യുക്തിവാദത്തിനും യുക്തിവാദികള്‍ക്കും ഒരു ശക്തിയുണ്ട്, വിശ്വാസത്തിനും വിശ്വാസികള്‍ക്കും അവരുടെതായ ഒരു ശക്തി ഉള്ളത് പോലെത്തന്നെ. അത് കൊണ്ടാണ് യുഗാന്തരങ്ങളായി വിശ്വാസികളുടെ മറുപക്ഷത്ത് സഞ്ചരിക്കാന്‍, ഒരു ചെറിയസംഘമെങ്കിലും അവരുണ്ടായത്. ചരിത്രത്തിലൂടെനീളം പരിശോധിച്ച് നോക്കിയാല്‍ അവര്‍ കനത്ത പ്രഹരമെന്തെങ്കിലും വിശ്വാസി സമൂഹത്തിന് ഏല്‍പിച്ചതായി കാണാന്‍ കഴിയില്ല. അവര്‍ക്ക് വേണ്ടി ഊര്‍ജ്ജം ചെലവഴിക്കുന്നത് ഒരു വലിയ മതസേവനമായി കാണാന്‍ പലപ്പോഴും വിശ്വാസി സമൂഹത്തിന് കഴിയാറില്ല. അതിനാല്‍ അവരെ പ്രതിരോധിക്കാന്‍ വല്ല സംരംഭവും വിശ്വാസി സമൂഹം തുടങ്ങാറുമില്ല. ഒറ്റപ്പെട്ടവര്‍ നടത്തുന്ന ചില ശ്രമങ്ങളല്ലാതെ.
ഇസ്ലാം എക്കാലത്തും ഗൌരവത്തിലെടുത്തത്, ദൈവത്തിന്റെ ഏകത്വം മനുഷ്യന് മനസ്സിലാക്കിക്കൊടുക്കുക എന്ന ഒരൊറ്റ പോയിന്റിലാണ്. പ്രവാചകന്റെ കാലത്ത് ദൈവനിഷേധികളുണ്ടായിരുന്നോ എന്നറിയില്ല. ഞങ്ങളെ നഷിപ്പിക്കുന്നത് കാലം മാത്രമാണ്് (അല്ലാതെ ദൈവമല്ല), എന്ന വാദം ചില ആളുകള്‍ക്കുള്ളതായി ഖുര്‍ആനില്‍ കാണുന്നു. (യുക്തിവാദികളെപ്പറ്റി ഖുര്‍ആന്‍ എന്ന പോസ്റ് കാണുക). ഈ വാദത്തെ അന്നത്തെ യുക്തിവാദമായി കണ്ടാല്‍. അതിന് മറുപടി പറയാന്‍ ഖുര്‍ആന്‍ ശ്രമിച്ചിട്ടുമില്ല.
യുക്തിവാദി ഒരു കണ്ണട ധരിച്ചിരിക്കുന്നു. ചുവന്ന ഒരു കണ്ണട എന്ന് സങ്കല്‍പ്പിക്കൂ. പാലിനെ അദ്ദേഹം കാണുന്നത് രക്തമായിട്ടാണ്. വിശ്വാസിയും ചുവന്ന കണ്ണടവെച്ച യുക്തിവാദിയും തമ്മിലുള്ള ഏറ്റുമുട്ടലാണ് ബ്ളോഗുകളിലെ വാദപ്രതിവാദങ്ങളില്‍ കാണുന്നത്. യുക്തിവാദികളുടെ എല്ലാവാദങ്ങളും ഒട്ടും യുക്തിയില്ലാത്തതാണെന്നോ മറ്റോ ഞാന്‍ അര്‍ഥമാക്കുന്നില്ല. യുക്തിവാദികളോട് വാദിക്കാനിറങ്ങുന്നത് തങ്ങളുടെ ബുദ്ധിയെയും യുക്തിയെയും കുറിച്ച് തികഞ്ഞബോധ്യമുള്ളവര്‍ തന്നെ. എങ്കിലും പരസ്പരം തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ. പാലിനെ ഇത് പാലാണ് നോക്കൂ എന്ന് പറയുമ്പോള്‍ അല്ല അത് രക്തമാണ് നിറം ചുകപ്പാണ് എന്ന് യുക്തിവാദി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഒരു സംശയവുമില്ല യുക്തിവാദിയുടെ കണ്ണട വിശ്വാസികള്‍ക്ക് ധരിക്കാന്‍ സാധിച്ചാല്‍ തീര്‍ച്ചയായും യുക്തിവാദിക്ക് തോന്നുന്നത് വിശ്വാസിക്കും തോന്നും. കുറെകൂടി ആധുനികമായ ഉദാഹരണം പറഞ്ഞാല്‍, ആര്‍.ജി.ബി കളര്‍ കോമ്പിനേഷനില്‍ നിന്ന് ജി. നീക്കം ചെയ്താല്‍ ലഭിക്കുന്ന കാഴ്ചയാണ് യുക്തിവാദിയുടെത്. മനോഹരമായ ഒരു വസ്തുവിനെ അതെത്രമാത്രം വികലമാക്കും എന്നാലോചിക്കുക.
യുക്തിവാദിയുടെ കണ്ണട ചുവന്നതെങ്ങിനെ?.
മനുഷ്യനെക്കുറിച്ചുള്ള അടിസ്ഥാന സങ്കല്‍പങ്ങളിലുള്ള ചില നിഷേധങ്ങളാണിതിന് മുഖ്യകാരണം. മനുഷ്യശരീരം രൂപപെട്ടത് മണ്ണില്‍ നിന്നാണ് (മണ്ണില്‍ നിന്ന് എന്ന് പറഞ്ഞാല്‍ മണ്ണില്‍ നിന്ന് എന്ന് തന്നെ മനസ്സിലാക്കണം അത് ഭൌതികപ്രകൃതി എന്ന അര്‍ഥത്തില്‍ എടുക്കാന്‍ യുക്തിവാദി അനുവദിക്കുകയില്ല. എന്നാലെ ഖുര്‍ആനെ പരിഹസിക്കാന്‍ കഴിയൂ.) ഈ ഭൂമിയില്‍ സ്ഥിതിചെയ്യുന്ന പദാര്‍ഥങ്ങള്‍ മാത്രമാണ് മനുഷ്യശരീരത്തിലെ ചേരുവ. ശാസ്ത്രജ്ഞര്‍ അതിങ്ങനെ പരത്തിപ്പറഞ്ഞിട്ടുണ്ട്.
• ഏഴുകഷ്ണം സോപ്പുണ്ടാക്കാന്‍ ആവശ്യമായ എണ്ണ.
• ഏഴു പെന്‍സില്‍ ഉണ്ടാക്കാവുന്ന കാര്‍ബണ്‍.
• 120 തീപ്പെട്ടിക്കോലിന്ന് വേണ്ടുന്ന ഫോസ്ഫറസ്.
• ഒരു കവിള്‍ വിരേചനൌഷധത്തിനാവശ്യമായ മെഗ്നീഷ്യം സാള്‍ട്ട്.
• ഒരുടത്തരം ആണി ഉണ്ടാക്കാനാവശ്യമായ ഇരുമ്പ്.
• ഒരു നായയുടെ തൊല്‍ വൃത്തിയാക്കാവുന്ന ഗന്ധകം.
• അല്‍പം ചുണ്ണാമ്പ്.
• 10 ഗ്യാലന്‍ വെള്ളം
അത് മാത്രമേ മനുഷ്യനിലുള്ളൂ എന്നാണോ?. ഇതര ജീവികളില്‍ നിന്നും അവനെ വ്യത്യസ്ഥനാക്കുന്ന വല്ല പ്രത്യേകതകളും അവനിലുണ്ടോ?. വിശ്വാസികള്‍ പറയുന്നു ഉണ്ട്. അതാണ് ദൈവം അവനില്‍ സന്നിവേശിപ്പിച്ച ആത്മാവ്. മാതാവിന്റെ ഗര്‍ഭാശയത്തില്‍ ജീവനോടെ വളര്‍ന്ന ഭ്രൂണത്തിന് 4 മാസം പ്രായമാകുമ്പോഴാണത് സംഭവിക്കുന്നത്. ഇതോടെ മനുഷ്യന്‍ ഇതരജീവികളില്‍ നിന്ന് വ്യത്യസ്ഥനായി. ചുരുക്കത്തില്‍ മണ്ണില്‍ നിന്നുള്ള ശരീരവും വിണ്ണില്‍ നിന്നുള്ള ആത്മാവും കൂടിച്ചേര്‍ന്നതാണ് മനുഷ്യന്‍. മനുഷ്യന്റെ ഈ അസ്തിത്വത്തെ നിഷേധിച്ചതിലൂടെ വര്‍ണങ്ങളിലൊന്ന് നഷ്ടപ്പെട്ടു. ദൈവമാണല്ലോ മനുഷ്യന് വര്‍ണ്ണം നല്‍കിയവന്‍ ‘നിങ്ങള്‍ അല്ലാഹുവിന്റെ വര്‍ണം സ്വീകരിക്കുക.’ (ഖുര്‍ആന്‍ 2:138). ദൈവം മനുഷ്യന് നല്‍കിയ സ്ഥാനം അംഗീകരിക്കാത്തതിനാല്‍ മനുഷ്യനെ മനുഷ്യരുടെ കണ്ണിലൂടെ കാണാനുള്ള കഴിവാണ് യുക്തിവാദിക്ക് നഷ്ടപ്പെട്ടത്. ഇതവന്റെ കാഴ്ചകളെ വികലമാക്കി.
മനുഷ്യന്‍ ഖുര്‍ആന്റെ ഭാഷയില്‍ ആദരണീയനാണ്. അവന്റെ സൃഷ്ടിപ്പിന്റെ പിന്നില്‍ ചില ലക്ഷ്യങ്ങളുണ്ട്. മറ്റുജീവികള്‍ക്കില്ലാത്ത ചില പ്രത്യേകതകള്‍ മനുഷ്യനുണ്ട്. അവലഭിക്കുന്നത് അവനില്‍ പ്രത്യേകമായി കുടിക്കൊള്ളുന്ന അത്മാവിന്റെ സാന്നിധ്യത്താലാണ്. ആത്മാവിനെ അവഗണിച്ചാല്‍ അവനെ മൃഗങ്ങളില്‍ നിന്ന് വേര്‍ത്തിരിക്കുന്ന ഒന്നും തന്നെ ശേഷിക്കുകയില്ല. ശരീരത്തിനെന്ന പോലെ ആത്മാവിനും ഭക്ഷണം ആവശ്യമാണ്. അതിനാല്‍ മനുഷ്യന് കേവലം അപ്പം കൊണ്ട് മാത്രം ജീവിക്കാനാവില്ല. ആത്മാവിന്റെ (‘മനസ്സിന്റെ’ എന്ന് പറഞ്ഞാലും നാം ഉദ്ദേശിക്കുന്നതും അതുതന്നെ) ഭക്ഷണം ഭൌതികമെന്നതിനേക്കാള്‍ അഭൌതികമാണ്. അത് നല്‍കാന്‍ മതങ്ങള്‍ക്കേ കഴിയൂ. അത് കൊണ്ടാണ് എത്രതന്നെ യുക്തിഹീനമെന്ന് വാദിച്ചാലും ഏത് തരം ദൈവവിശ്വാസികളും വിശ്വാസികളായി തന്നെ നിലനില്‍ക്കുന്നത്. ദൈവത്തെപ്പോലെ ആത്മാവിനെക്കുറിച്ചും യുക്തിവാദി സന്ദേഹത്തിലാണ്. അതവനെ നിയന്ത്രിക്കുമ്പോഴും അവനതിനെ നിഷേധിക്കാന്‍ നിര്‍ബന്ധിതനാണ്. ഇത് യുക്തിവാദിയുടെ മനുഷ്യനെക്കുറിച്ചുള്ള കാഴ്ചപ്പാടിനെ സ്വാധീനിച്ചു. പരിണാമദശയിലെ അവസാനകണ്ണിയായി മനുഷ്യനെ അവന്‍ എണ്ണി. മറ്റുജീവികളില്‍ നിന്ന് മനുഷ്യനുള്ള വ്യത്യാസം പരിണാമത്തില്‍ വന്ന പുരോഗതി മാത്രമാണെന്നവന്‍ അവകാശപ്പെട്ടു. ധാര്‍മികാധ്യാപനങ്ങളും നിയമങ്ങളും വിലക്കുകളും മനുഷ്യനുമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട പൌരോഹിത്യത്തിന്റെ വികൃതികളായി കാണാനാണ് അവര്‍ക്കിഷ്ടം. ഇതോടെ ധാര്‍മികത അപ്രസക്തമായി. നന്‍മതിന്‍മകളുടെ മാനദണ്ഡം തങ്ങളുടെ ഇച്ഛകളായിമാറി. അരുതായ്മകളുടെ വേലിക്കെട്ടുകള്‍ എടുത്ത് മാറ്റപ്പെട്ടു. അതിലൂടെ നേടിയെതെന്ത് നഷ്ടപ്പെട്ടതെന്ത് എന്ന അന്വേഷണത്തിന് ഇവിടെ മിനക്കെടുന്നില്ല. മനുഷ്യനെ പുരോഗതി നേടിയ ഒരു മൃഗമായി കണ്ടതിലൂടെ ദൈവത്തെയോ മൂല്യങ്ങളെയോ പരിഗണിക്കേണ്ടതില്ല എന്ന അവസ്ഥ അവര്‍ക്ക് ലഭ്യമായി. ഇതവര്‍ക്ക് എത്രവലിയ ദൈവനിന്ദാ പ്രസ്താവനകളും നടത്താമെന്ന നിലയിലേക്ക് അവരെ മാറ്റി. സംസാരിക്കാന്‍ അവര്‍ക്ക് ആരെയും ഭയപ്പെടേണ്ടതില്ല. അത് സത്യമോ പാതിസത്യമോ എന്ന് നോക്കേണ്ടതില്ല. ഇതവര്‍ക്ക് വാദിക്കാനും ആരോപണമുന്നയിക്കാനും നല്‍കിയ ശക്തി അപാരമാണ്. വിശ്വാസികള്‍ക്കതിന് സാധ്യമല്ല. കാരണം അവര്‍ക്ക് ദൈവികമായ കൂറേ വിലക്കുകളുണ്ട്. ഇതിനപ്പുറം വിശ്വാസികള്‍ക്കില്ലാത്ത വല്ല ശക്തിയും യുക്തിവാദികള്‍ക്കുള്ളതായി ഇയ്യുള്ളവന് അറിയില്ല. നിങ്ങള്‍ക്കറിയുമെങ്കില്‍ അവ പ്രതികരണത്തില്‍ ചേര്‍ക്കുക. (അവസാനിച്ചു).
1 അഭിപ്രായ(ങ്ങള്‍):
ii boxil paste work cheyyunnilla.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ