2019, സെപ്റ്റംബർ 26, വ്യാഴാഴ്‌ച

ഖുര്‍ആനില്‍ വിദ്വേഷം വമിപ്പിക്കുന്ന സൂക്തങ്ങളോ ?

ഖുര്‍ആനിലെ ഏറെ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ഏതാനും സൂക്തങ്ങളാണ് ഇവിടെ ചര്‍ചചെയ്യാന്‍ ഉദ്ദേശിക്കുന്നത്. വിമര്‍ശകരെ സംബന്ധിച്ചിടത്തോളം ഇത്തരം സൂക്തങ്ങളുടെ യഥാര്‍ഥ വിവക്ഷയെന്തെന്ന് അന്വേഷിച്ച് കണ്ടെത്തുന്നതില്‍ ഒരു താല്‍പര്യവും ഉണ്ടാവണം എന്നില്ല. എങ്കിലും സത്യം സത്യമായി അറിയണം എന്നാഗ്രഹിക്കുന്നവര്‍ക്കായി ഈ സൂക്തങ്ങള്‍ എങ്ങനെയാണ് ഖുര്‍ആനില്‍ വിശ്വസിക്കുന്നവര്‍  മനസ്സിലാക്കിവെക്കുന്നത് നല്ലതായിരിക്കും. ഒന്നുമില്ലെങ്കിലും ഒരുവിഭാഗത്തെ അകാരണമായി ഭയന്നുകഴിയാതിരിക്കാനെങ്കിലും അത് സഹായിക്കും. ആദ്യ സൂക്തം അഞ്ചാം അധ്യായത്തിലെ 33 ാമത്തെ സൂക്തം. അതിന്റെ അപ്പുറവും ഇപ്പുറവുമുള്ള സൂക്തങ്ങള്‍ വായിക്കുമ്പോള്‍ തന്നെ അധികം വിശദീകരിക്കാതെ കാര്യം മനസ്സിലാകും. 
കൊലപാതകവും ഭൂമിയില്‍ നാശം വിതക്കുന്നതും ഇസ്ലാം വളരെ ഗൗരവത്തിലാണ് കാണുന്നത്. സമാധാനത്തിന് ഭംഗം വരുത്തുന്നുവെന്നതിനാല്‍ എല്ലാ തരും കൊലപാതകങ്ങളും കഠിനമായി വിലക്കിയിരിക്കുന്നു. എന്നാല്‍ ആദ്യം നടന്ന കൊലപാതകം ആദമിന്റെ മക്കള്‍ തമ്മിലായിരുന്നു. ഇതേ കഥ പറഞ്ഞശേഷം. അക്രമിയായ ആദംപുത്രന്‍ പ്രകടിപ്പിച്ച അതേ ദുര്‍ഗുണങ്ങളുടെ ലക്ഷണം ഇസ്രാഈല്‍ പുത്രന്മാരിലും കണ്ടതിനാല്‍ കൊലപാതകത്തില്‍ നിന്നൊഴിഞ്ഞുനില്‍ക്കണമെന്ന് അല്ലാഹു അവരെ കഠിനമായി താക്കീതുചെയ്യുകയും തന്റെ ഉത്തരവുകളില്‍ പ്രകൃതവാക്യം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. )
 
(32) ഇക്കാരണത്താല്‍, ഇസ്രാഈല്‍വംശത്തിനു നാം നിയമം നല്‍കിയിട്ടുണ്ടായിരുന്നു: 'ഒരാത്മാവിനു പകരമായോ, നാശംവിതച്ചതിന്റെ പേരിലോ അല്ലാതെ ആരെങ്കിലും ഒരു മനുഷ്യനെ വധിച്ചാല്‍, അവന്‍ മുഴുവന്‍ മനുഷ്യരെയും വധിച്ചതുപോലെയാകുന്നു. ഒരുവന്‍ ആര്‍ക്കെങ്കിലും ജീവിതം നല്‍കിയാല്‍ അവന്‍ മുഴുവന്‍ മനുഷ്യര്‍ക്കും ജീവിതം നല്‍കിയതുപോലെയുമാകുന്നു.' പക്ഷേ, തെളിഞ്ഞ മാര്‍ഗദര്‍ശനവുമായി നമ്മുടെ ദൂതന്മാര്‍ അവര്‍ക്കിടയില്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരുന്നിട്ടും അവരിലധികമാളുകളും ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിക്കുന്നവര്‍തന്നെയാകുന്നു എന്നതത്രെ വാസ്തവം.
(33-34) അല്ലാഹുവിനോടും അവന്റെ ദൂതനോടും യുദ്ധം ചെയ്യുകയും ഭൂമിയില്‍ അധര്‍മം വളര്‍ത്തുന്നതിനു യത്‌നിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ, വധിക്കപ്പെടുകയോ ക്രൂശിക്കപ്പെടുകയോ കൈകാലുകള്‍ വിപരീതമായി ഛേദിക്കപ്പെടുകയോ നാടുകടത്തപ്പെടുകയോ ആകുന്നു. ഇത് അവര്‍ക്ക് ഇഹത്തില്‍ ഏര്‍പ്പെടുത്തുന്ന അപമാനമാകുന്നു. പരലോകത്തിലോ, ഇതെക്കാള്‍ ഭയങ്കരമായ ശിക്ഷയാണവര്‍ക്കുള്ളത്. പക്ഷേ, നിങ്ങള്‍ അവരെ പിടികൂടുംമുമ്പ് പശ്ചാത്തപിച്ചവരുടെ കാര്യമോ-നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്, അല്ലാഹു ഏറെ മാപ്പരുളുന്നവനും ദയാപരനുമാണെന്ന് .

ഇതിന്റെ അവതരണപശ്ചാതലമോ ഇറങ്ങാനുള്ള കാരണമോ പഠനവിധേയമാക്കിയില്ലെങ്കില്‍പോലും ഈ സൂക്തങ്ങള്‍ ആക്ഷേപാര്‍ഹമായി യഥാര്‍ഥത്തില്‍ തോന്നേണ്ടതില്ല. കാരണം യുദ്ധസന്നദ്ധരായി വരുന്നവരെ എങ്ങനെ വധിക്കുന്നുവെന്നത് കാര്യമാക്കേണ്ടതില്ല. ഇവിടെ പറയുന്ന ശിക്ഷ അല്‍പം കടുത്തതാണ് എന്നത് ശരിയാണ്. അതിനുള്ള കാരണമന്വേഷിക്കുമ്പോള്‍ മൂന്ന് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകാണുന്നുണ്ട്. എല്ലാറ്റിലും പൊതുവായി ഉള്ളത്. നബിയുമായി സമാധാനസന്ധിയിലായിരുന്നവര്‍ മുസ്ലിം യാത്രാസംഘത്തെ ക്രൂരമായി കൊല്ലുകയും സ്വത്ത് കൊള്ളയടിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ടതാണ്.  രാജ്യത്തുനിന്ന് ചില അക്രമങ്ങളെ ഇല്ലാതാക്കാന്‍ കടുത്ത ശിക്ഷാനടപടികളിലൂടെ മാത്രമേ സാധിക്കൂ. അതുകൊണ്ട് നാട്ടിലൂടെ നിര്‍ഭയമായി ആര്‍ക്കും  സഞ്ചരിക്കാനുള്ള അവസ്ഥ കൊണ്ടുവരുന്നതിനാണ് പ്രവാചകനും ഭരണാധികാരിയുമായ മുഹമ്മദ് നബിയോട് ഈ കര്‍ക്കശ നിലപാട് സ്വീകരിക്കാന്‍ ഇവിടെ ആവശ്യപ്പെടുന്നത്.

രാജ്യത്തോട് യുദ്ധം ചെയ്യേണ്ടതില്ല. ചെയ്യാനിടയുണ്ടെന്ന് തോന്നുന്നവരെ പോലും ക്രൂരമായ പീഢനത്തിന് വിധേയമാക്കുന്ന  ലോക സാഹചര്യത്തില്‍ നിന്നുകൊണ്ടാണ് തികഞ്ഞ അക്രമവും കുഴപ്പവും അനുവര്‍ത്തിക്കുന്നവര്‍ക്കെതിരെയുള്ള ഒരു നടപടിയെ ഇസ്ലാമിക വിമര്‍ശകര്‍ കടന്നാക്രമിക്കുന്നത് എന്ന് മനസ്സിലാക്കുക. ഇസ്ലാമിക രാഷ്ട്രത്തില്‍ ഏത് കുറ്റം ചെയ്താലും ഇതൊക്കെയും ഒരു വ്യക്തിയില്‍ പ്രയോഗിക്കണമെന്ന് ഈ സൂക്തത്തിന് ആരും അര്‍ഥം നല്‍കിയിട്ടില്ല. കുറ്റത്തിന്റെയും നാശത്തിന്റെയും ഗൗരവം പരിഗണിച്ച് ഇതില്‍ യുക്തം പോലെ നടപടികള്‍ കൈകൊള്ളാമെന്ന് മാത്രമാണ് ഇതുകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്.

ഇതെഴുതുന്ന ദിവസം പോലും വളരെ നിസ്സാരമായി ഒരു ചെയ്തിക്ക് രണ്ട്പേരെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു. ലോകത്ത് മറ്റെവിടെനിന്നും കേള്‍ക്കാത്തവിധം ഇത് ദിനം പ്രതി അധികരിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ ഇത്തരം ഒരു കേസിന് ആദ്യഘട്ടത്തില്‍ തന്നെ കര്‍ക്കശമായ ശിക്ഷ നല്‍കിയിരുന്നെങ്കില്‍ പിന്നീട് ഇങ്ങനെ ഒരു കൊലപാതകം നടക്കുമായിരുന്നില്ല. അക്രമികളെ ശിക്ഷിക്കുമ്പോള്‍ ഒരു കേടാണ് നാട്ടില്‍നിന്ന് നീങ്ങിപ്പോകുന്നത്. എന്നാല്‍ അവരെ സംരക്ഷിക്കുമ്പോള്‍ അനേകം നിരപരാധികളാണ് പിന്നീട് അവരാല്‍ കൊല്ലപ്പെടുന്നത്. എന്നാല്‍ ഇത്രവലിയ കുറ്റകൃത്യം ചെയ്താല്‍പോലും പിടിക്കപ്പെടുന്നതിന് മുമ്പ് പശ്ചാതപിച്ചാല്‍ പിന്നീട് ഇവിടെ പറഞ്ഞതുപോലെ ക്രൂരമായ ശിക്ഷ അവരുടെ കാര്യത്തില്‍ നടപ്പാക്കരുത് എന്ന സൂചനയാണ് പ്രസ്തുത സൂക്തത്തിന് തുടര്‍ന്ന് നല്‍കിയിരിക്കുന്നത്. ഇവിടെയാണ് ഇസ്ലാമിന്റെ കാരുണ്യം നാം കാണുന്നത്. ഒരു പക്ഷെ ലോകത്ത് ഒരു വ്യവസ്ഥയും ഇത്തരമൊരു ഇളവ് പശ്ചാതപിക്കുന്നവരോട് പുലര്‍ത്തും എന്ന് തോന്നുന്നില്ല.

അടുത്ത സൂക്തം അതേ അധ്യായം(5) സൂക്തം 51

(51) അല്ലയോ വിശ്വസിച്ചവരേ, ജൂതന്മാരെയും ക്രിസ്ത്യാനികളെയും ആത്മമിത്രങ്ങളായി സ്വീകരിക്കരുത്. അവര്‍ പരസ്പരം മിത്രങ്ങളാകുന്നു. ഇനി നിങ്ങളിലൊരുവന്‍ അവരെ മിത്രമാക്കുന്നുവെങ്കില്‍ അവനും അവരില്‍പ്പെട്ടവനായിത്തന്നെ കണക്കാക്കപ്പെടും. നിശ്ചയം, അക്രമികളായ ജനത്തിന് അല്ലാഹു മാര്‍ഗദര്‍ശനം നിഷേധിക്കുന്നു.

(52-53) കാപട്യത്തിന്റെ ദീനംപിടിച്ച മനസ്സുള്ളവര്‍ തങ്ങളില്‍ത്തന്നെ വെപ്രാളപ്പെടുന്നതായി നിനക്കു കാണാം. അവര്‍ പറയുന്നു: 'നമ്മെ വല്ല വിപത്തും ബാധിക്കുമോ എന്നു ഞങ്ങള്‍ ഭയപ്പെടുന്നു.' എന്നാല്‍, അല്ലാഹു നിങ്ങള്‍ക്ക് നിര്‍ണായക വിജയം നല്‍കുകയോ മറ്റുവല്ല നടപടിയും സ്വീകരിക്കുകയോ ചെയ്‌തെന്നുവരാം. അപ്പോള്‍ തങ്ങള്‍ മനസ്സില്‍ മറച്ചുവെച്ചിരുന്ന കാപട്യത്തെച്ചൊല്ലി ഇവര്‍ ദുഃഖിതരാകും. അന്നേരം വിശ്വാസികള്‍ പറയും: 'ഞങ്ങള്‍ നിങ്ങളോടൊപ്പമാണെന്ന് അല്ലാഹുവിന്റെ പേരില്‍ സത്യംചെയ്തുപറഞ്ഞ ആ ആളുകള്‍തന്നെയോ ഇവര്‍?! ഇവരുടെ കര്‍മങ്ങളൊക്കെയും പാഴിലായിപ്പോയി. അങ്ങനെ ഇവര്‍ വിഷണ്ണരും പരാജിതരുമായിത്തീര്‍ന്നു  .

(54) അല്ലയോ വിശ്വസിച്ചവരേ, നിങ്ങളില്‍ വല്ലവനും തന്റെ ദീനില്‍നിന്നു മാറുന്നുവെങ്കില്‍ (മാറിക്കൊള്ളട്ടെ). അപ്പോള്‍ അല്ലാഹു അവന്‍ സ്‌നേഹിക്കുന്നവരും അവനെ സ്‌നേഹിക്കുന്നവരും വിശ്വാസികളോട് മൃദുലചിത്തരും സത്യനിഷേധികളോട് ദൃഢമനസ്‌കരും ദൈവികസരണിയില്‍ സമരം ചെയ്യുന്നവരും ഒരാക്ഷേപകന്റെയും ആക്ഷേപത്തെ ഭയപ്പെടാത്തവരുമായ മറ്റു ജനങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതാകുന്നു. ഇത് അല്ലാഹുവിന്റെ ഔദാര്യമാണ്. അവനിച്ഛിക്കുന്നവര്‍ക്ക് അതു നല്‍കുന്നു. അല്ലാഹു വിപുലമായ സംവിധാനങ്ങളുള്ളവനാകുന്നു. അവന്‍ എല്ലാം അറിയുന്നു.
 (55-56) അല്ലാഹുവും അവന്റെ ദൂതനുമാകുന്നു യഥാര്‍ഥത്തില്‍ നിങ്ങളുടെ മിത്രം; പിന്നെ നമസ്‌കാരം നിലനിര്‍ത്തുകയും സകാത്തു നല്‍കുകയും അല്ലാഹുവിന്റെ മുമ്പില്‍ നമിക്കുകയും ചെയ്യുന്ന വിശ്വാസികളും. അല്ലാഹുവിനെയും അവന്റെ ദൂതനെയും വിശ്വാസികളെയും മിത്രങ്ങളാക്കുന്നവരാരോ, അവര്‍ അറിഞ്ഞിരിക്കട്ടെ, അല്ലാഹുവിന്റെ കക്ഷിതന്നെയാണ് വിജയിക്കുന്നവര്‍ എന്ന്.

(57-60) അല്ലയോ സത്യവിശ്വാസികളേ, നേരത്തേ വേദം ലഭിച്ചവരില്‍ നിങ്ങളുടെ മതത്തെ കളിയും തമാശയുമാക്കിയവരെയും മറ്റു നിഷേധികളെയും സഖാക്കളും സുഹൃത്തുക്കളുമായി വരിക്കാതിരിക്കുവിന്‍. നിങ്ങള്‍ വിശ്വാസികളെങ്കില്‍ അല്ലാഹുവിനെ ഭയപ്പെടുവിന്‍. നിങ്ങള്‍ നമസ്‌കാരത്തിനായി വിളിച്ചാല്‍ അവര്‍ അതിനെ പരിഹസിക്കുകയും കളിയാക്കുകയും ചെയ്യുന്നു. എന്തുകൊണ്ടെന്നാല്‍, അവര്‍ ബുദ്ധിയില്ലാത്ത ജനമാകുന്നു. അവരോടു ചോദിക്കുക: 'ഓ വേദക്കാരേ, അല്ലാഹുവിലും, ഞങ്ങള്‍ക്ക് അവതരിച്ചുകിട്ടിയതും ഞങ്ങള്‍ക്കുമുമ്പ് അവതരിച്ചതുമായ മതപ്രമാണങ്ങളിലും വിശ്വസിക്കുന്നുവെന്നതും നിങ്ങളിലധികമാളുകളും ധിക്കാരികളാണ് എന്നതുമല്ലാതെ, നിങ്ങള്‍ക്ക് ഞങ്ങളോട് വിരോധത്തിന് മറ്റുവല്ല കാരണവുമുണ്ടോ?' വീണ്ടും ചോദിക്കുക: 'നിങ്ങള്‍ ഇത്തരം കുറ്റങ്ങള്‍ ചുമത്തുന്നവരെക്കാള്‍, അല്ലാഹുവിങ്കല്‍ ദുഷിച്ച കര്‍മഫലത്തിനിരയാകുന്നവരാരെന്ന് ഞാന്‍ പറഞ്ഞുതരട്ടെയോ?' ആരെ അല്ലാഹു ശപിച്ചുവോ, ആരുടെ നേരെ അല്ലാഹു കോപിച്ചുവോ, ആരില്‍പ്പെട്ടവരെ അല്ലാഹു മര്‍ക്കടന്മാരും പന്നികളുമാക്കിയോ, ആര് ത്വാഗൂത്തിന് അടിമപ്പെട്ടുവോ അവരാകുന്നു സ്ഥാനത്താല്‍ ഏറെ ദുഷിച്ചവര്‍. നേര്‍വഴിയില്‍നിന്ന് ഏറ്റം വ്യതിചലിച്ചവരും അവര്‍തന്നെ .



വിമര്‍ശകര്‍ ഇടക്ക് നിന്ന് എടുത്ത് വെറുപ്പ് പരത്താന്‍ ഉദ്ദേശിക്കുന്ന സൂക്തത്തിന് ശേഷം വരുന്ന ഏതാനും സൂക്തങ്ങള്‍ ചേര്‍ത്തുവായിച്ചാല്‍ തന്നെ ഏതാളുകളോടാണ് അകലം പാലിക്കാന്‍ ആവശ്യപ്പെടുന്നത് എന്ന് വ്യക്തമാകും. കേവലം ജൂതനോ കൃസ്ത്യാനിയോ ആയി എന്നതുകൊണ്ടാണ് മുസ്ലിംകള്‍ക്ക് അവരോടുള്ള അടുപ്പവും ചങ്ങാത്തവും വിലക്കിയത് എന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കുയാണ് ഇസ്ലാം വിമര്‍ശകരുടെ ഉദ്ദേശ്യം. എന്നാല്‍ അത്തരക്കാരെ ഉദ്ദേശിച്ചല്ല ഇത് പറയുന്നത് എന്ന് സന്ദര്‍ഭത്തില്‍നിന്ന് വ്യക്തമാകും. വിശുദ്ധഖുര്‍ആനിലെ സൂക്തങ്ങളെ വ്യാഖ്യാനിക്കേണ്ടത് സാധ്യമെങ്കില്‍ കുര്‍ആന്‍ സുക്തങ്ങള്‍ വെച്ചുകൊണ്ടുതന്നെയാണ് ആ നിലക്ക് ഇവിടെ വിലക്കേര്‍പ്പെടുത്തിയ ജൂത-ക്രൈസ്തവര്‍ 57 മുതല്‍ 60 വരെ പരാമര്‍ശിക്കപ്പെട്ടവരാണ് എന്ന് വ്യക്തമാകും. അല്ലാത്തവരോട് മാന്യമായി പെരുമാറണം എന്ന് മാത്രമല്ല. അവര്‍ക്ക് പുണ്യം ചെയ്തുകൊടുക്കണം എന്നാണ് ഇസ്ലാം ആവശ്യപ്പെടുന്നത് അക്കാര്യം ഈ ബ്ലോഗില്‍ തന്നെ വിശദമായി പറഞ്ഞതുകൊണ്ട് ഇവിടെ ആവര്‍ത്തിക്കുന്നില്ല. 

സൂറത്തുല്‍ മുംതഹിനയില്‍ (60) 7,8,9 സൂക്തങ്ങളില്‍ ഇങ്ങനെ വായിക്കാം.

(7) അല്ലാഹു നിങ്ങള്‍ക്കും, ഇന്ന് നിങ്ങള്‍ വിരോധം പുലര്‍ത്തുന്നവര്‍ക്കുമിടയില്‍ ഒരിക്കല്‍ മൈത്രിയുണ്ടാക്കിക്കൂടെന്നില്ല. അല്ലാഹുവിന് അളവറ്റ കഴിവുണ്ട്. അവന്‍ ഏറെ മാപ്പരുളുന്നവനും ദയാപരനുമല്ലോ.
(8-9) മതത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്തിട്ടില്ലാത്തവരും നിങ്ങളെ വീടുകളില്‍നിന്ന് ആട്ടിയോടിച്ചിട്ടില്ലാത്തവരുമായ ആളുകളോട് നന്മയിലും നീതിയിലും വര്‍ത്തിക്കുന്നത് അല്ലാഹു വിലക്കുകയില്ല. നിശ്ചയം, നീതിമാന്മാരെ അല്ലാഹു സ്നേഹിക്കുന്നു. മതത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളെ സ്വന്തം വീടുകളില്‍നിന്ന് ആട്ടിയോടിക്കുകയും ആട്ടിയോടിക്കുന്നതില്‍ സഹായിക്കുകയും ചെയ്ത ജനത്തോട് മൈത്രി പുലര്‍ത്തുന്നതില്‍നിന്ന് മാത്രമാകുന്നു അല്ലാഹു നിങ്ങളെ നിരോധിക്കുന്നത്. അത്തരക്കാരോട് മൈത്രി പുലര്‍ത്തുന്നവര്‍ അതിക്രമകാരികള്‍ തന്നെയാകുന്നു.

(തുടരും)


2019, സെപ്റ്റംബർ 21, ശനിയാഴ്‌ച

ബഹുദൈവവിശ്വാസികളെ വധിക്കാന്‍ ഖുര്‍ആന്‍ കല്‍പിക്കുന്നുണ്ടോ ?

'ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടേടത്ത് വെച്ച് കൊന്നുകളയുക.' എന്നൊരു കല്‍പന മുസ്ലിംകളോടായി ഖുര്‍ആനിലുണ്ടോ ?. ഉണ്ടെങ്കില്‍ ഈ കല്‍പന നടപ്പാക്കുന്നതില്‍ എന്തുകൊണ്ടാണ് മുസ്ലിം ഭരണാധികാരികളും മുസ്ലിം ബഹുജനങ്ങളും വിമുഖത കാണിക്കുന്നത് ? അവര്‍ ദൈവത്തെയല്ലാതെ ആരെയങ്കിലും ഭയപ്പെടുന്നതുകൊണ്ടാണോ ?. ഇങ്ങനെ ആളുകളെ ഭയന്നു ഖുര്‍ആനിന്റെ കല്‍പനകളില്‍നിന്ന് മാറിനില്‍ക്കുന്നവരാണോ മുസ്ലിംകള്‍ ?. കുറച്ചുപേര്‍ അങ്ങനെയൊക്കെ ഉണ്ടാകാമെങ്കിലും മുഴുവനാളുകളും അത്തരക്കാരാവുമോ?. ദൈവത്തെ മാത്രം ഭയപ്പെടുന്നുവെന്നത് ഒരു മഹത്വമായി പറയുന്നവര്‍ ഇങ്ങനെ ചില കല്‍പനങ്ങള്‍ അനുസരിക്കുകയും ചിലത് പാടെ അവഗണിക്കുകയും ചെയ്യുന്നുവെന്നത് വൈരുദ്ധ്യമല്ലേ ?.

യുക്തിവാദികളെന്ന് പറയുന്നവരും, അവരുടെ ഗ്രൂപ്പുകളില്‍ ചേകേറിയ ഫാസിസ്റ്റ് ചിന്താഗതിക്കാരും ആകര്‍ഷകമായി അവതരിപ്പിക്കുന്ന ഒരു സൂക്തമാണ് അത് എന്നകാര്യത്തില്‍ സംശയമില്ല. എത്ര വ്യാപകമായി പ്രചരിപ്പിച്ചാലും അതോടൊപ്പം മുകളില്‍ നല്‍കിയ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കാന്‍ കഴിയാത്തിടത്തോളം മറ്റൊരു വിശദീകരണവും ഇല്ലാതെ തന്നെ ഈ പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമാണ് എന്ന് അത് സ്വയം സാക്ഷ്യം വഹിക്കുന്നുണ്ട്.

ഈ സൂക്തം മുസ്ലികളോടുള്ള പൊതുവായ അല്ലാഹുവിന്റെ കല്‍പനയാണെങ്കില്‍ അതിനര്‍ഥം. 99.99 ശതമാനം മുസ്ലിംകളും ഖുര്‍ആനില്‍ നിര്‍ബന്ധപൂര്‍വ്വം അവരോട് കല്‍പിച്ചതുപോലും അവര്‍ നിര്‍വഹിക്കുന്നില്ല എന്നാണ്. എങ്കില്‍ ഖുര്‍ആനിലെ ഇത്തരം സൂക്തം പറഞ്ഞുകൊണ്ട് ഇതരമതസ്ഥരുടെ ഇടയില്‍ ഭീതിവിതക്കുന്നതിലും യാതൊരു കാര്യവുമില്ല. ഭഗവത്ഗീതയിലുള്ളതോ മറ്റു വേദങ്ങളിലുള്ളതോ ആയ കല്‍പനകളും സൂക്തങ്ങളും വെച്ച് ആരും ആരെയും പേടിപ്പിക്കാത്തതുപോലെ ഇക്കാര്യവും അവഗണിക്കാവുന്നതേയുള്ളൂ.

എന്നാല്‍ മുസ്ലിംകള്‍ ഖുര്‍ആന്‍ അനുസരിച്ച് ജീവിക്കാന്‍ യാതൊരു താല്‍പര്യവും ഇല്ലാത്തവരാണ് എന്നത് വാദത്തിന് വേണ്ടിപോലും ആരും സ്വീകരിക്കുകയില്ല. അതിന്റെ കടുത്ത ശത്രുക്കള്‍ക്ക് പോലും വാദമുള്ളത്. അവര്‍ പഴയ പുത്തകത്തിലുള്ളത് അതുപോലെ ജീവിതത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നുവെന്നതാണ്. അപ്പോള്‍ പിന്നെ ഈ കല്‍പന. അതെ അതേക്കുറിച്ച് തന്നെയാണ് പറയാനുദ്ദേശിക്കുന്നത്. അതിന് മുമ്പ് ആരാണ് മുസ്ലിം എന്നതിന് നല്‍കപ്പെടുന്ന മറുപടി എന്തെന്ന് നോക്കാം. വിശുദ്ധഖുര്‍ആനും അതിന്റെ വിശദീകരണമായി വന്ന പ്രവാചക ചര്യയും മനസ്സാവാചാകര്‍മണാ അംഗീകരിക്കുന്നവനെയാണ് മുസ്ലിം എന്ന് പറയുക. മനസുകൊണ്ട് അംഗീകരിച്ച് വാക്കിലോ കര്‍മത്തിലോ അത് കൊണ്ടുവരാത്തവന്‍ ഇസ്ലാമിന്റെ ഭാഷയില്‍ കുറ്റവാളിയാണ്. ഇനി മനസുകൊണ്ടംഗീകരിക്കാതെ വാക്കിലോ പ്രവര്‍ത്തനത്തിലോ അത് ചെയ്യുന്നുവെങ്കില്‍ അവന്‍ കപടനാണ്.

അതുകൊണ്ട് മുസ്ലികളെല്ലാരും കപടന്മാരാണ് എന്ന് അംഗീകരിക്കുന്നിനേക്കാള്‍ യുക്തിസഹമായിട്ടുള്ളത്. അങ്ങനെ ഒരു കല്‍പന അല്ലാഹു അവര്‍ക്ക് നല്‍കിയിട്ടില്ല എന്ന് അംഗീകരിക്കലാണ്. അപ്പോള്‍ പിന്നെ ആരോടാണ് എപ്പോഴാണ് അങ്ങനെ പറഞ്ഞത് എന്ന് ചിന്തിക്കേണ്ടിവരും. എപ്പോള്‍ ആരോട് പറഞ്ഞാലും അത് അക്രമമല്ലേ എന്ന് ചോദിക്കുകയും ചെയ്യാം. ഈ ചോദ്യം പ്രസക്തമായി തോന്നുന്നതുകൊണ്ടു മാത്രമാണ് ഇനിനോട് മറുപടി പറയാന്‍ നില്‍ക്കുന്നത്. ഖുര്‍ആനിലെ ഏതൊരു സൂക്തവും പരിഗണിക്കപ്പെടുന്നത് അതിന്റെ സന്ദര്‍ഭവും സാഹചര്യവും പരിഗണിച്ചുതന്നെയാണ്. അത് ഈ വിഷയത്തില്‍ മാത്രമല്ല. അതുകൊണ്ട് ഈ സൂക്തം എവിടെയാണ് ഏത് സന്ദര്‍ഭത്തിലാണ് അവതരിച്ചത് എന്നും എങ്ങനെയാണ് അത് മുസ്ലിം ലോകം മനസ്സിലാക്കുന്നത് എന്നും ഗ്രഹിച്ചിരിക്കുന്നത്, പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടും. ഒരു ഭീമാബദ്ധം മനസ്സില്‍ കൊണ്ടുനടന്ന് ഭീതിയോടെ ഒരു സമൂഹത്തെ സമീപിച്ച് സ്വയം ചെറുതാകാനും മാനസിക പ്രയാസത്തിലകപ്പെടാതിരിക്കാനും അതാവശ്യമാണ്.

ഈ സൂക്തങ്ങള്‍ അവതരിക്കുന്നത് നബിയും അനുചരന്‍മാരും മദീനയിലേക്ക് പാലായനം ചെയ്തതിന്റെ ഒമ്പതാം വര്‍ഷത്തിലാണ്. നബിയുടെ ജീവിതത്തിലെ അവസാനത്തെ ഹജ്ജ് നിര്‍വഹിക്കുന്നതിന്റെ തൊട്ടുമുമ്പ്. അതുവരെ മദീനക്കാരുമായും മറ്റും ഉണ്ടായിരുന്ന കരാര്‍ പല സന്ദര്‍ഭങ്ങളിലായി കരാറിലേര്‍പ്പെട്ട കക്ഷികള്‍ തന്നെ ലംഘിച്ചപ്പോള്‍ സ്വാഭാവികമായും അവര്‍ക്കും മുസ്ലിംകള്‍ക്കും ഇടയില്‍ യുദ്ധം ഉണ്ടായിട്ടുണ്ട്. എന്നാല്‍ എറെക്കുറെ എല്ലാവരും കരാറുകള്‍ രഹസ്യമായി ലംഘിക്കുകയും ഇസ്ലാമിക വ്യവസ്ഥിതിയെ തകര്‍ക്കാന്‍ ഗൂഢാലോചനയിലേര്‍പ്പെടുകയും ചെയ്ത സന്ദര്‍ഭത്തിലാണ്. ഈ സൂക്തങ്ങള്‍ അവതരിച്ചത്. ഇതിലൂടെ ഗൂഢാലോചന നടത്തിയവരുടെ തന്ത്രം പാഴായി. ഒരു വിഭാഗവുമായി കരാര്‍ നിലനില്‍ക്കുമ്പോള്‍ അതിനെതിരെ രഹസ്യമായി പ്രവര്‍ത്തിക്കാന്‍ മുസ്ലിംകള്‍ക്ക് അനുവാദമില്ല. അതുകൊണ്ട് ആദ്യം ചെയ്യുന്നത്. ഇനി നമുക്കിടയില്‍ കറാറില്ലെന്ന് പ്രഖ്യാപനമാണ്. എന്നാല്‍ അത് പ്രഖ്യാപിച്ച ഉടനെ അവരെ കടന്നാക്രമിച്ച് ഇല്ലായ്മ ചെയ്യുക എന്നതും ഇസ്ലാമിന്റെ നീതിക്ക് നിരക്കുന്നതല്ല. അവര്‍ക്ക് യുദ്ധത്തില്‍നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ നല്‍കുകയും അതിന് വേണ്ടത്ര സമയം നല്‍കുകയും ചെയ്യും. ഇതൊന്നും മുസ്ലിംകളുടെ ഏതാനും സംഗങ്ങള്‍ക്കോ വ്യക്തികള്‍ക്കോ നല്‍കുന്ന കല്‍പനയല്ല. ഇസ്ലാമിക ഭരണ വ്യവസ്ഥിതിയോടുള്ള കല്‍പനയാണ്. ആ നിലക്ക് തന്നെയാണ് ഇതില്‍ പറഞ്ഞപോലെ ബഹുദൈവവിശ്വാസികളെ വധിക്കാന്‍ ഒരുങ്ങി ഒരു മുസ്ലിമും പുറപ്പെടാത്തത്. എന്നാല്‍ ഇസ്ലാമിക വ്യവസ്ഥിതി വന്നാല്‍ അങ്ങനെ ചെയ്യില്ലേ എന്ന ചോദ്യത്തിനും കാര്യമില്ല. ഇസ്ലാമിക വ്യവസ്ഥിതി ഇതര മതവിശ്വാസികളെ അവരുടെ ആരാധനാസ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ അനുവദിക്കും എന്നതിന്റെ തെളിവാണ് അവര്‍ക്ക് ഇടയില്‍ 9 വര്‍ഷം നിലനിന്ന് യുദ്ധമില്ലാകരാര്‍. ഒരു ഭരണം ഇസ്ലാമിക ഭരണമാകണമെങ്കില്‍ അവിടെ മുസ്ലിമല്ലാത്ത ഒരാളും ഉണ്ടാവരുതെന്ന ഒരു തെറ്റിദ്ധാരണ നിലനില്‍ക്കുന്നുണ്ട്. അങ്ങനെയായാല്‍ ഈ സൂക്തത്തില്‍ കാണുന്നത് പോലെ ബഹുദൈവാരാധകരെ വധിക്കും എന്നാണ് പ്രചരിപ്പിക്കുന്നത്. അങ്ങനെ ഇല്ല എന്നതിന് ഈ സൂക്തം തന്നെ തെളിവ്. മറിച്ച് ആ ഭരണത്തിനെതിരെ സായുധാക്രമണം നടക്കുമ്പോള്‍ മാത്രമാണ് അവരോട് യുദ്ധം ചെയ്യാന്‍ ആവശ്യപ്പെടുന്നത്.

ഖുര്‍ആനില്‍ പ്രസ്തുത  ഭാഗം  ഉള്‍കൊള്ളുന്ന സൂക്തങ്ങള്‍ വായിക്കുമ്പോള്‍ തന്നെ വിമര്‍ശകരുടെ വാദം കെട്ടിച്ചമച്ചതാണ് എന്ന് മനസ്സിലാകും.

(1-2)  നിങ്ങളുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ടായിരുന്ന ബഹുദൈവവിശ്വാസികളോട്, അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും ഭാഗത്തുനിന്ന് ഉത്തരവാദിത്വമൊഴിഞ്ഞുകൊണ്ടുള്ള വിളംബരമാണിത്. ഇനി നിങ്ങള്‍ രാജ്യത്ത് നാലുമാസം ഇഷ്ടാനുസാരം സഞ്ചരിച്ചുകൊള്ളുക. അറിഞ്ഞുകൊള്ളുക: നിങ്ങള്‍ അല്ലാഹുവിനെ തോല്‍പിക്കുന്നവരല്ല. അല്ലാഹു സത്യനിഷേധികളെ നിന്ദ്യമായി പരാജയപ്പെടുത്തുന്നവനാകുന്നു.

(3-4) അല്ലാഹുവില്‍നിന്നും അവന്റെ ദൂതനില്‍നിന്നും സകല ജനങ്ങള്‍ക്കുമായി മഹാ ഹജ്ജ്ദിനത്തിലുള്ള പൊതുവിളംബരമാണിത്. എന്തെന്നാല്‍, അല്ലാഹു ബഹുദൈവവിശ്വാസികളോടുള്ള ബാധ്യതയില്‍നിന്ന് ഒഴിവായിരിക്കുന്നു; അവന്റെ ദൂതനും. നിങ്ങള്‍ പശ്ചാത്തപിക്കുന്നുവെങ്കില്‍ അതിന്റെ ഗുണം നിങ്ങള്‍ക്കുതന്നെ. പിന്തിരിയുകയാണെങ്കില്‍, നന്നായറിഞ്ഞിരിക്കുക, നിങ്ങള്‍ അല്ലാഹുവിനെ തോല്‍പിക്കാനാവതുള്ളവരല്ല. പ്രവാചകന്‍, നിഷേധികളെ കഠിന ശിക്ഷയുടെ സുവാര്‍ത്ത അറിയിച്ചുകൊള്ളുക--നിങ്ങളുമായി കരാറിലേര്‍പ്പെടുകയും എന്നിട്ട് ആ കരാര്‍ പാലിക്കുന്നതില്‍ വീഴ്ചയൊന്നും ചെയ്യാതിരിക്കുകയും നിങ്ങള്‍ക്കെതിരായി ആരെയും സഹായിക്കാതിരിക്കുകയും ചെയ്ത ബഹുദൈവവിശ്വാസികളെ ഒഴിച്ച്. അങ്ങനെയുള്ളവരോട് നിങ്ങളും കരാറിന്റെ അവധിവരെ അതു പാലിക്കുന്നവരായിരിക്കുക. എന്തുകൊണ്ടെന്നാല്‍ സൂക്ഷ്മതയുള്ളവരെയത്രെ അല്ലാഹു ഇഷ്ടപ്പെടുന്നത്  .

(5-6) അതുകൊണ്ട് യുദ്ധം നിഷിദ്ധമായ മാസങ്ങള്‍ പിന്നിട്ടാല്‍ പിന്നെ, നിങ്ങളുമായുള്ള കരാര്‍ ലംഘിച്ച് ശത്രുക്കളുടെ ഭാഗം ചേര്‍ന്ന ബഹുദൈവവിശ്വാസികളെ (ഹറമിലോ പുറത്തോ) എവിടെക്കണ്ടാലും വധിച്ചുകൊള്ളുക. അവരെ ബന്ധിക്കുക, ഉപരോധിക്കുക. എല്ലാ മര്‍മസ്ഥലങ്ങളിലും അവര്‍ക്കെതിരെ പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും മുറപ്രകാരം നമസ്‌കാരം അനുഷ്ഠിക്കുകയും സകാത്തു നല്‍കുകയും ചെയ്യുന്നുവെങ്കില്‍ അവരെ വിട്ടേക്കുക. അല്ലാഹു ഏറെ മാപ്പരുളുന്നവനും ദയാപരനുമല്ലോ. ബഹുദൈവവിശ്വാസികളിലൊരുവന്‍ നിന്നോട് അഭയംതേടി വന്നാല്‍ ദൈവികവചനം കേള്‍ക്കാന്‍ അവന്ന് അഭയം നല്‍കേണ്ടതാകുന്നു. പിന്നീടവനെ സുരക്ഷിതസ്ഥാനത്ത് എത്തിച്ചുകൊടുക്കുക. അവര്‍ അറിവില്ലാത്ത ജനമായതിനാലാണ് ഈവിധം പ്രവര്‍ത്തിക്കേണ്ടത്‍.

(7-12) (കരാര്‍ ലംഘകരായ) ഈ ബഹുദൈവവിശ്വാസികള്‍ക്ക് അല്ലാഹുവിനോടും അവന്റെ ദൂതനോടും വല്ല കരാറും നിലനില്‍ക്കുന്നതെങ്ങനെ? --മസ്ജിദുല്‍ ഹറാമിനടുത്തുവെച്ച് നിങ്ങളുമായി കരാര്‍ചെയ്തവരോടൊഴിച്ച്. അവര്‍ നിങ്ങളോട് നേരാംവണ്ണം വര്‍ത്തിക്കുമ്പോള്‍ നിങ്ങള്‍ അവരോടും നേരാംവണ്ണം വര്‍ത്തിക്കുവിന്‍. എന്തുകൊണ്ടെന്നാല്‍ അല്ലാഹു സൂക്ഷ്മതയുള്ളവരെ സ്‌നേഹിക്കുന്നു. എന്നാല്‍, അവരല്ലാത്ത മറ്റു ബഹുദൈവവിശ്വാസികളോട് വല്ല കരാറും നിലനില്‍ക്കുന്നതെങ്ങനെയാണ്; നിങ്ങളെ കീഴ്‌പ്പെടുത്താന്‍ കഴിഞ്ഞാല്‍ പിന്നെ നിങ്ങളുടെ കാര്യത്തില്‍ കുടുംബ ബന്ധമോ കരാറുകളുടെ ഉത്തരവാദിത്വമോ ഒന്നുംതന്നെ അവര്‍ പരിഗണിക്കുകയില്ല എന്നിരിക്കെ? അധരങ്ങള്‍കൊണ്ട് അവര്‍ നിങ്ങളെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്നു. പക്ഷേ, അവരുടെ ഹൃദയങ്ങള്‍ വിസമ്മതിക്കുകയാണ്. അവരിലധിക ജനവും അധര്‍മകാരികളാകുന്നു. അവര്‍ തുച്ഛവില വാങ്ങി ദൈവികസൂക്തങ്ങള്‍ വിറ്റിരിക്കുന്നു. എന്നിട്ട് ദൈവികസരണിയില്‍ മാര്‍ഗതടസ്സമായി നിലകൊണ്ടു. എന്തുമാത്രം ദുഷ്ടമായ പ്രവൃത്തിയാണവര്‍ ചെയ്തുകൊണ്ടിരുന്നത്! വിശ്വാസിയുടെ കാര്യത്തില്‍ ഇവര്‍ രക്തബന്ധമോ സന്ധിവ്യവസ്ഥയോ പരിഗണിക്കുന്നില്ല. അതിക്രമം എപ്പോഴും അവരുടെ ഭാഗത്തുനിന്നുതന്നെ ഉണ്ടാവുകയും ചെയ്യുന്നു. എന്നാല്‍, ഈ ജനം പശ്ചാത്തപിക്കുകയും മുറപ്രകാരം നമസ്‌കാരം അനുഷ്ഠിക്കുകയും സകാത്തു നല്‍കുകയും ചെയ്യുകയാണെങ്കില്‍, അവര്‍ നിങ്ങളുടെ ദീനീസഹോദരങ്ങളാകുന്നു. കാര്യം ഗ്രഹിക്കുന്ന ജനത്തിനായി നാം നമ്മുടെ വിധികള്‍ വിവരിച്ചുകൊടുക്കുന്നു. അവര്‍ സന്ധിചെയ്ത ശേഷം സ്വന്തം പ്രതിജ്ഞകള്‍ ലംഘിക്കുകയും നിങ്ങളുടെ ദീനിനെ അവഹേളിക്കുന്നതിലേര്‍പ്പെടുകയും തന്നെയാണെങ്കില്‍, സത്യനിഷേധത്തിന്റെ ആ മൂപ്പന്മാരോട് നിങ്ങള്‍ യുദ്ധം ചെയ്തുകൊള്ളുക. എന്തുകൊണ്ടെന്നാല്‍ അവരുടെ പ്രതിജ്ഞകള്‍ക്ക് ഒരു വിലയുമില്ല. (യുദ്ധനടപടികൊണ്ടെങ്കിലും) അവര്‍ വിരമിച്ചെങ്കിലോ .
(13-16) പ്രതിജ്ഞകള്‍ ലംഘിച്ചുകൊണ്ടേയിരിക്കുകയും ദൈവദൂതനെ നാട്ടില്‍നിന്ന് പുറത്താക്കാനൊരുമ്പെടുകയും ചെയ്യുന്ന ഒരു ജനത്തോട് നിങ്ങള്‍ യുദ്ധം ചെയ്യുന്നില്ലെന്നോ, അക്രമം ആദ്യം തുടങ്ങിയത് അവര്‍തന്നെ ആയിരുന്നിട്ടും? നിങ്ങളവരെ ഭയപ്പെടുന്നുവോ? വിശ്വാസികളാണെങ്കില്‍, അല്ലാഹുവാകുന്നു അവരെക്കാള്‍ കൂടുതല്‍ നിങ്ങള്‍ ഭയപ്പെടാനര്‍ഹന്‍. അവരോട് യുദ്ധം ചെയ്യുവിന്‍. അല്ലാഹു നിങ്ങളുടെ കൈകളാല്‍ അവരെ ശിക്ഷിക്കുന്നതും നിന്ദിതരാക്കുന്നതും അവര്‍ക്കെതിരില്‍ നിങ്ങള്‍ക്കു തുണയേകുന്നതും വിശ്വാസികളായ സമൂഹത്തിന്റെ മനം കുളിര്‍പ്പിക്കുന്നതും അവരുടെ ഹൃദയങ്ങളിലെ രോഷം ശമിപ്പിക്കുന്നതുമാകുന്നു. അതോടൊപ്പം അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്കു പശ്ചാത്തപിക്കാന്‍ ഉതവി നല്‍കുക കൂടി ചെയ്യുന്നു. അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമല്ലോ.നിങ്ങള്‍ വെറുതെ വിട്ടയക്കപ്പെടുമെന്നു ധരിച്ചുവെച്ചിരിക്കുകയാണോ, ദൈവികസരണിയില്‍ സമരം ചെയ്യുന്നവരും അല്ലാഹുവിനെയും അവന്റെ ദൂതനെയും വിശ്വാസികളെയുമല്ലാതെ മറ്റാരെയും ആത്മമിത്രമായി സ്വീകരിക്കാത്തവരും ആരെന്ന് അല്ലാഹു ഇനിയും കണ്ടറിഞ്ഞിട്ടില്ലെന്നിരിക്കെ? നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ചൊക്കെയും അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു. (ഖുര്‍ആന്‍, അധ്യായം : 9 തൗബ)

ഈ സൂക്തങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വായിച്ചാല്‍ ഇത് മുഹമ്മദ് നബി അദ്ദേഹത്തിന് തന്നെ നല്‍കുന്ന നിര്‍ദ്ദേശങ്ങളാണ് എന്നാണോ മനസ്സിലാക്കാനാവുക. അതല്ല അദ്ദേഹം അദ്ദേഹത്തെക്കാള്‍ ഉയര്‍ന്ന സ്ഥാനത്തുള്ള ഒരാളില്‍നിന്ന് സ്വീകരിക്കുന്ന നിര്‍ദ്ദേശങ്ങളായിട്ടാണോ മനസ്സിലാവുക എന്ന് ചിന്തിക്കുക.

ഈ സൂക്തങ്ങള്‍ യാതൊരു വിശദീകരണവും ഇല്ലാതെ വായിച്ചാല്‍ തന്നെ ഇത് ഇവിടെ പ്രചരിപ്പിക്കുന്നത് പോലെ മുസ്ലിം വ്യക്തികളോടോ സമൂഹത്തോടെ ഇസ്ലാമിക ഭരണാധികാരികളോടോ ഉള്ള കല്‍പനയല്ല എന്ന് വ്യക്തമാകും. പ്രവാചക ജീവിതത്തിലെ ഒരു പ്രത്യേക ദശാസന്ധിയില്‍ നല്‍കപ്പെട്ട ഒരു കാലിക നിര്‍ദ്ദേശം മാത്രമാണിത്. ഒരു ചരിത്രത്തിന്റെ സ്ഥാനമാണ് അതിന് പൊതുവായി ഉള്ളത്. അതോടൊപ്പം അതില്‍നിന്ന് ചില ധാര്‍മിക, രാജ്യരക്ഷാപ്രധാനമായ വിധികളും ഉരുത്തിരിയുന്നുണ്ട്. പക്ഷെ അത് തങ്ങളുടെ വിശ്വാസം സ്വീകരിക്കുന്നവരെയെല്ലാം വധിക്കണം എന്നതല്ല. അതു മനസ്സിലാക്കിയതുകൊണ്ട് മാത്രമാണ്. മുസ്ലിംകളോ മുസ്ലിം ഭരണാധികാരികളോ ആ സൂക്തത്തില്‍ പറഞ്ഞതനുസരിച്ച് പ്രവര്‍ത്തിക്കാത്തത്. അല്ലാതെ ഏതെങ്കിലും യുക്തിവാദിയോ മറ്റോ വിമര്‍ശിക്കുമെന്ന് ഭയപ്പെട്ടതുകൊണ്ടല്ല, എന്ന് വിനയപൂര്‍വ്വം ഇവിടെ അറിയിക്കട്ടെ.


2019, സെപ്റ്റംബർ 9, തിങ്കളാഴ്‌ച

ഇസ്ലാം വെറുപ്പിന്റെ മതമോ ?

വെറുപ്പിന്റെ മതമേതാണ് എന്ന് ചോദിച്ചാല്‍ യുക്തിവാദികളുടെ സോഷ്യല്‍മീഡിയ ഗ്രൂപുകളെ സ്ഥിരമായി പിന്തുടരുന്ന ചിലരെങ്കിലും ഉറപ്പിച്ച് പറയും അത് ഇസ്ലാമാണെന്ന്. അതിനുള്ള തെളിവ്, മുസ്ലിംകളുടെ ജീവിത രീതിയോ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ പൊതുവായ സ്വഭാവമോ ഒന്നും അല്ല. മറിച്ച് ഏതാനും ഖുര്‍ആന്‍ സൂക്തങ്ങളാണ്. ജീവിച്ചിരിക്കുന്ന മുസ്ലിംകളെ സംബന്ധിച്ച് അത്തരമൊരു ആരോപണം പറയാന്‍ ഇല്ലെന്ന് മാത്രമല്ല തിരിച്ചുള്ള അനുഭവമാണ് ഉള്ളത്.  അതിനാല്‍ യുക്തിവാദികള്‍ ഇതിനായി ഉദ്ധരിക്കുന്ന സൂക്തങ്ങള്‍ മുസ്ലിംകള്‍ അത് മനസ്സിലാക്കുന്ന വിധത്തിലല്ല യുക്തിവാദികള്‍ വ്യാഖ്യാനിക്കുന്നത് എന്ന് നിഃസംശയം ആര്‍ക്കും മനസ്സിലാക്കാം.

മുഹമ്മദ് നബിയെ ഒരു മതത്തിന്റെ നേതാവായും ഖുര്‍ആനെ മുഹമ്മദ് നബിയുടെ വാക്കുകളായും കാണുന്നതുകൊണ്ടാണ് അതിലെ വചനങ്ങള്‍ വെറുപ്പുവളര്‍ത്തുന്നതായി വ്യഖ്യാനിക്കാന്‍ കഴിയുന്നതും അത് കേള്‍ക്കുമ്പോള്‍ അങ്ങനെയൊക്കെ പറയാമോ എന്ന് വായിക്കുന്നവര്‍ക്ക് തോന്നുന്നതും. എന്നാല്‍ ഖുര്‍ആന്‍ എന്നത് പ്രവാചകന് പോലും ഒട്ടും സ്വധീനം ചെലുത്താനോ മാറ്റിമറിക്കാനോ കഴിയാത്ത ദൈവിക വചനങ്ങളാണ് എന്നും മുഹമ്മദ് നബി അത് സ്വജീവിതത്തിലൂടെയും വാക്കുകളിലൂടെയും ജനങ്ങള്‍ക്ക് എത്തിക്കുക എന്ന പ്രവൃത്തിമാത്രമാണ് ചെയ്യുന്നതെന്നും മനസ്സിലാക്കാനായാല്‍ മുസ്ലിംകള്‍ പ്രസ്തുത സൂക്തങ്ങളെ ഉള്‍കൊള്ളുന്നവിധം എങ്ങനെയെന്ന് മനസ്സിലാക്കാനാവൂ. 

മുഹമ്മദ് നബി തന്റെ കാലത്തുള്ള ജനവിഭാഗങ്ങളെ മുഴുവന്‍ അഭിസംബോധന ചെയ്തിട്ടുണ്ട്. അതില്‍ ബഹുദൈവാരാധകരും ജൂതരും കൃസ്ത്യാനികളും ഉണ്ട്. ദൈവത്തിന് മനുഷ്യമനസ്സിലുള്ള ഒന്നാമത്തെ സ്ഥാനം ആരാധനയുടേതാണ്. അതിനാല്‍ പ്രവാചകന്‍മാര്‍ ആദ്യമായി മനുഷ്യരെ ക്ഷണിക്കാറുള്ളത് ആരാധനയിലേക്കാണ്. ജനങ്ങള്‍ ദൈവവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രധാനമായും വ്യതിചലിക്കുന്നതും ആരാധനയിലാണ്. ആരാധനയില്‍ അതിരുകവിയുമ്പോഴാണ് ഈ വ്യതിചലനം ഉണ്ടാവുന്നത് എന്ന ഒരു വൈരുദ്ധ്യം കൂടി ഇതിലുണ്ട്. ഇത് ശരിയാക്കാന്‍ വേദഗ്രന്ഥങ്ങള്‍ മുഖേന വിവിധ രൂപത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കപ്പെട്ടതായിക്കാണാം. ദൈവം എന്നത് മനുഷ്യരടക്കമുള്ള പ്രപഞ്ചത്തെ സൃഷ്ടിച്ച ഏകനായ അസ്തിത്വമാണ് എന്നതാണ് ഖുര്‍ആന്റെ കാഴ്ചപ്പാട്. (മിക്ക വേദങ്ങളും അങ്ങനെതന്നെയാണ് അടിസ്ഥാനപരമായി ദൈവത്തെ വിശദീകരിക്കുന്നത്). ബഹുദൈവത്വവും ആള്‍ദൈവത്വവും അവതാരസങ്കല്‍പ്പവുമൊക്കെ യഥാര്‍ഥ ദൈവവിശ്വാസങ്ങളില്‍നിന്നുള്ള വ്യതിചലനമായിട്ടാണ് ഖുര്‍ആന്‍ കാണുന്നത്. അതിനാല്‍ അത്തരം വിശ്വാസം കൈകൊള്ളുന്നവരെ യാഥാര്‍ഥ മാര്‍ഗത്തില്‍നിന്ന് തെറ്റിയവരായിട്ടാണ് ഇസ്ലാം കാണുന്നത്. വഴിപിഴച്ചവര്‍ എന്ന് ഖുര്‍ആന്‍ പ്രയോഗിക്കുന്നത് ഈ വിഷയത്തിലുള്ള വഴികേടിനെയാണ്. നിഷേധികള്‍ എന്ന് പറയുമ്പോള്‍ ഖുര്‍ആനിന്റെ ഈ സന്ദേശത്തെ നിഷേധിക്കുന്നവരെയാണ്. അക്രമികള്‍ എന്ന് പറയുമ്പോള്‍ സ്രഷ്ടാവായ ദൈവത്തെ അനുസരിച്ചാരാധിക്കുന്നതിന് പകരം ഇതര ദൈവങ്ങളെയും ശക്തികളെയും യഥാര്‍ഥമായി സങ്കല്‍പിച്ച് ക്രമത്തിന് വരുദ്ധമായി അക്രമം ചെയ്തവരെന്ന നിലയാലാണ്. അല്ലാതെ അവര്‍ ആരെയോ അക്രമിച്ചവരായതുകൊണ്ടല്ല.

കലര്‍പ്പില്ലാത്ത ഏകദൈവത്വവും അതേ ദൈവത്തോടുള്ള നിരുപാധികമായ അനുസരണവും പ്രഖ്യാപിക്കാനാണ് ഇസ്ലാം മനുഷ്യനോടാവശ്യപ്പെടുന്നത്. ഇതിലൂടെ മാത്രമേ മനുഷ്യന്‍ മറ്റെല്ലാ അടിമത്തങ്ങളില്‍നിന്നും ചുഷണങ്ങളില്‍നിന്നും രക്ഷപ്പെടൂ എന്നതാണ് ഇതിന്റെ മനുഷ്യോപകാരപ്രദമായ വശം. ദൈവത്തെ മാത്രം ആരാധിക്കുന്നതിലൂടെ അവനെ മാത്രം അനുസരിക്കുന്ന ഒരു മാനസിക തലത്തിലേക്ക് അവനെ ഉയര്‍ത്തുക എന്നതാണ് സംഭവിക്കുന്നത്. മനുഷ്യനോട് കല്‍പിക്കാനുള്ള യഥാര്‍ഥ അധികാരം സ്രഷ്ടവായ ദൈവത്തിന് മാത്രമാണ്. മറ്റാരെയും നിരുപാധികം മനുഷ്യന്‍ അനുസരിക്കാന്‍ ബാധ്യസ്ഥനല്ല. ഇത് മറ്റെല്ലാ അടിമത്തങ്ങളില്‍നിന്നും മനുഷ്യനെ മോചിപ്പിക്കുന്നു. ഈ മോചനമാണ് ഇസ്ലാം ലക്ഷ്യം വെക്കുന്നത്. എന്നാല്‍ ഇതിനായി ദൈവം സ്വീകരിച്ച മാര്‍ഗ്ഗം പ്രവാചകന്‍മാരിലൂടെ അവരെ ഉദ്ബോധിപ്പിക്കുക എന്നതാണ്. മുഹമ്മദ് നബിക്കു മുമ്പുവന്ന പ്രവാചകന്‍മാരും അവര്‍ക്ക് നല്‍കപ്പെട്ട വേദങ്ങളും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചത്. വേണമെങ്കില്‍ മനുഷ്യനെ സൃഷ്ടിപ്പിലൂടെ തന്നെ സ്രഷ്ടാവിനെ മാത്രം ആരാധിക്കുകയും അനുസരിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് മാറ്റാമായിരുന്നു. അങ്ങനെ ഒരു സൃഷ്ടി ദൈവത്തിന് വേറെതന്നെയുണ്ട്. ഇസ്ലാമിന്റെ സാങ്കേതിക ഭാഷയില്‍ മലക്കുകള്‍ എന്നാണ് അവരെ പേര് വിളിക്കുന്നത്. എന്നാല്‍ സ്വതന്ത്രമായ ഇഛ നല്‍കിയതിന് ശേഷം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യന് നല്‍കി.  അതോടൊപ്പം യാതൊരു സംശയത്തിനും ഇടയില്ലാത്തവിധം വ്യക്തമായി വേദത്തിലൂടെ നന്മതിന്മകള്‍ വിശദീകരിച്ചു. മനുഷ്യനെ ബോധ്യപ്പെടുത്തുന്നവിധം ഉദാഹരണങ്ങളും ഉപമകളും നല്‍കി. ഒരു പിതാവിന് പുത്രനോടെന്ന പോലെ കൃപയോടെയും കാരുണ്യത്തോടെയും മനുഷ്യനുമായി സംവദിച്ചു. വേണമെങ്കില്‍ ഒരാള്‍ക്ക് ചോദിക്കാം എന്തിന് ദൈവം ഇത്ര കഷ്ടപ്പെടുന്നുവെന്ന്. ഒരു മനുഷ്യനെ ദൈവവിശ്വാസിയാക്കാനും അവനെ അനുസരിപ്പിക്കാനും ബൃഹത്തായ ഈ പ്രപഞ്ചസ്രഷ്ടാവ് ഇത്രയധികം പ്രയാസപ്പെടണോ എന്നൊക്കെ ചോദ്യം നീട്ടുകയുമാവാം. ദൈവത്തെ സംബന്ധിച്ചിടത്തോളം ഇത് പ്രയാസമാണെന്നോ ബുദ്ധിമുട്ടാണെന്നോ ഒക്കെയുള്ള ധാരണകള്‍ക്കുത്തരവാദി നാം മാത്രമാണ്. അത്തരത്തിലൊരു പരാമര്‍ശവും വേദഗ്രന്ഥങ്ങളില്‍ കാണപ്പെടുന്നില്ല. മറിച്ച് ദൈവകാരുണ്യത്തിന്റെ ഒരു പൂര്‍ണതയായിട്ട് മാത്രമാണ് ഈ സന്ദേശദാനത്തെ ദൈവം കാണുന്നത്. വക്രമായ മാര്‍ഗങ്ങളുണ്ടായരിക്കെ ശരിയായ മാര്‍ഗം മനുഷ്യന് കാണിച്ചുകൊടുക്കുക എന്നത് തന്റെ ഒരു ഉത്തരവാദിത്തമായി ദൈവം ഏറ്റെടുക്കുക മാത്രമാണ് ചെയ്തത്. അതിനായി മനുഷ്യന് മനസ്സിലാകുന്ന ഭാഷയില്‍ ഖുര്‍ആന്‍ അവതരിപ്പിച്ചു. 

ഇസ്ലാം എന്നത് മുഹമ്മദ് നബിയോടുകൂടി ആരംഭിച്ച ഒന്നല്ല. മനുഷ്യാരംഭം മുതല്‍ പ്രവാചകന്മാരുടെ മുഴുവന്‍ ദര്‍ശനം ദൈവത്തിനുള്ള സമര്‍പ്പണം എന്നര്‍ത്ഥമുള്ള ഇസ്ലാം ആയിരുന്നു. അതേ അറബി നാമത്തിലായി അവര്‍ അറിയപ്പെട്ടുകൊള്ളണം എന്നില്ല. മനുഷ്യരെ ദൈവം സൃഷ്ടിച്ചു, അവര്‍ക്ക് ജീവിക്കാനാവശ്യമായ ജീവിത രീതി പ്രവാചകന്‍മാരിലൂടെ ദൈവം മനുഷ്യര്‍ക്ക് നിര്‍ദ്ദേശിച്ചു നല്‍കി. ഒന്നുകില്‍ അതനുസരിച്ച് ദൈവം വാഗ്ദാനം ചെയ്ത പ്രതിഫലത്തിന് ഇഹത്തിലും പരത്തിലും അര്‍ഹമാകാം. അതല്ലെങ്കില്‍ അതിനെ തള്ളിക്കളഞ്ഞുകൊണ്ട് ശിക്ഷ ഏറ്റുവാങ്ങാം. ഇത്രമാത്രമാണ് ഇസ്ലാമിന്റെ ജീവിത വീക്ഷണം.

ഇസ്ലാം അനുസരിച്ച് ജീവിക്കുന്നവനെ മുസ്ലിം അഥവാ ദൈവത്തിന് സ്വയം സമര്‍പ്പിതമായവന്‍ എന്ന് വിളിക്കും. അത് ജന്മം കൊണ്ട് ലഭിക്കുന്നതല്ല. കര്‍മമാണ് ജീവിതവിജയത്തിന്റെയും നഷ്ടത്തിന്റെയും മാനദണ്ഡം. ഇത്രയും കാര്യങ്ങള്‍ അംഗീകരിക്കുന്നവരെ സംബന്ധിച്ചിടത്തോളം വെറുപ്പിന്റെ മതത്തിന് ഉദാഹരണമായി ഇ.എ.ജബ്ബാര്‍ എടുത്ത സൂക്തങ്ങള്‍ അങ്ങനെ അനുഭവപ്പെടുകയില്ല. ഇനി അദ്ദേഹം എടുത്ത് ചേര്‍ത്ത സൂക്തങ്ങളെ മുസ്ലിംകള്‍ എങ്ങനെ കാണുന്നവെന്ന് ചുരുങ്ങിയ വാക്കുകളില്‍ പറയാം. പച്ച നിറത്തില്‍ കൊടുത്തിട്ടുള്ളത് അദ്ദേഹം ഉദ്ധരിച്ച സൂക്തങ്ങളാണ്. കറുത്ത നിറത്തിലുള്ളത് എന്റെ ചെറിയ കുറിപ്പുകളും.
******************** ഇ.എ. ജബ്ബാര്‍ പറയുന്നു...
['വെറുപ്പിൻ്റെ മതം !
ഇസ്ലാമിൽ അവിശ്വസിക്കുന്നവരെ കുറിച്ച് കുർ ആൻ സംസാരിക്കുന്ന ഭാഷ വെറുപ്പിൻ്റെ വിദ്വേഷത്തിൻ്റെ പകയുടെ പ്രതികാരത്തിൻ്റെ ഭീഷണിയുടെ അധിക്ഷേപത്തിൻ്റെ കുറ്റപ്പെടുത്തലിൻ്റെ നിന്ദയുടെ നികൃഷ്ടതയുടെ ഭാഷ മാത്രമാണു.
സ്നേഹവും വാൽസല്യവും ആർദ്രതയും കരുണയും നിഴലിക്കുന്ന യാതൊന്നും ഈ പുസ്തകത്തിൽനിന്നും കണ്ടെടുക്കാനില്ല.
വെറുപ്പിൻ്റെ പ്രത്യയശാസ്ത്രം എന്ന് ഇസ്ലാമിനെ വിശേഷിപ്പിക്കുന്നതിൽ യാതൊരു അസാംഗത്യവും ഇല്ല തന്നെ !
കുർ ആനിൽ നിന്നും വെറുതെ തപ്പിയെടുത്ത ഏതാനും സാമ്പിൾ "വെളിപാടുകൾ" ഇവിടെ കൊടുക്കാം .
അതു മാത്രമല്ല കുർ ആൻ ഉടനീളം ഇതിൻ്റെ ആവർത്തനം തന്നെയാണു കാണുക.']

മനുഷ്യരെ സൃഷ്ടിച്ച ദൈവം അവന്റെ പ്രവാചകനിലൂടെ സംസാരിക്കുമ്പോള്‍ വ്യക്തമായ നിര്‍ദ്ദേങ്ങള്‍ നല്‍കേണ്ടതുണ്ട്. അവിടെ എന്തെങ്കിലും തരത്തിലുള്ള ഊഹമോ സംശയമോ കാണപ്പെടുകയില്ല. യഥാര്‍ഥ വഴി സ്വീകരിച്ചവരെ അങ്ങനെ തന്നെ വിളിക്കുകയും, സ്വീകരിക്കാത്തവരെ നിഷേധികളെന്ന് വിളിക്കാനും ദൈവത്തിന് സ്വാതന്ത്ര്യമുണ്ട്. മനുഷ്യരുടെ പ്രകൃതിയനുസരിച്ച് പ്രലോഭനവും താകീതും സന്തോഷവാര്‍ത്തയും ഭീഷണിയും ഭീതിപ്പെടുത്തലുമൊക്കെ ഉണ്ടാകും. ഇതൊക്കെ കെട്ടുകഥകളും മനുഷ്യസൃഷ്ടിമാണ് എന്ന് ധരിക്കുന്നവരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ഇതിലുള്ള താകീതോ ഭീഷണിയോ വകവെക്കേണ്ടതുമില്ല. ഇതില്‍ ഖുര്‍ആനിലെ മുഴുവന്‍ സൂക്തങ്ങളും ഇത്തരത്തിലാണ് എന്നത് പച്ചക്കളവ് മാത്രമാണ്. ജബ്ബാര്‍ ചെയ്തിട്ടുള്ളത് പലയിടത്തായി ചിതറിക്കിടക്കുന്ന താക്കീതുകളെയും ഭീഷണികളെയും ക്രോഡീകരിച്ചു ചേര്‍ക്കുകയാണ്. അതിന് മുമ്പ് ഒരു കാര്യം കൂടി മനസ്സിലാക്കേണ്ടതുണ്ട്.  അവ നമുക്ക് ഒന്നുകൂടി ഒരു വിശ്വാസിയുടെ കാഴ്ചപ്പാടില്‍ കേട്ടുനോക്കാം. ഈ സൂക്തങ്ങളൊക്കെ ഇത്ര പ്രയാസപ്പെട്ട് ജബ്ബാര്‍ ഇങ്ങനെ ക്രോഡീകരിച്ച് തന്റെ അവിശ്വാസികളോ ഇസ്ലാമിനെക്കുറിച്ച് മനസ്സിലാക്കിയിട്ടില്ലാത്തവരോ ആയ ആളുകളെ കൊണ്ട് വായിപ്പിക്കുന്നതെന്തിനാണ് എന്ന് ഒരു വേള വിശ്വാസികല്‍ സംശയിച്ചേക്കാം. അദ്ദേഹം പ്രധാനമായും ഇതിലൂടെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ഖുര്‍ആന്‍ എന്നത് മുഹമ്മദ് നബിയുടെ വാക്കുകളാണ് എന്നാണ്. കാരണം ശപിക്കുക, ആക്ഷേപിക്കുക, ഭീഷണിപ്പെടുത്തുക. താക്കീത് ചെയ്യുക, കോപിക്കുക, തൃപ്തിപ്പെടുക തുടങ്ങിയവയൊന്നും ദൈവത്തില്‍നിന്ന് ഉണ്ടാവാന്‍ പാടില്ലാത്തതാണ്. ദൈവം മനുഷ്യവികാരമുള്ളവനാണ് എന്ന് പറയുമ്പോള്‍ അത് ദൈവത്തെ കൊച്ചാക്കലാണ്. അതിനാല്‍ ഇത് ദൈവവചനമല്ല. മുഹമ്മദിന്റെ വചനമാണ്. അദ്ദേഹമാണ് ഇത് ഇതരമതങ്ങളെയും തന്നില്‍ വിശ്വസിക്കാത്തവരെയും കുറിച്ച് പറയുന്നതെങ്കില്‍ അത് ആക്ഷേപവും ശകാരവും ചീത്തവിളിയുമാണ്. അങ്ങനെയുള്ള ഒരു മതം സമാധാനത്തിന്റെ മതമാകില്ല. വെറുപ്പിന്റെ മതമാകാനെ തരമുള്ളൂ. ഇതാണ് അദ്ദേഹം പറയാന്‍ ശ്രമിക്കുന്നത്. ആദ്യം വലിയൊരു അബദ്ധത്തില്‍ പെടുകയും അതേ അബദ്ധത്തിന്റെ വീക്ഷണകോണിലൂടെ നോക്കുകയും ചെയ്തപ്പോഴാണിത് സംഭവിച്ചത്. മറിച്ച് ദൈവം മനുഷ്യനോട് അവനറിയുന്ന ഭാഷയില്‍ സംസാരിക്കുന്നുവെന്ന് മനസ്സിലാക്കി വായിക്കുന്ന പക്ഷം ഇതില്‍ വെറുപ്പിന്റെതല്ല. തികഞ്ഞ ഗുണകാംക്ഷയുടെയും താക്കീതിന്റെയും ഉണര്‍ത്തലിന്റെയും സ്വരം മാത്രമേ അനുഭവപ്പെടൂ. അങ്ങനെയാണ് വിശ്വാസികള്‍ ഈ സൂക്തങ്ങളെ വായിക്കുന്നത്. അതുകൊണ്ട് നിഷേധികളായവരെ സംബന്ധിച്ച് പറയുന്ന സൂക്തങ്ങള്‍ വായിക്കുമ്പോള്‍ അവരുടെ യഥാര്‍ഥ അവസ്ഥയിതാണ് എന്ന ബോധ്യം ഉണ്ടാവുകയും വ്യക്തമായ ഒരു നിലപാട് സ്വീകരിക്കാന്‍ അതവരെ പര്യാപ്തമാക്കുകയും ചെയ്യുന്നു.

അവിശ്വാസികളോട് സ്വീകരിക്കേണ്ട നിലപാട് ഈ ബ്ലോഗില്‍ വിശദമാക്കിയിട്ടുള്ളതിനാലാണ് അതിവിടെ വീണ്ടും പറയാത്തത്.
[ചുരുക്കത്തില്‍ അധ്യായം 60 മുംതഹിന നോക്കുക. അതിലിങ്ങനെ കാണാം.


(7) അല്ലാഹു നിങ്ങള്‍ക്കും, ഇന്ന് നിങ്ങള്‍ വിരോധം പുലര്‍ത്തുന്നവര്‍ക്കുമിടയില്‍ ഒരിക്കല്‍ മൈത്രിയുണ്ടാക്കിക്കൂടെന്നില്ല. അല്ലാഹുവിന് അളവറ്റ കഴിവുണ്ട്. അവന്‍ ഏറെ മാപ്പരുളുന്നവനും ദയാപരനുമല്ലോ.
(8-9) മതത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്തിട്ടില്ലാത്തവരും നിങ്ങളെ വീടുകളില്‍നിന്ന് ആട്ടിയോടിച്ചിട്ടില്ലാത്തവരുമായ ആളുകളോട് നന്മയിലും നീതിയിലും വര്‍ത്തിക്കുന്നത് അല്ലാഹു വിലക്കുകയില്ല. നിശ്ചയം, നീതിമാന്മാരെ അല്ലാഹു സ്നേഹിക്കുന്നു. മതത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളെ സ്വന്തം വീടുകളില്‍നിന്ന് ആട്ടിയോടിക്കുകയും ആട്ടിയോടിക്കുന്നതില്‍ സഹായിക്കുകയും ചെയ്ത ജനത്തോട് മൈത്രി പുലര്‍ത്തുന്നതില്‍നിന്ന് മാത്രമാകുന്നു അല്ലാഹു നിങ്ങളെ നിരോധിക്കുന്നത്. അത്തരക്കാരോട് മൈത്രി പുലര്‍ത്തുന്നവര്‍ അതിക്രമകാരികള്‍ തന്നെയാകുന്നു.]

മുകളില്‍ നല്‍കിയ വീക്ഷണകോണിലൂടെ ഈ സൂക്തങ്ങള്‍ ഒന്നുകൂടി വായിക്കുക.

------

1. തൌറാത്ത്‌ സ്വീകരിക്കാന്‍ ചുമതല ഏല്‍പിക്കപ്പെടുകയും, എന്നിട്ട്‌ അത്‌ ഏറ്റെടുക്കാതിരിക്കുകയും ചെയ്തവരുടെ ( യഹൂദരുടെ ) ഉദാഹരണം ഗ്രന്ഥങ്ങള്‍ ചുമക്കുന്ന കഴുതയുടേത്‌ പോലെയാകുന്നു. അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചു കളഞ്ഞ ജനങ്ങളുടെ ഉപമ എത്രയോ ചീത്ത! അക്രമികളായ ജനങ്ങളെ അല്ലാഹു സന്‍മാര്‍ഗത്തിലാക്കുകയില്ല. 62-5

2. അവര്‍ വിറളി പിടിച്ച കഴുതകളെപ്പോലിരിക്കുന്നു. 74-50

3. നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവ മൂലം അവന്ന്‌ ഉയര്‍ച്ച നല്‍കുമായിരുന്നു. പക്ഷെ, അവന്‍ ഭൂമിയലേക്ക്‌തിരിയുകയും അവന്‍റെ തന്നിഷ്ടത്തെ പിന്‍പറ്റുകയുമാണ്‌ ചെയ്തത്‌. അപ്പോള്‍ അവന്‍റെ ഉപമ ഒരു നായയുടെത്‌ പോലെയാകുന്നു. നീ അതിനെ ആക്രമിച്ചാല്‍ അത്‌ നാവ്‌ തൂക്കിയിടും. നീ അതിനെ വെറുതെ വിട്ടാലും അത്‌ നാവ്‌ തൂക്കിയിടും. അതാണ്‌ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ച്‌ തള്ളിയവരുടെ ഉപമ. അതിനാല്‍ ( അവര്‍ക്ക്‌ ) ഈ കഥ വിവരിച്ചുകൊടുക്കൂ. അവര്‍ ചിന്തിച്ചെന്ന്‌ വരാം. 7-176

ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ധാരാളം പേരെ നാം നരകത്തിന്‌ വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്‌. അവര്‍ക്ക്‌ മനസ്സുകളുണ്ട്‌. അതുപയോഗിച്ച്‌ അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്കു കണ്ണുകളുണ്ട്‌. അതുപയോഗിച്ച്‌ അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക്‌ കാതുകളുണ്ട്‌. അതുപയോഗിച്ച്‌ അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര് കന്നുകാലി‍ കളെപ്പോലെയാകുന്നു. അല്ല; അവരാണ്‌ കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ്‌ ശ്രദ്ധയില്ലാത്തവര്‍. 7-179

അതല്ല, അവരില്‍ അധികപേരും കേള്‍ക്കുകയോ ചിന്തിക്കുകയോ ചെയ്യുമെന്ന്‌ നീ വിചാരിക്കുന്നുണ്ടോ? അവര്‍ കന്നുകാലികളെപ്പോലെ മാത്രമാകുന്നു. അല്ല, അവരാകുന്നു കൂടുതല്‍ വഴിപിഴച്ചവര്‍. 25-44
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ താഴ്ഭാഗത്ത്കൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അല്ലാഹു പ്രവേശിപ്പിക്കുന്നതാണ്‌; തീര്‍ച്ച. സത്യനിഷേധികളാകട്ടെ (ഇഹലോകത്ത്‌) സുഖമനുഭവിക്കുകയും നാല്‍കാലികള്‍ തിന്നുന്നത്‌ പോലെ തിന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. നരകമാണ്‌ അവര്‍ക്കുള്ള വാസസ്ഥലം. 47-12

നാം ഈ ഗ്രന്ഥം നല്‍കിയത്‌ ആര്‍ക്കാണോ അവരത്‌ പാരായണത്തിന്‍റെമുറപ്രകാരം പാരായണം ചെയ്യുന്നു. അവരതില്‍ വിശ്വസിക്കുന്നു. എന്നാല്‍ ആരതില്‍ അവിശ്വസിക്കുന്നുവോ അവര്‍ തന്നെയാണ്‌ നഷ്ടം പറ്റിയവര്‍. 2-121

ഇസ്ലാം അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത്‌ അവനില്‍ നിന്ന്‌ ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തില്‍ അവന്‍ നഷ്ടക്കാരില്‍ പെട്ടവനുമായിരിക്കും. 3-85

നഖമുള്ള എല്ലാ ജീവികളെയും ജൂതന്‍മാര്‍ക്ക്‌ നാം നിഷിദ്ധമാക്കുകയുണ്ടായി. പശു, ആട്‌ എന്നീ വര്‍ഗങ്ങളില്‍ നിന്ന്‌ അവയുടെ കൊഴുപ്പുകളും നാം അവര്‍ക്ക്‌ നിഷിദ്ധമാക്കി. അവയുടെ മുതുകിന്‍മേലോ കുടലുകള്‍ക്ക്‌ മീതെയോ ഉള്ളതോ, എല്ലുമായി ഒട്ടിച്ചേര്‍ന്നതോ ഒഴികെ. അവരുടെ ധിക്കാരത്തിന്ന്‌ നാമവര്‍ക്ക്‌ നല്‍കിയ പ്രതിഫലമത്രെ അത്‌. തീര്‍ച്ചയായും നാം സത്യം പറയുകയാകുന്നു. 6-146

അങ്ങനെ അവരോട്‌ വിലക്കപ്പെട്ടതിന്‍റെ കാര്യത്തിലെല്ലാം അവര്‍ ധിക്കാരം പ്രവര്‍ത്തിച്ചപ്പോള്‍ നാം അവരോട്‌ പറഞ്ഞു: നിങ്ങള്‍ നിന്ദ്യന്‍മാരായ കുരങ്ങന്‍മാരായിക്കൊള്ളുക. 7-166

ന്യായമില്ലാതെ നിങ്ങള്‍ ഭൂമിയില്‍ ആഹ്ലാദം കൊണ്ടിരുന്നതിന്‍റെയും, ഗര്‍വ്വ്‌ നടിച്ചിരുന്നതിന്‍റെയും ഫലമത്രെ അത്‌.40-75 

നരകത്തിന്‍റെ കവാടങ്ങളിലൂടെ അതില്‍ നിത്യവാസികളെന്ന നിലയില്‍ നിങ്ങള്‍ കടന്നു കൊള്ളുക. അഹങ്കാരികളുടെ പാര്‍പ്പിടം ചീത്ത തന്നെ. 40-76

അതല്ലെങ്കില്‍ അല്ലാഹു തന്‍റെ ഉപജീവനം നിര്‍ത്തിവെച്ചാല്‍ നിങ്ങള്‍ക്ക്‌ ഉപജീവനം നല്‍കുന്നവനായി ആരുണ്ട്‌? എങ്കിലും അവര്‍ ധിക്കാരത്തിലും വെറുപ്പിലും മുഴുകിയിരിക്കയാകുന്നു. 67-21

അപ്പോള്‍, മുഖം നിലത്തു കുത്തിക്കൊണ്ട്‌ നടക്കുന്നവനാണോ സന്‍മാര്‍ഗം പ്രാപിക്കുന്നവന്‍? അതല്ല നേരെയുള്ള പാതയിലൂടെ ശരിക്ക്‌ നടക്കുന്നവനോ?67-22

അപ്പോള്‍ ഏതൊരാളുടെ ഹൃദയത്തിന്‌ ഇസ്ലാം സ്വീകരിക്കാന്‍ അല്ലാഹു വിശാലത നല്‍കുകയും അങ്ങനെ അവന്‍ തന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള പ്രകാശത്തിലായിരിക്കുകയും ചെയ്തുവോ എന്നാല്‍ അല്ലാഹുവിന്‍റെ സ്മരണയില്‍ നിന്ന്‌ അകന്ന്‌ ഹൃദയങ്ങള്‍ കടുത്തുപോയവര്‍ക്കാകുന്നു നാശം. അത്തരക്കാര്‍ വ്യക്തമായ ദുര്‍മാര്‍ഗത്തിലത്രെ.39-22

വിശ്വാസികള്‍ക്ക്‌ അവരുടെ ഹൃദയങ്ങള്‍ അല്ലാഹുവിനെ പറ്റിയുള്ള സ്മരണയിലേക്കും, അവതരിച്ചു കിട്ടിയ സത്യത്തിലേക്കും കീഴൊതുങ്ങുവാനും തങ്ങള്‍ക്ക്‌ മുമ്പ്‌ വേദഗ്രന്ഥം നല്‍കപ്പെട്ടവരെപ്പോലെ ആകാതിരിക്കുവാനും സമയമായില്ലേ? അങ്ങനെ ആ വേദക്കാര്‍ക്ക്‌ കാലം ദീര്‍ഘിച്ച്‌ പോകുകയും തന്‍മൂലം അവരുടെ ഹൃദയങ്ങള്‍ കടുത്തുപോകുകയും ചെയ്തു. അവരില്‍ അധികമാളുകളും ദുര്‍മാര്‍ഗികളാകുന്നു.57-16

സത്യനിഷേധികളെ ഉപമിക്കാവുന്നത്‌ വിളിയും തെളിയുമല്ലാതെ മറ്റൊന്നും കേള്‍ക്കാത്ത ജന്തുവിനോട്‌ ഒച്ചയിടുന്നവനോടാകുന്നു. അവര്‍ ബധിരരും ഊമകളും അന്ധരുമാകുന്നു. അതിനാല്‍ അവര്ചിന്തിച്ചു ഗ്രഹിക്കുകയില്ല.2-171

നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചവര്‍ ബധിരരും ഊമകളും ഇരുട്ടുകളില്‍ അകപ്പെട്ടവരുമത്രെ. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു വഴികേടിലാക്കും. താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍മാര്‍ഗത്തിലാക്കുകയും ചെയ്യും.6-39

അല്ലാഹു ആരെ നേര്‍വഴിയിലാക്കുന്നുവോ അവനാണ്‌ നേര്‍മാര്‍ഗം പ്രാപിച്ചവന്‍.അവന്‍ ആരെ ദുര്‍മാര്‍ഗത്തിലാക്കുന്നുവോ, അവര്‍ക്ക്‌ അവന്നു പുറമെ രക്ഷാധികാരികളെയൊന്നും നീ കണ്ടെത്തുന്നതേയല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ മുഖം നിലത്ത്‌ കുത്തിയവരായിക്കൊണ്ടും അന്ധരും ഊമകളും ബധിരരുമായിക്കൊണ്ടും നാം അവരെ ഒരുമിച്ചുകൂട്ടുന്നതാണ്‌. അവരുടെ സങ്കേതം നരകമത്രെ. അത്‌ അണഞ്ഞ്‌ പോകുമ്പോഴെല്ലാം നാം അവര്‍ക്ക്‌ ജ്വാല കൂട്ടികൊടുക്കുന്നതാണ്‌.17-97

എന്നാല്‍ മരിച്ചവരെ നിനക്ക്‌ കേള്‍പിക്കാനാവില്ല; തീര്‍ച്ച. ബധിരന്‍മാര്‍ പിന്നോക്കം തിരിഞ്ഞ്‌ പോയാല്‍ അവരെ വിളികേള്‍പിക്കാനും നിനക്കാവില്ല.30-52

അന്ധത ബാധിച്ചവരെ അവരുടെ വഴികേടില്‍ നിന്ന്‌ നേര്‍വഴിയിലേക്ക്‌ നയിക്കാനും നിനക്കാവില്ല. നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുന്നവരും, എന്നിട്ട്‌ കീഴ്പെട്ട്‌ ജീവിക്കുന്നവരുമായിട്ടുള്ളവരെയല്ലാതെ നിനക്ക്‌ കേള്‍പിക്കാനാവില്ല.30-53

ഒരു കുഴപ്പവുമുണ്ടാകുകയില്ലെന്ന്‌ അവര്‍ കണക്ക്‌ കൂട്ടുകയും, അങ്ങനെ അവര്‍ അന്ധരും ബധിരരുമായികഴിയുകയും ചെയ്തു. പിന്നീട്‌ അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിച്ചു. വീണ്ടും അവരില്‍ അധികപേരും അന്ധരും ബധിരരുമായിക്കഴിഞ്ഞു. എന്നാല്‍ അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാകുന്നു.5-71

നാം അവരിലേക്ക്‌ മലക്കുകളെ ഇറക്കുകയും, മരിച്ചവര്‍ അവരോട്‌ സംസാരിക്കുകയും, സര്‍വ്വവസ്തുക്കളെയും നാം അവരുടെ മുമ്പാകെ കൂട്ടം കൂട്ടമായി ശേഖരിക്കുകയും ചെയ്താലും അവര്‍ വിശ്വസിക്കാന്‍ പോകുന്നില്ല. അല്ലാഹു ഉദ്ദേശിച്ചെങ്കിലല്ലാതെ. എന്നാല്‍ അവരില്‍ അധികപേരും വിവരക്കേട്‌ പറയുകയാകുന്നു.6-111

പറയുക: ഹേ; വിവരംകെട്ടവരേ, അപ്പോള്‍ അല്ലാഹുവല്ലാത്തവരെ ഞാന്‍ ആരാധിക്കണമെന്നാണോ നിങ്ങള്‍ എന്നോട്‌ കല്‍പിക്കുന്നത്‌? 39-64

പിശുക്ക്‌ കാണിക്കുകയും, പിശുക്ക്‌ കാണിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും, തങ്ങള്‍ക്ക്‌ അല്ലാഹു തന്‍റെ ഔദാര്യം കൊണ്ട്‌ നല്‍കിയ അനുഗ്രഹം മറച്ചു വെക്കുകയും ചെയ്യുന്നവരാണവര്‍. ആ നന്ദികെട്ടവര്‍ക്ക്‌ അപമാനകരമായ ശിക്ഷയാണ്‌ നാം ഒരുക്കിവെച്ചിരിക്കുന്നത്‌.4-37

നിങ്ങള്‍ക്ക്‌ വല്ല നേട്ടവും ലഭിക്കുന്ന പക്ഷം അതവര്‍ക്ക്‌ മനഃപ്രയാസമുണ്ടാക്കും. നിങ്ങള്‍ക്ക്‌ വല്ല ദോഷവും നേരിട്ടാല്‍ അവരതില്‍ സന്തോഷിക്കുകയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അവരുടെ കുതന്ത്രം നിങ്ങള്‍ക്കൊരു ഉപദ്രവവും വരുത്തുകയില്ല. തീര്‍ച്ചയായും അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളുടെ എല്ലാവശവും അറിയുന്നവനാകുന്നു.3-120

അല്ലാഹുവിന്‍റെ കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കുകയാണ്‌ എന്ന്‌ യഹൂദന്‍മാര്‍ പറഞ്ഞു അവരുടെ കൈകള്‍ ബന്ധിതമാകട്ടെ. അവര്‍ പറഞ്ഞ വാക്ക്‌ കാരണം അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു. അല്ല, അവന്‍റെ ഇരു കൈകളും നിവര്‍ത്തപ്പെട്ടവയാകുന്നു. അവന്‍ എങ്ങനെ ഉദ്ദേശിക്കുന്നുവോ അങ്ങനെ ചെലവഴിക്കുന്നു. നിനക്ക്‌ നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ അവതരിപ്പിക്കപ്പെട്ട സന്ദേശം അവരില്‍ അധികം പേര്‍ക്കും ധിക്കാരവും അവിശ്വാസവും വര്‍ദ്ധിപ്പിക്കുക തന്നെ ചെയ്യും. അവര്‍ക്കിടയില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെ ശത്രുതയും വിദ്വേഷവും നാം ഇട്ടുകൊടുത്തിരിക്കുകയാണ്‌. അവര്‍ യുദ്ധത്തിന്‌ തീ കൊളുത്തുമ്പോഴെല്ലാം അല്ലാഹു അത്‌ കെടുത്തിക്കളയുന്നു. അവര്‍ നാട്ടില്‍ കുഴപ്പമുണ്ടാക്കുവാന്‍ വേണ്ടി ശ്രമിക്കുകയാണ്‌. കുഴപ്പക്കാരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല. 5-64

ഇസ്രായീല്‍ സന്തതികളിലെ സത്യനിഷേധികള്‍ ദാവൂദിന്‍റെയും, മര്‍യമിന്‍റെ മകന്‍ ഈസായുടെയും നാവിലൂടെ ശപിക്കപ്പെട്ടിരിക്കുന്നു. അവര്‍ അനുസരണക്കേട്‌ കാണിക്കുകയും, അതിക്രമം കൈക്കൊള്ളുകയും ചെയ്തതിന്‍റെ ഫലമത്രെ അത്‌.5-78

ഇതില്‍ ( ഖുര്‍ആനില്‍ ) ആദ്യതവണ അവര്‍ വിശ്വസിക്കാതിരുന്നത്‌ പോലെത്തന്നെ ( ഇപ്പോഴും ) നാം അവരുടെ മനസ്സുകളെയും കണ്ണുകളെയും മറിച്ചുകൊണ്ടിരിക്കും. അവരുടെ ധിക്കാരവുമായി വിഹരിച്ചുകൊള്ളുവാന്‍ നാം അവരെ വിട്ടേക്കുകയും ചെയ്യും.6-110

ഏതൊരുവനെ അല്ലാഹു പിഴവിലാക്കുന്നുവോ അവനെ നേര്‍വഴിയിലാക്കാന്‍ പിന്നെ ആരുമില്ല. അവരുടെ ധിക്കാരത്തില്‍ അന്ധമായി വിഹരിച്ചുകൊള്ളാന്‍ അല്ലാഹു അവരെ വിട്ടേക്കുന്നതുമാണ്‌ 7-186

ജനങ്ങള്‍ നേട്ടത്തിന്‌ ധൃതികൂട്ടുന്നതു പോലെ അവര്‍ക്ക്‌ ദോഷം വരുത്തുന്ന കാര്യത്തില്‍ അല്ലാഹു ധൃതികൂട്ടുകയായിരുന്നുവെങ്കില്‍ അവരുടെ ജീവിതാവധി അവസാനിപ്പിക്കപ്പെടുക തന്നെ ചെയ്യുമായിരുന്നു. എന്നാല്‍ നമ്മെ കണ്ടുമുട്ടുമെന്ന്‌ പ്രതീക്ഷിക്കാത്തവരെ അവരുടെ ധിക്കാരത്തില്‍ വിഹരിച്ചു കൊള്ളാന്‍ നാം വിടുകയാകുന്നു. 10-11

പിന്നെ അദ്ദേഹത്തിനു ശേഷം പല ദൂതന്‍മാരെയും അവരുടെ ജനതയിലേക്ക്‌ നാം നിയോഗിച്ചു. അങ്ങനെ അവരുടെ അടുത്ത്‌ തെളിവുകളും കൊണ്ട്‌ അവര്‍ ചെന്നു. എന്നാല്‍ മുമ്പ്‌ ഏതൊന്ന്‌ അവര്‍ നിഷേധിച്ചു തള്ളിയോ അതില്‍ അവര്‍ വിശ്വസിക്കുവാന്‍ തയ്യാറുണ്ടായിരുന്നില്ല. അതിക്രമകാരികളുടെ ഹൃദയങ്ങളിന്‍മേല്‍ അപ്രകാരം നാം മുദ്രവെക്കുന്നു. 10-74

അല്ലാഹുവിന്‍റെ കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കുകയാണ്‌ എന്ന്‌ യഹൂദന്‍മാര്‍ പറഞ്ഞു അവരുടെ കൈകള്‍ ബന്ധിതമാകട്ടെ. അവര്‍ പറഞ്ഞ വാക്ക്‌ കാരണം അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു. അല്ല, അവന്‍റെ ഇരു കൈകളും നിവര്‍ത്തപ്പെട്ടവയാകുന്നു. അവന്‍ എങ്ങനെ ഉദ്ദേശിക്കുന്നുവോ അങ്ങനെ ചെലവഴിക്കുന്നു. നിനക്ക്‌ നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ അവതരിപ്പിക്കപ്പെട്ട സന്ദേശം അവരില്‍ അധികം പേര്‍ക്കും ധിക്കാരവും അവിശ്വാസവും വര്‍ദ്ധിപ്പിക്കുക തന്നെ ചെയ്യും. അവര്‍ക്കിടയില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെ ശത്രുതയും വിദ്വേഷവും നാം ഇട്ടുകൊടുത്തിരിക്കുകയാണ്‌. അവര്‍ യുദ്ധത്തിന്‌ തീ കൊളുത്തുമ്പോഴെല്ലാം അല്ലാഹു അത്‌ കെടുത്തിക്കളയുന്നു. അവര്‍ നാട്ടില്‍ കുഴപ്പമുണ്ടാക്കുവാന്‍ വേണ്ടി ശ്രമിക്കുകയാണ്‌. കുഴപ്പക്കാരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല. 5-64

അതില്‍ ( ഖുര്‍ആനില്‍ ) വിശ്വസിക്കുന്ന ചിലര്‍ അവരുടെ കൂട്ടത്തിലുണ്ട്‌. അതില്‍ വിശ്വസിക്കാത്ത ചിലരും അവരുടെ കൂട്ടത്തിലുണ്ട്‌. നിന്‍റെ രക്ഷിതാവ്‌ കുഴപ്പമുണ്ടാക്കുന്നവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനാകുന്നു. 10-40

സത്യവിശ്വാസികളേ, ബഹുദൈവവിശ്വാസികള്‍ അശുദ്ധര്‍ തന്നെയാകുന്നു. അതിനാല്‍ അവര്‍ ഈ കൊല്ലത്തിന്‌ ശേഷം മസ്ജിദുല്‍ ഹറാമിനെ സമീപിക്കരുത്‌. ( അവരുടെ അഭാവത്താല്‍ ) ദാരിദ്ര്യം നേരിടുമെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ അല്ലാഹു അവന്‍റെ അനുഗ്രഹത്താല്‍ അവന്‍ ഉദ്ദേശിക്കുന്ന പക്ഷം നിങ്ങള്‍ക്ക്‌ ഐശ്വര്യം വരുത്തുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്‌. 9-28

അങ്ങനെ അവര്‍ കരാര്‍ ലംഘിച്ചതിന്‍റെ ഫലമായി നാം അവരെ ശപിക്കുകയും, അവരുടെ മനസ്സുകളെ നാം കടുത്തതാക്കിത്തീര്‍ക്കുകയും ചെയ്തു. വേദവാക്യങ്ങളെ അവയുടെ സ്ഥാനങ്ങളില്‍ നിന്ന്‌ അവര്‍ തെറ്റിക്കുന്നു. അവര്‍ക്ക്‌ ഉല്‍ബോധനം നല്‍കപ്പെട്ടതില്‍ ഒരു ഭാഗം അവര്‍ മറന്നുകളയുകയും ചെയ്തു. അവര്‍ - അല്‍പം ചിലരൊഴികെ - നടത്തിക്കൊണ്ടിരിക്കുന്ന വഞ്ചന ( മേലിലും ) നീ കണ്ടുകൊണ്ടിരിക്കും. എന്നാല്‍ അവര്‍ക്ക്‌ നീ മാപ്പുനല്‍കുകയും അവരോട്‌ വിട്ടുവീഴ്ച കാണിക്കുകയും ചെയ്യുക. നല്ല നിലയില്‍ വര്‍ത്തിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടും. 5-13

തീര്‍ച്ചയായും സത്യവിശ്വാസികള്‍ക്ക്‌ വേണ്ടി അല്ലാഹു പ്രതിരോധം ഏര്‍പെടുത്തുന്നതാണ്‌. നന്ദികെട്ട വഞ്ചകരെയൊന്നും അല്ലാഹു ഇഷ്ടപ്പെടുകയില്ല; തീര്‍ച്ച 22-38

ഉസൈര്‍ ( എസ്രാ പ്രവാചകന്‍ ) ദൈവപുത്രനാണെന്ന്‌ യഹൂദന്‍മാര്‍ പറഞ്ഞു. മസീഹ്‌ ( മിശിഹാ ) ദൈവപുത്രനാണെന്ന്‌ ക്രിസ്ത്യാനികളും പറഞ്ഞു. അതവരുടെ വായ കൊണ്ടുള്ള വാക്ക്‌ മാത്രമാണ്‌. മുമ്പ്‌ അവിശ്വസിച്ചവരുടെ വാക്കിനെ അവര്‍ അനുകരിക്കുകയാകുന്നു. അല്ലാഹു അവരെ ശപിച്ചിരിക്കുന്നു എങ്ങനെയാണവര്‍ തെറ്റിക്കപ്പെടുന്നത്‌? 9-30

അല്ലാഹു തന്‍റെദാസന്‍മാരില്‍ നിന്ന്‌ താന്‍ ഇച്ഛിക്കുന്നവരുടെ മേല്‍ തന്‍റെഅനുഗ്രഹം ഇറക്കികൊടുക്കുന്നതിലുള്ള ഈര്‍ഷ്യ നിമിത്തം അല്ലാഹു അവതരിപ്പിച്ച സന്ദേശത്തെ അവിശ്വസിക്കുക വഴി തങ്ങളുടെ ആത്മാക്കളെ വിറ്റുകൊണ്ടവര്‍ വാങ്ങിയ വില എത്ര ചീത്ത! അങ്ങനെ അവര്‍ കോപത്തിനു മേല്‍ കോപത്തിനു പാത്രമായി തീര്‍ന്നു. സത്യനിഷേധികള്‍ക്കത്രെ നിന്ദ്യമായ ശിക്ഷയുള്ളത്‌. 2-90

‍ സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ്‌ വേദക്കാരില്‍ മിക്കവരും ആഗ്രഹിക്കുന്നത്‌. സത്യം വ്യക്തമായി ബോധ്യപ്പെട്ടിട്ടും സ്വാര്‍ത്ഥപരമായ അസൂയ നിമിത്തമാണ്‌ .എന്നാല്‍ ‍ അല്ലാഹു അവന്അല്ലാഹു അവന്റെകല്‍പന കൊണ്ടുവരുന്നത്‌ വരെ നിങ്ങള്‍ പൊറുക്കുകയും ക്ഷമിക്കുകയും ചെയ്യുക. നിസ്സംശയം അല്ലാഹു ഏത്‌ കാര്യത്തിനും കഴിവുള്ളവനത്രെ. 2-109

തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ മതം എന്നാല്‍ ഇസ്ലാമാകുന്നു. വേദഗ്രന്ഥം നല്‍കപ്പെട്ടവര്‍ തങ്ങള്‍ക്ക്‌ ( മതപരമായ ) അറിവ്‌ വന്നുകിട്ടിയ ശേഷം തന്നെയാണ്‌ ഭിന്നിച്ചത്‌. അവര്‍ തമ്മിലുള്ള കക്ഷിമാത്സര്യം നിമിത്തമത്രെ അത്‌. വല്ലവരും അല്ലാഹുവിന്‍റെ തെളിവുകള്‍ നിഷേധിക്കുന്നുവെങ്കില്‍ അല്ലാഹു അതിവേഗം കണക്ക്‌ ചോദിക്കുന്നവനാകുന്നു.3-19

എണ്ണപ്പെട്ട ഏതാനും ദിവസം മാത്രമേ തങ്ങളെ നരകാഗ്നി സ്പര്‍ശിക്കുകയുള്ളൂ എന്ന്‌ അവര്‍ പറഞ്ഞ്‌ കൊണ്ടിരിക്കുന്ന കാരണത്താലാണ്‌ അവരങ്ങനെയായത്‌. അവര്‍ കെട്ടിച്ചമച്ചുണ്ടാക്കിയിരുന്ന വാദങ്ങള്‍ അവരുടെ മതകാര്യത്തില്‍ അവരെ വഞ്ചിതരാക്കിക്കളഞ്ഞു.3-24

എന്നാല്‍ സത്യനിഷേധികള്‍ ദുരഭിമാനത്തിലും കക്ഷി മാത്സര്യത്തിലുമാകുന്നു. 38-2

തീര്‍ച്ചയായും സത്യവിശ്വാസികള്‍ക്ക്‌ വേണ്ടി അല്ലാഹു പ്രതിരോധം ഏര്‍പെടുത്തുന്നതാണ്‌. നന്ദികെട്ട വഞ്ചകരെയൊന്നും അല്ലാഹു ഇഷ്ടപ്പെടുകയില്ല; തീര്‍ച്ച 22-38

അവിശ്വസിച്ചവരാരോ അവര്‍ക്കാണ്‌ നരകാഗ്നി. അവരുടെ മേല്‍ (മരണം) വിധിക്കപ്പെടുന്നതല്ല. എങ്കില്‍ അവര്‍ക്ക്‌ മരിക്കാമായിരുന്നു. അതിലെ ശിക്ഷയില്‍ നിന്ന്‌ ഒട്ടും അവര്‍ക്ക്‌ ഇളവുചെയ്യപ്പെടുകയുമില്ല. അപ്രകാരം എല്ലാ നന്ദികെട്ടവര്‍ക്കും നാം പ്രതിഫലം നല്‍കുന്നു.35-36
തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുക്കല്‍ ജന്തുക്കളില്‍ വെച്ച്‌ ഏറ്റവും മോശപ്പെട്ടവര്‍ സത്യനിഷേധികളാകുന്നു. ആകയാല്‍ അവര്‍ വിശ്വസിക്കുകയില്ല. 8-55

തീര്‍ച്ചയായും വേദക്കാരിലും ബഹുദൈവവിശ്വാസികളിലുംപെട്ട സത്യനിഷേധികള്‍ നരകാഗ്നിയിലാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും . അക്കൂട്ടര്‍ തന്നെയാകുന്നു സൃഷ്ടികളില്‍ മോശപ്പെട്ടവര്‍.98-6 

ആര്‍ക്കെങ്കിലും അല്ലാഹുവോടും അവന്‍റെമലക്കുകളോടും അവന്‍റെദൂതന്‍മാരോടും ജിബ്‌രീലിനോടും മീകാഈലിനോടുമെല്ലാം ശത്രുതയാണെങ്കില്‍ ആ നിഷേധികളുടെ ശത്രുതന്നെയാകുന്നു അല്ലാഹു. 2-98

വല്ല ജനവിഭാഗത്തില്‍ നിന്നും വഞ്ചനയുണ്ടാകുമെന്ന്‌ നീ ഭയപ്പെടുന്ന പക്ഷം തത്തുല്യമായി നീ അവരിലേക്ക്‌ എറിഞ്ഞുകൊടുത്തേക്കുക. തീര്‍ച്ചയായും അല്ലാഹു വഞ്ചകന്‍മാരെ ഇഷ്ടപ്പെടുകയില്ല. 8-58
അതത്രെ അല്ലാഹുവിന്‍റെ ശത്രുക്കള്‍ക്കുള്ള പ്രതിഫലമായ നരകം. അവര്‍ക്ക്‌ അവിടെയാണ്‌ സ്ഥിരവാസത്തിന്നുള്ള വസതി. നമ്മുടെ ദൃഷ്ടാന്തങ്ങളെ അവര്‍ നിഷേധിച്ച്‌ കളഞ്ഞിരുന്നതിനുള്ള പ്രതിഫലമത്രെ അത്‌. 41-28

ഹേ; സത്യവിശ്വാസികളേ, എന്‍റെ ശത്രുവും നിങ്ങളുടെ ശത്രുവും ആയിട്ടുള്ളവരോട്‌ സ്നേഹബന്ധം സ്ഥാപിച്ച്‌ കൊണ്ട്‌ നിങ്ങള്‍ അവരെ മിത്രങ്ങളാക്കി വെക്കരുത്‌. നിങ്ങള്‍ക്കു വന്നുകിട്ടിയിട്ടുള്ള സത്യത്തില്‍ അവര്‍ അവിശ്വസിച്ചിരിക്കുകയാണ്‌. നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവില്‍ വിശ്വസിക്കുന്നതിനാല്‍ റസൂലിനെയും നിങ്ങളെയും അവര്‍ നാട്ടില്‍ നിന്നു പുറത്താക്കുന്നു. എന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യുവാനും എന്‍റെ പ്രീതിതേടുവാനും നിങ്ങള്‍ പുറപ്പെട്ടിരിക്കുകയാണെങ്കില്‍ ( നിങ്ങള്‍ അപ്രകാരം മൈത്രീ ബന്ധം സ്ഥാപിക്കരുത്‌. ) നിങ്ങള്‍ അവരുമായി രഹസ്യമായി സ്നേഹബന്ധം സ്ഥാപിക്കുന്നു. നിങ്ങള്‍ രഹസ്യമാക്കിയതും പരസ്യമാക്കിയതും ഞാന്‍ നല്ലവണ്ണം അറിയുന്നവനാണ്‌. നിങ്ങളില്‍ നിന്ന്‌ വല്ലവനും അപ്രകാരം പ്രവര്‍ത്തിക്കുന്ന പക്ഷം അവന്‍ നേര്‍മാര്‍ഗത്തില്‍ നിന്ന്‌ പിഴച്ചു പോയിരിക്കുന്നു. 60-1

അവര്‍ നിങ്ങളെ കണ്ടുമുട്ടുന്ന പക്ഷം അവര്‍ നിങ്ങള്‍ക്ക്‌ ശത്രുക്കളായിരിക്കും. നിങ്ങളുടെ നേര്‍ക്ക്‌ ദുഷ്ടതയും കൊണ്ട്‌ അവരുടെ കൈകളും നാവുകളും അവര്‍ നീട്ടുകയും നിങ്ങള്‍ അവിശ്വസിച്ചിരുന്നെങ്കില്‍ എന്ന്‌ അവര്‍ ആഗ്രഹിക്കുകയും ചെയ്യും. 60-2

ഓ, റസൂലേ; സത്യനിഷേധത്തിലേക്ക്‌ കുതിച്ചുചെല്ലുന്നവര്‍ ( അവരുടെ പ്രവൃത്തി ) നിനക്ക്‌ ദുഃഖമുണ്ടാക്കാതിരിക്കട്ടെ. അവര്‍ മനസ്സില്‍ വിശ്വാസം കടക്കാതെ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. എന്ന്‌ വായകൊണ്ട്‌ പറയുന്നവരില്‍ പെട്ടവരാകട്ടെ, യഹൂദമതക്കാരില്‍ പെട്ടവരാകട്ടെ, കള്ളം ചെവിയോര്‍ത്ത്‌ കേള്‍ക്കുന്നവരും, നിന്‍റെ അടുത്ത്‌ വരാത്ത മറ്റു ആളുകളുടെ വാക്കുകള്‍ ചെവിയോര്‍ത്തുകേള്‍ക്കുന്നവരുമാണവര്‍. വേദവാക്യങ്ങളെ അവയുടെ സന്ദര്‍ഭങ്ങളില്‍ നിന്നു അവര്‍ മാറ്റിക്കളയുന്നു. അവര്‍ പറയും: ഇതേ വിധി തന്നെയാണ്‌ നിങ്ങള്‍ക്ക്‌ നല്‍കപ്പെടുന്നതെങ്കില്‍ അത്‌ സ്വീകരിക്കുക. അതല്ല നല്‍കപ്പെടുന്നതെങ്കില്‍ നിങ്ങള്‍ സൂക്ഷിച്ച്‌ കൊള്ളുക; വല്ലവന്നും നാശം വരുത്താന്‍ അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം അവന്നു വേണ്ടി അല്ലാഹുവില്‍ നിന്ന്‌ യാതൊന്നും നേടിയെടുക്കാന്‍ നിനക്ക്‌ സാധിക്കുന്നതല്ല. അത്തരക്കാരുടെ മനസ്സുകളെ ശുദ്ധീകരിക്കുവാന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടില്ല. അവര്‍ക്ക്‌ ഇഹലോകത്ത്‌ അപമാനമാണുള്ളത്‌. പരലോകത്ത്‌ അവര്‍ക്ക്‌ കനത്ത ശിക്ഷയുണ്ടായിരിക്കുകയും ചെയ്യും. 5-41

നിങ്ങള്‍ക്ക്‌ വല്ല നേട്ടവും ലഭിക്കുന്ന പക്ഷം അതവര്‍ക്ക്‌ മനഃപ്രയാസമുണ്ടാക്കും. നിങ്ങള്‍ക്ക്‌ വല്ല ദോഷവും നേരിട്ടാല്‍ അവരതില്‍ സന്തോഷിക്കുകയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അവരുടെ കുതന്ത്രം നിങ്ങള്‍ക്കൊരു ഉപദ്രവവും വരുത്തുകയില്ല. തീര്‍ച്ചയായും അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളുടെ എല്ലാവശവും അറിയുന്നവനാകുന്നു. 3-120

തീര്‍ച്ചയായും സത്യനിഷേധികളോട്‌ ഇപ്രകാരം വിളിച്ചുപറയപ്പെടും: നിങ്ങള്‍ വിശ്വാസത്തിലേക്ക്‌ ക്ഷണിക്കപ്പെടുകയും, എന്നിട്ട്‌ നിങ്ങള്‍ അവിശ്വസിക്കുകയും ചെയ്തിരുന്ന സന്ദര്‍ഭത്തില്‍ അല്ലാഹുവിന്‌ ( നിങ്ങളോടുള്ള ) അമര്‍ഷം നിങ്ങള്‍ തമ്മിലുള്ള അമര്‍ഷത്തെക്കാള്‍ വലുതാകുന്നു. 40-10

പറയുക: നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുവിന്‍. ഇനി അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം അല്ലാഹു സത്യനിഷേധികളെ സ്നേഹിക്കുന്നതല്ല; തീര്‍ച്ച. 3-32

തീര്‍ച്ചയായും സത്യവിശ്വാസികള്‍ക്ക്‌ വേണ്ടി അല്ലാഹു പ്രതിരോധം ഏര്‍പെടുത്തുന്നതാണ്‌. നന്ദികെട്ട വഞ്ചകരെയൊന്നും അല്ലാഹു ഇഷ്ടപ്പെടുകയില്ല; തീര്‍ച്ച 22-38

വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക്‌ തന്‍റെ അനുഗ്രഹത്താല്‍ അല്ലാഹു പ്രതിഫലം നല്‍കുന്നതിന്‌ വേണ്ടിയത്രെ അത്‌. സത്യനിഷേധികളെ അവന്‍ ഇഷ്ടപ്പെടുകയില്ല; തീര്‍ച്ച. 30-45

ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ ദിവസത്തിന്‌ മുമ്പായി നാം നശിപ്പിച്ച്‌ കളയുന്നതോ അല്ലെങ്കില്‍ നാം കഠിനമായി ശിക്ഷിക്കുന്നതോ ആയിട്ടല്ലാതെ ഒരു രാജ്യവുമില്ല. അത്‌ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തപ്പെട്ട കാര്യമാകുന്നു. 17-58

ഇവരുടെ മുമ്പ്‌ നാം നശിപ്പിച്ച ഒരു നാട്ടുകാരും വിശ്വസിക്കുകയുണ്ടായില്ല. എന്നിരിക്കെ ഇവര്‍ വിശ്വസിക്കുമോ ? 21-6

അതിനാല്‍ ( ബഹുദൈവവിശ്വാസികളേ, ) നിങ്ങള്‍ നാലുമാസക്കാലം ഭൂമിയില്‍ യഥേഷ്ടം സഞ്ചരിച്ച്‌ കൊള്ളുക. നിങ്ങള്‍ക്ക്‌ അല്ലാഹുവിനെ തോല്‍പിക്കാനാവില്ലെന്നും, സത്യനിഷേധികള്‍ക്കു അല്ലാഹു അപമാനം വരുത്തുന്നതാണെന്നും നിങ്ങള്‍ അറിഞ്ഞിരിക്കുകയും ചെയ്യുക. 9-2

പിന്നെ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവന്‍ അവര്‍ക്ക്‌ അപമാനം വരുത്തുന്നതാണ്‌. എനിക്ക്‌ പങ്കുകാരുണ്ടെന്ന്‌ വാദിച്ച്‌ കൊണ്ടായിരുന്നല്ലോ നിങ്ങള്‍ ചേരി പിരിഞ്ഞ്‌ നിന്നിരുന്നത്‌ അവര്‍ എവിടെ? എന്ന്‌ അവന്‍ ചോദിക്കുകയും ചെയ്യും. അറിവ്‌ നല്‍കപ്പെട്ടവര്‍ പറയും: ഇന്ന്‌ അപമാനവും ശിക്ഷയും സത്യനിഷേധികള്‍ക്കാകുന്നു; തീര്‍ച്ച.16-27 

ഏതൊരാളെ നേര്‍വഴിയിലേക്ക്‌ നയിക്കുവാന്‍ അല്ലാഹു ഉദ്ദേശിക്കുന്നുവോ അവന്‍റെ ഹൃദയത്തെ ഇസ്ലാമിലേക്ക്‌ അവന്‍ തുറന്നുകൊടുക്കുന്നതാണ്‌. ഏതൊരാളെ അല്ലാഹു പിഴവിലാക്കാന്‍ ഉദ്ദേശിക്കുന്നുവോ അവന്‍റെ ഹൃദയത്തെ ഇടുങ്ങിയതും ഞെരുങ്ങിയതുമാക്കിത്തീര്‍ക്കുന്നതാണ്‌. അവന്‍ ആകാശത്തിലൂടെ കയറിപ്പോകുന്നത്‌ പോലെ. വിശ്വസിക്കാത്തവരുടെ മേല്‍ അപ്രകാരം അല്ലാഹു ശിക്ഷ ഏര്‍പെടുത്തുന്നു. 6-125

യാതൊരാള്‍ക്കും അല്ലാഹുവിന്‍റെ അനുമതിപ്രകാരമല്ലാതെ വിശ്വസിക്കാന്‍ കഴിയുന്നതല്ല. ചിന്തിച്ചു മനസ്സിലാക്കാത്തവര്‍ക്ക്‌ അല്ലാഹു നികൃഷ്ടത വരുത്തിവെക്കുന്നതാണ്‌. 10-100

തീര്‍ച്ചയായും നമ്മുടെ തെളിവുകള്‍ നിഷേധിച്ചവരെ നാം നരകത്തിലിട്ട്‌ കരിക്കുന്നതാണ്‌. അവരുടെ തൊലികള്‍ വെന്തുപോകുമ്പോഴെല്ലാം അവര്‍ക്ക്‌ നാം വേറെ തൊലികള്‍ മാറ്റികൊടുക്കുന്നതാണ്‌. അവര്‍ ശിക്ഷ ആസ്വദിച്ചു കൊണ്ടിരിക്കാന്‍ വേണ്ടിയാണത്‌. തീര്‍ച്ചയായും അല്ലാഹു പ്രതാപവാനും യുക്തിമാനുമാകുന്നു. 4-56

പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. അതിനാല്‍ ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ. അക്രമികള്‍ക്ക്‌ നാം നരകാഗ്നി ഒരുക്കി വെച്ചിട്ടുണ്ട്‌. അതിന്‍റെ കൂടാരം അവരെ വലയം ചെയ്തിരിക്കുന്നു. അവര്‍ വെള്ളത്തിനപേക്ഷിക്കുന്ന പക്ഷം ഉരുക്കിയ ലോഹം പോലുള്ള ഒരു വെള്ളമായിരിക്കും. അവര്‍ക്ക്‌ കുടിക്കാന്‍ നല്‍കപ്പെടുന്നത്‌. അത്‌ മുഖങ്ങളെ എരിച്ച്‌ കളയും. വളരെ ദുഷിച്ച പാനീയം തന്നെ. അത്‌ ( നരകം ) വളരെ ദുഷിച്ച വിശ്രമ സ്ഥലം തന്നെ. 18-29

അതെ; അവരുടെ കഴുത്തുകളില്‍ കുരുക്കുകളും ചങ്ങലകളുമായി അവര്‍ വലിച്ചിഴക്കപ്പെടുന്ന സന്ദര്‍ഭം. ചുട്ടുതിളക്കുന്ന വെള്ളത്തിലൂടെ. പിന്നീട്‌ അവര്‍ നരകാഗ്നിയില്‍ എരിക്കപ്പെടുകയും ചെയ്യും. 40-71,72

തങ്ങളുടെ മതത്തെ വിനോദവും കളിയുമാക്കിത്തീര്‍ക്കുകയും, ഐഹികജീവിതം കണ്ടു വഞ്ചിതരാവുകയും ചെയ്തവര്‍ക്ക്‌. അതിനാല്‍ അവരുടെതായ ഈ ദിവസത്തെ കണ്ടുമുട്ടുമെന്നത്‌ അവര്‍ മറന്നുകളഞ്ഞത്‌ പോലെ, നമ്മുടെ ദൃഷ്ടാന്തങ്ങളെ അവര്‍ നിഷേധിച്ചു കളഞ്ഞിരുന്നത്‌ പോലെ ഇന്ന്‌ അവരെ നാം മറന്നുകളയുന്നു. 7-51

സത്യനിഷേധികളുടെ മനസ്സുകളില്‍ നാം ഭയം ഇട്ടുകൊടുക്കുന്നതാണ്‌. അല്ലാഹു യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ലാത്ത വസ്തുക്കളെ അല്ലാഹുവോട്‌ അവര്‍ പങ്കുചേര്‍ത്തതിന്‍റെ ഫലമാണത്‌. നരകമാകുന്നു അവരുടെ സങ്കേതം. അക്രമികളുടെ പാര്‍പ്പിടം എത്രമോശം! 3-151

നിങ്ങളില്‍ നിന്ന്‌ സബ്ത്ത്‌ (ശബ്ബത്ത്‌ ) ദിനത്തില്‍ അതിക്രമം കാണിച്ചവരെ പറ്റി നിങ്ങളറിഞ്ഞിട്ടുണ്ടല്ലോ. അപ്പോള്‍ നാം അവരോട്‌ പറഞ്ഞു: നിങ്ങള്‍ നിന്ദ്യരായ കുരങ്ങന്‍മാരായിത്തീരുക. 2-65

പറയുക: എന്നാല്‍ അല്ലാഹുവിന്‍റെ അടുക്കല്‍ അതിനെക്കാള്‍ മോശമായ പ്രതിഫലമുള്ളവരെ പറ്റി ഞാന്‍ നിങ്ങള്‍ക്ക്‌ അറിയിച്ചുതരട്ടെയോ? ഏതൊരു വിഭാഗത്തെ അല്ലാഹു ശപിക്കുകയും അവരോടവന്‍ കോപിക്കുകയും ചെയ്തുവോ, ഏത്‌ വിഭാഗത്തില്‍ പെട്ടവരെ അല്ലാഹു കുരങ്ങുകളും പന്നികളുമാക്കിത്തീര്‍ത്തുവോ, ഏതൊരു വിഭാഗം ദുര്‍മൂര്‍ത്തികളെ ആരാധിച്ചുവോ അവരത്രെ ഏറ്റവും മോശമായ സ്ഥാനമുള്ളവരും നേര്‍മാര്‍ഗത്തില്‍ നിന്ന്‌ ഏറെ പിഴച്ച്‌ പോയവരും. 5-60

അങ്ങനെ അവരോട്‌ വിലക്കപ്പെട്ടതിന്‍റെ കാര്യത്തിലെല്ലാം അവര്‍ ധിക്കാരം പ്രവര്‍ത്തിച്ചപ്പോള്‍ നാം അവരോട്‌ പറഞ്ഞു: നിങ്ങള്‍ നിന്ദ്യന്‍മാരായ കുരങ്ങന്‍മാരായിക്കൊള്ളുക. 7-166

പറയുക: എന്നാല്‍ അല്ലാഹുവിന്‍റെ അടുക്കല്‍ അതിനെക്കാള്‍ മോശമായ പ്രതിഫലമുള്ളവരെ പറ്റി ഞാന്‍ നിങ്ങള്‍ക്ക്‌ അറിയിച്ചുതരട്ടെയോ? ഏതൊരു വിഭാഗത്തെ അല്ലാഹു ശപിക്കുകയും അവരോടവന്‍ കോപിക്കുകയും ചെയ്തുവോ, ഏത്‌ വിഭാഗത്തില്‍ പെട്ടവരെ അല്ലാഹു കുരങ്ങുകളും പന്നികളുമാക്കിത്തീര്‍ത്തുവോ, ഏതൊരു വിഭാഗം ദുര്‍മൂര്‍ത്തികളെ ആരാധിച്ചുവോ അവരത്രെ ഏറ്റവും മോശമായ സ്ഥാനമുള്ളവരും നേര്‍മാര്‍ഗത്തില്‍ നിന്ന്‌ ഏറെ പിഴച്ച്‌ പോയവരും. 
5-60 

അങ്ങനെ ഒരു കഠോര ശബ്ദം യഥാര്‍ത്ഥമായും അവരെ പിടികൂടി. എന്നിട്ട്‌ നാം അവരെ വെറും ചവറാക്കിക്കളഞ്ഞു. അപ്പോള്‍ അക്രമികളായ ജനങ്ങള്‍ക്ക്‌ നാശം! 23-41

തങ്ങളുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങളിലും അവനുമായി കണ്ടുമുട്ടുന്നതിലും വിശ്വസിക്കാത്തവരത്രെ അവര്‍. അതിനാല്‍ അവരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമായിപ്പോയിരിക്കുന്നു. അതിനാല്‍ നാം അവര്‍ക്ക്‌ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ യാതൊരു തൂക്കവും ( സ്ഥാനവും ) നിലനിര്‍ത്തുകയില്ല. 18-105

2019, ഓഗസ്റ്റ് 28, ബുധനാഴ്‌ച

അടിമസ്ത്രീകളെ ഭോഗിക്കാമോ ?

യുക്തിവാദികള്‍ പ്രചരിപ്പിക്കുന്ന സ്ക്രീന്‍ ഷോട്ട്
അടിമകളുമായി ബന്ധപ്പെട്ട ഒരു വിഷയവും ഇക്കാലത്ത് സജീവമായ ചര്‍ച അര്‍ഹിക്കുന്നതാണ് എന്ന് ഇയ്യുള്ളവനും വിശ്വസിക്കുന്നില്ല. എന്നാല്‍ യുദ്ധവും അടിമത്തവും അതിലൂടെ വരുന്ന അടിമസ്ത്രീകളെ ഉടമപ്പെടുത്തലുമൊക്കെ ഇസ്ലാം വിലക്കാത്തതാണ് എന്നും അതുകൊണ്ട് തന്നെ ഇക്കാലത്ത് ആരെങ്കിലും തിരിച്ച് അപ്രകാരം പ്രവര്‍ത്തിച്ചാല്‍ മുസ്ലികള്‍ അതുകൊണ്ട് രോഷംകൊള്ളേണ്ടതില്ല എന്നൊക്കെയുള്ള വ്യാപകമായ പ്രചാരണമാണ് ഇതുസംബന്ധമായ സൂക്തങ്ങളെ ഇപ്പോഴും ചര്‍ച്ചാവിഷയമാക്കുന്നതിലെ പ്രസക്തിയുണ്ടാക്കുന്നത്.

ഇടക്കാലത്ത് പ്രത്യക്ഷപ്പെട്ട ചില മുസ്ലിം പേരുള്ള യുവയുക്തിവാദികളാണ് തങ്ങള്‍ക്കിഷ്ടപ്പെട്ട വ്യഭിചാരം അരുതെന്ന് പറയാനുള്ള ധാര്‍മികതയൊന്നും ഇസ്ലാമിനില്ല എന്ന് സ്ഥാപിച്ചെടുക്കാന്‍ പ്രവാചക വചനങ്ങളും ഖുര്‍ആനിക സൂക്തങ്ങളും ഉപയോഗിച്ച്. അടിമകളെ ഇഷ്ടാനുസാരം ഭോഗിക്കാന്‍ മുഹമ്മദ് നബി അനുചരന്‍മാര്‍ക്ക് അനുവാദം കൊടുത്തിട്ടുണ്ട്. അദ്ദേഹവും ആ സൗകര്യം വേണ്ടുവോളം ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്ന് പ്രചരിപ്പിക്കുന്നത്. മാത്രമല്ല ഭര്‍ത്താവുള്ള അടിമ സ്ത്രീകളെ പോലും ഭോഗിക്കാന്‍ ഖുര്‍ആന്‍ അനുവാദം നല്‍കിയിട്ടുണ്ട് എന്നതിന് തെളിവായി നാലാമത്തെ അധ്യായമായ സൂറത്തുന്നിസ്സാഇലെ 24ാം സൂക്തം അറബി മൂലം സഹിതം ഫെയ്സ് ബുക്കില്‍ ഇടക്കിടക്ക് പോസ്റ്റിക്കൊണ്ടിരിക്കുന്നു. അതിന്റെ സത്യാവസ്ഥയും യുക്തിവാദികള്‍ കാണിക്കുന്ന കൈക്രിയകളും തുറന്നുകാണിക്കുക എന്നതാണ് ഈ പോസ്റ്റിന്റെ ലക്ഷ്യം.
യുക്തിവാദികള്‍ പഠിക്കേണ്ട ഒരു സൂക്തതവും അതിന്റെ ഖുര്‍ആനിലെ സ്ഥാനവും ആണ് ഈ പോസ്റ്റിലുള്ളത്. മേലിലെങ്കിലും ഈ സൂക്തം പൊക്കി വരുമ്പോള്‍ ഇമോജിയും ലൈക്കും അടിക്കുന്നതിന് മുമ്പ് ചില കാര്യങ്ങല്‍ മനസ്സിലാക്കി വെക്കുന്നത് ഗുണകരമാവും. സൂറത്തുനിസാഇലെ 23 മുതല്‍ 25 വരെയുള്ള സുക്തത്തിനിടക്ക് 24ാം സൂക്തമായിട്ടാണ് ഈ ഗ്രൂപ്പില്‍ ഏറെ ചര്‍ച ചെയ്ത പ്രസ്തുത സൂക്തം വരുന്നത്. വിഷയം ഇസ്ലാമിക അധ്യാപനമനുസരിച്ച് ആരെയൊക്കെ വിവാഹം ചെയ്യാം അരെയൊക്കെ ചെയ്യരുത് എന്നതാണ്. കാര്യങ്ങളിലെല്ലാം അനുവദനീയത എന്നതാണ് ഇസ്ലാമിന്റെ അടിസ്ഥാന തത്വം. എന്തൊക്കെയാണ് നിഷിദ്ധമായത് എന്ന് വ്യക്തമാക്കുകയാണ് ഇസ്ലാം ചെയ്യാറുള്ളത്. നിഷിദ്ധമാക്കാത്തതെല്ലാം അനുവദനീയമാണ് എന്ന് മനസ്സിലാക്കണം. ആ നിലക്ക് തന്നെ വിവാഹ ബന്ധം നിഷിദ്ധമാക്കപ്പെട്ട സ്ത്രീകള്‍ ആരൊക്കെയാണ് എന്ന് വിശദമായി പറയുന്നു ഇവിടെ ഖുര്‍ആന്‍.


സൂക്തങ്ങള്‍ വായിക്കുക.

(23) നിങ്ങളുടെ മാതാക്കളും പെണ്‍മക്കളും പെങ്ങന്‍മാരും പിതൃസഹോദരികളും മാതൃസഹോദരികളും സഹോദര പുത്രിമാരും സഹോദരീ പുത്രിമാരും നിങ്ങള്‍ക്കു മൂലയൂട്ടിയവരായ മാതാക്കളും മുലകുടി ബന്ധത്തിലുള്ള സഹോദരിമാരും നിങ്ങളുടെ ഭാര്യമാരുടെ മാതാക്കളും നിങ്ങളോടൊപ്പം ദാമ്പത്യം പങ്കിട്ട സ്ത്രീകളില്‍ പിറന്നവരും നിങ്ങളുടെ വീടുകളില്‍ വളര്‍ന്നവരുമായ വളര്‍ത്തുപുത്രിമാരും -ഇനി (ആ സ്ത്രീകളെ വിവാഹം ചെയ്യുക മാത്രമേ ചെയ്തിട്ടുള്ളൂ) അവരുമായി ദമ്പതികളായി കഴിഞ്ഞുകൂടിയിട്ടില്ലെങ്കില്‍ (അവരെ ഒഴിവാക്കി അവരുടെ പുത്രിമാരെ വിവാഹം ചെയ്യുന്നതില്‍) കുറ്റമില്ല- സ്വന്തം പുത്രന്മാരുടെ ഭാര്യമാരും നിങ്ങള്‍ക്കു നിരോധിക്കപ്പെട്ടിരിക്കുന്നു. രണ്ടു സഹോദരികളെ ഒരുമിച്ചു ഭാര്യമാരാക്കുന്നതും നിഷിദ്ധമാകുന്നു. എന്നാല്‍, നേരത്തേ കഴിഞ്ഞുപോയതു പോകട്ടെ. നിശ്ചയം അല്ലാഹു മാപ്പരുളുന്നവനും കരുണാവാരിധിയുമല്ലോ .

(24) മറ്റാരെങ്കിലും വിവാഹം ചെയ്തിട്ടുള്ള ഭര്‍ത്തൃമതികളായ സ്ത്രീകളും (മുഹ്‌സ്വനാത്ത്) നിങ്ങള്‍ക്ക് നിഷിദ്ധമാകുന്നു. എന്നാല്‍ (യുദ്ധത്തടവുകാരായി) നിങ്ങളുടെ അധീനത്തില്‍ വന്ന സ്ത്രീകള്‍ അതില്‍നിന്നൊഴിവാകുന്നു. ഇത് നിങ്ങള്‍ അനുസരിക്കാന്‍ കടപ്പെട്ട ദൈവികനിയമമത്രെ. ഇവരല്ലാത്ത സ്ത്രീകളെയെല്ലാം സമ്പത്ത് (വിവാഹമൂല്യം) മുഖേന നിങ്ങള്‍ തേടുന്നത് അനുവദിക്കപ്പെട്ടിരിക്കുന്നു. അവരെ അവിഹിത വേഴ്ചയിലേര്‍പ്പെടാതെ വിവാഹത്തിന്റെ സുരക്ഷിതത്വത്തില്‍ സൂക്ഷിക്കണമെന്നു നിബന്ധനയുണ്ട്. അവരുമായി ദാമ്പത്യസുഖം പങ്കിടുന്നവര്‍ അവര്‍ക്കുള്ള വിവാഹമൂല്യം നിര്‍ബന്ധമായിത്തന്നെ നല്‍കേണ്ടതാകുന്നു. വിവാഹമൂല്യം നിര്‍ണയിച്ചശേഷം ഉഭയസമ്മതത്തോടെ വല്ല വിട്ടുവീഴ്ചയും ചെയ്യുന്നതില്‍ തെറ്റൊന്നുമില്ല. നിശ്ചയം അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമാകുന്നു.

(25) നിങ്ങളില്‍ ആര്‍ക്കെങ്കിലും വിശ്വാസിനികളായ കുലസ്ത്രീകളെ (മുഹ്‌സ്വനാത്ത്) വിവാഹം ചെയ്യാന്‍ സാമ്പത്തികശേഷിയില്ലാതെ വന്നാല്‍, നിങ്ങളുടെ അധീനതയിലുള്ള വിശ്വാസിനികളായ യുവതികളെ വേട്ടുകൊള്ളുക. നിങ്ങളുടെ വിശ്വാസത്തിന്റെ അവസ്ഥ ഏറ്റം അറിയുന്നവനത്രെ അല്ലാഹു. നിങ്ങളെല്ലാവരും ഒരേ വിഭാഗത്തില്‍പെട്ട ജനങ്ങളാണല്ലോ. അതിനാല്‍, അവരുടെ രക്ഷാധികാരികളുടെ അനുമതിയോടെ നിങ്ങള്‍ അവരെ വിവാഹം ചെയ്തുകൊള്ളുക. അവര്‍ക്കു ന്യായമായ വിവാഹമൂല്യം നല്‍കുകയും ചെയ്യുക; അവര്‍ ദാമ്പത്യത്തിന്റെ പരിധിയില്‍ സുരക്ഷിതര്‍ (മുഹ്‌സ്വനാത്ത്) ആയിരിക്കുന്നതിനും അവിഹിതവേഴ്ചകളിലേര്‍പ്പെടാതിരിക്കുന്നതിനും ജാരന്മാരെ സ്വീകരിക്കാതിരിക്കുന്നതിനും വേണ്ടി. ദാമ്പത്യത്തിന്റെ പരിധിയില്‍ സുരക്ഷിതരായശേഷം ദുര്‍നടപ്പിലേര്‍പ്പെടുന്നവര്‍ക്ക് കുലസ്ത്രീകള്‍ക്ക് (മുഹ്‌സ്വനാത്ത്) നിശ്ചയിക്കപ്പെട്ടിട്ടുള്ള ശിക്ഷയുടെ പകുതി ശിക്ഷ നല്‍കപ്പെടേണ്ടതാകുന്നു. ഈ ഇളവ് നിങ്ങളില്‍, കല്യാണം കഴിച്ചില്ലെങ്കില്‍ അനാശാസ്യ നടപടിയിലേക്കു വഴുതിപ്പോകുമെന്ന് ഭയപ്പെടുന്ന ആളുകള്‍ക്കു വേണ്ടിയുള്ളതത്രെ. എന്നാല്‍, നിങ്ങള്‍ ക്ഷമിക്കുന്നുവെങ്കില്‍, അതാണ് ഏറ്റം ഗുണകരം. അല്ലാഹു പൊറുക്കുന്നവനും ദയാപരനുമല്ലോ.



പ്രിയ യുക്തിവാദികളേ, വിമര്‍ശകരേ ഈ സൂക്തങ്ങളില്‍ നിങ്ങള്‍ മാപ്പിലപ്പേരുള്ള യുക്തിവാദികള്‍ നിരന്തരം ഈ ഗ്രൂപില്‍ പോസ്റ്റ് ചെയ്യുന്ന സൂക്തം കണ്ടല്ലോ.

ഇനി അതിന് നേരത്തെ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ എഴുതിയ വ്യാഖ്യാനം കൂടി വായിക്കുക. എന്നിട്ടും അത് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ് എന്ന് തോന്നുന്നെങ്കില്‍ അതുസംബന്ധമായി ചര്‍ചയാകാം.

പ്രസ്തുത സൂക്തത്തിന്റെ (24) വ്യഖ്യാനം.

[[[ 'യുദ്ധത്തില്‍ പിടിക്കപ്പെട്ട സ്ത്രീകളുടെ അമുസ്‌ലിം ഭര്‍ത്താക്കള്‍ 'ദാറുല്‍ ഹര്‍ബി'ല്‍ (ശത്രുരാജ്യത്ത്) താമസിക്കുന്നുണ്ടെങ്കിലും ആ സ്ത്രീകളെ സ്വീകരിക്കുന്നത് ഹറാമല്ല. കാരണം, ശത്രുരാജ്യത്തില്‍നിന്ന് ഇസ്‌ലാമിക രാഷ്ട്രത്തിലേക്ക് അവര്‍ വരുന്നതുകൊണ്ട് ആ വിവാഹം ദുര്‍ബലപ്പെട്ടിരിക്കുന്നു. അത്തരം സ്ത്രീകളെ വിവാഹം കഴിക്കാവുന്നതാണ്. ഇപ്പോള്‍ ആരുടെ ഉടമയില്‍ അവര്‍ സ്ഥിതിചെയ്യുന്നുവോ അയാള്‍ക്ക് അവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാവുന്നതാണ്. ഇനി ഭാര്യാഭര്‍ത്താക്കള്‍ ഒപ്പം പിടിക്കപ്പെടുന്ന പക്ഷം അവരുടെ വിധി എന്തെന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ പക്ഷാന്തരമുണ്ട്. അവരുടെ പൂര്‍വ ബന്ധം പിന്നെയും അവശേഷിക്കുമെന്നാണ് ഇമാം അബൂഹനീഫയുടെയും ശിഷ്യന്മാരുടെയും അഭിപ്രായം. ഇമാം മാലിക്കും ഇമാം ശാഫിഈയും പറയുന്നത് ആ ബന്ധം ദുര്‍ബലപ്പെടുമെന്നാണ്. അടിമസ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതു സംബന്ധിച്ച് ജനഹൃദയങ്ങളില്‍ ഒട്ടുവളരെ തെറ്റുധാരണകള്‍ സ്ഥലംപിടിച്ചിട്ടുണ്ട്. അതിനാല്‍, താഴെ പറയുന്ന സംഗതികള്‍ ഇവിടെ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്:

i) സ്ത്രീകള്‍ യുദ്ധത്തില്‍ ബന്ധനസ്ഥരാക്കപ്പെടുന്നതോടെ പട്ടാളക്കാര്‍ക്ക് അവരെ ഭോഗിക്കാന്‍ പാടുള്ളതല്ല. അവരെ ഗവണ്‍മെന്റിന്റെ വശം ഏല്‍പിക്കണം; ഗവണ്‍മെന്റിന് അവരെ വിട്ടയക്കുകയോ, പിഴ വാങ്ങി മോചിപ്പിക്കുകയോ, ശത്രുക്കളുടെ ബന്ധനത്തിലുള്ള മുസ്‌ലിം ഭടന്മാര്‍ക്ക് പകരമായി കൈമാറുകയോ ചെയ്യാന്‍ അധികാരമുണ്ട്. അതുപോലെ ഗവണ്‍മെന്റിനു പട്ടാളക്കാര്‍ക്കിടയില്‍ അവരെ വിഭജിച്ചുകൊടുക്കാവുന്നതുമാണ്. ഇങ്ങനെ വിഭജിക്കുക വഴി, ഗവണ്‍മെന്റില്‍നിന്നു നിയമാനുസാരം ഉടമപ്പെടുന്ന സ്ത്രീകളെ മാത്രമേ ഒരു പടയാളിക്ക് ഭോഗിക്കാന്‍ പാടുള്ളൂ.

ii) ഇപ്രകാരം ഒരാളുടെ ഉടമയില്‍വരുന്ന സ്ത്രീയുമായി സമ്പര്‍ക്കം പുലര്‍ത്തണമെങ്കില്‍ അവള്‍ക്ക് ഒരു പ്രാവശ്യം ആര്‍ത്തവശുദ്ധി വരുകയും അവള്‍ ഗര്‍ഭിണിയല്ലെന്നുറപ്പാവുകയും വേണം. അതിനുമുമ്പ് അവളുമായി സമ്പര്‍ക്കം ഹറാമാണ്. ഗര്‍ഭിണിയാണെങ്കില്‍ പ്രസവം കഴിഞ്ഞു ശുദ്ധിയാവുന്നതുവരെ സംസര്‍ഗം പാടില്ല.

iii) യുദ്ധത്തില്‍ ബന്ധനസ്ഥകളാകുന്ന സ്ത്രീകളുമായി ലൈംഗികബന്ധം പുലര്‍ത്തുന്നതിന് അവര്‍ വേദക്കാരായിരിക്കണമെന്ന് ഉപാധിയൊന്നുമില്ല. അവരുടെ മതം എന്തുതന്നെയായാലും ശരി, നിയമാനുസാരം വിഭജിച്ചുകിട്ടിയ ആള്‍ക്ക് അവരുമായി ബന്ധം പുലര്‍ത്താവുന്നതാണ്.

iv) ഒരു സ്ത്രീ ഏതൊരുത്തന്റെ അവകാശത്തില്‍ വന്നിട്ടുണ്ടോ അവനു മാത്രമേ അവളെ ഭോഗിക്കാന്‍ പാടുള്ളൂ. മറ്റൊരാള്‍ക്കും അവളുടെ മേല്‍ കൈവയ്ക്കാന്‍ അവകാശമില്ല. അവള്‍ക്കുണ്ടാകുന്ന സന്തതികള്‍ അയാളുടെ നിയമാനുസൃത സന്താനങ്ങളായി പരിഗണിക്കപ്പെടും. സ്വന്തം മക്കളെന്ന നിലക്ക്, ഇവര്‍ക്കും കുലീനയില്‍ ജനിച്ച സന്തതികള്‍ക്കുള്ള നിയമപരമായ അവകാശങ്ങളെല്ലാം ശരീഅത്ത് നിശ്ചയിച്ചിട്ടുണ്ട്. സന്താനമുണ്ടായാല്‍ പിന്നെ അവളെ കൈമാറാന്‍ പാടില്ല. യജമാനന്‍ മരിക്കുന്നതോടെ അവള്‍ സ്വയം സ്വതന്ത്രയാവുകയും ചെയ്യും.

v) മേല്‍പറഞ്ഞ വിധം ഒരാളുടെ അധീനത്തില്‍ വരുന്ന സ്ത്രീയെ വേറൊരാള്‍ക്ക് കല്യാണം കഴിച്ചു കൊടുക്കാവുന്നതാണ്. അങ്ങനെ കല്യാണം നടന്നാല്‍ പിന്നെ യജമാനന് അവളുമായി യാതൊരു ലൈംഗികബന്ധവും പാടില്ല. മറ്റു പരിചരണങ്ങളെല്ലാമാവാം.

vi) ഭാര്യമാരുടെ സംഖ്യ നാലില്‍ പരിമിതമാക്കിയതുപോലെ ദാസിമാരുടെ സംഖ്യക്കു ശരീഅത്ത് പരിധി നിശ്ചയിച്ചിട്ടില്ല. എന്നാല്‍, പലരും തെറ്റിദ്ധരിക്കുംപോലെ, പണക്കാര്‍ക്ക് എത്ര വേണമെങ്കിലും വെപ്പാട്ടികളെ വെച്ചു തങ്ങളുടെ ഗൃഹത്തെ സുഖലോലുപതയുടെ കേന്ദ്രമാക്കാന്‍ അനുവദിക്കലല്ല ശരീഅത്തിന്റെ ഉദ്ദേശ്യം; മറിച്ച്, യുദ്ധത്തിന്റെ പരിതോവസ്ഥകള്‍ക്കു നിര്‍ണയമില്ലാത്തതിനാല്‍ ഈ വിഷയത്തില്‍ ഒരു പരിധി നിര്‍ണയിക്കാന്‍ കഴിയാത്തതാണതിനു കാരണം.

vii) മറ്റെല്ലാ ഉടമാവകാശങ്ങളെയും പോലെ ഒരാള്‍ക്കു നിയമാനുസൃതമായി ഗവണ്‍മെന്റ് നല്‍കിയ യുദ്ധത്തടവുകാരുടെ മേലുള്ള ഉടമാവകാശവും കൈമാറ്റം ചെയ്യാവുന്നതാണ്.

viii) വിവാഹം ഒരു നിയമാനുസൃത നടപടിയായതുപോലെത്തന്നെയാണ് ഗവണ്‍മെന്റില്‍നിന്നു നിയമാനുസാരം നല്‍കപ്പെട്ട ഈ ഉടമാവകാശവും. അതുകൊണ്ട് വൈവാഹിക ബന്ധത്തില്‍ ഒരാള്‍ക്കും അവജ്ഞ തോന്നാത്ത സ്ഥിതിക്ക്, ഗവണ്‍മെന്റില്‍നിന്ന് നല്‍കപ്പെട്ട ദാസിമാരെ ഭോഗിക്കുന്ന വിഷയത്തില്‍ മാത്രം ഒരനാശാസ്യത തോന്നാന്‍ യുക്തിപൂര്‍വകമായ ഒരു ന്യായവുമില്ല.

ix) യുദ്ധത്തടവുകാരില്‍ വല്ല സ്ത്രീയേയും ഒരാള്‍ക്ക് ഉടമപ്പെടുത്തിക്കൊടുത്തതിനു ശേഷം അവളെ തിരിച്ചുവാങ്ങാന്‍ ഗവണ്‍മെന്റിനു ഒരധികാരവുമില്ല; ഒരു സ്ത്രീയുടെ രക്ഷാകര്‍ത്താവ് അവളെ ഒരാള്‍ക്ക് വിവാഹം ചെയ്തുകൊടുത്തതുപോലെത്തന്നെ. അങ്ങനെ, വിവാഹം ചെയ്തുകൊടുത്ത ശേഷം അവളെ തിരിച്ചുവാങ്ങാന്‍ രക്ഷാകര്‍ത്താവിന് ഒരവകാശവുമില്ല.

x) വല്ല സേനാധിപതിയും വെറും താല്‍ക്കാലികമായി തന്റെ പട്ടാളക്കാര്‍ക്ക് ബന്ധനസ്ഥരായ സ്ത്രീകളുമായി ലൈംഗികവേഴ്ച നടത്താന്‍ അനുവാദം കൊടുക്കുന്നപക്ഷം അത് ഇസ്‌ലാമിക നിയമപ്രകാരം കേവലം നിഷിദ്ധമായ നടപടിയാണ്. അതും വ്യഭിചാരവും തമ്മില്‍ ഒരു വ്യത്യാസവുമില്ല. വ്യഭിചാരമാകട്ടെ, ഇസ്‌ലാമിക നിയമപ്രകാരം ശിക്ഷാര്‍ഹമായ ക്രിമിനല്‍ കുറ്റവുമാണല്ലോ. ']]]
(ഉദ്ധരണം തഫ്ഹീമുല്‍ ഖുര്‍ആനില്‍ നിന്ന് )

യുക്തിവാദിക്ക് സ്ഥാപിച്ചുകിട്ടേണ്ടത് ഇസ്ലാം എത്രമാത്രം അധാര്‍മിക ഉള്‍ക്കൊള്ളുന്ന ഒരു മതമാണ് എന്ന വാദമാണ്. 1400 വര്‍ഷം മുമ്പ് യുദ്ധത്തടവുകാരെ അടിമകളായി പിടിക്കുകയും അവരുടെ കാര്യത്തില്‍ യാതൊരു നിയമമോ വ്യവസ്ഥയോ ഇല്ലാതിരിക്കുകയും ചെയ്യുന്ന കാലത്താണ് ഈ വിഷയത്തില്‍ ഇസ്ലാം ഇത്രയും യുക്തിഭദ്രമായ നിര്‍ദ്ദേശങ്ങള്‍ നല്‍ക്കുന്നത് എന്നത് ശ്രദ്ധിക്കണം. മനുഷ്യര്‍ക്കിടയില്‍ ജന്മംകൊണ്ട് ജാതിനിശ്ചയിക്കുകയും അവര്‍ക്കിടയില്‍ ഉയര്‍ന്ന വിഭാഗങ്ങളുടെ സൗകര്യങ്ങളും സുഖങ്ങളും മാത്രം നോക്കി സംബന്ധവും അതുമായി ബന്ധപ്പെട്ട അനാചാരങ്ങളും ഇയ്യടുത്തകാലത്താണ് ഇല്ലാതായി പോയത് എന്ന വസ്തുതകൂടി നാം കണക്കിലെടുക്കുമ്പോഴാണ്. ആരെ വിവാഹം ചെയ്യണം ആരെ ചെയ്യരുത് എന്ന കണിശമായ ഈ നിയമത്തിന്റെ വില നമുക്ക് മനസ്സിലാക്കാനാവൂ.

ഇസ്ലാം എന്നത് ആറാം നൂറ്റാണ്ടിലെ ഗോത്രസംസ്കാരം പേറുന്ന മതമല്ല. ലോകത്തിന്  പതിനാല് നൂറ്റാണ്ട് മുമ്പില്‍ നടന്ന ഒരു ജീവിതദര്‍ശനമാണ് എന്നതാണ് നേര്. അത് മുഴുവന്‍ മനുഷ്യരുടേതുമാണ്. ഈ വിജ്ഞാനങ്ങളെല്ലാം കിട്ടിയിട്ടും വിവാഹം കഴിച്ചുവെന്നതുകൊണ്ട് അത് ഏത് രൂപത്തില്‍ വേര്‍പ്പെട്ടാലും അതിന് പുരുഷന്‍ ശിക്ഷിക്കപ്പെട്ടേ മതിയാകൂ എന്ന രൂപത്തില്‍ ഇപ്പോഴും നിയമം നിര്‍മിക്കുന്ന ആധുനിക മനുഷ്യന്റെ വിവരക്കേടും നാം ഈ സന്ദര്‍ഭത്തില്‍ ഓര്‍ത്തുനോക്കേണ്ടതുണ്ട്.

2019, ഓഗസ്റ്റ് 26, തിങ്കളാഴ്‌ച

ഖുര്‍ആന്‍ ഒരു ജബ്രയേയും വെല്ലുവിളിക്കുന്നില്ല.



ഇയ്യിടെയായി ഇസ്ലാം വിമര്‍ശനം നടത്തുന്ന യുക്തിവാദികള്‍ (ജബ്രകള്‍ എന്നാണ് അവരെ പൊതുവെ ഓണ്‍ലൈനില്‍ വിളിക്കുന്നത്) ഏറ്റവും കൂടുതല്‍ സമയം ചര്‍ച ചെയ്യുന്നത് ഖുര്‍ആന്റെ വെല്ലുവിളിയെക്കുറിച്ചാണ്. ഇന്ന് കണ്ട ഒരു പോസ്റ്റാണ് മുകളിലെ സ്ക്രീന്‍ ഷോട്ടിലുള്ളത്.  അല്ലാഹുവുമായുള്ള ഒരു സാഹിത്യമത്സരത്തിനു ഞാന്‍ തയ്യാറാണ് എന്ന് പറഞ്ഞ് ഇ.എ.ജബ്ബാര്‍ മുന്നോട്ട് വന്നിരിക്കുന്നു. എന്നാല്‍ അദ്ദേഹം ചില നിബന്ധനകള്‍ വെക്കുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ അല്ലാഹുവിന്റെയോ ജബ്ബാറിന്റെയോ പക്ഷത്ത് നില്‍ക്കാത്ത ഒരാളായിരിക്കണം ജഡ്‍ജി എന്നതാണ് പ്രധാന നിബന്ധന. അത്തരക്കാരെ കിട്ടാന്‍ പ്രയാസമൊന്നുമില്ല. മിക്കവാറും ഇ.എ. ജബ്ബാറുമായി യോജിക്കാനാവാത്ത യുക്തിവാദികളിലാരെങ്കിലും നിര്‍ത്തിയാല്‍ മതിയാകും. എനിക്ക് തോന്നുന്നത് എം.എന്‍. കാരശേരി മാഷ് അതിന് യോഗ്യനാണ്. പക്ഷെ പ്രശ്നമതല്ല. അങ്ങനെ ഒരു വെല്ലുവിളി ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ടോ എന്നതാണ്. ഇല്ല എന്നാണ് എന്റെ ചെറിയ അന്വേഷണത്തില്‍ എനിക്ക് ലഭിച്ച ഉത്തരം. (ഞാന്‍ വെല്ലുവിളി സ്വീകരിക്കാന്‍ മുന്നോട്ട് വന്നപ്പോള്‍ വെല്ലുവിളി പിന്‍വലിച്ചുവെന്ന വങ്കത്തം ജബ്ബാര്‍ പറയില്ലെന്ന് പ്രതീക്ഷിക്കട്ടെ) വിശദീകരിക്കാം. അതിന് മുമ്പ് ഇതുസംബന്ധമായി വന്ന ചില ഖുര്‍ആന്‍ സൂക്തങ്ങള്‍ വായിക്കാം.
'ഇത് മുഹമ്മദ് സ്വയം കെട്ടിച്ചമച്ചുണ്ടാക്കിയതാണെന്നാണോ അവര് ഇപ്പോഴും പറയുന്നത്? എങ്കില് നീ പറഞ്ഞേക്കുക. നിങ്ങള് സത്യമാണ് പറയുന്നതെങ്കില് ഇതുപോലെ ഒരു പത്ത് അധ്യായമെങ്കിലും നിര്മിച്ച് കൊണ്ടുവരുക...'
(ഖുർആൻ: 11:14).

‘ഈ ഖുര്ആന്, അല്ലാഹുവിന്റെ ബോധനം കൂടാതെ ആര്ക്കും നിര്മിച്ചുണ്ടാക്കാന് കഴിയുന്ന ഒന്നല്ല. ഇതിനുമുമ്പുള്ള വേദഗ്രന്ഥങ്ങളെ സത്യപ്പെടുത്തുന്നതും ദൈവികവചനങ്ങളുടെ വിശദീകരണവുമാണിത്.
അതില് സംശയത്തിനവകാശമേയില്ല, ഇത് സര്വലോക രക്ഷിതാവില്നിന്നുള്ളതു തന്നെയാണ്. ഇത് മുഹമ്മദ് കെട്ടിച്ചമച്ചുണ്ടാക്കിയതെന്നാണോ അവരുടെ വാദം? നീ പറഞ്ഞുകൊടുക്കുക. സത്യമാണ് നിങ്ങള് പറയുന്നതെങ്കില് ഇതുപോലുള്ള ഒരൊറ്റ അധ്യായമെങ്കിലും നിങ്ങള് കൊണ്ടുവരൂ...'
(ഖുർആൻ 10: 37-39).

'അതല്ല, ഈ ഖുര്ആന് മുഹമ്മദ് സ്വയം കെട്ടിയുണ്ടാക്കി എന്നാണോ അവര് പറയുന്നത് ? എന്നാല്, അവര് വിശ്വസിക്കാന് തയാറല്ല എന്നതാണ് വസ്തുത. എങ്കില് പിന്നെ അവര് സത്യമാണ് പറയുന്നതെങ്കില് ഇതുപോലുള്ള ഒരു വചനം കൊണ്ടുവരട്ടെ'.
(ഖുർആൻ: 52:34).



"വാസ്തവത്തില് നിനക്ക് ഈ ബോധനം ലഭിച്ചത് നിന്െറ നാഥന്െറ അപാരമായ കരുണകൊണ്ടുമാത്രമാണ്. തീര്ച്ചയായും നിന്നോടവന് കാണിച്ച ഒൗദാര്യം വളരെ മഹത്തരമാണ്. പറയുക, ഇതുപോലൊരു ഖുര്ആന് കൊണ്ടുവരാന് മനുഷ്യനും ജിന്നുകളും ഒരുമിച്ച് ശ്രമിച്ചാലും സാധ്യമല്ല. അവര് പരസ്പരം എത്രതന്നെ സഹായിച്ചാലും ശരി".
(ഖുർആൻ : 17 : 88).


നാം നമ്മുടെ ദാസന് അവതരിപ്പിച്ചിട്ടുള്ള ഈ വേദം നമ്മില്‍നിന്നുള്ളത് തന്നെയോ എന്ന് സംശയിക്കുന്നുവെങ്കില്‍ , അതുപോലുള്ള ഒരധ്യായം നിങ്ങള്‍ രചിച്ചുകൊണ്ടുവരുവീന്‍, അതിന് അല്ലാഹുവിനെകൂടാതെയുള്ള സഹായികളുടെയെല്ലാം സഹായം തേടിക്കൊള്ളുക, നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍.

നിങ്ങളങ്ങനെ ചെയ്യുന്നില്ലെങ്കില്‍ -ഒരിക്കലും നിങ്ങള്‍ക്കത് ചെയ്യാന്‍ കഴിയില്ല - മനുഷ്യരും കല്ലുകളും വിറകായിട്ടുള്ള നരാകാഗ്നിയെ കാത്തുകൊള്ളുക.  സത്യനിഷേധികള്‍ക്കായി സജ്ജീകരിക്കപ്പെട്ടിട്ടുള്ളതത്രെ അത്. (ഖുര്‍ആന്‍ , 2:23,24)

ഇത് ദൈവത്തില്‍നിന്ന് അവതരിപ്പിക്കപ്പെട്ടതാണ് എന്ന് അവകാശപ്പെടുന്ന നിലവിലെ ഏക വേദഗ്രന്ഥമാണ് ഖുര്‍ആന്‍. (അല്ല എന്ന് വാദമുള്ളവര്‍ നിലവിലെ വേദഗ്രന്ഥങ്ങളായി അറിയപ്പെടുന്ന ഗ്രന്ഥങ്ങളില്‍നിന്ന് വചനങ്ങള്‍ കൊണ്ടുവന്നാല്‍ ഈ വാദം പിന്‍വലിക്കുന്നതാണ്). എന്നാല്‍ എക്കാലത്തെയും അവിശ്വാസികളെ പോലെ തന്നെ ഇത് ദൈവത്തില്‍നിന്നുള്ളതാണ് എന്നംഗീകരിക്കാന്‍ അറേബ്യയിലുള്ള മുസ്ലിംകള്‍ തയ്യാറായില്ല. ഇത് ഒരു മനുഷ്യന്‍ പറഞ്ഞുകൊടുത്തത് മുഹമ്മദ് ഉരുവിടുകയാണ് എന്നായിരുന്നു അവരുടെ വാദം. അന്നത്തെ അറബികളാകട്ടെ സാഹിത്യത്തിലും കവിതയിലും അഗ്രഗണ്യരായിരുന്നു. തത്വജ്ഞാനത്തിലും നിപുണരായവര്‍ അവരുടെ കൂട്ടത്തിലുണ്ടായിരുന്നു. എന്നാല്‍ മുഹമ്മദ് നബി 40 വയസ്സുവരെ ഇത്തരം മേഖലകളില്‍ അറിയപ്പെട്ടയാളോ എഴുത്തും വായനയും അറിയുന്ന വ്യക്തിയോ ആയിരുന്നില്ല. അതുകൊണ്ട് അവരോട് ഖുര്‍ആന്‍ പറഞ്ഞു. നിങ്ങള്‍ പറയുന്ന വാദത്തില്‍ സത്യസന്ധരാണ് എന്ന അഭിപ്രായം ഉണ്ടെങ്കില്‍ അതുപോലുള്ള ഒരധ്യായം കൊണ്ടുവരിക. ആരെങ്കിലും ഒറ്റക്ക് വേണ്ട ഏതൊരാളുടെയും സഹായം നിങ്ങള്‍ക്ക് തേടാം. ഇനി നിങ്ങള്‍ക്കതിന് കഴിയുന്നില്ലെങ്കില്‍ ഇനിയൊരിക്കലും അതുപോലുള്ളത് കൊണ്ടുവരാന്‍ സത്യനിഷേധികള്‍ക്ക് സാധിക്കുകയേ ഇല്ല. അല്‍ ബഖറ എന്ന അധ്യായത്തില്‍ അഥവാ ഖുര്‍ആന്‍ അവതരിച്ചു തുടങ്ങി പതിമൂന്ന് വര്‍ഷത്തിന് ശേഷമാണ് ഖുര്‍ആന്‍ ഇങ്ങനെ പറഞ്ഞത്. അതിന് മുമ്പ് മക്കയില്‍ വെച്ച് പലതവണ അവതരിച്ച സൂക്തങ്ങള്‍ മുകളില്‍ നല്‍കിയിട്ടുണ്ട്. പക്ഷെ പ്രമുഖരായ സാഹിത്യകാരന്‍മാരും കവികളും പരാജയപ്പെടുകയാണുണ്ടായത്. ഇപ്പോള്‍ യുക്തിവാദികള്‍ പറയുന്നത് ഇങ്ങനെയാണ്.

Abdul Kader പറഞ്ഞു: അക്കാലത്തും പിന്നീടും ഈ വെല്ലുവിളി സ്വീകരിച്ച് പലരും എഴുതീട്ടുണ്ട്. മൂല്യനിർണയം നടത്തി മാർക്കിടുകയല്ല നബി ചെയ്തത് സ്വഹാബികളെ പറഞ്ഞയച്ച് തല വെട്ടുകയായിരുന്നു !

മക്കയില്‍ വെച്ചാണ് ഇതിലെ ഒട്ടുമിക്ക സൂക്തങ്ങളും അവതരിച്ചത്. അന്നൊന്നും ആരുടെയും തലവെട്ടാനുള്ള ശക്തി ഇസ്ലാം വിശ്വാസികള്‍ക്ക് ഉണ്ടായിരുന്നില്ല. അഥവാ ഉണ്ടായിരുന്നെങ്കിലും അതിന് അനുവാദം നല്‍കപ്പെട്ടിരുന്നില്ല. അന്നവര്‍ക്ക് ചെയ്യാമായിരുന്നു. അത് മാത്രമല്ല. മദീനയില്‍ വെച്ച് ആ സൂക്തം ആവര്‍ത്തിച്ചപ്പോഴും ഇസ്ലാം ആരെയും കൈകാര്യം ചെയ്തിരുന്നില്ല. ഇസ്ലാമിക വ്യവസ്ഥിതി പൂര്‍ണമായി നിലവില്‍വരികയും ചില യുദ്ധകുറ്റവാളികള്‍ക്ക് ശിക്ഷനല്‍കുകയും ചെയ്ത കൂട്ടത്തില്‍ ചില കവികളും ഉണ്ടായിരുന്നുവെന്നതാണ് ചിലരുടെ ഇക്കാര്യത്തിലെ തുരുപ്പ് ശീട്ട്. അതാകട്ടെ മദീനകാലഘട്ടത്തിലെ അവസാന വര്‍ഷങ്ങളിലാണ്. അവര്‍ ശിക്ഷിക്കപ്പെട്ടത് ഖുര്‍ആന്‍ തുല്യം രചന നടത്താന്‍ ശ്രമിച്ചതിന്റെ പേരിലല്ല. മക്കയില്‍വെച്ചു് ചിലരതിന് ശ്രമിച്ചപ്പോള്‍ അവര്‍ക്ക് എന്താണ് സംഭവിച്ചത് എന്ന് ഇതേ ബ്ലോഗില്‍ നേരത്തെ പറഞ്ഞുകഴിഞ്ഞിട്ടുണ്ട്.

ചുരുക്കത്തില്‍ ഖുര്‍ആന്‍ വെല്ലുവിളിച്ചത് ഭീഷണിക്കു് മുമ്പിലോ മലയാളത്തിലോ ഇംഗ്ലീഷിലോ അറബിയിലോ ഏതെങ്കിലും സാഹിത്യമുല്യമുള്ളതോ വൈജ്ഞാനിക മൂല്യമുള്ളതോ എഴുതിനോക്കുകുക പോലും ചെയ്യാത്ത ജബ്ബാറിനെ പോലുള്ളവരെയല്ല. മറിച്ച് അന്നത്തെ അറബികളെ മാത്രമാണ്. അവര്‍ക്കതിന് സാധിച്ചില്ലെങ്കില്‍ ഇന് അന്ത്യദിനം വരെ അതിന് ആര്‍ക്കും സാധ്യമല്ലെന്ന പ്രഖ്യാപനമാണ് മദീനയില്‍ വെച്ച് ഖുര്‍ആനിലൂടെ അല്ലാഹു നടത്തിയത്. ഇനി വെല്ലുവിളിയില്ല. വേണമെങ്കില്‍. ഇതുപോലെ ഒരു ഖുര്‍ആന്‍ ആര്‍ക്കും കൊണ്ടുവരാന്‍ സാധ്യമല്ലെന്ന പ്രഖ്യാപനം വെല്ലുവിളിയായി സ്വയം ഏറ്റെടുക്കാം. മാര്‍ക്കിടാനും ജഡ്ജ് ചെയ്യാനും ആരെയും കാത്ത് നില്‍ക്കേണ്ടതില്‍ ഖുര്‍ആന്‍ ഒരു മത്സരത്തിനല്ല വെല്ലുവിളിച്ചത് എന്നറിയുക. പിന്നെ എങ്ങനെ അതിന്റെ മൂല്യവും തുല്യതയും മനസ്സിലാക്കും എന്നാണെങ്കില്‍ അത് പറയാം. അതിന് ഖുര്‍ആന്‍ അവതരിച്ചപ്പോള്‍ എന്ത് സംഭവിച്ചുവെന്ന് മനസ്സിലാകണം.
 
1. ഖുര്‍ആന്റെ വെല്ലുവിളി അതിന്റെ സാഹിത്യത്തില്‍ പരിമിതമല്ല. സംശയമില്ല. അറബി സാഹിത്യത്തിലെ അത്യന്നതമായ ഒരു സൃഷ്ടിയാണ് ഖുര്‍ആന്‍. അന്നത്തെ അറബി സാഹിത്യകാരന്‍മാര്‍ അത് പ്രത്യേകം എടുത്ത് പറഞ്ഞതാണ്. അതൊരു വശം എന്ന് വേണമെങ്കില്‍ പറയാം.  അറബി സാഹിത്യം പഠിക്കുന്നവര്‍ ഉദാഹരണത്തിന് അവലംബിക്കുന്നത് അറബി  ക്ലാസിക്ക് കൃതിയായ ഖുര്‍ആനിലെ വചനങ്ങളെയാണ്. അറബി കവികളുടെ കവിതകളും ഉദ്ധരിക്കാറുണ്ട്. സാഹിത്യമാണ് മാനദണ്ഡമെങ്കില്‍ യുക്തിവാദി വിമര്‍ശകരുടെ പലവാദത്തിനും പ്രസക്തി ഉണ്ടാകുമായിരുന്നു. അതുകൊണ്ട് ഇസ്ലാമിക പണ്ഡിതര്‍ നേരത്തെ തന്നെ അത് വ്യക്തമാക്കിയിട്ടുണ്ട്. സാഹിത്യത്തിലല്ല ഖുര്‍ആന്‍ വെല്ലുവിളിക്കുന്നത്. മറിച്ച് അതിലെ ഓരോ അധ്യായവും സൂക്തവും സമൂഹത്തില്‍ സൃഷ്ടിച്ച വിപ്ലവങ്ങളാണ്.

2. വിശുദ്ധഖുര്‍ആനിലെ ഓരോ സൂക്തവും അവതരിക്കുമ്പോള്‍ അതുവരെയുള്ള തെറ്റായ ധാരണകളെ തിരുത്തുകയും ഒരു പുതിയ സമൂഹം അതിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെട്ട് വരികയും ചെയ്യുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ അന്നത്തെ ഇസ്ലാമിന്റെ ശത്രുക്കളും ഖുര്‍ആനിനെ നിഷേധിച്ചവരും ഇസ്ലാമിന്റെ വളര്‍ചയില്‍ അങ്ങേ അറ്റം ആകുലതയുള്ളവരായിരുന്നു. അത്തരക്കാരോടാണ് ഖുര്‍ആന്‍ ആവശ്യപ്പെട്ടത്. ഇതുപോലെ ഒരെണ്ണം രചിച്ച് ഇതിനെ പരാജയപ്പെടുത്തുക എന്ന്. അന്ന് അവരത് ഉണ്ടാക്കിയിരുന്നുവെന്ന് പറയുന്ന ഇന്നെത്തെ യുക്തിവാദികളോട് ചോദിക്കാനുള്ളത് ആ സൂക്തങ്ങളെവിടെ അത് എന്ത് പ്രതികരണമാണ് സമൂഹത്തിലുണ്ടാക്കിയത് എന്നാണ്.

3. ജബ്ബാര്‍ മാഷ് ഒരു പ്രസംഗത്തില്‍ പറയുന്നുണ്ട്. ഖുര്‍ആന്റെ വെല്ലുവിളി ഏറ്റെടുത്ത് ഒരുപാട് വ്യക്തികള്‍ ഖുര്‍ആന് തുല്യമായത് ഉണ്ടാക്കിയിട്ടുണ്ട് എന്ന്. അതെവിടെ എന്നും എന്താണെന്നും അദ്ദേഹത്തിന് പോലും അറിയില്ല. നെറ്റില്‍ സര്‍ച്ച് ചെയ്താന്‍ കിട്ടും എന്നാണ് പറയുന്നത്. ആരും സൂക്ഷിച്ച് വെക്കാത്ത ഇവിടെയുള്ള യുക്തിവാദികള്‍ പോലും ഒരിക്കല്‍ പോലും വായിച്ചു നോക്കാത്ത, ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ പോലും മടിക്കുന്ന അജ്ഞാതമായ സൃഷ്ടിയാണോ ഖുര്‍ആന് തുല്യം എന്ന് അവകാശപ്പെടുന്നത്. വിവരക്കേടിനും വേണ്ടേ ഒരതിര്.

4. അറബിയിലുള്ള ചില ഏടുകള്‍ ജബ്ബാര്‍ ബ്ലോഗിലിട്ടിരുന്നു. വാലോ തലയോ ഇല്ലാത്ത ഖുര്‍ആനിന്റെ ശൈലി കടമെടുത്ത് ചില വാക്കുകള്‍ മാറ്റിമറിച്ച് പടച്ചുണ്ടാക്കിയ ആ പരിഹാസ്യത അദ്ദേഹം പോലും ഇപ്പോള്‍ പൊക്കിപ്പിടിച്ച് വരാറില്ല.

5. ഞാന്‍ മുകളില്‍ സൂചിപ്പിച്ചു. സ്വന്തം ഭാഷയില്‍ പോലും എതെങ്കിലും മാന്യന്മാര്‍ക്ക് വായിച്ചിരിക്കാവുന്ന വല്ലതും എഴുതാത്ത ഇക്കാലത്തുള്ള ഏതെങ്കിലും ജബ്രയോട് ഒരു വെല്ലുവിളിയും ഖുര്‍ആന്‍ നടത്തുന്നില്ല എന്ന്. മറിച്ച് ഖുര്‍ആനിന്റെ കാര്യത്തില്‍ അത് മനുഷ്യനില്‍നിന്നാണ് എന്ന അവകാശമുന്നയിച്ച. അല്ലെങ്കില്‍ ദൈവത്തില്‍നിന്നുള്ളതോ എന്ന് സംശയിച്ച അറബി സാഹിത്യസാമ്രാട്ടുകളോടും നിയമ-സാമുഹിക വിദഗ്ദരോടുമൊക്കെയാണ് ആ വെല്ലുവിളി (വെല്ലുവിളി എന്ന് പോലും ഖുര്‍ആന്‍ അതിനെക്കുറിച്ച് പറഞ്ഞിട്ടില്ല. അതിന്റെ ശൈലി അനുസരിച്ച്  നാം പറയുന്നതാണ്) ഉണ്ടായിരുന്നത്. ഖുര്‍ആനിന്റെ ബുദ്ധിപരമായ ഒരു ന്യായം ആയിരുന്നു അത്. അതില്‍ പരാജയപ്പെട്ടു. അതോടെ ഇനിയതാര്‍ക്കും സാധ്യമല്ലെന്ന് ഖുര്‍ആന്‍ പ്രഖ്യാപിച്ചു. ഇതാണ് സംഭവിച്ചത്. ഇത്രയും പറഞ്ഞത് അല്ലാഹു മനുഷ്യനെ വെല്ലുവിളിക്കുന്നേ, അതെത്ര മോശം, എത്ര തരം താണ പണി എന്നിങ്ങനെ ജബ്രകള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നതുകൊണ്ടാണ്. മനുഷ്യരാണ് ഇത് ഉണ്ടാക്കിയതെങ്കില്‍ അതേ മനുഷ്യവംശത്തില്‍ പെട്ടവര്‍ തന്നെയാണല്ലോ നിങ്ങളും നിങ്ങള്‍ക്കെന്തുകൊണ്ട് അതുണ്ടാക്കാനാവില്ല. എന്ന ഒരു ചോദ്യം ഉന്നയിക്കുക മാത്രമാണ് ഖുര്‍ആന്‍. അത് ആളുകള്‍ക്ക് ബോധ്യമാവുകയും ചെയ്തു. ജബ്ബാര്‍  ഇതേ ചര്‍ചയില്‍ പറഞ്ഞപോലെ അവരില്‍ മിക്കവരും നബിയുടെ അവസാന കാലമായപ്പോഴേക്ക് ഇസ്ലാം സ്വീകരിക്കാനുള്ള കാരണവും ഈ ഖുര്‍ആനായിരുന്നു.

ഈ പറഞ്ഞ പോയിന്റുകളെക്കുറിച്ച ഒരു സമാന്യബോധം ഉണ്ടായിരുന്നെങ്കില്‍ ജബ്ബാര്‍ താഴെ പറയുന്ന വിധം പ്രസംഗത്തില്‍ കാച്ചുമായിരുന്നില്ല.


"ഈ പ്രപഞ്ചം സൃഷ്ടിച്ച അല്ലാഹുവാണ് ഖുർആൻ ഇറക്കിയത്. ആ അല്ലാഹു, അവന്റെ സൃഷ്ടികളായ മനുഷ്യരോട് അതേപോലെ ഒരു ഗ്രന്ഥം എഴുതി കൊണ്ടുവരാൻ പറഞ്ഞു കൊണ്ട് വെല്ലുവിളിക്കുന്നു എന്ന് പറഞ്ഞാൽ അതെത്രമാത്രം തരം താണ വെല്ലുവിളിയാണ് ".

"ഒ.എൻ.വി കുറുപ്പ് ഒരു നെഴ്സറി ക്ളാസിൽ ചെന്നിട്ട് ഒരു കവിതാ മത്സരത്തിന് നെഴ്സറി കുട്ടികളെ വെല്ലുവിളിക്കുന്നതിനേക്കാൾ എത്രയോ അപഹാസ്യമാണ് അല്ലാഹു മനുഷ്യരെ വെല്ലുവിളിക്കുന്നത് ".

"അത്തരം ഒരു വെല്ലുവിളി ഒ.എൻ.വി കുറുപ്പ് നടത്തിയാൽ അദ്ദേഹത്തോടുള്ള എല്ലാ ബഹുമാനവും നമുക്ക് നഷ്ടമാകില്ലേ. അതോടെ അദ്ദേഹത്തിന്റെ സകല ഇമേജും തകരുകയും ചെയ്യില്ലേ".

"വേണമെങ്കിൽ അല്ലാഹുവിന്റെ ഈ വെല്ലുവിളി വേണമെങ്കിൽ ഞാൻ ഏറ്റെടുക്കാൻ തയ്യാറാണ്. പക്ഷെ അല്ലാഹുവുമായുളള ആ മത്സരത്തിന് ആരാണ് മധ്യസ്ഥത വഹിക്കുന്നത് ?".

"അല്ലാഹുവിന് ഇതിൽ മധ്യസ്ഥത വഹിക്കാൻ പറ്റില്ല. കാരണം അല്ലാഹു ഈ മത്സരത്തിലെ ഒരു കക്ഷിയാണ്. അതേപോലെ മലക്കുകളേയും മധ്യസ്ഥതയാക്കാൻ പറ്റില്ല. കാരണം മലക്കുകൾ അല്ലാഹുവിന്റെ സ്വന്തം ആളുകളാണ് ".

"ചുരുക്കത്തിൽ തന്റെ സൃഷ്ടികളായ മനുഷ്യരോടു ഈ തരംതാണ വെല്ലുവിളി നടത്തുക വഴി യഥാർത്ഥത്തിൽ അല്ലാഹു വളരെ താഴേക്കിടയിലേക്ക് സ്വയം താഴുകയല്ലേ ചെയ്യുന്നത് ".


എന്റെ ചില ഫെയ്സ് ബുക്ക് സുഹൃത്തുക്കള്‍ പറഞ്ഞപോലെ നിങ്ങള്‍ക്ക് അന്ത്യദിനം വരെ സാധ്യമല്ലെന്ന ഖുര്‍ആന്‍ വചനം തെറ്റാണ് എന്ന് തെളിയിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഒരു കാര്യം ചെയ്യുക.
'ചുമ്മാ എഴുതി ഉണ്ടാക്കു, 250000 ഇതിലധികം ആളുകൾ നമ്മുടെ ഗ്രൂപ്പിൽ ഉണ്ട്. ഏറിയകൂറും യുക്തിവാദികൾ തന്നെ, അവരൊക്കെ മാർക്കിടൽ നടത്തി കൊള്ളും.'
E A Jabbar said.. 'അന്നു കുറൈശികളെ വെല്ലു വിളിച്ചതു മാത്രമാണെങ്കിൽ ഞാൻ ഈ വിഷയത്തിൽ ഒന്നും പറയുമായിരുന്നില്ല. പക്ഷെ ഞാൻ മതവിമർശനം തുടങ്ങിയ കാലം തൊട്ടേ എൻ്റെ നേരെ ഈ വെല്ലുവിളിയുമായി നിരവധി പേർ വന്നിട്ടുണ്ട്.. ഇപ്പോഴും തുടരുന്നു. ഇന്ന് ഞാനടക്കമുള്ള കുർ ആൻ വിമർശകർക്ക് ഈ വെല്ലുവിളി ബാധകമാണെങ്കിൽ ഞാനീ പോസ്റ്റിൽ ആവശ്യപ്പെട്ട പോലെ ജഡ്ജി ആരാണെന്നു പറയുക. അതു പര്യാനാകുന്നില്ലെങ്കിൽ മേലിൽ ഈ ഓലപ്പാമ്പും പൊക്കി നടക്കരുത്.'
എനിക്ക് എന്റെ മുസ്ലിം സുഹൃത്തുക്കളോടാണ് പറയാനുള്ളത്. ഖുര്‍ആന്‍ വെല്ലുവിളിച്ചത് ഖുറൈശികളെയും അറേബ്യയിലുള്ള നല്ല ഒന്നാം തരം ജഗജില്ലികളായ സാഹിത്യസാമ്രാട്ടുകളെയുമാണ്. അല്ലാതെ കവിത പോയിട്ട് ചെറുകഥ പോലും സ്വന്തം ഭാഷയില്‍ പോലും എഴുതിയിട്ടില്ലാത്ത ജബ്രകളോട് അല്ലേ അല്ല. അവര്‍ പരാജയപ്പെട്ടു. അതുകൊണ്ട് അന്ത്യദിനം വരെ ആര്‍ക്കും അങ്ങനെയൊന്ന് കൊണ്ടുവരാന്‍ സാധിക്കുകയില്ലെന്ന് ഖുര്‍ആന്‍  പ്രഖ്യാപിക്കുകയും ചെയ്തു. അത് സത്യമായി ഇന്നുവരെ നിലനില്‍ക്കുന്നു. ഇനി അന്ത്യദിനം വരെ നിലനില്‍ക്കുകയും ചെയ്യും. അതിനാല്‍ ജബ്രകളെ ഇനി ആരും വെല്ലുവിളി കാണിച്ച് ബുദ്ധിമുട്ടിക്കരുത്. 
അതല്ല, ഈ ഖുര്ആന് മുഹമ്മദ് സ്വയം കെട്ടിയുണ്ടാക്കി എന്നാണോ അവര് പറയുന്നത് ? എന്നാല്, അവര് വിശ്വസിക്കാന് തയാറല്ല എന്നതാണ് വസ്തുത. (ഖുര്‍ആന്‍)

2019, ജൂലൈ 31, ബുധനാഴ്‌ച

ദൈവത്തിന്റെ നിലവാരം യുക്തിവാദികളുടെ വീക്ഷണത്തില്‍

യുക്തിവാദികള്‍ എന്നുതന്നെ പറഞ്ഞാല്‍ മതി ജബ്രയെന്ന് പ്രത്യേകം പറയേണ്ടതില്ല കാരണം യുക്തിവാദികള്‍ എന്നുപറഞ്ഞാല്‍ തന്നെ ഇപ്പോള്‍ ഒരു വിഭാഗമേ ഉള്ളൂ. കാരശേരി പറഞ്ഞതുപോലെ തങ്ങള്‍ക്ക് മാത്രമേ ബുദ്ധിയുള്ളൂവെന്ന തെറ്റിദ്ധരിക്കുന്ന വിഭാഗം, ഒരു പ്രസിദ്ധവ്ലോഗര്‍  പറഞ്ഞപോലെ മതങ്ങളെ ചൊറിഞ്ഞുകൊണ്ടിരിക്കുന്ന വിഭാഗം. സകലമതങ്ങളും നശിച്ചുപോയാലെ നാട്ടില്‍ സമാധാനം പുലരൂ എന്നുകരുതി. 24 മണിക്കൂര്‍ മതത്തെയും ദൈവത്തെയും കുറിച്ചാലോചിച്ച് സമയം ചെലവഴിക്കുന്ന വിഭാഗം. ദൈവത്തിന്റെ കാര്യത്തില്‍ അവരുടെ പുതിയ നിലപാട് എന്താണ്?. അടുത്തിടെ കണ്ട അവരുടെ പോസ്റ്റുകളില്‍നിന്നും വീഡിയോകളില്‍നിന്നും കൃത്യമായ ഒരു ഉത്തരം ലഭിക്കുന്നില്ല. പ്രധാനമായും 3 വീക്ഷണങ്ങളാണ് മാറിമാറി അവതരിപ്പിക്കുന്നത്.

1.
ഈ പ്രപഞ്ചത്തിന് സ്രഷ്ടാവായ ഒരു ദൈവം ഉണ്ടാകുന്നതിന് യുക്തിവാദികള്‍ എതിരല്ല. ദൈവവിശ്വാസം നന്മചെയ്യാന്‍ പ്രേരകമാകുന്നെങ്കില്‍ അത്തരം വിശ്വാസത്തോട് യോജിപ്പാണ്.

2.
ദൈവം ഉണ്ട്. പക്ഷെ അത് ഇപ്പോള്‍ ഒരു മതവിഭാഗവും പറയുന്ന ദൈവമല്ല. ദൈവമാകാനുള്ള യോഗ്യത അവയ്കൊന്നുമില്ല.

3.
ദൈവമില്ല. ഉണ്ട് എന്നുള്ള വിശ്വാസം പരമാബദ്ധമാണ്. കാരണം ഇതുവരെ ശാസ്ത്രീയമായി അത് തെളിയിക്കപ്പെട്ടിട്ടില്ല. ഇല്ലാത്ത ഒന്ന് തെളിയിക്കാന്‍ സാധ്യമല്ലെന്നതിനാല്‍ തെളിയിക്കപ്പെടുമെന്ന പ്രതീക്ഷയും വെച്ച് പുലര്‍ത്തുന്നില്ല.

ദൈവമില്ലെന്നും അതൊരു ബാലിശമായ സങ്കല്‍പമാണെന്നും സ്ഥാപിക്കാന്‍ 'ഡിങ്കദൈവം' എന്ന ഒരു ദൈവത്തില്‍ തങ്ങള്‍ വിശ്വസിക്കുന്നതായി കാണിക്കുകയും ചെയ്യുന്നു.

യുക്തിവാദികള്‍ കൊണ്ടുനടക്കുന്ന പല വ്യക്തികളും തങ്ങളുടെ നിരന്തരമായ മതപരിഹാസത്തിനൊപ്പിമില്ലെന്ന അറിവും തങ്ങള്‍ ദൈവനിഷേധികളല്ലെന്ന തുറന്നുപറച്ചിലും യുക്തിവാദികളെ വല്ലാതെ ഇളിഭ്യരാക്കിയിട്ടുണ്ട് എന്ന് യുക്തിവാദികളുടെ സംസാരത്തില്‍ നിന്ന് മനസ്സിലാക്കാനാവും. ആ ജാള്യതമാറ്റാന്‍ വേണ്ടി ഇയ്യിടെയുണ്ടാക്കിയ ഒരു തിയറിയാണ് ഇതിലെ ഒന്നും രണ്ടും. ശരിക്കും അവര്‍ പ്രചരിപ്പിക്കാനുദ്ദേശിക്കുന്നത് ദൈവമില്ലെന്ന മൂന്നാമത്തെ വിശ്വാസം തന്നെ.

പക്ഷെ ദൈവമില്ലെന്ന വിശ്വാസത്തിന് ഒരു ദൗര്‍ബല്യമുണ്ട്. ഈ പ്രപഞ്ചത്തിന്റ വൈപുല്യവും ഓരോ സൃഷ്ടിപ്പിലെയും വിശദീകരിക്കാനാവാത്ത ആസൂത്രണവും മനസ്സിലാക്കുമ്പോള്‍ മനുഷ്യബുദ്ധിതന്നെ അതിന്റെ പിന്നിലൊരു ശക്തിയുണ്ടാവും എന്ന ഒരു ചിന്തക്കടിമപ്പെടുന്നു. ദൈവമില്ലെന്ന് പറയുമ്പോഴും അതവനെ വിടാതെ പിന്തുടരുന്നു. അങ്ങനെയാണ് ദൈവനിഷേധികളെന്ന നാട്യത്തില്‍ നടന്ന പലരും വാര്‍ദ്ധക്യത്തില്‍ തികഞ്ഞ ദൈവവിശ്വാസികളാവുകയോ മിനിമം ദൈവമില്ലെന്ന പല്ലവി പാടുന്നതില്‍നിന്ന് വിട്ടുനില്‍ക്കുകയോ ചെയ്യുന്നത്. അതിന്റെ തന്നെ ഒരു പ്രതിഫലനമാണ് മതങ്ങള്‍ പരിചയപ്പെടുത്തുന്ന ദൈവത്തിന് ദൈമാകാനുള്ള യോഗ്യതയില്ലെന്നുള്ള വാദം. ചില ദൈവസങ്കല്‍പ്പങ്ങളില്‍ അത് ശരിയാണ് എന്ന് അംഗീകരിച്ചുകൊണ്ടു തന്നെ പറയട്ടെ. ദൈവത്തിന് അയോഗ്യതയായി പറയുന്ന 90 ശതമാനം കാര്യങ്ങളും വിശുദ്ധഖുര്‍ആനില്‍ പരിചയപ്പെടുത്തുന്ന ദൈവത്തിന് അവരുടേതായ ഒരു ഭാഷ്യം ചമച്ച് അത് അയോഗ്യതയായി അവതരിപ്പിക്കുന്നതായാണ് കാണുന്നത്. എന്നാല്‍ എന്തൊക്കെയായിരിക്കണം ദൈവത്തിന്റെ യോഗ്യത എന്നവര്‍ ഒരിടത്തും പറയുകയില്ല. അവരുടെ വാദങ്ങള്‍ ഉദ്ധരിച്ച് മറുപടി പറയുന്നതിനുമുമ്പ് പ്രധാനമായും അവരുടെ അയോഗ്യത, ദൈവം മനുഷ്യരുടെ ഭാഷയില്‍ സംസാരിക്കുന്നതും ദൈവം ഉടനടി പ്രത്യക്ഷപ്പെട്ട് തീരുമാനങ്ങള്‍ക്ക് വിധികല്‍പിക്കാത്തതുമാണ് എന്ന് മനസ്സിലാക്കാനാവും. ബാക്കിയുള്ളവയൊക്കെ എണ്ണം തികക്കാനുള്ള ഒരു ശ്രമത്തിന്റെ ഭാഗമാണ്. അതിന് ശേഷം പറയും ആറാം നൂറ്റാണ്ടിലെ കാട്ടറബികളുടെ ഒരു ഗോത്രദൈവമാണ് അല്ലാഹു എന്ന്. ഖുര്‍ആനില്‍ ഒരു ദൈവത്തെ പരിചയപ്പെടുത്തിയിട്ടുണ്ട്. അതില്‍ അന്നത്തെ ആളുകളില്‍ ചിലര്‍ വിശ്വസിച്ചു. ചിലര്‍ അവിശ്വസിച്ചു. അന്ന് വിശ്വസിക്കാത്തവരുടെ ദൈവസങ്കല്‍പ്പം ഇപ്പോഴത്തെ യുക്തിവാദി വീക്ഷണവുമായി വളരെയേറെ യോജിപ്പുകാണുന്നു. ഖുര്‍ആന്‍ അത് ഇങ്ങനെ വിശദീകരിക്കുന്നു.

'
നിങ്ങളുടെ അടുക്കല്‍ വന്നുകഴിഞ്ഞ സ്പഷ്ടമായ മാര്‍ഗദര്‍ശനങ്ങള്‍ ഗ്രഹിച്ചശേഷം നിങ്ങള്‍ വഴുതിപ്പോവുകയാണെങ്കില്‍, നന്നായി അറിഞ്ഞുകൊള്ളുക, അല്ലാഹു സര്‍വത്തെയും അതിജയിക്കുന്നവനും യുക്തിമാനുമത്രെ. (ഈ ഉപദേശനിര്‍ദേശങ്ങളെല്ലാം ലഭിച്ചുകഴിഞ്ഞിട്ടും ജനം നേര്‍വഴി സ്വീകരിക്കുന്നില്ലെങ്കില്‍ പിന്നെ) ഇനി അല്ലാഹു തന്നെ മേഘക്കുടയും ചൂടി മലക്കുകളുടെ അകമ്പടിയോടെ കണ്‍മുമ്പില്‍ ഇറങ്ങിവരുകയും കാര്യം തീരുമാനിക്കുകയും ചെയ്യണമെന്നാണോ ഇവര്‍ പ്രതീക്ഷിക്കുന്നത്? ഒടുവില്‍ സകല സംഗതികളും സമര്‍പ്പിക്കപ്പെടുന്നത് അല്ലാഹുവിന്റെതന്നെ സമക്ഷത്തിലാണല്ലോ.'

(
വിശുദ്ധ ഖുര്‍ആന്‍ അധ്യായം : 2, സൂക്തം : 209,210)

ഈ സൂക്തം ശ്രദ്ധയോടെ ഒന്ന് വായിച്ചുനോക്കുക, ആരാണ് ദൈവസങ്കല്‍പത്തില്‍ 6ാം നൂറ്റാണ്ടിലെ അറബികളുടെ വീക്ഷണം പുലര്‍ത്തുന്നത് ഖുര്‍ആനോ അതല്ല അതിന്റെ നിഷേധികളോ.

ആദ്യം ഖുര്‍ആനിലെ ദൈവത്തെ ഒന്ന് ചുരുങ്ങിയ രൂപത്തില്‍ പരിചയപ്പെടുത്താം. ഈ പറയുന്ന മുഴുവന്‍ കാര്യങ്ങള്‍ക്കും സൂക്തങ്ങള്‍ തെളിവായി ഉദ്ധരിക്കാനാവും. പക്ഷെ സുഗമമായ വായനക്ക് അത് തടസ്സമാകുമെന്നതിനാലും ഈ പോസ്റ്റ് വല്ലാതെ ദീര്‍ഘിച്ചുപോകും എന്നതിനാലും ഒഴിവാക്കുന്നു.

ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചത് യുക്തിമാനും സര്‍വശക്തനും സര്‍വ്വജ്ഞനുമായ ഒരു അസ്തിത്വമാകുന്നു. അറബിയില്‍ അതിനെ അല്ലാഹു എന്ന് വിളിക്കുന്നു. ആ അസ്തിത്വം ഏകാനാകുന്നു. ഭൂമിയില്‍ മനുഷ്യനെ സൃഷ്ടിച്ചവന്‍ അവനെ ഭൂമിയിലെ ഏറ്റവും ആദരണീയനായി തെരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു. ഭൂമിയിലെ സകല വസ്തുക്കളും മനുഷ്യന്റെ സേവനത്തിനായിട്ടാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. മനുഷ്യന് ശരീരവും ജീവനും നല്‍കിയ ദൈവം അവനുവേണ്ട ജീവിതരീതിയും ആദ്യം മുതലേ മനുഷ്യന് പറഞ്ഞുകൊടുക്കാനുള്ള സംവിധാനം ചെയ്തിട്ടുണ്ട്. അതിനെയാണ് പ്രവാചകത്വം എന്ന് പറയുന്നത്. അങ്ങനെ മനുഷ്യനോട് സ്രഷ്ടാവായ ദൈവം നീതികാണിച്ചിരിക്കുന്നു. അതോടൊപ്പം തന്റെ സാര്‍മാര്‍ഗിക നിയമത്തിന് അവനെ സൃഷ്ടിപ്പില്‍തന്നെ വിധേയമാക്കിയിട്ടില്ല. അവ തെരഞ്ഞെടുക്കാനും തള്ളിക്കളയാനുമുള്ള ഇഛാശക്തിയോടെയാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ഭൂമിയിലെ സൗകര്യങ്ങള്‍ അവന് ഉപയോഗപ്പെടുത്തി ദൈവം നിശ്ചയിക്കപ്പെട്ട കാലത്തോളം ഇവിടെ കഴിയാം. കഴിയുന്ന കാലമത്രയും ദൈവികമായ നിയമനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ജീവിക്കുക. എങ്കില്‍ അവന് ഭൂമിയില്‍ ഭയപ്പെടേണ്ടിവരികയില്ല. പിന്നീട് ദുഃഖിക്കാന്‍ ഇടയാകുന്നതുമല്ല. മരണശേഷം മനുഷ്യന്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്ക് കണക്കുബോധിപ്പിക്കേണ്ടതായിവരും അവന്റെ ജീവിതം എന്തിന് ചെലവഴിച്ചുവെന്ന് ചോദിക്കപ്പെടും. അതില്‍ വിജയിച്ചാല്‍ പരലോകത്ത് വെച്ച് ശാശ്വതസ്വര്‍ഗ്ഗം ലഭിക്കും അഥവാ വിചാരണയില്‍ പരാജയപ്പെട്ടാല്‍ ശാശ്വതമായ നരകശിക്ഷയും അനുഭവിക്കേണ്ടിവരും.

ഇതാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന ദൈവവീക്ഷണവും ജീവിതവീക്ഷണവും. ഇതില്‍ ചിലകാര്യങ്ങള്‍ നമുക്ക് വന്നുകഴിഞ്ഞതും ചിലത് വരാനിരിക്കുന്നതുമാണ്. വന്നുകഴിഞ്ഞത് പ്രവാചകന്‍മാരാണ്. അവരിലൂടെ നല്‍കപ്പെട്ട വേദഗ്രന്ഥങ്ങളും. അത് പരിശോധിച്ചാല്‍ അങ്ങനെ ഒന്ന് സംഭവിച്ചതായി കാണാം. മനുഷ്യരില്‍ ചിലരത് അംഗീകരിക്കുന്നില്ലെന്നത് അത് ഇല്ല എന്നതിന് തെളിവല്ല. ചിലരതു നിഷേധിക്കുന്നത് ദൈവം നിഷേധിക്കാവുന്ന വിധത്തില്‍ മനുഷ്യനെ സൃഷ്ടിച്ചതുകൊണ്ടാണ്. ഈ കാര്യത്തില്‍ ദൈവിക തീരുമാനം അങ്ങനെയാണ്. മനുഷ്യന് സ്വതന്ത്രമായ തീരുമാനാധികാരം നല്‍കുകയും അവന്‍ മനസ്സാ സ്വീകരിക്കുന്നുവെങ്കില്‍ അവന് ഇരുലോകത്തും നന്മയും തിരസ്കരിക്കുകയാണെങ്കില്‍ ഇഹലോകത്ത് ഇടുങ്ങിയ ജീവിതവും പരലോകത്ത് ശിക്ഷയും ലഭിക്കും. മനുഷ്യനെ അവന്റെ പ്രവര്‍ത്തനത്തിന്റെ ഫലം അനുഭവിക്കാന്‍ ദൈവം വിട്ടിരിക്കുന്നു.

വരാനിരിക്കുന്നത് പരലോകജീവിതമാണ്. ഇഹലോക ജീവിതം തന്നെയാണ് പരലോക ജീവിതത്തിന് തെളിവായി ഖുര്‍ആന്‍ ഉദ്ധരിക്കുന്നത്. ഇഹലോക ജീവിതം നാം അനുഭവിക്കുന്നു. ഇനി ഇതിനെ ഒന്നുകൂടി മറ്റൊരു വിധത്തില്‍ പുനസൃഷ്ടിക്കുക ഒട്ടും പ്രയാസമുള്ളതല്ല. കൂടുതല്‍ എളുപ്പമാകുന്നുവെന്നതാണ് ഖുര്‍ആന്‍ മനുഷ്യന് മനസ്സിലാക്കാന്‍ വേണ്ടി പരിചയപ്പെടുത്തുന്നത്. (ദൈവത്തിന് രണ്ടും എളുപ്പമുള്ളതാകുന്നുവെന്നതാണ് സത്യം)

വിശുദ്ധഖുര്‍ആന്‍, അധ്യായം അര്‍റൂം (30) 25 മുതല്‍ 29 വരെ സൂക്തങ്ങള്‍ വായിക്കുക.

(25-27)
വാനലോകങ്ങളും ഭൂമിയും അവന്റെ ആജ്ഞാനുസാരം നിലകൊള്ളുന്നുവെന്നതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ.36 പിന്നീടവന്‍ നിങ്ങളെ ഭൂമിയില്‍നിന്നു വിളിച്ചാല്‍, ആ ഒറ്റ വിളിക്കുതന്നെ നിങ്ങള്‍ ധൃതിയില്‍ പുറപ്പെട്ടുവരുന്നതാകുന്നു. ആകാശഭൂമികളിലുള്ളതെന്തും അവന്റെ അടിമകളത്രെ. എല്ലാം അവന്റെത്തന്നെ ആജ്ഞാനുവര്‍ത്തികളുമാകുന്നു. അവനാകുന്നു ആദിയില്‍ സൃഷ്ടിക്കുന്നത്. പിന്നീട് അവന്‍തന്നെ അത് പുനഃസൃഷ്ടിക്കുന്നു. ഇത് അവന്ന് അതീവ ലളിതമാകുന്നു. വാനലോകങ്ങളിലും ഭൂമിയിലും അവന്റെ ഗുണം സര്‍വോന്നതമത്രെ. അവന്‍ അജയ്യനും അഭിജ്ഞനുമല്ലോ.
(28-29) 39
നിങ്ങള്‍ക്കവന്‍ നിങ്ങളില്‍ത്തന്നെ ഒരു ഉദാഹരണം കാണിച്ചുതരുന്നു. നിങ്ങളുടെ ഉടമസ്ഥതയിലുള്ള അടിമകളില്‍, നാം നിങ്ങള്‍ക്കേകിയ സമ്പത്തിലും സൗഭാഗ്യത്തിലും തുല്യ പങ്കാളിത്തമുള്ളവരും, സ്വജനങ്ങളെ പരസ്പരം ഭയപ്പെടുന്നപോലെ, നിങ്ങള്‍ ഭയപ്പെടുന്നവരുമായ വല്ല അടിമകളുമുണ്ടോ? ബുദ്ധി ഉപയോഗിക്കുന്ന ജനത്തിന് നാം ദൃഷ്ടാന്തങ്ങള്‍ ഈ വിധം തുറന്നുവിശദീകരിച്ചുകൊടുക്കുന്നു. പക്ഷേ, ഈ അക്രമികള്‍ ജ്ഞാനവും ബോധവുമില്ലാതെ സ്വേച്ഛകളുടെ പിമ്പേ ഗമിക്കുകയാകുന്നു. അല്ലാഹു വഴിതെറ്റിച്ചവനെ ഇനി ആര്‍ക്കാണ് വഴി കാണിക്കാനാവുക? ഇങ്ങനെയുള്ളവര്‍ക്ക് ഒരു സഹായിയും ഉണ്ടാകുന്നതല്ല

 

ഇവിടെ നാം കാണുന്നത് അല്ലാഹു മനുഷ്യര്‍ക്ക് മനസ്സിലാകുന്ന രൂപത്തില്‍ അവനോട് സംവദിക്കുന്നതാണ്. അവന് മനസ്സിലാകുന്ന ഉദാഹരണങ്ങള്‍ അവന്‍ നല്‍കുന്നു. ഇതൊക്കെ യുക്തിവാദി ഭാഷയില്‍ ദൈവത്തിന്റെ അയോഗ്യതയാണ്. അവരെന്താണ് ഉദ്ദേശിക്കുന്നത്. ദൈവം കടുകട്ടിയുള്ള തത്വം മാത്രമേ പറയാവൂ എന്നാണോ. എങ്കില്‍ അത് മനുഷ്യര്‍ക്ക് സന്ദേശം നല്‍കാന്‍ കൂടുതല്‍ പര്യാപ്തമാവുമോ?. അതല്ല മനുഷ്യന് തന്നെ സ്വയം കണ്ടെത്താന്‍ കഴിയുന്ന പ്രപഞ്ചത്തെയും അതിലെ സൃഷ്ടികളെയും സംബന്ധിച്ച ശാസ്ത്രം മുന്‍കൂട്ടി മനുഷ്യനോട് പറയണമെന്നോ എങ്കില്‍ ഈ സന്‍മാര്‍ഗദര്‍ശനത്തിന് അത് എങ്ങനെയാണ് കൂടുതല്‍ സഹായകമാവുക. ഭൂമിയെക്കുറിച്ചും ആകാശത്തെക്കുറിച്ചും പരിമിതമായ അറിവുണ്ടായിരുന്ന ആളുകളോട് ഭൂമിയെ നാം പടച്ചത് ഗോളരൂപത്തിലാണെന്നും, ഭൂമി സൂര്യനെചുറ്റുകയാണെന്നും നാം അടുത്ത കാലത്ത് മനസ്സിലാക്കിയ കാര്യങ്ങള്‍ പറഞ്ഞതുകൊണ്ട് വല്ല ഉപകാരവും ഉണ്ടാകുമായിരുന്നോ? അതല്ല അതൊന്നും തെളിയിക്കാന്‍ പോലും സാധ്യമല്ലാത്ത കാലത്ത് അത് കൂടുതല്‍ നിഷേധത്തിന് കാരണമാവുകയാണോ ചെയ്യുക.

അപ്പോള്‍ പിന്നെ നിങ്ങള്‍ അവകാശവാദമുന്നയിക്കുന്നതോ എന്ന് ചോദിക്കും. അവകാശവാദം ഇത്രമാത്രമാണ്. ഖുര്‍ആന്‍ മനുഷ്യന് കണ്ടുപിടിക്കാന്‍ കഴിയുന്ന ശാസ്ത്രം പറഞ്ഞുതരാന്‍ അവതരിപ്പിക്കപ്പെട്ടതല്ല. അത് മനുഷ്യന് കണ്ടെത്താം. കണ്ടെത്താതിരിക്കാം. രണ്ടായാലും ഏതൊരു മനുഷ്യനും ആവശ്യമായ സാന്‍മാര്‍ഗികനിയമനിര്‍ദ്ദേശങ്ങളാണ് ഖുര്‍ആന്റെ മുഖ്യപ്രമേയം. അത് മനുഷ്യനെ ബോധ്യപ്പെടുത്താന്‍ അതിന് പിന്നിലെ സ്രഷ്ടാവിനെ ബോധ്യപ്പെടുത്താന്‍, ദൈവം ചില പ്രാപഞ്ചിക പ്രതിഭാസങ്ങളിലേക്ക് സമയാസമയങ്ങളില്‍ ശ്രദ്ധക്ഷണിച്ചിട്ടുണ്ട്. അത്തരം കാര്യങ്ങള്‍ ഇന്നുവരെ തെളിയിക്കപ്പെട്ട ശാസ്ത്രസത്യങ്ങള്‍ക്ക് യോജിച്ചുവരുന്നുവെന്ന് മാത്രമാണ് ഖുര്‍ആനിന്റെ അനുയായികള്‍ അവകാശപ്പെടുന്നത്. അത്രമാത്രമേ അവകാശപ്പെടേണ്ടതായിട്ടുള്ളൂ.

ഖുര്‍ആന്‍ ദൈവവുമായി ബന്ധപ്പെട്ടുപറയുന്ന ഒരു കാര്യവും മനുഷ്യയുക്തിയുമായി ഇടയുന്നതല്ല. അദൃശ്യനായ ദൈവവും, ദൈവമാണ് ഈ പ്രപഞ്ചം സൃഷ്ടിച്ചതെന്നുമുള്ള വസ്തുത ഒരു പരീക്ഷണനിരീക്ഷണങ്ങളിലൂടെയും സ്ഥിരീകരിക്കാനോ തള്ളിക്കളയാനോ സാധ്യമല്ല. അത്തരം കാര്യങ്ങളാണ് പ്രവാചകന്‍മാരിലൂടെ ദൈവം മനുഷ്യനെ അറിയിച്ചിട്ടുള്ളത്. മനുഷ്യന് സന്മാര്‍ഗദര്‍ശനത്തിന് ഈ സംവിധാനം ഫലപ്രദമായിരുന്നുവെന്നതാണ് ചരിത്രത്തില്‍നിന്ന് നമുക്ക് ലഭിക്കുന്നത്. ചിലരതിനെ പരിഹസിക്കുകയും നിഷേധിക്കുകയും ചെയ്യുന്നുണ്ട് എന്നത് സത്യം. അത് അങ്ങനെതന്നെയാവും സംഭവിക്കുക എന്നതും ഖുര്‍ആനില്‍ തന്നെ കാണാം എന്നിരിക്കെ അതില്‍ അത്ഭുതത്തിന് ഒരു അവകാശവുമില്ല.

ദൈവത്തിന്റെ അയോഗ്യതപറഞ്ഞുവേദഗ്രന്ഥങ്ങളെ നിഷേധിക്കുന്നത് വലിയ ബുദ്ധിയായി നിഷേധികള്‍ക്ക് തോന്നുമെങ്കിലും നൂഹ് നബിയുടെ ജനതമുതല്‍ അവതരിപ്പിച്ച അതേ അയോഗ്യത തന്നെയാണ് ഈ ആധുനിക കാലത്തും നിഷേധികളുടെ ന്യായം എന്നത് മാത്രമാണ് എനിക്ക് അത്ഭുതമായി തോന്നുന്നത്.

ഇത്രയും കാര്യങ്ങള്‍ മനസ്സിലാക്കിയാല്‍, യുക്തിവാദികള്‍ കാണുന്ന, ദൈവത്തിന്റെ അയോഗ്യതകള്‍ വായിക്കുന്നത് രസകരമായിരിക്കും.  അത് അടുത്ത പോസ്റ്റില്‍ വായിക്കാം.

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review