2012, ഫെബ്രുവരി 6, തിങ്കളാഴ്‌ച

ജൂതഗോത്രങ്ങള്‍ക്കെതിരെയുള്ള നടപടി

പ്രവാചകന്‍ മദീനയില്‍ ആഗതനായപ്പോള്‍ സ്വീകരണം നല്‍കിയവരില്‍ ജൂതന്‍മാരുമുണ്ടായിരുന്നു എന്ന് നാം കണ്ടു. അദ്ദേഹത്തിന്റെ മതിപ്പുനേടിയെടുക്കാനും തങ്ങള്‍ കൊണ്ടുനടക്കുന്ന ചിലപദ്ധതികളുടെ പൂര്‍ത്തീകരണത്തിന് അത് സഹായകമാകുമെന്നും ജൂതന്‍മാര്‍ കണക്കുകൂട്ടി. തങ്ങളെ വാഗ്ദത്ത ഭൂമിയായ ഫലസ്തീനില്‍ നിന്ന് പുറത്താക്കിയ ക്രൈസ്തവര്‍ക്കെതിരെ മുഹമ്മദ് തങ്ങളെ സഹായിക്കുമെന്നവര്‍ പ്രതീക്ഷിച്ചു. പ്രവാചകന്റെ ഓരോ നീക്കവും നിപുണനായ ഒരു രാജ്യതന്ത്രജ്ഞന് യോജിച്ചവിധത്തിലായിരുന്നു. ജൂതന്‍മാരുമായി ഒരു സമാധാന കാരാരില്‍ അദ്ദേഹം ഏര്‍പ്പെട്ടു. വിശദമായ വ്യവസ്ഥാപിതമായ ആ കരാറില്‍ മദീനയുടെ ആഭ്യന്തര ഭദ്രതയും ജൂതന്‍മാര്‍ക്കുള്ള വിശ്വസ-ആചാര സ്വാതന്ത്യ്രവും ഉറപ്പാക്കപ്പെട്ടു. ജൂതന്‍മാര്‍ ഏകപക്ഷീയമായി കരാറുകള്‍ റദ്ദാക്കുന്നത് വരെ അതിലെ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കപ്പെട്ടു. മദീനയില്‍ ഈ സമാധാനാന്തരീക്ഷത്തിന്റെ പ്രയോക്താക്കള്‍ ജൂതന്‍മാര്‍കൂടിയായിരുന്നു. അവരുടെ കൃഷിയും വ്യാപാരവും അഭിവൃദ്ധിപ്പെട്ടു. പക്ഷേ കാര്യങ്ങള്‍ വളരെ കാലം തുടര്‍ന്ന് പോകാന്‍ നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞില്ല. നമ്മുക്ക് മനസ്സിലാക്കാന്‍ കഴിയാത്ത കാരണത്താലായിരുന്നില്ല അത്. പ്രവാചകന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത് ബഹുമുഖ ലക്ഷ്യത്തോടെയാണ്. കേവലം ഒരു പ്രദേശത്തിന്റെ ഭരണാധികാരിയായി മദീനയിലെത്തിയ ശിഷ്ടകാലം കഴിച്ചുകൂട്ടുക അദ്ദേഹത്തിന്റെ നിയോഗ ലക്ഷ്യമായിരുന്നില്ല. പ്രവാചകന്‍ തന്റെ ദിവ്യസന്ദേശത്തിന്റെ പ്രബാധനം നിര്‍ത്തിവെച്ചിരുന്നെങ്കില്‍ ഒരു പക്ഷേ ഒരു പ്രശ്നങ്ങളുമില്ലാതെ മരണം കൂടാതെ സൌഖ്യപൂര്‍ണമായ ജീവിതം നയിക്കാന്‍ പ്രവാചകന് സാധിക്കുമായിരുന്നു. അതേ സമയം ഇസ്ലാം എന്ന സമ്പൂര്‍ണമായ ദര്‍ശനം ജീവിതത്തിന്റെ എല്ലാ രംഗത്തും ഇടപെടും. ഇത് മനസ്സിലാക്കാതെ ചരിത്രം പഠിക്കാന്‍ ശ്രമിക്കുന്നവര്‍ തികഞ്ഞ ആശയക്കുഴപ്പത്തില്‍ അകപ്പെടാന്‍ നല്ല സാധ്യതയുണ്ട്. പ്രവാചകന്‍ നയിച്ച യുദ്ധങ്ങള്‍ മതം അടിച്ചേല്‍പ്പിക്കാനായിരുന്നു എന്ന ലളിതമായ ഉത്തരം അത്തരക്കാരെ തൃപ്തിപ്പെടുത്തുകയും. അതല്ലാത്ത് ഉത്തരങ്ങള്‍ തങ്ങളുടെ മതയുദ്ധങ്ങള്‍ക്ക് ന്യായീകരണം കണ്ടെത്താന്‍ അനുയായികളുടെ വാചകകസര്‍ത്തായി വ്യാഖ്യാനിക്കുകയും ചെയ്യും. ജീവിതത്തിന്‍ മുഴുമേഖലകള്‍ക്കും മനുഷ്യസ്രഷ്ടാവിന്റെ നിയമങ്ങള്‍ നല്‍കുകയും അവയുടെ പ്രയോഗികത സമര്‍പ്പിച്ചുകാണിക്കുകയുമാണ് പ്രവാചകന്റെ നിയോഗലക്ഷ്യം.

മനുഷ്യര്‍ ഓരോരുത്തരും സ്വന്തം നിലക്ക് വഴികള്‍ കണ്ടെത്തെട്ടെ എന്നും, അവന് ആവശ്യമുള്ള നിയമങ്ങള്‍ തന്നത്താന്‍ നിര്‍മിക്കുകയും ചെയ്യട്ടേ എന്നും അല്ലഹു വെച്ചിട്ടില്ല. അത് ദൈവത്തിന്റെ നീതിയുടെ ലംഘനമാണ് എന്നാണ് ഇസ്ലാം കരുതുന്നത്. വ്യത്യസ്ഥമായ ചിന്താഗതികള്‍ ഉണ്ടായിരിക്കെ ശരിയായ മാര്‍ഗം കാണിച്ചുകൊടുക്കല്‍ അല്ലാഹു സ്വയം ബാധ്യതയായി ഏറ്റിരിക്കുന്നു.

പ്രവാചകന്‍ മദീനത്തിലെത്തിയ ശേഷം തന്റെ പ്രബോധനപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. ഏകദൈവത്വത്തിന്റെ വക്താക്കളായിരുന്ന ജൂതന്‍മാര്‍ അല്‍പം ആത്മവിശ്വാസത്തിലായിരുന്നുവോ?. തങ്ങളിലാരെയും ഇസ്ലാം സ്വാധീനിക്കാന്‍ പോകുന്നില്ല എന്നവര്‍ ധരിച്ചുവോ?. അല്ലായിരുന്നെങ്കില്‍ അബ്ദുല്ലാഹിബ്നു സലാമിന്റെയും കുടുംബത്തിന്റെയും ഇസ്ലാം ആശ്ളേഷം അവരില്‍ ഇത്ര പ്രതികരണം ഉണ്ടാക്കില്ലായിരുന്നു. തങ്ങളുടെ കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് നിര്‍വികാരരായി നോക്കി നില്‍ക്കാന്‍ മാത്രം സഹിഷ്ണുത മറ്റേത് മതത്തില്‍ നിന്ന് പ്രതീക്ഷിച്ചാലും ജൂതമതത്തില്‍ നിന്ന് നാം പ്രതീക്ഷിക്കരുത്. പുതിയ പ്രവാചകനെക്കുറിച്ച പ്രതീക്ഷയില്‍ മാറ്റം വന്നപ്പോള്‍ തന്നെ അവര്‍ തീരുമാനിച്ചതാണ്, തങ്ങളില്‍ ഒരാളും മുഹമ്മദിന് സഹായകമാകുന്ന രൂപത്തില്‍ അദ്ദേഹത്തിന്റെ ആദര്‍ശം സ്വീകരിക്കരുതെന്ന്. അതിനുള്ള തന്ത്രങ്ങളൊക്കെ മുന്‍കൂട്ടി അവര്‍ എടുത്തിട്ടുള്ളതുമാണ്. എന്നാല്‍ ഇപ്പോള്‍ അതില്‍ വലിയ കാര്യമില്ലെന്ന് ബോധ്യം വന്നിരിക്കുന്നു. ഇനിയും അവര്‍ക്ക് തങ്ങളുടെ സാമ്പത്തിക സമൃദ്ധിയെ മാത്രം പരിഗണിച്ച് അടങ്ങിയിരിക്കാനാവില്ല. ക്രൈസ്തവര്‍ക്കെതിരെ എന്തെങ്കിലും സഹായം ലഭിക്കാനുള്ള സാധ്യതയും കാണുന്നില്ല. നജ്റാനില്‍ നിന്ന് വന്ന ക്രൈസ്തവരെ എത്രമാന്യമായാണ് പ്രവാചകന്‍ സ്വീകരിച്ചത്. പ്രവാചകന്റെ പള്ളിയില്‍ പോലും പ്രാര്‍ഥനനടത്തുവാന്‍ അവരെ അനുവദിച്ചു. എത്രമാന്യമായാണവര്‍ പിരിഞ്ഞുപോയത്. ഇപ്രകാരം സമാധാനം ആഗ്രഹിക്കുന്ന ഒരു മനുഷ്യനില്‍ നിന്ന് തങ്ങളുടെ ശത്രുക്കളെ തോല്‍പിക്കാനുള്ള സഹായം എങ്ങനെ ലഭ്യമാകാന്‍. അവര്‍ ചിന്തിച്ചത് ഇപ്രകാരമായിരുന്നു. മാത്രമല്ല ദിവസംതോറും മുഹമ്മദിന്റെ അനുയായികള്‍ ശക്തിപ്രാപിച്ചുവരുന്നതും അവര്‍ കണ്ടു. തങ്ങളുടെ നിലനില്‍പിന് മദീനയിലെ മുസ്ലിം സാന്നിദ്ധ്യം ഒരു വലിയ ഭീഷണിയായി അവര്‍ക്ക് തോന്നി. അതിനാല്‍ ഏത് വിധേനയും അതിനെ നഷിപ്പിക്കുക എന്നത് പൊതുജൂതമനസ്സായി രൂപപ്പെട്ടു. എന്നാല്‍ ഒറ്റയടിക്ക് പ്രവാചകനെ നേരിടാനുള്ള കെല്‍പ് അവര്‍ക്കുണ്ടായിരുന്നില്ല. മദീനയിലുള്ള കപടവിശ്വാസകളായിരുന്നു അവരുടെ ഒരു കൂട്ട്. അതിന് നല്ല ഒരാളെ തന്നെ അവര്‍ക്ക് കിട്ടി. ഔസ്-ഖസ്റജ് ഗോത്രങ്ങളുടെ നേതാവാകാന്‍ തയ്യാറായി നിന്നിരുന്ന അബ്ദുല്ലാഹിബ്നു ഉബയ്യ്. പ്രവാചകന്റെ മദീനയിലേക്കുള്ള ആഗമനമാണ് തന്റെ നേതൃസ്വപ്നത്തിന് വിഘ്നം വരുത്തിയത് എന്നദ്ദേഹം ഉറച്ച് വിശ്വസിച്ചു.

പ്രവാചകന്റെ ഏറ്റവും വലിയ ശക്തി ഔസ്-ഖസ്റജ് ഗോത്രങ്ങളുടെ ഇണക്കമാണ്. ആദ്യം അതില്‍ വിള്ളല്‍ വീഴ്തണം. അതിന് ഏറ്റവും നല്ലത് ബുഗാസ് യുദ്ധത്തിന്റെ ഓര്‍മ സജീവമായി നിലനിര്‍ത്തുകയാണ്. അതിനായി വിരചിതമായ കവിതകള്‍ ഉദ്ധരിച്ചും മറ്റും രണ്ടുഗോത്രങ്ങളെയും ഇളക്കിവിടാന്‍ ജൂതന്‍മാര്‍ ആവുന്നത്ര ശ്രമിച്ചു. മദീനയുടെ പ്രാന്തപ്രദേശങ്ങളില്‍ നിലയുറപ്പിച്ച് നിന്ന് കൊള്ളയിലേര്‍പ്പെട്ട ചില അറബി ഗോത്രങ്ങളെ തുരത്തിയതും മക്കക്കാരുടെ വ്യാപാര മാര്‍ഗത്തില്‍ തടസ്സങ്ങള്‍ വലിച്ചിട്ടുകൊണ്ട് ഖുറൈശികളെ സമ്മര്‍ദ്ധത്തിലാക്കി അവരെ അനുനയത്തിന്റെ മാര്‍ഗത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചതും വിപരീത ഫലമാണ് ഉളവാക്കിയത്. അതിനെ തുടര്‍ന്നുണ്ടായ ബദര്‍ യുദ്ധത്തിലെ മുസ്ലിംകളുടെ വിജയം ഖുറൈശികളേക്കാള്‍ ഞെട്ടിപ്പിച്ചത് ജൂതന്‍മാരെയാണ്. ഇതുവരെ തങ്ങളുടെ മതത്തില്‍നിന്ന് ഇസ്ലാമിലേക്കാകര്‍ഷിക്കുന്നവരുടെ കാര്യത്തിലായിരുന്നു ആശങ്കയെങ്കില്‍ ഇതോടെ സ്വാധീനവും ആധിപത്യത്തിന്റെ വ്യാപനവുംകൂടി അവര്‍ക്ക് പ്രതിരോധിക്കേണ്ടിവന്നു. ജൂതന്‍മാരില്‍ ദിനംപ്രതി ഇസ്ലാമിനോടുള്ള ശത്രുതയും കൂടിവന്നു.

ബനൂഖൈനുഖാഅ് ഇടയുന്നു, കരാര്‍ ലംഘിക്കപ്പെടുന്നു.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വളരെ പ്രകോപനപരമായി കാണുന്നവരാണ് അറബികള്‍ . ഇന്നും അങ്ങനെത്തന്നെ. അതുകൊണ്ടായിരിക്കാം ഒരുബലാല്‍സംഗവും പ്രവാചകചരിത്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത്. അതിനാല്‍ ഖുര്‍ആനിലോ ഹദീസിലോ അതിന് നിര്‍ണിത ശിക്ഷയും വിധിച്ചിട്ടില്ല. വ്യഭിചാരത്തെപ്പോലെ നാല് സാക്ഷികളെ ഹാജറാക്കാന്‍ ബലാല്‍സംഗവിധേയമായ സ്ത്രീയോട് ആവശ്യപ്പെടുമോ എന്ന് ചോദിച്ചാല്‍ ഇസ്ലാമിക പണ്ഡിതന്‍മാര്‍ ഒന്നു പരുങ്ങാനുള്ള കാരണം അതാണ്. യുക്തിവാദികള്‍ക്ക് ആ അവസരം മാത്രം മതി ഇസ്ലാമിന്റെ സ്തീവിരുദ്ധതയെക്കുറിച്ച് ഒരു ലേഖനമെഴുതാന്‍. പറഞ്ഞുവന്നത്, ബലാല്‍സംഗത്തെ കുറിച്ചല്ലെങ്കിലും ഒരു സ്ത്രീ കയ്യേറ്റത്തിന് ഇരയായതിനെ ക്കുറിച്ചാണ്. സംഭവം നടന്നത് ഇങ്ങനെ. മേല്‍ സൂചിപ്പിച്ച സാഹചര്യത്തില്‍, വിദ്വേഷം കത്തിനിന്ന ജൂതഗോത്രങ്ങളിലൊന്നായ ഖൈനുഖാഇന്റെ അങ്ങാടിയില്‍ ഒരു സ്ത്രീ ആഭരണവ്യാപാരിയെ സമീപിക്കുന്നു. ഇരിക്കുന്ന മുസ്ലിം സ്ത്രീയുടെ വസ്ത്രം ഒരു ജൂതന്‍ ഒരു കൊളുത്തില്‍ ബന്ധിച്ചു. അതറിയാതെ എഴുന്നേറ്റ സ്ത്രീയുടെ വസ്ത്രം ഉരിയുകയും നഗ്നത വെളിവാകുകയും ചെയ്തു. ആളുകള്‍ ആര്‍ത്തുചിരിച്ചു. ഇത് കണ്ട ഒരു മുസ്ലിം അയാളെ വകവരുത്തി. അതോടെ മറ്റൊരാള്‍ ഘാതകന്റെയും കഥകഴിച്ചു. കാര്യം അവിടംകൊണ്ടവസാനിച്ചില്ല ഈ അവസരം മുതലെടുത്ത് ജൂതന്‍മാര്‍ സംഘടിതമായി ആക്രമണത്തിനൊരുങ്ങി. കരാര്‍ പാലിക്കാനുള്ള അഭ്യര്‍ഥന അവര്‍ പരിഹസിച്ചുതള്ളി. ഇത് കരാറിന്റെ വ്യക്തമായ ലംഘനമായിരുന്നു. അതിനാല്‍ പ്രവാചകന്‍ അവര്‍ക്കെതിരെ സൈനിക നടപടി സ്വീകരിച്ചു. അവര്‍ കോട്ടയില്‍ അഭയം തേടി. പ്രവാചകനും അനുയായികളും അവരെ ഉപരോധിച്ചു. 15 ദിവസം കഴിഞ്ഞപ്പോള്‍ ഗത്യന്തരമില്ലാതെ പ്രവാചകന്റെ വിധി സ്വീകരിക്കാന്‍ സന്നദ്ധരായി. തങ്ങളുമായി യുദ്ധത്തിന് വന്നവര്‍ വധിക്കപ്പെടണം എന്നായിരുന്നു തീരുമാനം. ഇതിനിടയില്‍ കപടവിശ്വാസികളുടെ നേതാവായി അറിയപ്പെട്ടിരുന്ന അബ്ദുല്ലാഹിബിന് ഉബയ്യ് ഇടപെട്ടു. തനിക്ക് പിന്തുണയും സഹായവും നല്‍കിയിരുന്ന ഖൈനുഖാഇനെതിരെ കടുത്ത നടപടി സ്വീകരിക്കുന്നതില്‍നിന്നും പ്രവാചകനെ പിന്തിരിപ്പിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. തുടര്‍ന്ന് മദീനവിട്ട് പോകാന്‍ അവര്‍ക്ക് അനുവാദം ലഭിച്ചു. അവര്‍ ശാമിന്റെ സമീപം അദ് രിയാത്തില്‍ താമസമാക്കി.

ഇതോടെ മദീനയില്‍ വീണ്ടും സമാധാനാന്തരീക്ഷം തിരിച്ചുവന്നു. എന്നാല്‍ ബദ് ര്‍ സംഭവത്തിന് പ്രതികാരം തീര്‍ക്കാനെന്നവണ്ണം അബൂസുഫ്യാന്‍ നയിച്ച 200 അംഗസംഘം (അതോ 40 ഓ) മദീനയുടെ പരിസരത്ത് എത്തിച്ചേരുകയും അന്‍സാരികളായ രണ്ട് കര്‍ഷകരെ അകാരണമായി വധിക്കുകയും ചെയ്തു. മുസ്ലിംകള്‍ പിന്തുടര്‍ന്നാലോ എന്ന് ഭയന്ന് അദ്ദേഹവും സംഘവും അവടെ നിന്ന് മക്കയിലേക്ക് കുതിച്ചു. മുസ്ലിംകള്‍ ഖര്‍ഖറത്തുല്‍ കുദ്ര്‍ എന്ന സ്ഥലം വരെ പിന്തുടര്‍ന്നു. തങ്ങള്‍ ഭക്ഷണത്തിനായി കൊണ്ടുവന്ന മാവ് വാഹനങ്ങളുടെ ഭാരം കുറക്കാന്‍ വഴിനീളെ ഉപേക്ഷിച്ചതിനാല്‍ സവീഖ് സംഭവം എന്നാണ് ഇത് അറിയപ്പെടുന്നത്. പലതരത്തിലും ഈ സംഭവം വിപരീതമായ ഫലങ്ങളാണ് ഉളവാക്കിയത്. അബൂസുഫ്യാന് പേടിച്ചോടി എന്ന ചീത്തപ്പേര് അത് മൂലം ലഭിച്ചു. മദീനയുടെ പരിസരപ്രദേശത്ത് താമസിക്കുന്ന ഗോത്രങ്ങളില്‍ ഭീതിനിറക്കാനും ഇത് കാരണമായി. നോവിച്ച് വിട്ട മക്കക്കാര്‍ പ്രതികാരത്തിന് മുതിരുമ്പോള്‍ അത് തങ്ങളെയാണ് ആദ്യം ബാധിക്കുക എന്നവര്‍ മനസ്സിലാക്കി. മുഹമ്മദാണ് അതിന് കാരണം എന്ന ചിന്ത അവരില്‍ മുസ്ലിംകള്‍ക്കെതിരെ തിരിയാന്‍ പ്രേരണയായി. മാത്രവുമല്ല ചില ഗോത്രങ്ങള്‍ കൊള്ളക്ക് മുതിര്‍ന്നപ്പോള്‍ പ്രവാചകന്റെ സംഘം അവരെ അമര്‍ച ചെയ്തതും അവരുടെ അപ്രീതി മുസ്ലിംകള്‍ക്ക് നേടിക്കൊടുത്തിരുന്നു. ഈ സാഹചര്യത്തില്‍ ചില ഗോത്രങ്ങള്‍ പ്രവാചകനെതിരെ വളരെ ശക്തമായി പടപ്പുറപ്പാട് നടത്തിയെങ്കിലും മുസ്ലിംകളുടെ പ്രതിരോധത്തില്‍ അവ തകര്‍ന്നുപോയി.

തുടര്‍ന്ന് നടന്ന ഉഹദ് യുദ്ധം. ഒരര്‍ഥത്തില്‍ മുസ്ലിംകളുടെ പരാജയത്തില്‍ കലാശിച്ചു. ആദ്യഘട്ടത്തില്‍ വിജയിച്ചതായിരുന്നു. എന്നാല്‍ മുസ്ലിംകളുടെ ഭാഗത്ത് നിന്ന് പ്രവാചകന്റെ കല്‍പന നടപ്പാക്കുന്നതില്‍ സംഭവിച്ച ഒരു ചെറിയ പിഴവ് ശത്രുക്കളുടെ തിരിച്ചുവരവിന് വഴിയൊരുക്കി. മുസ്ലിംകളില്‍ നിന്ന് ധാരാളം ആളുകള്‍ വധിക്കപ്പെട്ടു. ഏതോ കാരണത്താല്‍ മുസ്ലികളെ വിട്ട് അബൂസുഫ്യാന്‍ യുദ്ധത്തില്‍ നിന്ന് പിന്തിരിയുകയായിരുന്നു.

ബനൂനളീര്‍ കരാര്‍ ലംഘിക്കുന്നു, ശിക്ഷാനടപടി ക്ഷണിച്ചു വരുത്തുന്നു.

ഉഹദിലെ പരാജയത്തിന്റെ ഏറ്റവും വലിയ പ്രത്യാഘാതം, മദീനയില്‍ അടങ്ങിയിരുന്ന ജൂതന്‍മാര്‍ക്ക് മുസ്ലികളുടെ ശക്തിയെ സംബന്ധിച്ച മതിപ്പുകുറയാനിടയാക്കി എന്നതായിരുന്നു. ഉഹദിലെ പരാജയത്തില്‍ അവര്‍ അതിയായി സന്തോഷിച്ചു. അടുത്ത ഊഴം ബനൂനളീര്‍ കാരുടെതായിരുന്നു. അവര്‍ പ്രവാചകനും അനുയായികള്‍ക്കുമെതിരെ തിരിഞ്ഞു. പ്രവാചകനെ വധിക്കാന്‍ വരെ അവര്‍ ഗൂഢാലോചന നടത്തി. മുഹമ്മദ് നബി അവരുടെ തന്ത്രം വളരെ വേഗം ഗ്രഹിക്കാന്‍സാധിച്ചതിനാല്‍ അത് നടക്കാതെ പോവുകയായാണുണ്ടായത്. അനന്തര നടപടിയായി നളീര്‍ ഗോത്രത്തിന് സന്ദേശവുമായി മുഹമ്മദുബ്നു അബൂസലമയെ പ്രവാചകന്‍ നിയോഗിച്ചു. സന്ദേശം ഇങ്ങനെയായിരുന്നു. “ നിങ്ങള്‍ നാട് വിട്ടുപോകണം എന്നെ വധിക്കുവാന്‍ ഉദ്ദേശിക്കുക വഴി എന്നോടുള്ള കരാര്‍ ലംഘിച്ചിരിക്കുന്നു. 10 ദിവസം ഞാന്‍ നിങ്ങള്‍ക്ക് അവധി നല്‍കുന്നു. അതിന് ശേഷം ഇവിടെ കാണപ്പെടുന്നവര്‍ വധിക്കപ്പെടുന്നതാണ്” . അവര്‍ കൂടിയാലോചിച്ചു. അബ്ദുല്ലാഹിബിനു ഉബയ്യ് സഹായം വാഗ്ദാനം ചെയ്തു. അദ്ദേഹത്തില്‍ വിശ്വാസമില്ലാതിരുന്ന ഒരു വിഭാഗം ഇപ്പോള്‍ നബിയുടെ കല്‍പന അംഗീകരിക്കാനും. വിളവെടുപ്പ് സമയമാകുമ്പോള്‍ തിരിച്ച് വന്ന് വിളവെടുക്കാനും അനുവാദം ചോദിക്കാം എന്ന തീരുമാനത്തിലെത്തി. പക്ഷേ അവരുടെ നേതൃനിരയിലുണ്ടായിരുന്ന ഹുയയ്യുബ്നു അഖ്തബ് അത് അംഗീകരിച്ചില്ല. ഒരു വര്‍ഷം വരെ നമ്മെ ആര്‍ക്കും ഒന്നും ചെയ്യാനാവില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ ന്യായം. കോട്ട ഉപരോധിച്ചാലും ഒരു വര്‍ഷത്തോളം കഴിയാനുള്ള ഭക്ഷണവിഭവങ്ങള്‍ തങ്ങളുടെ കയ്യിലുണ്ട് എന്നതും, അത്രയും ദീര്‍ഘകാലം ഉപരോധനത്തില്‍ തുടരുവാന്‍ മുസ്ലിംകള്‍ക്കാവില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിന്റെ ബലം. മദീന വിടുവാനുള്ള അവരുടെ പ്രയാസത്തിന് കാരണം കുലച്ചുനില്‍ക്കുന്ന ഈത്തപ്പനകളായിരുന്നു എന്ന് പ്രവാചകന് അറിയാം. അതിനാല്‍ ഉപരോധത്തിനിടയില്‍ ഈത്തപ്പന മരം വെട്ടാന്‍ സൈന്യത്തിന് ഓര്‍ഡര്‍ നല്‍കി. ഇത് തികച്ചും അസാധാരണ സംഭവമായിരുന്നു. മുസ്ലിംകള്‍ അത്തരമൊരു പ്രവൃത്തി ചെയ്യില്ലെന്ന് അവര്‍ക്കറിയാമായിരുന്നു. യുദ്ധത്തിനിടയില്‍ ഫലവൃക്ഷം നശിപ്പിക്കുകയില്ല എന്നത് മുസ്ലിംകളുടെ തീരുമാനമാണ്. അതുകൊണ്ടുതന്നെ അവര്‍ അമ്പരക്കുകയും നിസ്സഹയരാവുകയും ചെയ്തു. അവര്‍ ഇങ്ങനെ വിളിച്ചു ചോദിച്ചു. ‘അല്ലയോ മുഹമ്മദ്, കുഴപ്പം നിരോധിക്കുകയും കുഴപ്പക്കാരികളെ ആക്ഷേപിക്കുകയും ചെയ്തിരുന്ന ആളാണ് താങ്കള്‍, എന്നിട്ടിപ്പോള്‍ ഞങ്ങളുടെ ഈത്തപ്പന വൃക്ഷങ്ങള്‍ വെട്ടിവീഴ്തുകയും അഗ്നിക്കിരയാക്കുകയും ചെയ്യുകയാണോ.’ ഇക്കാര്യത്തിലാണ് സൂറത്തുല്‍ ഹശ്റിലെ 5ാം സൂക്തം അവതരിച്ചത്. ഈത്തപ്പനക്കേല്‍ക്കുന്നതിന് മുമ്പ് സമ്പത്തിന്റെ പേരില്‍ മദീനയില്‍ തങ്ങാനും മുസ്ലികളോട് യുദ്ധം ചെയ്യാനുമുള്ള ആവേശത്തിന്‍മേലാണ് അല്ലാഹുവിന്റെ തീരുമാനപ്രകാരമുള്ള ആ മഴു ആഞ്ഞുപതിച്ചത്.

അതോടൊപ്പം അബ്ദുല്ലാഹിബ്നു ഉബയ്യിന്റെ കാപട്യം കൂടി അവര്‍ അറിഞ്ഞു. അദ്ദേഹം അവരെ സഹായിക്കാന്‍ ചെന്നില്ല. തങ്ങളെ സഹായിക്കുമെന്ന് കരുതിയ അറബി ഗോത്രങ്ങളെയും അവര്‍ അവിടെ കണ്ടില്ല. അതിനാല്‍ പ്രവാചകന്റെ കല്‍പന കൈകൊള്ളാന്‍ തീരുമാനിച്ചു. മൂന്ന് പേര്‍ക്ക് ഒരൊട്ടകവും അതിന് വഹിക്കാവുന്ന ചരക്കുകളും എടുത്ത് മദീനവിട്ടുകൊള്ളാന്‍ പ്രവാചകന്‍ അവര്‍ക്ക് അനുവാദം നല്‍കി.

നളീര്‍ ഗോത്രം മദീനയില്‍ തങ്ങുന്നത് കുഴപ്പങ്ങള്‍ക്കിടയാക്കുമെന്നും മുസ്ലിംകള്‍ക്ക് ആപത്തു സംഭവിക്കുമ്പോഴെല്ലാം അവര്‍ കപടവിശ്വാസികളുടെ സഹായത്താല്‍ തങ്ങള്‍ക്കെതിരെ തിരിയുമെന്നും പ്രവാചകന്‍ ദീര്‍ഘദര്‍ശനം ചെയ്തിരുന്നു. എന്നാല്‍ അവര്‍ വ്യക്തമായി കരാര്‍ ലംഘിക്കുന്നത് വരെ പ്രവാചകന്‍ അവര്‍ക്കെതിരെ ഒരു നീക്കവും നടത്തിയിരുന്നില്ല. തനിക്കെതിരെയുള്ള വധശ്രമം വ്യക്തമായ ശേഷവും നിരുപാധികം മദീന വിട്ടുപോകുവാന്‍ അവര്‍ക്ക് അനുവാദം നല്‍കുകയാണ് ചെയ്തത്. എന്നാല്‍ വീണ്ടും കുതന്ത്രം പ്രയോഗിച്ചപ്പോള്‍ അവര്‍ക്ക് അനുവദിച്ച സമ്പത്തില്‍ ഉപാധിനിശ്ചയിക്കുകയായിരുന്നു. അതോടൊപ്പം അറിയേണ്ട മറ്റൊരു വസ്തുത. അത് വരെ പ്രവാചകന്റെ കത്തെഴുത്തുകാരന്‍ നളീര്‍ ഗോത്രജ്ഞനായ ഒരു ജൂതനായിരുന്നു എന്നതാണ്. അവരെ നാട് കടത്തിയതിന് ശേഷമാണ് അസാമാന്യമായ ഭാഷാ പരിജ്ഞാനമുള്ള സൈദുബ്നു സാബിതിനെ പ്രവാചകന്‍ തല്‍സ്ഥാനത്ത് നിയോഗിച്ചത്. ചുരുങ്ങിയ ദിവസത്തിനിടയില്‍ ഹിബ്രു സുരിയാനി ഭാഷകള്‍ അദ്ദേഹം കരസ്ഥമാക്കി. മദീനയില്‍ വീണ്ടും സമാധാനം തിരിച്ചുവന്നു. കപടവിശ്വാസികള്‍ പത്തിമടക്കി. ഒരു വര്‍ഷം ഈ അവസ്ഥ നീണ്ടുനിന്നു.

(തുടരും...)

1 അഭിപ്രായ(ങ്ങള്‍):

ഷെരീഫ് കൊട്ടാരക്കര പറഞ്ഞു...

വിശദമായി ചരിത്ര വായനക്ക് അവസരം തന്നതില്‍ നന്ദി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review