ബൈബിള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ബൈബിള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 ജൂൺ 28, വ്യാഴാഴ്‌ച

അല്ലാഹു നിങളെ സ്നേഹിക്കുന്നുണ്ടോ ?

സ്നേഹത്തിന്റെ മതം ഏതാണ്, ആരാണ് ഏറ്റവും കൂടുതല്‍ സ്നേഹത്തെക്കുറിച്ച് സംസാരിക്കുന്നത്. ഈ രണ്ട് ചോദ്യത്തിനും ഉത്തരം ക്രിസ്തുമതം, കൃസ്ത്യാനികള്‍ എന്നായിരിക്കും പൊതുസമൂഹത്തിന് പറയാനുണ്ടാവുക. അല്ലെങ്കിലും അതായിരിക്കും അവരുടെ മനസ്സില്‍ ആദ്യം വരിക. അതേ സമയം തീവ്രതയുടെയും ഭീകരതയുടെയും മതമേതാണ്, ഏറ്റവും അസഹിഷ്ണുത നിറഞ്ഞമതവിഭാഗമേതാണ് എന്ന ചോദ്യത്തിന് ഇസ്ലാം, മുസ്ലിം എന്നും ഒരാളുടെ മനസ്സിലേക്ക് കടന്നുവരാം. ഇതാണ് പ്രോപഗണ്ടയുടെ ശക്തി. അത്തരം ഒരു ധാരണ കടന്നുകൂടിയാല്‍ ചിലര്‍ ഇങ്ങനെ ചോദിച്ചുവെന്ന് വരാം. ഒരു സുഹൃത്ത് മുസ്ലിംകള്‍ മറുപടി പറയാന്‍ നല്‍കിയ ചോദ്യങ്ങള്‍ നോക്കൂ...


"സ്നേഹ"ത്തെപ്പറ്റിയുള്ള ഇസ്ലാമിക കാഴ്ചപ്പാട് എന്ത് ?


1) അല്ലാഹു നിങളെ സ്നേഹിക്കുന്നുണ്ടോ ?

2) ഇനി സ്നേഹിക്കുന്നുണ്ടെങ്കില്‍ അത് നിങള്‍ക്ക് എങനെയറിയാം ?

3) അല്ലാഹു എങനെയാണ് തന്‍റെ സ്നേഹം വെളിപ്പെടുത്തിത്തന്നിരിക്കുന്നത് ?

4) പിതാവ് തന്‍റെ മക്കളെ സ്നേഹിക്കുന്നത് പോലെ യജമാനന് തന്‍റെ അടിമയെ സ്നേഹിക്കാനാകുമോ?

5) അതുപോലെ തന്നെ ഒരു മകന്‍ തന്‍റെ പിതാവിനെ സ്നേഹിക്കുന്നത് പോലെ അടിമ തന്‍റെ യജമാനനെ സ്നേഹിക്കുമോ ?

6) അടിമയില്‍ നിന്ന് അനുസരണം ആവശ്യപ്പെടാം പക്ഷെ പൂര്‍ണ്ണഹൃദയത്തോടെയുള്ള സ്നേഹം ആവശ്യപ്പെടാനാകുമോ ?


7) ഇനി പൂര്‍ണ്ണ ഹൃദയത്തോടെയുള്ള സ്നേഹം ആവശ്യപ്പെട്ടാല്‍ തന്നെ ലഭിക്കുമോ ?

8) ഇനി ലഭിക്കില്ലെങ്കില്‍ അല്ലാഹു തന്‍റെ അടിമകളായ മനുഷ്യവര്‍ഗ്ഗത്തില്‍ നിന്ന് സ്നേഹം ആവശ്യപ്പടുന്നതിലുള്ള യുക്തി എന്ത് ?

9) നിങള്‍ മുഹമ്മദിനെ സ്നേഹിക്കുന്നുണ്ടോ?

10) ഇനി മുഹമ്മദിനെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്ത് കാരണത്താലാണ് സ്നേഹിക്കുന്നത് ?

11) മുഹമ്മദ് നിങള്‍ക്ക് വേണ്ടി എന്താണ് ചെയ്ത് തന്നിരിക്കുന്നത് ?

12) ഖുര്‍ആന്‍ അള്ളാഹുവിന്‍റെ സ്നേഹം വെളിപ്പെടുത്തുന്നുണ്ടോ ?

13) എങനെയാണ് വെളിപ്പെടുത്തുന്നത് ?

14) 1 JOHN 4:8 ല്‍ പറയുന്നു ""ദൈവം സ്നേഹം തന്നേ" എന്ന് . ഇതുപൊലെ അല്ലാഹു സ്നേഹമാകുന്നു എന്ന് ഖുര്‍ആന്‍ പറയുന്നുവോ ?

ഈ ചോദ്യങള്‍ക്കെല്ലാം പ്രിയ മുസ്ലീം സഹോദരങള്‍ മറുപടി നല്‍കുമല്ലോ..
------------------------------------


ഒരു ദര്‍ശനം എന്ന നിലക്ക് ഇസ്ലാം അങ്ങേ അറ്റത്തെ സമാധാനവും സഹവര്‍ത്തിത്തവുമാണ് മുന്നോട്ട് വെക്കുന്നത്. സ്നേഹവും കാരുണ്യവുമാണ് അത് ആവശ്യപ്പെടുന്നത്. ഖുര്‍ആനില്‍ അല്ലാഹുവിന് ഏറ്റവും കൂടുതല്‍ ഉപയോഗിച്ച വിശേഷണം കാരുണ്യവാന്‍ കരുണാനിധി എന്നിവയാണ്. ഇസ്ലാം എന്ന പദം സമാധാനം എന്നര്‍ഥമുള്ള സലാം എന്ന പദത്തിന്റെ അതേ മുലപദത്തില്‍നിന്നുള്ളതാണ്. ദൈവത്തിന് വിധേയമാകുന്നതിലൂടെ പ്രകൃതിയില്‍ കാണപ്പെടുന്ന അതേ ശാന്തതയോടെ മനുഷ്യന് ജീവിക്കാം എന്നാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്.

ക്രിസ്തുമതം അശാന്തിയും അസമാധാനവുമാണ് വഹിക്കുന്നത് എന്ന് എനിക്ക് അഭിപ്രായമില്ല. സ്നേഹത്തെക്കുറിച്ച് ബൈബിളിലും ഖുര്‍ആനിലും പരമാര്‍ശമുണ്ട്. ഒരു അഭിമുഖ സംഭാഷണത്തില്‍ ക്രൈസ്തവ പാതിരി ഒരു മുസ്ലിം പണ്ഡിതനോട് പറഞ്ഞതായി കേട്ടിട്ടുണ്ട്. നിങ്ങള്‍ മുസ്ലിംകള്‍ വിഢികളാണ് ... നിങ്ങളുടെ പ്രബോധനം ശ്രവിച്ചാല്‍ ദൈവം മനുഷ്യനെ ശിക്ഷിക്കാനായിട്ട് ഒരുങ്ങി നില്‍ക്കുന്ന ഒരു ക്രൂരനാണ് എന്നാല്‍ ഞങ്ങളുടെ പ്രവര്‍ത്തനം നോക്കൂ. എന്നാല്‍ ഞങ്ങളെ നോക്കൂ. സ്നേഹം എന്ന പദം കൂടുതലായിട്ടൊന്നും ബൈബിളില്‍ ഇല്ലെങ്കിലും ഞങ്ങളതിനെ വലിച്ച് നീട്ടി, നീട്ടിപ്പരത്തി ക്രിസ്തു എന്നതിനെ സ്നേഹത്തിന്റെ പര്യായമാക്കി ക്രിസ്തുമതത്തെ സ്നേഹത്തിന്റെ മതമാക്കി. (കേട്ടത് ഉദ്ധരിച്ചതിനാല്‍ വാചകഘടന അല്ലറചില്ലറ മാറ്റം പ്രതീക്ഷിക്കാം. പക്ഷെ ഭാവനയല്ല ഇത് എന്ന് ഞാന്‍ അടിവരയിടുന്നു)

ബൈബിളും ഖുര്‍ആനും ഒരുമിച്ച് വായിച്ചവര്‍ക്ക് ഈ വാദം പെട്ടെന്ന് മനസ്സിലാകും. എന്തിന് വേണ്ടിയാണ് അച്ചന്‍ ഇത് പറഞ്ഞത് എന്ന് എനിക്കറിയില്ല. ഒരു പക്ഷെ ഗുണകാംക്ഷയോടെയായിരിക്കാം. ഏതായാലും പറഞ്ഞതില്‍ ഏറെ ശരിയുണ്ട്. രണ്ട് മതസ്ഥരുടെയും മേല്‍ സൂചിപ്പിച്ച ശൈലി വേരുറച്ച് പോയതിനാല്‍ അതുണ്ടാക്കിയ സംശയമാണ് സഹോദരന്‍ ചോദ്യമായി മുസ്ലിംകളുടെ മുന്നിലേക്ക് ഇടുന്നത്.

ചോദ്യങ്ങളോടുള്ള എന്റെ വ്യക്തിപരമായ പ്രതികരണം നല്‍കാം. ഈ ചോദ്യങ്ങള്‍ക്ക് ഇങ്ങനെയല്ല മറുപടി നല്‍കേണ്ടത് എന്ന് അഭിപ്രായമുള്ളവര്‍ക്ക് തങ്ങളുടെ ഉത്തരം കമന്റ് ബോക്സില്‍ നല്‍കാം... 


1) അല്ലാഹു നിങളെ സ്നേഹിക്കുന്നുണ്ടോ ? 

ഒരു മുസ്ലിമിന് ഇതെന്ത് ചോദ്യം എന്ന് തോന്നുന്നുണ്ടാകും. അവര്‍ക്ക് വേണ്ടിയാണ് ഞാന്‍ ആമുഖമായി ചില കാര്യങ്ങള്‍ പറഞ്ഞത്. അഥവാ സ്നേഹിക്കുന്ന അല്ലാഹു എന്നത് അവര്‍ കേട്ടിട്ടേ ഇല്ല. ദൈവത്തെ സ്നേഹിക്കണം എന്നതും അവര്‍ കേട്ടിരിക്കില്ല. ഖുര്‍ആനില്‍ 90 ലധികം സ്ഥലത്ത് സ്നേഹം എന്നര്‍ഥമുള്ള ഹുബ്ബ് എന്ന പദത്തിന്റെ വിവിധ രൂപങ്ങള്‍ വന്നിട്ടുണ്ട്. നിങ്ങളെ സ്നേഹിക്കുന്നുണ്ടോ എന്ന ചോദ്യം വ്യക്തമല്ല. മുസ്ലിംകള്‍ എന്ന ഒരു സമുദായത്തോടല്ല ദൈവത്തിനുള്ള സ്നേഹം. മറിച്ച് മനുഷ്യരില്‍ അവന്റെ ആജ്ഞ അനുസരിച്ച് ജീവിക്കുന്നവരോടാണ്. അഥവാ മനുഷ്യനെ തന്നെയാണ് അല്ലാഹു സ്നേഹിക്കുന്നത്. ദൈവസ്നേഹത്തിന് അര്‍ഹത മനുഷ്യരില്‍ ചിലര്‍ സ്വയം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്.
(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.(3:31)

2) ഇനി സ്നേഹിക്കുന്നുണ്ടെങ്കില്‍ അത് നിങള്‍ക്ക് എങനെയറിയാം ?

ഈ സ്നേഹം ദൈത്തിന്റെ വാഗ്ദാനമാണ്. ഈ സ്നഹത്തിന്റെ പ്രതിഫലനം യഥാര്‍ഥത്തില്‍ അറിയാന്‍ കഴിയുന്നത് പരലോകത്ത് വെച്ചാണ്. ഇഹലോകത്ത് പ്രകടമാകുന്നത് അവന്റെ കാരുണ്യമാണ്. അതാകട്ടേ വിശ്വാസിക്കും അവിശ്വാസിക്കുമെല്ലാം ലഭിച്ചുകൊണ്ടിരിക്കുന്നു.


 3) അല്ലാഹു എങനെയാണ് തന്‍റെ സ്നേഹം വെളിപ്പെടുത്തിത്തന്നിരിക്കുന്നത് ?

ചോദ്യം ഒരു കൃസ്തീയ പശ്ചാതലത്തില്‍നിന്നുള്ളതാണ്. എന്നാല്‍ ഇസ്ലാമിക ദര്‍ശനത്തില്‍ ഈ ചോദ്യത്തിന് പ്രത്യേകിച്ച് അര്‍ഥമൊന്നുമില്ല.

4) പിതാവ് തന്‍റെ മക്കളെ സ്നേഹിക്കുന്നത് പോലെ യജമാനന് തന്‍റെ അടിമയെ സ്നേഹിക്കാനാകുമോ?5) അതുപോലെ തന്നെ ഒരു മകന്‍ തന്‍റെ പിതാവിനെ സ്നേഹിക്കുന്നത് പോലെ അടിമ തന്‍റെ യജമാനനെ സ്നേഹിക്കുമോ ?

ദൈവവും മനുഷ്യനും കേവലം യജമാനനും അടിമയുമല്ല. മനുഷ്യനെ എല്ലാവിധ സംവിധാനത്തോടെയും സൌകര്യങ്ങളോടെയും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന സൃഷ്ടാവാണ്. ആ സൃഷ്ടിയോട് ദൈവത്തിന് ഒരു പിതാവിന് പുത്രനോടുള്ളതിനേക്കാള്‍ സ്നേഹം ഉണ്ടാകും. അതേ പ്രകാരം തന്റെ ജന്മത്തിന് കാരണമായി എന്ന ഒരൊറ്റകാര്യത്തിനപ്പുറം കരുണയുള്ള പിതാവിനെ പോലും നല്‍കിയ സ്രഷ്ടാവും സംരക്ഷകനും യജമാനനുമായവനോട് പിതാവിനോട് തോന്നുന്നതിനേക്കാള്‍ സ്നേഹവും കടപ്പാടും ഉണ്ടാവും. അതുകൊണ്ട് ചോദ്യകര്‍ത്താവ് ബേജാറാകുന്നതില്‍ അര്‍ഥമില്ല.   


6) അടിമയില്‍ നിന്ന് അനുസരണം ആവശ്യപ്പെടാം പക്ഷെ പൂര്‍ണ്ണഹൃദയത്തോടെയുള്ള സ്നേഹം ആവശ്യപ്പെടാനാകുമോ ?

അടിമ-യജമാനല്‍ എന്ന ബന്ധത്തിനപ്പുറം ഇസ്ലാം മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തെ കണ്ടിട്ടേ ഇല്ല എന്ന ഒരു മുന്‍ധാരണയുണ്ടെങ്കിലേ ഇങ്ങനെ ചോദിക്കാന്‍ കഴിയൂ. അല്ലാഹുവിന് തന്റെ സൃഷ്ടിയായ മനുഷ്യനില്‍നിന്ന് അനുസരണം ആവശ്യപ്പെടാം എന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും തര്‍ക്കിക്കുമെന്ന് തോന്നുന്നില്ല. മാത്രമല്ല സ്രഷ്ടാവിന് മാത്രമേ പരമമായ അനുസരണം പാടുള്ളൂവെന്നത് ഇസ്ലാമിന്റെ ആദര്‍ശത്തിന്റെ ഭാഗമാണ്. അല്ലാഹുവിന്റെ കല്‍പനക്കെതിരില്‍ ഒരു സൃഷ്ടിയെയും അനുസരിക്കാനും പാടില്ല. തന്റെ കല്‍പനകള്‍ പൂര്‍ണമായി അനുസരിക്കപ്പെടണം എന്നാണ് അടിമത്തം എന്ന ഉപമാലങ്കാരം കൊണ്ട് ഖുര്‍ആന്‍ ഉദ്ദേശിക്കുന്നത്. അതേ പോലെ സ്രഷ്ടാവ് എന്ന നിലക്ക് ഒരു പിതാവിനെക്കാളേറെ ദൈവത്തിന് മനുഷ്യനില്‍നിന്ന് സ്നേഹവും ആവശ്യപ്പെടാം.

7) ഇനി പൂര്‍ണ്ണ ഹൃദയത്തോടെയുള്ള സ്നേഹം ആവശ്യപ്പെട്ടാല്‍ തന്നെ ലഭിക്കുമോ ?

സാധാരണഗതിയിലുള്ള മനുഷ്യരിലെ അടിമ യജമാനന്‍ ബന്ധമല്ല ഇവിടെ ചര്‍ചാവിഷയം. ദൈവം എല്ലാറ്റിലും ഉപരിയായി മനുഷ്യന്റെ സ്രഷ്ടാവാണ് എന്നതിനാല്‍ ആ ബോധമുള്ള മനുഷ്യന്‍ എല്ലാറ്റിലും ഉപരി ദൈവത്തെ പൂര്‍ണ ഹൃദയത്തോടെ സ്നേഹിക്കും.

8) ഇനി ലഭിക്കില്ലെങ്കില്‍ അല്ലാഹു തന്‍റെ അടിമകളായ മനുഷ്യവര്‍ഗ്ഗത്തില്‍ നിന്ന് സ്നേഹം ആവശ്യപ്പടുന്നതിലുള്ള യുക്തി എന്ത് ?

സ്നേഹം ലഭിക്കും എന്നാണ് ഉത്തമെന്നതിനാല്‍ ഈ ചോദ്യം നിലനില്‍ക്കുന്നില്ല.

9) നിങള്‍ മുഹമ്മദിനെ സ്നേഹിക്കുന്നുണ്ടോ?

10) ഇനി മുഹമ്മദിനെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്ത് കാരണത്താലാണ് സ്നേഹിക്കുന്നത് ?

തീര്‍ച്ചയായും ഞങ്ങള്‍ വിശ്വാസികള്‍ മുഹമ്മദ് നബിയെ സ്നേഹിക്കുന്നു. ഞങ്ങളുടെ ജീവിത്തിന് ദിശാബോധം നല്‍കിയ ഞങ്ങളുടെ ജീവിതത്തിന്റെ ലക്ഷ്യവും ദൌത്യവും നിര്‍ണയിച്ച് തരിക്കയും അതിലൂടെ ഞങ്ങളുടെ മനസ്സുകള്‍ക്ക് ലോകത്തെ ഏത് മനുഷ്യനും നല്‍കാന്‍ കഴിയുന്നിതിനേക്കാളെറെ ശക്തിയും സമാധാനവും നല്‍കിയ മുഹമ്മദ് നബിയെ ഞങ്ങള്‍ സ്നേഹിക്കുന്നു. ഞങ്ങളുടെ മാതാപിതാക്കളെക്കാളും ഭാര്യമാരെക്കാളും സന്താനങ്ങളെക്കാളും എന്തിനേറെ ഞങ്ങളുടെ സ്വന്തം ശരീരത്തേക്കാളേറെ. മറ്റൊന്നുകൂടി ഇപ്രകാരം സ്നേഹിക്കുന്നവര്‍ക്ക് മാത്രമേ വിശ്വാസം അവകാശപ്പെടാന്‍ പോലും കഴിയൂ.

11) മുഹമ്മദ് നിങള്‍ക്ക് വേണ്ടി എന്താണ് ചെയ്ത് തന്നിരിക്കുന്നത് ?

തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തിക്കാണുന്ന നിരക്ഷരനായ പ്രവാചകദൂതനെ പിന്തുടരുന്നവരാരോ, (അവരാകുന്നു ഇന്ന് ഈ അനുഗ്രഹത്തിന് അര്‍ഹരായിട്ടുള്ളവര്‍). അദ്ദേഹം അവര്‍ക്ക് നന്മ വിധിക്കുന്നു. തിന്മ വിലക്കുന്നു. അവര്‍ക്കായി ശുദ്ധ വസ്തുക്കള്‍ അനുവദിച്ചുകൊടുക്കുന്നു. അശുദ്ധ വസ്തുക്കളെ നിരോധിക്കുകയും ചെയ്യുന്നു. അവരെ ഞെരിച്ചുകൊണ്ടിരുന്ന ഭാരങ്ങള്‍ ഇറക്കിവയ്ക്കുന്നു. അവരെ വരിഞ്ഞുമുറുക്കിയിരുന്ന ചങ്ങലകള്‍ പൊട്ടിച്ചെറിയുന്നു.അതിനാല്‍ അദ്ദേഹത്തെ വിശ്വസിക്കുകയും ബലപ്പെടുത്തുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിച്ച വെളിച്ചത്തെ പിന്തുടരുകയും ചെയ്യുന്നവര്‍ മാത്രമാകുന്നു വിജയം പ്രാപിക്കുന്നവര്‍. പറയുക: `അല്ലയോ മനുഷ്യരേ, ഞാന്‍ നിങ്ങളെല്ലാവരിലേക്കും, ആകാശഭൂമികളുടെ ആധിപത്യത്തിനുടയവനായ ദൈവത്തിന്റെ ദൂതനാകുന്നു. അവനല്ലാതെ ദൈവമേതുമില്ല. ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും അവന്‍ മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുവിന്‍; അവന്‍ നിയോഗിച്ച നിരക്ഷരനായ പ്രവാചകനിലും. അദ്ദേഹമോ, അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വസിക്കുന്നു. അദ്ദേഹത്തെ പിന്തുടരുവിന്‍, നിങ്ങള്‍ സന്മാര്‍ഗം പ്രാപിച്ചേക്കാം.`(7:157-158) 

12) ഖുര്‍ആന്‍ അള്ളാഹുവിന്‍റെ സ്നേഹം വെളിപ്പെടുത്തുന്നുണ്ടോ ?

13) എങനെയാണ് വെളിപ്പെടുത്തുന്നത് ?


ഇത്തരം ചോദ്യത്തെക്കുറിച്ച് നേരത്തെ വന്നു ചോദ്യം ഇവിടെ ആവര്‍ത്തിക്കപെടുകയാണ്. ക്രൈസ്തവ ഭൂമികയില്‍നിന്നുള്ള മുസ്ലിംകളെ സംബന്ധിച്ച് നോക്കുമ്പോള്‍ അര്‍ഥമില്ലാത്ത ചോദ്യങ്ങള്‍ . മനുഷ്യനോടുള്ള അങ്ങേ അറ്റത്തെ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും തെളിവ് മനുഷ്യനെ സൃഷ്ടിച്ചതോടൊപ്പം അവന് സാന്‍മാര്‍ഗിക നിയമനിര്‍ദ്ദേശം കൂടി നല്‍കി എന്നതാണ്. അതോടൊപ്പം വിശ്വാസികള്‍ക്ക് പരലോകത്ത് സ്വര്‍ഗം വാഗ്ദാനം ചെയ്തുകൊണ്ട് ദൈവത്തിന് തന്റെ സൃഷ്ടിയോടുള്ള അദമ്യമായ സ്നേഹം തുറന്ന് കാട്ടുകയും ചെയ്തിരിക്കുന്നു.


14) 1 JOHN 4:8 ല്‍ പറയുന്നു ""ദൈവം സ്നേഹം തന്നേ" എന്ന് . ഇതുപൊലെ അല്ലാഹു സ്നേഹമാകുന്നു എന്ന് ഖുര്‍ആന്‍ പറയുന്നുവോ ?


ഇല്ല ഖുര്‍ആനില്‍ ഇങ്ങനെ ഒരു വാചകം ഇല്ല. ഇതുകൊണ്ട് എന്താണ് അര്‍ഥമാക്കുന്നത്. മനുഷ്യന് ഇഷ്ടം പോലെ എന്ത് തെറ്റും ചെയ്യാമെന്നും ഏന്ത് തന്നെ ചെയ്താലും ശിക്ഷിക്കുകയില്ല എന്നൊക്കെയാണെങ്കില്‍ അത്തരം ഒരു പ്രസ്താവന അല്ലാഹുവിനെ സംബന്ധിച്ചടത്തോളം വസ്തുനിഷ്ഠമായി വരികയില്ല.

ഖുര്‍ആനനുസരിച്ച് ബൈബിളില്‍ പറയുന്നതും ശരി ?

ബൈബിള്‍ പൂര്‍ണമായി ദൈവവചനമാണെന്ന് ക്രൈസ്തവര്‍ പോലും വിശ്വസിക്കുന്നില്ല എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. അതില്‍ ആരുടെയൊക്കെയോ കൈകടത്തലുകളുണ്ടായിട്ടുണ്ട് എന്നതിന് വ്യത്യസ്ഥമായ ബൈബിള്‍ കോപ്പികള്‍ തന്നെയാണ് നമുക്ക് ബോധ്യമാകുന്ന തെളിവ്. ഖുര്‍ആനും ഈ വസ്തുത വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം അവയുടെ മൂലം ദൈവദത്തമായിരുന്നുവെന്നത് ഖുര്‍ആന്‍ വ്യക്തമാക്കിയ കാര്യമാണ്. തൌറാത്ത്, ഇഞ്ചീല്‍ എന്നൊക്കെ ഖുര്‍ആന്‍ പരമാര്‍ശിക്കുമ്പോള്‍ അത് പ്രവാചകന്‍മാര്‍ക്ക് ലഭിച്ച അതേ ഗ്രന്ഥത്തെ മാത്രമേ ഉദ്ദേശിക്കപ്പെടുന്നുള്ളൂ എന്ന വാദം ശരിയല്ല. ഇപ്പോള്‍ നിലനില്‍ക്കുന്ന (പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാലത്ത് നിലനിന്ന) കോപ്പിയെയും അപ്രകാരം പേര് പറഞ്ഞിട്ടുണ്ട്. ചിലകാര്യങ്ങള്‍ വേദക്കാരോട് ചോദിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് . അതുകൊണ്ട് ഖുര്‍ആന്‍ നിലവിലുള്ള ബൈബിളിന്റെ ദൈവികതയും അപ്രമാദിത്വവും അംഗീകരിച്ചുവെന്ന് പറയാന്‍ കഴിയുമോ ?.  അങ്ങനെ ഒന്ന് പറഞ്ഞു നോക്കുകയാണ് ഇസ്ലാം വിമര്‍ശനം നടത്തുന്ന ചില  സുഹൃത്തുക്കള്‍ . അവരുടെ വാദം എന്തെന്ന് നോക്കാം.
-----------------------------------------------

Anil Kumar: ശുദ്ധവും/ഹലാലുമായ ഭക്ഷണത്തെ സംബന്ധിച്ച് യഹൂദന്മാരുമായി ഒരു മുസ്ലീമിന് തര്‍ക്കമുണ്ടായാല്‍, യഹൂദന്മാരോട് മൂസയുടെ ഗ്രന്ഥത്തില്‍നിന്ന് തെളിവ് കൊണ്ടുവരേണ്ടതിനു ആവശ്യപ്പെടാന്‍ ഒരു മുസ്ലീമിന് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നു.

"പറയുക: നിങ്ങള്‍ നേര് പറയുന്നവരാണെങ്കില്‍ തൌറാത്ത് കൊണ്ടുവന്നു വായിക്കുവിന്‍" (സൂറാ.3:93. U.C.K.തങ്ങള്‍)

തൌറാത്ത്‌ റദ്ദാക്കപ്പെട്ടതോ വികലമാക്കപ്പെട്ടതോ ആണെങ്കില്‍ എങ്ങനെയാണ് ഒരു യഹൂദന് തന്‍റെ ഗ്രന്ഥം പഠിച്ചു സത്യം നിര്‍ണ്ണയിക്കുവാന്‍ കഴിയുക? ഇങ്ങനെ ഒരു നിര്‍ദ്ദേശം നല്‍കണമെങ്കില്‍ തീര്‍ച്ചയായും മുന്‍വേദഗ്രന്ഥങ്ങള്‍ ശരിയായിരിക്കണമല്ലോ. ഇതേ നിഗമനം ശരിവയ്ക്കുന്നതാണ് താഴെപ്പറയുന്ന ആയത്ത്:

"ജൂതരോ ക്രിസ്ത്യാനികളോ ആയവരല്ലാതെ സ്വര്‍ഗ്ഗത്തില്‍ കടക്കുകയില്ലെന്നു അവര്‍ പറഞ്ഞു, അത് അവരുടെ വ്യാമോഹങ്ങലാണ്. നിങ്ങള്‍ സത്യം പറയുന്നവരാണെങ്കില്‍ നിങ്ങള്‍ക്കുള്ള രേഖ കൊണ്ടുവരുവിന്‍ എന്ന് പറയുക" (സൂറ.2:11, K. ഉമര്‍ മൌലവി സാഹിബ്).
-----------------------------------------------

എന്താണ് ഇവിടെ സംഭവിച്ചത് എന്ന് നോക്കാം. ഇസ്ലാം മനുഷ്യാരംഭം മുതല്‍ ലോകവസാനം വരെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കുമുള്ള ദൈവിക സന്ദേശത്തിന്റെ പേരാണ്. ആദിമ മനുഷ്യനായ ആദം നബി മുതല്‍ ദിവ്യസന്ദേശം നല്‍കി പോന്നിട്ടുണ്ട്. അതില്‍ പെട്ട ധാരാളം പ്രവാചകന്‍മാരെ ഖുര്‍ആനും ബൈബിളും പരിചയപ്പെടുത്തിയിട്ടുണ്ട്. ഇസ്ലാമി ദൃഷ്ട്യാ പ്രവാചകന്‍മാര്‍ക്ക് നിരക്കാത്ത പല സ്വഭാവങ്ങളും ബൈബിള്‍ വചനങ്ങളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട് എങ്കിലും അത്തരം കലര്‍പില്ലാത്ത സച്ചരിതരായ മനുഷ്യരായിട്ടാണ് ഖുര്‍ആന്‍ അവരെ പുനരവതരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ അവിടെയൊക്കെ മനുഷ്യന്റെ ഭാവനയും സങ്കല്‍പവും കടന്നുകൂടിയിട്ടുണ്ട് എന്നാണ് ഖുര്‍ആനിന്റെ അനുയായികള്‍ മനസ്സിലാക്കുന്നത്. മനുഷ്യര്‍ക്ക് മുഴുവന്‍ ഉള്ള സന്ദേശമെന്ന നിലക്ക് അതിന്റെ അഭിസംബോധിതര്‍ എല്ലാ മതവിഭാഗത്തില്‍ പെട്ടവരും മതമില്ലാത്തവരും ആകുക സ്വാഭാവികമാണ്. അവരുടൊക്കെയും യുക്തിപരമായ സംവാദം ഖുര്‍ആന്‍ നടത്തുന്നു. പ്രവാചകന്‍റെ അഭിസംബോധിതരില്‍ വേദക്കാര്‍ എന്ന് അറിയപ്പെടുന്ന ജൂത-ക്രൈസ്തവര്‍ പ്രാധാനമായിരുന്നതിനാല്‍ അവര്‍ കൂടുതല്‍ പരാമര്‍ശിക്കപ്പെടുന്നു.

സംവാദം ചില പ്രമാണങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരിക്കണം. ആ നിലക്ക് അവരുടെ ചില വാദങ്ങളുടെ പൊള്ളത്തരം വ്യക്തമാക്കാനും അവരുടെ പ്രമാണങ്ങളില്‍ പോലും തെളിവില്ലെന്ന് ബോധ്യപ്പെടുത്താനും ചില ചോദ്യങ്ങള്‍ ഖുര്‍ആന്‍ ഉന്നയിച്ചിട്ടുണ്ട്. വാദിക്കുന്നവ കാര്യങ്ങള്‍ക്ക് മിനിമം സ്വന്തം പ്രമാണങ്ങളിലെങ്കിലും തെളിവുണ്ടായിരിക്കണം എന്ന സംവാദത്തിന്റെ ഒരു മര്യാദ സൂചിപ്പിക്കുക മാത്രമാണിവിടെ ഉദ്ദേശ്യം. അനില്‍കുമാര്‍ ഇവിടെ നടത്തിയ വാദം കുറേകൂടി ആഴത്തില്‍ പരിശോധിച്ചാല്‍ ഈ കാര്യം നമുക്ക് വ്യക്തമാകും.

എന്താണ് അനില്‍കുമാര്‍ പറയുന്നത്
Anil Kumar: ശുദ്ധവും/ഹലാലുമായ ഭക്ഷണത്തെ സംബന്ധിച്ച് യഹൂദന്മാരുമായി ഒരു മുസ്ലീമിന് തര്‍ക്കമുണ്ടായാല്‍, യഹൂദന്മാരോട് മൂസയുടെ ഗ്രന്ഥത്തില്‍നിന്ന് തെളിവ് കൊണ്ടുവരേണ്ടതിനു ആവശ്യപ്പെടാന്‍ ഒരു മുസ്ലീമിന് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നു.

"പറയുക: നിങ്ങള്‍ നേര് പറയുന്നവരാണെങ്കില്‍ തൌറാത്ത് കൊണ്ടുവന്നു വായിക്കുവിന്‍ " (സൂറാ.3:93. U.C.K.തങ്ങള്‍)
സത്യത്തില്‍ എന്താണിവിടെ പ്രശ്നം. ഇബ്രാഹീമും മോശയും യേശുവും മുഹമ്മദും (എല്ലാവരുടെ മേലും അല്ലാഹുവിന്റെ രക്ഷയും സമാധാനവും ഉണ്ടാവട്ടേ) ദൈവത്തിന്റെ പ്രവാചകന്‍മാരാണ്. അവരിലൂടെ നല്‍കപ്പെട്ട മൌലിക തത്വങ്ങള്‍ക്ക് അന്തരം ഉണ്ടാവുകയില്ല. എന്നാല്‍ യേശു ആഗതനായപ്പോള്‍ ജൂതന്മാരിലൊരു വിഭാഗം വിശ്വസിക്കാതിരുന്നത് പോലെ മുഹമമദ് നബി ആഗതമായപ്പോഴും ജൂതന്മാരിലും ക്രൈസ്തവരിലും ഒരു വിഭാഗം വിശ്വസിക്കാതെ നബി അനുവദനീയമാക്കിയ ചില ഭക്ഷണത്തെ എടുത്ത് ആക്ഷേപിക്കാന്‍ തുടങ്ങി. മൌദൂദി പറയുന്നതിങ്ങനെ ....

ഖുര്‍ആന്റെയും തിരുമേനിയുടെയും മൌലിക ശിക്ഷണങ്ങളെപ്പറ്റി യാതൊരാക്ഷേപവും കൊണ്ടുവരിക സാധ്യമായില്ല. കാരണം, അടിസ്ഥാന കാര്യങ്ങളെ സംബന്ധിച്ചിടത്തോളം പൂര്‍വപ്രവാചകന്മാരും തിരുനബിയും ഒരേ സംഗതിയാണ് പ്രബോധനം ചെയ്തിട്ടുള്ളത്. അതിനാല്‍ കര്‍മശാസ്ത്രപരമായ ചില ശാഖാ പ്രശ്നങ്ങളുന്നയിച്ചുകൊണ്ടാണ് ജൂതപുരോഹിതന്മാര്‍ തിരുമേനിയെ എതിര്‍ത്തിരുന്നത്. അക്കൂട്ടത്തില്‍ ഒന്നായിരുന്നു‘ഭക്ഷ്യസാധനങ്ങള്‍ അനുവദനീയമാകുന്ന പ്രശ്നം. യഹൂദികളുടെ ആചാരപ്രകാരം നിഷിദ്ധമായിരുന്ന ചില ‘ഭക്ഷ്യസാധനങ്ങള്‍ മുഹമ്മദ് നബി(സ)യുടെ ശരീഅത്തില്‍ അനുവദിച്ചതായി അവര്‍ കണ്ടു. അതും പിടിച്ച് അവര്‍ ആക്ഷേപിക്കാന്‍ തുടങ്ങി. ഇതേ ആക്ഷേപത്തിനുള്ള മറുപടിയാണ് ഈ വാക്യം.

(3: 93-95) (മുഹമ്മദീയ ശരീഅത്തില്‍ ഹിതകരമായ) ഭക്ഷ്യവിഭവങ്ങളൊക്കെയും ഇസ്രയേല്‍ വംശത്തിനും ഹിതകരമായിരുന്നു.എന്നാല്‍ തൌറാത്ത് അവതരിച്ചുകിട്ടുന്നതിനുമുമ്പ് ഇസ്രായീല്‍ (ഹ.യഅ്ഖൂബ്) തന്റെ മേല്‍ സ്വയം നിഷിദ്ധമാക്കിയ ചില പദാര്‍ഥങ്ങളുണ്ടായിരുന്നുവെന്നുമാത്രം. അവരോടു പറയുക: `നിങ്ങള്‍ (നിങ്ങളുടെ വിമര്‍ശനത്തില്‍) സത്യസന്ധരെങ്കില്‍ തൌറാത്ത് കൊണ്ടുവരിക, എന്നിട്ടതില്‍നിന്നേതെങ്കിലും വചനം വായിച്ചുകേള്‍പ്പിക്കുക. അതിനുശേഷവും അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ചു പറഞ്ഞുകൊണ്ടിരിക്കുന്നവരോ, അവരാകുന്നു യഥാര്‍ഥത്തില്‍ അക്രമികള്‍. പറയുക: `അല്ലാഹു അരുളിയിട്ടുള്ളതു സത്യമാകുന്നു. നിങ്ങള്‍ ഇബ്റാഹീമിന്റെ മാര്‍ഗം നിഷ്കളങ്കരായി പിന്‍പറ്റേണ്ടതാകുന്നു. ഇബ്റാഹീമോ, ബഹുദൈവാരാധകരില്‍പെട്ടവനായിരുന്നില്ല.`

നിങ്ങള്‍ ആക്ഷേപിക്കുന്ന കാര്യത്തില്‍ സത്യസന്ധരാണെങ്കില്‍ മിനിമം നിങ്ങള്‍ നിങ്ങളുടെ തൌറാത്ത് കൊണ്ടുവന്ന് അതില്‍ ആ വസ്തുത കാണിക്കാന്‍ സാധിക്കേണ്ടതായിരുന്നു. എന്ന് വെച്ചാല്‍ ബൈബിളില്‍ പറയുന്നത് മുഴുവന്‍ സത്യമാണെന്ന് ഖുര്‍ആന്‍ അംഗീകരിക്കുന്നുവെന്ന് അതിനൊരര്‍ഥവും ഇല്ല. പരമാവധിയുള്ളത് നിങ്ങള്‍ വിമര്‍ശിക്കുന്ന കാര്യത്തില്‍ അത്തരം ഒരു ആക്ഷേപം നിങ്ങളുടെ വേദം മുന്നില്‍ വെച്ച് ചെയ്യാന്‍ നിങ്ങള്‍ക്ക് നിര്‍വാഹമില്ല എന്ന് മാത്രമാണ്.

അത് മനസ്സിലാക്കുന്നതിന് പകരം അനില്‍കുമാര്‍ പറയുന്നത് ഇതാണ്.
തൌറാത്ത്‌ റദ്ദാക്കപ്പെട്ടതോ വികലമാക്കപ്പെട്ടതോ ആണെങ്കില്‍ എങ്ങനെയാണ് ഒരു യഹൂദന് തന്‍റെ ഗ്രന്ഥം പഠിച്ചു സത്യം നിര്‍ണ്ണയിക്കുവാന്‍ കഴിയുക? ഇങ്ങനെ ഒരു നിര്‍ദ്ദേശം നല്‍കണമെങ്കില്‍ തീര്‍ച്ചയായും മുന്‍വേദഗ്രന്ഥങ്ങള്‍ ശരിയായിരിക്കണമല്ലോ. ഇതേ നിഗമനം ശരിവയ്ക്കുന്നതാണ് താഴെപ്പറയുന്ന ആയത്ത്:

"ജൂതരോ ക്രിസ്ത്യാനികളോ ആയവരല്ലാതെ സ്വര്‍ഗ്ഗത്തില്‍ കടക്കുകയില്ലെന്നു അവര്‍ പറഞ്ഞു, അത് അവരുടെ വ്യാമോഹങ്ങലാണ്. നിങ്ങള്‍ സത്യം പറയുന്നവരാണെങ്കില്‍ നിങ്ങള്‍ക്കുള്ള രേഖ കൊണ്ടുവരുവിന്‍ എന്ന് പറയുക" (സൂറ.2:11, K. ഉമര്‍ മൌലവി സാഹിബ്).
തൌറാത്ത് വികലമാക്കപ്പെട്ടുതാണെങ്കില്‍ യഹൂദന് എങ്ങനെയാണ് അത് പഠിച്ച് സത്യം നിര്‍ണ്ണയിക്കാന്‍ സാധിക്കുക എന്നാണ് ചോദ്യം. ഇവിടെ പുതുതായി ഒരു സത്യം ബൈബിള്‍ വായിച്ച് കണ്ടെത്താനല്ല അവര്‍ വാദിച്ചുകൊണ്ടിരിക്കുന്ന കാര്യത്തില്‍ അവരുടെ വേദത്തില്‍നിന്ന് തെളിവ് സമര്‍പിക്കാനാവുമോ എന്നതാണ് വെല്ലുവിളി. അവരുടെ വേദം പൂര്‍ണമായി സത്യസന്ധമാണെങ്കില്‍ പിന്നീട് ഒരു ഗ്രന്ഥം അവതരിപ്പിക്കേണ്ട കാര്യം ഉണ്ടായിരുന്നില്ല. പക്ഷെ തൌറാത്തിലുള്ളതിനെ സത്യപ്പെടുത്തി യേശു ആഗതനായി.

അതേ പ്രകാരം വേദക്കാരുടെ മറ്റൊരു വാദമായ ജൂതരോ ക്രിസ്ത്യാനികളോ അല്ലാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല എന്നതിനും തെളിവ് കൊണ്ട് വരാന്‍ ആവശ്യപ്പെട്ടിരിക്കുന്നു. എന്നിട്ട് അവര്‍ കൊണ്ടുവന്നോ എന്നതാണ് പ്രസക്തം. ഇങ്ങനെ ഒരു പരാമര്‍ശവും ബൈബിളില്‍ കാണിക്കുക സാധ്യമല്ല എന്നേ ഇത് കൊണ്ട് വരുന്നുള്ളൂ.. സൂക്തത്തിന്റെ ബാക്കി ഭാഗവും കൂടി വായിച്ചാല്‍ അത് വ്യക്തമാകുന്നതേയുള്ളൂ..

(3:111-112) അവര്‍ പറയുന്നു: `ജൂതനാവാതെ ആരും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല; (ക്രൈസ്തവരുടെ ധാരണയനുസരിച്ച്) ക്രിസ്ത്യാനിയാവാതെയും.` ഇതവരുടെ വ്യാമോഹങ്ങളാകുന്നു.അവരോട് പറയുക: `ഈ വാദത്തില്‍ സത്യസന്ധരെങ്കില്‍ നിങ്ങളുടെ തെളിവുകള്‍ ഹാജരാക്കുക.` (യഥാര്‍ഥത്തില്‍ നിങ്ങള്‍ക്കോ മറ്റുള്ളവര്‍ക്കോ ഒരു പ്രത്യേകതയുമില്ല.) സത്യം ഇതാകുന്നു: അല്ലാഹുവോടുള്ള അനുസരണത്തില്‍ സ്വയം അര്‍പ്പിക്കുകയും കര്‍മംകൊണ്ട് നല്ലവനായിരിക്കുകയും ചെയ്യുന്നവന് റബ്ബിങ്കല്‍ അതിന്റെ പ്രതിഫലമുണ്ട്. അവര്‍ക്ക് ഒന്നും ഭയപ്പെടാനില്ല. അവര്‍ ഖേദിക്കാന്‍ സംഗതിയാകുന്നതുമല്ല.

എവിടുന്നോ കോപി ചെയ്യുന്നതിനപ്പുറം വാദത്തോട് പ്രതിബദ്ധതയില്ലാത്തതുകൊണ്ടാകണം സൂകത്തിന്റെ റഫറന്‍സ് നമ്പര്‍ പോലും ഉറപ്പ് വരുത്താന്‍ കഴിയാതെ പോയത്.

ചുരുക്കത്തില്‍ വേദക്കാരുമായുള്ള ഖുര്‍ആന്‍റെ വിയോജിപ്പ് ഏത് കാര്യത്തിലാണോ അതിന് കുറേകൂടി വ്യക്തത നല്‍കുക മാത്രമാണ് ഈ രണ്ട് സൂക്തങ്ങളും ചെയ്യുന്നത്.

2010 ഡിസംബർ 6, തിങ്കളാഴ്‌ച

ഖുര്‍ആന്‍ ബൈബിളിന്റെ കോപ്പിയോ ? (3)

ഖുര്‍ആന്‍ ബൈബിളിന്റെ കോപ്പിയോ ? (1), (2)
-------------------------------------------------------------
ബൈബിളില്‍ പറയപ്പെട്ട വ്യക്തിത്വങ്ങള്‍ ചരിത്രപുരുഷന്‍മാരാണ് എന്ന് വിശ്വസിക്കുന്നവരാണ് മുസ്‌ലിംകള്‍. ദൈവനിഷേധം സ്വീകരിച്ച അത്യപൂര്‍വം ആളുകളെ അവയെ നിഷേധിക്കുന്നുള്ളൂ. ബൈബിളിന്റെ ദൈവികത അംഗീകരിക്കാത്തവരും അതിന് ഒരു ചരിത്രകൃതിയുടെ സ്ഥാനം നല്‍കുന്നില്‍ വിമുഖത കാണിക്കുന്നില്ല. സ്വാഭാവികമായും ചരിത്രം ഉദ്ധരിക്കുമ്പോള്‍ അതിലെ കഥാപാത്രങ്ങളുടെ നാമങ്ങള്‍ ഒന്നാകും. ഖുര്‍ആന്‍ പകര്‍ത്തിയതാണ് എന്ന ആക്ഷേപത്തില്‍നിന്ന രക്ഷപ്പെടാന്‍ കഥാപാത്രത്തെ മാറ്റേണ്ട അവശ്യമില്ല. സത്യത്തില്‍ പകര്‍പ്പ് തന്നെയായിരുന്നെങ്കില്‍ ആരോപണം ഒഴിവാക്കാന്‍ അത്തരം വേലകള്‍ ഒപ്പിച്ചുകൂടായ്കയില്ല. പക്ഷെ ഖുര്‍ആന്‍ അതല്ലാത്തതുകൊണ്ട് ആവശ്യമായ ഒരു ചരിത്രശകലം ബൈബിളിലുണ്ടെന്ന് വെച്ച് അത് മാറ്റിവെച്ചിട്ടില്ല.

ഈ കഥാപാത്രങ്ങളിലുള്ള സാമ്യതയല്ലാതെ മറ്റൊരു തെളിവും ബൈബിള്‍ ഖുര്‍ആന്‍ കോപ്പിപേസ്റ്റ് ബന്ധം ആരോപിക്കുന്നവര്‍ക്കില്ല എന്ന് കഴിഞ്ഞ രണ്ട് ഭാഗങ്ങളിലേയും ചര്‍ച സൂചിപ്പിക്കുന്നു. ഈ വിഷയം ഈ പോസ്‌റ്റോടെ അവസാനിപ്പിക്കുയാണ്.

ഖുര്‍ആനും ബൈബിളും ഉദ്ധരിച്ച ഏതാനും ഭാഗങ്ങള്‍കൂടി പരിശോധിക്കാം. ഇത് ബൈബിളിനെ ആക്ഷേപിക്കാനല്ല. ബൈബിളിന്റെ പകര്‍ത്തിയെഴുത്തെന്ന ആരോപണത്തിന് മറുപടി പറയാന്‍ ഇതല്ലാതെ മാര്‍ഗമില്ല എന്നതുകൊണ്ടാണ്.
പ്രവാചകനായ ലോത്തിനെക്കുറിച്ച് ബൈബിള്‍ പറയുന്നു: ['30. അനന്തരം ലോത്ത് സോവർ വിട്ടുപോയി; അവനും അവന്റെ രണ്ടു പുത്രിമാരും പർവ്വതത്തിൽ ചെന്നു പാർത്തു; സോവരിൽ പാർപ്പാൻ അവൻ ഭയപ്പെട്ടു; അവനും അവന്റെ രണ്ടു പുത്രിമാരും ഒരു ഗുഹയിൽ പാർത്തു. 31 അങ്ങനെയിരിക്കുമ്പോൾ മൂത്തവൾ ഇളയവളോടു: നമ്മുടെ അപ്പൻ വൃദ്ധനായിരിക്കുന്നു; ഭൂമിയിൽ എല്ലാടവും ഉള്ള നടപ്പുപോലെ നമ്മുടെ അടുക്കൽ വരുവാൻ ഭൂമിയിൽ ഒരു പുരുഷനും ഇല്ല.32 വരിക; അപ്പനാൽ സന്തതി ലഭിക്കേണ്ടതിന്നു അവനെ വീഞ്ഞുകുടിപ്പിച്ചു അവനോടുകൂടെ ശയിക്ക എന്നു പറഞ്ഞു. 33 അങ്ങനെ അന്നു രാത്രി അവർ അപ്പനെ വീഞ്ഞുകുടിപ്പിച്ചു; മൂത്തവൾ അകത്തു ചെന്നു അപ്പനോടുകൂടെ ശയിച്ചു; അവൾ ശയിച്ചതും എഴുന്നേറ്റതും അവൻ അറിഞ്ഞില്ല. 34 പിറ്റെന്നാൾ മൂത്തവൾ ഇളയവളോടു: ഇന്നലെ രാത്രി ഞാൻ അപ്പനോടുകൂടെ ശയിച്ചു; നാം അവനെ ഇന്നു രാത്രിയും വീഞ്ഞു കുടിപ്പിക്ക; അപ്പനാൽ സന്തതി ലഭിക്കേണ്ടതിന്നു നീയും അകത്തുചെന്നു അവനോടു കൂടെ ശയിക്ക എന്നു പറഞ്ഞു.35 അങ്ങനെ അന്നു രാത്രിയും അവർ അപ്പനെ വീഞ്ഞു കുടിപ്പിച്ചു; ഇളയവൾ ചെന്നു അവനോടു കൂടെ ശയിച്ചു; അവൾ ശയിച്ചതും എഴുന്നേറ്റതും അവൻ അറിഞ്ഞില്ല.36 ഇങ്ങനെ ലോത്തിന്റെ രണ്ടു പുത്രിമാരും അപ്പനാൽ ഗർഭം ധരിച്ചു. 37 മൂത്തവൾ ഒരു മകനെ പ്രസവിച്ചു അവന്നു മോവാബ് എന്നു പേരിട്ടു; അവൻ ഇന്നുള്ള മോവാബ്യർക്കു പിതാവു. 38 ഇളയവളും ഒരു മകനെ പ്രസവിച്ചു; അവന്നു ബെൻ-അമ്മീ എന്നു പേരിട്ടു; അവൻ ഇന്നുള്ള അമ്മോന്യർക്കു പിതാവു' (ഉല്‍പത്തി 19).

ലൂത്ത് നബിയുമായി ബന്ധപ്പെടുത്തി ഇത്തരമൊരു സംഭവം ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടില്ല. ഖുര്‍ആനിന്റെ ധാര്‍മിക സദാചാരമനുസരിച്ച് തികച്ചും അധര്‍മികള്‍ക്ക് മാത്രം സ്വീകരിക്കാവുന്ന ഒരു പ്രവര്‍ത്തനമാണിവിടെ മക്കള്‍ ചെയ്തത്. ഒരു പ്രവാചകനെ അതിന് കരുവാക്കി. ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട പ്രവാചകന്‍ ലൂത്ത് തികഞ്ഞ സാത്വികനും പരിശുദ്ധനുമാണ്. പകര്‍ത്തിയെഴുത്തായിരുന്നെങ്കില്‍ ഇത്തരം സംഭവങ്ങള്‍ പ്രവാചകന്‍മാരുടെ പേരില്‍ ഖുര്‍ആനിലും കടന്നുകൂടുമായിരുന്നു.
തികഞ്ഞ വഞ്ചനയും ചതിയും ചെയ്താണ് യാക്കോബ് പിതാവിന്റെ അനുഗ്രഹവും പ്രാര്‍ഥനയും സമ്പാദിച്ചത്. ജ്യേഷ്ഠ സഹോദരന്‍ ഏശാവിന്റെ അവകാശം അന്യായമായി തട്ടിയെടുക്കുകയായിരുന്നു അയാള്‍ (ഉല്‍പത്തി 27: 1-38).

ദൈവദൂതനായ ദാവീദ് തന്റെ രാജ്യത്തെ പട്ടാളക്കാരനായ ഊറിയായുടെ ഭാര്യ ബത്ശേബയെ വ്യഭിചരിച്ചതായും അവളെ ഭാര്യയാക്കാനായി ഊറിയയെ യുദ്ധമുന്നണിയിലേക്കയച്ച് കൊല്ലിച്ചതായും ബൈബിള്‍ പറയുന്നു (ശാമുവേല്‍ 11:1-16). പ്രവാചകനായ സോളമന്‍ ദൈവശാസന ധിക്കരിച്ച് വിലക്കപ്പെട്ടവരെ വിവാഹം കഴിച്ചതായും ബൈബിളില്‍ കാണാം (രാജാക്കന്മാര്‍ 11: 1-14).
എന്തുകൊണ്ട് ബൈബിളിലും ഖുര്‍ആനിലും പരാമര്‍ശിക്കപ്പെട്ട ചരിത്രപുരുഷന്‍മാര്‍ തമ്മിലുള്ള പ്രകടമായ ഈ അന്തരം എന്ന് ചിന്തിക്കുമ്പോള്‍ നമുക്ക് എത്തിച്ചേരാവുന്ന നിഗമനം. ബൈബില്‍ അവലംബിച്ച് രചിച്ച ഒരു ഗ്രന്ഥമല്ല ഖുര്‍ആന്‍ എന്നിടത്താണ്. മറിച്ച്  ഖുര്‍ആനില്‍നിന്ന് ഭിന്നമായി ബൈബിള്‍ പരാമര്‍ശങ്ങള്‍ എങ്ങനെ വന്നു എന്നതിന് ഖുര്‍ആന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന മറുപടിയും ബുദ്ധിപരമായ സാധ്യതയും ഇതാണ്.

പൂര്‍വപ്രവാചകന്മാരുടെ പില്‍ക്കാല ശിഷ്യന്മാര്‍ പ്രവാചകാധ്യാപനങ്ങളില്‍നിന്ന് വ്യതിചലിച്ച് ദുര്‍ബോധനങ്ങള്‍ക്ക് വശംവദരായപ്പോള്‍ സ്വന്തം അധര്‍മങ്ങളും സദാചാരരാഹിത്യങ്ങളും പ്രവാചകന്മാരിലും ആരോപിക്കുകയും അത് വേദപുസ്തകങ്ങളില്‍ കടന്നുകൂടുകയുമായിരുന്നു എന്നതാണ്. ഇങ്ങനെ കൈകടത്തപ്പെട്ട പൂര്‍വവേദങ്ങളുടെ അനുകരണമാണ് വിശുദ്ധ ഖുര്‍ആനെന്ന് അതിനെ സംബന്ധിച്ച നേരിയ അറിവെങ്കിലുമുള്ള ആരും ആരോപിക്കുകയില്ല. ദൈവദൂതന്മാരെപ്പറ്റി പ്രചരിപ്പിക്കപ്പെട്ട കള്ളക്കഥകള്‍ തിരുത്തി അവരുടെ യഥാര്‍ഥ അവസ്ഥ അനാവരണം ചെയ്യുകയാണ് ഖുര്‍ആന്‍ . അതുകൊണ്ടുതന്നെ ബൈബിള്‍ പരിചയപ്പെടുത്തുന്ന പ്രവാചകന്മാരില്‍ പലരും ചതിയന്മാരും തെമ്മാടികളും കൊടും കുറ്റവാളികളും ക്രൂരന്മാരുമാണെങ്കില്‍, ഖുര്‍ആനിലവര്‍ എക്കാലത്തും ഏവര്‍ക്കും മാതൃകാ യോഗ്യമായ സദ്ഗുണങ്ങളുടെ ഉടമകളായ മഹദ് വ്യക്തികളാണ്; മനുഷ്യരാശിയുടെ മഹാന്മാരായ മാര്‍ഗദര്‍ശകരും. വിശുദ്ധ ഖുര്‍ആന്റെ മറ്റൊരു നാമം അല്‍ഫുര്‍ഖാന്‍ സത്യാസത്യവിവേചകം എന്നാണ്. അതേ പ്രകാരം പൂര്‍വിക ഗ്രന്ഥങ്ങളിലുള്ളതിനെ സത്യമായി അവതരിപ്പിക്കുന്ന ഗ്രന്ഥം കൂടിയാണ് ഖുര്‍ആന്‍.

നിഷ്പക്ഷനായ ഒരാള്‍ക്ക് ബൈബിള്‍ അവലംബിച്ചാണ് ഖുര്‍ആന്‍ രചിക്കപ്പെട്ടത് എന്ന ഒരു വിഭാഗത്തിന്റെ വിശ്വാസം പോലെ കേവലം ഒരു വിശ്വാസമായി ഇതിനെ കാണുകയോ ഈ രണ്ട് വാദങ്ങളെയും പരിശോധിക്കുകയോ ചെയ്യാം. ചിന്തിക്കുക: ഒരു പകര്‍ത്തി എഴുത്തിന്റെ ശൈലിയാണോ ഖുര്‍ആനുള്ളത്, അതല്ല നിര്‍ഭയം ഒരു അധികാര കേന്ദ്രത്തില്‍ നിന്നുള്ള പ്രഖ്യാപനമോ എന്ന്.

'അല്ലയോ വേദക്കാരേ (ജൂതക്രൈസ്തവരേ), നമ്മുടെ ദൂതന്‍ നിങ്ങളില്‍ ആഗതനായിരിക്കുന്നു. അദ്ദേഹം വേദത്തില്‍നിന്ന് നിങ്ങള്‍ പൂഴ്ത്തിവച്ചിരുന്ന ധാരാളം കാര്യങ്ങള്‍ വെളിപ്പെടുത്തിത്തരികയും വളരെ കാര്യങ്ങള്‍ നിങ്ങള്‍ക്കു വിട്ടൊഴിവാക്കുകയും ചെയ്യുന്നു. നിങ്ങളില്‍, അല്ലാഹുവിങ്കല്‍നിന്നുള്ള വെളിച്ചവും സുവ്യക്തമായ വേദവും വന്നിരിക്കുന്നു. അതുവഴി, അല്ലാഹു അവന്റെ പ്രീതി തേടുന്നവര്‍ക്കു രക്ഷാസരണി കാണിച്ചുകൊടുക്കുകയും അവന്റെ ഹിതത്താല്‍ അവരെ അന്ധകാരത്തില്‍നിന്ന് പ്രകാശത്തിലേക്കെത്തിക്കുകയും നേര്‍വഴിയിലേക്കു നയിക്കുകയും ചെയ്യുന്നു.' (5:15-16) 

'ഓ മുഹമ്മദ്, പറഞ്ഞുകൊടുക്കുക: `അല്ലയോ മനുഷ്യരേ, നിങ്ങളുടെ അടുക്കല്‍ നിങ്ങളുടെ റബ്ബിങ്കല്‍നിന്നുളള സത്യം വന്നെത്തിക്കഴിഞ്ഞിരിക്കുന്നു. ഇനി ആരെങ്കിലും സന്മാര്‍ഗം സ്വീകരിക്കുന്നുവെങ്കില്‍ അതിന്റെ നേട്ടം അയാള്‍ക്കു തന്നെയാകുന്നു. ആരെങ്കിലും വഴി മാറിപ്പോവുകയാണെങ്കില്‍ ആ മാര്‍ഗഭ്രംശത്തിന്റെ നാശവും അയാള്‍ക്കുതന്നെയാകുന്നു. ഞാനോ, നിങ്ങള്‍ക്കു മീതെ ഉത്തരവാദിത്വമേല്‍പിക്കപ്പെട്ടവനൊന്നുമല്ല.' (10:108-109) 
(അവസാനിച്ചു) 

2010 നവംബർ 30, ചൊവ്വാഴ്ച

ഖുര്‍ആന്‍ ബൈബിളിന്റെ കോപ്പിയോ ? (2)


ദൈവത്തെയും ദൈവദൂതന്മാരെയും സംബന്ധിച്ച് വസ്തുതാപരമായിരിക്കാന്‍ സാധ്യതയില്ലാത്ത അനേകം പ്രസ്താവനകള്‍ ബൈബിളിലുണ്ട്. സാധ്യതയില്ലാത്ത എന്ന് പ്രയോഗിച്ചത് അതിനെതിരായി ഖുര്‍ആനില്‍ വന്നു എന്നത് കൊണ്ടല്ല. ജനത്തിന് മാതൃകയാകേണ്ട അനുകരണീയ പ്രവാചകന്‍മാരുടെ വ്യക്തിത്വത്തിന് അവ തീരെ യോജിക്കുന്നില്ല, അതേ പ്രകാരം ദൈവം അവ്വിധത്തിലാണെങ്കില്‍ ഒരു സ്രഷ്ടാവും സര്‍വശക്തനുമെന്ന ദൈവിക ഗുണത്തെ അത് ചോദ്യം ചെയ്യുന്നതുകൊണ്ടുകൂടിയാണ്. ബൈബിളാണ് ഖുര്‍ആന് അവലംബിച്ചിരുന്നെതെങ്കില്‍ അതേ അബദ്ധങ്ങള്‍ ഖുര്‍ആനിലും സംഭവിക്കേണ്ടതായിരുന്നു. പക്ഷെ അത് സംഭവിച്ചില്ല. ദൈവിക ഗാംഭീര്യത്തിന് നിരക്കാത്തവും പ്രവാചകന്‍മാരുടെ മഹത്വത്തിന് മങ്ങലേല്‍പ്പിക്കുന്ന ഒരു വചനവും ഖുര്‍ആനില്‍ വന്നില്ല. എന്നത് ബൈബിളിനെ അവലംബിച്ചല്ല ഖുര്‍ആന്‍ ഉണ്ടായതെന്നതിന്റെ പ്രകടവും ബുദ്ധിപരവുമായ തെളിവാണ്.  കൃത്യവും വസ്തുനിഷ്ഠവുമായ വിവരണം ഖുര്‍ആന്‍ നല്‍കുന്നുമുണ്ട്. ഉദാഹരണത്തിന് ചിലതു മാത്രമിവിടെ പറയാം:
[' 8. വെയിലാറിയപ്പോൾ യഹോവയായ ദൈവം തോട്ടത്തിൽ നടക്കുന്ന ഒച്ച അവർ കേട്ടു; മനുഷ്യനും ഭാര്യയും യഹോവയായ ദൈവം തങ്ങളെ കാണാതിരിപ്പാൻ തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയിൽ ഒളിച്ചു. 9 യഹോവയായ ദൈവം മനുഷ്യനെ വിളിച്ചു: നീ എവിടെ എന്നു ചോദിച്ചു.10 തോട്ടത്തിൽ നിന്റെ ഒച്ച കേട്ടിട്ടു ഞാൻ നഗ്നനാകകൊണ്ടു ഭയപ്പെട്ടു ഒളിച്ചു എന്നു അവൻ പറഞ്ഞു.11 നീ നഗ്നനെന്നു നിന്നോടു ആർ പറഞ്ഞു? തിന്നരുതെന്നു ഞാൻ നിന്നോടു കല്പിച്ച വൃക്ഷഫലം നീ തിന്നുവോ എന്നു അവൻ ചോദിച്ചു.12 അതിന്നു മനുഷ്യൻ: എന്നോടു കൂടെ ഇരിപ്പാൻ നീ തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു; ഞാൻ തിന്നുകയും ചെയ്തു എന്നു പറഞ്ഞു. (ഉല്‍പത്തി: 3)] 

['21 യഹോവയായ ദൈവം ആദാമിന്നും അവന്റെഭാര്യെക്കും തോൽകൊണ്ടു ഉടുപ്പു ഉണ്ടാക്കി അവരെ ഉടുപ്പിച്ചു. 22 യഹോവയായ ദൈവം: മനുഷ്യൻ നന്മതിന്മകളെ അറിവാൻ തക്കവണ്ണം നമ്മിൽ ഒരുത്തനെപ്പോലെ ആയിത്തീർന്നിരിക്കുന്നു; ഇപ്പോൾ അവൻ കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടെ പറിച്ചു തിന്നു എന്നേക്കും ജീവിപ്പാൻ സംഗതിവരരുതു എന്നു കല്പിച്ചു.23 അവനെ എടുത്തിരുന്ന നിലത്തു കൃഷി ചെയ്യേണ്ടതിന്നു യഹോവയായ ദൈവം അവനെ ഏദെൻ തോട്ടത്തിൽനിന്നു പുറത്താക്കി.' (ഉല്‍പത്തി 3:).]

['നാം ഇതിനുമുമ്പ് ആദമിന് ഒരു ശാസനം നല്‍കിയിരുന്നു. പക്ഷേ, അദ്ദേഹമതു മറന്നുപോയി. നാം അദ്ദേഹത്തില്‍ നിശ്ചയദാര്‍ഢ്യം കണ്ടില്ല. നാം മലക്കുകളോട്, ആദമിനു പ്രണാമം ചെയ്യുവിന്‍ എന്നാജ്ഞാപിച്ചത് ഓര്‍ക്കുക: അവരൊക്കെയും പ്രണാമം ചെയ്തു; ഇബ് ലീസ് ഒഴിച്ച്. അവന്‍ വിസമ്മതിച്ചുകളഞ്ഞു. അപ്പോള്‍ നാം ആദമിനോടു പറഞ്ഞു: `ആദമേ, ശ്രദ്ധിച്ചുകൊള്ളുക. നിന്റെയും പത്നിയുടെയും ശത്രുവാണിവന്‍. ഇവന്‍ നിങ്ങളെ സ്വര്‍ഗത്തില്‍നിന്ന് പുറത്താക്കാനും അങ്ങനെ നിങ്ങള്‍ നിര്‍ഭാഗ്യവാന്മാരായിത്തീരാനും ഇടയാകാതിരിക്കട്ടെ. ഇവിടെ നിനക്ക് വിശപ്പറിയാതെയും നഗ്നനാവാതെയും കഴിഞ്ഞുകൂടാനുള്ള സൌകര്യമുണ്ട്. നിന്നെ ദാഹവും താപവും പീഡിപ്പിക്കയുമില്ല.` എന്നാല്‍ ചെകുത്താന്‍ ആദമിനെ വ്യാമോഹിപ്പിച്ചു. അവന്‍ പറഞ്ഞു: `ഓ, ആദം! താങ്കള്‍ക്കു നിത്യജീവിതവും ശാശ്വതാധിപത്യവും നേടിത്തരുന്ന ഒരു വൃക്ഷം കാണിച്ചുതരട്ടെയോ?` അങ്ങനെ അവരിരുവരും (ആദമും ഹവ്വയും) ആ വൃക്ഷത്തിന്റെ കനി തിന്നു. തദ്ഫലമായി ഉടനെ അവരുടെ നഗ്നത പരസ്പരം വെളിവായി. ഇരുവരും സ്വര്‍ഗത്തിലെ ഇലകള്‍കൊണ്ട് അതു മറയ്ക്കാന്‍ തുടങ്ങി. ആദം റബ്ബിനെ ധിക്കരിച്ചു. നേര്‍വഴിയില്‍നിന്നു വ്യതിചലിച്ചുപോയി. (20:115-121)]



ദൈവദൂതന്മാരെ സംബന്ധിച്ച് ബൈബിളിലുള്ള പലതും അവിശ്വസനീയങ്ങളാണെന്നു മാത്രമല്ല; അവരെ അത്യന്തം മോശക്കാരായി ചിത്രീകരിക്കുന്നവയുമാണ്. നോഹയെക്കുറിച്ച് പറയുന്നു: [ '20 നോഹ കൃഷിചെയ്‍വാൻ തുടങ്ങി; ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി. 21 അവൻ അതിലെ വീഞ്ഞുകുടിച്ചു ലഹരിപിടിച്ചു തന്റെ കൂടാരത്തിൽ വസ്ത്രം നീങ്ങി കിടന്നു. 22 കനാന്റെ പിതാവായ ഹാം പിതാവിന്റെ നഗ്നത കണ്ടു വെളിയിൽ ചെന്നു തന്റെ രണ്ടു സഹോദരന്മാരെയും അറിയിച്ചു.23 ശേമും യാഫെത്തും ഒരു വസ്ത്രം എടുത്തു, ഇരുവരുടെയും തോളിൽ ഇട്ടു വിമുഖരായി ചെന്നു പിതാവിന്റെ നഗ്നത മറെച്ചു; അവരുടെ മുഖം തിരിഞ്ഞിരുന്നതുകൊണ്ടു അവർ പിതാവിന്റെ നഗ്നത കണ്ടില്ല. 24 നോഹ ലഹരിവിട്ടുണർന്നപ്പോൾ തന്റെ ഇളയ മകൻ ചെയ്തതു അറിഞ്ഞു. 25 അപ്പോൾ അവൻ: കനാൻ ശപിക്കപ്പെട്ടവൻ; അവൻ തന്റെ സഹോദരന്മാർക്കു അധമദാസനായ്തീരും എന്നു പറഞ്ഞു.'(ഉല്‍പത്തി 9: )].

മദ്യപിച്ച് ലഹരിക്കടിപ്പെട്ട് നഗ്നനാവുകയും ഒരു കുറ്റവുമില്ലാതെ പേരക്കുട്ടിയെ ശപിക്കുകയും ചെയ്ത നോഹ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന പരമപരിശുദ്ധനായ നൂഹ് നബിയില്‍നിന്നെത്രയോ വ്യത്യസ്തനാണ്.

പ്രവാചകനായ അബ്രഹാമിനെപ്പറ്റി ബൈബിള്‍ പറയുന്നു: ['12 മിസ്രയീമ്യർ നിന്നെ കാണുമ്പോൾ ഇവൾ അവന്റെ ഭാര്യയെന്നു പറഞ്ഞു എന്നെകൊല്ലുകയും നിന്നെ ജീവനോടെ രക്ഷിക്കയും ചെയ്യും.13 നീ എന്റെ സഹോദരിയെന്നു പറയേണം; എന്നാൽ നിന്റെ നിമിത്തം എനിക്കു നന്മവരികയും ഞാൻ ജീവിച്ചിരിക്കയും ചെയ്യും.14 അങ്ങനെ അബ്രാം മിസ്രയീമിൽ എത്തിയപ്പോൾ സ്ത്രീ അതി സുന്ദരി എന്നു മിസ്രയീമ്യർ കണ്ടു.15 ഫറവോന്റെ പ്രഭുക്കന്മാരും അവളെ കണ്ടു, ഫറവോന്റെ മുമ്പാകെ അവളെ പ്രശംസിച്ചു; സ്ത്രീ ഫറവോന്റെ അരമനയിൽ പോകേണ്ടിവന്നു.16 അവളുടെ നിമിത്തം അവൻ അബ്രാമിന്നു നന്മ ചെയ്തു; അവന്നു ആടുമാടുകളും ആൺകഴുതകളും ദാസന്മാരും ദാസിമാരും പെൺകഴുതകളും ഒട്ടകങ്ങളും ഉണ്ടായിരുന്നു.'(ഉല്‍പത്തി 12 ).]

സ്വന്തം സഹധര്‍മിണിയെ ഭരണാധികാരിക്ക് വിട്ടുകൊടുത്ത് സമ്മാനം സ്വീകരിക്കുന്ന നീചനായ ബൈബിളിലെ അബ്രാമും ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന ആദര്‍ശശാലിയും ത്യാഗസന്നദ്ധനും ധീരനും വിപ്ളവകാരിയുമായ ഇബ്റാഹീം നബിയും തമ്മില്‍ ഒരു താരതമ്യം പോലും സാധ്യമല്ല.  എത്ര ആദരണീയരായിട്ടാണ് ഖുര്‍ആന്‍ അവരെ പരിചയപ്പെടുത്തുന്നതെന്ന് നോക്കുക:

[(19:54-55) ഇസ്മാഈലിനെയും ഈ വേദത്തില്‍ അനുസ്മരിക്കുക. അദ്ദേഹം വാഗ്ദാനം പാലിക്കുന്നതില്‍ സത്യസന്ധനായിരുന്നു. നബിയായ റസൂലുമായിരുന്നു. അദ്ദേഹം സ്വകുടുംബത്തോടു നമസ്കാരവും സകാത്തും കല്‍പിച്ചിരുന്നു. റബ്ബിങ്കല്‍ അദ്ദേഹം പ്രീതിപ്പെട്ട ദാസന്‍ തന്നെയായിരുന്നു. (56-57) ഈ വേദത്തില്‍ ഇദ്രീസിനെ അനുസ്മരിക്കുക. അദ്ദേഹം സത്യസന്ധനായ വ്യക്തിയും പ്രവാചകനുമായിരുന്നു. നാം അദ്ദേഹത്തെ ഉന്നതസ്ഥാനത്തേക്കുയര്‍ത്തി.  (58) ഇവര്‍ അല്ലാഹു അനുഗ്രഹിച്ച പ്രവാചകന്മാരത്രെ-ആദമിന്റെ സന്തതികളിലും, നാം നൂഹിനോടൊപ്പം കപ്പലില്‍ വഹിച്ചവരിലും, ഇബ്റാഹീമിന്റെയും ഇസ്റാഈലിന്റെയും വംശത്തിലും നാം സന്മാര്‍ഗം നല്‍കുകയും തെരഞ്ഞെടുക്കുകയും ചെയ്തവരിലും പെട്ടവരത്രെ ഇവരൊക്കെയും. കരുണാവാരിധിയായ അല്ലാഹുവിന്റെ സൂക്തങ്ങള്‍ കേള്‍പ്പിക്കപ്പെടുമ്പോള്‍ ഇവരെല്ലാം കരഞ്ഞുകൊണ്ട് സാഷ്ടാംഗം വീഴുമായിരുന്നു.']   


ഖുര്‍ആന്‍ ബൈബിള്‍ അവലംബിച്ച് എഴുതിയുണ്ടാക്കിയതാണ് എന്ന് പൊതുവായി വിശ്വസിക്കുന്നത് കൊണ്ടാണ് ഇങ്ങനെ ഒരു താരതമ്യം പ്രസക്തമാകുന്നത്. മുകളിലെ ഉദ്ധരണികളില്‍ നിന്നും ഖുര്‍ആനും ബൈബിളും തമ്മിലുള്ള ബന്ധം എത്തരത്തിലുള്ളതാണ് എന്ന് വിശദീകരണം ആവശ്യമില്ലാത്ത വിധം വ്യക്തമാണ്. ആരോപണം കേട്ടാല്‍ തോന്നുക. എഴുത്തും വായനയും  അറിയാവുന്ന മുഹമ്മദ് നാല്‍പതാം വയസുമുതല്‍ ബൈബിളും മുന്നില്‍ വെച്ച് ഗ്രന്ഥരചന നടത്തുകയായിരുന്നു എന്നാണ്. എന്ന് പ്രവാചകത്വത്തിന് ശേഷമുള്ള പ്രവാചക ചരിത്രമൊന്ന് വായിക്കുക. പ്രബോധനം, ശത്രുക്കളുടെ പീഢനങ്ങള്‍,  പലായനം, യുദ്ധങ്ങള്‍ അതിസങ്കീര്‍ണമായ ചുറ്റുപാടില്‍ ഒരു വ്യക്തിക്ക് ഇത്രയും ഗംഭീരമായ ഒരു ഗ്രന്ഥം രചിക്കാനും അതിനനുസൃതമായി ഒരു സമൂഹത്തെ അടിമുടി പരിവര്‍ത്തിപ്പിച്ചെടുക്കാനും സാധിച്ചു എന്ന് വിശ്വസിക്കാന്‍ കഴിയുമോ. (തുടരും)


2010 നവംബർ 27, ശനിയാഴ്‌ച

ഖുര്‍ആന്‍ ബൈബിളിന്റെ കോപ്പിയോ ? (1)

ഖുര്‍ആന്‍ ബൈബിളിന്റെ കോപ്പിയോ തിരുത്തോ.  ഖുര്‍ആന്‍ ബൈബിളിന്റെ കോപ്പിയോ അതല്ല അതിനൊരു തിരുത്തോ എന്ന വിഷയമാണ് ഇവിടെ തുടര്‍ന്ന് ചര്‍ചചെയ്യാന്‍ ഉദ്ദേശിക്കുന്നത്. കോപ്പിയെന്ന് പറയുന്നവര്‍ ഈ പോസ്റ്റിനോട് വിയോജിക്കുന്നവരും ദൈവികമായ തിരുത്തല്‍ എന്ന് പറയുന്നവര്‍ ഇതിനോട് യോജിക്കുന്നവരുമാണ് രണ്ട് കൂട്ടര്‍ക്കും ചര്‍ചയിലേക്ക് സ്വാഗതം.


നാല്‍പതു വയസ്സുവരെ നബിതിരുമേനി ജീവിതത്തിലൊരൊറ്റ കളവും പറഞ്ഞിട്ടില്ല. അതിനാല്‍ അദ്ദേഹം അല്‍അമീന്‍ (വിശ്വസ്ത‍ന്‍)  എന്ന പേരിലാണറിയപ്പെട്ടിരുന്നത്. അത്തരമൊരു വ്യക്തി ദൈവത്തിന്റെ പേരില്‍ പെരുങ്കള്ളം പറയുമെന്ന് സങ്കല്‍പിക്കുക പോലും സാധ്യമല്ല. മാത്രമല്ല; അത്യുല്‍കൃഷ്ടമായ ഒരു ഗ്രന്ഥം സ്വയം രചിക്കുന്ന ആരെങ്കിലും അത് തന്റേതല്ലെന്നും തനിക്കതില്‍ ഒരു പങ്കുമില്ലെന്നും പറയുമെന്ന് പ്രതീക്ഷിക്കാവതല്ല. അഥവാ പ്രവാചകന്‍ ഖുര്‍ആന്‍ സ്വന്തം സൃഷ്ടിയാണെന്ന് അവകാശപ്പെട്ടിരുന്നെങ്കില്‍ അറേബ്യന്‍ ജനത അദ്ദേഹത്തെ അത്യധികം ആദരിക്കുമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ലഭിച്ചത് കൊടിയ പീഡനങ്ങളാണല്ലോ. ലോകത്ത് അസംഖ്യം ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ ഏറെ ശ്രദ്ധേയമായവ ചരിത്രത്തില്‍ ചില മാറ്റങ്ങള്‍ സൃഷ്ടിക്കുകയും വിപ്ളവങ്ങള്‍ക്ക് നിമിത്തമാവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വിശുദ്ധ ഖുര്‍ആനെപ്പോലെ, ഒരു ജനതയുടെ ജീവിതത്തെ സമഗ്രമായി സ്വാധീനിക്കുകയും പരിവര്‍ത്തിപ്പിക്കുകയും ചെയ്ത മറ്റൊരു ഗ്രന്ഥവും ലോകത്തില്ല. 

വിശ്വാസം, ജീവിതവീക്ഷണം, ആരാധന, ആചാരാനുഷ്ഠാനങ്ങള്‍, വ്യക്തിജീവിതം, കുടുംബരംഗം, സാമൂഹിക മേഖല, സാമ്പത്തിക വ്യവസ്ഥ, സാംസ്കാരിക മണ്ഡലം, രാഷ്ട്രീയ ഘടന, ഭരണസമ്പ്രദായം, സ്വഭാവരീതി, പെരുമാറ്റക്രമം തുടങ്ങി വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ലോകത്തിന്റെയും എല്ലാ അവസ്ഥകളെയും വ്യവസ്ഥകളെയും വിശുദ്ധ ഖുര്‍ആന്‍ അടിമുടി മാറ്റിമറിക്കുകയുണ്ടായി. നിരക്ഷരനായ ഒരാള്‍ ഈ വിധം സമഗ്രമായ ഒരു മഹാവിപ്ളവം സൃഷ്ടിച്ച ഗ്രന്ഥം രചിക്കുമെന്ന് സങ്കല്‍പിക്കാനാവില്ല. ശത്രുക്കളെപ്പോലും വിസ്മയകരമായ വശ്യശക്തിയാല്‍ കീഴ്പെടുത്തി മിത്രമാക്കി മാറ്റി, അവരെ തീര്‍ത്തും പുതിയ മനുഷ്യരാക്കി പരിവര്‍ത്തിപ്പിച്ച ഗ്രന്ഥമാണ് ഖുര്‍ആന്‍ ‍.

കാര്യം ഇങ്ങനെയായിരിക്കെ മുഹമ്മദ് എന്ന വ്യക്തി സ്വയം രചിച്ച് പറഞ്ഞതാണെന്നും അതിന് ബൈബിള്‍ അവലംബിച്ചുമെന്നും വിശ്വസിക്കുന്നവരാണ് ഖുര്‍ആന്റെ ദൈവികത നിഷേധിക്കുന്നതില്‍ മഹാഭൂരിപക്ഷവും. യുക്തിവാദികള്‍ പൊതുവെ ഈ വിഭാഗത്തിലാണ് എന്നാണ് അവരുടെ പോസ്റ്റുകളില്‍നിന്നും കമന്റുകളില്‍നിന്നും വ്യക്തമാകുന്നത്. ഇത് അംഗീകരിച്ചുകൊടുക്കാമെങ്കില്‍ മുഹമ്മദ് നബിക്ക് അല്‍പം സ്ഥാനമാനങ്ങളൊക്കെ അവര്‍ നല്‍കും അതീവ പ്രതിഭാശാലി, മഹാ ബുദ്ധിമാന്‍ എന്നൊക്കെ തല്‍കാലം അംഗീകരിക്കാനും അവര്‍ക്ക് മടിയില്ല. ഖുര്‍ആന്റെയും ബൈബിളിന്റെയും ദൈവികത അവര്‍ അംഗീകരിക്കില്ലെങ്കിലും ഖുര്‍ആനോട് അവര്‍ക്ക് എന്തെന്നില്ലാത്ത വിരോധമുണ്ട്. ഖുര്‍ആന്‍ ചെലുത്തുന്ന സ്വാധീനവും ബൈബിളിന്റെ ആ കാര്യത്തിലുള്ള നിസ്സഹായതയുമായിരിക്കാം അതിന് കാരണമെന്ന് ഞാന്‍ ഊഹിക്കുന്നു.


ക്രൈസ്തവരെ സംബന്ധിച്ച് ഈ നിലപാടിനോട് യോജിക്കാനാവില്ല. ബൈബിള്‍ ദൈവപ്രോക്തമെന്ന് വാദിക്കുന്നതോടൊപ്പം ഖുര്‍ആന്‍ അതല്ലെന്ന് വരുത്തുകയും ചെയ്യേണ്ടതിനാല്‍ ബൈബിളില്‍നിന്ന് മുഹമ്മദ് പകര്‍ത്തിയെഴുതി എന്നതല്ലാതെ മറ്റൊരു സമീപനം ലോകത്തെ മഹാഭൂരിപക്ഷം വരുന്ന ക്രൈസ്തവര്‍ക്ക് സാധ്യമല്ല. അങ്ങനെ ചിന്തിക്കാനും അത് പ്രചരിപ്പിക്കാനുമൊക്കെ അവര്‍ക്ക് അവകാശമുണ്ട്. അതേ പ്രകാരം തന്നെ വകവെച്ചുകൊണ്ടുക്കേണ്ടതാണ് അതില്‍ എത്രമാത്രം വസ്തുതയുണ്ട് എന്നന്വേഷിക്കാനുള്ള അവകാശവും. അതിനുള്ള എളിയ ശ്രമമാണിവിടെ നടത്തുന്നത്. ഈ ആരോപണത്തിന് സത്യവുമായി വിദൂരബന്ധം പോലുമില്ലെന്ന് ഖുര്‍ആനും ബൈബിളും ഒരാവൃത്തി വായിക്കുന്ന ഏവര്‍ക്കും വളരെ വേഗം ബോധ്യമാകും.

മാനവരാശിക്ക് ദൈവിക ജീവിതവ്യവസ്ഥ സമര്‍പ്പിക്കാന്‍ നിയുക്തരായ സന്ദേശവാഹകരാണ് പ്രവാചകന്മാര്‍. അതിനാല്‍ അവരിലൂടെ സമര്‍പിതമായ ദൈവികസന്മാര്‍ഗത്തില്‍ ഏകത ദൃശ്യമാവുക സ്വാഭാവികമത്രെ. ദൈവദൂതന്മാരുടെ അധ്യാപനങ്ങളില്‍നിന്ന് അനുയായികള്‍ വ്യതിചലിച്ചില്ലായിരുന്നുവെങ്കില്‍ മതങ്ങള്‍ക്കിടയില്‍ വൈവിധ്യമോ വൈരുധ്യമോ ഉണ്ടാവുമായിരുന്നില്ല. എന്നല്ല; ദൈവദൂതന്മാരുടെ അടിക്കടിയുള്ള നിയോഗം സംഭവിച്ചതുതന്നെ മുന്‍ഗാമികളുടെ മാര്‍ഗത്തില്‍നിന്ന് അവരുടെ അനുയായികള്‍ വ്യതിചലിച്ചതിനാലാണ്.

മുഹമ്മദ് നബി നിയോഗിതനായ കാലത്ത് മോശയുടെയോ യേശുവിന്റെയോ സന്ദേശങ്ങളും അധ്യാപനങ്ങളും തനതായ സ്വഭാവത്തില്‍ നിലവിലുണ്ടായിരുന്നില്ല. ജൂത-ക്രൈസ്തവ സമൂഹങ്ങള്‍ അവയില്‍ ഗുരുതരമായ കൃത്രിമങ്ങളും വെട്ടിച്ചുരുക്കലുകളും കൂട്ടിച്ചേര്‍ക്കലുകളും നടത്തിയിരുന്നു. അതിനാല്‍ ആ പ്രവാചകന്മാര്‍ പ്രബോധനംചെയ്ത കാര്യങ്ങളില്‍ ചെറിയ ഒരംശം മാത്രമാണ് ബൈബിളിലുണ്ടായിരുന്നത്. അവയുമായി മുഹമ്മദ് നബിയിലൂടെ അവതീര്‍ണമായ വിവരണങ്ങള്‍ ഒത്തുവരിക സ്വാഭാവികമാണ്. അങ്ങനെ സംഭവിച്ചിട്ടുമുണ്ട്. ബൈബിളിലും ഖുര്‍ആനിലും കാണപ്പെടുന്ന സാദൃശ്യം അതത്രെ.

മതത്തിന്റെ അടിസ്ഥാന സിദ്ധാന്തമായ ദൈവവിശ്വാസത്തില്‍തന്നെ ജൂത-ക്രൈസ്തവ വീക്ഷണവും മുഹമ്മദ് നബിയുടെ പ്രബോധനവും തമ്മില്‍ പ്രകടമായ അന്തരവും വൈരുധ്യവും കാണാം. മുഹമ്മദ് നബി കണിശമായ ഏകദൈവസിദ്ധാന്തമാണ് സമൂഹസമക്ഷം സമര്‍പ്പിച്ചത്. എന്നാല്‍ ജൂത-ക്രൈസ്തവ സമൂഹങ്ങളില്‍ നിലനിന്നത് കളകളഞ്ഞ ഏകദൈവത്വമായിരുന്നില്ലന്ന് വളരെ വ്യക്തമാണ്. ബഹുദൈവത്വവുമായി താത്വികമായി യോജിച്ചിരുന്നില്ലെങ്കിലും ബിംബാരാധനയും ത്രിത്വസങ്കല്‍പവും ഇസ്ലാം പഠിപ്പിച്ച ഏകദൈവത്വ വീക്ഷണത്തിന് നിരക്കുന്നതായിരുന്നില്ല. നബിതിരുമേനി ഇത് അംഗീകരിച്ച് അനുകരിച്ചില്ലെന്ന് മാത്രമല്ല, അദ്ദേഹത്തിലൂടെ അവതീര്‍ണമായ ഖുര്‍ആന്‍ അതിനെ നിശിതമായി എതിര്‍ക്കുക കൂടി ചെയ്തു. 'യഹൂദന്മാര്‍ പറയുന്നു: `ഉസൈര്‍ ദൈവപുത്രനാകുന്നു.` നസ്റായര്‍ പറയുന്നു: `മിശിഹാ ദൈവപുത്രനാകുന്നു.` ഇതെല്ലാം അവരുടെ വായകളുതിര്‍ക്കുന്ന നിരര്‍ഥക വര്‍ത്തമാനങ്ങളത്രെ. അവര്‍, പൂര്‍വിക സത്യനിഷേധികളുടെ വാദത്തോട് സാദൃശ്യം വഹിക്കുന്നു' (9:30).

'അല്ലാഹുവിനു സ്തുതി. അവന്‍ തന്റെ ദാസന്ന് ഈ വേദം അവതരിപ്പിച്ചുകൊടുത്തു. അതില്‍ യാതൊരു വക്രതയും ഉണ്ടാക്കിയിട്ടില്ല. തികച്ചും ശരിയായ വാര്‍ത്തകള്‍ പറയുന്ന വേദം. അത് ദൈവത്തിന്റെ മഹാശിക്ഷയെക്കുറിച്ച് ജനത്തെ താക്കീത് ചെയ്യുന്നതിനും സത്യവിശ്വാസം കൈക്കൊണ്ട് സല്‍ക്കര്‍മചാരികളാകുന്നവരെ, അവര്‍ക്ക് ശാശ്വതമായി വസിക്കാവുന്ന ശ്രേഷ്ഠമായ പ്രതിഫലമുണ്ടെന്ന സുവിശേഷമറിയിക്കുന്നതിനും ഉള്ളതാകുന്നു; അല്ലാഹു പുത്രനെ സ്വീകരിച്ചിരിക്കുന്നു എന്നു വാദിക്കുന്നവരെ ഭയപ്പെടുത്തുന്നതിനും. അവര്‍ക്ക് അക്കാര്യത്തെക്കുറിച്ച് യാതൊരറിവുമില്ല. അവരുടെ പൂര്‍വികര്‍ക്കും ഉണ്ടായിരുന്നില്ല. അവരുടെ വായ്കളില്‍നിന്നുതിരുന്നത് ഗുരുതരമായ വാക്കു തന്നെ, കേവലം കള്ളമാണവര്‍ പറയുന്നത്. '(18: 1-5).

(5:72) മര്‍യമിന്റെ പുത്രന്‍ മസീഹ് ദൈവംതന്നെ എന്ന് വാദിച്ചവര്‍, നിശ്ചയമായും സത്യത്തെ നിഷേധിച്ചിരിക്കുന്നു. എന്നാല്‍ മസീഹ് പറഞ്ഞതോ, `ഇസ്രയേല്‍ വംശമേ, എന്റെയും നിങ്ങളുടെയും നാഥനായ അല്ലാഹുവിന് ഇബാദത്തു ചെയ്യുവിന്‍` എന്നത്രെ. അല്ലാഹുവിനു പങ്കാളിയെ ആരോപിക്കുന്നവന് അല്ലാഹു സ്വര്‍ഗം നിരോധിച്ചിട്ടുള്ളതാകുന്നു. നരകമാകുന്നു അവന്റെ വാസസ്ഥലം. അത്തരം അധര്‍മികള്‍ക്ക് യാതൊരു സഹായിയും ഉണ്ടായിരിക്കുന്നതല്ല. (73-74) അല്ലാഹു മൂവരില്‍ ഒരുവനാകുന്നു എന്നു വാദിച്ചവരും തീര്‍ച്ചയായും സത്യത്തെ നിഷേധിച്ചിരിക്കുന്നു. എന്തെന്നാല്‍ ഏകദൈവമല്ലാതെ ഒരു ദൈവവും ഇല്ലതന്നെ. ഇത്തരം വാദങ്ങളില്‍നിന്നു വിരമിച്ചില്ലെങ്കില്‍, അവരില്‍ നിഷേധികളായവരെ വേദനയേറിയ ശിക്ഷ ബാധിക്കുകതന്നെ ചെയ്യും. ഇനിയും അവര്‍ പശ്ചാത്തപിക്കുകയും അവനോടു മാപ്പിരക്കുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ മാപ്പരുളുന്നവനും ദയാപരനുമല്ലോ. (75) മര്‍യമിന്റെ പുത്രന്‍ മസീഹ് ഒരു ദൈവദൂതനല്ലാതെ മറ്റാരുമായിരുന്നില്ല. അദ്ദേഹത്തിനുമുമ്പും നിരവധി ദൈവദൂതന്മാര്‍ കഴിഞ്ഞുപോയിട്ടുള്ളതാകുന്നു. അദ്ദേഹത്തിന്റെ മാതാവ് തികഞ്ഞ സത്യവതിയായിരുന്നു. അവരിരുവരും ആഹാരം കഴിച്ചിരുന്നു. നാം യാഥാര്‍ഥ്യത്തിന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്കു മുമ്പില്‍ എങ്ങനെ വെളിപ്പെടുത്തുന്നുവെന്നു നോക്കുക. പിന്നെ അവര്‍ എങ്ങോട്ടാണ് വ്യതിചലിച്ചുപോകുന്നതെന്നും നോക്കുക.'

ഇന്നത്തെ ജൂത-ക്രൈസ്തവ സമൂഹത്തെപ്പോലെ അന്നത്തെ യഹൂദരും ക്രൈസ്തവരും യേശുവിന്റെ കുരിശുമരണത്തില്‍ വിശ്വസിക്കുന്നവരായിരുന്നു. എന്നാല്‍ ഖുര്‍ആന്‍ ഇതിനെ ശക്തമായി നിഷേധിക്കുന്നു. "അവര്‍ ഊറ്റംകൊണ്ടു: `മസീഹ് ഈസബ്നുമര്‍യമിനെ, ദൈവദൂതനെ ഞങ്ങള്‍ വധിച്ചുകളഞ്ഞിരിക്കുന്നു.` സത്യത്തിലോ, അവരദ്ദേഹത്തെ വധിച്ചിട്ടില്ല. ക്രൂശിച്ചിട്ടുമില്ല. പിന്നെയോ, സംഭവം അവര്‍ക്ക് അവ്യക്തമാവുകയത്രെ ഉണ്ടായത്. അദ്ദേഹത്തെക്കുറിച്ചു ഭിന്നാഭിപ്രായമുള്ളവരും സന്ദേഹത്തില്‍തന്നെയാകുന്നു. അവരുടെ പക്കല്‍ ആ സംഭവത്തെക്കുറിച്ച്, കേവലം ഊഹത്തെ പിന്തുടരുന്നതല്ലാതെ, ഒരറിവുമില്ല. അവര്‍ മസീഹിനെ ഉറപ്പായും വധിച്ചിട്ടില്ല. പ്രത്യുത അദ്ദേഹത്തെ അല്ലാഹു അവങ്കലേക്കുയര്‍ത്തിയതാകുന്നു. അല്ലാഹുവോ, അജയ്യശക്തനും അഭിജ്ഞനുമല്ലോ. '(4:157).

ഇത് വായിക്കുന്ന ഒരാള്‍ക്ക് ഖുര്‍ആന്‍ ബൈബിളിന്റെ പകര്‍പ്പാണ് എന്ന് പറയാന്‍ കഴിയുമോ. ഇങ്ങനെയാണോ ഒരു ഗ്രന്ഥത്തില്‍നിന്ന് കോപ്പിയടിക്കുക. ഇവിടെ ഒരു പുതിയ അടിത്തറയില്‍നിന്ന് പുതിയ ഗ്രന്ഥം രൂപം കൊള്ളുക തന്നെയാണ്. എന്നാല്‍ ഈ ആശയവും പ്രബോധനവും പുതിയതാണ് എന്നതിന് വാദമില്ല. മറിച്ച് ദൈവത്തിങ്കല്‍ നിന്നുള്ള ശക്തമായ ഒരു തിരുത്താണ്. അല്ലായിരുന്നെങ്കില്‍ ആ വാചകങ്ങള്‍ക്ക് അത്രയും ദൃഢത ഉണ്ടാകുമായിരുന്നില്ല.  ഖുര്‍ആന്‍ ബൈബിളിനൊരു തിരുത്താണ് എന്ന പ്രസ്താവന മാത്രമേ നമ്മുടെ സാമാന്യബുദ്ധിയെ തൃപ്തിപ്പെടുത്തൂ എന്നാണ് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്.   (തുടരും)

2010 മേയ് 23, ഞായറാഴ്‌ച

നാലിലൊരാള്‍ മുസ്‌ലിമായാല്‍ എന്താണ് കുഴപ്പം?

ഇയ്യിടെ ഒരു ക്രൈസ്തവസൈറ്റില്‍ കണ്ട ലേഖനത്തിന്റെ തലക്കെട്ട് (ലോകത്ത് നാലിലൊരാള്‍ മുസ്ലിം) എന്നെ ആകര്‍ഷിച്ചു. അഞ്ചിലൊന്ന് എന്നായിരുന്നു ഇതുവരെ പറഞ്ഞ് പോന്നിരുന്നത്. പല അവകാശവാദങ്ങളും അതിശയോക്തിപരമായതിനാല്‍ അത്തരം എണ്ണത്തിന് കാര്യമായ പരിഗണന നല്‍കാറില്ല. ലേഖനം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതിനനുസരിച്ച് പലപ്പോഴും ഒരേ വിഭാഗം തന്നെ അത് കൂട്ടിയും കുറച്ചുമൊക്കെ നല്‍കും. ലോകത്ത് ഏറ്റവും വേഗത്തില്‍ പ്രചരിക്കുന്ന മതം ഇസ്‌ലാമാണ് എന്ന അവകാശവാദം പുതുമയുള്ളതല്ല. എന്നാല്‍ മറ്റൊരു ക്രിസ്ത്യന്‍ സൈറ്റില്‍ അത് ചോദ്യം ചെയ്യപ്പെട്ടതായി കണ്ടു. 

ജനിച്ച് വീഴുന്ന മനുഷ്യന്‍ തന്റെ കുഞ്ഞുനാളില്‍ സ്വതന്ത്രമായ വിശ്വാസപരവും ആദര്‍ശപരവുമായ തെരഞ്ഞെടുപ്പിന് കഴിയുന്ന അവസ്ഥയിലല്ല ഉള്ളത് എന്ന് എല്ലാവര്‍ക്കുമറിയാം. തന്റെ ആശയരൂപീകരണ ഘട്ടത്തില്‍ തന്നെ ശക്തമായി സ്വധീനിച്ച, തന്റെ അപ്പോഴത്തെ അറിവിനും ബുദ്ധിക്ക് യോജിച്ച ഒരു വിശ്വാസവും ദര്‍ശനവും അതുമല്ലെങ്കില്‍ വിശ്വാസമില്ലായ്മയും സ്വീകരിക്കുകയാണ് മനുഷ്യന്‍ ചെയ്യുന്നത്. മഹാഭൂരിപക്ഷവും അത്തരം ഘട്ടത്തില്‍ താന്‍ വളര്‍ന്ന് പോന്ന/പരിചയിച്ച ഒരു മതത്തില്‍ (അഭിപ്രായം എന്നനിലക്ക് എടുത്താല്‍ മതി) തുടരുകയാണ് . മറ്റുമതത്തിന്റെ ആളുകള്‍  അഭിപ്രായം മാറ്റണമെന്ന് കരുതുന്നവരും സ്വന്തം മതത്തില്‍ നിന്ന് ആരും അഭിപ്രായം മാറ്റരുതെന്ന് വാശിയുള്ളവരാണ്. ഇതിലെ ഗുണകാംക്ഷപരമായ വശത്തെ ഞാനും അനുകൂലിക്കും. താനിപ്പോഴുള്ളത് സത്യത്തിലാണെന്നും തന്റെ മതത്തില്‍നിന്ന് മാറുമ്പോള്‍ അവര്‍ പിഴച്ച അഭിപ്രായത്തിലേക്കാണ് പോകുന്നതെന്നുമുള്ള അഭിലഷണീയമായ കാഴ്ചപ്പാടാണതിന് നിദാനം. എന്നാല്‍ മനുഷ്യത്വത്തോടും മനുഷ്യന്റെ അഭിപ്രായ സ്വാതന്ത്ര്യത്തോടും അനുഭാവമുള്ള ശരിയായ കാഴ്ചപ്പാട് അവനവന് ബോധ്യപ്പെട്ട വിശ്വാസവും മതവും (അതില്‍ യുക്തിവാദമെന്ന ദൈവനിഷേധവും പെടും) തെരഞ്ഞെടുക്കുവാന്‍ അനുവദിക്കുക എന്നതാണ്. അതുകൊണ്ടാണ് ഭരണഘടന അതിന് അനുമതി നല്‍കുന്നത്. എന്നാല്‍ പ്രലോഭനത്തിലൂടെയും ഭീഷണിയിലൂടെയും അതിന് ശ്രമിക്കുന്നത് അതേ അഭിപ്രായസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമായതിനാല്‍ അതിനെ ഒരു നിലക്കും അനുവദിക്കാനുമാവില്ല.    

ഇനി നമ്മുക്ക് പ്രസ്തുത ലേഖനം വായിക്കാം:


[[[ 'ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍, ലോകത്തെ ഏറ്റവുമധികം മുസ്ലീങ്ങള്‍ അധിവസിക്കുന്ന മൂന്നാമത്തെ രാജ്യമേത്‌ എന്നൊരു ചോദ്യം ചോദ്യകര്‍ത്താവ്‌ ഏതെങ്കിലും മത്സരാര്‍ത്ഥിയോട്‌ ചോദിച്ചെന്നു കരുതുക. അതിന്റെ ഉത്തരം `ഇന്ത്യ'?എന്നൊരാള്‍ മറുപടി നല്‍കിയാല്‍ കാണികളില്‍ ബഹുഭൂരിപക്ഷവും ചിന്തിക്കും ഉത്തരം നൂറു ശതമാനവും തെറ്റാണെന്ന്‌. പാക്കിസ്ഥാനോ, സൗദി അറേബ്യയോ, ഈജിപ്‌തോ, തുടങ്ങിയ മുസ്ലിം രാജ്യങ്ങളില്‍ ഏതെങ്കിലുമാകും കാണികളുടെ മനസ്സില്‍. ഇങ്ങനെയാണ്‌ നാമും ചിന്തിക്കുന്നതെങ്കില്‍ നമ്മുടെ ധാരണ തിരുത്തിക്കുറിക്കാന്‍ സമയമായി. ലോകത്തെ മുസ്ലിം ജനസംഖ്യയെ രാജ്യം തിരിച്ചു നടത്തിയ സമീപ കാലത്തു നടന്ന പഠനം ഞെട്ടിക്കുന്ന വിവരമാണ്‌ പുറത്തു കൊണ്ടു വന്നത്‌.


മുസ്ലീം ജനസംഖ്യയുടെ കാര്യത്തില്‍ പാക്കിസ്ഥാന്റെ തൊട്ടു പിന്നില്‍ മൂന്നാം സ്ഥാനമാണ്‌ ഭാരതത്തിനുള്ളത്‌. ഇന്ത്യയിലേക്കാള്‍ കേവലം ഒന്നരക്കോടി മുസ്ലീങ്ങള്‍ മാത്രമാണ്‌ പാക്കിസ്ഥാനിലുള്ളത്‌. മുസ്ലീം രാജ്യമായ സിറിയയേക്കാള്‍ കൂടുതല്‍ മുസ്ലീങ്ങള്‍ ചൈനയിലുണ്ട്‌. ജര്‍മ്മനിയിലുള്ള മുസ്ലീങ്ങളേക്കാള്‍ കുറവാണ്‌ ലബനോനിലുള്ളത്‌. യോര്‍ദ്ദാനും, ലിബിയയും ഒരുമിച്ചു ചേര്‍ന്നാലുള്ളതിലും അധികം മുസ്ലീങ്ങള്‍ റഷ്യയിലുണ്ട്‌. ടര്‍ക്കി മുതല്‍ ഇന്‍ഡോനേഷ്യ വരെ നീണ്ടു കിടക്കുന്ന ഏഷ്യന്‍ ഭൂഖണ്ഡത്തിലെ മൂന്നില്‍ രണ്ടു പേരും മുസ്ലീങ്ങളാണ്‌. ഗള്‍ഫ്‌ രാജ്യങ്ങളുള്‍പ്പെട്ട മദ്ധ്യപൂര്‍വ്വ ദേശങ്ങള്‍ വടക്കന്‍ ആഫ്രിക്കയും കൂടി ലോകത്തെ മുസ്ലീം ജനസംഖ്യയുടെ അഞ്ചിലൊരു ഭാഗം (20%) മാത്രമേ അധിവസിക്കുന്നുള്ളു.

`മതവും പൊതു ജീവിതവും' എന്ന വിഷയത്തെ ആസ്‌പദമാക്കി ലോകത്തിന്നേവരെ നടന്നിട്ടുള്ളതില്‍ വെച്ച്‌ ഏറ്റവും ബൃഹത്തായ സര്‍വ്വേ പ്രൊജക്‌ടെന്നു അവകാശപ്പെടുന്ന പ്യൂ ഫോറം (PEW FORUM) 232 രാജ്യങ്ങളിലും അവയുടെ കീഴിലുള്ള ഇതര ഭരണ മേഖലയിലും നടത്തിയ പഠനങ്ങളാണ്‌ ലോകത്താകമാനമുള്ള മുസ്ലീങ്ങളുടെ ഇന്നത്തെ അവസ്ഥ വെളിപ്പെടുത്തുന്നത്‌. മൂന്നു വര്‍ഷത്തോളം സമയമെടുത്ത സര്‍വ്വേ ആധികാരികമായ ഗവേഷണ ഏജന്‍സിയാണ്‌ സംഘടിപ്പിച്ചത്‌. സീനിയര്‍ ഗവേഷകന്‍ ബ്രയാന്‍ ഗ്രിമ്മിന്റെ അഭിപ്രായത്തില്‍ `നമ്മുടെ പാരമ്പര്യ ചിന്താഗതികളെ മറി കടന്ന്‌ ലോകത്തിന്റെ എല്ലാ കോണുകളിലേക്കും ഇസ്ലാ മതം ചെന്നെത്തിയിരിക്കയാണ്‌'. ഗവേഷക വിഭാഗം അസോസിയേറ്റ്‌ ഡയറക്‌ടര്‍ അലന്‍ കൂപ്പര്‍മാന്‍ പറയുന്നത്‌ ശ്രദ്ധിക്കുക, ``ഇന്ത്യാ, ചൈന, റഷ്യ, തുടങ്ങിയ രാജ്യങ്ങളില്‍ മുസ്ലീങ്ങള്‍ ഉണ്ടോ എന്നു പോലും ചിന്തിച്ചിരുന്നില്ല, എന്നാല്‍ ഹിന്ദു ഭൂരിപക്ഷമുള്ള ഇന്ത്യ പോലുള്ള ഒരു രാജ്യം ലോകത്തെ ജനസംഖ്യ അടിസ്ഥാനത്തില്‍ മൂന്നാമത്തെ മുസ്ലീം രാജ്യമാണെന്ന വസ്‌തുത ഞെട്ടിക്കുന്നതാണ്‌.''

ലോകത്ത്‌ ആകെ 680 കോടി ജനങ്ങളുള്ളതില്‍ 157 കോടി ജനങ്ങളും ഇസ്ലാം മത വിശ്വാസികളാണ്‌. ജനസംഖ്യയുടെ 23% മാണത്‌. 2005-ലെ കണക്കനുസരിച്ച്‌ നാമധേയരുള്‍പ്പെടെ 225 കോടി ക്രിസ്‌ത്യാനികളാണ്‌ ഭൂമുഖത്തുള്ളത്‌. 157 കോടി മുസ്ലീങ്ങളില്‍ തന്നേ 24 കോടി ജനങ്ങളും വസിക്കുന്നത്‌ സഹാറ മരുഭൂമിയുടെ തെക്കു ഭാഗത്തുള്ള 45-ഓളം ആഫ്രിക്കന്‍ രാജ്യങ്ങളിലാണ്‌. നൈജീരിയായില്‍ വന്‍ വളര്‍ച്ച നേടുന്ന ഇസ്ലാം മതം ക്രിസ്‌ത്യാനികളെ മറി കടന്ന്‌ ഭൂരിപക്ഷമായിക്കഴിഞ്ഞു. ലോകത്ത്‌ ഏറ്റവും കൂടുതല്‍ മുസ്ലീം ജനസംഖ്യയുള്ള ഇന്തോനേഷ്യയേക്കാള്‍ കേവലം നാലു കോടി ജനങ്ങളുടെ കുറവു മാത്രമാണ്‌ ഇന്ത്യയില്‍. അടുത്ത ഒന്നോ രണ്ടോ പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ഇന്ത്യ ലോകത്ത്‌ ഒന്നാമത്തെ മുസ്ലീം വിശ്വാസികളുള്ള രാജ്യമാകും എന്നു പറഞ്ഞാല്‍ അതിശയോക്തിയില്ല.

ജനസംഖ്യയടിസ്ഥാനത്തില്‍ ലോകത്ത്‌ ആദ്യ പത്ത്‌ മുസ്ലിം രാജ്യങ്ങളിലെ ഇസ്ലാമിന്റെ സാന്നിദ്ധ്യം താഴെക്കൊടുക്കുന്നു.

1. ഇന്തോനേഷ്യ - 20.28 കോടി
(ജനസംഖ്യയുടെ 88.2%)
2. പാക്കിസ്ഥാന്‍ - 17.4 കോടി
(96.3% വും മുസ്ലീങ്ങള്‍)
3. ഇന്ത്യ - 16 കോടി (13.4%)
4. ബംഗ്ലാദേശ്‌ - 14.53 കോടി (89.6%)
5. ഈജിപ്‌ത്‌ - 7.85 കോടി (94.6%)
6. നൈജീരിയ - 7.80 കോടി (50.4%)
7. ഇറാന്‍ - 7.37 കോടി (99.4%)
8. ടര്‍ക്കി - 7.36 കോടി (98%)
9. അള്‍ജീരിയ - 3.41 കോടി (98%)
10 മൊറോക്കോ - 3.19 കോടി (99%)

ലോകജനസംഖ്യയില്‍ നാലിലൊരാള്‍ ഇസ്ലാം മത വിശ്വാസിയാണ്‌. `ദൂരക്കാഴ്‌ച'യുടെ കഴിഞ്ഞ ലക്കത്തില്‍ അമേരിക്കയിലെ ഇസ്ലാമിന്റെ മുന്നേറ്റത്തെപ്പറ്റി എഴുതിയപ്പോള്‍ ചില വിവരണങ്ങള്‍ നല്‍കിയതു കൊണ്ട്‌ വസ്‌തുതകള്‍ ആവര്‍ത്തിക്കുന്നില്ല. വളര്‍ച്ചയുടെ കാര്യത്തില്‍ മറ്റു മതങ്ങളെയെല്ലാം ബഹുകാതം പിന്തള്ളിക്കൊണ്ടാണ്‌ ഇസ്ലാം മതം പടര്‍ന്നു പന്തലിക്കുന്നത്‌.
മുസ്ലിം തീവ്രവാദത്തോടുള്ള ഭയം കൊണ്ടോ എണ്ണക്കിണറുകളോടുള്ള സ്‌നേഹം കൊണ്ടോ മിക്ക രാജ്യങ്ങളും മുസ്ലീം പ്രീണനത്തിന്റെ പാതയിലാണ്‌. കാന്‍ഡര്‍ബറി ആര്‍ ച്ചു ബിഷപ്പ്‌ ഡോ.റോവന്‍ വില്യംസ്‌ കഴിഞ്ഞ വര്‍ഷം നടത്തിയ പ്രസംഗത്തില്‍ ബ്രിട്ടനില്‍ ശരിയത്ത്‌ നിയമം നടപ്പിലാക്കണമെന്ന്‌ അഭിപ്രായപ്പെട്ടത്‌ ലോകശ്രദ്ധ നേടിയിരുന്നു. ഇസ്ലാമിക രാജ്യങ്ങളോടുള്ള തുറന്ന നിലപാടിന്റെ പേരിലാണ്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ബറാക്‌ ഒബാമക്ക്‌ നോബല്‍ സമ്മാനം പോലും നല്‍കിയത്‌.

സുവിശേഷീകരണ യത്‌നത്തില്‍ മുസ്ലിം സമുദായം ഇപ്പോഴുമൊരു ബാലി കേറാ മലയാണ്‌. ഇന്നും ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍ ഈ മേഖലയില്‍ വളരെ കുറവാണ്‌. സഭാ നേതൃത്വം ഉണര്‍ന്ന്‌ ചിന്തിക്കേണ്ടിയിരിക്കുന്നു. `ബൈബിളിലെ തെറ്റുകള്‍' എന്ന പേരില്‍ തെറ്റിദ്ധാരണപരമായ നിലയില്‍ ബൈബിളിലെ സംഭവങ്ങളും വാക്യങ്ങളും കോട്ടിക്കളഞ്ഞ്‌ അത്‌ ലഘുലേഖകളില്‍ വിതരണം ചെയ്‌ത്‌ അനേകം ക്രിസ്‌ത്യാനികളെ ആശയക്കുഴപ്പത്തിലാക്കി ഇസ്ലാമിലേക്ക്‌ ചേര്‍ക്കുന്ന പ്രവണത ഏറി വരുന്നുണ്ട്‌.

`സ്‌നേഹസംവാദം' എന്ന പേരില്‍ മുസ്ലീം-ക്രിസ്‌ത്യന്‍ സംവാദങ്ങള്‍ സംഘടിപ്പിച്ച്‌ അനേകം ക്രിസ്‌ത്യാനികളെ കുഴപ്പിക്കുന്ന തന്ത്രം വ്യാപകമായിട്ടുണ്ട്‌. ഒരു പരസ്യമായ ഫോറത്തില്‍ വെച്ച്‌ `‌നിച്ച്‌ ഓഫ്‌ ട്രൂത്ത്‌'ലെ എം.എം.അക്‌ബറിനേപ്പോലുള്ള മുസ്ലിം പണ്ഡിതന്മാരെ ആശയപരമായി ജയിക്കാന്‍ തക്ക പ്രാപ്‌തിയുള്ളവര്‍ പെന്തെക്കോസ്‌തരുടെയിടയില്‍ ഉണ്ടോ എന്ന്‌ സംശയമാണ്‌. തിരുവട്ടാര്‍ കൃഷ്‌ണന്‍കുട്ടിയേപ്പോലുള്ള ചുരുക്കം ചില പ്രസംഗകര്‍ ഏറെക്കുറെ ചെറുത്തു നില്‌പ്പ്‌ നടത്തുന്നുണ്ട്‌. കാര്യമായ പഠനങ്ങള്‍ നടത്താതെ, സംവാദദം സംഘടിപ്പിക്കാനുള്ള മുസ്ലിം സംഘടകളുടെ നിര്‍ദ്ദേശം കൈക്കൊണ്ട്‌ സാഹസത്തിനു മുതിരുന്ന പലരെയും പറ്റി കേട്ടിട്ടുണ്ട്‌. യൂ ട്യൂബിലും മറ്റും അത്തരം വീഡിയോകളില്‍ `ക്രിസ്‌ത്യന്‍ പണ്ഡിതന്മാരുടെ' ബോധക്കേടുകള്‍ കാണാന്‍ പഞ്ഞമില്ല. ബൈബിള്‍ തുറക്കാതെ ഒരു വാക്യം പറയാന്‍ പ്രയാസമുള്ള പലരുമാണ്‌ വാദത്തിനു ചെല്ലുന്നത്‌. എന്നാല്‍ താഴേക്കിടയിലുള്ള മുസ്ലിം പണ്ഡിതര്‍ക്കു പോലും ബൈബിളിലെ പ്രധാനപ്പെട്ട വാക്യങ്ങളും ഒട്ടു മിക്ക സംഭവങ്ങളും കാണാപ്പാഠമാണ്‌. `സ്‌നേഹസംവാദം' കാണാനും കേള്‍ക്കാനും ചെല്ലുന്ന പല ക്രിസ്‌ത്യാനികളും `പൊന്നാനിയില്‍' പോയിട്ടേ വീട്ടില്‍ തിരികെ എത്താറുള്ളു എന്ന്‌ ഫലിതം കേട്ടിട്ടുണ്ട്‌.

കോളജിലും സ്‌കൂളിലും ജോലി സ്ഥലങ്ങളിലുമുള്ള യുവതീ യുവാക്കളെ പ്രേമിച്ച്‌ സഹായ വാഗ്‌ദാനങ്ങള്‍ നല്‍കിയും വശീകരിച്ച്‌ ഇസ്ലാം മതത്തിലാക്കുന്ന തന്ത്രം വിജയകരമായി നടത്തി വരുന്നുണ്ട്‌. ഗ്ലോബല്‍ ഇസ്ലാം ഫ്‌ളാറ്റ്‌ഫോറം എന്ന വെബ്‌സൈറ്റില്‍ ഇസ്ലാമിലേക്ക്‌ മതം മാറിയ ഒരു ക്രിസ്‌തീയ എഞ്ചിനീയറുടെ മതം മാറ്റത്തിന്റെ സാക്ഷ്യം തന്നെ ഉദാഹരണം. മനു സാം ജോസ്‌, `ബിലാല്‍' എന്ന പേര്‍ സ്വീകരിക്കുന്നതിനു മുമ്പ്‌ അച്ചടക്കമുള്ള ഒരു ക്രിസ്‌ത്യാനിയായിരുന്നു എന്നു കാണാം. ബൈബിളില്‍ നമ്മളില്‍ പലരേക്കാളും അറിവുണ്ടായിരുന്ന അയാള്‍ തെറ്റിപ്പോയെങ്കില്‍ നമ്മുടെ യുവതലമുറെയക്കുറിച്ച്‌ നമുക്ക്‌ എന്താണ്‌ ധൈര്യപ്പെടാനുള്ളത്‌. സണ്‍ഡേസ്‌കൂള്‍ പാഠ്യപദ്ധതിയിലും മറ്റും ഇത്തരം വിഷയങ്ങള്‍ ഉള്‍പ്പെടുത്തുന്നത്‌ ഒരു പരിധി വരെ ഗുണം ചെയ്യും. കൂടാതെ വിദേശത്തും സ്വദേശത്തുമുള്ള മാതാപിതാക്കളില്‍ പലരും കുഞ്ഞുങ്ങളെ ദൂരദേശങ്ങളില്‍ പഠനത്തിനും മറ്റും അയച്ച്‌ മാസാമാസം പണമയക്കുന്നതില്‍ മാത്രം ശ്രദ്ധിക്കാതെ കൂടെക്കൂടെ ആത്മീയ വിഷയങ്ങളും സംഭാഷണത്തില്‍ ഉള്‍പ്പെടുത്തുക. അവരോട്‌ നോണ്‍ സ്‌റ്റോപ്പ്‌ ചോദ്യങ്ങള്‍ മാത്രം ചോദിച്ചു കൊണ്ടിരിക്കാതെ അവര്‍ക്ക്‌ പറയാനുള്ളതും കൂടി ശ്രദ്ധിക്കു. ബിലാലിനേപ്പോലെ നമ്മുടെ മക്കളും ബീരാനും, സുലൈമാനും, നാസറും, സുഹറായും നസീലയുമൊക്കെ ആയിക്കഴിഞ്ഞിട്ട്‌ മാറത്തടിച്ചിട്ട്‌ കഥയില്ല.
സഭയും വ്യക്തികളും അപകടകരമായ ഈ വസ്‌തുതയെ കാര്യക്ഷമമായി കൈകാര്യം ചെയ്യുമെന്ന്‌ പ്രത്യാശിക്കട്ടെ.' ]]] (ഇവിടെയാണ് ഈ ലേഖനമുള്ളത്)
ഈ ലേഖനം ക്രൈസ്തവ സഹോദരങ്ങള്‍ക്ക് നല്‍കുന്ന സന്ദേശം ഞാന്‍ നേരത്തെ സൂചിപ്പിച്ച പ്രത്യക്ഷത്തില്‍ ഗുണപരമായ മാനസികാവസ്ഥയില്‍നിന്നാണ്. എന്നാല്‍ തത്വത്തില്‍ അതില്‍ തങ്ങളുടെ വിശ്വാസികളോട് ചെയ്യുന്ന ഒരനീതിയും ഉണ്ട് എന്നാണ് ഞാന്‍ സൂചിപ്പിക്കുന്നത്. ഇത് പറയാനല്ല ഈ ലേഖനം പൂര്‍ണമായി ഞാനിവിടെ പകര്‍ത്തിയത്. മറിച്ച് ഇസ്‌ലാമിന്റെ ഈ പ്രചാരം അപകടകരവും ഞെട്ടിക്കുന്നതുമൊക്കെയായി ലേഖകന്‍ വിലയിരുത്തുന്നു. അതിനോട് യോജിക്കാന്‍ ഒരു മുസ്‌ലിമെന്ന നിലക്കുള്ള പ്രയാസവും അതിലെ വസ്തുത മനസ്സിലാക്കാന്‍ പ്രയാസവുമായതുകൊണ്ടാണ്. മാത്രമല്ല അതിനുള്ള പ്രേരകം വളരെ നിസ്സാരമായ ഒട്ടും വിശ്വസനീയമല്ലാത്ത് ചില കാര്യങ്ങിലേക്ക് ചുരുക്കിക്കെട്ടി എന്നതും ഈ പോസ്റ്റിന് പ്രേരകമായിട്ടുണ്ട്.
തങ്ങള്‍ ജനിച്ചുവളര്‍ന്ന മതത്തില്‍നിന്ന് ചിലര്‍  പഠനം നടത്തി  കൂടുതല്‍ ശരിയെന്ന് ബോധ്യപ്പെട്ട ഒരു ദര്‍ശനത്തിലേക്ക് മാറുന്നുവെങ്കില്‍ അത് അപകടകരമായ ഒരു പ്രവൃത്തിയാകുന്നതെങ്ങനെ. ഒരു നാട്ടില്‍ അപ്രകാരം മുസ്‌ലിംകള്‍ അധികരിച്ചാല്‍ അവിടെയൊക്കെ അവര്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണോ. ലോകത്ത് അതിന് എത്ര ഉദാഹരണങ്ങളുണ്ട്. ലോകത്ത് അവടെയവിടെയായി പോട്ടുന്ന ചില സ്‌ഫോടനങ്ങള്‍ ചൂണ്ടിക്കാട്ടി ഇതിന് ന്യായീകരണം കാണാന്‍ കഴിയുമോ. ഇല്ല എന്നാണ് എന്റെ അഭിപ്രായം. കേരളത്തിലെ അവസ്ഥ എടുത്തുനോക്കുക. മുസ്‌ലിംകള്‍ കൂടുതലുള്ള പ്രദേശങ്ങളിലുള്ള സൗഹാര്‍ദ്ദവും സഹവര്‍ത്തിത്വവും അവിടെ താമസിക്കുന്നവര്‍ക്കറിയാം.
 
ഇസ്‌ലാമിലേക്കുള്ള പ്രേരകം എന്നനിലയില്‍ പറയുന്ന കാര്യങ്ങളെ മനുഷ്യബുദ്ധിയെ പരിഹസിക്കുന്നതായി എന്ന് പറയാതെ തരമില്ല. മുസ്‌ലിം തീവ്രവാദത്തോടുള്ള ഭയം കൊണ്ടോ എണ്ണക്കിണറുകളോടുള്ള സ്‌നേഹം കൊണ്ടോ മിക്ക രാജ്യങ്ങളും മുസ്‌ലിം പ്രീണനത്തിന്റെ പാതയിലാണ് എന്നാണ് മാന്യസുഹൃത്ത് നിരീക്ഷിക്കുന്നത്. ബറാക് ഒബാമക്ക് നോബല്‍ പ്രൈസ് ലഭിച്ചതും ഇസ്‌ലാമിക രാജ്യങ്ങളോടുള്ള തുറന്ന നിലപാടിന്റെ പേരിലാണ് എന്ന നിരീക്ഷണവും വസ്തുതകളെ അട്ടിമറിക്കുന്നതാണ്. ഇക്കാലത്ത് ഒരാള്‍ ഇസ്‌ലാമിന്റെ പാതയിലേക്ക് വരിക എന്ന് വെച്ചാല്‍ വിഷമുള്ള മൂര്‍ഖന്‍പാമ്പിനെ സ്വയമെടുത്ത് കഴുത്തില്‍ ചുറ്റുന്നതിന് സമമാണ് എന്ന് ആര്‍ക്കാണറിയാത്തത്. ഈ പ്രയാസകരമായ സാഹചര്യത്തിലും ഇസ്‌ലാമിലേക്ക് ആളുകള്‍ ആകര്‍ശിക്കുന്നുണ്ടെങ്കില്‍ അതിന് കാരണം വേറെത്തന്നെ കാണണം.

'ബൈബിളിലെ തെറ്റുകള്‍' എന്ന തെറ്റിദ്ധാരണാജനകമായ ലഘുലേഖവായിച്ചിട്ടാണെന്ന് പറയുന്നതിലും അസ്വഭാവികതയുണ്ട്. എന്തുകൊണ്ട് സ്വന്തം മതഗ്രന്ഥത്തെ പറ്റി ഒരു ലഘുലേഖയോ ലേഖനമോ തങ്ങളുടെ മുന്‍ധാരണകളൊക്കെ മാറ്റാന്‍ എങ്ങനെയാണ് കാരണമാകുന്നത് എന്ന് ഇത്തരം ലേഖനങ്ങള്‍ എഴുതുന്നവര്‍ ഇരുന്ന് ആഴത്തില്‍ തന്നെ അന്വേഷിക്കേണ്ടതുണ്ട്. അതും ബൈബിളില്‍നിന്ന് കോപ്പിയടിച്ച് എഴുതിയതെന്ന് പറയുന്ന ഒരു ഗ്രന്ഥത്തിലേക്ക്. ഡ്യൂബ്ലികേറ്റിന് ഒറിജിനലിനെ വെല്ലുന്ന മഹത്വമോ?. അതേ പ്രകാരം തന്നെ അക്ബറിന്റെ സംവാദവും മാനുഷികമായ ശാരീരികാവശ്യങ്ങളില്‍നിന്ന് പോലും ശരീരത്തെ വിലക്ക് ഈ മാര്‍ഗത്തില്‍ ഒഴിഞ്ഞിരിക്കുന്ന പതിനായിരക്കണക്കിന് മഹാപണ്ഡിതരായ പാതിരിമാര്‍ ഉള്ള ഒരു സംസ്ഥാനത്ത് ഒരു അക്ബറിന് മറുപടിപറയാന്‍ കെല്‍പുള്ള ആളുകള്‍ ഇനിയും വളര്‍ന്ന് വരേണ്ടതായിട്ടുണ്ട് എന്ന് പറയുമ്പോഴും എവിടെയോ അല്‍പം പന്തികേട് തോന്നുന്നു. ഈ പന്തികേട് കണ്ടെത്തുന്നതാണ് ബിലാലിന്റെ പിറവിക്ക് കാരണമാകുന്നത് എന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ക്ക് വിയോജിക്കാവുന്നതാണെങ്കിലും ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നത് അതാണ്.

ഈ പോസ്റ്റില്‍ പരാമര്‍ശിച്ച സൈറ്റുകള്‍:

1. പ്യൂ ഫോറം (PEW FORUM)
2.  ഗ്ലോബല്‍ ഇസ്ലാം ഫ്‌ളാറ്റ്‌ഫോറം

2010 ഫെബ്രുവരി 24, ബുധനാഴ്‌ച

യേശുപ്രവചിച്ച ആശ്വാസദായകന്‍

യേശു നടത്തിയ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ നാം കഴിഞ്ഞ പോസ്റ്റില്‍ അപ്പോസ്തല പ്രവര്‍ത്തനങ്ങള്‍ രണ്ടില്‍  പരാമര്‍ശിച്ച പരിശുദ്ധാത്മാവിന്റെ ഇറക്കം പരിശോധിക്കാനുള്ള ശ്രമം നടത്തുകയുണ്ടായി. ബൈബിള്‍ പൂര്‍ണമായും വിശ്വസിക്കേണ്ടതുണ്ടെന്ന് കരുതുന്ന ക്രിസ്ത്യന്‍ സുഹൃത്തുക്കള്‍ ചര്‍ച അവിടെ അവസാനിപ്പിക്കാനാണ് സാധ്യത. ഇനി മുസ്ലിംകള്‍ എന്തുകൊണ്ടാണ് അവിടെ ചര്‍ച അവസാനിപ്പിക്കാതെ മുന്നോട്ട് പോകുന്നത് എന്ന് ഇവിടെ നല്‍കിയ വിവരണത്തില്‍ നിന്ന് മനസ്സിലാക്കാം. ഖുര്‍ആന്‍ സൂക്തങ്ങളുടെ വെളിച്ചത്തില്‍ യേശുവിന്റെ പ്രവചനത്തെ പരിശോധിക്കുകയാണ് ഇവിടെ. ഇത് ക്രൈസ്തവരെ ബോധവല്‍ക്കരിക്കുന്നതിലുപരി എന്തുകൊണ്ട് ഞങ്ങള്‍ മുഹമ്മദ് നബിയില്‍ വിശ്വസിക്കുന്നു, യേശുവിനെ പ്രവാചകനായി കാണുന്നു എന്ന കാര്യം മറ്റുള്ളവരെ ബോധ്യപ്പെടുത്തും.

1. നിങ്ങള്‍ക്ക് ഞാന്‍ പറയുന്നത് വഹിക്കാനുള്ള ശേഷി ഇപ്പോഴില്ലെന്നും. അതിനാല്‍ എനിക്ക് പൂര്‍ത്തിയാക്കാനുള്ള ദൗത്യവുമായി സത്യത്തിന്റെ അത്മാവ് നിങ്ങളെ പിന്നീട് അത് വഹിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്ന ഒരു കാലത്ത് നിങ്ങളെ സമീപിക്കും.

യേശുവിന്റെ വേര്‍പ്പാടിന്   അഞ്ചര നൂണ്ടാണ്ടിന് ശേഷമാണ് മുഹമ്മദ് നബി ജനിക്കുന്നത്. ഒരു പ്രവാചകന്‍ നല്‍കിയ സന്ദേശങ്ങള്‍ പൂര്‍ണമായും പാലിക്കാനും അക്ഷരംപ്രതി നടപ്പില്‍ വരുത്താനും സാധിക്കുമാറ് പക്വത പ്രാപിച്ച ഒരു ജനതയിലാണ് മുഹമ്മദ് നബി ആഗതനായത്. പ്രവാചകത്വത്തിന്റെ ആരംഭത്തില്‍ കൂട്ടം കൂട്ടമായി അദ്ദേഹത്തെ പിന്‍പറ്റിയില്ല എന്നത് നേരാണ്. എന്നാല്‍ മര്‍ദ്ദനങ്ങള്‍ കൊടുമ്പിരികൊണ്ടിരിക്കെ അത് വഹിക്കാന്‍ കെല്‍പ്പുള്ള ഒരു വിഭാഗം നല്ലവരായ മനുഷ്യര്‍ അദ്ദേഹത്തിന്റെ സന്ദേശം ശ്രവിച്ചു. മദീനയിലെത്തിച്ചേരുന്നത് വരെ ചില അടിസ്ഥാന വിശ്വാസങ്ങള്‍ അവരില്‍ നട്ടുവളര്‍ത്തി. ഏകദൈവത്വം, പ്രവാചകത്വം, പരലോകം എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണ അവര്‍ക്ക് ലഭിച്ചു. അതിനുപയുക്തമായ ഖുര്‍ആനിക സൂക്തങ്ങളാണ് ആ കാലഘട്ടത്തില്‍ അവതരിച്ചത്. മക്കീ സൂറകള്‍ എന്ന് അന്ന് അവതരിച്ച ഖുര്‍ആന്‍ അധ്യായങ്ങളെ വേര്‍ത്തിരിച്ചിരിക്കുന്നു. ഖുര്‍ആനില്‍ നിന്ന് പ്രസതുത അധ്യായങ്ങള്‍ പാരായണം ചെയ്താല്‍ ഈ വസ്തുത മനസ്സിലാക്കാം. മദീനയിലാണ് കാര്യമായും നിയമങ്ങള്‍ നല്‍കപ്പെടുന്നത്. അപ്പോഴേക്കും ആ നിയമങ്ങളെ ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ ആ ജനത മാറിയിരുന്നു. അതിനാല്‍ പ്രവാചകന്റെ ഒരധ്യാപനം പോലും അസ്ഥാനത്തായില്ല. ഈ വളര്‍ച്ച ഒരു സമൂഹത്തില്‍ 5 നൂറ്റാണ്ടിന്റെ വളര്‍ചയുടെ കൂടി ഫലമായിരുന്നില്ലേ. എങ്കില്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് വഹിപ്പാന്‍ കഴിയില്ല എന്ന് പറഞ്ഞതും. നിങ്ങള്‍ക്ക് വഹിപ്പാന്‍ കഴിയുന്ന അവസ്ഥയില്‍ വരും എന്ന് പറഞ്ഞതും ഇവിടെ പുലര്‍ന്നിരിക്കുന്നു. യേശുവായിരുന്നു ഇത്ര സമ്പൂര്‍ണവും സമഗ്രവുമായ നിയമം കൊണ്ടുവന്നിരുന്നതെങ്കില്‍ അതിന്റെ എത്ര ശതമാനം ഇന്ന് നമ്മുക്ക് ലഭിക്കുമായിരുന്നുവെന്ന് അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നത് കൗതുകകരമായിരിക്കും.
2. ശേഷം വരുന്നവന്‍ അതിനാല്‍ എന്റെ പിന്‍ഗാമി ആയിരിക്കും.

മുഹമ്മദ് നബി ഒരു പ്രത്യേക മതമോ ദര്‍ശനമോ പുതുതായി അവതരിപ്പിക്കുകയായിരുന്നില്ല. പൂര്‍വപ്രവാചകന്‍മാരുടെ അതേ സന്ദേശങ്ങള്‍തന്നെയാണ് അദ്ദേഹം ജനങ്ങളെ പഠിപ്പിച്ചത് ഇപ്രകാരം മോശയുടെയും യേശുവിന്റെയും യഥാര്‍ഥ പിന്‍ഗാമി എന്നവകാശപ്പെടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.


'പൂര്‍വ ജനങ്ങളുടെ വേദങ്ങളിലും ഇതുണ്ട്. ഇസ്രായീല്യരിലെ ജ്ഞാനികള്‍ക്ക് ഇതറിയാം എന്നത് ഇവര്‍(മക്കാവാസികള്‍)ക്ക് ഒരു ദൃഷ്ടാന്തമല്ലയോ? '(26:196-197)

3. അദ്ദേഹം സ്വന്തം നിലക്കായിരിക്കില്ല സംസാരിക്കുക പ്രത്യുത ദൈവം തന്നോട് കല്‍പിക്കുന്നതായിരിക്കും.  


നക്ഷത്രമാണ; അത് അസ്തമിക്കുമ്പോള്‍. നിങ്ങളുടെ സ്‌നേഹിതന്‍ വഴിതെറ്റിയിട്ടില്ല, പിഴച്ചിട്ടുമില്ല. അദ്ദേഹം സ്വേച്ഛാനുസൃതം പറയുകയല്ല. ഇതാവട്ടെ അദ്ദേഹത്തിനു ലഭിക്കുന്ന ദിവ്യബോധനം തന്നെയാകുന്നു. (ഖുര്‍ആന്‍ 53:1-4)

മുഹമ്മദ് നബിക്ക് ദൈവം ദിവ്യബോധനത്താല്‍  നല്‍കുന്നത് സംസാരിക്കുക എന്നല്ലാതെ സ്വന്തം താല്‍പര്യത്തിനുസരിച്ച് സംസാരിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ വാക്കും പ്രവര്‍ത്തനങ്ങളും അന്ത്യദിനം വരെയുള്ള മനുഷ്യന് മാതൃകയാണെന്ന് പറയുന്നത്.

4. ദൈവനാമത്തിലായിരിക്കും അവന്‍ സംസാരിക്കുക.

ലോകത്ത് മറ്റൊരു ഗ്രന്ഥത്തിനും അവകാശപ്പെടാനില്ലാത്ത ഒരു കാര്യമാണ് ,വിശുദ്ധഖുര്‍ആനിലെ സൂക്തങ്ങളെല്ലാം (തൗബ എന്ന അധ്യായം ഒഴികെ) പരമകാരുണ്യകനും കരുണാനിധിയുമായ ദൈവത്തിന്റെ നാമത്തില്‍ എന്ന് പറഞ്ഞുകൊണ്ടാണ് തുടങ്ങുന്നത്. സര്‍വലോക സംരക്ഷകനായ ദൈവത്തില്‍ നിന്നുള്ള സത്യവേദമാണിതെന്ന് ഖുര്‍ആന്‍ നിരന്തരം ഓര്‍മപ്പെടുത്തുകയും ചെയ്യുന്നു. ദൈവനാമത്തിലായിരിക്കും അവന്‍ സംസാരിക്കുക എന്ന പ്രവചനം അക്ഷരാര്‍ത്ഥത്തില്‍ ഇവിടെയും പുലരുന്നു.

5. ദൈവത്തെപ്പറിയുള്ള സത്യം വെളിപ്പെടുത്തുകയും സത്യത്തിലേക്ക് നിങ്ങളെ നയിക്കുകയും ചെയ്യും.

മുഹമ്മദ് നബിയോളം ദൈവവീക്ഷണം ഇത്ര കൃത്യമായി അവതരിപ്പിച്ച മറ്റൊരാളുമില്ല അതറിയണമെങ്കില്‍ (അധ്യായം 2:255 ) സൂക്തം അതിന്റെ വ്യാഖ്യാന സഹിതം ഒന്നു പാരായണം ചെയ്താല്‍ മതി. സൂക്തം കാണുക:

'അല്ലാഹു-ബ്രഹ്മാണ്ഡ പാലകനായ അവന്‍-നിത്യജീവത്തായ അസ്തിത്വമാകുന്നു. അവനല്ലാതെ ദൈവമില്ല. അവനെ മയക്കമോ നിദ്രയോ ബാധിക്കുന്നില്ല. വാന-ഭുവനങ്ങളിലുള്ളതെല്ലാം അവന്റേതാകുന്നു. അവന്റെ സന്നിധിയില്‍ അനുമതി കൂടാതെ ശിപാര്‍ശ ചെയ്യാന്‍ കഴിയുന്നവനാര്? അടിമകളുടെ മുമ്പിലുള്ളതൊക്കെയും അവന്‍ അറിയുന്നു. അവര്‍ക്ക് അദൃശ്യമായതും അവന്‍ അറിയുന്നു. അവന്റെ ജ്ഞാനത്തില്‍നിന്ന് ഒന്നുംതന്നെ  ഉള്‍ക്കൊള്ളാന്‍ അവര്‍ക്കാവില്ല-അവരെ അറിയിക്കണമെന്ന് അവന്‍ സ്വയം ഉദ്ദേശിച്ചതല്ലാതെ. അവന്റെ ആധിപത്യം വാനലോകങ്ങളിലും ഭൂമിയിലും വ്യാപിച്ചിരിക്കുന്നു. അവയുടെ സംരക്ഷണം അവനെ ഒട്ടും ക്ഷീണിപ്പിക്കുന്നതല്ല. അവന്‍ അത്യുന്നതനും അതിഗംഭീരനും തന്നെ.'

അദ്ദേഹം സത്യത്തിലേക്ക് നയിക്കും:

അല്ലയോ ജനങ്ങളേ, നിങ്ങളിലിതാ, നിങ്ങളുടെ നാഥങ്കല്‍നിന്നുള്ള സത്യജ്ഞാനവുമായി ഈ ദൈവദൂതന്‍ ആഗതനായിരിക്കുന്നു. അതിനാല്‍ വിശ്വസിക്കുവിന്‍, നിങ്ങള്‍ക്കുതന്നെയാണ് ഗുണം. അവിശ്വസിക്കുകയാണെങ്കില്‍ അറിഞ്ഞിരിക്കുക: വാന-ഭുവനങ്ങളിലുള്ളതൊക്കെയും അല്ലാഹുവിനുള്ളതാകുന്നു.209 അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമല്ലോ.(4:170)

6. ദൈവം അയക്കുന്ന ആ സത്യാത്മാവ് പാപത്തെയും നിതിയെയും ദൈവത്തിന്റെ ന്യായവിധിയെയും പറ്റി ലോകത്തെ പഠിപ്പിക്കും. 

ന്യായത്തിന്റെയും നീതിയുടെയും അതുല്യമായ പാഠമാണ് മുഹമ്മദ് നബി നല്‍കിയത്. താഴെ നല്‍കിയ സൂക്തങ്ങള്‍ വായിക്കുക:

'അല്ലയോ സത്യവിശ്വാസികളേ, നിങ്ങള്‍ നീതി നടത്തുന്നവരും അല്ലാഹുവിനുവേണ്ടി സാക്ഷ്യം വഹിക്കുന്നവരും ആയിരിക്കുവിന്‍ -നിങ്ങളുടെ നീതിനിഷ്ഠയുടെയും സത്യസാക്ഷ്യത്തിന്റെയും ഫലം നിങ്ങള്‍ക്കോ നിങ്ങളുടെ മാതാപിതാക്കള്‍ക്കോ ബന്ധുമിത്രാദികള്‍ക്കോ എതിരായിരുന്നാലും. കക്ഷി ധനികനാവട്ടെ, ദരിദ്രനാവട്ടെ, അല്ലാഹുവാകുന്നു നിങ്ങളിലേറെ അവരുടെ ഗുണകാംക്ഷിയായിട്ടുള്ളവന്‍. അതിനാല്‍ സ്വേഛകളെ പിന്‍പറ്റി നീതിയില്‍നിന്നകന്നു പോകാതിരിക്കുവിന്‍. വളച്ചൊടിച്ചു സംസാരിക്കുകയോ സത്യത്തില്‍നിന്നു ഒഴിഞ്ഞുമാറുകയോ ചെയ്യുകയാണെങ്കില്‍, അറിഞ്ഞുകൊള്ളുക: നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതൊക്കെയും അല്ലാഹുവിനു വിവരമുണ്ട്. ' (4:135)

'ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ നാം, കൃത്യമായി തൂക്കുന്ന ത്രാസുകള്‍ സ്ഥാപിക്കുന്നു. പിന്നെ ആരുടെ നേരെയും അണുത്തൂക്കം അനീതിയുണ്ടാകുന്നതല്ല. ഒരുവന്റെ കര്‍മം കടുകുമണിത്തൂക്കമാണെങ്കില്‍പോലും നാമതു ഹാജരാക്കുന്നതാകുന്നു. കണക്കു നോക്കുവാന്‍ നാം തികച്ചും മതി.'(21:47)

'അറിവില്ലാതെ സ്വേഛകളെ മാത്രം ആസ്പദമാക്കി ആളുകളെ വഴിപിഴപ്പിച്ചുകൊണ്ടിരിക്കുന്നു എന്നതത്രെ അധികജനത്തിന്റെയും അവസ്ഥ. ഈ അതിരുവിട്ടവരെക്കുറിച്ച് നിന്റെ നാഥനു നന്നായറിയാം. തെളിഞ്ഞ പാപങ്ങളെ വര്‍ജിക്കുവിന്‍; ഒളിഞ്ഞ പാപങ്ങളെയും. പാപം സമ്പാദിച്ചുകൊണ്ടിരിക്കുന്നവര്‍, തങ്ങള്‍ നേടിയതിന്റെ പ്രതിഫലം കണ്ടെത്തുകതന്നെ ചെയ്യും.' (6:-119,120)

7. ലോകത്തെ മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടിയായിരിക്കും ആ ദൈവദൂതന്‍ അവതരിക്കുക.

'തങ്ങളുടെ പക്കലുള്ള തൗറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തിക്കാണുന്ന നിരക്ഷരനായ പ്രവാചകദൂതനെ പിന്തുടരുന്നവരാരോ, (അവരാകുന്നു ഇന്ന് ഈ അനുഗ്രഹത്തിന് അര്‍ഹരായിട്ടുള്ളവര്‍). അദ്ദേഹം അവര്‍ക്ക് നന്മ വിധിക്കുന്നു. തിന്മ വിലക്കുന്നു. അവര്‍ക്കായി ശുദ്ധ വസ്തുക്കള്‍ അനുവദിച്ചുകൊടുക്കുന്നു. അശുദ്ധ വസ്തുക്കളെ നിരോധിക്കുകയും ചെയ്യുന്നു. അവരെ ഞെരിച്ചുകൊണ്ടിരുന്ന ഭാരങ്ങള്‍ ഇറക്കിവയ്ക്കുന്നു. അവരെ വരിഞ്ഞുമുറുക്കിയിരുന്ന ചങ്ങലകള്‍ പൊട്ടിച്ചെറിയുന്നു. അതിനാല്‍ അദ്ദേഹത്തെ വിശ്വസിക്കുകയും ബലപ്പെടുത്തുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിച്ച വെളിച്ചത്തെ പിന്തുടരുകയും ചെയ്യുന്നവര്‍ മാത്രമാകുന്നു വിജയം പ്രാപിക്കുന്നവര്‍.  പറയുക: 'അല്ലയോ മനുഷ്യരേ, ഞാന്‍ നിങ്ങളെല്ലാവരിലേക്കും, ആകാശഭൂമികളുടെ ആധിപത്യത്തിനുടയവനായ ദൈവത്തിന്റെ ദൂതനാകുന്നു. അവനല്ലാതെ ദൈവമേതുമില്ല. ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും അവന്‍ മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുവിന്‍; അവന്‍ നിയോഗിച്ച നിരക്ഷരനായ പ്രവാചകനിലും. അദ്ദേഹമോ, അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വസിക്കുന്നു. അദ്ദേഹത്തെ പിന്തുടരുവിന്‍, നിങ്ങള്‍ സന്മാര്‍ഗം പ്രാപിച്ചേക്കാം.' (7:157-158)

8.വരാനുള്ള കാര്യങ്ങള്‍ ആ സത്യാത്മാവ് വെളിപ്പെടുത്തും.

വരാനുള്ള കാര്യങ്ങള്‍ എന്നതിന് രണ്ടുദ്ദേശ്യമുണ്ടാകാം. ഒന്ന് മരണശേഷം. മറ്റൊന്ന് ഇഹലോകത്ത് വെച്ച് തന്നെ. ഇതില്‍ രണ്ടിലും മുഹമ്മദ് നബി മുന്‍കൂടി പ്രവചിച്ചിട്ടുണ്ട്. റോമക്കാരുടെ വിജയം, ഖബാബിനോടുള്ള വാക്കിന്റെ പൂര്‍ത്തികരണം. പലായന സന്ദര്‍ഭത്തില്‍ സുറാഖയോടുള്ള വാഗ്ദാനത്തിന്റെ പൂര്‍ത്തീകരണം. അബൂലഹബ് സംഭവം. തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ പ്രവാചകന്റെ ജീവിതകാലത്തും അതിന് ശേഷവും നടന്ന പ്രവചനങ്ങളിലെ പുലര്‍ചകള്‍ യേശുവിന്റെ പ്രചനം മുഹമ്മദ് നബിയില്‍ മേളിച്ചതിന്റെ ഉദാഹരണമായി കാണിക്കാന്‍ കഴിയും.

'യാഥാര്‍ഥ്യമിതത്രെ: ഈ ഖുര്‍ആന്‍, ഏറ്റവും ശരിയായ മാര്‍ഗം കാണിച്ചുതരുന്നു. അതിനെ അംഗീകരിച്ചുകൊണ്ട് സല്‍ക്കര്‍മങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് മഹത്തായ പ്രതിഫലമുണ്ടെന്ന് സുവിശേഷമറിയിക്കുകയും പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ക്കു വേണ്ടി നാം നോവേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുകയും'(17:9-10)

9.നിങ്ങളെ എല്ലാ കാര്യങ്ങളും പഠിപ്പിക്കുന്ന ആ ആശ്വാസദായകന്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഓര്‍മിപ്പിക്കുകയും എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും.

ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരിക്കണം എന്ന് തോന്നുന്നില്ല. യേശുവിന്റെ അല്ലെങ്കില്‍ ഇസാനബിയുടെ പേര്‍ അദ്ദേഹത്തെ മഹത്വപ്പെടുത്തിയും പ്രാര്‍ഥനയോടും കൂടിയല്ലാതെ മുസ്ലിംകള്‍ എഴുതുകയോ പറയുകയോ ചെയ്യാറില്ല. ഇസാ അലൈഹിസ്സലാം എന്നാണ് അറബിയില്‍ പറയുക. ദൈവത്തിന്റെ സമാധാനം യേശുവില്‍ ഉണ്ടാകട്ടേ എന്നാണ് അതിന്റെ അര്‍ഥം. 25 തവണ ആ പേര്‍ ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പ്രവാചക പത്‌നിമാരുടെയോ അനുചരന്‍മാരുടെയോ (സൈദ് ഒഴികെ) പേര്‍ പരാമര്‍ശിക്കാത്ത ഖുര്‍ആനില്‍ ഒരദ്ധ്യായത്തിന്റെ പേര്‍തന്നെ മറിയം (മേരി) എന്നാണ്. ഖുര്‍ആനില്‍ പേര് പരാമര്‍ശിച്ച ഏക സ്ത്രീരത്‌നവും അവരാണ്. മറിയമിന്റെ പരിശുദ്ധി ഊന്നിപ്പറയുന്ന ഖുര്‍ആനോളം ബൈബിള്‍ എത്തുമോ. പിന്നെ യേശുവിന്റെ കല്‍പനകള്‍ ത്രിയേകത്വത്തെക്കുറിച്ചോ, യേശുവിന്റെ മാതാവിനെ ആരാധിക്കുന്നതിന് വേണ്ടിയോ ആയിരുന്നില്ല. എന്ന് പരലോകത്ത് യേശുവിനെ വിചാരണ ചെയുന്ന സമയത്തെ അനുസ്മരിച്ച് ഖുര്‍ആന്‍ പ്രഖ്യാപിക്കുകയും ചെയ്യുന്നു ആ സംഭാഷണം ഇവിടെ വായിക്കുക:

'അല്ലാഹു ചോദിക്കും, 'ഓ മര്‍യമിന്റെ പുത്രന്‍ ഈസാ, നീ ജനങ്ങളോടു അല്ലാഹുവിനെക്കൂടാതെ എന്നെയും എന്റെ മാതാവിനെയും രണ്ടു ആരാധ്യരായി വരിക്കുവിന്‍ എന്നു പറഞ്ഞിട്ടുണ്ടായിരുന്നുവോ?' അപ്പോള്‍ അദ്ദേഹം മറുപടി പറയും: 'നീയെത്ര പരിശുദ്ധന്‍! എനിക്ക് അധികാരമില്ലാത്തത് പറയുക എന്റെ ജോലിയായിരുന്നില്ല. ഞാനതു പറഞ്ഞിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും നീ അറിഞ്ഞിട്ടുമുണ്ടായിരിക്കുമല്ലോ. എന്റെ മനസ്സിലുള്ളതൊക്കെയും നീ അറിയുന്നു; നിന്റെ മനസ്സിലുള്ളതൊന്നും ഞാന്‍ അറിയുന്നുമില്ല. നീയോ, അദൃശ്യയാഥാര്‍ഥ്യങ്ങളെല്ലാം അറിയുന്നവനല്ലോ. നീ എന്നോടാജ്ഞാപിച്ചിട്ടുള്ളതല്ലാതൊന്നും ഞാന്‍ അവരോടു പറഞ്ഞിട്ടില്ല. അതായത്, എന്റെ നാഥനും നിങ്ങളുടെ നാഥനുമായ അല്ലാഹുവിന് ഇബാദത്തു ചെയ്യുവിന്‍ എന്ന്. ഞാന്‍ അവരില്‍ ഉണ്ടായിരുന്ന കാലത്തോളം അക്കാര്യത്തില്‍ ഞാന്‍ അവരുടെ നിരീക്ഷകനുമായിരുന്നു. നീ എന്നെ തിരിച്ചുവിളിച്ചപ്പോഴോ, അവരുടെ നിരീക്ഷകന്‍ നീ തന്നെ ആയിരുന്നുവല്ലോ. നീ സകല സംഗതികള്‍ക്കും സാക്ഷിയാകുന്നു. (5:116-117)

യേശുവിന്റെ പ്രവചനങ്ങള്‍ അക്ഷരം പ്രതി മുഹമ്മദ് നബിയില്‍ യോജിച്ച് വരുന്നതായി നിഷ്പക്ഷമായ ഒരു പഠനത്തില്‍ കണ്ടെത്താന്‍ യാതൊരു പ്രയാസവുമില്ല.
 

2010 ഫെബ്രുവരി 20, ശനിയാഴ്‌ച

യേശുവിന്റെ പ്രവചനം പരിശുദ്ധാത്മാവില്‍ പുലര്‍ന്നുവോ ?

യേശു തനിക്ക് ശേഷം വരാനിരിക്കുന്ന സത്യാത്മാവിനെക്കുറിച്ച് പ്രവചിച്ചതായി ബൈബിള്‍ യോഹന്നാന്‍ സുവിശേഷത്തില്‍ വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു. അത് അപ്പോസ്ത പ്രവര്‍ത്തികള്‍ രണ്ടാമധ്യായത്തില്‍ പറഞ്ഞ പരിശുദ്ധാത്മാവിന്റെ ഇറക്കമാണ് എന്ന് മനസ്സിലാക്കിയതിനാല്‍ ക്രിസ്തുമത വിശ്വാസികള്‍ യേശുവിന്റെ ഈ പ്രവചനം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുലര്‍ന്നതായി കരുതുന്നു. അത്തരം ദൃഢവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇനി ഇക്കാര്യത്തില്‍ ഒരു ചര്‍ചക്ക് പ്രസക്തിയേ ഇല്ല. ഒരു ഗ്രന്ഥത്തിന്റെ ദൈവികതയില്‍ വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇത് തികച്ചും ന്യായീകരിക്കാവുന്നതുമാണ്. എന്നാല്‍ മുസ്‌ലിംകള്‍ നിലവിലുള്ള ബൈബിള്‍ ഒരു ചരിത്ര ഗ്രന്ഥത്തിന്റെ സ്ഥാനത്ത് നിര്‍ത്തി വിശകലവിധേയമാക്കാവുന്നതാണ്. മറ്റെന്തെങ്കിലും കാരണം ഇത്തരമൊരു വിശകലനത്തിനുണ്ടോ?. 
തീര്‍ച്ചയായും ഉണ്ട് എന്നാണ് എന്റെ ഉത്തരം കാരണം യേശുപറഞ്ഞ വിശേഷണങ്ങളോട് വിദൂര ബന്ധമേ മേല്‍ സൂചിപ്പിച്ച സംഭവത്തിന് ഞങ്ങള്‍ കാണുന്നുള്ളൂ. ഇവിടെ എന്നോട് സംവദിച്ച ക്രിസ്ത്യന്‍ സഹോദരങ്ങള്‍ പോലും അവയിലെ സാമ്യത ചുണ്ടിക്കാണിച്ച് യേശു പ്രവചിച്ച കാര്യങ്ങള്‍ പ്രസ്തുത പരിശുദ്ധാത്മാവില്‍ മേളിച്ചതായി ചൂണ്ടിക്കാണിക്കുന്നതിന് പകരം യോഹന്നാന്‍ സുവിശേഷത്തിലുള്ളത് അംഗീകരിച്ച താങ്കള്‍ ബൈബിളില്‍ തന്നെയുള്ള ആ സംഭവത്തില്‍ എന്തുകൊണ്ട് വിശ്വസിക്കുന്നില്ല എന്നാണ് ചോദിച്ചത്. കഴിഞ്ഞ കമന്റുകളില്‍ ആ വ്യത്യാസത്തിന് കാരണം ഞാന്‍ പറഞ്ഞുകഴിഞ്ഞു. ഇനി നമ്മുക്ക് പ്രവചനത്തെയും അതിന്റെ പൂര്‍ത്തീകരണമെന്ന് കരുതുന്ന സംഭവങ്ങളെയും വിശകലനം ചെയുതുനോക്കാം.
യോഹന്നാൻ സുവിശേഷം:
16:7 എന്നാൽ ഞാൻ നിങ്ങളോടു സത്യം പറയുന്നു; ഞാൻ പോകുന്നതു നിങ്ങൾക്കു പ്രയോജനം; ഞാൻ പോകാഞ്ഞാൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരികയില്ല; ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കൽ അയക്കും.
16:8 അവൻ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന്നു ബോധം വരുത്തും.
16:12 ഇനിയും വളരെ നിങ്ങളോടു പറവാൻ ഉണ്ടു; എന്നാൽ നിങ്ങൾക്കു ഇപ്പോൾ വഹിപ്പാൻ കഴിവില്ല.

16:13 സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവൻ സ്വയമായി സംസാരിക്കാതെ താൻ കേൾക്കുന്നതു സംസാരിക്കയും വരുവാനുള്ളതു നിങ്ങൾക്കു അറിയിച്ചുതരികയും ചെയ്യും.

16:14 അവൻ എനിക്കുള്ളതിൽനിന്നു എടുത്തു നിങ്ങൾക്കു അറിയിച്ചുതരുന്നതുകൊണ്ടു എന്നെ മഹത്വപ്പെടുത്തും.


ഈ വചനത്തില്‍ നിന്ന് നാം മനസ്സിലാക്കുന്ന സുചനകള്‍:

1. നിങ്ങള്‍ക്ക് ഞാന്‍ പറയുന്നത് വഹിക്കാനുള്ള ശേഷി ഇപ്പോഴില്ലെന്നും. അതിനാല്‍ എനിക്ക് പൂര്‍ത്തിയാക്കാനുള്ള ദൗത്യവുമായി സത്യത്തിന്റെ അത്മാവ് നിങ്ങളെ പിന്നീട് അത് വഹിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്ന ഒരു കാലത്ത് നിങ്ങളെ സമീപിക്കും.

2. ശേഷം വരുന്നവന്‍ അതിനാല്‍ എന്റെ പിന്‍ഗാമി ആയിരിക്കും.

3. അദ്ദേഹം സ്വന്തം നിലക്കായിരിക്കില്ല സംസാരിക്കുക പ്രത്യുത ദൈവം തന്നോട് കല്‍പിക്കുന്നതായിരിക്കും. 

4. ദൈവനാമത്തിലായിരിക്കും അവന്‍ സംസാരിക്കുക.

5. ദൈവത്തെപ്പറിയുള്ള സത്യം വെളിപ്പെടുത്തുകയും സത്യത്തിലേക്ക് നിങ്ങളെ നയിക്കുകയും ചെയ്യും.

6. ദൈവം അയക്കുന്ന ആ സത്യാത്മാവ് പാപത്തെയും നിതിയെയും ദൈവത്തിന്റെ ന്യായവിധിയെയും പറ്റി ലോകത്തെ പഠിപ്പിക്കും.

7. ലോകത്തെ മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടിയായിരിക്കും ആ ദൈവദൂതന്‍ അവതരിക്കുക.

8.വരാനുള്ള കാര്യങ്ങള്‍ ആ സത്യാത്മാവ് വെളിപ്പെടുത്തും.

യേശുവിന്റെ സത്യത്തിന്റെ ആത്മാവ് വരും എന്ന പ്രവചനം അപ്പോസ്ത പ്രവൃത്തികള്‍ രണ്ടാമധ്യായത്തില്‍ പറയപ്പെട്ട താഴെകാണുന്ന സംഭവത്തോടെ പൂര്‍ത്തീകരിക്കപ്പെട്ടു എന്ന് ക്രിസ്ത്യാനികള്‍ പൊതുവെ വിശ്വസിക്കുന്നു.
2:1 പെന്തെക്കൊസ്തനാൾ വന്നപ്പോൾ എല്ലാവരും ഒരു സ്ഥലത്തു ഒന്നിച്ചു കൂടിയിരുന്നു.

2:2 പെട്ടെന്നു കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തനിന്നു ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീടു മുഴുവനും നിറെച്ചു.

2:3 അഗ്നി ജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കും പ്രത്യക്ഷമായി അവരിൽ ഓരോരുത്തന്റെ മേൽ പതിഞ്ഞു.

2:4 എല്ലാവരുംപരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവർക്കും ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി.
ഇത് യേശുവിന്റെ പ്രവചനത്തിന്റെ പൂര്‍ത്തീകരണമാണ് എന്നംഗീകരിച്ചാല്‍ പ്രശ്‌നം അതോടെ തീര്‍ന്നു. ശേഷം വരാനിരിക്കുന്ന ഒരു സത്യാത്മാവിനെ പ്രതീക്ഷിക്കേണ്ടതില്ല. അതുമായി ബന്ധപ്പെട്ട എടാകൂടങ്ങളൊക്കെ പരിഹരിക്കപ്പെടും. ഇനി ഏത് പ്രവാചകന്‍ വന്നാലും അതൊക്കെ കള്ളദൂതന്‍മാരാണെന്ന് പറഞ്ഞ് തള്ളിക്കളയുന്നതിന് ഒരു പ്രയാസവുമില്ല. മാത്രമല്ല ഇന്നുകാണുന്ന ക്രൈസ്തവ സങ്കല്‍പങ്ങള്‍ പ്രചരണം നടത്തുന്നവര്‍ ഈ പരിശുദ്ധാത്മാവ് നിറഞ്ഞതാണെന്നും അതിനാലാണ് അവര്‍ക്ക് ആ കഴിവ് ലഭിക്കുന്നതെന്നും അവകാശപ്പെടാം. എന്നാല്‍ ഈ വിശ്വാസം നിര്‍ബന്ധമില്ലാത്തവര്‍ക്ക് യേശുവിന്റെ പ്രവചനം ഇതില്‍ പുലര്‍ന്നോ എന്ന് അന്വേഷിക്കാവുന്നതാണ്.

ഈ സംഭവം നടക്കുന്നത് യേശു അവസാനമായി ആചരിച്ച പെസഹാ തിരുന്നാളിന്റെ 50 ദിവസത്തിനുശേഷം യഹൂദന്‍മാരുടെ ഒരാഘോഷമായ പെന്തക്കോസ്തു ദിനത്തില്‍ വിശ്വാസികള്‍ ഒരു വീട്ടില്‍ സമ്മേളിച്ച സന്ദര്‍ഭത്തിലാണ്. ഇതില്‍ നടന്ന അത്ഭുതം അവിടെ മേളിച്ചവര്‍ പരിശുദ്ധാത്മാവിനാല്‍ പൂരിതരായി എല്ലാവരും അന്യഭാഷകള്‍ സംസാരിക്കാന്‍ തുടങ്ങി എന്നതാണ്. അതോടൊപ്പം കേള്‍ക്കുന്നവര്‍ക്ക് അത് സ്വന്തം ഭാഷയില്‍ കേള്‍ക്കാനും സാധിച്ചു. ഇപ്രകാരം അവതരിക്കുന്ന ഒരു പരിശുദ്ധാത്മാവിനെയാണോ യേശു മുകളിലെ വചനങ്ങളില്‍ പരിചയപ്പെടുത്തുന്നത് എന്ന ചിന്തിക്കാവുന്നതാണ്.

ഇവിടെ മൂന്ന് സംശയങ്ങള്‍മാത്രം ഉന്നയിക്കുന്നു:

1. നിങ്ങള്‍ക്ക് ഇപ്പോള്‍ വഹിപ്പാന്‍ കഴിയില്ല എന്ന് പറഞ്ഞ് മാറ്റിവെച്ച സുപ്രധാനമായ ദൗത്യം ഏറ്റെടുക്കാന്‍ അവര്‍ 50 ദിവസത്തിന് ശേഷം പ്രാപ്തമായോ?.

2. ഈ അവതരിച്ച പരിശുദ്ധാത്മാവില്‍ മുകളില്‍ സൂചിപ്പിക്കപ്പെട്ട പ്രവചനങ്ങളിലെ എത്ര ശതമാനം യോജിച്ചു?.

3. ഇവിടെ സുപ്രധാനമായി എടുത്തുപറഞ്ഞ അന്യഭാഷാസംസാരം യേശുഎവിടെയെങ്കിലും സൂചിപ്പിച്ചിരുന്നുവോ?.   


ഞാനിവിടെ ഒരു വിധിതീര്‍പ്പിലെത്തുന്നില്ല. എന്റെ സംശയങ്ങളും ചോദ്യങ്ങളും ഉന്നയിച്ചുവെന്ന് മാത്രം. ഈ പോസ്റ്റ് ഇട്ടതെന്തിന് എന്ന് ചിന്തിച്ച് തലപുണ്ണാക്കുന്നതിന് പകരം, വിശ്വാസികളോ അല്ലാത്തവരോ തങ്ങളുടെ അഭിപ്രായം ഇവിടെ കുറിച്ചിടുക. അതോടൊപ്പം ഈ വിഷയം ഇവിടെ അവസാനിക്കുന്നുമില്ല. യേശുവിന്റെ പ്രവചനം മുഹമ്മദ് നബില്‍ അത്ഭുതകരമായി യോജിച്ചു വരുന്നതായി കാണുന്നു അതുകൂടി പറഞ്ഞ ശേഷം ഈ ചര്‍ച  അവസാനിക്കും.

2010 ഫെബ്രുവരി 17, ബുധനാഴ്‌ച

മോശയെപ്പോലുള്ള പ്രവാചകന്‍ മുഹമ്മദ് ?

ഇതിന് മുമ്പ് നല്‍കിയ രണ്ടുലേഖനങ്ങളുടെ ഒരു സംഗ്രഹം ഇങ്ങനെയുമാവെമെന്ന് തോന്നുന്നു. വായിക്കുകയും വിലയിരുത്തുകയും ചെയ്യുക. മോശ പ്രവചിച്ച പ്രവാചകന്‍ യേശുവും യേശുവരാനിരിക്കുന്നുവെന്ന് പറഞ്ഞ സത്യത്തിന്റെ ആത്മാവ് അപ്പോസ്ത പ്രവര്‍ത്തികളില്‍ പറയപ്പെട്ട പരിശുദ്ധാത്മാവാണെന്നും വിശ്വ സിച്ച് കഴിഞ്ഞവര്‍ വായിക്കാതിരിക്കുകയായിരിക്കും നല്ലത്. കാരണം അപ്രകാരം വിശ്വസിക്കുന്നവരുടെ നിരന്തര അപേക്ഷ വല്ലാതെ അസ്വസ്തപ്പെടുത്തുന്നു. എങ്കിലും എല്ലാമതത്തിലും അത്തരം ആളുകളും ചിന്തിക്കുന്ന ആളുകളുമുണ്ടാകും എന്നത് ഒരു വസ്തുതയാണല്ലോ. അങ്ങനെയുള്ളവര്‍ ഇതില്‍ അബദ്ധമുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടുക.

പുതിയനിയമത്തിലെ അപ്പോസ്തല പ്രവൃത്തികളില്‍ സൈമണ്‍ പത്രോസും ക്രൈസ്തവരുടെ ആദ്യത്തെ രക്തസാക്ഷിയായ സ്റീഫനും ഈ പ്രവചനം യേശുവിനെപ്പറ്റിയാണെന്നു പ്രസ്താവച്ചിട്ടുണ്ട് (അപ്പോ.പ്രവൃ: 3.22, 7:37).എന്നാല്‍ ഈ പ്രവചനം മുഹമ്മദ്നബിയെപ്പറ്റിയാണെന്നാണ് ഖുര്‍ആന്‍(46:10) സൂചിപ്പിക്കുന്നത്. മോശെയുടെ പ്രവചനത്തിലെ സൂചന യേശുവിനെപ്പറ്റിയാണെന്ന് പത്രോസും സ്റീഫനും വിലയിരുത്തിയ കാലത്ത് മുഹമ്മദ് ജനിച്ചിരുന്നില്ല. അന്നുവരെയുള്ള നിലക്ക് ആ പ്രവചനം യേശുവിന് യോജിക്കുന്നതായി കണ്ടതായിരിക്കണം അവര്‍ അങ്ങനെ അഭിപ്രായപ്പെട്ടതിന്റെ കാരണം. എന്നാല്‍, അത് യേശുവിനെക്കാള്‍ കൂടുതലായി മുഹമ്മദിനാണ് യോജിക്കുന്നതെന്ന് തെളിയിക്കാനായി മുസ്ലിം പണ്ഡിതന്മാര്‍ പല വാദങ്ങളും ഉന്നയിക്കുന്നു. അതില്‍ പ്രധാനമായവ പരിശോധിച്ചു നോക്കാം.

‘എന്നെപ്പോലെ ഒരു പ്രവാചകന്‍’എന്നു മോശെ പറയുമ്പോള്‍ അത് പലവിധത്തിലും അദ്ദേഹത്തെപ്പോലെ തന്നെയുള്ള ഒരു പ്രവാചകനായിരിക്കണമെന്നാണ് ഉദ്ദേശ്യം. ഈജിപ്തിലെ ഫറവോനെ ഭയപ്പെട്ട് അറേബ്യയില്‍ മരുപ്രദേശത്തേക്കു രക്ഷപ്പെട്ട മോശെ പിന്നീട് ഇസ്രയേല്‍ക്കാരെ ഈജിപ്തിലെ അടിമത്തത്തില്‍ നിന്നു മോചിപ്പിച്ചു അവരുടേതായ വാഗ്ദത്ത ഭൂമി നേടിക്കൊടുത്തു എന്നുള്ളതായിരുന്നു മോശെയുടെ ഒരു പ്രധാന യോഗ്യത. കാനാന്‍ ദേശത്തെ വാഗ്ദത്തഭൂമി നേടിയെടുക്കുന്നതിന് മോശെയുടെ നേതൃത്വത്തില്‍ പല യുദ്ധങ്ങളും വേണ്ടിവന്നു. എതിരാളികളേക്കാള്‍ എണ്ണത്തില്‍ കുറവായിരുന്നിട്ടും മോശെയുടെ കീഴില്‍ ഉറച്ചുനിന്ന് ധീരമായി പോരാടി ഇസ്രയേല്‍ക്കാര്‍ വിജയംവരിച്ചു. അവിശ്വാസികളായ എതിരാളികളുടെ എതിര്‍പ്പ് സഹിക്കവയ്യാതായപ്പോള്‍ മുഹമ്മദ് നബി മക്കയില്‍ നിന്ന് മദീനയിലേക്ക് രക്ഷപ്പെടുകയും പിന്നീട് ശക്തി സംഭരിച്ച് വിശ്വാസികള്‍ക്കായി ഒരു രാഷ്ട്രം സ്ഥാപിക്കുകയും ചെയ്തു. എതിര്‍ സൈന്യത്തോടു കിടപിടിക്കത്തക്ക സംഖ്യാബലമോ വിഭവശേഷിയോ നബിയുടെ സൈന്യത്തിന് ഉണ്ടായിരുന്നില്ലെങ്കിലും മഹത്തായ നേതൃത്വത്തില്‍ ഉറച്ചുനിന്ന് ആത്മാര്‍ത്ഥമായി പൊരുതിയാണ് അവര്‍ വിജയംകണ്ടത്. കഠിനമായി പരിക്കു പറ്റിയിട്ടും ലക്ഷ്യത്തില്‍ നിന്ന് പിന്മാറാതെ അവര്‍ ഉറച്ചുനിന്നു. ഉന്നതമായ ലക്ഷ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കാന്‍ തയ്യാറായവര്‍ നിരവധി. യേശുവിന്റെ കാലത്ത് റോമന്‍ ആധിപത്യത്തിലായിരുന്നു ഇസ്രയേല്‍ക്കാര്‍. റോമക്കാരില്‍ നിന്ന് അവരെ മോചിപ്പിക്കുന്നതിനുള്ള രക്ഷകനാണ് യേശുവെന്ന് തെറ്റായിട്ടാണെങ്കിലും പലരും പ്രതീക്ഷിച്ചു. നഷ്ടപ്പെട്ട സ്വാതന്ത്യ്രം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമമൊന്നും യേശുവിന്റെ ഭാഗത്തുനിന്നുണ്ടായില്ല. അദ്ദേഹത്തില്‍ നിന്ന് അത് ഉദ്ദേശിക്കപ്പെട്ടിരുന്നുമില്ല.

മോശെക്കോ മുഹമ്മദിനോ ഉണ്ടായിരുന്നതുപോലെ എന്തിനും സന്നദ്ധരായ അനുയായികള്‍ യേശുവിന് ഉണ്ടായിരുന്നോ എന്ന് സംശയമാണ്. മിക്ക ശിഷ്യന്മാരുടേയും അനുയായികളുടേയും ആത്മാര്‍ത്ഥതയും വിശ്വസ്തതയും സംശയാസ്പദമായിരുന്നു എന്നു വേണം വിചാരിക്കാന്‍. ഒരു പ്രമുഖ ശിഷ്യനായിരുന്ന സൈമണ്‍പത്രോസ് യേശുവിനെ അറിയുകയില്ലെന്ന് അദ്ദേഹത്തിന്റെ ഏറ്റവും ആപല്‍ഘട്ടത്തില്‍ മൂന്ന് പ്രാവശ്യം ദൈവനാമത്തില്‍ കള്ളസത്യം ചെയ്തു. (മത്തായി 26:69-74). ചെറുപ്പക്കാരനായ മറ്റൊരു ശിഷ്യന്‍ ഉരിഞ്ഞുവീണ ഉടുതുണി എടുത്തുടുക്കാന്‍ പോലും നില്‍ക്കാതെ നഗ്നനായാണ് ഓടിയൊളിച്ചത്. (മാര്‍ക്കോസ് 14:51-52). മുപ്പതു വെള്ളിക്കാശിനുവേണ്ടി ഗുരുവിനെ ചുംബനംകൊണ്ട് ഒറ്റിക്കൊടുത്ത യൂദാസിന്റെ കഥ കുപ്രസിദ്ധമാണല്ലോ (മത്തായി 26:15, 48-49).അല്ലെങ്കിലും അവനൊരു കള്ളനായിരുന്നു. യേശുവിന്റെ പണസഞ്ചി സൂക്ഷിപ്പുകാരനായ അവന്‍ അതില്‍ നിന്നു പലപ്പോഴും മോഷ്ടിച്ചിരുന്നതായി യോഹന്നാന്‍ രേഖപ്പെടുത്തുന്നു. (യോഹ 12:6). പുരോഹിത നേതൃത്വം യേശുവിനെ അറസ്റു ചെയ്തപ്പോള്‍ ശിഷ്യന്മാര്‍ എല്ലാവരും അദ്ദേഹത്തെ വിട്ട് ഓടിപ്പോയതായി രേഖപ്പെടുത്തിയിട്ടുണ്ട്. (മാര്‍ക്കോസ് 14:50).

മോശെ വഴി ലഭിച്ച നിയമങ്ങളും ചട്ടങ്ങളും അദ്ദേഹത്തെ എല്ലാ കാലത്തേക്കും പ്രസിദ്ധനാക്കി. അവയില്‍ പലതും ഇന്നും പ്രാബല്യത്തിലിരിക്കുന്നു.പല രാജ്യങ്ങളുടേയും നിയമ നിര്‍മാണത്തില്‍ അത് വമ്പിച്ച സ്വാധീനം ചെലുത്തി. അക്കാര്യത്തില്‍ മുഹമ്മദ്നബിക്ക് മോശെയുമായി ഏറെ സാമ്യമുണ്ട്. ജീവിതത്തിന്റെ മിക്ക മേഖലകളേയും ബാധിക്കുന്ന ഒട്ടുമിക്ക കാര്യങ്ങളേയും സ്പര്‍ശിക്കുന്ന ബൃഹത്തായ ഒരു നിയമസംഹിത ഖുര്‍ആനില്‍ രേഖപ്പെടുത്തിയിരിക്കുന്നു. എല്ലാ മനുഷ്യര്‍ക്കും എല്ലാ കാലത്തേക്കുമായി. വരാനുള്ള പ്രവാചകന്‍ ദൈവനാമത്തില്‍ സംസാരിക്കുമെന്നാണ് മോശെ പറഞ്ഞത്. യേശു ദൈവത്തെപ്പറ്റി ധാരാളം സംസാരിച്ചിട്ടുണ്ടെങ്കിലും അവ പൂര്‍ണമായി അതേപടി സുവിശേഷങ്ങളില്‍ രേഖപ്പെടുത്തിയിട്ടില്ല. ദൈവനാമത്തിലല്ല സുവിശേഷങ്ങളുടെ ആരംഭം. സത്യസന്ധമായ ഒരു വിവരണം എഴുതാനാണ് ഉദ്ദേശ്യമെന്ന് ലൂക്കായുടെ ഗ്രന്ഥാരംഭത്തില്‍ കാണാം. ചില കാര്യങ്ങളെ മാത്രം ഉദ്ദേ ശിച്ചുകൊണ്ടുള്ളതാണ് യോഹന്നാന്റെ സുവിശേഷത്തിന്റെ അവസാന ഭാഗത്തുള്ള സത്യപ്രസ്താവന. ദൈവനാമത്തിലുള്ള കൃതികളല്ലാത്തതുകൊണ്ട് ഉള്ളടക്കം മുഴുവന്‍ കളവാണെന്നല്ല വിവക്ഷ. രണ്ടു ഗ്രന്ഥങ്ങള്‍ തമ്മിലുള്ള ശൈലീ വ്യത്യാസം എടുത്തു പറഞ്ഞെന്നേയുള്ളൂ. മുഹമ്മദ് നിരക്ഷരനായിരുന്നെന്നും ഖുര്‍ആനില്‍ മുഹമ്മദിന്റെ വകയായി യാതൊന്നുമില്ലെന്നും എല്ലാം ദൈവത്തില്‍ നിന്ന് ഗബ്രിയേല്‍ മാലാഖ വഴി നേരിട്ടു ലഭിച്ചതാണെന്നും ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. ദൈവനാമത്തിലാണ് എല്ലാ അധ്യായങ്ങളുടെയും ആരംഭം. ദൈവം പ്രവാചകനായ മുഹമ്മദിനെ സംബോധന ചെയ്തു സംസാരിക്കുന്നതും നിര്‍ദേശിക്കുന്നതുമാണ് ഖുര്‍ആനിലെ ആദ്യന്തമുള്ള ശൈലി. അത്തരം ഒരു ശൈലി മറ്റേതെങ്കിലും ഗ്രന്ഥം സ്വീകരിച്ചതായി കേട്ടിട്ടില്ല. അനവധി ഗ്രന്ഥകാരന്മാര്‍ അനേകം കൊല്ലംകൊണ്ട് എഴുതിത്തീര്‍ത്തതാണ് ബൈബിള്‍. അതുകൊണ്ട് തന്നെ ചില പാകപ്പിഴകളും അതില്‍ കാണാം. ബൈബിളില്‍ അടങ്ങിയിട്ടുള്ള ഗ്രന്ഥങ്ങളുടെ കാര്യത്തില്‍ പോലും ക്രൈസ്തവ സഭകള്‍ തമ്മില്‍ യോജിപ്പില്ല. കത്തോലിക്കാ സഭയുടെ ബൈബിളില്‍ എഴുപത്തിമൂന്ന് ഗ്രന്ഥങ്ങളും മറ്റു സഭകളുടേതില്‍ അറുപത്താറു ഗ്രന്ഥങ്ങളുമാണുള്ളത്. ഗ്രന്ഥകാരന്മാരുടെ കാര്യത്തിലുമുണ്ട് ആശയക്കുഴപ്പം. മോശെയുടെ പേരിലുള്ള അഞ്ചു ഗ്രന്ഥങ്ങളില്‍ ഒന്നില്‍ മോശെ മരിച്ച സ്ഥലത്തെപ്പറ്റിയും മരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രായത്തെപ്പറ്റിയും പ്രതിപാദിക്കുന്നതിനാല്‍ ആ ഗ്രന്ഥം മോശെയുടെ മരണ ശേഷം ആരോ എഴുതിയതാണെന്നു വേണം അനുമാനിക്കാന്‍. സ്വന്തം മരണം രേഖപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ലല്ലോ (ആവര്‍ത്തനം. 34:5-8). പുതിയ നിയമത്തിലെ ഗ്രന്ഥങ്ങളുടെ കാര്യത്തിലുമില്ല പൂര്‍ണമായ ഐകരൂപ്യം. ചില ഗ്രന്ഥങ്ങളില്‍ ഏതാനും വാക്യങ്ങള്‍ കൂടുതലും വേറെ ചിലതില്‍ ഏതാനും വാക്യങ്ങള്‍ കുറവും കാണുന്നു. മാര്‍ക്കോസിന്റെ പുസ്തകം 16-ാം അധ്യായം ഒമ്പതു മുതല്‍ ഇരുപതു വരെ വാക്യങ്ങളില്‍ ആ വ്യത്യാസം കാണാം. യോഹന്നാന്റെ സുവിശേഷം എട്ടാം അധ്യായം ഒന്നുമുതല്‍ പതിനൊന്നു വരെ വാക്യങ്ങളിലുമുണ്ട് അത്തരം വ്യത്യാസം. ഏതാനും ഉദാഹരണങ്ങള്‍ ചൂണ്ടികാണിച്ചെന്നു മാത്രം.

എന്നാല്‍ ഖുര്‍ആനില്‍ അത്തരം വ്യത്യാസം കാണുകയില്ല. നബിയുടെ ജീവിതകാലത്തുതന്നെ ഏതാനും കൊല്ലങ്ങള്‍ക്കുള്ളില്‍ രേഖപ്പെടുത്തപ്പെട്ടതാണ് ആ ഗ്രന്ഥം മുഴുവന്‍. ‘നിങ്ങളുടെ സ്വന്തം ജനങ്ങളില്‍ നിന്നുള്ള പ്രവാചകന്‍’ എന്ന വിശേഷണം മോശെക്കും മുഹമ്മദിനും ഒരുപോലെ യോജിക്കുന്നു. അബ്രഹാമിന്റെ മക്കളാണ് ഇസ്മായേലും ഇസ്ഹാഖും.ഇസ്ഹാഖിന്റെ വംശ പരമ്പരയില്‍ മോശെയും യേശുവുമുണ്ടായി; ഇസ്മായേലിന്റെ താവഴിയില്‍ മുഹമ്മദും. രണ്ടുപേരുടെയും പൂര്‍വപിതാവ് അബ്രഹാം തന്നെ. വേറെയും പല കാര്യങ്ങളിലുമുണ്ട് മോശെയും നബിയും തമ്മില്‍ സാദൃശ്യം. യേശുവില്‍ നിന്നു വ്യത്യസ്തമായി സാധാരണ മാതാപിതാക്കളില്‍ നിന്നുള്ള സാധാരണ ജനനമായിരുന്നു രണ്ടുപേര്‍ക്കും. രണ്ടുപേരും വിവാഹം ചെയ്തു;മക്കളുണ്ടായി. കുടുംബജീവിതം നയിച്ചു. വാര്‍ധക്യത്തില്‍ മരിച്ചു. ഇതൊന്നും യേശുവിനെ സംബന്ധിച്ച് ബാധകമല്ല. യേശു വിവാഹിതനായിരുന്നില്ല. വെറും മുപ്പത്തിമൂന്നു കൊല്ലമായിരുന്നു ജീവിതകാലം. പ്രബോധനപ്രവര്‍ത്തനമാവട്ടെ മൂന്നു കൊല്ലവും. ശൈശവത്തില്‍ യേശുവിനെ കൊല്ലാന്‍ ഹേറോദ് രാജാവും മോശെയെ കൊല്ലാന്‍ ഫറവോനും ശ്രമിച്ചു എന്ന സാദൃശ്യം അവര്‍ തമ്മിലുണ്ട്. അദ്ഭുത സിദ്ധി കളുടെ കാര്യത്തിലുമുണ്ട് അവര്‍ തമ്മില്‍ സാമ്യം. എന്നാല്‍ മുഹമ്മദ് നബി വഴി ലഭിച്ച ഖുര്‍ആന്‍ എന്ന ഗ്രന്ഥം തന്നെ ഒരു മഹാ അദ്ഭുതമാണെന്ന് പ്രസ്താവിക്കപ്പെടുന്നു. അങ്ങനെ നിഷ്പക്ഷമായും വസ്തുനിഷ്ഠമായും വിലയിരുത്തുമ്പോള്‍ ‘എന്നെപ്പോലെ ഒരു പ്രവാചകന്‍’എന്ന് മോശെ പറഞ്ഞത് യേശുവിനെക്കാള്‍ കൂടുതലായി മുഹമ്മദിനാണ് യോജിക്കുക എന്നു മനസ്സിലാക്കാം. മോശെ പറഞ്ഞ പ്രവാചകന്‍ യേശുവല്ല മുഹമ്മദാണ് എന്നംഗീകരിക്കുന്നതുകൊണ്ട് യേശുവിന്റെ പ്രാധാന്യത്തിന് കുറവൊന്നും സംഭവിക്കുന്നുമില്ല.

യേശുപോലും തനിക്കു ശേഷം ഒരു പ്രവാചകന്റെ ആഗമനം പ്രവചിച്ചിരിക്കേ അതു സാക്ഷാത്കരിക്കപ്പെടുമ്പോള്‍ യേശുവിന്റെ മഹത്വം വര്‍ധിക്കുകയാണ് ചെയ്യുക. ഒരേ മതത്തിലെ പ്രവാചക പരമ്പരയിലെ അതിപ്രധാന കണ്ണികളാണ് അവര്‍ രണ്ടുപേരും. രണ്ടുപേരുടെയും സന്ദേശങ്ങള്‍ പരസ്പര പൂരകങ്ങളാണ്. ഏ.ഡി.571-ല്‍ ജനിച്ച മുഹമ്മദിനെ ക്രിസ്തുവിനു ശേഷമുള്ള പ്രവാചകനായി അംഗീകരിക്കുമ്പോള്‍ അഞ്ചു നൂറ്റാണ്ടുകള്‍ക്കു ശേഷം ആ പ്രവചനം യാഥാര്‍ത്ഥ്യമായി സംഭവിക്കുകയാണ് ചെയ്യുന്നത്. യേശുക്രിസ്തു മുന്‍കൂട്ടിപ്പറഞ്ഞ പ്രവാചകനല്ല മുഹമ്മദെങ്കില്‍ ക്രിസ്തുവിനു ശേഷം രണ്ടായിരത്തോളം കൊല്ലങ്ങളായിട്ടും ആ പ്രവചനം വാസ്തവമായിത്തീര്‍ന്നിട്ടില്ലെന്നു വേണം വിചാരിക്കാന്‍. അതു യേശുവിനെ സംബന്ധിച്ചേടത്തോളം അങ്ങേയറ്റം ആക്ഷേപാര്‍ഹമാണ്. ആരാണ് ഒരു പ്രവാചകന്‍? ആധികാരികമായി മോശെ നിര്‍വചിച്ചിരിക്കുന്നു: “പ്രവാചകന്‍ ദൈവത്തിന്റെ പേരില്‍ സംസാരിക്കുകയും അയാള്‍ പറയുന്നത് വാസ്തവമായി സംഭവിക്കുകയും ചെയ്യുന്നില്ലെങ്കില്‍ അത് ദൈവത്തിന്റെ സന്ദേശമല്ല. ആ പ്രവാചകന്‍ അത് സ്വന്തം നില്ക്ക് പറഞ്ഞതാണ്; അയാളെ നിങ്ങള്‍ ഭയപ്പെടേണ്ടതില്ല.” (ആവര്‍ത്തനം 18:22) തീര്‍ച്ചയായും ആ പ്രവചനം മുഹമ്മദ് നബിയില്‍ വാസ്തവമായി സംഭവിച്ചിട്ടുണ്ടെന്ന് ഉറപ്പിച്ചു വിശ്വസിക്കാം. (തുടരും)

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review