയരഹിതവുമായ മാര്‍ഗങ്ങളേ കൈക്കൊള്ളൂ. ചീത്ത വാക്കോ ദുഷ്പ്രവൃത്തിയോ അദ്ദേഹത്തില്‍നിന്നൊരിക്കലും പുറത്തുവരില്ല. സത്യവും സല്‍ക്കര്‍മങ്ങളും മറ്റുള്ളവരോടുപദേശിക്കുന്നതോടൊപ്പം സ്വയം പ്രാവര്‍ത്തികമാക്കുകയും ചെയ്യും. 


5. വാക്കിനെതിരായി പ്രവര്‍ത്തിച്ചതിന് ഉദാഹരണങ്ങള്‍ കാണില്ല, അദ്ദേഹത്തിന്റെ ജീവിതത്തില്‍; വാക്കിലോ പ്രവൃത്തിയിലോ സ്വാര്‍ഥതയുടെ നിഴലാട്ടംപോലും ദൃശ്യമാവില്ല. അന്യജീവന്നുതകുവാന്‍ സ്വജീവിതത്തിലദ്ദേഹം കഷ്ടനഷ്ടങ്ങള്‍ സഹിക്കും. മാത്രമല്ല, സ്വന്തം ഗുണത്തിനായി അന്യര്‍ക്ക് ഹാനിവരുത്തുകയുമില്ല.

6. സത്യസന്ധത, ശ്രേഷ്ഠചിന്ത, സന്‍മാര്‍ഗനിഷ്ഠ, പരിശുദ്ധി തുടങ്ങിയ ഉല്‍കൃഷ്ടഗുണങ്ങള്‍ക്ക് മാതൃകയായിരിക്കുമദ്ദേഹം. എത്ര തന്നെ പരിശോധിച്ചാലും അദ്ദേഹത്തിന്റെ ജീവിതത്തിലൊരു ന്യൂനത കണ്ടുപിടിക്കുക അസാധ്യമായിരിക്കും.


പ്രവാചകനെ തിരിച്ചറിയുവാന്‍ സഹായിക്കുന്ന സംഗതികളാണിവ.'
(ഇസ്ലാം  എന്ന പുസ്തകത്തില്‍നിന്ന് )

ഈ കാര്യങ്ങള്‍ വായിച്ചുകഴിഞ്ഞപ്പോള്‍ ഒരു ബ്ലോഗര്‍ സുഹൃത്തിനുണ്ടായ സംശയവും അതിന് ഞാന്‍ നല്‍കിയ മറുപടികളും സംക്ഷിപ്തമായി ഇവിടെ നല്‍ക്കുന്നു.

ഈ വിശേഷണങ്ങളുള്ള വ്യക്തികള്‍ പ്രവാചകന്‍മാരാണ് എന്നാണോ പറഞ്ഞുവരുന്നത് അങ്ങനെയെങ്കില്‍ ഈ ഗുണങ്ങള്‍ ഒത്തുവരുന്ന ചില ചരിത്രപുരുഷന്‍മാര്‍ പ്രവാചകന്‍മാരാണ് എന്ന് നമ്മുക്ക് പറയാമോ? ഉദാഹരണം ഗാന്ധിജി..

ആദ്യമായി പരിഗണിക്കേണ്ടത് ഏതൊരു മഹാനും തന്നെക്കുറിച്ച് എന്ത് അവകാശപ്പെട്ടുവെന്നാണ്. പ്രവാചകത്വം എന്നത് മനുഷ്യര്‍ ഒരു വ്യക്തിയില്‍ അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല ഒരു മഹാനായ മനുഷ്യന്‍റെ നന്മകളെ പിന്തുടരാന്‍ അദ്ദേഹത്തെ പ്രവാചകനായി അംഗീകരിച്ചതിന് ശേഷമേ സാധിക്കൂ എന്നുമില്ല. ചരിത്രത്തില്‍ കഴിഞ്ഞ് പോയ പ്രവാചകന്‍മാരെല്ലാം അവരുടെ പ്രവാചകത്വം സ്വയം വാദിച്ചവരാണ്. അത് പരിശോധിച്ച് സത്യമെന്ന് ബോധ്യപ്പെട്ടവരാണ് അദ്ദേഹത്തിന്റെ അനുയായികള്‍ . അനുയായികള്‍ വാദം അംഗീകരിക്കുന്നവരാണ്, സ്വീകരിക്കുന്നവരാണ്. അല്ലാതെ വാദം നേതാവില്‍ അടിച്ചേല്‍പിക്കുന്നവരല്ല. ഈ പോയിന്റില്‍നിന്നാണ് നാം പരിശോധന ആരംഭിക്കുന്നത്.

ചുരുക്കത്തില്‍, ഒരാള്‍ ദൈവത്തിന്റെ ദൂതനായി നിയോഗിക്കപ്പെടുമ്പോള്‍ അദ്ദേഹം ആദ്യമായി പ്രഖ്യാപിക്കുന്നത്. അല്ലെങ്കില്‍ ആദ്യപ്രഖ്യാപനത്തോടൊപ്പം ചേര്‍ക്കുന്നത്. താന്‍ ദൈവത്തിന്റെ ദൂതനാണ് എന്നായിരിക്കും.  മറ്റൊരു സാധ്യത ഒരാള്‍ താന്‍ ദൈവദൂതനാണെന്ന് തെറ്റായ അവകാശവാദമുന്നയിക്കാനുള്ളതാണ്. ഇവിടെ അദ്ദേഹത്തിന്റെ വാക്കും പ്രവര്‍ത്തിയും യോജിച്ചുവരുന്നെങ്കില്‍ അദ്ദേഹം പ്രവാചകനാണെന്ന കാര്യത്തില്‍ പിന്നീട് സംശയിക്കേണ്ട ആവശ്യമെന്ത്?. ഇത് പൊതുവായി പ്രവാചകത്വ സ്ഥരീകരണവുമായി ബന്ധപ്പെട്ടതാണ്.

അതേ സമയം നമ്മുടെ മുമ്പിലുള്ള പ്രശ്‌നം. മുഹമ്മദ് നബിയുടെ പ്രവാചകത്വമാണ്. അദ്ദേഹം ഈ മാനദണ്ഡമനുസരിച്ച് പ്രവാചകനാണോ അല്ലേ എന്ന് പരിശോധിക്കാന്‍ മനുഷ്യരിലോരോരുത്തര്‍ക്കും ബാധ്യതയുണ്ട്. കാരണം അദ്ദേഹം അഭിസംബോധനചെയ്തത് മുഴുവന്‍ മനുഷ്യരെയുമാണ്. ഞാന്‍ നിങ്ങളിലെല്ലാവരിലേക്കുമുള്ള ദൈവത്തിന്റെ ദൂതനാണ് എന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹം മനുഷ്യര്‍ക്കാവശ്യമുള്ള ദൈവത്തിന്റെ നിയമനിര്‍ദ്ദേശങ്ങളും രാഷ്ട്രീയ-സാംസ്‌കാരിക-നാഗരിക-ധാര്‍മികവ്യവസ്ഥകളുമായി ആഗതനായി. അദ്ദേഹത്തെ കണ്ടെത്താനും അതംഗീകരിക്കാനും കഴിഞ്ഞവര്‍ ദൈവനിയമം അനുസരിക്കുന്നവര്‍ എന്ന അര്‍ഥത്തില്‍ മുസ്്‌ലിംകള്‍ എന്ന് വിളിക്കപ്പെട്ടു. ചിലര്‍ ബോധ്യമായതിന് ശേഷവും തള്ളിക്കളഞ്ഞു. ചിലരാകട്ടെ അദ്ദേഹത്തിന്റെ വിളി കണ്ടില്ലെന്ന് നടിച്ചു, ദൈവമവര്‍ക്ക് സത്യബോധനം സ്വീകരിക്കാനാവശ്യമായ ബുദ്ധിയെ അവര്‍ ഉപയോഗപ്പെടുത്തിയില്ല. വേണ്ടവിധം അദ്ദേഹം പ്രബോധനം ചെയ്യപ്പെടാത്തതിനാല്‍ ചിലര്‍ അദ്ദേഹത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണയിലകപ്പെട്ടു.

ഏതായാലും നാം നമ്മുടെ മനസ്സാക്ഷിക്ക് നിരക്കുന്ന ഒരു മറുപടി കണ്ടെത്തേണ്ടതുണ്ട്. മുഹമ്മദ് നബിയുടെ പ്രവാചകത്വം അംഗീകരിക്കാനോ നിരാകരിക്കാനോ മാത്രം നാം പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് പഠിച്ചിട്ടുണ്ടോ?.

30 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ഏതായാലും നാം നമ്മുടെ മനസ്സാക്ഷിക്ക് നിരക്കുന്ന ഒരു മറുപടി കണ്ടെത്തേണ്ടതുണ്ട്. മുഹമ്മദ് നബിയുടെ പ്രവാചകത്വം അംഗീകരിക്കാനോ നിരാകരിക്കാനോ മാത്രം നാം പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് പഠിച്ചിട്ടുണ്ടോ?.

അജ്ഞാതന്‍ പറഞ്ഞു...

ലത്തീഫ്‌ ഈ പോസ്റ്റു കൊണ്ടു എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല. മുഹമ്മദ് നബി യഥാര്‍ത്ഥ പ്രവാചകന്‍ (മനുഷ്യര്‍ക്ക് ദൈവിക സന്ദേശം അറിയിച്ചു തന്ന ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട മനുഷ്യവ്യക്തി) ആണെന്നതിന് സംശയാലുവായ ഒരുത്തനും വിശ്വാസ യോഗ്യമായ തെളിവുകള്‍ ഈ പോസ്റ്റില്‍ ഇല്ല. (വിശ്വാസികള്‍ക്ക് തെളിവൊന്നും ഇല്ലാതെ തന്നെ കണ്ണുമടച്ചു വിശ്വസിക്കാം, അപ്പോള്‍ ഈ പോസ്റ്റ്‌ ലക്ഷ്യമാക്കിയത് എന്നെ പോലെയുള്ള സംശയാലുക്കളെ ആവണമല്ലോ).
താങ്കള്‍ അക്കമിട്ടു നിരത്തിയ ആറു കാര്യങ്ങളും ഒന്നുകില്‍ ചരിത്രപരമായി തെളിവുകള്‍ ഇല്ലാത്തവയോ അല്ലെങ്കില്‍ ഏതൊരു മഹാപുരുഷനും ചാര്‍ത്തി കൊടുക്കാവുന്നവയോ ആണ്.
സത്യസന്ധനും നല്ല മനുഷ്യനുമായിരുന്ന മുഹമ്മദ്‌ നബി എഴുത്തും വായനയും അറിയാത്തവനായിരുന്നുവെങ്കിലും കച്ചവടാവശ്യാര്‍ത്ഥം ധാരാളം യാത്ര ചെയ്യുന്നവനും അതുവഴി മറ്റു പ്രദേശങ്ങളിലുണ്ടായിരുന്ന വ്യത്യസ്ത ഗോത്രക്കാരും മതക്കാരും ഒക്കെയായി ബന്ധമുള്ളവനും ആയിരുന്നു. (എഴുത്തും വായനയും അറിയാത്ത ഞങ്ങളുടെ നാട്ടിലെ ഒരു ഹംസക്ക വളരെ ചെറുപ്പത്തില്‍ നാട് വിട്ടു ബോംബെയിലെത്തി. വര്‍ഷങ്ങള്‍ക്ക് ശേഷം വലിയ കച്ചവടക്കാരനായി തിരിച്ചു വന്നപ്പോള്‍ ഹിന്ദിയിലും ഇംഗ്ലീഷിലും ഗസലുകളിലും ഒക്കെ അപാര വിവരമായിരുന്നു. അദേഹം വേറെയൊരാളെ കൊണ്ട് ഹിന്ദി ഗസലുകളെ കുറിച്ച് ഒരു പുസ്തകം എഴുതിച്ചാല്‍ ആരും അദ്ഭുതപ്പെട്ടെക്കും, “എഴുത്തും വായനയും അറിയാത്ത ഒരാള്‍ എങ്ങിനെ ഇത്രയും കാവ്യ ഭംഗിയില്‍ ഒരു പുസ്തകമെഴുതി എന്ന്‍!”)
സ്വന്തമായി ദൈവദൂതനാണെന്നു അവകാശപ്പെടുന്ന പലരുടേയും (സായിബാബ, അമൃതാനന്ദമയി, ...) പോലെ തന്നെ അല്ലെ ഈ ചരിത്രവും? ആദ്യമൊന്നും ആരും വിശ്വസിച്ചില്ല, എതിര്‍ത്തു, ... പിന്നെ, പിന്നെ ആളു കൂടി, അവസാനം ആര്‍ക്കും എതിര്‍ക്കാന്‍ പറ്റാത്ത സംഘ ശക്തിയായി! അല്ലേ? ഈ സംശയാലുവിന്റെ സംശയങ്ങള്‍ മാറ്റൂ... എന്‍റെ മനസ്സാക്ഷിക്ക് നിരക്കുന്ന ഒരു മറുപടി ഈ വിഷയത്തില്‍ കണ്ടെത്താന്‍ എന്നെ സഹായിക്കൂ...

CKLatheef പറഞ്ഞു...

ഞാന്‍ ഈ പോസ്റ്റുകൊണ്ടുദ്ദേശിച്ചത് പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവതത്തെയും സന്ദേശത്തെയും കുറിച്ച് ജനങ്ങള്‍ ചിന്തിക്കട്ടേ എന്നാണ്. ആ ചിന്തിച്ചതിന് അവരെത്തിച്ചേരുന്ന ഏത് നിഗമനവും ഇപ്പോള്‍ അവരില്‍ പലരും പിന്തുടരുന്ന നിലപാടിനെക്കാള്‍ ന്യയീകരിക്കത്തക്കതായിരിക്കും.

പേര് മഹ്ശറത്തര്‍ക്കി എന്നാണെങ്കിലും ആദ്യം നല്‍കിയ കമന്‍റ് തര്‍ക്കത്തേക്കാള്‍ സംവാദ സ്വഭാമുള്ളതായി അനുഭവപ്പെടുന്നു. തര്‍ക്കത്തിലേക്ക് നീങ്ങുന്ന പക്ഷം തല്‍കാലം താങ്കളുമായുള്ള സംവാദം അവസാനിപ്പിക്കും.

CKLatheef പറഞ്ഞു...

കണ്ണുമടച്ച് വിശ്വസിക്കേണ്ടുന്ന അങ്ങനെ മാത്രം വിശ്വസിക്കാന്‍ സാധിക്കുന്ന കേവലം കുറേ വിശ്വാസപ്രമാണങ്ങളുമായി വരുന്ന ഒരാള്‍ക്ക് പ്രവാചകന്‍ മുഹമ്മദ് നബി സാധിച്ചത് പോലുള്ള ഒരു സ്വാധീനം ചരിത്രത്തില്‍ ചെലുത്താന്‍ സാധ്യമല്ല എന്നാണ് മനുഷ്യബുദ്ധി നമ്മോട് പറയുക.

അദ്ദേഹം പറഞ്ഞത് ആര് പ്രാവര്‍ത്തികമാക്കിയാലും ഒട്ടേറെ ഗുണങ്ങളുള്ളതും അതിനെതിര് പ്രവര്‍ത്തിക്കുന്ന പക്ഷം സ്വന്തത്തിനും സമൂഹത്തിനും ഒട്ടേറെ ദോശങ്ങളുമുള്ളതായ കാര്യങ്ങളായിരുന്നു. അദ്ദേഹം നല്‍കിയ വിശ്വാസകാര്യങ്ങളാകട്ടേ മനുഷ്യബുദ്ധിക്ക് കണ്ടെത്താന്‍ കഴിയാത്ത അദൃശ്യകാര്യങ്ങളായിരുന്നുവെന്നത് ശരിയാണെങ്കിലും അവയൊന്നും മനുഷ്യബുദ്ധിക്ക് നിരക്കാത്തതായിരുന്നില്ല. അന്ന് മുതല്‍ ഇന്ന് വരെയും പലരൂപത്തില്‍ പലവിധ വിശ്വാസങ്ങള്‍ പുലര്‍ത്തുന്നവരാണ് മനുഷ്യരില്‍ ഏതാണ്ടെല്ലാവരും. സാങ്കേതികമായി വിശ്വാസം നിരാകരിക്കുന്നവര്‍ പോലും ഒരു തരം വിശ്വാസത്തെ തന്നെയാണ് അവലംബിക്കുന്നത്. ഉദാഹരണം ചിലര്‍ ദൈവമില്ലെന്ന് വിശ്വസിക്കുന്നു.

എന്തുകൊണ്ടും മനുഷ്യരിലെ നിലവിലുള്ള അത്തരം വിശ്വാസത്തേക്കാള്‍ യുക്തിപരമായ വിശ്വാസമാണ് പ്രവാചകന്‍ മുന്നോട്ട് വെച്ചത് മാത്രമല്ല. മനുഷ്യന്‍റെ ഭൌതിക ജീവിതത്തിന് തന്നെയും അത്തരം വിശ്വസങ്ങള്‍ അതീവ ശക്തിയും പിന്തുണയും നല്‍കുകയും. അവനെ ചൂഷണം ചെയ്യാനിടയുള്ള ധാരാളം വിശ്വാസവൈകല്യത്തിന് അത് എതിരായി നില്‍ക്കുകയും ചെയ്യുന്നു.

CKLatheef പറഞ്ഞു...

താങ്കള്‍ അക്കമിട്ടു നിരത്തിയ ആറു കാര്യങ്ങളും ഒന്നുകില്‍ ചരിത്രപരമായി തെളിവുകള്‍ ഇല്ലാത്തവയോ അല്ലെങ്കില്‍ ഏതൊരു മഹാപുരുഷനും ചാര്‍ത്തി കൊടുക്കാവുന്നവയോ ആണ്.
സത്യസന്ധനും നല്ല മനുഷ്യനുമായിരുന്ന മുഹമ്മദ്‌ നബി എഴുത്തും വായനയും അറിയാത്തവനായിരുന്നുവെങ്കിലും കച്ചവടാവശ്യാര്‍ത്ഥം ധാരാളം യാത്ര ചെയ്യുന്നവനും അതുവഴി മറ്റു പ്രദേശങ്ങളിലുണ്ടായിരുന്ന വ്യത്യസ്ത ഗോത്രക്കാരും മതക്കാരും ഒക്കെയായി ബന്ധമുള്ളവനും ആയിരുന്നു. (എഴുത്തും വായനയും അറിയാത്ത ഞങ്ങളുടെ നാട്ടിലെ ഒരു ഹംസക്ക വളരെ ചെറുപ്പത്തില്‍ നാട് വിട്ടു ബോംബെയിലെത്തി. വര്‍ഷങ്ങള്‍ക്ക് ശേഷം വലിയ കച്ചവടക്കാരനായി തിരിച്ചു വന്നപ്പോള്‍ ഹിന്ദിയിലും ഇംഗ്ലീഷിലും ഗസലുകളിലും ഒക്കെ അപാര വിവരമായിരുന്നു. അദേഹം വേറെയൊരാളെ കൊണ്ട് ഹിന്ദി ഗസലുകളെ കുറിച്ച് ഒരു പുസ്തകം എഴുതിച്ചാല്‍ ആരും അദ്ഭുതപ്പെട്ടെക്കും, “എഴുത്തും വായനയും അറിയാത്ത ഒരാള്‍ എങ്ങിനെ ഇത്രയും കാവ്യ ഭംഗിയില്‍ ഒരു പുസ്തകമെഴുതി എന്ന്‍!”)
-------------------

നിങ്ങള്‍ ഉദാഹരണ സഹിതം വ്യക്തമാക്കാനുദ്ദേശിക്കുന്നത്. മുഹമ്മദ് നബി ചെയ്തത് ഒരു അത്ഭുതമേ അല്ല എന്ന് സ്ഥാപിക്കാനാണ്. പ്രത്യക്ഷത്തില്‍ താങ്കള്‍ പറയുന്നത് കാര്യമല്ലേ എന്ന് തോന്നാമെങ്കിലും സൂക്ഷമായി പരിശോധിച്ചാല്‍ അതില്‍ ഒട്ടേറെ അബദ്ധങ്ങള്‍ കാണാം. ഞാനിവിടെ അക്കമിട്ട് പറഞ്ഞ ആറ് കാര്യങ്ങള്‍ ഒരു പ്രവാചകനില്‍നിന്ന് പ്രതീക്ഷിക്കാവുന്ന കാര്യങ്ങളാണ്. മുന്‍കഴിഞ്ഞ പ്രവാചകന്‍മാരെക്കുറിച്ച് പഠിക്കുമ്പോഴും അതേ പ്രകാരം പ്രവാചകദൌത്യം സന്‍മാര്‍ഗ ദര്‍ശനമാണ് എന്ന് മനസ്സിലാക്കുമ്പോഴും ഒരു പ്രവാചകനില്‍ ഈ ഗുണങ്ങളൊക്കെ കണ്ടേ തീരൂ. ഇത് വെച്ച് പ്രവാചകനെ മനസ്സിലാക്കി നോക്കിയാല്‍ അദ്ദേഹത്തില്‍ ഇത് സമ്പൂര്‍ണമായും യോജിച്ച് വരുന്നത് കാണാം. ഒരു നല്ല മനുഷ്യന് വേണ്ട ഗുണങ്ങള്‍ തന്നെയാണ് അവയില്‍ പലതും എന്ന് ഞാന്‍ തന്നെ അംഗീകരിച്ചതാണല്ലോ. പല നേതാക്കള്‍ക്കും തുല്യമായ വിശേഷണം പൂര്‍ണമായോ ഭാഗികമായോ ഉണ്ടായിരിക്കുകയും ചെയ്യും. എന്നത് കൊണ്ട് മാത്രം ഈ അടയാളങ്ങള്‍ പ്രവാചകനെ സംബന്ധിച്ച് അസ്ഥാനത്താവുന്നില്ല.

മുഹമ്മദ് നബി കച്ചവടാവശ്യാര്‍ഥം യാത്രചെയ്തിരുന്നുവെന്നത് ശരിയാണ്. അദ്ദേഹം പല മതക്കാരുമായി കണ്ടുമുട്ടിയെന്നുമിരിക്കാം. എന്നാല്‍ അദ്ദേഹം സമര്‍പിക്കുന്ന വിശ്വാസ കര്‍മ പദ്ധതിക്ക് ഏത് മതത്തിന്റേതാണ് എന്ന് പരിശോധിക്കുക. അദ്ദേഹം കച്ചവടം തുടങ്ങുന്നത് 25 വയസ് കാലഘടത്തിലാണ്. ഇതില്‍ അദ്ദേഹം കുറേ കാര്യങ്ങള്‍ മനസ്സിലാക്കി അവതരിപ്പിച്ചതാണെങ്കില്‍ എന്തിന് 40 വയസ് വരെ കാത്തിരുന്നു. അതിന് ശേഷം അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ നിലവിലെ മതങ്ങളുടെ അറബി പതിപ്പ് മാത്രമാണോ അതല്ല അവയെയെല്ലാം ശക്തമായി നിരൂപണം ചെയ്തുകൊണ്ട് അദ്ദേഹം തന്നെ അവകാശപ്പെട്ട പോലെ അവയിലെ സത്യം നിലനില്‍ത്തി പൂര്‍വവേദങ്ങളവതരിപ്പിച്ച അതേ ദൈവത്തില്‍നിന്നുള്ള ദൂതന്റേതോ.. അവസാനം പറഞ്ഞതല്ലേ കൂടുതല്‍ യുക്തമായി തോന്നുന്നത്.

CKLatheef പറഞ്ഞു...

(((സത്യസന്ധനും നല്ല മനുഷ്യനുമായിരുന്ന മുഹമ്മദ്‌ നബി എഴുത്തും വായനയും അറിയാത്തവനായിരുന്നുവെങ്കിലും ....)))

ഇവിടെയും യുക്തിപരമായ ഒരു തീരുമാനം നാം എടുക്കേണ്ടതുണ്ട്. ഒന്നുകില്‍ പ്രവാചകന്‍ മുഹമ്മദ് നബി പറഞ്ഞതൊക്കെയും കള്ളമാണ്, വഞ്ചനയാണ്. അല്ലെങ്കില്‍ അദ്ദേഹം സത്യസന്ധനാണ്. നാപ്പത് വയസ് വരെ മുഹമ്മദ് നബിയെ എപ്പോഴെങ്കിലും അവിശ്വസിക്കണം എന്ന് സ്വന്തം നാട്ടുകാര്‍ക്കോ മറ്റുള്ളവര്‍ക്കോ തോന്നിയിട്ടില്ല എന്ന് മാത്രമല്ല അല്‍ അമീന്‍ (സത്യസന്ധന്‍ )എന്ന പേര് തന്നെ അദ്ദേഹത്തിന് നല്‍കി. അതിന് ശേഷവും അവരദ്ദേഹത്തെ തങ്ങളുടെ സ്വത്ത് സൂക്ഷിക്കാനേല്‍പിച്ചു.

മുഹമ്മദ് നബി സത്യസന്ധനാണ് എന്ന് പറഞ്ഞാല്‍ അദ്ദേഹം പറഞ്ഞതും സത്യമാണ് എന്ന് അംഗീകരിക്കുക എന്നതല്ലേ യുക്തി. ആ നിലക്ക് അദ്ദേഹം ദൈവത്തിന്റെ ദൂതനാണ് എന്ന് അവകാശപ്പെടുമ്പോള്‍ നമ്മുടെ മുന്നിലുള്ള മാര്‍ഗം ആ വാദം പരിശോധിക്കുക എന്നതാണ്. ഈ പരിശോധനയില്‍ അദ്ദേഹത്തെ അവിശ്വസിക്കേണ്ടുന്ന ഏത് സന്ദര്‍ഭമാണ് ഉള്ളത്.

CKLatheef പറഞ്ഞു...

((( സ്വന്തമായി ദൈവദൂതനാണെന്നു അവകാശപ്പെടുന്ന പലരുടേയും (സായിബാബ, അമൃതാനന്ദമയി, ...) പോലെ തന്നെ അല്ലെ ഈ ചരിത്രവും? ആദ്യമൊന്നും ആരും വിശ്വസിച്ചില്ല, എതിര്‍ത്തു, ... പിന്നെ, പിന്നെ ആളു കൂടി, അവസാനം ആര്‍ക്കും എതിര്‍ക്കാന്‍ പറ്റാത്ത സംഘ ശക്തിയായി! അല്ലേ? ഈ സംശയാലുവിന്റെ സംശയങ്ങള്‍ മാറ്റൂ... എന്‍റെ മനസ്സാക്ഷിക്ക് നിരക്കുന്ന ഒരു മറുപടി ഈ വിഷയത്തില്‍ കണ്ടെത്താന്‍ എന്നെ സഹായിക്കൂ...)))

സത്യസായി ബാബയും അമൃതാനന്ദമയിയും സ്വയം പ്രവാചകന്‍മാരാണ് എന്ന് അവകാശപ്പെടുന്നത് ഇത് വരെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. അപ്രകാരം അവകാശപ്പെടുമ്പോള്‍ മാത്രമേ അതേക്കുറിച്ച് ചിന്തിക്കേണ്ടതുള്ളൂ. ആദ്യം വിശ്വസിച്ചില്ല എന്നതും ശരിയല്ല പ്രബോധനം തുടങ്ങിയ ആദ്യ ദിവസം മുതല്‍ വിശ്വസിച്ച് തുടങ്ങി. ആദ്യം വേഗതകൂറവായിരുന്നുവെന്ന് മാത്രം. ക്രമേണ സത്യം കൂടുതല്‍ വെളിപ്പെട്ട് വന്നതോടുകൂടി വിശ്വാസത്തിലേക്ക് കടന്നുവരുന്നവരുടെ സംഖ്യയും കൂടി എന്ന് മാത്രം. അത് പ്രബോധനം സത്യസന്ധമാണ് എന്നതിന്റെ തെളിവല്ലാതെ ദൌര്‍ബല്യത്തിന്റെ തെളിവല്ല. നേരെ തിരിച്ചായിരുന്നെങ്കില്‍ സംശയിക്കാമായിരുന്നു.

CKLatheef പറഞ്ഞു...

മഅ്ശറത്തര്‍ക്കിയുടെ ഏതാണ്ട് സംശയങ്ങള്‍ നീങ്ങിയിട്ടുണ്ടാകും എന്ന് കരുതുന്നു...

അജ്ഞാതന്‍ പറഞ്ഞു...

1. “സംവാദം അവസാനിപ്പിക്കും” എന്ന ഭീഷണി എന്നോടുള്ള മുന്‍വിധിയല്ല, മറ്റുള്ളവരില്‍ നിന്നുളള മുന്‍ അനുഭവം കൊണ്ടാവും എന്നു കരുതുന്നു 
2. സ്വന്തം സമൂഹത്തില്‍ നിലനില്‍ക്കുന്ന മോശം കാര്യങ്ങള്‍ക്ക് പകരം നല്ല ആശയങ്ങളുമായി വരുന്ന ഏതൊരു ചരിത്ര പുരുഷനും നേടിയെടുക്കാവുന്ന കാര്യങ്ങള്‍ മാത്രമല്ലേ ഈ വിജയങ്ങള്‍? ഒരു സായി ഭക്തനോടു ചോദിച്ചാല്‍ അവനും വാചാലനാവും, ബാബ സമൂഹത്തില്‍ കൊണ്ടുവന്ന മാറ്റങ്ങളെ കുറിച്ചും മറ്റും.
3. 25 വയസ് മുതല്‍ യാത്ര തുടങ്ങിയിരുന്നെങ്കിലും 40 വയസ് ആയപ്പോഴാണ് അദേഹത്തിന് സ്വന്തം സമൂഹത്തെ മാറ്റിയെടുക്കണം എന്ന അതിയായ ആഗ്രഹം വന്നത്. അതിനെ കുറിച്ച് ചിന്തിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ വന്ന ഒരാശയമായിരിക്കാം ഈ ഏക ദൈവ ചിന്ത. ഹിറ ഗുഹയില്‍ ധ്യാനമിരുന്ന അദ്ദേഹത്തിന്റെ അബോധ മനസ്സിലുള്ള പല കാര്യങ്ങളും തന്‍റെ ചിന്തയില്‍ എപ്പോഴും ഉണ്ടായിരുന്ന ഏക ദൈവത്തില്‍ നിന്നുളള വെളിപാടായി തോന്നിയിരിക്കാം. അങ്ങിനെ വരുമ്പോള്‍ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം എല്ലാം സത്യസന്ധമായിരുന്നു.
4. ഖുറാന്‍ വിശദമായി പഠിച്ചാല്‍ ഇങ്ങനെയൊരു സാധ്യതയാണ് കൂടുതല്‍ യുക്തിപരമായി തോന്നുക. ആ സമയത്ത് അവിടെയുണ്ടായിരുന്ന ക്രിസ്തു, ജൂത, സൌരാഷ്ട്രീയ മതങ്ങളില്‍ ഉള്ള പല കഥകളും ഏറിയും കുറഞ്ഞും മാറ്റങ്ങളോടെ ഖുറാനില്‍ കാണാം (ഉദാ: സ്വിറാത്ത് പാലം/ സൌരാഷ്ട്രീയ മതത്തിലെ ചിന്‍വാത് പാലം). മനുഷ്യര്‍ക്ക് ആ കാലത്ത്‌ അറിവുണ്ടായിരുന്ന സത്യങ്ങളും വസ്തുതകളും കഥകളും അല്ലാതെ ദൈവീകമായി യാതൊന്നും ഖുറാനില്‍ ഇല്ല. ഖുറാനിലെ ഏതെങ്കിലും ഒരു ആയത്ത് കാണിച്ചു തന്നു “ദാ, ഇത് കണ്ടോ, ഇത് വായിച്ചാല്‍ യാതൊരു തര്‍ക്കത്തിനും ഇട നല്‍കാതെ എല്ലാവര്‍ക്കും ഉറപ്പിക്കാം ഇത് ദൈവികമാണെന്ന്!” എന്നു പറയാന്‍ പറ്റുമോ?
5. ലത്തീഫിന്റെ വിശദമായ മറുപടിക്ക് നന്ദി. താങ്കള്‍ ഉയര്‍ത്തിയത്‌ വളരേ പ്രസക്തമായ കാര്യം തന്നെയാണ്. കാലാ കാലങ്ങളായി നമുക്ക് കിട്ടിയ അറിവുകളെ കണ്ണുമടച്ചു വിശ്വസിക്കുന്നതിനു പകരം പുതു കാലഘട്ടത്തിലെ നൂതന മാര്‍ഗങ്ങള്‍ ഉപയോഗിച്ച് സ്വന്തമായി പഠനങ്ങള്‍ നടത്തി നമ്മള്‍ ചെറുപ്പം മുതല്‍ കേട്ട് പഠിച്ച സത്യങ്ങളൊക്കെ ശരിക്കും സത്യങ്ങള്‍ തന്നെയാണോ എന്നു വിലയിരുത്താം. അങ്ങിനെ സമുദായത്തിന്‍റെ പുരോഗതിയില്‍ പങ്കാളികളാവാം.

CKLatheef പറഞ്ഞു...

1. “സംവാദം അവസാനിപ്പിക്കും” എന്ന ഭീഷണി എന്നോടുള്ള മുന്‍വിധിയല്ല, മറ്റുള്ളവരില്‍ നിന്നുളള മുന്‍ അനുഭവം കൊണ്ടാവും എന്നു കരുതുന്നു

---------------
= അതെ. സംവാദം തര്‍ക്കത്തിലേക്ക് നിങ്ങുന്നത് വരെ മാത്രമേ സത്യത്തില്‍ മറുപടി പറയാന്‍ ആഗ്രഹമുള്ളൂ.

******************

2. സ്വന്തം സമൂഹത്തില്‍ നിലനില്‍ക്കുന്ന മോശം കാര്യങ്ങള്‍ക്ക് പകരം നല്ല ആശയങ്ങളുമായി വരുന്ന ഏതൊരു ചരിത്ര പുരുഷനും നേടിയെടുക്കാവുന്ന കാര്യങ്ങള്‍ മാത്രമല്ലേ ഈ വിജയങ്ങള്‍? ഒരു സായി ഭക്തനോടു ചോദിച്ചാല്‍ അവനും വാചാലനാവും, ബാബ സമൂഹത്തില്‍ കൊണ്ടുവന്ന മാറ്റങ്ങളെ കുറിച്ചും മറ്റും.
-----------------
ശരിയായിരിക്കാം, അതുമല്ലെങ്കില്‍ ശരിയാണ്. ഏതൊരു ചരിത്രപുരുഷനും നേടിയെടുത്ത വിജയം മാത്രമാണോ മുഹമ്മദ് നേടിയെടുത്തത് എന്ന് പഠിക്കാവുന്നതാണ്. എന്റെ കേവല നിഷേധത്തിനോ സ്ഥിരീകരണത്തിനോ വലിയ പ്രാധാന്യമില്ല. എന്റെ പഠനത്തില്‍നിന്ന് വ്യക്തമാകുന്നത്. ഒരു പ്രാവാചകന് മാത്രം സാധിക്കുന്ന മാറ്റമാണ് അദ്ദേഹം കൊണ്ടുവന്നത് എന്നാണ്. ചരിത്രപുരുഷന്‍മാര്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ ഇത്ര സ്ഥായിയോ സ്വാധീനമുള്ളതോ ആയിരുന്നില്ല ചില കാലത്തേക്കും ദേശത്തേക്കും മാത്രം പരിമിതപ്പെട്ട വിപ്ലവങ്ങള്‍ ചിലരുടെ പേരും മഹത്വവും ഇന്നും ഓര്‍മിപ്പിക്കപ്പെടുന്നുണ്ടെങ്കിലും അത് പുസ്തകങ്ങളിലൂടെയും പ്രതിമകളിലൂടെയും മാത്രമായി ചുരുങ്ങിയിരിക്കുന്നു. പ്രവാചകന്‍ കൊണ്ടുവന്ന മാറ്റം ഇന്നും ശക്തമായ സ്വാധീനമാണ് ചെലുത്തുന്നത് എന്നത് മാത്രമല്ല അദ്ദേഹത്തിന്റെ അധ്യാപനങ്ങള്‍ മനുഷ്യന്റെ ജഡികേഛകള്‍ക്ക് വിരുദ്ധവും ഒട്ടേറെ ത്യാഗം ആവശ്യപ്പെടുന്നതായിട്ട് പോലും ഇന്നും വള്ളിപുള്ളി മാറ്റാതെ പിന്തുടരപ്പെടാന്‍ അതിന്റെ അനുയായികള്‍ അത്യധ്വാനം ചെയ്യുന്നു. മുസ്ലിം സമൂഹത്തിനിടക്കുള്ള ഭിന്നിപ്പുകളില്‍ ഒരു വലിയ ശതമാനം പോലും ഈ സൂക്ഷമതയുടെ ഭാഗമായി വരുന്നതാണ്. 1400 വര്‍ഷം മുമ്പ് വന്ന ഒരു ചരിത്ര പുരുഷന്‍ ലോക സമൂഹത്തില്‍ ഇത്രമേല്‍ സ്വാധീനം ചെലുത്തപ്പെടുന്നു സ്മരിക്കപ്പെടുന്നുവെന്നത് അത്ഭുതകരമാകുന്നത് അത് അതുല്യമായത് കൊണ്ടുകൂടിയാണ്.

CKLatheef പറഞ്ഞു...

3. 25 വയസ് മുതല്‍ യാത്ര തുടങ്ങിയിരുന്നെങ്കിലും 40 വയസ് ആയപ്പോഴാണ് അദേഹത്തിന് സ്വന്തം സമൂഹത്തെ മാറ്റിയെടുക്കണം എന്ന അതിയായ ആഗ്രഹം വന്നത്. അതിനെ കുറിച്ച് ചിന്തിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ വന്ന ഒരാശയമായിരിക്കാം ഈ ഏക ദൈവ ചിന്ത. ഹിറ ഗുഹയില്‍ ധ്യാനമിരുന്ന അദ്ദേഹത്തിന്റെ അബോധ മനസ്സിലുള്ള പല കാര്യങ്ങളും തന്‍റെ ചിന്തയില്‍ എപ്പോഴും ഉണ്ടായിരുന്ന ഏക ദൈവത്തില്‍ നിന്നുളള വെളിപാടായി തോന്നിയിരിക്കാം. അങ്ങിനെ വരുമ്പോള്‍ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം എല്ലാം സത്യസന്ധമായിരുന്നു.
------------------

ഇവിടെ താങ്കളുടെ ചിലതോന്നലുകളാണ് പങ്കുവെച്ചത്. തീര്‍ചയായും അതിനെ മാനിക്കുന്നു. എങ്ങനെ ആ തോന്നലുകളിലെത്തി എന്നത് താങ്കള്‍ വിശദീകരിക്കുന്നില്ല. സത്യസന്ധനായി അറിയപ്പെടുന്ന ഒരു മനുഷ്യന്റെ പ്രത്യക്ഷത്തിലുള്ള വാക്ക് അവിശ്വസിക്കണമെങ്കില്‍ അതിനാണ് നാം പൊതുവെ കാരണം തേടാറ്. ആ പരിഗണന മുഹമ്മദ് നബിക്ക് നല്‍കിയാല്‍ താന്‍ ദൈവദൂതനാണ് എന്ന വാദത്തെ അവിശ്വസിക്കേണ്ട കാര്യമെന്തുണ്ട് എന്നായിരിക്കണം നമ്മുടെ ചര്‍ചാവിഷയം. അങ്ങനെ നോക്കുമ്പോള്‍ അതിനുള്ള തെളിവുകള്‍ കാണപ്പെടുന്നില്ല. മുഹമ്മദ് നബി പറയുന്നത് കളവാണ് എന്ന് തെളിഞ്ഞാല്‍ മാത്രമേ മറ്റു സാധ്യത തേടുന്നതിനര്‍ഥമുള്ളൂ...

CKLatheef പറഞ്ഞു...

4. ഖുറാന്‍ വിശദമായി പഠിച്ചാല്‍ ഇങ്ങനെയൊരു സാധ്യതയാണ് കൂടുതല്‍ യുക്തിപരമായി തോന്നുക. ആ സമയത്ത് അവിടെയുണ്ടായിരുന്ന ക്രിസ്തു, ജൂത, സൌരാഷ്ട്രീയ മതങ്ങളില്‍ ഉള്ള പല കഥകളും ഏറിയും കുറഞ്ഞും മാറ്റങ്ങളോടെ ഖുറാനില്‍ കാണാം (ഉദാ: സ്വിറാത്ത് പാലം/ സൌരാഷ്ട്രീയ മതത്തിലെ ചിന്‍വാത് പാലം). മനുഷ്യര്‍ക്ക് ആ കാലത്ത്‌ അറിവുണ്ടായിരുന്ന സത്യങ്ങളും വസ്തുതകളും കഥകളും അല്ലാതെ ദൈവീകമായി യാതൊന്നും ഖുറാനില്‍ ഇല്ല. ഖുറാനിലെ ഏതെങ്കിലും ഒരു ആയത്ത് കാണിച്ചു തന്നു “ദാ, ഇത് കണ്ടോ, ഇത് വായിച്ചാല്‍ യാതൊരു തര്‍ക്കത്തിനും ഇട നല്‍കാതെ എല്ലാവര്‍ക്കും ഉറപ്പിക്കാം ഇത് ദൈവികമാണെന്ന്!” എന്നു പറയാന്‍ പറ്റുമോ?
----------------------------

= മുഹമ്മദ് നബി പറഞ്ഞത് വിശ്വസത്തിലെടുക്കുമ്പോഴാണ് ഈ സമസ്യക്ക് കൂടുതല്‍ യുക്തിഭദ്രമായ ഉത്തരം ലഭിക്കുന്നത് എന്നാണ് എന്റെ അഭിപ്രായം. കാരണം മുഹമ്മദ് ഒരിക്കലും താന്‍ ഇതുവരെ കേട്ട് കേള്‍വിയില്ലാത്ത ചില വിശ്വാസങ്ങളും തത്വങ്ങളും ഇതാ നിങ്ങള്‍ക്ക് സമര്‍പിക്കുന്നുവെന്ന് അവകാശപ്പെട്ടിട്ടില്ല. അദ്ദേഹം അവകാശപ്പെട്ടത് ഞാന്‍ കൊണ്ടുവന്ന ഈ വേദം പൂര്‍വവേദങ്ങളിലുള്ളതിനെ സത്യപ്പെടുത്തികൊണ്ടാണ് എന്നാണ്. ചിലയിടത്ത് പറഞ്ഞു ഇത് പൂര്‍വവേദങ്ങളിലുള്ളത് തന്നെയാണെന്ന്. പുര്‍വപ്രവചാകരെ അയച്ച അതേ നാഥന്‍ തന്നെയാണ് എന്നെ അയച്ചത് എന്ന അദ്ദേഹത്തിന്റെ വാദം അംഗീകരിക്കുമ്പോള്‍ ഈ സാമ്യതക്ക് നമ്മുക്ക് വേറെ കാരണങ്ങള്‍ തേടേണ്ടതില്ല. ജൂത ക്രൈസ്തവ മതങ്ങളൊന്നും പ്രവചാകന്‍മാരുടെ ആഗമനത്തെ നിഷേധിക്കുന്നവരല്ല എന്നിരിക്കെ മുഹമ്മദ് നബിയുടെ വാക്കുകള്‍ക്ക് വിശ്വാസ്യത വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്.

CKLatheef പറഞ്ഞു...

ഏത് ഖുര്‍ആന്‍ സൂക്തത്തെയും നിഷേധിക്കാന്‍ കഴിയുന്ന വിധമാണ് മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത്. അതിനാല്‍ വിശ്വസിക്കാന്‍ തീരുമാനിക്കുന്നവര്‍ക്ക് വിശ്വസിക്കാം നിഷേധിക്കാന്‍ മെനക്കടുന്നവര്‍ക്ക് അതിനുള്ള സാധ്യതയും ഉണ്ട്. അവിശ്വസിക്കാനുള്ള മാര്‍ഗം തുടന്ന് കിടക്കെ വിശ്വാസിക്കാനാവശ്യമായ തെളിവുകളുണ്ടോ എന്ന് കണ്ടെത്തി വിശ്വസിക്കുന്നതില്‍ ഏറെ മഹത്വമുണ്ട്.

CKLatheef പറഞ്ഞു...

5. ലത്തീഫിന്റെ വിശദമായ മറുപടിക്ക് നന്ദി. താങ്കള്‍ ഉയര്‍ത്തിയത്‌ വളരേ പ്രസക്തമായ കാര്യം തന്നെയാണ്. കാലാ കാലങ്ങളായി നമുക്ക് കിട്ടിയ അറിവുകളെ കണ്ണുമടച്ചു വിശ്വസിക്കുന്നതിനു പകരം പുതു കാലഘട്ടത്തിലെ നൂതന മാര്‍ഗങ്ങള്‍ ഉപയോഗിച്ച് സ്വന്തമായി പഠനങ്ങള്‍ നടത്തി നമ്മള്‍ ചെറുപ്പം മുതല്‍ കേട്ട് പഠിച്ച സത്യങ്ങളൊക്കെ ശരിക്കും സത്യങ്ങള്‍ തന്നെയാണോ എന്നു വിലയിരുത്താം. അങ്ങിനെ സമുദായത്തിന്‍റെ പുരോഗതിയില്‍ പങ്കാളികളാവാം.

---------------

താങ്കളൊരു കേവല താര്‍ക്കികന്‍ മാത്രമല്ല എന്ന് ഈ വരികള്‍ സൂചിപ്പിക്കുന്നു. നന്ദി.

Sameer Thikkodi പറഞ്ഞു...

following.....

vallithodika പറഞ്ഞു...

നല്ല നിലവാരമുള്ള ചര്‍ച്ച രണ്ടു പേര്‍ക്കും നന്ദി

Shayyu പറഞ്ഞു...

2. സ്വന്തം സമൂഹത്തില്‍ നിലനില്‍ക്കുന്ന മോശം കാര്യങ്ങള്‍ക്ക് പകരം നല്ല ആശയങ്ങളുമായി വരുന്ന ഏതൊരു ചരിത്ര പുരുഷനും നേടിയെടുക്കാവുന്ന കാര്യങ്ങള്‍ മാത്രമല്ലേ ഈ വിജയങ്ങള്‍? ഒരു സായി ഭക്തനോടു ചോദിച്ചാല്‍ അവനും വാചാലനാവും, ബാബ സമൂഹത്തില്‍ കൊണ്ടുവന്ന മാറ്റങ്ങളെ കുറിച്ചും മറ്റും.
എന്റെ അഭിപ്രായത്തില്‍ പ്രവച്ചകന്മാരല്ലാത്ത ഏതൊരു മഹാത്വ്യക്തിയെ എടുത്തു പരിശോധിച്ചാലും ഒരു ജനതയെ സമൂലഗ്രം പരിവര്തിച്ച്തായി കാണാന്‍ കഴിയില്ല. വ്യക്തി, കുടുംബം , സമൂഹം , സാമ്പത്തികം, സംസ്കാരികം, രാഷ്ട്രീയം ഈ രീതിയിലുള്ള ഒരു ജനതയുടെ പരിവര്‍ത്തനം ഏതു മഹത് വ്യക്തിയാണ് സാധിച്ചിട്ടുള്ളത്. സായി ബാബാ യെ തന്നെ നോക്കൂ. വ്യക്തിയില്‍ ആത്മീയമായ എന്തൊക്കെയോ അനുഭൂതി ഉണ്ടാക്കുക എന്നതല്ലാതെ മറ്റെന്തു മടമാണ് അദ്ദേഹം സമൂഹത്തില്‍ ചെയ്തത്. അദ്ദേഹം സമൂഹത്തിനു നല്‍കിയ സഹായങ്ങള്‍, കന്നെരോപ്പലും ഭൌതികമായ നെട്ടങ്ങലാനെന്നു മരണശേഷം അദ്ദേഹത്തിന്റെ ആസ്തിയെ കുറിച്ച അറിഞ്ഞപ്പോള്‍ മനസ്സിലയതല്ലേ.
ജനത ഏറെ ഇഷ്ടപെടുന്ന, സത്യസന്ധന്‍ എന്ന് വിളിക്കപെടുന്ന ഒരു വ്യക്തി അദ്ദേഹത്തിന്റെ 40 മത്തെ വയസ്സില്‍ എന്തിനു ഒരു പച്ചക്കള്ളം പറയണം. ഭൌതിക നേട്ടത്തിന് വേണ്ടി ആണെങ്കില്‍ എന്താണ് അതിലൂടെ അദ്ദേഹം നേടിയത്, കഷ്ടപാടും ധുരിതങ്ങളിമെല്ലാതെ. വ്യക്തിപരമായി അദ്ദേഹം എന്ത് ഭൌതിക നേട്ടം നേടി എന്ന് ചരിത്ര താളുകളിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ മനസ്സിലാവും.
ഇനി അദ്ദേഹത്തിന്റെ നല്ല മനസ്സ് കാരണം ജനങ്ങളെ നല്ല രീതിയിലേക്ക് മാറ്റുവാനാണ് ഉദ്ദേശമെങ്കില്‍ അദ്ദേഹത്തിന് അറിയാമായിരിക്കുമല്ലോ അദ്ദേഹം പറയുന്നത് കളവാണെന്ന്. അങ്ങനെയുള്ള ഒരു വ്യക്തി 13 വര്ഷം സ്വന്തം ജനതയുടെ ആട്ടും തുപ്പും പഴിയും കേള്‍ക്കുമോ? ഏറ്റവും കൂടുതല്‍ അദ്ദേഹത്തെ ജനത കഷ്ടപെടുതിയത് ഏകദൈവ വിശ്വാസം പ്രച്ചരിപ്പിച്ചതിനനല്ലോ. അദ്ദേഹത്തിന്റെ നല്ല മനസ്സ് കാരണം ജനങ്ങളെ നല്ല രീതിയിലേക്ക് മാറ്റുവാനാണ് ഉദ്ദേശമെങ്കില്‍ എന്തുകൊണ്ട് അവരുടെ ദൈവിക വിശ്വാസം നിലനിര്‍ത്തി കൊണ്ട് തന്നെ അവരെ പരിവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചില്ല? അപ്പോള്‍ ഒരു ഏകനായ പ്രപഞ്ച സൃഷ്ടാവില്‍ നിന്നും അദ്ദേഹത്തിന് സന്ദേശം ലഭിക്കുന്നുണ്ട് എന്നല്ലേ അതുകൊണ്ട് മനസ്സിലാക്കേണ്ടത്.

Shayyu പറഞ്ഞു...

3. 25 വയസ് മുതല്‍ യാത്ര തുടങ്ങിയിരുന്നെങ്കിലും 40 വയസ് ആയപ്പോഴാണ് അദേഹത്തിന് സ്വന്തം സമൂഹത്തെ മാറ്റിയെടുക്കണം എന്ന അതിയായ ആഗ്രഹം വന്നത്. അതിനെ കുറിച്ച് ചിന്തിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ വന്ന ഒരാശയമായിരിക്കാം ഈ ഏക ദൈവ ചിന്ത. ഹിറ ഗുഹയില്‍ ധ്യാനമിരുന്ന അദ്ദേഹത്തിന്റെ അബോധ മനസ്സിലുള്ള പല കാര്യങ്ങളും തന്‍റെ ചിന്തയില്‍ എപ്പോഴും ഉണ്ടായിരുന്ന ഏക ദൈവത്തില്‍ നിന്നുളള വെളിപാടായി തോന്നിയിരിക്കാം. അങ്ങിനെ വരുമ്പോള്‍ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം എല്ലാം സത്യസന്ധമായിരുന്നു.
ഏകദൈവത്തില്‍ നിന്നുള്ള വെളിപാടായി താങ്കള്‍ ഉദ്ദേശിച്ചത് ഖുര്‍ ആന്‍ ആണല്ലോ. ഖുര്‍ ആനേ കുറിച്ച സൂക്ഷ്മമായി പഠിക്കാന്‍ തയ്യാറായാല്‍ താങ്കള്‍ക്ക് മനസ്സിലാവും എന്ന് പ്രതീക്ഷിക്കുന്നു.
1 ഖുര്‍ ആന്‍ ഒരു വെല്ലു വിളിയുണ്ട്. അത് പോലുള്ള ഒരു സൂരത് (അധ്യായം), അല്ലെങ്കില്‍ ഒരു ആയത (വാചകം) കൊണ്ടുവരുവാന്‍. അന്ന് മുതല്‍ ഇന്ന് വരെ ഈ വെല്ലുവിളിയെ പരച്ചയപെടുത്താന്‍ കഴിഞ്ഞിട്ടില്ല.
2 1400 വര്ഷം മുമ്പുള്ള , അല്ലെകില്‍ 100 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള സാഹിത്യ പുസ്തകങ്ങള്‍ എടുത്തു പരിശോദിച്ചാല്‍ നമുക്ക് മനസ്സിലാകാന്‍ കഴിയും ഇന്നത്തെ ഉത്തരാധുനിക സാഹിത്യവും അതും എവിടെ കിടക്കുന്നു എന്ന്. പക്ഷെ ഖുര്‍ ആനിനേ സംബധിചെടത്തോളം അതിന്റെ സാഹിത്യം ഇന്നും അച്ഛന്ച്ചലംമായി നിലനില്‍ക്കുന്നു.
3 ഖുര്‍ ആന്‍ മറൊരു വെല്ലു വിളിയുണ്ട് അതില്‍ ഏതെങ്കിലും തരത്തിലുള്ള വൈരുധ്യം കാണിക്കുവാന്‍. താങ്കള്‍ മറ്റു ഗ്രന്ഥങ്ങള്‍ എടുത്തു പരിശോധിച്ച് നോക്കൂ. (ക്ഷമിക്കണം മറ്റൊന്നിനെ ഇകഴ്താന്‍ ഉദ്ദേശിച്ചല്ല. മറിച് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ വേണ്ടിയാണ്) ഒരുപാടു വൈരുധ്യങ്ങള്‍ കാണാം. മറിച് ഒരു വൈരുധ്യം പോലും ഖുര്‍ ആനില്‍ കാണിക്കാന്‍ കഴിയില്ല.
4 ലോകത്ത് ഏറ്റവും അധികം വായിക്കപെടുന്ന ഗ്രന്ഥം
5 ദൈവ വചനങ്ങള്‍ ആണെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഗ്രന്ഥം.
6 ഉപദേശങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ , ആഞ്ഞകള്‍ , പ്രവചനങ്ങള്‍ ഉള്‍പ്പെട്ട ഗ്രന്ഥം.
7 അവതരിച്ചത് മുതല്‍ ഇന്ന് വരെ മനുഷ്യ കൈകടത്തലുകള്‍ നടക്കാത്ത ഗ്രന്ഥം.
8 മനുഷ്യ ജന്തു സസ്യ ശാസ്ത്ര സത്യങ്ങള്‍ മരണാന്തര ജീവിതം പ്രധിപടിക്കുന്ന ഗ്രന്ഥം.
എനിക്ക് തോന്നുന്നില്ല 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു മനുഷ്യന് ഇന്നും ശാസ്ത്രീയമായും മനവികമായും പെര്‍ഫെക്റ്റ്‌ ആയി നിലനില്‍ക്കുന്ന ഒരു വെളിപാട് കൊണ്ടുവരാന്‍ കഴിയും എന്ന്.

Shayyu പറഞ്ഞു...

4. ഖുറാന്‍ വിശദമായി പഠിച്ചാല്‍ ഇങ്ങനെയൊരു സാധ്യതയാണ് കൂടുതല്‍ യുക്തിപരമായി തോന്നുക. ആ സമയത്ത് അവിടെയുണ്ടായിരുന്ന ക്രിസ്തു, ജൂത, സൌരാഷ്ട്രീയ മതങ്ങളില്‍ ഉള്ള പല കഥകളും ഏറിയും കുറഞ്ഞും മാറ്റങ്ങളോടെ ഖുറാനില്‍ കാണാം (ഉദാ: സ്വിറാത്ത് പാലം/ സൌരാഷ്ട്രീയ മതത്തിലെ ചിന്‍വാത് പാലം). മനുഷ്യര്‍ക്ക് ആ കാലത്ത്‌ അറിവുണ്ടായിരുന്ന സത്യങ്ങളും വസ്തുതകളും കഥകളും അല്ലാതെ ദൈവീകമായി യാതൊന്നും ഖുറാനില്‍ ഇല്ല. ഖുറാനിലെ ഏതെങ്കിലും ഒരു ആയത്ത് കാണിച്ചു തന്നു “ദാ, ഇത് കണ്ടോ, ഇത് വായിച്ചാല്‍ യാതൊരു തര്‍ക്കത്തിനും ഇട നല്‍കാതെ എല്ലാവര്‍ക്കും ഉറപ്പിക്കാം ഇത് ദൈവികമാണെന്ന്!” എന്നു പറയാന്‍ പറ്റുമോ?

തീര്‍ച്ചയായും കാരണം ഖുര്‍ ആനിനു മുമ്പ് മറ്റു വേദ ഗ്രന്ഥങ്ങള്‍ അവതരിപിച്ചത് ഏതു ദൈവമാണോ അതെ ദൈവം തന്നെയാണ് മുഹമ്മദ്‌ നബിക്കും ഖുര്‍ ആന്‍ അവതരിപിച്ചത്. പക്ഷെ നിര്‍ഭാഗ്യവശാല്‍ മറ്റു വേദങ്ങള്‍ മനുഷ്യന്റെ കൈകടത്തലുകള്‍ക്ക് വിദേയമായി. അതുകൊണ്ട് തന്നെ മട് വേദങ്ങളില്‍ നിന്നുള്ള പല കാര്യങ്ങളും ഖുര്‍_ ആനില്‍ കാണാന്‍ കഴിയും. പക്ഷെ നാം ഇവിടെ പരിശോടികേണ്ടത് മറ്റു വേദങ്ങളില്‍ വന്ന ഒരു വൈരുധ്യവും അശാസ്ത്രീയതയും ഖുര്‍_ആനില്‍ ക്കാണാന്‍ കഴിയില്ല. താങ്കള്‍ ആലോചിച്ചു നോക്കുക എങ്ങിനെ അത് സംഭവിക്കുന്നു. ഒരു സാദാരണ മനുഷ്യന്‍ ഇത്ര പെര്‍ഫെക്റ്റ്‌ ആയി മറ്റു വേദങ്ങളില്‍ നിന്നുള്ള വൈരുധ്യവും അശാസ്ത്രീയതയും അരിച്ചെടുക്കാന്‍ കഴിയുമോ?

അജ്ഞാതന്‍ പറഞ്ഞു...

ബീഥോവന്റെയും ഷേക്സ്പിയറിന്റെയും സൃഷ്ടികളും കമ്യൂണിസം ഒരു കാലത്ത്‌ ഒരുപാടു സമൂഹങ്ങളെ മാറ്റി മറിച്ചതും ഈജിപ്തിലെ പിരമിഡ്‌കളും ഒറ്റ പ്രസവത്തില്‍ ഒരു സ്ത്രീ എട്ടു കുട്ടികളെ പ്രസവിച്ചതും ഒരു സാധാരണ മുക്കുവ സ്ത്രീയായിരുന്ന അമൃതാനന്ദമയി രാജ്യത്തെ പ്രമുഖ ശാസ്ത്രഞ്ജരടക്കമുള്ള വന്‍ ആരാധക വൃന്ദത്തിന് ഉടമയായതും എല്ലാം അത്ഭുതം തന്നെ, പക്ഷേ ദൈവികമല്ല. എല്ലാവര്‍ക്കും എല്ലായ്പ്പോഴും കഴിയാത്തത്‌, പക്ഷേ സംഭവ്യമായത്... നബിയുടെ ചരിത്രം പോലെ.

സ്വന്തം ചിന്താ ശക്തിയെ പണയം വെക്കുന്നവര്‍ മാത്രമല്ലേ, എല്ലാത്തിലും ആദ്യം ദൈവികത കണ്ടെത്താന്‍ നോക്കൂ? മാതാവിന്‍റെ തിരുരൂപമുള്ള ഫ്ലക്സ്‌ ബോര്‍ഡില്‍ നിന്ന് കണ്ണീര്‍ വന്നാല്‍ ചിന്താ ശക്തിയെ വിശ്വാസത്തിനു മുന്നില്‍ പണയം വെച്ചവര്‍ക്ക് അത് ദൈവികം എന്ന് പറഞ്ഞു അന്വേഷണം അവിടെ നിര്‍ത്താം. അല്ലാത്തവര്‍ക്ക് ആ ജലത്തിന്‍റെ സ്രോതസ്സിനെക്കുറിച്ചുള്ള മറ്റ് സാധ്യതകള്‍ ആരായാം. അത്രയേ ഞാനും ഇവിടെ ചെയ്യുന്നുള്ളൂ.

@Shayyu: സംവാദം തര്‍ക്കമായി നീങ്ങാനുള്ള സാധ്യത കാണുന്നത് കൊണ്ട് ഞാന്‍ കൂടുതലൊന്നും പറയുന്നില്ല. നിര്‍ബന്ധമാണെങ്കില്‍ എന്‍റെ ചോദ്യത്തിന് (“ദാ, ഇത് കണ്ടോ, ഇത് വായിച്ചാല്‍ യാതൊരു തര്‍ക്കത്തിനും ഇട നല്‍കാതെ എല്ലാവര്‍ക്കും ഉറപ്പിക്കാം ഇത് ദൈവികമാണെന്ന്!”) “ഖുര്‍ആന്‍ - 16:67“ എന്ന് മാത്രമുള്ള ഒരുത്തരം തരൂ, അപ്പോള്‍ നമുക്ക്‌ പരിശോധിക്കാം, അതിലെ ശാസ്ത്ര സത്യങ്ങളും അത്ഭുതങ്ങളും ഒക്കെ. കാലാ കാലങ്ങളായി കേട്ട് പഠിച്ചത് അത് പോലെ ഉരുവിട്ടത്‌ കൊണ്ടു നാം നമ്മുടെ സമുദായത്തിന് പുതുതായി ഒന്നും സംഭാവന നല്‍കുന്നില്ല എന്ന് മനസ്സിലാക്കുക. കേട്ടതിനും അപ്പുറത്ത് മറ്റു വല്ലതിനും സാധ്യതകളുണ്ടോ എന്ന്‍ ചിന്തിക്കുക, അഭിപ്രായങ്ങള്‍ പങ്കു വെക്കുക.

Shayyu പറഞ്ഞു...

orupad ezhuthanallo sahodara..
ethayalum njan kodutha 1 2 point thanne oru thelivaanu.

അജ്ഞാതന്‍ പറഞ്ഞു...

@Shayyu: “ഖുര്‍ആന്‍ - 16:67“ എന്ന്‍ അധ്യായത്തിന്റെയും വാക്യത്തിന്റെയും നമ്പര്‍ എഴുതാന്‍ ഇത്രയധികം സമയം വേണോ? അതോ ഖുറാന് വേണ്ടി ഖോരഖോരം വാദിക്കുന്ന ഒരാള്‍ക്ക് അതിലെന്തൊക്കെ ഉണ്ടെന്നു വ്യക്തമായി അറിയാഞ്ഞിട്ടാണോ?

താങ്കള്‍ പറഞ്ഞ പോയന്റുകളെല്ലാം കാലാ കാലങ്ങളായി ഖുറാന്‍ ക്ലാസ്സുകളിലൂടെയും പുസ്തകങ്ങളിലൂടെയും ഒക്കെ നമ്മള്‍ കേട്ട് പരിചയിച്ചവ മാത്രമല്ലേ? ഇതിലേതെങ്കിലും ഒന്ന് സ്വന്തമായി അന്വേഷണം നടത്തി തെളിവുകള്‍ കണ്ടു ബോധ്യപ്പെട്ടിട്ടുണ്ടോ?

ഖുര്‍ആനില്‍ വൈരുധ്യങ്ങള്‍ ഒന്നും ഇല്ല എന്ന് ഉറപ്പുണ്ടെങ്കില്‍ 22:47, 70:4 പരിശോധിച്ച് അല്ലാഹുവിന്‍റെ ഒരു ദിവസം നമ്മുടെ എത്ര ദിവസമാണെന്ന് പറയൂ. “Contradictions in Quran” എന്ന് ഇന്റര്‍നെറ്റില്‍ തിരഞ്ഞാല്‍ ഇത് പോലത്തെ അനേകം ലിസ്റ്റ് കിട്ടും; എന്നിട്ട് അവ കയ്യിലുള്ള ഖുറാന്‍ കോപ്പിയില്‍ നോക്കി ഉറപ്പു വരുത്തൂ... suralikeit.com എന്ന സൈറ്റ്‌ നോക്കി ഖുറാനിലെ ആയത്ത് പോലെയുള്ള വാക്യങ്ങള്‍ കാണൂ. (അല്ലെങ്കിലും “തമസോമ ജ്യോതിര്‍ ഗമയ” എന്നത് പോലത്തെ മറ്റൊരു വാക്യം കൊണ്ടു വരൂ എന്ന്‍ പറയുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളത്?) ലോകത്ത് ഏറ്റവും അധികം വായിക്കപെടുന്ന ഗ്രന്ഥം ഖുറാന്‍ ആണെന്ന് എങ്ങിനെയാണ് കണക്ക്‌ കൂട്ടിയത്‌? എനിക്കറിയുന്ന നിസ്കാരം മുടക്കാത്ത മുസ്ലിംകളില്‍ പോലും പതിവായി ഖുറാന്‍ ഓതുന്നവര്‍ വളരെ കുറവാണ്. പിന്നെ എന്‍റെ അറിവില്‍ ക്രിസ്ത്യാനികളാണ് ലോകത്ത്‌ കൂടുതല്‍. ഇനി ലോകത്ത്‌ എല്ലാവരും ഖുറാന്‍ വായിച്ചാല്‍ പോലും അതെങ്ങിനെ ദൈവികമാവും?

CKLatheef പറഞ്ഞു...

ഈ ബ്ലോഗില്‍ വിശുദ്ധഖുര്‍ആനിലെ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ ആവശ്യപ്പെട്ടും. താങ്കള്‍ നല്‍കിയത് പോലുള്ള ചില സൂക്തങ്ങളിലെ വസ്തുതകള്‍ വ്യക്തമാക്കിയും ധാരാളം ചര്‍ച ചെയ്തിട്ടുണ്ട്. അത് തന്നെ ഇവിടെയും ആവര്‍ത്തിക്കാന്‍ പ്രയാസമുണ്ട്. വൈരുദ്ധ്യം എന്ന് പറഞ്ഞ് ബഹളം കൂട്ടുന്ന ജബ്ബാര്‍ മാഷ് തന്നെ നേരിട്ട് ഇതില്‍ ഇടപെട്ട് സംവദിച്ചിട്ടുണ്ട്. വൈരുദ്ധ്യമില്ല എന്നത് ദൈവികമാണ് എന്നതിന് തെളിവായി ദൈവം തന്നെ പറഞ്ഞതാണ്. അതുകൊണ്ട് അത് പരിശോധിക്കുന്നതില്‍ പ്രത്യേകം പ്രാധാന്യമുണ്ട്. എന്നാല്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്നത് എന്നത് ഖുര്‍ആന്‍ എന്ന പേരുമായി ബന്ധപ്പെടുത്തിയും സാമാന്യബുദ്ധി ഉപയോഗിച്ചും കണ്ടെത്തുന്ന നിഗമനമാണ്. അത് എല്ലാവരും അപ്പടി വിശ്വസിച്ചു കൊള്ളണം എന്നില്ല. അത് ദൈവികതയെ ബാധിക്കുന്നുമില്ല. പക്ഷെ പകര്‍ത്തിയെഴുതിയ ഒരു ഗ്രന്ഥം ഇത്രയും വ്യാപകമായ പഠനപാരായണത്തിനും അത്യത്ഭുതമായ വിധം മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനും ഉതകുന്നുവെന്നത് തീര്‍ചയായും ബുദ്ധി ഉപയോഗിക്കുന്നവര്‍ക്ക് മതിയായ തെളിവ് തന്നെയാണ്.

CKLatheef പറഞ്ഞു...

. “Contradictions in Quran” എന്ന് ഇന്റര്‍നെറ്റില്‍ തിരഞ്ഞാല്‍ ഇത് പോലത്തെ അനേകം ലിസ്റ്റ് കിട്ടും; എന്നിട്ട് അവ കയ്യിലുള്ള ഖുറാന്‍ കോപ്പിയില്‍ നോക്കി ഉറപ്പു വരുത്തൂ...
-------------

അതെ വിശുദ്ധഖുര്‍ആനെതിരെ സാധ്യമായ എല്ലാ വിമര്‍ശനങ്ങളും സൂക്ഷമ വിശകലനവും നടന്നിട്ടുണ്ട് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. ഖുര്‍ആന്‍ നല്‍കുന്ന ആശയത്തിനെതിരെ ശക്തമായി തന്നെ നിലപാട് പ്രഖ്യാപിച്ച് മുന്നോട്ട് പോകുന്നവരും ഉണ്ട്. ചില സൂക്തങ്ങള്‍ അടുത്ത് വെച്ച് വൈരുദ്ധ്യങ്ങള്‍ കണ്ടെത്താനുള്ള ശ്രമവും ഉണ്ട്. പക്ഷെ അത്തരക്കാര്‍ ആ സുക്തങ്ങളൊന്നും ഇത്തരം ബ്ലോഗില്‍ ഉദ്ധരിച്ച് അത് വ്യക്തമാക്കി തരാന്‍ അശക്തരാകുന്നതിന്റെ കാരണം വ്യക്തം. വാദത്തിന്റെ ദൌര്‍ബല്യം ചെറിയ ഒരു വിശകലനത്തില്‍ തന്നെ പുറത്താകുന്നു.

CKLatheef പറഞ്ഞു...

ലോകത്ത് ഒരു നേതാവും യാതൊരു തരത്തിലുള്ള സ്വാധീനവും ഉണ്ടാക്കിയിട്ടില്ലെന്നോ, അമ്പരപ്പിക്കുന്ന സാഹിത്യസൌകുമാര്യത്തോടെ ഒരു ഗ്രന്ഥവും രചിക്കപ്പെട്ടിട്ടില്ലെന്നോ ആര്‍ക്കും ഇവിടെ വാദമില്ല. ആള്‍ദൈവങ്ങളെയും അവരുടെ സ്വാധീനവലയത്തെയും ഇവിടെ ചോദ്യം ചെയ്യുന്നില്ല പക്ഷെ ഇത്രയധികം അഗാധ സ്വാധീനവും സ്ഥിരതയും സ്ഥായീഭാവവും കാണിച്ച വല്ല വിപ്ലവങ്ങളും ലോകത്ത് ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ചുനോക്കൂക. ഒരു കള്ളവാദിയുടെ ജല്‍പനങ്ങളാണ് ആളുകള്‍ ഇവ്വിധം സ്വീകരിച്ച് മാറ്റത്തിന് വിധേയമായത് എന്ന് വാദിക്കുന്നവര്‍ തോമസ് കാര്‍ലൈനിന്റെ ഈ വാക്കുകള്‍ ശ്രദ്ധിക്കുക.

'മുഹമ്മദിന്റ മേലില്‍ ചാര്‍ത്തുന്ന തിളക്കമാര്‍ന്ന മുഴുവന്‍ പ്രശംസകളും ഹീനവും വഞ്ചനാപരവുമായ ജാലവിദ്യാണെന്നാണോ നാം ധരിക്കേണ്ടത്‌ - എന്നെ സംബന്ധിച്ചിടത്തോളം അങ്ങെനെ വിഭാവനം ചെയ്യാന്‍ കഴിയില്ല - വഞ്ചന ലോകത്തിതുപോലെ വളരുകയും പുഷ്ടിപ്പെടുകയും ചെയ്‌താല്‍ മാനവതയെക്കുറിച്ച്‌ എന്തു ചിന്തിക്കണമെന്നറിയാതെ ഒരാള്‍ പരിപൂര്‍ണമായും അന്തംവിട്ടവനായിത്തീരും.' (തോമസ്‌ കാര്‍ലൈന്‍)

CKLatheef പറഞ്ഞു...

(അല്ലെങ്കിലും “തമസോമ ജ്യോതിര്‍ ഗമയ” എന്നത് പോലത്തെ മറ്റൊരു വാക്യം കൊണ്ടു വരൂ എന്ന്‍ പറയുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളത്?)

ഖുര്‍ആനിലേതുള്ള ഒരു വാക്യം എന്നത് സുഹൃത്ത് തെറ്റിദ്ധരിച്ചിരിക്കുന്നു. ഖുര്‍ആനിലേത്തു പോലുള്ള ഒരു അധ്യായം കൊണ്ടുവരൂ എന്ന ആവശ്യം പ്രസക്തമാക്കുന്നത്. അവരുടെ ആരോപണം കൂടി മുഖവിലക്കെടുക്കുമ്പോഴാണ്. ഇത് മനുഷ്യനിര്‍മിതമാണ് എന്നായിരുന്നു അവരുടെ വാദം. അവരാകട്ടേ അറബി സാഹിത്യത്തിലെ മുടിചൂടാ മന്നന്‍മാരും. അവരുടെ കൂട്ടതില്‍ സാഹിത്യത്തിന്റെ ഒരു സ്വാധീനവും കാണിക്കാത്ത മുഹമ്മദ് ഒരു സുപ്രഭാതത്തില്‍ കൊണ്ട് വന്ന് തുടങ്ങിയ സൂക്തങ്ങള്‍ക്കും അധ്യായങ്ങള്‍ക്കും ബദല്‍ അവര്‍ക്കും കൊണ്ട് വന്ന് മുഹമ്മദ് നബിയുടെ വാദത്തെ നിഷ്പ്രയാസം വെല്ലാമായിരുന്നു. യുദ്ധമോ പീഢനമോ ആള്‍നാശമോ ഒന്നും സ്വയം വഹിക്കേണ്ടിയിരുന്നില്ല. പക്ഷെ അവരതില്‍ എന്തുകൊണ്ട് പരാജയപ്പെട്ടുവെന്നത് ഏതൊരു മനുഷ്യനെയും ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്.

ഖുര്‍ആനിലെ ഓരോ സൂക്തവും വാക്കും അത്യധികമായ സ്വാധീനമാണ് സമൂഹത്തില്‍ ചെലുത്തിയത്. പതിനായിരങ്ങള്‍ അവ മനപ്പാഠമാക്കി. അവര്‍ തങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കി. അതിലെ നിയമനിര്‍ദ്ദേശങ്ങള്‍ അവര്‍ സ്വന്തം ജീവിതത്തില്‍ നടപ്പാക്കി. ഭൌതികമായ ഒരു പ്രയാസങ്ങളും അവരെ അതില്‍നിന്ന് പിന്തിരിപ്പിച്ചില്ല. ഒരോ സൂക്തവും അവതരിക്കുന്നതോടെ അവര്‍ അതിന്റെ പ്രചാരകരായി മാറി. ഇതും കൂടി ചേര്‍ന്നതാണ് ഖുര്‍ആനിലെ ഓരോ സൂക്തവും അധ്യായവും ഖുര്‍ആനിലെ അധ്യായം പോലെ ഒന്ന് കൊണ്ട് വരൂ എന്ന് പറയുമ്പോള്‍ അത് കേവലം സാഹിത്യത്തെ മാത്രം മുന്‍നിര്‍ത്തിയുള്ള ഒരു ആവശ്യപ്പെടാലായി തെറ്റിദ്ധരിച്ചതുകൊണ്ടാണ്. ഒരാളെഴുതിയത് പോലെ മറ്റൊരാള്‍ക്ക് എഴുതാനാവില്ല എന്ന ഒരു പരമസത്യമാണ് ഇവിടെ വെല്ലുവിളിക്ക് ഉപയോഗിക്കുന്നത് എന്ന് ചിലര്‍ തെറ്റിദ്ധരിക്കാന്‍ കാരണം.

CKLatheef പറഞ്ഞു...

(അല്ലെങ്കിലും “തമസോമ ജ്യോതിര്‍ ഗമയ” എന്നത് പോലത്തെ മറ്റൊരു വാക്യം കൊണ്ടു വരൂ എന്ന്‍ പറയുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളത്?)

ഖുര്‍ആനിലേതുള്ള ഒരു വാക്യം എന്നത് സുഹൃത്ത് തെറ്റിദ്ധരിച്ചിരിക്കുന്നു. ഖുര്‍ആനിലേത്തു പോലുള്ള ഒരു അധ്യായം കൊണ്ടുവരൂ എന്ന ആവശ്യം പ്രസക്തമാക്കുന്നത്. അവരുടെ ആരോപണം കൂടി മുഖവിലക്കെടുക്കുമ്പോഴാണ്. ഇത് മനുഷ്യനിര്‍മിതമാണ് എന്നായിരുന്നു അവരുടെ വാദം. അവരാകട്ടേ അറബി സാഹിത്യത്തിലെ മുടിചൂടാ മന്നന്‍മാരും. അവരുടെ കൂട്ടതില്‍ സാഹിത്യത്തിന്റെ ഒരു സ്വാധീനവും കാണിക്കാത്ത മുഹമ്മദ് ഒരു സുപ്രഭാതത്തില്‍ കൊണ്ട് വന്ന് തുടങ്ങിയ സൂക്തങ്ങള്‍ക്കും അധ്യായങ്ങള്‍ക്കും ബദല്‍ അവര്‍ക്കും കൊണ്ട് വന്ന് മുഹമ്മദ് നബിയുടെ വാദത്തെ നിഷ്പ്രയാസം വെല്ലാമായിരുന്നു. യുദ്ധമോ പീഢനമോ ഒന്നും ആവശ്യമുണ്ടായിരുന്നില്ല. പക്ഷെ അവരതില്‍ എന്തുകൊണ്ട് പരാജയപ്പെട്ടുവെന്നത് ഏതൊരു മനുഷ്യനെയും ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്.

ഖുര്‍ആനിലെ ഓരോ സൂക്തവും വാക്കും അത്യധികമായ സ്വാധീനമാണ് സമൂഹത്തില്‍ ചെലുത്തിയത്. പതിനായിരങ്ങള്‍ അവ മനപ്പാഠമാക്കി. അവര്‍ തങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കി. അതിലെ നിയമനിര്‍ദ്ദേശങ്ങള്‍ അവര്‍ സ്വന്തം ജീവിതത്തില്‍ നടപ്പാക്കി. ഭൌതികമായ ഒരു പ്രയാസങ്ങളും അവരെ അതില്‍നിന്ന് പിന്തിരിപ്പിച്ചില്ല. ഒരോ സൂക്തവും അവതരിക്കുന്നതോടെ അവര്‍ അതിന്റെ പ്രചാരകരായി മാറി. ഇതും കൂടി ചേര്‍ന്നതാണ് ഖുര്‍ആനിലെ ഓരോ സൂക്തവും അധ്യായവും ഖുര്‍ആനിലെ അധ്യായം പോലെ ഒന്ന് കൊണ്ട് വരൂ എന്ന് പറയുമ്പോള്‍ അത് കേവലം സാഹിത്യത്തെ മാത്രം മുന്‍നിര്‍ത്തിയുള്ള ഒരു ആവശ്യപ്പെടാലായി തെറ്റിദ്ധരിച്ചതുകൊണ്ടാണ്. ഒരാളെഴുതിയത് പോലെ മറ്റൊരാള്‍ക്ക് എഴുതാനാവില്ല എന്ന ഒരു പരമസത്യമാണ് ഇവിടെ വെല്ലുവിളിക്ക് ഉപയോഗിക്കുന്നത് എന്ന് ചിലര്‍ തെറ്റിദ്ധരിക്കാന്‍ കാരണം.

CKLatheef പറഞ്ഞു...

സത്യത്തില്‍ എന്തായിരുന്നു ഖുര്‍ആന്‍റെ വെല്ലുവിളി (വെല്ലുവിളി എന്നത് ഖുര്‍ആന്റെ പ്രയോഗമല്ല ഖുര്‍ആന്‍ നിഷേധിക്കളോട് ആ ആവശ്യം ഉന്നയിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ.) അതിനെക്കുറിച്ച് കൂടുതലറിയാന്‍ ഈ ചര്‍ച ശ്രദ്ധിക്കുക.

അജ്ഞാതന്‍ പറഞ്ഞു...

നന്ദി ലത്തീഫ്. ആ പോസ്റ്റുകള്‍ വായിച്ചു. അതിനുള്ള കമന്‍റുകള്‍ കൂടി വായിക്കുമ്പോഴാണ് മുഴുവന്‍ ചിത്രം മനസ്സിലാവുക. എന്നെപ്പോലെ ഖുറാനിലെ ഈ അത്ഭുതങ്ങളൊന്നും ഒരന്വേഷണവും നടത്താതെ വിഴുങ്ങാന്‍ കഴിയാത്തവര്‍ വേറെയും ഉണ്ടെന്നറിയുന്നത് ആശാസ്യം തന്നെ.

അതിലെ ഒരുദാഹരണം: “വിവിധ കുറ്റവാളികളെ അവരുടെ കുറ്റങ്ങളുടെ ഗൌരവമനുസരിച്ച് നരകത്തിന്റെ വ്യത്യസ്ത ക്ളാസുകളിലാണ് തള്ളുക. അവര്‍ക്ക് നല്‍കപ്പെടുന്നത് വ്യത്യസ്ത ദണ്ഡനങ്ങളുമായിരിക്കും.” ഖുറാനില്‍ വൈരുദ്ധ്യം ഇല്ല എന്ന് തെളിയിക്കാനായി വിവര്‍ത്തകന്‍ യുക്തിപരമായ ഊഹം നടത്തിയിരിക്കുന്നു. ഇതുപോലത്തെ യുക്തിപരമായ ഊഹങ്ങള്‍ നബിയുടെ പ്രവാചകത്വത്തെ കുറിച്ചും മറ്റുമൊക്കെ നടത്തിയാല്‍ കാര്യങ്ങള്‍ പിടി കിട്ടേണ്ടവര്‍ക്ക്‌ പിടി കിട്ടും.

നമ്മുടെ ഈ തലമുറക്ക്‌ കിട്ടിയ പല സൌഭാഗ്യങ്ങളും (ഇന്റെര്‍നെറ്റ് ഉള്‍പ്പടെ) ഉപയോഗിച്ച് ഖുറാനില്‍ ബിഗ്‌ ബാന്‍ഗ് തിയറിയുണ്ടെന്നും ഭീമാകാര മനുഷ്യന്‍റെ അസ്ഥികൂടം കണ്ടു കിട്ടിയെന്നും കൈ വിരലുകളില്‍ അല്ലാഹു എന്ന്‍ ആലേഖനം ഉണ്ടെന്നും സ്ഥാപിക്കുവാനും പ്രചരിപ്പിക്കുവാനും പരിശ്രമിക്കുന്ന യുവ തലമുറയെങ്കിലും ഈ സമയമൊക്കെ ഇത്തരം യുക്തിപരമായ അന്വേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ഉപയോഗിച്ചിരുന്നുവെങ്കില്‍ ആചാരാനുഷ്ടാന കാര്യങ്ങളില്‍ മാത്രം തമ്മില്‍ തര്‍ക്കിച്ചു മറ്റു സമുദായങ്ങള്‍ക്കിടയില്‍ പരിഹാസ്യരായും സമൂഹത്തില്‍ ഇപ്പോഴും പിന്നോക്കമായും തുടരുന്ന നമ്മുടെ ഖൌമിന്റെ അവസ്ഥക്കു ഒരു മാറ്റം വന്നേനെ!

അഭിപ്രായമൊന്നും എഴുതിയില്ലെങ്കിലും ഇതിനെക്കുറിച്ചൊക്കെ എല്ലാവരും ഒന്ന് ചിന്തിക്കുമെന്ന പ്രതീക്ഷയോടെ, ആശംസകളോടെ നിര്‍ത്തുന്നു.

Shayyu പറഞ്ഞു...

http://www.islampadanam.com/ebooks/quranum%20athunika%20sastravum.pdf

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review