2012, ഫെബ്രുവരി 19, ഞായറാഴ്‌ച

മതം പ്രചരിപ്പിക്കുന്നവന്‍ കുഴപ്പക്കാരന്‍ ?

അഭിലാഷ് എന്ന ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍റെ വീട്ടില്‍ ഇസ്ലാമിനെ പരിചയപ്പെടുത്താന്‍ ചെന്ന രണ്ട് ഇസ്ലാമിക പ്രവര്‍ത്തകരുമായുള്ള സംഭാഷണം അഭിലാഷിന്റെ വാക്കുകളിലൂടെ തന്നെ ഫെയ്സ് ബുക്കിലൂടെ വായിക്കാന്‍ സാധിച്ചപ്പോള്‍ ഒരു പുതുമ തോന്നി. അതിലൊരു ഭാഗം ഇവിടെ എടുത്ത് ചേര്‍ക്കുന്നു. ഈ സംഭവം ഉയര്‍ത്തിയ ചിന്തകളും അതോടൊപ്പം പങ്കുവെക്കുന്നു.
കഴിഞ്ഞ ദിവസം രാവിലെ വീട്ടിലിരിക്കുമ്പോള്‍ രണ്ടു ശുഭ്ര വസ്ത്ര ധാരികള്‍ വീട്ടില്‍ വന്നു. "വീടുപണി നടക്കുകയാനല്ലേ? ഇപ്പൊ വീട് പണി നടത്താന്‍ എന്താ ബുദ്ധിമുട്ട്? " എന്ന് പറഞ്ഞുകൊണ്ട് വീട്ടില്‍ കേറി. "അതെ . കൂലി വളരെ കൂടുതല്‍ തന്നെ. ഇരിക്കൂ" ഞാന്‍ പറഞ്ഞു. അവര്‍ ഇരുന്നു. "വായിക്കാറുണ്ടോ"  ഒരാള്‍ ചോദിച്ചു. "മുന്‍പൊക്കെ വായിക്കാറുണ്ടായിരുന്നു. ഇപ്പൊ അങ്ങനെ സമയം കിട്ടാറില്ല" ഞാന്‍ പറഞ്ഞു. "ഇസ്ലാമിനെ പറ്റി വായിച്ചിട്ടുണ്ടോ"   അയാള്‍ വീണ്ടും ചോദിച്ചു. "കുറച്ചൊക്കെ. കുര്‍ ആന്‍ പരിഭാഷ വായിച്ചിട്ടുണ്ട്. പിന്നെ ചില പുസ്തകങ്ങളും കൂടാതെ ജബ്ബാര്‍ മാഷിന്റെ ബ്ലോഗും വായിച്ചിട്ടുണ്ട്." ഞാന്‍ മറുപടി പറഞ്ഞു. അവര്‍ രണ്ടു പേരും മുഖത്തോടു മുഖം നോക്കി. "ജബ്ബാര്‍ മാഷ്‌ എന്ന് പറഞ്ഞാല്‍?" "അറിയില്ലേ? മലപ്പുറത്തുള്ള ജബ്ബാര്‍ മാഷ് " ഞാന്‍ അവരോടു ചോദിച്ചു. അതേതാ ഞമ്മള്‍ അറിയാത്ത ഒരു ജബ്ബാര്‍ മോയ്ല്യാര്‍ എന്ന മട്ടില്‍ അവര്‍ പിന്നെയും നോക്കി. "യുക്തിവാദിയാ" ഞാന്‍ പറഞ്ഞു. .......

പ്രായമുള്ള കാക്ക തന്നെയാണ് സംസാരിക്കുന്നത്. "അപ്പൊ ഇസ്ലാം ഒരു ജീവിത ദര്‍ശനം അവതരിപ്പിക്കുന്നുണ്ട്. അതെന്താണെന്ന് വെച്ചാല്‍ ഈ പ്രപഞ്ചമൊക്കെ സൃഷ്ടിച്ചു പരിപാലിക്കുന്നത് ദൈവമാണ്. ആ ദൈവത്തെ അനുസരിച്ച് ജീവിക്കെണ്ടാവര്‍ ആണ് നമ്മള്‍. അതിനു വേണ്ടിയാണ് 1400 കൊല്ലം മുന്‍പ് ദൈവം പ്രവാചകന് കുര്‍ആന്‍ ഇറക്കിക്കൊടുത്തത്. ഇസ്ലാം അതിനു മുന്‍പേ ഉണ്ട് അത് വേറെ കാര്യം".


അതിനു മുന്‍പ് ഇസ്ലാം എവിടെയാണ് ഉണ്ടായിരുന്നത് എന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ അദേഹം എന്നോട് ദൈവം ആദ്യമായി സൃഷ്ടിച്ചത് ആദത്തെയും ഹവ്വയെയും ആണ് എന്ന് പറഞ്ഞു. ഞാന്‍ അങ്ങനെ ദൈവം രണ്ടു മനുഷ്യരെ സൃഷ്ടിച്ചു എന്ന് വിശ്വസിക്കുന്നില്ല എന്ന് പറഞ്ഞു. അപ്പൊ നിങ്ങള്‍ പരിണാമമാണോ വിശ്വസിക്കുന്നത് എന്നെന്നോട് ചോദിച്ചു. അതെ എന്ന് ഞാന്‍ മറുപടി പറഞ്ഞു. അങ്ങനെ പലതും പറഞ്ഞു ദൈവം ഒന്നെയുണ്ടാകൂ എന്ന് പറഞ്ഞു. രണ്ടുണ്ടായാല്‍ എന്താ കുഴപ്പം എന്ന് ഞാനും ചോദിച്ചു.

രണ്ടുണ്ടായാല്‍ അവര്‍ തല്ലുകൂടും എന്ന് പറഞ്ഞു. എങ്ങനെ എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു."അതായത് ഒരു സ്കൂളിനു രണ്ടു ഹെഡ് മാസ്റെര്മാര്‍ ഉണ്ടായാല്‍ അവര്‍ തമ്മില്‍ അടിയുണ്ടാവില്ലേ? അതുപോലെ ഒരു ദൈവം ഇപ്പോള്‍ മഴ വേണമെന്നും മറ്റേ ദൈവം ഇപ്പോള്‍ വെയില്‍ വേണമെന്നും പറഞ്ഞാല്‍ എന്ത് ചെയ്യും? " കാക്ക വളരെ കുടുക്കുന്ന ചോദ്യമാണ് എന്ന മട്ടില്‍ ചോദിച്ചു.

"ദൈവം മനുഷ്യരെപ്പോലെ അടികൂടുന്നവരാനെന്നു നിങ്ങളോടാര് പറഞ്ഞു? ദൈവങ്ങള്‍ ഉണ്ടെങ്കില്‍ അടികൂടില്ല. കൂടിയാല്‍ അത് ദൈവങ്ങളല്ല . മനുഷ്യന്റെ നിലവാരത്തില്‍ ദൈവത്തെ സംകല്‍പ്പിക്കുന്നതുകൊണ്ടുള്ള പ്രശ്നമാണത് " എന്ന് ഞാന്‍ പറഞ്ഞു.

ആ കാര്യത്തില്‍ ഞങ്ങള്‍ പറഞ്ഞു കൊണ്ടേയിരുന്നു. ഇത് സമ്മതിച്ചില്ലെങ്കില്‍ ചര്‍ച്ച മുന്നോട്ടു പോവില്ലെന്നായി കാക്ക . ഇത് സമ്മതിച്ചു തന്നിട്ട് മുന്നോട്ടു പോകാനാവില്ലെന്ന് ഞാനും പറഞ്ഞു.
എന്തൊക്കെ പറഞ്ഞാലും തൊട്ട് തൊട്ട് ജീവിച്ചാലും ചാനലും പത്രങ്ങളും ഇന്‍റര്‍നെറ്റ് മീഡികളും ഇടതടവില്ലാതെ വിശകലനം ചെയ്താലും തന്റെ സുഹൃത്തിന്റെ മതവിശ്വാസത്തെക്കുറിച്ച് സാമാന്യഅറിവ് പോലും ആര്‍ജിക്കുന്നതില്‍ നാം പൊതുവെ പരാജയപ്പെടുന്നു. മതങ്ങളെക്കുറിച്ച് എന്തിനറിയണം, ഒരോരുത്തരും തങ്ങള്‍ ജനിച്ച മതമേതായാലും അതിന്റെ ആത്മീയ വശത്തെ പരിഗണിച്ചുകൊണ്ട് മുന്നോട്ട് പോയാല്‍ മതി, അഥവാ വ്യക്തി തലത്തിനപ്പുറം മതത്തിന് ഒരു ഇടവും നല്‍കേണ്ടതില്ല. ഇതാണ് പൊതുവെ സ്വീകാര്യമായ ധാരണ.

ആരെങ്കിലും മതം പ്രചരിപ്പിക്കുന്നുണ്ടെങ്കില്‍ അവന്‍ സങ്കുചിതവാദിയാണ്, നാട്ടില്‍ പ്രശ്നമുണ്ടാക്കാന്‍ ശ്രമിക്കുന്നവനാണ്, അതുതന്നെയാണ് വര്‍ഗീയത എന്ന രൂപത്തിലൊക്കെയാണ് ഫെയ്സ് ബുക്കില്‍ ഈ പോസ്റ്റിനെ തുടര്‍ന്ന് വന്ന ചര്‍ചയില്‍ മുഴച്ച് നിന്നത്. മത പ്രബോധകരുടെ ലക്ഷ്യം ഒരിക്കലും ദൈവത്തിന്റെ പ്രീതിയോ തന്റെ സഹോദരങ്ങളോടുള്ള ഗുണകാംക്ഷയോ ആയിരിക്കുകയില്ലന്നും. അത് മുഖേന ലഭിക്കുന്ന ഭൌതിക സമ്പാദ്യം മാത്രമായിരിക്കുമെന്നും ചിലര്‍ ഉറച്ച് വിശ്വസിക്കുന്നു.
Abdu Raheem: യഥാര്‍ത്ഥത്തില്‍ ഈ മതം മാറ്റാന്‍ നടക്കുന്നത് ഉപരിപ്ലവമായ ഒരു പ്രവര്‍ത്തനം മാത്രം. ഇതിന്റെ പുറകില്‍ ലഭിക്കുന്ന ഭീമാമായ ഫണ്ട് ആണ് ഇതിന്റെ പ്രധാന പ്രചോദനം..!!!
ഈ ചര്‍ചയില്‍ പങ്കെടുത്തുകൊണ്ട് എനിക്ക് ഇങ്ങനെ പറയേണ്ടി വന്നു.

Abdul Latheef:
ഈ പ്രബോധന ശൈലി അടച്ചുപൂട്ടിയ സമുദായങ്ങളില്‍ നടക്കേണ്ടുന്ന മഹത്തായ ഒരു കര്‍മമാണ്. അതിനെ ആ നിലക്ക് തന്നെ സ്വാഗതം ചെയ്യും എന്നാണ് ഫ്രീതിങ്കര്‍ എന്ന് ഗ്രൂപില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. പക്ഷെ എന്തോ ഗുരുതരമായ പാതകം ചെയ്തുവെന്ന രൂപത്തില്‍ ഇതിനോട് പ്രതികരിക്കുന്നവര്‍ ബുദ്ധിയുടെ മഹത്വം മനസ്സിലാക്കിയിട്ടു തന്നെയാണോ എന്ന് ഞാന് സംശയിക്കുന്നു.

തനിക്ക് തോന്നുന്ന വിശ്വാസം വെച്ച് പുലര്‍ത്താനും അത് പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം മനുഷ്യന്റെ മൌലികാവകാശമാണ്. ഭരണഘടന ആ നിലക്ക് തന്നെയാണ് അതിനെ കാണുന്നത്. ഇവിടെയുള്ളവരൊക്കെ അത് ചെയ്യുന്നുണ്ട്. ജബ്ബാര്‍ മാഷടക്കം.  ഇസ്ലാം ശരിയല്ല എന്ന് മാത്രമേ അദ്ദേഹത്തിന് പ്രചരിപ്പിക്കാനാവുന്നുള്ളൂവെന്നത് അദ്ദേഹത്തിന്റെ വിശ്വാസ പ്രമാണത്തിന്റെ ദൌര്‍ബല്യമാണ് കാണിക്കുന്നത്. അതേ പ്രകാരം ആര്‍.എസ്.എസ് കാരും അവര്‍ക്ക് നല്ലതെന്ന് കരുതുന്ന കാര്യങ്ങള്‍ പറഞ്ഞുനോക്കുന്നുണ്ട്. ഞാന്‍ പറയുന്നത് ഇതൊക്കെ നടക്കണം എന്നതാണ്.
വിദ്വേഷം മനസ്സില്‍ കൊണ്ടുനടക്കുന്ന വിഷമനസ്സുകള്‍ക്ക് ഇപ്രകാരം സംവദിക്കാനാവില്ല. അത് അവരുടെ വിദ്വേഷം അലിയിച്ച് കളയും എന്നത് തന്നെയാണ് കാരണം. മനുഷ്യന്‍ അവനറിയാത്തതിന്റെ ശത്രുവാണ് എന്നത് പതിര് കളഞ്ഞ പഴഞ്ചൊല്ലാണ്. അതില്‍ മതങ്ങളും മതവിഭാഗങ്ങളുമൊക്കെ പെടും. മതപരമായ അജ്ഞത സ്വന്തം മതത്തെക്കുറിച്ചും അന്യന്റെ മതത്തെക്കുറിച്ചും ഉള്ള ആളുകളാണ് വികാര ജീവികളായി മാറുന്നത്. ചിലരുടെ ധാരണ ഇത് പാരത്രിക പ്രതിഫലം ഉദ്ദേശിച്ചൊന്നുമല്ല എന്നാണ്. ഇവര്‍ ഭൌതികവാദികളായിരിക്കും. ഒരു പക്ഷെ ഇവരുടെ അതേ രൂപത്തില്‍ മറ്റുള്ളവരെയും അളക്കുന്നതിന്റെ ഫലവുമാകാം.

സത്യത്തില്‍ ചിന്തിച്ചു നോക്കുക. ഒരു മനുഷ്യന്‍ തന്റെ സഹജീവിയോട് കാണിക്കുന്ന അങ്ങേ അറ്റത്തെ ഗുണകാംക്ഷയല്ലേ താന്‍ മനസ്സിലാക്കിയ സത്യം അപരനുമായി പങ്കുവെക്കുക എന്നത്. ഇത് ചെയ്യാതിരിക്കുന്നതല്ലേ കാപട്യവും അനീതിയും.

ഇസ്ലാം ശരിയല്ല എന്ന് പറയുന്നതില്‍ എന്തോ ഒരു നന്മയുണ്ട് എന്ന് ജബ്ബാര്‍ മാഷ് മനസ്സിലാക്കുന്നതല്ലേ അദ്ദേഹത്തിന്റെ പ്രബോധനത്തിന് (അത് നെഗറ്റീവാണെങ്കിലും) ന്യായം നല്‍കുന്നത്.

അതേ സമയം ബോധ്യമാകാത്ത ഒരാളെ മതംമാറ്റാന്‍ ശ്രമിക്കുക എന്നത് ഒരിക്കലും സ്വാഗതാര്‍ഹമായ ഒന്നല്ല. പ്രലോഭനം കൊണ്ടായാലും ഭീഷണികൊണ്ടായാലും ഇത് തിന്മയും അക്രമവും തന്നെ. ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണത്. അതേ സമയം തനിക്ക് നന്മയും സത്യവുമാണെന്ന് ബോധ്യമായ കാര്യം അപരരുടെ മുന്നില്‍ മറച്ചുവെക്കുന്നത് കടുത്ത തിന്മയും അനീതിയുമാണ്. രാഷ്ട്രീയപാര്‍ട്ടിയിലേക്ക് ക്ഷണിക്കാം, മതനിഷേധത്തിലേക്കും ക്ഷണിക്കാം എന്നാല്‍ മതത്തിന്റെ ധാര്‍മിക സദാചാര മൂല്യങ്ങളോ അതിന്റെ വിശ്വാസാദര്‍ശങ്ങളോ പരിചയപ്പെടുത്താന്‍ പാടില്ല അപ്രകാരം സംഭവിച്ചാല്‍ അത് വര്‍ഗീയത ഇളക്കി വിടും തുടങ്ങിയ വാദങ്ങള്‍ സത്യസന്ധമല്ല. ഇരട്ടത്താപ്പും ആളുകളുടെ കണ്ണില്‍ പൊടിയിടലുമാണ്. മതംമാറ്റം നിരോധിക്കുന്നത് എന്തോ വലിയ സുകൃതമാണ് എന്ന് ധരിക്കുന്നവരുണ്ട്. സ്വന്തത്തിനും അപരര്‍ക്കും ചിന്താസ്വാതന്ത്ര്യം തടയുന്നതിനപ്പുറം അതിന് വല്ല മാനവുമുണ്ടോ.


മനുഷ്യരുടെ വിശ്വാസവും അവരുടെ കര്‍മവുമൊക്കെ തങ്ങളുടെ നിയന്ത്രണത്തിലാണ് എന്ന മിഥ്യബോധമാണ് ഇത്തരം കാര്യങ്ങളില്‍ ഒരു വിഭാഗം ഇത്തരം തീവ്രനിലപാടുകള്‍ സ്വീകരിക്കുന്നതിന് പിന്നില്‍ . സ്വന്തം മതത്തില്‍ നിന്ന് പുറത്ത് പോകുന്നത് ഏതെങ്കിലും വിശ്വാസിസമൂഹം ഭയപ്പെടുന്നുണ്ടെങ്കില്‍ (ആ ഭയപ്പാട് ന്യയീകരിക്കപ്പെടാം കാരണം തങ്ങളുടെ മതത്തില്‍നിന്ന് മാറുന്നതോടെ അവര്‍ തിന്മയില്‍ പെട്ടുപോകുന്നുവെന്നോ പരലോക മോക്ഷം നഷ്ടപ്പെടുത്തുന്നുവെന്ന് ചിന്തിക്കുന്നത് കൊണ്ടോ ആണത്)   അവര്‍ ചെയ്യേണ്ടത് തങ്ങളുടെ അനുയായികള്‍ക്ക് യുക്തിപൂര്‍വം തങ്ങളുടെ വിശ്വാസത്തെ ബോധ്യപ്പെടുത്തിക്കൊടുക്കുക എന്നതാണ്.

തികച്ചും ഭൌതികാവശ്യത്തിനുള്ള രാഷ്ട്രീയ സാമ്പത്തിക തത്വശാസ്ത്രങ്ങള്‍ നാം സൌകര്യാനുസരണം മാറുന്നത് പോലെ തന്നെ മനുഷ്യന്റെ ആത്മീയതയും ഭൌതികതയും പാരത്രികജീവിത്തെയും ഉള്‍കൊള്ളുന്ന മതവിശ്വാസവും ഇഷ്ടാനുസരണം തിരഞ്ഞെടുക്കാനും ആചരിക്കാനുമുള്ള സ്വാതന്ത്ര്യം ലഭിക്കുന്നത് വരെ മനുഷ്യന്‍ സ്വതന്ത്രനാണ് എന്ന് പറയുന്നതില്‍ ഒര്‍ഥവുമില്ല.

2 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

തികച്ചും ഭൌതികാവശ്യത്തിനുള്ള രാഷ്ട്രീയ സാമ്പത്തിക തത്വശാസ്ത്രങ്ങള്‍ നാം സൌകര്യാനുസരണം മാറുന്നത് പോലെ തന്നെ മനുഷ്യന്റെ ആത്മീയതയും ഭൌതികതയും പാരത്രികജീവിത്തെയും ഉള്‍കൊള്ളുന്ന മതവിശ്വാസവും ഇഷ്ടാനുസരണം തിരഞ്ഞെടുക്കാനും ആചരിക്കാനുമുള്ള സ്വാതന്ത്ര്യം ലഭിക്കുന്നത് വരെ മനുഷ്യന്‍ സ്വതന്ത്രനാണ് എന്ന് പറയുന്നതില്‍ ഒര്‍ഥവുമില്ല.

Sameer Thikkodi പറഞ്ഞു...

ഇസ്ലാമിനെ പരിചയപ്പെടുത്തുവാൻ ചെന്ന ആ ശുഭ വസ്ത്ര ധാരികൾ തർക്കശാസ്ത്രത്തിൽ നിപുണരായിരിക്കില്ല എന്നതിനാൽ ഈ സഹോദരനോട് അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്ക് യുക്തിസഹമായ മറുപടി നൽകുന്നതിൽ വിജയിച്ചിട്ടുണ്ടാവില്ല.. എങ്കിലും അവർ അവരുടെ മതം അനുവർത്തിക്കുന്ന രീതിയിൽ പ്രചാരണം നടത്തി എന്നു മനസ്സിലാക്കാം.. അവരുടെ ഉദ്ദേശത്തിനു അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review