2012, ഒക്‌ടോബർ 11, വ്യാഴാഴ്‌ച

ഏതു മതമനസരിച്ച് ദൈവത്തെ ആരാധിക്കണം?

യുക്തിവാദിയുടെ ചോദ്യങ്ങള്‍ക്കുള്ള മറപടി തുടരുന്നു. ഇത് വായിക്കുന്നതിന് മുമ്പ് നേരത്തെ നല്‍കിയ പോസ്റ്റുകൂടി കാണുക.

ചോദ്യം:

(5)ആരാധന ഉദ്ദേശിച്ചാണു സൃഷ്ടി നടത്തിയതെങ്കില്‍ എല്ലാവരും ആരാധിച്ചുകൊണ്ടിരിക്കാന്‍ ഉതകുന്ന രീതിയില്‍ സൃഷ്ടിക്കാതെ ആളുകളില്‍ ആശയക്കുഴപ്പം ഉണ്ടാക്കി മനുഷ്യരെ ശിക്ഷിക്കാന്‍ ഇടവരുത്തുന്നതെന്തിന്‍?

ഉത്തരം:

സൃഷ്ടികളുടെ ആരാധന ഉദ്ദേശിച്ചല്ല സ്രഷ്ടാവ് സൃഷ്ടി നടത്തിയിട്ടുള്ളത് എന്ന് ഇതിനകം വ്യക്തമാക്കിയതിനാല്‍ ഈ ചോദ്യം അതിന് ശേഷം നിലനില്‍ക്കുന്നില്ല. മനുഷ്യന്റെ ആരാധനകള്‍ ദൈവത്തിന് മാത്രമായിരിക്കണം എന്ന് ആവശ്യപ്പെടാനുള്ള കാരണവും പറഞ്ഞുകഴിഞ്ഞു. ദൈവം മനുഷ്യനെ ശിക്ഷിക്കുന്നതിന്റെ ന്യായം വേറെ തന്നെ ചോദ്യമായി വരേണ്ടതാണ്. ദൈവത്തിന്റെ സൃഷ്ടിയായ മനുഷ്യന്‍ അവന് നല്‍കപ്പെട്ട കല്‍പനകളെ വിവേചന ബുദ്ധിയോടെ പിന്‍പറ്റട്ടെ എന്നാണ് സ്രഷ്ടാവ് തീരുമാനിച്ചിട്ടുള്ളത്. അതിന് ആവശ്യമായ ബുദ്ധി നല്‍കിയിട്ടുണ്ട്. മാത്രമല്ല എന്താണ് പിന്തുടരേണ്ടത് എന്നും ആരെ അനുസരിക്കണമെന്നും എങ്ങനെ അനുസരിക്കണമെന്നും പ്രവാചകന്‍മാരിലൂടെ മനുഷ്യനെ അറിയിച്ചു. അതിന് ശേഷം ദൈവിക കല്‍പനകള്‍ അനുസരിക്കാതരിക്കുന്ന പക്ഷെ ശിക്ഷ നേരിടേണ്ടി വരും എന്ന് മുന്നറിയിപ്പ് നല്‍കി. ഈ വാഗ്ദാനത്തിന്റെ സത്യസന്ധമായ പൂര്‍ത്തീകരണമാണ് ദൈവിക വിധിവിലക്കുകള്‍ ലംഘിച്ചവര്‍ ശിക്ഷിക്കപ്പെടുന്നത്.

ചോദ്യം :
(6) ദൈവത്തെ കുറിച്ച് പലരും പലതും പറയുന്നുണ്ട്. ഇതില്‍ ആരു പറയുന്നതാണു ശരി? (7) അതു തീരുമാനിക്കാന്‍ നാം എന്തു മാനദണ്ഡം സ്വീകരിക്കും? (8) ഏതു മതമനസരിച്ച് ദൈവത്തെ ആരാധിക്കണം? (9) ശരിയായ മതം ഏതെന്നു തീരുമാനിക്കാന്‍ എന്തു മാനദണ്ഡമാണു സ്വീകരിക്കുക? (10) യുക്തി കൊണ്ട് ഇതൊക്കെ എങ്ങനെ താരതമ്യം ചെയ്യും?

ഉത്തരം :
6. ആര് പറയുന്നതാണ് ശരി എന്ന് കണ്ടെത്താനാണ് മനുഷ്യന്റെ യുക്തി പ്രയോഗിക്കേണ്ടത്. ഇത് ശരിയായ വിധം വിനിയോഗിച്ചാല്‍ യുക്തിക്ക് കൂടുതല്‍ ഇണങ്ങുന്നതേതാണോ അത് പിന്തുടരുകയാണ് മനുഷ്യന്‍ ചെയ്യേണ്ടത്. ഏത് അടിസ്ഥാനപ്പെടുത്തിയാണ് ദൈവത്തിന്റെ വിശദാംശങ്ങള്‍ നല്‍കുന്നത് എന്നും അവയുടെ ആധികാരികതയെന്ത് എന്നും പരിശോധിക്കണം. നല്‍കപ്പെടുന്ന ദൈവവീക്ഷണങ്ങളില്‍ കൂടുതല്‍ യുക്തിഭദ്രമായത് ഏതാണ് എന്ന് പരിശോധിക്കണം.

7. ആര് പറയുന്നതാണ്  ശരി എന്ന് തീരുമാനിക്കാന്‍ മനുഷ്യന്റെ ചിന്തയെയും ബുദ്ധിയെയും യുക്തിയെയും തന്നെയാണ് മാനദണ്ഡമാക്കേണ്ടത്. വെറുതെ ചിന്തിച്ചത് കൊണ്ട് കാര്യമില്ല ഏതില്‍നിന്നാണോ തെരഞ്ഞെടുക്കാന്‍ ഉദ്ദേശിക്കുന്നത് അവയെ സൂക്ഷമായ പഠനത്തിന് വിധേയമാക്കുക.

8. താരതമ്യപഠനത്തിന്റെ അടിസ്ഥാനത്തില്‍ തന്റെ യുക്തിയില്‍ ശരിയെന്ന് കണ്ടെത്തിയ ദൈവത്തെയാണ് ആരാധിക്കേണ്ടത്.

9. ശരിയായ മതം ഏതെന്ന് തീരുമാനിക്കാനും യുക്തിയെ തന്നെയാണ് അവലംബിക്കേണ്ടത്. അതിനും ആവശ്യമായ പഠനം നടത്തേണ്ടതുണ്ട് എന്ന് പറയേണ്ടതില്ലല്ലോ?.

10. യുക്തി ഉപയോഗിക്കുന്ന മനുഷ്യന് ഇത് പ്രയാസകരമായി അനുഭവപ്പെടുകയില്ല. മനുഷ്യന് പഠിക്കാനും ചിന്തിക്കാനും കഴിയും. മതങ്ങളെയും അവയുടെ അടിസ്ഥാനങ്ങളെയും പഠനവിധേയമാക്കണം, അവയുടെ ദൈവ വീക്ഷണങ്ങളെ താരതമ്യം ചെയ്യണം. സത്യം വ്യക്തമാവുക തന്നെ ചെയ്യും.

ഇവയൊക്കെ ആവര്‍ത്തന സ്വഭാവമുള്ള ചോദ്യങ്ങളാണ്. പക്ഷെ ഒന്നിച്ച് മറുപടി പറയുന്ന പക്ഷം ചോദ്യം സ്പര്‍ശിച്ചില്ല എന്ന ആക്ഷേപം ഒഴിവാക്കാനാണ് വേറെ തന്നെ മറുപടി അവര്‍ത്തിച്ചത്.

യുക്തിയോ ബുദ്ധിയോ ഉപയോഗിക്കാതെ പാരായണം ചെയ്യപ്പെട്ടത് അങ്ങനെ തന്നെ അംഗീകരിക്കണം എന്ന് ഖുര്‍ആന്‍ അനുശാസിക്കുന്നില്ല. ആയിരുന്നുവെങ്കില്‍ ഏതാനും കല്‍പനകള്‍ മാത്രം അവതരിപ്പിച്ചാല്‍ മതിയായിരുന്നു.  പ്രവാചകത്വത്തിന് ശേഷം മക്കയില്‍ നബി ജീവിച്ച 13 വര്‍ഷം അവതരിച്ച ഖുര്‍ആനില്‍ ഇസ്ലാമിന്റെ വിശ്വാസ പ്രമാണങ്ങളെ ബോധ്യപ്പെടുന്നവിധം ഒട്ടേറെ തെളിവുകളാണ് നല്‍കപ്പെട്ടത്. നിയമമോ നിര്‍ദ്ദേശമോ ഒന്നും കാര്യമായി കാണപ്പെടുകയില്ല. ഖുര്‍ആന്റെ മൂന്നില്‍ രണ്ട് ഭാഗവും മനുഷ്യബുദ്ധിയോട് സംവദിച്ച് കാര്യങ്ങളെ മനസ്സാ അംഗീകരിക്കാന്‍ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്.

11 അഭിപ്രായ(ങ്ങള്‍):

Sameer Thikkodi പറഞ്ഞു...

following ........

CKLatheef പറഞ്ഞു...

മുകളില്‍ പോസ്റ്റില്‍ പറഞ്ഞ വസ്തുത ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം..

ഇസ്ലാം പരിചയപ്പെട്ടുത്തുന്ന ദൈവത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അത് മനുഷ്യരുടെ ജീവിതവ്യവഹാരങ്ങളില്‍ ഇടപെടുന്നുവെന്നതാണ്. അവനെ സൃഷ്ടിക്കുക മാത്രമല്ല അവന് മാര്‍ഗദര്‍ശനം നല്‍കുകയും അതനുസരിച്ച് ജീവിച്ചവര്‍ക്ക് പ്രതിഫലവും അതിനെ നിഷേധിച്ച് തള്ളിയവര്‍ക്ക് പരലോകത്ത് ശിക്ഷയും നല്‍കുന്നു. സകല പ്രവാചകന്‍മാരുടെയും സന്ദേശം ഇതായിരുന്നു. പക്ഷെ ദൈവത്തിന്റെ സാന്നിദ്ധ്യം അംഗീകരിച്ച അവര്‍ പരലോകമെന്ന യാഥാര്‍ഥ്യം അംഗീകരിക്കാന്‍ വിസമ്മതിച്ചു. അവരുടെ ന്യയം അവര്‍ സമര്‍പിച്ചു. അതിന് ഖുര്‍ആന്‍ മറുപടി നല്‍കുന്നത് ബുദ്ധിപരമായ മറുചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ്.

ആരാണ് തങ്ങളെ ഇനിയും ജീവതത്തിലേക്ക് തിരിച്ചുകൊണ്ട് വരിക എന്ന് ചോദിച്ചപ്പോള്‍ ഖുര്‍ആന്‍ ഒറ്റവാക്കില്‍ അല്ലാഹു എന്ന് പറയുന്നതിന് പകരം സ്വീകരിച്ച ശൈലിനോക്കൂ..

CKLatheef പറഞ്ഞു...

നിങ്ങളെ ഈ നിലക്ക് സൃഷ്ടിച്ചവനോ അവന്‍ എന്നാണ് ഖുര്‍ആന്‍ പറയുന്നത്. അതില്‍ അവര്‍ക്ക് മറുപടി ഉണ്ട്. കാരണം അവരുടെ ഇപ്പോഴത്തെ സൃഷ്ടി ഇല്ലായ്മയില്‍നിന്ന് നടത്തിയവന്‍ ഒരിക്കല്‍കൂടി അതേ പോലെ സൃഷ്ടിക്കാന്‍ കഴിവുളളവനാണ് എന്ന് അലോചിച്ചാല്‍ മനസ്സിലാകും. ആദ്യ സൃഷ്ടിയായിരിക്കുമല്ലോ പ്രയാസകരം, ആവര്‍ത്തിക്കുക വളരെ എളുപ്പമാണ്.

(17:49-52) അവര്‍ ചോദിക്കുന്നു: ഞങ്ങള്‍ കേവലം അസ്ഥികളും മണ്ണുമായിത്തീര്‍ന്നാല്‍ പിന്നെയും പുതിയ സൃഷ്ടിയായി എഴുന്നേല്‍പിക്കപ്പെടുമെന്നോ? അവരോടു പറയുക: നിങ്ങള്‍ കല്ലോ ഇരുമ്പോ ആയിക്കൊള്ളുക. അല്ലെങ്കില്‍, ജീവനുള്‍ക്കൊള്ളുക തീരെ അസാധ്യമെന്നു നിങ്ങള്‍ക്കു തോന്നുന്ന മറ്റെന്തെങ്കിലും കടുത്ത സൃഷ്ടിയായിക്കൊള്ളുക (എന്നാലും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടും). അവര്‍ തീര്‍ച്ചയായും ചോദിക്കും: `ആരാണ് ഞങ്ങളെ ജീവിതത്തിലേക്കു മടക്കുക?` അവര്‍ക്കു പറഞ്ഞുകൊടുക്കുക: `ആദ്യവട്ടം സൃഷ്ടിച്ചവനാരോ അവന്‍ തന്നെ.` അവര്‍ തലയിളക്കിക്കൊണ്ട് ചോദിക്കും: `ഓഹോ, അതെപ്പോഴാണുണ്ടാവുക?` പറയുക: `അടുത്തുതന്നെ അതു സംഭവിച്ചേക്കാം. അവന്‍ വിളിക്കും നാളില്‍ ആ വിളി കേട്ട് അവനെ സ്തുതിച്ചുകൊണ്ട് നിങ്ങള്‍ എഴുന്നേറ്റു വരും. ഞങ്ങള്‍ അല്‍പനേരം മാത്രമേ ഈ അവസ്ഥയില്‍ കഴിഞ്ഞിട്ടുള്ളൂ എന്നായിരിക്കും അന്നേരം നിങ്ങളുടെ തോന്നല്‍ .`

CKLatheef പറഞ്ഞു...

ഒരിക്കല്‍ അവര്‍ അത്ഭുതത്തോടെ നുരുമ്പിത്തുടങ്ങിയ എല്ലുമായി വന്നു. ഇങ്ങനെ ചോദിച്ചു. `ദ്രവിച്ചുകഴിഞ്ഞ അസ്ഥികളെ ജീവിപ്പിക്കുന്നവനാര് ?. ഈ ചോദ്യത്തിന് ഉത്തരം തുടങ്ങുന്നത് ഈ കുതര്‍ക്കം ഉന്നയിക്കുന്ന വ്യക്തിയുടെ ഈ ജന്‍മത്തിലേക്ക് ശ്രദ്ധക്ഷണിച്ചുകൊണ്ടാണ്. എന്തെന്നാല്‍ കേവലം ബീജത്തില്‍നിന്ന് മനുഷ്യനെ സൃഷ്ടിച്ച ദൈവത്തിന് ഇനിയൊരിക്കല്‍ മരിച്ച മനുഷ്യനെ തിരിച്ചു കൊണ്ട് വരിക പ്രയാസമുള്ള കാര്യമല്ല എന്ന്. ഖുര്‍ആന്‍ പറയുന്നത് കാണുക.


(36:77-83) മനുഷ്യന്‍64 കണ്ടില്ലയോ, നാമവനെ ശുക്ളകണത്തില്‍നിന്ന് സൃഷ്ടിച്ചു. എന്നിട്ടവനിതാ തെളിഞ്ഞ കുതര്‍ക്കിയായിരിക്കുന്നു; നമുക്കുദാഹരണങ്ങള്‍ ചമയ്ക്കുന്നു. സ്വന്തം ജനനത്തെ അവന്‍ മറന്നുകളഞ്ഞു. `ദ്രവിച്ചുകഴിഞ്ഞ അസ്ഥികളെ ജീവിപ്പിക്കുന്നവനാര്` എന്നവന്‍ ചോദിക്കുന്നു. അവനോട് പറയുക: നേരത്തെ അതിനെ സൃഷ്ടിച്ചവനാരോ അവന്‍തന്നെ പുനര്‍ജീവിപ്പിക്കും. സകലവിധ സൃഷ്ടിക്രിയയും അറിയുന്നവനത്രെ അവന്‍. അവന്‍ തന്നെയാകുന്നു പച്ച മരങ്ങളില്‍നിന്ന് നിങ്ങള്‍ക്ക് തീയുണ്ടാക്കിത്തരുന്നത്. അതുകൊണ്ടിതാ, നിങ്ങള്‍ അടുപ്പ് കത്തിക്കുന്നു. വാനലോകങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചവന്‍ ഇവരെപ്പോലുള്ളവരെ സൃഷ്ടിക്കാന്‍ കഴിവുള്ളവനല്ലെന്നോ? എന്തുകൊണ്ടല്ല, അവന്‍ സര്‍വജ്ഞനായ അതിവിദഗ്ധ സ്രഷ്ടാവാണെന്നിരിക്കെ! അവന്റെ അവസ്ഥയോ, ഒരു കാര്യമുദ്ദേശിച്ചാല്‍, അതു ഭവിക്കട്ടെ എന്ന് കല്‍പിക്കുകയേ വേണ്ടൂ. ഉടനെ അത് സംഭവിക്കുകയായി. സകല സംഗതികളുടെയും സമ്പൂര്‍ണാധികാരം ആരുടെ ഹസ്തത്തിലാണോ, അവന്‍ എത്രയും പരിശുദ്ധനത്രെ. അവങ്കലേക്കല്ലോ നിങ്ങള്‍ തിരിച്ചയക്കപ്പെടുന്നത്.

CKLatheef പറഞ്ഞു...

മരിച്ചവര്‍ വീണ്ടും ജീവിക്കുക എന്നത് ബുദ്ധിക്ക് വിദൂരമായ കാര്യമാണ് എന്നാണ് അക്കാലത്തെ യുക്തിവാദികള്‍ പറഞ്ഞു നോക്കിയത്. വിശുദ്ധഖുര്‍ആന്‍ അവരോട് പറഞ്ഞു.

 (50: 1-4) ഖാഫ്-അതിശ്രേഷ്ഠമായ ഖുര്‍ആനാണ! പക്ഷേ, ഈ ജനം ഇവരില്‍നിന്നുതന്നെ ഇവര്‍ക്കൊരു മുന്നറിയിപ്പുകാരന്‍ വന്നതില്‍ ആശ്ചര്യപ്പെടുന്നു. എന്നിട്ട് അവിശ്വാസികള്‍ ഘോഷിച്ചു തുടങ്ങി; ഇതൊരല്‍ഭുത സംഗതിതന്നെ. നാം മരിച്ചുമണ്ണായിപ്പോയാല്‍ (പിന്നെ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുകയോ!) അങ്ങനെയൊരു തിരിച്ചുവരവ് ബുദ്ധിക്ക് വിദൂരമാകുന്നു.` (എന്നാലോ) ഇവരുടെ ജഡത്തില്‍നിന്നും ഭൂമി തിന്നുന്നതൊക്കെ നമ്മുടെ അറിവിലുണ്ട്. ഒക്കെയും സൂക്ഷിച്ചിട്ടുള്ള ഒരു പുസ്തകം നമ്മുടെ പക്കലിരിക്കുന്നു.

(5) പക്ഷേ, ഈ ജനം, സത്യം വന്നെത്തിയപ്പോള്‍ തന്നെ അസന്ദിഗ്ധമായി നിഷേധിച്ചു കളഞ്ഞു. അക്കാരണത്താല്‍ ഇപ്പോഴിവര്‍ വിഷമത്തിലകപ്പെട്ടിരിക്കുന്നു. (6-11) ശരി, ഇവരൊരിക്കലും മുകളിലുള്ള മാനത്തേക്കു നോക്കിയിട്ടില്ലേ, നാം അത് എവ്വിധം നിര്‍മിക്കുകയും അലങ്കരിക്കുകയും ചെയ്തിരിക്കുന്നു? അതിലെവിടെയും ഒരു വിടവുമില്ല. ഭൂമിയെ നാം വിസ്തൃതമാക്കി. അതില്‍ പര്‍വതങ്ങളുറപ്പിച്ചു. അഴകാര്‍ന്ന സകലവിധ സസ്യങ്ങളും മുളപ്പിക്കുകയും ചെയ്തു. ഈ സംഗതികളെല്ലാം സത്യത്തിലേക്കു മടങ്ങുന്ന സകല ദാസന്മാര്‍ക്കും ഉള്‍ക്കാഴ്ചയും ഉദ്ബോധനവും നല്‍കുന്നതാകുന്നു. വിണ്ണില്‍നിന്ന് നാം അനുഗൃഹീതമായ തണ്ണീരിറക്കി; എന്നിട്ടതുവഴി തോട്ടങ്ങളും ധാന്യവിളകളും, പഴങ്ങള്‍ തിങ്ങിയ കുലകള്‍ അടുക്കടുക്കായി തൂങ്ങുന്ന നീണ്ടുയര്‍ന്ന ഈത്തപ്പനകളും മുളപ്പിച്ചു. ഇത് അടിമകള്‍ക്ക് ആഹാരം നല്‍കാനുള്ള ഏര്‍പ്പാടാകുന്നു. നാം നിര്‍ജീവമായ ഭൂമിക്ക് ജലത്താല്‍ ജീവനരുളുന്നു. (മരിച്ച മനുഷ്യരുടെ) ഉയിര്‍ത്തെഴുന്നേല്‍പും ഇതേപ്രകാരമാകുന്നു.

(12-14) ഇവര്‍ക്ക് മുമ്പ് നൂഹിന്റെ ജനവും റസ്സ് വാസികളും സമൂദ് വര്‍ഗവും ആദ് വര്‍ഗവും ഫറവോനും ലൂത്തിന്റെ സോദരരും ഐക്കാവാസികളും തുബ്ബഇന്റെ സമുദായവും സത്യം നിഷേധിച്ചുകഴിഞ്ഞിട്ടുള്ളതാകുന്നു. അവരെല്ലാം ദൈവദൂതന്മാരെ തള്ളിപ്പറഞ്ഞു. ഒടുവില്‍ എന്റെ ഭീഷണി അവരില്‍ യാഥാര്‍ഥ്യമാവുകയും ചെയ്തു. (15) പ്രഥമ സൃഷ്ടികര്‍മത്താല്‍ നാം ക്ഷീണിച്ചുപോയെന്നാണോ? അല്ല, ഒരു പുതുസൃഷ്ടിയെക്കുറിച്ച് ഈ ജനം സംശയത്തിലകപ്പെട്ടിരിക്കുകയാകുന്നു.

CKLatheef പറഞ്ഞു...

ഖുര്‍ആന്‍റെ സംവാദ ശൈലി എത്ര മഹത്തരം. നിഷേധികളുടെ ആരോപണങ്ങളും ചോദ്യങ്ങളും അല്‍പസ്വല്‍പമായ പരിഹാസങ്ങളും അവഗണിക്കുന്നില്ല. അവയെ അന്ത്യദിനം വരെ പാരായണം ചെയ്യുന്ന ഖുര്‍ആനില്‍ എടുത്ത് ചേര്‍ത്തു. യുക്തിപരമായ മറുപടി പറയുകയാണ്. മരിച്ചവരെ ജീവിപ്പിക്കുന്നതിന് തടസ്സമായത് നഷ്ടപ്പെട്ട ശരീരാവശിഷ്ടങ്ങളെ ലഭിക്കാത്തതാണെങ്കില്‍ അത് ഒരുമിച്ചു കൂട്ടാന്‍ കഴിവുള്ളവനാണ് അല്ലാഹു എന്ന് അറിയിക്കുന്നു. നിര്‍ജീവമായതിന് ജീവനാണ് പ്രശ്നമെങ്കില്‍ ഉണങ്ങിപ്പോയ ഭൂമിയെ മഴയാല്‍ സജീവമായി നിത്യജീവിതത്തില്‍ കണ്ടുകൊണ്ടിരിക്കുന്ന യാഥാര്‍ഥ്യതിനപ്പുറം അതൊന്നുമല്ല എന്ന് അതേ ഉദാഹണം നല്‍കി വ്യക്തമാക്കുന്നു.

ദൈവത്തില്‍ വിശ്വസിക്കുന്ന ഒരാള്‍ക്ക് അവന്‍ സ്രഷ്ടാവാണ് എന്നംഗീകരിക്കുന്നവര്‍ക്ക് കാര്യം മനസ്സിലാകാന്‍ ഇതൊക്കെ പോരെ ?..

CKLatheef പറഞ്ഞു...

ദൈവത്തിന് മനുഷ്യനോട് കാരുണ്യമില്ലേ.. ദൈവം തന്നെ സൃഷ്ടിക്കുകയും, എല്ലാ വിധ സംവിധാനങ്ങള്‍ ഇവിടെ ഏര്‍പ്പെടുത്തുകയും. അവന് വേണ്ട മാര്‍ഗദര്‍ശനം നല്‍കുകയും അത് മനസ്സിലാക്കാനവശ്യമായ ബുദ്ധിയും യുക്തിയും പ്രധാനം ചെയ്യുകയും ചെയ്തിരിക്കുന്നു. അതനുസരിച്ച് ജീവിക്കുന്നവര്‍ക്ക് പ്രതിഫലം നല്‍കാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തു. എന്നിട്ടും അതിനെ ധിക്കരിക്കുകയും ദൈവം ക്രൂരനാണ് എന്ന് പറയുകയും ചെയ്യുന്നുവോ ?. കഷ്ടം.

CKLatheef പറഞ്ഞു...

യുക്തിവാദികളുടെ ചോദ്യങ്ങളില്‍ പരിഹാസം ഉണ്ടെങ്കിലും ചോദ്യം ചോദിക്കുന്നത് സത്യം മനസ്സിലാക്കണം എന്നാഗ്രത്തോടെയല്ലെങ്കിലും അവ ഉദ്ധരിച്ച് മറുപടി പറയാനുള്ള പ്രേരണ വിശുദ്ധഖുര്‍ആന്‍റെ അതുല്യമായ സംവാദശൈലിയാണ്.

ഇവിടെ യുക്തിവാദികളെന്ന് പറയുന്നവര്‍ ഒരിക്കലും ഇസ്ലാം മുന്നോട്ട് വെക്കുന്ന ദൈവവീക്ഷണത്തെയല്ല പരിഹസിക്കാറ്, മറിച്ച് അവര്‍ പഠച്ചുണ്ടാക്കി ഇസ്ലാമിന് മേല്‍ കെട്ടിവെക്കുന്ന ദൈവത്തെയാണ്. സംവാദത്തിലെ സാമാന്യമര്യാദയെങ്കിലും യുക്തിവാദികള്‍ വിശുദ്ധഖുര്‍ആനില്‍നിന്ന് പഠിക്കണം.

V.B.Rajan പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
V.B.Rajan പറഞ്ഞു...

"ദൈവത്തിന്റെ സൃഷ്ടിയായ മനുഷ്യന്‍ അവന് നല്‍കപ്പെട്ട കല്‍പനകളെ വിവേചന ബുദ്ധിയോടെ പിന്‍പറ്റട്ടെ എന്നാണ് സ്രഷ്ടാവ് തീരുമാനിച്ചിട്ടുള്ളത്. അതിന് ആവശ്യമായ ബുദ്ധി നല്‍കിയിട്ടുണ്ട്."
ഇതില്‍ നിന്നും മനുഷ്യന്‍ അവന്റെ വിവേചന ബുദ്ധി ഉപയോഗിച്ച് അവന് ശരിയെന്ന് തോന്നുന്ന പാത സ്വീകരിക്കാന്‍ അനുവദിച്ച കാരുണ്യവാനാണ് ദൈവമെന്ന് തോന്നാം. പക്ഷേ പിന്നീട് ലത്തീഫ് പറയുന്നു :
"മാത്രമല്ല എന്താണ് പിന്തുടരേണ്ടത് എന്നും ആരെ അനുസരിക്കണമെന്നും എങ്ങനെ അനുസരിക്കണമെന്നും പ്രവാചകന്‍മാരിലൂടെ മനുഷ്യനെ അറിയിച്ചു. അതിന് ശേഷം ദൈവിക കല്‍പനകള്‍ അനുസരിക്കാതരിക്കുന്ന പക്ഷെ ശിക്ഷ നേരിടേണ്ടി വരും എന്ന് മുന്നറിയിപ്പ് നല്‍ക."
അപ്പോള്‍ ആദ്യം പറഞ്ഞ വിവേചന ബുദ്ധി മനുഷ്യന് എങ്ങനെ ഉപയോഗിക്കാന്‍ സാധിക്കും? ദൈവം പ്രവാചകന്മാരിലൂടെ മനുഷ്യന്‍ എന്താണ് പിന്തുടരേണ്ടത് എന്നും ആരേ അനുസരിക്കണമെന്നും പറഞ്ഞു. ഈ കല്പനകള്‍ അനുസരിച്ചില്ലെങ്കില്‍ മനുഷ്യന്‍ ശിക്ഷിക്കപ്പെടും എന്നും അറിയിച്ചു. അപ്പോള്‍ കല്പനകളെ വിവേചന ബുദ്ധിയോടെ പിന്‍‌പറ്റാനുള്ള സ്വാതന്ത്ര്യം എവിടെ? മനുഷ്യന്‍ എന്താണ് പിന്തുടരേണ്ടത് എന്ന് പറയുകയും അവ പിന്തുടര്‍ന്നില്ലങ്കില്‍ ശിക്ഷയെ നേരിടണമെന്നും പറഞ്ഞിട്ട് വിവേചന ബുദ്ധിയുപയോഗിച്ച് ശരിയെന്ന് തോന്നുന്ന പാതസ്വീകരിക്കാന്‍ അനുവദിച്ചു എന്നു പറയുന്നത് എങ്ങനെ ശരിയാകും? മനുഷ്യന്‍ അവന്റെ വിവേചന ബുദ്ധിയുപയോഗിച്ച് പ്രവാചകര്‍ ചൂണ്ടിക്കാണിച്ച പാതയല്ല ശരിയെന്ന നിഗമനത്തിലെത്തിയാല്‍ അവന്‍ കുറ്റവാളിയാകും. ഇതില്‍നിന്നും മനുഷ്യന്റെ വിവേചനബുദ്ധികൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് മനസ്സിലാക്കാം.

V.B.Rajan പറഞ്ഞു...

"6. ആര് പറയുന്നതാണ് ശരി എന്ന് കണ്ടെത്താനാണ് മനുഷ്യന്റെ യുക്തി പ്രയോഗിക്കേണ്ടത്.
7. ആര് പറയുന്നതാണ് ശരി എന്ന് തീരുമാനിക്കാന്‍ മനുഷ്യന്റെ ചിന്തയെയും ബുദ്ധിയെയും യുക്തിയെയും തന്നെയാണ് മാനദണ്ഡമാക്കേണ്ടത്.
8. താരതമ്യപഠനത്തിന്റെ അടിസ്ഥാനത്തില്‍ തന്റെ യുക്തിയില്‍ ശരിയെന്ന് കണ്ടെത്തിയ ദൈവത്തെയാണ് ആരാധിക്കേണ്ടത്.
9. ശരിയായ മതം ഏതെന്ന് തീരുമാനിക്കാനും യുക്തിയെ തന്നെയാണ് അവലംബിക്കേണ്ടത്.
10. യുക്തി ഉപയോഗിക്കുന്ന മനുഷ്യന് ഇത് പ്രയാസകരമായി അനുഭവപ്പെടുകയില്ല. മനുഷ്യന് പഠിക്കാനും ചിന്തിക്കാനും കഴിയും. മതങ്ങളെയും അവയുടെ അടിസ്ഥാനങ്ങളെയും പഠനവിധേയമാക്കണം, അവയുടെ ദൈവ വീക്ഷണങ്ങളെ താരതമ്യം ചെയ്യണം. സത്യം വ്യക്തമാവുക തന്നെ ചെയ്യും."
"യുക്തിയോ ബുദ്ധിയോ ഉപയോഗിക്കാതെ പാരായണം ചെയ്യപ്പെട്ടത് അങ്ങനെ തന്നെ അംഗീകരിക്കണം എന്ന് ഖുര്‍ആന്‍ അനുശാസിക്കുന്നില്ല."

ഖുറാനില്‍ കൂടിയും മറ്റു പ്രവാചകരില്‍കൂടിയും ദൈവം തന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക, ആങ്ങനെ ചെയ്യുന്നില്ലങ്കില്‍ അവന്‍ ശിക്ഷിക്കപ്പെടും എന്ന് ദൈവം നിരന്തരം ഓര്‍മ്മിപ്പിക്കുന്നുണ്ട്. അങ്ങനെയുള്ളപ്പോള്‍ ലത്തിഫ് മുകളില്‍ വിവരിച്ച മനുഷ്യന്റെ ചിന്തിക്കാനുള്ള കഴിവ് അവന്റെ യുക്തിചിന്തഎന്നിവകൊണ്ട് എന്ത് പ്രയോജനം? മനുഷ്യന്‍ പ്രവാചകന്മാര്‍ നിര്‍ദ്ദേശിച്ച പാത തന്നെ സ്വീകരിക്കേണ്ടതുണ്ട്. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ ശിക്ഷയെ നേരിടേണ്ടതുണ്ട്. അപ്പോള്‍ മനുഷ്യന് അവന്റെ വിചനബുദ്ധിയും, യുക്തിചിന്തയും, ചിന്താശേഷിയും ഉപയോഗിക്കാന്‍ എവിടെ അവസരം?

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review