മതത്തെക്കുറിച്ച് യുക്തിപരമായി ചിന്തിച്ചതുകൊണ്ടാണ് തങ്ങള്‍ യുക്തിവാദികളായത് എന്നും. യുക്തി ഉപയോഗിച്ചാല്‍ ഏതൊരു മതവിശ്വാസിയും മതനിഷേധിയാകുമെന്നും യുക്തിവാദിസുഹൃത്തുക്കള്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. ഇനി അപ്രകാരം ആര്‍ക്കെങ്കിലും കഴിയുന്നില്ലെങ്കില്‍ മതം അവരെ അന്ധരാക്കിയതാണെന്നും, മതത്തില്‍ നിന്നും മനുഷ്യനെ രക്ഷിക്കുന്നത് മനുഷ്യസ്നേഹം കൊണ്ടാണെന്നും അവര്‍ക്ക് വാദമുണ്ട്. പ്രത്യേകിച്ച് മുസ്ലിംകള്‍ ഇത്ര പിന്നാക്കം പോകാന്‍ കാരണം ഖുര്‍ആനാണെന്ന കാര്യത്തിലും അവര്‍ക്ക് സംശയമില്ല. ഖുര്‍ആന്‍ വിമര്‍ശനത്തിന്റെ ആമുഖം നോക്കൂ. ലോകജനസംഖ്യയില്‍ ആറിലൊന്നോളം വരുന്ന ഒരു വലിയ ജനസമൂഹത്തെ പുരോഗതിയുടെയും നന്മയുടെയും വഴിയില്‍നിന്നും മാറ്റി നിര്‍ത്തുന്നത് ദൈവം നല്‍കിയ ഒരു വേദഗ്രന്ഥമാണെങ്കില്‍ അതിന്റെ ആധികാരികത പരിശോധിക്കപ്പെടേണ്ടതല്ലേ?.
അങ്ങനെയെങ്കില്‍ പരിശോധിക്കപ്പെടുകതന്നെ വേണം എന്ന കാര്യത്തില്‍ വിശ്വാസികള്‍ക്ക് പോലും രണ്ടഭിപ്രായം ഉണ്ടാവാനിടയില്ല. പുരോഗതിയുടെയും നന്മയുടെയും വഴിയില്‍ നിന്ന് എന്ന് പറഞ്ഞതിനാല്‍ മുസ്ലിം സമൂഹത്തിലെ യഥാസ്ഥികര്‍ക്കുപോലും അഭിപ്രായ വ്യത്യാസം ഉണ്ടാവാനിടയില്ല.
യുക്തിവാദികള്‍ മനുഷ്യസ്നേഹികള്‍ എന്നാണ് സ്വയം പരചയപ്പെടുത്തുന്നത്. മതവിശ്വാസികള്‍ക്ക് മനുഷ്യസ്നേഹികളാകാന്‍ കഴിയില്ല, എന്നാണ് സൂചനയെങ്കില്‍ ഒന്നാമതായി ഒരു വിചിന്തനം നടത്തേണ്ടത് മതവിശ്വാസികള്‍ തന്നെയാണ്. മതങ്ങളുടെ ദൌര്‍ബല്യത്തെക്കാളുപരി മതവിശ്വാസികളുടെ ചെയ്തികളിലാണ് യുക്തിവാദികള്‍ മുട്ടയിട്ട് പെരുകുന്നത് എന്നാണ് അവവരുടെ വാദങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്.
മതം ദൈവത്തെ സ്നേഹിക്കാനാവശ്യപ്പെടുമ്പോള്‍ യുക്തിവാദം മനുഷ്യനെ സ്നേഹിക്കാനാവശ്യപ്പെടുന്നു എന്ന് യുക്തിവാദിക്ക് അവകാശപ്പെടാന്‍ കഴിയുന്നതില്‍ നിന്ന് തന്നെ യുക്തിവാദി മതം പഠിച്ചിട്ടുള്ളത് സാമാന്യജനത്തില്‍ നിന്നാണ് എന്ന സൂചന നല്‍കുന്നു. മതത്തെ വിശിഷ്യാ ഇസ്ലാമിനെ അതിന്റെ സ്രോതസില്‍ നിന്ന് പഠിക്കാനോ, യഥാര്‍ഥ വിശ്വാസികളില്‍ നിന്ന് അനുഭവിക്കാനോ നിര്‍ഭാഗ്യവശാല്‍ സാധിക്കാത്തവരാണ് യുക്തിവാദികള്‍ എന്നാണ് എനിക്ക് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്. കടുത്ത യാഥാസ്ഥികരുടെ കുടുംബത്തില്‍ ജനിക്കുകയും തങ്ങളുടെ ചെറുപ്പകാലത്തെ തിക്തയാഥാര്‍ഥ്യങ്ങളുമാണ് അവരെ ഇസ്ലാമില്‍ നിന്നകറ്റിയത്. അതില്‍ മതത്തിനുള്ള പങ്ക് മതത്തെതെറ്റായി പ്രതിനിധാനം ചെയ്ത തങ്ങളുടെ മാതാപിതാക്കളടങ്ങുന്ന പാരമ്പര്യസമൂഹമാണ്. ഇതൊക്കെ അവരെ മതത്തിന്റെ ശത്രുക്കളാക്കിമാറ്റി. സ്വാഭാവികമായും തങ്ങളുള്‍ക്കൊള്ളുന്ന മതസമൂഹം അവര്‍ക്ക് തിരിച്ചുനല്‍കിയത് നെഗറ്റീവ് സ്ട്രോക്കുകളാണ്. ഇതിനെതിരെ പ്രതികരിക്കാന്‍ വടിയന്വേഷിച്ച് നടന്നവര്‍ക്ക് ഒട്ടും നിരാശപ്പെടേണ്ടിവന്നില്ല. കാരണം മതത്തിനെതിരെയുള്ള ആക്രമണങ്ങള്‍ക്ക് മതത്തോളം പഴക്കമുണ്ട്. ഭരണകൂടങ്ങളും ഇസ്ലാം വിരുദ്ധശക്തികളും ആളും അര്‍ഥവും നല്‍കി അതിന് വളമേകിയിട്ടുണ്ട്. ഇസ്ലാം ഗ്രന്ഥങ്ങളില്‍ നിന്ന് തെറ്റിദ്ധരിപ്പിക്കാവുന്ന ഭാഗങ്ങളൊക്കെ അവര്‍ ദുര്‍വ്യാഖ്യാനിച്ച് വെച്ചിട്ടുണ്ട്. നേരത്തെപ്പറഞ്ഞവര്‍ക്ക് അവവായിച്ചവതരിപ്പിക്കേണ്ട ജോലിമാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. ചിലര്‍ തങ്ങളുടെ വക ചില ടിപ്പണികള്‍ ചേര്‍ത്തു. അത് പുസ്തകങ്ങളായും പ്രഭാഷണങ്ങളായും അവര്‍കൊണ്ടു നടന്നു. ea jabbar നെ പോലെ ചിലര്‍ മുപ്പത് വര്‍ഷമായി ഇത് തുടങ്ങിയിട്ട് അദ്ദേഹം പറയുന്നത് കാണുക:
'ഞാന്‍ ഇസ്ലാം മതത്തെയും വിശേഷിച്ച് കുര്‍ ആനിനെയും വിമര്‍ശിച്ചുകൊണ്ട് എഴുതാനും പറയാനും തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടു പിന്നിട്ടു. ഇതു വരെ എന്റെ ഒരു ലേഖനത്തിനോ പുസ്തകത്തിനോ സമഗ്രമായി മറുപടി പറയാന്‍ ആരും മതരംഗത്തു നിന്നും മുന്നോട്ടു വന്നതായി അനുഭവമില്ല......'
ഇത്രകാലത്തെ 'സ്തുത്യര്‍ഹമായ' ജനസേവനത്തിന്റെ ഭൌതികമായ ബാക്കിപത്രമെന്തായിരുന്നു എന്ന് അവര്‍ തീര്‍ച്ചയായും ചെയ്യുന്നുണ്ടാവും. മേല്‍ സൂചിപ്പിച്ച എന്റെ ജില്ലക്കാരന്‍ ഇങ്ങനെ വിശദീകരിക്കുന്നു:
'അതില്‍ എനിക്കല്‍പ്പം നിരാശയും അതേ സമയം അല്‍പ്പം ആത്മവിശ്വാസവും തോന്നിയിരുന്നു. ഞാന്‍ പറയുന്ന കാര്യങ്ങളില്‍ കാര്യമായ തെറ്റുകള്‍ ഉണ്ടായിരുന്നെങ്കില്‍ അതു ചൂണ്ടിക്കാട്ടാനെങ്കിലും മറുപടി വരുമായിരുന്നു. എന്റെ വിമര്‍ശനങ്ങളെ പരമാവധി അവഗണിച്ച് ആളുകളുടെ ശ്രദ്ധയില്‍ വരാതെ നിലനിര്‍ത്തുക എന്ന തന്ത്രമായിരിക്കാം ഈ മൌനത്തിനു പ്രേരകമായ വസ്തുത എന്നു ഞാന്‍ മനസ്സിലാക്കുന്നു. ഏതായാലും ഇസ്ലാമിസ്റ്റുകളുടെ മൌനം ലംഘിച്ചുകൊണ്ട് ബൂലോഗത്തെങ്കിലും എനിക്കു മറുപടി പറയാന്‍ ആളുണ്ടായിരിക്കുന്നു എന്നത് ഏറെ സന്തോഷകരമാണ്.'
മറ്റൊരാള്‍ ഇതു പോലെ പതിറ്റാണ്ടുകളായി സേവനം ചെയ്യുന്ന എനിക്ക് നേരിട്ട് പരിചയമുള്ള എന്റെ നാട്ടുകാരനാണ് മേല്‍ സൂചിപ്പിച്ച സന്തോഷം പോലും അദ്ദേഹത്തിന് ലഭിച്ചിട്ടില്ല എന്നാണ് എന്റെ അറിവ് കാരണം അദ്ദേഹം ബ്ളോഗിലുണ്ടെങ്കിലും കാര്യമായി ആരും പ്രതികരിച്ചുകണ്ടില്ല.
എന്റെ വായനക്കാര്‍ ക്ഷമിക്കണം വ്യക്തിഹത്യനടത്തുക എന്റെ ലക്ഷ്യമല്ല ചില സൂചനകള്‍ നല്‍കിയത് പറഞ്ഞുവന്ന ചില കാര്യങ്ങള്‍ വ്യക്തമാകുന്നതിന് വേണ്ടിയാണ്. ഇവര്‍ തങ്ങളുടെ ഈ സമയം യഥാര്‍ഥ മതത്തെ പഠിക്കാനും മതത്തിലെ അനാചാരങ്ങള്‍ക്കെതിരെ പോരാടാനും ഉപയോഗിച്ചിരുന്നുവെങ്കില്‍ എത്ര മഹത്തരമാകുമായിരുന്നു അവരുടെ സേവനം. മതത്തിലുള്ളതെല്ലാം അനാചാരമെന്ന് തെറ്റിദ്ധരിച്ചതാണ് ഈ രംഗത്ത് അവരുടെ പിഴവ്.
അല്‍പം യുക്തിയുള്ളവര്‍ ഏതാനും ചോദ്യങ്ങള്‍ ഇപ്പോള്‍ ചോദിക്കുന്നുണ്ടാവും. ആര് പറഞ്ഞതായാലും ഖുര്‍ആനിലും ഹദീസിലുമുള്ള വൈരുദ്ധ്യങ്ങളും അശാസ്ത്രീയതകളും മല്ലേ യുക്തിവാദികള്‍ തുറന്ന് കാണിക്കുന്നത്?. അതിന് പുറമെ പറയുന്നതാകട്ടെ ആര്‍ക്കും അല്‍പം ശ്രദ്ധിച്ചാല്‍ മനസ്സിലാകുന്ന വസ്തുതകളും അതിനാല്‍ മുകളില്‍ പറഞ്ഞതിനെന്തര്‍ഥം?.
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ