2012, ഡിസംബർ 14, വെള്ളിയാഴ്‌ച

മുഹമ്മദ് നബി ഥിയോക്രാറ്റ് ആയിരുന്നില്ല.

റാം എന്ന പേരിലൊരു സുഹൃത്ത് നല്‍കിയ രണ്ട് കമന്റുകളെയാണ് കഴിഞ്ഞ ബ്ലോഗ് പോസ്റ്റില്‍ വിശകലനം ചെയ്തത്.  തുടര്‍ന്ന് നല്‍കിയ കമന്റില്‍ അദ്ദേഹം മുഹമ്മദ് നബിയുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ അറിവ് പങ്കുവെക്കുന്നു.

ram said...
മുഹമ്മദ് നബി ഒരിക്കലും ഒരു theocrat ആയിരുന്നില്ല. സംഘര്‍ഷങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനാണ് അദ്ദേഹം എപ്പൊഴും ശ്രമിച്ചത്. ഒഴിവാക്കാനാവാഞ്ഞ സംഘര്‍ഷങ്ങളില്‍ വിജയിച്ചപ്പോള്‍ സ്വാഭാവികമായും അദ്ദേഹത്തിന് അധികാരം ലഭിച്ചു. പക്ഷെ രാഷ്ട്രീയാധികാരം അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നില്ല. He was a reluctant warrior and a reluctant ruler as well. ഖലീഫ എന്ന title പോലും അദ്ദേഹം സ്വീകരിച്ചില്ല. ദൈവത്തിന്റെ നിയമം എല്ലായിടത്തും നടപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞതായോ അതിനു ശ്രമിച്ചതായോ ഞാന്‍ വായിച്ചിട്ടില്ല. മുസ്ലിം സാമ്രാജ്യം വികസിപ്പിക്കാനും അദ്ദേഹം ശ്രമിച്ചില്ല. അതൊക്കെ ചെയ്തത് പിന്നാലെ വന്നവരാണ്. ഇസ്ലാമിക് സാമ്രാജ്യത്വം ആരംഭിച്ചത് മുഹമ്മദ്‌ നബിയുടെ മരണശേഷം ആണ്. വളരെ പെട്ടെന്ന് അതൊരു വന്‍ സാമ്രാജ്യമായി മാറി. ഏതാനും നൂറ്റാണ്ടുകള്‍ക്കപ്പുറം യൂറോപ്പില്‍ industrial revolution -ഉം തുടര്‍ന്നുള്ള colonialism -വും തുടങ്ങിയതോടെ ഇസ്ലാമിക്‌ സാമ്രാജ്യത്വം ക്ഷയിക്കാന്‍ തുടങ്ങി. ഏറ്റവും പ്രത്യക്ഷമായി ഇന്ത്യയിലെ മുഗള്‍ സാമ്രാജ്യവും പിന്നെ മധ്യേഷ്യയിലെ ഓട്ടോമന്‍ സാമ്രാജ്യവും യൂറോപ്യന്‍ സാമ്രാജ്യത്വത്തോട് പരാജയപ്പെട്ടു. യൂറോപ്യന്‍ സാമ്രാജ്യത്വവും വൈകാതെ കീഴടങ്ങി, മറ്റൊരു സാമ്രാജ്യത്വത്തിന്റെ മുന്നിലല്ല ജനാധിപത്യം എന്ന പുതിയ ആശയത്തിന് മുന്നില്‍. നഷ്ടപ്പെട്ട പ്രതാപം തിരിച്ചു പിടിക്കാന്‍ ദൈവത്തിന്റെ പേരും പറഞ്ഞു ശ്രമിക്കുന്നവരാണ് political islam എന്ന ആശയത്തിന്റെ വക്താക്കള്‍ ... ഈ പാത പിന്തുടര്‍ന്നാല്‍ നഷ്ടം മുസ്ലിങ്ങള്‍ക്ക്‌ തന്നെ, പ്രത്യേകിച്ചും ഇന്ത്യയില്‍ ... കാളിദാസന്‍ മുന്‍പ് പറഞ്ഞത് പോലെ, മതേതരമായി ചിന്തിച്ചിരുന്ന ഹിന്ദുക്കള്‍ ഇന്ന് മതപരമായി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇന്ത്യയെപ്പോലെ ഒരു ബഹുസ്വര സമൂഹത്തില്‍ 'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' എന്നൊക്കെ പറഞ്ഞു മുന്നോട്ടു പോയാല്‍ എന്ത് സംഭവിക്കും എന്ന് സ്വയം ആലോചിച്ചു നോക്കിയാല്‍ മതി. ലത്തീഫിനെ പോലുള്ളവര്‍ ഇതൊന്നും ഒരുകാലത്തും മനസ്സിലാക്കും എന്നെനിക്ക്‌ ഒരു പ്രതീക്ഷയും ഇല്ല. പക്ഷെ സുകുമാരന്‍ മാഷെ പോലുള്ള് ശുദ്ധാത്മാക്കള്‍ ഇവരില്‍ നിന്ന് അകലം പാലിക്കാന്‍ തുടങ്ങി എന്നത് വളരെ നല്ല കാര്യം തന്നെ.

I cant believe the amount of time I wasted on this! ഇതില്‍ക്കൂടുതലൊന്നും ലത്തീഫിനോട് പറയാനുണ്ടെന്ന് തോന്നുന്നില്ല. മുഹമ്മദ്‌ നബിയല്ല മൌദൂദി എന്ന തിരിച്ചറിവുണ്ടാകാനെങ്കിലും കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

മുഹമ്മദ് നബി ആരായിരുന്നു?. ഇസ്ലാം മതവിശ്വാസികള്‍ക്ക് അദ്ദേഹം അല്ലാഹുവിന്റെ ദൂതനും ദാസനുമാണ്. അവരുടെ മാതൃകാ പുരുഷനാണ്. ഇത് മറ്റുള്ളവര്‍ക്ക് അംഗീകരിക്കുകയോ അംഗീകരിക്കാതിരിക്കുകയോ ചെയ്യാം. മുഹമ്മദ് നബി ഥിയോക്രാറ്റോ അതുമല്ലെങ്കില്‍ വേറെ ഏതെങ്കിലും ക്രാറ്റോ ആയിരുന്നില്ല. പക്ഷെ ഒരു രാഷ്ട്രസംസ്ഥാപനത്തിന് വേണ്ട അടിസ്ഥാന നിയമങ്ങള്‍ (അത്രയേ അതില്‍ സാധ്യമാകൂ) കൂടി പ്രബോധനം ചെയ്യുകയും അത് ഭംഗിയായി പ്രവൃത്തിപദത്തില്‍ കൊണ്ടുവരികയും ചെയ്ത പ്രവാചകനാണ് മുഹമ്മദ് നബി. ഇന്നും ആ അടിസ്ഥാനങ്ങള്‍ ലോകത്ത് നിലനില്‍ക്കുന്ന മറ്റേത് രാഷ്ട്രീയ വ്യവസ്ഥകളെക്കാളും പ്രയോഗക്ഷമതയുള്ളതും പ്രസക്തവും ആണ്. ഒരു പരിഷ്കര്‍ത്താവും പ്രവാചകനും സംഘര്‍ഷങ്ങളെ ആഗ്രഹിക്കുകയില്ല. അതേ പ്രകാരം ആരെങ്കിലും കുഴപ്പത്തിന് ശ്രമിക്കുമ്പോള്‍ അത് നിയന്ത്രിക്കാതെ മാറിനില്‍ക്കുകയുമില്ല. ആ കുഴപ്പം അവസാനിപ്പിക്കാനാവശ്യമായത്രയും ബലം പ്രയോഗിക്കുക സ്വാഭാവികവും നീതിപൂര്‍വകവുമാണ്. അല്ലാത്ത പക്ഷം താന്‍ പ്രബോധനം ചെയ്ത സത്യസന്ദേശം പുല്‍കിയവരെ കൊലക്ക് നല്‍കുന്നതിന് തുല്യമായിരിക്കും.

മുഹമ്മദ് നബി ഇസ്ലാമിക രാഷ്ട്രത്തിന് അടിത്തറപാകിയത് രൂപം നല്‍കിയതും ഒഴിവാക്കാനാവാത്ത സംഘര്‍ഷങ്ങളില്‍ വിയജിച്ചാണ് എന്നത് അല്‍പം തെറ്റിദ്ധാരണക്കിട നല്‍ക്കുന്ന പ്രയോഗമാണ്. നബി മദീനയില്‍ ഇസ്ലാമിക തത്വങ്ങളുടെ അടിത്തറയില്‍ ഒരു രാഷ്ട്രഘടനക്ക് രൂപം നല്‍കിയ ശേഷമാണ് , അനിവാര്യമായ ചില സംഘര്‍ഷങ്ങള്‍ ഉണ്ടായത്. അവയില്‍ ഇസ്ലാമിക രാഷ്ട്രവും അതിലെ ഭരണാധികാരിയും വിജയിക്കുകയും ചെയ്തു. മദീനയിലെത്തിയ മുഹമ്മദ് നബി അവിടെയുള്ള ജൂതഗോത്രങ്ങളെ വിശ്വാസത്തിലെടുക്കുകയും അവരുമായി സന്ധിയുണ്ടാകുകയുമാണ് ആദ്യം ചെയ്തത്. അവരില്‍ ഓരോരുത്തരായി സന്ധിവ്യവസ്ഥകള്‍ ലംഘിച്ചപ്പോഴാണ് മദീനയില്‍നിന്ന് അവരെ പുറത്താക്കിയത്. അവരില്‍ ചിലര്‍ കടുത്ത വിശ്വാസ വഞ്ചനയും യുദ്ധക്കുറ്റവും ചെയ്തപ്പോള്‍ ബനൂ ഖുറൈള ഗോത്രത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

മുഹമ്മദ് നബി, മനുഷ്യജീവിതത്തിന്റെ ഏത് വശത്താണ് ദൈവികനിയമമല്ലാത്ത ഒന്ന് അനുഷ്ഠിക്കാന്‍ കല്‍പിക്കുകയോ അനുവദിക്കുകയോ ചെയ്തിട്ടുള്ളതെന്ന് പറഞ്ഞുതരാന്‍ താങ്കള്‍ക്ക് കഴിയുമോ?. ഇല്ലെങ്കില്‍ അതിന് അര്‍ഥം ദൈവത്തിന്റെ നിയമം ജീവിതത്തിന്റെ ഏല്ലാ രംഗത്തും പാലിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് തന്നെയാണ്. സാമ്രാജ്യത്വം എന്ന പ്രയോഗം ഇസ്ലാമുമായി ചേര്‍ത്ത് പറയുന്നത് സൂക്ഷമതക്കുറവാണ്. അന്നത്തെ റോമന്‍ പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളെ അവസാനിപ്പിച്ച് ഇസ്ലാമിക ഖിലാഫത്ത് നിലവില്‍വന്നപ്പോള്‍ പകരം ഇസ്ലാമിക സാമ്രാജ്യം എന്ന് ചരിത്രകാരന്‍മാര്‍ വിശേഷിപ്പിച്ചതാണ്. സാമ്രാജ്യത്വം എന്താണെന്ന് ചുരുക്കി എന്റെ വാക്കുകളിലൂടെ പറഞ്ഞാല്‍ വിക്കിപീഡിയ പേസ്റ്റ് ചെയ്ത് ഇതാണ് അത് എന്ന് പറയുന്ന ഒരു സമീപനം ചിലര്‍ സ്വീകരിച്ചുകാണുന്നു. അതിനാല്‍ നേരിട്ട് വിക്കിയില്‍നിന്ന് തന്നെ ഉദ്ധരിക്കാം.

(('ഭൂമിശാസ്ത്രപരമായ നേരിട്ടുള്ള അധിനിവേശത്തിലൂടെയോ, രാഷ്ട്രീയ - സാമ്പത്തിക അധിനിവേശത്തിലൂടെയോ, ഒരു രാജ്യത്തിന്റെ അധികാരവും നിയന്ത്രണവും മറ്റൊരു രാജ്യത്തേയ്ക്ക് വ്യാപിപ്പിക്കുന്ന ഭരണകൂട നയത്തെ സാമ്രാജ്യത്വം (Imperialism) എന്ന് വിശേഷിപ്പിക്കുന്നു. ഭൂമിശാസ്ത്രപരമായോ രാഷ്ട്രീയമായോ കീഴടക്കപ്പെട്ട കോളനികൾ അഥവാ സാമന്തരാജ്യങ്ങളെ രാജ്യങ്ങളെ സൃഷ്ടിച്ച്, സാമ്രാജ്യ വ്യാപനം സാധ്യമാക്കുന്ന ഈ സമ്പ്രദായം രാഷ്ട്രങ്ങൾക്കിടയിൽ അസമമായ സാമ്പത്തിക, സാംസ്കാരിക, ഭൂമിശാസ്ത്ര ബന്ധങ്ങൾക്ക് കാരണമാകുന്നു. സൈനികമായതോ മറ്റേതെങ്കിലും രൂപത്തിലോ ഉള്ള അധികാര പ്രയോഗത്തിലൂടെ, മറ്റു രാജ്യങ്ങളെ കീഴ്പ്പെടുത്തുന്ന ഈ നയം അന്താരാഷ്ട്ര ബന്ധങ്ങളിൽ ആശാസ്യമല്ലാത്ത ഒന്നായി കരുതപ്പെടുന്നു.'))


ഖിലാഫത്ത് എന്നാല്‍ ഇതുമായി ഒരു ബന്ധവുമില്ല എന്ന് പറയേണ്ടിവരും. നാലാം ഖലീഫ അലിക്ക് ശേഷം വന്ന ഭരണാധികാരികള്‍ രാജാക്കളുടെ മാര്‍ഗം ജീവിത ചര്യയില്‍ പിന്തുടര്‍ന്നെങ്കിലും അവര്‍ ഖിലാഫത്തിനെ സാമ്രാജ്യത്വം ആക്കിയിട്ടില്ല എന്നാണ് നമ്മുക്ക് മനസ്സിലാക്കാന്‍ കഴിയുക. ഒരു ഏകീകൃത നേതൃത്വത്തിന് കീഴില്‍ വിവിധ രാജ്യങ്ങളില്‍ അവിടങ്ങളിലെ ആളുകള്‍ക്ക് വേണ്ടി തന്നെയാണ് ഖലീഫക്ക് കീഴിലെ ഗവര്‍ണര്‍മാര്‍ ഭരണം നടത്തിയത്. ഇന്നത്തെ പോലെ കൃത്യമായ രാജ്യാതിര്‍ഥികളും വ്യവസ്ഥകളും വരുന്നതിന് മുമ്പ് പ്രയോഗവല്‍ക്കരിക്കാന്‍ കഴിയുന്ന ഏറ്റവും നല്ല സമ്പദായമായിരുന്നു അത്. അത് മനസ്സിലാകണമെങ്കില്‍ ഇസ്ലാമിക ഖിലാഫത്ത് ദുര്‍ബലമായപ്പോള്‍ സംഭവിച്ച സാമ്രാജ്യത്വാധിനിവേശങ്ങളെക്കുറിച്ച് മനസ്സിലാക്കിയാല്‍ മതി. ചെറിയ ഒരു ഉദാഹരണത്തിലൂടെ വ്യക്തമാകും. ഖിലാഫത്തില്‍ റോഡും തോടും നിര്‍മിച്ചത് ഒരോ നാട്ടിലെയും ജനങ്ങളുടെ സഞ്ചാര സൌകര്യത്തിനായിരുന്നെങ്കില്‍ തുടര്‍ന്ന് വന്ന സാമ്രജ്യശക്തികള്‍ നാടുകളെ കോളനികളാക്കുകയും ഇവിടെ നിന്നുള്ള സമ്പത്ത് കടത്തികൊണ്ടുപോകുന്നതിനാണ് റോഡുകളും റെയില്‍വേ പാളങ്ങളും തുറമുഖങ്ങളും നിര്‍മിച്ചത്. ഇവിടെ അവര്‍ പട്ടാളത്തെ വ്യന്യസിച്ചത് അതിന്റെ സംരക്ഷണത്തിന് വേണ്ടിയാണ്. അവര്‍ക്ക് പോരാടേണ്ടിവന്നത് ഓരോ നാട്ടിലെയും സ്വാതന്ത്ര്യപോരാളികളോടാണ്.

ഇസ്ലാമിക ഖിലാഫത്ത് ക്ഷയിച്ചത്  റാം പറഞ്ഞ പോലെ 'യൂറോപ്പില്‍ industrial revolution -ഉം തുടര്‍ന്നുള്ള colonialism -വും തുടങ്ങിയതോടെ' അല്ല. മറിച്ച് ഇസ്ലാമിക ഖിലാഫത്ത് അതിന്റെ അടിത്തറകളില്‍നിന്ന് നീങ്ങിയതോടെയാണ്. ആ ദുര്‍ബലമായ ഖിലാഫത്തിന്റെ സ്ഥാനത്ത് സാമ്രാജ്യത്വത്തിന് കൂടുതല്‍ ശക്തമായി തിരിച്ചുവരാന്‍ സാധിച്ചുവെന്ന് മാത്രം.

'യൂറോപ്യന്‍ സാമ്രാജ്യത്വവും വൈകാതെ കീഴടങ്ങി, മറ്റൊരു സാമ്രാജ്യത്വത്തിന്റെ മുന്നിലല്ല ജനാധിപത്യം എന്ന പുതിയ ആശയത്തിന് മുന്നില്‍ . ' റാം പറഞ്ഞ ഈ പ്രസ്താവനയോട് പൂര്‍ണമായി യോജിക്കുന്നു. അതിക്രമിച്ച് കയറിയ നാടുകളെ അടിമകളാക്കുകയും അവരുടെ സമ്പത്ത് കൊള്ളയടിക്കുന്ന സമീപനം തുടരുകയും ചെയ്തതാണ് സ്വതന്ത്രപരമാധികാര രാജ്യങ്ങളുടെ പിറവിക്കും സാമ്രാജ്യത്വത്തിന്റെ കെട്ടുകെട്ടലിനും ഇടയാക്കിയത്. സാമ്രാജ്യത്വം ജനവിരുദ്ധമായ ആശയമാണ്. അന്നും ഇന്നും. ഇന്ന് നിലനില്‍ക്കുന നവസാമ്രാജ്യത്വം നാട് ഭരിക്കുന്ന ഭരണാധികാരികളെ തങ്ങള്‍ക്ക് വിധേയമാക്കി തങ്ങളുടെ സാമ്രാജ്യത്വ ഇംഗിതം സ്ഥാപിക്കുന്നതാണ്. സാമ്രാജ്യത്വം അന്നും ഇന്നും ഏറ്റവും കടുത്ത ചെറുത്ത് നില്‍പ്പ് നേരിടേണ്ടിവന്നതും വരുന്നതും ഇസ്ലാം വിശ്വാസികളില്‍നിന്നാണ്. അക്കാരണത്താല്‍ അവരുണ്ടാക്കുന്ന ഇസ്ലാമിനെതിരെയുള്ള തെറ്റായ പ്രോപഗണ്ടയുടെ ഇരകളാണ് ഇന്നിവിടെ കാണുന്ന മിക്ക ഇസ്ലാം വിമര്‍ശകരും.

അവര്‍ ഏറെ ഭയപ്പെടുന്നത് സമഗ്രഇസ്ലാമിന്റെ രാഷ്ട്രീയ വീക്ഷണത്തെയാണ്. അതാണ് അവരുടെ സാമ്രാജ്യതാല്‍പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്നതെന്ന് മനസ്സിലാക്കി അവരുണ്ടാക്കിയ അശ്ലീല പദമാണ്  political islam. സത്യത്തില്‍ അങ്ങനെ ഒന്നില്ല. ഇസ്ലാമിന്റെ അഭിവാജ്യമായ ഒരു വശം മാത്രമാണ് രാഷ്ട്രീയം. അമേരിക്കന്‍ നവസാമ്രാജ്യത്വത്തിന്റെ പ്രോപഗണ്ടയുടെ അരിക് പറ്റിയുള്ള ആരോപണം മാത്രമാണ് റാം ഇവിടെ ഉന്നിയിച്ചത് (((നഷ്ടപ്പെട്ട പ്രതാപം തിരിച്ചു പിടിക്കാന്‍ ദൈവത്തിന്റെ പേരും പറഞ്ഞു ശ്രമിക്കുന്നവരാണ് political islam എന്ന ആശയത്തിന്റെ വക്താക്കള്‍ ))). ഇസ്ലാമിന്റെ രാഷ്ട്രീയ വശം ഊന്നിപറയുന്നവര്‍ മുഗിള ഭരണമോ സൌദി ഭരണമോ അഫ്ഘാനിലെ താലിബാന്‍ ഭരണോ, പാകിസ്ഥാനിലെ സാമ്രാജ്യത്വവിധേയ ഭരണമോ ആഗ്രഹിക്കുന്നവരല്ല. അതുകൊണ്ടുതന്നെയാണ് നമസാമ്രാജ്യത്വത്തോടൊപ്പം ഇത്തരം കിംങ്ഡമുകളും ശൈഖ് ഡമുകളും ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്കെതിരെ തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. ഇത് കാണാന്‍ അമേരിക്കയും ഇതര സാമ്രാജ്യശക്തികളും ഓതിത്തരുന്നതില്‍നിന്ന് മാറി കാര്യങ്ങളെ വിശകലനം ചെയ്യാനും ചിന്തിക്കാനുമുള്ള പ്രാപ്തി നേടണം.

ഇന്ത്യയില്‍ എന്ത് എങ്ങനെ പ്രബോധനം ചെയ്യണം എന്ന് നല്ല വ്യക്തതയുള്ള ഒരു വ്യക്തിയാണ് ഞാന്‍ അതുകൊണ്ട് തന്നെ താങ്കള്‍ ഇവിടെ എടുത്ത് ചേര്‍ത്ത മുദ്രാവാക്യം മുഴക്കുന്ന സംഘടനയുമായി ഒരു ബന്ധവും എനിക്കില്ല ഉണ്ടായിട്ടുമില്ല. ഇനി സുകുമാരന്‍ സാറിന്റെ കാര്യം. അദ്ദേഹം ഇസ്ലാമികപ്രസ്ഥാനത്തെ അനുകൂലിക്കുകയോ അനുകൂലിച്ചപ്പോള്‍ നിശബ്ദത പാലിക്കുകയോ ചെയ്തത്, സൂക്ഷമമായി കാര്യങ്ങളെ വിശകലനം ചെയ്തിട്ടല്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. അദ്ദേഹം അന്നും ഇന്നും ശത്രുവായി കാണുന്ന കമ്മ്യൂണിസത്തിന് എതിരായപ്പോള്‍ തല്‍കാലം മിത്രമാക്കിയതാണ്. റാം പറഞ്ഞ മേല്‍വിവരിച്ച കാര്യങ്ങളെ സംബന്ധിച്ച് അദ്ദേഹം നല്‍കിയ കമന്റ് ഈ വിഷയത്തില്‍ അദ്ദേഹം എവിടെ നില്‍ക്കുന്നുവെന്ന് എല്ലാവര്‍ക്കും മനസ്സിലാക്കി തരികയും ചെയ്യുന്നു.
((("K.P. Sukumaran said... Well said ram , വളരെ നന്നായി പറഞ്ഞു. ഇതിലപ്പുറം ക്ലിയറായി വിശദീകരിക്കാന്‍ ആര്‍ക്കും കഴിയില്ല."  )))

ram ഇസ്ലാമിനെയും ചരിത്രത്തെയും വിശകലനം ചെയ്തത് എത്രമാത്രം അബദ്ധങ്ങളോടുകൂടിയാണ് എന്ന് നാം കണ്ടുകഴിഞ്ഞു. റാമിനെയോ കെ.പി.എസിനെയോ കുറ്റപ്പെടുത്തുകയല്ല. ആരോടും പറഞ്ഞിട്ട് കാര്യമില്ലെന്ന നിഷേധാത്മക സമീപനം ഏതായാലും പുലര്‍ത്തുന്നുമില്ല. മുന്‍ധാരണയുടെ പുകപടലങ്ങള്‍ നീങ്ങി കാര്യം വ്യക്തമായാല്‍ അത് സ്വീകരിക്കാനുള്ള സന്മനസ്സുള്ളവര്‍ തന്നെയാണ് കെ.പി.എസും റാമും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. കാര്യങ്ങള്‍ ഇവ്വിധം വിശദീകരിക്കാന്‍ ആവശ്യമായ സാഹചര്യവുമൊരുക്കുകയും അന്വേഷണം നടത്തുകയും ചെയ്ത റാമിനും കെ.പി.എസിനും ഹൃദയത്തില്‍നിന്നുള്ള നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നു.

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review