ഖുര്‍ആന്‍ 1400 വര്‍ഷം മുമ്പാണ് അവതരിക്കപ്പെട്ടത്. ഇന്നത്തെപ്പോലെ അന്നും ഒരു ചെറിയ ന്യൂനപക്ഷം തങ്ങള്‍ കണ്ണില്‍ കണ്ടതേ വിശ്വസിക്കൂ (കണ്ടത് വിശ്വസിക്കേണ്ടതില്ല എന്നത് വേറെക്കാര്യം, കാണാത്തതിനെയാണല്ലോ വിശ്വസിക്കുന്നത്) എന്ന് വാദിച്ചവരുണ്ടായിരുന്നു. ഇന്നത്തെപ്പോലെ ശാസ്ത്രം വളര്‍ച്ച പ്രാപിച്ചിട്ടില്ലാത്തതിനാല്‍ അവരുടെ വാദത്തിലും ഒരു പ്രാകൃതം ഉണ്ടായേക്കാം എങ്കിലും സംഗതി ഇന്നത്തെ ദൈവനിഷേധികളായ യുക്തിവാദികള്‍ പറയുന്ന പോലെ തന്നെയായിരുന്നു. ഇവരോട് ഖുര്‍ആന്‍ , ദൈവത്തെ സ്ഥാപിക്കാന്‍ ഒരു ഉദാഹരണവും നല്‍കുന്നില്ല ഒരു ശ്രമവും നടത്തുന്നുമില്ല. ഈ വ്യവസ്ഥാപിത പ്രപഞ്ചം മുമ്പിലുണ്ടായിട്ടും. അതിന്റെ പിന്നില്‍ ഒരു സ്രഷ്ടാവിന്റെ സാന്നിധ്യം നിഷേധിക്കുന്നവരോട് എന്ത് പറയാന്‍ എന്നായിരിക്കില്ലേ അതിന്റെ ധ്വനി. ഊഹം പറയുന്നതാണ് ഖുര്‍ആന്‍ അവരുടെ വലിയ ന്യൂനതയായി എടുത്ത് പറയുന്ന്ത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക:
അധ്യായം 45 (ജാഥിയ)
(24-27) ജനം പറയുന്നു: 'നമ്മുടെ ഈ ഐഹികജീവിതമല്ലാതെ ജീവിതമില്ലതന്നെ. നമ്മുടെ മരണവും ജീവിതവും ഇവിടെത്തന്നെ. കാലചക്രമല്ലാതെ മറ്റൊന്നും നമ്മെ നശിപ്പിക്കുന്നില്ല.' യഥാര്‍ഥത്തില്‍ ഇതെപ്പറ്റി അവര്‍ക്ക് യാതൊരു ജ്ഞാനവുമില്ല. അവര്‍ കേവലം ഊഹാപോഹങ്ങള്‍ പറയുകയാകുന്നു. നമ്മുടെ സുവ്യക്തമായ സൂക്തങ്ങള്‍ കേള്‍പ്പിക്കുമ്പോള്‍ അവര്‍ പറയുന്ന ന്യായം ഇതു മാത്രമാണ്: 'ഞങ്ങളുടെ പിതാക്കളെയൊന്നിങ്ങ് ഉയിര്‍ത്തെഴുന്നേല്‍പിച്ചുകൊണ്ടുവരിക-നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍.' പ്രവാചകന്‍ അവരോടു പറയുക: അല്ലാഹുവാകുന്നു നിങ്ങള്‍ക്ക് ജീവിതമേകുന്നത്. പിന്നെ അവന്‍ നിങ്ങളെ മരിപ്പിക്കുന്നു. പിന്നീട് ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അവന്‍ നിങ്ങളെ ഒരുമിച്ചുകൂട്ടും. അതു സംഭവിക്കുമെന്നതില്‍ സന്ദേഹമേതുമില്ല. പക്ഷേ, അധികജനവും അറിയുന്നില്ല. ആകാശഭൂമികളുടെ ആധിപത്യം അല്ലാഹുവിനു മാത്രമാകുന്നു. പുനരുത്ഥാനനിമിഷം നിലവില്‍വരുന്ന നാള്‍! അന്ന് അസത്യവാദികള്‍ മഹാ നഷ്ടത്തിലകപ്പെടുകതന്നെ ചെയ്യും.
(28-35) അന്നേരം ഓരോ സമുദായവും മുട്ടുകുത്തിയതായി നിനക്കു കാണാം. ഓരോ ജനവും സ്വന്തം കര്‍മപുസ്തകങ്ങള്‍ നോക്കാന്‍ വിളിക്കപ്പെടുന്നു. അവരോട് പറയപ്പെടും: 'നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കര്‍മങ്ങളുടെ പ്രതിഫലം ഇന്നിതാ ലഭിക്കാന്‍ പോകുന്നു. നാം തയ്യാറാക്കിയ കര്‍മരേഖയിതാ. ഇതു നിങ്ങളുടെ മേല്‍ ശരിയായി സാക്ഷ്യം വഹിക്കുന്നു. നിങ്ങള്‍ പ്രവര്‍ത്തിച്ചതെന്തും നാം എഴുതിക്കുന്നുണ്ടായിരുന്നു.' എന്നാല്‍ സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മങ്ങളാചരിക്കുകയും ചെയ്തവരെ, റബ്ബ് അവന്റെ കാരുണ്യത്തില്‍ പ്രവേശിപ്പിക്കുന്നു. അതാണ് സ്പഷ്ടമായ വിജയം. നിഷേധം കൈക്കൊണ്ടവരോ, (അവരോട് പറയപ്പെടുന്നു:) എന്റെ സൂക്തങ്ങള്‍ നിങ്ങള്‍ കേള്‍പ്പിക്കപ്പെട്ടിരുന്നില്ലയോ? പക്ഷേ, നിങ്ങള്‍ അഹങ്കാരം കൈക്കൊണ്ടു. പാപികളായിത്തീരുകയും ചെയ്തു. 'അല്ലാഹുവിന്റെ വാഗ്ദാനം സത്യമാകുന്നു; ഉയിര്‍ത്തെഴുന്നേല്‍പുണ്ടാകുമെന്നതില്‍ സംശയമില്ല' എന്ന് ഉണര്‍ത്തുമ്പോള്‍, 'ഉയിര്‍ത്തെഴുന്നേല്‍പ് എന്താണെന്ന് ഞങ്ങള്‍ക്കറിയില്ല. ഞങ്ങള്‍ക്കതൊരു ഊഹം മാത്രം, യാതൊരുറപ്പുമില്ല' എന്നായിരുന്നുവല്ലോ നിങ്ങള്‍ ഘോഷിച്ചിരുന്നത്.അവരുടെ കര്‍മങ്ങളുടെ ദുഷ്ഫലങ്ങള്‍ അന്നേരം അവര്‍ക്ക് വെളിപ്പെടുന്നു. അവര്‍ പരിഹസിച്ചിരുന്നതെന്തിനെയാണോ അതുതന്നെ അവരെ വലയം ചെയ്യുന്നതുമാകുന്നു. അവരോട് പറയപ്പെടും: ഈ ദിനത്തെ അഭിമുഖീകരിക്കുന്നതിനെ നിങ്ങള്‍ വിസ്മരിച്ചതെപ്രകാരമാണോ അപ്രകാരം നാമിന്നു നിങ്ങളെയും വിസ്മരിക്കുന്നു. നിങ്ങളുടെ സങ്കേതം നരകമാകുന്നു. നിങ്ങള്‍ക്ക് സഹായികളാരുമില്ല. നിങ്ങള്‍ ദൈവിക സൂക്തങ്ങളെ പരിഹാസപാത്രമാക്കിയതുകൊണ്ടും ഐഹികജീവിതത്തില്‍ വഞ്ചിതരായതുകൊണ്ടുമത്രെ ഈ ദുര്‍ഗതി വന്നത്.അതിനാല്‍ ഇന്ന് ഇക്കൂട്ടര്‍ നരകത്തില്‍നിന്ന് മോചിപ്പിക്കപ്പെടുകയില്ല. 'മാപ്പ് തേടിക്കൊണ്ട് നിങ്ങളുടെ റബ്ബിനെ പ്രീതിപ്പെടുത്തുവിന്‍' എന്ന് ഇവരോട് പറയപ്പെടുന്നതുമല്ല.
(36-37) ആകയാല്‍, വാനലോകത്തിന്റെയും ഭൂമിയുടെയും ഉടയവനും സര്‍വലോകരുടെയും വിധാതാവുമായ അല്ലാഹുവിനല്ലോ സകല സ്തുതിയും. ആകാശലോകത്തും ഭൂലോകത്തും മഹത്വം അവന്നുമാത്രമുള്ളതാകുന്നു. അവന്‍ അജയ്യനും അഭിജ്ഞനുമല്ലോ. '
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ