2010, മാർച്ച് 24, ബുധനാഴ്‌ച

നുണകള്‍ ആവര്‍ത്തിക്കപ്പെടുന്നു

മുഹമ്മദ് നബി ബഹുദൈവാരാധകരായ മക്കക്കാരെ സന്തോഷിപ്പിക്കാന്‍ അവരുടെ ചില ദൈവങ്ങളെക്കൂടി അള്ളാക്കൊപ്പം ആരാധിക്കാമെന്ന് പറഞ്ഞു. എന്ന് പറയുന്നതിലെ വസ്തുത പരിശോധിക്കപ്പെടുകയാണിവിടെ. വിശുദ്ധ ഖുര്‍ആനിലെ അന്നജ്മ് അധ്യായം അവതരിച്ചപ്പോള്‍ മക്കയില്‍ ബഹുദൈവാരാധകര്‍ക്ക് സംഭവിച്ച ഒരു ജാള്യത അകറ്റാനായി അവര്‍ കണ്ടുപിടിച്ച ഒരു നുണകഥയാണ് ഒരു പരമസത്യം എന്ന നിലക്ക് കാളിദാസന്‍ ഉദ്ധരിക്കുന്നത്. ഇത് ഇവിടെ പറയുന്നത് അദ്ദേഹത്തിന് വേണ്ടിയല്ല. അദ്ദേത്തിന്റെ ബ്ലോഗില്‍ ചെന്ന് ഇസ്‌ലാം പഠിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ചിലരെ ഉദ്ദേശിച്ചുമല്ല. അത് വായിച്ച് ചിലര്‍ക്കെങ്കിലും അതിന് വല്ല മറുവശവുമുണ്ടോ എന്ന് പരിശോധിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വേണ്ടി പ്രസ്തുത ആരോപണം എങ്ങനെ രൂപപ്പെട്ടുവെന്ന് വ്യക്തമാക്കുയാണ് ഇവിടെ. ആദ്യം കാളിദാസന്‍െ പ്രസ്താവനയും...

Kaleedasan said.
"An-Najm
53:19-22
Have ye thought upon Al-Lat and Al-'Uzza (19) And Manat, the third, the other? These are the high-flying cranes; verily their intercession is accepted with approval.(20) Are yours the males and His the females? (21) That indeed were an unfair division!

ഈ വാചകങ്ങള്‍ മൊഹമ്മദ് ഖുറാനില്‍ ഉള്‍പ്പെടുത്തിയതിന്റെ പിന്നിലെ രഹസ്യം മറ്റൊന്നാണ്. മൊഹമ്മദിന്റെ പുതിയ മതം വിഗ്രഹാധകരായിരുന്ന സ്വന്തം ഗിരിവര്‍ഗ്ഗക്കാര്‍ അംഗീകരിച്ചില്ല. അവര്‍ സ്വന്തം ചരിത്രത്തിലെങ്ങും കേള്‍ക്കാത്ത നുണകളായിരുന്നു മൊഹമ്മദ് പറഞ്ഞു കൊണ്ടിരുന്നത്. മൊഹമ്മദിന്റെ അനുയായികളെ അവര്‍ പീഢിപ്പിച്ചു. പീഢനം സഹിക്കാതെ പലരും പലായനം ചെയ്തു. മനം നൊന്ത മൊഹമ്മദ് അറബികളെ സന്തോഷിപ്പിക്കാനായി അവരുടെ ചില ദൈവങ്ങളെക്കൂടി അള്ളാക്കൊപ്പം ആരാധിക്കാമെന്നു പറഞ്ഞു." 
ഖുര്‍ആനില്‍ ഉള്ള സൂക്തങ്ങള്‍ അര്‍ഥവും വ്യാഖ്യാനവും സഹിതം വായിക്കുക:

'ഇനിയൊന്നു പറയൂ, ഈ ലാത്തിന്റെയും ഉസ്സയുടെയും മൂന്നാമതൊരു ദേവതയായ മനാത്തിന്റെയും യാഥാര്‍ഥ്യത്തെക്കുറിച്ച് നിങ്ങള്‍ വല്ലപ്പോഴും ചിന്തിച്ചിട്ടുണ്ടോ? ആണ്‍മക്കള്‍ നിങ്ങള്‍ക്കും പെണ്‍മക്കള്‍ ദൈവത്തിനുമാണെന്നോ? അങ്ങനെയെങ്കില്‍ അത് വളരെ അന്യായമായ പങ്കുവെക്കല്‍ തന്നെ. വാസ്തവത്തില്‍ അതൊക്കെയും നിങ്ങളും നിങ്ങളുടെ പിതാക്കളും വിളിച്ച കുറെ പേരുകളല്ലാതെ യാതൊന്നുമല്ല. അല്ലാഹു ഇവക്കൊന്നും യാതൊരു പ്രമാണവുമവതരിപ്പിച്ചിട്ടില്ല.ഈ ജനം ഊഹാപോഹങ്ങളെയും ദേഹേച്ഛകളെയും മാത്രം പിന്തുടരുന്നു എന്നതത്രെ യാഥാര്‍ഥ്യം. എന്നാല്‍ അവരുടെ റബ്ബിങ്കല്‍നിന്നുള്ള സന്മാര്‍ഗം തീര്‍ച്ചയായും അവര്‍ക്കു ലഭിച്ചുകഴിഞ്ഞിരിക്കുന്നു. അതല്ല, മനുഷ്യന്‍ കൊതിക്കുന്നതെന്തോ അതുതന്നെയാണ് അവന്റെ സത്യമെന്നോ? ഇഹത്തിന്റെയും പരത്തിന്റെയും ഉടമസ്ഥന്‍ അല്ലാഹു മാത്രമാകുന്നു.' (53:19-25) 
 -----------------------------------------------------------------------


ഇനിയൊന്നു പറയൂ, ഈ ലാത്തിന്റെയും ഉസ്സയുടെയും മൂന്നാമതൊരു ദേവതയായ മനാത്തിന്റെയും യാഥാര്‍ഥ്യത്തെക്കുറിച്ച് നിങ്ങള്‍ വല്ലപ്പോഴും ചിന്തിച്ചിട്ടുണ്ടോ?

താല്‍പര്യമിതാണ്: പ്രവാചകന്‍ (സ) നല്‍കുന്ന സന്ദേശങ്ങളെ നിങ്ങള്‍ അന്ധകാരവും ദുര്‍മാര്‍ഗവുമായി കരുതുന്നു. എന്നാലോ, ഈ സന്ദേശങ്ങള്‍ അദ്ദേഹത്തിന് അല്ലാഹുവിങ്കല്‍നിന്ന് നല്‍കപ്പെട്ടതാണ്. അദ്ദേഹം നിങ്ങള്‍ക്കുമുമ്പില്‍ സാക്ഷ്യപ്പെടുത്തുന്ന യാഥാര്‍ഥ്യങ്ങളെ അല്ലാഹു അദ്ദേഹത്തിനു കണ്‍മുമ്പില്‍ പ്രത്യക്ഷപ്പെടുത്തിക്കൊടുത്തിട്ടുള്ളതാണ്. ഇനിയൊന്നു ചിന്തിച്ചു നോക്കുക: നിങ്ങള്‍ വാശിയോടെ മൂടുറച്ചാചരിച്ചുപോരുന്ന വിശ്വാസങ്ങള്‍ എത്രമാത്രം അയുക്തികമാണ്? നിങ്ങള്‍ക്ക് സന്മാര്‍ഗം കാട്ടിത്തരുന്ന മനുഷ്യനെതിരെ വിരോധം പുലര്‍ത്തിയിട്ട് ഒടുവില്‍ നിങ്ങള്‍ ആര്‍ക്കാണ് ദോഷം വരുത്തുന്നത്? ഈ വിഷയകമായി മക്ക, മദീന, ത്വാഇഫ് എന്നിവിടങ്ങളിലും ഹിജാസ് പ്രദേശങ്ങളിലും ആളുകള്‍ ഏറെ പൂജിച്ചുകൊണ്ടിരുന്ന മൂന്ന് ദേവതകളെ സവിശേഷം ഉദാഹരിച്ചിരിക്കുന്നു. ആകാശഭൂമികളുടെ മേലുള്ള ദൈവികാധികാരത്തില്‍ അവയ്ക്ക് നിസ്സാരമായ സ്വാധീനമെങ്കിലും ഉണ്ടാകാവതാണോ എന്ന് നിങ്ങള്‍ ബുദ്ധിപൂര്‍വം വല്ലപ്പോഴും ആലോചിച്ചുനോക്കിയിട്ടുണ്ടോ എന്നാണതേപ്പറ്റി ചോദിക്കുന്നത്. അല്ലെങ്കില്‍ ലോകനാഥനുമായി അവയ്ക്ക് യഥാര്‍ഥത്തില്‍ വല്ല ബന്ധവുമുണ്ടെന്ന് മനസ്സിലാക്കാന്‍ എന്തു ന്യായമാണുള്ളത് എന്നന്വേഷിച്ചിട്ടുണ്ടോ?

ലാത്തിന്റെ ആസ്ഥാനം ത്വാഇഫിലായിരുന്നു. വളരെ സുദൃഢമായ വിശ്വാസമാണ് ഥഖീഫ് ഗോത്രം ഈ വിഗ്രഹത്തിലര്‍പ്പിച്ചിരുന്നത്. അബ്‌റഹത്ത് ആനപ്പടയുമായി കഅ്ബയെ തകര്‍ക്കാന്‍ വന്നപ്പോള്‍ അവര്‍ സ്വീകരിച്ച നിലപാട് അത് നല്ലവണ്ണം വ്യക്തമാക്കുന്നുണ്ട്. അന്ന് ലാത്തിന്റെ സന്നിധാനം അബ്രഹത്തില്‍നിന്നൂം സംരക്ഷിക്കുന്നതിന് വേണ്ടി ആ അക്രമിക്ക് മക്കയിലേക്കുള്ള വഴി കാട്ടികൊടുക്കാന്‍ അവര്‍ സ്വഗോത്രത്തില്‍നിന്ന് അകമ്പടിക്കാരെ ഏര്‍പ്പെടുത്തികൊടുക്കുകയുണ്ടായി-മറ്റേതു അറേബ്യന്‍ ഗോത്രത്തേയുംപോലെ ഥഖീഫ് ഗോത്രവും കഅ്ബ ദൈവികമന്ദിരമാണെന്ന് വിശ്വസിക്കുന്നവരായിട്ടും. ലാത്തിന്റെ അര്‍ഥം സംബന്ധിച്ച് പണ്ഡിതന്മാര്‍ക്കിടയില്‍ തര്‍ക്കമുണ്ട്.

'ഉസ്സ' എന്ന പദം  പ്രതാപിനി എന്നാണര്‍ഥം. ഇത് ഖുറൈശികളുടെ സവിശേഷ ദേവതയായിരുന്നു. മക്കയ്ക്കും ത്വാഇഫിനുമിടയില്‍ വാദിനഖ്‌ലയിലെ 'ഹുറാദ്'  എന്ന സ്ഥലത്താണതിന്റെ സന്നിധാനം. ഹാശിം വംശത്തിന്റെ സഖ്യഗോത്രമായ ശൈബാന്‍ വംശം ഇതിന്റെ പരിസരത്താണ് വസിച്ചിരുന്നത്. ഖുറൈശികളും ഇതര ഗോത്രങ്ങളും ഈ സന്നിധാനം സന്ദര്‍ശിക്കുകയും നേര്‍ച്ചവഴിപാടുകളും ബലികളും അര്‍പ്പിക്കുകയും ചെയ്തിരുന്നു.
കഅ്ബയിലേക്കെന്നപോലെ ഉസ്സാ സന്നിധിയിലേക്കും ബലിമൃഗങ്ങളെ കൊണ്ടുവരാറുണ്ടായിരുന്നു. ആളുകള്‍ മറ്റു വിഗ്രഹങ്ങളെക്കാളെറേ ഉസ്സയെ ആദരിച്ചിരുന്നു. ഇബ്‌നുഹിശാം പറയുന്നു: അബൂ ഉഹൈഹ ആസന്നമരണനായപ്പോള്‍ അബൂലഹബ് അദ്ദേഹത്തെ സന്ദര്‍ശിച്ചു, അബൂലഹബിനെ കണ്ടപാട് അബൂ ഉഹൈഹ കരയാന്‍ തുടങ്ങി . അബൂലഹബ് ചോദിച്ചു: ''കരയുന്നതെന്തിന് അബൂ ഉഹൈഹാ, മരണത്തെ പേടിച്ചാണോ? മരണം എല്ലാവര്‍ക്കുമുള്ളതല്ലേ?'' അയാള്‍ പറഞ്ഞു: ''ദൈവത്താണ, ഞാന്‍ കരയുന്നത് മരണത്തെ പേടിച്ചല്ല; എനിക്ക് ശേഷം ഉസ്സയെ  ആര് പൂജിക്കുമെന്നോര്‍ത്തുള്ള ദുഃഖംകൊണ്ടാണ്.'' അബൂലഹബ് പറഞ്ഞു: ''നിങ്ങളുടെകാലത്ത് അത് പൂജിക്കപ്പെട്ടത് നിങ്ങളാല്‍  മാത്രമല്ല. നിങ്ങള്‍ക്കുശേഷവും അത് ഉപേക്ഷിക്കപ്പെടുകയില്ല.'' അബൂ ഉഹൈഹ പറഞ്ഞു: ''ഇപ്പൊഴെനിക്ക് സമാധാനമായി. എനിക്കുശേഷം എന്റെ സ്ഥാനം ഏറ്റെടുക്കാന്‍ ആരെങ്കിലുമുണ്ടല്ലോ.'' മനാത്തിന്റെ പ്രതിഷ്ഠ മക്കയ്ക്കും  മദീനയ്ക്കുമിടയില്‍ ചെങ്കടല്‍ തീരത്തുള്ള ഖുദൈദ് എന്ന സ്ഥലത്തായിരുന്നു. ഖുസാഅഃ, ഔസ്, ഖസ്‌റജ് ഗോത്രങ്ങള്‍ സവിശേഷ പ്രാധാന്യത്തോടെ ആരാധിച്ചുപോന്നത് ഈ വിഗ്രഹത്തെയാണ്. അവരവിടെ തീര്‍ഥാടനം ചെയ്യുകയും  പ്രദക്ഷിണവും നേര്‍ച്ചാ വഴിപാടുകളും ബലികളും നടത്തുകയും ചെയ്തുപോന്നു. ഹജ്ജ്‌വേളയില്‍ ഹാജിമാര്‍ കഅ്ബ പ്രദക്ഷിണം, അറഫാ-മിനകളിലെ ചടങ്ങുകള്‍ എന്നിവയില്‍നിന്നു വിരമിച്ചാല്‍ മനാത്തയെ സന്ദര്‍ശിക്കുന്നതിന് ലബ്ബൈക്ക മുഴക്കാറുണ്ടായിരുന്നു. ഈ രണ്ടാം 'ഹജ്ജി'നു നിയ്യത്ത് (തീരുമാനം) എടുത്തവര്‍ സഫാ- മര്‍വയ്ക്കിടയിലെ സഅ്‌യ് ചെയ്യാറുണ്ടായിരുന്നില്ല.


ആണ്‍മക്കള്‍ നിങ്ങള്‍ക്കും പെണ്‍മക്കള്‍ ദൈവത്തിനുമാണെന്നോ?


അതായത്, ഈ ദേവതകളെ നിങ്ങള്‍ അല്ലാഹുവിന്റെ പുത്രിമാരായി കരുതുന്നു. ഈ വിശ്വാസമാവിഷ്‌കരിക്കുമ്പോള്‍, പെണ്‍കുട്ടികളുണ്ടാകുന്നതിനെ അപമാനമായി കരുതുകയും തങ്ങള്‍ക്കുണ്ടാകുന്നത് ആണ്‍കുട്ടികള്‍ തന്നെയായിരിക്കണമെന്നാഗ്രഹിക്കുകയും ചെയ്യുന്നവരാണ് നിങ്ങള്‍. എന്നിട്ടും അല്ലാഹുവിന് നിങ്ങള്‍ നിര്‍ദേശിച്ച സന്തതികള്‍ പെണ്‍മക്കളായിപ്പോയി എന്നുള്ള കാര്യംപോലും നിങ്ങള്‍ ഓര്‍ത്തില്ല!


അങ്ങനെയെങ്കില്‍ അത് വളരെ അന്യായമായ പങ്കുവെക്കല്‍ തന്നെ. വാസ്തവത്തില്‍ അതൊക്കെയും നിങ്ങളും നിങ്ങളുടെ പിതാക്കളും വിളിച്ച കുറെ പേരുകളല്ലാതെ യാതൊന്നുമല്ല. അല്ലാഹു ഇവക്കൊന്നും യാതൊരു പ്രമാണവുമവതരിപ്പിച്ചിട്ടില്ല.

അതായത്, നിങ്ങള്‍ ദേവി എന്നും ദേവനെന്നും വിളിക്കുന്നവര്‍ യഥാര്‍ഥത്തില്‍ ദേവിയുമല്ല ദേവനുമല്ല. അവയിലൊന്നും ദിവ്യത്വത്തിന്റെ യാതൊരു ഗുണവുമില്ല. ദൈവികാധികാരങ്ങളില്‍ തരിമ്പും അവര്‍ക്കാര്‍ക്കും ലഭിച്ചിട്ടില്ല. നിങ്ങള്‍ സ്വന്തം നിലയ്ക്ക് അവരെ ദേവിയെന്നും ദേവനെന്നും ദൈവമക്കളെന്നും ദിവ്യത്വത്തില്‍ പങ്കാളികളെന്നുമൊക്കെ ആരോപിക്കുകയാണ്. നിങ്ങളുടെ ഈ സങ്കല്‍പങ്ങളെയൊക്കെ സ്ഥിരീകരിക്കാനുതകുന്ന യാതൊരു പ്രമാണവും ദൈവത്തിങ്കല്‍നിന്ന് സമാഗതമായിട്ടില്ല.

ഈ ജനം ഊഹാപോഹങ്ങളെയും ദേഹേച്ഛകളെയും മാത്രം പിന്തുടരുന്നു എന്നതത്രെ യാഥാര്‍ഥ്യം.

മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, അവരുടെ മാര്‍ഗഭ്രംശത്തിന്റെ അടിസ്ഥാനകാരണങ്ങള്‍ രണ്ടാണ്: ഒരു സംഗതിയെ സ്വന്തം വിശ്വാസപ്രമാണവും ദീനുമാക്കുന്നതിന് യഥാര്‍ഥ ജ്ഞാനത്തിന്റെ യാതൊരനിവാര്യതയും അവര്‍ക്കനുഭവപ്പെടുന്നില്ല.  എന്നല്ല കേവലമായ അനുമാനങ്ങളെ ഒരു സ്വപ്നമാക്കി ഒരു കാര്യം സങ്കല്‍പിക്കുകയും പിന്നീട് അത് അനിഷേധ്യ യാഥാര്‍ഥ്യമെന്ന മട്ടില്‍ വിശ്വസിക്കുകയുമാണവര്‍ ചെയ്യുന്നത്. രണ്ട്, അവരീ മാര്‍ഗം സ്വീകരിക്കുന്നത് സ്വന്തം ദേഹേഛകളെ അനുസരിക്കാന്‍ തീരുമാനിച്ചതുകൊണ്ടാണ്. ഈ ലോകത്ത് നിങ്ങളുദ്ദേശിക്കുന്ന കാര്യങ്ങളൊക്കെ സാധിച്ചുതരികയും ഒരു പരലോകമുണ്ടെങ്കില്‍ അവിടെ രക്ഷപ്പെടുത്തുകയും ഉത്തരവാദിത്വമേറ്റെടുക്കുകയും ചെയ്യുന്ന ഒരാരാധ്യനാണവര്‍ക്ക് വേണ്ടത്. ആ ദൈവം അവരുടെ മേല്‍ ഹിതാഹിതങ്ങളൊന്നും ചുമത്തിക്കൂടാ. ധാര്‍മികനിഷ്ഠകളൊന്നും ബാധകമാക്കാവതുമല്ല. അതുകൊണ്ട് പ്രവാചകന്‍ കൊണ്ടുവന്ന സന്ദേശം സ്വീകരിച്ച് ഏകദൈവത്തിന്റെ അടിമകളായിരിക്കാന്‍ അവര്‍ തയ്യാറല്ല. തങ്ങളുടെ സ്വയംകൃത ദൈവങ്ങളെ ആരാധിച്ചുപോരുന്നതുതന്നെയാണവര്‍ക്കു പഥ്യം.

എന്നാല്‍ അവരുടെ റബ്ബിങ്കല്‍നിന്നുള്ള സന്മാര്‍ഗം തീര്‍ച്ചയായും അവര്‍ക്കു ലഭിച്ചുകഴിഞ്ഞിരിക്കുന്നു.
അതായത്, എല്ലാ കാലത്തും അല്ലാഹുവിങ്കല്‍നിന്നുള്ള പ്രവാചകവര്യന്‍മാര്‍ ഇത്തരം മാര്‍ഗഭ്രഷ്ടരായ ആളുകള്‍ക്ക് സത്യം വെളിപ്പെടുത്തിക്കൊടുത്തുകൊണ്ടിരുന്നു. അതനുസരിച്ച് ഇപ്പോള്‍ മുഹമ്മദ് (സ) ആഗതനായി നിങ്ങള്‍ക്ക് വ്യക്തമാക്കിത്തന്നിരിക്കുകയാണ്, പ്രപഞ്ചത്തിന്റെ പരമാധികാരം യഥാര്‍ഥത്തില്‍ ആര്‍ക്കാണെന്ന്.

അതല്ല, മനുഷ്യന്‍ കൊതിക്കുന്നതെന്തോ അതുതന്നെയാണ് അവന്റെ സത്യമെന്നോ?

സൂക്തത്തില്‍ മറ്റൊരാശയം ഇങ്ങനെയാവാം: അതല്ല, തനിക്കിഷ്ടമുള്ളവരെ ദൈവമാക്കാന്‍ മനുഷ്യന്നധികാരമുണ്ടെന്നോ? മൂന്നാമതൊരാശയം ഇങ്ങനെയുമാകാം: ഈ ദൈവങ്ങളിലൂടെ സഫലീകരിക്കപ്പെടുമെന്ന് മനുഷ്യന്‍ പ്രതീക്ഷിക്കുന്ന ആഗ്രഹങ്ങള്‍ എപ്പോഴെങ്കിലും സഫലീകരിക്കപ്പെടുന്നുണ്ടോ?

ഇഹത്തിന്റെയും പരത്തിന്റെയും ഉടമസ്ഥന്‍ അല്ലാഹു മാത്രമാകുന്നു. 

കാളിദാസന്‍െ പറഞ്ഞ ആരോപണത്തിലേക്ക് നയിച്ച സംഭവങ്ങള്‍:

പ്രവാചകത്വത്തിന്റെ അഞ്ചാം ആണ്ടുവരെ നബി(സ) തന്റെ ഉറ്റമിത്രങ്ങളെയും സ്വകാര്യസഭകളെയും മാത്രമേ ഖുര്‍ആന്‍ ഓതിക്കേള്‍പ്പിച്ചുകൊണ്ട് പ്രബോധനം ചെയ്തിരുന്നുള്ളൂ എന്ന് വ്യക്തമാകുന്നു. ഇക്കാലയളവിലൊരിക്കലും ബഹുജനസഭകളില്‍ ഖുര്‍ആന്‍ കേള്‍പ്പിക്കാന്‍ അദ്ദേഹത്തിനവസരം ലഭിച്ചിട്ടില്ല. അവിശ്വാസികളുടെ രൂക്ഷമായ എതിര്‍പ്പ് അതിന് തടസ്സമായിരുന്നു. തിരുമേനിയുടെ വ്യക്തിത്വവും പ്രബോധനവും തങ്ങളെ സംബന്ധിച്ചിടത്തോളം എത്രമാത്രം അപകടകരമാണെന്നും ഖുര്‍ആന്‍സൂക്തങ്ങള്‍ തങ്ങളെ എത്രമാത്രം പ്രകോപിതരാക്കുമെന്നും അവര്‍ക്കും നന്നായറിയാമായിരുന്നു. അതുകൊണ്ട് ഖുര്‍ആന്‍ സ്വയം കേള്‍ക്കാതെയും മറ്റുള്ളവരെ കേള്‍പ്പിക്കാതെയും കഴിക്കാന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരുന്നു. അതോടൊപ്പം പ്രവാചകനെക്കുറിച്ച് പലതരം തെറ്റുധാരണകള്‍ പരത്തി വ്യാജപ്രചാരണങ്ങള്‍ ശക്തിപ്പെടുത്തിക്കൊണ്ട് അദ്ദേഹത്തിന്റെ പ്രബോധനത്തെ ഒതുക്കാനും അവര്‍ യത്‌നിച്ചു. അതിനുവേണ്ടി മുഹമ്മദ് നബി(സ) വഴിതെറ്റിയിരിക്കുന്നുവെന്നും അദ്ദേഹം ജനങ്ങളെക്കൂടി വഴിതെറ്റിക്കാനൊരുമ്പെട്ടിരിക്കുന്നുവെന്നും നാനാ സ്ഥലങ്ങളിലും പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരുന്നു. തിരുമേനി എവിടെയെങ്കിലും ഖുര്‍ആന്‍ കേള്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ഉടനെ അവിടെ ബഹളമുണ്ടാക്കി അതു തടസ്സപ്പെടുത്തുക അവര്‍ സ്ഥിരമായി അനുവര്‍ത്തിച്ചിരുന്ന മറ്റൊരു തന്ത്രമായിരുന്നു. തിരുമേനിയെ വഞ്ചിതനാക്കുകയും വഴിതെറ്റിക്കപ്പെടുകയും ചെയ്തുവെന്ന് പറയപ്പെടുന്ന ഈ വചനങ്ങള്‍ യഥാര്‍ഥത്തില്‍ എന്താണെന്ന് മനസ്സിലാക്കാന്‍ ആളുകള്‍ക്ക് സാധിക്കാതിരിക്കുകയായിരുന്നു അതിന്റെ ലക്ഷ്യം.
ഈ ചുറ്റുപാടില്‍ ഒരുനാള്‍ നബി തിരുമേനി മസ്ജിദുല്‍ ഹറാമില്‍ ആഗതനായി. അവിടെ വലിയൊരു സംഘം ഖുറൈശികള്‍ സമ്മേളിച്ചിട്ടുണ്ടായിരുന്നു. തിരുമേനി പെട്ടെന്ന് അവര്‍ക്കിടയില്‍ പ്രഭാഷണംചെയ്യാന്‍ എഴുന്നേറ്റു. ആ സന്ദര്‍ഭത്തില്‍ അവിടത്തെ തിരുനാവിലൂടെ അല്ലാഹു ഉതിര്‍ത്ത പ്രഭാഷണമാണ് സൂറ അന്നജ്മിന്റെ രൂപത്തില്‍ നമ്മുടെ മുമ്പിലുള്ളത്. തിരുമേനി ഇതു കേള്‍പ്പിക്കാന്‍ തുടങ്ങിയപ്പോള്‍ പ്രതിയോഗികള്‍ ബഹളമുണ്ടാക്കാന്‍ മറന്നുപോയത് ഈ വചനങ്ങളുടെ അനന്യമായ സ്വാധീനശക്തിയുടെ നിദര്‍ശനമത്രേ. ബഹളമുണ്ടാക്കിയില്ലെന്നു മാത്രമല്ല, ഒടുവില്‍ തിരുമേനി സുജൂദ്‌ചെയ്തപ്പോള്‍ അവരും സുജൂദില്‍ വീണുപോയി. തങ്ങളില്‍ വന്നുപോയ ദൗര്‍ബല്യത്തില്‍ പിന്നീട് അവര്‍ പരിഭ്രാന്തരായി. മറ്റുള്ളവരോട് ഖുര്‍ആന്‍ കേള്‍ക്കാന്‍ പാടില്ലെന്നു വിലക്കിയവര്‍ ഇപ്പോള്‍ അത് ചെവികൂര്‍പ്പിച്ചു കേള്‍ക്കുക മാത്രമല്ല, മുഹമ്മദിന്റെകൂടെ സുജൂദില്‍ വീഴുകയും ചെയ്തിരിക്കുന്നുവെന്ന് ആളുകള്‍ അവരെ അധിക്ഷേപിക്കാനും തുടങ്ങി. ഒടുവില്‍ തങ്ങളുടെ സുജൂദിനെ ന്യായീകരിക്കാന്‍ അവരൊരു കഥയുണ്ടാക്കി പ്രചരിപ്പിച്ചു. അതിപ്രകാരമായിരുന്നു: മുഹമ്മദ്  'ഇനിയൊന്നു പറയൂ, ഈ ലാത്തിന്റെയും ഉസ്സയുടെയും മൂന്നാമതൊരു ദേവതയായ മനാത്തിന്റെയും യാഥാര്‍ഥ്യത്തെക്കുറിച്ച് നിങ്ങള്‍ വല്ലപ്പോഴും ചിന്തിച്ചിട്ടുണ്ടോ?' എന്ന വചനങ്ങള്‍ക്കുശേഷം  'അവര്‍ അത്യുന്നത ദേവതകളാകുന്നു. അവരുടെ ശിപാര്‍ശ തീര്‍ച്ചയായും പ്രതീക്ഷിക്കാവുന്നതാകുന്നു' എന്നുകൂടി ഓതുന്നതായി ഞങ്ങള്‍ കേട്ടു. അതുകൊണ്ട് മുഹമ്മദ് ഞങ്ങളുടെ മാര്‍ഗത്തിലേക്ക് തിരിച്ചുവന്നതായി ഞങ്ങള്‍ മനസ്സിലാക്കി. എന്നാല്‍, ഈ സൂറത്തിന്റെ സന്ദര്‍ഭപശ്ചാത്തലങ്ങളില്‍ എവിടെയെങ്കിലും മേല്‍വാക്യങ്ങള്‍ക്ക് എന്തെങ്കിലും സാംഗത്യമുള്ളതായി ഒരു ഭ്രാന്തനുപോലും ചിന്തിക്കാന്‍ കഴിയില്ല.

ഈ അധ്യായം പൂര്‍ണമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

16 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

പ്രിയ രാജന്‍ ,

താങ്കളുടെ കമന്റ് ഡീലീറ്റ് ചെയ്തിരിക്കുന്നു. ഇവിടെ നല്‍കപ്പെട്ട വിഷയത്തില്‍ താങ്കള്‍ക്കെന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറയുക. അമിതാവേശമില്ലാതെ. അത്രയും സ്പീഡ് ഇക്കാര്യത്തില്‍ വേണമെന്ന് തോന്നുന്നില്ല. അതുകൊണ്ടാണല്ലോ കാളിദാസന്റെ ബ്ലോഗില്‍ ഞാന്‍ ഇടപെടാത്തത്. അദ്ദേഹം പറയുന്നത് ആനക്കാര്യമൊന്നുമല്ല. ഏതൊരു ശരാശരി വിവരമുള്ള മുസ്‌ലിമിനും മറുപടി പറയാന്‍ മാത്രമുള്ള കാര്യങ്ങളാണ്. പക്ഷെ അവിടെ മറുപടി സങ്കീര്‍ണമാക്കുന്നത താങ്കളിപ്പോള്‍ ഇട്ടതുപൊലെ കമന്റുകള്‍ മാറിമാറി ഇടുന്നതുകൊണ്ടാണ്. താങ്കള്‍ ഇവിടെ ന്ല്‍കിയ കമന്റ് ഞാന്‍ സൂക്ഷിച്ചിട്ടുണ്ട്.

ഒരു തരം ആക്രാന്തമാണല്ലോ ഇവിടെ കാണുന്നത്. നമ്മുക്ക് സ്‌നേഹത്തോടെ അഭിപ്രായങ്ങള്‍ പങ്ക് വെച്ചാല്‍ എന്താണ് പ്രശ്‌നം. നിങ്ങള്‍ എന്തിനെയാണ് പേടിക്കുന്നത്. ഇസ്‌ലാം ബഹുദൈവാരധനയെ അനുകൂലിക്കുന്നു എന്ന് വരുത്തിതീര്‍ക്കാനാണല്ലോ ഈ വെപ്രാളം നമ്മുക്ക് നോക്കാം. ആ വിഷയത്തില്‍ ഏറ്റവും കടുപ്പമുള്ളതാണല്ലോ ഇവിടെ നല്‍കിയ സൂക്തങ്ങള്‍ ആദ്യം അതിനെക്കുറിച്ച് ചര്‍ചചെയ്യാം പിന്നീട് ഹജ്ജിന്റെ കര്‍മങ്ങളിലുള്ള 'ബിംബാരാധന'യെയും എടുക്കാം അതു പോരെ.

CKLatheef പറഞ്ഞു...

(56-62) ഇത്, പണ്ടേ വന്നുകൊണ്ടിരുന്ന മുന്നറിയിപ്പുകളിലൊരു മുന്നറിയിപ്പാകുന്നു. വരാനിരിക്കുന്ന നിമിഷം അടുത്തെത്തിയിരിക്കുന്നു. അല്ലാഹുവല്ലാതെ അതിനെ നീക്കിയകറ്റുന്നവനാരുമില്ല. ഇനി ഈ സംഗതികളിലാണോ നിങ്ങള്‍ അത്ഭുതം കൊള്ളുന്നത്! നിങ്ങള്‍ ചിരിക്കുന്നതും! കരയാതിരിക്കുന്നതും! പാട്ടുംപാടി അവയെ തള്ളിക്കളഞ്ഞുകൊണ്ട്?! സാഷ്ടാംഗം നമിക്കുവിന്‍; അല്ലാഹുവിന്റെ മുമ്പില്‍ അടിമത്തം അര്‍പ്പിക്കുവിന്‍.

നിങ്ങള്‍ കണ്ടപോലെ ഈ സൂക്തങ്ങളോടെയാണല്ലോ. അന്നജ്മ് അധ്യായം അവസാനിക്കുന്നത്.

മനുഷ്യാരംഭം മുതല്‍ വിവിധ പ്രവാചകന്‍മാരിലൂടെ നല്‍കപ്പെട്ടുകൊണ്ടിരുന്ന അതേ മുന്നറിയിപ്പാണ് പ്രവാചകനായ മുഹമ്മദ് നബിയിലൂടെയും നല്‍കപ്പെട്ടുകൊണ്ടിരിക്കുന്നത്. മുന്നറിയിപ്പ് ഇതാണ് നിങ്ങളെ സൃഷ്ടിച്ച പ്രപഞ്ചനാഥനാണ് നിങ്ങള്‍ അനുസരണയും വിധേയത്വവും ആരാധനയും അര്‍പിക്കേണ്ടതെന്നും. അപ്രകാരം ചെയ്യാതെ നിങ്ങള്‍ പിതാക്കന്‍മാരിലൂടെ കേട്ടറിഞ്ഞ കല്ലിനെയും മരത്തെയും ആരാധിക്കുന്നുവെങ്കില്‍ മരണശേഷം കനത്ത ശിക്ഷക്ക് അര്‍ഹരാകും എന്നുമാണ് ആ മുന്നറിയിപ്പ്. ഇതിന് കുറെ നാളുണ്ടെന്ന് കരുതി സമാധാനിക്കേണ്ടതില്ല. നിങ്ങള്‍ അതിനാല്‍ ദൈവത്തിന് മുമ്പില്‍ സാഷ്ടാംഗം നമിക്കുവീന്‍ , അല്ലാഹുവിന്റെ മുമ്പില്‍ അടിമത്തം അര്‍പിക്കുവീന്‍ ഈ വാചകങ്ങളില്‍ ലയിച്ച് സ്വയം മറന്നുപോയ വിഗ്രാഹാരധകര്‍ ഇവിടെ വിശ്വാസികള്‍ സാഷ്ടാംഗം ചെയ്തപ്പോള്‍ അറിയാതെ അവരോടൊപ്പം കൂടിപ്പോയി.

ഇതിലെ ജാള്യത മറക്കാനാണ് അവര്‍ ഒരു കളവ് പറഞ്ഞ് പരത്തിയത്. അത് കളവായിരുന്നുവെന്ന് പിന്നീട് അവര്‍തന്നെ സാക്ഷ്യം വഹിക്കുകയും ചെയ്തല്ലോ. മക്കാവിജയ വേളയില്‍ അവരൊക്കെ തന്നെയാണ് ബിംബങ്ങളെ കഅ്ബയില്‍ നിന്നെടുത്ത് മാറ്റിയത്. കളവ് എന്ന നിലയില്‍ തന്നെ പ്രസ്തു കാര്യം പ്രസിദ്ധമാകുകയും അങ്ങനെത്തന്നെ രേഖപ്പെടുത്തുകയും ചെയ്തിട്ടും തന്നെ വായിക്കാന്‍ കുറച്ചാളുകളുണ്ടെന്ന് കരുതി (അവര്‍ സ്വന്തം നിലക്ക് ഇസ്‌ലാമിനെ പഠിക്കില്ലെന്ന ആത്മവിശ്വാസത്തിലാകാം) കാളിദാസന്‍ ആ കളവ് സത്യം പോലെ എടുത്ത് ചേര്‍ത്തിരിക്കുന്നു.

ajex പറഞ്ഞു...

ബെസ്റ്റ് !!!

ഇതിനെയാണ് ലത്തീഫേ സംവാദമെന്ന് പറയുന്നത്. രാജൻ ഇട്ട കമന്റ് ഞാനുൾപ്പെടെ ഒരുപാടു പേർ വായിച്ചു. അതിൽ താങ്കൾ ഈ പോസ്റ്റിൽ സൂചിപ്പിച്ചിരിക്കുന്ന വിഷയമല്ലാതെ മറ്റൊന്നും അദ്ദേഹം പറഞ്ഞിട്ടുമില്ല... ഇതിനെയല്ലേ നമ്മൾ പച്ച മലയാളത്തിൽ ഉത്തരം മുട്ടുമ്പോൾ കൊഞ്ഞണം കുത്തുക എന്ന് പറയുന്നത് ? ലത്തീഫ് തന്നെ പോസ്റ്റിടുക, കമന്റും താങ്കൾ തന്നെ ഇടാവൂ എന്നാണോ ?

ചിന്തകന്‍ പറഞ്ഞു...

അജക്സ്

ലത്തീഫ് ഇവിടെ പറഞ്ഞ വിഷയവുമായി നേരിട്ട് ബന്ധമില്ലാത്ത ഒരു കാര്യമാണ് രാജന്‍ ഇഎ.ജബ്ബാറിന്റെ പോസ്റ്റില്‍ നിന്ന് കോപി പേസ്റ്റാക്കിയത്..

രാജന്‍ പറഞ്ഞ വിഷയം മുമ്പ് പലരും പലതവണ ചര്‍ച്ച ചെയ്തതും വ്യക്തമായ മറുപടികള്‍ നല്‍കപെട്ടതുമാണ്. ഒരു ചര്‍ച്ച ഇവിടെ കാണാം.

CKLatheef പറഞ്ഞു...

പ്രിയ ചിന്തകന്‍ ,

താങ്കളുടെ ലിങ്കിന് നന്ദി. അതിന്റെ സത്യാവസ്ഥ അറിയാത്തതുകൊണ്ടാണ് രാജനെപ്പോലുള്ളവര്‍ ഒരു കമന്റില്‍, നേര്‍ക്ക് നേരെ വിഷയവുമായി ബന്ധപ്പെടാത്ത കാര്യങ്ങള്‍ ഒന്നാകെ കുത്തിനിറച്ച് കമന്റാക്കുന്നത് എന്ന് എനിക്ക് തോന്നുന്നില്ല. പലപ്പോഴും അത്തരം ചര്‍ചകള്‍ വായിച്ച് ആരോപണങ്ങള്‍ മാത്രം സൂക്ഷിക്കുകയും അതിന്റെ മറുപടികള്‍ വിട്ടുകളയുകയും ചെയ്യുകയാണ്. ഒരു വിഷയം ചര്‍ചചെയ്യുമ്പോള്‍ സ്വാഭാവികമായും അനുബന്ധവിഷയത്തിലേക്ക് തെന്നിപ്പോയെന്ന് വരും. അതംഗീകരിക്കാം. എന്നാല്‍ മനപ്പൂര്‍വം ചര്‍ച വഴിതിരിക്കുക എന്ന് മാത്രമാണ് ചിലരുടെ ഉന്നം. ഞാനിവിടെ ഹജറുല്‍ അസ് വദിനെക്കുറിച്ചാണ് പോസ്റ്റിട്ടിരുന്നതെങ്കില്‍ ചിലര്‍ ഈ സൂക്തം പേസ്റ്റ് ചെയ്ത് ആരോപണമുന്നയിക്കുമായിരുന്നു. എങ്കിലും സാജന്റെ കമന്റുകള്‍ കുറച്ചാളുകള്‍ വായിച്ച സ്ഥിതിക്ക് താങ്കളുടെ ലിങ്ക് പ്രസക്തമാണ്. എന്നാല്‍ പലചര്‍ചകളിലേക്കും ലിങ്ക് കൊടുക്കാന്‍ തോന്നാത്തത്. അവിടെ നടന്ന അത്തരം ചര്‍ചകളുടെ കാടുകയറ്റം കണ്ടിട്ടാണ്. മൊത്തം വായിച്ച് കഴിയുമ്പോള്‍ പറഞ്ഞുവന്ന വിഷയം അവിടെ കിടക്കുകയും മറ്റുപലതും ചര്‍ചയാവുകയും ചെയ്തിട്ടുണ്ടാകും. താങ്കള്‍ ലിങ്ക് നല്‍കിയ ചര്‍ചയില്‍ മിക്കവാറും വിഷയങ്ങളെല്ലാം വന്നിട്ടുണ്ട്. രാജനും അജെക്‌സുമൊക്കെ ക്രിയാത്മകമായി ചര്‍ചയില്‍ ഇടപെടും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. രാജന്‍ മുമ്പ് സംയമനത്തോടെ ചര്‍ചയില്‍ പങ്കെടുത്തിരുന്നു.

ഒതയാര്‍ക്കം പറഞ്ഞു...

'രാജന്റെ കമന്റ് ഡീലീറ്റ് ചെയ്തിരിക്കുന്നു' എന്ന് വായിക്കുമ്പോള്‍ അതെന്തായിരിക്കും എന്ന് അറിയാന്‍ ഒരാകാംഷ.

shahir chennamangallur പറഞ്ഞു...

നന്നായി ലത്തീഫ്.

V.B.Rajan പറഞ്ഞു...

ഞാന്‍ ഇട്ടിരുന്ന കമന്റ് എന്റെ ബ്ലോഗില്‍ താല്പര്യമുള്ളവര്‍ക്ക് വായിക്കാം. വിഷയവുമായി ബന്ധമുണ്ടോ എന്നു വായനക്കാര്‍ വിലയിരുത്തുക.

പള്ളിക്കുളം.. പറഞ്ഞു...

രാജൻ, വിഗ്രഹം എന്ന് താങ്കൾ വിവക്ഷിക്കുന്ന ക‌അബയെ മുസ്ലീങ്ങൾ ഒരു വിഗ്രഹമായല്ല കാണുന്നത് ദൈവം ചുണ്ടിക്കാട്ടിയ ഒരു ദിശമാത്രമാണത്. ഒരു വിഗ്രഹമായിരുന്നെങ്കിൽ ക‌അബയുടെ പ്രതിരൂപങ്ങൾ മുസ്ലിം പള്ളികൾക്കുള്ളിൽ കാണുമായിരുന്നു. എന്നാൽ ലോകത്തിലെ ഏത് പള്ളിയിൽ കയറിയാലും താങ്കൾക്ക് കാണാനാവുക ശൂന്യമായ ചുവരുകളും അകത്തളങ്ങളുമായിരിക്കും.

(മനസ്സിലാക്കുക.. ജാറങ്ങൾ ഇസ്ലാമിന്റെ സംഭാവനയല്ല. സങ്കരപ്പെട്ട സംസ്കാരമാണത്. ശുദ്ധീകരണം ആവശ്യമുള്ള മേഖല.)

കൂട്ടത്തിൽ പറയട്ടെ, ലത്തീഫ് അദ്ദേഹത്തിന്റെ ബ്ലോഗിൽ ചർച്ച ചെയ്യുന്നത് ഖുർ‌ആനിലെ ചില സൂക്തങ്ങൾ എങ്ങിനെയാണ് കാളിദാസൻ വളച്ചൊടിക്കുന്നതെന്നാണ്. തന്റെ ഭാഗം സ്ഥാപിക്കുവാൻ ഇസ്ലാമിന് വിഗ്രഹാരാധനയോടുള്ള അനിഷ്ടത്തെ ലത്തീഫ് തെളിവായി കൊടുത്തുവെന്നു മാത്രം.

താങ്കൾ ഉന്നയിച്ച വിഷയം ബ്ലോഗിൽ വളരെയധികം ചർച്ച ചെയ്തിട്ടുള്ളതാണ്.

ലത്തീഫിന്റെ പോസ്റ്റിൽ ചിന്തകൻ ഇട്ട ലിങ്ക് ശ്രദ്ധിക്കുമല്ലോ .. കൂടുതൽ വ്യക്തത ആവശ്യമെങ്കിൽ ആ പോസ്റ്റിൽ താങ്കൾക്ക് ചർച്ച തുടരാവുന്നതാണല്ലോ

CKLatheef പറഞ്ഞു...

രാജന്റെ ഡിലീറ്റ് ചെയ്ത കമന്റ് അറിയാന്‍ രാജന്റെ ബ്ലോഗ് സന്ദര്‍ശിക്കുക. എനിക്ക് അതിനുള്ള മറുപടിയും നല്‍കിയിട്ടുണ്ട്. ഇസ്‌ലാം ചോദ്യങ്ങളെ ഭയപ്പെടുന്നില്ല. ഇവിടെ ചിലയുക്തിവാദികള്‍ ബ്ലോഗുകള്‍ തോറും കയറി ഓരിയിട്ട് വിശ്വാസികളെ തങ്ങള്‍ക്ക് ലഭ്യമായ പദങ്ങളാല്‍ കൊച്ചാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതുപോലെ തങ്ങള്‍ക്ക് പരിചയമുള്ള കേവലമതത്തെപ്പോലെ
ഇസ്‌ലാമിനെ മനസ്സിലാക്കി കാണിക്കുന്ന കസര്‍ത്ത് സഹതാപം മാത്രമേ അര്‍ഹിക്കുന്നുള്ളൂ. മാന്യമായി ചര്‍ച ചെയ്യാന്‍ സന്‍മനസ്സുള്ളവര്‍ക്ക് എപ്പോഴും സ്വാഗതം.

anoopadr പറഞ്ഞു...

thanks for that link to sagarams. :)

ajex പറഞ്ഞു...

എന്തായാലും ആ പോസ്റ്റിലേക്ക് ഒരു ലിങ്ക് തന്നത് നന്നായി. ഇത് വായിച്ചിട്ട് അങ്ങനേലും ഒരു ഗുണമുണ്ടായി ലത്തീഫേ. നന്ദി !

CKLatheef പറഞ്ഞു...

@anoopadr,ajex

നിങ്ങള്‍ക്ക് യോജിച്ച സ്ഥലം ചൂണ്ടിക്കാണിച്ച് തരാന്‍ സാധിച്ചതില്‍ ഞാന്‍ കൃതാര്‍ഥനാണ്. ഇടക്കൊക്കെ ഒന്ന് റിലാക്‌സാകാലോ.:) രണ്ടുപേര്‍ക്കും നന്ദി.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ പറഞ്ഞു...

വിശുദ്ധ ഖുർ‌ആനിലെ പല ആയത്തുകളും ഇങ്ങിനെ ദുർവ്യാഖ്യാനിച്ച് കണ്ടിട്ടുണ്ട്.എന്നാലും ഇത്തരത്തിൽ ഒന്ന് ആദ്യമായാണ് കാണുന്നത് (വിഗ്രഹാരാധന)

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ പറഞ്ഞു...

തർക്കിക്കുന്നതിനേക്കാൾ യാഥാർത്ഥ്യം എന്തെന്ന് വിവരിക്കുക തന്നെ നല്ലത് (സത്യം മനസ്സിലാക്കാനാഗ്രഹിക്കുന്നവർക്കായി )

കുരുത്തം കെട്ടവന്‍ പറഞ്ഞു...

എത്‌ മതത്തില്‍പെട്ടവനായാലും മതമില്ലാത്തവനായാലും എഴുതുബ്ബോള്‍ അല്‍പം മര്യാദ/മാന്യത കാണിച്ചാല്‍ കുഴപ്പമെന്താണു. എല്ലാം "മാനവികതക്ക്‌" വേണ്ടി എന്നാണല്ലോ പറയുന്നത്‌. ഇസ്ളാം മതത്തെകുറിച്ചും പ്രവാചകനെ കുറിച്ചും എഴുതുബ്ബോള്‍ വിദ്യാഭ്യാസം തൊട്ടുതീണ്ടാത്ത തനി തെമ്മാടികളെപോലെയാണു പലരും എഴുതുന്നത്‌. എന്തുകൊണ്ട്‌ ഇത്തരക്കാര്‍ക്ക്‌ മാന്യമായി വിമര്‍ശിച്ചുകൂടാ? മാന്യതയെ കുറിച്ച്‌ ഒാര്‍മപെടുത്തുബ്ബോള്‍ പറയുന്ന സ്തിരം മറുപടി ഇതാണു "താങ്കളുടെ പ്രവാചകന്‍, ഗ്രന്ധം, ദൈവം ഒന്നും എനിക്ക്‌ അതല്ല, അതുകൊണ്ട്‌ ഞാന്‍ ഇകഴിത്തിയെ പറയൂ". അവണ്റ്റെ അച്ചന്‍ അല്ലെങ്കില്‍ ഇളയച്ചന്‍ എണ്റ്റെ അച്ചനോ ഇളയച്ചനോ അല്ലാത്തതു കൊണ്ട്‌ ഞാന്‍ പുള്ളിയെ "എടോ", എന്നോ അല്ലെങ്കില്‍ മറ്റെന്തെങ്കിലുമൊക്കെ വിളിച്ച്‌ അപഹസിക്കും എന്ന് വാശിപിടിക്കാമോ? എന്തിനും വേണ്ടേ ഒരു പ്രതിപക്ഷ ബഹുമാനമൊക്കെ. സി കെ ബാബു എന്ന ബ്ളോഗര്‍ക്ക്‌ തീരെ ഇല്ലാത്ത ഒരു "സംഗതി"യാണു സഹിഷ്ണുതയും പ്രതിപക്ഷ ബഹുമാനവും. ഹിറ്റ്ല്ലര്‍ സ്റ്റൈലിലാണു പുള്ളിക്കരണ്റ്റെ എഴുത്തും പറച്ചിലും. ഇത്തരം ക്രൂരമായ ഭാഷകളും ചെയ്തികളും കൈമുതലായിട്ടൂള്ള ഇവരാണു താലിബാണ്റ്റെ ക്രൂരതകളെ കുറിച്ചെഴുതുന്നത്‌. നരേന്ദ്രമോഡി ഗാന്ധിയുടെ ഘാതകരെ കുറ്റം പറയുന്നതുപോലുണ്ട്‌!! ലതീഫിണ്റ്റെ ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുക. വളരെയധികം നിലവാരം പുലര്‍ത്തിയിട്ടുണ്ട്‌.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review