2009, ഓഗസ്റ്റ് 6, വ്യാഴാഴ്‌ച

യുക്തിവാദികളും വിശ്വാസികളാണ്

യുക്തിവാദം എന്ന് കേള്‍ക്കുമ്പോള്‍ ദൈവനിഷേധികള്‍, മതത്തെവിമര്‍ശിക്കുന്നവര്‍ മുഴുവന്‍ കാര്യങ്ങളിലും യുക്തിയെയും ബുദ്ധിയെയും പരിഗണിക്കുന്നവര്‍, ഭൌതികവാദികള്‍, ശാസ്ത്രത്തെ ഉള്‍ക്കൊള്ളുന്നവര്‍ എന്നാണ് പൊതുവെ കരുതപ്പെടുക. വിശ്വാസികള്‍ എന്ന് കേള്‍ക്കുമ്പോള്‍ തിരിച്ചും. അവര്‍ ശാസ്ത്രസത്യങ്ങളെ തള്ളിക്കളയുന്നവരാണ്, അന്ധമായി ഗ്രന്ഥങ്ങളിലുള്ളതിനെ പിന്‍പറ്റുന്നവരാണ്, അതിനാല്‍ തന്നെ അന്ധവിശ്വാസികളും, യുക്തിയെയും ചിന്തയേയും നിരാകരിക്കുന്നവരും. ജനങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവര്‍ക്ക് അനുഭവവും അത് തന്നെയാണ്. മറിച്ചുള്ള അനുഭവങ്ങളെ മതത്തിന്റെ ചെലവില്‍ ഉള്‍പ്പെടുത്താന്‍ ചിന്തിക്കുന്നവര്‍ക്കാകുന്നില്ല. അത് മതത്തില്‍ നിന്നുള്ള വ്യതിചലനമായി വിലയിരുത്തപ്പെടുന്നു. ചില ദൈവവിശ്വാസികള്‍ തന്നെയും മതവും യുക്തിയും അവസാനിക്കുന്നിടത്ത് നിന്ന് ദൈവവിശ്വാസം ആരംഭിക്കുന്നു എന്ന് ആത്മാര്‍ഥമായി കരുതുന്നു. മറ്റ് മതങ്ങളെക്കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല. പക്ഷേ എന്റെ 25 വര്‍ഷത്തെ ഇസ്ലാം പഠനത്തില്‍ അതിനെ സാധൂകരിക്കുന്ന ഒരു തെളിവുമില്ല എന്നതല്ല മാത്രമല്ല പ്രശ്നം. ഒരു ദൈവവിശ്വാസി നല്ല ഒരു യുക്തിവാദി ആകുകയും വേണം. എന്ന് വെച്ചാല്‍ കേട്ടതപ്പടി സ്വീകരിക്കുന്ന ഒരു വിശ്വാസിയെ ഖുര്‍ആന്‍ പരിചയപ്പെടുത്തിയിട്ടില്ല. ചിന്തിക്കാനും ഗ്രഹിക്കാനും ബോധമുള്ളവരാകാനും ധാരാളമായി ഉല്‍ബോധിപ്പിക്കുകയും, ചിന്തിക്കാത്തതിന്റെ പേരില്‍ അത്തരം മനുഷ്യരെ നാല്‍കാലികളോട് ഉപമിക്കുകയും ചെയ്യുന്നു ഖുര്‍ആന്‍.

ഇസ്ലാമില്‍ പൌരോഹിത്യമില്ലങ്കിലും മുസ്ലിങ്ങളില്‍ ചിലവിഭാഗങ്ങളില്‍ പൌരോഹിത്യവും അതിന്റെ ജീര്‍ണതകളും നിലനില്‍ക്കുന്നു എന്ന യാഥാര്‍ഥ്യം നിങ്ങളെക്കാള്‍ കൂടുതല്‍ ഞാന്‍ അംഗീകരിക്കുന്നു. മുസ്ളിംകള്‍ക്ക് നിലവിലുള്ള പിന്നോക്കാവസ്ഥക്ക് ആഭ്യന്തരമായ വല്ല കാരണവും ഉണ്ടെങ്കില്‍ ആ പൌരോഹിത്യമാണ്. എന്നാല്‍ യുക്തിവാദികള്‍ (ദൈവനിഷേധികളായ ആളുകളെയാണ് ഉദ്ദേശിച്ചത് അതാണെല്ലോ നിലവിലെ ആ പദത്തിന്റെ അര്‍ഥം. അല്ലാതെ അവര്‍ യുക്തിവാദികളാണ് എന്ന് മുഴുവനായി ഞാന്‍ അംഗീകരിക്കുന്നത് കൊണ്ടല്ല) അതിന് കാരണം ഖുര്‍ആനാണെന്ന് വാദിക്കുന്നു. ഖുര്‍ആനെ അവമതിക്കാന്‍ ഈ അവസരത്തെ നന്നായി അവര്‍ പ്രയോജനപ്പെടുത്തുന്നു.

അറിവും വിശ്വാസവും

ഒരാള്‍ക്ക് എത്രത്തോളം അവിശ്വാസിയാകാന്‍ കഴിയും. എന്ന് വെച്ചാല്‍ നേരിട്ടുകാണുകയോ അനുഭവിക്കുയോ ചെയ്തവ മാത്രമേ ഞാന്‍ അംഗീകരിക്കുകയുള്ളൂ എന്ന് ശഠിക്കുന്നവനാണ് വിശ്വാസിയല്ലാത്തവന്‍ എന്നാണ് വെപ്പ്. എനിക്ക് ചോദിക്കാനുള്ളത് ഒരു യുക്തിവാദി തന്നെ പിതാവിനെ കുറിച്ച് ധാരണയില്ലെത്തുന്നത് ആരെ വിശ്വസിച്ചാണ്. സ്വന്തം മാതാവിനെ തന്നെ. തനിക്ക് ഇത്ര ഇത്ര പുത്രന്‍മാരും പുത്രിമാരുമുണ്ടെന്ന് പറയുന്നതോ, ഭാര്യയെ വിശ്വസിച്ച്. താന്‍ ഒരിക്കലും കാണുകയോ അനുഭവിക്കുകയോ ചെയ്യുന്ന സ്ഥലങ്ങളെക്കുറിച്ചും ആളുകളെക്കുറിച്ചും സംസാരിക്കുന്നതോ. ആരെയെങ്കിലും വിശ്വസിച്ച് സ്ഥിരമായി കള്ളങ്ങള്‍ പറയുന്ന മീഡിയയെപ്പോലും അയാള്‍ അവിശ്വസിക്കുന്നില്ല. പ്രവാചകന്റെ വ്യക്തിത്വത്തെ അവമതിക്കുന്നതിന് ഇസ്ലാമിന്റെ ശത്രുക്കള്‍ രചിച്ച ഗ്രന്ഥവും തന്നെത്തന്നെ വെച്ചുള്ള അളവുകോലും മതി അദ്ദേഹത്തിന്. ഇസ്ലാമിക നിയമങ്ങളെ വിമര്‍ശിക്കാന്‍ വിവരമില്ലാത്ത പാമര ജനങ്ങളുടെ ചില നടപടിക്രമങ്ങളും ആചാരങ്ങളും മതി. ഇതിനെല്ലാം ധാരാളം ഉദാഹരണങ്ങള്‍ എടുത്തുദ്ധരിക്കാന്‍ ഒരു പ്രയാസവുമില്ല. മനുഷ്യന്റെ അറിവില്‍ 90% വും അറിവിന്റെ അടിസ്ഥാനത്തിലുള്ള നിഗമനങ്ങളാണ്. നിഗമനങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും എന്ത് ബന്ധം എന്ന് ഞാന്‍ വിശദീകരിക്കുന്നില്ല. ബൃഹത്തായ ഈ പ്രപഞ്ചത്തെ അതിന്റെ സകല അത്ഭുതങ്ങളോടും കൂടി ചിത്രീകരിച്ചതിന് ശേഷം ദൈവമില്ലെന്ന് യുക്തിവാദി പറയും. ഇതിന് പിന്നില്‍ ഒരു പരാശക്തിയുണ്ടെന്നും അവന്റെ നിയന്ത്രണത്താലാണ് ഈ പ്രപഞ്ചം ഇത്ര വ്യവസ്ഥാപിതമായി ചലിക്കുന്നതെന്നും അവനാണ് പ്രപഞ്ചപാലകനായ ദൈവം എന്ന് ദൈവവിശ്വാസിയും പറയും. ഇതിലൊന്ന് അന്ധവിശ്വാസവും ഒന്ന് യുക്തിവാദവും ആകുന്നതെങ്ങനെ എന്ന് ആരെങ്കിലും എനിക്കൊന്ന് പറഞ്ഞു തരണം. എങ്കില്‍ ഞാനെന്റെ വാദം പിന്‍വലിക്കാം അതായത് യുക്തിവാദികളും വിശ്വാസികളാണ്, ചില യഥാര്‍ഥ വിശ്വാസികള്‍ യുക്തിവാദികളും. ചിന്തിക്കുന്നവര്‍ ക്രിയാത്മകമായി പ്രതികരിക്കുക.

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review