2012, ഡിസംബർ 10, തിങ്കളാഴ്‌ച

വെളിപാട് സ്വകാര്യമായി എന്തിന് നല്‍കി ?

ശിഥിലചിന്തകള്‍ എന്ന ബ്ലോഗില്‍ ഇസ്ലാമിന്റെ ജനാധിപത്യസങ്കല്‍പം വിശദീകരിക്കെ റാം നല്‍കിയ ചോദ്യങ്ങളാണിവിടെ വിശകലനവിധേയമാക്കുന്നത്. യുക്തിപരമായ ചോദ്യങ്ങള്‍ എന്ന നിലക്ക് ഈ ബ്ലോഗില്‍ അതിന് മറുപടി പറയുകയാണ്. മറുപടി പറയുമ്പോള്‍ ചോദ്യത്തിനാണ് മറുപടി എന്നത് ഓര്‍ക്കണം. ചില കാര്യങ്ങള്‍ വാദത്തിന് വേണ്ടിയാണെങ്കിലും അഗീകരിച്ചുകൊണ്ടാണ് ചോദ്യം ഉന്നയിച്ചിരിക്കുന്നത് എന്നത്  മറുപടി പറയുമ്പോള്‍ അവഗണിക്കാനാവില്ല. അഥവാ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുമ്പോള്‍ ദൈവം എന്നത് കെട്ടുകഥയല്ലേ എന്ന് ചോദിക്കുന്നത് ശരിയായ സംവാദമല്ല. ദൈവം എന്തുകൊണ്ട് 'ഒരാളുടെ ചെവിയില്‍ സന്ദേശം ഓതിക്കൊടുത്തുവെന്ന്' ചോദിക്കുമ്പോള്‍ അതിന് മാത്രമേ എനിക്ക് മറുപടി പറയേണ്ടതായിട്ടുള്ളൂ. റാമിന്റെ ചോദ്യത്തിലേക്കും എന്റെ പ്രതികരണത്തിലേക്കും നിങ്ങളെ ക്ഷണിക്കുന്നു. ...

------------------------------------------

ചര്‍ച്ച അവസാനിപ്പിച്ചു? ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് CK Latheef മറുപടി പറഞ്ഞെങ്കില്‍ എന്നാശിക്കുന്നു. ഞാന്‍ ഇസ്ലാമിനെ അപഹസിച്ചിട്ടില്ല അത് കൊണ്ട് ലത്തീഫ് എന്നെ അവഗണിക്കില്ല എന്ന് കരുതുന്നു. വീണ്ടും ചോദിക്കട്ടെ -

1. ദൈവം മനുഷ്യര്‍ക്കെല്ലമായി തന്ന ഈ നിയമ വ്യവസ്ഥ എന്തിനു ഒരാളുടെ ചെവിയില്‍ മാത്രം പറഞ്ഞു? വെളിപാട് കിട്ടിയതായി ഒരുപാട് പേര്‍ അവകാശപ്പെടുമ്പോള്‍ ഏതാണ് ശരിഎന്ന് എങ്ങിനെ അറിയും?

2. ദൈവം വ്യക്തമായി പറയാത്ത സ്ഥിതിക്ക് മുകളില്‍ ചോദിച്ച ചോദ്യത്തിന് ഓരോരുത്തര്‍ക്കും സ്വയം മറുപടി കണ്ടെത്തേണ്ടി വരില്ലേ? എങ്കില്‍ നിങ്ങളീപറയുന്ന നിയമ നിര്‍മാണത്തിന് എന്ത് പ്രസക്തി? വിശ്വാസവും ആചാരവും പേര്‍സണല്‍ ആയിരിക്കട്ടെ എന്നാണ് ദൈവം ഉദ്ദേശിച്ചതെന്നല്ലാതെ ഇതില്‍ നിന്ന് മറ്റെന്താണ് നമുക്ക് മനസ്സിലാക്കാനാവുന്നത്?

3. ശരിയ നിയമം ഇസ്ലാമിന്റെ fundamental tenets -ല്‍ ഉള്‍പ്പെടുന്നുണ്ടോ? ഇല്ലെങ്കില്‍ എല്ലാ മുസ്ലിങ്ങളും ഈ നിയമ വ്യവസ്ഥ അന്ഗീകരിക്കണം എന്ന് തങ്ങള്‍ എങ്ങിനെ പറയുന്നു (you said this - നിയമനിര്‍മാണത്തിന്റെ പരമാധികാരം ജനങ്ങളിലെ ഭൂരിപക്ഷത്തിന് എന്ന സങ്കല്‍പം. ഇത് താത്വികമായി ഇസ്ലാമിന് അംഗീകരിക്കാന്‍ കഴിയില്ല. ജമാഅത്തെ ഇസ്ലാമിക്കാരന് എന്ന് മാത്രമല്ല ഒരു മുസ്ലിമിനും.)

4. മുഹമ്മദ്‌ നബിയുടെ അനുയായികളുടെ പിന്‍മുറക്കാരില്‍ (those who accepted Khuran as the word of God) തന്നെ ഇത്ര അധികം തമ്മില്‍ തല്ലുന്ന (കൊല്ലുന്ന) ഗ്രൂപ്പുകള്‍ എങ്ങിനെ വന്നു? ദൈവത്തിന്റെ പേരിലുള്ള അധികാര വടംവലി മാത്രമല്ലേ ഇതെല്ലാം?

5. മറ്റെല്ലാ മതങ്ങളെയും പോലെ വിശ്വാസങ്ങളും ആചാരങ്ങളും നവീകരിക്കാന്‍ ഇസ്ലാമിന് എന്ത് കൊണ്ട് കഴിയുന്നില്ല? (I can imagine your likely answer to this question - you might say Islam is a complete way of life and all that. But you could still live your life as a good muslim by keeping your beliefs within the personal realm, just as every other religion in the world does. If withdrawing from the political aspects of Islamic faith can create peace in the world, why in the name of God you don't do that? If not what is the difference between the terrorists and the moderates except that one use the sword and the other don't?)

---------------------------
ഇത്രയുമാണ് റാമിന്റെ ചോദ്യം... അതിന് എന്റെ പ്രതികരണം തുടര്‍ന്ന് വായിക്കുക.


1. മനുഷ്യസ്രഷ്ടവായ ദൈവം മനുഷ്യനാവശ്യമായ സന്‍മാര്‍ഗദര്‍ശനം നല്‍കുന്നതിന് ഏത് മാര്‍ഗം സ്വീകരിക്കണം എന്നത് അവന്റെ ഇഛയുമായി ബന്ധപ്പെട്ടതാണ്. ഇതിന് വേണ്ടി സാധ്യമായ ഒന്നോ രണ്ടോ അതിലധികമോ മാര്‍ഗം നമ്മുക്ക് ഭാവനയില്‍ കാണാം. അതിലൊന്ന്  ഓരോ മനുഷ്യനും വെളിപാടിലൂടെ ദിവ്യസന്ദേശം നല്‍കുക എന്നതാണ്. എന്ന് വെച്ചാല്‍ ഒരോ മനുഷ്യനെയും ദൈവികദൂതന്‍മാരുടെ പോലെ പരിഗണിക്കുക. അവന് ആവശ്യമായ ജീവിതമാര്‍ഗം പറഞ്ഞുകൊടുക്കുക. അന്ത്യദിനം വരെയുള്ള ഓരോ മനുഷ്യനും പ്രത്യേകം പ്രത്യേകം മുഹമ്മദ് നബിക്ക് നല്‍കിയത് പോലെ മലക്കിനെ അയച്ച് ദിവ്യബോധനം നല്‍കികൊണ്ടിരിക്കുക. അതോടൊപ്പം അവന് അത് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം. ഇതിലെ അര്‍ഥശൂന്യത വ്യക്തമാകണമെഹ്കില്‍ , ഇന്ത്യാഗവണ്‍മെന്റ് ഓരോ പൌരനോടും പ്രത്യേകമായി നിയമവും ഭരണഘടനയും പറഞ്ഞുകൊടുക്കുന്നത് സങ്കല്‍പിച്ചാല്‍ മതി.  രണ്ടാമത്തെ രൂപം മനുഷ്യരില്‍നിന്ന് ചിലരെ തെരഞ്ഞെടുത്ത് അവര്‍ക്ക് ദിവ്യസന്ദേശം നല്‍കുക. അവര്‍ അത് ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുക എന്നതാണ്. ഏതൊരു ഭരണകൂടവും ഭരണാധികാരിയും നിയമങ്ങളും നിര്‍ദ്ദേശങ്ങളും ജനങ്ങളെ അറിയിക്കാന്‍ പ്രായോഗികവും ലളിതവുമായ ഈ മാര്‍ഗമാണ് സ്വീകരിക്കുന്നത്.

ഇതില്‍ രണ്ടാമത്തെ രൂപമാണ് ദൈവം ദിവ്യസന്ദേശം ജനങ്ങളിലേക്ക് എത്തിക്കാന്‍ സ്വീകരിച്ചത് എന്നത് ഒരു കുറവായി എനിക്ക് തോന്നുന്നില്ല.

2. ദൈവം ഓരോരുത്തര്‍ക്കും ദിവ്യസന്ദേശം പ്രത്യേകം പ്രത്യേകം എത്തിച്ചുകൊടുക്കുക എന്നത് അപ്രായോഗികവും ബുദ്ധിശൂന്യവുമായ ഒരു പരിപാടിയാണ്. കാരണം ദിവ്യസന്ദേശം ലഭിക്കുന്ന വ്യക്തികള്‍ക്ക് കളവാക്കാനും നിഷേധിക്കാനും സ്വാതന്ത്യമുണ്ടെങ്കില്‍ ചിലര്‍ കളവുപറയുകയും ദൈവം കല്‍പിക്കാത്തത് പ്രവര്‍ത്തിച്ച് ദൈവത്തിന്റെ പേരില്‍ വെച്ചുകെട്ടുകയും ചെയ്യും. ആര്‍ക്കും ആരെയും നിയന്ത്രിക്കാനോ തിരുത്താനോ കഴിയാത്ത ഒരു തരം യുക്തിവാദി താന്തോന്നി ജീവിതം മാത്രമായിരിക്കും അതിന്റെ ഫലം. മറിച്ച് സത്യസന്ധതയും സത്സ്വഭാവവും പ്രകടമായ ഒരു വ്യക്തിയിലൂടെ ദൈവിക സന്ദേശം മനുഷ്യര്‍ക്ക് എത്തിക്കുകയും അതിന്റെ ജീവിക്കുന്ന മാതൃകയാകുകയും ചെയ്യുന്ന ഒരു സംവിധാനമാണ് ഏറ്റവും യുക്തിഭദ്രവും ലളിതവുമായിട്ടുള്ളത്.

വിശ്വാസവും ആചാരവും വ്യക്തിപരമായിരിക്കക്കട്ടേ എന്നത് പ്രയോഗികമല്ല എന്ന് അല്‍പം യുക്തിയുണ്ടെങ്കില്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. ചില ആചാരചടങ്ങുകള്‍ വ്യക്തിപരമായി നിര്‍വഹിക്കാം എന്ന് മാത്രം. അതിലപ്പുറം ഒരു വ്യക്തിയുടെ വിശ്വാസം സമൂഹത്തില്‍ സ്വാധീനം ചെലുത്തുക തന്നെ ചെയ്യും.

'ഒരാളുടെ ചെവിയില്‍ മന്ത്രിക്കപ്പെട്ട' ദര്‍ശനമാണ് ഇക്കാലത്തും പുതുപുത്തനായി മനുഷ്യന്റെ ജീവിതത്തിന്റെ വിവിധമേഖലകളില്‍ തിളങ്ങിനില്‍ക്കുന്നത്. മതേതരത്വത്തിന്റെ പേരില്‍ ആധുനികയുഗത്തില്‍ നടമാടിയ സ്വേഛാധിപത്യത്തെ താഴെ ഇറക്കി അധികാരത്തില്‍ വരുന്നത്. ഏറ്റവും പരിഷ്കൃതരെന്ന് പറയുന്നവരുടെ ഈറ്റില്ലങ്ങളില്‍ 1400 വര്‍ഷത്തിന് ശേഷവും ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് സ്വീകാര്യമാകുന്നത്.

മറിച്ച് ശാസ്ത്രയുഗത്തില്‍ ഒന്നിലധികം ആളുകളുടെ ചിന്തകളില്‍ പിറന്ന കമ്മ്യൂണിസം പോലുള്ളവ ഒരു നൂറ്റാണ്ട് പോലും പിടിച്ച് നില്‍ക്കാനായില്ല. അത് വിഭാവനം ചെയ്ത ദര്‍ശനം ലോകത്ത് ഒരു ചെറിയ തുണ്ട് പ്രദേശത്ത്  ഒരു നിമിഷം പോലും പൂര്‍ണാര്‍ഥത്തില്‍ നിലവില്‍വന്നില്ല.

3. ഞാന്‍ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു. ഞാന്‍ പറഞ്ഞത്രയും ശരിയാണെന്നതിന് ആ കമന്റ് ഇട്ടിട്ടും ഒരു മുസ്ലിം സഹോദരനും എതിരഭിപ്രായം പറഞ്ഞില്ല എന്നത് തന്നെ മതി.  ഇനി, ഞാന്‍ പറഞ്ഞതൊന്നും താങ്കള്‍ അതില്‍നിന്ന് ചോദിക്കുന്നത് വേറെ ഒന്നുമാണ്. നിയമനിര്‍മാണത്തിനുള്ള പരമാധികാരം ദൈവത്തിന് എന്നതാണ്  fundamental tenets ല്‍ ഉള്‍പ്പെടുന്നതായി വരുന്നത്. നിയമനിര്‍മാണത്തിനുള്ള പരമാധികാരം ജനങ്ങളിലെ ഭൂരിപക്ഷത്തിന് എന്നത് താത്വികമായി അംഗീകരിക്കുന്നത് നേരത്തെ പറഞ്ഞതിന്റെ നിരാകരണമാണ്. ഇതിനര്‍ഥം ഇന്ത്യന്‍ ഭരണഘനടയെയോ ഇന്ത്യന്‍ ജനാധിപത്യത്തില്‍ നിര്‍മിക്കുന്ന നിയമങ്ങളെയോ ഏതൊരു മുസ്ലിമും ധിക്കരിക്കണം എന്നല്ല. മറ്റാരെക്കാളും രാജ്യരക്ഷയെ ബാധിക്കുന്നതും ജനങ്ങളുടെ സൌകര്യത്തിനായി നിര്‍മിക്കപ്പെടുന്നതുമായ നിയമങ്ങള്‍ മുസ്ലിമും അംഗീകരിക്കാന്‍ മതപരമായി തന്നെ ബാധ്യസ്ഥനാണ്. ഇതാരെയെങ്കിലും ഭയപ്പെട്ടതുകൊണ്ടല്ല; മറിച്ച്, ഇസ്ലാം ആവശ്യപ്പെടുന്ന മൂല്യങ്ങള്‍ അവനോടത് ആവശ്യപ്പെടുന്നു.

ആരെങ്കിലും ഇസ്ലാമിന്റെ വിശ്വാസവും ആദര്‍ശവുമായി ബന്ധപ്പെട്ട് അതിന്റെ അടിത്തറകളില്‍നിന്ന് നടത്തുന്ന താത്വികമായ വിശകലനങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഇവര്‍ ഇന്ത്യന്‍ ജനാധിപത്യത്തെ അംഗീകരിക്കാത്തവരും അതിന്റെ നിയമങ്ങളെ ധിക്കരിക്കുന്നവരുമാണെന്ന് വാദിക്കുന്നവര്‍ ആടിനെ പട്ടിയാക്കാന്‍ ശ്രമിക്കുകയാണ്.

4. ദൈവികനിയമങ്ങള്‍ പാടെ നിരാകരിക്കാനും, ഭാഗികമായി തള്ളിക്കളയാനും അതിന്റെ അന്തസത്തയെ ഉള്‍കൊള്ളാതെ സ്വര്‍ഥതാല്‍പര്യത്തിന് നിലകൊള്ളാനുമൊക്കെ മനുഷ്യന് സാധിക്കുന്നവിധം ദൈവം അവനെ അയച്ചുവിട്ടിരിക്കുന്നു. തമ്മില്‍ തല്ലും കൊല്ലലും അധികാരത്തിന് വേണ്ടി മാത്രമല്ല, ഒരു പക്ഷെ അധികാരത്തിന് വേണ്ടി കൂടുതല്‍ നടക്കുന്നുണ്ടാകാം. ദൈവത്തിന്റെ പേരില്‍ അധികാരവടം വലിയോ കൊലയോ ദൈവം ബലം പ്രയോഗിച്ച് ഇല്ലായ്മ ചെയ്യുമെന്ന് അതിന്റെ വേദഗ്രന്ഥത്തിലൊന്നും കാണപ്പെടുന്നില്ല. എന്ത് ചെയ്യണം എന്ന് പറയുകയും അത് ചെയ്യാതിരുന്നാലുള്ള അനന്തരഫലം അവരെ അറിയിക്കുകയുമാണ് വേദം ചെയ്യുന്നത്.

5. മറ്റെല്ലാ മതങ്ങളെയും പോലെ വിശ്വാസങ്ങളും ആചാരങ്ങളും നവീകരിക്കാന്‍ ഇസ്ലാമിന് എന്ത് കൊണ്ട് കഴിയുന്നില്ല?. എന്ന ചോദ്യത്തിന്, എന്തിന് വിശ്വാസങ്ങളും ആചാരങ്ങളും നവീകരിക്കണം എന്നാണ് തിരിച്ചു ചോദിക്കാനുള്ളത്. ഇതരമതങ്ങള്‍ ചെയ്യുന്നത് അവര്‍ക്കത് ആവശ്യമായി വന്നതുകൊണ്ടാകാം. ഒരര്‍ഥത്തില്‍ ദൈവദത്തമായി നല്‍കപ്പെട്ട നിയമങ്ങള്‍ കാലഹരണപ്പെടുകയോ ജനങ്ങളാല്‍ വക്രിക്കുകയോ ചെയ്തതിനാല്‍ മനുഷ്യവംശത്തിന് നല്‍കപ്പെട്ട നവീകരിക്കപ്പെട്ട തത്വസംഹിതയാണ് ഇസ്ലാം. തൊട്ടുമുമ്പ് വന്ന പ്രവാചകന്‍മാരായ മോശയുടെയും യേശുവിന്റെയും നിയമങ്ങളില്‍ പരിഷ്കരണം മാത്രമാണ് ഇസ്ലാം. അല്ലാതെ ഗോത്രനിയമങ്ങളുടെ പരിഷ്കരിച്ചരൂപമാണ് ഇസ്ലാം എന്നത് യുക്തിവാദികള്‍ സൌകര്യപൂര്‍വം ആരോപിക്കുന്ന തെറ്റായ ഒരു ആരോപണം മാത്രമാണ്.

പൂര്‍വികപ്രവാചകന്‍മാര്‍ക്കെല്ലാവര്‍ക്കും നല്‍കപ്പെട്ട അതേ വിശ്വാസം തന്നെയാണ് മുഹമ്മദ് നബിയിലൂടെ അവതീര്‍ണമായ ഇസ്ലാമിനും ഉള്ളത്. ശരീഅത്തില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. ചിലതെല്ലാം പുനപ്രതിഷ്ഠിക്കുകയും ചിലതെല്ലാം പരിഷ്കരിക്കുകയും ചെയ്തിരിക്കുന്നു. വിശ്വാസമായി കല്‍പിച്ചിട്ടുള്ളത് ഏതാനും അടിസ്ഥാന കാര്യങ്ങളാണ്. അവ എക്കാലത്തെയും മനുഷ്യന് പ്രസക്തമായിരുന്നു. ആ വിശ്വാസകാര്യങ്ങള്‍ അവന് വ്യക്തമായ ദിശാബോധം നല്‍കാന്‍ പര്യാപ്തമാണ്. ഇന്നും സുഡാനിലെ കുഗ്രാമത്തില്‍ ജീവിക്കുന്ന ഒരു മുസ്ലിമും വയനാടിലെ ഗ്രാമത്തിലുള്ള ഒരു മുസ്ലിമിന്റെയും ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ഏകീകരിക്കുന്നത് പിന്നിലെ അത്യത്ഭൂതം ഈ വിശ്വാസകാര്യങ്ങളില്‍ മാത്രമാണ്. ഏറ്റവും ശരിയായ ഒന്നിലെ മാറ്റവും പരിഷ്കരണവും അതിനെ തകര്‍ക്കുകയും കലര്‍പുള്ളതാകുകയുമാണ് ചെയ്യുക.

ഇസ്ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തത്തിലെ പ്രശ്നമെന്ത് എന്ന് സത്യസന്ധമായി തുറന്ന് പറയാതെ അതിലെ അപകടം എങ്ങനെ മനസ്സിലാക്കാന്‍ കഴിയും . ബോധ്യപ്പെടാതെ എങ്ങനെ ഉപേക്ഷിക്കാനാവും . ഇസ്ലാമിലെ രാഷ്ട്രീയമാണ് ലോകത്ത് അസമാധാനം കൊണ്ട് വരുന്നത് എന്ന വാദം ഇസ്ലാമിന്റെ രാഷ്ട്രീയത്തെക്കുറിച്ച അജ്ഞതയില്‍നിന്നാവാനെ തരമുള്ളൂ. അതേ അജ്ഞതയില്‍നിന്നാണ് രാഷ്ട്രീയഇസ്ലാം എന്ന് പേരിട്ട് ഇസ്ലാമിലെ രാഷ്ട്രീയത്തെ ഭീകരതയോടും മൃദുല ഇസ്ലാം എന്ന് പേരിട്ട് ആചാരപരമായി ഇസ്ലാമിനെ കൊണ്ടു നടക്കുന്നവരെ തലോടിയും ചിലര്‍ കാലം കഴിക്കുന്നത്. 

അവസാനമായി, പ്രപഞ്ചത്തിന് ഒരു ദൈവത്തെയും ദൈത്തിന്റെ സന്ദേശം മനുഷ്യര്‍ക്കെത്തിക്കുന്ന ഒരു പ്രവാചകനെയും അംഗീകരിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ലെങ്കില്‍ ഒരു മനുഷ്യന്‍ എന്ന നിലക്ക് തന്നെ മുഹമ്മദ് നബിയെ കണ്ട് അദ്ദേഹത്തിന്റെ സന്ദേശങ്ങളെ വിശകലനം ചെയ്തുനോക്കുക, അതിന് തുല്യമായ വല്ല സന്ദേശവും ലോകത്ത് ലഭ്യമാണോ എന്ന്  അന്വേഷിക്കുക.

1 അഭിപ്രായ(ങ്ങള്‍):

Sameer Thikkodi പറഞ്ഞു...

യുക്തിയുള്ള ചോദ്യങ്ങളും യുക്തി ഭദ്രമായ മറുപടിയും...

നന്നായി അവതരിപ്പിച്ചു... പഠനാർഹം :)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review