കമലാ സുരയ്യ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കമലാ സുരയ്യ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014 സെപ്റ്റംബർ 17, ബുധനാഴ്‌ച

മാധവിക്കുട്ടി മതം മാറിയത് നോബല്‍സമ്മാനം കിട്ടാന്‍ ?


മാധവിക്കുട്ടി ഇസ്ലാം സ്വീകരിച്ച് കമലാ സുരയ്യ ആയതിന്റെ പുതിയ കാരണങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ലീലാമേനോന്‍ ചില കാരണങ്ങള്‍ പറഞ്ഞിരുന്നു. അന്ന് എഴുതിവെച്ച ഒരു പോസ്റ്റ് പുതിയ കണ്ടെത്തിലിന്റെ വെളിച്ചത്തില്‍ ഇവിടെ പ്രസിദ്ധീകരിക്കുകയാണ്. പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്, ടി. പത്മനാഭന്‍ അവര്‍കളാണ്. ഒരു കാരണം പുന്നയൂര്‍കുളത്തെ ആഢ്യമാരോടുള്ള എതിര്‍പ്പാണെങ്കില്‍ രണ്ടാമത്തെ കാരണമായി അദ്ദേഹം കാണുന്നത്, ഇസ്ലാം സ്വീകരിച്ച് അറബ് ലോകത്തിന്റെ പിന്തുണയോടെ നോബല്‍ സമ്മാനം നേടിയെടുക്കാമെന്ന മോഹമാണത്രെ. രണ്ടാമത് പറഞ്ഞ കാരണം, പ്രത്യക്ഷത്തില്‍ തന്നെ അല്‍പം തമാശയായി എന്ന് പറയാതെ വയ്യ. പൊതുവെ കരുതപ്പെടുന്നത്  നോബല്‍ സമ്മാനവും ചില പാശ്ചാത്യന്‍ ശക്തികളുടെ ചൊല്‍പടിക്ക് വിധേയമാണ് എന്നാണ്. യാഥാര്‍ഥ്യം എന്ത് എന്നത് ഇവിടെ ചര്‍ച ചെയ്യുന്നില്ല. ജൂതലോബിക്ക്  (ലോക ജനസംഖ്യയില്‍ കേവലം 0.2 ശതമാനം മാത്രമുള്ള ജൂതന്മാരാണ് ഇതുവരെ വിതരണം ചെയ്ത നോബല്‍ സമ്മാനത്തിന്റെ 22 ശതമാനം കരസ്ഥമാക്കിയത് എന്ന വസ്തുതവെച്ച്) ആ വിഷയത്തില്‍ സ്വാധീനമുണ്ട് എന്ന വാദവും നിലവിലുണ്ടെങ്കിലും  ഇന്നേവരെ അറബികള്‍ക്കോ മുസ്ലിംകള്‍ക്കോ ഇക്കാര്യത്തില്‍ പങ്കൊന്നുമില്ല എന്ന് പൊതുവെ ധരിക്കപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ അധിക്രമം നടത്തിയവര്‍ക്കാണല്ലോ മിക്കവാറും സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കാറുള്ളത്.

വിഷയം അതല്ല. എന്തുകൊണ്ടാണ് മരിച്ച് വര്‍ഷങ്ങള്‍ ആയെങ്കിലും അവരുടെ ഇസ്ലാമതാശ്ലേഷണത്തിന് വിവിധ കാരണങ്ങള്‍ കണ്ടെത്തുന്നത് എന്ന ചോദ്യമാണ്. ആരാണ് ഈ അന്വേഷണം നടത്തുന്നത് എന്നന്വേഷിച്ചാല്‍ തന്നെ അതിനുള്ള ഏകദേശ ധാരണ ലഭിക്കും. ഇസ്ലാമിന്റെ മേന്മകൊണ്ടൊന്നുമല്ല അവര്‍ ഇസ്ലാം സ്വീകരിച്ചത് എന്ന് വരുത്തണം അത്ര തന്നെ. ആളുകള്‍ ഏത് കാരണത്താല്‍ ഇസ്ലാം സ്വീകരിച്ചാലും അവരുടെ ഭാവിഭാഗധേയം ഇഹത്തിലും പരത്തിലും നിര്‍ണയിക്കപ്പെടുന്നത് ഇസ്ലാം സ്വീകരണത്തിന് ശേഷം അവര്‍ എങ്ങനെ അതിനെ ഉള്‍കൊള്ളുകയും ആചരിക്കുകയും ചെയ്യുന്നുവെന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും. എത്രയോ ആളുകളുണ്ട് പേരില്‍ മാറ്റം വരികയും പിന്നീട് പഴയ ജീവിതം തന്നെ തുടരുകയും ചെയ്യുന്നവര്‍. എന്നാല്‍ ഇത്തരക്കാര്‍ എത്ര പ്രസിദ്ധരായിരുന്നാലും അതാരും പിന്നീട് വിഷയമാക്കാറില്ല. എന്നാല്‍ കമലാ സുരയ്യ പൂര്‍ണമായും മാറുന്നതാണ് നാം കണ്ടത്. അവരുടെ ജീവിതത്തെയും മനോഭാവത്തെയും വേഷത്തെയുമൊക്കെ അത് സ്വാധീനിച്ചു. 

നാം പിന്നീട് കണ്ടത് ഇങ്ങനെ ഇവര്‍ പറയുന്ന കാരണങ്ങളൊന്നും യാഥാര്‍ഥ്യമായിട്ടില്ല എന്നതാണ്. സമദാനി വിവാഹവാഗ്ദാനം നല്‍കിയതുകൊണ്ടാണ് മാധവിക്കുട്ടി മതം മാറിയത് എന്നായിരുന്നു, കഴിഞ്ഞ വര്‍ഷം ശ്രീമതി ലീലാമേനോന്‍ പറഞ്ഞതെങ്കില്‍ ഈ വര്‍ഷത്തെ കണ്ടുപിടുത്തം അവര്‍ നോബല്‍ സമ്മാനം ആഗ്രഹിച്ചാണ് മതം മാറിയത് എന്നാണ്. എങ്കില്‍ ജീവിതാന്ത്യത്തിലെങ്കിലും ഈ കൊടും ചതിയുടെ പേരില്‍ അവര്‍ക്ക് സ്വമതത്തിലേക്ക് തിരിച്ചു പോയിക്കൂടായിരുന്നോ എന്ന ചോദ്യം പ്രസക്തമാണ്.

ഇപ്രകാരം കാരണങ്ങള്‍ കണ്ടെത്തുന്നവര്‍ തന്നെ ഒരു കാര്യം സമ്മതിക്കാന്‍ നിര്‍ബന്ധിതരാണ്. പ്രേരകം എന്തായാലും കമലാ സുരയ്യ മരിക്കുന്നത് വരെ പൂര്‍വമതത്തിലേക്ക് തിരിച്ചുപോയിട്ടില്ല എന്നതാണ്. മറിച്ച് അവര്‍ ആ മാറ്റം അവര്‍ നന്നായി ആസ്വദിക്കുകയായിരുന്നു.

ഇനി പറയാന്‍ പോകുന്ന ഭാഗം 2013 ജൂണില്‍ എഴുതിവെച്ചതും ഇതുവരെ പബ്ലിഷ്  ചെയ്യാത്തതുമായ ബ്ലോഗ് പോസ്റ്റാണ്. അത്  ചേര്‍ക്കാന്‍ കാരണമുണ്ട്. അതില്‍ ഒരു സുഹൃത്ത് കമലാ സുരയ്യക്ക് നോബല്‍ സമ്മാനം ലഭിക്കാതെ വന്നത് തന്നെ ഇസ്ലാം സ്വീകരിച്ചതുകൊണ്ടാണ് എന്ന് സൂചിപ്പിക്കുന്നുണ്ട്.  അത് ഇപ്പോഴത്തെ കണ്ടെത്തിലിന് വിരുദ്ധമാണ്. നോബല്‍ സമ്മാനം കിട്ടാനായിരുന്നെങ്കില്‍ ഏറ്റവും നല്ല മാര്‍ഗം ഇസ്ലാമിനെ രണ്ട് തെറിപറഞ്ഞുകൊണ്ട് പുസ്തകം രചിക്കുകയാണ് എന്ന് വരെ കരുതുന്നവരാണ് മുസ്ലിംകളില്‍ ചിലര്‍.

-------------------------------------

കമലാ സുരയ്യയെക്കുറിച്ച് നേരത്തെ എഴുതിയ പോസ്റ്റിന് ഒരു തുടര്‍ച്ച ഉദ്ദേശിച്ചിരുന്നില്ല. പക്ഷെ വള്ളിക്കുന്നിന്റെ ബ്ലോഗിലെ ചില കമന്റുകള്‍ കണ്ടപ്പോള്‍ കുറച്ചുകൂടി എഴുതണമെന്ന് തോന്നി. ഒരു വ്യക്തിയുടെ മതമാറ്റത്തില്‍ വ്യക്തിപരമായി ദുഖിക്കുകയോ സന്തോഷിക്കുകയോ ചെയ്യേണ്ട ആവശ്യം മറ്റുള്ളവര്‍ക്ക് ഇല്ല. ലീലാ മേനോന്‍റെ ആരോപണത്തിലെ ഏറ്റവും ഗുരുതരമായ ഭാഗം. കമലാ ദാസിന് ആരോടെങ്കിലും പ്രേമമുണ്ടായിരുന്നുവെന്നതോ  ആ വ്യക്തിയുമായി അവിഹിതബന്ധം ഉണ്ടായിരുന്നുവെന്നതോ അല്ല, മറിച്ച് അവര്‍ സ്വന്തം മതത്തിലേക്ക് തിരിച്ചുപോകാന്‍ ഉദ്ദേശിച്ചിരുന്നുവെന്നും അത് മൂത്ത പുത്രന്‍ മുടക്കി എന്നും പറയുന്ന  വരികളാണ്. നേരത്തെ ഞാന്‍ മറുപടി പറഞ്ഞതും അതേ ആരോപണത്തിന്റെ പൊള്ളത്തരം തുറന്ന് കാണിക്കുന്നതിന് വേണ്ടിയാണ്. താഴെകാണുന്ന കമന്റ് എന്റെ ആശങ്കക്ക് അടിവരയിടുന്നു..

---------------------------------
ലീല മേനോന്റെ വെളിപ്പെടുത്തല്‍ വായിച്ചു .

പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ജീവിതത്തെ ആസ്വദിച്ച ഒരു അസാധാരണ സ്ത്രീ ആണ് അവരെന്നു അറിയാം. അതുകൊണ്ട് അവരുടെ തീരുമാനങ്ങളും അസാധാരണം തന്നെ. അവര്‍ മതം മാറി എന്ന് കേട്ടപ്പോള്‍ ഒരല്‍പം പോലും അത്ഭുതമോ മറ്റേതെങ്കിലും വികാരങ്ങളോ തോന്നിയിരുന്നില്ല. സമദാനിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെങ്കില്‍ നാട്ടുകാര്‍ക്ക് എന്ത് ? എനിക്ക് ഒന്നുമില്ല.! അതവരുടെ തീരുമാനവും സ്വാതന്ത്ര്യവും..ഇന്നും എന്നും എന്റെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരില്‍ ഒരാള്‍ മാധവിക്കുട്ടി തന്നെ.

പിന്നെ ആകെ ഉണ്ടായ ഒരു തിരിച്ചറിവ് ( ലീലാ മേനോന്റെ എഴുത്തില്‍ നിന്ന് ) ഇതാണ് : മാധവിക്കുട്ടിയുടെ മകന്‍ മോനു നാലപ്പാട്‌ ആണും പെണ്ണും കെട്ട ഒരു അസത്ത് ആയിരുന്നു.

( സമദാനി വാഗ്ദാനത്തില്‍ നിന്ന്‌ പിന്‍മാറിയപ്പോള്‍ കമല ഹിന്ദുമതത്തിലേക്ക്‌ തിരിച്ചു വരാന്‍ ആഗ്രഹിച്ചു. പക്ഷേ കമലയുടെ മൂത്ത മകന്‍ മോനു നാലപ്പാട്‌ അതിനെ ശക്തമായി എതിര്‍ത്തു. കമല ഹിന്ദു മതത്തിലേയ്ക്ക്‌ തിരിച്ചു വന്നാല്‍ മുസ്ലിങ്ങള്‍ കമലയെ മാത്രമല്ല മക്കളേയും ചെറുമക്കളേയും കൊല്ലും എന്നും മോനു അവരോട്‌ പറഞ്ഞു. )
-----------------------------------------

ഇതിന്റെ നിജസ്ഥിതി വ്യക്കമാക്കാന്‍ കമലാ സുരയ്യ ഇന്ന് ജീവിച്ചിരിപ്പില്ല. പക്ഷെ അവര്‍ എഴുതിയത് നമ്മുടെ മുന്നിലുണ്ട് ഈ ആരോപണത്തിലെ അവരുടെ പുത്രനും ഇവിടെയുണ്ട്. ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ സംസാരം ലീലാമേനോന്‍റെ ലേഖനം പുറത്ത് വരുന്നതിന് മുമ്പ് ഉണ്ടായതാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ അഭിമുഖത്തില്‍ ഇതുമായ ബന്ധപ്പെട്ട പരാമര്‍ശം ഉണ്ടാവുകയില്ല. ഇപ്പോള്‍ ആരോപണത്തിന്റെ സത്യതക്ക് തെളിവായി ഉന്നയിക്കുന്നത് ബന്ധപ്പെട്ട വ്യക്തി പ്രതികരിക്കുന്നില്ലല്ലോ കേസ് കൊടുക്കുന്നില്ലല്ലോ എന്നൊക്കെയാണ്. അദ്ദേഹം അങ്ങനെ ഭയപ്പെടുത്തിയിരുന്നോ ഇല്ലയോ എന്ന കാര്യം പിന്നേക്ക് വീടാം എന്നാല്‍ അവരുടെ എഴുത്തിലെ വരികളില്‍ (ഇസ്ലാമില്‍ എത്തിപ്പെട്ടത് ഏത് രൂപത്തിലൂടെയാണെങ്കിലും) അവരതില്‍ സമാധാനം കൊള്ളുന്നതും ആത്മാര്‍ഥമായി വിശ്വസിക്കുന്നതുമാണ് കാണാന്‍ കഴിയുന്നത്. അവര്‍ ഇസ്ലാമില്‍നിന്ന് നേടിയതെന്ത് എന്ന് അതില്‍ വ്യക്തമായി പറയുന്നു. അവരുടെ സ്വതസിദ്ധമായ ശൈലിയില്‍ എഴുതുന്നത് കാണുക..

'ഞങ്ങള്‍ വരും വര്‍ഷത്തില്‍ സൌജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുവാന്‍ ഒരുങ്ങുകയാണ്. എല്ലാ മാസത്തിലും ആദ്യ ഞായറാഴ്ച എട്ടുമണിമുതല്‍ ഒന്നുവരെ ദരിദ്രരായ രോഗികളെ വിദഗ്ദരായ ഡോക്മര്‍മാര്‍ പരിശോധിക്കുകയും അവര്‍ക്കായി മരുന്നുകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും. ദരിദ്രര്‍ വേണ്ടപ്പെട്ടവരായി മാറിയത് ഞാന്‍ ഇസ്ലാമിനെപ്പറ്റി പഠിച്ചപ്പോള്‍ മാത്രമാണ്. മുമ്പോക്കെ അവര്‍ മറ്റൊരു ഗ്രഹത്തില്‍ വസിക്കുന്നവരായിരുന്നു. അടുത്തുകൂടെ നടക്കുമ്പോഴും എല്ലാ അര്‍ഥത്തിലും അദൃശ്യര്‍, അപ്രധാനികള്‍, അവരുടെ മുഖങ്ങള്‍ നിറം മങ്ങിയ ഭൂപടങ്ങളായി ഞാന്‍ കണക്കാക്കി. എന്തുകൊണ്ടാണ് നിറം മങ്ങല്‍ സംഭവിച്ചത് എന്ന് ഞാന്‍ ചിന്തിച്ചതേയില്ല. പട്ടിണിയും തളര്‍ചയും കടബാധ്യതയും ഭയവും സ്ഥിരമായി അനുഭവിക്കുന്ന ഹതഭാഗ്യരുടെ ജീവ ചരിത്രങ്ങള്‍ എഴുതുവാന്‍ ഞന്‍ മിനക്കെട്ടതുമില്ല.  പ്രേമമെന്ന സ്വാര്‍ഥവികാരം എന്നെ അത്രകണ്ട് ബന്ധനസ്ഥയാക്കിയിരുന്നു. മറ്റുള്ളവരുടെ ഇതര വ്യഥകള്‍ എന്നെ അലട്ടിയില്ല. എന്റെ ശരീരം യാഥാര്‍ഥ ജീവിതത്തിലേക്കുള്ളത് പ്രയാണത്തിനുമുമ്പില്‍ ഒരു കടമ്പയായി. ഏറ്റവും നിര്‍ണായകമായ കടമ്പ.'

എന്റെ രണ്ടാമത്തെ മകന്‍ ഇന്നലെ പറഞ്ഞു. അമ്മ സ്വതന്ത്രയാണ്.  സ്വാതന്ത്ര്യം ഒരു നേട്ടമാണെന്ന് ഞാന്‍ പെട്ടെന്ന് മനസ്സിലാക്കി. സ്വതന്ത്ര്യം ഒരാഭാവമാണെന്ന് തോന്നിയിരുന്ന നാളുകള്‍ വിസ്മരിക്കപ്പെട്ടു. എന്റെ മുന്നില്‍ പുണ്യം ചെയ്യുവാനുള്ള സ്വാതന്ത്ര്യം കടല്‍പോലെ പരന്നു കിടക്കുന്നു.  ഈ സ്വാതന്ത്ര്യത്തിന് സീമകളില്ല. ഇതിന് കാലാവധിയില്ല. എനിക്ക് മേല്‍ ആരും ഉടമസ്ഥാവകാശം ഇനിമേല്‍ സ്ഥാപിക്കുകയില്ല. ദൈവമാണ് എന്റെ ഉടമ. അവന്‍ എന്നില്‍ സ്പന്ദനങ്ങള്‍ ഉണര്‍ത്തുന്നു. മറ്റൊരാള്‍ക്കും അതിനുള്ള കഴിവില്ല. (ജീവിതം കൊണ്ട് ഇത്രമാത്രം, പേജ്. 20,21)

സ്വാതന്ത്ര്യം എന്നുമെന്നും എന്റെ മതമായിരുന്നില്ലേ. ഇനി ആരും എന്ന വേദനിപ്പിക്കുകയില്ല എന്ന ബോധം എനിക്ക് വന്നുകഴിഞ്ഞു. പേരില്ലാത്ത ഭാഷകളില്‍ ഞാന്‍ എന്റെ ജീവന്റെ ജീവനോട് സംസാരിക്കുന്നു. അനേകം ജിഹ്വകളാല്‍ ഞാന്‍ അവനോട് രക്ഷക്കായി യാചിക്കുന്നു. തെറ്റിദ്ധാരണയുടെ മുള്‍പടര്‍പ്പുകളില്‍ അടിതെറ്റിവീഴുവാന്‍ ഞാന്‍ ഇനിയൊരിക്കലും തയ്യാറാവില്ല. ഭക്തി മൂര്‍ചയുള്ള ഒരായുധമല്ല. അതിന് ശത്രുതാബോധമില്ല. അത് ദാഹം ശമിപ്പിക്കുന്ന പുണ്യതീര്‍ഥം മാത്രം. ഭക്തിയെന്ന ശിരോവസ്ത്രം ഞാന്‍ ധരിക്കുന്നു. അതിന്റെ ഭാരത്താല്‍ എന്റെ ശിരസ്സ് താഴുന്നുവെന്ന് എനിക്കറിയാം. ഇനി ഈ ജീവിതം അവസാനിക്കുന്നത് വരെ എന്റെ ശിരസ്സ് താഴുന്നു തന്നെ കാണപ്പെടട്ടേ.. (പേജ് 21)

അടുത്ത അധ്യയം അവര്‍ തുടങ്ങുന്നതിങ്ങനെ...

'നിലാവിന്റെ അലങ്കാരങ്ങള്‍ മാത്രം ശരീരത്തിലണിഞ്ഞ് ചഞ്ചലനയനങ്ങളോടെ ഈ വഴിയെ കടുന്നുപോവുന്നവള്‍ ആരാണ്?.

അവള്‍ക്ക് സ്വന്തമായി ഒരു പേരില്ലേ ?

ദൈവത്തെ പ്രേമഭാജനമായി അംഗീകരിച്ചവര്‍ നടന്ന ദുര്‍ഘടന പാതയാണ് ഈ മലഞ്ചെരുവില്‍ രണ്ടായി പിളരുന്നത്. ഒരു നിമിഷത്തിന് നടത്തം നിര്‍ത്തി ഇടത്തോട്ടും വലത്തോട്ടും നോക്കാത്ത പഥികരില്ല. സ്വര്‍ഗമോ നരകമോ തന്റെ ലക്ഷ്യമെന്ന് തീരുമാനിക്കുന്നത് ആ അവസാനകാത്തില്‍ മനുഷ്യന്‍ തന്നെയാണ്. പച്ചഗേറ്റിലൂടെ നിസ്സങ്കോചം പുറത്തുവന്ന വിദേശയാത്രക്കാരന്‍റെ പെട്ടിയില്‍ നികുതി അടക്കേണ്ട സ്വത്തുക്കള്‍ ഉണ്ടാവുകയില്ല. പാപത്തിന് നികുതിയുണ്ടെന്ന് അറിയാത്തവര്‍ ആരാണ്.'  (പേജ്. 23)

കഥയിലും നോവലിലുമൊന്നും വലിയ താല്‍പര്യമില്ലാത്ത മതമീംമാംസയില്‍ താല്‍പര്യമുള്ളവരെ പോലും അവരെ സ്നേഹിക്കുന്നവരാക്കിയത് ഇസ്ലാം ആശ്ലേഷത്തിന് ശേഷം അവര്‍ എഴുതിയ ആഴമുള്ള ഇതുപോലെത്തെ വരികളാണ്. (അവര്‍ അവരുടെ ജീവിതയാത്രയില്‍ അല്‍പ സമയം നിന്നു ഇടതും വലതും നോക്കി. സ്വര്‍ഗത്തെ അവര്‍ സ്വയം തെരഞ്ഞെടുത്തു. നികുതി അടക്കേണ്ട സ്വത്തുക്കള്‍ക്ക് നികുതി അടച്ചു. പച്ച ഗേറ്റിലൂടെ തന്നെ അവര്‍ ധൈര്യപൂര്‍വം പ്രവേശിച്ചു.)  അതില്‍ എന്തിന് അവരെ ഇങ്ങനെ പരിഹസിക്കണം. ബ്ലോഗ് കമന്റില്‍ ഒരാള്‍ ഇങ്ങനെ പറഞ്ഞു.

'കമല ദാസ് എന്നത് സ്വന്തം പേരിന്റെ കൂടെ ഭര്‍ത്താവായിരുന്ന ദാസിന്റെ പേരും കൂടിച്ചേര്‍ത്ത് പറഞ്ഞിരുന്നതാണ്. മതം മാറിയപ്പോള്‍ ഭര്‍ത്താവിന്റെ പേരു പോലും അവര്‍ ഉപേക്ഷിച്ചു. അത് മറ്റൊരാളെ ഭര്‍ത്താവായി സ്വീകരിക്കാന്‍ വേണ്ടി ആയിരുന്നു.

വ്യക്തി ജീവിതത്തിലും, കുടുംബജീവിതത്തിലും  പൊതു ജീവിതത്തിലും അര്‍ജ്ജവം വളരെ കുറഞ്ഞ ഒരു വ്യക്തി ആയിരുന്നു മാധവിക്കുട്ടി. എന്റെ കഥ എന്ന പുസ്തകം എഴുതിയപ്പോള്‍ അത് ആത്മകഥയാണെന്നു പറഞ്ഞു. സ്വന്തം ഭര്‍ത്താവിനും കുടുംബത്തിനും  വേദനയും നാണക്കേടും  ഉണ്ടാക്കുന്ന പലതും അതിലുണ്ടായപ്പോള്‍ കുടുംബത്തിലും പ്രശ്നമായി. അപ്പോള്‍  അതില്‍ പലതും ഭാവന ആയിരുന്നു എന്ന് മാറ്റി പറഞ്ഞു. ഒരെഴുത്തുകാരിയുടെ സത്യ സന്ധത അല്ല അതിലുള്ളത്.

മതം മാറി മുസ്ലിമായതുകൊണ്ട് കാരകുന്നിനേപ്പോലുള്ള മുസ്ലിങ്ങള്‍ അവരുടെ വക്കാലത്തേറ്റെടുക്കുന്നു. അല്ലെങ്കില്‍ ഒരു മുസ്ലിമും അവരേപ്പറ്റി ഒരു നല്ലവാക്കും പറയില്ല.

സാമാന്യം ഭേദപ്പെട്ട കഥകളും കവിതകളും അവര്‍ സാഹിത്യത്തിനു സംഭാവന ചെയ്തു. അതുകൊണ്ട് നോബല്‍ പുരസ്കാരത്തിനു വരെ ശുപാര്‍ശ ചെയ്യപ്പെട്ടു. പക്ഷെ ഇസ്ലാമില്‍ ചേര്‍ന്നതോടെ അവരുടെ സാഹിത്യ ജീവിതം  അവസാനിച്ചു. സര്‍ഗ്ഗ ശേഷിയും വറ്റി വരണ്ടു. എന്താണതിന്റെ കാരണമെന്ന് ഏതെങ്കിലും കുഴലൂത്തുകാര്‍ക്ക് ഒന്ന് വിശദീകരിക്കാമോ?'

എല്ലാവര്‍ക്കും അറിയാവുന്നത് പോലെ തന്നെ ഒരു കഥാകാരിയെന്ന നിലക്ക് അവര്‍ പലതും എഴുതിയിട്ടുണ്ട്. അതൊക്കെ സത്യമാകണമെന്നില്ല. എല്ലാ കഥയെഴുത്തുകാരും തങ്ങളെ പറ്റിപറയുന്നത് പൂര്‍ണമായ സത്യമാകണമെന്ന് വാശിപിടിക്കാനാവില്ല. അന്നവര്‍ അവരുടെ കഥയുടെയും കവിതയുടെയും നോവലിന്റെയും വായനക്കാരെയാണ് ലക്ഷ്യം വെച്ചത്, അവര്‍ തന്നെ പിന്നീട് പറഞ്ഞ പോലെ കാശാണ് ഉദ്ദേശിച്ചത്. സ്വാഭാവികമായും മറ്റുള്ളവര്‍ ഇതിന്റെ പേരില്‍ അവരെ ബുദ്ധിമുട്ടിച്ചപ്പോള്‍  ആ ഭാവനകള്‍ സത്യമല്ല എന്ന് തുറന്ന് പറഞ്ഞത് ഭീരുത്വം കാരണമാണ് എന്ന് വിധിക്കുന്നത് ശരിയല്ല. ഇതേക്കുറിച്ച് അവര്‍ മുസ്ലിമായ ശേഷം എഴുതിയതെന്തെന്ന് കാണുക.

'എന്റെ വാക്കുകള്‍ തങ്ങളുടെ കുടുംബാംഗങ്ങളെ കുത്തിമുറിവേല്‍പ്പിക്കുന്നുവെന്ന് ചില വായനക്കാര്‍ എന്റെ സെക്രട്ടറിയോട് ആവലാതിപ്പെട്ടുവത്രേ. അവരെ മനസ്സില്‍ കണ്ടുകൊണ്ടല്ല ഞാന്‍ ഉപന്യാസങ്ങളും കവിതകളും എഴുതിയത്. അവരുടെ ശങ്കാകുലമായ മനസ്സുകളുടെ ചെളിക്കുണ്ടില്‍ ഇനിയൊരിക്കലും ഞാന്‍ കാല്‍ താഴ്തുകയില്ല.  ആ വഴിയേ ഞാന്‍ ഇനി ഒരിക്കലും യാത്ര ചെയ്യുകയില്ല. എനിക്ക് ജീര്‍ണത മടുത്തുകഴിഞ്ഞു. തേജസിലേക്കുള്ള പ്രയാണം ആരും കാണുന്നില്ലേ. ഇനി എന്റെ വാസസ്ഥലം അവന്റെ ഉള്ളിലാണ്. അവന്റെ വാസസ്ഥലം എന്റെയുള്ളിലും. ഞാന്‍ അവനാകുന്ന ഖനിയില്‍ വിളഞ്ഞ സ്വര്‍ണം ശേഖരിക്കുന്നു. എന്റെ ശരീരം ഇന്ന് പാഴ്വസ്തുവാണ്. ഇനി സ്വര്‍ണം വിളയാത്ത ഖനി. അവന്റെ മുന്നില്‍ കൈകൂപ്പുന്നത് എന്റെ ആത്മാവ് മാത്രമാണ്. എന്റെ രക്തധമനികള്‍ വഹിക്കുന്ന നൌകകളില്‍ കൊയ്തെടുത്ത കതിര്‍കുലകള്‍ പോലെ ചൈതന്യം നിറക്കുന്നത് അവനാണ്. അവന്‍ എന്റെ മേല്‍ ഉടമസ്ഥാവകാശം സ്ഥാപിച്ചുകഴിഞ്ഞു. ഇതാണോ ഭക്തിയെന്ന പ്രക്രിയ ?. ഇതാണോ പൂര്‍ണമായ കീഴടങ്ങല്‍ ?.' (പേജ്. 30)

എങ്ങനെയാണ് ഒരാള്‍ പൂര്‍ണനായ മുസ്ലിമാക്കുന്നത് (അഥവാ ദൈവത്തിന് മുന്നില്‍ സര്‍വസ്വവും അര്‍പിച്ച് കീഴടങ്ങുന്നത്) എന്ന് അനുഭവിച്ചറിയുകയും അത് പ്രകടിപ്പിക്കുകയും ചെയ്യുകയാണ് കമലാ സുരയ്യ. ഇത്രയും സുന്ദരമായ സത്യസന്ധമായ വിധത്തില്‍ ഇസ്ലാം സ്വീകരിച്ചവര്‍ അത്യപൂര്‍വമാണ്. ഈ അനുഭവത്തെ ഇത്ര മനോഹരമായി വര്‍ണിച്ച ഇസ്ലാം സ്വീകര്‍ത്താക്കളെയും മലയാളം കണ്ടിട്ടില്ല. ഇസ്ലാം സ്വീകരിച്ചശേമുള്ള അവരുടെ മുഖത്ത് തെളിഞ്ഞു കത്തുന്ന പ്രകാശം നിങ്ങള്‍ കണ്ടിട്ടില്ലേ. അതേ കുറിച്ച് അവര്‍ നല്‍ക്കുന്ന ചിന്തോദീപകമായ മൊഴിമുത്തുകള്‍ പകര്‍ത്തി ഈ ബ്ലോഗ് അവസാനിപ്പിക്കുകയാണ്. ഇസ്ലാം വിമര്‍ശകരൊക്കെ ഇപ്പോള്‍ കമലാ സുരയ്യക്കെതിരെ സടകുടഞ്ഞ് എഴുന്നേറ്റിരിക്കുകയാണ് ബ്ലോഗിലും ഫെയ്സ് ബുക്കിലും. കമലാ സുരയ്യ പ്രപഞ്ചസ്രഷ്ടാവായ  അവരുടെ പ്രേമഭാജനത്തിലെത്തിക്കഴിഞ്ഞു. ഇനി നിങ്ങള്‍ക്ക് എന്തും പറയാം.

'മനുഷ്യരൊക്കെ എന്നോട് എന്തുകൊണ്ടാണ് ഇങ്ങനെ പെരുമാറുന്നത്. ഞാന്‍ മനുഷ്യരില്‍നിന്ന് അകന്നകന്നുപോവുകയാണ്. അല്ലാഹുവിനോട് എനിക്ക് അഗാധമായ പ്രണയമുണ്ട്. എന്നാല്‍ അതിനുള്ളില്‍ നിറയെ ഭക്തിയാണ്. എല്ലാ പ്രണയത്തിലും എനിക്ക് ഭക്തികണ്ടെത്താന്‍ കഴിയുന്നു. അങ്ങനെയാണ് ഞാന്‍ ദൈവത്തിന്റെ ഒരു അവയവമായി മാറിയത്. എനിക്കതൊരക്കലും മുറിച്ച് കളയാന്‍ കഴിയില്ല. അതോടെ എന്റെ എല്ലാ സംശയങ്ങളും തീര്‍ന്നു. ദൈവത്തെ മാനം കെടുത്തി എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല. ചിലരെന്നോട് തര്‍ക്കിക്കും, ഇതു പുതുതായി വന്ന ദൌര്‍ബല്യമാണെന്ന്. എനിക്കങ്ങനെ തോന്നിയിട്ടില്ല. ദൈവത്തോട് അടുക്കുന്നത് എങ്ങനെയാണ് ദൌര്‍ബല്യമാകുന്നത്. എനിക്കത് മനസ്സിലാക്കുന്നില്ല. ആര്‍ക്കും എന്നെയും മനസ്സിലാകുന്നില്ല. പ്രണയം ദൈവത്തോട് മാത്രമായി ചുരുങ്ങുകയാണ്. എന്നെ ദൈവത്തിന് മനസ്സിലാകും. എന്റെ മക്കള്‍ക്കും. അതുമതി. അത്രയൊക്കെ നേടിയല്ലോ.' (ജീവിതം കൊണ്ട് ഇത്രമാത്രം , പേജ് 54)


2013 ജൂൺ 7, വെള്ളിയാഴ്‌ച

ലീലാമേനോനും കമലാസുരയ്യയും തമ്മിലെന്ത് ?.

മാധവിക്കുട്ടി എന്ന കമലാ ദാസ് ഇസ്ലാം സ്വീകരിച്ച് കമലാ സുരയ്യ ആയ അന്നുതന്നെ ചില തല്‍പരകക്ഷികള്‍ അവരുടെ ജോലി ആരംഭിച്ചിരുന്നു എന്നാണ് ഇയ്യിടെയായി ജന്മഭുമിയുടെ പത്രാധിപയായ ലീലാമേനോന്റെ പുതിയ ലേഖനത്തില്‍നിന്ന് നമ്മുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്. അത് വരെ എല്ലാവരെയും പോലെ മാത്രം മാധവിക്കുട്ടിയുമായി പരിചയമുള്ള ലീലാമേനോന്‍ അന്നുമുതല്‍ അവരെ തേടിയിറങ്ങി. എന്തിനുവേണ്ടി എന്ന് പ്രസ്തുത ലേഖനവും ഇതുവരെയുള്ള സംഭവങ്ങളും വീക്ഷിച്ചാല്‍ അറിയാം. ലേഖനത്തില്‍ ലീലാമേനോനെ പരിചയപ്പെടുത്തുന്നത് പോലെ മാധവിക്കുട്ടിയുടെ പ്രിയ സുഹൃത്തായിരുന്നുവെന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുമില്ല. പിന്നെ എങ്ങനെയാണവര്‍ ലീലാമേനോനെ പോലുള്ളവരെ കണ്ടത് അത് ഈ പോസ്റ്റിന്റെ അവസാനം കാണാം. അതിനുമുമ്പ്. ലീലാമേനോന്‍ പറയുന്നത് കാണുക.

"കമല മതം മാറുന്നു എന്ന്‌ പ്രസ്താവിച്ചതും ഒരു മീറ്റിംഗില്‍ വച്ചായിരുന്നു. കമലാദാസ്‌ മുസ്ലിമായി മതം മാറി അബ്ദുള്‍സമദ്‌ സമദാനിയെ വിവാഹം കഴിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത കേരളത്തിലേയും ലോകമെമ്പാടുമുള്ള മലയാളികളേയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. അന്ന്‌ ഇന്ത്യന്‍ എക്സ്പ്രസിലായിരുന്ന ഞാന്‍ എന്റെ സഹപ്രവര്‍ത്തകനായ ഇപ്പോള്‍ ഹിന്ദുവിലുള്ള എം.കെ.സുധിയോടൊപ്പമാണ്‌ വാര്‍ത്ത കവര്‍ ചെയ്യാന്‍ രാത്രി അവരുടെ ഫ്ലാറ്റിലെത്തിയത്‌. കടവന്ത്രയിലെ ഒരു മതപുരോഹിതനാണ്‌ ചടങ്ങിന്‌ നേതൃത്വം നല്‍കിയത്‌. കമലാ ദാസ്‌ അങ്ങനെ കമലാസുരയ്യയായി. അങ്ങനെ കമലാ സുരയ്യ ഇസ്ലാമിലെ വിശുദ്ധയായി, പര്‍ദ്ദാധാരികളായ സ്ത്രീകളുടെ ആരാധനാപാത്രമായി. കമലയെ ഒന്നുതൊടാന്‍, കയ്യില്‍ ഒന്നു ചുംബിക്കാന്‍ അവര്‍ വെമ്പല്‍ കാട്ടുന്നത്‌ ഞാന്‍ നോക്കി നിന്നിട്ടുണ്ട്‌."" """(("

കമലാദാസ് മതം മാറുന്ന വിവരമല്ലാതെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന് ആരാണ് പ്രഖ്യാപിച്ചത്. ഇത് കേട്ട് ലോകമെമ്പാടുമുള്ള മലയാളികള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിയത്രേ. എന്തിന് ?. മതം മാറുന്നത് കേരളത്തില്‍ ഇത്രമാത്രം അപൂര്‍വമായ സംഭവമാണോ. പ്രശസ്തി കാരണമാണെങ്കില്‍ ലോകത്ത് പ്രശസ്തരില്‍ ഇസ്ലാം സ്വീകരിക്കുന്ന ആദ്യ വ്യക്തിയാണോ മാധിവിക്കുട്ടി. സത്യത്തില്‍ എന്താണ് സംഭവിച്ചത്. കമലാദാസ് ഇസ്ലാം സ്വീകരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാതിരുന്ന ഹിന്ദുത്വവാദികള്‍ക്ക് മാത്രമാണ് പ്രസ്തുത സംഭവം ഞെട്ടാന്‍ മാത്രമുള്ള ഭീകരതയായി അനുഭവപ്പെട്ടത്. അന്ന് മുതല്‍ അവര്‍ വളരെ ആസൂത്രിതമായ ചില പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. കമലാ സുരയ്യ അന്ന് എഴുതിയ കുറിപ്പുകളിലും ലേഖനങ്ങളിലും ആ ശ്രമങ്ങള്‍ തെളിഞ്ഞുകാണാം. 

കമലാ സുരയ്യ പറയുന്നത് കാണുക. " ഞാന്‍ ഇസ്ലാം മതതീവ്രവാദികളുടെ മോഹവലയത്തില്‍പ്പെട്ടുപോവുമെന്ന് അവരെല്ലാം ശങ്കിക്കുന്നു. ക്രൂരതയുടെ സ്പര്‍ശമേല്‍ക്കാത്ത ഒരു മതത്തില്‍ ഉറച്ചുവിശ്വസിച്ചു തുടങ്ങിയ ഞാന്‍ സുരക്ഷിതത്വം തേടി അഭയാര്‍ഥിയാവുമെന്ന് പ്രതീക്ഷിക്കുന്നവരോട് ഏതുവിധത്തിലാണ് പ്രതികരിക്കേണ്ടത് ?

എനിക്ക് അഭയം ഇസ്ലാമിലാണ്. അത് തുറന്ന് പറഞ്ഞാലും ആ വാചകത്തിന്റെ പൊരുള്‍ അവര്‍ മനസ്സിലാക്കുന്നില്ല. മനസ്സിലാക്കിയാലും മനസ്സിലാക്കിയെന്ന് സമ്മതിക്കുന്നില്ല. " (ജീവിതം കൊണ്ട് ഇത്രമാത്രം - മാധവിക്കുട്ടി പേജ്. 9 . ഡി സി ബുക്സ് പ്രസിദ്ധീകരിച്ചത് , ആറാമത്തെ പതിപ്പ്)

ലീലാ മേനോന്‍ കമലാദാസിന്റെ പ്രിയ സുഹൃത്തായിരുന്നുവത്രേ. എന്ന് മുതല്‍? അവര്‍ തന്നെ പറയുന്നത് ഞാന്‍ കമലാ സുരയ്യയെ ബന്ധപ്പെടുന്നത് ഇസ്ലാം സ്വീകരിച്ചതറിഞ്ഞതിന് ശേഷമാണ് എന്ന്. അവരുടെ ഇസ്ലാം സ്വീകരണം കേവലം ഒരു വിവാഹം മോഹിച്ചാണ് എന്നും അല്ലാതെ ഇസ്ലാം മതത്തിന്റെ മേന്മകൊണ്ടല്ലെന്നും വരുത്തിതീര്‍ക്കാനാണ് അന്ന് മുതല്‍ ലീലാമേനോല്‍ ശ്രമിച്ചത്. പക്ഷെ മരിക്കുന്നതിന് മുമ്പ് ഇത്ര കടുത്ത വാദങ്ങള്‍ ഉയര്‍ത്തിയാല്‍ കമലാ സുരയ്യ അതിനെതിരെ രംഗത്ത് വരുമെന്നതിനാല്‍ അവര്‍ മരിക്കുന്നത് വരെ കാത്തിരുന്നു. അതിന് മുമ്പ് വ്യഖ്യമായി പലതും പറഞ്ഞ് വെച്ചു. അന്ന് അവര്‍ ഒളിഞ്ഞു തെളിഞ്ഞു പ്രചരിപ്പിച്ച കിംവദന്തി ഇന്ന് പുറത്ത് വളരെ മോശമായ വിധത്തില്‍ പച്ചയായി പറയുമ്പോള്‍  കെആര്‍ ബാസ്കറിനെ പോലുള്ള ആക്ടിവിസ്റ്റുകള്‍ പോലും അത് വിശ്വസിച്ച് പോകാനുള്ള കാരണം മറ്റൊന്നുമല്ല. അങ്ങനെ ഒരു കിംവദന്തി ഗള്‍ഫിലായിരിക്കെ ഇയ്യുള്ളവനും കേട്ടിരുന്നു. പക്ഷെ അതിന് ഒരു അടിസ്ഥാനവും അന്നുണ്ടായിരുന്നില്ല.

ലീലാ മേനോന്‍ ജന്മഭൂമി എന്ന ഹിന്ദുത്വവാദികളുടെ പത്രത്തിന്റെ പത്രാധിപയാണ്. വര്‍ഗീയതയെ താലോലിക്കുന്നവര്‍ മാത്രം വായിക്കുന്ന ആ പത്രത്തില്‍ പുതിയ വെളിപ്പെടുത്തലെന്ന നിലക്ക് ചില ചാനലുകള്‍ അത് ആഘോഷിക്കാന്‍ തീരുമാനിച്ചെങ്കിലും ഏതോ കാരണത്തില്‍ പെട്ടെന്ന് അവസാനിപ്പിച്ചു.കാരണം എന്താവട്ടേ. പക്ഷെ സോഷ്യല്‍ മീഡിയയില്‍ പ്രചാരം അവസാനിപ്പിക്കാന്‍ ചാനല്‍ മുതലാളിമാര്‍ വിചാരിച്ചാല്‍ നടക്കുകയില്ല. അവിടെ അത് പ്രചരിപ്പിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. അതുകൊണ്ടാണ് ഇതിനെതിരെ ബ്ലോഗ് പോസ്റ്റിലൂടെയും യൂറ്റൂബ് വിഡിയോയിലൂടെയും പ്രതികരിക്കേണ്ടി വരുന്നത്.

ലീലാമേനോന്‍ നടത്തുന്നത് തീര്‍ത്തും വര്‍ഗീയമായ ഒരു പ്രചാരമണമാണ്. തികഞ്ഞ വ്യക്തിഹത്യയും കമലാ സുരയ്യ, മുമ്പ് പ്രചരിപ്പിക്കപ്പെട്ടത് പോലെ, ഒരു ലൌജിഹാദിന്റെ ഇരയാണ് എന്നും വിവാഹ വാഗ്ദാനം ചെയ്യക മാത്രമല്ല ലൈംഗികമായി ഉപയോഗപ്പെടുത്തിയ ഒരു ഇസ്ലാമിക പണ്ഡിതന്‍ അതില്‍ വാഗ്ദാനലംഘനം നടത്തിയെന്നും. ഇത്രയായിട്ടും അവര്‍ പഴയ മതത്തിലേക്ക് തിരിച്ചുപോകാതിരുന്നത് ഇസ്ലാം മതതീവ്രവാദികള്‍ കൊല്ലുമെന്നതിനാലാണ് അഥവാ അവരുടെ മകന്‍ അവരെ അങ്ങനെ ഭയപ്പെടുത്തി എന്ന് പറഞ്ഞുകൊണ്ടാണ്. എന്നൊക്കെയാണ് ആരോപണങ്ങള്‍. എന്നാല്‍ ആരാണ് അവരെ ഫോണിലും മറ്റു വിളിച്ച് അക്കാലത്ത് അസഭ്യം പറഞ്ഞത് എന്ന് കമലാ സുരയ്യ തന്നെ വിവരിക്കുന്നു.

"മാതൃഭൂമിയിലെ പംക്തി വായിച്ചതിനുശേഷം എന്നെ ഉച്ചനേരത്ത് ഫോണ്‍ ചെയ്ത അപരിചിതന്‍ തന്റെ പേര് രാജീവ് നായരാണെന്ന് പറഞ്ഞു. ലൈംഗിക സംതൃപ്തി നേടുവാനുള്ള ഒരു ഉപായത്തെപ്പറ്റി ആ കഷ്മലന്‍ പ്രസ്താവിച്ചു. സ്വന്തം അമ്മയോട് ഇതുപറായമായിരുന്നു എന്ന് പറഞ്ഞ്, ഫോണ്‍ താഴെ വെച്ചു." (അതേ പുസ്തകം, പേജ്. 26)

എത്ര ലളിതമായിട്ടാണ് ലീലാമേനോന്‍ തന്റെ 'പ്രിയ സുഹൃത്തി'നെക്കുറിച്ച് ലൈംഗികാപവാദം പറയുന്നത് എന്ന് കാണുക.

[കണ്ണൂരില്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ വധത്തിന്‌ ശേഷം കേരളത്തിലെ സാംസ്ക്കാരികനായകര്‍ -സുഗതകുമാരി, വിഷ്ണു നാരായണന്‍ നമ്പൂതിരി തുടങ്ങിയവര്‍ – കണ്ണൂരില്‍ ഒരു ഏകദിന സത്യഗ്രഹമിരുന്നപ്പോള്‍ അതില്‍ ഞാനും പങ്കെടുത്തിരുന്നു. അതിന്‌ കമല വരാമെന്നേറ്റിരുന്നതാണ്‌, പക്ഷേ കമല വന്നില്ല. കാരണം തിരക്കി ഞാന്‍ ഫ്ലാറ്റില്‍ ചെന്നപ്പോഴാണ്‌ കമല അന്ന്‌ സമദാനിയുടെ ‘കടവ്‌’ എന്ന വീട്ടില്‍ അദ്ദേഹത്തിന്റെ ക്ഷണപ്രകാരം പോയി താമസിച്ചു എന്നും അവിടെവച്ച്‌ അവര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നും മതം മാറിയാല്‍ തന്നെ വിവാഹം കഴിച്ചുകൊള്ളാം എന്ന്‌ സമദാനി പറഞ്ഞിട്ടുണ്ടെന്നും കമല എന്നോട്‌ വെളിപ്പെടുത്തിയത്‌. മൂന്ന്‌ ഭാര്യമാരുള്ളയാളുടെ നാലാം ഭാര്യയായി പോകുകയാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്‌ കമലയുടെ മറുപടി ഇങ്ങനെയായിരുന്നു”ഒരു ഭാര്യ അടുക്കളയില്‍, ഒരു ഭാര്യ പുറംപണിക്ക്‌, ഒരു ഭാര്യ കാര്യങ്ങള്‍ അന്വേഷിക്കാന്‍, കമല സ്വീകരണമുറിയില്‍ ഭാര്യയായി അതിഥികളെ സ്വീകരിക്കാന്‍”.] 

ഏത് മാധ്യമങ്ങളാണ് അന്നവരോട് അങ്ങനെ ചോദിച്ചത്. ഏത് പത്രത്തിലാണ്/ചാനലിലാണ് അത് പുറത്ത് വന്നത് എന്ന് അവര്‍ വ്യക്തമാക്കേണ്ടിയിരുന്നു. മിനിമം ലീലാമേനോനെങ്കിലും ഇത് പ്രസിദ്ധീകരിക്കാമായിരുന്നില്ലേ. സമദാനിക്ക് നിലവില്‍ മൂന്ന് ഭാര്യമാരുണ്ടോ. ഇസ്ലാമില്‍ നാല് ഭാര്യമാര്‍ക്ക് ഇതേ പോലെ നാല്‍ വ്യത്യസ്ഥ ‍ഡ്യൂട്ടിയാണോ ഉള്ളത്.

[സമദാനി വാഗ്ദാനത്തില്‍ നിന്ന്‌ പിന്‍മാറിയപ്പോള്‍ കമല ഹിന്ദുമതത്തിലേക്ക്‌ തിരിച്ചു വരാന്‍ ആഗ്രഹിച്ചു. പക്ഷേ കമലയുടെ മൂത്ത മകന്‍ മോനു നാലപ്പാട്‌ അതിനെ ശക്തമായി എതിര്‍ത്തു. കമല ഹിന്ദു മതത്തിലേയ്ക്ക്‌ തിരിച്ചു വന്നാല്‍ മുസ്ലിങ്ങള്‍ കമലയെ മാത്രമല്ല മക്കളേയും ചെറുമക്കളേയും കൊല്ലും എന്നും മോനു അവരോട്‌ പറഞ്ഞു. പേടിച്ചിട്ടാണ്‌ കമല പര്‍ദ്ദയില്‍ തുടര്‍ന്നത്‌. കമല പൂനെയില്‍ ചെന്ന ശേഷം എന്നെ വിളിച്ച്‌ സന്തോഷത്തോടെ പറഞ്ഞത്‌ “ലീലേ ഞാന്‍ പര്‍ദ്ദ ഉപേക്ഷിച്ചു മുണ്ടും വേഷ്ടിയും ആണ്‌ ധരിക്കുന്നത്‌, എന്റെ മുടി അഴിച്ചിട്ടിരിക്കുകയാണ്‌” എന്നാണ്‌. പക്ഷേ രണ്ട്‌ ദിവസം കഴിഞ്ഞ്‌ കണ്ണീര്‍തുളുമ്പുന്ന സ്വരത്തില്‍ കമല പറഞ്ഞു, “മോനുവും മറ്റും എന്നെ തിരിച്ചു പര്‍ദ്ദയില്‍ കയറ്റി. മോനു പൂനെ ബസാറില്‍ പോയി പര്‍ദ്ദ വാങ്ങിക്കൊണ്ടുവന്ന്‌ എന്നെ ധരിപ്പിച്ചു” എന്ന്‌.  ]]പാവം കമല എന്നും വൃന്ദാവനത്തില്‍ കൃഷ്ണനെ കാത്തുകഴിയുന്ന വിരഹിണിയായ രാധയായിരുന്നു. കമലയുടെ ഇഷ്ടദേവന്‍ കൃഷ്ണനായിരുന്നു. ഞാനും എന്റെ സുഹൃത്ത്‌ ശാരദാ രാജീവനും അവരെ പൂനെയില്‍കാണാന്‍ പോയപ്പോള്‍ അവര്‍ ശാരദയെക്കൊണ്ട്‌ “കാര്‍മുകില്‍ വര്‍ണ്ണന്റെ ചുണ്ടില്‍..” എന്ന പാട്ട്‌ പാടിച്ചു. ഞങ്ങളോട്‌ ലളിതാസഹസ്രനാമം ചൊല്ലാനും അപേക്ഷിച്ചു. ഉറങ്ങുന്നതിന്‌ മുമ്പ്‌ പരിചാരിക അമ്മുവിനോട്‌ “നാരായണ നാരായണ” എന്ന്‌ ചൊല്ലാന്‍ പറയുമായിരുന്നു. മരിച്ചതും നാരായണ നാമം കേട്ടായിരുന്നു. കമല ഇസ്ലാം ആയശേഷം പറഞ്ഞതും “താന്‍ ഗുരുവായൂരിലെ കൃഷ്ണനെ കൂടെ കൊണ്ടുപോന്നു” എന്നായിരുന്നു. അതും പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. മൂന്ന്‌ ദിവസത്തിന്‌ ശേഷം യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ കമലയുടെ ദൃഷ്ടി എന്നെ വിടാതെ പിന്തുടര്‍ന്നു, ഇപ്പോഴും പിന്തുടരുന്നു.]

ലീലാമേനോന്‍ ഇപ്രകാരം പറയുമ്പോള്‍, അതേ കാലത്ത് എഴുതിയ ലേഖനങ്ങളില്‍ കമലാ സുരയ്യ പറയുന്നത് കാണുക. 

['ഇസ്ലാമെന്ന ഖനിയില്‍ ഞാന്‍ സ്വര്‍ണമായി വിളയുന്നു. പശ്ചാതപിച്ച് കാണുമെന്ന് ആഗ്രഹിച്ച് വിരുന്നുവന്നവര്‍ നൈരാശ്യത്തോടെ എന്റെ വീട്ടില്‍നിന്നു മടങ്ങുന്നു. ഞാന്‍ എന്റെ സകല മുറികളിലും പൂനിലാവ് കാണുന്നു. ഇത് പുണ്യഭൂമിയായി മാറ്റുന്നതും അല്ലാഹു മാത്രമാണ് എന്ന് ഞാന്‍ അറിയുന്നു. എന്റെ പൂമുഖത്ത് അറേബിയയുടെ മണല്‍ ഉയര്‍ത്തുന്ന കാറ്റുകള്‍ വീശുന്നത് നിങ്ങള്‍ കാണുന്നില്ലേ?. മുകളില്‍ ഒരു ചെരിഞ്ഞ ചന്ദ്രക്കല കാണുന്നില്ലേ? കാലം ഇവിടെ ചരിക്കുന്നില്ല. ഭക്തിയെന്ന വികാരത്തെ അനുഭവിച്ചറിഞ്ഞ മനുഷ്യസ്ത്രീയാണ് ഞാന്‍. ഒരിക്കല്‍ ശരീരമാണ് ജീവിതത്തിന്റെ കാതല്‍ എന്ന് വിശ്വസിച്ചിരുന്നവള്‍. പരലോകത്തിന്റെ കരയ്കെത്തിക്കുവാന്‍ ശരീരമെന്ന കടത്തുവഞ്ചി മാത്രമേ ഉപകരിക്കൂ എന്ന് വിശ്വസിച്ചിരുന്നവള്‍ . ഏകാകിനിയാവുമ്പോള്‍ ആത്മാവിന് മാത്രം ്റിയാവുന്ന ഭാഷയില്‍ താന്‍ സംവാദം നടത്തുന്നു. ആ ഭാഷ എന്റെ തമ്പുരാന് മനസ്സിലാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ തമ്പുരാന്‍ എന്ന് അല്ലാഹുവിനെ ഞാന്‍ അഭിസംബോധന ചെയ്യുമ്പോള്‍ അവന്റെ വിലയിടിയുമെന്ന് ഞാന്‍ ഭയപ്പെടുന്നു.'] (അതേ പുസ്തകം, പേജ് 17)

ഇസ്ലാം സ്വീകരിച്ചതിന് ശേഷം അവരെത്രയോ കഥയും കവിതയും ലേഖനങ്ങളുമെഴുതി അവയിലൊന്നും ശ്രീകൃഷ്ണനേയും ഗുരുവായൂരപ്പനേയും നാം കാണുന്നില്ല. അതും മുസ്ലിംകളെ പേടിച്ചിട്ടായിരുന്നോ. ഒ.കെ ഒരു സാധ്യത നാം നല്‍കുക. എന്നാല്‍ വെള്ളിടി വെട്ടുന്ന അവരുടെ വാക്കുകളില്‍ അവര്‍ അല്ലാഹുവിനോടുള്ള പ്രേമം ഇത്ര ഹൃദ്യമായി പകര്‍ത്തിവെക്കാന്‍ എന്തായിരുന്നു കാരണം എന്നതിന് കൂടി നാം ഉത്തരം കണ്ടെത്തേണ്ടി വരും.

['യാ അല്ലാഹ് 
ഞാന്‍ സ്വര്‍ഗരാജ്യം കാംക്ഷിക്കുന്നില്ല. 
ചെയ്തുപോയ തെറ്റുകള്‍ ഒളിപ്പിക്കുവാന്‍ ഞാന്‍ ഇഛിക്കുന്നുമില്ല. 
ഒടുവില്‍ , കാല്‍വഴുതി ഞാന്‍ 
നരകത്തീയില്‍ 
കുഴഞ്ഞുവീഴുമ്പോള്‍ 
നിലവിട്ടു നിലവിളിക്കുവാന്‍ 
എന്നെ അനുവദിക്കരുത്. 


ഇന്ന് നീ മാത്രമാണ് 
എന്റെ പ്രേമഭാജനം,
എന്റെ ഒരേയൊരു രക്ഷകന്‍;
നിന്റെ ശിക്ഷക്കര്‍ഹയാണ് ഞാന്‍ 
സ്നേഹത്തിന്റെ ലഹരിയും
സ്നേഹാന്ത്യത്തിന്റെ വ്യഥയും
ഞാന്‍ എന്നേ പഠിച്ചിരിക്കുന്നു. 
സ്നേഹത്തിന്റെ ചൂടും 
കൊടും ക്രൌര്യവും
അനുഭവിച്ച പ്രേമിക
നരകാഗ്നിയെ 
എന്തിന് ഭയപ്പെടണം.'] പേജ് 74


ഈ പറയുന്നതിന്റെ നിഗൂഢമായ അര്‍ഥം പൂര്‍ണമായി മനസ്സിലാകണമെങ്കില്‍ വായിക്കുന്നവര്‍ക്കും അല്‍പസ്വല്‍പം പ്രതിഭാവിലാസം വേണ്ടിവരും. അതുകൊണ്ട് തന്നെ പല മുസ്ലിം സംഘടനാ വക്താക്കളും അവരുടെ കാര്യത്തില്‍ സംശയാലുക്കളായിരുന്നുവെന്നത് മറ്റൊരു വിരോധാഭാസം. എങ്കിലും അല്ലാഹുവിന് പുറമെ മറ്റൊരു ദൈവം അവരുടെ മനസ്സിലുണ്ടായിരുന്നില്ല എന്ന് അസന്നിഗ്ദമായി ഈ കവിതയില്‍ പറയുന്നു. 

ലീലാ മേനോല്‍ പറയുന്ന മറ്റൊരു കാര്യം നോക്കൂ.. 

['ഒടുവില്‍ കമല മരിച്ചപ്പോള്‍ മൃതദേഹം ഘോഷയാത്രയായി പൂനെയില്‍ നിന്ന്‌ കൊണ്ടുവന്ന്‌ പാളയം പള്ളിയില്‍ സംസ്ക്കരിച്ചത്‌ മോനു നാലപ്പാട്ടിന്റെ നിര്‍ബന്ധം മൂലമായിരുന്നു. പൂനെയില്‍ ഹിന്ദുമതാചാര പ്രകാരം കര്‍മ്മങ്ങള്‍നടത്തി സംസ്ക്കാരം നടത്തുവാന്‍ ജയസൂര്യ ഏര്‍പ്പാട്‌ ചെയ്തിരുന്നതാണ്‌..']

അതേ സമയം കമലാ സുരയ്യ എഴുതുന്നത് നോക്കൂ.. 

['ഏതുനിമിഷവും മരിക്കുവാന്‍ ഞാന്‍ തയ്യാറായിരിക്കുന്നു. താജുദ്ധീന്റെ പുതിയ കടയില്‍നിന്ന് വാങ്ങിയ വെളുത്ത സുല്‍ത്താന ശിരോവസ്ത്രം ഞാന്‍ അലക്കി വെച്ചിരിക്കുന്നു. മുത്തിന്റെ വെണ്‍മ ആ വേഷവിധാനത്തിന് ഞാന്‍ കാണുന്നു. ഞാന്‍ മരിച്ചാല്‍ എന്നെ അത്തരം വേഷഭൂഷകള്‍ ധരിപ്പിക്കണമെന്ന് ഞാന്‍ പരിചാരികയോട് നിര്‍ദ്ദേശിച്ച് കഴിഞ്ഞു.' (അതേ പുസ്തുകം, പേജ് 12,13)]

നാം ആരെ വിശ്വസിക്കണം കമലയെയും അവരുടെ പ്രിയ പുത്രനെയും വിശ്വസിക്കണോ അതല്ല. തന്റെ പരിചിത വലയത്തില്‍ ചാണകപ്പുഴുക്കളെ പോലെ ചിലരുണ്ട് അവര്‍ ഞാന്‍ ഉച്ചരിക്കുന്ന ഓരോ വചനവും വികലമാക്കാന്‍ ശ്രമിക്കുന്നവരാണ് എന്ന് ആരെ പറ്റിപ്പറഞ്ഞോ അവരെ വിശ്വസിക്കണോ ?. 

ലീലാ മേനോന്‍ അവരുടെ ലേഖനം അവസാനിപ്പിക്കുന്നത് ഇങ്ങനെ.. 

['മനസ്സില്‍ രാധയായി മാത്രം ജീവിച്ച കമലയെ എന്തിന്‌ പാളയം പള്ളിയില്‍ സംസ്ക്കരിച്ചു. മരണത്തില്‍ പോലും അവര്‍ക്ക്‌ വിശ്വാസ സ്വാതന്ത്ര്യം നിഷേധിച്ചത്‌ പ്രാണഭയം മൂലമാണെന്നോര്‍ക്കുമ്പോള്‍ ഹാ കഷ്ടം! എന്നു പറയാനാണ്‌ എനിക്ക്‌ തോന്നുന്നത്‌.']

കമലാ സുരയ്യ തന്റെ ജീവിതകാലത്ത് ഇത്തരക്കാരെ ഉദ്ദേശിച്ച് പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കുക. 

['ഉച്ചരിക്കപ്പെടുന്ന ഓരോ വചനവും വികലമാക്കുവാന്‍ ശ്രമം നടത്തുന്നവര്‍ എന്റെ പരിചിത വലയത്തില്‍ ചാണകപ്പുഴുക്കള്‍ കണക്കെ പുളയുന്നത് ഞാന്‍ കാണുന്നു. ഈ പുളച്ചില്‍ അവര്‍ക്ക് വിനോദം മാത്രമാണ്. ഒടുവില്‍ ഞാന്‍ മരിച്ചുകിടക്കുമ്പോള്‍ ഇവര്‍ ഓരോരുത്തരും കടം വാങ്ങി പുഷ്പചക്രങ്ങള്‍ താങ്ങിക്കൊണ്ട് വരുമെന്ന് എനിക്ക് അറിയാം. അവര്‍ കണ്ണുനീരോടെ എന്നെ വാഴ്തി സംസാരിക്കുമെന്നും എനിക്കറിയാം. അവരുടെ കുടുംബങ്ങള്‍ക്ക് അപഖ്യാതി വരുത്തരുതെന്ന ബോധത്തോടെ ഞാന്‍ അവരുടെ പേരുകള്‍ വെളിപ്പെടുത്തുന്നില്ല. എന്നും കാണുന്നവരെ ദ്രോഹികളെന്ന് വിളിക്കുവാന്‍ നാക്ക് ഉയരുന്നില്ല. ഞാന്‍ വാസ്തവത്തില്‍ ശത്രുപാളയത്തില്‍ അകപ്പെട്ടിരിക്കുകയാണ്. അതാണ് ഞാന്‍ അല്ലാഹുവിനോടുള്ള സ്നേഹം എന്റെ കവചമാക്കി ധരിക്കുന്നത്. ഈ കവചം മാത്രമാണ് എന്റെ ഒരേയൊരു വസ്ത്രം. (അതേ പുസ്തകം, പേജ് 28)‍‍]

ഇതൊക്കെ വായിക്കുമ്പോള്‍ മതം മാറിയത് കേവലം സമദാനിയെ വിവാഹം ചെയ്യാന്‍ വേണ്ടിയായിരുന്നുവെന്നും. അദ്ദേഹം വാക്ക് മാറിയപ്പോള്‍ ആദ്യമതത്തിലേക്ക് തിരിച്ചുപോകാതിരുന്നത് മുസ്ലിംകള്‍ മക്കളെയടക്കം കൊല്ലുമെന്ന് പേടിച്ചിട്ടായിരുന്നുവെന്നും ആര്‍ക്കെങ്കിലും തോന്നുന്നുണ്ടോ. അതല്ല കമലാ സുരയ്യ അവസാനം പറഞ്ഞ കൂട്ടത്തില്‍ പോലും പെടാത്ത അവര്‍ക്ക് ഊഹിക്കാന്‍ കഴിയാത്തത്ര വിഷവുമായി നടന്ന മറ്റൊരു വിഭാഗത്തിന്റെ പ്രതിനിധിയുടെ ജല്‍പനങ്ങളാണ് എന്ന് തോന്നുന്നുവോ?. 

എന്തിന് ഈ ലേഖനത്തില്‍ അവരുടെ മൂത്ത മകന്‍ മോനു നാലപ്പാടിനെ ഒരു പ്രതിയാക്കി അവതരിപ്പിച്ചുവെന്ന് ചിലര്‍ക്ക് സംശയം തോന്നാം. ഈ വീഡിയോ അതിനുള്ള മറുപടി നല്‍കും. 



Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review