2010, നവംബർ 30, ചൊവ്വാഴ്ച

ഖുര്‍ആന്‍ ബൈബിളിന്റെ കോപ്പിയോ ? (2)


ദൈവത്തെയും ദൈവദൂതന്മാരെയും സംബന്ധിച്ച് വസ്തുതാപരമായിരിക്കാന്‍ സാധ്യതയില്ലാത്ത അനേകം പ്രസ്താവനകള്‍ ബൈബിളിലുണ്ട്. സാധ്യതയില്ലാത്ത എന്ന് പ്രയോഗിച്ചത് അതിനെതിരായി ഖുര്‍ആനില്‍ വന്നു എന്നത് കൊണ്ടല്ല. ജനത്തിന് മാതൃകയാകേണ്ട അനുകരണീയ പ്രവാചകന്‍മാരുടെ വ്യക്തിത്വത്തിന് അവ തീരെ യോജിക്കുന്നില്ല, അതേ പ്രകാരം ദൈവം അവ്വിധത്തിലാണെങ്കില്‍ ഒരു സ്രഷ്ടാവും സര്‍വശക്തനുമെന്ന ദൈവിക ഗുണത്തെ അത് ചോദ്യം ചെയ്യുന്നതുകൊണ്ടുകൂടിയാണ്. ബൈബിളാണ് ഖുര്‍ആന് അവലംബിച്ചിരുന്നെതെങ്കില്‍ അതേ അബദ്ധങ്ങള്‍ ഖുര്‍ആനിലും സംഭവിക്കേണ്ടതായിരുന്നു. പക്ഷെ അത് സംഭവിച്ചില്ല. ദൈവിക ഗാംഭീര്യത്തിന് നിരക്കാത്തവും പ്രവാചകന്‍മാരുടെ മഹത്വത്തിന് മങ്ങലേല്‍പ്പിക്കുന്ന ഒരു വചനവും ഖുര്‍ആനില്‍ വന്നില്ല. എന്നത് ബൈബിളിനെ അവലംബിച്ചല്ല ഖുര്‍ആന്‍ ഉണ്ടായതെന്നതിന്റെ പ്രകടവും ബുദ്ധിപരവുമായ തെളിവാണ്.  കൃത്യവും വസ്തുനിഷ്ഠവുമായ വിവരണം ഖുര്‍ആന്‍ നല്‍കുന്നുമുണ്ട്. ഉദാഹരണത്തിന് ചിലതു മാത്രമിവിടെ പറയാം:
[' 8. വെയിലാറിയപ്പോൾ യഹോവയായ ദൈവം തോട്ടത്തിൽ നടക്കുന്ന ഒച്ച അവർ കേട്ടു; മനുഷ്യനും ഭാര്യയും യഹോവയായ ദൈവം തങ്ങളെ കാണാതിരിപ്പാൻ തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയിൽ ഒളിച്ചു. 9 യഹോവയായ ദൈവം മനുഷ്യനെ വിളിച്ചു: നീ എവിടെ എന്നു ചോദിച്ചു.10 തോട്ടത്തിൽ നിന്റെ ഒച്ച കേട്ടിട്ടു ഞാൻ നഗ്നനാകകൊണ്ടു ഭയപ്പെട്ടു ഒളിച്ചു എന്നു അവൻ പറഞ്ഞു.11 നീ നഗ്നനെന്നു നിന്നോടു ആർ പറഞ്ഞു? തിന്നരുതെന്നു ഞാൻ നിന്നോടു കല്പിച്ച വൃക്ഷഫലം നീ തിന്നുവോ എന്നു അവൻ ചോദിച്ചു.12 അതിന്നു മനുഷ്യൻ: എന്നോടു കൂടെ ഇരിപ്പാൻ നീ തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു; ഞാൻ തിന്നുകയും ചെയ്തു എന്നു പറഞ്ഞു. (ഉല്‍പത്തി: 3)] 

['21 യഹോവയായ ദൈവം ആദാമിന്നും അവന്റെഭാര്യെക്കും തോൽകൊണ്ടു ഉടുപ്പു ഉണ്ടാക്കി അവരെ ഉടുപ്പിച്ചു. 22 യഹോവയായ ദൈവം: മനുഷ്യൻ നന്മതിന്മകളെ അറിവാൻ തക്കവണ്ണം നമ്മിൽ ഒരുത്തനെപ്പോലെ ആയിത്തീർന്നിരിക്കുന്നു; ഇപ്പോൾ അവൻ കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടെ പറിച്ചു തിന്നു എന്നേക്കും ജീവിപ്പാൻ സംഗതിവരരുതു എന്നു കല്പിച്ചു.23 അവനെ എടുത്തിരുന്ന നിലത്തു കൃഷി ചെയ്യേണ്ടതിന്നു യഹോവയായ ദൈവം അവനെ ഏദെൻ തോട്ടത്തിൽനിന്നു പുറത്താക്കി.' (ഉല്‍പത്തി 3:).]

['നാം ഇതിനുമുമ്പ് ആദമിന് ഒരു ശാസനം നല്‍കിയിരുന്നു. പക്ഷേ, അദ്ദേഹമതു മറന്നുപോയി. നാം അദ്ദേഹത്തില്‍ നിശ്ചയദാര്‍ഢ്യം കണ്ടില്ല. നാം മലക്കുകളോട്, ആദമിനു പ്രണാമം ചെയ്യുവിന്‍ എന്നാജ്ഞാപിച്ചത് ഓര്‍ക്കുക: അവരൊക്കെയും പ്രണാമം ചെയ്തു; ഇബ് ലീസ് ഒഴിച്ച്. അവന്‍ വിസമ്മതിച്ചുകളഞ്ഞു. അപ്പോള്‍ നാം ആദമിനോടു പറഞ്ഞു: `ആദമേ, ശ്രദ്ധിച്ചുകൊള്ളുക. നിന്റെയും പത്നിയുടെയും ശത്രുവാണിവന്‍. ഇവന്‍ നിങ്ങളെ സ്വര്‍ഗത്തില്‍നിന്ന് പുറത്താക്കാനും അങ്ങനെ നിങ്ങള്‍ നിര്‍ഭാഗ്യവാന്മാരായിത്തീരാനും ഇടയാകാതിരിക്കട്ടെ. ഇവിടെ നിനക്ക് വിശപ്പറിയാതെയും നഗ്നനാവാതെയും കഴിഞ്ഞുകൂടാനുള്ള സൌകര്യമുണ്ട്. നിന്നെ ദാഹവും താപവും പീഡിപ്പിക്കയുമില്ല.` എന്നാല്‍ ചെകുത്താന്‍ ആദമിനെ വ്യാമോഹിപ്പിച്ചു. അവന്‍ പറഞ്ഞു: `ഓ, ആദം! താങ്കള്‍ക്കു നിത്യജീവിതവും ശാശ്വതാധിപത്യവും നേടിത്തരുന്ന ഒരു വൃക്ഷം കാണിച്ചുതരട്ടെയോ?` അങ്ങനെ അവരിരുവരും (ആദമും ഹവ്വയും) ആ വൃക്ഷത്തിന്റെ കനി തിന്നു. തദ്ഫലമായി ഉടനെ അവരുടെ നഗ്നത പരസ്പരം വെളിവായി. ഇരുവരും സ്വര്‍ഗത്തിലെ ഇലകള്‍കൊണ്ട് അതു മറയ്ക്കാന്‍ തുടങ്ങി. ആദം റബ്ബിനെ ധിക്കരിച്ചു. നേര്‍വഴിയില്‍നിന്നു വ്യതിചലിച്ചുപോയി. (20:115-121)]ദൈവദൂതന്മാരെ സംബന്ധിച്ച് ബൈബിളിലുള്ള പലതും അവിശ്വസനീയങ്ങളാണെന്നു മാത്രമല്ല; അവരെ അത്യന്തം മോശക്കാരായി ചിത്രീകരിക്കുന്നവയുമാണ്. നോഹയെക്കുറിച്ച് പറയുന്നു: [ '20 നോഹ കൃഷിചെയ്‍വാൻ തുടങ്ങി; ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി. 21 അവൻ അതിലെ വീഞ്ഞുകുടിച്ചു ലഹരിപിടിച്ചു തന്റെ കൂടാരത്തിൽ വസ്ത്രം നീങ്ങി കിടന്നു. 22 കനാന്റെ പിതാവായ ഹാം പിതാവിന്റെ നഗ്നത കണ്ടു വെളിയിൽ ചെന്നു തന്റെ രണ്ടു സഹോദരന്മാരെയും അറിയിച്ചു.23 ശേമും യാഫെത്തും ഒരു വസ്ത്രം എടുത്തു, ഇരുവരുടെയും തോളിൽ ഇട്ടു വിമുഖരായി ചെന്നു പിതാവിന്റെ നഗ്നത മറെച്ചു; അവരുടെ മുഖം തിരിഞ്ഞിരുന്നതുകൊണ്ടു അവർ പിതാവിന്റെ നഗ്നത കണ്ടില്ല. 24 നോഹ ലഹരിവിട്ടുണർന്നപ്പോൾ തന്റെ ഇളയ മകൻ ചെയ്തതു അറിഞ്ഞു. 25 അപ്പോൾ അവൻ: കനാൻ ശപിക്കപ്പെട്ടവൻ; അവൻ തന്റെ സഹോദരന്മാർക്കു അധമദാസനായ്തീരും എന്നു പറഞ്ഞു.'(ഉല്‍പത്തി 9: )].

മദ്യപിച്ച് ലഹരിക്കടിപ്പെട്ട് നഗ്നനാവുകയും ഒരു കുറ്റവുമില്ലാതെ പേരക്കുട്ടിയെ ശപിക്കുകയും ചെയ്ത നോഹ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന പരമപരിശുദ്ധനായ നൂഹ് നബിയില്‍നിന്നെത്രയോ വ്യത്യസ്തനാണ്.

പ്രവാചകനായ അബ്രഹാമിനെപ്പറ്റി ബൈബിള്‍ പറയുന്നു: ['12 മിസ്രയീമ്യർ നിന്നെ കാണുമ്പോൾ ഇവൾ അവന്റെ ഭാര്യയെന്നു പറഞ്ഞു എന്നെകൊല്ലുകയും നിന്നെ ജീവനോടെ രക്ഷിക്കയും ചെയ്യും.13 നീ എന്റെ സഹോദരിയെന്നു പറയേണം; എന്നാൽ നിന്റെ നിമിത്തം എനിക്കു നന്മവരികയും ഞാൻ ജീവിച്ചിരിക്കയും ചെയ്യും.14 അങ്ങനെ അബ്രാം മിസ്രയീമിൽ എത്തിയപ്പോൾ സ്ത്രീ അതി സുന്ദരി എന്നു മിസ്രയീമ്യർ കണ്ടു.15 ഫറവോന്റെ പ്രഭുക്കന്മാരും അവളെ കണ്ടു, ഫറവോന്റെ മുമ്പാകെ അവളെ പ്രശംസിച്ചു; സ്ത്രീ ഫറവോന്റെ അരമനയിൽ പോകേണ്ടിവന്നു.16 അവളുടെ നിമിത്തം അവൻ അബ്രാമിന്നു നന്മ ചെയ്തു; അവന്നു ആടുമാടുകളും ആൺകഴുതകളും ദാസന്മാരും ദാസിമാരും പെൺകഴുതകളും ഒട്ടകങ്ങളും ഉണ്ടായിരുന്നു.'(ഉല്‍പത്തി 12 ).]

സ്വന്തം സഹധര്‍മിണിയെ ഭരണാധികാരിക്ക് വിട്ടുകൊടുത്ത് സമ്മാനം സ്വീകരിക്കുന്ന നീചനായ ബൈബിളിലെ അബ്രാമും ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന ആദര്‍ശശാലിയും ത്യാഗസന്നദ്ധനും ധീരനും വിപ്ളവകാരിയുമായ ഇബ്റാഹീം നബിയും തമ്മില്‍ ഒരു താരതമ്യം പോലും സാധ്യമല്ല.  എത്ര ആദരണീയരായിട്ടാണ് ഖുര്‍ആന്‍ അവരെ പരിചയപ്പെടുത്തുന്നതെന്ന് നോക്കുക:

[(19:54-55) ഇസ്മാഈലിനെയും ഈ വേദത്തില്‍ അനുസ്മരിക്കുക. അദ്ദേഹം വാഗ്ദാനം പാലിക്കുന്നതില്‍ സത്യസന്ധനായിരുന്നു. നബിയായ റസൂലുമായിരുന്നു. അദ്ദേഹം സ്വകുടുംബത്തോടു നമസ്കാരവും സകാത്തും കല്‍പിച്ചിരുന്നു. റബ്ബിങ്കല്‍ അദ്ദേഹം പ്രീതിപ്പെട്ട ദാസന്‍ തന്നെയായിരുന്നു. (56-57) ഈ വേദത്തില്‍ ഇദ്രീസിനെ അനുസ്മരിക്കുക. അദ്ദേഹം സത്യസന്ധനായ വ്യക്തിയും പ്രവാചകനുമായിരുന്നു. നാം അദ്ദേഹത്തെ ഉന്നതസ്ഥാനത്തേക്കുയര്‍ത്തി.  (58) ഇവര്‍ അല്ലാഹു അനുഗ്രഹിച്ച പ്രവാചകന്മാരത്രെ-ആദമിന്റെ സന്തതികളിലും, നാം നൂഹിനോടൊപ്പം കപ്പലില്‍ വഹിച്ചവരിലും, ഇബ്റാഹീമിന്റെയും ഇസ്റാഈലിന്റെയും വംശത്തിലും നാം സന്മാര്‍ഗം നല്‍കുകയും തെരഞ്ഞെടുക്കുകയും ചെയ്തവരിലും പെട്ടവരത്രെ ഇവരൊക്കെയും. കരുണാവാരിധിയായ അല്ലാഹുവിന്റെ സൂക്തങ്ങള്‍ കേള്‍പ്പിക്കപ്പെടുമ്പോള്‍ ഇവരെല്ലാം കരഞ്ഞുകൊണ്ട് സാഷ്ടാംഗം വീഴുമായിരുന്നു.']   


ഖുര്‍ആന്‍ ബൈബിള്‍ അവലംബിച്ച് എഴുതിയുണ്ടാക്കിയതാണ് എന്ന് പൊതുവായി വിശ്വസിക്കുന്നത് കൊണ്ടാണ് ഇങ്ങനെ ഒരു താരതമ്യം പ്രസക്തമാകുന്നത്. മുകളിലെ ഉദ്ധരണികളില്‍ നിന്നും ഖുര്‍ആനും ബൈബിളും തമ്മിലുള്ള ബന്ധം എത്തരത്തിലുള്ളതാണ് എന്ന് വിശദീകരണം ആവശ്യമില്ലാത്ത വിധം വ്യക്തമാണ്. ആരോപണം കേട്ടാല്‍ തോന്നുക. എഴുത്തും വായനയും  അറിയാവുന്ന മുഹമ്മദ് നാല്‍പതാം വയസുമുതല്‍ ബൈബിളും മുന്നില്‍ വെച്ച് ഗ്രന്ഥരചന നടത്തുകയായിരുന്നു എന്നാണ്. എന്ന് പ്രവാചകത്വത്തിന് ശേഷമുള്ള പ്രവാചക ചരിത്രമൊന്ന് വായിക്കുക. പ്രബോധനം, ശത്രുക്കളുടെ പീഢനങ്ങള്‍,  പലായനം, യുദ്ധങ്ങള്‍ അതിസങ്കീര്‍ണമായ ചുറ്റുപാടില്‍ ഒരു വ്യക്തിക്ക് ഇത്രയും ഗംഭീരമായ ഒരു ഗ്രന്ഥം രചിക്കാനും അതിനനുസൃതമായി ഒരു സമൂഹത്തെ അടിമുടി പരിവര്‍ത്തിപ്പിച്ചെടുക്കാനും സാധിച്ചു എന്ന് വിശ്വസിക്കാന്‍ കഴിയുമോ. (തുടരും)


2010, നവംബർ 27, ശനിയാഴ്‌ച

ഖുര്‍ആന്‍ ബൈബിളിന്റെ കോപ്പിയോ ? (1)

ഖുര്‍ആന്‍ ബൈബിളിന്റെ കോപ്പിയോ തിരുത്തോ.  ഖുര്‍ആന്‍ ബൈബിളിന്റെ കോപ്പിയോ അതല്ല അതിനൊരു തിരുത്തോ എന്ന വിഷയമാണ് ഇവിടെ തുടര്‍ന്ന് ചര്‍ചചെയ്യാന്‍ ഉദ്ദേശിക്കുന്നത്. കോപ്പിയെന്ന് പറയുന്നവര്‍ ഈ പോസ്റ്റിനോട് വിയോജിക്കുന്നവരും ദൈവികമായ തിരുത്തല്‍ എന്ന് പറയുന്നവര്‍ ഇതിനോട് യോജിക്കുന്നവരുമാണ് രണ്ട് കൂട്ടര്‍ക്കും ചര്‍ചയിലേക്ക് സ്വാഗതം.


നാല്‍പതു വയസ്സുവരെ നബിതിരുമേനി ജീവിതത്തിലൊരൊറ്റ കളവും പറഞ്ഞിട്ടില്ല. അതിനാല്‍ അദ്ദേഹം അല്‍അമീന്‍ (വിശ്വസ്ത‍ന്‍)  എന്ന പേരിലാണറിയപ്പെട്ടിരുന്നത്. അത്തരമൊരു വ്യക്തി ദൈവത്തിന്റെ പേരില്‍ പെരുങ്കള്ളം പറയുമെന്ന് സങ്കല്‍പിക്കുക പോലും സാധ്യമല്ല. മാത്രമല്ല; അത്യുല്‍കൃഷ്ടമായ ഒരു ഗ്രന്ഥം സ്വയം രചിക്കുന്ന ആരെങ്കിലും അത് തന്റേതല്ലെന്നും തനിക്കതില്‍ ഒരു പങ്കുമില്ലെന്നും പറയുമെന്ന് പ്രതീക്ഷിക്കാവതല്ല. അഥവാ പ്രവാചകന്‍ ഖുര്‍ആന്‍ സ്വന്തം സൃഷ്ടിയാണെന്ന് അവകാശപ്പെട്ടിരുന്നെങ്കില്‍ അറേബ്യന്‍ ജനത അദ്ദേഹത്തെ അത്യധികം ആദരിക്കുമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ലഭിച്ചത് കൊടിയ പീഡനങ്ങളാണല്ലോ. ലോകത്ത് അസംഖ്യം ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ ഏറെ ശ്രദ്ധേയമായവ ചരിത്രത്തില്‍ ചില മാറ്റങ്ങള്‍ സൃഷ്ടിക്കുകയും വിപ്ളവങ്ങള്‍ക്ക് നിമിത്തമാവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വിശുദ്ധ ഖുര്‍ആനെപ്പോലെ, ഒരു ജനതയുടെ ജീവിതത്തെ സമഗ്രമായി സ്വാധീനിക്കുകയും പരിവര്‍ത്തിപ്പിക്കുകയും ചെയ്ത മറ്റൊരു ഗ്രന്ഥവും ലോകത്തില്ല. 

വിശ്വാസം, ജീവിതവീക്ഷണം, ആരാധന, ആചാരാനുഷ്ഠാനങ്ങള്‍, വ്യക്തിജീവിതം, കുടുംബരംഗം, സാമൂഹിക മേഖല, സാമ്പത്തിക വ്യവസ്ഥ, സാംസ്കാരിക മണ്ഡലം, രാഷ്ട്രീയ ഘടന, ഭരണസമ്പ്രദായം, സ്വഭാവരീതി, പെരുമാറ്റക്രമം തുടങ്ങി വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ലോകത്തിന്റെയും എല്ലാ അവസ്ഥകളെയും വ്യവസ്ഥകളെയും വിശുദ്ധ ഖുര്‍ആന്‍ അടിമുടി മാറ്റിമറിക്കുകയുണ്ടായി. നിരക്ഷരനായ ഒരാള്‍ ഈ വിധം സമഗ്രമായ ഒരു മഹാവിപ്ളവം സൃഷ്ടിച്ച ഗ്രന്ഥം രചിക്കുമെന്ന് സങ്കല്‍പിക്കാനാവില്ല. ശത്രുക്കളെപ്പോലും വിസ്മയകരമായ വശ്യശക്തിയാല്‍ കീഴ്പെടുത്തി മിത്രമാക്കി മാറ്റി, അവരെ തീര്‍ത്തും പുതിയ മനുഷ്യരാക്കി പരിവര്‍ത്തിപ്പിച്ച ഗ്രന്ഥമാണ് ഖുര്‍ആന്‍ ‍.

കാര്യം ഇങ്ങനെയായിരിക്കെ മുഹമ്മദ് എന്ന വ്യക്തി സ്വയം രചിച്ച് പറഞ്ഞതാണെന്നും അതിന് ബൈബിള്‍ അവലംബിച്ചുമെന്നും വിശ്വസിക്കുന്നവരാണ് ഖുര്‍ആന്റെ ദൈവികത നിഷേധിക്കുന്നതില്‍ മഹാഭൂരിപക്ഷവും. യുക്തിവാദികള്‍ പൊതുവെ ഈ വിഭാഗത്തിലാണ് എന്നാണ് അവരുടെ പോസ്റ്റുകളില്‍നിന്നും കമന്റുകളില്‍നിന്നും വ്യക്തമാകുന്നത്. ഇത് അംഗീകരിച്ചുകൊടുക്കാമെങ്കില്‍ മുഹമ്മദ് നബിക്ക് അല്‍പം സ്ഥാനമാനങ്ങളൊക്കെ അവര്‍ നല്‍കും അതീവ പ്രതിഭാശാലി, മഹാ ബുദ്ധിമാന്‍ എന്നൊക്കെ തല്‍കാലം അംഗീകരിക്കാനും അവര്‍ക്ക് മടിയില്ല. ഖുര്‍ആന്റെയും ബൈബിളിന്റെയും ദൈവികത അവര്‍ അംഗീകരിക്കില്ലെങ്കിലും ഖുര്‍ആനോട് അവര്‍ക്ക് എന്തെന്നില്ലാത്ത വിരോധമുണ്ട്. ഖുര്‍ആന്‍ ചെലുത്തുന്ന സ്വാധീനവും ബൈബിളിന്റെ ആ കാര്യത്തിലുള്ള നിസ്സഹായതയുമായിരിക്കാം അതിന് കാരണമെന്ന് ഞാന്‍ ഊഹിക്കുന്നു.


ക്രൈസ്തവരെ സംബന്ധിച്ച് ഈ നിലപാടിനോട് യോജിക്കാനാവില്ല. ബൈബിള്‍ ദൈവപ്രോക്തമെന്ന് വാദിക്കുന്നതോടൊപ്പം ഖുര്‍ആന്‍ അതല്ലെന്ന് വരുത്തുകയും ചെയ്യേണ്ടതിനാല്‍ ബൈബിളില്‍നിന്ന് മുഹമ്മദ് പകര്‍ത്തിയെഴുതി എന്നതല്ലാതെ മറ്റൊരു സമീപനം ലോകത്തെ മഹാഭൂരിപക്ഷം വരുന്ന ക്രൈസ്തവര്‍ക്ക് സാധ്യമല്ല. അങ്ങനെ ചിന്തിക്കാനും അത് പ്രചരിപ്പിക്കാനുമൊക്കെ അവര്‍ക്ക് അവകാശമുണ്ട്. അതേ പ്രകാരം തന്നെ വകവെച്ചുകൊണ്ടുക്കേണ്ടതാണ് അതില്‍ എത്രമാത്രം വസ്തുതയുണ്ട് എന്നന്വേഷിക്കാനുള്ള അവകാശവും. അതിനുള്ള എളിയ ശ്രമമാണിവിടെ നടത്തുന്നത്. ഈ ആരോപണത്തിന് സത്യവുമായി വിദൂരബന്ധം പോലുമില്ലെന്ന് ഖുര്‍ആനും ബൈബിളും ഒരാവൃത്തി വായിക്കുന്ന ഏവര്‍ക്കും വളരെ വേഗം ബോധ്യമാകും.

മാനവരാശിക്ക് ദൈവിക ജീവിതവ്യവസ്ഥ സമര്‍പ്പിക്കാന്‍ നിയുക്തരായ സന്ദേശവാഹകരാണ് പ്രവാചകന്മാര്‍. അതിനാല്‍ അവരിലൂടെ സമര്‍പിതമായ ദൈവികസന്മാര്‍ഗത്തില്‍ ഏകത ദൃശ്യമാവുക സ്വാഭാവികമത്രെ. ദൈവദൂതന്മാരുടെ അധ്യാപനങ്ങളില്‍നിന്ന് അനുയായികള്‍ വ്യതിചലിച്ചില്ലായിരുന്നുവെങ്കില്‍ മതങ്ങള്‍ക്കിടയില്‍ വൈവിധ്യമോ വൈരുധ്യമോ ഉണ്ടാവുമായിരുന്നില്ല. എന്നല്ല; ദൈവദൂതന്മാരുടെ അടിക്കടിയുള്ള നിയോഗം സംഭവിച്ചതുതന്നെ മുന്‍ഗാമികളുടെ മാര്‍ഗത്തില്‍നിന്ന് അവരുടെ അനുയായികള്‍ വ്യതിചലിച്ചതിനാലാണ്.

മുഹമ്മദ് നബി നിയോഗിതനായ കാലത്ത് മോശയുടെയോ യേശുവിന്റെയോ സന്ദേശങ്ങളും അധ്യാപനങ്ങളും തനതായ സ്വഭാവത്തില്‍ നിലവിലുണ്ടായിരുന്നില്ല. ജൂത-ക്രൈസ്തവ സമൂഹങ്ങള്‍ അവയില്‍ ഗുരുതരമായ കൃത്രിമങ്ങളും വെട്ടിച്ചുരുക്കലുകളും കൂട്ടിച്ചേര്‍ക്കലുകളും നടത്തിയിരുന്നു. അതിനാല്‍ ആ പ്രവാചകന്മാര്‍ പ്രബോധനംചെയ്ത കാര്യങ്ങളില്‍ ചെറിയ ഒരംശം മാത്രമാണ് ബൈബിളിലുണ്ടായിരുന്നത്. അവയുമായി മുഹമ്മദ് നബിയിലൂടെ അവതീര്‍ണമായ വിവരണങ്ങള്‍ ഒത്തുവരിക സ്വാഭാവികമാണ്. അങ്ങനെ സംഭവിച്ചിട്ടുമുണ്ട്. ബൈബിളിലും ഖുര്‍ആനിലും കാണപ്പെടുന്ന സാദൃശ്യം അതത്രെ.

മതത്തിന്റെ അടിസ്ഥാന സിദ്ധാന്തമായ ദൈവവിശ്വാസത്തില്‍തന്നെ ജൂത-ക്രൈസ്തവ വീക്ഷണവും മുഹമ്മദ് നബിയുടെ പ്രബോധനവും തമ്മില്‍ പ്രകടമായ അന്തരവും വൈരുധ്യവും കാണാം. മുഹമ്മദ് നബി കണിശമായ ഏകദൈവസിദ്ധാന്തമാണ് സമൂഹസമക്ഷം സമര്‍പ്പിച്ചത്. എന്നാല്‍ ജൂത-ക്രൈസ്തവ സമൂഹങ്ങളില്‍ നിലനിന്നത് കളകളഞ്ഞ ഏകദൈവത്വമായിരുന്നില്ലന്ന് വളരെ വ്യക്തമാണ്. ബഹുദൈവത്വവുമായി താത്വികമായി യോജിച്ചിരുന്നില്ലെങ്കിലും ബിംബാരാധനയും ത്രിത്വസങ്കല്‍പവും ഇസ്ലാം പഠിപ്പിച്ച ഏകദൈവത്വ വീക്ഷണത്തിന് നിരക്കുന്നതായിരുന്നില്ല. നബിതിരുമേനി ഇത് അംഗീകരിച്ച് അനുകരിച്ചില്ലെന്ന് മാത്രമല്ല, അദ്ദേഹത്തിലൂടെ അവതീര്‍ണമായ ഖുര്‍ആന്‍ അതിനെ നിശിതമായി എതിര്‍ക്കുക കൂടി ചെയ്തു. 'യഹൂദന്മാര്‍ പറയുന്നു: `ഉസൈര്‍ ദൈവപുത്രനാകുന്നു.` നസ്റായര്‍ പറയുന്നു: `മിശിഹാ ദൈവപുത്രനാകുന്നു.` ഇതെല്ലാം അവരുടെ വായകളുതിര്‍ക്കുന്ന നിരര്‍ഥക വര്‍ത്തമാനങ്ങളത്രെ. അവര്‍, പൂര്‍വിക സത്യനിഷേധികളുടെ വാദത്തോട് സാദൃശ്യം വഹിക്കുന്നു' (9:30).

'അല്ലാഹുവിനു സ്തുതി. അവന്‍ തന്റെ ദാസന്ന് ഈ വേദം അവതരിപ്പിച്ചുകൊടുത്തു. അതില്‍ യാതൊരു വക്രതയും ഉണ്ടാക്കിയിട്ടില്ല. തികച്ചും ശരിയായ വാര്‍ത്തകള്‍ പറയുന്ന വേദം. അത് ദൈവത്തിന്റെ മഹാശിക്ഷയെക്കുറിച്ച് ജനത്തെ താക്കീത് ചെയ്യുന്നതിനും സത്യവിശ്വാസം കൈക്കൊണ്ട് സല്‍ക്കര്‍മചാരികളാകുന്നവരെ, അവര്‍ക്ക് ശാശ്വതമായി വസിക്കാവുന്ന ശ്രേഷ്ഠമായ പ്രതിഫലമുണ്ടെന്ന സുവിശേഷമറിയിക്കുന്നതിനും ഉള്ളതാകുന്നു; അല്ലാഹു പുത്രനെ സ്വീകരിച്ചിരിക്കുന്നു എന്നു വാദിക്കുന്നവരെ ഭയപ്പെടുത്തുന്നതിനും. അവര്‍ക്ക് അക്കാര്യത്തെക്കുറിച്ച് യാതൊരറിവുമില്ല. അവരുടെ പൂര്‍വികര്‍ക്കും ഉണ്ടായിരുന്നില്ല. അവരുടെ വായ്കളില്‍നിന്നുതിരുന്നത് ഗുരുതരമായ വാക്കു തന്നെ, കേവലം കള്ളമാണവര്‍ പറയുന്നത്. '(18: 1-5).

(5:72) മര്‍യമിന്റെ പുത്രന്‍ മസീഹ് ദൈവംതന്നെ എന്ന് വാദിച്ചവര്‍, നിശ്ചയമായും സത്യത്തെ നിഷേധിച്ചിരിക്കുന്നു. എന്നാല്‍ മസീഹ് പറഞ്ഞതോ, `ഇസ്രയേല്‍ വംശമേ, എന്റെയും നിങ്ങളുടെയും നാഥനായ അല്ലാഹുവിന് ഇബാദത്തു ചെയ്യുവിന്‍` എന്നത്രെ. അല്ലാഹുവിനു പങ്കാളിയെ ആരോപിക്കുന്നവന് അല്ലാഹു സ്വര്‍ഗം നിരോധിച്ചിട്ടുള്ളതാകുന്നു. നരകമാകുന്നു അവന്റെ വാസസ്ഥലം. അത്തരം അധര്‍മികള്‍ക്ക് യാതൊരു സഹായിയും ഉണ്ടായിരിക്കുന്നതല്ല. (73-74) അല്ലാഹു മൂവരില്‍ ഒരുവനാകുന്നു എന്നു വാദിച്ചവരും തീര്‍ച്ചയായും സത്യത്തെ നിഷേധിച്ചിരിക്കുന്നു. എന്തെന്നാല്‍ ഏകദൈവമല്ലാതെ ഒരു ദൈവവും ഇല്ലതന്നെ. ഇത്തരം വാദങ്ങളില്‍നിന്നു വിരമിച്ചില്ലെങ്കില്‍, അവരില്‍ നിഷേധികളായവരെ വേദനയേറിയ ശിക്ഷ ബാധിക്കുകതന്നെ ചെയ്യും. ഇനിയും അവര്‍ പശ്ചാത്തപിക്കുകയും അവനോടു മാപ്പിരക്കുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ മാപ്പരുളുന്നവനും ദയാപരനുമല്ലോ. (75) മര്‍യമിന്റെ പുത്രന്‍ മസീഹ് ഒരു ദൈവദൂതനല്ലാതെ മറ്റാരുമായിരുന്നില്ല. അദ്ദേഹത്തിനുമുമ്പും നിരവധി ദൈവദൂതന്മാര്‍ കഴിഞ്ഞുപോയിട്ടുള്ളതാകുന്നു. അദ്ദേഹത്തിന്റെ മാതാവ് തികഞ്ഞ സത്യവതിയായിരുന്നു. അവരിരുവരും ആഹാരം കഴിച്ചിരുന്നു. നാം യാഥാര്‍ഥ്യത്തിന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്കു മുമ്പില്‍ എങ്ങനെ വെളിപ്പെടുത്തുന്നുവെന്നു നോക്കുക. പിന്നെ അവര്‍ എങ്ങോട്ടാണ് വ്യതിചലിച്ചുപോകുന്നതെന്നും നോക്കുക.'

ഇന്നത്തെ ജൂത-ക്രൈസ്തവ സമൂഹത്തെപ്പോലെ അന്നത്തെ യഹൂദരും ക്രൈസ്തവരും യേശുവിന്റെ കുരിശുമരണത്തില്‍ വിശ്വസിക്കുന്നവരായിരുന്നു. എന്നാല്‍ ഖുര്‍ആന്‍ ഇതിനെ ശക്തമായി നിഷേധിക്കുന്നു. "അവര്‍ ഊറ്റംകൊണ്ടു: `മസീഹ് ഈസബ്നുമര്‍യമിനെ, ദൈവദൂതനെ ഞങ്ങള്‍ വധിച്ചുകളഞ്ഞിരിക്കുന്നു.` സത്യത്തിലോ, അവരദ്ദേഹത്തെ വധിച്ചിട്ടില്ല. ക്രൂശിച്ചിട്ടുമില്ല. പിന്നെയോ, സംഭവം അവര്‍ക്ക് അവ്യക്തമാവുകയത്രെ ഉണ്ടായത്. അദ്ദേഹത്തെക്കുറിച്ചു ഭിന്നാഭിപ്രായമുള്ളവരും സന്ദേഹത്തില്‍തന്നെയാകുന്നു. അവരുടെ പക്കല്‍ ആ സംഭവത്തെക്കുറിച്ച്, കേവലം ഊഹത്തെ പിന്തുടരുന്നതല്ലാതെ, ഒരറിവുമില്ല. അവര്‍ മസീഹിനെ ഉറപ്പായും വധിച്ചിട്ടില്ല. പ്രത്യുത അദ്ദേഹത്തെ അല്ലാഹു അവങ്കലേക്കുയര്‍ത്തിയതാകുന്നു. അല്ലാഹുവോ, അജയ്യശക്തനും അഭിജ്ഞനുമല്ലോ. '(4:157).

ഇത് വായിക്കുന്ന ഒരാള്‍ക്ക് ഖുര്‍ആന്‍ ബൈബിളിന്റെ പകര്‍പ്പാണ് എന്ന് പറയാന്‍ കഴിയുമോ. ഇങ്ങനെയാണോ ഒരു ഗ്രന്ഥത്തില്‍നിന്ന് കോപ്പിയടിക്കുക. ഇവിടെ ഒരു പുതിയ അടിത്തറയില്‍നിന്ന് പുതിയ ഗ്രന്ഥം രൂപം കൊള്ളുക തന്നെയാണ്. എന്നാല്‍ ഈ ആശയവും പ്രബോധനവും പുതിയതാണ് എന്നതിന് വാദമില്ല. മറിച്ച് ദൈവത്തിങ്കല്‍ നിന്നുള്ള ശക്തമായ ഒരു തിരുത്താണ്. അല്ലായിരുന്നെങ്കില്‍ ആ വാചകങ്ങള്‍ക്ക് അത്രയും ദൃഢത ഉണ്ടാകുമായിരുന്നില്ല.  ഖുര്‍ആന്‍ ബൈബിളിനൊരു തിരുത്താണ് എന്ന പ്രസ്താവന മാത്രമേ നമ്മുടെ സാമാന്യബുദ്ധിയെ തൃപ്തിപ്പെടുത്തൂ എന്നാണ് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്.   (തുടരും)

2010, നവംബർ 22, തിങ്കളാഴ്‌ച

ഖുര്‍ആന്റെ ദൈവികതക്ക് പന്ത്രണ്ടാമത്തെ തെളിവ്.

ഖുര്‍ആന്റെ വെല്ലുവിളിക്കുമുമ്പില്‍ പരാജയത്തിന്റെ മൂകതയാണ് ഖുര്‍ആന്‍ ദൈവികമാണെന്നതിന്റെ പന്ത്രണ്ടാമത്തെ തെളിവ്. ഖുര്‍ആന്‍ നിഷേധികള്‍ അതുന്നയിച്ച എല്ലാ തെളിവുകളുടെയും നേരെ ചെകിടടക്കുകയും അതു ദൈവഗ്രന്ഥമാണെന്ന പരമാര്‍ഥം അംഗീകരിക്കാതിരിക്കുന്നതില്‍ നിരന്തരം ഉറച്ചുനില്‍ക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോള്‍ വിശുദ്ധഖുര്‍ആന്‍ അവരോട് ഇങ്ങനെ ആവശ്യപ്പെട്ടു:

'നമ്മുടെ ദാസനു നാം അവതരിപ്പിച്ചതിനെ (ഖുര്‍ആനെ) സംബന്ധിച്ച് നിങ്ങള്‍ക്ക് വല്ല സംശയവുമുണ്ടെങ്കില്‍ അതോടു സാദൃശ്യമുള്ള ഒരു അധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹു ഒഴികെയുള്ള നിങ്ങളുടെ സഹായികളെയെല്ലാം അതിനായി വിളിച്ചുകൊള്ളുക. നിങ്ങളുടെ വാദത്തില്‍ നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍' (2:23)

ഖുര്‍ആനെ നിഷേധിക്കുന്നവര്‍ക്ക് / അത് മുഹമ്മദിന്റെ വചനമാണ് എന്ന് പറയുന്നവര്‍ക്ക് തങ്ങളുടെ വാദം തെളിയിക്കാനുള്ള  പൂര്‍ണാവസരമായിരുന്നു അത്. വാക്കിലും അര്‍ഥത്തിലും ഖുര്‍ആന്റെ അധ്യായങ്ങളിലെ മറ്റു പ്രത്യേകതകളോടും കൂടിഒരു അധ്യായം രചിച്ചു കാണിച്ചാല്‍ മതി. ( വിശുദ്ധഖുര്‍ആന്‍ മുഴുവന്‍ വേണ്ട. അത് അവരോട് ആദ്യം ചോദിച്ചിരുന്നു). മുഹമ്മദ് നബി അവര്‍ക്കിടയില്‍ ജീവിക്കുന്ന ദേഹമാണ്. പ്രവാചകനെ എതിര്‍ക്കുന്നവരില്‍ അറബി സാഹിത്യത്തിലെ അസാമാന്യമായ പ്രതിഭകളുമുണ്ടായിരുന്നു. അവര്‍ക്കെല്ലാവരും ഒരുമിച്ചുകൂടി കൂട്ടായി രചിച്ചാലും മതി. മുഹമ്മദ് നബിയെ പോലെ, ഒരു വ്യക്തി തന്നെ പരായണം ചെയുത കാണിക്കണമെന്നില്ല എന്നു സാരം. ഒരു മനുഷ്യന് ഇപ്രകാരം ഒരു ഗ്രന്ഥം കൊണ്ടുവരാന്‍  സാധ്യമാണെങ്കില്‍, അദ്ദേഹത്തെക്കാള്‍ ഏതര്‍ഥത്തിലും ഭാഷാപരിജ്ഞാനവും ലോകപരിചയവുമുള്ള എതിരാളികളുടെ സംഘത്തിന് അത് സാധിക്കേണ്ടതായിരുന്നു. അതില്‍നിന്ന് അവരെ തടയുന്ന ഒന്നുമുണ്ടായിരുന്നില്ല.

മുന്‍വേദമറിയുന്ന ആരോ ഒരാള്‍ അദ്ദേഹത്തിന് പറഞ്ഞുകൊടുക്കുയും അത് ജനങ്ങള്‍ക്ക് മുമ്പില്‍ ഉരുവിടുകയും ചെയ്യുകയാണ് എന്ന വാദവും അവര്‍ കെട്ടിച്ചമച്ചു നോക്കി. എങ്കില്‍ അദ്ദേഹത്തെ പരസ്യമായി  കൊണ്ടുവന്ന് അവര്‍ക്ക് അത് തെളിയിക്കാമായിരുന്നു. അല്ലെങ്കില്‍ അദ്ദേഹത്തെ പോലുള്ളവരുടെ സഹായം അവര്‍ക്കും തേടാമായിരുന്നു. പന്ത്രണ്ടാമത്തെ വയസ്സില്‍ അദ്ദേഹം സിറിയയിലേക്ക് കച്ചവട സംഘത്തിന്റെ കൂടെ യാത്ര ചെയ്തിരുന്നുവെന്നത് ശരിയാണ്. അവിടെ അദ്ദേഹം ജൂതരെയും ക്രൈസ്തവരെയും കണ്ടിട്ടുണ്ടാകാം. സ്വാഭാവികമായും അവരുടെ ആചാരങ്ങളും സമ്പ്രദായങ്ങളും അദ്ദേഹം മനസ്സിലാക്കാനും ഇടയുണ്ട്. ചെറുപ്പകാലത്തുള്ള ഈ പരിചയം വെച്ച് അദ്ദേഹം തന്റെ നാല്പ്പതാം വയസു മുതല്‍ ഒരു സംമ്പൂര്‍ണ ഗ്രന്ഥത്തിന്റെ ടിസ്ഥാനത്തില്‍  അതുല്യമായ ഒരു ജീവിതദര്‍ശനത്തിന് രൂപം നല്‍കി. 
നിലവിലുള്ള പ്രമുഖ മതങ്ങളുടെ അടിസ്ഥാന വിശ്വാസത്തെ വരെ നിരൂപണം നടത്തുക. പൂര്‍വ വേദങ്ങളെക്കാള്‍ ചരിത്രത്തിന് വ്യക്തത നല്‍കി അവതരിപ്പിക്കുക. ഇതൊക്കെ സമാന്യമായി മനുഷ്യബുദ്ധിക്ക് മനസ്സിലാക്കാന്‍ പ്രയാസമുണ്ട്. ഇതൊക്കെ മറികടക്കാനാണ് അന്നും ഇന്നും പൂര്‍വവേദങ്ങളില്‍നിന്ന് പകര്‍ത്തിയെഴുതിയാണെന്ന് അതാത് മതസമൂഹം പ്രചരിപ്പിക്കുന്നത്. നേരത്തെ ഇതുസംബന്ധമായ ചര്‍ചയില്‍ സജി എന്ന ബ്ലോഗര്‍ എന്നോട് നേരിട്ട് നടത്തിയ സംവാദം ഇന്നും ഇതേ പ്രചരണമാണ് ഖുര്‍ആനെതിരെ മുഖ്യമായി വരുന്നതെന്ന് തെളിയിക്കുന്നു അദ്ദേഹം പറഞ്ഞതിങ്ങനെ:
"ഞങ്ങളുടെ ബൈബിള്‍ ക്ലാസുകളില്‍, ബൈബിള്‍ തിരുത്തിക്കൂട്ടിച്ചേര്‍ത്തുണ്ടാക്കിയ പുസ്തമാണ് നിങ്ങളുടെ ഗ്രന്ഥം എന്നു ഞങ്ങള്‍ വ്യക്തമായി പഠിക്കുന്നൂണ്ട്. അതു തന്നെ വിശ്വ്വസിക്കുകയും ചെയ്യുന്നു.... "
 മക്കയിലും മദീനയിലും ഇപ്രകാരം വാദിച്ചവരോട് ഖുര്‍ആന്‍ സമാനമായത് രചിച്ചു, തങ്ങളുടെ വാദം സ്ഥാപിക്കാന്‍ വെല്ലുവിളിച്ചു. തങ്ങളുടെ ഭാഷാപരമായ കഴിവില്‍ നിഗളിച്ചിരുന്ന അവര്‍ നിശഃബ്ദത പാലിച്ചു. ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും കൂടുതല്‍ പരിഹാസ്യരാകേണ്ടന്ന് കരുതി പിന്‍മാറി എന്ന് പറയുന്നതാകും കൂടുതല്‍ ശരി.

ഇന്നും ഖുര്‍ആനിന്റെ വെല്ലുവിളി നിലനില്‍ക്കുന്നു. മറ്റുവേദങ്ങളുടെ ഭാഷപോലെ നിര്‍ജീവമായ ഭാഷയല്ല ഖുര്‍ആന്റെത് ഇന്നും സജീവവും അത്ഭുതകരവുമാണ് അതിന്റെ ഭാഷ. അത്ഭുതകരം എന്ന് പറയാന്‍ കാരണം അറബിയല്ലാത്ത മുഴുവന്‍ ഭാഷകളും രണ്ടു നൂറ്റാണ്ടിനപ്പുറത്തുള്ളത് ചിലത് പറ്റെ നിര്‍ജീവമാണെങ്കില്‍ മറ്റുചിലത് നമുക്ക് വായിച്ചെടുക്കാന്‍ പ്രയാസപ്പെടുന്നവിധം പഴയതാണ്. എന്നാല്‍ ഖുര്‍ആന്റെ ഭാഷ ഇന്നും വ്യക്തമായി വായിക്കുകയും ആശയം ഗ്രഹിക്കാവുന്നരൂപത്തില്‍ നിലക്കൊള്ളുകയും ചെയ്യുന്നു.

ചുരുങ്ങിയ കാലം കൊണ്ട് ഖുര്‍ആന്‍ ലോകമാകെ പ്രചരിച്ചു. ഖുര്‍ആനെതിരെ പരമാവധി ശക്തി ഉപയോഗിച്ചു എതിര്‍ത്തുകൊണ്ടിരിക്കുന്ന  സമൂഹം ലോകത്തെക്കാലത്തുമുണ്ടായിട്ടും 1400 വര്‍ഷത്തിനിടയില്‍ ഖുര്‍ആന്റെ ഈ വെല്ലുവിളിക്ക് മാത്രം മറുപടിയുണ്ടായില്ല. അതിനാരെങ്കിലും സന്നദ്ധമായി മുന്നോട്ടുവന്നിരുന്നെങ്കില്‍ ഖുര്‍ആനെതിരെയുള്ള ശ്രമത്തിന് ഏറ്റവും നല്ല  പ്രതികരണം അതാകുമായിരുന്നു. മാത്രമല്ല മുസ്ലിംകള്‍ പോലും ഇസ്‌ലാമിനെ കയ്യൊഴിക്കാന്‍ അത് കാരണമാകുമായിരുന്നു. അതിന് സാധ്യമല്ലാത്തതിനാല്‍ ഖുര്‍ആന്‍ ഈ നിമിഷവും ലോകത്തുള്ള ചിന്തകരെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. ലോകത്തെ ഏറ്റവും ശ്രദ്ധേയമായ പത്രപ്രവര്‍ത്തകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ യിവോണ്‍ റിഡ്‌ലിയെ ഖുര്‍ആന്‍ കീഴടക്കി. അതിന് മുമ്പ് ജൂതമത്തില്‍ ജനിച്ച് മര്‍യം ജമീലയായിമാറിയ അമേരിക്കന്‍ എഴുത്തുകാരിയ മാര്‍ഗരറ്റ് മാര്‍ക്കസ് ഉണ്ടായിരുന്നു. ഇപ്പോഴിതാ സാക്ഷാല്‍ ടോണിബ്ലയറിന്റെ ഭാര്യസഹോദരി ലോറന്‍ ബൂത്തും. (മുകളിലെ ചിത്രം അവരുടേതാണ്)

ഇവരൊക്കെ ബൈബിളില്‍നിന്ന് പകര്‍ത്തിയെഴുതിയ ഒരു ഗ്രന്ഥത്തിന്റെ അനുയായികളാകാന്‍ തീരുമാനിച്ചുവെങ്കില്‍ തെറ്റിയത് ആര്‍ക്ക് ഇവര്‍ക്കോ അതല്ല പ്രസ്തുതവാദം ഉന്നയിച്ചവര്‍ക്കോ?. ഞാന്‍ പറയുന്നു തെറ്റുപറ്റിയത് ഖുര്‍ആന്‍ മനുഷ്യസൃഷ്ടിയാണെന്ന് പറയുന്നവര്‍ക്കാണ്. അല്ലെന്നു പറയുന്നവര്‍ എന്തുകൊണ്ട് ഖുര്‍ആന്റെ വെല്ലുവിളി സ്വീകരിക്കപ്പെടാതെ പോകുന്നു എന്നതിന് യുക്തിഭദ്രമായ ഒരു വിശദീകരണം നല്‍കേണ്ടതുണ്ട്.

(ഖുര്‍ആനിന്റെ ദൈവികതക്കുള്ള തെളിവുകള്‍ എന്ന പരമ്പര തല്‍കാലം ഇവിടെ അവസാനിക്കുന്നു.)

* ആ പന്ത്രണ്ട് പോസ്റ്റുകളും അവയുടെ ചര്‍ചയും ഇവിടെ ഒന്നിച്ച് കാണാം


2010, നവംബർ 16, ചൊവ്വാഴ്ച

ഇതെങ്ങാനും ഇബ്രാഹീം നബി കണ്ടിരുന്നെങ്കില്‍!

അമേരിക്കയിലെ കാന്‍സാസ് യൂണിവേഴ്‌സിറ്റിയില്‍ ഗണിതശാസ്ത്ര വിഭാഗത്തിന്റെ തലവനാണ് ഡോ. ജെഫ്രിലാംഗ്. 27 വയസ്സുവരെ നാസ്തികനായി ജീവിച്ചു. അക്കാലെത്തെപ്പോഴോ ഖുര്‍ആന്‍ വായിക്കാനിടയായത് നിര്‍ണായക വഴിത്തിരിവായി. പിന്നീട് ഇസ്ലാം സ്വീകരിച്ച അദ്ദേഹം എഴുതിയ രണ്ടാമത്തെ പുസ്തകമായ Even Angels Ask എന്ന കൃതിയില്‍ അദ്ദേഹത്തിന്റെ ഹജ്ജ് അനുഭവങ്ങള്‍ വിശദീകരിക്കുന്നു. അതില്‍നിന്ന് ഒരു ഭാഗം ഉദ്ധരിച്ച് ഹഫീസ് തന്റെ ബ്ലോഗില്‍ നല്‍കിയ പോസ്റ്റ് കൂടുതല്‍ വായിക്കപ്പെടേണ്ടതുണ്ടെന്ന് തോന്നി. ചെറിയ മാറ്റത്തോടെ ഇവിടെയും നല്‍കുകയാണ്...


 "സാങ്കേതികമായി ഞാന്‍ ഇപ്പോള്‍ ഹജ്ജ്‌ നിര്‍വഹിച്ചുകഴിഞ്ഞു. പക്ഷേ എന്തോ ഒന്നിന്റെ അഭാവം എനിക്ക് അനുഭവപ്പെട്ടു. അതെന്നെ അസ്വസ്ഥനാക്കി. ഹജ്ജിലെ ഓരോ കര്‍മ്മവും വളരെ സൂക്ഷ്മതയോടെയും ഭയഭക്തിയോടെയും കൂടിയാണ് നിര്‍വഹിച്ചതെന്ന് എനിക്കറിയാം. എന്നിട്ടും എന്തോ ഒന്ന് ചെയ്യാന്‍ വിട്ടുപോയതുപോലുള്ള ഒരു തോന്നല്‍ എന്നില്‍ ഇച്ഛാഭംഗം സ്രഷ്ടിച്ചു.........

....... “ക്ഷമിക്കണം ഞാനൊന്നു ചോദിച്ചോട്ടെ!” വളരെ വിനയത്തോടും ക്ഷമാപണ സ്വരത്തിലും അയാള്‍ ചോദിച്ചു.
കണ്ണട വെച്ചുതന്നെ ഞാന്‍ എന്റെ ശിരസ്സ്‌ ശരിയാക്കി. 
“ചോദിച്ചോളൂ !” ദീര്‍ഘനിശ്വാസത്തോടെ  ഞാന്‍ പറഞ്ഞു.
“നിങ്ങള്‍ ഒരു അമേരിക്കക്കാരനാണോ?”
“അതെ” അടുത്ത ചോദ്യം എന്തായിരിക്കുമെന്നറിയാവുന്നതുകൊണ്ട് മടുപ്പോടെ ഞാന്‍ ഒരു നെടുവീര്‍പ്പുകൂടിയിട്ടു.

അനന്തരം അയാള്‍ അല്‍പംകൂടി എന്നോടു അടുത്തിരുന്ന് വളരെ പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു “താങ്കളെങ്ങനെയാണ് മുസ്ലിമായതെന്നു ഒന്ന് പറഞ്ഞു തരാമോ?”

കഴിഞ്ഞ ഏഴു ദിവസങ്ങളില്‍ , ഈ ചോദ്യം ഓരോ തവണ എന്നോടു ചോദിക്കുമ്പോഴും എന്റെ മറുപടിയുടെ ദൈര്‍ഘ്യം ക്രമേണ കുറഞ്ഞു വന്നിരുന്നു.ആദ്യ തവണ എന്റെ കഥ പറയാന്‍ അര മണിക്കൂറെടുത്തു. പക്ഷെ ഇപ്പോള്‍ ഞാനത് അര മിനിട്ടാക്കി കുറച്ചു. ഇരുത്തത്തിന്റെ രൂപം മാറ്റാതെ, കണ്ണുകള്‍ തുറക്കാതെ ഞാന്‍ താഴെ പറയുന്ന രത്നച്ചുരുക്കം അയാള്‍ക്ക്‌ നല്‍കി. “ക്രിസ്ത്യാനിയാണ് ഞാന്‍ ജനിച്ചത്‌. ദൈവം എന്ന ആശയത്തോട് യുക്തിപരമായ ചില സംശയങ്ങള്‍ ഉണ്ടായതുകാരണം പതിനെട്ടാം വയസ്സില്‍ ഒരു നാസ്തികനായി. പിന്നീടുള്ള പത്തുവര്‍ഷം നാസ്തികനായിതന്നെ തുടര്‍ന്നു. ഇരുപത്തെട്ടാം വയസ്സില്‍ ഒരു ഖുര്‍ആന്‍ വ്യാഖ്യാനം വായിക്കാനിടയായി. എന്റെ സംശയങ്ങള്‍ക്ക്‌ ഞാന്‍ ഖുര്‍ആനില്‍ തൃപ്തികരമായ മറുപടി കണ്ടെത്തിയെന്നു മാത്രമല്ല, അത് തുടര്‍ന്നു വായിച്ചതിന്റെ ഫലമായി ദൈവവിശ്വാസിയുമായി. അങ്ങനെ ഞാനൊരു മുസ്ലിമായി”.

എന്റെയീ ‘സിനോപ്സിസ്‌’ പറഞ്ഞുതീര്‍ത്തതോടെ, അപമര്യാദയാംവിധം ഹ്രസ്വമായ ഈ മറുപടി കേട്ട് അയാള്‍ സ്ഥലം വിട്ടുവോ എന്നറിയാന്‍ ഞാന്‍ ഇടംകണ്ണിട്ട് നോക്കി. എന്നെ അത്ഭുതപ്പെടുത്തികൊണ്ട്, അയാളുടെ കവിളിലൂടെ കണ്ണുനീര്‍ ഒഴുകുന്നതാണ് ഞാന്‍ കണ്ടത്‌. എന്റെ അമ്പരപ്പ് പിന്നെ പറയാനുണ്ടോ?

ആ നിമിഷത്തില്‍, ഇത്ര നിര്‍വികാരമായും ദുരഹങ്കാരത്തോടെയും പെരുമാറിയതിന് ഞാന്‍ ദൈവത്തോടു മാപ്പിരന്നു. വിശ്വാസത്തോടുള്ള ശക്തമായ സ്നേഹം ഇത്രയെളുപ്പത്തില്‍ കരയിക്കുകയും ഞാന്‍ പറഞ്ഞതുപോലുള്ള വികാരനിശൂന്യമായ കഥയില്‍ പോലും ദൈവത്തിന്റെ മഹത്വവും കാരുണ്യവും ദര്‍ശിക്കുകയും ചെയ്യുന്ന എന്റെയീ വിനീതനായ സഹോദരനെപോലെ എന്നെയും മാറ്റിത്തരേണമെന്നു അവനോടു പ്രാര്‍ഥിക്കുകയും ചെയ്തു. ഞാന്‍ നേരെയിരുന്ന്‍ അയാളുടെ മുഖത്തേക്ക് നോക്കി.

“എന്താണ് നിങ്ങളുടെ പേര്‍ ? ഏത്‌ നാട്ടുകാരനാണ് നിങ്ങള്‍?” ഞാന്‍ ചോദിച്ചു.
“എന്റെ പേര്‍ അഹമ്മദ്‌. ബംഗ്ലാദേശുകാരനാണ്.” ഒരു ചെറുപുഞ്ചിരിയോടെ അയാള്‍ മറുപടി നല്‍കി. എന്നിട്ട് കണ്ണുതുടച്ചു.
“താങ്കളെ കണ്ടുമുട്ടിയതില്‍ വളരെ സന്തോഷം,അഹമ്മദ്. എന്റെ പേര് ജഫ്രി. യുനൈറ്റഡ് സ്റ്റേറ്റ്സിലെ കന്‍സാസ് സംസ്ഥാനത്ത് നിന്നു വരുന്നു.” ഞങ്ങള്‍ അല്‍പം വിശദമായി പരിചയപ്പെട്ടശേഷം അഹമ്മദ്‌ പൊടുന്നനെ ആഹ്ലാദപൂര്‍വ്വം ചോദിച്ചു: “ഇത്തവണത്തേത് ആവേശകരമായ ഹജ്ജായിരുന്നു അല്ലേ, സഹോദരന്‍ ജെഫ്രീ?”
ഞാനൊന്നും മിണ്ടിയില്ല.
“ഓര്‍ത്തു നോക്കൂ, നാമിവിടെ എത്തിയ ദിവസം” അയാള്‍ തുടര്‍ന്നു: “നിങ്ങള്‍ക്ക് ചുറ്റും തീര്‍ഥാടകര്‍ വിളിച്ചുപറയുന്നത് കേട്ടിരുന്നില്ലേ? ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്, ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്.’ താങ്കള്‍ക്കറിയാമോ ഞങ്ങളുടെ നാട്ടില്‍ ‘ലബ്ബൈക്കി’ന്റെ അര്‍ത്ഥമെന്താണെന്ന്?”

“ക്ഷമിക്കണം എനിക്ക് ബംഗ്ലാദേശിനെ കുറിച്ച് ഒന്നുമറിയില്ല” ഞാന്‍ പറഞ്ഞു.
അയാള്‍ വളരെ സൂക്ഷ്മമായി എന്റെ നേരെ നോക്കികൊണ്ട് പറഞ്ഞു: ഞങ്ങളുടെ നാട്ടില്‍, ഒരധ്യാപകന്‍ ക്ലാസില്‍ വെച്ച് ഒരു വിദ്യാര്‍ത്ഥിയെ വിളിച്ചാല്‍ അവനുടനെ അറ്റന്‍ഷനില്‍ നിന്ന് ‘ലബ്ബൈക്ക്, ടീച്ചര്‍, ലബ്ബൈക്ക്’ എന്ന് പറയും. ‘ഞാന്‍ തയ്യാര്‍, പറഞ്ഞോളൂ! ഞാന്‍ ചെയ്യാം’ എന്നാണതിനര്‍ത്ഥം. അല്ലാഹുവിനോട് മുസ്ലിംകളായ നാം സ്വീകരിക്കെണ്ടുന്ന നിലപാടും ഇതുതന്നെ. അങ്ങനെയായിരുന്നു പ്രവാചകന്‍മാരുടെ രീതി. അല്ലാഹു ഇബ്രാഹിം നബിയോട് ഹജ്ജിന് ആഹ്വാനം നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍, അദ്ദേഹത്തോടൊപ്പം മക്കയില്‍ ആരുമുണ്ടായിരുന്നില്ല-അദ്ദേഹത്തിന്റെ കുടുംബവും ഏതാനും ആട്ടിടയന്‍മാരും ഉണ്ടായിരുന്നിരിക്കാം. അത് ഞാനോ നിങ്ങളോ ആയിരുന്നെങ്കില്‍ നാം സംശയിച്ച്, ‘ചുറ്റുവട്ടത്ത് ആരും കേള്‍ക്കാനില്ലാതെ ഹജ്ജിനു വിളിക്കുന്നതിനെന്തര്‍ത്ഥം’ എന്ന് ചോദിക്കുമായിരുന്നു. പക്ഷെ ഇബ്രാഹിം നബിയുടെ വിശ്വാസവും ദൈവത്തിലുള്ള പ്രതീക്ഷയും വമ്പിച്ചതായിരുന്നു. അതുകൊണ്ട് ഒരു നിമിഷം പോലും അദ്ദേഹം ശങ്കിച്ച് നിന്നില്ല. പകരം ആളൊഴിഞ്ഞ ആ പ്രദേശത്ത്‌ ഉടന്‍ ‘ആദാന്‍’ മുഴക്കുകയാണുണ്ടായത്. അല്ലയോ സഹോദരന്‍ ജഫ്രീ, തന്റെ വിളിക്ക് ഉത്തരം നല്‍കിക്കൊണ്ട് ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ ഇന്ന് ഇവിടെ സമ്മേളിച്ചതും നാം രണ്ടുപേര്‍, അമേരിക്കക്കാരനായ താങ്കളും ബംഗ്ലാദേശുകാരനായ ഞാനും, സഹോദരങ്ങളെപ്പോലെ മിനായിലേക്കുള്ള ഒരു ബസ്സില്‍ ഇരിക്കുന്നതും ഇബ്രാഹീം നബി കണ്ടിരുന്നെങ്കില്‍!”

ഇപ്പോള്‍ വികാരവിക്ഷോഭം എന്റെ ഊഴാമായിരുന്നു. എനിക്ക് എന്നെകുറിച്ച് വല്ലാത്ത ലജ്ജ തോന്നി. ഞാന്‍ കരഞ്ഞുപോകുമെന്നായി. തീര്‍ഥാടനത്തില്‍ ബാക്കിയായതെന്നു എനിക്ക് തോന്നിയ കര്‍മ്മം ഏതെന്ന് എനിക്കിപ്പോള്‍ പിടികിട്ടി. ഒത്തൊരുമ, സാഹോദര്യ ബോധം, ഇസ്‌ലാം വിശ്വാസികളുടെ മേല്‍ ചുമത്തുന്ന സ്നേഹം എന്നിവയുടെ അഭാവമായിരുന്നു എന്റെ ഹജ്ജ്‌ കര്‍മ്മത്തിലെ പോരായ്മ എന്ന് എനിക്ക് മനസ്സിലായി.' (മാലാഖമാര്‍ പോലും ചോദിക്കുന്നു -ജെഫ്രിലാംഗ്.  പേജ്: 254-275)

 വീണ്ടുമൊരു ഹജ്ജും ബലിപെരുന്നാളും വന്നണയുമ്പോള്‍ എന്താണ് ഇവയുടെ സന്ദേശം എന്ന് ഓര്‍ത്തപ്പോള്‍ ആദ്യം മനസ്സിലേക്ക് വന്നത് ജെഫ്രി ലംഗിന്റെ ഈ വരികളാണ്. പ്രവാചകന്‍ ഇബ്രാഹിമുമായി ബന്ധപ്പെട്ട ആരാധനാ കര്‍മ്മമാണ് ഹജ്ജ്‌. ഇസ്‌ലാമും ക്രിസ്തുമതവും ജൂതമതവും കൂടിച്ചേരുന്ന ബിന്ദുവാണ് ഇബ്രാഹീം (ബൈബിളിലെ അബ്രഹാം). ഇബ്രാഹിം നബിയെ ബഹുമാനിക്കുന്നത് മുസ്ലിംകള്‍ മാത്രമല്ല, ക്രൈസ്തവര്‍ക്കും ജൂതര്‍ക്കും അദ്ദേഹം ബഹുമാന്യനാണ്.  ഈ മൂന്ന് വിഭാഗത്തിനും ഒരു പൊതു പൈതൃകം ഉണ്ടെന്ന കാര്യം കൌതുകകരമാണ്. അതിനാല്‍ ഖുര്‍ആന്‍ പറഞ്ഞു “പ്രവാചകന്‍, പറയുക: `എന്റെ നാഥന്‍ ഉറപ്പായും എനിക്കു നേര്‍വഴി കാണിച്ചുതന്നിരിക്കുന്നു. വക്രതയേതുമില്ലാത്ത, തികച്ചും ഋജുവായ മതം. ഇബ്റാഹീം നിഷ്കളങ്കമായി അനുവര്‍ത്തിച്ചിരുന്ന മാര്‍ഗം. അദ്ദേഹം ബഹുദൈവാരാധകരില്‍പ്പെട്ടവനായിരുന്നില്ല.`” (6:161) ഏവരും അംഗീകരിക്കുന്ന വ്യകതിയായിരുന്നല്ലോ ഇബ്രാഹിം. ആദ്യം പരസ്പരം യോജിപ്പുള്ള കാര്യങ്ങളില്‍ ഒന്നിക്കുകയും അതില്‍ നിന്നുകൊണ്ട് വിയോജിപ്പുള്ള കാര്യങ്ങളില്‍ സംവദിക്കാനുമാണ് ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത്.  
വ്യത്യസ്ത മത വിഭാഗങ്ങള്‍ ജീവിക്കുന്ന ഒരു നാട്ടില്‍ മതകീയമായ ആഘോഷങ്ങള്‍ക്ക് എന്താണ് പ്രസക്തി? പരസ്പരം അറിയാനും അടുക്കാനും ഉള്ള അവസരങ്ങള്‍ അത് സൃഷ്ടിക്കുന്നു എന്നതാണെന്ന് ഞാന്‍ കരുതുന്നു. ഈ അവസരങ്ങള്‍ നാം ഉപയോഗപ്പെടുത്തേണ്ടതുണ്ട്. പരസ്പരം അറിയുന്നതിലൂടെ കൂടുതല്‍ നന്നായി പരസ്പരം അടുക്കാന്‍ നമുക്ക്‌ കഴിയും, കഴിയണം. ഇപ്പോള്‍ പെരുന്നാള്‍ സമയമാണ്. രണ്ടാഴ്ച കഴിഞ്ഞു ക്രിസ്തുമസ് വരുന്നു. ഈ അവസരങ്ങള്‍ മറ്റുള്ളവരെ കുറിച്ച് അറിയാനും അടുക്കാനും നാം ഉപയോഗിക്കുക. ഓഫറുകള്‍ ധാരാളമുള്ള ഈ കാലത്ത്‌ ഫോണുകള്‍ പരസ്പരം സംസാരിക്കുകയും ഹൃദയങ്ങള്‍ പരസ്പരം സംസാരിക്കാതിരിക്കുകയും ചെയ്യുന്നു എന്നതാണ് ദുഖകരമായ കാര്യം. 
എല്ലാവര്‍ക്കും ഹൃദ്യമായ ബലിപെരുന്നാള്‍ ആശംസകള്‍...
 

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review