2010, മാർച്ച് 28, ഞായറാഴ്‌ച

എല്ലാമടങ്ങിയ പൊത്തകം?

'പൊത്തകം' യുക്തിവാദികളും ഇസ്‌ലാം വിമര്‍ശകരും സാധാരണ ഉപയോഗിക്കുന്ന വാക്കാണ്. അസഹിഷ്ണുത വീണ്ടും കൂടിയാല്‍ അത് പൊത്തനമാകും. ഖുര്‍ആനെ സംബന്ധിച്ചാണ് ഇത് വാക്ക് ഉപയോഗിക്കുന്നത്. പുസ്തകമെന്നോ ഗ്രന്ഥമെന്നോ ഉപയോഗിച്ചാല്‍ അല്‍പം മാന്യത വരുമോ എന്ന ഒരു പേടിയുണ്ട് ടി.ജെ. ജോസഫിന്റെ അനിയന്‍മാര്‍ക്ക് (അതോ ജ്യേഷ്ടന്‍മാരോ). ഇവരില്‍ നിന്നാണ് പരസ്യമായി മാന്യതയില്ലാത്തവര്‍ പോലും ഉപയോഗിക്കാത്ത പദം ചോദ്യപ്പേപ്പറുകളില്‍ നല്‍കുന്ന പ്രഫസര്‍മാര്‍ ഉണ്ടാകുന്നത്. എന്തിനാണിവരിത്ര അസഹിഷ്ണുവാകുന്നതെന്ന് മനസ്സിലാകുന്നില്ല. ദൈവം മനുഷ്യവംശത്തിന്‍െ സന്‍മാര്‍ഗ ദര്‍ശനത്തിന് പ്രവാചകന്‍മാരെയും അവരിലൂടെ വേദഗ്രന്ഥവും നല്‍കാറുണ്ടെന്ന വസ്തുത ആര്‍ക്കെങ്കിലും ബോധ്യപ്പെടുന്നില്ലെങ്കില്‍ ആയിക്കോട്ടേ. അതില്‍ നിന്ന് വല്ല മാര്‍ഗദര്‍ശനവും അറിവും ആര്‍ക്കെങ്കിലും ലഭിക്കുന്നെങ്കില്‍ അത്തരമൊരു സാധ്യതപോലും വകവെച്ച് നല്‍കാന്‍ കഴിയാത്തവിധം യുക്തിവാദികള്‍ അല്ലെങ്കില്‍ ദൈവനിഷേധികള്‍ എന്നറിയപ്പെടുന്നവര്‍ ആയിപ്പോകുന്നതെങ്ങനെ എന്ന് ചിന്തിച്ചിട്ട് മനസ്സിലാകുന്നില്ല. നിങ്ങള്‍ പറയുന്ന ചില കാര്യങ്ങള്‍ ഞങ്ങളുടെ വേദത്തിലുണ്ടെന്ന് ചിലര്‍ പറയുന്നതാണ് അവരെ പ്രകോപിക്കുന്നതെങ്കില്‍, ചിലര്‍ക്ക് വിഷമം ലോകത്ത് സംഭവിച്ചതും സംഭവിക്കാനിരിക്കുന്നതുമൊക്കെ (ചൊവ്വയില്‍ സ്ഥിരതാമസമാക്കുന്നവര്‍ എങ്ങനെ ഹജ്ജ് ചെയ്യണം, ഗഗന സഞ്ചാരികള്‍ നമസ്‌കാരത്തില്‍ എങ്ങോട്ട് തിരിഞ്ഞ് നില്‍ക്കണം ) ഖുര്‍ആനില്‍ കാണാത്തത് അതിന്റെ മാനുഷികതക്ക് തെളിവായി ഉദ്ധരിക്കുകയും ചെയ്യുന്നു. ഇവ രണ്ടിനുമിടയില്‍ വസ്തുതയെന്ത്. നമ്മുക്ക് അന്വേഷിക്കാം.

ചിലരെങ്കിലും ഖുര്‍ആനില്‍ സകല സംഗതികളും വിശദീകരിച്ചിരിക്കുന്നു എന്ന് കരുതുന്നവരുണ്ടാകാം. വിശുദ്ധ ഖുര്‍ആനില്‍ പതിനാറാം അധ്യായത്തിലാണ് അപ്രകാരം ധരിക്കാവുന്ന സൂക്തമുള്ളത്. എന്നാല്‍ ഖുര്‍ആനെക്കുറിച്ച് സാമാന്യവിവരവും ബുദ്ധിയുമുള്ളവരാരും ചെറുതും വലുതുമായ സകല ഭൗതിക കാര്യങ്ങളും അതില്‍ വിശദീകരിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കുകയില്ല. സന്‍മാര്‍ഗവുമായി ബന്ധപ്പെട്ട സകലകാര്യങ്ങളും വിശദീകരിച്ച ഗ്രന്ഥം എന്നതാണ് ഖുര്‍ആന്റെ പ്രത്യേകത. മാര്‍ഗദര്‍ശനത്തിന് ഖുര്‍ആന് പുറത്ത് ഒരു അവലംബമില്ല എന്നതാണ് വിശുദ്ധഖുര്‍ആന്റെ അവകാശവാദം. കാരണം ഖുര്‍ആന്റെ ദൗത്യം അതാണ്. അതിനപ്പുറം മനുഷ്യര്‍ക്ക് കണ്ടെത്താന്‍ കഴിയുന്ന ഭൗതിക വസ്തുകളെ വിശകലനം ചെയ്തു പഠിപ്പിക്കുക അതിന്റെ ലക്ഷ്യമല്ല. അതോടൊപ്പം പ്രപഞ്ചസൃഷ്ടാവായ ദൈവത്തില്‍ നിന്നായതുകൊണ്ട്. തെളിയിക്കപ്പെട്ട ശാസ്ത്രീയ സത്യങ്ങള്‍ക്ക് യോജിക്കാത്ത ഒന്നും ഇതുവരെ ഖുര്‍ആനില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇനി കഴിയുകയുമില്ല. ശാസ്ത്ര നിഗമനങ്ങളെയല്ല ഉദ്ദേശിക്കുന്നത്.

(പ്രവാചകന്‍ അവരെ ആ നാളിനെക്കുറിച്ചുദ്‌ബോധിപ്പിക്കുക.) അന്ന് എല്ലാ സമുദായങ്ങളിലും അവര്‍ക്കെതിരായി മൊഴിനല്‍കുന്ന ഒരു സാക്ഷിയെ അവരില്‍നിന്നുതന്നെ നാം എഴുന്നേല്‍പിക്കും. ഈ ജനത്തിനെതിരില്‍ സാക്ഷിയാകുവാന്‍ നിന്നെയും കൊണ്ടുവരും. (ഇത് ഈ സാക്ഷ്യനിര്‍വഹണത്തിനുള്ള തയ്യാറെടുപ്പാണ്.) ഈ വേദം നാം നിനക്ക് അവതരിപ്പിച്ചുതന്നു. അത് സകല സംഗതികളും കണിശമായി വിവരിച്ചുതരുന്നതാണ്. അല്ലാഹുവിനോട് അനുസരണമുള്ളവര്‍ക്ക് അത് സന്മാര്‍ഗ ദര്‍ശകവും അനുഗ്രഹദായകവും ശുഭവൃത്താന്തവും ആകുന്നു. (16:89) 
 ********************************************************
ഈ വേദം നാം നിനക്ക് അവതരിപ്പിച്ചുതന്നു. അത് സകല സംഗതികളും കണിശമായി വിവരിച്ചുതരുന്നതാണ്.
അതായത്,  മാര്‍ഗദര്‍ശനത്തിനും മാര്‍ഗഭ്രംശത്തിനും വിജയത്തിനും പരാജയത്തിനും നിദാനമായതും മാര്‍ഗദര്‍ശനത്തിന് അറിഞ്ഞിരിക്കേണ്ടത് അനിവാര്യമായതും സത്യാസത്യങ്ങള്‍ തമ്മിലുള്ള വ്യത്യാസം വ്യതിരിക് തമായി തെളിയിച്ചുകാണിക്കുന്നതുമായ വേദഗ്രന്ഥം എന്നര്‍ഥം. 'സകലസംഗതികളും കണിശമായി വിവരിച്ചുതരുന്നത്'  എന്നതും അതേ അര്‍ഥത്തിലുള്ളതുമായ ആയത്തുകള്‍ക്ക്,  'ഖുര്‍ആനില്‍ എല്ലാം വിവരിച്ചിരിക്കുന്നു' എന്നു ചിലയാളുകള്‍ തെറ്റായി അര്‍ഥം മനസ്സിലാക്കിയിരിക്കുന്നു. പിന്നീടവര്‍ അതിനെ ന്യായീകരിക്കുന്നതിനുവേണ്ടി ശാസ്ത്ര കലകളുമായി ബന്ധപ്പെട്ട അദ്ഭുതകരമായ പല കാര്യങ്ങളും ഖുര്‍ആനില്‍നിന്ന് പിടിച്ചെടുക്കുവാനുള്ള ശ്രമം ആരംഭിക്കുന്നു.
അല്ലാഹുവിനോട് അനുസരണമുള്ളവര്‍ക്ക് അത് സന്മാര്‍ഗ ദര്‍ശകവും അനുഗ്രഹദായകവും ശുഭവൃത്താന്തവും ആകുന്നു.
അതായത്, ആര്‍ ഈ ഗ്രന്ഥം അംഗീകരിക്കുകയും അനുസരണത്തിന്റെ മാര്‍ഗം സ്വീകരിക്കുകയും ചെയ്യുന്നുവോ അവര്‍ക്കത് ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും ശരിയായ മാര്‍ഗദര്‍ശനം നല്‍കുന്നു. അതിനെ പിന്‍പറ്റുന്നതുമൂലം അവര്‍ക്ക് അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കുന്നു. മാത്രമല്ല, വിചാരണ ദിവസത്തില്‍ അല്ലാഹുവിന്റെ കോടതിയില്‍നിന്ന് അവര്‍ വിജയികളായി പുറത്തുവരുമെന്ന്  അതവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു. ഇതിനു വിപരീതമായി ആര്‍ അതിനെ നിരാകരിക്കുന്നുവോ അവര്‍ക്ക് മാര്‍ഗദര്‍ശനവും അല്ലാഹുവിന്റെ അനുഗ്രഹവും നിഷേധിക്കപ്പെടുമെന്ന് മാത്രമല്ല, അന്ത്യദിനത്തില്‍ അല്ലാഹുവിന്റെ പ്രവാചകന്‍മാര്‍ക്കെതിരില്‍  സാക്ഷി പറയാന്‍ നില്‍ക്കുകയാണെങ്കില്‍  ഈ പ്രമാണം അവര്‍ക്കെതിരിലുള്ള ശക്തമായ ഒരു തെളിവുകൂടിയായിരിക്കും. കാരണം സത്യവും അസത്യവും തമ്മിലുള്ള വ്യത്യാസം വ്യക്തമായി തുറന്നു കാണിച്ചിട്ടുള്ള ഈ ഗ്രന്ഥം അവര്‍ക്കെത്തിച്ചുകൊടുത്തിട്ടുണ്ടെന്ന് അന്ന് പ്രവാചകന്‍ മൊഴി നല്‍കുന്നതാണ്. (ഉദ്ധരണം: തഫ്ഹീമുല്‍ ഖുര്‍ആന്‍)

ഖുര്‍ആനും അതിന്റെ വെല്ലുവിളിയും
മധ്യകാലഘട്ടത്തില്‍ ജീവിച്ച ഒരാള്‍ക്ക് സുവിശേഷം പോലുള്ള ഒന്ന് എഴുതാനാകുന്നുവെങ്കില്‍ ഒറിജിനലെന്ന് കരുതുന്ന സുവിശേഷങ്ങള്‍ പൂര്‍ണമായും മാനുഷികമാണെന്ന് നമ്മടെ ബുദ്ധി സമ്മതിക്കും. ബര്‍ണബാസിന്റെ സുവിശേഷം എന്നറിയപ്പെടുന്ന പുസ്തകം വ്യാജമെന്നാണല്ലോ പ്രമുഖ യുക്തിവാദിയുടെ ഇപ്പോഴത്തെ പ്രധാന ഗവേഷണ വിഷയം. (അദ്ദേഹം ക്രിസ്ത്യന്‍ ഗവേഷകര്‍ എഴുതിവെച്ചത് എടുത്തെഴുതുകയാണ് എന്ന് പറഞ്ഞ സ്ഥിതിക്ക് മേല്‍ പരാമര്‍ശം ശരിയല്ല എന്ന് തോന്നുന്നു. എങ്കിലും പോസ്റ്റില്‍ കുറെ അദ്ദേഹത്തിന്റെ നിഗമനങ്ങള്‍ കൂടിയായതിനാല്‍ തല്‍കാലം അങ്ങനെത്തന്നെയിരിക്കട്ടെ). ഖുര്‍ആന്‍ അവകാശപ്പെടുന്നത് അതിനൊരു സമാനത ചമക്കാനാവില്ല എന്നാണ്. അതേ കാലഘട്ടത്തിലും പിന്നീട് അവസാന നാള്‍വരെയും അതിന് സമാനമായ ഒരു ഗ്രന്ഥം രചിക്കാനാവില്ല. വിമര്‍ശകര്‍ പറയുന്നത് ഇത് ഒരു അല്‍പത്തമാണെന്നാണ്. ഇതുപോലെ ഒ.വി. വിജയനും, ബഷീറിനുമൊക്കെ പറയാം പക്ഷെ അവരുടെ മാന്യത കാരണം പറഞ്ഞില്ല എന്നേ ഉള്ളൂ. ഇതാണ് വാദം. ഇവിടെ തുല്യത എന്നാല്‍ എന്താണ് അത് കേവല ശൈലിയില്‍ മാത്രമല്ല. ഭാഷ, ശൈലി, ഉള്ളടക്കം, ജനങ്ങളില്‍ ചെലുത്തിയ സ്വാധീനം ഇതൊക്കെ ഖുര്‍ആന്റെ പ്രത്യേകതയാണ്. ഇത്തരമൊരു ചര്‍ചയില്‍ ഇ.എ.ജബ്ബാര്‍ എതാനും നിര്‍മിച്ച ഖുര്‍ആന്‍ സൂക്തങ്ങള്‍ നല്‍കുകയുണ്ടായി. അത് വായിച്ച് അല്ലാഹു പരിശുദ്ധന്‍ എന്ന് അറിയാതെ പറഞ്ഞുപോയി. അത് ഇവിടെ നോക്കുക.

ഖുര്‍ആനെക്കുറിച്ച് മുഹമ്മദിന്റെ സൃഷ്ടിയാണെന്ന് മക്കയിലെ നിഷേധികള്‍ക്കും വാദമുണ്ടായിരുന്നു. അത് ദൈവികമാണെന്നംഗീകരിച്ചാല്‍ പിന്നെ മുഹമ്മദ് നബിയെ തള്ളിക്കളയുന്നതിനുള്ള ന്യായീകരണം നഷ്ടപ്പെടുമല്ലോ. ആ സന്ദര്‍ഭത്തിലാണ് ഖുര്‍ആന്‍ അവരോട് പറഞ്ഞത് ഇതുപോലെ ഒരു ഗ്രന്ഥം കൊണ്ടുവരൂ. പിന്നീട് 10 അധ്യായങ്ങള്‍ രചിക്കാന്‍ പറഞ്ഞു. അവസാനം ഒരധ്യാം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ഇതൊരു വെല്ലുവിളിയായി ഖുര്‍ആനില്‍ ഇന്നു രേഖപ്പെട്ടുകിടക്കുന്നു.

അപ്പോഴാണ് ഇസ്‌ലാം വിമര്‍ശകര്‍ ഇതുവെച്ച് മറ്റൊരു പോസ്റ്റിടാം, ചര്‍ചയായാക്കാം എന്ന് തീരുമാനിച്ചത്. ദൈവം സൃഷ്ടികളെ വെല്ലുവിളിക്കുകയോ. അതോടെ സ്രഷ്ടാവ് എന്ന വിശേഷണത്തിന് തന്നെ അനര്‍ഹനായി മാറിയില്ലെ എന്നൊക്കെയുള്ള ചര്‍ച ഒരു വശത്ത് പൊടിപൊടിക്കുന്നു. ഇതിനെക്കുറിച്ച് എനിക്കൊന്നും പറയാനില്ല ഒരു മഹാന്‍ പറഞ്ഞ് വെച്ചത് ഞാന്‍ ഉദ്ധരിക്കുക മാത്രം ചെയ്യുന്നു.  "കേട്ടപാതി കേള്‍ക്കാത്തപാതി ചാടിവീഴും, ചക്കെന്ന് പറഞ്ഞാല്‍ കൊക്കെന്ന് തിരിയുന്ന കുറെ പണ്ഡിതകൂശ്മാണ്ഡങ്ങള്‍ ‍. പിന്നെ ഛര്‍ദിക്കുവോളവും അതിനുശേഷവും ചര്‍ച്ചിച്ചോണ്ടിരിക്കാം."  
ഈ വിമര്‍ശകര്‍ അല്‍പമെങ്കിലും താങ്ങള്‍ വിമര്‍ശനത്തിനായി തെരഞ്ഞെടുത്ത് മതത്തെയും അതിന്റെ ഗ്രന്ഥത്തെയും നിഷ്പക്ഷമായി ഒന്ന് വായിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ അത് അവര്‍ക്കും സമൂഹത്തിനും ഗുണകരമാകുമായിരുന്നു. തങ്ങള്‍ വിശ്വാസികളുടെ മുമ്പില്‍ പരിഹാസപാത്രമാകുന്നത് കാണാനുള്ള ഉള്‍ക്കാഴ്ചയെങ്കിലും അവര്‍ക്കതിലൂടെ ലഭിക്കുമായിരുന്നു.

2010, മാർച്ച് 24, ബുധനാഴ്‌ച

നുണകള്‍ ആവര്‍ത്തിക്കപ്പെടുന്നു

മുഹമ്മദ് നബി ബഹുദൈവാരാധകരായ മക്കക്കാരെ സന്തോഷിപ്പിക്കാന്‍ അവരുടെ ചില ദൈവങ്ങളെക്കൂടി അള്ളാക്കൊപ്പം ആരാധിക്കാമെന്ന് പറഞ്ഞു. എന്ന് പറയുന്നതിലെ വസ്തുത പരിശോധിക്കപ്പെടുകയാണിവിടെ. വിശുദ്ധ ഖുര്‍ആനിലെ അന്നജ്മ് അധ്യായം അവതരിച്ചപ്പോള്‍ മക്കയില്‍ ബഹുദൈവാരാധകര്‍ക്ക് സംഭവിച്ച ഒരു ജാള്യത അകറ്റാനായി അവര്‍ കണ്ടുപിടിച്ച ഒരു നുണകഥയാണ് ഒരു പരമസത്യം എന്ന നിലക്ക് കാളിദാസന്‍ ഉദ്ധരിക്കുന്നത്. ഇത് ഇവിടെ പറയുന്നത് അദ്ദേഹത്തിന് വേണ്ടിയല്ല. അദ്ദേത്തിന്റെ ബ്ലോഗില്‍ ചെന്ന് ഇസ്‌ലാം പഠിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ചിലരെ ഉദ്ദേശിച്ചുമല്ല. അത് വായിച്ച് ചിലര്‍ക്കെങ്കിലും അതിന് വല്ല മറുവശവുമുണ്ടോ എന്ന് പരിശോധിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വേണ്ടി പ്രസ്തുത ആരോപണം എങ്ങനെ രൂപപ്പെട്ടുവെന്ന് വ്യക്തമാക്കുയാണ് ഇവിടെ. ആദ്യം കാളിദാസന്‍െ പ്രസ്താവനയും...

Kaleedasan said.
"An-Najm
53:19-22
Have ye thought upon Al-Lat and Al-'Uzza (19) And Manat, the third, the other? These are the high-flying cranes; verily their intercession is accepted with approval.(20) Are yours the males and His the females? (21) That indeed were an unfair division!

ഈ വാചകങ്ങള്‍ മൊഹമ്മദ് ഖുറാനില്‍ ഉള്‍പ്പെടുത്തിയതിന്റെ പിന്നിലെ രഹസ്യം മറ്റൊന്നാണ്. മൊഹമ്മദിന്റെ പുതിയ മതം വിഗ്രഹാധകരായിരുന്ന സ്വന്തം ഗിരിവര്‍ഗ്ഗക്കാര്‍ അംഗീകരിച്ചില്ല. അവര്‍ സ്വന്തം ചരിത്രത്തിലെങ്ങും കേള്‍ക്കാത്ത നുണകളായിരുന്നു മൊഹമ്മദ് പറഞ്ഞു കൊണ്ടിരുന്നത്. മൊഹമ്മദിന്റെ അനുയായികളെ അവര്‍ പീഢിപ്പിച്ചു. പീഢനം സഹിക്കാതെ പലരും പലായനം ചെയ്തു. മനം നൊന്ത മൊഹമ്മദ് അറബികളെ സന്തോഷിപ്പിക്കാനായി അവരുടെ ചില ദൈവങ്ങളെക്കൂടി അള്ളാക്കൊപ്പം ആരാധിക്കാമെന്നു പറഞ്ഞു." 
ഖുര്‍ആനില്‍ ഉള്ള സൂക്തങ്ങള്‍ അര്‍ഥവും വ്യാഖ്യാനവും സഹിതം വായിക്കുക:

'ഇനിയൊന്നു പറയൂ, ഈ ലാത്തിന്റെയും ഉസ്സയുടെയും മൂന്നാമതൊരു ദേവതയായ മനാത്തിന്റെയും യാഥാര്‍ഥ്യത്തെക്കുറിച്ച് നിങ്ങള്‍ വല്ലപ്പോഴും ചിന്തിച്ചിട്ടുണ്ടോ? ആണ്‍മക്കള്‍ നിങ്ങള്‍ക്കും പെണ്‍മക്കള്‍ ദൈവത്തിനുമാണെന്നോ? അങ്ങനെയെങ്കില്‍ അത് വളരെ അന്യായമായ പങ്കുവെക്കല്‍ തന്നെ. വാസ്തവത്തില്‍ അതൊക്കെയും നിങ്ങളും നിങ്ങളുടെ പിതാക്കളും വിളിച്ച കുറെ പേരുകളല്ലാതെ യാതൊന്നുമല്ല. അല്ലാഹു ഇവക്കൊന്നും യാതൊരു പ്രമാണവുമവതരിപ്പിച്ചിട്ടില്ല.ഈ ജനം ഊഹാപോഹങ്ങളെയും ദേഹേച്ഛകളെയും മാത്രം പിന്തുടരുന്നു എന്നതത്രെ യാഥാര്‍ഥ്യം. എന്നാല്‍ അവരുടെ റബ്ബിങ്കല്‍നിന്നുള്ള സന്മാര്‍ഗം തീര്‍ച്ചയായും അവര്‍ക്കു ലഭിച്ചുകഴിഞ്ഞിരിക്കുന്നു. അതല്ല, മനുഷ്യന്‍ കൊതിക്കുന്നതെന്തോ അതുതന്നെയാണ് അവന്റെ സത്യമെന്നോ? ഇഹത്തിന്റെയും പരത്തിന്റെയും ഉടമസ്ഥന്‍ അല്ലാഹു മാത്രമാകുന്നു.' (53:19-25) 
 -----------------------------------------------------------------------


ഇനിയൊന്നു പറയൂ, ഈ ലാത്തിന്റെയും ഉസ്സയുടെയും മൂന്നാമതൊരു ദേവതയായ മനാത്തിന്റെയും യാഥാര്‍ഥ്യത്തെക്കുറിച്ച് നിങ്ങള്‍ വല്ലപ്പോഴും ചിന്തിച്ചിട്ടുണ്ടോ?

താല്‍പര്യമിതാണ്: പ്രവാചകന്‍ (സ) നല്‍കുന്ന സന്ദേശങ്ങളെ നിങ്ങള്‍ അന്ധകാരവും ദുര്‍മാര്‍ഗവുമായി കരുതുന്നു. എന്നാലോ, ഈ സന്ദേശങ്ങള്‍ അദ്ദേഹത്തിന് അല്ലാഹുവിങ്കല്‍നിന്ന് നല്‍കപ്പെട്ടതാണ്. അദ്ദേഹം നിങ്ങള്‍ക്കുമുമ്പില്‍ സാക്ഷ്യപ്പെടുത്തുന്ന യാഥാര്‍ഥ്യങ്ങളെ അല്ലാഹു അദ്ദേഹത്തിനു കണ്‍മുമ്പില്‍ പ്രത്യക്ഷപ്പെടുത്തിക്കൊടുത്തിട്ടുള്ളതാണ്. ഇനിയൊന്നു ചിന്തിച്ചു നോക്കുക: നിങ്ങള്‍ വാശിയോടെ മൂടുറച്ചാചരിച്ചുപോരുന്ന വിശ്വാസങ്ങള്‍ എത്രമാത്രം അയുക്തികമാണ്? നിങ്ങള്‍ക്ക് സന്മാര്‍ഗം കാട്ടിത്തരുന്ന മനുഷ്യനെതിരെ വിരോധം പുലര്‍ത്തിയിട്ട് ഒടുവില്‍ നിങ്ങള്‍ ആര്‍ക്കാണ് ദോഷം വരുത്തുന്നത്? ഈ വിഷയകമായി മക്ക, മദീന, ത്വാഇഫ് എന്നിവിടങ്ങളിലും ഹിജാസ് പ്രദേശങ്ങളിലും ആളുകള്‍ ഏറെ പൂജിച്ചുകൊണ്ടിരുന്ന മൂന്ന് ദേവതകളെ സവിശേഷം ഉദാഹരിച്ചിരിക്കുന്നു. ആകാശഭൂമികളുടെ മേലുള്ള ദൈവികാധികാരത്തില്‍ അവയ്ക്ക് നിസ്സാരമായ സ്വാധീനമെങ്കിലും ഉണ്ടാകാവതാണോ എന്ന് നിങ്ങള്‍ ബുദ്ധിപൂര്‍വം വല്ലപ്പോഴും ആലോചിച്ചുനോക്കിയിട്ടുണ്ടോ എന്നാണതേപ്പറ്റി ചോദിക്കുന്നത്. അല്ലെങ്കില്‍ ലോകനാഥനുമായി അവയ്ക്ക് യഥാര്‍ഥത്തില്‍ വല്ല ബന്ധവുമുണ്ടെന്ന് മനസ്സിലാക്കാന്‍ എന്തു ന്യായമാണുള്ളത് എന്നന്വേഷിച്ചിട്ടുണ്ടോ?

ലാത്തിന്റെ ആസ്ഥാനം ത്വാഇഫിലായിരുന്നു. വളരെ സുദൃഢമായ വിശ്വാസമാണ് ഥഖീഫ് ഗോത്രം ഈ വിഗ്രഹത്തിലര്‍പ്പിച്ചിരുന്നത്. അബ്‌റഹത്ത് ആനപ്പടയുമായി കഅ്ബയെ തകര്‍ക്കാന്‍ വന്നപ്പോള്‍ അവര്‍ സ്വീകരിച്ച നിലപാട് അത് നല്ലവണ്ണം വ്യക്തമാക്കുന്നുണ്ട്. അന്ന് ലാത്തിന്റെ സന്നിധാനം അബ്രഹത്തില്‍നിന്നൂം സംരക്ഷിക്കുന്നതിന് വേണ്ടി ആ അക്രമിക്ക് മക്കയിലേക്കുള്ള വഴി കാട്ടികൊടുക്കാന്‍ അവര്‍ സ്വഗോത്രത്തില്‍നിന്ന് അകമ്പടിക്കാരെ ഏര്‍പ്പെടുത്തികൊടുക്കുകയുണ്ടായി-മറ്റേതു അറേബ്യന്‍ ഗോത്രത്തേയുംപോലെ ഥഖീഫ് ഗോത്രവും കഅ്ബ ദൈവികമന്ദിരമാണെന്ന് വിശ്വസിക്കുന്നവരായിട്ടും. ലാത്തിന്റെ അര്‍ഥം സംബന്ധിച്ച് പണ്ഡിതന്മാര്‍ക്കിടയില്‍ തര്‍ക്കമുണ്ട്.

'ഉസ്സ' എന്ന പദം  പ്രതാപിനി എന്നാണര്‍ഥം. ഇത് ഖുറൈശികളുടെ സവിശേഷ ദേവതയായിരുന്നു. മക്കയ്ക്കും ത്വാഇഫിനുമിടയില്‍ വാദിനഖ്‌ലയിലെ 'ഹുറാദ്'  എന്ന സ്ഥലത്താണതിന്റെ സന്നിധാനം. ഹാശിം വംശത്തിന്റെ സഖ്യഗോത്രമായ ശൈബാന്‍ വംശം ഇതിന്റെ പരിസരത്താണ് വസിച്ചിരുന്നത്. ഖുറൈശികളും ഇതര ഗോത്രങ്ങളും ഈ സന്നിധാനം സന്ദര്‍ശിക്കുകയും നേര്‍ച്ചവഴിപാടുകളും ബലികളും അര്‍പ്പിക്കുകയും ചെയ്തിരുന്നു.
കഅ്ബയിലേക്കെന്നപോലെ ഉസ്സാ സന്നിധിയിലേക്കും ബലിമൃഗങ്ങളെ കൊണ്ടുവരാറുണ്ടായിരുന്നു. ആളുകള്‍ മറ്റു വിഗ്രഹങ്ങളെക്കാളെറേ ഉസ്സയെ ആദരിച്ചിരുന്നു. ഇബ്‌നുഹിശാം പറയുന്നു: അബൂ ഉഹൈഹ ആസന്നമരണനായപ്പോള്‍ അബൂലഹബ് അദ്ദേഹത്തെ സന്ദര്‍ശിച്ചു, അബൂലഹബിനെ കണ്ടപാട് അബൂ ഉഹൈഹ കരയാന്‍ തുടങ്ങി . അബൂലഹബ് ചോദിച്ചു: ''കരയുന്നതെന്തിന് അബൂ ഉഹൈഹാ, മരണത്തെ പേടിച്ചാണോ? മരണം എല്ലാവര്‍ക്കുമുള്ളതല്ലേ?'' അയാള്‍ പറഞ്ഞു: ''ദൈവത്താണ, ഞാന്‍ കരയുന്നത് മരണത്തെ പേടിച്ചല്ല; എനിക്ക് ശേഷം ഉസ്സയെ  ആര് പൂജിക്കുമെന്നോര്‍ത്തുള്ള ദുഃഖംകൊണ്ടാണ്.'' അബൂലഹബ് പറഞ്ഞു: ''നിങ്ങളുടെകാലത്ത് അത് പൂജിക്കപ്പെട്ടത് നിങ്ങളാല്‍  മാത്രമല്ല. നിങ്ങള്‍ക്കുശേഷവും അത് ഉപേക്ഷിക്കപ്പെടുകയില്ല.'' അബൂ ഉഹൈഹ പറഞ്ഞു: ''ഇപ്പൊഴെനിക്ക് സമാധാനമായി. എനിക്കുശേഷം എന്റെ സ്ഥാനം ഏറ്റെടുക്കാന്‍ ആരെങ്കിലുമുണ്ടല്ലോ.'' മനാത്തിന്റെ പ്രതിഷ്ഠ മക്കയ്ക്കും  മദീനയ്ക്കുമിടയില്‍ ചെങ്കടല്‍ തീരത്തുള്ള ഖുദൈദ് എന്ന സ്ഥലത്തായിരുന്നു. ഖുസാഅഃ, ഔസ്, ഖസ്‌റജ് ഗോത്രങ്ങള്‍ സവിശേഷ പ്രാധാന്യത്തോടെ ആരാധിച്ചുപോന്നത് ഈ വിഗ്രഹത്തെയാണ്. അവരവിടെ തീര്‍ഥാടനം ചെയ്യുകയും  പ്രദക്ഷിണവും നേര്‍ച്ചാ വഴിപാടുകളും ബലികളും നടത്തുകയും ചെയ്തുപോന്നു. ഹജ്ജ്‌വേളയില്‍ ഹാജിമാര്‍ കഅ്ബ പ്രദക്ഷിണം, അറഫാ-മിനകളിലെ ചടങ്ങുകള്‍ എന്നിവയില്‍നിന്നു വിരമിച്ചാല്‍ മനാത്തയെ സന്ദര്‍ശിക്കുന്നതിന് ലബ്ബൈക്ക മുഴക്കാറുണ്ടായിരുന്നു. ഈ രണ്ടാം 'ഹജ്ജി'നു നിയ്യത്ത് (തീരുമാനം) എടുത്തവര്‍ സഫാ- മര്‍വയ്ക്കിടയിലെ സഅ്‌യ് ചെയ്യാറുണ്ടായിരുന്നില്ല.


ആണ്‍മക്കള്‍ നിങ്ങള്‍ക്കും പെണ്‍മക്കള്‍ ദൈവത്തിനുമാണെന്നോ?


അതായത്, ഈ ദേവതകളെ നിങ്ങള്‍ അല്ലാഹുവിന്റെ പുത്രിമാരായി കരുതുന്നു. ഈ വിശ്വാസമാവിഷ്‌കരിക്കുമ്പോള്‍, പെണ്‍കുട്ടികളുണ്ടാകുന്നതിനെ അപമാനമായി കരുതുകയും തങ്ങള്‍ക്കുണ്ടാകുന്നത് ആണ്‍കുട്ടികള്‍ തന്നെയായിരിക്കണമെന്നാഗ്രഹിക്കുകയും ചെയ്യുന്നവരാണ് നിങ്ങള്‍. എന്നിട്ടും അല്ലാഹുവിന് നിങ്ങള്‍ നിര്‍ദേശിച്ച സന്തതികള്‍ പെണ്‍മക്കളായിപ്പോയി എന്നുള്ള കാര്യംപോലും നിങ്ങള്‍ ഓര്‍ത്തില്ല!


അങ്ങനെയെങ്കില്‍ അത് വളരെ അന്യായമായ പങ്കുവെക്കല്‍ തന്നെ. വാസ്തവത്തില്‍ അതൊക്കെയും നിങ്ങളും നിങ്ങളുടെ പിതാക്കളും വിളിച്ച കുറെ പേരുകളല്ലാതെ യാതൊന്നുമല്ല. അല്ലാഹു ഇവക്കൊന്നും യാതൊരു പ്രമാണവുമവതരിപ്പിച്ചിട്ടില്ല.

അതായത്, നിങ്ങള്‍ ദേവി എന്നും ദേവനെന്നും വിളിക്കുന്നവര്‍ യഥാര്‍ഥത്തില്‍ ദേവിയുമല്ല ദേവനുമല്ല. അവയിലൊന്നും ദിവ്യത്വത്തിന്റെ യാതൊരു ഗുണവുമില്ല. ദൈവികാധികാരങ്ങളില്‍ തരിമ്പും അവര്‍ക്കാര്‍ക്കും ലഭിച്ചിട്ടില്ല. നിങ്ങള്‍ സ്വന്തം നിലയ്ക്ക് അവരെ ദേവിയെന്നും ദേവനെന്നും ദൈവമക്കളെന്നും ദിവ്യത്വത്തില്‍ പങ്കാളികളെന്നുമൊക്കെ ആരോപിക്കുകയാണ്. നിങ്ങളുടെ ഈ സങ്കല്‍പങ്ങളെയൊക്കെ സ്ഥിരീകരിക്കാനുതകുന്ന യാതൊരു പ്രമാണവും ദൈവത്തിങ്കല്‍നിന്ന് സമാഗതമായിട്ടില്ല.

ഈ ജനം ഊഹാപോഹങ്ങളെയും ദേഹേച്ഛകളെയും മാത്രം പിന്തുടരുന്നു എന്നതത്രെ യാഥാര്‍ഥ്യം.

മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, അവരുടെ മാര്‍ഗഭ്രംശത്തിന്റെ അടിസ്ഥാനകാരണങ്ങള്‍ രണ്ടാണ്: ഒരു സംഗതിയെ സ്വന്തം വിശ്വാസപ്രമാണവും ദീനുമാക്കുന്നതിന് യഥാര്‍ഥ ജ്ഞാനത്തിന്റെ യാതൊരനിവാര്യതയും അവര്‍ക്കനുഭവപ്പെടുന്നില്ല.  എന്നല്ല കേവലമായ അനുമാനങ്ങളെ ഒരു സ്വപ്നമാക്കി ഒരു കാര്യം സങ്കല്‍പിക്കുകയും പിന്നീട് അത് അനിഷേധ്യ യാഥാര്‍ഥ്യമെന്ന മട്ടില്‍ വിശ്വസിക്കുകയുമാണവര്‍ ചെയ്യുന്നത്. രണ്ട്, അവരീ മാര്‍ഗം സ്വീകരിക്കുന്നത് സ്വന്തം ദേഹേഛകളെ അനുസരിക്കാന്‍ തീരുമാനിച്ചതുകൊണ്ടാണ്. ഈ ലോകത്ത് നിങ്ങളുദ്ദേശിക്കുന്ന കാര്യങ്ങളൊക്കെ സാധിച്ചുതരികയും ഒരു പരലോകമുണ്ടെങ്കില്‍ അവിടെ രക്ഷപ്പെടുത്തുകയും ഉത്തരവാദിത്വമേറ്റെടുക്കുകയും ചെയ്യുന്ന ഒരാരാധ്യനാണവര്‍ക്ക് വേണ്ടത്. ആ ദൈവം അവരുടെ മേല്‍ ഹിതാഹിതങ്ങളൊന്നും ചുമത്തിക്കൂടാ. ധാര്‍മികനിഷ്ഠകളൊന്നും ബാധകമാക്കാവതുമല്ല. അതുകൊണ്ട് പ്രവാചകന്‍ കൊണ്ടുവന്ന സന്ദേശം സ്വീകരിച്ച് ഏകദൈവത്തിന്റെ അടിമകളായിരിക്കാന്‍ അവര്‍ തയ്യാറല്ല. തങ്ങളുടെ സ്വയംകൃത ദൈവങ്ങളെ ആരാധിച്ചുപോരുന്നതുതന്നെയാണവര്‍ക്കു പഥ്യം.

എന്നാല്‍ അവരുടെ റബ്ബിങ്കല്‍നിന്നുള്ള സന്മാര്‍ഗം തീര്‍ച്ചയായും അവര്‍ക്കു ലഭിച്ചുകഴിഞ്ഞിരിക്കുന്നു.
അതായത്, എല്ലാ കാലത്തും അല്ലാഹുവിങ്കല്‍നിന്നുള്ള പ്രവാചകവര്യന്‍മാര്‍ ഇത്തരം മാര്‍ഗഭ്രഷ്ടരായ ആളുകള്‍ക്ക് സത്യം വെളിപ്പെടുത്തിക്കൊടുത്തുകൊണ്ടിരുന്നു. അതനുസരിച്ച് ഇപ്പോള്‍ മുഹമ്മദ് (സ) ആഗതനായി നിങ്ങള്‍ക്ക് വ്യക്തമാക്കിത്തന്നിരിക്കുകയാണ്, പ്രപഞ്ചത്തിന്റെ പരമാധികാരം യഥാര്‍ഥത്തില്‍ ആര്‍ക്കാണെന്ന്.

അതല്ല, മനുഷ്യന്‍ കൊതിക്കുന്നതെന്തോ അതുതന്നെയാണ് അവന്റെ സത്യമെന്നോ?

സൂക്തത്തില്‍ മറ്റൊരാശയം ഇങ്ങനെയാവാം: അതല്ല, തനിക്കിഷ്ടമുള്ളവരെ ദൈവമാക്കാന്‍ മനുഷ്യന്നധികാരമുണ്ടെന്നോ? മൂന്നാമതൊരാശയം ഇങ്ങനെയുമാകാം: ഈ ദൈവങ്ങളിലൂടെ സഫലീകരിക്കപ്പെടുമെന്ന് മനുഷ്യന്‍ പ്രതീക്ഷിക്കുന്ന ആഗ്രഹങ്ങള്‍ എപ്പോഴെങ്കിലും സഫലീകരിക്കപ്പെടുന്നുണ്ടോ?

ഇഹത്തിന്റെയും പരത്തിന്റെയും ഉടമസ്ഥന്‍ അല്ലാഹു മാത്രമാകുന്നു. 

കാളിദാസന്‍െ പറഞ്ഞ ആരോപണത്തിലേക്ക് നയിച്ച സംഭവങ്ങള്‍:

പ്രവാചകത്വത്തിന്റെ അഞ്ചാം ആണ്ടുവരെ നബി(സ) തന്റെ ഉറ്റമിത്രങ്ങളെയും സ്വകാര്യസഭകളെയും മാത്രമേ ഖുര്‍ആന്‍ ഓതിക്കേള്‍പ്പിച്ചുകൊണ്ട് പ്രബോധനം ചെയ്തിരുന്നുള്ളൂ എന്ന് വ്യക്തമാകുന്നു. ഇക്കാലയളവിലൊരിക്കലും ബഹുജനസഭകളില്‍ ഖുര്‍ആന്‍ കേള്‍പ്പിക്കാന്‍ അദ്ദേഹത്തിനവസരം ലഭിച്ചിട്ടില്ല. അവിശ്വാസികളുടെ രൂക്ഷമായ എതിര്‍പ്പ് അതിന് തടസ്സമായിരുന്നു. തിരുമേനിയുടെ വ്യക്തിത്വവും പ്രബോധനവും തങ്ങളെ സംബന്ധിച്ചിടത്തോളം എത്രമാത്രം അപകടകരമാണെന്നും ഖുര്‍ആന്‍സൂക്തങ്ങള്‍ തങ്ങളെ എത്രമാത്രം പ്രകോപിതരാക്കുമെന്നും അവര്‍ക്കും നന്നായറിയാമായിരുന്നു. അതുകൊണ്ട് ഖുര്‍ആന്‍ സ്വയം കേള്‍ക്കാതെയും മറ്റുള്ളവരെ കേള്‍പ്പിക്കാതെയും കഴിക്കാന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരുന്നു. അതോടൊപ്പം പ്രവാചകനെക്കുറിച്ച് പലതരം തെറ്റുധാരണകള്‍ പരത്തി വ്യാജപ്രചാരണങ്ങള്‍ ശക്തിപ്പെടുത്തിക്കൊണ്ട് അദ്ദേഹത്തിന്റെ പ്രബോധനത്തെ ഒതുക്കാനും അവര്‍ യത്‌നിച്ചു. അതിനുവേണ്ടി മുഹമ്മദ് നബി(സ) വഴിതെറ്റിയിരിക്കുന്നുവെന്നും അദ്ദേഹം ജനങ്ങളെക്കൂടി വഴിതെറ്റിക്കാനൊരുമ്പെട്ടിരിക്കുന്നുവെന്നും നാനാ സ്ഥലങ്ങളിലും പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരുന്നു. തിരുമേനി എവിടെയെങ്കിലും ഖുര്‍ആന്‍ കേള്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ഉടനെ അവിടെ ബഹളമുണ്ടാക്കി അതു തടസ്സപ്പെടുത്തുക അവര്‍ സ്ഥിരമായി അനുവര്‍ത്തിച്ചിരുന്ന മറ്റൊരു തന്ത്രമായിരുന്നു. തിരുമേനിയെ വഞ്ചിതനാക്കുകയും വഴിതെറ്റിക്കപ്പെടുകയും ചെയ്തുവെന്ന് പറയപ്പെടുന്ന ഈ വചനങ്ങള്‍ യഥാര്‍ഥത്തില്‍ എന്താണെന്ന് മനസ്സിലാക്കാന്‍ ആളുകള്‍ക്ക് സാധിക്കാതിരിക്കുകയായിരുന്നു അതിന്റെ ലക്ഷ്യം.
ഈ ചുറ്റുപാടില്‍ ഒരുനാള്‍ നബി തിരുമേനി മസ്ജിദുല്‍ ഹറാമില്‍ ആഗതനായി. അവിടെ വലിയൊരു സംഘം ഖുറൈശികള്‍ സമ്മേളിച്ചിട്ടുണ്ടായിരുന്നു. തിരുമേനി പെട്ടെന്ന് അവര്‍ക്കിടയില്‍ പ്രഭാഷണംചെയ്യാന്‍ എഴുന്നേറ്റു. ആ സന്ദര്‍ഭത്തില്‍ അവിടത്തെ തിരുനാവിലൂടെ അല്ലാഹു ഉതിര്‍ത്ത പ്രഭാഷണമാണ് സൂറ അന്നജ്മിന്റെ രൂപത്തില്‍ നമ്മുടെ മുമ്പിലുള്ളത്. തിരുമേനി ഇതു കേള്‍പ്പിക്കാന്‍ തുടങ്ങിയപ്പോള്‍ പ്രതിയോഗികള്‍ ബഹളമുണ്ടാക്കാന്‍ മറന്നുപോയത് ഈ വചനങ്ങളുടെ അനന്യമായ സ്വാധീനശക്തിയുടെ നിദര്‍ശനമത്രേ. ബഹളമുണ്ടാക്കിയില്ലെന്നു മാത്രമല്ല, ഒടുവില്‍ തിരുമേനി സുജൂദ്‌ചെയ്തപ്പോള്‍ അവരും സുജൂദില്‍ വീണുപോയി. തങ്ങളില്‍ വന്നുപോയ ദൗര്‍ബല്യത്തില്‍ പിന്നീട് അവര്‍ പരിഭ്രാന്തരായി. മറ്റുള്ളവരോട് ഖുര്‍ആന്‍ കേള്‍ക്കാന്‍ പാടില്ലെന്നു വിലക്കിയവര്‍ ഇപ്പോള്‍ അത് ചെവികൂര്‍പ്പിച്ചു കേള്‍ക്കുക മാത്രമല്ല, മുഹമ്മദിന്റെകൂടെ സുജൂദില്‍ വീഴുകയും ചെയ്തിരിക്കുന്നുവെന്ന് ആളുകള്‍ അവരെ അധിക്ഷേപിക്കാനും തുടങ്ങി. ഒടുവില്‍ തങ്ങളുടെ സുജൂദിനെ ന്യായീകരിക്കാന്‍ അവരൊരു കഥയുണ്ടാക്കി പ്രചരിപ്പിച്ചു. അതിപ്രകാരമായിരുന്നു: മുഹമ്മദ്  'ഇനിയൊന്നു പറയൂ, ഈ ലാത്തിന്റെയും ഉസ്സയുടെയും മൂന്നാമതൊരു ദേവതയായ മനാത്തിന്റെയും യാഥാര്‍ഥ്യത്തെക്കുറിച്ച് നിങ്ങള്‍ വല്ലപ്പോഴും ചിന്തിച്ചിട്ടുണ്ടോ?' എന്ന വചനങ്ങള്‍ക്കുശേഷം  'അവര്‍ അത്യുന്നത ദേവതകളാകുന്നു. അവരുടെ ശിപാര്‍ശ തീര്‍ച്ചയായും പ്രതീക്ഷിക്കാവുന്നതാകുന്നു' എന്നുകൂടി ഓതുന്നതായി ഞങ്ങള്‍ കേട്ടു. അതുകൊണ്ട് മുഹമ്മദ് ഞങ്ങളുടെ മാര്‍ഗത്തിലേക്ക് തിരിച്ചുവന്നതായി ഞങ്ങള്‍ മനസ്സിലാക്കി. എന്നാല്‍, ഈ സൂറത്തിന്റെ സന്ദര്‍ഭപശ്ചാത്തലങ്ങളില്‍ എവിടെയെങ്കിലും മേല്‍വാക്യങ്ങള്‍ക്ക് എന്തെങ്കിലും സാംഗത്യമുള്ളതായി ഒരു ഭ്രാന്തനുപോലും ചിന്തിക്കാന്‍ കഴിയില്ല.

ഈ അധ്യായം പൂര്‍ണമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

2010, മാർച്ച് 21, ഞായറാഴ്‌ച

ബാബുവും ചിന്തകനും പിന്നെ ഞാനും

ഒട്ടും ഗൗരവപ്പെട്ട ചര്‍ചയല്ല ഇത്. എങ്കിലും ഇങ്ങനെ ഒരു പോസ്റ്റ് ആവശ്യമാണ് എന്ന് തോന്നുകയാണ്.  ചില പ്രധാനപ്പെട്ട ബ്ലോഗര്‍മാരുടെ നിലപാട് എതിര്‍ക്കപ്പെടേണ്ടതായി വരുമ്പോള്‍ അത് ചെയ്യാതിരിക്കുന്നത് ഭൂലോഗത്തോട് ചെയ്യുന്ന നീതിയല്ല. അതിലൂടെ മൂടികെട്ടിനില്‍ക്കുന്ന കാര്‍മേഘങ്ങള്‍ പെയ്യാനും കൂടുതല്‍ വെളിച്ചം ലഭിക്കാനും സാധ്യതയുണ്ടെങ്കില്‍ പ്രത്യേകിച്ചും.

"അവനവന്റെ ബ്ലോഗില്‍ സ്വന്തം നിലപാട് പോലും എഴുതാന്‍ പാടില്ലാത്ത അവസ്ഥയായി. കേട്ടപാതി കേള്‍ക്കാത്തപാതി ചാടിവീഴും, ചക്കെന്ന് പറഞ്ഞാല്‍ കൊക്കെന്ന് തിരിയുന്ന കുറെ പണ്ഡിതകൂശ്മാണ്ഡങ്ങള്‍ ‍. പിന്നെ ഛര്‍ദിക്കുവോളവും അതിനുശേഷവും ചര്‍ച്ചിച്ചോണ്ടിരിക്കാം." (ബ്ലോഗര്‍ സി.കെ.ബാബു)


"ഈ പറഞ്ഞത് നൂറു ശതമാനവും ശരിയാണ്. പക്ഷെ എന്താണ് പ്രശ്നമെന്ന് മാത്രം താങ്കള്‍ക്ക് മനസ്സിലായില്ലെന്ന് തോന്നുന്നു. ഒരു ബ്ലോഗ് ഉണ്ടാക്കി ഇന്‍വൈറ്റഡ് മെംബേഴിന്റെ ഇടയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ആരും ഇടപെടും എന്ന് തോന്നുന്നില്ല. എന്നാല്‍ ബ്ലോഗ് പോലെയുള്ള ഒരു പൊതു മാദ്ധ്യാമത്തില്‍ വരുന്ന ചര്‍ച്ചകളോട് ആളുകള്‍ പ്രതികരിച്ചെന്ന് വരും, അതും സാമൂഹികമായ വിഷയങ്ങള്‍ പരാമര്‍ശിക്കപ്പെട്ടാല്‍. ഒരു വിഷയത്തില്‍ പ്രചരണം നടത്താല്‍ എതിര്‍ പ്രചരണവും ഉണ്ടാവുക സ്വാഭാവികം." (അനിൽ@ബ്ലോഗ്


അനില്‍ ഇതുപറഞ്ഞത് സി.കെ.ബാബുവിനോടാണെന്ന് ആരെങ്കിലും കരുതിയെങ്കില്‍ തെറ്റി. വിജ്ഞാനത്തിന്റെ മഹാ പ്രവാചകന്‍മാരോട് അങ്ങനെയൊക്കെ പറയാമോ. മറിച്ച് അദ്ദേഹം ഇതു പറഞ്ഞത് കാട്ടിപ്പരുത്തിയോടാണ്. കാട്ടിപ്പരുത്തി താഴെകാണുന്ന അപരാധം പറഞ്ഞപ്പോള്‍

"വിചാരം
മുഹമ്മദിനെ അംഗീകരിച്ചവര്‍ മാത്രമെ ഇസ്ലാമിന്റെ നിയമങ്ങളും അം‌ഗീകരിക്കേണ്ടതുള്ളൂ- ഇപ്പോഴും വലിയ പ്രശ്നം തോന്നുന്നത് അം‌ഗീകരിച്ചവര്‍ക്കല്ലല്ലോ? ആ ബുദ്ധി മതി ഇതും മനസ്സിലാക്കാന്‍ - ഇത്തിരിയോട് പറഞ്ഞ വലിയ ബുദ്ധി ആവശ്യമായി വരുന്നില്ല.


പിന്നെ ഇസ്ലാമിക നിയമങ്ങളെങ്ങള്‍ എങ്ങിനെ നടപ്പിലാക്കുന്നു, ഏതെല്ലാം രീതിയിലാണു വഹ്‌യ് ഇതെല്ലാം വിശ്വസിക്കുന്നവര്‍ക്കേ ഭാധകമഅകുന്നൊള്ളുവല്ലോ?"
 
ഇതോടെയാണ് ഞാന്‍ കണ്‍ഫ്യൂഷനായത്. അത് തീര്‍ക്കാന്‍ ആര്‍ക്കെങ്കിലും എന്നെ സഹായിക്കാന്‍ കഴിയുമെങ്കില്‍ ആകട്ടേ. 


ഇതിനിടയില്‍ എന്റെ നിലപാട് വിശദീകരിക്കേണ്ടുന്ന ഒരു സംഭവമുണ്ടായി. ബര്‍ണബാസിന്റെ സുവിശേഷം നുണയും സത്യവും എന്ന ഒരു ലേഖന പരമ്പര യുക്തിവാദിയായ സി.കെ ബാബു ആരംഭിച്ചു. ബര്‍ണബാസിന്‍െ സുവിശേഷം എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. അതിന്റെ ഒരു മലയാള പരിഭാഷയില്‍ നിന്ന് ചിലഭാഗങ്ങള്‍ വായിക്കുകയും ചെയ്തിരുന്നു. ഇയ്യിടെയായി ചിന്തകന്റെ പോസ്റ്റിലാണ് അത് വീണ്ടും സജീവമായി പൊങ്ങിവന്നത്. അതിന്റെ കര്‍ത്താവ് യേശുവിന്റെ ശിഷ്യനായ ബര്‍ണബാസ് തന്നെയാണോ അല്ലേ. അതോ അദ്ദേഹത്തിന്റെ പേരില്‍ ബാബുവും കാളിദാസനും പറയുന്ന പ്രകാരം മധ്യകാല നൂറ്റാണ്ടില്‍ മുസ്‌ലിംകള്‍ എഴുതിയുണ്ടാക്കിയതോ എന്ന കാര്യത്തിലൊന്നും എനിക്ക് അഭിപ്രായം പറയാന്‍ കഴിയില്ല. അതുകൊണ്ട് ആ കാര്യം കൂടുതല്‍ മനസ്സിലാക്കുന്നതിനായി ആദ്യം ചിന്തകന്റെയും പിന്നീട് ബാബുവിന്റെയും ബ്ലോഗ് വായിക്കാന്‍ തുടങ്ങി. സ്വാഭാവികമായും അനില്‍ കാട്ടിപ്പരുത്തിയോട് പറഞ്ഞ ആ നിലപാടാണ് ഇക്കാര്യത്തില്‍ എനിക്കുള്ളത്. അതുകൊണ്ട് തന്നെ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി ഞാന്‍ ചില കമന്റുകള്‍ അതില്‍ ഇട്ടു. ബാബുവിന്റെ ശൈലിയനുസരിച്ച് അദ്ദേഹം പറയുന്ന വിഷയങ്ങളെ എത്രമാന്യമായി വിയോജിച്ചാലും അദ്ദേഹ പ്രകോപിതനാകും പിന്നീട് വിളിക്കുന്ന വിളികള്‍ ഇവിടെ എഴുതാന്‍ കഴിയില്ല.

ബര്‍ണബാസിന്‍െ പേരില്‍ അറിയപ്പെടുന്നത് ഒരു കള്ളസുവിശേഷമാണെങ്കില്‍ ഒരു മുസ്്‌ലിമിനും അത് യഥാര്‍ഥമാണ് എന്ന് പറഞ്ഞ് വാശിപിടിക്കേണ്ട ഒന്നുമില്ല. അതുകൊണ്ട് തീര്‍ത്തും അന്വേഷണ മനസ്സോടെ തന്നെയാണ് ഞാനത് വായിക്കാന്‍ ആരംഭിച്ചത്.

ബാബു പറഞ്ഞു:  "മുൻവിധി ഇല്ലാതെയും പക്ഷം ചേരാതെയും കാര്യങ്ങൾ മനസ്സിലാക്കാൻ തയ്യാറുള്ള ആർക്കും ബർണബാസ്‌ സുവിശേഷം ഒരു വ്യാജസൃഷ്ടിയാണെന്നു് തിരിച്ചറിയാൻ ബുദ്ധിമുട്ടില്ല. പതിനാലാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിൽ സ്പെയിനിൽ രൂപമെടുത്തതാവാം ഈ സുവിശേഷം എന്ന നിഗമനത്തിലേക്കാണു് എല്ലാ സൂചനകളും നയിക്കുന്നതു്. ക്രിസ്തീയ സഭ ഈ കാലഘട്ടത്തിൽ നടത്തിക്കൊണ്ടിരുന്ന ഇൻക്വിസിഷനോടുള്ള പ്രതികാരം എന്നനിലയിൽ രൂപമെടുത്തിരിക്കാൻ ഇടയുള്ളതെന്നു് കരുതപ്പെടുന്ന ഈ സുവിശേഷം മുസ്ലീമായി പരിവർത്തനം ചെയ്ത ഒരു ക്രിസ്ത്യാനിയുടെ സൃഷ്ടിയാവാൻ നല്ല സാദ്ധ്യതയുണ്ടു്. ക്രിസ്തുമതത്തിലും ഇസ്ലാമിലും എഴുത്തുകാരൻ പ്രദര്‍ശിപ്പിക്കുന്ന മതിയായ പരിജ്ഞാനം അതിനൊരു ന്യായീകരണമാണു്."


അതെഴുതിയത് ഒരു മുസ്‌ലിമായിരിക്കാനുള്ള സാധ്യത തള്ളേണ്ടതില്ല. പക്ഷേ അതിനദ്ദേഹം പറയുന്ന കാരണങ്ങള്‍ എനിക്ക് ദഹിക്കുന്നില്ല. പ്രവാചകനെക്കുറിച്ചുള്ള ചില പ്രവചനങ്ങള്‍ പ്രാധാന്യത്തോടെ നല്‍കിയതും. യേശു ക്രൂശിക്കപ്പെട്ടിട്ടില്ല യൂദാസാണ് പകരം ക്രൂശിക്കപ്പെട്ടത് തുടങ്ങിയവ ഇസ്‌ലാം വിശ്വാസികള്‍ക്ക് പഥ്യമായതുമാണ് ക്രിസ്തുമതത്തിലും ഇസ്‌ലാമിലുമുള്ള മതിയായ പരിജ്ഞാനം എന്നതുകൊണ്ടുദ്ദേശിക്കുന്നത് എന്ന ലേഖനത്തില്‍ നിന്ന് മനസ്സിലാകുന്നുണ്ട്. അതുവെച്ച് അത് മുസ്‌ലിംകള്‍ എഴുതിയാതാണെന്ന് നിഗമനത്തിലെത്തുകയാണ് ബാബു. അല്ലെങ്കില്‍ ആരോ മുമ്പെഴുതിവെച്ചത് മലയാളത്തിലാക്കുകയാണ്. 
യേശുവിനെ ക്രൂശിച്ചിട്ടില്ല എന്ന് ഖുര്‍ആന്‍ വ്യക്തമായി പറയുന്നു. എന്നാല്‍ നാല് സുവിശേഷങ്ങളും ക്രൂശിക്കപ്പെട്ടു എന്ന് പറയുന്നു അതിനാല്‍ ക്രൈസ്തവ വിശ്വാസം അതാണ്. ഖുര്‍ആനില്‍ അവര്‍ക്കങ്ങനെ തോന്നി എന്ന് സൂചിപ്പിക്കുന്ന ഭാഗം വെച്ച് യേശുവിന് പകരം മറ്റാരെയെങ്കിലും ക്രൂശിച്ചിട്ടുണ്ടാകാം. ഞാന്‍ മുമ്പ് വായിച്ചത് വെച്ച് ആ സംഭവം ബര്‍ണബാസിന്റെ സുവിശേഷത്തില്‍ വ്യക്തമായി പറയുന്നുണ്ട്. യൂദാസിന് യേശുവിന്റെ രൂപം നല്‍കപ്പെട്ടു എന്നാണ് അതില്‍ വായിച്ച ഓര്‍മ. ഈ ഒരു വസ്തുത വെച്ച് അത് മുസ്ലിംകള്‍ എഴുതിയുണ്ടാക്കിയതാണ് എന്ന് പ്രഖ്യാപിക്കുന്നതിലെ അനൗചിത്യമാണ് എനിക്ക് മനസ്സിലാകാത്തത്. യുക്തിവാദി എന്ന നിലയില്‍ അദ്ദേഹം സ്വതന്ത്രമായ ഒരു ചര്‍ചക്ക് സന്നദ്ധമാകുകയും ആ ചര്‍ചയുടെ അവസാനം ഉരുത്തിരിയുന്ന ഒരാശയം സ്വീകരിക്കാന്‍ വായനക്കാരെ വിടുകയുമായിരുന്നു ചെയ്യേണ്ടിയിരുന്നത് എന്നാണ് എന്റെ അഭിപ്രായം. അതിന് പകരം അദ്ദേഹം പറയുന്നത് ഇങ്ങനെ:
"ലത്തീഫുമായോ ചിന്തകനുമായോ ഒരു ചര്ച്ച ആഗ്രഹിക്കുന്നില്ല എന്ന് ഇതിന് മുന്‍പേ തന്നെ ഞാന്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് നിങ്ങളുടെ തുടര്‍ന്നുള്ള കമന്റുകള്‍ ഞാന്‍ ഡിലീറ്റ് ചെയ്യും. കാരണം, എന്‍റെ ബ്ലോഗില്‍ കുറേ ചവറുകമന്‍റുകള്‍ വന്ന് നിറയണമെന്ന് എനിക്ക് ഒരു നിര്‍ബന്ധവുമില്ല.
നിങ്ങള്‍ ദിവസേനയെന്നോണം പോസ്റ്റെഴുതുന്നവരായതിനാല്‍ അഭിപ്രായം സ്വന്തം ബ്ലോഗില്‍ എഴുതുകയുമാവാം. വായിക്കേണ്ട 'മാന്യന്‍മാര്‍ ' അവിടെവന്ന് വായിച്ചുകൊള്ളും. പിന്നെ എന്താ പ്രശ്നം?"
ഇങ്ങനെ ബാബു പറഞ്ഞപ്പോള്‍ എന്റെയും ചിന്തകന്‍െയും കമന്റുകള്‍ ആവര്‍ത്തിച്ച് വായിച്ചുനോക്കി. മറ്റുള്ളവരിലില്ലാത്ത എന്താണ് ഞങ്ങളുടെ കമന്റുകളെ ചവറുകള്‍ എന്ന വിശേഷണത്തിനര്‍ഹമാക്കിയത് എന്ന് അത് കൂടുതല്‍ വ്യക്തമായത് തൊട്ടടുത്ത പോസ്‌റ്റോടു കൂടിയാണ്. അത് വായിച്ചാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും കാര്യമാത്ര പ്രസക്തമായ ചര്‍ച എന്നാല്‍ എന്താണെന്നും ചവറ് കമന്റ് എന്നാല്‍ എന്താണെന്നും.
ചിന്തകനും പണ്ഡിതനുമായ ബാബു ഇത് സാധിച്ച സൂത്രം പറഞ്ഞുതരാം. ഇതാ എതിര്‍ക്കാന്‍ സാധ്യതയുള്ളവരെ ഇങ്ങനെ പറഞ്ഞ് അകറ്റിനിര്‍ത്തുക.
"ബ്ലോഗിലോ പുറത്തോ ഉള്ള 'ഇസ്ലാമിക-ക്രൈസ്തവ പണ്ഡിതരെയോ' 'ഉത്തമബോദ്ധ്യ' വിശ്വാസികളെയോ കൺവിൻസ്‌ ചെയ്യിക്കാൻ വേണ്ടിയല്ല ഇതെഴുതുന്നതു്. മതങ്ങളുടെ മാറാലയിലൂടെ അല്ലാതെ കാര്യങ്ങൾ മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർ മാത്രമാണെന്റെ ലക്ഷ്യവിഭാഗം.
വിശ്വാസികളാണെങ്കില്‍ മേല്‍ നല്‍കിയ വരിയില്‍ ആളുകളെ മാറ്റിയാല്‍ മതി. എന്നിട്ടും ആരെങ്കിലും കമന്റിടുകയാണെങ്കില്‍ ഇത് വീണ്ടു ആവര്‍ത്തിക്കുക. വേണമെങ്കില്‍ ഇങ്ങനെയും പറയാം:
"ലേഖനം തുടരുമെന്ന് എഴുതിയിരുന്നു. അതും കണ്ടോ എന്നറിയില്ല. ഏതായാലും ആ തുടര്‍ച്ചയില്‍ ആ പട്ടികകളിലേക്ക് ഞാന്‍ വിശദമായി കടക്കുന്നുണ്ട്. പക്ഷേ, അതുവഴി ചിന്തകനെപ്പോലെയുള്ളവരെ കണ്‍വിന്‍സ് ചെയ്യിക്കാം എന്ന വ്യാമോഹമൊന്നും എനിക്കില്ല എന്നുകൂടി സൂചിപ്പിക്കട്ടെ."
"കാളിദാസൻ,
ബൈബിളിനെയും ഖുർആനെയും ബർണബാസ്‌ സുവിശേഷത്തെയും കൂടാതെ ഈ വിഷയത്തിൽ നടത്തിയ നിഷ്പക്ഷവും ക്രിസ്തീയവുമായ രണ്ടുതരം ഗവേഷണങ്ങളെയാണു് ഞാനും ആധാരമാക്കുന്നതു്. ലേഖനം തീരുമ്പോൾ അവലംബം കൊടുക്കാം എന്നു് കരുതിയെന്നേയുള്ളു."
 
ലേഖനം പരമ്പര അവസാനിക്കുന്നത് വരെ എതിര്‍ത്തൊന്നും പറയാതെ സഹിക്കുക. റെഫറന്‍സൊക്കെ അവസാനം നല്‍കും. അത് വരെ കാത്തിരിക്കുക. ഖുര്‍ആനും കൂടി വെച്ച് നടത്തുന്ന ഒരു വിശകലനത്തില്‍നിന്നും അതിനെക്കുറിച്ചറിയുന്നവരെ മാറ്റിനിര്‍ത്തിയുള്ള ഒരു ഗംഭീരന്‍ ചര്‍ച അത്രയേ ബാബു ഉദ്ദേശിച്ചുള്ളൂ.
"ഇവിടെ പരാമർശവിഷയമായ ബർണബാസ്‌ സുവിശേഷം ഒരു വ്യാജകൃതിയാണു്. അക്കാര്യത്തിൽ ഒരു സംശയത്തിനു് യാതൊരു അവകാശവുമില്ല." ഞാനും ചിന്തകനും വിട്ട് നിന്നിട്ടും ബാബുവിന്‍െ രോഷമടങ്ങുന്നില്ല. അദ്ദേഹം പറയുന്നത് കാണുക.
"ബ്ലോഗിൽ ഈ വിഷയം കൈകാര്യം ചെയ്യുന്ന 'ഇസ്ലാം പണ്ഡിതരിൽ' ആരെങ്കിലും ഏതെങ്കിലും ഒരർത്ഥത്തിൽ ഗൗരവതരമായ ശ്രദ്ധയോ പരിഗണനയോ അർഹിക്കുന്നുണ്ടെന്നു് എനിക്കു് തോന്നുന്നില്ല. ചിരിക്കാൻ പറ്റിയ കുറെ കോമാളി നമ്പറുകൾ, അത്രതന്നെ. മതവിശ്വാസത്തിനു് എതിരായി ചൂണ്ടിക്കാണിക്കാൻ കഴിയുന്ന ഏറ്റവും ശക്തമായ തെളിവാണു് എന്റെ അഭിപ്രായത്തിൽ മതബ്ലോഗുകൾ!"
ഇതുപറയുന്നത് കേട്ടാല്‍ തോന്നും മതവിശ്വാസത്തിന് എതിരായി ചൂണ്ടിക്കാണിക്കാന്‍ കഴിയുന്ന അത്തരം ബ്ലോഗുകള്‍ സന്ദര്‍ശിക്കാനാണ് അദ്ദേഹം ആവശ്യപ്പെടുന്നത് എന്ന്. എന്നാല്‍ അദ്ദേഹം പറയുന്നതോ:
"ഇത്തരം സർക്ക്യുലർ ആർഗ്യുമെന്റുകളിൽ കിടന്നു് തിരിയുന്നവയാണു് മതബ്ലോഗുകളിലെ മിക്കവാറും എല്ലാ ചർച്ചകളും. അവരുടെ ചർച്ചാഭാസങ്ങളിലേക്കു് ആളെക്കൂട്ടാൻ പഠിച്ച പണി പതിനെട്ടും അവർ പയറ്റുന്നുണ്ടെങ്കിലും വെളിവുള്ള ആരും അതിൽ പങ്കെടുക്കാത്തതും അതുകൊണ്ടുതന്നെ. അബദ്ധത്തിൽ ആ വഴി പോയിട്ടുള്ള സാമാന്യബോധമുള്ളവർ പിന്നീടു് ആ ഭാഗത്തേക്കു് തിരിഞ്ഞുനോക്കാതിരിക്കുന്നതായാണു് കണ്ടിട്ടുള്ളതു്. അതാണു് അവർക്കു് ലഭിക്കേണ്ട ചികിത്സയും. പക്ഷേ, കഷ്ടമെന്നേ പറയേണ്ടൂ, കണ്ടാൽ അറിയുന്നവരുണ്ടു്, കൊണ്ടാലും അറിയാത്തവരുമുണ്ടു് ഈ ലോകത്തിൽ.
അങ്ങനെ ഞാന്‍ സാമാന്യബോധമുള്ളവരുടെ കണക്കെടുക്കാന്‍ നോക്കി. അതിന് അവലംബിച്ച മാര്‍ഗം. എന്റെ ബ്ലോഗില്‍ ആദ്യത്തില്‍ വരികയും പിന്നീട് വരാതിരിക്കുകയും ചെയ്തവര്‍. സത്യം പറയട്ടേ അവര്‍ വളരെ കുറവാണ്. ഒരു കയ്യിലെ വിരലില്‍ അവസാനിക്കും. അവര്‍ വന്നതിന് ശേഷം പച്ചത്തെറിയായിരുന്നു. കൊണ്ടാലറിയാത്തവരും ധാരാളമുണ്ടെന്ന് മനസ്സിലായി. സാമാന്യബോധമുള്ളവര്‍ തന്റെ ബ്ലോഗ് സന്ദര്‍ശിക്കുന്നവരും അഭിപ്രായം പറയുന്നവരുമാണ്  എന്ന് ബാബു പറയാത്തതിനാല്‍ അദ്ദേഹത്തിന്റെ പുതിയ ബ്ലോഗില്‍ കമന്റിട്ടവരെ പരിഗണിച്ചിട്ടില്ല.
ഈ പോസ്റ്റ് ഇവിടെ അവസാനിക്കുന്നു. ഒരു അഡ്ജസ്റ്റ്‌മെന്റ് മെക്കാനിസത്തിന്റെ ഭാഗമാണ് ഈ പോസ്റ്റ് എന്ന് കരുതിയാല്‍ മതി. ഇത് വെച്ച് വ്യക്തിപരമായ അക്ഷേപവും അദ്ദേഹം വിശ്വാസികളെ പറയുന്നത് പോലുള്ള പ്രയോഗവും അനുവദിക്കാന്‍ നിര്‍വാഹമില്ല. ഞങ്ങളെ ഒരു നൂറ് തെറിവിളിക്കുമ്പോള്‍ അതിനെതിരെ ഇത്രയെങ്കിലും ചെയ്തില്ലെങ്കില്‍ പ്രതികരണ ശേഷിയി‌ലാത്ത ഷണ്ഡന്‍മാര് എന്ന വിളികൂടി ഞങ്ങള്‍ കേള്‍ക്കേണ്ടിവരും.

2010, മാർച്ച് 18, വ്യാഴാഴ്‌ച

പ്രവാചകപത്‌നിമാര്‍ വിശ്വാസികളുടെ മാതാക്കള്‍

'ഈ ബൂലോകത്ത് ഒരു വ്യക്തി എന്ന നിലയില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്നത് മുഹമ്മദിനെപ്പറ്റിയാണ്.' അരുണ്‍ എന്റെ കഴിഞ്ഞ പോസ്റ്റില്‍ അവസാനം നല്‍കിയ കമന്റിന്റെ ആദ്യവരി ഇങ്ങനെയായിരുന്നു. ബൂലോഗത്ത് മാത്രല്ല ഭൂലോകത്തും അതുതന്നെയാണ് അവസ്ഥ. എങ്കിലും തല്‍കാലം ഈ ചര്‍ച ഇവിടെ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. സാജന്‍ എന്ന ബ്ലോഗര്‍ക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ ഒരു പോസ്റ്റുകൂടി ഇടുന്നു. കഴിഞ്ഞ പോസ്റ്റില്‍ അദ്ദേഹം നല്‍കിയ ചോദ്യങ്ങള്‍ക്ക് ഇതിനിടെ മറുപടി പലവിധത്തില്‍ നല്‍കിയതാണ്. ചോദ്യങ്ങളില്‍ ഉത്തരം നല്‍കപ്പെടേണ്ടതായി തോന്നിയ കാര്യങ്ങളില്‍ അതുമായി ബന്ധപ്പെട്ട ഖുര്‍ആന്‍ സൂക്തങ്ങള്‍ വ്യാഖ്യാന സഹിതം നല്‍കുക മാത്രമാണ് ചെയ്യുന്നത്. തുടര്‍ന്ന് വായിക്കുക.
നിസ്സംശയം, പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക് സ്വന്തം ശരീരത്തെക്കാള്‍ പ്രധാനമാകുന്നു. പ്രവാചകപത്‌നിമാരോ, അവരുടെ മാതാക്കളുമാകുന്നു. എന്നാല്‍ അല്ലാഹുവിന്റെ ഗ്രന്ഥമനുസരിച്ച് കുടുംബബന്ധുക്കള്‍ സാധാരണ വിശ്വാസികളെയും മുഹാജിറുകളെയും അപേക്ഷിച്ച് പരസ്പരം കൂടുതല്‍ അവകാശമുള്ളവരത്രെ. നിങ്ങള്‍ സ്വന്തം മിത്രങ്ങളോട് വല്ല നന്മയും (ചെയ്യാനാഗ്രഹിക്കുന്നുവെങ്കില്‍) ചെയ്യാമെന്നു മാത്രം. ഈ വിധി വേദപ്രമാണത്തില്‍ എഴുതപ്പെട്ടിട്ടുള്ളതത്രെ. (33:6)
 -----------------------------------------------------------------
നിസ്സംശയം, പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക് സ്വന്തം ശരീരത്തെക്കാള്‍ പ്രധാനമാകുന്നു.
(അതായത്, പ്രവാചകന് മുസ്‌ലിംകളോടുള്ള ബന്ധത്തിനും മുസ്‌ലിംകള്‍ക്ക് പ്രവാചകനോടുള്ള ബന്ധത്തിനും മറ്റെല്ലാ മാനുഷിക ബന്ധങ്ങളേക്കാളും ഉന്നതമായ ഒരവസ്ഥയാണുള്ളത്. യാതൊരു ബന്ധത്തിനും അടുപ്പത്തിനും വിശ്വാസികളും പ്രവാചകനും തമ്മിലുള്ള ബന്ധവുമായി അണുഅളവുപോലും താരതമ്യമില്ല. പ്രവാചകന് മുസ്‌ലിംകളോട് അവരുടെ മാതാപിതാക്കള്‍ക്കുള്ളതിലേറെ കനിവും കാരുണ്യവും, തന്നോടു തന്നെയുളളതിലേറെ ഗുണകാംക്ഷയുമുണ്ട്. മാതാപിതാക്കളും സഹധര്‍മിണികളും സന്താനങ്ങളും അവരെ അപകടത്തിലാക്കിക്കൂടായ്കയില്ല. അവരോട് സ്വാര്‍ഥപ്രേരിതനായി വര്‍ത്തിക്കയുമാവാം. അവരെ വഴിപിഴപ്പിക്കാം. അവരെക്കൊണ്ട് തെറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാം. അവരെ നരകത്തിലേക്ക് തള്ളിവിടാം. എന്നാല്‍, അവര്‍ക്ക് യഥാര്‍ഥത്തിലുള്ള വിജയമുണ്ടാക്കുന്ന കാര്യങ്ങള്‍ മാത്രം ചെയ്യുന്നയാളത്രെ നബി(സ). അവര്‍ സ്വയംതന്നെ തങ്ങളുടെ കാലുകളില്‍ മഴുവെറിഞ്ഞേക്കാം. വിഡ്ഢിത്തങ്ങള്‍ ചെയ്ത് സ്വകരങ്ങളാല്‍ ആപത്തുവരുത്തിയേക്കാം. എന്നാല്‍, സ്പഷ്ടമായും അവര്‍ക്ക് ഗുണകരമായ കാര്യങ്ങള്‍ മാത്രമേ നബി(സ) നിര്‍ദേശിക്കൂ. വസ്തുത ഇതാണെങ്കില്‍ പ്രവാചകന്‍ മുസ്‌ലിംകള്‍ക്ക് തങ്ങളുടെ മാതാപിതാക്കളെയും സഹധര്‍മിണികളെയും സന്തതികളെയും സ്വജീവനെയുംകാള്‍ പ്രിയപ്പെട്ടവനായിരിക്കുക എന്നത് അവരുടെ കടമയത്രെ. ലോകത്തുള്ള മറ്റെന്തിനേക്കാളുമേറെ അവര്‍ അദ്ദേഹത്തെ സ്‌നേഹിക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ക്ക് സ്വാഭിപ്രായങ്ങളെക്കാളും, അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ക്ക് സ്വന്തം തീരുമാനങ്ങളെക്കാളും മുന്‍ഗണന നല്‍കണം. അദ്ദേഹത്തിന്റെ ഏതാജ്ഞയും അവര്‍ തലകുനിച്ച് അനുസരിക്കണം.

ഇതേ ആശയമാണ് ബുഖാരിയും  മുസ്‌ലിമും  ചെറിയ പാഠഭേദങ്ങളോടെ ഉദ്ധരിച്ചിട്ടുള്ള താഴെ പറയുന്ന ഹദീസില്‍ നബി(സ) പഠിപ്പിച്ചുതരുന്നത്: 

നിങ്ങളിലാരും സത്യവിശ്വാസിയാവുകയില്ല; അവന്റെ പിതാവിനെക്കാളും സന്താനത്തെക്കാളും മറ്റെല്ലാ ജനങ്ങളെക്കാളും അധികമായി ഞാന്‍ അവന്നു പ്രിയപ്പെട്ടവനായിത്തീരുന്നതുവരെ. )
പ്രവാചകപത്‌നിമാരോ, അവരുടെ മാതാക്കളുമാകുന്നു.
(മുകളില്‍ പറഞ്ഞ സവിശേഷതക്കുപുറമെ നബി(സ)ക്ക് ഇങ്ങനെയൊരു സവിശേഷത കൂടിയുണ്ട്: മുസ്‌ലിംകള്‍ ദത്തുമാതാക്കളായി കരുതുന്നവര്‍ ഒരര്‍ഥത്തിലും അവരുടെ യഥാര്‍ഥ മാതാക്കളല്ല. എന്നാല്‍, പ്രവാചക പത്‌നിമാര്‍ അവരെ സംബന്ധിച്ചിടത്തോളം സ്വന്തം മാതാക്കള്‍ എപ്രകാരം നിഷിദ്ധമായവരാണോ അപ്രകാരം നിഷിദ്ധരായവരാണ്. ഈ പ്രത്യേക നിലപാട് പ്രവാചകനെ സംബന്ധിച്ചിടത്തോളമല്ലാതെ ലോകത്ത് മറ്റാരെ സംബന്ധിച്ചിടത്തോളവും ഇല്ല.

ഇവ്വിഷയകമായി ഇതുകൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്: പ്രവാചകപത്‌നിമാര്‍ മുസ്‌ലിംകളുടെ മാതാക്കളാകുന്നത് മുസ്‌ലിംകള്‍ അവരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടത് നിര്‍ബന്ധമാണ് എന്ന അര്‍ഥത്തില്‍ മാത്രമാകുന്നു. അവരിലാരെയും വിവാഹം ചെയ്യുന്നത് നിഷിദ്ധമാണ്. മറ്റു കാര്യങ്ങളിലൊന്നും അവര്‍ മാതാപിതാക്കളെപ്പോലെയല്ല. ഉദാഹരണമായി അവരുടെ യഥാര്‍ഥ ബന്ധുക്കളല്ലാത്ത മറ്റു മുസ്‌ലിംകളുടെയെല്ലാം മുമ്പില്‍ അവര്‍ പര്‍ദയാചരിക്കേണ്ടത് നിര്‍ബന്ധമായിരുന്നു. അവരുടെ പെണ്‍മക്കള്‍ മുസ്‌ലിം പുരുഷന്മാര്‍ക്ക് മാതാവ് വഴിക്കുള്ള സഹോദരികളായിരുന്നില്ല. അതുകൊണ്ട് അവരെ വിവാഹം ചെയ്യുന്നതില്‍ വിലക്കുമില്ല. പ്രവാചകപത്‌നിമാരുടെ സഹോദരീ സഹോദരന്മാര്‍ മുസ്‌ലിംകളുടെ അമ്മാവന്‍മാരോ മാതൃസഹോദരികളോ ആയിരുന്നില്ല. അതേപ്രകാരം കുടുംബബന്ധമില്ലാത്ത ആര്‍ക്കും അവരില്‍ നിന്ന് മാതാക്കളില്‍ നിന്നെന്നപോലെ അനന്തരാവകാശം ലഭിച്ചിട്ടുമില്ല.)
എന്നാല്‍ അല്ലാഹുവിന്റെ ഗ്രന്ഥമനുസരിച്ച് കുടുംബബന്ധുക്കള്‍ സാധാരണ വിശ്വാസികളെയും മുഹാജിറുകളെയും അപേക്ഷിച്ച് പരസ്പരം കൂടുതല്‍ അവകാശമുള്ളവരത്രെ. നിങ്ങള്‍ സ്വന്തം മിത്രങ്ങളോട് വല്ല നന്മയും (ചെയ്യാനാഗ്രഹിക്കുന്നുവെങ്കില്‍) ചെയ്യാമെന്നു മാത്രം.
(ഈ സൂക്തം വ്യക്തമാക്കുന്നതിതാണ്: നബി(സ)യുടെ കാര്യത്തില്‍ മുസ്‌ലിംകള്‍ക്ക് അദ്ദേഹവുമായുള്ള ബന്ധത്തിന്റെ സ്വഭാവം ഒന്നുവേറെത്തന്നെയാണ്. പക്ഷേ, സാധാരണ മുസ്‌ലിംകള്‍ തമ്മിലുള്ള ബന്ധം നിലനില്‍ക്കുന്നത് ഈ അടിസ്ഥാനത്തിലാണ്; കുടുംബബന്ധുക്കളോടുള്ള ബാധ്യതകള്‍ മറ്റു സാധാരണ ജനങ്ങളോടുള്ളതിനെ അപേക്ഷിച്ച് മുന്‍ഗണന അര്‍ഹിക്കുന്നു. ഒരാള്‍ സ്വന്തം മാതാപിതാക്കളുടെയും ഭാര്യാസന്താനങ്ങളുടെയും സഹോദരീ സഹോദരന്മാരുടെയും അനിവാര്യമായ ജീവിതാവശ്യങ്ങള്‍ നിവര്‍ത്തിക്കാതെ അന്യര്‍ക്ക് നല്‍കുന്ന ദാനധര്‍മങ്ങളും ഔദാര്യങ്ങളും സാധുവാകുകയില്ല. ഒരുവന്‍ തന്റെ സകാത്ത് വിതരണം ചെയ്യുന്നതില്‍പോലും അവശരായ കുടുംബബന്ധുക്കള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. അനന്തരം മറ്റുള്ളവരെ സഹായിക്കണം. അനന്തരാവകാശസ്വത്ത് നിര്‍ബന്ധമായും അടുത്ത ബന്ധുക്കള്‍ക്കുതന്നെ നല്‍കണം. മറ്റുള്ളവര്‍ക്ക് വല്ലതും കൊടുക്കണമെന്നുണ്ടെങ്കില്‍ അത് സംഭാവനയോ വഖ്‌ഫോ ഒസ്യത്തോ ആയി നല്‍കാവുന്നതാണ്. എന്നാല്‍, സ്വത്ത് മുഴുവന്‍ അന്യര്‍ക്ക് നല്‍കിക്കൊണ്ട് അനന്തരാവകാശികള്‍ അത് വിലക്കപ്പെട്ടവരായിത്തീര്‍ന്നുകൂടാ. ഈ ദൈവിക ശാസനയിലൂടെ ഹിജ്‌റാനന്തരം മുഹാജിറുകളും അന്‍സാറുകളുംച12 തമ്മില്‍ സ്ഥാപിച്ചുതുടങ്ങിയ ആ സവിശേഷ സാഹോദര്യബന്ധവും നിര്‍ത്തല്‍ ചെയ്യപ്പെട്ടു. ആ സാഹോദര്യ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ അന്‍സാരികളും മുഹാജിറുകളും പരസ്പരം അനന്തരാവകാശികളായിരുന്നു. അല്ലാഹു പ്രഖ്യാപിച്ചു: ദായധനം കുടുംബബന്ധത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കപ്പെടണം; ഒരാള്‍ സംഭാവനയോ സമ്മാനമോ ഒസ്യത്തോ ആയി തന്റെ ദീനീ സഹോദരന് വല്ലതും നല്‍കാന്‍ വിചാരിക്കുകയാണെങ്കില്‍ നല്‍കാമെന്നു മാത്രം.)
ഈ വിധി വേദപ്രമാണ(ഗ്രന്ഥ)ത്തില്‍ എഴുതപ്പെട്ടിട്ടുള്ളതത്രെ.
(ഈ നല്‍കപ്പെട്ട നിയമങ്ങളെല്ലാം പ്രവാചകന്‍ സ്വന്തം വകയായി ചമക്കുന്നതല്ല. ദൈവികമായ അരുളപ്പാടിന്റെ ഭാഗമാണ് എന്ന പ്രഖ്യാപനത്തോടെ ഈ സൂക്തം അവസാനിക്കുന്നു. ഈ വാചകത്തിന്റെ പ്രസക്തി എടുത്ത് പറയേണ്ടതില്ല ഇവിടെ ഉയരാനിടയുള്ള സംശയങ്ങളെല്ലാം ഇതിന്റെ കര്‍ത്താവ് മുഹമ്മദ് നബിയാണെന്ന ചിന്തയില്‍ നിന്ന് വരുന്നതാണ്. ഇത്രയും സമഗ്രവും സര്‍വസമ്പൂര്‍ണവുമായ നിയമങ്ങള്‍ രചിച്ച് കുറ്റമറ്റ ഒരു വ്യവസ്ഥ അവതരിപ്പിക്കാന്‍ അദ്ദേഹം ഒഴിഞ്ഞിരിക്കുകയായിരുന്നോ എന്നാലോചിക്കേണ്ടതാണ്. മക്കയില്‍ അദ്ദേഹം നേരിടേണ്ടി വന്ന അവസ്ഥ നമ്മുക്കറിയാം. മദീനയിലോ 10 വര്‍ഷമാണ് ആകെ ലഭിച്ചത്. ഈ ചരിത്രം തന്നെ ഖുര്‍ആന്‍ അദ്ദേഹത്തിന്റെ സൃഷ്ടിയല്ലെന്നും ദൈവികമാണെന്നും തെളിയിക്കുന്നതാണ്.)
മുന്‍ധാരണയില്ലാതെ ബുദ്ധിയും യുക്തിയും ഉപയോഗിച്ച് വിശുദ്ധഖുര്‍ആന്‍ ശ്രദ്ധിച്ച് വായിച്ചു നോക്കാന്‍ സാധിച്ചാല്‍ ഖുര്‍ആന്‍ മുഹമ്മദ് നബിയുടെ വചനമല്ല എന്ന ബോധ്യപ്പെടുന്നതാണ്. ഇത്തരമൊരു മഹത്തായ വിപ്ലകരമായ ആശങ്ങളുള്‍കൊള്ളുന്ന ഗ്രന്ഥം രചിച്ച് ദൈവത്തിലേക്ക് ചേര്‍ത്ത് പറയേണ്ട ആവശ്യം എന്തായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. 40 വയസ് വരെയും പിന്നീടും അദ്ദേഹ കളവുപറഞ്ഞു എന്നോ സത്യസന്ധനല്ലെന്നോ ആര്‍ക്കും വാദമുണ്ടായിരുന്നില്ല. അത്തരമൊരാള്‍ ഇപ്രകാരം ഒരു കളവ് പറയുകയോ. എന്നിട്ട് ആ കളവ് ഇപ്രകാരം പിന്തുടരപ്പെടുകയും ചെയ്യുകയോ. താനെഴുതിയ ഗ്രന്ഥത്തില്‍ സ്വന്തത്തെ തന്നെ  അഭിസംബോധന ചെയ്യുകയോ സമാശ്വസിപ്പിക്കുകയും കല്‍പിക്കുകയും ചെയ്യുകയോ. താഴെ നല്‍കിയ സൂക്തം കാണുക.
 അല്ലയോ പ്രവാചകാ,* സാക്ഷിയായും സുവിശേഷകനായും മുന്നറിയിപ്പുകാരനായും അല്ലാഹുവിന്റെ ഹിതത്താല്‍ അവങ്കലേക്ക് ക്ഷണിക്കുന്നവനായും പ്രകാശിക്കുന്ന വിളക്കായും നാം നിന്നെ അയച്ചിരിക്കുന്നു. (നിന്നില്‍) വിശ്വസിച്ചവരെ സുവാര്‍ത്തയറിയിച്ചുകൊള്ളുക; എന്തെന്നാല്‍ അവര്‍ക്ക് അല്ലാഹുവിങ്കല്‍നിന്ന് മഹത്തായ അനുഗ്രഹമുണ്ട്. സത്യനിഷേധികള്‍ക്കും കപടവിശ്വാസികള്‍ക്കും അശേഷം വഴങ്ങിപ്പോകരുത്. അവരുടെ ദ്രോഹങ്ങളെ തെല്ലും സാരമാക്കയുമരുത്. അല്ലാഹുവില്‍ ഭരമേല്‍പിച്ചുകൊള്ളുക. കാര്യങ്ങള്‍ ഭരമേല്‍പിക്കാന്‍ എത്രയും മതിയായവനല്ലോ അല്ലാഹു. (33:45-48)
* മുസ്‌ലിംകളെ ഉപദേശിച്ച ശേഷം അല്ലാഹു അവന്റെ പ്രവാചകനെ സംബോധന ചെയ്തുകൊണ്ട് ഏതാനും ആശ്വാസ വചനങ്ങളരുളുകയാണ്. താല്‍പര്യമിതാണ്: താങ്കള്‍ക്ക് നാം വളരെ ഉന്നതമായ ഒരു പദവിയരുളിയിട്ടുണ്ട്. പ്രതിയോഗികള്‍ക്ക് ആരോപണങ്ങളുടെയും അപവാദങ്ങളുടെയും കൊടുങ്കാറ്റുയര്‍ത്തിക്കൊണ്ട് അല്‍പവും വികൃതമാക്കാന്‍ കഴിയാത്തത്ര ഉന്നതമാണ് താങ്കളുടെ വ്യക്തിത്വം. അതുകൊണ്ട് അവരുടെ തെമ്മാടിത്തങ്ങളില്‍ താങ്കള്‍ ഖിന്നനാകേണ്ട. ആ ദുഷ്പ്രചാരണങ്ങള്‍ക്ക് പുല്ലുവില പോലും കല്‍പിക്കുകയും വേണ്ട. സ്വന്തം ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുക. അവര്‍ തങ്ങള്‍ക്ക് തോന്നിയതു ചെയ്തുകൊണ്ടിരിക്കട്ടെ. അതോടൊപ്പം വിശ്വാസികളും അവിശ്വാസികളുമായ എല്ലാവരോടുമുള്ള ഒരു താക്കീതും അതുള്‍ക്കൊള്ളുന്നുണ്ട്. നിങ്ങള്‍ നേരിടുന്നത് ഒരു സാധാരണ മനുഷ്യനെയല്ല, മറിച്ച് അല്ലാഹുവിങ്കല്‍നിന്ന് ഉന്നതമായ പദവിയരുളപ്പെട്ട ഒരു മഹാ വ്യക്തിത്വത്തെയാണ് എന്നത്രെ ആ താക്കീത്.
പ്രവാചകന്റെ വിവാഹവുമായും പ്രവാചക പത്‌നിമാരുമായും ബന്ധപ്പെട്ട വിഷയത്തില്‍ അവസാന പോസ്റ്റാണിത്.

2010, മാർച്ച് 16, ചൊവ്വാഴ്ച

പ്രവാചകവിവാഹങ്ങള്‍: ഇത്രകൂടി പറയാനുണ്ട്

ഇനിയും എന്തിനാണിങ്ങനെ ഒരു പോസ്റ്റ് എന്ന് ചിലരെങ്കിലും സംശയിക്കും. എല്ലാം കെട്ടടങ്ങിയില്ലേ ഇനിയെന്തിന് അത് കുത്തിപ്പൊക്കണം എന്ന് ചിന്തിക്കുന്നവരുമുണ്ടാകാം. അത്തരം ചര്‍ചകള്‍ വീക്ഷിച്ചിട്ടും അത് അവശേഷിപ്പിച്ച വികാരം, ഇത്തരമൊരു പോസ്റ്റിനെ തേടുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. എന്തിനങ്ങനെ ഇങ്ങനെ എന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനാവില്ല. കാര്യങ്ങള്‍ നടന്നുകഴിഞ്ഞു. ഇനി അത് വിശകലനം ചെയ്യാനെ നമ്മുക്ക് കഴിയൂ. ഇത്തരമൊരു വിശകലനത്തില്‍ പ്രവാചകന്‍ ആക്ഷേപാര്‍ഹമായി ഒന്നും ചെയ്തിട്ടില്ല എന്ന് പറയാനാണ് ഞാന്‍ ശ്രമിക്കുന്നത്. അതിന് അവലംബിക്കുന്നത് ഇസ്്‌ലാം മുന്നോട്ട് വെക്കുന്ന സമഗ്രമായ ധാര്‍മികസദാചാര നിയമങ്ങളെയാണ്. ഇത്തരം കാര്യങ്ങള്‍ അനുകൂലമായി ചര്‍ചചെയ്ത ആളുകളെക്കുറിച്ച് ധാരാളമായി കേള്‍ക്കാന്‍ കഴിഞ്ഞ ഒരു ആക്ഷേപമാണ് ലജ്ജയില്ലാതെ പ്രവാചകന്റെ നെറികേടിനെ ന്യായീകരിക്കുന്നവര്‍ എന്ന്. ഇത് വെച്ച് പ്രവാചകനെ ആക്ഷേപിക്കുന്നവര്‍ക്ക് ഇല്ലാത്ത ഒരു ലജ്ജ കാര്യങ്ങളെ വസ്തുനിഷ്ഠമായി കാണുന്നവര്‍ക്ക് ആവശ്യമില്ല എന്ന് വിനയപൂര്‍വം ഉണര്‍ത്തി വിഷയത്തിലേക്ക് കടുക്കുന്നു.

നബിയുടെ അഞ്ചാമത്തെ വിവാഹം അദ്ദേഹത്തിന്റെ മുഖ്യശത്രുവായിരുന്ന അബൂസുഫ് യാന്റെ പുത്രി ഉമ്മുഹബീബ(റംല)യുമായിട്ടായിരുന്നു. ഭര്‍ത്താവായ അബ്ദുല്ലാഹിബ്‌നു ജഹ്ശിനോടൊപ്പം അബിസീനിയയിലേക്ക് പലായനം ചെയ്തതായിരുന്നു ഉമ്മുഹബീബ. പക്ഷെ അവിടെയെത്തിയ ഭര്‍ത്താവ് ക്രിസ്തുമതം സ്വീകരിച്ചു. ആ മഹതിയെ സംരക്ഷിക്കാന്‍ ആരുമുണ്ടായിരുന്നില്ല. നാട്ടില്‍ പിതാവോ മറ്റുബന്ധുക്കളോ ഇസ്്‌ലാം സ്വീകരിച്ചിരുന്നില്ല. ഈ അവസരത്തിലാണ് പ്രാവാചകന്‍ അവരെ വിവാഹം കഴിച്ചത്. ഈ വിവരം അറിഞ്ഞ അബൂസുഫ് യാന്‍ രോഷാകുലനാകുന്നതിന് പകരം മുഹമ്മദ് എത്രനല്ല വരന്‍ എന്ന് പറഞ്ഞ് സന്തോഷം രേഖപ്പെടുത്തുകയായിരുന്നു.

ഉഹുദ് യുദ്ധത്തില്‍ ഭര്‍ത്താവ് രക്തസാക്ഷിയാവുക മൂലം വിധവയായിത്തീര്‍ന്ന സൈനബ ബിന്‍ത് ഖുസൈമ എന്ന മഹതിയെ പ്രവാചകന്‍ പിന്നീട് വിവാഹം കഴിക്കുകയുണ്ടായി. പാവങ്ങളുടെ മാതാവ് എന്ന വിളിപ്പേര്‍ ലഭിച്ച ഈ മഹതിയുമായുള്ള വിവാഹം ഒരു വിധവാ സംരക്ഷണത്തില്‍ കൂടുതല്‍ ഒന്നുമായിരുന്നില്ല. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അവര്‍ നിര്യാതയാവുകയും ചെയ്തു.

ഏഴാമത്തെ വിവാഹത്തിലേക്ക് നയിച്ച കാരണം നാം ചര്‍ചചെയ്തതാണ്. നബിയുടെ ദത്തുപുത്രനായിരുന്ന സൈദിന്റെ വിവാഹമോചന ശേഷം നബിയുടെ അമ്മായിയുടെ പുത്രി സൈനബ ബിന്‍ത്ത് ജഹ്ശായിരുന്നു അത്. പ്രവാചകനെ അപകീര്‍ത്തിപ്പെടുത്താന്‍ തക്കം കാത്തിരുന്നവര്‍ ധാരാളമായി ഉപയോഗപ്പെടുത്തിയ വിവാഹമായിരുന്നു ഇത്.

അബൂസലമയുടെ വിധവ ഉമ്മുസല്‍മ (ഹിന്ദ്) ആയിരുന്നു നബിയുടെ എട്ടാമത്തെ പത്‌നി. ഭര്‍ത്താവിന്റെ മരണം ഉമ്മുസല്‍മയെയും നാല് മക്കളെയും നിലാരംബരാക്കി. കുടുംബം മക്കയിലായിരുന്നു.

നബിയുടെ മാനുഷിക വീക്ഷണത്തിന്റെ ഉത്തമോദാഹരണകൂടിയായിരുന്നു അടുത്ത വിവാഹം. ബനുല്‍മുസ്ത്വലിഖ് യുദ്ധം കഴിഞ്ഞു നബി മദീനയിലേക്ക് മടങ്ങുകയായിരുന്നു. യുദ്ധത്തടവുകാരും കൂടെയുണ്ടായിരുന്നു. അവരില്‍ ഒരുവളായിരുന്നു ഹാരിസിന്റെ മകള്‍ ജുവൈരിയ. മദീനയിലെത്തിയപ്പോള്‍ പിതാവ് ഹാരിസ മോചനമൂല്യവുമായി വന്നു. നബിയെക്കണ്ട് മകളെ മോചിപ്പിക്കാന്‍ അഭ്യര്‍ഥിച്ചു. നബി പ്രതിഫലമൊന്നും വാങ്ങാതെ ആ യുവതിയെ മോചിപ്പിച്ചു. സന്തുഷ്ടനായ ഹാരിസ് തന്റെ മകളെ സസന്തോഷം നബിക്ക് വിവാഹം ചെയ്തുകൊടുക്കുകയായിരുന്നു. പ്രവാചകന്‍ അവരെ അടിമയാക്കി വെച്ചിരുന്നെങ്കില്‍ അന്നത് ആരും തടയുമായിരുന്നില്ല. നബിയുടെ ഈ മാതൃക പിന്‍പറ്റി നൂറോളം അനുചരന്‍മാര്‍ തങ്ങളുടെ കീഴിലുള്ളവരെ സ്വതന്ത്രരാക്കുകയുണ്ടായി. ഇതേ പറ്റി നബിയുടെ പത്‌നി ആയിശ പറഞ്ഞു സ്വന്തം സമുദായത്തിന് ജുവൈരിയയോളം അനുഗ്രഹീതയായി തീര്‍ന്ന ഒരു സ്ത്രീയും ഉണ്ടായിട്ടില്ല. അവള്‍ മുഖേന നൂറ് കുടുംബങ്ങള്‍ മോചിതരായി.

ഖൈബര്‍യുദ്ധത്തില്‍ പരാജിതരായ യഹൂദികളില്‍ നിന്ന് തടവുകാരായി പിടിക്കപ്പെട്ടവരില്‍ ഗോത്രത്തലവനായ ഹുയയ്യുബ്‌നു അക്തബിന്റെ രണ്ട് പുത്രിമാരും ഉണ്ടായിരുന്നു. അവരില്‍ ഒരാളെ നബിയുടെ അനുചരില്‍ ഒരാള്‍ വിവാഹം ചെയ്തു. രണ്ടാമത്തെവളായ സഫിയ്യയെ നബി(സ) സ്വതന്ത്രമാക്കുകയും വിവാഹം കഴിക്കുകയും ചെയ്തു. അടുത്ത് കഴിഞ്ഞ യുദ്ധത്തില്‍ പിതാവ് കൊല്ലപ്പെട്ടിരുന്നു. അതിനാല്‍ വിവാഹദിവസം നബിയറിയാതെ ഒരനുചരന്‍ വാളുമായി പുറത്ത് കാവല്‍ നിന്നു. ഈ വിവരം നബി അറിഞ്ഞിരുന്നില്ല. രാവിലെ പുറത്ത് വന്നപ്പോഴാണ് പ്രവാചകന്‍ അതറിയുന്നത്. ഈ സംഭവത്തെയാണ് യുക്തിവാദികള്‍ അനുചരനെ കാവല്‍ നിര്‍ത്തി ബലാല്‍കാരം ചെയ്തു എന്നെല്ലാം പ്രചരിപ്പിക്കുന്നത്.

പ്രവാചകന്‍ അവസാനമായി വിവാഹം ചെയ്തത്. അബ്ദില്‍ ഉസ്സാ എന്നയാളുടെ വിധവയായിരുന്ന മൈമൂനയെയായിരുന്നു. ഹിലാല്‍ ഗോത്രവുമായി ബന്ധം ശക്തിപ്പെടുത്താന്‍ നബിയുടെ പിതൃവ്യനായ അബ്ബാസ് മുന്‍കയ്യെടുത്ത് നടത്തിയതായിരുന്നു ഈ വിവാഹം.

ഇപ്രകാരം പതിനൊന്ന് വിവാഹമാണ് പ്രവാചകന്‍ നടത്തിയത്. ഇതില്‍ ഖദീജയും സൈനബ ബിന്‍ത് ഖുസൈമയും പ്രവാചകന്റെ ജീവിതകാലത്ത് മരണപ്പെട്ടു. ഒമ്പത് ഭാര്യമാരില്‍ കൂടുതല്‍ പ്രവാചകന്റെ ജീവിതകാലത്ത് ഉണ്ടായിരുന്നില്ല. വസ്തുത ഇതായിരിക്കെ പ്രവാചകന്റെ ഭാര്യമാരെ പതിനഞ്ചും മുപ്പത്തഞ്ചും എന്നൊക്കെ പറയുന്നവര്‍ക്ക് തന്നെയറിയാം തങ്ങള്‍ പറയുന്നത് തെറ്റാണെന്ന്. ഇതിന് പുറമെ അടിമ സ്ത്രീകള്‍ എന്ന് പറയാവുന്നത് മാരിയയും. റൈഹാനയാണ് മറ്റൊരു മഹതി അവരുടെ കാര്യത്തില്‍ ചരിത്രകാരന്‍മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. അവരെ പ്രവാചകന്‍ വിവാഹം ചെയ്തിരുന്നുവെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അല്‍പകാലം നബിയോടൊപ്പം കഴിഞ്ഞ ശേഷം മരണപ്പെടുകയായിരുന്നു. അതുകൊണ്ടാണ് വ്യക്തമായ ചിത്രം ലഭിക്കാതെ പോയത് എന്ന് തോന്നുന്നു.

സാമൂഹ്യമായ ഒട്ടേറെ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായ ഈ കാലഘട്ടത്തിലിരുന്നുകൊണ്ട് 1400 വര്‍ഷം മുമ്പുള്ള സാഹചര്യത്തെ വിലയിരുത്തുന്നതില്‍ മാത്രമല്ല നമ്മുക്ക് അബദ്ധം പിണയുന്നത് തികച്ചും വ്യത്യസ്ഥമായ ഒരു നാടിനെയും ജീവിത ചുറ്റുപാടുകളെയും നാം കാണാതിരിക്കുന്നു. ഒന്നില്‍ കൂടുതല്‍ വിവാഹങ്ങള്‍ അഭിമാനത്തിന്‍െ ലക്ഷണമായി കരുതുന്ന ഒട്ടേറെ രാജ്യങ്ങള്‍ ഇപ്പോഴുമുണ്ട്. അവര്‍ സംസ്‌കാരശൂന്യരാണ് എന്ന് നമ്മുക്ക് അവരെക്കുറിച്ച് പറയാമെങ്കിലും അതില്‍ വലിയ കാര്യമില്ല. ഒരോ നാട്ടിലെയും ആചാരങ്ങളും സമ്പ്രദായങ്ങളുമാണ് അത്തരം ചിന്താഗതികള്‍ രൂപപ്പെടുത്തുന്നത്. സംസ്‌കാര സമ്പന്നരെന്ന് മേനി നടിക്കുന്ന ആധുനിക പാശ്ചാത്യന്‍ സങ്കല്‍പമനുസരിച്ച് നിയമവിധേയമായ ഭാര്യക്ക് പുറമെ എത്ര ലൈംഗികപങ്കാളികളും ആകുന്നത് അവരുടെ സംസ്‌കാരത്തിന് യാതൊരു ഹാനിയും വരുത്തുന്നില്ല എന്ന് മാത്രമല്ല. അതിനെ എതിര്‍ക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിലുള്ള കയ്യേറ്റമായും സംസ്‌കാരശൂന്യതയായും വിലയിരുത്തപ്പെടുന്നു. അതിനെ മഹത്തരമായി കാണുന്ന കേരളീയരായ പുരോഗമനവാദികളാണ് പ്രവാചകന്റെ വിവാഹത്തില്‍ പിടികൂടുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്.

ഈ വസ്തുതകളോടൊപ്പം എന്താണ് യുക്തിവാദികളുടെ ആരോപണങ്ങളുടെ ഉന്നം എന്ന് വ്യക്തമല്ല. കാടടക്കിയുള്ള ഒരു വെടിയാണ് ശ്രദ്ധയില്‍ പെട്ടത്. എങ്കിലും ചില കാര്യങ്ങളിലെ അജ്ഞതായാണ് അരോപണങ്ങളില്‍ തെളിഞ്ഞുകാണുന്നത്. ലൈംഗിക അരാജകത്വം നടമാടുകയും സ്ത്രീപുരുഷബന്ധങ്ങള്‍ക്ക് യാതൊരു വിലക്കുകളുമില്ലാത്ത കാലഘട്ടമായിരുന്നു പ്രവാചകന്റേത്. തന്റെ വിവാഹങ്ങള്‍ക്ക് അല്ലാഹുവിനെ മറയാക്കേണ്ടതോ, അതിന് വേണ്ടി സ്വന്തമായി ഖുര്‍ആന്‍ സൂക്തങ്ങള്‍ രചിച്ച് ദൈവത്തിലേക്ക് ചേര്‍ത്ത് പറയേണ്ട ഒരാവശ്യവുമുണ്ടായിരുന്നില്ല. കുലീനനും ഉന്നതമായ ഗ്രോത്രത്തില്‍ ജനിച്ച മുഹമ്മദിന് വിവാഹം കഴിക്കുക ഒട്ടും പ്രയാസകരമായിരുന്നില്ല. സാമ്പത്തിക സുസ്ഥിതിയില്ലാത്ത പാവപ്പെട്ടതുകൊണ്ടാണത്രേ ഖദീജ എന്ന ധനാഢ്യയെ വിവാഹം ചെയ്തത്. ഇതേ ഖദീജ അറബി ഗോത്രപ്രമുഖരുടെ പോലും അഭ്യര്‍ഥന തട്ടിക്കളഞ്ഞിരുന്നു എന്ന് കഴിഞ്ഞ പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നല്ലോ. ഇതില്‍ നിന്ന് മനസ്സിലാകുന്നത്. പ്രവാചകന്റെ സമ്മതം മാത്രം മതിയായിരുന്നു അറേബ്യയിലെ സുന്ദരികളായ സ്ത്രീകളെ വിവാഹം കഴിക്കാന്‍ .  അനിയന്ത്രിതമായ ബഹുഭാര്യത്വം നിലനിന്ന പരിതസ്ഥിതിയില്‍ ഒന്നിലധികം വിവാഹം കഴിക്കുക തീര്‍ത്തും സ്വാഭാവികമായിരുന്നു. യുക്തിവാദികള്‍ സൂചിപ്പിക്കുന്നത് പോലുള്ള വ്യക്തിത്വമായിരുന്നെങ്കില്‍ യുവത്വത്തിന്‍െ ചോരത്തിളപ്പുള്ള ആ കാലഘട്ടത്തില്‍ തീര്‍ത്തും പരിശുദ്ധമായ ജീവിതമാണ് പ്രവാചകന്‍ നയിച്ചത് എന്നവസ്തുതയെ നാമെങ്ങനെ വ്യാഖ്യാനിക്കും. അത്തരത്തിലുള്ള എല്ലാ അരോപണങ്ങളുടെയും നെട്ടെല്ലൊടിക്കാന്‍ പര്യാപ്തമാണത്.

ബഹുഭാര്യത്വം നിയന്ത്രിക്കപ്പെടുകയും നാലില്‍ പരിമിതപ്പെടുത്തുകയും ചെയ്യുമ്പോള്‍ ധാരാളം അനുചരന്‍മാര്‍ക്ക് എട്ടും പത്തും ഭാര്യമാരുണ്ടായിരുന്നു. ഖൈലാനുസ്സഖഫി, ഹാരിസുബ്‌നു ഖൈസ് എന്നിവര്‍ അവരില്‍ ചിലരാണ്. മറ്റുള്ളവരോട് നാലില്‍ കൂടുതലുള്ള ഭാര്യമാരെ വിവാഹമോചനം ചെയ്യാന്‍ കല്‍പിക്കുകയായിരുന്നു. അനുയായികള്‍ക്ക് ബാധകമാകുന്ന കാര്യങ്ങള്‍ അതേ പ്രകാരം ആചാര്യന്‍മാര്‍ക്ക് ബാധകമാക്കണം എന്ന ഒരു നിബന്ധനയുമില്ല. ചരിത്രത്തിലൊക്കെ ഇത്തരം സംഭവങ്ങള്‍ കാണാവുന്നതാണ്. പ്രവാചക പത്‌നിമാര്‍ വിശ്വാസികള്‍ക്ക് മാതാക്കളാണ് എന്ന ഖുര്‍ആനിക വീക്ഷണപ്രകാരം പ്രവാചകന്‍ അവരില്‍ ചിലരെ വിവാഹമോചനം ചെയ്യുന്നതിന് തടസ്സമായി നിന്ന കാര്യങ്ങളില്‍ പെട്ടതാണ്. (എന്നാല്‍ പ്രവാചകനെ പിതാവായി കരുതാത്തതെന്താണെന്ന് യുക്തിവാദികള്‍ പരിഹസിക്കാറുണ്ട്. കുതര്‍ക്കമുന്നയിക്കുന്നവര്‍ക്കും വേണമല്ലോ ചില അവസരങ്ങള്‍ എന്ന് ദൈവം കരുതിക്കാണും).

ആരുടെയും ഇംഗിതത്തിന് വിരുദ്ധമായി പ്രവാചകന്‍ വിവാഹം കഴിക്കുകയോ തന്റെ അധികാരവും ധാര്‍മിക ശക്തിയും ഉപയോഗിച്ച് ആരെയും വശത്താക്കാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ല. ഒരു ഘട്ടത്തില്‍ അവര്‍ക്ക് തൃപ്തരല്ലെങ്കില്‍ പിരിഞ്ഞുപോകാന്‍ അനുവാദം നല്‍കപ്പെട്ടതാണ്. ഐശ മമ്മദ് എന്ന പേരില്‍ ആയിശ ചമഞ്ഞ് പ്രവാചകനെതിരെ ഏറ്റവും വൃത്തികെട്ട രൂപത്തില്‍ പ്രതികരിച്ച വര്‍ഗീയ വിഷം യുക്തിവാദത്തിന്റെ ഇക്കാര്യത്തിലുള്ള നിലപാടും നിസ്സഹായതയും വ്യക്തമാക്കിത്തരികയുണ്ടായി.

പ്രവാചകന് യാതൊരു നിയന്ത്രണവും ഇക്കാര്യത്തിലുണ്ടായിരുന്നില്ല എന്നതും അബദ്ധമാണ് അനുയായികള്‍ക്ക് നാലില്‍ പരിമിതപ്പെടുത്തപ്പെട്ടത് പോലെ പ്രവാചകന് ഒമ്പതിലും പരിമിതപ്പെടുത്തുകയുണ്ടായി.

ഇനി അവശേഷിക്കുന്ന പ്രശ്‌നം പിന്നെയും ബഹുഭാര്യത്വവുമായി ബന്ധപ്പെട്ടതായിരിക്കും. ആവശ്യമെങ്കില്‍ അത്തരം ചര്‍ച പിന്നീടാകാം. എങ്കിലും ഒരു വാക്ക് പറഞ്ഞ് ഈ പോസ്റ്റ് അവസാനിപ്പിക്കാം. ലോകത്ത് മതധാര്‍മികസംഹിതകളില്‍ സ്ത്രീ-പുരുഷ ബന്ധങ്ങളെ ഏറ്റവും കര്‍ശനമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാക്കി വ്യഭിചാരത്തെ കഠിനമായി നിരോധിക്കുകയും കടുത്ത ശിക്ഷ വിധിക്കുകയും ചെയ്ത ദര്‍ശനമാണ് ഇസ്‌ലാമെന്നത് ആരും സമ്മതിക്കും. ഇതിന്റെ പേരില്‍ വേറെ ആക്ഷേപമുണ്ട് എന്നത് മറക്കുന്നില്ല. ഇത്തരം നിയന്ത്രണങ്ങളുടെ സ്വാഭാവികവും പ്രകൃതിപരവുമായ പ്രായോഗികത വിജയിക്കണമെങ്കില്‍ വിവാഹകാര്യത്തില്‍ കുറേകൂടി ഉദാരമായ സമീപനം ആവശ്യമായി വരും. സംസ്‌കാരത്തിന്റെയും പുരോഗതിയുടെയും പാരമ്യത അവകാശപ്പെടുന്ന സമൂഹം ചെയ്യുന്നത് കര്‍ശനമായ ഏകഭാര്യത്വവും കുത്തഴിഞ്ഞ ലൈംഗികതയുമാണ്. ഇസ്‌ലാമിന്റെ ധാര്‍മിക സദാചാരങ്ങളുമായി ഇത് ഒത്തുപോകുകയില്ല. അതിനാല്‍ ഇസ്‌ലാമിനെ സാകല്യത്തിലെടുക്കാതെ വാലും തലയും വെട്ടി ചര്‍ചക്ക് വെച്ച് അഭിപ്രായം പറയുന്നവര്‍ വഴികേടിന്റെ കൂടുതല്‍ അഗാധയിലേക്ക് ആണ്ടുപോകുകയേ ഉള്ളൂ.

2010, മാർച്ച് 9, ചൊവ്വാഴ്ച

പ്രവാചകന്റെ ആദ്യവിവാഹങ്ങള്‍

പ്രവാചകന്റെ വിവാഹങ്ങള്‍ മുന്‍നിര്‍ത്തി ആക്ഷേപം ചൊരിഞ്ഞുകൊണ്ടിരിക്കുന്നവരുടെ വായടക്കാന്‍ എനിക്ക് കഴിയും എന്ന ഒരു തെറ്റിദ്ധാരണയുമില്ലാത്തതിനാല്‍ വിശ്വാസി സമൂഹം എങ്ങനെയാണ് അതിനെ കാണുന്നത് എന്നും ആ വിവാഹങ്ങളിലൂടെ ഇസ്‌ലാമിക സമൂഹത്തിനുണ്ടായ നേട്ടമെന്താണെന്നും പറയാന്‍ മാത്രമേ ഞാന്‍ ഉദ്ദേശിക്കുന്നുള്ളൂ.

പ്രവാചകന്റെ ലൈംഗിക തൃഷ്ണതയുടെ തെളിവായി വിവാഹങ്ങളെ ഉയര്‍ത്തികാണിക്കുന്നവര്‍. പ്രവാചകന്‍ 50 വയസ്സുവരെ ഖദീജയെയല്ലാതെ വിവാഹം കഴിച്ചിട്ടില്ല് എന്ന് പറയുമ്പോള്‍. അന്ന് മറ്റുവിവാഹം കഴിക്കാന്‍ കഴിവില്ലായിരുന്നു എന്നാണ് മാറ്റിപ്പറയുന്നത്. അത് അങ്ങനെയല്ല എന്ന് തെളിയിച്ചാല്‍ എന്നാല്‍ ഖദീജ സമ്മതിക്കാത്തതുകൊണ്ടായിരിക്കും എന്ന് പറയും. ഇതിനൊന്നും തെളിവ് ആവശ്യമില്ലാത്തതിനാല്‍ ആരോപണങ്ങള്‍ അവസാനിക്കുമെന്ന് കരുതാനാവില്ല. എങ്കിലും അത്തരം ആരോപണങ്ങളെ കണ്ടില്ലെന്ന് നടിച്ച് ഒഴിവാകുന്നത് ചിലരിലെങ്കിലും തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ഇടയാകും എന്നതിനാല്‍ ഞാന്‍ നേരത്തെ സൂചിപ്പിച്ച പ്രകാരം അവയെ പരാമര്‍ശിച്ച് പോകാന്‍ ഉദ്ദേശിക്കുന്നു. നിഷ്പക്ഷരായ ആളുകള്‍ക്ക് സത്യം ബോധ്യമാകാന്‍ ഇത് മതിയാകുമെന്ന് പ്രതീക്ഷിക്കുന്നു ആവശ്യമുള്ളവര്‍ക്ക് ചര്‍ചയിലൂടെ വ്യക്തതവരുത്താവുന്നതുമാണ്.

ആദ്യവിവാഹം മക്കയിലെ ഏറ്റവും സമ്പന്നമായവരില്‍ ഒരാളായിരുന്നു ഖുറൈശ് ഗോത്രത്തിലെ ഖുവൈലിദിന്റെ പുത്രി ഖദീജയെയായിരുന്നു. മഖ്‌സൂം വംശത്തിലെ രണ്ട് പേരുമായി മുമ്പ് വിവാഹം കഴിഞ്ഞിട്ടുണ്ട്. ഇതില്‍ നാല് സന്താനങ്ങളുണ്ടായി. ഇതിനിടയില്‍ പല ഖുറൈശി പ്രമുഖരും ഖദീജ(റ)യെ വിവാഹം ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ചുവെങ്കിലും ആ വിവാഹാലോചനകള്‍ ആ മഹതിതള്ളിക്കളഞ്ഞു. അതിനിടെ തന്റെ കച്ചവടചരക്കുകള്‍ ശാമില്‍ വിറ്റഴിക്കുന്നതിനായി ആളെ എടുക്കുന്നുണ്ടെന്നറിഞ്ഞ അബൂത്വാലിബാണ് 4 ഒട്ടകം പ്രതിഫലം നല്‍കിയാല്‍ മുഹമ്മദിനെ പറഞ്ഞയാക്കാം എന്നറിയിച്ചത്. രണ്ടൊട്ടകം സ്വീകരിക്കാന്‍ തയ്യാറുള്ളവരെയാണ് ആ ജോലി ഏല്‍പിക്കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും അബൂത്വാലിബിനോടുള്ള ബഹുമാനം കാരണം ഖദീജ മറിച്ചൊന്ന് ആലോചിച്ചില്ല. മുഹമ്മദ് നബിയുടെ സത്യസന്ധതയും കഴിവും കച്ചവടത്തില്‍ വലിയ ലാഭത്തിന് കാരണമായി. മാത്രമല്ല ഖദീജയുടെ അടിമയായിരുന്ന മൈസറയില്‍ നിന്ന് പ്രവാചകന്റെ സദ്ഗുണങ്ങളെക്കുറിച്ചുള്ള വര്‍ണന കേട്ടപ്പോള്‍ ഖദീജ മുഹമ്മദിനോട് അങ്ങോട്ട് വിവാഹാഭ്യര്‍ഥന നടത്തുകയായിരുന്നു. മുഹമ്മദ് (സ) സമ്മതം മൂളി. അന്ന് ഖദീജക്ക് 40 ഉം പ്രവാചകന് 25 വയസ്സുമായിരുന്നു പ്രായം. പിതാവ് ഖുവൈലിദ് ഫിജാര്‍ യുദ്ധത്തില്‍ മരണപ്പെട്ടതിനാല്‍ പിതൃവ്യന്‍ അംറബിന്‍ അസദാണ് വിവാഹം നടത്തിക്കൊടുത്തത്. തുടര്‍ന്ന് 25 വര്‍ഷം ഖദീജമാത്രമായിരുന്നു പ്രവാചകന്റെ ഭാര്യ. മരണപ്പെടുമ്പോള്‍ ഖദീജയുടെ പ്രായം 65 ഉം പ്രവാചകന്റെ പ്രായം 50 ഉം ആയിരുന്നു.

ഈ വിവാഹം പ്രവാചകന്റെ സന്ദേശ പ്രചാരണത്തിന് കുറച്ചൊന്നുമല്ല സഹായകമായത്. ഖദീജ കുലീനയും തന്റേടിയും ധൈര്യശാലിയും വിശ്വസ്തയും പ്രവാചകനെ വളരെയേറെ സ്‌നേഹിക്കുകയും പ്രവാചകന് സന്താനങ്ങള്‍ നല്‍കുകയും ചെയ്ത മഹതിയായിരുന്നു. മരണം വരെ പ്രവാചകന്‍ ഖദീജയെ സ്മരിച്ചു. എങ്ങനെ സ്മരിക്കാതിരിക്കും, തനിക്ക് പ്രവാചകത്വം ലഭിച്ചപ്പോള്‍ എന്താണ് സംഭവിച്ചതെന്നറിയായെ ഭയപ്പെട്ട സന്ദര്‍ഭത്തില്‍ അവരുടെ ആശ്വാസ വചനങ്ങള്‍ ചരിത്രത്തിലുണ്ട്. അവരുടെ സമയോചിതമായ ഇടപെടല്‍ അതിലെ അമ്പരപ്പ് ഇല്ലാതാക്കി പ്രവാചകനെ ഉന്‍മേഷവാനാക്കി. ആദ്യമായി സത്യസന്ദേശം സ്വീകരിച്ച് പിന്തുണ നല്‍കി. വമ്പിച്ച സമ്പത്ത് കൊണ്ട് പ്രവാചകന് സുരക്ഷിതത്വം പ്രദാനം ചെയ്തു. അതുകൊണ്ടുതന്നെ ആ മഹതി മരിച്ച വര്‍ഷം ദുഃഖവര്‍ഷമായി അറിയപ്പെട്ടു. ഇന്ന് കാണുന്ന ഇസ്‌ലാം ആദ്യകാലത്ത് നിലനിന്നതിലും പ്രചരിച്ചതിലും ആ മഹതി വഹിച്ച് പങ്കിന് ഇന്നത്തെ ഇസ്‌ലാമിക ലോകം അവരോട് കടപ്പെട്ടിരിക്കുന്നു.

അടുത്ത് വിവാഹം സൗദയെയായിരിന്നു. പ്രായം അന്ന് 60. ഇസ്‌ലാമിന്റെ ആദ്യഘട്ടത്തില്‍ തന്നെ വിശ്വാസം സ്വീകരിച്ച മഹതിയാണിത്. മക്കയിലെ മര്‍ദ്ദനം അസഹ്യമായപ്പോള്‍ ഭര്‍ത്താവോടൊപ്പം അബ്‌സീനിയയിലേക്ക് പലായനം ചെയ്യുകയും അവിടുന്ന് തിരിച്ചെത്തിയ ഉടനെ ഭര്‍ത്താവ് മരണപ്പെടുകയും ചെയ്തു. ഭര്‍ത്താവല്ലാതെ കുടുംബത്തില്‍ നിന്ന് ആരും ഇസ്‌ലാം സ്വീകരിച്ചിരുന്നില്ല. കുടുംബങ്ങള്‍ സൗദയെ ഇസ്‌ലാം പരിത്യജിക്കാന്‍ നിര്‍ബന്ധിക്കുന്നവരുമായിരുന്നു. ഈ പ്രയാസകരമായ ചുറ്റുപാടില്‍ പ്രവാചകന്‍ അവരെ വിവാഹം ചെയ്ത് സംരക്ഷണം നല്‍കുകയായിരുന്നു.

ഇതിലൂടെ ഒരു പാഠം ലോക ഇസ്്‌ലാമിക സമൂഹത്തിന് പ്രവാചകന്‍ നല്‍കി. വിവാഹത്തിന്റെ പ്രേരകം സംരക്ഷണം കൂടിയാകാം എന്നാണത്. ലൈംഗികയും പ്രത്യുല്‍പാദനത്തിനും മാത്രമല്ല വിവാഹം അത് ഒരു സംരക്ഷമാര്‍ഗം കൂടിയാണ്. ചിലര്‍ക്ക് സംരക്ഷണത്തിന് വിവാഹം ആവശ്യമാണോ എന്ന തോന്നലുണ്ടാകാം. ഇസ്‌ലാമിന്റെ ധാര്‍മിവ്യവസ്ഥയും സദാചാരകാഴ്ചപ്പാടും മനസ്സിലാക്കാന്‍ കഴിയാത്തതുകൊണ്ടാണ് ഇപ്രാകരം സംശയിക്കുന്നത് എന്നാണ് എന്റെ അഭിപ്രായം. തുറന്ന സ്ത്രീപുരുഷ സങ്കലനം അത് അനുവദിക്കുന്നില്ല. വേണമെങ്കില്‍ അതിനെ വിമര്‍ശിക്കാമെന്നല്ലാതെ. ആ സദാചാരം സംരക്ഷിക്കാന്‍ ഇസ്‌ലാമെടുക്കുന്ന ഒരു നടപടി വിമര്‍ശിക്കുന്നതില്‍ വലിയ കാര്യമില്ല.

തുടര്‍ന്ന് നടന്ന വിവാഹമാണ് ഏറെ വിവാദവും ഇപ്പോള്‍ ഇസ്്‌ലാം വിരോധികളുടെ മുഖ്യതുരുപ്പുശീട്ടും. അബൂബക്കര്‍ (റ)ന്റെ പുത്രി ആയിശയുമായുള്ള വിവാഹമാണത്. അന്ന് ആയിശക്ക് ആറ് വയസ്സും പിന്നിട് ഹിജ്‌റക്ക് ശേഷമാണ് വീട്ടില്‍ കൂടുന്നത് അന്ന് 9 ഉം വയസ്സായിരുന്നു പ്രായം. (ആയിശയില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ഒരു ഹദീസാണിതിന് അവലംബം) എന്നാല്‍ ചരിത്രകാരന്‍മാര്‍ ഒട്ടേറെ വസ്തുതകളുടെ വെളിച്ചത്തില്‍ ഇതിനെക്കാള്‍ 9 ഉം പിന്നീട് രണ്ട് വര്‍ഷം കഴിഞ്ഞ് 11 ാം വയസില്‍ വീട്ടില്‍ കൂടി എന്നും കരുതുന്നവരാണ്. മുഹമ്മദ് ഹുസൈന്‍ ഹൈക്കലിനെപ്പോലുള്ളവര്‍ ഈ അഭിപ്രായമാണ് സ്വീകരിച്ചിട്ടുള്ളത്. പലപ്പോഴും 9 വയസുമതി പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവം ആരംഭിക്കാന്‍ എന്നത് നാം കണ്ടുകൊണ്ടിരിക്കുന്ന വസ്തുതയായിരിക്കെ, പ്രകൃതി അവരെ വിവാഹത്തിനായി ഒരുക്കുന്നതിന്റെ തുടക്കമാണെന്നും അതുതന്നെയാണ് ഇസ്‌ലാമിലെ വിവാഹപ്രായത്തിന്റെ തുടക്കമെന്നും, പ്രവാചകന്‍ ആ പ്രായത്തില്‍ ആയിശയെ വിവാഹം ചെയ്തത് മനുഷ്യത്വവിരുദ്ധമായ ക്രൂരമായ ഒരു നടപടിയായിരുന്നില്ല എന്നൊക്കെ പറയാന്‍ അതുതന്നെ ധാരാളമാണ്. പക്ഷെ ചരിത്രപരമായി നോക്കുമ്പോള്‍ ആ പറഞ്ഞ പ്രായം ശരിയല്ല എന്ന് വരുകില്‍ നാം അതിനെ ശരിവെക്കെണ്ട കാര്യമില്ല. കാരണം അതൊരു വിശ്വാസ കാര്യമല്ല. ഒരു ചരിത്ര ശകലം മാത്രമാണ്. അതുകൊണ്ട് ഒരാള്‍ ആയിശയുടെ വിവാഹം നടന്ന് 11 വയസ്സിലോ അതിന് ശേഷമോ എന്ന് മനസ്സിലാക്കുന്നുവെങ്കില്‍ അതില്‍ തെറ്റൊന്നുമില്ല. പ്രവാചകന്‍ എല്ലാവരോടും ആ പ്രായത്തില്‍ പെണ്‍കുട്ടികളെ കെട്ടിച്ചയക്കാനും അവരെ വിവാഹം കഴിക്കാനും കല്‍പിച്ചിട്ടില്ല എന്നിരിക്കെ പ്രത്യേകിച്ചും. മുസ്‌ലിംകള്‍ അതില്‍ ഒട്ടും അസ്വസ്തരാകേണ്ടതില്ല. അന്നാരും കുറ്റം അതില്‍ കണ്ടിട്ടുമില്ല. പിന്നെ ആരെങ്കിലും സ്വന്തമായി കണ്ടെത്തിയ ചില അബദ്ധധാരണകള്‍ക്കനുസരിച്ച് ഒത്തുവരാത്തതല്ലാം വിമര്‍ശിക്കാന്‍ നില്‍ക്കുമ്പോള്‍ വിശ്വാസി സമൂഹത്തിന് അതില്‍ ഒട്ടും വേവലാതിയുമില്ല. ഇനി ഈ വിവാഹം എങ്ങനെ മുസ്ലിം സമൂഹത്തിന് ഉപകാരപ്പെട്ടു എന്ന് ചിന്തിക്കാം. ഒരു ദര്‍ശനത്തെ സംബന്ധിച്ച് നോക്കുമ്പോള്‍ അതാണല്ലോ പ്രസക്തം.

ഇസ്‌ലാമിക കുടുംബവ്യവസ്ഥ ആ മഹതിയുടെ പാണ്ഡിത്യത്തോട് കടപ്പെട്ടിരിക്കുന്നു. കുടുംബജീവിതിതത്തിലെ മാര്‍ഗദര്‍ശക തത്വങ്ങള്‍ ഉള്‍കൊള്ളുന്ന ഒട്ടനവധി ഹദീസുകള്‍ അവരിലൂടെയാണ് സമൂഹത്തിന് ലഭിച്ചത്. അസാമാന്യമായ ബുദ്ധിശക്തിയും ധീരതയും നിരൂപണബോധവും അവരുടെ പ്രത്യേകതയായിരുന്നു. താന്‍ ശരിയെന്ന് വിശ്വസിച്ച തത്വത്തിന് പൊരുതിമരിക്കാന്‍ വരെ അവര്‍ സന്നദ്ധമായി. തന്റെ പ്രായക്കുറവിനെ പക്വതകൊണ്ട് മറികടന്ന ആ സ്ത്രീ രത്‌നമായിരുന്നു ഏറ്റവും കൂടുതല്‍ ഹദീസ് റിപ്പോര്‍ട്ട് ചെയ്ത വനിത. പുരുഷന്‍മാരെ കൂടി പരിഗണിച്ചാല്‍ നാലാം സ്ഥാനവും ആയിശക്കാണ്. പ്രവാചക അനുചരന്‍മാര്‍ സംശയങ്ങള്‍ക്ക് മുഖ്യമായും നിവാരണം ഉണ്ടാക്കിയിരുന്നത് അവരിലൂടെയായിരുന്നു. പ്രവാചക ചര്യയെക്കുറിച്ച് ആധികാരികമായി പറയാന് കഴിയുന്ന ആ മഹതിയുടെ സേവനം അന്നത്തെ ഖലീഫമാര്‍ ഉപയോഗപ്പെടുത്തി. ഒരു പക്ഷെ അവരുടെ വിവാഹസമയത്തെ പ്രായക്കുറവില്‍ പ്രാവചകനാനുചരന്‍മാര്‍ വല്ലാതെ ആശ്വസിച്ചിട്ടുണ്ടാകും എന്ന് ഞാന്‍ കരുതുന്നു.

അടുത്ത വിവാഹം ഹഫ്‌സയുടെതാണ്. മറ്റൊരു അനുചരന്‍ ഉമര്‍(റ)ന്റെ മകള്‍. അദ്ദേഹം തന്റെ ആത്മമിത്രങ്ങളായ ഉസ്മാന്‍ അബൂബക്കര്‍ എന്നിവരെ സമീപിച്ചെങ്കിലും അവര്‍ അതിന് സന്നദ്ധരായില്ല. പിന്നീട് നബി അവരെ വിവാഹം ചെയ്തു. ഈ രണ്ട് വിവാഹത്തിന് പിന്നിലും പ്രവര്‍ത്തിച കാരണങ്ങള്‍ ഏതാണ് ഒന്നുതന്നെയായിരുന്നു എന്ന് കാണാം. അനുരാഗത്തിനും ആസക്തിക്കുമുപരിയായി വളര്‍ന്ന് വരുന്ന ഇസ്‌ലാമിക സമൂഹത്തിന്റെ പരസ്പര ബന്ധങ്ങള്‍ സുദൃഢമാക്കുക എന്നതായിരുന്നു ഇതിന്റ ലക്ഷ്യം. ഈ വിവാഹം ഉമറുമായുള്ള ബന്ധം ഊട്ടിയുറപ്പിച്ചു. ആയിശയെ നല്‍കിയതിന് പകരമായിട്ടാണ് അബൂബക്കറിന് ഖിലാഫത്ത് നല്‍കിയത് എന്ന് പറയുന്നവര്‍ എന്നാല്‍ പിന്നെ എന്തുകൊണ്ട് ഉമര്‍ (റ) ന് അത് നല്‍കിയില്ല എന്നതിന് ഉത്തരം വേറെ കണ്ടത്തേണ്ടതായി വരും. (തുടരും)

2010, മാർച്ച് 7, ഞായറാഴ്‌ച

മുഹമ്മദ് നബിയുടെ വിവാഹങ്ങള്‍

നബി(സ)യുടെ ലൈംഗികാസക്തിയും ഭോഗതല്‍പരതയുമാണ് പ്രവാചകന്റെ വിവാഹങ്ങള്‍ക്കെല്ലാം കാരണമായിതീര്‍ന്നതെന്നാണ് യുക്തിവാദികളും യുക്തിവാദി മുഖംമൂടിയണിഞ്ഞ മറ്റു ബ്ലോഗര്‍മാരും നിരന്തരം ഉദ്‌ബോധിപ്പിച്ചുകൊണ്ടിരിക്കുന്നത്. കാളിദാസന്‍ പറയുന്നത് കാണുക:
'50 വയസു കഴിഞ്ഞ മൊഹമ്മദിനനുവദിച്ചു കൊടുത്തതിന്റെ യുക്തി സുധീറിനൊന്നു പറയാമോ? മറ്റ് വിശ്വസികള്‍ക്കനുവദിച്ചു കൊടുക്കാത്ത ഈ സ്വാതന്ത്ര്യം മൊഹമ്മദിനു മാത്രം അനുവദിച്ചു കൊടുത്തത് കാമ പൂരണത്തിനു തന്നെയാണെന്നാണ്‌ സാമാന്യ യുക്തി ആരെയും പഠിപ്പിക്കുന്നത്.'
 ഈ സാമാന്യയുക്തിക്കപ്പുറം ഒരന്വേഷണം സാധ്യമാണോ. സാമാന്യ യുക്തികൊണ്ട് ഈ ഒരുത്തരം മാത്രമേ ലഭിക്കൂകയുള്ളോ. പക്ഷെ അങ്ങനെ ചോദിച്ചു പോകരുത് പോയാല്‍... ബ്ലോഗര്‍ സി.കെ ബാബു പറയുന്നത് കേള്‍ക്കുക:

ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇതുപോലുള്ള നാറുന്ന മതപ്രചരണവും സുവിശേഷഘോഷണവുമൊക്കെ (ക്രിസ്തീയ ഉപദേശികളുടെ വീഡിയോ കണ്ടിട്ടില്ലേ?) ലജ്ജയില്ലാതെ മനുഷ്യരുടെ മുന്നിലേക്ക് വച്ചുനീട്ടുന്നത് മനുഷ്യരാശിയോട് ചെയ്യുന്ന അക്ഷന്തവ്യമായ ഒരു കുറ്റകൃത്യം എന്നേ പറയാനുള്ളൂ.
ഇങ്ങനെ അദ്ദേഹം പറയുന്നത് അദ്ദേഹത്തിന്റെ മതസംബന്ധമായ വാദത്തില്‍ സത്യസന്ധനായതുകൊണ്ടാണ്. പ്രവാചകനെ പരിഹസിക്കുന്നതിനെയും ആക്ഷേപിക്കുന്നതിനെയും പ്രതിരോധിക്കുന്നവരോടൊപ്പം സുവിശേഷഘോഷണത്തേയും ചേര്‍ത്ത് പറഞ്ഞ് തന്റെ കലവറയില്ലാത്ത മതവിരുദ്ധത അദ്ദേഹം പ്രകടിപ്പിച്ചിരിക്കുന്നു. എന്നാല്‍ ഒരു മതദ്രോഹി(പ്രദര്‍ശനനാമമാണ്)യുടെ ദുര്യോഗം നോക്കൂ. കാളിദാസന്റെ ഇസ്‌ലാം വിരോധം കണ്ട് അദ്ദേഹം ചിന്തിച്ചു പോയി അതൊരു യുക്തിവാദി ബ്ലോഗാണെന്ന് അദ്ദേഹം മതഗ്രന്ഥങ്ങളെല്ലാം കണക്കാണെന്ന് പറഞ്ഞ് ബൈബിളില്‍ നിന്നൊരു ഉദാഹരണം പറഞ്ഞു. അത് ഡിലീറ്റ് ചെയ്യുന്നതിന്റെ മുന്നോടിയായി ഇങ്ങനെ കാളിദാസന്‍ പ്രഖ്യാപിച്ചു:

'ഇത് മതങ്ങള്‍ തമ്മിലുള്ള താരതമ്യ പഠനമല്ല. അതു കൊണ്ട് മറ്റ് മതങ്ങളിലെന്തൊക്കെയുണ്ട് എന്നത് ഇവിടെ പ്രസക്തമല്ല.

ഒരു ശരാശരി മുസ്ലിം പെരുമാറുന്നത് തങ്കളേപ്പോലെയാണ്. ഇസ്ലാമിലെ എന്തെങ്കിലും വിമര്‍ശിച്ചാല്‍ ഉടനെ ബൈബിളും വേദങ്ങളുമെടുത്ത് പ്രതിരോധിക്കന്‍ ശ്രമിക്കും. സ്വന്തം വിശ്വാസത്തിലുള്ള ഉറപ്പില്ലായ്മയാണത് വെളിപ്പെടുത്തുന്നത്. വിമര്‍ശനം സ്വന്തം വിശ്വാസമെടുത്ത് പ്രതിരോധിക്കാന്‍ ആകുന്നില്ലെങ്കില്‍ ആ വിശ്വസത്തില്‍ സാരമായ എന്തോ പന്തികേടുണ്ട്. ആ പന്തികേട് മനസിലാക്കി പരിഹരിക്കുകയാണതിനു വേണ്ടിയത്. അല്ലാതെ മറ്റ് മതങ്ങളെയും അവരുടെ വിശ്വസങ്ങളെയും അവരുടെ മത നേതാക്കളെയും മറ്റും പുലഭ്യം പറയുകയല്ല.

ഖുറനെയും ഇസ്ലാമിന്റെ ചരിത്രത്തെയും അടിസ്ഥാനമക്കി മൊഹമ്മദിന്റെ പ്രവര്‍ത്തികളെ വിമര്‍ശിച്ചു കൊണ്ടുള്ള ഒരു ലേഖനമാണിത്. അതേക്കുറിച്ച് എന്തെങ്കിലും പറയുന്നതല്ലെ അഭികാമ്യം? എല്ലാ മതങ്ങളെയും ഒരു പോലെ വിമര്‍ശിച്ചു കൊണ്ട് താങ്കള്‍ ഒര്‍ പോസ്റ്റിടുകയാണെങ്കില്‍ അവിടെ അതെല്ലാം വിശദമായി ചര്‍ച്ച ചെയ്യാമല്ലോ. '
തനിക്കിഷ്ടപ്പെടാത്ത കമന്റ് (താന്‍ വിശ്വസിക്കുന്ന മതഗ്രന്ഥത്തില്‍ നിന്ന് അഭിപ്രായമൊന്നും പറയാതെ ഉദ്ധരിച്ച വചനങ്ങള്‍) ഡിലീറ്റ് ചെയ്തു ഇങ്ങനെ പറഞ്ഞു.

'മതദ്രോഹി,

താങ്കള്‍ നുണ എഴുതി എന്നു ഞാന്‍ പറഞ്ഞില്ല.

എല്ലാ വേദപുസ്തകങ്ങളിലും മനുഷ്യന്റെ യുക്തിയെ പരിഹസിക്കുന്ന പലതും ഉണ്ട്. തുല്യതക്ക് വേണ്ടി അതൊക്കെ ഇവിടെ എഴുതുന്നത് പ്രസക്തമല്ല എന്നേ ഞാന്‍ പറഞ്ഞുള്ളു. അതുകൊണ്ട് അത് നീക്കം ചെയ്തു.

ഈ പോസ്റ്റ് ലത്തീഫിന്റെ ഒരു പോസ്റ്റിനെ വിമര്‍ശിച്ചു കൊണ്ടാണ്. അതു സംബന്ധിച്ച് എന്തെഴുതിയാലും നീക്കം ചെയ്യില്ല. '
പ്രസ്തുത വ്യക്തിയും അദ്ദേഹത്തിന്റെ നേരത്തെ സുചിപ്പിച്ച കൂട്ടുകാരും പ്രവാചകന്റെ മേല്‍ തെറിപ്പിക്കുന്ന ചെളി നീക്കം ചെയ്യാനുള്ള നേരിയ ശ്രമത്തെ പോലും നിന്ദ്യമായ രൂപത്തിലാണ് നേരിടുന്നത് എന്ന വസ്തുത ഇതൊക്കെ വായിച്ച് പ്രവാചകനെ തെറ്റിദ്ധരിച്ചവരെ മാറിചിന്തിക്കാന്‍ പ്രേരിപ്പിക്കേണ്ടതാണ്.

സുധീര്‍,

മൊഹമ്മദിന്റെ ജീവിതം തുറന്ന പുസ്തകമാണ്. അതിലെ പല സംഭവങ്ങളും ഖുറാനിലും ഹദീസുകളും എഴുതി വച്ചിട്ടും ഉണ്ട്. അതിനെ അടിസ്ഥാനമാക്കി ആണീ പോസ്റ്റ് എഴുതിയത്. ഖുറാനില്‍ നിന്നും ഞാന്‍ പകര്‍ത്തി എഴുതിയ ഭാഗങ്ങള്‍ മൊഹമ്മദിന്റെ മനസിലേക്കുള്ള ചൂണ്ടു പലകയാണ്.
മുകളിലുള്ള വരികള്‍ മൊഴിഞ്ഞ അതേ കാളിദാസനാണ് താഴെയുള്ള മഹാ അബദ്ധവും വൈരുദ്ധ്യവും പറഞ്ഞത് എന്ന് വിശ്വസിക്കാന്‍ കഴിയുമോ
50 വയസിനു മുമ്പുള്ള മൊഹമ്മദിന്റെ ജീവിതം തുറന്ന പുസ്തകമൊന്നുമായിരുന്നില്ല. അത് അടഞ്ഞത് തന്നെ ആയിരുന്നു. തനിക്ക് പ്രവചകത്വം കിട്ടി എന്നദ്ദേഹം അവകാശപ്പെടുന്നതിനു മുമ്പുള്ള അദ്ദേഹത്തിന്റെ ജീവിതത്തേക്കുറിച്ച് സുധീറിനെന്തറിയാം? സുധീറിനെന്നല്ല അര്‍ക്കുമൊന്നുമറിയില്ല. കാരണം, അത് വരെ ആരും അദ്ദേഹത്തെ ശ്രദ്ധിച്ചിരുന്നില്ല. ആ അടഞ്ഞ ജീവിതത്തില്‍ എന്തൊക്കെ ചെയ്തു എന്ന് ഊഹിക്കാനെ പറ്റൂ.
ഇസ്‌ലാം വിരോധം ആ മതത്തിനും അതിന്റെ പ്രവാചകനുമെതിരെ എത്രമാത്രം അന്ധനാക്കുന്നൂ എന്ന് ഈ വരികള്‍ തെളിയിക്കുന്നില്ലേ. നെറ്റും ബ്ലോഗും സൈറ്റുമെല്ലാം ഇത്ര സൗകര്യങ്ങള്‍ നല്‍കുന്ന കാലത്തും. ലഭ്യമായ ഒരു നബിചരിത്ര പുസ്തകം ഓടിച്ചുനോക്കിയിരുന്നെങ്കില്‍ ഇതു പറയുമായിരുന്നോ. അതല്ല തൊട്ടുമുമ്പുള്ള കമന്റില്‍ മുഹമ്മദിന്റെ ജീവിതം തുറന്ന പുസ്തകമാണ് എന്ന പറഞ്ഞത് 50 വയസിന് ശേഷമുള്ള ജീവിതത്തെ ഉദ്ദേശിച്ചാണോ.


ഈ അന്ധന്‍മാര്‍ക്കും പ്രവാചകവിരോധത്താല്‍ സമനിലതെറ്റിവര്‍ക്കും വേണ്ടിയല്ല ഇവിടെ ചിലകാര്യങ്ങള്‍ പറയുന്നത് എന്ന് സൂചിപ്പിക്കുന്നതിനാണ് ഇത്തരമൊരു ആമുഖം നല്‍കിയത്. പരാമവധി പോസ്റ്റുകളില്‍ മറ്റുള്ളവരെ വ്യക്തിപരമായി പരാമര്‍ശിക്കരുതെന്ന് വിചാരിച്ചിരുന്നെങ്കിലും. ആ നിബന്ധന അംഗീകരിക്കാന്‍ കഴിയാത്തവിധം ചിലര്‍ പെരുമാറുന്നതിനാല്‍ ചില കാര്യങ്ങള്‍ സൂചിപ്പിക്കതിരിക്കാതെ പോസ്റ്റിട്ടതുകൊണ്ട് കാര്യമില്ല.

ഇത്തരം ആളുകളുടെ അജ്ഞതയും തെറ്റായ വിവരണവുമാണ് നെറ്റ് ഉപയോഗിക്കുന്ന പലര്‍ക്കുമുള്ള ഇസ്‌ലാമിനെയും പ്രവാചകനെയും പ്രാഥമിക ജ്ഞാനം എന്ന് വ്യക്തമാക്കാനും മുകളില്‍ നല്‍കിയ വിവരണം സഹായകമാകും.

ചിലര്‍ ഈ പ്രചാരകരുടെ വിവരണമാണ് സത്യമെന്നും ഞാന്‍ പറയുന്നത് അതിന്റെ ഒരു മറുവശമാണെന്നും, വിശ്വാസിയുടെ വ്യാഖ്യാനമെന്നും ധരിക്കുന്നു. അവര്‍ പറയുന്നു ഇപ്പോള്‍ ഞങ്ങള്‍ക്ക് കാര്യങ്ങളൊക്കെ മനസ്സിലായി അതിനൊക്കെ ഇങ്ങനെയും ഒരു വ്യാഖ്യാനമുണ്ടല്ലേ എന്ന്. അവരോട് ഞാന്‍ പറയാനാഗ്രഹിക്കുന്നത് ഇതാണ് സത്യമെന്നും ഇതിന്റെ വികലമാക്കിയ വശമാണ് നിങ്ങളിതുവരെ സത്യമെന്ന് വിചാരിച്ച് കൊണ്ടുനടന്നതെന്നുമാണ്. പക്ഷെ ഇതെനിക്ക് ബോധ്യപ്പെടുത്താന്‍ കഴിയില്ല. എന്റെ പോസ്റ്റുകളും എന്റെ സുഹൃത്തുകള്‍ നടത്തുന്ന ചര്‍ചയിലൂടെ അത്തരമൊരു നിഷ്പക്ഷ പഠനത്തിന് ആരെയെങ്കിലും പ്രേരിപ്പിച്ചാലല്ലാതെ.

പ്രവാചകന്റെ ഒരു വചനം പോലും കൃത്യമായി വായിക്കാത്ത ബ്ലോഗര്‍മാര്‍ക്കെല്ലാം പ്രവാചകന്റെ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏറെകുറെ മനഃപാഠമായിട്ടുണ്ടാകും. പ്രവാചകന്റെ മുഴുവന്‍ ഭാര്യമാരുടെ പേരും അവര്‍ക്കറിയാം. മറ്റൊരു പ്രവാചകനും ലഭിക്കാത്ത സൗഭാഗ്യം എന്നാണ് ഇന്നലെ ചര്‍ചയില്‍ ഒരു സുഹൃത്ത് ഇതിനെ വിശേഷിപ്പിച്ചത്.

പ്രവാചകന്റെ കാലത്ത് അദ്ദേഹത്തെ അവിശ്വസിച്ച് ശത്രുത കൈകൊണ്ട ഒരു വലിയ വിഭാഗം ഉണ്ടായിരുന്നു. പ്രവാചകനില്‍ നിന്ന് അടര്‍ന്ന് വീണ ഒരു വാക്കും അവര്‍ തൂക്കിനോക്കി, ഒരോ സംഭവവും അവര്‍ വിശകലനം ചെയ്തു, അതിലെന്തെങ്കിലുമൊന്ന് പ്രവാചകനെതിരെ ഉപയോഗപ്പെടുത്താന്‍ കഴിയുമെന്ന് കരുതിയാല്‍ ഉടനെ അതുമായി ചാടിപ്പുറപ്പെടുകയായി. ആ സംഭവങ്ങള്‍ യഥാവിധി ഹദീസിലും ചരിത്ര ഗ്രന്ഥങ്ങളിലും സ്ഥാനം പിടിച്ചിട്ടുണ്ട്. പക്ഷെ അതിലൊന്നില്‍ പോലും പ്രവാചകന്റെ ലൈംഗികതീഷ്ണതയേയോ വിവാഹത്തെയോ അവര്‍ പിടികൂടിയില്ല. എന്തായിരിക്കും കാരണം.

ഇതില്‍ നിന്ന് നേരിട്ട് മനസ്സിലാകുന്ന ഒരു സംഗതി. പ്രവാചകന്‍ ആ ചെയ്തതൊന്നും അന്നത്തെ സാഹചര്യമനുസരിച്ച് പ്രദേശവും കാലവുമനുസരിച്ച് ആക്ഷേപാര്‍ഹമായിരുന്നില്ല. അന്ന് കൊള്ളയും കൊലയും ആക്ഷേപാര്‍ഹമായിരുന്നില്ല എന്ന അസത്യജഡിലമായ ഒരു പരാമര്‍ശം ബോധപൂര്‍വം കൂട്ടിചേര്‍ക്കാറുണ്ട്. ഇതിന്റെ ഉദ്ദേശ്യം വ്യക്തമാണ്. നാം ഇപ്പോള്‍ സാംസ്‌കാരികമായും ധാര്‍മികമായും വളരെയേറെ പുരോഗതി പ്രാപിച്ച ഒരു കാലഘട്ടത്തിലാണ്. അതിനാല്‍ അന്ന് നടന്നതിനെ നാം കുറ്റം പറയുന്നില്ല പക്ഷെ ആ കാടന്‍ കാലഘട്ടത്തില്‍ ജീവിച്ച ഒരാളുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ലോകവസാനം വരെയുള്ള ജനതക്ക് മാതൃകയാണെന്ന് പറയുമ്പോഴാണ് ഉള്‍കൊള്ളാന്‍ കഴിയാത്തത്. മറ്റുള്ളവരേക്കാള്‍ പ്രവാചകന്റെ ചര്യയും വ്യക്തപരമായ കാര്യങ്ങളും വിമര്‍ശിക്കാന്‍ അതാണ് കാരണം.

ഇതില്‍ പ്രവാചകനെതിരെ ഉന്നയിക്കപ്പെടുന്ന എത്ര ആരോപണങ്ങള്‍ക്ക് ചരിത്രത്തിന്റെ പിന്‍ബലമുണ്ട്. പ്രാചകന്‍ കൊള്ളനടത്തിയത് തെറ്റല്ല കാരണം അന്നത്തെ സാഹചര്യത്തില്‍ അതിലാരും തെറ്റ് കണ്ടിരുന്നില്ല. എന്ന ഒരു ഔദാര്യം പ്രവാചകന്‍ നല്‍കിയപ്പോള്‍ ഞാന്‍ പ്രസ്തുത യുക്തിവാദി സുഹൃത്തിനോട് ഒരു ഉദാഹരണം ചോദിച്ചിരുന്നു. പല തവണ ആവശ്യപ്പെട്ടപ്പോള്‍ ബനൂഖുറൈള സംഭവത്തിന്റെ പരാമര്‍ശമുള്ള പോസ്റ്റിലേക്ക് ലിങ്ക് നല്‍കുക മാത്രമാണ് ചെയ്തത്.

പലപ്പോഴും കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് പ്രവാചകനെതിരെ വളരെ നിന്ദ്യമായ നിലയില്‍ ആക്ഷേപങ്ങള്‍ തുടരുന്നത് എന്ന് കാണാന്‍ ഒരു പ്രയാസവുമില്ല. എല്ലാം കണ്ടറിഞ്ഞ് ബോധ്യപ്പെട്ടാലെ വിശ്വസിക്കൂ എന്ന് പറയുന്നവര്‍ക്ക് ഇക്കാര്യത്തില്‍ അവരിഷ്ടപ്പെടുന്ന ഒരാള്‍ പറഞ്ഞാല്‍ അത് വിശ്വാസ യോഗ്യമാണ്. അതിനെതിരെ ഉന്നയിക്കുന്ന തെളിവുകള്‍ പോലും കേള്‍ക്കാനുള്ള സന്‍മനസ്സ് അത്തരക്കാര്‍ക്ക് പലപ്പോഴും കാണിക്കാന്‍ കഴിയാറില്ല.

പ്രവാചകന്റെ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏറെകുറെ മനഃപാഠമായിട്ടുണ്ടാകും. അന്ന് നിലവിലുണ്ടായിരുന്ന ബഹുഭാര്യത്വം സ്വീകരിച്ചു എന്നത് വസ്തുതയാണ്. അതിന് പ്രത്യേക നിയന്ത്രണം അന്ന് ഉണ്ടായിരുന്നില്ല. ഇസ്്‌ലാം അത് നാലില്‍ പരിമിതപ്പെടുത്തി. ചില പ്രത്യേക കാരണങ്ങളാല്‍ പ്രവാചകന്‍ ആ നിയന്ത്രണം അല്ലാഹു ഏര്‍പ്പെടുത്തിയില്ല. മറ്റുള്ളവര്‍ക്ക് നാല് വിവാഹം നിശ്ചയിച്ച് അല്ലാഹു തന്നെയാണ് പ്രവാചകന്‍ അതില്‍ കൂടുതല്‍ വിവാഹം ചെയ്യാന്‍ അനുവാദം നല്‍കിയത് എന്നതിനാല്‍ വിശ്വാസികളാര്‍ക്കും അതില്‍ പ്രത്യേകിച്ച് വ്യാകുലപ്പെടാനോ ആക്ഷേപിക്കാനോ ഒന്നുമില്ല. പ്രവാചകന്‍ സന്യാസം കല്‍പിച്ചിട്ടില്ല. നിരുത്സാഹപ്പെടുത്തുകയും നിരോധിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ എന്തെങ്കിലും കാരണത്താല്‍ ഒരാള്‍ വിവാഹം കഴിക്കുന്നില്ലെങ്കില്‍ അത് ഇതില്‍ പെടില്ല.

ബഹുഭാര്യത്വം സ്വീകരിച്ചു എന്നത് കൊണ്ടുമാത്രം ഒരാള്‍ വികാരജീവിയെന്ന് പറയാമോ ലൈംഗീകതൃഷണ നബിക്ക് കൂടുതലായിരുന്നു എന്ന് പറയാമോ. മറ്റേത് പുരുഷനേയും പോലെ ആരോഗ്യദൃഡഗാത്രനായിരുന്നു മുഹമ്മദ് നബിയും. അതിനനുസരിച്ച് വികാരവും നബിക്ക് നിഷേധിക്കേണ്ട കാര്യമില്ല. എന്നാല്‍ ഈ വിവാഹങ്ങളുടെ പേരില്‍ അദ്ദേഹത്തെ സ്ത്രീലംബടനായി ചിത്രീകരിക്കുന്നതിലെ ഔചിത്യം പരിശോധിക്കപ്പെടേണ്ടതുണ്ട്. പ്രഥമികമായ ഒരന്വേഷണം തന്നെ അതിലെ പൊള്ളത്തരം വ്യക്തമാക്കുന്നതാണ്. (തുടരും)

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review