2012, ഒക്‌ടോബർ 2, ചൊവ്വാഴ്ച

മുഹമ്മദ് നബി ലോക നേതാവ്

മുഹമ്മദ് നബി ലോകത്തെവിടെയും ചര്‍ചാവിഷയമാണ്, അദ്ദേഹത്തിന്റെ സ്വകാര്യജീവിതം പോലും നിരൂപണവിധേയമാണ്, അദ്ദേഹത്തിന്റെ പൊതുജിവിതം വിമര്‍ശനവിധേയവും. ഇതൊന്നും ആരും തടഞ്ഞിട്ടില്ല, തടയാവുന്നതുമല്ല. അതെ സമയം തന്നെ അദ്ദേഹം ആക്ഷേപിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യുന്നു. ഇത് ഏത് പ്രവാചകന്‍മാര്‍ക്കും അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. മോശയോ യേശുവോ അതില്‍നിന്ന് ഒഴിവല്ല. ഒരു കൂട്ടം മനുഷ്യര്‍ ഒരാളോട് ശത്രുത കാണിക്കുകയും ദ്രോഹിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്നത് അദ്ദേഹത്തിന്റെ മഹത്വത്തിന് മാറ്റുകുറക്കുന്നില്ല.

മാത്രമല്ല, ലോകത്തെവിടെയും അദ്ദേഹത്തെ ജീവനേക്കാള്‍ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു ജനതയുമുണ്ട്. ലോകത്ത് അദ്ദേഹത്തെപ്പോലെ പിന്തുടരപ്പെടുന്ന ഒരു നേതാവില്ല. മറ്റേതൊരു നേതാവിനെ എടുത്ത് നോക്കിയാല്‍ അദ്ദേഹം ഒരു വിഭാഗത്തിന്റെയോ ഒരു പ്രദേശത്തിന്റെയോ ഒരു രാജ്യത്തിന്റെയോ നേതാവാണ്. ചുരുക്കത്തില്‍ മുഹമ്മദ് നബി പ്രത്യക്ഷത്തില്‍ തന്നെ ഒരു ലോകനേതാവായി അനുഭവപ്പെട്ടുന്നു. ഇത് കേവലം ഒരു തോന്നലാണോ , അതല്ല അതിന് അര്‍ഹനാക്കുന്ന എന്തെങ്കിലും ഗുണങ്ങള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നോ എന്ന് പരിശോധിക്കേണ്ടതുണ്ട്. എന്തൊക്കെയായിരിക്കണം ഒരു ലോകനേതാവിനുണ്ടായിരിക്കേണ്ട ഗുണങ്ങള്‍

1. അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ഒരു പ്രത്യേക സമുദായത്തിനോ ദേശത്തിനോ വംശത്തിനോ വര്‍ഗത്തിനോ വേണ്ടി മാത്രമായിരിക്കരുത്. അമേരിക്കയുടെ താല്‍പര്യ സംരക്ഷണത്തിന് വേണ്ടി നിലനിന്ന് ഒരു വ്യക്തിത്വം ആ രാജ്യത്തിന് മഹാനാണ്, ആ നിലക്ക് ലോകം അദ്ദേഹത്തെ കാണുകയും ചെയ്യും. പക്ഷെ അദ്ദേഹം എനിക്ക് നേതാവല്ല. ഗാന്ധിജി ഇന്ത്യക്കാരുടെ നേതാവാണ് പക്ഷെ ഒരു ചൈനക്കാരന് അദ്ദേഹം നേതാവല്ല.

2. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ ലോകജനതക്കാകമാനം മാര്‍ഗദര്‍ശകമായിരിക്കണമെന്നാണ്. മനുഷ്യന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും അദ്ദേഹത്തിന്റെ മാര്‍ഗദര്‍ശനം പരിഹാരമായിരിക്കുകയും വേണം. നേതാവ് എന്നതിന്റെ വിവക്ഷതന്നെ മാര്‍ഗദര്‍ശകന്‍ എന്നാണ്. നന്മയിലേക്കും ധര്‍മത്തിലേക്കും വഴികാണിക്കാനാണ് നേതാവിനെ ആവശ്യമായി വരുന്നത്. മനുഷ്യന്‍ അവന്റെ ജഢികേഛകള്‍ക്കനുസരിച്ച് ജീവിച്ചാല്‍ തന്നെ തിന്മയിലേക്ക് സ്വാഭാവികമായി ചെന്നെത്തും. അതില്‍നിന്നും ശരിയായ ദിശകാണിക്കാന്‍ അവന് ഒരു സഹായി ആവശ്യമുണ്ട്. അതാണ് നേതാവ്.

3. അദ്ദേഹത്തിന്റെ നേതൃത്വവും മാര്‍ഗദര്‍ശനവും ഒരു നിശ്ചിത കാലത്തേക്ക് മാത്രമുള്ളതാവരുത്, മറിച്ച് എല്ലാ കാലത്തിനും എല്ലാ സാഹചര്യത്തിനും ഗുണകരമായിരിരിക്കണം. അത് എക്കാലത്തും ശരിയും സുബദ്ധവുമായിരിക്കണം. എന്നേക്കും സ്വീകാര്യമായിരിക്കണം. ഒരു കാലത്ത് പ്രയോജനപ്രദവും മറ്റൊരു കാലത്തേക്ക് പ്രയോജനരഹിതവുമായ മാര്‍ഗദര്‍ശനം നല്‍കുന്ന വ്യക്തി ലോകനേതാവായിരിക്കാന്‍ യോഗ്യനല്ല.

4. തത്വങ്ങളും സിദ്ധാന്തങ്ങളും മാത്രം നല്‍കി തന്റെ ദൗത്യം പൂര്‍ത്തീകരിച്ച ഒരായിരിക്കരുത്, മറിച്ച് സ്വജീവിതത്തിലൂടെ താന്‍ നല്‍കിയ തത്വങ്ങളരുടെ പ്രയോഗികത തെളിയിച്ച ഒരാളായിരിക്കണം അദ്ദേഹം. തത്വങ്ങള്‍ മാത്രം നല്‍കിയ വ്യക്തിയെ തത്വചിന്തകന്‍ എന്ന് വിളിക്കാമെങ്കിലും നേതാവ് എന്ന വിളിക്ക് യോഗ്യനല്ല. താന്‍ നല്‍കിയ സന്ദേശങ്ങളെ സ്വജീവിതത്തില്‍ പ്രയോഗവല്‍ക്കരിക്കുകയും അപ്രകാരമുള്ള ഒരു ജനതയെ വാര്‍ത്തെടുക്കുകയും ചെയ്ത വ്യക്തിയാണ് മേല്‍പറഞ്ഞ ഗുണങ്ങളോടൊപ്പം ലോകനേതാവാകുന്നത്.

ലോകനേതാവിനുണ്ടാകേണ്ട ഗുണങ്ങള്‍ ഏതെന്ന് ചിന്തിക്കുമ്പോള്‍ മനുഷ്യബുദ്ധി എത്തിച്ചേരുന്ന നിഗമനങ്ങളാണ് മുകളില്‍ അക്കമിട്ട് നല്‍കിയ നാല് കാര്യങ്ങള്‍ . ഇനി ഇപ്രകാരം ഈ ഉപാധികള്‍ മുഹമ്മദ് നബിയില്‍ മേളിച്ചിട്ടുണ്ടോ എന്ന് പരിശോദിച്ചുനോക്കൂക.


അതില്‍ ഒന്നാമത്തെ ഗുണം നബിയില്‍ പൂര്‍ണമായി സമ്മേളിച്ചതായി കാണാം. അദ്ദേഹം ഒരു അറബിദേശീയവാദിയോ ഒരു ഗോത്രവംശീയവാദിയോ അല്ല. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സാര്‍വലൗകിക കാഴ്ചപ്പാടോടെയായിരുന്നു. അദ്ദേഹത്തിന്റെ കാഴ്പ്പാടില്‍ എല്ലാ മനുഷ്യരും ഒരുപോലെയായിരുന്നു. ഒരു വര്‍ഗത്തോടോ സമുദായത്തോടോ ദേശത്തോടോ ആയിരുന്നില്ല അ്‌ദ്ദേഹത്തിന്റെ താല്‍പര്യം മറിച്ച് മുഴുവന്‍ ജനതയോടുമായിരുന്നു. ഇക്കാരണത്താല്‍ തന്നെ അദ്ദേഹത്തിന്റെ ജീവിത കാലത്ത് തന്നെ എത്യോപ്യക്കാരും പേര്‍ഷ്യക്കാരും റോമക്കാരും ഈജിപ്തുകാരും ഇസ്രായീല്യരുമെല്ലാം അറബികളെ പോലെ തന്നെ അദ്ദേഹത്തിന്റെ സഖാക്കളും അനുയായികളുമായി തീര്‍ന്നു. ഇപ്പോഴാകട്ടേ അ്‌ദ്ദേഹത്തിന്റെ അനുയായികളില്ലാത്ത ഏതെങ്കിലും രാജ്യം നിലനില്‍ക്കുന്നുണ്ടോ എന്ന് സംശയമാണ്.

ലോകനേതാവിനുണ്ടാകേണ്ട രണ്ടാമത്തെയും മൂന്നാമത്തെയും ഉപാധിയനുസരിച്ചും മുഹമ്മദ് നബി ലോകനേതാവിന് വേണ്ട ഗുണങ്ങള്‍ ഉള്‍കൊണ്ട വ്യക്തിയാണെന്ന്് നിശ്ശംസയം പറയാം. നബിയുടെ സന്ദേശം ഒരു ദേശത്തിലെ കുറച്ചാളുകളുടെയോ ഒരു വര്‍ഗത്തിന്റെ പ്രാദേശികവും താല്‍കാലികവുമായ പരിഹാരത്തിന് വേണ്ടിയോ ആയിരുന്നില്ല. മനുഷ്യരാശിയുടെ മൗലികവും സാര്‍വത്രികവുമായ പ്രശ്‌നപരിഹാരത്തിനുള്ള നിര്‍ദ്ദേശങ്ങളാണ് അദ്ദേഹം നല്‍കിയത്. അതിലൂടെ അവന് ഉണ്ടാകുന്ന താല്‍കാലിക പ്രശ്‌നങ്ങള്‍ കൂടി പരിഹരിക്കപ്പെടുന്ന സമഗ്രമായ സന്ദേശമാണ് അദ്ദേഹം നല്‍കിയത്.

നാലാമത്തെ ഗുണം അദ്ദേഹം നല്‍കിയ സന്ദേശത്തിന്റെ പ്രയോഗക്ഷമതയാണല്ലോ. മുഹമ്മദ് നബി ഒരു സിദ്ധാന്ത്ം സമര്‍പ്പിക്കുക മാത്രമല്ല ചെയ്തത് ആ സിദ്ധാന്തമനുസരിച്ച് ചൈതന്യപൂര്‍ണവും ഊര്‍ജസ്വലവുമായ ഒരു സമൂഹത്തെ അദ്ദേഹം കെട്ടിപ്പടുക്കുകയും ചെയ്തു. വെറും 23 വര്‍ഷത്തിനുള്ളില്‍ പടിപടിയായി ഒരു മഹത്തായ സമൂഹത്തെ വാര്‍ത്തെടുക്കുന്ന പരിപാടിയാണ്. ആത്മപൂജയില്‍നിന്ന് അവരെ മോചിപ്പിച്ചു. താന്‍ മുന്നോട്ട് വെച്ച സിന്താത്തിനനുസരിച്ച് ചലിക്കുന്ന ലക്ഷക്കണക്കിന് വരുന്ന അനുയായി വൃത്തത്തെ സൃഷ്ടിച്ചു. നല്‍കിയ സിദ്ധാന്തങ്ങളത്രയും സ്വയം ജീവിതത്തില്‍ പകര്‍ത്തി അവയുടെ പ്രയോഗക്ഷമത തെളിയിച്ചതിന്റെ ഫലമായിട്ടാണ് അ്‌ദ്ദേഹത്തിന് ഇത് സാധിച്ചത്. അങ്ങനെ തന്റെ സന്ദേശം പൂര്‍ണമായി പിന്‍പറ്റുന്ന ഒരു സമൂഹം എത്രമാത്രം ശുദ്ധവും സ്വഛവും ഉത്തമവുമായിരിക്കുമെന്ന് അദ്ദേഹം ലോകത്തിന് കാണിച്ചു കൊടുത്തൂ.

ഇനി പറയൂ. മുഹമ്മദ് നബി ലോകനേതാവ് എന്ന വിശേഷണത്തിന് അര്‍ഹനാണ് എന്ന് നിങ്ങളുടെ ബുദ്ധിസമ്മതിക്കുന്നില്ലേ. എന്തുകൊണ്ടാണ് പ്രവാചകനുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ലോകത്താകമാനം ഇത്രയധികം കോളിളക്കവും സ്വാധീനവും സൃഷ്ടിക്കുന്നത് എന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നില്ലേ. അദ്ദേഹം ലോകനേതാവാണ്. നിങ്ങളുടെയും നേതാവ്.1 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ഇനി പറയൂ. മുഹമ്മദ് നബി ലോകനേതാവ് എന്ന വിശേഷണത്തിന് അര്‍ഹനാണ് എന്ന് നിങ്ങളുടെ ബുദ്ധിസമ്മതിക്കുന്നില്ലേ. എന്തുകൊണ്ടാണ് പ്രവാചകനുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ലോകത്താകമാനം ഇത്രയധികം കോളിളക്കവും സ്വാധീനവും സൃഷ്ടിക്കുന്നത് എന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നില്ലേ. അദ്ദേഹം ലോകനേതാവാണ്. നിങ്ങളുടെയും നേതാവ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review