2010, ഫെബ്രുവരി 1, തിങ്കളാഴ്‌ച

യുക്തിവാദി ദൈവവിശ്വാസിയാകുമോ?.

 ചര്‍ചക്കിടെ യുക്തവാദി സുഹൃത്തായ വി.ബി. രാജന്‍ നല്‍കിയ കമന്റ് കൂടുതല്‍ പരിഗണനയര്‍ഹിക്കുന്നതായി എനിക്ക് തോന്നി. അതിവിടെ നല്‍കുന്നു:

'പ്രിയ ലത്തീഫേ, ഒരു യുക്തിവാദിയെ സംബന്ധിച്ചടത്തോളം മതം, ദൈവം, പിശാച്, മലക്ക്, ജിന്‍, കല്പവൃക്ഷം, പാലാഴി, അനന്തനില്‍ ശയിക്കുന്ന വിഷ്ണു, കന്യകയുടെ പ്രസവം, മരണശേഷമുള്ള ഉയിര്‍പ്പ്, ദൈവത്തിന്റെ ആയത്ത് ഇറക്കല്‍ തുടങ്ങിയവ മനുഷ്യന്റെ തലച്ചോറില്‍ ഉരുത്തിരിഞ്ഞതോ അവനുണ്ടായ മായികാഭ്രമമോ മാത്രമാണ്. ഇവ സത്യമാണെന്ന് തെളിയിക്കാന്‍ തക്കാതായ തെളിവുലഭിച്ചാല്‍ അതംഗീകരിക്കുവാന്‍ ഒരു യുക്തിവാദിക്ക് ഒരു ബുദ്ധിമുട്ടുമില്ല. വിശ്വാസ പ്രമാണങ്ങളും തത്വ ശാസ്ത്രങ്ങളും എല്ലാം മനുഷ്യനാല്‍ ഉണ്ടാക്കപ്പെട്ടവയാണെന്ന് ഒരു യുക്തിവാദിക്ക് ഉറപ്പുണ്ട്.


ഒരു വിശ്വാസിയെ സംബന്ധിച്ചടത്തോളം ഇവ യാഥാര്‍ത്ഥ്യമാണെന്ന് അവന്‍ കരുതുന്നു. ഇവ സത്യമാണെന്ന് ഉറപ്പിച്ചതിനു ശേഷമാണ് അതിനുള്ള തെളിവുകള്‍ അവന്‍ ശേഖരിക്കുന്നത്. കുതിരക്കു മുമ്പില്‍ വണ്ടിയെക്കെട്ടുന്ന അവസ്ഥ. വിശ്വാസിക്ക് അവനും അവന്റെ മുന്‍‌തലമുറകളും പിന്തുടര്‍ന്നു പോന്ന വിശ്വാസ പ്രാമാണങ്ങള്‍ തെറ്റാണെന്ന ചിന്ത തന്നെ വേദനയുണ്ടാക്കുന്നതാണ്. വളരെ കുറച്ചു വിശ്വാസികള്‍ മാത്രമെ ഇവയെ ഒരു വിശകലനത്തിനു പോലും വിധേയമാക്കുകയുള്ളു. തനിക്ക് ഉറപ്പില്ലാത്ത കാര്യങ്ങള്‍ വരെ തന്റെ വരും തലമുറയിലേക്ക് ഒരുതരം നിര്‍ബന്ധബുദ്ധിയോടുകൂടി വിശ്വാസി അടിച്ചേല്പിക്കും. വിശ്വാസികളില്‍ മഹാഭൂരിപക്ഷവും ഒരുതരം മനോവിഭ്രാന്തിയിലാണ്. കുറച്ചുപേരെങ്കിലും ബോധപൂര്‍‌വ്വം ഇത്തരം അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നുമുണ്ട്. ബുദ്ധിമാന്മാരായ അവര്‍ വിശ്വാസം വിറ്റ് ജീവിക്കുന്നു.


വിശ്വാസപ്രമാണങ്ങളും അതിനെ എതിര്‍ക്കുന്ന വാദങ്ങളും ജനങ്ങളുടെ മുന്‍പില്‍ തുറന്നു വക്കുക എന്നതാണ് ഒരു യുക്തിവാദിയുടെ ലക്ഷ്യം. ജനങ്ങള്‍ രണ്ടും വിശകലനം ചെയ്തിട്ട് അവന് ശരിയെന്നു തോന്നുന്നത് സ്വീകരിക്കട്ടെ. അതിനുള്ള സ്വാതന്ത്ര്യം ജനങ്ങള്‍ക്കുണ്ടാവണെമെന്നും യുക്തിവാദി ആവശ്യപ്പെടും.'
 
യുക്തിവാദികള്‍ ഇസ്‌ലാം വിരോധികളാണെന്നും അന്ധമായ മുസ്‌ലിം വിരോധമാണ് അവരെ നയിക്കുന്നതെന്നും പറയുന്നത് പറയുന്നത് പൂര്‍ണമായും സത്യസന്ധമല്ല. ചിലരുടെ വാദങ്ങള്‍കാരണം അപ്രകാരം തോന്നുന്നകയാണ്. അവര്‍ സത്യത്തില്‍ തന്നെ ഇസ്ലാം വിരോധം കൊണ്ടുനടക്കുന്നവരുമാകാം. മുസ്‌ലിം നാമമുള്ളവരാണ് അതില്‍ മുമ്പില്‍ നില്‍ക്കുന്നത്. എന്നാല്‍ വലിയ ഒരു വിഭാഗം മുകളില്‍ നല്‍കപ്പെട്ട പോലെ സത്യസന്ധമായി തന്നെ യുക്തിവാദം കൊണ്ടുനടക്കുന്നവരുണ്ട്. അവരെ അവഗണിക്കുന്നതിനോ അവര്‍ക്ക് നേര്‍ക്ക് നേരെ മറുപടി നല്‍കാതിരിക്കുന്നതിനോ ന്യായീകരണമില്ല. കഴിയുന്നത്ര വസ്തുതകളെ ഉള്‍കൊണ്ടും മനസ്സിലാക്കിയ കാര്യങ്ങളെ അന്ധമായി തള്ളിക്കളയാതെയും ചര്‍ചയില്‍ നിലക്കൊള്ളുന്നവരെ ഞാന്‍ ബഹുമാനിക്കുകയും അക്കാര്യം പല പോസ്റ്റിലും ഞാന്‍ എടുത്ത് പറയുകയും ചെയ്തിട്ടുണ്ട്. തങ്ങള്‍ ജനിച്ച മതം അന്ധമായി പിന്‍പറ്റുകയും വിശ്വാസം എന്നത് കേവലം മനഃസമാധാനത്തിനായി മാത്രം കൊണ്ടുനടക്കുകയും മറ്റുമതങ്ങളെ അവരുടെ പ്രചരണങ്ങളെ ഭീതിപൂര്‍വം കാണുകയും എല്ലാം സത്യം, എല്ലാം ദൈവത്തിലേക്ക് എന്ന് സ്വയം സമാധാനിച്ച് കഴിഞ്ഞുകൂടുകയും ചെയ്യുന്ന വിശ്വാസികള്‍ ഏത് മതത്തില്‍ പെട്ടവരാകട്ടെ, അവരോട് തരിമ്പും പ്രതിപത്തി എനിക്കില്ല. മറിച്ച് ഏത് മതത്തില്‍ ജനിച്ചവരാകട്ടെ അന്യമതങ്ങളെക്കുറിച്ചറിയാന്‍ ശ്രമിക്കുകയും സ്വന്തം മതം യുക്തിപൂര്‍വവും ബോധപൂര്‍വവും തെരഞ്ഞെടുക്കുകയും ചെയ്യുന്ന വിശ്വാസികള്‍ ആക്ഷേപിക്കപ്പെടേണ്ടവരല്ല. അവര്‍ പരമാവധി മറ്റുമതങ്ങളോട് സഹിഷ്ണുത കാണിക്കും എന്നുറപ്പുണ്ട്.

മേല്‍പറഞ്ഞ യുക്തിവാദികളോട് യുക്തിപൂര്‍വം സംവദിക്കാന്‍ വിശ്വാസികള്‍ക്കാകുമോ എന്നതാണ് പ്രസക്തമായ ചോദ്യം. അതിന് ഖുര്‍ആനികസൂക്തങ്ങള്‍ മാത്രം മതിയാവില്ല. ബോധപൂര്‍വം വിശ്വാസത്തെ തെരഞ്ഞെടുത്തവര്‍ തങ്ങള്‍ എങ്ങനെ ആ വിശ്വാസത്തിലെത്തി എന്ന് പറഞ്ഞുകൊടുക്കുകയാകും അവരോള്ള സംവാദത്തിന്റെ ബുദ്ധിപൂര്‍വകമായ ശൈലി. പക്ഷെ ഒരു യുക്തിയുടെയും പിന്‍ബലമില്ലാതെ പല വസ്തുതകളെയും മുന്‍ധാരണയോടെ നിഷേധിക്കാന്‍ തീരുമാനിച്ചവരാരെങ്കിലുമുണ്ടെങ്കില്‍ അവരെ സംബന്ധിച്ച് അത്തരം സംവാദങ്ങളും ഫലശൂന്യമായിരിക്കും. അത്തരക്കാര്‍ വളരെ കുറവാണെന്നാണ് അനുഭവം.

യുക്തിവാദികള്‍ക്ക് ധാരാളം ധാരണപിശകുകളുണ്ട് അവയിലൊന്നാണ് വിശ്വാസികളോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല. കാരണം അവര്‍ ചില സംഗതികള്‍ യാഥാര്‍ത്ഥ്യമാണെന്ന് അന്ധമായി വിശ്വസിച്ചിട്ടാണ് ചര്‍ച തുടങ്ങുന്നത് തന്നെ എന്ന ധാരണ. സത്യമതല്ലല്ലോ. തങ്ങള്‍ക്ക് ചിലമുന്നറിവുകളിലൂടെ ബോധ്യം വന്ന വസ്തുതകളെ മറ്റുള്ളവരെ ബോധ്യപ്പെടുത്താനാണ് അവര്‍ ചര്‍ചയിലൂടെ ശ്രമിക്കുന്നത്. അതുകൊണ്ട് മറ്റുള്ളവര്‍ക്ക് തോന്നുന്നത് തങ്ങള്‍ മനസ്സില്‍ കരുതിയ സത്യങ്ങള്‍ക്ക് പിന്നീട് തെളിവ് ശേഖരിക്കുന്നതായിട്ടാണ്.

പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് പോതുവായുള്ള ചില ദോഷമുണ്ട്. കാണുന്നവന് പ്രചാരകന്‍ നിര്‍ബന്ധബുദ്ധിയുള്ളവനായും അടിച്ചേല്‍പ്പിക്കുന്നവനായും തോന്നും. ഇസ്‌ലാമിനെ സംബന്ധിച്ച് അതിന്റെ പ്രബോധകര്‍ക്ക് അപ്രകാരം ചെയ്യുന്നതിന് മതപരമായിത്തന്നെ വിലക്കുണ്ട്. അപ്രകാരം ചെയ്യുന്നവരെ ആര്‍ക്കും ഇക്കാരണത്താല്‍ തന്നെ പെട്ടെന്ന് പിന്തിരിപ്പിക്കാം.
 

61 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

വി.ബി. രാജന്‍ തന്റെ അവസാന ഖണ്ഡികയില്‍ പറഞ്ഞതുപോലെയാണ് യുക്തിവാദികളെങ്കില്‍ അവരോട് മതവിശ്വാസികള്‍ക്ക് അക്കാര്യത്തിലെങ്കിലും വിയോജിക്കേണ്ട കാര്യമില്ല. രാജന്‍ നല്‍കിയ കമന്റ് വിശദമായി ചര്‍ചയാക്കുവാന്‍ ഉദ്ദേശിക്കുന്നു. താല്‍പര്യമുള്ളവര്‍ക്ക് പങ്കെടുക്കാം അനുകൂലിക്കാം വിയോജിക്കാം ചര്‍ചയെ അനുകൂലമായോ പ്രതികൂലമായോ ബാധിക്കാത്ത കമന്റുകള്‍ നീക്കം ചെയ്യും എന്ന് മാത്രം.

chithrakaran:ചിത്രകാരന്‍ പറഞ്ഞു...

വളരെ ആരോഗ്യകരവും,ക്രിയാത്മകവുമായ നിലപാടാണല്ലോ ലത്തീഫിന്റേത്. വി.ബി.രാജന്റെ കാഴ്ച്ചപ്പാടും വളരെ സുതാര്യവും സത്യസന്ധവുമായിരിക്കുന്നു.
ഒരര്‍ത്ഥത്തില്‍ മനുഷ്യരെല്ലാം ബുദ്ധിയുള്ള യുക്തിവാദികളാണ്. ആ ബുദ്ധിയും,യുക്തിയും സ്വന്തം ധാരണകളെ ശുദ്ധിചെയ്യാന്‍ എത്രമാത്രം ഫലപ്രദമായി ഉപയോഗിക്കാന്‍ മനസ്സുവക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് വിശ്വാസിയും യുക്തിവാദിയുമായി രണ്ടു തട്ടിലേക്ക് സ്വയം മാറി നില്‍ക്കുന്നത്.
അറിവിന്റേയും സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളുടേയും അടിസ്ഥാനത്തിലുള്ള
ഈ മാറി നില്‍ക്കല്‍ ഒഴിവാക്കി മനുഷ്യസ്നേഹത്തിന്റെ തലത്തില്‍
ആശയവിനിമയത്തിലൂടെയും,പഠനങ്ങളിലൂടെയും,നിരീക്ഷണങ്ങളിലൂടെയും നാം മാനവിക സമൂഹമായി ശക്തി പ്രാപിക്കട്ടെ എന്ന് ചിത്രകാരന്‍ ആശംസിക്കുന്നു.

CKLatheef പറഞ്ഞു...

പ്രിയ ചിത്രകാരന്‍ ,

അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. എല്ലാ മനുഷ്യനിലും നന്മയുടെയും ഒരംശമുണ്ട്. യുക്തിയും ബുദ്ധിയും വേറെയും. എല്ലാം കൂടി ചേര്‍ന്നാല്‍ അദ്ദേഹം തന്നെ നല്ല മനുഷ്യന്‍.

Unknown പറഞ്ഞു...

പ്രിയ ലത്തീഫ്, ഈ നിരീക്ഷണങ്ങളിലെ വസ്തുതാപരമായ പിശക് എന്ന് എനിക്ക് തോന്നുന്ന ചിലത് ചൂണ്ടിക്കാണിക്കട്ടെ. ഒന്നാമതായി “തങ്ങള്‍ ജനിച്ച മതം” എന്ന പ്രയോഗം തന്നെ നോക്കാം. ആരെങ്കിലും ഒരു മതത്തില്‍ ജനിക്കുന്നുണ്ടോ? ഇല്ല എന്നതാണ് സത്യം. ഒരു മതവും അങ്ങനെ അവകാശപ്പെടുന്നില്ല. അത്കൊണ്ടാണ് ജന്മനാ ഒരു മതത്തിലും പെടാത്ത ആളെ അതാത് മതങ്ങള്‍ തങ്ങളുടെ മതത്തിലേക്ക് ചേര്‍ക്കുന്നത്. മതം എന്നത് മനുഷ്യന് മുന്‍പെ സ്വയംഭൂവായി ഉണ്ടായ ഒന്നല്ലല്ലൊ. മതങ്ങള്‍ക്ക് മുന്‍പേ മനുഷ്യരുണ്ട്. ആ മനുഷ്യര്‍ ഒരു മതത്തിലും പെടാത്തവര്‍ ആയിരിക്കണമല്ലൊ. പിന്നീട് മതങ്ങള്‍ ആവിര്‍ഭവിക്കാനും മനുഷ്യര്‍ മതങ്ങളില്‍ ചേരാനും, ചേര്‍ന്നവര്‍ മതങ്ങള്‍ പ്രചരിപ്പിക്കാനും തുടങ്ങി. ഒരു മതത്തില്‍ ചേര്‍ന്നവരില്‍ പിന്നീട് ആ മതം വിട്ട് വേറെ മതങ്ങളില്‍ ചേരുന്നതും കാണാന്‍ കഴിയുന്നു. രാജ്യം ഭരിക്കുന്ന രാജാവ് ഒരു മതത്തില്‍ ചേര്‍ന്നാല്‍ പ്രജകള്‍ ഒന്നടങ്കം ആ മതത്തില്‍ ചേര്‍ന്നതായോ ചേര്‍ക്കപ്പെട്ടതായോ ആയും ചരിത്രത്തില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നു. രാജാക്കന്മാരുടെ മതപ്രവേശമാണ് മതങ്ങളുടെ പ്രചാരണത്തെ ത്വരിതപ്പെടുത്തിയത് എന്നും ഒറ്റപ്പെട്ട വ്യക്തികളുടെ മാനസാന്തരങ്ങളിലൂടെ മതം ഇത്ര വേഗത്തില്‍ പ്രചരിക്കുമായിരുന്നില്ല എന്നും ചരിത്രം സാക്ഷ്യ്പ്പെടുത്തുന്നുണ്ട്.

ഇത്രയും പറഞ്ഞത് ആരും മതത്തില്‍ പെട്ടവനായി ജനിക്കുന്നില്ല എന്നും പിന്നീട് അച്ചനമ്മമാര്‍ ചേര്‍ന്നിരിക്കുന്ന മതത്തില്‍ ചേര്‍ക്കപ്പെടുകയാണ് എന്നും വിശദമാക്കാന്‍ വേണ്ടിയാണ്. എന്നാല്‍ അച്ചനമ്മമാര്‍ ഏത് മതത്തില്‍ പെട്ടവരാണോ അവരുടെ മക്കളും ആ മതത്തില്‍ പെട്ടവരായാണ് പിറന്ന് വീഴുന്നത് എന്നൊരു ഗുരുതരമായ അന്ധവിശ്വാസം നിലവിലുണ്ട്. എന്തിനേറേ പറയുന്നു, ഇവിടെ ആളുകള്‍ പാര്‍ട്ടിക്കാരാവുന്നതും ഇങ്ങനെയാണല്ലൊ. അതായത് മതത്തിന്റെ കാര്യം പോകട്ടെ രാഷ്ട്രീയപാര്‍ട്ടി പോലും ബോധപൂര്‍വ്വം തെരഞ്ഞെടുക്കുന്നവര്‍ ചുരുക്കം. മറ്റൊന്ന് കൂടി പറയാം മതം ജന്മസിദ്ധമാണെങ്കില്‍ പിന്നെ മതപരിവര്‍ത്തനം എന്നൊന്ന് നടക്കില്ലല്ലൊ. ഇതൊന്നും മതപുരോഹിതന്മാര്‍ തുറന്ന് പറയാതെ അവര്‍ കൌശലപൂര്‍വ്വം മതമില്ലാതെ ജനിച്ച കുഞ്ഞുങ്ങളെ തങ്ങളുടെ മതത്തിലേക്ക് ചില ചടങ്ങുകളിലൂടെ ചേര്‍ക്കുകയാണ് ചെയ്യുന്നത്. അങ്ങനെ ചേര്‍ക്കപ്പെട്ടില്ലെങ്കില്‍ ആ കുഞ്ഞുങ്ങള്‍ തങ്ങളുടെ മതത്തില്‍ പെടാത്തവരായി പോകും എന്ന് പുരോഹിതന്മാര്‍ക്ക് നന്നായി അറിയാം. ഇപ്രകാരം മനുഷ്യന്‍ ജന്മനാ ഒരു മതത്തില്‍ പെട്ടവനാണെന്ന് കരുതാത്തതും അല്ലെങ്കില്‍ സ്വമേധയാ മതം തെരഞ്ഞെടുക്കാന്‍ അനുവദിക്കാതെ കുട്ടിക്കാലത്ത് തന്നെ മതത്തില്‍ ചേര്‍ക്കപ്പെടാത്തതുമായ ഒരു വിശ്വാസ സമൂഹമെങ്കിലും ലോകത്തുണ്ട്, അതാണ് “ബഹായ്” എന്ന വിഭാഗം. പതിനെട്ട് വയസ്സ് പൂര്‍ത്തിയായ ഒരു വ്യക്തിക്ക് മാത്രമേ ബഹായ് ആകാന്‍ കഴിയൂ. അച്ഛനും അമ്മയും ബഹായ് ആയാലും പതിനെട്ട് വയസ്സ് വരെ മക്കള്‍ മതരഹിതരാണ്.

ഭാഷയില്‍ വ്യവസ്ഥാപിതമായ കുറെ വാക്കുകള്‍ തെറ്റിദ്ധാരണാജനകമാണ്. അതില്‍ ഒന്നാണ് മതം. ഹിന്ദു എന്ന് അറിയപ്പെടുന്നത് ഒരു മതം ആണെന്നാണെങ്കിലും അങ്ങനെ ആരും ആ മതത്തില്‍ ചേര്‍ക്കപ്പെടുന്നില്ല എന്നതാണ് സത്യം. എന്നാല്‍ ബ്രാഹ്മണ്യത്തിലേക്ക് ആളുകള്‍ ചേര്‍ക്കപ്പെടുന്നുണ്ട്. അച്ഛനുമമ്മയും ബ്രാഹ്മണരായാലും ഉപനയനം നടത്തി പൂണൂല്‍ ധരിച്ചാലേ ഒരാള്‍ ബ്രാഹ്മണനാവൂ. സ്ത്രീപ്രജകള്‍ എങ്ങനെയാണ് അതാത് മതങ്ങളിലേക്ക് ചേര്‍ക്കപ്പെടുന്നത് എന്ന് സത്യമായും എനിക്കറിയില്ല. ബഹായിയിലാണെങ്കില്‍ പതിനെട്ട് വയസ്സ് പൂര്‍ത്തിയായ സ്ത്രീപ്രജകള്‍ ബഹായ് ധര്‍മ്മം സ്വീകരിക്കുന്നതായി ഡിക്ലറേഷന്‍ നല്‍കേണ്ടതുണ്ട്. ഒരു വിശ്വാസം അല്ലെങ്കില്‍ ഒരു ജീവിതപദ്ധതി പ്രചരിപ്പിക്കുന്ന സന്നദ്ധസേവകന്‍ എന്നതില്‍ കവിഞ്ഞ പ്രാധാന്യമോ പ്രാമുഖ്യമൊ ഒരു മതവിശ്വാസിക്കില്ല എന്നാണെനിക്ക് തോന്നിയിട്ടുള്ളത്. അങ്ങനെ നോക്കുമ്പോള്‍ ഒരോ മത-ജീവിത പദ്ധതിക്കും അതാതിന്റെ പ്രാധാന്യവും മഹത്വവുമുണ്ട് താനും. ഇതൊക്കെ എന്റെ ഒരു നിരീക്ഷണം മാത്രമാണ്. ശരിയാകണമെന്നില്ല. ഇനിയും കുറെ വേണമെങ്കില്‍ എഴുതാം. പക്ഷെ തല്‍ക്കാലം നിര്‍ത്തുന്നു. ഇന്ന് മറ്റൊരു ബ്ലോഗിലും ഇതേ പോലെ ഒരു കമന്റ് എഴുതേണ്ടി വന്നു. അത് എന്റെ കമന്റ് ബോക്സില്‍ പെയിസ്റ്റ് ചെയ്തിട്ടുണ്ട്. വായിക്കുമല്ലൊ..

സസ്നേഹം,

ചിന്തകന്‍ പറഞ്ഞു...

ലത്തീഫിന്റെത് വളരെ തെളിമയാര്‍ന്ന നിലപാട് തന്നെ. വി.ബി രാജനെയും കെ.പി.എസിനെയും പോലുള്ള യുക്തിവാദി സുഹൃത്തുക്കളും മുന്‍ വിധികളില്ലാതെ തന്നെ,ഇത് വരെയുള്ള അവരുടെ നിലപാടുകളില്‍ സത്യസന്ധതയും എതിര്‍ നിലപാടുകളെ പ്രതിപക്ഷ ബഹുമാനത്തോടെയും സമീപിക്കുന്ന കാര്യത്തില്‍ മാതൃകായോഗ്യയരാണ്.

യുക്തിപരമായ ഏതൊരു ചര്‍ച്ചയും വിജയകരമാവണമെങ്കില്‍ മുന്വിധികളില്ലാത്ത ഒരു സമീപനം ആവശ്യമാണ്.

സത്യ സന്ധവും ആത്മാര്‍ത്ഥവുമായ ചര്‍ച്ചകള്‍ നടക്കട്ടെ. അതിലൂടെ ആളുകള്‍ പഠിക്കുകയും മനസ്സിലാക്കുകയും ശരിയെന്ന് തോന്നുന്നത് സ്വീകരിക്കുകയും ചെയ്യട്ടെ.

Kvartha Test പറഞ്ഞു...

"ഒരു യുക്തിവാദിയെ സംബന്ധിച്ചടത്തോളം മതം, ദൈവം, പിശാച്, മലക്ക്, ജിന്‍, കല്പവൃക്ഷം, പാലാഴി, അനന്തനില്‍ ശയിക്കുന്ന വിഷ്ണു, കന്യകയുടെ പ്രസവം, മരണശേഷമുള്ള ഉയിര്‍പ്പ്, ദൈവത്തിന്റെ ആയത്ത് ഇറക്കല്‍ തുടങ്ങിയവ മനുഷ്യന്റെ തലച്ചോറില്‍ ഉരുത്തിരിഞ്ഞതോ അവനുണ്ടായ മായികാഭ്രമമോ മാത്രമാണ്." ശ്രീ വി ബി രാജന്റെ ഈ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു. അങ്ങനെ, എല്ലാം വെറും മായികഭ്രമം തന്നെ!

'ഞാന്‍ യുക്തിവാദിയാണ്' എന്നു പറയുന്നയാള്‍ക്കും 'ഞാന്‍ ഹിന്ദുവാണ്' എന്ന് പറയുന്നയാള്‍ക്കും 'ഞാന്‍ മുസ്ലീമാണ്' എന്ന് പറയുന്നയാള്‍ക്കും ആകെ ഉറപ്പുള്ളത്, അങ്ങനെ പറയുന്ന 'ഞാന്‍ ഉണ്ട്' എന്നാണല്ലോ. 'ഞാന്‍ ഉണ്ട്' എന്നതൊരു വിശ്വാസമല്ല, ഉറപ്പുള്ള സത്യമാണല്ലോ. അങ്ങനെ സ്വയം 'ഞാന്‍ ഉണ്ട്' എന്ന് പറയുന്നിടത്തോളം ആരും നാസ്ഥികരല്ല, വിശ്വാസിയുമല്ല. വെറുതെയൊരു വിശ്വാസത്തിന്റെ ആവശ്യം അക്കാര്യത്തില്‍ ഇല്ല.

'ഞാന്‍ ആരാ' എന്നുള്ള അന്വേഷണമാണ് ഭാരതീയ തത്ത്വശാസ്ത്രം പഠിപ്പിക്കുന്നത്‌. അല്ലാതെ ഈശ്വരന്‍ എന്ന മറ്റെന്തിനെയെങ്കിലും അറിയാനോ, മതത്തിന് വേണ്ടി മരിക്കാനോ, ഒന്നും പഠിപ്പിക്കുന്നില്ല. മഹാവാക്യങ്ങളായ തത്ത്വമസി, അഹം ബ്രഹ്മാസ്മി, അയമാത്മാ ബ്രഹ്മ, പ്രജ്ഞാനം ബ്രഹ്മ എന്നിവ ഇരുത്തി ചിന്തിച്ചാല്‍ മനസ്സിലാവും. അല്ലെങ്കില്‍ ശ്രീ ശങ്കരനും രമണമഹര്‍ഷിയെയും ഒക്കെ എഴുതിയ ലളിതമായ ഗ്രന്ഥങ്ങള്‍ വായിച്ചാല്‍ മനസ്സിലാകും, ചിന്തയെ ഉദ്ദീപിപ്പിക്കും. മുമ്പെവിടെയോ പറഞ്ഞതുപോലെ, യുക്തിവാദിയും ഈശ്വരവിശ്വാസിയും നിരീശ്വരവിശ്വാസിയും ഒക്കെ വെറും വിശ്വാസികള്‍ തന്നെ - മറ്റെന്തോ ഒരു സാധനം ഉണ്ടെന്നോ ഇല്ലെന്നോ അവര്‍ വെറുതെ വിശ്വസിക്കുന്നു.

ബീമാപള്ളി / Beemapally പറഞ്ഞു...

പരസ്പരം യാഥാര്‍ത്യങ്ങള്‍ ഉള്‍ക്കൊണ്ട്‌, മത വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള തുറന്ന മനസ്സോടയുള്ള ഒരു ചര്‍ച്ചയ്ക്കു ഈ ബ്ലോഗു വേദിയാകട്ടെ......ആശംസകളോടെ

മലയാള ബ്ലോഗു ലോകത്തില്‍ യുക്തിവാദത്തിന്റെ നേതാവെന്നു പറയപ്പെടുന്ന ജബ്ബാര്‍മാഷിന്റെ ഒരു പോസ്റ്റിനുള്ള മറുപടി ബീമാപള്ളി ബ്ലോഗില്‍ വായിക്കാം...!

ദൈവം പ്രവാചകന്റെ ഗുമസ്തനോ.?

കാട്ടിപ്പരുത്തി പറഞ്ഞു...

യോജിക്കുന്ന അഭിപ്രായങ്ങളിൽ പിന്നെയും ഒരു ചർച്ച പ്രസക്തമാകുന്നില്ലല്ലോ- അതിനാൽ വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു എന്ന് മാത്രം രേഖപ്പെടുത്തുന്നു.

വിചാരം പറഞ്ഞു...

ലത്തിഫിന്റെ ഈ ലേഖനം നന്നായിരിക്കുന്നു എന്നു പറയാതിരിക്കാന്‍വയ്യ ......
യുക്തിവാദികള്‍ക്ക് ധാരാളം ധാരണപിശകുകളുണ്ട് അവയിലൊന്നാണ് വിശ്വാസികളോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല.
ഖുര്‍‌അന്‍ മുഹമദിന്റെ മാത്രം ജല്പനങ്ങളാണ് എന്ന് ഏതെങ്കിലും യുക്തിവാ‍ദി പറഞ്ഞാല്‍ മുസ്ലിംങ്ങള്‍ അംഗീകരിക്കുമോ?
പിന്നെ ഇസ്ലാം നാമ ധാരികളാണ് ഇസ്ലാമിനെ വിമര്‍ശിക്കുന്നവരില്‍ മുന്‍പില്‍ എന്ന പരാമര്‍ശത്തിനുത്തരം വളരെ ലളിതമാണ്, ഇസ്ലാമത വിശ്വാസം പേറുന്ന കുടുംബത്തിലെ ഒരു വ്യക്തി ഇസ്ലാമിനെ മനസ്സിലാക്കുന്നയിടത്തോളം മറ്റൊരു മതസ്ഥരും മനസ്സിലാക്കുന്നില്ല, അങ്ങനെയുള്ളവര്‍ ഇസ്ലാമിന്റെ ചട്ടകൂട്ടില്‍ നിന്ന് വെളിയില്‍ വരുമ്പോള്‍ തീര്‍ച്ചയായും അവര്‍ക്ക് ആ മതത്തെ വിമര്‍ശിക്കാന്‍ അവകാശമുണ്ട് പിന്നെ മറ്റൊരു വശം വല്ല ഹിന്ദുക്കളോ ക്രിസ്ത്യാനികളോ ഇങ്ങനെ വിമര്‍ശിക്കുന്നുവെങ്കില്‍ അവരുടെ മതത്തെ (ആ വ്യക്തി യുക്തിവാദിയായാലും) തനി നാടര്‍ തെറിയ്യഭിഷേകം ഈ മത മൌലീകവാദികളായാ തീവ്രവാദികളായ, ഭീകരവാദത്തെ പ്രോത്സാഹിപ്പിയ്ക്കുന്ന (ജമാ‍‌അത്ത് ഇസ്ലാമിക്കാരെ പോലുള്ളവര്‍) വര്‍ അനോണികളായി വന്നു നടത്തും.

CKLatheef പറഞ്ഞു...

ആദ്യമായി ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയ ബൂലോഗത്തെ ശക്തമായ സാന്നിദ്ധ്യമായ ബ്ലോഗര്‍മാര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. വിശ്വാസികളും യുക്തിവാദികളും രണ്ട് തട്ടിലേക്ക് മാറിനില്‍ക്കാതെ ഒരുമിച്ച് സംവദിക്കാന്‍ സന്നദ്ധമാകുന്നത് നന്മമാത്രമേ കൊണ്ട് വരികയുള്ളൂ എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ഈ ചര്‍ച ഇവിടെ തീരുമാനമായി പിരിയണം എന്നെനിക്ക് നിര്‍ബന്ധമില്ല. എല്ലാ അഭിപ്രായങ്ങളെയും അതിന്റെ ഗൗരവത്തില്‍ തന്നെ ഞാന്‍ സ്വീകരിക്കുന്നു.

CKLatheef പറഞ്ഞു...

വളരെ ചുരുങ്ങിയ രൂപത്തില്‍ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങള്‍ക്കുള്ള എന്റെ പ്രതികരണം ഓരോരുത്തര്‍ക്കായി അറിയിക്കട്ടേ.

പ്രിയ സുകുമാരന്‍ സാര്‍ ,

താങ്കള്‍ ചുണ്ടിക്കാണിച്ച വസ്തുതാപരമായ പിശക് ഞാന്‍ അംഗീകരിക്കുന്നു. താങ്കള്‍ പറഞ്ഞ പ്രകാരം ഒരോ കുട്ടിയും ജനിക്കുന്നത് ശുദ്ധപ്രകൃതിയിലാണ് പിന്നീട് അവന്‍ അനുഭവിച്ച ആദ്യമതം സ്വീകരിക്കുന്നു. അത് മിക്കപ്പോഴും മാതാപിതാക്കളുടെ മതമായിരിക്കും. അതിനെയാണ് തങ്ങള്‍ ജനിച്ച മതം എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത്. അതിനാല്‍ മതം ജന്മസിദ്ധമാണ് എന്ന കാഴ്ചപ്പാട് എന്റെ വിശ്വാസമനുസരിച്ചുതന്നെ ശരിയല്ല. അതോടൊപ്പം ദൈവനിഷേധിയായും ആരും ജനിക്കുന്നില്ല. അറിവിന്റെയും ബോധത്തിന്റെയും അടിസ്ഥാനത്തില്‍ ബോധപൂര്‍വം വിശ്വാസമോ അവിശ്വാസമോ സ്വീകരിക്കുന്നവരാണ് തനിക്ക് നല്‍കപ്പെട്ട ബുദ്ധിയെ പരിഗണിക്കുന്നവര്‍ എന്ന അഭിപ്രായമാണ് എനിക്കുള്ളത്.

ബഹായ് മതത്തിന്റെ പ്രത്യേകമായ ഒരാചാരമായി മാത്രമേ പ്രസ്തുത സംഗതിയെ താങ്കള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാണാന്‍ കഴിയൂ. 18 വയസ്സുവരെ അവരിലെ വ്യക്തികള്‍ മതരഹിതരാണ് എന്ന പറയുന്നത് എത്രത്തോളം ശരിയാകും എന്ന് എനിക്കറിയില്ല. കാരണം ഒരു സുപ്രഭാതത്തില്‍ ഒരു ഫോം പൂരിപ്പിക്കുന്നതിലൂടെ ഒരു വിശ്വാസം സ്വയത്തമാക്കാം എന്ന് ഞാന്‍ കരുതുന്നില്ല. നീണ്ട അറിവിന്റെ പിന്‍ബലം ആവശ്യമാണ് ഒരു വിശ്വാസം മാറുവാന്‍. അല്ലെങ്കില്‍ 18ാം വയസ്സില്‍ നടക്കുന്നത് കേവലമായ ഒരു ഔദ്യേഗിക സമ്മതം മാത്രമായി കാണാനാണ് അതെന്നെ പ്രേരിപ്പിക്കുന്നത്.

മറ്റുകാര്യങ്ങള്‍ പിന്നീട് പറയാം.

CKLatheef പറഞ്ഞു...

പ്രിയ ചിന്തകന്‍ ,

താങ്കള്‍ പറഞ്ഞതിനോട് അനുകൂലിക്കുന്നു. വിശ്വാസിയും യുക്തിവാദിയുമായി രണ്ടുതട്ടിലേക്ക് മാറിനില്‍ക്കുന്നതിന് പ്രേരകം അറിവാണെന്നും സ്വാര്‍ത്ഥ താല്‍പര്യമല്ലെന്നും തെളിയിക്കാന്‍ രണ്ടുകൂട്ടര്‍ക്കും ബാധ്യതയുണ്ട്. അതിനുള്ള അവസരമാണ് തുറന്ന ചര്‍ചയും ആശയ കൈമാറ്റവും (ചിത്രകാരന്റെ കമന്റിലേക്ക് സൂചന). അറിവിന്റെ അടിസ്ഥാനത്തില്‍ രണ്ടുതട്ടിലേക്ക് മാറിനിന്നാലും മനുഷ്യനെന്ന നിലയില്‍ പരസ്പരം സ്‌നേഹിക്കാനും ബഹുമാനിക്കാനും സാധ്യമല്ലാത്തവര്‍ -വിശ്വാസികളായാലും യുക്തിവാദികളായാലും- മേല്‍കൈ നേടുന്നത് മനുഷ്യത്വത്തിന് പരിക്കേല്‍പ്പിക്കുന്ന രോഗബാധയാണ്.

CKLatheef പറഞ്ഞു...

പ്രിയ ശ്രീ ശ്രേയസ്

എല്ലാം മായം, എല്ലാം മിഥ്യ എന്ന് പറയുന്നവര്‍ക്ക് താങ്കള്‍ സൂചിപ്പിച്ച ഞാനും മായയല്ലേ. ഞാനുണ്ട് എന്ന് ഉറപ്പുള്ളവര്‍ക്ക് എനിക്ക് ചുറ്റുപാടുമുള്ളതും ഉണ്ട് എന്നുറപ്പിച്ചുകൂടെ. ഈ ഉള്ള വസ്തുക്കള്‍ക്ക് ഒരു സ്രഷ്ടാവുണ്ടാകാം എന്ന് സങ്കല്‍പ്പിക്കുകയെങ്കിലും ചെയ്തുകൂടെ. ഈ സങ്കല്‍പം തള്ളിക്കളയാന്‍ കഴിയാത്ത വസ്തുതകളാല്‍ സ്ഥിരപ്പെടുന്നതിനെയാണ് വിശ്വാസം എന്ന് പറയുന്നത്. കണ്ടതില്‍ വിശ്വാസത്തിന് പ്രസക്തിയില്ല. അനുഭവിച്ചതിലും. ഇവരണ്ടുമില്ലാത്തതില്‍ വിശ്വസിച്ചതുകൊണ്ട് ഒരു പ്രയോജനവും മനുഷ്യനില്ലെങ്കില്‍ വെറുതെയൊരു വിശ്വാസത്തിന്റെ ആവശ്യവുമില്ല.

ഞാന്‍ ആരാണ്. എന്റെ ജീവിത ലക്ഷ്യമെന്താണ്, എന്റെ ഉത്തരവാദിത്തമെന്താണ്. എന്നീമൂന്ന് അടിസ്ഥാനപരമായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക എന്നതാണ് പ്രവാചകന്‍മാരുടെ ദൗത്യമായി ഖുര്‍ആനിലുള്ളത്. ഇവിടെ വിശ്വാസി മറ്റെന്തോ ഒരു സാധനം ഉണ്ടെന്നോ ഇല്ലെന്നോ വെറുതെ വിശ്വസിക്കുകയല്ല. ശക്തമായ ഒരുവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ തന്റെ ജീവിതത്തിന് ഒരര്‍ഥം കാണ്ടെത്തുകയാണ്.

നന്ദി. ശ്രീ.ശേയസ്. താങ്കളുടെ ഗഹനമായ, ധാരാളം ആന്തരാര്‍ഥങ്ങളുള്ള വാക്കുകള്‍ നല്‍കി ഈ ചര്‍ചയെ സമ്പന്നമാക്കിയതിന്ന്.

CKLatheef പറഞ്ഞു...

പ്രിയ ബീമാപള്ളി,

നന്ദി, താങ്കളുടെ ആശംസകള്‍ക്ക്. മലയാള ബ്ലോഗുലോകത്തില്‍ യുക്തിവാദികളുടെ നേതാവാണ് ജബ്ബാര്‍മാഷ് എന്നതാണ് യുക്തിവാദമെന്ന് ഇസ്‌ലാം വിരുദ്ധമാണ് എന്ന പൊതുബോധം വിശ്വാസികളില്‍ രൂപപ്പെടാന്‍ ഇടയാക്കിയതെന്ന് കരുതുന്നു. അദ്ദേഹത്തെ അക്കാര്യത്തില്‍ ഉസ്താതായി കാണുന്നവരുടെയും വാക്കുകളും ശൈലികളും സൗഹൃദപരമായ ഒരു സംവാദത്തിന് യോജിച്ചതല്ല. നോക്കൂ ഇവിടെ അദ്ദേഹം കടന്നുവന്നു എന്ന് സങ്കല്‍പിക്കുക. അദ്ദേഹത്തിന് ഒരു നയമെന്ന നിലക്ക് പോലും ഈ ചര്‍ചയില്‍ ചിത്രകാരനും സുകുമാരന്‍ സാറും സ്വീകരിച്ച ശൈലി സ്വീകരിക്കാനാകുമോ. അതുകൊണ്ട് ഞാന്‍ ഉറപ്പായി വിശ്വസിക്കുന്നു. അദ്ദേഹത്തെ മുന്നില്‍ നടത്തിയുള്ള യുക്തിവാദം വിജയിക്കാന്‍ പോകുന്നില്ല.

CKLatheef പറഞ്ഞു...

പ്രിയ കാട്ടിപ്പരുത്തി,

അതെ ഇത്തരം ചര്‍ചയില്‍. വിയോജിക്കുന്നവരാണ് ശക്തി. പക്ഷെ ആ വിയോജിപ്പില്‍ വികാരത്തെക്കാള്‍ വിചാരം ഉണ്ടാകണം എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇവിടെ അഭിപ്രായം പറയുന്ന വിചാരമല്ല കെട്ടോ :-). അതില്‍ വിചാരമല്ല; വികാരമാണ് മുന്തിനില്‍ക്കുന്നത്.

നന്ദി, പ്രോത്സാഹിപ്പിച്ചതിന്.

CKLatheef പറഞ്ഞു...

പ്രിയ വിചാരം,

നന്ദി. ഇവിടെ അഭിപ്രായം പറഞ്ഞവരില്‍ താങ്കള്‍ വേറിട്ട് നില്‍ക്കുന്നു. താങ്കളുടെ അഭിപ്രായങ്ങള്‍ ഒരു തരത്തിലുള്ള ചര്‍ചക്കും വഴങ്ങില്ല. താങ്കളെപ്പോലുള്ളവരെയാണ് ഞാന്‍ പോസ്റ്റില്‍ ഉദ്ദേശിച്ചത് അതിന് ഒരു മാതൃക എന്ന നിലക്ക് താങ്കളുടെ ആദ്യപോസ്റ്റ് ഞാന്‍ നിലനിര്‍ത്തുന്നു. അടുത്ത താങ്കളുടെ കമന്റ് എനിക്ക് ഊഹിക്കാന്‍ കഴിയും അതിനാല്‍ അതിന് മിനക്കെടേണ്ടതില്ല. അനോണിയായി വന്നിട്ടും കാര്യമില്ല. ഇതേ ശൈലി ഞാന്‍ തുടര്‍ന്ന് ആരില്‍നിന്നും അനുവദിക്കുകയില്ല. ജമാഅത്തുകാരില്‍ അങ്ങനെ ചെയ്യുന്നവരുണ്ടെങ്കില്‍ അവരില്‍ നിന്നുപോലും. മഅസ്സലാമ.

O.T. ചിലര്‍ക്ക് സംശയമുണ്ടാകും ഇതൊരു ഫാഷിസമല്ലേ എന്ന്. അല്ല, കാരണം അദ്ദേഹം സൂചിപ്പിച്ച വിഷയങ്ങള്‍ ചര്‍ചചെയ്യുമ്പോള്‍
അദ്ദേഹത്തെപോലുള്ളവര്‍ ഇടപെടില്ല. അഥവാ ഇടപ്പെട്ടാലും മറ്റുവിഷയങ്ങളാകും സംസാരിക്കുക.

Kvartha Test പറഞ്ഞു...

ശ്രീ ലത്തീഫ്,
'ഞാന്‍' എന്ന് സൂചിപ്പിച്ചത് നാം ഒരു വാക്കില്‍ വെറുതെ പറയുന്ന "ഞാന്‍" അല്ല എന്നുമാത്രം പറയട്ടെ. "ആരാണ് ഞാന്‍" എന്ന് സ്വയം ആഴത്തിലേയ്ക്ക് ഇറങ്ങിച്ചെന്നു ചിന്തിക്കാന്‍ ഓരോരുത്തരും ശ്രമിക്കണം എന്നാണ്. "ഞാന്‍" എന്നത് ശരീരമായോ മനസ്സായോ ബുദ്ധിയായോ അതെല്ലാം കൂടിച്ചേര്‍ന്ന മറ്റെന്തോ ആയോ മറ്റോ കരുതുമ്പോഴാണ് എല്ലാ കണ്‍ഫ്യൂഷനും. അതല്ലെങ്കില്‍ നാം ശരീരമല്ല, ആത്മാവാണ് എന്ന് ഒരു വാക്കില്‍ പറഞ്ഞു നിര്‍ത്തുന്നു. അങ്ങനെ ഒരു വാക്ക് ഉത്തരമായി കിട്ടുന്നു - ഞാന്‍ ശരീരമല്ല, ആത്മാവ് ആണെന്ന്. പക്ഷെ "ആത്മാവ്" എന്ന ആ ഞാന്‍ എന്താണ് എന്ന് കൂടുതല്‍ ആഴത്തില്‍ യുക്തിഭദ്രമായി വിചിന്തനം ചെയ്തറിയാന്‍, അനുഭവിക്കാന്‍, ഭാരതീയ തത്ത്വചിന്ത പഠിപ്പിക്കുന്നു. ഈശ്വരനെന്നോ ആത്മാവെന്നോ ദൈവമെന്നോ കര്‍ത്താവെന്നോ പടച്ചവനെന്നോ ഒക്കെ ഓരോ പേരില്‍ കുരുക്കി നാം ആ അനുഭവത്തെ മറയ്ക്കുന്നു, ചിന്തകളെ അവ കൂടുതല്‍ ആഴത്തില്‍ പോകാതെ ഈ പേരുകളില്‍ വിശ്വാസമായി തളയ്ക്കുന്നു. വിസ്താരഭയത്താല്‍ ഇവിടെ കൂടുതല്‍ എഴുതാന്‍ ശ്രമിക്കുന്നില്ല. കൂടുതല്‍ കാര്യങ്ങള്‍ sreyas.in-ല്‍ കൊടുത്തിട്ടുണ്ട്.

നന്ദന പറഞ്ഞു...

എന്തായാലും രാജന്റെ പ്രക്തമായ ചോദ്യങ്ങൽക്ക് അതിലും പ്രസക്തമായ മറുപടി കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു

ഖുര്‍ആനികസൂക്തങ്ങള്‍ മാത്രം മതിയാവില്ല
ഇങ്ങനെ ഒരു കാര്യം താങ്കളെ പോലുള്ളവരുടെ ഭാഗത്തുനിന്നും ആദ്യമായാണ് കേൾക്കുന്നത്
വളരേ നല്ല ചിന്ത
അപ്പോൾ ഞാൻ മനസ്സിലാക്കുന്നത് താങ്കൽ യുക്തി ഉപയോഗിച്ച് കാര്യങ്ങൽ കാണും എന്നാണ് അല്ലെങ്കിൽ മറ്റെന്താണ് താങ്കൽ ഉദ്ദേശിച്ചത് എന്നു മനസ്സിലാ
ക്കൻ താല്പര്യമുണ്ട്.
രണ്ട് യുക്തികൽ തമ്മിലുള്ള ചർച്ച കാണാൻ താല്പര്യമുണ്ട്.
(പഴയ മുട്ടനാടിന്റെ കഥ ഓർക്കരുത്)
ഈ ചർച്ച ഇവിടെ അവസാനിക്കുമെന്ന് ഞാനൊരിക്കലും കരുതുന്നില്ല!!
കാരണം രണ്ട് ഭാഗത്തിള്ളവരും എതിർ ദിശയിൽ സഞ്ചരിക്കുന്നവരാണ്.

V.B.Rajan പറഞ്ഞു...

പ്രിയ ലത്തീഫ്,

എന്റെ ഒരു കമന്റ് ഇത്തരം ഒരു ചര്‍ച്ചക്ക് തുടക്കമായതിലുള്ള സന്തോഷം ആദ്യമായി അറിയിക്കട്ടെ.

ഒരു വിശ്വാസി ദൈവം എന്ന ഒരു മഹാശക്തിയാണ് പ്രപഞ്ചം സൃഷ്ടിച്ച് പരിപാലിക്കുന്നത് എന്ന് വിശ്വസിക്കണം. മതഗ്രന്ഥങ്ങള്‍ പ്രവാചകന്മാരില്‍ കൂടി ദൈവം നല്‍കിയതാണെന്നും അതുകൊണ്ട് അതില്‍ മാറ്റമൊന്നും പാടില്ലെന്നും വിശ്വസിക്കണം. ദൈവത്തിന് മാലാഖമാര്‍ എന്ന ഒരു കൂട്ടം സന്ദേശവാഹകര്‍ ഉണ്ടെന്നും, ദൈവസൃഷ്ടിയായ പിശാച് മനുഷ്യനെ വഴിതെറ്റിക്കാന്‍ തയ്യാറെടുത്തു നില്പുണ്ടെന്നും വിശ്വസിക്കണം. മാത്രമല്ല ദൈവത്തിനെ എന്നും നാം പാടിപുകഴ്ത്തിക്കൊണ്ടും ഇരിക്കണം. അതു മാത്രമല്ല മനുഷ്യനെ ഉയര്‍ന്നവനെന്നും താഴ്ന്നവനെന്നും ദൈവം വേര്‍തിരിച്ചുപോലും. താഴെയുള്ളവന്‍ ഉയര്‍ന്ന മനുഷ്യന്റെ പാദസേവ ചെയ്യണം എന്നു ദൈവം തീരുമാനിച്ചു.

യുക്തിവാദിയെ സംബന്ധിച്ചടത്തോളം മുകളില്‍ പറഞ്ഞതെല്ലാം മനുഷ്യന്റെ സങ്കല്പ സൃഷ്ടികള്‍ മാത്രമാണ്. ഈ സങ്കല്പങ്ങള്‍ക്ക് ഒരു ശാസ്ത്രീയ അടിത്തറയുമില്ല. മാത്രമല്ല പലപ്പോഴും ഇത്തരം സങ്കല്പങ്ങള്‍ സംഘടിത മതങ്ങളായി മാറുകയും മനുഷ്യന്റെ പുരോഗതിയെ തടസപ്പെടുത്തുകയും ചെയ്യും. ഒരുവന്‍ ഇത്തരം സങ്കല്പങ്ങള്‍ അവന്റെ സ്വകാര്യതയായി കൊണ്ടുനടക്കുമ്പോള്‍ യുക്തിവാദി അതിനെ എതിര്‍ക്കാറില്ല. പക്ഷെ ഇവ സമൂഹത്തിന്റെ മുന്നോട്ടുള്ള പോക്കിനെ തടസപ്പെടുത്തുകയും, മനുഷ്യാവകാശങ്ങളുടെ മേല്‍ മനുഷ്യന്റെ ചിന്തകളുടെ മേല്‍ കടന്നുകയറ്റം നടത്തുകയും ചെയ്യുമ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ സാധ്യമല്ല. പ്രത്യേകിച്ച് ഒരു ഭാരതീയന്. ഏതാണ്ട് പത്തുലക്ഷത്തോളം നിരപരാധികളെയാണ് മതത്തിന്റെ പേരില്‍ ഇന്ത്യ സ്വാതന്ത്രയായപ്പോള്‍ കശപ്പുചെയ്തത്. അതില്‍ കൂടുതല്‍ ജനങ്ങള്‍ തങ്ങളുടെ ജന്മനാടിനോട് വിടപറഞ്ഞ് അനാഥരായിത്തീര്‍ന്നു. ഇന്നും മതം എന്ന ആയുധം പലരും തങ്ങളുടെ സ്വകാര്യ ലാഭത്തിന് സമര്‍ത്ഥമായി ഉപയോഗിക്കുന്നു. അപ്പോള്‍ സമൂഹത്തിനു ദോഷം മാത്രം പ്രദാനം ചെയ്യുന്ന ഇത്തരം സങ്കല്പങ്ങള്‍ ഇനിയും നാം പിന്തുടരേണ്ടതുണ്ടോ എന്ന് ചിന്തിക്കുക.

യുക്തിവാദി മതവിശ്വാസിയെ സുഹൃത്തായി കാണുകയും, അവന്റെ വിശ്വാസം അശാസ്ത്രീയവും സാമൂഹ്യ പുരോഗതിക്ക് തടസവും ആയതുകൊണ്ട് എതിര്‍ക്കുകയും ചെയ്യുന്നു എന്നേയുള്ളു.

M.A Bakar പറഞ്ഞു...

ലത്തീഫിനു ആശംസകള്‍..

എന്താണിവിടെ വിശ്വാസം... , അല്ലെങ്കില്‍ മതവിശ്വാസം ??? മതവിശ്വാസം എന്ന്‌ പറയുന്നതു ഒരുപക്ഷേ ശരിയായിരിക്കില്ലെന്നാണു എനിക്ക്‌ തോന്നുന്നതു.. ഒരു പരമസത്യമുണ്ടെന്നു ബോധ്യം വന്നു വിശ്വസിക്കുന്നതിനെയാണു 'വിശ്വാസി' എന്നു പറയാവുന്നതു..

അല്ലെങ്കില്‍, ജനിച്ച മതത്തില്‍ (ഇതു എത്രത്തോളം ശരിയും തെറ്റുമുണ്ടെന്നു നിങ്ങളിവിടെ പറഞ്ഞു കഴിഞ്ഞു) തുടര്‍ന്നു പോകുന്നതു, ഇസ്ളാമിനെ സംബന്ധിച്ചാണെങ്കില്‍ അവനെ മുസ്ളിം എന്നു പറയാമെങ്കിലും.. "സത്യ വിശ്വാസി" എന്നു പറയുക വയ്യ.. കാരണം അവനു ആ പരമ സത്യം ബോധ്യപ്പെട്ടിട്ടില്ല... അങ്ങനെ വരുമ്പോല്‍ ഈ ബോധ്യപ്പെടല്‍ വളരെ ശക്തമായ ഒരു അനുഭവമാണു..

ഇങ്ങനെ ബോധ്യപ്പെടാതെ വരുന്നതിനെയാണു ചിലര്‍ 'മായ' എന്നു പറയുന്നതു.. ചിലര്‍ നിലനില്‍ക്കുന്നില്ല എന്ന്‌ യുക്തിവാദങ്ങളിലേക്ക്‌ പോകുന്നതു... മധ്യകാലഘട്ടത്തില്‍ ഭൂമിയാണു പ്രപഞ്ച കേന്ദ്രമെന്ന്‌ പറഞ്ഞ ശാസ്ത്രജ്ഞന്‍മാരെ ചര്‍ച്ച്‌ ചുട്ടുകൊന്നു.. അതൊരു ബോധ്യപ്പെടലിണ്റ്റെയും ആവാത്തതിണ്റ്റെയും കാര്യമായിരുന്നു.. യുക്തിവാദവും ഈ ഒരു സമാനമായ നെടുങ്കന്‍ പാതയിലാണു നില്‍ക്കുന്നതു...

അതായതു ദൈവം തങ്ങളുടെ ഇന്ദ്രിയങ്ങള്‍ക്കോ പരീക്ഷണങ്ങള്‍ക്കോ വശപ്പെടുന്ന കാലത്തോളം അതൊരു സത്യമല്ലെന്ന വാദത്തെ ശക്തമാക്കുന്നു.. ഖുര്‍-ആന്‍ പറയുന്നതു ഈ പരീക്ഷണ-നിരീക്ഷണങ്ങല്‍ പ്രപഞ്ചത്തിലുടനീളം ശക്തമാക്കാനാണു.. ഒരു ശില്‍പ്പിയെക്കൂടാതെ ഇത്രയും കണിഷമായ പരസ്പര താളത്തില്‍ കഴിയുന്ന ഒരു പ്രപഞ്ച ഘടന എങ്ങനെയുണ്ടായി എന്നാണു അന്വേഷിക്കേണ്ടതു..

അതിനു എത്രത്തോളം സജ്ജമായിട്ടുണ്ട്‌ യുക്തിവാദികള്‍.. ദൈവമില്ലെന്നു വാദിക്കുന്നതിനാവശ്യമായ തെളിവുകളന്വേഷിക്കുന്നതിണ്റ്റെ പരിശ്രമങ്ങളുടെ ഒരു ശതമാനമെങ്കിലും ദൈവത്തെ അന്വേഷിക്കാന്‍ അവര്‍ വിനിയോഗിച്ചിട്ടുണ്ടോ.. അതില്‍ നിന്നു കിട്ടിയ തെളിവുകളില്‍ നിന്നാണു അവര്‍ വാദിക്കേണ്ടതു അല്ലെങ്കില്‍ നിഷേധിക്കേണ്ടതു...

ചര്‍ച്ചയുടെ മര്‍മ്മം ഞാനെഴുതുന്നതല്ലെന്നു അറിയാമെങ്കിലും .. അനുവാദത്തോടെ ഇത്രയും കൂടി .. പറോട്ട തൊണ്ടയില്‍ കുരുങ്ങി മരിക്കുന്നവനെയും , ലിംഗത്തിണ്റ്റെ അളവു വച്ച്‌ ദൈവത്തിണ്റ്റെ സൃഷ്ടിപ്പിണ്റ്റെ വൈകല്യത്തെയും ദൈവത്തെയും അളക്കുന്ന തെളിവുകള്‍ നിരത്തുന്നതു സ്വയം പരിഹാസ്യമാവുന്നവര്‍ ... മനസ്സിലാക്കെണ്ടതു,,, ശ്രീ സി.കെ ബാബു അദ്ധേഹത്തിണ്റ്റെയൊരു പോസ്റ്റില്‍ പറയുന്നതു 5% താഴെയാണു പ്രപഞ്ചത്തെക്കുറിച്ച്‌ മനുഷ്യനു പഠിക്കാനായിട്ടുള്ളതെങ്കില്‍ ... ,,, യുക്തിവാദികള്‍ ഒരുപാടു കാത്തിരിക്കേണ്ടതുണ്ട്‌ അവര്‍ കെട്ടിയിരിക്കുന്ന വണ്ടി മുന്നിലോ പിന്നിലോ എന്നറിയാന്‍....

സ്വാതന്ത്യ്ര സമരങ്ങളിലെ കൂട്ടക്കൊലകളെയും മതത്തിണ്റ്റെ മേല്‍ കെട്ടി വച്ചു വലിക്കാന്‍ ശ്രമം നടക്കുന്നതൊക്കെയും യുക്തിവാദത്തിണ്റ്റെമഹത്വമാണെന്നു വന്നാല്‍,,, അഗ്നോടിസിസം മുതല്‍ സോഷ്യലിസം വരെയുള്ള കൊലപാതകങ്ങളുടെ യുക്തി എങ്ങനെ കെട്ടിവലിക്കും... !!!

CKLatheef പറഞ്ഞു...

പ്രിയ ശ്രീ,

താങ്കള്‍ ഇവിടെ പറയുന്നത് എനിക്ക് കുറെയൊക്കെ മനസ്സിലാക്കാന്‍ കഴിയുന്നത്. ഒരു പാത്രം വെള്ളം ആവശ്യമുള്ള എന്നെ കൊണ്ടുപോയി നിര്‍ത്താനുദ്ദേശിക്കുന്നത് ഒരു സാഗരത്തിന് മുന്നിലാണ്. നിങ്ങള്‍ സൂചിപ്പിച്ച 'ഞാനി'ന്റെ വലിപ്പം ഏറെക്കുറെ എനിക്ക് മനസ്സിലായി. എതായാലും ശരീരവും മനസ്സും അറിവും ആത്മാവുമൊക്ക് കടന്ന് വന്ന് ശേഷം എല്ലാം മായയായി മറിയുന്ന ഒരു ലോകം പിന്നെ ബാക്കിയാകുന്നതെന്ത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്റെ ലോകത്തില്‍ ഇവയെല്ലാം അതാതിന്റെ സ്ഥാനത്ത് തിളങ്ങിവിളങ്ങി നില്‍ക്കുന്നു. ഭാരതീയ തത്വചിന്ത ഇതിനെക്കുറിച്ചെല്ലാം വളരെ ഗഹനമായി ഉപന്യസിച്ചിട്ടുണ്ട്. സംശയമില്ല. അത് മനസ്സിലാക്കാന്‍ അതിന് വേണ്ടിത്തന്നെ ഒഴിഞ്ഞിരിക്കണമെന്ന് തോന്നുന്നു. തല്‍ക്കാലം താങ്കളുടെ സന്‍മനസ്സിന് നന്ദിപറഞ്ഞുകൊണ്ട് ഒന്നു ചോദിച്ചോട്ടെ യുക്തിവാദികള്‍ പറയുന്ന പോലെത്തന്നെയാണോ വി.ബി. രാജന്‍ സൂചിപ്പിച്ച കാര്യങ്ങളില്‍ നിങ്ങളുടെ കാഴ്ചപ്പാട്. യുക്തിവാദികള്‍ക്ക് അത്മാവ് അന്ധവിശ്വാസത്തിന്റെ ഭാഗമാണ് എന്നാണ് പലരില്‍നിന്നായി ഞാന്‍ കേട്ടത്. ഭാരതീയ തത്വചിന്തയില്‍ താങ്കള്‍ പറഞ്ഞ പ്രകാരം ഇവയൊക്കെ കേവല വിശ്വാസത്തില്‍ ഒതുങ്ങുന്നതും എന്നാല്‍ നിലനില്‍പ്പില്ലാത്തതുമായ കാര്യങ്ങളാണോ.

CKLatheef പറഞ്ഞു...

പ്രിയ നന്ദന ,

വിശ്വാസികളോട് കുറച്ച് കാലമായി പിണക്കമായിരുന്നോ:-). ചില കമന്റിലൊക്കെ അങ്ങനെയൊരു സ്വരം ആകെ ഒരു വെപ്രാളം പോലെ. കമന്റ് വായിച്ചപ്പോള്‍ മുട്ടനാടിനെയല്ല കുറുക്കനെയാണ് ഓര്‍മവന്നത്.:). ഏതായാലും വലിയ പ്രതീക്ഷ പുലര്‍ത്തേണ്ടതില്ല. പിന്നെ നേരെ വിപരീത ദിശയിലേക്ക് സഞ്ചരിച്ചാലും ഭൂമി ഉരുണ്ടതായതിനാല്‍ ഒന്ന് ചേരാന്‍ സാധ്യതയുണ്ടല്ലോ അല്ലേ?.

നന്ദി. വീണ്ടും വന്ന് അഭിപ്രായം പറഞ്ഞതിന്.

CKLatheef പറഞ്ഞു...

പ്രിയ രാജന്‍ സാര്‍

നന്ദി. ഇവിടെ വീണ്ടും വന്ന് അഭിപ്രായം രേഖപ്പെടുത്തിയതിന്.

തുറന്ന ചര്‍ച എന്നാല്‍ ഞാന്‍ മനസ്സിലാക്കിയത്. ഒരു ദിശയും ലക്ഷ്യവുമില്ലാത്ത കുറേ ആളുകള്‍ ഒരുമിച്ച് ചേര്‍ന്ന് പരസ്പരം യോജിപ്പുള്ള എന്തെങ്കിലും പറയുന്നതല്ല. നിങ്ങള്‍ക്ക് നിങ്ങളുടെതായ വാദവും ലക്ഷ്യവും ഉണ്ടാകും. എനിക്ക് എന്റെതായ വാദവും ലക്ഷ്യവുമുണ്ട്. ഇരുവരും തങ്ങളുടെ വാദവും ലക്ഷ്യവും അപരന് മനസ്സിലാക്കാന്‍ ആവശ്യമായ വിധം ഒരു യോജിച്ച സമീപനം കൈക്കൊള്ളുന്നതാണ്. അതില്‍ അപരനെ വിധിച്ച് മാറ്റിനിര്‍ത്തുന്നതോടെ ചര്‍ചയുടെ വാദില്‍ അടഞ്ഞു. കമന്റില്‍ താങ്കള്‍ പറഞ്ഞുവെച്ച എന്റെ വിശ്വാമെന്ന് കരുതി താങ്കള്‍ അവതരിപ്പിച്ചത് പകുതി സത്യവും ശേഷമുള്ളത് അസത്യവും അര്‍ദ്ധസത്യവുമാണ്. ശേഷം താങ്കള്‍ സൂചിപ്പിച്ചത്. താങ്കള്‍ മനസ്സിലാക്കിയ എന്റെ വിശ്വാസം അനുസരിച്ചുള്ള താങ്കളുടെ നിലപാടുകളും ആശങ്കകളുമാണ്. പിന്നീടുള്ള പലനിലക്ക് വ്യാഖ്യാനിക്കാവുന്ന ഒരു സംഭവത്തെ മതവിശ്വാസത്തിന്റെ ദോഷമായി മാത്രം കണ്ടുള്ള അഭിപ്രായ പ്രകടനമാണ്. അത് വെച്ച് ഒരു വിധിതീര്‍പ്പും ചിന്തിക്കാനുള്ള ആഹ്വാനവും.

ഇനി എനിക്കെന്താണ് അതില്‍ ചെയ്യാനുള്ളത്?. അതംഗീകരിച്ച് തലകുനിക്കുക എന്നത് മാത്രം. അതിനപ്പുറം ഞാന്‍ എന്തിന് ശ്രമിച്ചാലും അത് ക്രിയാത്മകമായ ഒരു സമീപനമായി താങ്കള്‍ക്കോ മറ്റുള്ളവര്‍ക്കോ തോന്നില്ല എന്ന ഒരു വലിയ ദോഷമുണ്ട് ഈ സമീപനത്തിന്.


ഇവിടെ പ്രസക്തമായ ചോദ്യം. എന്റെ വിശ്വസത്തെ വിശദീകരിക്കാന്‍ എനിക്ക് അനുവാദമുണ്ടോ എന്നതാണ്. ഉണ്ടെങ്കില്‍ അതുവെച്ച് താങ്കളുടെ അതിനോടുള്ള നിലപാട് പുനപരിശോധിക്കാന്‍ തയ്യാറുണ്ടോ എന്നതും. ഞാന്‍ താങ്കള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ സന്നദ്ധമാണ്. അതേ പ്രകാരം ഞാന്‍ മനസ്സിലാക്കിയതിന് വിരുദ്ധമാണ് കാര്യങ്ങളെങ്കില്‍ അതിന്റെ അടിസ്ഥാനത്തില്‍ താങ്കളോടുള്ള നിലപാട് പുനപരിശോധിക്കാനും. ഇവിടെ താങ്കളും ഞാനും യുക്തിവാദത്തെയും വിശ്വാസത്തെയും പ്രതിനിധീകരിക്കുന്നു.

നിങ്ങള്‍ എത്തിചേര്‍ന്ന വിധിതീര്‍പ്പിലെത്തുന്നതിന് മുമ്പ് അതിലേക്ക് താങ്കളെ എത്തിച്ച അറിവിന്റെ യാഥാര്‍ഥ്യം ചര്‍ചചെയ്തുകൂടെ. അതല്ലേ യഥാര്‍ഥ ചര്‍ചാകേന്ദ്രം. (cont.)

CKLatheef പറഞ്ഞു...

ഒന്നുകൂടി വിശദീകരിക്കാം. രാജന്‍ താഴെ നല്‍കിയ ഉപസംഹാരത്തിന് സഹായകമായ വസ്തുതകള്‍ അവതരിപ്പിച്ചോ എന്ന കാര്യം പ്രസക്തമാണ്. ഇല്ലെങ്കില്‍ അത് കേവലം അവകാശവാദവും അരോപണവുമല്ലാതെ മറ്റൊന്നുമല്ല

V.B.Rajan said..

'ഏതാണ്ട് പത്തുലക്ഷത്തോളം നിരപരാധികളെയാണ് മതത്തിന്റെ പേരില്‍ ഇന്ത്യ സ്വാതന്ത്രയായപ്പോള്‍ കശപ്പുചെയ്തത്. അതില്‍ കൂടുതല്‍ ജനങ്ങള്‍ തങ്ങളുടെ ജന്മനാടിനോട് വിടപറഞ്ഞ് അനാഥരായിത്തീര്‍ന്നു. ഇന്നും മതം എന്ന ആയുധം പലരും തങ്ങളുടെ സ്വകാര്യ ലാഭത്തിന് സമര്‍ത്ഥമായി ഉപയോഗിക്കുന്നു. അപ്പോള്‍ സമൂഹത്തിനു ദോഷം മാത്രം പ്രദാനം ചെയ്യുന്ന ഇത്തരം സങ്കല്പങ്ങള്‍ ഇനിയും നാം പിന്തുടരേണ്ടതുണ്ടോ എന്ന് ചിന്തിക്കുക.'

'മാത്രമല്ല പലപ്പോഴും ഇത്തരം സങ്കല്പങ്ങള്‍ സംഘടിത മതങ്ങളായി മാറുകയും മനുഷ്യന്റെ പുരോഗതിയെ തടസപ്പെടുത്തുകയും ചെയ്യും.'

പോതുവായി ഒരു മതവിശ്വാസം വേണോ വേണ്ടെ എന്ന ചര്‍ചയില്‍ ഇങ്ങനെയൊരു നിരീക്ഷണം ശരിയെങ്കിലും. അതില്‍ പോലും എലിയെപേടിച്ച് ഇല്ലം ചുടുക എന്നത് പോലുള്ള ഒരു അകാരണമായ ഭീതി ഒളിഞ്ഞിരിപ്പുണ്ട്.

പക്ഷെ ഈ ബ്ലോഗ് വിശ്വാസത്തെ സംബന്ധിച്ച് പൊതുവായും ഇസ്്‌ലാമിക വിശ്വാസത്തെ കുറിച്ച് പ്രത്യേകമായും അവതരിപ്പിക്കുന്ന ബ്ലോഗാണ്. അതിനാല്‍ രാജന്‍ ഇപ്രകാരം ഉപസംഹരിക്കാനും വിധിതീര്‍പ്പ് കല്‍പ്പിക്കാനും ആവശ്യമായ പഠനം നടത്തിയിട്ടില്ല എന്ന് എനിക്ക് പറയേണ്ടി വരും കാരണം എന്റെ വിശ്വാസത്തെക്കുറിച്ച് അദ്ദേഹത്തെക്കാള്‍ എനിക്കാണ് അറിയുക എന്നത് കൊണ്ട് തന്നെ.

Kvartha Test പറഞ്ഞു...

'വലിപ്പം' അളക്കാന്‍ ശ്രമിക്കുന്നതാണ് നമ്മുടെ ചിന്തകളുടെ കുഴപ്പം. നമുക്ക് വലിപ്പം, ശക്തി, വ്യാപ്തി, എന്നൊക്കെയാണ് ചിന്ത. കൂടുതല്‍ കൂടുതല്‍ വിചാരം ചെയ്തു നോക്കൂ, പരമമായ ശാന്തി എന്നോ മറ്റോ വിളിക്കാവുന്നത് ശക്തിയെക്കാള്‍ ശക്തമല്ലേ? ആത്മാവ് എന്നോ ദൈവം എന്നോ ഒക്കെ വാക്കുകളില്‍ നിര്‍ത്തിയിട്ടു കാര്യമില്ല. നാം വാക്കുകള്‍ക്കും പാണ്ഡിത്യത്തിനും അടിമയായി പോകുന്നു. നമ്മുടെ ചിന്തകള്‍ അവയില്‍ ഉടക്കി കിടക്കുന്നു. വാക്കുകളെയും സങ്കല്‍പ്പങ്ങളെയും ഭേദിച്ച് പോകാന്‍ നമ്മുടെ വിചാരത്തിന് കഴിയുന്നില്ല.

ഭാരതീയ തത്ത്വചിന്ത മനസ്സിലാക്കാന്‍ അതിന് വേണ്ടിത്തന്നെ ജീവിതം ഒഴിഞ്ഞിരിക്കേണ്ടതായ യാതൊരു കാര്യവുമില്ല. ധാരാളം 'വിശ്വാസികള്‍' ഇത്രയും വര്‍ഷങ്ങള്‍ ഒഴിഞ്ഞു വച്ചിട്ടും ഖുറാന്‍ അല്ലെങ്കില്‍ ചെറിയൊരു ഉപനിഷത്ത് തര്‍ക്കങ്ങളൊന്നും ഇല്ലാതെ എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ടോ? ഒരേ മതം തന്നെ നിലനില്‍ക്കുന്ന പല നാട്ടിലും ആചാരങ്ങള്‍ മാറ്റമല്ലേ? - അത് ഇന്ത്യ ആയാലും പാക്കിസ്ഥാന്‍ ആയാലും അഫ്ഗാനിസ്ഥാന്‍ ആയാലും ദുബായ് ആയാലും. വാക്കുകളും പുസ്തകങ്ങളും മനുഷ്യ സൃഷ്ടിയാണ്, അവ മനുഷ്യസങ്കല്‍പ്പങ്ങളാണ്. അതിനാലാണ് എല്ലാ തര്‍ക്കങ്ങളും - ഏതു മതമായാലും, ഏതു -ഇസം ആയാലും.

ആത്മാവും ദൈവവും എല്ലാം വെറും വിശ്വാസം തന്നെ, അന്ധവിശ്വാസം! ആത്മാവ് എന്നൊരു പേരിട്ടു വിളിച്ചാല്‍ ആത്മാവ് എന്തെന്ന് നാം അറിയുമോ? "ശ്രീ" എന്നത് എന്റെ പേരാകുന്നു, എന്നാല്‍ "ശ്രീ" ഞാന്‍ ആകുമോ? [നീര്‍മിഴിപ്പൂ ശ്രീ കൂടി അടുത്തുണ്ടായാല്‍ അവിടെയും കണ്ഫ്യൂഷന്‍ ആവും!] സ്വയം അറിയാന്‍ ശ്രമിച്ചാല്‍ സ്വയം അറിയാന്‍ കഴിയും. പടച്ചവന്‍ / ദൈവം എന്നൊരാള്‍ അല്ലെങ്കില്‍ ഒരു സാധനം അല്ലെങ്കില്‍ അരൂപിയായ ഒരു ശക്തി അല്ലെങ്കില്‍ മറ്റെന്തോ അനിര്‍വചനീയമായ ഒന്ന് ഉണ്ടെന്നു പറഞ്ഞാല്‍ മാത്രം അതുണ്ടെന്നു എങ്ങനെ അറിയും? ഉണ്ടെന്നോ ഇല്ലെന്നോ പറയുന്നത് കൊണ്ട് എന്ത് പ്രയോജനം? ഓരോരുത്തരും -ഈശ്വരവിശ്വാസികളും നിരീശ്വരവിശ്വാസികളും - അത് സ്വയം അറിയണം, അറിയാന്‍ ശ്രമിക്കണം. രണ്ടായാലും വെറുതെ വിശ്വസിക്കുന്നതെന്തിന്, സ്വയം അറിയാന്‍ ശ്രമിക്കാമല്ലോ? [സ്വയം യുക്തിവാദികള്‍ എന്ന് പറഞ്ഞു നാം കാണുന്നവരെ കുറിക്കാന്‍ "യുക്തിവാദികള്‍" എന്ന വാക്ക് ഉപയോഗിക്കുന്നത് തന്നെ യുക്തിയല്ല.]

ഇന്ദ്രിയങ്ങളൊന്നും പ്രവര്‍ത്തിക്കാത്ത ഒരാള്‍ നാം പറയുന്ന ഈ ലോകം എങ്ങനെ അറിയും? അയാളെ സംബന്ധിച്ച് ഈ ലോകം തന്നെയില്ല. പക്ഷെ അയാള്‍ ഉണ്ട് എന്ന് അയാള്‍ക്ക്‌ ഉറപ്പാണ്, മറ്റൊന്നും ഉറപ്പില്ലതന്നെ. [വെറുതെ ചിന്തിക്കാന്‍ വേണ്ടി പറഞ്ഞ ഒരു ഉദാഹരണമാണ്, ഇതിന്റെ ശാസ്ത്രം നമുക്ക് വിട്ടേക്കാം.]

വിഷയം മാറിപ്പോയിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം.

CKLatheef പറഞ്ഞു...

പ്രിയ എം. എ. ബക്കര്‍ ,

താങ്കളുടെ ഇടപെടലിന് നന്ദി. യുക്തിവാദം , അന്ധവിശ്വാസം, ദൃഢവിശ്വാസം തുടങ്ങിയ പദങ്ങളൊക്കെ അതിന്റെ ശരിയായ അര്‍ഥത്തില്‍ തന്നെയാണോ ഉപയോഗിച്ച് വരുന്നത് എന്ന കാര്യം ഒരു പുനര്‍വിചിന്തനം ആവശ്യമായി വരുന്നു. തങ്ങള്‍ക്കറിയാത്ത കുറേ കാര്യങ്ങളെ നിഷേധിക്കുന്നത് പുരോഗമന കാഴ്ചപ്പാട്, യുക്തിവാദം. ദൈവികവെളിപാടിലൂടെ തങ്ങള്‍ക്ക് ലഭിച്ചതെന്ന് ഒരു വിഭാഗം ഉറച്ച് വിശ്വസിക്കുന്ന കാര്യങ്ങള്‍ തങ്ങള്‍ക്കവ ബോധ്യപ്പെട്ടില്ല അഥവാ അവബോധ്യപ്പെടാനാവശ്യമായ വിജ്ഞാനം ലഭിച്ചില്ല എന്നതിനാല്‍ അന്ധവിശ്വാസം.

ബാബുവിന്റെ പ്രസ്തുത വാക്കുകള്‍ ഞാനും ശ്രദ്ധിച്ചിരുന്നു. ചുരുക്കത്തില്‍ പ്രപഞ്ചനാഥനെ മനസ്സിലാക്കണമെങ്കില്‍ ആദ്യം പ്രപഞ്ചത്തെക്കുറിച്ച് അറിയേണ്ടെ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. അതിനാല്‍ പ്രപഞ്ചത്തിന്റെ വളരെ ചെറിയ (ശതമാനമൊന്നും അതിന് പറയരുത് എന്നാണ് എന്റെ അഭിപ്രായം ആയിരത്തിലൊന്ന് എന്നോ പതിനായിരത്തിലൊരംശം എന്നോക്കെ പറയുന്നതായിരിക്കും കൂടുതല്‍ സൂക്ഷമത.)ഭാഗം മാത്രം അറിയുന്ന മനുഷ്യന്റെ അതിന്റെ സ്രഷ്ടാവിനെക്കുറിച്ച് പറയുന്നത് അന്ധവിശ്വാസത്തില്‍ കവിഞ്ഞൊന്നുമല്ല എന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. പഞ്ചേന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന വിജ്ഞാനത്തെക്കുറിച്ച് മാത്രമേ അദ്ദേഹത്തിനറിയൂ അതിനപ്പുറം ദിവ്യബോധനം എന്ന ഒരു സംഗതി നിഷേധിക്കുന്നതിന്റെ ഫലമാണ് അത്.

നന്ദന പറഞ്ഞു...

പ്രിയ ലതീഫ്, പിണക്കമൊന്നുമായിരുന്നില്ല, ഞാൻ ഇസ്ലാമിനെകുറിച്ച് അറിയുന്നത് എന്റെ വായനയിലൂടെയാണ്,എന്റെ ചെറുപ്പകാലത്ത് ധാരാളം പുസ്തകങ്ങൾ ഫ്രീയായി കിട്ടുമായിരുന്നു (അന്ന് മറ്റ് പുസ്തകങ്ങൽ പണം കൊടുത്ത് വാങ്ങുവാൻ കയ്യിൽ കാശുണ്ടായിരുന്നില്ല) എനിക്ക് വായന അന്നും ഇന്നും വളരെ താല്പര്യമുള്ള കാര്യമാണ്,അതു കൊണ്ട് തന്നെ ധാരാളം ഇസ്ലാമിക പുസ്തകങ്ങൽ വായിച്ച് മനസ്സിലാക്കിയിരുന്ന്, പക്ഷെ ബ്ലൊഗ് ലോകത്ത് വന്നപ്പോൽ അവയിലുണ്ടായിരുന്ന ഇസ്ലാമല്ല ഇവിടെ കാണുന്നത് തികച്ചും വിപരീതം, അത്ല് കുറച്ചൊരുമാറ്റം കണ്ടത് താങ്കളുടെ ബ്ലൊഗിലാണ്, അത് ഞാൻ വായിക്കറുമുണ്ട്. ഞാൻ പണ്ട് വായിച്ച ഇസ്ലാമിനെ അറിയണം എന്ന ആഗ്രഹത്തോടെയായിരുന്നു പല ബ്ലോഗുഗളും ഞാൻ സമീപിച്ചത് പക്ഷെ! അവിടെ ഞാൻ കണ്ടത് പരസ്പരം തമ്മിൽ തല്ലുന്നതായിരുന്നു, അതിനെ തടഞ്ഞപ്പോൽ എനിക്ക് കിട്ടിയത് തികച്ചും പ്രതീക്ഷിക്കാത്ത ശകാരങ്ങളായിരുന്നു, മറ്റുപലബ്ലോഗുഗളിലും ഞാൻ ഇട്ട എന്റെ അഭിപ്രായങ്ങൽ എടുത്ത് ഇവളെ കല്ലെറിയുക എന്നുവരേ പറഞ്ഞുകളഞ്ഞപ്പോൽ ഞാൻ സ്വമേധയാ പിന്മാറി, ഞനെതിന് പഴി കേൽക്കണം കുറുക്കനേയാണ് ഞാനും ഓർത്തത് പക്ഷെ ഞാൻ സ്വയം കുറുക്കനാവുന്നതിലും നല്ലതല്ലേ മഹാനായ ആൾക്കാർ കൌശലക്കാരനായ കുറുക്കൻ എന്ന് വിളിക്കുന്നത് നേരെ വിപരീത ദിശയിലേക്ക് സഞ്ചരിച്ചാലും ഭൂമി ഉരുണ്ടതായതിനാല്‍ ഒന്ന് ചേരാന്‍ സാധ്യതയുണ്ടല്ലോ അല്ലേ?. പക്ഷെ ഒന്നുണ്ട് കൂട്ടിമുട്ടാതിരുന്നൽ/ മുട്ടിക്കാതിരുന്നൽ മതി

M.A Bakar പറഞ്ഞു...

പ്രിയ ശ്രീ...

ശ്രീ യുടെ കമണ്റ്റില്‍ തലകറങ്ങിപ്പോയ ഒരാള്‍ എന്ന നിലക്ക്‌ ചില സംശയങ്ങള്‍ വന്നു പോയി..

അനിര്‍വചനീയമായ, നിരൂപിക്കാനാവാത്ത എതോ ഒന്നിനെ അന്വേഷിക്കാനാണു ശ്രീ പറയുന്നതു.. വാക്കുകള്‍ തുരന്ന്‌ , അല്ലെങ്കില്‍ അതിനെ മറികടന്ന്‌ നാം കണ്ടെത്തേണ്ടതു എന്താണു.. ദൈവമല്ലെന്ന്‌ താങ്കള്‍ പറഞ്ഞു കഴിഞ്ഞു.. കാരണം അതിനൊരു വാക്കുണ്ട്‌..

വാക്കുകളെയും സങ്കള്‍പ്പങ്ങളെയും ഭേദിക്കാനാണു താങ്കള്‍ പറയുന്നതു... ഇങ്ങനെ ചിന്തിക്കുന്നതുകൊണ്ട്‌ എന്താണു നാം നേടേണ്ടതു.. അതു ചിന്തിച്ച്‌ കിട്ടിക്കഴിഞ്ഞാല്‍ പേരോ സങ്കല്‍പ്പമോ ഇല്ലാത്ത അതിനെ മറ്റൊരു പേരു നല്‍കാമോ..

ആ പേരിനെയും പിന്നെയും ഭേദിക്കേണ്ടതുണ്ടോ..

അതോ ഒരിക്കലും അറിയാന്‍ കിട്ടാത്ത എന്തെങ്കിലുമൊക്കെ അറിയാനുള്ള ശ്രമത്തെയാണോ താങ്കള്‍ അറിവ്‌ എന്നു പറയുന്നതു ...

CKLatheef പറഞ്ഞു...

പ്രിയ ശ്രീ,

വലിപ്പം, ശക്തി, വ്യാപ്തി അതേ പ്രകാരം പരമാമായ ശാന്തി ഇതൊക്കെ മനുഷ്യരായ നമ്മുക്ക് സുപ്രാധാനം തന്നെയല്ലേ. നാം വാക്കുകളുടെ അടിമായി പോകുന്നുവെന്നോ വാക്കുകളില്‍ മാത്രമായി അവശേഷിക്കുന്ന വല്ലതുമുണ്ടോ.

നമ്മുടെ ചിന്തകള്‍ വാക്കുകളിലുടക്കി നില്‍ക്കരുതെന്നും വാക്കുകളെ ഭേദിച്ച് പോകാന്‍ നമ്മുടെ വിചാരത്തിന് കഴിയണമെന്നും പറയുമ്പോള്‍ എനിക്കത് മനസ്സിലാക്കാന്‍ കഴിയുന്നു. അതൊരു പക്ഷെ താങ്കള്‍ മനസ്സിലാക്കിയത് തന്നെയാകണം എന്നില്ല. പലയുക്തിവാദികളുടെയും ചിന്തകള്‍ വാക്കുകളില്‍ അവശ്യത്തിലധികം ഉടക്കിയതുകൊണ്ടാണ് വിശ്വാസികളെ സംബന്ധിച്ചിടത്തോളം പരിഹാസ്യമായ ചോദ്യങ്ങളവരുതിര്‍ക്കുന്നത് എന്ന് ഞാന്‍ മനസ്സിലാക്കുന്നു.

ഭാരതീയ തത്വചിന്തമനസ്സിലാക്കാന്‍ ജീവിതം ഉഴിഞ്ഞ് വെക്കണം എന്ന് പറയാന്‍ കാരണം. താങ്കള്‍ക്ക് മനസ്സിലായിട്ടുണ്ടാകും എന്ന് തന്നെ ഞാന്‍ മനസ്സിലാക്കുന്നു. ഖുര്‍ആന്‍ ഏതൊരു മനുഷ്യനും പാമരനും പണ്ഡിതനും മനസ്സിലാകുന്ന വിധത്തിലാണ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. പണ്ഡിതന് അവന്റെ പാണ്ഡിത്യമനുസരിച്ച് തന്റെ ചിന്തകളെ വികസിപ്പിക്കാം എന്നത് നേര്. എന്നാല്‍ പണ്ഡിതനേ അത് മനസ്സിലാകൂ എന്നില്ല. ആത്മാവിനെക്കുറിച്ചും മനസ്സിനെക്കുറിച്ചും ചിലധാരണകള്‍ നമ്മുക്ക് വേണ്ടതുണ്ട്. അത് ഗഹനമാക്കിയെ ഉള്‍ക്കൊള്ളാനാകൂ എന്ന് പറഞ്ഞാല്‍ അത് മനുഷ്യര്‍ക്കുള്ള ദര്‍ശനമെന്നതിലുപരി, പണ്ഡിതന്‍മാര്‍ക്ക് മാത്രം സംവദിക്കാന്‍ കഴിയുന്ന ഒരു സംവിധാനമായി മാറും.

ഖുര്‍ആന് തര്‍ക്കങ്ങളില്ലാതെ മനസ്സിലാക്കാന്‍ കഴിയുമോ എന്ന് ചോദിച്ചാല്‍ കഴിയും എന്ന് തന്നെയാണ് ഉത്തരം. ശ്രീയും അദ്ദേഹത്തെപോലുള്ള ഇസ്‌ലാമിനെ ശ്രദ്ധിക്കുന്നവരും ഒരു കാര്യം മനസ്സിലാക്കിയിട്ടുണ്ടോ എന്നറിയില്ല. ഇസ്‌ലാമിന് ഒരോ രാജ്യത്തിനും ഓരോ പതിപ്പില്ല. എന്നാല്‍ എല്ലായിടത്തും ഒരേ പോലുള്ള ഏതാനും പതിപ്പുകളുണ്ട്. അത്ഭുതമെന്നേ പറയേണ്ടൂ എല്ലാ രാജ്യങ്ങളിലും അത് ഏറെകുറെ സമാനമാണ്. അതിലൊരു വിഭാഗം അക്ഷരങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നവരാണ്. ചിലര്‍ അക്ഷരങ്ങളെക്കാള്‍ ആശയങ്ങള്‍ക്ക് പ്രാധാന്യം നല്‍കും. ചിലരാകട്ടെ ഇസ്‌ലാം ഉദ്ദേശിക്കുന്ന ചില ലക്ഷ്യങ്ങളുണ്ട് അതിന് പ്രാധാന്യം നല്‍കും. ഖുര്‍ആനും പ്രവാചകചര്യയാണ് ഇസ്‌ലാമിന്റെ അടിസ്ഥാനമെന്ന് എല്ലാവരും പറയുമെങ്കിലും. അതില്‍ തന്നെ പണ്ഡിതന്‍മാര്‍ അവര്‍ക്ക് നല്‍കിയ വിശദീകരണമാണ് പരമപ്രാധാനം എന്ന് ചിലര്‍ കരുതുന്നു. കേരളത്തിലും ലോകത്തെവിടെയും വിവിധവിഭാഗങ്ങളില്‍ ഇതേ പാറ്റേണുകള്‍ കാണാന്‍ കഴിയും. ഒരു ഉദാഹരണത്തിന് ഇന്ന് മറ്റൊരു ബ്ലോഗില്‍ നടന്ന ചര്‍ച ശ്രദ്ധിക്കുക. ഇവിടെ ഞാനുമായി സംവാദത്തിലേര്‍പ്പെടുന്ന സഹോദരന്‍ ഞാന്‍ നേരത്തെ സൂചിപ്പിച്ച അക്ഷരങ്ങളില്‍ വിചാരം തട്ടിനിന്നതിന് ഉദാഹരണമാണ്. വിഷയമിതാണ്, വെള്ളിയാഴ്ച മുസ്‌ലിം സമുഹത്തിന് ഒരു ദിനം നിശ്ചയിച്ചിരിക്കുന്നത്. അവര്‍ക്ക് തങ്ങളുടെ മതം പഠിപ്പിക്കാനും അവരെ കുറ്റകൃത്യങ്ങളില്‍ നിന്നകറ്റുമാര്‍ ഉപദേശനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും വേണ്ടിയാണ് എന്ന് മനസ്സിലാകുന്ന കൂട്ടത്തിലാണ് ഞാന്‍. അതിനുപകരിക്കണമെങ്കില്‍ ആളുകളെ അഭിമുഖീകരിച്ചുള്ള ഉല്‍ബോധനം അവര്‍ക്ക് മനസ്സിലാകുന്ന ഭാഷയിലായിരിക്കണം. എന്നാല്‍ എന്നെ ഇക്കാര്യത്തില്‍ തിരുത്താന്‍ വന്ന സഹോദരന്‍ ചിന്തിക്കുന്നത്. നബി പ്രസ്തുത കര്‍മം നടത്തിയത് അറബിയിലാണ് അതുകൊണ്ട് ആ ഉല്‍ബോധനം അറബിയിലായിരിക്കണം. പ്രസംഗം മലയാളത്തിലാക്കുകയല്ല വേണ്ടത്; പ്രസംഗം മനസ്സിലാക്കണമെന്നുള്ളവര്‍ അറബി പഠിക്കുകയാണ് എന്നാണ് പ്രസ്തുത സുഹൃത്ത ആവശ്യപ്പെടുന്നത്. ഇതിവിടെ വിശദീകരിക്കാന്‍ കാരണം മുസ്‌ലിംകളല്ലാത്ത സുഹൃത്തുകളുടെ വലിയ ഒരു തെറ്റദ്ധാരണ തിരുത്തുന്നതിന് വേണ്ടിയാണ്. ഖുര്‍ആന്റെ കാര്യത്തിലുള്ള അഭിപ്രായ വ്യത്യാസമല്ല ഈ ശണ്ഠക്ക് കാരണം.

CKLatheef പറഞ്ഞു...

ശ്രീ (sreyas.in) Said..

ആത്മാവും ദൈവവും എല്ലാം വെറും വിശ്വാസം തന്നെ, അന്ധവിശ്വാസം! ആത്മാവ് എന്നൊരു പേരിട്ടു വിളിച്ചാല്‍ ആത്മാവ് എന്തെന്ന് നാം അറിയുമോ?

ആത്മാവും ദൈവവും അന്ധവിശ്വാസമാണെന്നാണ് ശ്രി.ശ്രേയസിന്റെ വാദം ഭാരതീയ തത്വശാസ്ത ചിന്തയില്‍ നിന്നാണ് ഇത് ലഭിക്കുന്നതെന്ന് നേരിട്ട് അദ്ദേഹം പറഞ്ഞിട്ടില്ലെങ്കിലും നിരന്തരം തന്റെ വാദങ്ങള്‍ക്ക് തെളിവായി അതിനെക്കുറിച്ചുള്ള ലേഖനങ്ങളിലേക്ക് ലിങ്ക് നല്‍കുന്നതില്‍ നിന്ന് മനസ്സിലാക്കുന്നു. ദൈവം അന്ധവിശ്വാസമല്ല എന്ന് അതേ ഭാരതിയ തത്വശാസ്ത്ര ചിന്തയില്‍ നിന്ന് മനസ്സിലാക്കുന്നവരുമുണ്ടെന്നും അവര്‍ക്കാണ് മഹാ ഭൂരിപക്ഷമെന്നുമുള്ള യാഥാര്‍ഥ്യം ശ്രീയെപോലെ ഞാനും മനസ്സിലാക്കുന്നു. അവരാണ് ഹിന്ദുമത വിശ്വാസികള്‍ എന്ന് നാം പറയുന്നത്. അതേ സമയം ശ്രീയുടെ സംവാദ ശൈലിയില്‍ കാണുന്ന- നിലവിലെ യുക്തവാദികളില്‍ പലര്‍ക്കുമില്ലാത്ത- സൗഹൃദഭാവത്തെ ഞാന്‍ വിലമതിക്കുന്നു. തത്വത്തില്‍ ദൈവനിഷേധത്തിന്റെ ഒരു വേദവ്യാഖ്യാനമാണ് ശ്രീയുടെ അഭിപ്രായങ്ങള്‍ എന്ന് തോന്നുന്നു. യുക്തിവാദികളുടെതിനെ ദൈവനിഷേധത്തിന്റെ ശാസ്ത്രിയ വ്യാഖ്യാനമെന്ന് അവര്‍ക്ക് വാദമുണ്ടെങ്കിലും, ദൈവം ഭൗതികമാണ് എന്ന വാദം ഇസ്‌ലാമിനില്ലാത്തതിനാല്‍ യുക്തിവാദികളുടെ വാദം കേവലം നിഷേധമാണ് എന്നാണ് മുസ്ലിംകള്‍ കരുതുന്നത്. അതിനാല്‍ മറ്റൊന്നും ഇക്കാര്യത്തില്‍ അവരോട് പറഞ്ഞിട്ട് കാര്യമില്ല. 'മായാവി' ഇല്ല അതിനാല്‍ തെളിയിക്കാന്‍ സാധ്യമല്ല. അതേപൊലെ ദൈവമില്ല അതിനാല്‍ ശാസ്ത്രീയമായി അതിനെയും തെളിയിക്കാന്‍ സാധ്യമല്ല. ഇതാണ് വാദം. എന്ന് വെച്ചാല്‍ ശാസ്ത്രീയമായി തെളിയിക്കാന്‍ സാധ്യമല്ലാത്തതിനാല്‍ ദൈവം ഇല്ല. അത് മായാവി ഇല്ല എന്ന് പറയുന്നത് പോലെയല്ല. മായാവി രൂപംകൊള്ളുന്നത് തന്നെ ഒരു സങ്കല്‍പമയാട്ടാണ്. എന്നാല്‍ ദൈവത്തെ നാം സങ്കല്‍പിക്കുന്നത് അത്ഭുതകരമായ ഈ പ്രപഞ്ചത്തെ നോക്കികൊണ്ടാണ്. ഇതിനോട് ചേര്‍ത്ത് വായിക്കാവുന്ന ഒരു സംഭവം ഞാനിന്ന് വായിക്കുകയുണ്ടായി. അവലംബം നല്‍കാത്തിനാല്‍ ഒരു കഥ എന്ന നിലക്ക് കണ്ടാലും മതി. അതിങ്ങനെ.(cont..)

CKLatheef പറഞ്ഞു...

ന്യൂട്ടന്‍ തന്റെ ഗവേഷണ മുറിയില്‍ പുസ്തം വായിച്ചുകൊണ്ടിരിക്കെ യുക്തിവാദിയായ ഒരു സുഹൃത്ത് കടന്നുവരുന്നു. മുറിയില്‍ കണ്ട സൗരവ്യൂഹത്തിന്റെ ചലിക്കുന്ന മാതൃക നോക്കി യുക്തിവാദി ചോദിച്ചു: 'അത്യത്ഭുതകരം ഇതാരുണ്ടാക്കി'?
ന്യൂട്ടന്‍ പുസ്തകത്തില്‍ നിന്ന് തല ഉയര്‍ത്താതെ പറഞ്ഞു: 'അതാരും ഉണ്ടാക്കിയതല്ല'. യുക്തിവാദി ചോദ്യം ആവര്‍ത്തിച്ചപ്പോഴും ന്യൂട്ടന്‍ തന്റെ മറുപടി ആവര്‍ത്തിച്ചു. യുക്തിവാദി തന്റെ ചോദ്യം ഇങ്ങനെ വ്യക്തമാക്കി: 'നിങ്ങള്‍ക്ക് എന്റെ ചോദ്യം മനസ്സിലായില്ല. ഇതാരുണ്ടാക്കി എന്നാണ് ഞാന്‍ ചോദിച്ചത്'. ന്യൂട്ടന്‍ തലഉയര്‍ത്തി ഘനഗംഭീരമായി ഉത്തരം നല്‍കി: 'അതാരും ഉണ്ടാക്കിയതല്ല. താങ്കളെ അത്ഭുതപ്പെടുത്തുന്ന ഒരു ഭൗതികവസ്തുസമാഹാരം തന്നത്താന്‍ വന്ന് ചേര്‍ന്ന സ്വയം രൂപം കൊണ്ടതാണ്'. യുക്തിവാദിക്ക് ന്യൂട്ടന്‍ തന്നെ പരിഹസിക്കുന്നതായി തോന്നി വിമ്മിട്ടം കാണിച്ചപ്പോള്‍ ന്യൂട്ടണ്‍ വായിച്ചിരുന്ന പുസ്തം മേശപ്പുറത്ത് വെച്ച് സുഹൃത്തിന്റെ ചുമലില്‍ പിടിച്ച് ഇങ്ങനെ പറഞ്ഞു: 'താങ്കള്‍ നല്ലവണ്ണം അറിയുന്ന മഹാവ്യൂഹത്തിന്റെ കൊച്ചു പതിപ്പാണിത്. ഈ കളിപ്പാട്ടം തനിയെ ഉണ്ടായതാണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കാന്‍ ഒരുക്കമല്ല. അതേ സമയം ഇതിന്റെ അസ്സല്‍ രൂപമായ ഒരു ഗംഭീരസൗരവ്യൂഹം ഒരാസൂത്രകനോ നിര്‍മാതാവോ കൂടാതെ ഉണ്ടായതാണെന്ന് നിങ്ങള്‍ ശാഠ്യം പിടിക്കുകയും ചെയ്യുന്നു. പരസ്പരവിരുദ്ധങ്ങളായ ഈ നിഗമനങ്ങളുടെ പിന്നിലുള്ള താങ്കളുടെ വിസമയനീയമായ യുക്തിവിചാരം എന്താണെന്ന് എന്നെ ധരിപ്പിച്ചാലും'. യുക്തിവാദി ഒരക്ഷരം ഉരിയാടാതെ മുറിവിട്ടിറങ്ങി. (കടപ്പാട്: പ്രബോധനം. ഫെബ്രു:6)

കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെയായതുകൊണ്ടാണ് മനുഷ്യരില്‍ 99%വും ഒരു ദൈവത്തില്‍ വിശ്വസിക്കുന്നത്. അവരൊക്കെയും ചിന്തിക്കാന്‍ കഴിയില്ലാത്ത ബുദ്ധിശൂന്യരായതുകൊണ്ടല്ല. യുക്തിവാദികളുടെ ദൈവനിഷേധത്തിന് പിന്നില്‍ ഒരു യുക്തിയുമില്ല. ശാസ്ത്രീയത അത്രയുമില്ല എന്ന് ബോധ്യം വന്നതുകൊണ്ടാണ്. വിശ്വാസികള്‍ക്കില്ലാത്ത ഏത് ബുദ്ധിയാണ് നേരത്തെ അഭിപ്രായം രേഖപ്പെടുത്തിയ വിചാരത്തില്‍ നാം കാണുന്നത്. യുക്തിവാദികള്‍ വിജയിക്കാത്തിടത്ത് വേദയുക്തിവാദികള്‍ വിജയിക്കുമോ?. വസ്തുതകളെ മറച്ചുപിടിക്കാന്‍ കുറേ വാക്കുകള്‍ തലതിരിച്ചുപറഞ്ഞ് അവ്യക്തമാക്കിയാല്‍ മതിയോ?.

Kvartha Test പറഞ്ഞു...

ശ്രീ baker/ലത്തീഫ്‌,

ഈയുള്ളവന്‍ ഇവിടെ എഴുതിയതൊന്നും പരിഹാസമേയല്ല. വെറും വിചാരം മാത്രം. ഇവിടെയും ഒന്ന് പറഞ്ഞൂവേന്നേയുള്ളൂ. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല.

ആത്മാവ്, ദൈവം എന്നിങ്ങനെ കുറെയേറെ മുന്‍ധാരണകള്‍ നമ്മുക്ക് ഉള്ളത് മാത്രമാണ് സ്വയം അറിയാന്‍ നമുക്കുള്ള പ്രയാസം. അവയില്‍ മാത്രം ഉടക്കികിടക്കുന്നു. അതിനാലാണ് ആത്മാവും ദൈവവും അന്ധവിശ്വാസമാണെന്നാണ് പറഞ്ഞത്. ഈയുള്ളവന്‍ ആലോചിക്കുമ്പോള്‍ വിശ്വാസം, അന്ധവിശ്വാസം എന്നീ രണ്ടു വാക്കുകളും ഒരുപോലെ തന്നെ. സ്വയം അറിയാതെ ഒരു ചെറിയ ശ്രമം പോലും നടത്താതെ, ആത്മാവ്, ദൈവം, പടച്ചവന്‍, കര്‍ത്താവ്, എന്നിങ്ങനെ ഓരോ പേരുപറഞ്ഞു എന്തിനെയോ പ്രതിനിധീകരിച്ചാല്‍, ആര്‍ക്കു എന്തുഫലം? അത് വിശ്വാസം മാത്രമല്ലേ? അല്ലാതെ, ആധുനിക ശാസ്ത്രീയ അടിത്തറ വേണം എന്നല്ല ഉദ്ദേശിച്ചത്.

എന്തിനാണ് നാം ദൈവത്തില്‍ വിശ്വസിക്കുന്നത്? അല്ലെങ്കില്‍ വിശ്വസിക്കാതിരിക്കുന്നത്? ദൈവം, മതം, എന്നീ വാക്കുകള്‍തന്നെയില്ലെങ്കില്‍ എന്താ ഈ ലോകത്തിനു നിലനില്‍പ്പില്ലേ?

ശ്രേഷ്ഠമായ ഒരു മനുഷ്യനായി എങ്ങനെ ജീവിക്കണം എന്നാണല്ലോ മതഗ്രന്ഥങ്ങള്‍ ഉദ്ഘോഷിക്കുന്നത്. ശ്രേഷ്ടമായി ജീവിക്കുന്നത് എന്തിന്? ജീവിക്കുന്നതുതന്നെ എന്തിന്? പുരാതനകാലത്തില്‍ ഇവിടെ മനുഷ്യര്‍ ഉണ്ടായിരുന്നില്ലേ? അപ്പോഴും ദൈവം ഉണ്ടായിരുന്നല്ലോ. പേപ്പറും പ്രിന്റിങ്ങും എന്തിന് ലിപികള്‍ ഉണ്ടാകുന്നതിനു മുന്‍പേതന്നെ മനുഷ്യര്‍ ഉണ്ടായിരുന്നു. എന്തിനേറെ വിചാരിക്കുന്നു - ഇസ്ലാംമതം, ക്രിസ്തുമതം തുടങ്ങി എല്ലാ മതങ്ങളും ഉണ്ടാകുന്നതിനു മുന്‍പേതന്നെ മനുഷ്യര്‍ ഉണ്ടായിരുന്നു. അതുവരെ മനുഷ്യര്‍ എങ്ങനെ ജീവിച്ചിരുന്നു? അവര്‍ക്ക് ദൈവമില്ലായിരുന്നോ? അവരെല്ലാം പാപികള്‍ ആയിരുന്നോ? അവരുടെ ജീവിതവും ഇപ്പോഴത്തെ നമ്മുടെ ജീവിതവും തമ്മില്‍ എന്തു വ്യത്യാസം? അന്ന് 120 വര്‍ഷം ജീവിച്ചു കാണും, ഇപ്പോള്‍ വെറും 60 വര്‍ഷവും.

അല്ലെങ്കില്‍തന്നെ, വൃക്ഷങ്ങളെയും പക്ഷികളെയും കൃമികളെയും പോലെ ഈ പ്രകൃതിയിലെ മറ്റൊരു സാധനം മാത്രമല്ലേ മനുഷ്യര്‍? മനുഷ്യര്‍ക്കെന്താ ഒന്നൊന്നര കൊമ്പുണ്ടോ? ദൈവത്തെകുറിച്ച് ചിന്തിക്കാന്‍വേണ്ടി ദൈവം ഉണ്ടാക്കിയതാണോ മനുഷ്യരെ? ദൈവത്തെ പുകഴ്ത്താന്‍ ആരെങ്കിലും വേണമെന്ന് ദൈവം കരുതുമോ?

ഈ മതങ്ങളിലൊന്നുംപെടാത്ത ആഫ്രിക്കന്‍ വനാന്തരങ്ങളിലെ മനുഷ്യര്‍ പാപികളാണോ? അവര്‍ നമ്മെക്കാളും താണവരാണോ? പ്രകൃതിയില്‍ ജീവിക്കുന്ന, സ്വയം പ്രകൃതിയായിത്തന്നെ ജീവിക്കുന്ന, അവരല്ലേ നമ്മെക്കാളും ശ്രേഷ്ഠന്മാര്‍?

യേശുക്രിസ്തുവും നബിമാരും രാമകൃഷ്ണന്മാരും അങ്ങനെ മറ്റെല്ലാ മതങ്ങളിലുമുള്ള അവതാരങ്ങളും ജനിക്കുന്നതിനുമുന്‍പേ ഇവിടെയുണ്ടായിരുന്ന മനുഷ്യര്‍ക്കെന്താ ദൈവം ഇല്ലായിരുന്നോ? അന്നൊന്നും ദൈവത്തിനു ബലക്ഷയം സംഭവിച്ചിട്ടില്ലല്ലോ? ദൈവം, ഈശോ തുടങ്ങിയ വാക്കുകളും ആചാരങ്ങളും അനുഷ്ടാനങ്ങളും ഒക്കെ തുടങ്ങിയതിനുശേഷം ദൈവത്തിനു ശക്തി കൂടിയോ? അല്ലെങ്കില്‍ മനുഷ്യന് ശക്തി കൂടിയോ, ആയുസ്സ് കൂടിയോ, ശാന്തി ഉണ്ടായോ?

പിന്നെ, ഇവിടെ ഇത്തരം ചോദ്യങ്ങള്‍ എഴുതിയത് ഇസ്ലാമിനോ ഹിന്ദുവിനോ ക്രിസ്ത്യാനിക്കോ മതമില്ല എന്ന് പറയുന്നവര്‍ക്കോ ആര്‍ക്കും എതിരെയോ പിന്‍താങ്ങിയോ അല്ല. ഈയുള്ളവന്‍ ഈയുള്ളവന്‍ മാത്രം. ഉറക്കെ ചിന്തിച്ചതാണ്, അടിയുണ്ടാക്കാണോ എതിര്‍ക്കാനോ അല്ല. അവനവനു ചിന്തിക്കാന്‍ മാത്രമേ സാധിക്കൂ, ആരെയും പഠിപ്പിക്കാന്‍ ആര്‍ക്കും സാധ്യമല്ല. [ഈ കമന്റില്‍ എഴുതിയ ഏതെങ്കിലും വാക്യങ്ങള്‍ മാത്രം അടര്‍ത്തി നോക്കിയാല്‍ ഒരു നിഷേധിയെ കാണാം, എന്നാല്‍ മൊത്തത്തില്‍ നോക്കിയാല്‍ ഒരു സാധാരണക്കാരനെയും കാണാം.]

CKLatheef പറഞ്ഞു...

പ്രിയ നന്ദന ,

താങ്കളുടെ വിമര്‍ശനത്തോട് വിയോജിപ്പുണ്ടാകുന്നരുടെ പ്രതികരണങ്ങള്‍ ചിലപ്പോള്‍ ആക്ഷേപത്തോളം എത്താറുണ്ട് എന്ന് മാത്രമെ ഞാന്‍ കരുതുന്നുള്ളൂ. ഇവിടെ പറയപ്പെട്ടവിധം കല്ലേറ് എവിടെനിന്നാണ് കിട്ടിയത് എന്ന് എനിക്കറിയില്ല. പൊതുവെ ആരോഗ്യകരമായ വിധത്തിലാണ് ചര്‍ചകള്‍ എന്നാണ് എന്റെ വിലയിരുത്തല്‍. അനോണികളുടെ തെറിവിളിക്കും വലിയ കുറവുണ്ട്. പലപ്പോഴും അനോണികളാണ് കാര്യമാത്ര പ്രസക്തമായ അഭിപ്രായം പറയുന്നത്. ഏതായാലും അതിന് പരിഹാരം താങ്കള്‍ മുമ്പൊരിക്കല്‍ എവിടെയോ പറഞ്ഞത് പോലെ എല്ലാവരും വിശ്വാസികളും യുക്തിവാദികളുമൊക്കെ ബ്ലോഗ് നിര്‍ത്തി പിന്‍വാങ്ങലല്ല. (ഒരോര്‍മയാണ് തെറ്റുണ്ടെങ്കില്‍ തിരുത്താം) കൂട്ടിമുട്ടിയാലും കൂട്ടിമുട്ടിച്ചാലും ഒരു കുഴപ്പമില്ല. കൂട്ടിമുട്ടിക്കുന്നവരെക്കാള്‍ അന്തം കൂട്ടിമുട്ടുന്നവര്‍ക്കുണ്ടായാല്‍ മതി. നന്ദി.

CKLatheef പറഞ്ഞു...

പ്രിയ ബക്കര്‍,

താങ്കളുടെ പതിവു ശൈലിയില്‍ നിന്ന ശ്രീ. ശ്രേയസിന് വേണ്ടി ഒരു മാറ്റം ആവശ്യമുണ്ട്. താങ്കളിപ്പോള്‍ ഉപയോഗിക്കുന്ന ശൈലി യാന്തിക യുക്തിവാദികള്‍ളോട് (കെ.പി.എസ് സാറിനോട് കടപ്പാട്) മാത്രം സംവദിക്കാന്‍ യോജിച്ചതാണ്. പ്രതികരണത്തിന് നന്ദി.

പ്രിയ ശ്രീ,

താങ്കളുടെ മുഴുവന്‍ ചോദ്യങ്ങളും പ്രസക്തമാണ്. മറുപടിയര്‍ഹിക്കുന്നതും. എനിക്കും മറ്റുവിശ്വാസികള്‍ക്കും താങ്കളുടെ മനസ്സിന് തൃപ്തികരമായ മറുപടി നല്‍കാന്‍ കഴിയുന്നതുമാണ്. അത് കേള്‍ക്കാനും മനസ്സിലാക്കാനും ഉള്ള സന്‍മനസ്സ് ഉണ്ടായാല്‍ മാത്രം മതി. താങ്കള്‍ക്ക് ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ലെങ്കില്‍ തള്ളിക്കളഞ്ഞോളൂ. പക്ഷെ കേള്‍ക്കാതിരിക്കുന്നതിന് ന്യായീകരണമില്ല എന്ന് ഞാന്‍ കരുതുന്നു. ഇങ്ങനെ ചര്‍ചമുന്നോട്ട് നീങ്ങാനുള്ള ശ്രമത്തിനിടയില്‍ ഒരിക്കല്‍ പോലും യാന്ത്രിക യുക്തിവാദികള്‍ വഴിമുടക്കാന്‍ ശ്രമിക്കാതിരുന്നിട്ടില്ല. അവര്‍ ഇവിടെയും വരും ജാഗ്രത. താങ്കളുടെ അഭിപ്രായ പ്രകടനത്തില്‍ ഒരു പരിഹാസവും ഞാന്‍ കണ്ടിട്ടില്ല. താങ്കള്‍ സൂചിപ്പിച്ചത് നേരാണ്. വാചകങ്ങള്‍ അടര്‍ത്തിയെടുത്ത് വ്യാഖ്യാനിക്കുന്നത് ആശയത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ഇടനല്കും. അതിനാല്‍ താങ്കളെ മറ്റുനിഗമനങ്ങള്‍ക്ക് പ്രേരിപ്പിച്ച താങ്കളുടെ തന്നെ പ്രസ്താവനകള്‍ക്ക് എന്റെതായ വിയോജിപ്പ് രേഖപ്പെടുത്താന്‍ വേണ്ടിയാണ് ഞാനവ ക്വാട്ടിമാറ്റുന്നത്. ദുര്‍വ്യാഖ്യാനം ഉദ്ദേശിച്ചല്ല എന്ന് ചുരുക്കം.

നന്ദന പറഞ്ഞു...

ന്യൂട്ടന്റെ കഥ വായിച്ചു അതിനെ ഒരു കഥയായി തന്നെ കാണാം ഇങ്ങനെ ഇവിടെ എനിക്കും ഒരു കഥയുണ്ടാക്കി പറയാം അതിന് ഞാൻ മുതിരുന്നില്ല കഥയില്ലതെ തന്നെ കാര്യം പറയാം ഇത്രയും മഹത്തായ ഒരു പ്രപഞ്ചത്തിന്റെ നാഥൻ ഇപ്പോൽ നിലവുള്ള മതങ്ങളെല്ലാം പറയുന്ന ഒന്നണെന്ന് വിശ്വസിക്കൻ വളരെ പ്രയാസമുണ്ട്. അത് എന്റെ വിശ്വാസത്തിന്റെ പ്രയാസമല്ല മറിച്ച് അത്രയും ചെറുതാകുന്നു ഇവിടെ ദൈവങ്ങൽ. പ്രപഞ്ചത്തെ കുറിച്ച്, അതിലെ ജീവികളെ കുറിച്ച് കൂടുതലായി അറിയുമ്പോൽ അതിലെ പാളിച്ചകൽ മനസ്സിലാക്കുമ്പോൽ അതിന്റെ ഒരു നാഥനെ കുറിച്ച് സംശയിച്ചു പോകുന്നത് സ്വാഭാവികമാണ്.

CKLatheef പറഞ്ഞു...

@Nandana

ഇയ്യിടെയായി യുക്തിവാദികള്‍ നല്‍കിയ പോസ്റ്റ്കള്‍ നന്ദനയെ സ്വാധീനിച്ചു എന്നേ ഞാന്‍ കരുതുന്നുള്ളൂ. അതിന്റെ ചുരുക്കം ആണ് താങ്കള്‍ പറഞ്ഞുവെച്ചത്. ദൈവം സൃഷ്ടിച്ചു എന്ന് പറഞ്ഞാല്‍ അതു ദൈവത്തിനൊരു കുറച്ചിലാണ്. ചില ജീവികളില്‍ ചില പോരായ്മകള്‍ കാണപ്പെടുന്നു. മനുഷ്യന് വരെ രോഗങ്ങള്‍ വരുന്നത് ദൈവത്തിന്റെ കഴിവുകേടാണ്. ഇതായിരുന്നു അതിന്റെ രത്‌നചുരുക്കം പ്രസ്തുത പോസ്റ്റില്‍ ഞാനടക്കമുള്ളവര്‍ ഇടപെട്ട് അഭിപ്രായം പറഞ്ഞത് അവിടെത്തന്നെ വായിച്ചാല്‍ കാണാം. അതിന് തക്കഫലവുമുണ്ടായി എന്നാണ് എന്റെ വിലയിരുത്തല്‍. താങ്കള്‍ക്ക് ചര്‍ചയില്‍ നിന്ന് പലപ്പോഴും ശരിയായ ധാരണയിലെത്താന്‍ കഴിയാതെ പോകുന്നു എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ദൈവം കാര്യകാരണ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് സൃഷ്ടിപ്പും അതിന്റെ നില്‍പും സംവിധാനിച്ചിരിക്കുന്നത്. ഈ വസ്തുത അവിടെ വിശദമാക്കിയിട്ടുണ്ട്. അതിനിയും ഇവിടെ വിശദീകരിക്കാന്‍ ശ്രമിക്കുന്നില്ല. ന്യൂട്ടന്റെത് ഒരു സംഭവമോ കഥയോ എന്തായാലും അത് ഉയര്‍ത്തുന്ന ചോദ്യം പ്രസക്തമാണെന്ന് തോന്നിയതുകൊണ്ടാണ് ഞാനത് ഉദ്ധരിച്ചത്. ആവശ്യമായ റെഫറന്‍സ് നല്‍കാത്തതുകൊണ്ടാണ് ഞാനത് കഥയായി സ്വീകരിക്കാന്‍ പറഞ്ഞത്.

V.B.Rajan പറഞ്ഞു...

ശ്രീ ലത്തീഫ് ആവര്‍ത്തിക്കുന്ന കാര്യം പ്രപഞ്ചം സൃഷ്ടിക്കാന്‍ ഒരാളുണ്ടായേലെ കഴിയു എന്നതാണ്. ഇത്തരം ഒരു ചിന്തക്ക് എന്താവാം കാരണം. ചുറ്റും കണ്ണോടിച്ചാല്‍ നാം കാണുന്നവയില്‍ ഒരു നല്ല ശതമാനം മനുഷ്യ നിര്‍മിതമായ വസ്തുക്കള്‍ ആയതുകൊണ്ടായിരിക്കാമെന്നു തോന്നുന്നു. നമ്മുടെ മുമ്പിലുള്ള കമ്പ്യൂട്ടര്‍, മേശ കസേര, നമ്മുടെ ഭവനം, തുടങ്ങിയവയെല്ലാം മനുഷ്യന്‍ ഉണ്ടാക്കിയതാണ്. അതുകൊണ്ട് പ്രപഞ്ചത്തിനും ഒരു സൃഷ്ടാവ് ആവശ്യമുണ്ടെന്നു ന്യായമായും തോന്നാം. പക്ഷേ എന്താണ് മനുഷ്യന്‍ ചെയ്യുന്നത് നേരത്തെയുള്ള ഉണ്ടായിരുന്നവയ്ക്ക് രൂപമാറ്റം വരുത്തുക മാത്രമാണ്. പ്രപഞ്ചത്തില്‍ സംഭവിക്കുന്നതും അതു മാത്രമാണ്. പ്രപഞ്ചം എന്നും ഉണ്ടായിരിക്കും. അതിന് തുടക്കമോ ഒടുക്കമോ അതിന് ഒരു സൃഷ്ടാവോ ആവശ്യമില്ല. ചെറിയ ഉദാഹരണം. നമ്മുടെ ഹിമാലയ പര്‍‌വ്വതം എങ്ങനെയുണ്ടായി. 70 മില്യന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ഇന്ത്യന്‍ ഭൂപാളി യൂറേഷ്യന്‍ ഭൂപാളിയില്‍ ചെന്നിടിച്ചപ്പോള്‍ ഭൗമോപരിതലം ഉയര്‍ന്നാണ് ഉണ്ടായത് എന്ന് ശാസ്ത്രം പറയുന്നു. ഇന്നും അതിന്റെ ഉയരം കൂടിക്കൊണ്ടിരിക്കുന്നു. ഖുറാനില്‍ പറയുന്നത് പര്‍‌വ്വതങ്ങള്‍ ദൈവം ഭൂമിയില്‍ അടിച്ചുറപ്പിച്ച കുറ്റികളാണെന്നാണ്. ഇന്നും അഗ്നിപര്‍‌വ്വത സ്പോടനങ്ങള്‍ പുതിയ പര്‍‌വ്വതങ്ങള്‍ക്ക് രൂപം നല്‍കുന്നു. അപ്പോള്‍ ദൈവത്തിന് ഇപ്പോഴും കുറ്റിയടിയുണ്ടോ എന്ന ചോദ്യം സ്വാഭാവികമായും ഉണ്ടാകാം.

ലത്തീഫിന് തീര്‍ച്ചയായും ദൈവം ആണ് പ്രഞ്ചസൃഷ്ടി നടത്തിയതെന്ന് വിശ്വസിക്കാം. ദൈവം പ്രവാചകന് ആയത്തുകള്‍ മലക്കുകള്‍ വഴി ഇറക്കിക്കൊടുത്തുവെന്നും പ്രവാചകന്റെ വീട്ടിലെ വിരുന്നുകാര്‍ എങ്ങനെ പെരുമാറണമെന്നു വരെ ദൈവം ആയത്തുകള്‍ വഴി നിര്‍ദ്ദേശിച്ചുവെന്നും വിശ്വസിക്കാം. പക്ഷേ എനിക്ക് അത് ഒരു മനുഷ്യന്റെ തലച്ചോറില്‍ രൂപം കൊണ്ട ആശയങ്ങളാണുള്ളതാണ് സ്വീകാര്യം. മനുഷ്യന് അജ്ഞാതമായ പ്രപഞ്ച രഹസ്യങ്ങള്‍ കണ്ടെത്താന്‍ അവന്‍ അന്വേഷണം തുടരട്ടെ. അതുവരെ അജ്ഞാതമായ വസ്തുതകള്‍ നമുക്ക് അറിയില്ല എന്നു പറയാനാണ് എനിക്കിഷ്ടം. അല്ലാതെ എല്ലാം എന്റെ കിതാബില്‍ ദൈവം നേരത്തെ എഴുതിവച്ചിട്ടുണ്ട് എന്നു പറയുന്നത് എനിക്ക് സ്വീകാര്യമല്ല.

ചിന്തകന്‍ പറഞ്ഞു...

[അല്ലെങ്കില്‍തന്നെ, വൃക്ഷങ്ങളെയും പക്ഷികളെയും കൃമികളെയും പോലെ ഈ പ്രകൃതിയിലെ മറ്റൊരു സാധനം മാത്രമല്ലേ മനുഷ്യര്‍? മനുഷ്യര്‍ക്കെന്താ ഒന്നൊന്നര കൊമ്പുണ്ടോ? ദൈവത്തെകുറിച്ച് ചിന്തിക്കാന്‍വേണ്ടി ദൈവം ഉണ്ടാക്കിയതാണോ മനുഷ്യരെ? ദൈവത്തെ പുകഴ്ത്താന്‍ ആരെങ്കിലും വേണമെന്ന് ദൈവം കരുതുമോ?]

ശ്രീ ശ്രേയസിന്റെ ചിന്തകളിലെ വൈരുദ്ധ്യം നമുക്കിവിടെ വായിച്ചെടുക്കാം. ഭാരതീയ തത്വചിന്തകളില് ഉണ്ടെന്ന്, ശ്രീ തന്നെ പറയുന്ന തത്ത്വമസിയും അഹംബ്രഹ്മാസ്മിയുമെല്ലാം മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും എല്ലാ ബാധകമാണോ? മൃഗങ്ങള്‍ക്കും ക്രുമി കീടങ്ങള്‍ക്കും മനുഷ്യരെ പോലെ ചിന്തിക്കാനും തത്വശാസ്ത്രങ്ങള്‍ മെനയാനും, അറിവിന്റെ പുതിയ ലോകങ്ങള്‍ വെട്ടിതുറക്കാനുമുള്ള കഴിവുകളുണ്ടോ?

ഇത്തരം ചോദ്യങ്ങളുടെ അടിസ്ഥാനം എന്തെന്ന് വ്യക്തമല്ല. ആത്മാവിനെ തിരിച്ചറിയേണ്ടതും ഇവിടെയാണ്. ചുരുക്കി പറഞ്ഞാല്‍ ‘ഞാന്‍‘ ആരാണ് എന്ന ചോദ്യത്തിന് ശ്രീയുടെ ഉത്തരം ‘വൃക്ഷങ്ങളെയും പക്ഷികളെയും കൃമികളെയും‘ പോലെ ഒരു ജന്മം മാത്രം. അതിനപ്പുറത്തുള്ളതെല്ലാം അന്ധവിശ്വാസമാണ്. എന്താണ് വിശ്വാസം എന്നും അന്ധ വിശ്വാസം എന്നും തിരിച്ചറിയാന്‍ കഴിയാത്തിടത്താണ് ശ്രീയുടെ ‘അന്ധവിശ്വാസം‘ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. സത്യത്തില്‍ നാം നേരിട്ട് കണ്ടും അനുഭവിച്ചും അറിഞ്ഞത് അല്ലാത്തതെല്ലാം വിശ്വാസമാണ്. എന്നാല്‍ ഒരുകാര്യത്തെ നാം വിശ്വസിക്കുന്നത്, നമ്മുടെ യുക്തിയുടെയും ബുദ്ധിയുടെയും അടിസ്ഥാനത്തിലെത്തിച്ചേരുന്ന ഒരു നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ്. എന്റെ മുന്നില്‍ കാ‍ണുന്ന ഈ കമ്പ്യൂട്ടര്‍ ഇവിടെ തനിയെ ഉണ്ടായി വന്നതാണെന്ന് ഞാനങ്ങ് വിശ്വസിച്ചാല്‍ അതൊരു അന്ധമായ വിശ്വാസം തന്നെയാണ്. മറിച്ച് എന്റ് മുമ്പിലുള്ള കമ്പ്യൂട്ടറിന്, ഞാന്‍ ഇത് വരെ കണ്ടിട്ടില്ലാത്ത ഒരു നിര്‍മ്മാതാവ് ഉണ്ട് എന്ന് ഞാന്‍ എന്റ് യുക്തിയും ബുദ്ധിയും ഉപയോഗിച്ചു മനസ്സിലാക്കുന്നതാണ് വിശ്വാസം.

ദൈവം എന്തിന് മനുഷ്യനെ ഉണ്ടാക്കി എന്നത് നമുക്ക് ഗണിച്ചെടുക്കാന്‍ കഴിയുന്ന ഒരു കാര്യമേ അല്ല. അതിന്റെ ഉത്തരം ദൈവം തന്നെ നല്‍കണം. ഈ പ്രപഞ്ചത്തിന് ഒരു നിര്‍മ്മാതാവും ഇല്ല എന്നിടത്ത് അന്വേഷണം അവസാനിക്കുന്നു. അത് കൊണ്ട് ഒരു നിര്‍മ്മാതാവ് ഉണ്ട് എന്ന സങ്കല്പത്തില്‍ നിന്നാണ് നാം അന്വേഷണം തുടങ്ങേണ്ടത്. ശ്രീ പറയുന്ന തത്വശാസ്ത്രങ്ങള്‍ അത്തരം ഒരു അന്വേഷണത്തിന് വഴിമുടക്കിയായി നില്‍ക്കുന്നു. ഇക്കാരണത്താല്‍ തന്നെ തത്ത്വമസി, അഹം ബ്രഹ്മാസ്മി തുടങ്ങിയ അദൈത വാദങ്ങളെ വെറും അന്ധവിശ്വാസമായി മാത്രമേ എനിക്ക് കാണാന്‍ സാധിക്കുന്നുള്ളൂ. ദ്വൈതവും ഭാരതീയ തത്വ ശാസ്ത്രങ്ങളുടെ ഭാഗം തന്നെയാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

M.A Bakar പറഞ്ഞു...

പ്രിയ ശ്രീ...

എണ്റ്റ്‌ എഴുത്ത്‌ ശൈലി താങ്കളെ ഒരു വിധത്തിലും ഒഫെണ്റ്റ്‌ ചെയ്തിട്ടില്ലെന്നു കരുതുന്നു..

ലത്തീഫിനു അങ്ങനെ തോന്നാനിടയായ സാഹചര്യം നിലനില്‍ക്കുന്നെങ്കില്‍ ഖേദിക്കാതിരിക്കുന്നതിലും ഞാന്‍ കാരണം കാണുന്നില്ല.. നന്ദി ശ്രീ , ലത്തീെഫ്‌

CKLatheef പറഞ്ഞു...

പ്രിയ വി.ബി. രാജന്‍

താങ്കളുടെ കമന്റിലുള്ള എന്റെ വിശ്വാസവുമായി ബന്ധപ്പെട്ട വസ്തുതാപരമായ പിശക് ഞാന്‍ വിട്ടുകളയുന്നു. അതോടൊപ്പം ഞാന്‍ ചോദിക്കട്ടെ നിങ്ങളുടെതും ഒരു വിശ്വാസമല്ലേ. ദൈവമില്ല എന്ന വിശ്വാസം, മനുഷ്യനെ ആരും സൃഷ്ടിച്ചതല്ല എന്ന വിശ്വാസം, മനുഷ്യന്‍ സന്‍മാര്‍ഗദര്‍ശനത്തിന് പ്രവാചകനോ വേദഗ്രന്ഥമോ നല്‍കപ്പെട്ടിട്ടില്ല എന്ന വിശ്വാസം. ആ വേദഗ്രന്ഥത്തില്‍ നിന്ന ഞാന്‍ മനസ്സിലാക്കിയതെല്ലാം ശരിയാണെന്ന വിശ്വാസം, അതിനപ്പുറം മറ്റൊരു വ്യാഖ്യാനം അതിന് സംഗതമല്ല എന്ന വിശ്വാസം.

പ്രപഞ്ചത്തിലുള്ള പലപദാര്‍ഥങ്ങള്‍ക്കു ചില്ലറമാറ്റം വരുത്താന്‍ അതിന് പിന്നില്‍ ഒരു ശക്തിവേണമെന്നാണല്ലോ - ദൈവമല്ലാതെ സ്രഷ്ടാവില്ല. എന്നതാണ് എന്റെ വിശ്വാസം- മനുഷ്യന് മുമ്പിലുള്ള മനുഷ്യന്‍ മാറ്റം വരുതിയ വസ്തുക്കള്‍ സൂചിപ്പിക്കുന്നത്. വീട് നിര്‍മാണത്തില്‍ ഒട്ടേറെ ആളുകള്‍ പങ്കെടുത്തു. പ്രകൃതിയില്‍ ചില വസ്തുക്കള്‍ക്ക് പിന്നിലുള്ള മാറ്റത്തിന്റെ പ്രചോദകം നമ്മുക്ക് നേരിട്ടറിയില്ല നാമത് കണ്ടെത്തി പര്‍വതങ്ങളുടെ രൂപീകരണത്തിന് ഇടയാക്കിയത് ആ ശക്തിയാണെന്ന് തെളിഞ്ഞു. അതോടെ ദൈവത്തെ തള്ളിപ്പറയാനായോ. യാദൃശ്ചികമായി നടക്കുന്ന മാറ്റങ്ങളെല്ലാം എന്തുകൊണ്ട് ഇത്ര താളാത്മകവും കൃത്യവുമായി വരുന്നു തുടങ്ങി ഫൈസല്‍ കൊണ്ടോട്ടി അക്കമിട്ട് ചോദിച്ച ഒന്നിനെങ്കിലും കൃത്യമായ മറുപടി എവിടുന്നും ലഭിച്ചില്ല.

വേദം ഒരു മനുഷ്യന്റെ മനസ്സില്‍ രൂപം കൊണ്ട ആശയങ്ങളാണ് എന്ന് താങ്കള്‍ മനസ്സിലാക്കുന്നത് വേദഗ്രന്ഥം യഥാവിധി മനസ്സിലാക്കാന്‍ ശ്രമിക്കാത്തതുകൊണ്ടാണ്. ഇവിടെത്തന്നെ ഖുര്‍ആനിന്റെ ഒരു പ്രയോഗം താങ്കള്‍ മനസ്സിലാക്കിയത് ശരിയായ വിധത്തിലാണെന്ന് ഒരു ഖുര്‍ആനില്‍ വിശ്വസിക്കുന്നവനും പറയില്ല. ദൈവം പര്‍വതങ്ങളെ സ്ഥാപിച്ചു എന്ന് പറഞ്ഞാല്‍ ഭൂവല്‍ക്കത്തിലുള്ള മാറ്റത്തിന്റെ ഫലമായിട്ടാണ് അത് രൂപാന്തരപ്പെട്ടത് എന്നതിനെ നിഷേധിക്കുന്നില്ല. നാം മനുഷ്യനെ സൃഷ്ടിച്ചു എന്ന് ഖുര്‍ആന്‍ പറഞ്ഞാല്‍ അതിന്റെ പിന്നിലുള്ള ജൈവപരമായ പ്രക്രിയകളെ നിഷേധിചുകൊണ്ടല്ല അത്. അവയ്ക് പിന്നിലും ദൈവമാണുള്ളത് എന്നതിനാല്‍ എല്ലാറ്റിന്റെയും സൃഷ്ടിപ്പ് ദൈവത്തിലേക്ക് ചേര്‍ത്ത് പറയുന്നു എന്ന് മാത്രം.

ഖുര്‍ആന്‍ എന്നത് ഞങ്ങളുടെ മുമ്പിലുള്ള യാഥാര്‍ഥ്യമാണ്. ഞങ്ങള്‍ അനുഭവച്ചറിയുന്ന വസ്തു. അതിനുള്ള വ്യാഖ്യാനം ജബ്ബാര്‍മാഷ് നല്‍കിയതല്ല. അത് വായിച്ച് താങ്കള്‍ നല്‍കുന്നതും സ്വീകരിക്കാന്‍ നിവൃത്തിയില്ല. ആ ഖുര്‍ആന്‍ മനുഷ്യര്‍ക്കെത്തിക്കാന്‍ ദൈവം മനുഷ്യരില്‍നിന്ന ഒരാളെ തെരഞ്ഞെടുത്തു എന്നതില്‍ ഞങ്ങള്‍ക്ക് അത്ഭുതപ്പെടാനൊന്നുമില്ല. അങ്ങനെയായാല്‍ ദൈവം കൊച്ചാകില്ലേ എന്ന ആശങ്കക്ക് ഒരടിസ്ഥാനവുമില്ല.

CKLatheef പറഞ്ഞു...

പ്രിയ ബക്കര്‍ ,

താങ്കളുടെ ശൈലി മാന്യമല്ലെന്നോ, ഒഫെന്റിംഗാണെന്നോ അല്ല ഞാന്‍ സൂചിപ്പിച്ചത്. ഇവിടെ ശ്രീയും രാജനും അദ്ദേഹത്തെപ്പോലുള്ളവരും രേഖപ്പെടുത്തുന്ന അഭിപ്രായങ്ങളില്‍ വാക്കുകളില്‍ വല്ലാതെ പിടികൂടാതെ(താങ്കളങ്ങനെ ചെയ്തു എന്നും ഞാന്‍ പറയുന്നില്ല) അതില്‍നിന്നുല്‍ഭവിക്കുന്ന ആശയങ്ങള്‍ക്ക് മാത്രം പ്രതികരിക്കുന്ന ഒരു ശൈലിയാകും നന്നാവുക എന്നെനിക്ക് തോന്നി. ഉദാഹരണം ദൈവത്തിന് കുറ്റിയടിയുണ്ടോ? എന്ന ചോദ്യത്തില്‍ മാന്യമല്ലാത്ത യുക്തവാദികളുടെതായ ഒരു പരിഹാസമുണ്ട് അവര്‍ ശീലിച്ചതതായതിനാല്‍ നാം ശ്രീ.ശ്രേയസ് മുമ്പ് സൂചിപ്പിച്ചപോലെ അതില്‍ തളച്ചിടപ്പെടരുത് എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. തുടര്‍ന്നും ഇടപെടുക. ഞാന്‍ പോസ്റ്റിലെ വാക്കുകള്‍ വീണ്ടും അടിവര നല്‍കുന്നു.

ബോധപൂര്‍വം വിശ്വാസത്തെ തെരഞ്ഞെടുത്തവര്‍ തങ്ങള്‍ എങ്ങനെ ആ വിശ്വാസത്തിലെത്തി എന്ന് പറഞ്ഞുകൊടുക്കുകയാകും അവരോള്ള സംവാദത്തിന്റെ ബുദ്ധിപൂര്‍വകമായ ശൈലി.

ഒന്നുകില്‍ അവര്‍ നമ്മെപോലെ അവയിലും വിശ്വസിക്കും അല്ലെങ്കില്‍ ബോധപൂര്‍വം നിഷേധം കൈക്കൊള്ളുകയോ ബോധ്യപ്പെടാതെ പിന്‍മാറുകയോ ചെയ്യും. എല്ലാവര്‍ക്കും പ്രാര്‍ഥിച്ചുകൊണ്ട്.

പ്രിയ ചിന്തകന്‍,

താങ്കളുടെ ഇടപെടലിന് നന്ദി. തുടരുക.

V.B.Rajan പറഞ്ഞു...

പ്രിയ ലത്തീഫ്.

CKLatheef പറഞ്ഞു...

"വേദം ഒരു മനുഷ്യന്റെ മനസ്സില്‍ രൂപം കൊണ്ട ആശയങ്ങളാണ് എന്ന് താങ്കള്‍ മനസ്സിലാക്കുന്നത് വേദഗ്രന്ഥം യഥാവിധി മനസ്സിലാക്കാന്‍ ശ്രമിക്കാത്തതുകൊണ്ടാണ്. ഇവിടെത്തന്നെ ഖുര്‍ആനിന്റെ ഒരു പ്രയോഗം താങ്കള്‍ മനസ്സിലാക്കിയത് ശരിയായ വിധത്തിലാണെന്ന് ഒരു ഖുര്‍ആനില്‍ വിശ്വസിക്കുന്നവനും പറയില്ല."

ശരിയാവാം വിശ്വാസിക്ക് അങ്ങനെ പറയാന്‍ സാദ്ധ്യമല്ലായിരിക്കാം. വിശ്വാസത്തിന്റെ ബന്ധനത്തിലല്ലാത്ത എനിക്ക് അതു പറയാം.

വേദം, ആശയസംഹിതകള്‍ തുടങ്ങിയവ ഒരു മനുഷ്യന്റെയല്ലെങ്കില്‍ പലമനുഷ്യരുടെയോ ഒരു മനുഷ്യസമൂഹത്തിന്റെയോ മനസ്സില്‍ രൂപം കൊണ്ട ആശയങ്ങള്‍ തന്നെയാണ്. അങ്ങനെയല്ല, അവ ദൈവം മലക്കുകള്‍ എന്ന ദൂതന്മാര്‍ വഴി ഇടനിലക്കാരനായ പ്രവാചകനില്‍ എത്തിച്ച് അവിടെനിന്നും മനുഷ്യരാശിക്ക് നല്‍കപ്പെട്ടു എന്നു വിശ്വസിക്കാനുള്ള അവകാശം താങ്കള്‍ക്കുണ്ട്. ഇവിടെയാണ് അടിസ്ഥനപരമായി നമ്മള്‍ വിയോജിക്കുന്നത്. ഈ വിയോജിപ്പു നിലനിര്‍ത്തിക്കൊണ്ട് ചര്‍ച്ച എങ്ങനെ മുന്നോട്ടു കൊണ്ടുപോകാമെന്ന് ചിന്തിക്കുക. വ്യാഖ്യാനം ആരുടെ നോക്കണമെന്നതിനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടല്ലോ. ജബ്ബര്‍ മാഷിനെ വീണ്ടും വീണ്ടും ചര്‍ച്ചയിലേക്ക് വലിച്ചിഴക്കേണ്ടതുണ്ടോ എന്നുംകൂടി ചിന്തിക്കുക.

CKLatheef പറഞ്ഞു...

പ്രിയ വി.ബി. രാജന്‍

എന്നുവെച്ചാല്‍ ദൈവവും വേദവും മനുഷ്യമനസ്സില്‍ രൂപം കൊണ്ടതാണ് എന്ന് താങ്കള്‍ ദൃഢമായി വിശ്വസികഴിഞ്ഞു. അത് വിശ്വാസമല്ല എന്ന് ദയവായി പറയരുത്. ഇവിടെ ഇപ്പോള്‍ സംസാരിച്ചുകൊണ്ടിരിക്കുന്ന വിശ്വാസികളാകട്ടെ ദൈവം പ്രപഞ്ച സ്രഷ്ടാവാണെന്നും വേദം മനുഷ്യര്‍ക്ക് സന്‍മാര്‍ഗദര്‍ശനത്തിന്‍ പ്രവാചകന്‍മാരിലൂടെ മനുഷ്യന് നല്‍കിയതാണെന്നും വിശ്വസിക്കുന്നു. ഈ വിയോജിപ്പു നിലനിര്‍ത്തിക്കൊണ്ട് തന്നെയാണ് നാം ചര്‍ച ആരംഭിച്ചത്. നിങ്ങളുടെ വിശ്വാസം സ്ഥാപിക്കാനാവശ്യമായ തെളിവു നിരത്തൂ. ഞങ്ങളുടെ വിശ്വാസം നിങ്ങള്‍ക്ക് ബോധ്യപെടാനുതകും എന്ന് കരുതുന്ന തെളിവുകള്‍ ഞങ്ങളും നിരത്താം. അതുതന്നെയല്ലെ ചര്‍ചാവിഷയം. ഇനിപുതിയൊരു മാറ്റം ആവശ്യമുണ്ടോ. ജബ്ബാര്‍മാഷിനെ പരാമര്‍ശിക്കുന്നതില്‍ പ്രയാസം തോന്നേണ്ടതില്ല. എന്തിന് തോന്നണം. അദ്ദേഹം തന്റെ ബ്ലോഗുകളൊക്കെ പിന്‍വലിച്ചോ. വ്യക്തികളെ പരാമര്‍ശിക്കാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കാറുണ്ട്. എങ്കിലും അത് പാടെ ഒഴിവാക്കാനാവില്ല. ക്ഷമിക്കണം. അല്‍പം തിരക്കുണ്ട് എന്റെ മറുപടികള്‍ പിന്നീടാകാം. ബാക്കിയുള്ളവര്‍ ഈ വിഷയത്തില്‍ നിന്ന് വഴുതാതെ ഇടപെടും എന്ന് പ്രതീക്ഷിക്കുന്നു.

പ്രിയ ചിന്തകള്‍,

ശ്രീക്ക് ലഭിച്ചത് വേദദര്‍ശനങ്ങളില്‍ നിന്നും കൂടിയാണ് എന്ന് മനസ്സിലാക്കുക. അദ്ദേഹം പറഞ്ഞതിന് നേരെ വിരുദ്ധമായ സംഗതികളും അതിലുണ്ടെന്ന് ആര് നിഷേധിച്ചാലും അദ്ദേഹം നിഷേധിക്കുമെന്ന് തോന്നുന്നില്ല. അതിനാല്‍ ഇവിടുത്തെ ചര്‍ചയില്‍ അദ്ദേഹം പറയുന്നത് വെച്ച് മാത്രം പ്രതികരിക്കുന്നതാകും ചര്‍ചകാടുകയറാതിരിക്കാന്‍ ഉപകരിക്കുക എന്ന് തോന്നുന്നു. നന്ദി.

ചിന്തകന്‍ പറഞ്ഞു...

പ്രിയ ലത്തീഫ്
ഭാരതീയ തത്വശാസ്ത്രം പഠിപ്പ്ക്കുന്നത് അദ്വൈതം മാത്രമാണ് എന്ന ഒരു ധ്വനി ശ്രീ ശ്രേയസ്സിന്റെ മുങ്കമന്റില്‍ കണ്ടത് കൊണ്ട് മാത്രമാണ് എന്റെ കമന്റിലെ അവസാന വാചകം ചേര്‍ത്തത്.

താങ്കള്‍ പറഞ്ഞതിനോടു ഞാനും യോജിക്കുന്നു.

ചിന്തകന്‍ പറഞ്ഞു...

ശരിയാവാം വിശ്വാസിക്ക് അങ്ങനെ പറയാന്‍ സാദ്ധ്യമല്ലായിരിക്കാം. വിശ്വാസത്തിന്റെ ബന്ധനത്തിലല്ലാത്ത എനിക്ക് അതു പറയാം.

പ്രിയ രാജന്‍

താങ്കള്‍ ഒരു വിശ്വാസത്തിനും ബന്ധനസ്ഥനല്ല എന്നത് താങ്കളുടെ വെറും ഒരു ‘അന്ധവിശ്വാസ‘ മായി മാത്രമേ എനിക്ക് കാണാന്‍ കഴിയുന്നുള്ളൂ. നമുക്കറിയാത്ത ഒരു കാര്യം അറിയില്ല എന്ന് പറയുന്നത് അംഗീകരിക്കാം. എന്നാല്‍ അതില്ലാ എന്ന് പറയുന്നത് ഒരിക്കലും യുക്തിപരമല്ല

V.B.Rajan പറഞ്ഞു...

പ്രിയ ലത്തീഫ്
ദൈവവും, വേദവും, പിശാചും, മലാഖയും മനുഷ്യമനസ്സില്‍ രൂപം കൊണ്ടതാണ് എന്നത് വിശ്വാസമല്ല ബോധ്യമാണ്. അത് ഭൂമി ഉരുണ്ടുതാണെന്ന് എനിക്ക് ബോധ്യമുള്ളതു പോലെ. ആ ബോധ്യം തെളിവുകള്‍ നിരത്തി സ്ഥാപിച്ചെടുക്കേണ്ട ആവശ്യം എനിക്കില്ല. പ്രത്യേകിച്ചും ദൈവം പ്രപഞ്ച സ്രഷ്ടാവാണെന്നും വേദം പ്രവാചകന്‍മാരിലൂടെ മനുഷ്യന് നല്‍കിയതാണെന്നും വിശ്വസിക്കുന്നവരുടെ മുമ്പില്‍. ഒരു വിശ്വാസിയുടെ വിശ്വാസത്തില്‍ മാറ്റമുണ്ടാവണമെങ്കില്‍ അയാള്‍ സ്വയം തീരുമാനിക്കണം. ആല്ലാതെ എത്ര തെളിവുകള്‍ നിരത്തി വാദിച്ചിട്ടും കാര്യമുണ്ടെന്നു തോന്നുന്നില്ല.

Kvartha Test പറഞ്ഞു...

ശ്രീ ലത്തീഫ്,

ഈയുള്ളവന്‍ ഒരു നാസ്ഥികനല്ല, ആസ്തികന്‍ തന്നെയാണ്.

തത്ത്വമസിയും അഹംബ്രഹ്മാസ്മിയുമെല്ലാം മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും എല്ലാം ബാധകമാണോ എന്നു ചോദിച്ചല്ലോ. അതെ, എല്ലാവര്‍ക്കും ബാധകമാണ്! മനുഷ്യന് 'ബുദ്ധി' കൂടിയത് കാരണം സത്യത്തെ മിഥ്യയെന്നും മിഥ്യയെ സത്യമെന്നുമൊക്കെ പറയുന്നു. പ്രകൃതിയോടു ഇണങ്ങി ജീവിക്കുന്ന മറ്റു ജീവികളിലും ഈ ചിന്ത അന്തര്‍ലീനമാകാം. ചിന്തയോ തത്ത്വശാസ്ത്രം മെനയലോ അല്ല വിദ്യ, സ്വയം അറിയുക എന്നതാണ്. അതിന് ചിന്തയെപ്പോലും ഭേദിച്ച് ശാന്തിയില്‍ (bliss) എത്താം, അനുഭവിക്കാം. ഇവിടെ വെട്ടിത്തുറക്കാന്‍ എന്ത് അറിവാനുള്ളത്? നമ്മുടെ ചീഞ്ഞളിഞ്ഞ മാനസിക സങ്കല്‍പ്പങ്ങളെ (ജീവിതം, ആഗ്രഹം, ശാസ്ത്രം, ദൈവങ്ങള്‍, ...) വെട്ടിപ്പൊളിച്ചാല്‍ എന്നുമുള്ള അറിവ് എപ്പോഴും പ്രകാശിക്കും.

"മനുഷ്യനും വൃക്ഷങ്ങളെയും പക്ഷികളെയും കൃമികളെയും പോലെ ഒരു ജന്മം മാത്രം." അതെ! അങ്ങനെയല്ലെന്നു കരുതാന്‍ കാരണമില്ലല്ലോ. ഇവയെല്ലാം ദൈവസൃഷ്ടിയാണെങ്കില്‍ ദൈവം പക്ഷപാതപരമായി പ്രവര്‍ത്തിക്കുമോ? അപ്പോള്‍ ഇവ തമ്മില്‍ എന്താ വ്യത്യാസം?

പക്ഷികള്‍ കൂട് കൂടുന്നു. പണ്ടൊക്കെ ചുള്ളിക്കമ്പുകള്‍ ഉപയോഗിച്ച്. ഇപ്പോള്‍ ഇരുമ്പു കമ്പികളുടെയും പ്ലാസ്റ്റിക് ബാഗുകളുടെയും ഭാഗങ്ങള്‍ ഉപയോഗിച്ച്. അതുപോലെ മനുഷ്യനും ഓരോന്ന് കണ്ടുപിടിക്കുന്നു, കാണിക്കുന്നു, പിന്നെയും തേടുന്നു. എന്നെങ്കിലും എന്തെങ്കിലും കൊണ്ട് സമാധാനമാവുമോ? ഇതൊരു ചക്രം മാത്രം. (പിന്നെ, മനുഷ്യന് എന്തെങ്കിലും കൂടുതല്‍ കഴിവുണ്ടെങ്കില്‍ അത് പ്രകൃതിയെ നശിപ്പിക്കാനല്ലേ ദൈവം കൊടുത്തിരിക്കുന്നത് എന്ന് മിക്കപ്പോഴും ചിന്തിച്ചുപോകുന്നു!)

ചാര്‍വാകവും അദ്വൈതവും ദ്വൈതവും വിശിഷ്ടാദ്വൈതവും ത്രൈതവും എല്ലാം ഒന്നുതന്നെ. അതെല്ലാം ഓരോരോ ചിന്താപദ്ധതികള്‍ ആണ്. ഏതെങ്കിലും ഒന്നു മനസ്സിലാക്കി നമ്മിലേക്ക്‌ ചിന്തിച്ചാല്‍ എല്ലാം എത്തിക്കുന്നത് ഒരിടത്ത് തന്നെയാകും - തന്നില്‍. തന്നെ തന്നത്താന്‍ അറിയാം. ഈ ചിന്താപദ്ധതികള്‍ ഒന്നും അറിയില്ലെങ്കിലും തുറന്ന ചിന്തയുള്ള എല്ലാവരും ഇവിടെ എത്തും, യാതൊരു ചിന്താധാരയുടെയും ആവശ്യം വരികയില്ല. അതിനാല്‍ തത്ത്വമസി, അഹംബ്രഹ്മാസ്മി തുടങ്ങിയ വാക്യങ്ങള്‍ക്കും യാതൊരു പ്രസക്തിയുടെയും ആവശ്യമില്ല.

കമ്പ്യൂട്ടര്‍ സൃഷ്ടിച്ചത് മനുഷ്യര്‍ ആണെങ്കില്‍, അതുണ്ടാക്കാന്‍ ഉപയോഗിച്ച പദാര്‍ഥങ്ങള്‍ കിട്ടിയത് ഈ പ്രകൃതിയില്‍ ആണെങ്കില്‍, ഈ പ്രകൃതിയെ സൃഷ്ടിച്ചത് ദൈവമാണെങ്കില്‍, ഇങ്ങനെ സൃഷ്ടി ശൃംഖല മുകളിലേയ്ക്കുപോയാല്‍, ഈ ദൈവത്തെ സൃഷ്ടിച്ചത് ആര്, ആ സൃഷ്ടാവിനെ സൃഷ്ടിച്ചത് ആര്, അങ്ങനെ പോകും ചിന്തകള്‍. എന്തിനു ഈ ലോകം തന്നെ സൃഷ്ടിച്ചിട്ട് മനുഷ്യനെ സൃഷ്ടിച്ചിട്ട് ഇത്രയും തലവേദന വരുത്തിവച്ചു? നമ്മുടെ ബുദ്ധിയും യുക്തിയും ഇതിനൊക്കെ എന്തുത്തരം തരും? സൃഷ്ടിച്ച ഒരു ശക്തി ഉണ്ടെങ്കില്‍, അതാണ്‌ ദൈവം എന്ന് നാം വിശ്വസിച്ചതുകൊണ്ട് എന്തു പ്രയോജനം? ഓരോ ജീവിയുടെയും വിശ്വാസവും അവിശ്വാസവും നോക്കി പകരംചോദിക്കുന്ന ഒരു ശക്തിയാണോ ദൈവം?

നാം ദൈവത്തെ ആശ്രയിക്കുന്നതെന്തിന്? ദൈവം ഉണ്ടെങ്കിലെന്ത്? ഇല്ലെങ്കിലെന്ത്‌? (എന്താണ് അതുകൊണ്ടുണ്ടാകുന്ന വ്യത്യാസം?)

ഈയുള്ളവന്റെ ചോദ്യങ്ങളെല്ലാം എല്ലാ വിശ്വാസികള്‍ക്കും അന്ധവിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കുംഒക്കെ തോന്നാവുന്നവയാണ്. അതിനാല്‍ ഓരോന്നിനും തക്കതായ മനസ്സിലാക്കാവുന്ന മറുപടികള്‍ തരുമെന്നു പ്രതീക്ഷിക്കുന്നു. (ഈയുള്ളവന്റെ ചിന്തയെ വിലയിരുത്താന്‍ ശ്രമിച്ചു വെറുതെ സമയം കളയരുതേ എന്ന് അഭ്യര്‍ത്ഥിക്കുന്നു. ചിന്തിക്കുന്ന ഒരു സാധാരണക്കാരന് തോന്നാവുന്ന ചോദ്യങ്ങള്‍ മാത്രം. ഇപ്പറഞ്ഞതൊന്നും ഇസ്ലാമിനെതിരെയല്ല എന്നു മനസ്സിലാക്കുമല്ലോ.)

ശ്രീ M.A Bakar, No, never offending.

നന്ദന പറഞ്ഞു...

ഇയ്യിടെയായി യുക്തിവാദികള്‍ നല്‍കിയ പോസ്റ്റ്കള്‍ നന്ദനയെ സ്വാധീനിച്ചു. ഞാൻ മുമ്പും പറഞ്ഞിട്ടുണ്ട് എന്നെ ഒന്നും സ്വാധീനിച്ചില്ല അങ്ങനെയെങ്കിൽ ഞാൻ കമ്മ്യുണിസ്റ്റായിരുന്നു ആകേണ്ടിയിരുന്നത്, ഞാനൊരിക്കലും വായിക്കുന്നത് ആകാൻ ശ്രമിക്കാറില്ല! ഇവിടെ വിശ്വാസവും യാതാർഥ്യവും തമ്മിലാണ് വാദം, ഉദാഹരണത്തിന് അമ്മ ഒരാൾക്ക് യാതാർഥ്യമാവുമ്പോൽ അച്ചൻ വിശ്വാസമാണ് ആ വിശ്വാസം തെളിയിക്കേണ്ടത് ഡി എൻ എ പോലുള്ള റ്റെസ്റ്റിലൂടെയാണ്, ആ ഒരു ടെസ്റ്റാണ് താങ്കളിൽ നിന്നും ഞാൻ പ്രതീക്ഷിക്കുന്നത്. കാരണം ഹിന്ദുമത,ഇസ്ലാം,ക്രിസ്റ്റ്യൻ അങ്ങിനെയുള്ള മതങ്ങളിലൊക്കെ ഞാൻ കണ്ടത് ദൈവത്തിലുള്ള/ദൈവം ഉണ്ട് എന്നുള്ള വിശ്വസമാണ്. ഞാൻ അവിടെ നിന്നൊക്കെ വിട്ട് യുക്തിവാദിയെ അറിയാൻ ശ്രമിച്ചപ്പോൽ അവിടേയും “വേണമെങ്കിൽ ദൈവത്തിൽ വിശ്വസിക്കാം പക്ഷെ ഏക ദൈവത്തിൽ ആയിരിക്കണം” എന്നാണ് എനിക്ക് മനസ്സിലായത്. ഒരിക്കൽ കൂടി പറയാം ഞാൻ വിശ്വസത്തിൽ നിന്നും വിട്ട് യാതാർഥ്യത്തിലേക്കുള്ള യാത്രയിലണ് (യതാർഥ ദൈവം ഉണ്ടോ ഇല്ലയോ എന്ന് കണ്ടെത്താൻ) വിശ്വസത്തിൽ നമുക്ക് പലതും പറയാം യാതാർഥ്യത്തിൽ നമുക്ക് ഒന്നേ പറയാൻ കഴിയൂ, ചില ജീവികളില്‍ ചില പോരായ്മകള്‍ കാണപ്പെടുന്നു എന്ന് ഒഴുക്കൻ മട്ടിൻ നമുക്കെങ്ങനെ പറയാൻ കഴിയും അതൊരു മഹത്തായ സ്രിഷ്ടാവിന്റെ സ്രിഷ്ടിയാണ്. അപ്പോൽ താങ്കൽ പറയും സ്രിഷ്ടിപ്പീലെ രഹസ്യം പൂർണ്ണമായി നമുക്കറിയില്ലയെന്ന്. ഇവിടെയാണ് വിശ്വാസവും യാതാർഥ്യവും വേർതിരിയുന്നത്. ഒരു വിശ്വാസിക്ക് ഇവിടം വരേ പോകാൻ കഴിയൂ‍,അതേ സമയം യാതാഥ്യവാദിക്ക് അവിടെ നിന്നും അന്വേഷണം തുടങ്ങാം (ഇതൊരു കുറ്റപ്പെടുത്തലായി തോന്നരുത്) എന്റെ സമയം അനുവദിക്കാത്തത് കാരണം നിർത്തുന്നു.

CKLatheef പറഞ്ഞു...

V.B.Rajan said..

ദൈവവും, വേദവും, പിശാചും, മലാഖയും മനുഷ്യമനസ്സില്‍ രൂപം കൊണ്ടതാണ് എന്നത് വിശ്വാസമല്ല ബോധ്യമാണ്. അത് ഭൂമി ഉരുണ്ടുതാണെന്ന് എനിക്ക് ബോധ്യമുള്ളതു പോലെ. ആ ബോധ്യം തെളിവുകള്‍ നിരത്തി സ്ഥാപിച്ചെടുക്കേണ്ട ആവശ്യം എനിക്കില്ല.

പ്രിയ രാജന് ‍,

അതിനാല്‍ താങ്കള്‍ ഒരു ഉറച്ചബോധ്യത്തിലെത്തി. അത് സ്ഥാപിച്ചെടുക്കാനോ അഥവാ മറ്റുള്ളവരെ ബോധ്യപ്പെടുത്താനോ നിങ്ങളില്ല. എന്ന് വെച്ചാല്‍ നിങ്ങളുമായുള്ള ചര്‍ച അപ്രസക്തമായി മാറി എന്നര്‍ഥം. അതിനാല്‍ തല്‍കാലം ശ്രീ.ശ്രേയസുമായി ചര്‍ചതുടരും.

CKLatheef പറഞ്ഞു...

@Nandana

'അമ്മ ഒരാൾക്ക് യാതാർഥ്യമാവുമ്പോൽ അച്ചൻ വിശ്വാസമാണ് ആ വിശ്വാസം തെളിയിക്കേണ്ടത് ഡി എൻ എ പോലുള്ള റ്റെസ്റ്റിലൂടെയാണ്, ആ ഒരു ടെസ്റ്റാണ് താങ്കളിൽ നിന്നും ഞാൻ പ്രതീക്ഷിക്കുന്നത്.'

അത്തരമൊരു ടെസ്റ്റിലൂടെയാണ് ഖുര്‍ആനിലുള്ള വിശ്വാസം ഞാന്‍ സ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതെങ്കില്‍ താങ്കള്‍ ഉറപ്പായും നിരാശപ്പെടേണ്ടിവരും. കാരണം അങ്ങനെ സ്ഥാപിക്കാവുന്ന ദൈവത്തില്‍ ആദ്യമായി അവിശ്വസിക്കുന്നത് ഞാനാണ് എന്നതുകൊണ്ടുതന്നെ.

V.B.Rajan പറഞ്ഞു...

CKLatheef പറഞ്ഞു...

"അത് സ്ഥാപിച്ചെടുക്കാനോ അഥവാ മറ്റുള്ളവരെ ബോധ്യപ്പെടുത്താനോ നിങ്ങളില്ല."

എന്തിനുവേണ്ടി ലത്തീഫ്. ആ ബോധ്യം വരണമെങ്കില്‍ കണ്ണും മനസ്സും തുറന്നു വച്ചാല്‍ മാത്രം മതി. കുറച്ചു ശുദ്ധവായു കടന്നു വരാന്‍ അനുവദിക്കൂ. മനുഷ്യനിര്‍മ്മിതമായ ചിന്താപദ്ധതികള്‍ക്ക് മനുഷ്യന്‍ അടിമയല്ല എന്നു മനസ്സിലാക്കു. അതു മനസ്സിലാവണമെങ്കില്‍ വിശ്വസത്തിന്റെ ചങ്ങലകള്‍ പൊട്ടിക്കാനുള്ള ധൈര്യം കാണിക്കണം.

നന്ദന പറഞ്ഞു...

താങ്കൽക്ക് അതുപോലുള്ള ശക്തമായ തെളിവുകളിൽ/ ദൈവത്തിൽ വിശ്വസിക്കൻ കഴിയില്ല കാരണം അത് ഖുർആന് എതിരാവും എന്നുള്ളത് കൊണ്ട് അത് എനിക്കറിയാം അത്കൊണ്ട് ഇങ്ങനെയെന്തെക്കിലും ആവും മറുപടി എന്ന് ഞാനും ഊഹിച്ചു. എന്തായാലും ചർച്ച തുടരട്ടെ!!! എല്ലാ നന്മകളും നേരുന്നു.

CKLatheef പറഞ്ഞു...

പ്രിയ നന്ദന, രാജന്‍

രണ്ടുപേര്‍ക്കുമുള്ള ഈ പോസ്റ്റിലെ അവസാന് പ്രതികരണം.

@രാജന്‍ ,

ആരാണ് മനസ്സും കണ്ണുതുറന്ന് വെക്കുന്നതെന്ന് വിധിക്കാനുള്ള അവകാശം നമ്മെ വായിക്കുന്നവര്‍ക്ക് വിടുക. മനുഷ്യനിര്‍മിതമായ ചിന്താപദ്ധതികളുടെ അടിമയാകരുത് എന്നാണ് എനിക്ക് ആദ്യന്തികമായി പറയാനുള്ളത്. ദൈവദത്തമായ ദര്‍ശനങ്ങളെ അവഗണിക്കുന്നവരെല്ലാം തന്റെയോ തന്നെപോലുള്ളവര്‍ നിര്‍മിച്ച അന്ധകാരത്തില്‍ നട്ടം തിരിയും.

@നന്ദന

താങ്കള്‍ക്ക് സമാധാനമായല്ലോ. എന്റെ പക്കല്‍ താങ്കളുദ്ദേശിച്ച തെളിവില്ലെന്ന് മനസ്സിലായല്ലോ. ആദ്യമായി അപ്രകാരം സംഭവിച്ചാല്‍ ഖുര്‍ആന് എതിരാവും പിന്നീട് എന്റെ ബുദ്ധിക്കും. കാരണം ഒരു പദാര്‍ഥനിര്‍മിതനായ ഒന്നിന് മറ്റൊരു പദാര്‍ഥത്തെ നിര്‍മിക്കാനാവില്ല. ദൈവം പദാര്‍ഥമാണെന്ന് വരുമ്പോള്‍ അതിനൊരു നിര്‍മാതാവ് ആവശ്യമാകും. നിര്‍മിക്കപ്പെട്ടത് സ്രഷ്ടാവല്ല സൃഷ്ടിയാണ് അതിനാല്‍. സ്രഷ്ടാവിനെ സൃഷ്ടിച്ചവനില്ല. ഭൗതികമല്ലാത്തതിനാല്‍ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കണ്ടെത്താനുമാവില്ല.

പ്രിയ ശ്രീ.ശ്രേയസ് ,

താങ്കള്‍മാത്രമാണ് ഇപ്പോള്‍ ചര്‍ചയിലുള്ളത്. താങ്കളുടെ ചോദ്യങ്ങള്‍ക്ക് മറുപടി ഉദ്ദേശിക്കാന്നുണ്ട്. അതിന് മുമ്പ് ഈ പോസ്റ്റ് ഒന്ന് വായിക്കുന്നത് നന്നായിരിക്കുമെന്ന് കരുതുന്നു.

ദൈവത്തെ സൃഷ്ടിച്ചതാര്

Unknown പറഞ്ഞു...

ഒരിക്കല്‍ ഞാനിവിടെ വന്ന് ഒരഭിപ്രായം പറഞ്ഞു പോയതിനാല്‍ അതിന് ശേഷം ഇവിടെ നടക്കുന്ന സംവാദം സാകൂതം വീക്ഷിക്കുന്നുണ്ടായിരുന്നു. വല്ലാത്ത ഒരു ധര്‍മ്മസങ്കടത്തിലാണ് ഞാന്‍. വീണ്ടും ഈ ചര്‍ച്ചയില്‍ ഇടപെടാന്‍ താല്പര്യമുണ്ടായിരുന്നു. യുക്തിവാദത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് എന്റെ അഭിപ്രായങ്ങള്‍. അത് പറഞ്ഞാല്‍ വിശ്വാസികളുടെ മനസ്സിനെ തെല്ലെങ്കിലും അസ്വസ്ഥമാക്കാനിട വരാതെ എങ്ങനെ അവതരിപ്പിക്കും എന്നതാണ് എന്റെ സങ്കടം. വാക്കുകളും ആശയങ്ങളും കൊണ്ട് ആരുടെയും മനസ്സിനെ മുറിവേല്‍പ്പിക്കരുത് എന്നാണ് ഇപ്പോഴെന്റെ പോളിസി. മാത്രമല്ല വിശ്വസിക്കാന്‍ മനുഷ്യര്‍ക്ക് ഒരു പ്രപഞ്ചശക്തി അഥവാ ദൈവം കൂടിയേ തീരൂ എന്നും ഞാനിപ്പോള്‍ കരുതുന്നു. എന്നാല്‍ എനിക്കെന്റെ യുക്തിബോധത്തെ വഞ്ചിക്കാനും കഴിയില്ല.

സൃഷ്ടിക്കപ്പെടാതെ ഒന്നും സ്വയംസൃഷ്ടമാകുകയില്ല എന്ന ലോജിക്കാണ് സൃഷ്ടികര്‍ത്താവ് എന്ന നിഗമനത്തിലേക്ക് വിശ്വാസികളെ നയിക്കുന്നത്. ലോജിക്കും നിഗമനവും എന്ന് പറയാന്‍ കാരണം സൃഷ്ടി നടക്കുമ്പോള്‍ സൃഷ്ടികര്‍ത്താവ് മാത്രമല്ലെ ഉള്ളൂ. സൃഷ്ടിക്ക് മുന്‍പോ? സ്രഷ്ടാവ് മാത്രം! പ്രപഞ്ചമോ മറ്റൊന്നും തന്നെ ഇല്ല. അങ്ങനെ സ്രഷ്ടാവ് മാത്രമുള്ള ഒരവസ്ഥയില്‍, ആ സ്രഷ്ടാവ് പ്രപഞ്ചത്തെ സൃഷ്ടിക്കുകയും അതിന് പ്രവര്‍ത്തനമാര്‍ഗ്ഗരേഖ ഉണ്ടാക്കുകയും അത് പരിപാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുന്നു. ഇത്രയും നിഗമനങ്ങളില്‍ എത്തിയതിന് ശേഷം, സൃഷ്ടിക്ക് മുന്‍പ് എങ്ങനെ സ്രഷ്ടാവ് മാത്രം പ്രപഞ്ചം പോലുമില്ലാത്ത അവസ്ഥയില്‍ നിലനിന്നു എന്ന സംശയം വിശ്വാസികള്‍ക്ക് ഉണ്ടാവുന്നില്ല. സൃഷ്ടിപ്പ് വരെ പ്രവര്‍ത്തിച്ച ലോജിക്ക് സൃഷ്ടിക്ക് മുന്‍പത്തെ അവസ്ഥയിലേക്ക് നീളുന്നുമില്ല. എന്നാല്‍ യുക്തിവാദികളില്‍ ആ ലോജിക്കും പ്രവര്‍ത്തിക്കുന്നു. അതാണ് അവരുടെ ഒരു കാതലായ പ്രശ്നം.

ഈ പ്രപഞ്ചം അതിന്റെ അസ്തിത്വവുമായി വേറിട്ട ഒന്നായും , സൃഷ്ടിച്ച സ്രഷ്ടാവ് മറ്റൊരു നാഥനായി വേറിട്ടും രണ്ടും രണ്ടായി നിലനില്‍ക്കുന്നുണ്ടോ? ഇല്ല്ല എന്നാണ് ഭാരതതത്വചിന്തയുടെ പ്രമുഖ വിഭാഗമായ അദ്വൈതസിദ്ധാന്തം ഉല്‍ഘോഷിക്കുന്നത്. ദ്വൈതമായി ഒന്നുമില്ല. സൃഷ്ടിയും സ്രഷ്ടാവും വേറെ വേറെ ഇല്ല. പ്രപഞ്ചവും പ്രകൃതിയും ശക്തിയും എല്ലാം അദ്വൈതമായി,അവിഭാജ്യമായി നിലനില്‍ക്കുന്നു. ഇതാണ് അഹംബ്രഹ്മാസ്മിയുടെ പൊരുള്‍. രണ്ടുണ്ടെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അതയാളുടെ തോന്നല്‍ മാത്രമാണ്. കയറിനെ കണ്ട് പാമ്പെന്ന് തോന്നിയാല്‍, തോന്നലുകാരന് മാത്രമാണ് അതിന്റെ ഉത്തരവാദിത്വം. പാമ്പ് അവിടെ ഇല്ല. ഇതെല്ലാം തന്നെ നിഗമനങ്ങളാണ്. എന്നാല്‍ ഇത്തരം നിഗമനങ്ങള്‍ യുക്തിവാദിയുടെ അന്വേഷണത്വരയെ തൃപ്തിപ്പെടുത്തുന്നില്ല. ലോജിക്കുകകള്‍ ന്യായമാണെങ്കിലും നിഗമനങ്ങളില്‍ ധാരാളം വൈരുദ്ധ്യങ്ങള്‍. നിഗമനങ്ങളെയാണ് ആളുകള്‍ വിശ്വസിക്കുന്നത്.

വിശ്വാസികള്‍ പരസ്പരം ഇങ്ങനെയുള്ള നിഗമനങ്ങളെ തള്ളിക്കളയുമ്പോള്‍ അവയിലേതെങ്കിലുമൊന്ന് സ്വീകരിക്കാന്‍ യുക്തിവാദികള്‍ക്ക് എപ്രകാരം കഴിയും? ജബ്ബാര്‍ മാഷിന്റെയും വി.ബി.രാജന്റെയും മറ്റും പ്രശ്നം ഇതാണ്. ഇവിടെ തന്നെ ശ്രീയും ലത്തീഫും അവരവരുടെ വിശ്വാസങ്ങളെ പരസ്പരം നിരാകരിക്കുന്നുണ്ട്. അത്രയേ യുക്തിവാദികളും ചെയ്യുന്നുള്ളൂ. ഒരു വിശ്വാസി തന്റേതൊഴികെ മറ്റെല്ലാ വിശ്വാസങ്ങളെയും നിരാകരിക്കുമ്പോള്‍ യുക്തിവാദി ആ ഒരു വിശ്വാസത്തെയും ചേര്‍ത്ത് നിരാകരിക്കുന്നു. എത്രയോ വിശ്വാസങ്ങളില്‍ ഒരേയൊരു വിശ്വാസത്തെ മാത്രം നിരാകരിക്കുന്നതിലും സ്വീകരിക്കുന്നതിലും മാത്രമേ വിശ്വാസികളും യുക്തിവാദികളും തമ്മില്‍ തര്‍ക്കമുള്ളൂ.

യുക്തിവാദി ഒന്നും വിശ്വസിക്കുന്നില്ല. അയാള്‍ വസ്തുതകള്‍ മനസ്സിലാക്കുന്നേയുള്ളൂ. മനസ്സിലാക്കുന്ന കാര്യം വിശ്വസിക്കേണ്ടതില്ലല്ലൊ. ഭൂമി ഉരുണ്ടതാണെന്ന് അയാള്‍ മനസ്സിലാക്കുകയാണ് ചെയ്യുന്നത്. അത്കൊണ്ട് ഭൂമി ഉരുണ്ടതാണെന്ന് അയാള്‍ വിശ്വസിക്കുന്നില്ല. മനസ്സിലാകാത്ത കാര്യങ്ങള്‍ മനസ്സിലാക്കിയതിന് പുറത്ത് മനസ്സിലാകാത്തവയായി യുക്തിവാദി സൂക്ഷിക്കുന്നു. എന്നെങ്കിലും മനസിലായായാല്‍ ആയി ഇല്ലെങ്കില്‍ ഇല്ല. എല്ലാം മനസ്സിലാക്കിയേ പറ്റൂ എന്ന് യുക്തിവാദിക്ക് നിര്‍ബന്ധമില്ല. അത്കൊണ്ട് എത്രയോ കാര്യങ്ങളെ കുറിച്ച് യുക്തിവാദികള്‍ അജ്ഞരാണ്. യുക്തിവാദികളില്‍ തന്നെ മനസ്സിലാക്കലുകളില്‍ തുല്യതയില്ല.

Unknown പറഞ്ഞു...

അറിവ് എന്നാല്‍ എന്താണ്? യുക്തിവാദികളെ സംബന്ധിച്ച് പഞ്ചേന്ദ്രിയങ്ങളില്‍ കൂടി ഒരാളുടെ തലച്ചോറിലേക്കെത്തുന്ന വിവരങ്ങളുടെ (ഇന്‍‌പുട്ട്) ആകത്തുക മാത്രമാണ് അയാളുടെ അറിവ്. ആ അറിവുകളാണ് ഒരാളില്‍ ചിന്ത (ഔട്ട്‌പുട്ട്) ഉണ്ടാക്കുന്നത്. ഇന്‍‌പുട്ട് പ്രോസസിങ്ങിന് വിധേയമാകുമ്പോള്‍ ലഭിക്കുന്ന ഔട്ട്‌പുട്ട് കുറെക്കൂടി സമ്പന്നവും സമ്പുഷ്ടവുമാകും. അങ്ങിനെയാണ് അറിവുകളും ചിന്തകളും വളരുന്നത്. ജനിച്ചതിന് ശേഷം പുറം‌ലോകത്ത് നിന്ന് ഒരു ഔട്ട്‌പുട്ടും ലഭിച്ചില്ലെങ്കില്‍ ആ ശിശു വളര്‍ന്നാല്‍ ജന്മസഹജമായ മനുഷ്യവാസനകള്‍ പ്രകടിപ്പിക്കുമെന്നല്ലാതെ മൃഗസമാനനായ വ്യക്തിയായിരിക്കും അയാള്‍. തന്നിലേക്ക് ആഴ്ന്നിറങ്ങുക, അനുഭവിക്കുക ഇത്യാദി വാദങ്ങള്‍ യുക്തിവാദികളുടെ ലോജിക്കുമായി സമരസപ്പെടുന്നില്ല എന്ന് സൂചിപ്പിക്കാനാണ് ഇത് പറഞ്ഞത്.

പ്രപഞ്ചത്തെ സൃഷ്ടിച്ച സ്രഷ്ടാവിനും സൃഷ്ടിക്കപ്പെട്ട മനുഷ്യര്‍ക്കും ഇടയില്‍ പ്രവാചകന്മാരും അവതാരങ്ങളും മതങ്ങളും ഗ്രന്ഥങ്ങളും ഇടനിലക്കാരും ആവശ്യമാണ് എന്ന നിഗമനങ്ങളിലേക്ക് വിശ്വാസികളെ എത്തിച്ച ലോജിക്ക് അന്വേഷിക്കേണ്ട കാര്യം യുക്തിവാദികള്‍ക്കില്ല. എന്നാല്‍ മനുഷ്യരെ മനുഷ്യരായി മാത്രമാണ് യുക്തിവാദികള്‍ കാണുന്നത്. ഒറ്റ മനുഷ്യര്‍, ഒറ്റ ജീവിതം. ഇതില്‍ വേര്‍തിരിവുകള്‍ വിഭാഗീയതകള്‍ ആരോപിക്കാന്‍ യുക്തിവാദികളുടെ ലോജിക്ക് അനുവദിക്കുന്നില്ല. വിശ്വാസികള്‍ക്ക് ഈ സമഗ്രബോധം ഇല്ല്ല്ലാതെ പോകുന്നത്കൊണ്ടാണ് മതങ്ങളെ എതിര്‍ക്കാന്‍ യുക്തിവാദികളെ പ്രേരിപ്പിക്കുന്ന ഒരു ഘടകം.

ഈ പ്രപഞ്ചത്തെയും പ്രകൃതിയെയും മനുഷ്യനെയും പറ്റി മനസ്സിലാക്കാന്‍ വിശ്വാസങ്ങള്‍ എന്നെ സഹായിക്കുന്നില്ല. അത്കൊണ്ടാണ് യുക്തിവാദത്തിന്റെ പാതയിലൂടെ എനിക്ക് സഞ്ചരിക്കേണ്ടി വന്നത്. ഇതില്‍ വിശ്വാസികള്‍ എന്നോട് പൊറുക്കട്ടെ. ഒരേ സമയം എല്ലാ വിശ്വാസികളുടെയും ഒപ്പം നീങ്ങാന്‍ എനിക്ക് കഴിയുമായിരുന്നില്ലല്ലൊ.

ചിന്തകന്‍ പറഞ്ഞു...

...അതെ, എല്ലാവര്‍ക്കും ബാധകമാണ്! മനുഷ്യന് 'ബുദ്ധി' കൂടിയത് കാരണം സത്യത്തെ മിഥ്യയെന്നും മിഥ്യയെ സത്യമെന്നുമൊക്കെ പറയുന്നു.
ഒരു കാര്യത്തെ സംബന്ധിച്ച് സത്യമേത് മിഥ്യയേത് എന്ന് നാം വിധി കല്പിക്കുന്നതെങ്ങനെ?. നാം പറയുന്നു, ഒന്നും പുര്‍ണമല്ലെന്ന്. നമുക്കെങ്ങനെയാണിത് പറയാന്‍ കഴിയുന്നത്? പൂര്‍ണമായത് ഏതാണെന്ന് നമുക്കറിഞ്ഞെങ്കിലല്ലേ അതിലെ അപൂര്‍ണതയെ കുറിച്ച് നാം അറിയുകയുള്ളൂ. പൂര്‍ണതയുടെ മാനദണ്ഡമെന്താണ്.? അത് നമുക്ക് കണക്കാക്കാന്‍ കഴിയുമോ?

പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളും മനുഷ്യനെ പോലെ ചിന്തിക്കുന്നുണ്ടെന്ന് പറയുന്നതു എന്തിന്റെ അടിസ്ഥാനത്തില്‍? നമ്മുടെ യുക്തി ഒരു നിലക്കും ഉള്‍ക്കൊള്ളാവനാത്ത വെറും അന്ധമായ ഒരു വിശ്വാസമായി മാത്രമേ ഇത്തരം കണ്ണടച്ചു പറയുന്ന കാര്യങ്ങളെ കണക്കാക്കാനാവൂ. സ്വയം അറിയുക എന്നാലെന്താണ്? ഇങ്ങനെ സ്വയം അറിഞ്ഞത് കൊണ്ടെന്ത് കാര്യം? യാതൊരടിസ്ഥാനവുമില്ലാതെ ‘സ്വയം അറിയുക‘ എന്ന് പറയുന്നത് വെറും അന്ധവിശ്വാസം മാത്രമല്ലേ ആകുന്നുള്ളൂ. ‘അഹം ബ്രഹ്മാസ്മി‘ എന്ന ഒരു വെറുമൊരു പ്രസ്ഥാവനയെ വ്യഖ്യനിച്ച് വ്യാഖ്യാനിച്ച്, ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയാത്ത കടുകട്ടിയാ ഭാഷാ പ്രയോഗങ്ങളിലൂടെ ആളുകളെ കബളിപിച്ചത് കൊണ്ട് മാത്രം, ഇതില്‍ വല്ല യാഥാര്‍ഥ്യവുമുണ്ടെന്ന് കരുതാന്‍ കഴിയുമോ? എല്ലാം തനിയെ തന്നെയുണ്ടായി എന്നു പറയുന്നതിനെ മറ്റൊരു രൂപത്തില്‍ പറയുന്നതിനപ്പുറം അദ്വൈത വാദത്തില്‍ എനിക്കൊന്നും കാണാന്‍ കഴിയുന്നില്ല.ഞാനും ഞാനുണ്ടാക്കിയ വസ്തുവും ഒന്നാണെന്ന് പറയുന്നത് എപ്രകാരം ശരിയല്ല, അത് പോലെ തന്നെയാണ് ഇവിടെയും അവസ്ഥ.

വൈവിധ്യങ്ങളിലാണ് ഈ ലോകത്തിന്റെ നിലനില്പ്. എല്ലാം ഏകമായ അവസ്ഥയില്‍ മാത്രമേ വൈവിധ്യങ്ങള്‍ ഇല്ലാതാവുകയുള്ളൂ. വൈവിധ്യങ്ങളിലെ പരസ്പര പൂരകത്വമാണ് പ്രപഞ്ചത്തെ ചലനാത്മകമാക്കുന്നത്. വൈവിധ്യങ്ങള്‍ എന്നത് ദൈവത്തിന്റെ പക്ഷപാതിത്വമല്ല. പ്രപഞ്ചത്തിന്റെ ചലനാ‍ത്മകത വൈവിധ്യങ്ങളിലൂടെ ദൈവം മനോഹരമായി സംവിധാനിച്ചിരിക്കുന്നു എന്നാണ് യുക്തിപരമായി ചിന്തിക്കുന്ന ഒരാള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുക.

നാം നമ്മെ തിരിച്ചറിയേണ്ടത് യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊണ്ട് കൊണ്ടായിരിക്കണം. ചിന്തയെ ഭേദിച്ച് ശാന്തിയില്‍ എത്താം എന്നൊക്കെ പറയഞ്ഞത് കൊണ്ടായില്ല. അത് എങ്ങിനെ സാധ്യമാകും, അത് തന്നെയാണ് ശാന്തിയെന്ന് നാം മനസ്സിലാക്കുന്നതെങ്ങനെ? ഇവിടെയും ചോദ്യങ്ങള്‍ നിരവധിയാണ്. ഏത് നിലക്ക് ചിന്തിച്ചാലും നമ്മില്‍ ധാരാള ചോദ്യങ്ങള്‍ ഉത്തരമില്ലാതെ അവശേഷിക്കും.

“ചാര്‍വാകവും അദ്വൈതവും ദ്വൈതവും വിശിഷ്ടാദ്വൈതവും ത്രൈതവും എല്ലാം ഒന്നുതന്നെ“ എന്ന പ്രസ്ഥാവന ഒരു അന്ധവിശ്വാസം എന്നതിനപ്പുറത്തേക്ക് എനിക്ക് കാണാന്‍ കഴിയുന്നില്ല. ഏതര്‍ത്ഥത്തിലാണ് ഇത് ഒന്നാവുന്നത് എന്ന് വ്യക്തമാക്കപെടേണ്ടതുണ്ട്.

കമ്പ്യൂട്ടര്‍ സൃഷ്ടിച്ചത് മനുഷ്യര്‍ ആണെങ്കില്‍, അതുണ്ടാക്കാന്‍ ഉപയോഗിച്ച പദാര്‍ഥങ്ങള്‍ കിട്ടിയത് ഈ പ്രകൃതിയില്‍ ആണെങ്കില്‍, ഈ പ്രകൃതിയെ സൃഷ്ടിച്ചത് ദൈവമാണെങ്കില്‍, ഇങ്ങനെ സൃഷ്ടി ശൃംഖല മുകളിലേയ്ക്കുപോയാല്‍, ഈ ദൈവത്തെ സൃഷ്ടിച്ചത് ആര്, ആ സൃഷ്ടാവിനെ സൃഷ്ടിച്ചത് ആര്, അങ്ങനെ പോകും ചിന്തകള്‍.

അനാദിയായത്, സൃഷ്ടിക്കപെടാത്തത്, അത് തന്നെയാണ് ദൈവം. അപ്പോള്‍ ആ സ്രഷ്ടാവിനെ ആരു സൃഷ്ടിച്ച് എന്ന ചോദ്യത്തിനേ പ്രസ്കതിയില്ല. കാരണം സൃഷ്ടിക്കപെട്ടതൊന്നും ദൈവമല്ല,

ഈയുള്ളവന്‍ ഒരു നാസ്ഥികനല്ല, ആസ്തികന്‍ തന്നെയാണ്.
ഈ പറഞ്ഞതിന്റെ അര്‍ത്ഥം എന്താണെന്നൊന്ന് വ്യക്തമാക്കാമോ?

ഈയുള്ളവന്റെ ചോദ്യങ്ങളെല്ലാം എല്ലാ വിശ്വാസികള്‍ക്കും അന്ധവിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കുംഒക്കെ തോന്നാവുന്നവയാണ്.

നമ്മുടെ ഓരോരുത്തരും മനസ്സിലാക്കിയ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് കാര്യങ്ങളെ നാം ചര്‍ച്ച ചെയ്യുന്നത്. അത് നമുക്കോരോരുത്തര്‍ക്കുമുള്ള തോന്നലുകള്‍ക്കും ചോദ്യങ്ങള്‍ക്കും കിട്ടുന്ന ഉത്തരത്തിന്റെ അടിസ്ഥാനത്തില്‍ നിന്ന് തന്നെയായാവാനാണ് സാധ്യത.

CKLatheef പറഞ്ഞു...

പ്രിയ സുകുമാരന്‍ സാര്‍,

വളരെ വിശദമായ രണ്ടുകമന്റുകള്‍ക്കും നന്ദി. താങ്കളുടെ സന്നിദ്ധ്യവും മുന്‍വിധിയില്ലാത്ത നിലപാടും ഈ ചര്‍ചയെ സമ്പന്നമാക്കുന്നു. താങ്കളുടെ വാക്കുകള്‍ക്ക് അതിന്റെതായ-ഞാന്‍ പറയുക യുക്തിവാദികളില്‍ അപുര്‍വമായി കാണുന്ന- ഒരു മാര്‍ദ്ധവമുണ്ട്. ഇവിടെ പലപ്പോഴും എന്നോട് സംവദിക്കുന്ന യക്തിവാദികളിലധികവും. തങ്ങളുടെ മുന്‍ധാരണകള്‍ വിശ്വാസികളില്‍ അടിച്ചേല്‍പിക്കാനാണ് ശ്രമിക്കുന്നത്. അതോടൊപ്പം ഖുര്‍ആനില്‍ നിന്ന് തങ്ങള്‍ തെറ്റായി മനസ്സിലാക്കിയ കാര്യങ്ങള്‍ പുനരവതരിപ്പിക്കാനും. അതുകൊണ്ട് തന്നെ താങ്കള്‍ യുക്തിവാദികളുടെ സ്വഭാവമായി കണ്ടകാര്യങ്ങള്‍ താങ്കള്‍ അവരില്‍ കാണാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളായി എനിക്ക് തോന്നി. "ഒരര്‍ഥത്തില്‍ അനുശോചനകുറിപ്പുകളേക്കാള്‍ വലിയ സത്യമില്ല. അത് പരേതന്‍ എങ്ങനെ ജീവിക്കണമായിരുന്നു എന്ന് ക്യത്യമായി പറയുന്നു" എന്ന മഹദ്വചനം ഞാന്‍ അപ്പോള്‍ ഓര്‍ത്തു. നിങ്ങള്‍ മതങ്ങളെക്കുറിച്ച പൊതുവായി പറയുന്ന കാര്യങ്ങള്‍ നിഷേധിക്കുന്നതിനലേറെ ഞാന്‍ അനുകൂലിക്കുന്നു. ഇസ്‌ലാം പ്രത്യേകമായിതന്നെ പഠിക്കേണ്ടതുണ്ട് എന്ന് താങ്കള്‍ക്കെപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ എന്ന് മാത്രം താങ്കളില്‍നിന്നറിയാന്‍ എനിക്ക് താല്‍പര്യമുണ്ട്. താങ്കളുടെ ഈ സൗമ്യമായ നിലപാട് സോകാള്‍ഡ് യുക്തിവാദികള്‍ക്ക് ഒടും ദഹിക്കുന്നതല്ല എന്ന് എനിക്ക് വളരെ മുമ്പ്തന്നെ താങ്കളുടെ പോസ്റ്റിലെ ചര്‍ചയില്‍നിന്ന് മനസ്സിലായ കാര്യമാണ്. താങ്കളുടെ വൈജ്ഞാനികമായ കമന്റിന് ഒരിക്കല്‍ കൂടി നന്ദി.

CKLatheef പറഞ്ഞു...

Sri Said..

'പക്ഷികള്‍ കൂട് കൂടുന്നു. പണ്ടൊക്കെ ചുള്ളിക്കമ്പുകള്‍ ഉപയോഗിച്ച്. ഇപ്പോള്‍ ഇരുമ്പു കമ്പികളുടെയും പ്ലാസ്റ്റിക് ബാഗുകളുടെയും ഭാഗങ്ങള്‍ ഉപയോഗിച്ച്. അതുപോലെ മനുഷ്യനും ഓരോന്ന് കണ്ടുപിടിക്കുന്നു, കാണിക്കുന്നു, പിന്നെയും തേടുന്നു. എന്നെങ്കിലും എന്തെങ്കിലും കൊണ്ട് സമാധാനമാവുമോ? ഇതൊരു ചക്രം മാത്രം. (പിന്നെ, മനുഷ്യന് എന്തെങ്കിലും കൂടുതല്‍ കഴിവുണ്ടെങ്കില്‍ അത് പ്രകൃതിയെ നശിപ്പിക്കാനല്ലേ ദൈവം കൊടുത്തിരിക്കുന്നത് എന്ന് മിക്കപ്പോഴും ചിന്തിച്ചുപോകുന്നു!)'

ഈ ചര്‍ചയില്‍ ഒരു ഭാഗം ഇവിടെ നേരത്തെ നടന്ന ചര്‍ചയുടെ ആവര്‍ത്തനമാകുമോ എന്ന് ഞാന്‍ ശങ്കിക്കുന്നു. എങ്കിലും പറയട്ടെ. താങ്കളെ സംബന്ധിച്ച് മനുഷ്യനും ഇതരജീവികളും തമ്മില്‍ വലിയ അന്തരമില്ല. ഉണ്ടെങ്കില്‍ അത് മനുഷ്യന്‍ മറ്റുള്ളവയെക്കാള്‍ ബുദ്ധിയുണ്ട് എന്നതും. അതേ ബുദ്ധി ഉപയോഗിച്ച് സത്യത്തെ മിഥ്യയെന്നും മിഥ്യയെ സത്യമെന്നും പറയുന്നു. മറ്റുജീവികളിലും ഈ ചിന്ത ഉണ്ടാകാം എന്നും താങ്കള്‍ പറയുന്നു. ഇത് വെച്ച് താങ്കളോട് കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മുതിരുന്നതിലര്‍ഥമില്ല. ഇക്കാര്യത്തിന്റെ എന്റെ പ്രതികരണം ഖുര്‍ആനില്‍ വിശ്വസിക്കുന്നവരുടെ നിലപാട് വ്യക്തമാക്കുന്നതില്‍ മാത്രം പരിമിതപ്പെടുത്തുന്നു . അത് താങ്കള്‍ പറഞ്ഞതിന് വിരുദ്ധമാണ് എന്നാണ് എന്റെ നിഗമനം. അതുകൊണ്ട് രണ്ടും ഒരേ സമയം ശരിയാവില്ല.

എന്റെ വീക്ഷണമനുസരിച്ച്. മനുഷ്യന്‍ മറ്റുജീവികളില്‍ നിന്ന് തികച്ചും വ്യത്യസ്ഥനാണ്. ദൈവം മനുഷ്യനെ പ്രത്യേകമായി ആദരിച്ചിരിക്കുന്നു. കരയിലും കടലിലും അവനുദ്ദേശിക്കുന്നിടത്തേക്കും സഞ്ചരിക്കാനാവശ്യമായ വാഹനങ്ങളും അവനിഛിക്കുന്ന വിധം വീടുകള്‍ നിര്‍മിക്കാനും കഴിയുന്നു. കൂടുതല്‍ അറിവ് നേടാനും അത് വികസിപ്പിക്കാനും മനുഷ്യന് സാധിക്കും. എന്നാല്‍ മറ്റുജീവികള്‍, പക്ഷി കൂടുനിര്‍മിക്കുന്നതില്‍ യാതോരു പുരോഗതിയുമില്ല. ആദാമിന്റെ കാലത്ത് നിര്‍മിച്ച കാക്കയെ പോലെ തന്നെയാണ് ഇന്നും കാക്ക കൂടുനിര്‍മിക്കുന്നത്. അവ പ്ലാസ്റ്റിക്ക് ബാഗുകളും ഇരുമ്പും ഉപയോഗിക്കുന്നുണ്ടെങ്കില്‍ മരച്ചില്ലകളെക്കാള്‍ എളുപ്പം ലഭിച്ചത് അവയായത് കൊണ്ടായിരിക്കും. അല്ലാതെ മരച്ചില്ലകളെക്കാള്‍ നല്ലത് കൂടുനിര്‍മിക്കാന്‍ മനുഷ്യന്‍ ഉപേക്ഷിച്ച ഇത്തരം സാധനങ്ങളായതുകൊണ്ടല്ല. എന്ന് വെച്ചാല്‍ മനുഷ്യനല്ലാത്ത സകല ജീവികളും അവയുടെ ജന്മവാസനയനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. മനുഷ്യന്‍ സത്യത്തെ മിഥ്യയായികാണുക മാത്രമല്ല. സത്യത്തെ സത്യമായി കാണാനും മിഥ്യയെ മിഥ്യയായി കാണാനും കഴിയും. മനുഷ്യന് ലഭിച്ച് വിവേചനശക്തിയാണ് ഇതിനവനെ പ്രാപ്തനാക്കിയത്. ആത്മാവ് മനുഷ്യനില്‍മാത്രമാണുള്ളത്. മനുഷ്യന്‍ അവന്റെ കര്‍മങ്ങള്‍ക്ക് ഉത്തരവാദിയാണ്. അത് ഇഹലോകത്തും പരലോകത്തും. മനുഷ്യന് നല്‍കപ്പെട്ട കഴിവുകള്‍ അവന് രണ്ട് വിധത്തിലും ഉപയോഗിക്കാം പ്രകൃതിയെ നശിപ്പിക്കാനും പ്രകൃതിയെ സംരക്ഷിക്കാനും. അവന് നല്‍കപ്പെട്ട കഴിവുകളിലൂടെ അവന്‍ നിര്‍മാണാത്മകമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാണ് ദൈവം മനുഷ്യനില്‍ നിന്ന് തൃപ്തിപ്പെടുന്നത്. (cont..)

CKLatheef പറഞ്ഞു...

ഇങ്ങനെ നല്‍കപ്പെട്ട കഴിവുകള്‍ വ്യത്യസ്തമാകുമ്പോള്‍ ദൈവം പക്ഷപാതപരമായി പെരുമാറി എന്ന് പറയേണ്ടതില്ലേ എന്നാണ് താങ്കളുടെ ആശങ്ക. ഇല്ല എന്നാണ് ഉത്തരം ഓരോ ജീവിക്കും ഇവിടെ ജീവിക്കാനും ഈ ഭൂമിയില്‍ അതാതിന്റെ കാലവധി പൂര്‍ത്തീകരിച്ച് ജീവിതം അവസാനിപ്പിക്കാനും ഉപയുക്തമമായ കഴിവുകളാണ് നല്‍കിയിരിക്കുന്നത്. ഓരോന്നിനും ഓരോ ധര്‍മമുണ്ട്. അവ അത് കൃത്യമായി നിര്‍വഹിക്കുന്നു. മനുഷ്യന് മറ്റുള്ള ജീവികളുടെ സേവനം ആവശ്യമുണ്ട്. എന്നാല്‍ മറ്റുജീവികള്‍ക്ക് മനുഷ്യന്റെ അസ്തിത്വം ആവശ്യമല്ല. ഇത് നല്‍കുന്ന സൂചന മനുഷ്യര്‍ക്ക് ഉപയോഗപ്പെടുത്തുന്നതിന് വേണ്ടിയാണ് മറ്റുജീവികളും സംവിധാനങ്ങളും അടിസ്ഥാനമായി നിര്‍മിക്കപ്പെട്ടിരിക്കുന്നത് എന്നാണ്. ഖുര്‍ആനിക സൂക്തങ്ങള്‍ക്കനുസരിച്ച് ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ എനിക്ക് ഇപ്രകാരം സംഗ്രഹിക്കാന്‍ കഴിയും.

ഇനി കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ മുമ്പ് നടന്ന ചര്‍ചയില്‍ ഉയര്‍ന്ന് വന്ന സംശയം വളരെ ബാലിഷമായിട്ടാണ് എനിക്ക് തോന്നിയത്. എങ്കില്‍ ഭൂമിയില്‍ വലിയ ഒരു ഭാഗം മരുഭൂമിയാണല്ലോ. ഭൂമിയില്‍
വളരെക്കുറച്ച് ഭാഗംമാത്രമേ വാസയോഗ്യമായിട്ടള്ളൂ. ആഫ്രിക്കന്‍ വനാന്തരങ്ങളിലെ ജീവികള്‍ ഒരിക്കനും ഒരു മനുഷ്യനെയും കണ്ടുമുട്ടാതെ ചത്തുപോകുന്നുണ്ടല്ലോ. കടലിന്റെ അടിത്തട്ടിലുള്ള ജീവികള്‍ക്കൊണ്ട് മനുഷ്യനെന്ത് പ്രയോജനം തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തപ്പെട്ടു. ഇനിയും വേണമെങ്കില്‍, മൂട്ടയെകൊണ്ടും കൊതുകിനെക്കൊണ്ടും എന്ത് പ്രയോജനം എന്ന് ചോദിക്കാം. മറ്റൊരു യുക്തിവാദി ചോദിക്കുന്നത്, ഈ കൊതുകിന്റെ ഭക്ഷണം മനുഷ്യന്റെ ചോരതന്നെ വേണമെന്ന് വിധിച്ച ദൈവികതീരുമാനത്തിനെ നൈതികതയെപ്പറ്റിയാണ്. ഞാന്‍ പറയുന്നത് നേരിട്ട് കോഴിയെ അറുത്ത് ഭക്ഷിക്കുന്ന പോലെ ഉപയോഗപ്പെടുത്തിയാലെ ജീവികളെകൊണ്ടുള്ള പ്രയോജനമാകൂ എന്നില്ലല്ലോ. യുക്തിവാദികള്‍ പറയുന്നത് രോഗംവരുന്നത് സൃഷ്ടിപ്പിലുള്ള വൈകല്യമായിട്ടാണ്. രോഗം വരാത്തതും മരിക്കാത്തതുമായ ഒരവസ്ഥ സങ്കല്‍പിക്കാന്‍ രസമുണ്ടെങ്കിലും മനുഷ്യജീവിതത്തിനും മനുഷ്യകുലത്തിന്റെ സ്വസ്തതക്കും അവവഹിക്കുന്ന പങ്ക് അത്ര അവ്യക്തമാണെന്ന് തോന്നുന്നില്ല. 'കാലനില്ലാത്ത കാലം' അത്ര സുഖകരമല്ല എന്ന് അറിയാത്തവരുണ്ടാകുമോ.

CKLatheef പറഞ്ഞു...

Sri Said..

'എന്തിനു ഈ ലോകം തന്നെ സൃഷ്ടിച്ചിട്ട് മനുഷ്യനെ സൃഷ്ടിച്ചിട്ട് ഇത്രയും തലവേദന വരുത്തിവച്ചു? നമ്മുടെ ബുദ്ധിയും യുക്തിയും ഇതിനൊക്കെ എന്തുത്തരം തരും? സൃഷ്ടിച്ച ഒരു ശക്തി ഉണ്ടെങ്കില്‍, അതാണ്‌ ദൈവം എന്ന് നാം വിശ്വസിച്ചതുകൊണ്ട് എന്തു പ്രയോജനം? ഓരോ ജീവിയുടെയും വിശ്വാസവും അവിശ്വാസവും നോക്കി പകരംചോദിക്കുന്ന ഒരു ശക്തിയാണോ ദൈവം?

നാം ദൈവത്തെ ആശ്രയിക്കുന്നതെന്തിന്? ദൈവം ഉണ്ടെങ്കിലെന്ത്? ഇല്ലെങ്കിലെന്ത്‌? (എന്താണ് അതുകൊണ്ടുണ്ടാകുന്ന വ്യത്യാസം?)'


മനുഷ്യനും വിശ്വാസവും തമ്മില്‍ ബന്ധപ്പെടുത്തി ചിന്തിക്കുമ്പോള്‍ ഉത്തരം ലഭിക്കേണ്ടുന്ന അടിസ്ഥാന ചോദ്യങ്ങളാണിവ എന്ന കാര്യത്തില്‍ എനിക്കൊരു സംശയവുമില്ല. ഈ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടിയില്ലാത്തവരുടെ വിശ്വാസം അന്ധമായിരിക്കും (എല്ലാവിശ്വാസങ്ങളും അന്ധമാണ് എന്ന് കരുതുന്നവരെ ഞാന്‍ അവഗണിക്കുന്നു). അന്ധമായ വിശ്വാസത്തിന്റെ പ്രത്യേകത അതിന് നിലനില്‍പ്പുണ്ടാകുകയില്ല അത് ഏത് സമയവും മാറിമറിയാം എന്നതാണ്. എന്ന ദൃഢവിശ്വാസം എന്നത് വ്യക്തമായ ചില വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുന്നതാണ് അത് മരിക്കുന്നത് വരെ മാറുകയില്ല (ഈ പറഞ്ഞത് ദൃഢവിശ്വാസികള്‍ക്കല്ലാതെ ഉള്‍കൊള്ളാനും കഴിയില്ല.) ഈ ദൃഢവിശ്വാസമാണ് മനുഷ്യനെ പ്രവര്‍ത്തിപ്പിക്കുന്നത്. അതുകൊണ്ട് തുടര്‍ന്നുള്ള ഏതാനും കമന്റില്‍ ഇവക്ക് മറുപടി പറയാന്‍ ശ്രമിക്കാം.

ശ്രീയുടെ കമന്റില്‍ ഏതാനും ഭാഗങ്ങള്‍ക്ക് ചിന്തകന്‍ പ്രതികരിച്ചിട്ടുണ്ട്. ആ ഭാഗം ഞാന്‍ വിടുന്നു.

CKLatheef പറഞ്ഞു...

പ്രിയ ശ്രി.ശ്രേയസ്..

താങ്കളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ ഇവിടെ നല്‍കുന്നത് സാങ്കേതികമായ പ്രയാസകരമായി മാറുമെന്നതിനാലും വളരെ പ്രസക്തമെന്ന് തോന്നിയതിനാലും ഒരു പോസ്റ്റായി പ്രസിദ്ധീകരിച്ച് എന്റെ പ്രതികരണം അറിയിക്കാമെന്ന് കരുതുന്നു. താങ്കള്‍ക്ക് തൃപ്തികരമായ ഒരു മറുപടി നല്‍കുവാന്‍ ദൈവം എന്റെ അനുഗ്രഹിക്കുമാറാകട്ടെ. ചോദ്യം നല്‍കിയതിന് ശേഷം അവയ്കുള്ള മറുപടിക്കായി-യുക്തിവാദികളില്‍ നിന്ന് വ്യത്യസ്തമായി-ഒരന്വേഷകന്റെ സംയമനം കാണിക്കുന്ന താങ്കളുടെ നടപടിയെ അങ്ങേ അറ്റം അഭിനന്ദിക്കുന്നു. പോസ്റ്റ് ഇവിടെ കാണുക.

എല്ലാവരോടുമായി. ഇതില്‍ വീണ്ടും കമന്റിടാതെ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ പുതിപോസ്റ്റില്‍ ചേര്‍ക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review