2010, മാർച്ച് 18, വ്യാഴാഴ്‌ച

പ്രവാചകപത്‌നിമാര്‍ വിശ്വാസികളുടെ മാതാക്കള്‍

'ഈ ബൂലോകത്ത് ഒരു വ്യക്തി എന്ന നിലയില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്നത് മുഹമ്മദിനെപ്പറ്റിയാണ്.' അരുണ്‍ എന്റെ കഴിഞ്ഞ പോസ്റ്റില്‍ അവസാനം നല്‍കിയ കമന്റിന്റെ ആദ്യവരി ഇങ്ങനെയായിരുന്നു. ബൂലോഗത്ത് മാത്രല്ല ഭൂലോകത്തും അതുതന്നെയാണ് അവസ്ഥ. എങ്കിലും തല്‍കാലം ഈ ചര്‍ച ഇവിടെ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. സാജന്‍ എന്ന ബ്ലോഗര്‍ക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ ഒരു പോസ്റ്റുകൂടി ഇടുന്നു. കഴിഞ്ഞ പോസ്റ്റില്‍ അദ്ദേഹം നല്‍കിയ ചോദ്യങ്ങള്‍ക്ക് ഇതിനിടെ മറുപടി പലവിധത്തില്‍ നല്‍കിയതാണ്. ചോദ്യങ്ങളില്‍ ഉത്തരം നല്‍കപ്പെടേണ്ടതായി തോന്നിയ കാര്യങ്ങളില്‍ അതുമായി ബന്ധപ്പെട്ട ഖുര്‍ആന്‍ സൂക്തങ്ങള്‍ വ്യാഖ്യാന സഹിതം നല്‍കുക മാത്രമാണ് ചെയ്യുന്നത്. തുടര്‍ന്ന് വായിക്കുക.
നിസ്സംശയം, പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക് സ്വന്തം ശരീരത്തെക്കാള്‍ പ്രധാനമാകുന്നു. പ്രവാചകപത്‌നിമാരോ, അവരുടെ മാതാക്കളുമാകുന്നു. എന്നാല്‍ അല്ലാഹുവിന്റെ ഗ്രന്ഥമനുസരിച്ച് കുടുംബബന്ധുക്കള്‍ സാധാരണ വിശ്വാസികളെയും മുഹാജിറുകളെയും അപേക്ഷിച്ച് പരസ്പരം കൂടുതല്‍ അവകാശമുള്ളവരത്രെ. നിങ്ങള്‍ സ്വന്തം മിത്രങ്ങളോട് വല്ല നന്മയും (ചെയ്യാനാഗ്രഹിക്കുന്നുവെങ്കില്‍) ചെയ്യാമെന്നു മാത്രം. ഈ വിധി വേദപ്രമാണത്തില്‍ എഴുതപ്പെട്ടിട്ടുള്ളതത്രെ. (33:6)
 -----------------------------------------------------------------
നിസ്സംശയം, പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക് സ്വന്തം ശരീരത്തെക്കാള്‍ പ്രധാനമാകുന്നു.
(അതായത്, പ്രവാചകന് മുസ്‌ലിംകളോടുള്ള ബന്ധത്തിനും മുസ്‌ലിംകള്‍ക്ക് പ്രവാചകനോടുള്ള ബന്ധത്തിനും മറ്റെല്ലാ മാനുഷിക ബന്ധങ്ങളേക്കാളും ഉന്നതമായ ഒരവസ്ഥയാണുള്ളത്. യാതൊരു ബന്ധത്തിനും അടുപ്പത്തിനും വിശ്വാസികളും പ്രവാചകനും തമ്മിലുള്ള ബന്ധവുമായി അണുഅളവുപോലും താരതമ്യമില്ല. പ്രവാചകന് മുസ്‌ലിംകളോട് അവരുടെ മാതാപിതാക്കള്‍ക്കുള്ളതിലേറെ കനിവും കാരുണ്യവും, തന്നോടു തന്നെയുളളതിലേറെ ഗുണകാംക്ഷയുമുണ്ട്. മാതാപിതാക്കളും സഹധര്‍മിണികളും സന്താനങ്ങളും അവരെ അപകടത്തിലാക്കിക്കൂടായ്കയില്ല. അവരോട് സ്വാര്‍ഥപ്രേരിതനായി വര്‍ത്തിക്കയുമാവാം. അവരെ വഴിപിഴപ്പിക്കാം. അവരെക്കൊണ്ട് തെറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാം. അവരെ നരകത്തിലേക്ക് തള്ളിവിടാം. എന്നാല്‍, അവര്‍ക്ക് യഥാര്‍ഥത്തിലുള്ള വിജയമുണ്ടാക്കുന്ന കാര്യങ്ങള്‍ മാത്രം ചെയ്യുന്നയാളത്രെ നബി(സ). അവര്‍ സ്വയംതന്നെ തങ്ങളുടെ കാലുകളില്‍ മഴുവെറിഞ്ഞേക്കാം. വിഡ്ഢിത്തങ്ങള്‍ ചെയ്ത് സ്വകരങ്ങളാല്‍ ആപത്തുവരുത്തിയേക്കാം. എന്നാല്‍, സ്പഷ്ടമായും അവര്‍ക്ക് ഗുണകരമായ കാര്യങ്ങള്‍ മാത്രമേ നബി(സ) നിര്‍ദേശിക്കൂ. വസ്തുത ഇതാണെങ്കില്‍ പ്രവാചകന്‍ മുസ്‌ലിംകള്‍ക്ക് തങ്ങളുടെ മാതാപിതാക്കളെയും സഹധര്‍മിണികളെയും സന്തതികളെയും സ്വജീവനെയുംകാള്‍ പ്രിയപ്പെട്ടവനായിരിക്കുക എന്നത് അവരുടെ കടമയത്രെ. ലോകത്തുള്ള മറ്റെന്തിനേക്കാളുമേറെ അവര്‍ അദ്ദേഹത്തെ സ്‌നേഹിക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ക്ക് സ്വാഭിപ്രായങ്ങളെക്കാളും, അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ക്ക് സ്വന്തം തീരുമാനങ്ങളെക്കാളും മുന്‍ഗണന നല്‍കണം. അദ്ദേഹത്തിന്റെ ഏതാജ്ഞയും അവര്‍ തലകുനിച്ച് അനുസരിക്കണം.

ഇതേ ആശയമാണ് ബുഖാരിയും  മുസ്‌ലിമും  ചെറിയ പാഠഭേദങ്ങളോടെ ഉദ്ധരിച്ചിട്ടുള്ള താഴെ പറയുന്ന ഹദീസില്‍ നബി(സ) പഠിപ്പിച്ചുതരുന്നത്: 

നിങ്ങളിലാരും സത്യവിശ്വാസിയാവുകയില്ല; അവന്റെ പിതാവിനെക്കാളും സന്താനത്തെക്കാളും മറ്റെല്ലാ ജനങ്ങളെക്കാളും അധികമായി ഞാന്‍ അവന്നു പ്രിയപ്പെട്ടവനായിത്തീരുന്നതുവരെ. )
പ്രവാചകപത്‌നിമാരോ, അവരുടെ മാതാക്കളുമാകുന്നു.
(മുകളില്‍ പറഞ്ഞ സവിശേഷതക്കുപുറമെ നബി(സ)ക്ക് ഇങ്ങനെയൊരു സവിശേഷത കൂടിയുണ്ട്: മുസ്‌ലിംകള്‍ ദത്തുമാതാക്കളായി കരുതുന്നവര്‍ ഒരര്‍ഥത്തിലും അവരുടെ യഥാര്‍ഥ മാതാക്കളല്ല. എന്നാല്‍, പ്രവാചക പത്‌നിമാര്‍ അവരെ സംബന്ധിച്ചിടത്തോളം സ്വന്തം മാതാക്കള്‍ എപ്രകാരം നിഷിദ്ധമായവരാണോ അപ്രകാരം നിഷിദ്ധരായവരാണ്. ഈ പ്രത്യേക നിലപാട് പ്രവാചകനെ സംബന്ധിച്ചിടത്തോളമല്ലാതെ ലോകത്ത് മറ്റാരെ സംബന്ധിച്ചിടത്തോളവും ഇല്ല.

ഇവ്വിഷയകമായി ഇതുകൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്: പ്രവാചകപത്‌നിമാര്‍ മുസ്‌ലിംകളുടെ മാതാക്കളാകുന്നത് മുസ്‌ലിംകള്‍ അവരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടത് നിര്‍ബന്ധമാണ് എന്ന അര്‍ഥത്തില്‍ മാത്രമാകുന്നു. അവരിലാരെയും വിവാഹം ചെയ്യുന്നത് നിഷിദ്ധമാണ്. മറ്റു കാര്യങ്ങളിലൊന്നും അവര്‍ മാതാപിതാക്കളെപ്പോലെയല്ല. ഉദാഹരണമായി അവരുടെ യഥാര്‍ഥ ബന്ധുക്കളല്ലാത്ത മറ്റു മുസ്‌ലിംകളുടെയെല്ലാം മുമ്പില്‍ അവര്‍ പര്‍ദയാചരിക്കേണ്ടത് നിര്‍ബന്ധമായിരുന്നു. അവരുടെ പെണ്‍മക്കള്‍ മുസ്‌ലിം പുരുഷന്മാര്‍ക്ക് മാതാവ് വഴിക്കുള്ള സഹോദരികളായിരുന്നില്ല. അതുകൊണ്ട് അവരെ വിവാഹം ചെയ്യുന്നതില്‍ വിലക്കുമില്ല. പ്രവാചകപത്‌നിമാരുടെ സഹോദരീ സഹോദരന്മാര്‍ മുസ്‌ലിംകളുടെ അമ്മാവന്‍മാരോ മാതൃസഹോദരികളോ ആയിരുന്നില്ല. അതേപ്രകാരം കുടുംബബന്ധമില്ലാത്ത ആര്‍ക്കും അവരില്‍ നിന്ന് മാതാക്കളില്‍ നിന്നെന്നപോലെ അനന്തരാവകാശം ലഭിച്ചിട്ടുമില്ല.)
എന്നാല്‍ അല്ലാഹുവിന്റെ ഗ്രന്ഥമനുസരിച്ച് കുടുംബബന്ധുക്കള്‍ സാധാരണ വിശ്വാസികളെയും മുഹാജിറുകളെയും അപേക്ഷിച്ച് പരസ്പരം കൂടുതല്‍ അവകാശമുള്ളവരത്രെ. നിങ്ങള്‍ സ്വന്തം മിത്രങ്ങളോട് വല്ല നന്മയും (ചെയ്യാനാഗ്രഹിക്കുന്നുവെങ്കില്‍) ചെയ്യാമെന്നു മാത്രം.
(ഈ സൂക്തം വ്യക്തമാക്കുന്നതിതാണ്: നബി(സ)യുടെ കാര്യത്തില്‍ മുസ്‌ലിംകള്‍ക്ക് അദ്ദേഹവുമായുള്ള ബന്ധത്തിന്റെ സ്വഭാവം ഒന്നുവേറെത്തന്നെയാണ്. പക്ഷേ, സാധാരണ മുസ്‌ലിംകള്‍ തമ്മിലുള്ള ബന്ധം നിലനില്‍ക്കുന്നത് ഈ അടിസ്ഥാനത്തിലാണ്; കുടുംബബന്ധുക്കളോടുള്ള ബാധ്യതകള്‍ മറ്റു സാധാരണ ജനങ്ങളോടുള്ളതിനെ അപേക്ഷിച്ച് മുന്‍ഗണന അര്‍ഹിക്കുന്നു. ഒരാള്‍ സ്വന്തം മാതാപിതാക്കളുടെയും ഭാര്യാസന്താനങ്ങളുടെയും സഹോദരീ സഹോദരന്മാരുടെയും അനിവാര്യമായ ജീവിതാവശ്യങ്ങള്‍ നിവര്‍ത്തിക്കാതെ അന്യര്‍ക്ക് നല്‍കുന്ന ദാനധര്‍മങ്ങളും ഔദാര്യങ്ങളും സാധുവാകുകയില്ല. ഒരുവന്‍ തന്റെ സകാത്ത് വിതരണം ചെയ്യുന്നതില്‍പോലും അവശരായ കുടുംബബന്ധുക്കള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. അനന്തരം മറ്റുള്ളവരെ സഹായിക്കണം. അനന്തരാവകാശസ്വത്ത് നിര്‍ബന്ധമായും അടുത്ത ബന്ധുക്കള്‍ക്കുതന്നെ നല്‍കണം. മറ്റുള്ളവര്‍ക്ക് വല്ലതും കൊടുക്കണമെന്നുണ്ടെങ്കില്‍ അത് സംഭാവനയോ വഖ്‌ഫോ ഒസ്യത്തോ ആയി നല്‍കാവുന്നതാണ്. എന്നാല്‍, സ്വത്ത് മുഴുവന്‍ അന്യര്‍ക്ക് നല്‍കിക്കൊണ്ട് അനന്തരാവകാശികള്‍ അത് വിലക്കപ്പെട്ടവരായിത്തീര്‍ന്നുകൂടാ. ഈ ദൈവിക ശാസനയിലൂടെ ഹിജ്‌റാനന്തരം മുഹാജിറുകളും അന്‍സാറുകളുംച12 തമ്മില്‍ സ്ഥാപിച്ചുതുടങ്ങിയ ആ സവിശേഷ സാഹോദര്യബന്ധവും നിര്‍ത്തല്‍ ചെയ്യപ്പെട്ടു. ആ സാഹോദര്യ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ അന്‍സാരികളും മുഹാജിറുകളും പരസ്പരം അനന്തരാവകാശികളായിരുന്നു. അല്ലാഹു പ്രഖ്യാപിച്ചു: ദായധനം കുടുംബബന്ധത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കപ്പെടണം; ഒരാള്‍ സംഭാവനയോ സമ്മാനമോ ഒസ്യത്തോ ആയി തന്റെ ദീനീ സഹോദരന് വല്ലതും നല്‍കാന്‍ വിചാരിക്കുകയാണെങ്കില്‍ നല്‍കാമെന്നു മാത്രം.)
ഈ വിധി വേദപ്രമാണ(ഗ്രന്ഥ)ത്തില്‍ എഴുതപ്പെട്ടിട്ടുള്ളതത്രെ.
(ഈ നല്‍കപ്പെട്ട നിയമങ്ങളെല്ലാം പ്രവാചകന്‍ സ്വന്തം വകയായി ചമക്കുന്നതല്ല. ദൈവികമായ അരുളപ്പാടിന്റെ ഭാഗമാണ് എന്ന പ്രഖ്യാപനത്തോടെ ഈ സൂക്തം അവസാനിക്കുന്നു. ഈ വാചകത്തിന്റെ പ്രസക്തി എടുത്ത് പറയേണ്ടതില്ല ഇവിടെ ഉയരാനിടയുള്ള സംശയങ്ങളെല്ലാം ഇതിന്റെ കര്‍ത്താവ് മുഹമ്മദ് നബിയാണെന്ന ചിന്തയില്‍ നിന്ന് വരുന്നതാണ്. ഇത്രയും സമഗ്രവും സര്‍വസമ്പൂര്‍ണവുമായ നിയമങ്ങള്‍ രചിച്ച് കുറ്റമറ്റ ഒരു വ്യവസ്ഥ അവതരിപ്പിക്കാന്‍ അദ്ദേഹം ഒഴിഞ്ഞിരിക്കുകയായിരുന്നോ എന്നാലോചിക്കേണ്ടതാണ്. മക്കയില്‍ അദ്ദേഹം നേരിടേണ്ടി വന്ന അവസ്ഥ നമ്മുക്കറിയാം. മദീനയിലോ 10 വര്‍ഷമാണ് ആകെ ലഭിച്ചത്. ഈ ചരിത്രം തന്നെ ഖുര്‍ആന്‍ അദ്ദേഹത്തിന്റെ സൃഷ്ടിയല്ലെന്നും ദൈവികമാണെന്നും തെളിയിക്കുന്നതാണ്.)
മുന്‍ധാരണയില്ലാതെ ബുദ്ധിയും യുക്തിയും ഉപയോഗിച്ച് വിശുദ്ധഖുര്‍ആന്‍ ശ്രദ്ധിച്ച് വായിച്ചു നോക്കാന്‍ സാധിച്ചാല്‍ ഖുര്‍ആന്‍ മുഹമ്മദ് നബിയുടെ വചനമല്ല എന്ന ബോധ്യപ്പെടുന്നതാണ്. ഇത്തരമൊരു മഹത്തായ വിപ്ലകരമായ ആശങ്ങളുള്‍കൊള്ളുന്ന ഗ്രന്ഥം രചിച്ച് ദൈവത്തിലേക്ക് ചേര്‍ത്ത് പറയേണ്ട ആവശ്യം എന്തായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. 40 വയസ് വരെയും പിന്നീടും അദ്ദേഹ കളവുപറഞ്ഞു എന്നോ സത്യസന്ധനല്ലെന്നോ ആര്‍ക്കും വാദമുണ്ടായിരുന്നില്ല. അത്തരമൊരാള്‍ ഇപ്രകാരം ഒരു കളവ് പറയുകയോ. എന്നിട്ട് ആ കളവ് ഇപ്രകാരം പിന്തുടരപ്പെടുകയും ചെയ്യുകയോ. താനെഴുതിയ ഗ്രന്ഥത്തില്‍ സ്വന്തത്തെ തന്നെ  അഭിസംബോധന ചെയ്യുകയോ സമാശ്വസിപ്പിക്കുകയും കല്‍പിക്കുകയും ചെയ്യുകയോ. താഴെ നല്‍കിയ സൂക്തം കാണുക.
 അല്ലയോ പ്രവാചകാ,* സാക്ഷിയായും സുവിശേഷകനായും മുന്നറിയിപ്പുകാരനായും അല്ലാഹുവിന്റെ ഹിതത്താല്‍ അവങ്കലേക്ക് ക്ഷണിക്കുന്നവനായും പ്രകാശിക്കുന്ന വിളക്കായും നാം നിന്നെ അയച്ചിരിക്കുന്നു. (നിന്നില്‍) വിശ്വസിച്ചവരെ സുവാര്‍ത്തയറിയിച്ചുകൊള്ളുക; എന്തെന്നാല്‍ അവര്‍ക്ക് അല്ലാഹുവിങ്കല്‍നിന്ന് മഹത്തായ അനുഗ്രഹമുണ്ട്. സത്യനിഷേധികള്‍ക്കും കപടവിശ്വാസികള്‍ക്കും അശേഷം വഴങ്ങിപ്പോകരുത്. അവരുടെ ദ്രോഹങ്ങളെ തെല്ലും സാരമാക്കയുമരുത്. അല്ലാഹുവില്‍ ഭരമേല്‍പിച്ചുകൊള്ളുക. കാര്യങ്ങള്‍ ഭരമേല്‍പിക്കാന്‍ എത്രയും മതിയായവനല്ലോ അല്ലാഹു. (33:45-48)
* മുസ്‌ലിംകളെ ഉപദേശിച്ച ശേഷം അല്ലാഹു അവന്റെ പ്രവാചകനെ സംബോധന ചെയ്തുകൊണ്ട് ഏതാനും ആശ്വാസ വചനങ്ങളരുളുകയാണ്. താല്‍പര്യമിതാണ്: താങ്കള്‍ക്ക് നാം വളരെ ഉന്നതമായ ഒരു പദവിയരുളിയിട്ടുണ്ട്. പ്രതിയോഗികള്‍ക്ക് ആരോപണങ്ങളുടെയും അപവാദങ്ങളുടെയും കൊടുങ്കാറ്റുയര്‍ത്തിക്കൊണ്ട് അല്‍പവും വികൃതമാക്കാന്‍ കഴിയാത്തത്ര ഉന്നതമാണ് താങ്കളുടെ വ്യക്തിത്വം. അതുകൊണ്ട് അവരുടെ തെമ്മാടിത്തങ്ങളില്‍ താങ്കള്‍ ഖിന്നനാകേണ്ട. ആ ദുഷ്പ്രചാരണങ്ങള്‍ക്ക് പുല്ലുവില പോലും കല്‍പിക്കുകയും വേണ്ട. സ്വന്തം ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുക. അവര്‍ തങ്ങള്‍ക്ക് തോന്നിയതു ചെയ്തുകൊണ്ടിരിക്കട്ടെ. അതോടൊപ്പം വിശ്വാസികളും അവിശ്വാസികളുമായ എല്ലാവരോടുമുള്ള ഒരു താക്കീതും അതുള്‍ക്കൊള്ളുന്നുണ്ട്. നിങ്ങള്‍ നേരിടുന്നത് ഒരു സാധാരണ മനുഷ്യനെയല്ല, മറിച്ച് അല്ലാഹുവിങ്കല്‍നിന്ന് ഉന്നതമായ പദവിയരുളപ്പെട്ട ഒരു മഹാ വ്യക്തിത്വത്തെയാണ് എന്നത്രെ ആ താക്കീത്.
പ്രവാചകന്റെ വിവാഹവുമായും പ്രവാചക പത്‌നിമാരുമായും ബന്ധപ്പെട്ട വിഷയത്തില്‍ അവസാന പോസ്റ്റാണിത്.

11 അഭിപ്രായ(ങ്ങള്‍):

ea jabbar പറഞ്ഞു...

പ്രവാചകപത്നിമാര്‍ സത്യവിശ്വാസികളുടെ മാതാക്കള്‍. അതുകൊണ്ട് അവരെ ആരും കല്യാണം കഴിക്കാന്‍ പാടില്ല. അപ്പോള്‍ പ്രവാചകന്‍ സത്യവിശ്വാസിനികളുടെ പിതാവും ആകേണ്ടതല്ലേ? പിതാവ് മക്കളെ കല്യാണം കഴിക്കാമോ?

CKLatheef പറഞ്ഞു...

പ്രിയ ജബ്ബാര്‍ മാഷ്,

താങ്കള്‍ പഠിച്ചുവെച്ചത് തന്നെ പാടുകയാണോ. കഴിഞ്ഞ പോസ്റ്റും കമന്റുകളുമൊന്നും താങ്കള്‍ കണ്ട ഭാവം പോലും നടിക്കുന്നില്ലല്ലോ. അതോ മനസ്സിലാകാഞ്ഞിട്ടോ. താങ്കള്‍ ഞാന്‍ പറയുന്നത് അംഗീകരിക്കേണ്ടതില്ല. താങ്കള്‍ മറ്റൊരു കോണിലൂടെ വീക്ഷിച്ചു നോക്കൂ. മുഹമ്മദ് നബി പ്രവാചകനാണെന്നും ഖുര്‍ആന്‍ ദൈവികമാണെന്നും വിശ്വസിക്കുന്ന ഒരാള്‍ക്ക് സ്വീകരിക്കാവുന്ന നിലപാട് വെച്ചുകൂടി വെറുതെ ഒന്ന് ചിന്തിക്കൂ. തങ്ങളുടെ യുക്തിയനുസരിച്ച് മാത്രമേ ലോകത്തെ ഏത് നിയമവും വ്യാഖ്യാനിക്കപ്പെടാവൂ എന്ന മാനദണ്ഡം ഞാനും സ്വീകരിക്കുകയാണെങ്കില്‍ താങ്കളുടെ കാഴ്ചപ്പാട് ശരിയാണ്. എങ്കില്‍ പോലും മറ്റൊരു വശം കൂടിയില്ലേ. ഇവിടെ പ്രവാച പത്‌നിമാര്‍ സത്യവിശ്വാസികളുടെ മാതാകക്കളാണ് എന്ന് പറഞ്ഞ ഖുര്‍ആന്‍ അനുസരിച്ച് തന്നെയല്ലേ അതുകൊണ്ട് എത്രമാത്രമാണ് ഉദ്ദേശിച്ചതെന്ന് മനസ്സിലാക്കേണ്ടത്. അങ്ങനെ വരുമ്പോള്‍ ഖുര്‍ആന്‍ വെച്ചുള്ള നിങ്ങളുടെ മറുചോദ്യത്തിന് പ്രസക്തിയുണ്ടോ.

CKLatheef പറഞ്ഞു...

ഇവിടെ നിന്ന് ചില കമന്റുകള്‍ ഡിലീറ്റ് ചെയ്തിരിക്കുന്നു. അരുണ്‍ സന്തോഷ് എന്നിവരുടേത് ആവര്‍ത്തനമാണ് കഴിഞ്ഞ പോസ്റ്റില്‍ അവ മറുപടി സഹിതം നല്‍കിയിരിക്കുന്നു. മാഷിന്റെ വിഷയവുമായി ബന്ധമില്ലാത്ത ഒരു കമന്റും ഡിലീറ്റ് ചെയ്തിരിക്കുന്നു. കമന്റ് നിലനില്‍ക്കണം എന്നാഗ്രഹിക്കുന്നവര്‍ മാന്യമായി, വിഷയവുമായി ബന്ധപ്പെട്ടത് മാത്രം നല്‍കുക. അടിപിടികൂടുന്ന ഒരു ചന്തയാക്കാന്‍ തല്‍കാലം ഞാന്‍ ആഗ്രഹിക്കുന്നില്ല.

ജാദൂഗര്‍ പറഞ്ഞു...

"പ്രവാചകപത്‌നിമാര്‍ മുസ്‌ലിംകളുടെ മാതാക്കളാകുന്നത് മുസ്‌ലിംകള്‍ അവരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടത് നിര്‍ബന്ധമാണ് എന്ന അര്‍ഥത്തില്‍ മാത്രമാകുന്നു. അവരിലാരെയും വിവാഹം ചെയ്യുന്നത് നിഷിദ്ധമാണ്. മറ്റു കാര്യങ്ങളിലൊന്നും അവര്‍ മാതാപിതാക്കളെപ്പോലെയല്ല. ഉദാഹരണമായി അവരുടെ യഥാര്‍ഥ ബന്ധുക്കളല്ലാത്ത മറ്റു മുസ്‌ലിംകളുടെയെല്ലാം മുമ്പില്‍ അവര്‍ പര്‍ദയാചരിക്കേണ്ടത് നിര്‍ബന്ധമായിരുന്നു. അവരുടെ പെണ്‍മക്കള്‍ മുസ്‌ലിം പുരുഷന്മാര്‍ക്ക് മാതാവ് വഴിക്കുള്ള സഹോദരികളായിരുന്നില്ല. അതുകൊണ്ട് അവരെ വിവാഹം ചെയ്യുന്നതില്‍ വിലക്കുമില്ല"

സൂക്ഷ്മതയോടെ വായിച്ചാല്‍ ചിന്തിക്കുന്നവര്‍ക്ക് കാര്യം പിടികിട്ടും ലത്തീഫെ.
പോയി അല്പം റെസ്റ്റ് എടുക്കു.ഇങ്ങനെ 24 മണിക്കൂറും പ്രവാചകനെ വെളുപ്പിച്ചെടുക്കണോ?
അത്രയ്ക്കൊക്കെയുള്ളോ പ്രവാചകന്‍?

CKLatheef പറഞ്ഞു...

സൂക്ഷ്മതയോടെ വായിച്ചാല്‍ ചിന്തിക്കുന്നവര്‍ക്ക് കാര്യം പിടികിട്ടും ലത്തീഫെ.
പോയി അല്പം റെസ്റ്റ് എടുക്കു.ഇങ്ങനെ 24 മണിക്കൂറും പ്രവാചകനെ വെളുപ്പിച്ചെടുക്കണോ?
അത്രയ്ക്കൊക്കെയുള്ളോ പ്രവാചകന്‍?


ആരാ ഈ ജാദൂഗര്‍ സാക്ഷാല്‍ ജബ്ബാര്‍ മാഷോ :) , പ്രിയ സഹോദരാ താങ്കളെപ്പോലുള്ളവര്‍ 24 മണിക്കൂറും ഒരു മാന്യദേഹത്ത് ചെളിതെറിപ്പിച്ച് നടന്നിട്ട് എന്നോട് റെസ്‌റ്റെടുക്കാന്‍ പറയുന്നു. നിങ്ങളെപ്പോലുള്ള 'ബുജി'കള്‍ക്കെ പ്രവാചകന്‍ അത്രയൊക്കെയുള്ളൂ എന്ന് തോന്നുന്നത്. തികഞ്ഞ കൂറ്റബോധത്തോടെ മാത്രമേ നിങ്ങള്‍ക്കങ്ങനെ പറയാന്‍ കഴിയൂ. അതുകൊണ്ടാണ് ഇങ്ങനെ സംസാരിക്കാന്‍ മാത്രം ഒരു ഐ.ഡി. വേണ്ടി വരുന്നത്.

CKLatheef പറഞ്ഞു...

ബ്ലോഗര്‍ ea jabbar പറഞ്ഞു...

പ്രവാചകപത്നിമാര്‍ സത്യവിശ്വാസികളുടെ മാതാക്കള്‍. അതുകൊണ്ട് അവരെ ആരും കല്യാണം കഴിക്കാന്‍ പാടില്ല. അപ്പോള്‍ പ്രവാചകന്‍ സത്യവിശ്വാസിനികളുടെ പിതാവും ആകേണ്ടതല്ലേ? പിതാവ് മക്കളെ കല്യാണം കഴിക്കാമോ?

ജബ്ബാര്‍മാഷ് പുതിയവിവരങ്ങളൊന്നും അറിഞ്ഞില്ലേ. ബാബുവും കാളിദാസനുമൊക്കെ സുവിശേഷങ്ങളെ സംസ്‌കരിച്ചെടുക്കാനുള്ള ഗവേഷണത്തിലാണ്. താങ്കളിപ്പോഴും പണ്ടുപറഞ്ഞത് തന്നെ പറഞ്ഞ് കാലം കഴിക്കുന്നു.:) ഖുര്‍ആനെക്കുറിച്ചുള്ള താങ്കളുടെ ഗവേഷണ റിപ്പോര്‍്ട്ടുകള്‍ ബ്ലോഗിലുണ്ടല്ലോ. കൂട്ടുകാര്‍ ചെയ്യുന്ന പോലെ മറ്റുവല്ലതും ദൈവികമായിട്ടോ ദിവ്യബോധനത്താല്‍ എഴുതപ്പെട്ടതോ ഉണ്ടെന്ന ഒരു ഗവേഷണം നടത്തിക്കൂടെ.

കാളിദാസന് ഖുര്‍ആന്‍ ബൈബിളില്‍ നിന്ന് പകര്‍ത്തിയതാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അപ്പോള്‍ ബൈബിളോ. അത് ദൈവികമാണെന്ന് വിശ്വസിച്ചാല്‍ എന്ത് യുക്തിവാദി. അതും പകര്‍ത്തിയതാണെങ്കില്‍ ഖുര്‍ആനെക്കുറിച്ച് മാത്രം എന്തിനിത്ര പരിഭവം.

അതേ പ്രകാരം ബര്‍ണബാസിന്റെ സുവിശേഷം മുസ്‌ലിംകള്‍ എഴുതിതയ്യാറാക്കി ക്രിസ്ത്യാനികളെ ഏല്‍പിച്ചതാണെന്ന കാര്യത്തില്‍ ബാബുവിനും രണ്ടഭിപ്രായമില്ല. അപ്പോള്‍ മറ്റു സുവിശേഷങ്ങളോ. അതും സാദാ മനുഷ്യരെഴുതി എന്നല്ലേ ഒരു യുക്തിവാദി ധരിക്കുന്നത്. എങ്കില് പിന്നെ മുമ്പെഴുതി ശേഷമെഴുതി എന്ന വ്യത്യസമല്ലേയുള്ളൂ.

അതല്ല എനിക്കറിയാത്ത യുക്തിവാദികള്‍ക്കറിയുന്ന വല്ല ഗുട്ടന്‍സും :)

(ഡിലീറ്റാവുന്നത്)

പള്ളിക്കുളം.. പറഞ്ഞു...

>>>>>> ea jabbar പറഞ്ഞു...
പ്രവാചകപത്നിമാര്‍ സത്യവിശ്വാസികളുടെ മാതാക്കള്‍. അതുകൊണ്ട് അവരെ ആരും കല്യാണം കഴിക്കാന്‍ പാടില്ല. അപ്പോള്‍ പ്രവാചകന്‍ സത്യവിശ്വാസിനികളുടെ പിതാവും ആകേണ്ടതല്ലേ? പിതാവ് മക്കളെ കല്യാണം കഴിക്കാമോ<<<<<<

“”ഇന്ത്യയുടെ രാഷ്ട്രപിതാവാണ് ഗാന്ധി. അപ്പോൾ മാതാവ് ആരാണ്? മാതാവ് ഇല്ലേ? ഉണ്ടെങ്കിൽ ജീവിച്ചിരിപ്പുണ്ടോ? മാതാവ് ഇല്ലെങ്കിൽ എങ്ങനെ ഒരാൾ പിതാവാകും? അങ്ങനെ നോക്കുമ്പോൾ ഗാന്ധി രാഷ്ട്രപിതാവാണ് എന്നു പറയുന്നതിൽ എന്തർഥമാണുള്ളത്?”“

ഇത്തരത്തിലുള്ള കുതർക്കങ്ങൾ ജബ്ബാറിൽ നിന്ന് ആളുകൾ പ്രതീക്ഷിക്കുന്നുണ്ടാവില്ല.

Manoj മനോജ് പറഞ്ഞു...

ഏത് മതത്തിലും ഒരു കാര്യം ന്യായീകരിക്കുവാന്‍ ഇത്രയും ഏറെ ചര്‍ച്ചകള്‍ വരുന്നത് എന്ത് കൊണ്ടാണ് എന്ന് ചിന്തിച്ചാല്‍ തന്നെ മത പുരോഹിതരുടെ മനസ്സിലിരുപ്പ് പിടികിട്ടുവാന്‍ “വിശ്വാസികള്‍ക്ക്” കഴിഞ്ഞിരുന്നുവെങ്കില്‍ എന്നേ ലോകം നന്നാകുമായിരുന്നു!

CKLatheef പറഞ്ഞു...

പ്രിയ മനോജ്,

ഒരു കാര്യം താങ്കള്‍ ശ്രദ്ധിക്കുമെന്ന് കരുതുന്നു. ഒരു കാര്യം ന്യായീകരിക്കാന്‍ (അതുമൊരു തുറന്ന ചര്‍ചയില്‍. പലപ്പോഴും അത് സാധിക്കാതെ പോകുന്നത് വിഷയത്തില്‍ നിന്ന് തെറ്റിക്കാന്‍ അത്തരം ആരോപണമുന്നയിക്കുന്നവര്‍ തന്നെ മനഃപൂര്‍വം ശ്രമിക്കുന്നത് കൊണ്ടാണ്.) നില്‍ക്കുന്നത് അതില്‍ ന്യായീകരിക്കത്തക്കതായി ഉള്ളതുകൊണ്ടാണ്. അല്ലെങ്കില്‍ അത്തരമൊരു ശ്രമത്തിന് പോലും ആരും ധൈര്യപ്പെടുമായിരുന്നില്ല. കൂടുതല്‍ വ്യക്തമാകണമെങ്കില്‍ ക്രൈസ്തവ സുഹൃത്തുകളുടെ ബ്ലോഗില്‍ ത്രിത്വത്തെക്കുറിച്ച ചര്‍ച വീക്ഷിച്ചാല്‍ മതി. പിന്നെ ഏറെ ചര്‍ചകള്‍ വരുന്നത് വിഷയത്തില്‍ നിന്നും തെന്നി മറ്റുപലവിഷയത്തിലേക്കും പോകുന്നതുകൊണ്ടാണ്. കഴിഞ്ഞ പോസ്റ്റില്‍ ശ്രദ്ധിച്ചാലറിയാം. അതില്‍ വിഷയവുമായി എത്ര അന്വേഷണങ്ങള്‍ വന്നു എന്ന്.

മതപൂരോഹിത വര്‍ഗം എന്ന ഒരു വിഭാഗമേ ഇസ്‌ലാമിലില്ല.എങ്കിലും അംഗീകരിക്കില്ലെങ്കിലും ചിലര്‍ ആ സീറ്റിലുണ്ട്‌.
അവര്‍ ചര്‍ചക്ക് നില്‍ക്കുകയുമില്ല. ബ്ലോഗിലാണെങ്കിലും. ഒരു ക്രൈസ്തവ പുരോഹിതന്റെ ബ്ലോഗ് കണ്ടു. അതില്‍ കമന്റ് ബോക്‌സ് പൂര്‍ണമായും അടിച്ചിട്ടിരിക്കുന്നു. മോഡറേഷന്‍ പോലുമല്ല.

ലോകം ഇതിനേക്കാള്‍ നന്നാകണമെങ്കില്‍ മതമില്ലാത്തവര്‍ ഒരു കാര്യം ചെയ്താല്‍ മതി. വേദഗ്രന്ഥത്തില്‍ നിന്ന് സന്ദര്‍ഭം പരിഗണിക്കാതെ മുറിച്ചെടുത്ത് മറ്റുള്ളവരെ പരസ്പരം കാണിച്ച്, 'ഇത് കണ്ടിട്ട് എന്തുകൊണ്ട് നിങ്ങളുടെ മതവികാരം ഇളകുന്നില്ല' എന്ന പോലുള്ള അന്തം കെട്ട ചര്‍ചയില്‍ നിന്ന് വിട്ടുനിന്നാല്‍ മതി. മതവികാരത്തിന്റെ മൊത്തം വിപണനം എന്തിനാണ് യുക്തിവാദികള്‍ ഏറ്റെടുക്കുന്നത്. ഒന്നുകില്‍ അവര്‍ ചെയ്യുന്നത് വളരെ മോശമായ രൂപത്തില്‍ വ്യക്തിയെ ടാര്‍ജറ്റ് ചെയ്ത് ആക്ഷേപം ചൊരിയുക. അതിനെക്കുറിച്ച സൂചിപ്പിക്കുമ്പോള്‍. മതഗ്രന്ഥങ്ങളില്‍ കാണുന്ന മാന്യമായ പരാമര്‍ശം പോലും മതവികാരം ഇളക്കുന്നു എന്ന് പറഞ്ഞ് മറ്റുള്ള മതസ്ഥരെ ഇളക്കിവിടാന്‍ ശ്രമിക്കുക. ഇതാണ് മതനിഷേധികളുടെ യുക്തിയെങ്കില്‍ ഒരു ഇസ്‌ലാം മത വിശ്വാസി ആഗ്രഹിക്കുന്നത്. മതങ്ങളെ മാന്യമായി വിമര്‍ശിക്കുയും, ചോദ്യം ചെയ്യുകയും, വിലയിരുത്തുകയും, നിരൂപണം നടത്തുകയും ചെയ്യണമെന്നും അതേ സമയം മറ്റുള്ളവര്‍ ആദരിക്കുന്നതിനെ ആക്ഷേപിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നുമാണ്. ഇതില്‍ ഏതാണ് മനുഷ്യന്റെ ശുദ്ധപ്രകൃതിയോട് ചേര്‍ന്ന് നില്‍ക്കുന്നതെന്ന് അല്‍പം ബുദ്ധിയുള്ള മനുഷ്യന് പറഞ്ഞുകൊടുക്കേണ്ടതില്ല.

Manoj മനോജ് പറഞ്ഞു...

ഒരു പ്രത്യേക മതത്തെ മാത്രം ഉദ്ദേശിച്ചല്ല ഞാന്‍ പറഞ്ഞത്. മതം മാത്രമല്ല രാഷ്ട്രീയവും ഇത് പോലെ തന്നെയല്ലേ, യുക്തിവാദവും ഇതിന് അപവാദമാകുന്നില്ല. തങ്ങളുടെ വിശ്വാസം ശരിയാണെന്ന് വരുത്തി തീര്‍ക്കുവാനുള്ള ഒരു ശ്രമം. അത് മനുഷ്യന്റെ കൂടപ്പിറപ്പാണ്.

അബ്രഹാമിക്ക് മതങ്ങള്‍ തുടര്‍ച്ചയായുള്ളവയാണെന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതല്ലേ. ഓരോ കാലത്തും ചില തിരുത്തലുകള്‍ വേണമെന്ന് തോന്നിയപ്പോള്‍ ഉരുതിരിഞ്ഞ് വന്നവ. അതില്‍ വിശ്വസിക്കുന്നവര്‍ അതിനെ പിന്തുടരുന്നു. മറ്റുള്ളവര്‍ ഇല്ല എന്ന് പറഞ്ഞാലും അതിലുള്ളവ ഒരിക്കലും മാറി പോകുന്നുമില്ല. മാറിപോയേക്കാമെന്ന ഭയമല്ലേ പലരും പ്രകടിപ്പിക്കുന്നത്. എന്തിന്? താന്‍ വിശ്വസിക്കുന്നവ ശരി തന്നെയാണോ എന്ന് ഭയം തോന്നുമ്പോള്‍ അല്ല എന്ന് മനസ്സിനെ ഉറപ്പാക്കുവാനുള്ള ശ്രമം പോലെ തോന്നുന്നത് ആരുടെ കുറ്റമാണ്?

പിന്നെ കെസിബിസി ബ്ലോഗിന്റെ കാര്യമാണോ? എങ്കില്‍ അത് ആദ്യം കൈകാര്യം ചെയ്തിരുന്ന ഡീക്കന്‍ (ഇപ്പോള്‍ അച്ചനായി) ഇട്ട കുറേ പോസ്റ്റുകള്‍ വിവാദമായപ്പോള്‍ അതിന്റെ യഥാര്‍ത്ഥ ആളുകള്‍ അത് ഏറ്റെടുത്തു. എന്നാല്‍ ഇപ്പോള്‍ പല ചോദ്യങ്ങള്‍ക്കും മറുപടിയില്ലാത്തതിനാല്‍ അവര്‍ കമന്റും പൂട്ടിയെന്ന് തോന്നുന്നു. മറുപടി ഔദ്യോഗികമായി പോകുമെന്നതും ഒരു കാരണമാകാം.

ഇത് തന്നെയാണ് പ്രശ്നം ഭയം... അത് എന്നും മനുഷ്യനെ ഭരിച്ച് കൊണ്ടിരുന്നു... ഇനിയും അത് തുടരും.. അതില്‍ നിന്ന് രക്ഷ നേടുവാന്‍ ഒരു ആശ്വസമെന്ന നിലയില്‍ അവന്‍ പലയിടങ്ങളിലും അഭയം തേടും. അത് ചിലപ്പോള്‍ മതങ്ങളിലാകാം, ആള്‍ ദൈവങ്ങളിലാകാം, യുക്തിവാദത്തിലാകാം, രാഷ്ട്രീയത്തിലാകാം, ശാസ്ത്രത്തിലാകാം....

ലത്തീഫ് പറഞ്ഞ പോലെ മാന്യമായ ഒരു വിലയിരുത്തലുകള്‍ ആവശ്യം തന്നെയാണ്... അത് ഉണ്ടാകുമ്പോഴാണ് പുതിയവ രൂപം കൊള്ളുന്നതും....

അലഞ്ഞു തിരിയുന്നവന്‍ പറഞ്ഞു...

ഭയം തന്നെയാണ് ദൈവം ........
എല്ലാ ദൈവങ്ങളും മനുഷ്യരോട് പറയുന്നത് തന്നെഭയപ്പെടുക എന്ന് തന്നെയാണ് ....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review