2012, ഡിസംബർ 18, ചൊവ്വാഴ്ച

ഇസ്ലാമിക വിശ്വാസം ; കെ.പി.എസിനുള്ള മറുപടി .

കെ.പി. സുകുമാരന്‍റെ ഒരു കമന്റും അതിനുള്ള പ്രതികരണവും.

K.P. Sukumaran
said...
['പ്രിയ ലത്തീഫ്, ഞാന്‍ കൂടുതലായി എന്ത് അഭിപ്രായം പറയാനാണ്? ഇസ്ലാം വിശ്വാസികളും ഇസ്ലാമില്‍ വിശ്വാസികള്‍ അല്ലാത്തവരും തമ്മില്‍ അടിസ്ഥാനപരമായി വ്യത്യാസമുണ്ട്. ദൈവം നേരിട്ട് നല്‍കിയ മതമാണ് ദൈവം എന്നും ആ ദൈവം സമഗ്രമായ ഒരു ജീവിതവ്യവസ്ഥ നല്‍കി എന്നും മുസ്ലീം അല്ലാത്ത ആരും തന്നെ കരുതുന്നില്ല. മുസ്ലീംകളുടെ മാത്രം ഒരു വിശ്വാസമാണത് എന്ന യാ‍ഥാര്‍ഥ്യം ആദ്യം അംഗീകരിക്കുക. അങ്ങനെയൊരു വിശ്വാസം മുസ്ലീംകള്‍ വെച്ചുപുലര്‍ത്തുന്നതില്‍ ആര്‍ക്കും എതിര്‍പ്പോ അനാദരവോ ഇല്ല താനും. എന്നാല്‍ എല്ലാ മനുഷ്യര്‍ക്കും ദൈവം അയച്ച അന്തിമ പ്രവാചകനാണ് മുഹമ്മദ് നബി എന്നും എല്ലാ മനുഷ്യര്‍ക്കും വേണ്ടി ദൈവം മുഹമ്മദ് നബി മുഖേന സമഗ്രമായ നിയമങ്ങള്‍ നല്‍കിയിട്ടുണ്ട് എന്ന് പറയുകയും ചെയ്യുമ്പോള്‍ അവിടെ പിന്നെ സംവാദത്തിന് ഇടമില്ല്ല. ആദ്യം തന്നെ ആ വാദം മുസ്ലീം അല്ലാത്ത ഒരാള്‍ തള്ളിക്കളയും. ആ വാദത്തില്‍ ഉറച്ച് നില്‍ക്കുന്ന ഒരു ഇസ്ലാം വിശ്വാസിയോട് അമുസ്ലീം ആയ ഒരാള്‍ക്ക് എന്താണ് പറയാനുള്ളത്. നിങ്ങള്‍ക്ക് നിങ്ങളുടെ വിശ്വാസം എനിക്ക് എന്റെ വിശ്വാസം എന്ന നിലപാട് തറയില്‍ നിന്നുകൊണ്ട് ജനാധിപത്യത്തെ കുറിച്ച് സംസാരിക്കാമെന്നാകില്‍ അതിന് ലത്തീഫിനെയോ മറ്റൊരു ജമാ‌അത്തേ ഇസ്ലാമിക്കാരനെയോ കിട്ടുകയില്ലല്ലൊ. എന്തെന്നാല്‍ ദൈവത്തിന്റെ നിയമം അനുസരിച്ചേ പറ്റൂ എന്ന ശാഠ്യത്തില്‍ നിന്നുകൊണ്ട് മാത്രമേ നിങ്ങള്‍ക്ക് സംസാരിക്കാന്‍ പറ്റൂ. അതാകട്ടെ ഒരു അമുസ്ലീം അപ്പോള്‍ തന്നെ തള്ളിക്കളയുകയും ചെയ്യും.

അത്കൊണ്ട് തന്നെ ഇസ്ലാമിലെ പല രീതികളോടും ആശയങ്ങളോടും യോജിപ്പ് ഉള്ള എനിക്ക് ജനാധിപത്യത്തെക്കുറിച്ച് ലത്തീഫുമായി സംവദിക്കാന്‍ കഴിയില്ല. എന്തെന്നാല്‍ ദൈവം മനുഷ്യന് ഒരു സമ്പൂര്‍ണ്ണമായ ഒരു ജീവിത വ്യവസ്ഥ നല്‍കിയിട്ടുണ്ടെന്ന് ലത്തീഫ് വിശ്വസിക്കുന്ന പോലെ അങ്ങനെ നല്‍കിയിട്ടില്ല എന്ന് ഞാനും വിശ്വസിക്കുന്നു. ആ സംഗതിയിന്മേല്‍ സംവാദത്തിന്റെ ആവശ്യമില്ല താനും. ആ വൈരുധ്യം നിലനില്‍ക്കവേ ജനാധിപത്യത്തെക്കുറിച്ച് നമുക്കിടയെ പൊതുവായ ഒന്നുമില്ല. എന്നെ സംബന്ധിച്ച് സ്റ്റേറ്റ്, സര്‍ക്കാര്‍, നിയമസഭ ഇത്യാദി സാമൂഹ്യസംഘാടനങ്ങള്‍ ഒക്കെ മനുഷ്യന്‍ നിര്‍മ്മിക്കുന്നതും കാ‍ലാകാലങ്ങളില്‍ പരിവര്‍ത്തനങ്ങള്‍ക്കും പരിഷ്ക്കരണങ്ങള്‍ക്കും വിധേയമാണ് താനും.

മനുഷ്യജീവിതം എന്നത് കൂട്ടായി മാത്രം നടക്കുന്ന ഒരു സാമൂഹ്യപ്രതിഭാസം ആയത്കൊണ്ടാണ് ഇമ്മാതിരി സാമുഹ്യസംഘടനകളും നിയമങ്ങളും ഒക്കെ വേണ്ടി വന്നത്. സര്‍ക്കാര്‍ എന്നതും മനുഷ്യന്‍ ഉണ്ടാക്കുന്ന സംഘടനകളില്‍ ഏറ്റവും ഉയര്‍ന്ന ഒരു രൂപം ആണെന്നാണ് ഞാന്‍ കരുതുന്നത്.

സര്‍ക്കാര്‍ എന്ന ഭരണകൂടവും നിയമങ്ങളും ഒന്നും അനിവാര്യമല്ലെന്നും അതൊന്നും ഇല്ലാത്ത ഒരു സാമൂഹ്യവ്യവസ്ഥ നിലവില്‍ വരുമെന്നും കരുതുന്ന ഒരു പ്രത്യയശാസ്ത്രവും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന വിശ്വാസികളും ഉണ്ടെന്ന് ലത്തീഫിന് അറിയാമോ? അതാണ് കമ്മ്യൂണിസവും കമ്മ്യൂണിസ്റ്റുകാരും. അങ്ങനെ ഭരണകൂടവും പട്ടാളവും എല്ലാം കൊഴിഞ്ഞുപോയി മനുഷ്യന്‍ തന്റെ ഉയര്‍ന്ന സാമൂഹ്യബോധം കൊണ്ട് സംഘര്‍ഷങ്ങളോ സംഘട്ടനങ്ങളോ ഇല്ലാ‍തെ ജീവിക്കുന്ന ഒരു കാലം വരുമോ എന്ന് ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. അങ്ങനെ വിശ്വസിക്കുന്നവനാണ് കമ്മ്യൂണിസ്റ്റ്. ദൈവം നല്‍കിയ സമ്പൂര്‍ണ്ണ ജീവിതവ്യവസ്ഥ അനുസരിച്ച് എല്ലാ മനുഷ്യരും ജീവിക്കുന്ന ഒരു കാലം വരും എന്ന് ലത്തീഫ് വിശ്വസിക്കുന്ന പോലെയുള്ള ഒരു വിശ്വാസമാണ് അതും. ഈ രണ്ട് വിശ്വാസങ്ങളും ഒരിക്കലും ലോകത്ത് സമ്പൂര്‍ണ്ണമായി, സാര്‍വ്വത്രികമായി പ്രയോഗത്തില്‍ വരില്ല എന്ന് കരുതുന്ന ജനാധിപത്യവാദിയാണ് ഞാന്‍. ഞാന്‍ മാത്രമല്ല, ഏത് ജനാധിപത്യവിശ്വാസിയും കരുതുന്നതും ലോകം മുഴുവനും ഇസ്ലാമികവ്യവസ്ഥയോ കമ്മ്യൂണിസ്റ്റ് വ്യവസ്ഥയോ ഒരിക്കലും വരില്ല എന്നാണ്. അത്കൊണ്ടാണ് ജനാധിപത്യസങ്കല്പങ്ങള്‍ക്ക് പുറത്താണ് ശുദ്ധ ഇസ്ലാമിസ്റ്റുകളായ ജമാ‌അത്തെ ഇസ്ലാമിക്കാരും കമ്മ്യൂണിസ്റ്റുകളും എന്ന് എന്നെ പോലെയുള്ളവര്‍ കരുതുന്നത്. ജനാധിപത്യത്തെ കുറിച്ച് നമ്മള്‍ സംസാരിക്കണമെങ്കില്‍ എല്ലാ മനുഷ്യര്‍ക്കും ദൈവം നല്‍കിയ നിയമം എന്ന സങ്കല്പം ലത്തീഫും , തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം എന്ന ആശയം കമ്മ്യൂണിസ്റ്റുകാരും ഒഴിവാക്കണം. അത് സാധിക്കില്ലാലോ. അപ്പോള്‍ പിന്നെ കൂടുതല്‍ തര്‍ക്കിച്ചിട്ട് എന്ത് കാര്യം :) ']
December 16, 2012 10:58 AM
------------------------------

ഞാന്‍ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന കെ.പി.എസിന്റെ മേല്‍ കമന്റ് എനിക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല. അദ്ദേഹത്തിന്റെ ബ്ലോഗില്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ചയില്‍ ഐഡി വെളിപ്പെടുത്തിയ വ്യക്തിത്വം എന്ന നിലക്ക് അദ്ദേഹത്തോട് മാത്രമായി  എന്റെ പ്രതികരണം പരിമിതപ്പെടുത്തുകയാണ്. അദ്ദേഹത്തിന്റെ അഭിപ്രായം വായിക്കുമ്പോള്‍ ഒരു പാട് വിയോജിപ്പുകള്‍ എനിക്ക് അവയില്‍ അനുഭവപ്പെടുന്നു. അത് പറയാതിരിക്കുന്നതെങ്ങനെ?. അത് കെ.പി.എസ് അംഗീകരിക്കുന്നോ ഇല്ലയോ എന്നത് എന്റെ ഇപ്പോഴത്തെ വിഷയമല്ല.

['ഇസ്ലാം വിശ്വാസികളും ഇസ്ലാമില്‍ വിശ്വാസികള്‍ അല്ലാത്തവരും തമ്മില്‍ അടിസ്ഥാനപരമായി വ്യത്യാസമുണ്ട്. ദൈവം നേരിട്ട് നല്‍കിയ മതമാണ് ദൈവം എന്നും ആ ദൈവം സമഗ്രമായ ഒരു ജീവിതവ്യവസ്ഥ നല്‍കി എന്നും മുസ്ലീം അല്ലാത്ത ആരും തന്നെ കരുതുന്നില്ല.']

ഏതൊരു മതവും ദൈവവുമായി ബന്ധപ്പെടുത്തി തന്നെയാണ് അതിന്റെ വിശ്വാസം ഉള്‍കൊള്ളുന്നത്. ഇനി ദൈവവിശ്വാസമില്ലാത്ത മതങ്ങളും ഉണ്ട് എന്നതിന് വിക്കി ഉദ്ധരിക്കേണ്ടതില്ല. ഈ ബ്ലോഗിന്റെ വായനക്കാരില്‍ പെട്ടുന്ന ക്രൈസ്തവമതവും ഹിന്ദുമതവും മാത്രമേ പ്രധാനമായും ഞാന്‍ ഉദ്ദേശിക്കുന്നുള്ളൂ. ദൈവം മനുഷ്യനാവശ്യമായ നിയമം നല്‍കിയിരിക്കുന്നുവെന്നത് ഇസ്ലാമിന്റെ മാത്രം അവകാശവാദമല്ല. ബൈബിളിലെ വചനങ്ങള്‍ വായിക്കുന്ന ഒരാള്‍ക്ക്  അവരുടെ വാദവും ഇതില്‍നിന്ന് വല്ലാതെയൊന്നും ഭിന്നമല്ല എന്ന് മനസ്സിലാക്കാവുന്നതേയൂള്ളൂ. മുസ്ലിംകളെപ്പോലെ ക്രൈസ്തവരും ഈ വിഷത്തില്‍ അത്ര ശക്തമായ വാദം ഉന്നയിക്കുന്നില്ലെങ്കില്‍ അതിനര്‍ഥം അക്കാര്യത്തില്‍ അവര്‍ക്ക് ആത്മവിശ്വാസക്കുറവുണ്ട് എന്ന് മാത്രമാണ്. ഹൈന്ദവ മതവും തഥൈവ. ഹിന്ദുമതം പൂര്‍ണമായും മനുഷ്യനിര്‍മിതമാണ് എന്ന് വിശ്വസിക്കുന്ന എത്ര ഹൈന്ദവ വിശ്വാസികളുണ്ടാകും. അവരങ്ങനെ പറയുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. അഥവാ ഉണ്ടെങ്കിലും തങ്ങളുടെ ദര്‍ശനം ദൈവദത്തമാണ് എന്ന് കരുതുന്നവര്‍ക്ക് അത് പറയാനുള്ള അവകാശം നഷ്ടപ്പെടുന്നില്ലോ.

ദൈവം നേരിട്ട് നല്‍കിയ മതമാണ് ഇസ്ലാം (ദൈവം എന്നത് തെറ്റിയതായിരിക്കാം) എന്നും ആ ദൈവം സമഗ്രമായ ഒരു ജീവിതവ്യവസ്ഥ നല്‍കി എന്നും മുസ്ലിമല്ലാത്ത ആരും തന്നെ കരുതുന്നില്ല എന്ന് പറയുന്നതില്‍ വല്ല അര്‍ഥവും ഉണ്ടോ?. ഇക്കാര്യം ഞാന്‍ നേരത്തെ ഉണര്‍ത്തിയതാണ്. മുഹമ്മദ് നബി മക്കയില്‍ ഭൂജാതനായി താന്‍ ദൈവത്തിന്റെ ദൂതനാണ് എന്ന് പറയുമ്പോള്‍ അന്നവിടെ ആരും മുസ്ലിംകളായി ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ വാദം സത്യസന്ധമാണ് എന്ന് മനസ്സിലാക്കിയവര്‍ അദ്ദേഹത്തിന്റെ അനുചരന്‍മാരാവുകയാണ് ഉണ്ടായത്. അവര്‍ ദൈവത്തിന് സമര്‍പ്പിതര്‍ എന്ന അര്‍ഥത്തില്‍ മുസ്ലിംകള്‍ എന്നറിയപ്പെട്ടു. ഇക്കാലത്തും ഈ വാദം അംഗീകരിക്കുന്നവര്‍ ഏത് മതത്തില്‍നിന്നായാലും അവര്‍ മുസ്ലിംകള്‍ എന്നറിയപ്പെടും. അതുകൊണ്ട് ഇസ്ലാം മനുഷ്യവംശത്തിന് ദൈവത്താല്‍ അവതീര്‍ണമായ ദൈവിക വ്യവസ്ഥയാണെന്ന് മുസ്ലിംകള്‍ മാത്രമേ അംഗീകരിക്കുന്നുള്ളൂ എന്ന് പറയുന്നത് സത്യമാണെങ്കിലും അപ്രകാരം ഒരു പരാമര്‍ശം കൊണ്ട് കെ.പി.എസ് എന്താണ് ഉദ്ദേശിക്കുന്നത് എന്നത് വ്യക്തമല്ല. ശേഷം പറയുന്നതില്‍നിന്ന് ഉദ്ദേശ്യം മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ അതില്‍ ധാരാളം അബന്ധങ്ങളും ഉണ്ട്.

['മുസ്ലീംകളുടെ മാത്രം ഒരു വിശ്വാസമാണത് എന്ന യാ‍ഥാര്‍ഥ്യം ആദ്യം അംഗീകരിക്കുക. അങ്ങനെയൊരു വിശ്വാസം മുസ്ലീംകള്‍ വെച്ചുപുലര്‍ത്തുന്നതില്‍ ആര്‍ക്കും എതിര്‍പ്പോ അനാദരവോ ഇല്ല താനും. എന്നാല്‍ എല്ലാ മനുഷ്യര്‍ക്കും ദൈവം അയച്ച അന്തിമ പ്രവാചകനാണ് മുഹമ്മദ് നബി എന്നും എല്ലാ മനുഷ്യര്‍ക്കും വേണ്ടി ദൈവം മുഹമ്മദ് നബി മുഖേന സമഗ്രമായ നിയമങ്ങള്‍ നല്‍കിയിട്ടുണ്ട് എന്ന് പറയുകയും ചെയ്യുമ്പോള്‍ അവിടെ പിന്നെ സംവാദത്തിന് ഇടമില്ല്ല.']

കെ.പി.എസിന്റെ ഈ ലോജിക്ക് എനിക്ക് തീരെ മനസ്സിലാകുന്നില്ല. മുസ്ലിംകള്‍ അവരുടെ ഒരു വാദം മുന്നോട്ട് വെക്കുന്നു. അതിന് അവരുടെതായ തെളിവുകളും ന്യായങ്ങളും പറയുന്നു. ഇന്നും പതിനായിരങ്ങള്‍ അത് മനസ്സിലാക്കുകയും ഉള്‍കൊള്ളുകയും ചെയ്യുന്നു. എന്നിരിക്കെ ഇത് സംവാദക്ഷമമല്ല എന്ന് പറയുന്നതിലെ യുക്തിരാഹിത്യം കെ.പി.എസ്സിന് ശാന്തമായി ആലോചിച്ചാല്‍ തന്നെ മനസ്സിലാകും എന്ന് ഞാന്‍ പ്രതീക്ഷിക്കുകയാണ്. (( എന്നാല്‍ എല്ലാ മനുഷ്യര്‍ക്കും ദൈവം അയച്ച അന്തിമ പ്രവാചകനാണ് മുഹമ്മദ് നബി എന്നും എല്ലാ മനുഷ്യര്‍ക്കും വേണ്ടി ദൈവം മുഹമ്മദ് നബി മുഖേന സമഗ്രമായ നിയമങ്ങള്‍ നല്‍കിയിട്ടുണ്ട് എന്ന് പറയുകയും ചെയ്യുമ്പോള്‍ ')) അവിടെ സത്യത്തില്‍ സംവാദം തുടങ്ങുകയാണ്.

['നിങ്ങള്‍ക്ക് നിങ്ങളുടെ വിശ്വാസം എനിക്ക് എന്റെ വിശ്വാസം എന്ന നിലപാട് തറയില്‍ നിന്നുകൊണ്ട് ജനാധിപത്യത്തെ കുറിച്ച് സംസാരിക്കാമെന്നാകില്‍ അതിന് ലത്തീഫിനെയോ മറ്റൊരു ജമാ‌അത്തേ ഇസ്ലാമിക്കാരനെയോ കിട്ടുകയില്ലല്ലൊ. എന്തെന്നാല്‍ ദൈവത്തിന്റെ നിയമം അനുസരിച്ചേ പറ്റൂ എന്ന ശാഠ്യത്തില്‍ നിന്നുകൊണ്ട് മാത്രമേ നിങ്ങള്‍ക്ക് സംസാരിക്കാന്‍ പറ്റൂ. അതാകട്ടെ ഒരു അമുസ്ലീം അപ്പോള്‍ തന്നെ തള്ളിക്കളയുകയും ചെയ്യും.']

മറ്റൊരു അര്‍ഥരഹിതമായ വാദമാണിത്. ശാഠ്യം എന്ന് പറയുന്നത് ഇസ്ലാമിന്റെ സ്വന്തം നിലപാടുതറയില്‍നിന്നുള്ള ഉറച്ച വിശ്വാസത്തെയാണ്. അതിനപ്പുറം ഒരു ശാഠ്യത്തിന് വാദത്തില്‍ പ്രസക്തിയില്ലല്ലോ?. ഈ വാദത്തിന്റെ ശ്രോതാക്കള്‍ കേട്ടമാത്രയില്‍ അത് അംഗീകരിക്കണമെന്ന ഒരു ചിന്തയും ഒരു മുസ്ലിമിനും ഇല്ല. വാദങ്ങള്‍ തെളിവുകള്‍ വെച്ച് ബുദ്ധിപരമായി ബോധ്യപ്പെട്ടെങ്കില്‍ മാത്രം സ്വീകരിച്ചാല്‍ മതി എന്നാണ് അത് പ്രതിയോഗികളോട് ആവശ്യപ്പെടുന്നത്. ഒരു പക്ഷെ കെ.പി.എസിന് കേള്‍ക്കുന്ന മാത്രയില്‍ തള്ളിക്കളയാന്‍ തോന്നുന്നുണ്ടാവാം. എന്നാല്‍ ആയിരക്കണക്കിന് അമുസ്ലിംകള്‍ അത് ശ്രവിക്കുകയും അതേക്കുറിച്ച് ചിന്തിക്കുകയും അവരില്‍ പലരും അത് ബോധ്യപ്പെടുകയും ചെയ്യുന്നുണ്ട് എന്നിരിക്കെ ഒരു അമുസ്ലിം അപ്പോള്‍ തന്നെ അത് തള്ളിക്കളയും എന്ന് പറയുന്നതില്‍ എന്തര്‍ഥം.

['അത്കൊണ്ട് തന്നെ ഇസ്ലാമിലെ പല രീതികളോടും ആശയങ്ങളോടും യോജിപ്പ് ഉള്ള എനിക്ക് ജനാധിപത്യത്തെക്കുറിച്ച് ലത്തീഫുമായി സംവദിക്കാന്‍ കഴിയില്ല. എന്തെന്നാല്‍ ദൈവം മനുഷ്യന് ഒരു സമ്പൂര്‍ണ്ണമായ ഒരു ജീവിത വ്യവസ്ഥ നല്‍കിയിട്ടുണ്ടെന്ന് ലത്തീഫ് വിശ്വസിക്കുന്ന പോലെ അങ്ങനെ നല്‍കിയിട്ടില്ല എന്ന് ഞാനും വിശ്വസിക്കുന്നു. ആ സംഗതിയിന്മേല്‍ സംവാദത്തിന്റെ ആവശ്യമില്ല താനും. ആ വൈരുധ്യം നിലനില്‍ക്കവേ ജനാധിപത്യത്തെക്കുറിച്ച് നമുക്കിടയെ പൊതുവായ ഒന്നുമില്ല. എന്നെ സംബന്ധിച്ച് സ്റ്റേറ്റ്, സര്‍ക്കാര്‍, നിയമസഭ ഇത്യാദി സാമൂഹ്യസംഘാടനങ്ങള്‍ ഒക്കെ മനുഷ്യന്‍ നിര്‍മ്മിക്കുന്നതും കാ‍ലാകാലങ്ങളില്‍ പരിവര്‍ത്തനങ്ങള്‍ക്കും പരിഷ്ക്കരണങ്ങള്‍ക്കും വിധേയമാണ് താനും.']
സത്യത്തില്‍ കെ.പി.എസിനോടെന്നല്ല ആരോടും എനിക്ക് ജനാധിപത്യത്തിന്റെ കാര്യത്തില്‍ സംവാദത്തില്‍ ഏര്‍പ്പെടണം എന്ന് താല്‍പര്യമില്ല. നാം പൂര്‍ണമായും അംഗീകരിച്ചാലും ഇല്ലെങ്കിലും നാം ജീവിക്കുന്നത് ജനാധിപത്യവ്യവസ്ഥിതിയിലാണ്. ആരെങ്കിലും അത് കുറ്റമറ്റതാണ് അതിനപ്പുറം ഒരു നന്മയോ വ്യവസ്ഥയോ ഇല്ലെന്ന് നിഷേധിക്കുന്നവെങ്കില്‍ അത് അദ്ദേഹത്തിന്റെ മാത്രം സ്വതന്ത്ര്യം. എനിക്ക് സംസാരിക്കാനുള്ളത് ഇസ്ലാമിനെക്കുറിച്ചും അതിന്റെ രാഷ്ട്രീയ വ്യവസ്ഥിതിയെക്കുറിച്ചുമാണ്. ഇന്ത്യയില്‍ ഇസ്ലാമിന്റെ രാഷ്ട്രീയത്തെക്കുറിച്ച ചര്‍ച പ്രസക്തമാക്കുന്നത് സമഗ്രമായ ഇസ്ലാമിന്റെ പ്രബോധനം എന്ന നിലക്ക് മാത്രമാണ് കാരണം. ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഇന്നത്തെ അവസ്ഥവെച്ച് മതത്തിന്റെ പേരോടുകൂടി അതിന്റെതായ രാഷ്ട്രീയ വീക്ഷണം മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതിന് വിലക്കുണ്ട്.

ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്ക് ഇസ്ലാമിന്റെതായ രാഷ്ട്രീയ കാഴ്പ്പാട് ഉണ്ട്. പക്ഷെ അതിലെ അപകടം വാദത്തിന് വേണ്ടി അംഗീകരിച്ചാല്‍ പോലും അത് പ്രയോഗവല്‍ക്കരിക്കാന്‍ സാധ്യമല്ലെന്നിരിക്കെ വെറുതെ ഒരു ഫോബിയ വളര്‍ത്താമെന്നല്ലാതെ പ്രത്യേകിച്ച് അത് അപകടം ഭീകരം എന്ന് ആവര്‍ത്തിക്കുന്നതില്‍ പ്രത്യേകിച്ച് കാര്യമൊന്നുമില്ല. ജനാധിപത്യവ്യവസ്ഥിതിയില്‍ ഒരു വ്യവസ്ഥ സ്വയം പരിചയപ്പെടുത്തി പിന്തുണ തേടുന്നത് അപകടം എന്ന് പറയുന്നതില്‍ തന്നെ തികഞ്ഞ ജനാധിപത്യവിരുദ്ധതയുണ്ട്. കാരണം ജനാധിപത്യവ്യവസ്ഥിതില്‍ ഭൂരിപക്ഷം അംഗീകരിക്കുന്നതാണല്ലോ അധികാരത്തില്‍ വരിക. അത്ര അപകടകരമായത് ജനങ്ങളുടെ ഭൂരപക്ഷം നേടുക അസംഭവ്യമാണ് എന്നതാണല്ലോ ജനാധിപത്യത്തിന്റെ സുരക്ഷിതത്വം.

ശേഷമുള്ള ഭാഗത്ത് കമ്മ്യൂണിസത്തെയും ഇസ്ലാമിനെയും സമീകരിക്കാനുള്ള ശ്രമം കെ.പി.എസ് നടത്തുന്നു. കമ്മ്യൂണിസത്തെക്കുറിച്ച് താങ്കള്‍ പറയുന്നത് ശരിയായിരിക്കാം. അത് അവര്‍ പറയുന്നത് പോലെ സംഭവിക്കാനുള്ള സാധ്യതയും ഇല്ലാതിരിക്കാം. എങ്കിലും അവര്‍ക്കും ജനാധിപത്യത്തില്‍ ഇടമുണ്ട്. അവര്‍ തങ്ങളുടെ രാഷ്ട്രീയ വീക്ഷണം എന്താണോ അത് പ്രചരിപ്പിക്കട്ടേ. ജനാധിപത്യത്തെക്കുറിച്ച് അവര്‍ക്ക് വിയോജിപ്പുകളുണ്ടെങ്കില്‍ അതും. എന്നിട്ടും ബഹുഭൂരിപക്ഷത്തിന് അത് സ്വീകാര്യമായി തോന്നുന്നെങ്കില്‍ അത് വരട്ടേ. എന്നല്ലേ ജനാധിപത്യത്തിന്റെ കാഴ്ചപ്പാട്. ഇസ്ലാം അതിന്റെ വിശാലമായ ജനാധിപത്യവും മതസ്വതന്ത്ര്യവും ചരിത്രത്തില്‍ കാണിച്ചുകൊടുത്താണ്. നിലവിലെ മുസ്ലിം ഭൂരപക്ഷ രാജ്യങ്ങളില്‍ പാശ്ചാത്യരുടെ കോളനവല്‍ക്കരണത്തില്‍നിന്ന് സ്വാതന്ത്ര്യം നേടിയപ്പോള്‍ അവരുടെ തന്നെ ഇഛ പ്രകാരം കുറേ ശൈഖുമാരെയും രാജാക്കളെയും വാഴിച്ചാണ് പോയത്. പിന്നീട് ജനഹിതത്തെക്കുറിച്ച് അവര്‍ സംസാരിച്ചിട്ടില്ല. ഇയ്യിടെ ജനങ്ങള്‍ക്ക് തെരഞ്ഞെടുക്കാനുള്ള സ്വതന്ത്രാവസരം കൈവന്നപ്പോള്‍ ഇസ്ലാമിക പ്രസ്ഥാനങ്ങളെ തന്നെ ജനങ്ങള്‍ അധികാരത്തില്‍ കൊണ്ടുവരുന്നതില്‍നിന്നും. ഇവിടെ പലരും ആവര്‍ത്തിച്ചുരുവിടുന്ന അപകടം കേവലം മിഥ്യയാണെന്നാണ് അത് കാണിക്കുന്നത്. അതോടൊപ്പം കാലത്തെ അതിജയിക്കാനുള്ള ഇസ്ലാമിക രാഷ്ട്രീയ വ്യവസ്ഥിതിയുടെ യോഗ്യതയും.

1 അഭിപ്രായ(ങ്ങള്‍):

Abid Ali പറഞ്ഞു...

നിങ്ങള്‍ അങ്ങിനെയാണ് പറയുന്നത് എന്നതിനാല്‍ സംവാദം സാധ്യമല്ല എന്നത് തികച്ചും ഒളിച്ചോട്ടമാണ് ... ദൈവം മനുഷ്യര്‍ക്ക്‌ നിയമ വ്യവസ്ഥ നല്കി എന്നത് കൊണ്ട് ജനാധിപത്യത്തെ കുറിച്ച് ഒന്നും പറയാന്‍ സാധ്യമല്ല എന്നത് എവിടുത്തെ ന്യായമാണ് ??

ഒരു വ്യവസ്ഥയും വേണ്ടതില്ലാത്ത കാലം വരുമെന്ന കമ്യൂണിസ്റ്റ് തത്വത്തെ നിരാകരിക്കുന്ന കെ പിഎസ പിന്നെ അംഗീകരിക്കാന്‍ ബാക്കിയുള്ളത് മൂല്യച്ചുതിയിലും ,അഴിമതിയിലും ,കേടുകാര്യ്സ്തതിലും മുങ്ങി ത്തഴുന്ന ആധുനിക ജനാധിപത്യം മാത്രമേ ഉള്ളൂ.........എത്ര തന്നെ തികഞ്ഞ ജനാധിപത്യവാദി ആയാലും ഇതൊക്കെ ജനാധിപത്യത്തിന്റെ മേന്മകലാണ് എന്ന നിലക്ക് നാലാളോട് പറയാന്‍ കെ പി എസ്സിനു പോലും സാധിക്കുമോ ??


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review