2009, ഓഗസ്റ്റ് 13, വ്യാഴാഴ്‌ച

ശരീരം, ജീവന്‍, ആത്മാവ്

ശരീരം, ജീവന്‍, ആത്മാവ് എന്നിവയെക്കുറിച്ച് ശാസ്ത്രപഠനങ്ങള്‍, ദൈവികവെളിപാടുകള്‍, സ്വന്തം അനുഭവങ്ങള്‍ എന്നിവയിലൂടെ ഞാനെത്തിച്ചേര്‍ന്ന ബോധ്യങ്ങളാണ് ഇവിടെ പ്രകാശിപ്പിക്കുന്നത്. 

പുരുഷബീജവും സ്ത്രീയുടെ അണ്ഡവും കൂടിചേര്‍ന്നത് മുതലാണ് ഒരു മനുഷ്യന്റെ ആരംഭം.  യഥാര്ഥത്തില് ഒരു മനുഷ്യന്റെ ഉല്‍ഭവം  മാതാവിന്റെ ഗര്‍ഭാശയത്തില്‍ വസിക്കുന്ന ജീവനില്‍  ഏതാണ്ട് നാല് മാസമാകുമ്പോള്‍ ദൈവികമായ ചൈതന്യം(ആത്മാവ്) പ്രവേശിക്കുന്നത് മുതലാണ്. അത് വരെ ഭ്രൂണം മറ്റേതൊരു സസ്തനിയുടെയും ഭ്രൂണം പോലെത്തന്നെ. 

മനുഷ്യശരീരത്തിലെ പ്രവര്‍ത്തനെങ്ങളെയും അതിലെ അതിസൂക്ഷമമായ ഭാഗങ്ങളെക്കുറിച്ചും ശാസ്ത്രീയ പഠനങ്ങളിലൂടെ നിരവധി ഗ്രന്ഥങ്ങള്‍ രചിക്കാനാവശ്യമായ വിവരങ്ങള്‍ നാം കരസ്ഥമാക്കിയിട്ടുണ്ട്. ആ വിഷയത്തില്‍ ആയിരക്കണക്കിന് ഗ്രന്ഥങ്ങളുമുണ്ട്. പക്ഷേ ശേഷം പറഞ്ഞ രണ്ട് കാര്യങ്ങളെക്കുറിച്ച് ശാസ്ത്ര പഠനം എവിടെയെത്തി എന്ന് പരിശോധിക്കാവുന്നതാണ്. ആത്മാവിനെക്കുറിച്ച് ഏറെക്കുറെ നിശഃബ്ദവും ജീവനെക്കുറിച്ചുള്ള പഠനം പാതിവഴിയിലുമാണ് എന്നേ എത്രവലിയ ശാസ്ത്രവിശ്വാസിക്കും അവകാശപ്പെടാന്‍ കഴിയൂ.

ശാസ്ത്രത്തിന്റെ കഴിവുകേടായി അതിനെ കാണാന്‍ കഴിയില്ല. ശാസ്ത്രത്തിന്റെ പരിമിതിയാണതിന് കാരണം. ഭൌതികമായ വസ്തുക്കളെക്കുറിച്ച് ഗവേഷണം നടത്താനേ അതിന് കഴിയൂ. അതിനപ്പുറമുള്ള യാഥാര്‍ത്യങ്ങളെക്കുറിച്ച്  ചില ഊഹങ്ങള്‍ നടത്തും. ദൈവിക ദര്‍ശനങ്ങള്‍ നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന യാഥാര്‍ത്യത്തെക്കുറിച്ച് മിണ്ടാതിരുന്നിട്ടില്ല. അതിനാല്‍ ഞാനിവിടെ ഖുര്‍ആന്റെ സന്ദേശങ്ങളെ തുടര്‍ന്നുള്ള ചര്‍ച്ചക്ക് അവലംഭിക്കുകയാണ്. ശാസ്ത്രത്തെ വസ്തുതകളുടെ ആദ്യവസാനമായി കാണുന്നവര്‍ക്ക് ഇവിടെ വായന അവസാനിപ്പിക്കാം. കാരണം തുടര്‍ന്ന് പറയുന്ന കാര്യങ്ങള്‍ക്ക് കേവലം ഊഹങ്ങള്‍ക്കപ്പുറമുള്ള യാഥാര്‍ഥ്യമായി അനുഭവപ്പെടുകയില്ല.

ആത്മാവ് മനുഷ്യഭ്രൂണത്തിന് നാല് മാസം പ്രായമാകുമ്പോഴാണ് അതില്‍ സന്നിവേശിക്കപ്പെടുന്നത് എന്ന് സൂചിപ്പിച്ചു. പിന്നീട് മരണം സംഭവിക്കുമ്പോള്‍ മാത്രമാണ് അത്മാവ് ശരീരവുമായി എന്നെന്നേക്കുമായി വിട്ടുപിരിയുന്നത്. ഉറക്കത്തില്‍ ആത്മാവ് താല്‍കാലികമായി ശരീരത്തില്‍ നിന്ന് ഉയര്‍ത്തപ്പെടുന്നു. ഉറക്കത്തില്‍ നാം സന്തോഷം, ദുഃഖം, സുഖം, വേദന എന്നീ വികാരങ്ങളൊക്കെ അനുഭവിക്കുന്നു. പക്ഷേ അതില്‍ പങ്കെടുക്കുന്നത് ശരീരമല്ല. ഭക്ഷണം കഴിക്കാതെ ഭക്ഷണത്തിന്റെ രുചി നാം അനുഭവിക്കുന്നു. ശരീരം മെത്തയില്‍ സുഖമായിരിക്കെ കടുത്ത വേദന അനുഭവിക്കുന്നു. മരണ ശേഷം ഇതേ അനുഭവമായിരിക്കും ആത്മാവ് അനുഭവിക്കേണ്ടി വരിക എന്ന സൂചന ഇത് നല്‍കുന്നു. ആത്മാവിന് മരണമില്ല. മനുഷ്യന്റെ മരണത്തിന് ശേഷം അത് വീണ്ടുമൊരിക്കല്‍ രക്ഷാശിക്ഷകള്‍ നല്‍കപ്പെടുന്നതിന്ന് ശരീരത്തിലേക്ക് തന്നെ മടക്കപ്പെടുന്നു.

എന്റെ മുന്നറിയിപ്പ് വകവെക്കാതെ വായന തുടര്‍ന്നവര്‍ക്ക് സംശയമുണ്ടാകാം. ഈ പറയുന്ന കാര്യങ്ങളൊക്കെ സത്യമാകുമോ. ഇതേ ചോദ്യമുന്നയിച്ച മക്കയിലെ അവിശ്വാസികള്‍ക്ക് നല്‍കിയ മറുപടി തന്നെ ഞാനിവിടെ എടുത്തുദ്ധരിക്കാം ‘ദൃഢവിശ്വാസമുള്ളവര്‍ക്ക് ഭൂമിയില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്; നിങ്ങളില്‍ത്തന്നെയും. നിങ്ങള്‍ കാണുന്നില്ലയോ? ആകാശത്തില്‍ നിങ്ങള്‍ക്കാഹാരവുമുണ്ട്, നിങ്ങള്‍ താക്കീതുചെയ്യപ്പെടുന്ന സംഗതിയുമുണ്ട്. ആകാശത്തിന്റെയും ഭൂമിയുടെയും യജമാനനാണ് സത്യം, ഈ സന്ദേശം യാഥാര്‍ഥ്യമാകുന്നു; നിങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതുപോലെ ഉറപ്പുള്ള യാഥാര്‍ഥ്യം. (51:20-23)'. ഈ ഉത്തരത്തില്‍ അല്‍പം മാറ്റം വരുത്തി ഞാന്‍ നിങ്ങളോട് പറഞ്ഞാല്‍ അത് ഇപ്രകാരമായിരിക്കും ഈ സന്ദേശം യാഥാര്‍ഥ്യമാകുന്നു; നിങ്ങള്‍ ഈ ബ്ളോഗ് വായിച്ചുകൊണ്ടിരിക്കുന്നത് പോലെ ഉറപ്പുള്ള യാഥാര്‍ഥ്യം

ഇനി ജീവനെക്കുറിച്ച് ഇക്കാര്യത്തില്‍ നിങ്ങള്‍ക്കറിയുന്നതിനെക്കാള്‍ എനിക്കറിയുമെന്ന് തോന്നുന്നില്ല. ആത്മാവുമായി ബന്ധപ്പെടുത്തി ഒരു കാര്യം മാത്രം പറയാം. ജീവനുള്ള ശരീരത്തിലാണ് ആത്മാവ് സന്നിവേശിപ്പിക്കപ്പെടുന്നത്. ശരീരത്തില്‍ ജീവന്‍ നിലനില്‍ക്കെ ആത്മാവ് ശരീരത്തില്‍ നിന്ന് എടുത്ത് മാറ്റപ്പെടുകയും ചെയ്യും. പിന്നീട് ശരീരം നിര്‍ജീവാവസ്ഥയിലേക്ക് തന്നെ നീങ്ങും. പിന്നീട് സൃഷ്ടിക്കപ്പെട്ടത് എന്തില്‍ നിന്നാണോ അതിലേക്ക് മടക്കപ്പെടുകയും ചെയ്യും. മണ്ണിലേക്ക് അഥവാ പ്രകൃതിയിലേക്ക്. ഖുര്‍ആന്‍ പറഞ്ഞത് എത്ര സത്യം!!. ‘ഭൂമിയെ നിങ്ങള്‍ക്കു തൊട്ടിലാക്കിത്തന്നവനും, അതില്‍ സഞ്ചാരമാര്‍ഗങ്ങളുണ്ടാക്കിയവനും, മീതെനിന്നു ജലം വര്‍ഷിച്ച് അതുവഴി പലയിനം ഉല്‍പന്നങ്ങളുല്‍പാദിപ്പിച്ചവനും അവന്‍ തന്നെയാകുന്നു. ആഹരിച്ചുകൊള്ളുവിന്‍. നിങ്ങളുടെ കാലികളെ മേയ്ക്കുകയും ചെയ്യുവിന്‍. നിശ്ചയം ബുദ്ധിമാ•ാര്‍ക്ക് ഇതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്. ഇതേ മണ്ണില്‍നിന്നാകുന്നു നാം നിങ്ങളെ സൃഷ്ടിച്ചിട്ടുള്ളത്. ഇതിലേക്കു തന്നെ നിങ്ങളെ തിരിച്ചുകൊണ്ടുപോകും. ഇതില്‍നിന്നുതന്നെ നിങ്ങളെ മറ്റൊരിക്കല്‍ നാം പുറപ്പെടുവിക്കുകയും ചെയ്യും.

ഇതില്‍ വിശ്വസിക്കേണ്ട കാര്യം അവസാനം പറഞ്ഞതാണ് കാരണം അതാണ് അദൃശ്യം, ഇനി വരാന്‍ പോകുന്നത്.  ആ സംഗതിയെ നിഷേധിക്കാന്‍ താങ്കള്‍ക്ക് എന്തങ്കിലും ന്യായമുണ്ടോ?.

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review