2012, ജൂലൈ 26, വ്യാഴാഴ്‌ച

ഗോഡ് സെ തെറ്റുകാരനാവുന്നതെങ്ങനെ ?

വിധിവിശ്വാസം ഇസ്ലാമിന്റെ അടിസ്ഥാനപരമായ ആറ് വിശ്വാസങ്ങളില്‍ ഒന്നാണ്. ഇതേക്കുറിച്ച് ഈ ബ്ലോഗില്‍ നേരത്തെ പല ചര്‍ചകളും നടന്നിട്ടുണ്ട്. അന്ന് ചര്‍ചയില്‍ പങ്കെടുത്ത വി.ബി രാജന്‍ ഇന്ന് ഫെയ്സ് ബുക്കില്‍ നല്‍കിയ ചോദ്യവും അതിനുള്ള മറുപടിയും ഇവിടെയും ചേര്‍ക്കുകയാണ്.
 • Vb Rajan
  Shafi Koyamma <<<ദൈവം മനുഷ്യന് നല്‍കുന്ന സ്വാതന്ത്ര്യവും, ദൈവത്തിന്റെ അറിവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ ശ്രമിക്കാത്തതാണ് Vb Rajan നെ കുഴക്കുന്നത്,..>>> എന്നെ ഒന്നും കുഴക്കുന്നില്ല എന്ന് ആദ്യം മനസ്സിലാക്കുക. ഞാന്‍ ചോദിക്കുന്ന ചോദ്യത്തിന് ഒരു വിശ്വാസിയുടെ നിലപാട് അറിയാനുള്ള ആകാംക്ഷകൊണ്ട് ചോദിക്കുകയാണ്. വ്യക്തമായ മറുപടി ലഭിക്കാത്തതുകൊണ്ടാണ് ആവര്‍ത്തിക്കുന്നത്

  ഗാന്ധിജിയുടെ മരണം ഗോഡ്സേയുടെ വെടിയുണ്ടകൊണ്ടായിരിക്കും എന്ന് ദൈവം ഗാന്ധിജി ജനിക്കുന്നതിനു മുമ്പുതന്നെ എഴുതിവച്ചുകഴിഞ്ഞാല്‍ ഗോഡ്സേയ്ക്ക് എത്ര സ്വാതന്ത്ര്യം നല്‍കിയാലും അദ്ദേഹത്തിന് ദൈവം എഴുതിയതിനു വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമോ? ദൈവം എഴുതിയ രീതിയില്‍ പ്രവര്‍ത്തിച്ചതിന് എങ്ങനെ ഗോഡ്സേ തെറ്റുകാരനാണെന്ന് പറയാന്‍ കഴിയും? ഇനി ഗോഡ്സേ തനിക്ക് ലഭിച്ച സ്വാതന്ത്ര്യം ഉപയോഗിച്ച് ഗാന്ധിജിയെ വധിക്കാന്‍ തീരുമാനിക്കുകയും അതിനാല്‍ ദൈവം ഗാന്ധിജിയുടെ മരണം ഗോഡ്സെയുടെ കൈകൊണ്ടായിരിക്കട്ടെ എന്നു തീരുമാനിക്കുകയുമാണോ? അങ്ങനെയെങ്കില്‍ മനുഷ്യന്‍ ദൈവത്തെ നിയന്ത്രിക്കുന്നുവെന്നു വരും.

  ----------------------------------

  എന്റെ മറുപടി..
 • >>> ഗാന്ധിജിയുടെ മരണം ഗോഡ്സേയുടെ വെടിയുണ്ടകൊണ്ടായിരിക്കും എന്ന് ദൈവം ഗാന്ധിജി ജനിക്കുന്നതിനു മുമ്പുതന്നെ എഴുതിവച്ചുകഴിഞ്ഞാല്‍ ഗോഡ്സേയ്ക്ക് എത്ര സ്വാതന്ത്ര്യം നല്‍കിയാലും അദ്ദേഹത്തിന് ദൈവം എഴുതിയതിനു വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമോ? ദൈവം എഴുതിയ രീതിയില്‍ പ്രവര്‍ത്തിച്ചതിന് എങ്ങനെ ഗോഡ്സേ തെറ്റുകാരനാണെന്ന് പറയാന്‍ കഴിയും? ഇനി ഗോഡ്സേ തനിക്ക് ലഭിച്ച സ്വാതന്ത്ര്യം ഉപയോഗിച്ച് ഗാന്ധിജിയെ വധിക്കാന്‍ തീരുമാനിക്കുകയും അതിനാല്‍ ദൈവം ഗാന്ധിജിയുടെ മരണം ഗോഡ്സെയുടെ കൈകൊണ്ടായിരിക്കട്ടെ എന്നു തീരുമാനിക്കുകയുമാണോ? അങ്ങനെയെങ്കില്‍ മനുഷ്യന്‍ ദൈവത്തെ നിയന്ത്രിക്കുന്നുവെന്നു വരും. <<<<
  ------------------------------

  മനുഷ്യരെന്ന നിലക്ക് ഇവിടെ വിശ്വാസിക്കും അവിശ്വാസിക്കും ദൈവനിഷേധിക്കും തമ്മില്‍ അന്തരമൊന്നുമില്ല. ഇഛാ സ്വാതന്ത്ര്യവും പ്രവര്‍ത്തന സ്വാതന്ത്ര്യവും മനുഷ്യര്‍ക്ക് ഉണ്ട് എന്നാണെങ്കില്‍ എല്ലാവര്‍ക്കും ഉണ്ട് ഇല്ല എന്നാണെങ്കില്‍ ആര്‍ക്കും ഇല്ല.

  ഇസ്ലാമിക ദര്‍ശനമനുസരിച്ച് മേല്‍ പറഞ്ഞ പ്രശ്നത്തിന്റെ ഞാന്‍ മനസ്സിലാക്കിയ വിധി ഇതാണ്.

  ദൈവം എല്ലാം അറിയുന്നവനും സ്ഥലകാലാധീതനുമാണ്, ഭാവി വര്‍ത്തമാനം ഭൂതം എന്നിവ അവനെ സംബന്ധിച്ചിടത്തോളം പ്രസക്തമല്ല. കാലം കടന്നുപോകുകയും സംഭവങ്ങള്‍ നടക്കുകയും ചെയ്യുന്നതിനനുസരിച്ച് അവന്റെ നേരത്തെ ഉള്ള അറിവ് വ്യത്യാസപ്പെടുന്നില്ല.

  മനുഷ്യന് അവന്‍ ഇഛാസ്വാതന്ത്ര്യം നല്‍കിയിരിക്കുന്നു. അവന്റെ ഇഛക്കനുസരിച്ച് മനുഷ്യകഴിവിനകത്ത് നിന്ന് കൊണ്ട് പ്രവര്‍ത്തിക്കാനും സാധിക്കും. (പറക്കാന്‍ ഇഛിച്ചതുകൊണ്ട് പക്ഷികളെ പോലെ പറക്കാന്‍ സാധിക്കില്ല). പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചാലും ആ പ്രവര്‍ത്തനങ്ങളുടെ പ്രതിഫലനം പൂര്‍ണമായും മനുഷ്യന്റെ ഇഛ അനുസരിച്ച് അല്ല. അവന്റെ പ്രവര്‍ത്തനത്തിന്റെ ഫലം സംഭവിക്കുന്നത് ദൈവിക ഇഛകൂടി അനുവദിക്കുമ്പോള്‍ മാത്രമാണ്. അങ്ങനെ മനുഷ്യന് ഇഛാ-പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ടെങ്കിലും നിയന്ത്രണം ദൈവത്തിന്റെ പക്ഷത്താണ്.

  മനുഷ്യരില്‍ ആര്‍ക്കും തങ്ങളുടെ ചെയ്തികളും അവയുടെ ഫലങ്ങളും മുന്‍കൂട്ടി കണക്കാക്കാന്‍ സാധ്യമല്ല. നാളെ എന്ത് പ്രവര്‍ത്തിക്കുമെന്ന് പോലും കുറ്റമറ്റ രീതിയില്‍ നിശ്ചയിക്കാന്‍ സാധ്യമല്ല.

  മനുഷ്യന് നന്മചെയ്യാനും തിന്മചെയ്യാനും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ അവന് നല്‍കപ്പെട്ട സ്വാതന്ത്ര്യത്തെ ദൈവത്തിന് അതേക്കുറിച്ചുള്ള അറിവിനാല്‍ നിയന്ത്രിക്കപ്പെടുന്നില്ല. ദൈവം നേരത്തെ അതേക്കുറിച്ച് അറിയുന്നത് കൊണ്ടല്ല അവന്‍ അത് ചെയ്തത്. മറിച്ച് മനുഷ്യന് നല്‍കപ്പെട്ട ഇഛാ സ്വാതന്ത്ര്യം എങ്ങനെ ഉപയോഗപ്പെടുത്തുമെന്ന അറിവാണ് ദൈവത്തിന് ഉള്ളത്.

  ഇത്തരം ഒരു അറിവ് ദൈവത്തിന് ഇല്ലെങ്കില്‍ അത് ദൈവത്തിന്റെ അറിവ് അപൂര്‍ണമാണ് എന്നതിന് തെളിവാണ്. (തുടരും)


 • CK Latheef ഗോഡ് സെക്കും മറ്റേത് മനുഷ്യനും നല്‍കപ്പെട്ട പോലെയുള്ള ഇഛാ സ്വാതന്ത്ര്യവും പ്രവര്‍ത്തന സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. അദ്ദേഹത്തിന് ഗാന്ധിജിയുടെ അനുയായിയായി മാറാനും അദ്ദേഹത്തിന്റെ ഗാതകനായി മാറാനും അവസരം ഉണ്ടായിരുന്നു. പക്ഷെ അദ്ദേഹം തെരഞ്ഞെടുത്തത് രണ്ടാമത്തേതാണ്. അദ്ദേഹം ഗാന്ഡിജിയെ വധിക്കാന്‍ തീരുമാനിച്ചു. അത് നടപ്പാക്കി. ദൈവം അതിന് അനുമതി നല്‍കി. അങ്ങനെ ഗാന്ധിജി ഗോഡ് സെയാല്‍ കൊല്ലപ്പെട്ടു.

  ഇവിടെ ഇസ്ലാമിക വീക്ഷണപ്രകാരം ഗോഡ് സെ കുറ്റവാളിയാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിന് അദ്ദേഹം ഉത്തരവാദിയുമാണ്. ഇത് ദൈവത്തിന് മുന്‍കൂട്ടി അറിയുമായിരുന്നുവെന്നതും അത് രേഖപ്പെടുത്തിയെന്നതും അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതോ അദ്ദേഹത്തെ കുറ്റമുക്തമാക്കുന്നതോ അല്ല.


 • CK Latheef നാം എത്രതന്നെ ഇഛിച്ചാലും അത് നടപ്പാകുന്നത് ദൈവിക തീരുമാനത്തിനുസരിച്ചാണ്. ഇതാണ് മനുഷ്യന് സ്വാതന്ത്ര്യം നല്‍കപ്പെട്ട മേഖലയില്‍ ദൈവത്തിന്റെ നിയന്ത്രണം. ഉദാഹരണത്തിന് വര്‍ഗീയത മൂത്ത ഒരു വ്യക്തിക്ക് തന്റെ പ്രതിയോഗിയെ ഉന്‍മൂലനം ചെയ്യണം എന്നാഗ്രമുണ്ടാകും. അത്തരം ഒരു സംഘത്തിന് തങ്ങള്‍ ശത്രുക്കളായി കാണുന്ന മുഴുവന്‍ ആളുകളെയും ഇല്ലാതാക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കും. പക്ഷെ ആ ഇഛ നടപ്പാക്കാന്‍ ശ്രമിച്ചാലും ദൈവം അതിന് അനുവദിച്ചെങ്കില്‍ മാത്രമേ അത് നടപ്പാക്കാന്‍ കഴിയൂ. ഒരു വ്യക്തി ഇന്നേ ദിവസം കള്ള് കുടിക്കണം എന്ന് തീരുമാനിച്ചു. ചിലപ്പോള്‍ മാത്രമേ അത് നിര്‍വഹിക്കാന്‍ കഴിയൂ. എന്നാല്‍ ദൈവം ആ തീരുമാനത്തിലോ അതിന് വേണ്ടിയുള്ള പ്രവര്‍ത്തനത്തിലോ ഇടപെടുകയില്ല. അതുകൊണ്ട് തന്നെ മനുഷ്യരുടെ പ്രവര്‍ത്തനങ്ങളെ ചിലപ്പോള്‍ അവരുടെ തന്നെ പ്രവര്‍ത്തനമായും ചിലപ്പോള്‍ ദൈവത്തിന്റെ പ്രവര്‍ത്തനമായും പരാമര്‍ശിക്കാറുണ്ട്. രണ്ട് വീക്ഷണ കോണിലൂടെ നോക്കിയാല്‍ രണ്ടും ശരിയാണ് താനും. ഗോഡ്സെ ഗാന്ധിജിയെ വധിച്ചുവെന്ന് പറഞ്ഞാലും ദൈവം വധിച്ചുവെന്ന് പറഞ്ഞാലും ശരിയാണ്. കാരണം ഗോഡ് സെ കാരണമാക്കുകയാണ് ഇവിടെ ചെയ്തത്. മരണം ദൈവിക തീരുമാനം അനുസരിച്ചാണ് സംഭവിച്ചത്.
  5 minutes ago ·

 • CK Latheef ഒരു മുസ്ലിം ദൈവത്തെക്കുറിച്ചും അവന്റെ തീരുമാനത്തെക്കുറിച്ചും മനുസ്സിലാക്കുന്നത് ഇപ്രകാരമായതിനാല്‍ യുക്തിവാദികള്‍ ഇവിടെ പരാമര്‍ശിക്കുന്ന പ്രയാസമൊന്നും ഈ വിഷയത്തില്‍ അവരെ ബാധിക്കുന്നില്ല. പിന്നെ യുക്തിവാദികള്‍ ഒന്ന് മനസ്സിലാക്കുകയും അതിനനുസരിച്ച് ചോദ്യങ്ങള്‍ ചോദിക്കുകയുമാണെങ്കില്‍ അവരോട് ഒന്നേ പറയാനുള്ളൂ. നിങ്ങള്‍ സംസാരിക്കുന്നത് ഞങ്ങളുടെ ദര്‍ശനമനുസരിച്ചാണെങ്കില്‍ അത് പൂര്‍ണമായും സ്വീകരിക്കേണ്ടത് അതേ ദര്‍ശനമനുസരിച്ച് തന്നെയായിരിക്കണം.

  ഇനി ഇതല്ലാത്ത മറ്റു വിധിസങ്കല്‍പങ്ങള്‍ ശ്രദ്ധാപൂര്‍വം പരിശോധിച്ചുനോക്കുക (അങ്ങനെ ഉണ്ടെങ്കില്‍ ). അതൊക്കെയും യുക്തിശൂന്യവും വൈരുദ്ധ്യവും ആയിരിക്കും എന്ന് ഇവിടെ തെളിയിച്ചുതരാം.

  2 minutes ago ·

 • CK Latheef കൂട്ടത്തില്‍ ദൈവനിഷേധികളോടായി ഒരു ചോദ്യമുണ്ട്. നിങ്ങളുടെ അഭിപ്രായത്തില്‍ മനുഷ്യന് പ്രവര്‍ത്തന സ്വാതന്ത്ര്യവും ഇഛാസ്വതന്ത്ര്യവും ഉണ്ടോ ഉണ്ടെങ്കില്‍ എത്രമാത്രം ?.

2012, ജൂലൈ 15, ഞായറാഴ്‌ച

മതം തെരഞ്ഞെടുക്കാന്‍ മാനദണ്ഡമില്ലാതെ കുഴങ്ങുന്നവര്‍ ?.

നാം ഒരു ദര്‍ശനമോ തത്വശാസ്ത്രമോ നിയമസംഹിതയോ കര്‍മരീതിയോ സ്വീകരിക്കുന്നത് എന്തിന് വേണ്ടിയാണ് ആര്‍ക്ക് വേണ്ടിയാണ്?. അത് സ്വീകരിക്കുന്നതില്‍  നമ്മുടെ യുക്തിക്കും ബുദ്ധിക്കും നാം വിലകല്‍പിച്ചിട്ടുണ്ടോ ?. നമ്മുക്ക് ലഭിച്ച മതം/ രാഷ്ട്രീയം/തത്വസംഹിത/സാമ്പത്തിക സിദ്ധാന്തം എന്നിവയില്‍ ഏതാണ് അന്ധമായി പിന്തുരേണ്ടത്. ചിലതില്‍ ബുദ്ധിയും യുക്തിയും പ്രയോഗിക്കുകയും ചിലതില്‍ അത് ഉപയോഗപ്പെടുത്തേണ്ടതില്ലെന്നും നാം തീരുമാനിച്ചിട്ടുണ്ടോ?. മനുഷ്യന്റെ ബുദ്ധിയും യുക്തിയുമൊന്നും മതവിശ്വാസത്തില്‍ പരിഗണിക്കപ്പെടേണ്ടതേ അല്ല എന്ന ഒരു ധാരണ നമ്മിലാര്‍ക്കെങ്കിലും ഉണ്ടോ ?. യുക്തിവാദം അതൊരു രീതിശാസ്ത്രമാണെങ്കില്‍ നമ്മുക്കതിനോട് വിയോജിക്കേണ്ട കാര്യമുണ്ടോ?. യുക്തിവാദികള്‍ എല്ലാ കാര്യങ്ങളോടും യുക്തിയുടെ സമീപനമാണോ സ്വീകരിക്കുന്നത്. വളരെ ചെറിയ ഒരു ന്യൂനപക്ഷമെങ്കില്‍ മതങ്ങളെ താരതമ്യപഠനം നടത്തുകയും തങ്ങളുടെ ബുദ്ധിയും യുക്തിയും ഉപയോഗപ്പെടുത്തി അവയില്‍ നല്ലതെന്ന് തോന്നിയ ഒന്നിനെ പിന്‍പറ്റുകയും ചെയ്യുന്നു. ഇദ്ദേഹത്തിന് യുക്തിയില്ല എന്ന് അക്കാരണം കൊണ്ട് തന്നെ നാം പറയുമോ ?. മതങ്ങളിലൊന്ന് തെരഞ്ഞെടുക്കാന്‍ നമ്മുടെ യുക്തി പര്യാപ്തമല്ലേ. യുക്തി എന്നാല്‍ ഒരു തത്വശാസ്ത്രത്തെയും മാര്‍ഗദര്‍ശനത്തെയും പിന്‍പറ്റാതിരിക്കുക എന്നതാണോ ?. ഒരു മതത്തിന്റെ അനുയായിപ്പോയാല്‍ പിന്നെ അദ്ദേഹത്തിന് തന്റെ യുക്തിയെയും ബുദ്ധിയെയും വലച്ചെറിയേണ്ടി വരുമോ ?.

മതനിഷേധിയായി 40 വര്‍ഷത്തോളമായി ജീവിക്കുകയും അതിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ബ്ലോഗറായ ഇ.എ. ജബ്ബാറിന്റെ ഈ പ്രസംഗം ഒന്ന് കേട്ടുനോക്കൂ...


2012, ജൂലൈ 7, ശനിയാഴ്‌ച

'ദൈവകണം' തന്നെ കണ്ടെത്തി; എന്നാലോ ?

2012 ജൂലൈ 4 ന് പ്രപഞ്ചോല്‍പത്തി തേടിയുള്ള ശാസ്ത്രലോകത്തിന്റെ അന്വേഷണത്തില്‍ നിര്‍ണായകമായ തെളിവ് ലഭിച്ചുകഴിഞ്ഞുവെന്ന് ശാസ്ത്രലോകം അവകാശപ്പെട്ടു. 1964 ല്‍ ഭൌതിക ശാസ്ത്രജ്ഞനായ പീറ്റര്‍ ഹിഗ്സും മറ്റു പ്രവചിച്ച പ്രപഞ്ചത്തിലെ പദാര്‍ഥങ്ങള്‍ക്ക് പിണ്ഡം നല്‍കുന്ന സൂക്ഷമ ആറ്റോമിക കണികയുടെ സാന്നിദ്ധ്യം ഏറെക്കുറെ സ്ഥിരീകരിക്കാന്‍ സാധിച്ചുവെന്നതാണ് സ്വറ്റസര്‍ലന്‍റിലെ യൂറോപ്യന്‍ സെന്‍റര്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ചിലെ (സേണ്‍) ശാസ്ത്രജ്ഞര്‍ പ്രഖ്യാപിച്ചത്. ഹിഗ്സ് ബോസോണ്‍ എന്നാണ് പ്രവചനത്തിലെ ഈ കണികക്ക് നല്‍കപ്പെട്ടിരുന്ന പേര്‍. എന്നാല്‍ 20 വര്‍ഷം മുമ്പ് അമേരിക്കന്‍ ഭൌതികശാസ്ത്രജ്ഞനും നോബല്‍ പുരസ്കാരജേതാവുമായ ലിയോണ്‍ ലെതര്‍മാനാണ് ഹിഗ്സ് ബോസോണ്‍  എന്ന മൌലിക കണത്തിന് 'ദൈവകണം' എന്ന പേര്‍ നല്‍കിയത്. അദ്ദേഹം എഴുതിയ The God Particle: If the Universe is the Answer, What is the Question എന്ന പുസ്തകമാണ് ശാസ്ത്രവൃത്തത്തില്‍ ഒതുങ്ങിപ്പോകുമായിരുന്ന ഈ പഠനത്തെ ജനങ്ങളുടെ കൂടി ശ്രദ്ധാകേന്ദ്രമാക്കിമാറ്റിയത്.

ദൈവംകണം (God Particle) എന്ന് എന്തുകൊണ്ട് ഇതിന് പേര് വെക്കപ്പെട്ടു. രണ്ട് മറുപടികളാണ് എന്റെ ശ്രദ്ധയില്‍ പെട്ടത്.  ശാസ്ത്രത്തിനു പിടിതരാത്ത നിഗൂഢതയായി ഒളിഞ്ഞു നിന്നതിനാലാണ് ലാഡര്‍മാന്‍ തന്‍െറ പുസ്തകത്തില്‍ ഈ കണത്തെ ദൈവകണം എന്ന് ആദ്യമായി വിളിച്ചത് എന്നാണ് ഒരു മറുപടി. മറ്റൊന്ന്, ഇത് വരെ ദൈവവിശ്വാസികളായ മനുഷ്യര്‍ വിശ്വസിച്ച് പോരുന്നത് ദൈവമാണ് പ്രപഞ്ചത്തിന് ഈ ഘടന പ്രദാനം ചെയ്തതും അതിനെ നിലനിര്‍ത്തുന്നതും എന്നതാണ്. പ്രപഞ്ചത്തിന് ഒരു വ്യവസ്ഥാപിതത്വം ഉണ്ട് എന്നത് താഴെകിടയിലുള്ള യുക്തിവാദികളാല്ലാതെ ശാസ്ത്രലോകത്ത് ആരും നിഷേധിക്കുന്നില്ല. ഈ വ്യവസ്ഥാപിതത്വം എങ്ങനെയുണ്ടായി എന്നത് സ്വാഭാവികമായും ശാസ്ത്രത്തിന്റെ കൌതുകമാണ്. അതിന്റെ ഭൌതികകാരണം കണ്ടെത്താനുള്ള ശ്രമായിട്ടാണ് പീറ്റര്‍ ഹിഗ്സ് അതിന് പിന്നില്‍ ഒരു നിഗൂഢമായ മൌലിക കണത്തെ പ്രവചിച്ചത്. അത് പ്രവചിക്കുമ്പോള്‍ കേവല ഊഹത്തിനപ്പുറം അത് തെളിയിക്കാനാവശ്യമായ ഒരു സാധ്യതയെക്കുറിച്ചും അദ്ദേഹത്തിന് അറിവ് ഉണ്ടായിരുന്നില്ല. പ്രപഞ്ചത്തിന് വ്യവസ്ഥാപിതത്വം നല്‍കുന്നത് ദൈവത്തിന് പകരം നില്‍ക്കുന്ന കണിക എന്ന അര്‍ഥത്തിലാണ് ഭൌതികവാദികളായ ലോകം ഇതിനെ ദൈവകണം എന്ന് ഇതിനെ വിളിച്ചുവരുന്നത് .

ജനീവക്ക് സമീപം സ്വിറ്റസര്‍ലന്റിന്റെയും ഫ്രാന്‍സിന്റെയും അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ 27 കിലോമിറ്റര്‍ നീളത്തില്‍ സ്ഥാപിച്ച ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ (L.H.C) നടന്ന കണികാ പരീക്ഷണത്തിന്റെ പ്രാഥമിക ഫലങ്ങള്‍ വിലയിരുത്തിയാണ് പരീക്ഷണത്തില്‍ പെട്ട രണ്ട് സംഘങ്ങള്‍ ഈ പ്രഖ്യാപനം നടത്തിയത്. അഥവാ 2100 ശാസ്ത്രജ്ഞരുടെ സംഘമായ സി.എം. എസ് മേധാവി ജോ ഇന്‍ കാന്‍ഡെല യും 3000 ശാസ്ത്രജ്ഞരുടെ സംഘമായ അറ്റ്ലസ് മേധാവി ഫാബിയോള ഗയാനോട്ടിയും. ഹിഗ്സ് ബോസോണ്‍ എന്ന ആശയം മുന്നോട്ട് വെച്ച പീറ്റര്‍ ഹിഗ്സും വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതനായിരുന്നു.

ഇപ്പോള്‍ കണ്ടെത്തി എന്ന് അവകാശപ്പെടുന്നത് പീറ്റര്‍ ഹിഗ്സ് പ്രവചിച്ച പദാര്‍ഥത്തിന് പിണ്ഡം നല്‍കുന്നതെന്ന് കരുതപ്പെടുന്ന ഹിഗ്സ് ബോസോണ്‍ കണിക തന്നെ ആണോ ?. പൂര്‍ണമായ ഉറപ്പില്ല. ഹിഗ്സ് ബോസോണിനോട് സാമ്യമുണ്ട് എന്നേ ശാസ്ത്രജ്ഞര്‍ പറഞ്ഞിട്ടുള്ളൂ. ഏത് തരത്തിലുള്ള ഹിഗ്സ് ബോസോണാണ് ഇതെന്ന് ഇനിയും കണ്ടെത്തേണ്ടതായിട്ടാണ് ഇരിക്കുന്നത് എന്നാണ് അവര്‍ പറഞ്ഞിട്ടുള്ളത്. അത് സ്ഥിരീകരിക്കാന്‍ ഇനിയും ആയിരക്കണക്കിന് ശാസ്ത്രജ്ഞരുടെ വര്‍ഷങ്ങള്‍ നീണ്ട ബില്യണ്‍ കണക്കിന് ഡോളറുകള്‍ ചെലവഴിച്ചുള്ള പരീക്ഷണം ഇനിയും നടക്കേണ്ടതുണ്ട് എന്ന് ചുരുക്കം.

പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ചുള്ള സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ സിദ്ധാന്തത്തിലെ പല വിടവുകളും പൂരിപ്പിക്കാന്‍ ഈ കണത്തെക്കുറിച്ച് ഇനിയുള്ള ഗവേഷണങ്ങള്‍ സഹായിക്കും.  കുന്നോളം ഡാറ്റകള്‍ക്കിടയില്‍ പുതു കണത്തിന്‍െറ ഒരു ഡസനോളം സിഗ്നലുകള്‍ മാത്രമാണ് ഗവേഷകര്‍ക്കു ലഭ്യമായിരിക്കുന്നത്.   ഹിഗ്സ് ബോസോണ്‍ കണത്തില്‍ നിന്ന് പ്രതീക്ഷിക്കുന്ന പെരുമാറ്റം  കൃത്യമായി ഇത് നിലനിര്‍ത്തുന്നുണ്ടോ, പൂജ്യം സ്പിന്‍ ( സ്വയം ഭ്രമണം ചെയ്യാത്ത) അവസ്ഥയിലാണോ അത് നിലകൊള്ളുന്നത് തുടങ്ങിയ നിരവധി കാര്യങ്ങള്‍ പരീക്ഷണങ്ങളില്‍ ഉറപ്പാക്കണം. എന്നാല്‍  മാത്രമേ ഈ ദൈവ കണത്തെ നമുക്ക് ശാസ്ത്ര സിദ്ധാന്തങ്ങളില്‍ കുടിയിരുത്താനാവൂ.

അപ്പോള്‍ ഇതാണ് യഥാര്‍ഥ അവസ്ഥ. എന്നാല്‍ ഇത്തരശാസ്ത്രീയ പരീക്ഷണ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുമ്പോള്‍ ശാസ്ത്രത്തിന്റെ യഥാര്‍ഥ വക്താക്കളായി ചിലര്‍ രംഗത്ത് വരാറുണ്ട് അവരുടെ അവകാശവാദങ്ങള്‍ക്ക് ശാസ്ത്രവുമായി ഒരു ബന്ധവുമില്ല. പലപ്പോഴും നല്‍കപ്പെടുന്ന ശാസ്ത്രനിഗമനം പോലും ശരിക്ക് വെളിപ്പെടുത്താതെ, ഞങ്ങള്‍ പണ്ട് പറഞ്ഞത് (പ്രപഞ്ചം തനിയെ ഉണ്ടായതാണ് . അത് ആരാലും സൃഷ്ടിക്കപ്പെട്ടതല്ല എന്നവാദം) ശരിയായിരുന്നുവെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ എന്ന് മേനി പറയാറുണ്ട്.

'ശാസ്ത്രലോകത്തിന്‍െറ അരനൂറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവില്‍ ദൈവകണം പിടിതന്നിരിക്കുന്നു. ', 'ദൈവകണം ശാസ്ത്രത്തിന്റെ പിടിയില്‍ ' തുടങ്ങിയ തലക്കെട്ടുകള്‍ പോലും യഥാര്‍ഥ വസ്തുതയെ പ്രതിഫലിപ്പിക്കുന്നില്ല. കാര്യം ഇതായിരിക്കെ 'ആദികണത്തിന്റെ കണ്ടെത്തല്‍ മതങ്ങളുടെ അടിസ്ഥാനശില തകര്‍ത്തു വെന്ന് പ്രസ്താവന (മാധ്യമം 2012 ജൂലൈ 6) ഇറക്കാന്‍ ഭാരതീയ യുക്തിവാദി സംഘം സംസ്ഥാന സെക്രട്ടറി ശ്രീനി പട്ടത്താനത്തിന് എങ്ങനെ കഴിയുന്നുവെന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്. പ്രഖ്യാപനം നടത്തിയ ശാസ്ത്രഞ്ഞരുടെ ആവകാശവാദത്തിനപ്പുറം യുക്തിവാദികള്‍ താഴെ പറയുന്ന നിഗമനത്തിലെത്തിയാണ് തങ്ങളുടെ മതത്തിനെതിരെയുള്ള വിതണ്ഡവാദം ഉയര്‍ത്തുന്നത്.

'99.99 ശതമാനവും കൃത്യമാണ് പുതിയ കണ്ടെത്തല്‍ എന്നാണ് സ്ഥിരീകരിച്ചിട്ടുള്ളത്. നൂറുശതമാനമാകല്‍ കേവലം ഔപചാരികത മാത്രമാണ്. ബോസോണ്‍ കണ്ടെത്തിയ ബോസിനു മുമ്പില്‍ നാം ആദരവോടെ തലകുനിക്കുക. ഈ പ്രപഞ്ചം നാം കാണുന്ന രൂപത്തിലാകാന്‍ എന്താണ് കാരണമെന്ന കണ്ടെത്തലാണിത്. ഹിഗ്സ് ബോസോണിന്റെ സാന്നിധ്യമാണത്രേ ഈ പ്രപഞ്ചരൂപത്തെ നിര്‍ണയിച്ചത്.'
ഇതാണ് മതങ്ങള്‍ അപ്രസക്തമായി എന്ന് പറയാന്‍ യുക്തിവാദികളെ പ്രേരിപ്പിക്കുന്നത്. ഇവിടെ നൂറുശതമാനമാക്കുന്നതിന് എന്താണ് തടസ്സമുള്ളത്. എങ്കില്‍ ഔപചാരികത കൂടി കഴിയാന്‍ കാത്തിരിക്കാമായിരുന്നില്ലേ ഇത്തരം വാദങ്ങള്‍ ഉന്നയിക്കാന്‍ എന്ന ചോദ്യം പ്രസക്തമാണ്. പക്ഷെ അതിന് മുമ്പ് ഈ വാദം തള്ളിപ്പോയേക്കുമോ എന്ന ഭയമായിരിക്കാം. എനിക്ക് ചോദിക്കാനുള്ളത്. നൂറ് ശതമാനം തന്നെ കണ്ടെത്തിയത് ഹിബ്സ് ബോസോണാണെന്ന് സ്ഥിരപ്പെട്ടാല്‍ ദൈവത്തിന്റെ സ്ഥാനം പോകുമോ?. പരമാവധി അതുകൊണ്ട് വരുന്നത്. മഴപെയ്യുന്നത് നീരാവി ഘനീഭവിച്ചാണ് എന്ന ഭൌതികമായ ഉത്തരം പോലെ പ്രപഞ്ചത്തിന്റെ വ്യവസ്ഥാപിതത്വത്തിന് ഒരു കാരണം കണ്ടെത്തി എന്നതല്ലേ വരുന്നുള്ളൂ. ഹിബ്സ് ബോസോണ്‍ നിലവില്‍വരാനുള്ള കാരണം വീണ്ടും കണ്ടത്തേണ്ടി വരുമല്ലോ.

സത്യത്തില്‍ മതം എന്താണെന്നോ, എന്തിന് വേണ്ടിയാണെന്നോ ദൈവനിഷേധികളായ യുക്തിവാദികള്‍ ഇനിയും മനസ്സിലാക്കിയിട്ട് വേണം. പ്രപഞ്ച സൃഷ്ടിക്ക് പിന്നില്‍ ദൈവമില്ലെന്ന് സ്ഥിരീകരണം നല്‍കാന്‍ അടുത്തകാലത്തൊന്നും ശാസ്ത്രത്തിന് സാധ്യമല്ല എന്നാണ് ഈ വെളിപ്പെടുത്തല്‍ ഒരു ദൈവവിശ്വാസിക്ക് നല്‍കുന്ന അറിവ്. ഇപ്പോള്‍ കണ്ടെത്തിയത് പ്രപഞ്ചത്തിന് വ്യവസ്ഥാപിത്വം നല്‍കുന്ന ഹിഗ്സ് ബോസോണാണ് എന്ന് വന്നാല്‍ പോലും എങ്ങനെ വ്യവസ്ഥാപിതത്വം ലഭിക്കുന്നുവെന്നതിന്റെ ഭൌതിക കാരണം മാത്രമേ ആകൂ. ദൈവത്തെക്കുറിച്ച് ഇസ്ലാമിന്റെ ഒരു പ്രയോഗം കാരണങ്ങളുടെ കാരണക്കാരന്‍ (മുസബ്ബിബുല്‍ അസ്ബാബ് ) എന്നാണ്. ഈ പ്രപഞ്ചത്തിന് പിണ്ഡം കൊണ്ട് ലഭിക്കുന്ന വ്യവസ്ഥാപിതത്വം മാത്രമല്ല. പദാര്‍ഥങ്ങളില്‍ കണിശമായ ആസൂത്രണവും അതിസങ്കീര്‍ണമായ ഘടനയും സൌന്ദര്യവും ഒക്കെയുണ്ട് അതൊന്നും ഈ കണ്ടുപിടുത്തം കൊണ്ട് പരിഹരിക്കപ്പെടുന്നില്ല. ജീവജാലങ്ങളുടെ സൃഷ്ടിപ്പും നിലനില്‍പ്പും വ്യാഖ്യാനിച്ച് എവിടെയും എത്തിയിട്ടില്ല. പരിണാവാദം ഏറെക്കുറെ ഇനിയും പിടിച്ച് നിര്‍ത്തപ്പെടുന്നത് പാഠപുസ്തകങ്ങളില്‍ മാത്രമാണ്. അത് പഠിപ്പിക്കുന്ന ഒരു ശതമാനം അധ്യാപകര്‍ക്ക് പോലും അതില്‍ വിശ്വാസമില്ല. എന്നിരിക്കെ ദൈവകണം ആണെന്ന് സംശയിക്കപ്പെടുന്ന ഹിഗ്സ് ബോസോണിന്റെ കണ്ടുപിടുത്തത്തില്‍ യുക്തിവാദികള്‍ വല്ലാതെ വഞ്ചിതരാക്കുന്നുണ്ടെങ്കില്‍ മുമ്പ് പലപ്പോഴും സംഭവിച്ച തങ്ങളുടെ അബദ്ധത്തില്‍നിന്ന് പാഠം ഉള്‍കൊള്ളുന്നില്ല എന്നേ അതു അര്‍ഥമാക്കുന്നുള്ളൂ.

ഇനി ഈ ബ്ലോഗില്‍ ഈ വിഷയം കൈകാര്യം ചെയ്യാനുള്ള കാരണം പറയാം. പ്രകൃതി പ്രതിഭാസങ്ങളുടെ ഭൌതിക കാരണത്തെക്കുറിച്ച് പഠിക്കാനുള്ള ഒരു ശ്രമത്തോടും എനിക്ക് വിയോജിപ്പ് ഇല്ല. ഞാന്‍ പ്രതിനിധീകരിക്കുന്ന ഇസ്ലാമിനും അപ്രകാരം ഉള്ളതായി അറിയില്ല. അതോടൊപ്പം ഇത്രയും മനുഷ്യധ്വാനവും സമ്പത്തും ചെലവഴിച്ച് നേടുന്ന നേട്ടങ്ങള്‍ ആപേക്ഷികമായി മനുഷ്യന് പ്രത്യേകിച്ച് എന്തെങ്കിലും നന്മകൊണ്ട് വരുന്നുണ്ട് എന്ന് കരുതുന്നില്ല. എല്ലാ പരീക്ഷണങ്ങളേയും അല്ല ഉദ്ദേശിച്ചത്.

ദൈവത്തെക്കുറിച്ചുള്ള വിശ്വാസം അന്ധമാണ് എന്നാണ് യുക്തിവാദികളുടെ ആരോപണം എന്നാല്‍ പരീക്ഷണങ്ങള്‍ മുന്നോട്ട് പോകുത്തോറും ദൈമില്ല എന്നതിനെക്കാള്‍ ദൈവം ഉണ്ടാകണം എന്നതിലേക്കാണ് സൂചനകള്‍ കൂടുതല്‍ ഉള്ളത്. മതം എന്നാല്‍ ദൈവം ഉണ്ട്, ദൈവമാണ് സൃഷ്ടിച്ചത് എന്ന ഒരു വിശ്വാസത്തില്‍ ഒതുങ്ങുന്നതല്ല. ഇസ്ലാമിനെങ്കിലും ഇക്കാര്യത്തില്‍ വിശാലമായ ചില ലക്ഷ്യങ്ങളുണ്ട്. പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതാണോ എന്ന ഒരു അന്വേഷണത്തിന് നാം ഇതുവരെ എടുത്ത സമയവും സമ്പത്തും അധ്വാനവും ഒന്ന് വിലയിരുത്തി നോക്കൂക. സത്യത്തില്‍ മനുഷ്യന് കണ്ടെത്താന്‍ കഴിയാത്ത ഒന്നായത് കൊണ്ടാണ് ഇത്തരം അദൃശ്യകാര്യങ്ങള്‍ ദൈവം പ്രവാചകന്‍മാരിലൂടെ മനുഷ്യവംശത്തിന് നല്‍കിപ്പോന്നത്. അതിന് ചെലവഴിക്കുന്ന അധ്വാനം കുറേകൂടി സൃഷ്ടിപരമായ കാര്യങ്ങള്‍ക്ക് ചെലവഴിച്ച് മനുഷ്യവംശത്തിന് സേവനം ചെയ്യാനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം ഏര്‍പ്പെടേണ്ടത് എന്ന് വിശ്വസിക്കുന്നവനാണ് ഞാന്‍ .

മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തി എന്ന പ്രഖ്യാപനം ഉണ്ടായപ്പോഴും. ജീനിന്റെ ഘടന വ്യക്തമായപ്പോഴും, ചൊവ്വയിലേക്ക് പാത്ത് ഫൈന്ററിനെ അയച്ചപ്പോഴുമൊക്കെ ദൈവം മരിച്ചേ  മതം തകരുന്നേ എന്ന മുറവിളി ഉയര്‍ന്നിട്ടുണ്ട്. ഇനി കണ്ടുപിടുത്തമുണ്ടാകുമ്പോഴും ഇത്തരം യുക്തിബോധം തൊട്ടുതെറിക്കാത്ത അവകാശവാദം നമുക്ക് തമാശയോടെ കണ്ട് നില്‍ക്കാം.

2012, ജൂലൈ 5, വ്യാഴാഴ്‌ച

മുഹമ്മദ് നബിയെ പിന്‍പറ്റാമായിരുന്നു പക്ഷേ ?.

മുഹമ്മദ് നബിയുടെ മാതൃക പിന്‍പറ്റാന്‍ ആഗ്രഹമുണ്ടായിരുന്നു, പക്ഷെ എന്ത് ചെയ്യാം എനിക്ക് പിന്തുടരാന്‍ പറ്റുന്ന മാതൃകയാണോ പ്രവാചകന്‍ . സ്വന്തം അനുയായികളെ വിട്ട് കളവ് പറയിപ്പിച്ച് ഒരാളെ കൊല്ലുന്നു. ഞാനെങ്ങനെ മുഹമ്മദ് നബിയെ പിന്‍പറ്റും ? . അനില്‍കുമാര്‍ എന്ന സുഹൃത്ത് ഫെയ്സ് ബുക്കില്‍ നല്‍കിയ പോസ്റ്റില്‍നിന്ന് എനിക്ക് ലഭിച്ചത് ഇങ്ങനെ ഒരു സംശയമാണ് അദ്ദേഹത്തെ കുഴക്കുന്നത് എന്നാണ്. അദ്ദേഹത്തിന്റെ പോസ്റ്റിലേക്ക്.
----------------------------------

Anil Kumar Said...

ഇവിടെ ചില മുസ്ലീം സുഹൃത്തുക്കള്‍ പറഞ്ഞു, മുഹമ്മദിനെ പിന്‍പറ്റിയാല്‍ അല്ലാഹു പാപങ്ങള്‍ പൊറുത്തു തരും എന്നും സ്വര്‍ഗ്ഗം നിശ്ചയം എന്നും. മുഹമ്മദിനെ പിന്‍പറ്റാന്‍ അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍ മുഹമ്മദിനെപ്പറ്റി എന്താണ് എഴുതിവെച്ചിരിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞത് "അത് ഖുര്‍ആനില്‍ അല്ല, ഹദീസില്‍ ആണെ"ന്ന്. ശരി, ഹദീസെങ്കില്‍ ഹദീസ്‌. അദ്ദേഹത്തെ പിന്‍പറ്റിക്കളയാം എന്ന് വിചാരിച്ചു ഹദീസ്‌ തുറന്നപ്പോള്‍ കണ്ടത് ഇതാണ്. വായനക്കാരുടെയും അറിവിലേക്കായി ഞാനത് താഴെ കൊടുക്കുന്നു. വായിച്ചിട്ട് നിങ്ങള്‍ തീരുമാനിക്കുക, ഇതില്‍ ഏതു ഭാഗമാണ് പിന്‍പറ്റേണ്ടത് എന്ന്:

"ജാബിര്‍ നിവേദനം: റസൂല്‍ പറഞ്ഞു: കഅ്ബ് ബ്നു അശറഫിനെ (എതിരിടാന്‍ ആരുണ്ട്‌?). അവന്‍ അല്ലാഹുവിനെയും അവന്‍റെ ദൂതനേയും ദ്രോഹിച്ചിരിക്കുന്നു. അപ്പോള്‍ മുഹമ്മദ്‌ ബ്നു മസലമത്ത് പറഞ്ഞു: 'ദൈവദൂതരേ, അവനെ ഞാന്‍ വധിക്കുന്നത് താങ്കള്‍ക്കിഷ്ടമാണോ?' നബി പറഞ്ഞു: 'അതെ.' അദ്ദേഹം പറഞ്ഞു: എനിക്കുചിതമായത് പറയാന്‍ താങ്കള്‍ അനുവാദം തന്നാലും.' നബി പറഞ്ഞു: 'പറഞ്ഞുകൊള്ളുക.' അദ്ദേഹം അവന്‍റെയടുത്തു ചെന്നു. അവര്‍ തമ്മിലുള്ള (സ്നേഹബന്ധത്തെ)ക്കുറിച്ച് സംസാരിച്ചുകൊണ്ട് പറഞ്ഞു: 'ഈ മനുഷ്യന്‍ ധര്‍മ്മം ആഗ്രഹിക്കുന്നു. ഞങ്ങളെ ക്ഷീണിപ്പിക്കുന്നു.' ഇത് കേട്ടപ്പോള്‍ അവന്‍ പറഞ്ഞു: 'തീര്‍ച്ചയായും ഇനി അവനെ നിങ്ങള്‍ വെറുത്തു മടുക്കുക തന്നെ ചെയ്യും.' അദ്ദേഹം പറഞ്ഞു: 'ഇപ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തെ അനുഗമിച്ചിരിക്കുന്നു. അദ്ദേഹത്തിന്‍റെ കാര്യം എവിടെ എത്തിച്ചേരുമെന്ന് ഞങ്ങള്‍ നോക്കി (മനസ്സിലാക്കുന്നതുവരെ) അദ്ദേഹത്തെ കൈവിടുന്നത് ഞങ്ങള്‍ ഇഷ്ടപ്പെടുന്നുമില്ല. നിങ്ങള്‍ എനിക്ക് കുറച്ചു കടം തരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.' അവന്‍ ചോദിച്ചു: 'നിങ്ങള്‍ എനിക്ക് എന്ത് പണയം തരും?' അദ്ദേഹം ചോദിച്ചു:'എന്ത് പണയം തരണം?' അവന്‍ പറഞ്ഞു: 'നിങ്ങളുടെ സ്ത്രീകളെ പണയം തരണം.' അദ്ദേഹം പറഞ്ഞു: 'നീ അറബികളിലെ അതിസുന്ദരനാണ്. ഞങ്ങളുടെ സ്ത്രീകളെ നിനക്ക് പണയം തരണമെന്നോ?' അപ്പോള്‍ അവന്‍ ചോദിച്ചു: 'എന്നാല്‍ നിങ്ങളുടെ ആണ്മക്കളെ പണയം തരുമോ?' അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'അപ്പോള്‍ ഞങ്ങളില്‍ ഒരാളുടെ പുത്രന്‍ ആ പേരില്‍ പഴിക്കപ്പെടുകയില്ലേ- രണ്ടു വസ്ഖ്‌ ഈത്തപ്പഴത്തിന് പണയം വെക്കപ്പെട്ടവനല്ലേ നീ എന്ന് പറഞ്ഞുകൊണ്ട്. എന്നാല്‍ നിനക്ക് ഞങ്ങള്‍ ആയുധം പണയം തരാം.' അവന്‍ പറഞ്ഞു: 'ശരി, അങ്ങനെയാകട്ടെ.' ഹാരിസ്‌, അബു അബ്സ്‌ ബ്നു ജബ്ര്‍, അബ്ബാദ് ബ്നു ബിശ്ര്‍ എന്നിവരുമായി ചെല്ലാമെന്ന് അവനോടു വാഗ്ദത്തം ചെയ്തു.

ജാബിര്‍ പറയുന്നു: 'അങ്ങനെ അവര്‍ രാത്രിയില്‍ ചെന്ന് വിളിച്ചു. അപ്പോള്‍ അവന്‍ അവരുടെ അടുക്കലേക്ക്ഇറങ്ങിച്ചെന്നു. (ഹദീസ്‌ റിപ്പോര്‍ട്ടര്‍മാരിലെ സുഫ്‌യാന്‍ പറയുന്നു: തന്‍റെ ഗുരുവായ അംറ്‌ അല്ലാത്തവര്‍ പറയുന്നു: അവനോടു അവന്‍റെ ഭാര്യ പറഞ്ഞു: 'രക്തം (തെടുന്നവന്‍റെ) ശബ്ദം പോലുള്ള ശബ്ദം ഞാന്‍ കേള്‍ക്കുന്നു.' അവന്‍ പറഞ്ഞു: അത് മുഹമ്മദ്‌ ബ്നുമസ്ലമയും അദ്ദേഹത്തിന്‍റെ മുലകുടി ബന്ധമുള്ള അബുനാഇലയുമാണ്. മാന്യന്മാരായ ആളുകള്‍ രാത്രി ഒരു കുത്തിലേക്കാണ്‌ ക്ഷണിക്കുന്നതെങ്കിലും അതിനു ഉത്തരമേകും.' മുഹമ്മദ്‌ ബ്നു മസലമ പറയുകയാണ്‌: അവന്‍ വന്നാല്‍ അവന്‍റെ തലയുടെ നേരേ ഞാന്‍ കൈ നീട്ടും. എനിക്ക് അവന്‍ വശപ്പെട്ടു കഴിഞ്ഞാല്‍ നിങ്ങള്‍ അവന്‍റെ കഥ കഴിക്കുവിന്‍. അങ്ങനെ അവന്‍ ഇറങ്ങിവന്നപ്പോള്‍ അവന്‍ വന്നത് നല്ല ഉടയാടകളോടെയാണ്. 'നിന്നില്‍നിന്നും ഞങ്ങള്‍ക്ക് സുഗന്ധം അനുഭവപ്പെടുന്നുവല്ലോ.' അവന്‍ പറഞ്ഞു: 'അതെ, എന്‍റെ കൂടെ ഇന്നവളുണ്ട്. അവള്‍ അറബികളില്‍ ഏറെ സുഗന്ധമുള്ളവളാണ്.' അദ്ദേഹം ചോദിച്ചു: 'അതൊന്നു മണക്കാന്‍ എന്നെ അനുവദിക്കാമോ?' അവന്‍ പറഞ്ഞു: 'ഓ, മണത്തോളൂ.' അങ്ങനെ അവന്‍റെ തല പിടിച്ചു മണത്തു. പിന്നെയും അദ്ദേഹം ചോദിച്ചു: 'ഞാന്‍ ഒന്ന് കൂടി മണക്കട്ടെ.' അദ്ദേഹം പറയുന്നു: അപ്പോള്‍ എനിക്ക് അവന്‍റെ തല(മുടി) പിടിച്ചു ഒതുക്കാന്‍ കഴിഞ്ഞു. എന്നിട്ട് പറഞ്ഞു: ശരി, നോക്കിക്കോളൂ; അങ്ങനെ അവര്‍ അവനെ വധിച്ചു. (സ്വഹീഹ് മുസ്ലീം, വാല്യം.2, ഭാഗം.32, ഹദീസ്‌ നമ്പര്‍.119 (1801).

പാപമോചനം ലഭിക്കാന്‍ മുഹമ്മദ്‌ നബിയെ പിന്തുടരുക എന്ന് പറഞ്ഞ മുസ്ലീം സ്നേഹിതന്മാരോട് ഞാന്‍ ഒന്ന് ചോദിക്കട്ടെ, മുഹമ്മദ്‌ ചെയ്ത (അല്ലെങ്കില്‍ ചെയ്യിച്ച) ഈ കാര്യത്തില്‍ എനിക്ക് പിന്തുടരാനുള്ള മാതൃക എന്താണ്? എനിക്ക് കിട്ടിയത് രണ്ടു മാതൃകകളാണ്:

1) ശത്രുവിനെ എനിക്ക് കൊല്ലാന്‍ നുണ പറയാം!

2) ഒരു മനുഷ്യനോട് എനിക്ക് വിശ്വാസ വഞ്ചന കാണിക്കാം!!

2) നിരായുധനായ ഒരു ധീരനെ ഇരുളിന്‍റെ മറവില്‍ കൂടെയുള്ളവരുടെ ബലത്തില്‍ എനിക്ക് ചതിച്ചു കൊല്ലാം!!!

പറയൂ, മുഹമ്മദ്‌ കാണിച്ചു തന്ന ഈ മാതൃകകളില്‍ എനിക്ക് പാപമോചനം ലഭിക്കാന്‍ ഞാന്‍ ഏതാണ് അനുഷ്ഠിക്കേണ്ടത് ???
---------------------------------------------

ഈ പോസ്റ്റിന് എനിക്ക് പറയാനുള്ള മറുപടി.. (അതിന് മുമ്പ് ഫെയ്സ ബുക്ക് ചര്‍ചയില്‍ ആരാണ് കഅ്ബ്നു അഷ്റഫ് എന്നും എന്തായിരുന്നു അദ്ദേഹത്തിന് വധശിക്ഷ നല്‍കാനുള്ള കാരണമെന്നും മറ്റൊരു സുഹൃത്ത് വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. അത് അവസാനം നല്‍കാം).
മനുഷ്യന്റെ ഇഹപരനന്മക്ക് ദൈവത്താല്‍ നിയുക്തനായ അന്ത്യപ്രവാചകനെ പിന്‍പറ്റണം എന്നാണ് മുസ്ലിംകള്‍ അവരെ ഏല്‍പിക്കപ്പെട്ട ദൌത്യം എന്ന നിലക്ക് ആവശ്യപ്പെടുന്നത്. ഇത് അനിലിനോട് മാത്രമല്ല ഈ ലോകത്തിലെ സത്യന്വേഷികളായ മുഴുവന്‍ ജനതയോടുമാണ്.മുഹമ്മദ് നബി (സ) മുസ്ലിംകളുടെ ഒരു പ്രവാചകന്‍ എന്ന നിലക്ക് നോക്കുമ്പോള്‍ സ്വാഭാവികമായും അല്‍പം പ്രയാസം തോന്നും. ക്രൈസ്തവരുടെ ഒരു നേതാവിനെ പിന്‍പറ്റാന്‍ ഒരു മുസ്ലിമിനോട് ആവശ്യപ്പെടുമ്പോഴുള്ള അതേ പ്രയാസം. അത് മനസ്സിലാക്കാന്‍ കഴിയും. എന്നാല്‍ മുഹമ്മദ് നബി സ്വയം പരിചയപ്പെടുത്തുന്നത് ലോകരിലേക്ക് അയക്കപ്പെട്ട പ്രവാചകന്‍ എന്നതാണ്.

ഈ ആവശ്യത്തോട് പലവിധത്തില്‍ ലോകത്തിലെ ജനങ്ങള്‍ പ്രതികരിച്ചിട്ടുണ്ട്. അവയില്‍ അല്‍പം വിചിത്രമായ ഒരു പ്രതികരണമായിട്ടാണ് അനിലിന്റെ പ്രതികരണം ഞാന്‍ കാണുന്നത്.

ഈ പ്രതികരണത്തിലെ ധ്വനി ഇതാണ്. അത് മുഹമ്മദ് നബിയെ പിന്‍പറ്റാന്‍ ഞാന്‍ തയ്യാറാണ്. പക്ഷെ അദ്ദേഹത്തിന്റെ സ്വാഭാവമായി ഞാന്‍ കണ്ടത് എനിക്ക് പിന്തുടരാന്‍ കഴിയുന്ന കാര്യമല്ല. അതിനാല്‍ എനിക്ക് അതിന് കഴിയില്ല.
ഒരു രാജ്യത്തെ ഭരണകൂടത്തിന് അതിലെ കുറ്റവാളികളെ രാജ്യസുരക്ഷയും സമാധാനവും മുന്‍നിര്‍ത്തി ശിക്ഷിക്കേണ്ടിവരും. അങ്ങനെ ഒരു തീരുമാനം കൈകൊണ്ടാല്‍ അതിന്റെ പേരില്‍ ആരും ആക്ഷേപിക്കപ്പെടാറില്ല. പക്ഷെ നബി ചരിത്രത്തിലെ അത്തരം ഒരു സംഭവം ചൂണ്ടിക്കാട്ടി. അതില്‍നിന്നും തികച്ചും അനുചിതമല്ലാത്ത നിഗമനത്തിലും വിധിതീര്‍പ്പിലും എത്തിച്ചേരുകയാണ് അനില്‍ കൂമാര്‍ .
ഇന്നയിന്ന കുറ്റം കാരണം കഅ്ബ് ബ്നു അഷ്റഫിന് പ്രവാചകന്‍ വധശിക്ഷ വിധിച്ചു എന്ന് പറയുന്നതിന് പകരം, കണ്ടതപ്പടി പകര്‍ത്തുന്ന ഹദീസ് ശൈലി അനുസരിച്ച് ആ സംഭവം വിവരിക്കുകയാണ് ഹദീസ് റിപ്പോര്‍ട്ടര്‍മാര്‍ ചെയ്യുന്നത്. അപ്പോള്‍ അവിടെ നടക്കുന്ന സംസാരവും സംഭാഷണവും അത് ആര്‍ക്കെതിരെ ആരുടെ സഹാനുഭൂതി ഇള്ളക്കിവിടും എന്നൊന്നും റിപ്പോര്‍ട്ടര്‍മാരെ അലോസരപ്പെടുത്താറില്ല.

കുറ്റവാളിയെ പിടിക്കാന്‍ പല തന്ത്രങ്ങള്‍ ഉപയോഗിച്ചേക്കാം. പൊതുവെ മറ്റുള്ളവര്‍ക്ക് ഉപദ്രവം ഉണ്ടാക്കാത്ത ഒരു ശൈലി അതില്‍ സ്വീകരിക്കാറുണ്ട്. നമ്മുടെ നാട്ടില്‍ തന്നെ സ്ത്രീകളെ ശല്യം ചെയ്യുന്ന ആളെ പോലീസ് പിടിക്കാറുള്ളത് അതേ സ്ത്രീയെ ഉപയോഗിച്ച് ഇന്ന സ്ഥലത്ത് ഹാജറാകാന്‍ ആവശ്യപ്പെട്ടാണ്. ഇതിനെ പോലീസിന്റെ വഞ്ചന എന്ന ബുദ്ധിയുള്ള ആളുകള്‍ പറയാറില്ല. ഇതേ പോലിസിന് തന്നെ മറ്റൊരു ശൈലിയും സ്വീകരിക്കാം. രാത്രി അദ്ദേഹം ഉറങ്ങുന്ന വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് സ്ത്രീകളെയും കുട്ടികളെയുമൊക്കെ പ്രയാസപ്പെടുത്തി മല്‍പിടുത്തം നടത്തി കീഴടക്കാം. (രാഷ്ട്രീയക്കാര്‍ക്ക് വേണ്ടി ചിലപ്പോള്‍ അത്തരം പരിപാടിയും നമ്മുടെ പോലീസ് നടത്താറുണ്ട്) നീതിബോധമുള്ള ഒരാളും ഇത് ന്യായീകരിക്കുകയില്ല. ഒരു അര്‍ഥത്തില്‍ നേരത്തെ പറഞ്ഞ വഞ്ചന ഇവിടെ ഇല്ലെങ്കില്‍ പോലും.

സത്യത്തില്‍ ഇത്രമാത്രമല്ലേ ഈ സംഭവത്തിലും നടന്നിട്ടുള്ളൂ. പ്രവാചകത്വത്തിന് ശേഷം നീതിയുടെയും സത്യസന്ധതയുടെയും കാരുണ്യത്തിന്റെയും അതുല്യമായ ജീവിതം നയിച്ച ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഒരാള്‍ക്ക് ആകെ ലഭിച്ചത് ഈ ഹദീസാണ് എന്ന് വെക്കുക,  അത് ഇപ്രകാരം വക്രീകരിച്ച് മനസ്സിലാക്കാന്‍ മാത്രമേ ദൈവം അദ്ദേഹത്തിന് കഴിവ് നല്‍കിയിട്ടുള്ളുവെങ്കില്‍ പ്രവാചകനെ പിന്തുടരുന്നതിന് അദ്ദേഹത്തിന് ഒഴികഴിവ് പ്രതീക്ഷിക്കാം എന്ന് തോന്നുന്നു.


ദൈവം അദ്ദേഹത്തിന് കാര്യം മനസ്സിലാക്കാനുള്ള ഉതവി നല്‍കുമാറാകട്ടെ എന്ന് പ്രാര്‍ഥിക്കാനെ ഈ ഘട്ടത്തില്‍ നമുക്ക് കഴിയൂ..

ഇനി അനില്‍കുമാറിന്റെ ചോദ്യത്തിന് ഉത്തരം പറയാം. അതിന് മുമ്പ് കഅ്ബ് ബ്നു അഷ്റഫിനെ വധശിക്ഷാര്‍ഹനാക്കുന്നതിലേക്ക് നയിച്ച കാരണങ്ങളില്‍ ചിലത് പരിശോധിക്കാം. ഫെയ്സ് ബുക്കിലെ ചര്‍ചയില്‍നിന്ന് തുടരുന്നു.
--------------

Ramees Mohamed Odakkal പറഞ്ഞു.

‎Anil Kumar,,, ആദ്യം ആയി കഹ്ബ്‌ ബിന്‍ അഷ്‌റഫ്‌ ആരാണെന്ന് മനസ്സിലാക്കുക. മുസ്ലിമ്കല്‍ക്കെതിരില്‍ ശത്രുക്കലെ യുദ്ധത്തിനു പ്രേരിപ്പിക്കുകയും മുസ്ലിം സ്ത്രീകളെ പറ്റി മോശം ആയി കവിത എഴുതി പ്രചരിപ്പിക്കുകയും ചെയ്ത ആള്‍ .....ഇദ്ദേഹം മദീനയില്‍ ഉള്ള ആള്‍ ആണ്. പ്രവാചകന്‍ അന്ന് മദീനയിലെ ഭരണാധികാരിയും ആണ്. കഹ്ബിന്റെ ഗോത്രം പ്രവാചകനും ആയി സന്ധിയില്‍ ഏര്‍പ്പെട്ടിരുന്ന ജൂത ഗോത്രം ആയിരുന്നു. ബദ്റില്‍ ക്വുറൈശികളുടെ പരാജയവും നേതാക്കള്‍ വധിക്കപ്പെട്ടതും കേട്ടപ്പോള്‍ അദ്ദേഹം പ്രതികരിച്ചത്: 'ഈ കേള്‍ക്കുന്നത് സത്യമാണോ? ഇവര്‍ അറബികളുടെ നേതാക്കളും രാജാക്കളുമാണല്ലോ. അല്ലാഹുവാണെ! മുഹമ്മദ് ഇത് സാധിച്ചെങ്കില്‍ ഇനി ഭൂമിയുടെ അകമാണ് പുറത്തേക്കാള്‍ ഉത്തമം.''

ബദ്റിലെ സംഭവം ശരിയാണെന്ന് ബോധ്യമായപ്പോള്‍ ഇദ്ദേഹം ശത്രുക്കളെ നബി(സ)ക്കെതിരില്‍ പ്രേരിപ്പിച്ചു. ഇതുകൊണ്ട് തൃപ്തിവരാതെ അദ്ദേഹം മക്കയിലേക്ക് കുതിച്ചു. അവിടെ, ബദ്റില്‍ കൊല്ലപ്പെട്ടവരെക്കുറിച്ച് അനുശോചനകാവ്യങ്ങളാലപിച്ചുകൊണ്ട് ക്വുറൈശികളെ ഇസ്ലാമിന്നെതിരില്‍ പ്രകോപിതരാക്കിക്കൊണ്ടുവന്നു. ഒരിക്കല്‍ അബൂസുഫ്യാന്‍ ചോദിച്ചു. "ഞങ്ങളുടെ മതമോ മുഹമ്മദിന്റെ മതമോ ഏതാണ് നിനക്കിഷ്ടം? ഇതില്‍ ഏതാണ് ശരിയായ മാര്‍ഗത്തിലുള്ളത്? "നിങ്ങളത്രെ അവരേക്കാള്‍ സന്മാര്‍ഗികളും ഏറെ ശ്രേഷ്ഠരും'' അവന്‍ പറഞ്ഞു. ഇതിനെക്കുറിച്ചാണ് അല്ലാഹു അവതരിപ്പിച്ചത്.

"വേദത്തില്‍നിന്ന് ഒരു വിഹിതം നല്കപ്പെട്ടവരെ നീ നോക്കിയില്ലേ? അവര്‍ ക്ഷുദ്രവിദ്യകളിലും ദുര്‍മൂര്‍ത്തികളിലും വിശ്വസിക്കുന്നു. സത്യനിഷേധികളെപ്പറ്റി അവര്‍ പറയുന്നു: ഇക്കൂട്ടരാണ് നേര്‍മാര്‍ഗം പ്രാപിച്ചവരെന്ന്.'' (4:51)

പിന്നീട് മദീനയിലേക്കുതന്നെ തിരിച്ച കഅബ് തന്റെ മൂര്‍ച്ചയേറിയ നാവുകൊണ്ട് മുസ്ലിംകളെ ഉപദ്രവിക്കാന്‍ തുടങ്ങി. അവരുടെ ഭാര്യമാരെക്കുറിച്ച് ശൃംഗാര കാവ്യങ്ങള്‍ ആലപിച്ചു. ഇതിനു ശേഷം ആണ് നിങ്ങള്‍ പറഞ്ഞ ഹദീസിലെ സംഭവങ്ങള്‍ നടക്കുന്നത്. അതിവിടെ വീണ്ടും വിശദീകരിക്കുന്നില്ല.(ഈ സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇബ്നു ഹിശാം 2:51 ,57 ബുഖാരി 1:341 , 425 2:577 അബൂദാവൂദ് 2:42 ,43 സാദുല്‍ മആദ്‌ 2:91 എന്നിവയില്‍ നിന്നെടുത്തതാണ്.)
-----------------

കേവലം ഒരു വധത്തേക്കാള്‍ എത്രയോ ഇരട്ടി കുറ്റകരമായ കാര്യമാണ് കഅ് ബ് ഇവിടെ ചെയ്തത്. ഒരു വ്യവസ്ഥക്കെതിരെ യുദ്ധം ചെയ്യാന്‍ ശത്രുക്കളെ ഇളക്കി വിടുക. ലോകത്ത് ഒരു രാജ്യവ്യവസ്ഥയും ശത്രുക്കളെ അതിന് അനുവദിക്കുകയില്ല. അഥവാ അപ്രകാരം നിരുപാധികം ഇത്തരം കുറ്റങ്ങള്‍ അവഗണിച്ചാല്‍ താമസിയാതെ ഏതൊരു വ്യവസ്ഥയും നാമാവശേഷമാകും. ഏതാനും അധാര്‍മിക വൃത്തിചെയ്യുന്നവര്‍ക്ക് നശിപ്പിക്കാന്‍ നിന്നുകൊടുക്കുക എന്നത് ഒരു വ്യവസ്ഥയുടെ അങ്ങേ അറ്റത്തെ കഴിവില്ലായ്മയാണ്. ഇസ്ലാം ഭദ്രമായതും നീതിയുക്തമായതും യുക്തിപൂര്‍ണവുമായ ധാരണകളിലും തത്വങ്ങളിലുമാണ് അതിന്റെ ഭരണ വ്യവസ്ഥ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ഇനി ഇതേ ഹദീസ് മാത്രം മുന്നില്‍ വെച്ച് കഅ്ബ് ബ്നു അഷ്റഫിനെ മനസ്സിലാക്കാന്‍ ശ്രമിക്കുക. തന്റെ കൂട്ടുകാരന്‍ കടം ചോദിച്ചപ്പോള്‍ പണയമായി ആവശ്യപ്പെടുന്നത് സുഹൃത്തിന്റെ ഭാര്യയെ തന്നെയാണ്. ഇല്ലെങ്കില്‍ ആണ്‍മക്കളെ.....!! വധിക്കാന്‍ ചെല്ലുമ്പോള്‍ വ്യഭിചാരത്തിലാണ് പ്രസ്തുത വ്യക്തി. അക്കാലത്ത് ഏതൊരു വ്യക്തിയും ഒരു യോധാവ് കൂടിയായിരിക്കും. വധശിക്ഷ നടപ്പാക്കാന്‍ നിന്നുകൊടുക്കുകയില്ല അത്തരം ആളുകള്‍ . പരമാവധി ആളെക്കൂട്ടി പ്രതിരോധിച്ചുവെന്നും വരാം. അപ്പോള്‍ സംഭവിക്കുക ഒരു കുറ്റവാളിക്ക് പകരം അനേകം പേര്‍ കൊലചെയ്യപ്പെടുക എന്നതായിരിക്കും. ഇതൊക്കെ ഒഴിവാക്കാനാണ് വളരെ തന്ത്രപരമായ ചില നീക്കള്‍ക്കും സംസാരത്തിനും നബി അനുവാദം നല്‍കിയത്. ദ്വയാര്‍ഥമുള്ള പദങ്ങളാണ് അവിടെ പ്രയോഗിക്കുന്നത്. അതുപോലും നബിയോട് അനുവാദം ചോദിച്ചതിന് ശേഷം.

ഇതും ഈ അത്യാധുനിക യുഗത്തില്‍ പലരാജ്യങ്ങളും ക്രിസ്ത്യാനിറ്റിയുടെ നാമത്തില്‍ പോലും തുല്യതയില്ലാത്ത ഭീകര കൃത്യമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഉസാമ ബിന്‍ ലാദനെ പിടിക്കാന്‍ അഫ്ഗാനിസ്ഥാനിലെ എത്ര ലക്ഷം ആളുകളെ കൊല്ലേണ്ടി വന്നുവെന്നും, സദ്ദാം ഹുസൈനെ പിടിക്കാന്‍ എത്ര ഇറാഖികള്‍ക്ക് രക്തം നല്‍കേണ്ടി വന്നുവെന്നും ഓര്‍ക്കുക. ഇതൊക്കെ മുന്നിലിരിക്കെയാണ്. കുറ്റവാളിയെ മാത്രം പിടികൂടി വധശിക്ഷ നടപ്പാക്കിയ ഒരു സംഭവത്തില്‍ അനില്‍കുമാര്‍ എന്ന വ്യക്തിക്ക് മാതൃക ലഭിക്കാതെ പോകുന്നത്. 


പാപമോചനം ലഭിക്കാന്‍ മുഹമ്മദ്‌ നബിയെ പിന്തുടരുക എന്ന് പറഞ്ഞ മുസ്ലീം സ്നേഹിതന്മാരോട് ഞാന്‍ ഒന്ന് ചോദിക്കട്ടെ, മുഹമ്മദ്‌ ചെയ്ത (അല്ലെങ്കില്‍ ചെയ്യിച്ച) ഈ കാര്യത്തില്‍ എനിക്ക് പിന്തുടരാനുള്ള മാതൃക എന്താണ്?ഇതില്‍ മാതൃക വ്യക്തികള്‍ക്കല്ല ഭരണാധികാരികള്‍ക്കാണ് ഉള്ളത്. ഭരണാധികാരിഎന്ന നിലക്കുള്ള അവരുടെ ചെയ്തികള്‍ വ്യക്തികള്‍ മാതൃകയാക്കാന്‍ ശ്രമിക്കരുത്. ഭരണാധികാരിക്ക് ലഭിക്കുന്ന മാതൃക: വധ ശിക്ഷാര്‍ഹനാകുന്ന വ്യക്തിയെ ശിക്ഷിക്കേണ്ടി വരുമ്പോള്‍ ശിക്ഷ പരമാവധി അദ്ദേഹത്തില്‍മാത്രം പരിമിതമാകുന്ന തന്ത്രങ്ങള്‍ സ്വീകരിക്കണം. അത് വഞ്ചനയായി പരിഗണിക്കുകയില്ല.വാസ്തവത്തില്‍ നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ വിശിഷ്ടമായ മാതൃകയുണ്ടായിരുന്നു; അല്ലാഹുവിലും അന്ത്യദിനത്തിലും പ്രതീക്ഷ പുലര്‍ത്തുകയും അല്ലാഹുവിനെ ധാരാളമായി സ്മരിക്കുകയും ചെയ്യുന്നവര്‍ക്ക് (ഖുര്‍ആന്‍ 33:21)

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review