2016, മേയ് 1, ഞായറാഴ്‌ച

ഒരു ബ്ലോഹാദിയുടെ ജിഹാദും യുക്തിവാദികളുടെ നുണപ്രചാരണവും


യുക്തിവാദവും ബ്ലോഗും ഇസ്ലാമുമെല്ലാം ഒരിക്കൽ കൂടി സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്നു. അവിടെ നിന്നും വിട്ട് ദിനപത്രങ്ങളിലും അതിൻെറ അലയൊലികളുണ്ട്. ഇതിന്റെ പ്രധാന കാരണം ഇയ്യിടെ പ്രത്യക്ഷപ്പെട്ട ഫെയ്ക് ഐഡിയിൽനിന്നുള്ള ഒരു ബ്ലോഗാണ്. വളരെ അപകടകരമായ സന്ദേശങ്ങളുള്ള പ്രസ്തുത ബ്ലോഗ്  സാമൂഹികവിരുദ്ധവും രാജ്യവിരുദ്ധവും അതുകൊണ്ടുതന്നെ നിയമപരമായ നടപടി നേരിടേണ്ടിവരുന്നതും ആണ് എന്ന് എല്ലാവരെക്കാളും മുമ്പേ അതിന്റെ കർത്താവ്/കർത്താക്കൾ തന്നെ മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടാണല്ലോ ഫെയ്ക് ഐഡിയിൽനിന്ന് അത് കൈകാര്യം ചെയ്യുന്നത്. അതിന്റെ പിന്നിൽ ഒരാളാണോ ഒരു സംഘമാണോ എന്നതൊക്കെ ഊഹിക്കാൻ മാത്രമേ ഇപ്പോൾ കഴിയൂ. എന്നാൽ ഇതേ ആശയങ്ങൾ സംസാരിക്കുന്ന കുറേ ഫെയ്ക് ഐഡികളെ കണ്ടു. ഇത്രത്തോളം പച്ചയായിട്ടല്ലെങ്കിലും സമാനമായി സംസാരിക്കുന്ന ഒറിജിനൽ ഐഡികളെയും ഫെയ്സ് ബുക്ക് ച‍ർചയിൽ കാണാവുന്നതാണ്. അത്തരക്കാർ ഉന്നയിക്കുന്ന വാദങ്ങളും പലപദപ്രയോഗങ്ങളും ഈ ബ്ലോഗും ഉൾകൊള്ളുന്നുണ്ട്. അതിനാൽ തന്നെ ഒറിജിനലായി ചിലരെ യുക്തിവാദികൾ സംശയിക്കുന്നതിൽ കുറ്റപ്പെടുത്താനാവില്ല. 

ഹദീസ് സമാഹാരങ്ങളിലൊന്നും റിപ്പോർട്ട് ചെയ്യാത്ത വ്യജമെന്ന് പ്രസിദ്ധമായ ഒരു ഹദീസ് വെച്ചാണ് പ്രസ്തുത ബ്ലോഗ് പോസ്റ്റ് തുടങ്ങുന്നത് തന്നെ. കള്ളനോട്ടും ഒരു നോട്ടാണ് എന്ന് പറയുന്നതുപോലെ ഒരു അസംബന്ധം പറഞ്ഞാണീ ച‍ർച ആരംഭിക്കുന്നത് എന്നതുകൊണ്ടു തന്നെ ഈ പോസ്റ്റിനെ വിശകലനം ചെയ്യുന്നത് വൃഥാവേലയാണ്. ഈ ബ്ലോഗ് തുടർന്നു പറയുന്ന കാര്യങ്ങളിലും തികഞ്ഞ അറിവില്ലായ്മയും യുക്തിശൂന്യതയും നിഴലിക്കുന്നു. 

(((മോഡേൻ മുഹദ്ദിസുകൾ ഈ ഹദീസ് തള്ളിക്കളയുന്നവർ ആണ്. ഈ ഹദീസിന്റെ സനദിൽ   പ്രശ്നം ഉണ്ട്.  ഈ ഹദീസിനു മൂന്നു വേർഷനുകൾ ഉണ്ട്. രണ്ടെണ്ണം ദയീഫും ഒരെണ്ണം മുർസ്സലുമാണ്. ഒതെന്റിക് അല്ല എങ്കിലും ഇത് കെട്ടിച്ചമച്ചതോ വ്യാജമോ ആയ ഹദീസ് അല്ല. സനാദിലെ വ്യക്തിക്ക് അബദ്ധങ്ങൾ പറ്റും എന്ന കാരണത്താൽ ദയീഫ് /മുർസ്സൽ വിഭാഗാത്തിൽപ്പെടുത്തി എന്നെ ഉള്ളൂ. അതിനാൽ റസൂൽ തിരുമേനി ഇങ്ങനെ പറഞ്ഞിരിക്കാനുള്ള സാധ്യത ഉണ്ട്. സുബുഹാനല്ലാ ഇക്കാലത്ത് ജിഹാദ് പ്രായോഗികം അല്ലാ എന്ന് പറയുന്ന നിരവധി പണ്ഡിതരെ കാണുബോൾ ഈ ഹദീസ് ഓർക്കുന്നു. ഇന്ത്യാ മഹാരാജ്യത്ത് ജിഹാദ് പാടില്ല എന്ന് പറയുന്നവരാണ് ഇവിടെയുള്ള ഏതാണ്ട് എല്ലാ പണ്ഡിതരും. ഇന്ത്യയില ജിഹാദിന്റെ സാധ്യതകൾ അന്വേഷിക്കുന്ന ചെറിയ ഒരു ശ്രമമാണ് തുടർന്നുള്ളത്.)))

ഈ ഹദീസ് ദു‍ർബലമാണ് എന്ന് പറയുന്നത് ചില മോഡേൺ മുഹദ്ദിസുകളാണ് എന്നത് അസത്യമാണ്. യഥാർത്ഥത്തിൽ ഇത് കെട്ടിച്ചമച്ച ഹദീസുകളുടെ കൂട്ടത്തിലാണ് പണ്ഡിതർ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രമാണികമോ അല്ലാത്തതോ ആയ ഹദീസ് ഗ്രന്ഥങ്ങളൊന്നും ഇത് റിപ്പോർട്ട് ചെയ്തിട്ടില്ല. ഇബ്നു അസാക്കിർ തന്റെ ചരിത്രഗ്രന്ഥത്തിൽ ഇത് ഉദ്ധരിച്ചിട്ടുണ്ട്. ഇതിലെ നിവേദകരാകട്ടെ ദുർബലരാണ്. അതോടൊപ്പം മറ്റു ന്യൂനതകളും ഇതിനുണ്ട്. ജിഹാദ് എന്നത് സായുധ പോരാട്ടം എന്ന അ‍ർത്ഥത്തിലെടുത്തുകൊണ്ടുള്ള ഒരു വ്യജഹദീസാണിത് എന്ന് ഇതിന്റെ മറ്റുവകഭേദങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. ജിഹാദ് എന്നാൽ ഇസ്ലാമിൽ ചെറുതും വലുതുമായ ദൈവികമാ‍ർഗത്തിലുള്ള സകല പരിശ്രമവും ഉൾകൊള്ളുന്നതാണ്. എന്നാൽ സായുധ പോരാട്ടം എന്ന അ‍ർഥത്തിലും ഉപയോഗിച്ചിട്ടുണ്ട്. ഇതിന് സ്ഥലവും കാലവുമൊക്കെ ബാധകമാണ് എന്നതാണ് മുസ്ലിം ലോകം അംഗീകരിക്കുന്നത്. ഏതെങ്കിലും തീവ്രവാദികൾ അല്ല എന്ന് പറയുന്നുണ്ടാവും. പക്ഷെ ഈ ബ്ലോഗിന് പിന്നിലുള്ളവ‍‍ർക്ക് ലോക മുസ്ലിം ജനസമൂഹം ഒന്നടങ്കം വഴിതെറ്റിയവരും മുനാഫിഖുകളും (കപടവിശ്വാസികൾ) ആണ്. ലോകത്ത് കപടവിശ്വാസിയല്ലാത്ത ഒരാൾ ഈ ബ്ലോഗർ മാത്രമാണ് എന്ന് തോന്നും സംസാരം കേട്ടാൽ.  

ബ്ലോഗിലെ അടുത്ത ഖണ്ഡിക നോക്കൂ... 

(((ഇന്ത്യക്ക് പുറത്തുള്ള ജിഹാദി ശൈഖുകൾ എല്ലാം ഇന്ത്യാ ദാറുൽ ഹർബും ഇന്ത്യയിൽ ജിഹാദ് നിർബന്ധവുമാണെന്ന അഭിപ്രായക്കാരുമാണ്. പക്ഷെ അതൊടോപ്പമുള്ള വസ്തുതയാണ് ഇവരെല്ലാവരും തങ്ങളുടെ അഭിപ്രായം രൂപപ്പെടുത്തിയത് കാശ്മീർ എന്ന ഒറ്റ പ്രദേശത്തെ അടിസ്ഥാനമാക്കിയാണ് എന്നത്. കാശ്മീർ അല്ലാത്ത ഇന്ത്യയുടെ ഇതര ഭാഗത്തെ കുറിച്ചോ ജനതയെ കുറിച്ചോ ഇവർക്കൊന്നുമ ഒരു ധാരണയുമില്ല എന്നതും വസ്തുതയാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ കാശ്മീർ ഒഴിച്ചുള്ള ഇന്ത്യയുടെ ഫിഖ്‌ഹുൽ വാഖിയയിൽ ഇവർ അജ്ഞരാണ്. അതിനവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലാ. ഇന്ത്യൻ മുസ്ലീങ്ങളുടെ അവസ്ഥ എന്താണ് എന്ന് ഇന്ത്യക്ക് പുറത്തുള്ള മുസ്ലീം സമൂഹത്തെ അറിയിക്കാനുള്ള ഒരു താല്പര്യവും നാളിതു വരെ ഇന്ത്യൻ മുസ്ലീങ്ങൾ കാണിചിട്ടില്ല.)))

ആരാണ് ഈ ജിഹാദി ശൈഖുകൾ.. അവരു പോലും കാഷ്മീറുമായി ബന്ധപ്പെടുത്തിമാത്രമാണ് ഇന്ത്യയെ ദാറുൽ ഹ‍ർബായി ചിത്രീകരിക്കുന്നത് എന്നതിൽ പ്രയാസപ്പെടുകയാണ് ബ്ലോഗർ. ലോകത്തുള്ള ജിഹാദി ശൈഖുകൾക്കും കാര്യം അറിയില്ല എന്ന് സ്വയം സമാധാനിക്കുന്നു. തങ്ങൾക്കറിയാവുന്നത് ആ ജിഹാദി ശൈഖുകൾക്ക് അറിയാമായിരുന്നെങ്കിൽ അവർ അഭിപ്രായം മാറ്റുമെന്നാണ്  ഈ ഫെയ്ക് ഐഡികൾക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്നവൻ ആശ്വസിക്കുന്നത്. 

വളരെ രസകരമായ കാര്യം, എന്നാൽ ഇക്കൂട്ടർക്ക് ഇതൊക്കെ ലോകത്തെ ഇതര ശൈഖുമാരെ അറിയിച്ചുകൂടെ എന്നൊരു ചോദ്യത്തിന് ഉത്തരം ഇല്ല എന്നതാണ്. മാത്രമല്ല ബ്ലോഗിൽ സംവദിക്കുന്ന ചില യുക്തിവാദി സുഹൃത്തുക്കളുണ്ട്. എന്റെ ഈ ബ്ലോഗിൽ മാന്യമായി മാത്രം സംവദിച്ചിട്ടുള്ള സുശീലടക്കമുള്ള ഒരു നീണ്ട ലിസ്റ്റ് നൽകിയിട്ട് ചോദിക്കുന്നത് ഇങ്ങനെയാണ്. 

(((വിമർശനം എന്ന പേരിൽ, തരം കിട്ടിയ അവസരത്തിൽ ഇസ്ലാമിനേയും അല്ലഹുവിന്റെ റസൂലിനേയും, ഉമ്മുൽ മുഅ’മിനിനുകളേയും പച്ചതെറിയും, അവഹേളനവും, ഇല്ലാകഥകളും പ്രചരിപ്പിച്ച് അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് ഉമ്മത്തിനെ പിഴപ്പിക്കുന്ന കുറച്ച് കുഫാറുകളും, മുർത്തദുകളുമാണ് മുകളിലേ ചിത്രത്തിൽ ഉള്ളത്. ഇവരോക്കെ മുസ്ലിം സമൂഹത്തിൽ നെഞ്ചും വിരിച്ച് നടക്കുന്നത് ആ സമൂഹത്തിന്റെ പോരായ്മ തന്നെയാണ്. ഇന്ത്യൻ മുസ്ലിങ്ങൾ അത്രക്ക് മുനാഫിഖുകൾ ആയി മാറിയോ? ഇല്ലാ എന്ന് പ്രതീക്ഷിക്കുന്നു.)))

ബ്ലോഗെഴുതിയ മുപ്പ‍ർക്ക് അദ്ദേഹം പറയുന്നതൊന്നും ചെയ്യാൻ വയ്യ. അദ്ദേഹം മറ്റുള്ളവരെ പ്രതീക്ഷിക്കുകയാണ്. പക്ഷെ നിരാശയാണ് ഫലം. കാരണം ഇദ്ദേഹം മനസ്സിലാക്കുന്ന തരത്തിലല്ല ഇന്ത്യയിലെ മുസ്ലിംകളായാലും ലോക മുസ്ലിംകളായാലും ഇസ്ലാമിനെയും ഇന്ത്യയിലെ മുസ്ലികളല്ലാത്തവരെയും കാണുന്നത് എന്നതുകൊണ്ടുതന്നെ. ചിലരെങ്കിലും ഈ ആഹ്വാനം കേട്ട് തൊടുപുഴയിൽ ജോസ്ഫിന്റെ കൈവെട്ടിയ പോലെ വെട്ടുമെന്ന പ്രതീക്ഷയാവും ബ്ലോഗർക്ക്. അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഫലത്തിൽ ഈ ബ്ലോഗിന് പിന്നിൽ ഒരു വ്യക്തിയായാലും ഒരു സംഘമായാലും തനിബഡായി ബഡുക്കൂസുകൾ മാത്രമാണ് എന്ന് ഇതിലെ ഓരോ വരിയും വ്യക്തമാക്കുന്നു. മറ്റൊരു ആവശ്യം നോക്കൂ.

(((ജബ്ര അല്ലാഹുവിന്റെ  ദൂതരെ തെറി വിളിച്ചിട്ടും നെഞ്ചും വിരിച്ചു നടക്കുന്നുണ്ടെങ്കിൽ അതിനർഥം ആ സമൂഹത്തെ അല്ലാഹു കൈവിട്ടു എന്നതാണ്. അല്ലാഹുവിന്റെ ദൂതരെ നിന്ധിക്കുന്നവൻ വധിക്കപ്പെടണം. എന്നതിൽ ഉലാമാക്കൾക്കിടയിൽ ഇജ്മാ ഉണ്ട്. അത് നടപ്പാക്കാൻ ഒരു മുസ്ലിമിന് ആരുടേയും അനുമതി വേണ്ടാ. അല്ലാഹുവിന്റെ ദൂതരെ സ്നേഹിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അല്ലാഹുവിന്റെ വിധി ജബ്രയിൽ നടപ്പാക്കൂ. )))

ഭീരുവായ ഒരു ബഡായി വീരനാണ് ഈ ബ്ലോഗിന് പിന്നിലെന്ന സുചനയാണിത് നൽകുന്നത്. എന്നാൽ ഇത്തരത്തിൽ സംസാരിക്കുന്ന കുറേ ഫെയ്ക് ഐഡികളുണ്ട് എന്ന കാര്യം എല്ലാവർക്കും അറിയാം. അല്ലാഹുവിന്റെ ദൂതരെ നിന്ദിക്കുന്നവർ വധിക്കപ്പെടണം എന്നതിൽ ഉലമാക്കൾക്കിടയിൽ ഇജ്മാഅ് ഉണ്ട് പോലും. അങ്ങനെ സംഭവിച്ചാൽ ആ ശിക്ഷ നടപ്പാക്കാൻ ആരുടെയും അനുവാദം പോലും വേണ്ടത്രെ. അതുകൊണ്ട് ആരെങ്കിലും ഇത് നടപ്പാക്കിത്തരൂ എന്നാണ് ബ്ലോഗറുടെ ആവശ്യം. എങ്ങനെയുണ്ട് ബ്ലോഗ‍ർ, അല്ലെങ്കിൽ ബ്ലോഗിന് പിന്നിലുള്ളവരുടെ ഇസ്ലാമും ഈമാനും മനോദാർഢ്യവുമൊക്കെ എന്ന് അൽപസ്വൽപം ബോധമുള്ളവ‍ർക്കൊക്കെ മനസ്സിലാകും. 

ഇത് മനസ്സിലാകാത്തവരിൽ ഒരു വിഭാഗം (അല്ലെങ്കിൽ മനസ്സിലായില്ല എന്ന് നടിക്കുന്നവർ) ഈ ഫെയ്ക് ബ്ലോഗിലൂടെ ജിഹാദ് നടത്തുന്നവരുടെ (ബ്ലോഹാദി എന്നാണ് ഒരു യുക്തിവാദിയായ നാസർക്കുന്നുംപുറത്തിന്റെ  തന്നെ പ്രയോഗം) ഭീഷണിക്കിരയായ സാക്ഷാൽ യുക്തിവാദികൾ തന്നെയാണ്. ആ യുക്തിവാദികളിൽ ആർക്കും ഇവർ പറയുന്നതാണ് യഥാർഥ ഇസ്ലാം എന്ന കാര്യത്തിൽ സംശയമില്ല. ആ നിലക്ക് ഇസ്ലാമിനെതിരായും ഇസ്ലാമിക പ്രസ്ഥാനത്തിനെതിരായും കടുത്ത ആക്രമണമാണ് നടത്തികൊണ്ടിരിക്കുന്നത്. ഇസ്ലാം ഭീകരമാണ് പ്രവാചകൻ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നു. ഇസ്ലാം തന്നെ ഒരു മനോരോഗമാണ് കണ്ടില്ലേ തെളിവ് എന്നാണ് യുക്തിവാദികൾ ആവേശം കൊള്ളുന്നത്. സത്യത്തിൽ ഈ ബ്ലോഗിലും അതേ പ്രകാരം സോഷ്യൽ മീഡിയയിലും മുസ്ലിം സുഹൃത്തുക്കളിൽ മഹാഭൂരിഭാഗവും ശ്രമിച്ചുകൊണ്ടിരിക്കുന്നത് ഈ ബ്ലോഹാദികളുടെ ആരോപണങ്ങളെ പ്രതിരോധിച്ചതുകൊണ്ടാണ് ജമകുലാവികൾ, കോക്കനട്ട് അപ്പോളജിസ്റ്റുകൾ തുടങ്ങിയ വിശേഷണങ്ങളൊക്കെ ഞങ്ങൾക്ക് ഈ ബ്ലോഹാദികളിൽ നിന്ന് ചാ‍ർത്തിക്കിട്ടിയത്. 

ഈ അവസം മുതലെടുത്തുകൊണ്ട് സി. രവിചന്ദ്രനടക്കമുള്ളവ‍ർ ലക്ഷ്യം വെക്കുന്നത് ഇസ്ലാമിനെ തന്നെയാണ്. സത്യത്തിൽ ഇത്തരം ഗുരുതരമായ അസുഖങ്ങളെ കൈകാര്യം ചെയ്യുന്നത് ഇസ്ലാമിന്റെ തന്നെ ബാനറിൽ നിന്നാണ് അക്കൂട്ടർക്ക് ഏറ്റവും വലിയ പ്രയാസം സൃഷ്ടിക്കുന്നതും ഇസ്ലാമിനെ സമഗ്രമായി ഉൾകൊള്ളുന്നവരിൽനിന്നു തന്നെ. അതിനാൽ മുസ്ലികൾ അവരുടെ തീവ്രചിന്താഗതി പുലർത്താത്തതിന് കാരണം ഭീരുത്വമാണ് എന്നവർ പ്രചരിപ്പിച്ചുവരുന്നു. അവരെ സത്യപ്പെടുത്തുകയാണ് യുക്തിവാദികൾ ചെയ്യുന്നത്. അതേ ഇസ്ലാം ഭീകരമാണ് ഈ ബ്ലോഹാദി (ബ്ലോഗ് + ജിഹാദ്) പറയുന്നതാണ് ശരി എന്ന് ഇക്കൂട്ടർ അംഗീകരിച്ചു കൊടുക്കുന്നു. തങ്ങൾക്ക് ചുറ്റുമുള്ള ആയിരങ്ങളും ലക്ഷങ്ങളും കോടികളുമൊക്കെ വരുന്ന മുസ്ലിം സമൂഹം ഭീരുക്കളോ അല്ലെങ്കിൽ രവിചന്ദ്രൻ പറയുന്നതുപോലെ തന്ത്രക്കാരോ ആയതുകൊണ്ടാണ് എന്ന് യുക്തിവാദികൾ സത്യപ്പെടുത്തുന്നു. ഇതിനെക്കാൾ യുക്തിശൂന്യമായ ഒരു നിലപാട് ഉണ്ടോ. 

നാസർ കുന്നും പുറം ഈ അവസരം മുതലെടുത്ത് ചില ഗവേഷണങ്ങൾ നടത്തുന്നുണ്ട്. ഇതിന് പിന്നിൽ വഹ്ദത്തെ ഇസ്ലാമിയാണെന്നും, അതിലേക്ക് ജമാഅത്തിൽ നിന്ന് കുത്തൊഴുക്കാണെന്നുമൊക്കെയാണ് അത്. ഈ പ്രസ്താവനയിൽ ആദ്യ ഭാഗം സാധ്യതയുള്ള ഊഹം മാത്രമാണ്. രണ്ടാമത്തെതോ ഒട്ടും വസ്തുതാപരമല്ല എന്ന് പറയാൻ ജമാഅത്ത് പ്രവ‍ർത്തകർക്ക് കഴിയും. 

ഒരു കാര്യം കൂടി സൂചിപ്പിക്കേണ്ടതുണ്ട്. ഇസ്ലാം മനുഷ്യനുമായി ബന്ധപ്പെട്ട സകലമേഖലകളെയും ഉൾകൊള്ളുന്ന ഒരു സമഗ്രദ‍ർശനമാണ്. എന്നാൽ അത് സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനുമുള്ള കഴിവും അവസരവും മനുഷ്യർക്ക് നൽകിയിരിക്കുന്നു. മതത്തിൽ ബലാൽകാരമില്ല എന്നത് ഖു‍ർആനിന്റെ തന്നെ അടിസ്ഥാന തത്വമാണ്. ഈ മതം പ്രചരിപ്പിക്കാൻ മനുഷ്യന്റെ ബുദ്ധിയും യുക്തിയും തന്നെയാണ് അവലംബിക്കുന്നത്. ഖു‍ർആൻ പരിശോധിച്ചാലും ആ കാര്യം വ്യക്തമാകും. ഖുർആനിലെ പകുതിയോളം ഭാഗവും ഇസ്ലാമിനെ യുക്തിപൂർവ്വം പ്രബോധനം ചെയ്യുന്നതിന് വേണ്ടിയാണ് ഉപയോഗിച്ചിട്ടുള്ളത്. മുഹമ്മദ് നബി ഒരു മനുഷ്യനായിരുന്നു. പ്രവാചകനായിരുന്നു. പ്രബോധകനായിരുന്നു. അതോടൊപ്പം മദീനയിൽ അദ്ദേഹം ഒരു ഭരണാധികാരികൂടിയായിരുന്നു. അതുകൊണ്ടുതന്നെ ഒരു ഭരണകൂടത്തിന് ആവശ്യമായ നിയമനി‍ർദ്ദേശങ്ങൾ ഇസ്ലാമിലുണ്ട്. യുദ്ധം ആരോട് എപ്പോൾ എന്നതൊക്കെ സംശയരഹിതമായി പണ്ഡിതൻമാർ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇന്ത്യപോലൊരു രാജ്യത്ത് സായുധ ജിഹാദാകാം എന്ന് പറയുന്ന പണ്ഡിതന്മാർ ആരെങ്കിലുമുണ്ടെങ്കിൽ അവ‍ർ വല്ല തീവ്രവാദ സംഘങ്ങളിലും പെട്ടവരാകും. അവര് തന്നെയും കാശ്മീർ ഉദ്ദേശിച്ചാണ് അപ്രകാരം പറയുന്നത് എന്നാണ് ഈ ബ്ലോഹിദി തന്നെ വ്യക്തമാക്കുന്നത് എന്നിരിക്കെ ഇന്ത്യൻ മുസ്ലികളെയൊക്കെ അപരവൽക്കരിക്കാനും അവ‍രെയൊക്കെ സംശയിക്കണം എന്ന നിലപാടിലേക്കെത്താനും യുക്തിവാദികൾ എന്ന് പറയുന്നവ‍ർക്ക് എങ്ങനെ സാധിക്കുന്നു. യുക്തിയുടെ ലാഞ്ചന പോലും നിങ്ങളുടെ വാദങ്ങളിൽ കാണപ്പെടുന്നില്ല എന്ന് പറയുന്നത് ഒരു സത്യം മാത്രമാണ്. 

അതോടൊപ്പം ഇത്തരം ബ്ലോഗിന് പിന്നിൽ ആരായാലും അവർ ഇസ്ലാമിനും സമൂഹത്തിനും ചെയ്യുന്ന ഉപദ്രവം ചെറുതല്ല. അത്തരം ആളുകളെ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതും നിയന്ത്രിക്കേണ്ടതും ഒരു സാമുഹികാവശ്യമാണ് .

(((കോക്കനട്ട് അപൊളജറ്റിക്കുകൾ മുസ്ലീം സമുദായത്തെ പഠിപ്പിക്കുന്നില്ല എങ്കിലും ദീനിലെ അടിസ്ഥാന നിയമം ആണ് ഒരു മുസ്ലീമും അമുസ്ലീമും തമ്മിലുള്ള അടിസ്ഥാന ബന്ധം യുദ്ധത്തിന്റെതാണ്. അഥവാ ജിഹാദിന്റെതാണ്. )))
ഈ പോസ്റ്റ് അവസാനിപ്പിക്കുന്നതിന് മുമ്പ് ഈ പ്രസ്താവനക്ക് കൂടി പ്രതികരണം നൽകണമെന്ന് തോന്നുന്നു. ഒരു മുസ്ലിമും ഒരു അമുസ്ലിമും തമ്മിലുള്ള അടിസ്ഥാന ബന്ധം യുദ്ധമല്ല. അവർ രണ്ടുപേരും ഒരേ മാതാവിന്റെയും പിതാവിന്റെയും മക്കളാണ് എന്നതാണ് അതിനാൽ സഹോദരങ്ങളാണ്. അതിലും ഉപരിയായി അവർ രണ്ടുപേരും ഒരേ സ്രഷ്ടാവിന്റെ സൃഷ്ടികളാണ് എന്നതാണ്. ഇനി മറ്റൊരു രൂപത്തിൽ നോക്കുയാണെങ്കിൽ ഒരാൾക്ക് ദൈവിക സന്ദേശം ലഭിച്ചു മറ്റെ ആൾക്ക് അത് ലഭിച്ചില്ല എന്ന വ്യത്യാസമാണ്. ഇതാകട്ടെ അവരോട് തെറ്റായ നയം അനുവർത്തിക്കാനുള്ള കാരണമേ അല്ല.

അതിനാൽ മനസ്സിലാക്കേണ്ടത്. ഇത്തരം അവിവേകികളെ യഥാർഥ ഇസ്ലാമിലൂടെ മാത്രമേ ചികിത്സിക്കാനാവൂ എന്നതാണ്.  Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review