2012, ഒക്‌ടോബർ 13, ശനിയാഴ്‌ച

ഏത് മതം എങ്ങനെ തെരഞ്ഞെടുക്കണം ?.

യുക്തിവാദിയുടെ 11 മുതല്‍ 13 വരെയുള്ള ചോദ്യങ്ങള്‍ക്കാണ് ഇതില്‍ മറുപടി പറയുന്നത്.

ചോദ്യം

(11) ദൈവത്തിന്റെ സര്‍വ്വശക്തി, സര്‍വ്വജ്ഞാനം, കാരുണ്യം, പൂര്‍ണത തുടങ്ങിയ സങ്കല്‍പ്പങ്ങള്‍ ഒന്നും യുക്തിക്കു നിരക്കാത്തതായിരിക്കെ ദൈവങ്ങളെയും മതങ്ങളെയും പരസ്പരം താരതമ്യം ചെയ്തു ശരിയായത് തെരഞ്ഞെടുക്കാന്‍ മറ്റെന്തു മാര്‍ഗ്ഗമാണുള്ളത് ? (12) യുക്തി കൊണ്ട് താരതമ്യം ചെയ്താല്‍ ശരിയാകുമോ? ക്രിസ്തു ദെവപുത്രനാണെന്നു പറയുമ്പോള്‍ മുസ്ലിമിന് അതു യുക്തിക്കുനിരക്കാത്ത കാര്യമാണ്. എന്നാല്‍ ക്രിസ്ത്യാനിക്കങ്ങനെ വിശ്വസിക്കുന്നതില്‍ ഒരു യുക്തിരാഹിത്യവും ഇല്ല. ഹിന്ദുവിന് വിഗ്രഹത്തിനു മുമ്പില്‍ പ്രാര്‍ത്ഥിക്കുന്നതില്‍ എന്തെങ്കിലും കുഴപ്പമുണ്ടെന്നു തോന്നുന്നില്ല. മുസ്ലിമിന് മക്കയില്‍ നടക്കുന്ന വിഗ്രഹാരാധന യുക്തിസഹവും മറ്റേതൊക്കെ യുക്തിക്ക് തീരെ യോജിക്കാത്തതും.

ഉത്തരം

സത്യത്തില്‍ ഒരു യുക്തിവാദി ഇങ്ങനെ പറയാന്‍ പാടില്ലാത്തതാണ്. ചോദ്യം തന്നെ യുക്തിശൂന്യമായി പോയി. കാരണം ഇവിടെ യുക്തിക്ക് നിരക്കാത്തത് എന്ന് പറയുമ്പോള്‍ ആരുടെ യുക്തി എന്ന ഒരു ചോദ്യമുണ്ട്. ഒരാള്‍ക്ക് വേണമെങ്കില്‍ ഒരു കാര്യം എന്റെ യുക്തിക്ക് നിരക്കുന്നില്ല എന്ന് പറയാം. അത് പലകാരണങ്ങള്‍ കൊണ്ടാകാം. ആ കാര്യത്തെക്കുറിച്ച് ആവശ്യമായ അറിവ് ലഭിക്കാത്തത് കൊണ്ടോ ലഭിച്ച അറിവ് തെറ്റായത് കൊണ്ടോ ഒക്കെ ആവാം. പ്രത്യേകിച്ച് അതേ കാര്യം ഒരു പാടുപേരുടെ യുക്തിക്ക് നിരക്കുന്നതാണ് എന്ന് അവര്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കെ മൊത്തത്തില്‍ യുക്തിക്ക് നിരക്കാത്തത് എന്ന് പറയുന്നതില്‍ ഒരര്‍ഥവുമില്ല. ഇവിടെ മതങ്ങള്‍ എന്താണ് ദൈവത്തെക്കുറിച്ച് പറയുന്നത്... ചിലര്‍ ദൈവം ഏകനും സര്‍വശക്തനുമാണെന്നും സ്രഷ്ടാവും കാരുണ്യവാനും പൂര്‍ണനുമാണ് എന്നും പറയുന്നു. മറ്റു ചിലര്‍ ദൈവം അനേകരുണ്ടെന്ന് പറയുന്നു, വേറെ ചിലര്‍ ദൈവം മൂന്ന് ആളത്വമുള്ളതാണ് എന്ന് പറയുന്നു. ഇവ ഒരേ സമയം ശരിയാവില്ല എന്നത്  ഏത് മനുഷ്യന്റെ യുക്തിയും പൊതുവായി അംഗീകരിക്കുന്നതാണ്. ഇനി ആര്‍ക്കെങ്കിലും അങ്ങനെയല്ല അത് എന്റെ യുക്തിക്ക് സ്വീകാര്യമാണ് എന്ന് പറയുന്നെങ്കില്‍ അദ്ദേഹത്തിന്റെ വഴിക്ക് വിടുക. ഈ മൂന്ന് ദൈവസങ്കല്‍പങ്ങളില്‍ കൂടുതല്‍ കണിശതയുള്ളത് എങ്ങനെ തെരഞ്ഞെടുക്കും എന്ന ഒരു പ്രശ്നം അഭിമുഖീകരിക്കുമ്പോഴാണ് യുക്തിയെ തീരുമാനത്തിന് വേണ്ടി അവലംബിക്കേണ്ടത്. അറിവിന്റെയും അന്വേഷണത്തിന്റെയും പിന്‍ബലമില്ലാതെ യുക്തിക്ക് തീരുമാനിക്കാനാവില്ല. അതിനാല്‍ ആദ്യം നടക്കേണ്ടത് പഠനമാണ്. മതങ്ങളെ ഒരു താരതമ്യപഠനത്തിന് വിധേയമാക്കി സ്വന്തം യുക്തി ഉപയോഗിക്കാന്‍ സാധിച്ചാല്‍ ഒരു ഉത്തരം ലഭിക്കും അത് തന്നെയാണ് പ്രസ്തുത വ്യക്തി സ്വീകരിക്കേണ്ടത്. യുക്തിവാദിയാണ് എന്ന് അവകാശവാദം ഉന്നയിക്കുന്നവ്യക്തി തന്റെ മുന്നില്‍ ഒരു തെരഞ്ഞെടുപ്പ് വരുമ്പോള്‍ ഇതുപോലെ അന്തം വിടുകയില്ല.

ചോദ്യം

(13) മനുഷ്യരെല്ലാം ശരിയായ ഒരു ദൈവത്തെ വിശ്വസിച്ച് ആരാധിക്കണമെന്ന് ദൈവത്തിനാഗ്രഹമുണ്ടെങ്കില്‍ എല്ലാവര്‍ക്കും ആ ദൈവത്തിന്റെ അസ്തിത്വം ബോധ്യപ്പെടുത്തിക്കൊടുക്കാതെ ദൈവം എന്തിന്  ഒളിച്ചിരുന്ന് മനുഷ്യരില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നു?.

ഉത്തരം.

ഇവിടെയും യുക്തിപ്രയോഗിക്കുന്നില്ല എന്നതാണ് ചോദ്യത്തിന് നിദാനം. ഇവിടെ ചോദ്യം ഇസ്ലാമിനെ മുന്നില്‍ കണ്ടുകൊണ്ടാണ് എന്ന് ഉറപ്പാണ്. എങ്കില്‍ എന്താണ് ഇസ്ലാമില്‍ ഇത് സംബന്ധമായി പറഞ്ഞിട്ടുള്ളത് അത് ആദ്യം മനസ്സിലാക്കാന്‍ ശ്രമിക്കണം. പല തവണ ആവര്‍ത്തിച്ച പോലെ. മനുഷ്യനെ ദൈവം സൃഷ്ടിച്ചത് അവന്റെ ഇഛാശക്തി ഉപോയഗിച്ച് അവനിഷ്ടപ്പെട്ട ഒരുകാര്യം പ്രവര്‍ത്തിക്കാനുള്ള സൌകര്യത്തോടെയാണ്. എന്തിന് അങ്ങനെ ചെയ്തുവെന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ല. ദൈവം ആഗ്രഹിക്കുന്ന/നിര്‍ണയിച്ച് നല്‍കുന്നത് പ്രവര്‍ത്തിക്കുന്ന ഒരു തരം സൃഷ്ടി ഭൂലോകത്ത് ഉണ്ട്. ഇസ്ലാമിക വിശ്വാസമനുസരിച്ച് അവരാണ് മലക്കുകള്‍ . അതേ പ്രകാരം ചിന്തയോ യുക്തിയോ പ്രയോഗിക്കാതെ ജന്മവാസനയനുസരിച്ച് ജീവിക്കുന്ന ഇതര ജീവികളെ പോലെ എന്തുകൊണ്ട് മനുഷ്യനെ ആക്കിയില്ല എന്ന ചോദ്യത്തിനും ഉത്തരം കണ്ടത്തേണ്ട ആവശ്യമില്ല.

എല്ലാവിധ വിശ്വാസങ്ങളെയും ഒരു നിമിഷം മറക്കുക. നാം ഇവിടെ അനുഭവിക്കുന്നതെന്താണ്. ഇവിടെ മനുഷ്യന് നന്മചെയ്യാനും തിന്മചെയ്യാനും കഴിയും. ഇഷ്ടമുള്ള തത്വശാസ്ത്രമോ ദര്‍ശനമോ സ്വീകരിക്കാന്‍ കഴിയും, ദൈവമുണ്ടെന്ന് അംഗീകരിക്കാനും ദൈവത്തെ നിഷേധിക്കാനും കഴിയും, ഒരാളെ സഹായിക്കാനും ഉപദ്രവിക്കാനും കഴിയും. ചിലകാര്യങ്ങള്‍ നന്മയും ധര്‍മവുമാണ് എന്ന് എല്ലാവരും പൊതുവെ അംഗീകരിക്കുന്നു. ഉദാഹരണം. സത്യസന്ധത, നീതി, വാഗ്ദത്തപാലനം, വിശ്വസ്തത, സഹാനുഭൂതി, കാരുണ്യം. ഔദാര്യം, വിശാലമനസ്‌കത, ക്ഷമ, സഹനം, സ്ഥൈര്യം, വിട്ടുവീഴ്ച, ദൃഢചിത്തത, ശൗര്യം, ആത്മനിയന്ത്രണം, സ്വാഭിമാനം, സംസ്‌കാരം, ഇണക്കം, കൃതജ്ഞതാഭാവം, സ്‌നേഹപാലനം, കര്‍മസന്നദ്ധത, ഉത്തരവാദിത്തബോധം.  മറ്റുചില കാര്യങ്ങല്‍ തിന്മയും അധര്‍മവുമാണ് എന്നതും മനുഷ്യന്‍ മൊത്തത്തില്‍ അംഗീകരിക്കുന്നതാണ്. ഉദാഹരണം. കളവ്, അനീതി, അക്രമം, കരാര്‍ലംഘനം, വഞ്ചന, സ്വാര്‍ഥത, കഠിനമനസ്‌കത, ലുബ്ധ്, സങ്കുചിതവീക്ഷണം, ക്ഷമകേട്, ശുണ്ഠി, ചാഞ്ചല്യം, അപകര്‍ഷതാബോധം, ഭീരുത്വം, ആത്മപൂജ, കുടിലമനസ്‌കത, സംസ്‌കാരശൂന്യത, കൃതഘ്‌നത, മടി, ഉത്തരവാദിത്തബോധമില്ലായ്മ. (കൂടുതല്‍ വായനക്ക്)

ഇത്  മനസ്സിലാക്കാനുള്ള കഴിവ് മനുഷ്യപ്രകൃതിയുടെ ഭാഗമാണ്. ഇസ്ലാമിക വീക്ഷണമനുസരിച്ച് മനുഷ്യന്റെ പ്രവര്‍ത്തനങ്ങളെ വര്‍ഗീകരിച്ച് അവയിലെ നന്മതിന്മകള്‍ വ്യവഛേദിച്ച് മനസ്സിലാക്കിക്കൊടുക്കുക എന്ന ദൌത്യവുമായാണ് പ്രവാചകന്‍മാര്‍ നിയോഗിക്കപ്പെട്ടത്. അതിനാല്‍ ഒരു മനുഷ്യന് ഏതാണ് യഥാര്‍ഥ പ്രവാചകനെന്നും ഏതാണ് യഥാര്‍ഥ പ്രവാചകമതമെന്നും തിരിച്ചറിയാന്‍ അവന്റെ സൃഷ്ടിപ്പില്‍ തന്നെയുള്ള യുക്തിബോധത്തെ ആശ്രയിച്ചാല്‍ മതി. ഒരു പ്രവാചകമതം അധര്‍മവും തിന്മയും കല്‍പിക്കുകയില്ല.

മനുഷ്യാരംഭം മുതല്‍ മനുഷ്യന് സന്മാര്‍ഗം നല്‍കാന്‍ പ്രവാചകന്‍മാര്‍ ആഗതരായിരുന്നു. എന്തുകൊണ്ട് ദൈവം പ്രവാചകന് മാത്രം ദിവ്യസന്ദേശം നല്‍കി, എന്തുകൊണ്ട് ഓരോരുത്തര്‍ക്കും നല്‍കിയില്ല എന്ന ചോദ്യത്തിന് എന്തെങ്കിലും കാര്യമുണ്ടെന്ന് തോന്നുന്നില്ല. കാരണം അപ്രകാരം ചെയ്തിരുന്നെങ്കിലും മനുഷ്യന്‍ ചോദിക്കും. ഇതിനൊക്കെ ഒരു പ്രവാചകനെ അയച്ചാല്‍ പോരായിരുന്നോ എന്ന്. ഒരു പ്രവാചകനെ അയക്കുകയും അദ്ദേഹത്തിലൂട ദൈവിക മാര്‍ഗദര്‍ശനം നല്‍കുന്നതുമാണ് മനുഷ്യസൃഷ്ടിപ്പിന്റെ യഥാര്‍ഥ താല്‍പര്യം.

ദൈവം മനുഷ്യനില്‍നിന്ന് ഒളിഞ്ഞിരിക്കുകയല്ല. പദാര്‍ത്ഥത്താല്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന് പദാര്‍ഥമല്ലാത്ത സൃഷ്ടാവിനെ കാണാന്‍ കഴിയുന്നില്ല എന്ന് മാത്രമേ ഉള്ളൂ. പല ഊര്‍ജങ്ങളും നമ്മുടെ ദൃഷ്ടിയില്‍ പെടുന്നില്ലല്ലോ, നാം ശ്വസിക്കുന്ന വായുവിലെ ഓക്സിജന്‍ പോലും  കാണാന്‍ നമുക്കാവുന്നില്ല. പക്ഷെ അവ പദാര്‍ഥമായതിനാല്‍ അവയുടെ സാന്നിദ്ധ്യം അടുത്തകാലത്ത് നാം കണ്ടെത്തി എന്ന് മാത്രം. എന്തുകൊണ്ട് ഓക്സിജന്‍ നമ്മില്‍നിന്ന് ഒളിച്ചിരിക്കുന്നുവെന്ന് നാം ചോദിക്കാറില്ല.

ഇനി ദൈവം മനുഷ്യന് കാണെ തന്നെ ഒരു ഗ്രന്ഥം ഇറക്കിക്കൊടുത്താലും മനുഷ്യന്‍ ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കും. ആശയക്കുഴപ്പം ചിന്തിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇല്ല. ഖുര്‍ആന്‍ പറയുന്നത് കാണുക.
['പ്രവാചകാ, നാം നിനക്കു കടലാസില്‍ എഴുതപ്പെട്ട ഒരു ഗ്രന്ഥം ഇറക്കിത്തരികയും, ജനം സ്വകരങ്ങള്‍കൊണ്ട് അതു തൊട്ടുനോക്കുകയും ചെയ്താല്‍പോലും `ഇതൊരു തെളിഞ്ഞ ആഭിചാരം മാത്രമാണ്` എന്നുതന്നെയായിരിക്കും സത്യം സ്വീകരിക്കാന്‍ കൂട്ടാക്കാത്തവര്‍ പറഞ്ഞുകൊണ്ടിരിക്കുക. അവര്‍ ചോദിക്കുന്നു: `ഈ പ്രവാചകന് ഒരു മലക്ക് ഇറക്കപ്പെടാത്തതെന്ത്?!` മലക്കിനെ നാം ഇറക്കിയിരുന്നുവെങ്കില്‍ കാര്യം ഇതിനുമുമ്പേ തീരുമാനിക്കപ്പെട്ടുകഴിഞ്ഞേനേ. പിന്നീട് അവര്‍ക്ക് ഒരവസരവും ലഭിക്കുമായിരുന്നില്ല. നാം മലക്കിനെ ഇറക്കുകയാണെങ്കില്‍ അതും മനുഷ്യരൂപത്തില്‍ തന്നെയാണിറക്കുക. അങ്ങനെ ഇപ്പോള്‍ അകപ്പെട്ടിട്ടുള്ള സന്ദേഹത്തില്‍തന്നെ അപ്പോഴും അവരെ നാം അകപ്പെടുത്തുമായിരുന്നു'.(6:7-9) (കൂടുതല്‍ വായനക്ക്)]

ദൈവം ഒരു കാലഘട്ടത്തിലെ മനുഷ്യരോടും അനീതികാണിക്കുന്നില്ല. അവരില്‍നിന്ന് ദൈവിക സന്ദേശങ്ങള്‍ മറഞ്ഞുതുടങ്ങുമ്പോള്‍ പുതിയ പ്രവാചകന്‍മാരെ അയച്ചുകൊണ്ടിരുന്നു. കൂട്ടത്തില്‍ അന്തിമ പ്രവാചകനാണ് മുഹമ്മദ് നബി. നേരത്തെ വന്ന പ്രവാചകന്‍മാര്‍ കല്‍പിച്ചതും കാണിച്ചുതന്നതുമായ കാര്യങ്ങള്‍ തന്നെയാണ് മുഹമ്മദ് നബിയും പ്രബോധനം ചെയ്തത്. നേരത്തെ വന്ന് പ്രവാചകന്‍മാര്‍ എതിര്‍ക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്തപോലെ മുഹമ്മദ് നബിയും പരിഹസിക്കപ്പെടുന്നുവെന്ന് മാത്രം.

സത്യം കണ്ടെത്തേണ്ടവര്‍ എക്കാലത്തും സത്യം കണ്ടെത്തി, അവിശ്വസിക്കേണ്ടവര്‍ തള്ളിക്കളയുകയും ചെയ്തു. വിശ്വസിച്ചവര്‍ ഇഹപരവിജയം നേടി. പ്രവാചകന്‍മാരെ നിഷേധിച്ചുതള്ളിയവര്‍ ഇഹത്തില്‍ ചരിത്രത്തിലെ ചവറ്റുകുട്ടയിലായി, പരലോകത്ത് നിന്ദ്യമായ ശിക്ഷ അവരെ കാത്തിരിക്കുന്നു.


ഇത്രയും കാര്യങ്ങള്‍ മനസ്സിലാക്കിയാല്‍ ഒരു മുസ്ലിമിനോട് യുക്തിവാദി ചോദിച്ച, ചോദ്യം 12 ന് പ്രത്യേകം ഉത്തരം പറയേണ്ടതില്ല. ദൈവത്തെ എങ്ങനെ ആരാധിക്കണം എന്നത് ഇതര വിഷയങ്ങളെ പോലെ യുക്തിക്ക് വെറുതെ തീരുമാനിക്കാന്‍ കഴിയില്ല. അത്തരം ഒരു ഘട്ടം വരുമ്പോള്‍ ദൈവത്തെ എങ്ങനെ ആരാധിക്കണം എന്ന് ദൈവം പറഞ്ഞുതന്നിട്ടുണ്ടോ എന്നാണ് ഒരു മുസ്ലിം ചിന്തിക്കുന്നത്. ഏത് ദൈവത്തെ ആരാധിക്കണം എന്നകാര്യത്തില്‍ ഒരു യുക്തിവാദി അന്തംവിട്ടുപോകുന്നത് മതങ്ങളുടെ ദൈവവീക്ഷണത്തെക്കുറിച്ച് ബോധമില്ലാത്തതുകൊണ്ടും അറിവില്ലാത്തതുകൊണ്ടുമാണ്.

(12) യുക്തി കൊണ്ട് താരതമ്യം ചെയ്താല്‍ ശരിയാകുമോ? ക്രിസ്തു ദെവപുത്രനാണെന്നു പറയുമ്പോള്‍ മുസ്ലിമിന് അതു യുക്തിക്കുനിരക്കാത്ത കാര്യമാണ്. എന്നാല്‍ ക്രിസ്ത്യാനിക്കങ്ങനെ വിശ്വസിക്കുന്നതില്‍ ഒരു യുക്തിരാഹിത്യവും ഇല്ല. ഹിന്ദുവിന് വിഗ്രഹത്തിനു മുമ്പില്‍ പ്രാര്‍ത്ഥിക്കുന്നതില്‍ എന്തെങ്കിലും കുഴപ്പമുണ്ടെന്നു തോന്നുന്നില്ല. മുസ്ലിമിന് മക്കയില്‍ നടക്കുന്ന വിഗ്രഹാരാധന യുക്തിസഹവും മറ്റേതൊക്കെ യുക്തിക്ക് തീരെ യോജിക്കാത്തതും.

ഒരു യുക്തിവാദി മതങ്ങളെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ച് ഇസ്ലാമിനെ സംബന്ധിച്ച് എത്രമാത്രം അബദ്ധധാരണയിലാണ് എന്ന് നോക്കൂക. മക്കയില്‍ ഒരു മുസ്ലിം വിഗ്രഹാരാധന നടത്തുന്നില്ല. യേശുവിനെ ആരാധിക്കുന്നുവെന്നതും വിഗ്രഹത്തെ ആരാധിക്കുന്നുവെന്നതും അതാത് മതവിശ്വാസികള്‍ തന്നെ അംഗീകരിക്കുന്നതാണ്. എന്നാല്‍ ഭാഹ്യമായ ഒരു ചുമ്പനം കണ്ട് മുസ്ലിംകള്‍ കറുത്ത കല്ലിനെ ആരാധിക്കുന്നുവെന്ന് പറയുന്ന യുക്തിവാദി സത്യത്തിന് നേരെ പുറം തിരിഞ്ഞുനില്‍ക്കുകയാണ് എന്ന വസ്തുത ശ്രദ്ധിക്കാതെ പോകരുത്. ഇത് വിലപോവില്ലെന്ന് കണ്ട ജബ്ബാര്‍ മറ്റൊരു നമ്പര്‍ ഇറക്കാറുണ്ട്.


ഒരു മുസ്ലിം ദൈവേതരോടുള്ള ആരാധനയെ കാണുന്നത് എങ്ങനെ എന്ന് ഇത്രയും പറഞ്ഞതില്‍ നിന്ന് തന്നെ വ്യക്തമാക്കുന്നു. സ്രഷ്ടാവായ ദൈവത്തെ ആരാധിക്കുക എന്നതാണ് പ്രകൃതിപരം. അതിന് പുറത്ത് എന്തിനെ ആരാധിച്ചാലും അത് സ്രഷ്ടാവായ ദൈവത്തെ കല്‍പിക്കുന്നവര്‍ക്ക് യുക്തിക്ക് നിരക്കാത്തതായിരിക്കും. ഇയ്യിടെയായി ഫെയ്സ ബുക്കിലെ ക്രൈസ്തവര്‍ യേശുതന്നെയാണ് പഴയനിയമത്തിലെ യഹോവയായ ദൈവം എന്ന് പറയുന്നത് സ്രഷ്ടാവ് തന്നെയാണ് ആരാധനയര്‍ഹിക്കുന്നത് എന്ന മനുഷ്യമനസ്സിന്റെ തീരുമാനത്തിന് എതിര് നില്‍ക്കാന്‍ കഴിയാത്തതിനാലാണ്. ബിംബത്തെ ആരാധിക്കുന്നവരും തങ്ങള്‍ ദൈവത്തെയാണ് ലക്ഷ്യംവെക്കുന്നത്, ബിംബം എന്നാല്‍ യാഥാര്‍ഥ്യമല്ല പ്രതീകം മാത്രമാണ് , ആ പേര് സൂചിപ്പിക്കുന്നത പോലെ തന്നെ എന്ന് പറയുന്നതും ഇതേ മനസ്സിന്റെ തീരുമാനപ്രകാരമാണ്.

ചുരുക്കത്തില്‍ ഇതൊക്കെ വലിയ ചോദ്യമായി അനുഭവപ്പെടുന്നത്, ഒരു അടിസ്ഥാനവുമില്ലാത്ത ദൈവനിഷേധിയായ യുക്തിവാദിക്ക് മാത്രമാണ്.

8 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

You, Naser Kunnum Purathu, Karim Vk, Shiju Mokery and 101 others like this.

105 പേര്‍ ഇതിനകം ലൈക്ക് ചെയ്ത ഇ.എ. ജബ്ബാറിന്റെ വിശ്വാസികളോടുള്ള ചോദ്യത്തിന് മുസ്ലിം പക്ഷത്ത് നിന്നുള്ള മറുപടികള്‍ ....

V.B.Rajan പറഞ്ഞു...

മനുഷ്യന്‍ അവന്റെ യുക്തിചിന്ത ഉപയോഗിച്ച് അവന് ശരിയെന്ന് തോന്നുന്ന ദൈവം, മതം എന്നിവ സ്വീകരിക്കുകയാണ് ശരിയായ രീതിയെന്ന് ലത്തീഫ് ഇവിടെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നുണ്ട്. പക്ഷേ ഖുറാന്‍ പരിചയപ്പെടുത്തുന്ന ദൈവം അത്ര വിശാല മനസ്കനല്ല. ദൈവം ഖുറാനിലൂടെ ഓര്‍മ്മിപ്പിക്കുന്നത് തന്നെ ദൈവമായി അംഗീകരിച്ചില്ലങ്കില്‍ നരകത്തീയില്‍ വെന്തെരിയേണ്ടി വരുമെന്നാണ്. ഈ ഗ്രന്ഥത്തില്‍ പറയുന്നതാണ് ശരി, ഞാനാണ് യഥാര്‍ത്ഥ ദൈവം ഇത് അംഗീകരിച്ചില്ലങ്കില്‍ ശിക്ഷ നേരിടുക എന്നു പറയുമ്പോള്‍ മനുഷ്യന്റെ യുക്തിചിന്ത പ്രയോഗിക്കാനുള്ള അവസരം ഇല്ലാതാക്കുകയാണ് ഖുറാനിലെ ദൈവം ചെയ്യുന്നത്. കൊടിയ ശിക്ഷയെപ്പറ്റി പറഞ്ഞ് പേടിപ്പിക്കുന്ന ദൈവം മനുഷ്യന് സ്വതന്ത്രചിന്ത അനുവദിച്ചിട്ടുണ്ടെന്ന് പറഞ്ഞാല്‍ അത് വിരോധാഭാസമാണ്. അല്ലെങ്കില്‍ സ്വതന്ത്രചിന്ത ഉപയോഗിച്ച് ഖുറാനില്‍ നിന്ന് വ്യത്യസ്തമായ ജീവിതരീതി സ്വീകരിക്കുന്ന മനുഷ്യനെ ശിക്ഷിച്ച് ആനന്ദിക്കുന്നതിനാണ് മനുഷ്യന് യുക്തിചിന്ത ദൈവം അനുവദിച്ചതെന്ന് കരുതേണ്ടി വരും.

സുശീല്‍ കുമാര്‍ പറഞ്ഞു...

“അതിനാല്‍ ആദ്യം നടക്കേണ്ടത് പഠനമാണ്. മതങ്ങളെ ഒരു താരതമ്യപഠനത്തിന് വിധേയമാക്കി സ്വന്തം യുക്തി ഉപയോഗിക്കാന്‍ സാധിച്ചാല്‍ ഒരു ഉത്തരം ലഭിക്കും അത് തന്നെയാണ് പ്രസ്തുത വ്യക്തി സ്വീകരിക്കേണ്ടത്.“> മതങ്ങളെ താരതമ്യ പഠനത്തിനു വിധേയമാക്കിയാൽ അങ്ങനെ ചെയ്യുന്നയാൾക്ക് എല്ലാറ്റിന്റെയും പൊള്ളത്തരം മനസ്സിലാകുകയും എല്ലാം ഉപേക്ഷിക്കേണ്ടി വരികയും ചെയ്യേണ്ടി വരും എന്നതാണ് യാഥാർത്ഥ്യം. ഇനി ഇക്കാര്യം ലേഖകന് ബാധമാണൊ എന്ന് പരിശോധിക്കുമ്പോഴാണ് ഈ വാദത്തിന്റെ പൊളി മനസ്സിലാകുക.

CKLatheef പറഞ്ഞു...

Manoj Bright said: 'You can have any color as long as it is black എന്ന് ഹെന്‍ട്രി ഫോര്‍ഡ് തന്റെ കമ്പനിയുടെ കാറിന്റെ വര്‍ണ്ണവൈവിധ്യത്തെക്കുറിച്ച് പറഞ്ഞതുപോലെയാണ് അല്ലാഹുവിന്റെ കാര്യം.ഇഷ്ട്ടം പോലെ ഏതു മതവും തിരഞ്ഞെടുക്കാം അത് ഇസ്ലാമാവണമെന്നേയുള്ളൂ.'
21 hours ago · Like · 6

CKLatheef പറഞ്ഞു...

ഈ പോസ്റ്റുമായി ബന്ധപ്പെട്ട് ചോദിക്കാവുന്ന ഏറ്റവും പ്രസക്തമായ അന്വേഷണവും അഭിപ്രായവുമാണ് വി.ബി. രാജന്‍ , സുശീല്‍കുമാര്‍ , മനോജ് (ഫെയ്സ് ബുക്കില്‍ ) എന്നീ യുക്തിവാദി സുഹൃത്തുക്കള്‍ നടത്തിയത് എന്ന് ഞാന്‍ മനസ്സിലാക്കുന്നു.

CKLatheef പറഞ്ഞു...

(((മനുഷ്യന്‍ അവന്റെ യുക്തിചിന്ത ഉപയോഗിച്ച് അവന് ശരിയെന്ന് തോന്നുന്ന ദൈവം, മതം എന്നിവ സ്വീകരിക്കുകയാണ് ശരിയായ രീതിയെന്ന് ലത്തീഫ് ഇവിടെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നുണ്ട്. പക്ഷേ ഖുറാന്‍ പരിചയപ്പെടുത്തുന്ന ദൈവം അത്ര വിശാല മനസ്കനല്ല. ദൈവം ഖുറാനിലൂടെ ഓര്‍മ്മിപ്പിക്കുന്നത് തന്നെ ദൈവമായി അംഗീകരിച്ചില്ലങ്കില്‍ നരകത്തീയില്‍ വെന്തെരിയേണ്ടി വരുമെന്നാണ്. ഈ ഗ്രന്ഥത്തില്‍ പറയുന്നതാണ് ശരി, ഞാനാണ് യഥാര്‍ത്ഥ ദൈവം ഇത് അംഗീകരിച്ചില്ലങ്കില്‍ ശിക്ഷ നേരിടുക എന്നു പറയുമ്പോള്‍ മനുഷ്യന്റെ യുക്തിചിന്ത പ്രയോഗിക്കാനുള്ള അവസരം ഇല്ലാതാക്കുകയാണ് ഖുറാനിലെ ദൈവം ചെയ്യുന്നത്. കൊടിയ ശിക്ഷയെപ്പറ്റി പറഞ്ഞ് പേടിപ്പിക്കുന്ന ദൈവം മനുഷ്യന് സ്വതന്ത്രചിന്ത അനുവദിച്ചിട്ടുണ്ടെന്ന് പറഞ്ഞാല്‍ അത് വിരോധാഭാസമാണ്. അല്ലെങ്കില്‍ സ്വതന്ത്രചിന്ത ഉപയോഗിച്ച് ഖുറാനില്‍ നിന്ന് വ്യത്യസ്തമായ ജീവിതരീതി സ്വീകരിക്കുന്ന മനുഷ്യനെ ശിക്ഷിച്ച് ആനന്ദിക്കുന്നതിനാണ് മനുഷ്യന് യുക്തിചിന്ത ദൈവം അനുവദിച്ചതെന്ന് കരുതേണ്ടി വരും.- വി.ബി രാജന്‍ ))

ഇവിടെ യുക്തിഉപയോഗിച്ച് ഒരു ദര്‍ശനത്തെ കണ്ടെത്താന്‍ ആവശ്യപ്പെടുന്നതോടൊപ്പം ഇന്ന ദര്‍ശനം സ്വീകരിച്ചിട്ടില്ലെങ്കില്‍ ശിക്ഷനേരിടേണ്ടി വരുമെന്ന് പറയുമ്പോള്‍ ആദ്യം പറഞ്ഞ തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യത്തിന് എന്ത് പ്രസക്തി എന്നാണ് ഇവിടെ നല്‍കപ്പെട്ട് അഭിപ്രായങ്ങളുടെ രത്നച്ചുരുക്കം. അതോടൊപ്പം സുശീല്‍ കുമാറിന് പതിവായുള്ള പരാതിയാണ്. മതവിശ്വാസികള്‍ മറ്റുള്ള മതങ്ങളില്‍ യുക്തി പ്രയോഗിക്കുമ്പോള്‍ സ്വന്തം മതത്തില്‍ അത് പ്രയോഗിക്കുന്നില്ല എന്നത്. ഇതിനോട് ഭാഗികമായി യോജിക്കുന്നതിന് എനിക്ക് വിരോധമില്ല. പക്ഷെ എന്റെ വ്യക്തിപരമായ അഭിപ്രായം ഞാന്‍ വിശ്വസിക്കുന്ന ഏതൊരു കാര്യവും പൂര്‍ണമായും എന്റെ യുക്തിക്ക് ബോധ്യപ്പെട്ടതാണ് എന്നത് മാത്രമാണ്. ഞാന്‍ വിശ്വസിക്കുന്ന ചില കാര്യങ്ങള്‍ യുക്തിശൂന്യമായി ചിലര്‍ക്ക് തോന്നാവുന്നതാണ്. അത് ആ വിഷയത്തില്‍ ഞാന്‍ മനസ്സിലാക്കിയത് കണ്ടെത്താന്‍ കഴിയാത്തതുകൊണ്ട് മാത്രമാണ് എന്നാണ് അതേക്കുറിച്ച് എന്റെ അഭിപ്രായം.

CKLatheef പറഞ്ഞു...

ഇവിടെ മനസ്സിലാക്കേണ്ട ഒരു കാര്യം. ഇവിടെ രാജന്‍ ഇസ്ലാം എന്ന ദര്‍ശനം സ്വീകരിക്കുന്നതും അതിന്റെ തന്നെ ഭാഗമായ പരലോകത്തെ രക്ഷാശിക്ഷയെന്ന അതിന്റെ വിശ്വാസദര്‍ശനവും രണ്ടായി കണ്ടുവെന്നതാണ്. ഭൌതികമായ ഒരു ശിക്ഷയെക്കുറിച്ച് അതും ജനങ്ങളാല്‍ നടപ്പാക്കപ്പെടുന്ന ഒരു ശിക്ഷയെക്കുറിച്ചാണെങ്കില്‍ മാത്രമേ ഈ അഭിപ്രായ പ്രകടനത്തിന് പ്രസക്തിയുള്ളൂ.

ഏത് മാനദണ്ഡം ഉപയോഗിച്ച് ഒരു ജീവിതദര്‍ശനം സ്വീകരിക്കണം എന്നതിന് ഇസ്ലാമിന് നല്‍കാനുള്ള ഉത്തരം മനുഷ്യന്റെ യുക്തിയനുസരിച്ച് എന്ന് തന്നെയാണ്. ആവര്‍ത്തിച്ച് പറയട്ടേ ഇസ്ലാമിന് അത്തരം ഒരു വാദം ഇല്ലായിരുന്നെങ്കില്‍ വിശുദ്ധഖുര്‍ആന്‍ ഇപ്പോഴുള്ളതിന്റെ പത്തിലൊന്ന് വലിപ്പം പോലും ഉണ്ടാകുമായിരുന്നില്ല. കഴിഞ്ഞ പോസ്റ്റില്‍ ഞാനത് സൂചിപ്പിക്കുകയുണ്ടായി. ദൈവം, പരലോകം എന്നിവയുടെ സംഭവ്യത ബുദ്ധിപരമായി/യുക്തിപരമായി സമര്‍പ്പിക്കാന്‍ എത്രമാത്രം സൂക്തങ്ങളാണ് അതില്‍ വന്നിട്ടുള്ളത്.

നിര്‍മലമനസ്സോടെ മുന്‍വിധിയില്ലാതെ മനുഷ്യന്‍ ചിന്തിക്കാനും പഠിക്കാനും ശ്രമിച്ചാല്‍ ഇസ്ലാമിനെ കണ്ടെത്താം എന്നത് അതിന്റെ തന്നെ ഒരു വാദമാണ്. അതേ പ്രകാരം ഇത് സ്വീകരിക്കുന്നവര്‍ക്ക് മാത്രമാണ് ഇഹപരവിജയമെന്നതും ഈ ദര്‍ശനത്തിന്റെ ഭാഗമാണ്. ഈ ജീവിതദര്‍ശനം ഉള്‍കൊള്ളാന്‍ കഴിയാതെ മരണപ്പെട്ടാല്‍ പരലോകത്ത് നരകശിക്ഷയേല്‍ക്കേണ്ടി വരുമെന്നതും ഇതിന്റെ അടിസ്ഥാനപരായ വിശ്വാസമാണ്. ഈ ദര്‍ശനത്തെ പഠനവിധേയമാക്കുമ്പോള്‍ ഇതൊക്കെ ചേര്‍ത്താണ് പഠിക്കാനും ചിന്തിക്കാനും ശ്രമിക്കേണ്ടത്.

ഇത് യുക്തരഹിതമാണ് എന്ന് ബോധ്യമാകുന്നവര്‍ക്ക്, പിന്നിട് ഇതിന്റെ ഭാഗമായി നല്‍കപ്പെട്ട പരലോകത്തെക്കുറിച്ച് എന്ത് പറഞ്ഞിരിക്കുന്നുവെന്നതില്‍ അസ്വസ്ഥമാകേണ്ട ആവശ്യമില്ല.

മറിച്ച് ഇസ്ലാം സ്വീകരിക്കാത്തതിന്റെ പേരില്‍ ഇവിടെ ശിക്ഷിക്കപ്പെടുന്ന അവസ്ഥയുണ്ടെങ്കില്‍ തീര്‍ചയായും രാജന്റെ ആരോപണത്തിന് വിലയുണ്ട്.

V.B.Rajan പറഞ്ഞു...

ദൈവം നടപ്പാക്കുന്ന ശിക്ഷയെക്കുറിച്ച് ഭയപ്പെടേണ്ടതില്ല ജനങ്ങള്‍ നടപ്പാക്കുന്ന ശിക്ഷയെ മാത്രം ഭയപ്പെട്ടാല്‍ മതിയെന്നാണ് ലത്തീഫ് ഇവിടെ പറയുന്നത്. അപ്പോള്‍ ദൈവം ഖുറാനില്‍കൂടി നല്‍കുന്ന ഭീഷണികളും, പ്രത്യാശകളും വെറുതെയാണെന്നാണോ ലത്തീഫ് പറയുന്നത്? ഏകനായ ദൈവത്തിനുമുന്നില്‍ മാത്രമേ തലകുനിക്കാവൂ, അങ്ങനെ ചെയ്തില്ലങ്കില്‍ നിനക്ക് നരകശിക്ഷ അനുഭവിക്കേണ്ടി വരും എന്നത് വെറുതെ പേടിപ്പിക്കാന്‍ ദൈവം പറഞ്ഞതാണോ? അതുപോലെ സ്വര്‍ഗ്ഗത്തിലെ സുഖസൗകര്യങ്ങളെക്കുറിച്ചുള്ള വിവരണങ്ങളും ഒരു തമാശയ്ക്ക് ദൈവം പറഞ്ഞതാണോ?

ഇസ്ലാം ദര്‍ശനം യുക്തരഹിതമാണ് എന്ന് ബോധ്യമാകുന്നവര്‍ക്ക്, ഇതിന്റെ ഭാഗമായി നല്‍കപ്പെട്ട പരലോകത്തെക്കുറിച്ച് എന്ത് പറഞ്ഞിരിക്കുന്നുവെന്നതില്‍ അസ്വസ്ഥമാകേണ്ട ആവശ്യമില്ലയെന്നും ലത്തീഫ് പറയുന്നു. അപ്പോള്‍ നരകശിക്ഷയും, സ്വര്‍ഗ്ഗ സുഖഭോഗങ്ങളും ഇസ്ലാം ദര്‍ശനം അംഗീകരിക്കുന്നവര്‍ക്ക് മാത്രമേയുള്ളോ?

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review