2016, ഫെബ്രുവരി 8, തിങ്കളാഴ്‌ച

10 ചോദ്യങ്ങൾക്ക് യുക്തിവാദിയുടെ മറുപടി.

യുക്തിവാദികളോട് 10 ചോദ്യങ്ങൾ എന്ന പോസ്റ്റിന് അവസാനം ചില യുക്തിവാദികൾ പ്രതികരിച്ചുകണ്ടതിൽ സന്തോഷം. ബ്ലോഗിൽ ഇടപെട്ടില്ലെങ്കിലും യുക്തിവാദികളുടെ ഫെയ്സ് ബുക്ക് ഗ്രൂപ്പിൽ അക്കമിട്ടു തന്നെ മറുപടി നൽകിയിരിക്കുന്നു. 

മനുഷ്യജീവിതവുമായി ബന്ധപ്പെട്ട് ഒരോ വ്യക്തിയും സ്വയം ഉത്തരം തേടേണ്ടതുണ്ടെന്ന് ബോധ്യപ്പെട്ട ചില ചോദ്യങ്ങൾക്ക് യുക്തിവാദികൾക്ക് നൽകാൻ കഴിയുന്ന പരമാവധി മറുപടിയാണ് യുക്തിവാദി സുഹൃത്ത് നൽകിയതെന്ന്  കരുതുന്നു. മിക്ക മറുപടിക്കും എട്ടോ പത്തോ പേർ ലൈക്ക് നൽകിയിട്ടുമുണ്ട്.  5 വർഷത്തിലേറെ നീണ്ട നിരന്തരബന്ധത്തിൽ അതിനപ്പുറം ഒരു മറുപടി പ്രതീക്ഷിക്കുന്നില്ല, അവർ വിശ്വാസികളായ സുഹൃത്തുക്കളോട് ചോദിക്കുന്നതുപോലെ കേവലം പരിഹാസം ഉദ്ദേശിച്ചല്ല ആ ചോദ്യങ്ങൾ നൽകിയിട്ടുള്ളത്.  അത്തരം ചോദ്യങ്ങൾക്കുള്ള മറുപടിയെന്തോ അതാണ് അവന്റെ ജീവിതം ചിട്ടപ്പെടുത്തപ്പെടുന്നത് എന്ന കാര്യത്തിൽ സംശയമില്ല. വിശ്വാസിയും അങ്ങനെ തന്നെ. 

ഏതൊരാൾക്കും ഒരു പ്രപഞ്ചവീക്ഷണവും ജീവിത വീക്ഷണവും ഉണ്ടായിരിക്കും. അത് ഒന്നുകിൽ അവൻ സ്വയം രൂപം നൽകുന്നതോ അവൻ അവലംബിക്കുന്ന ദർശനം രൂപം നൽകിയതോ ആയിരിക്കും. യുക്തിവാദി എന്ന് ഈ ബ്ലോഗിൽ വിശേഷപ്പിക്കുന്നത് യുക്തി ഉപയോഗിച്ച് കാര്യങ്ങളെ ഗ്രഹിക്കുന്നവരെയല്ല. മറിച്ച് ഏതെങ്കിലും ഒരു മതത്തിൽ പ്രത്യേകിച്ച് വിശ്വസിക്കാതെ സ്വന്തമായി ഒരു ദൈവസങ്കൽപവും ( അത് ചിലപ്പോൾ ദൈവം ഇല്ല എന്നായിരിക്കാം) തന്റെ സൌകര്യത്തിനും യുക്തിക്കും അനുസരിച്ച വിധം ഒരു ജീവിതവീക്ഷണവും കൊണ്ടു നടക്കുന്നവരെ ഉദ്ദേശിച്ചാണ്. അത്തരമൊരു യുക്തിവാദിയുടെ പ്രപഞ്ചവീക്ഷണവും ജീവിതവീക്ഷണവും ഈ ബ്ലോഗ് വായനക്കാരെ അറിയിക്കുക എന്നതായിരുന്നു ആ ചോദ്യങ്ങളുടെ പ്രധാന ലക്ഷ്യം.   

ചോദ്യവും അതിനുള്ള യുക്തിവാദിയുടെ മറുപടിയും നമുക്ക് നോക്കാം.. 

ചോദ്യം 1. ഈ പ്രപഞ്ചം ഉണ്ടാതെങ്ങനെയാണ് ?.
(ഇതേക്കുറിച്ച് കേവലം ചില ഊഹങ്ങളല്ലാതെ വ്യക്തമായ വല്ല തെളിവുകളും നിരത്താൻ ആവുമോ? ഉണ്ടെങ്കിൽ അതെന്താണ് ?.)


യുക്തിവാദിയുടെ മറുപടി 1: 
പ്രപഞ്ചം സ്വയം ഉണ്ടായതോ ആരെങ്കിലും ഉണ്ടാക്കിയതോ അല്ല. അത് എന്നും ഇവിടെത്തന്നെ ഉണ്ടായിരുന്നു, ഇപ്പോഴുമുണ്ട്, ഇനിയെന്നും ഉണ്ടായിരിക്കുകയും ചെയ്യും. കാരണം,യുക്തിവാദിയുടെ മറുപടി 2പ്രപഞ്ചം എന്നാല്‍ എന്താണു എന്ന ചോദ്യത്തിനു തന്നെ പൂര്‍ണമായ ഉത്തരം കണ്ടെത്തിക്കഴിഞ്ഞിട്ടില്ല ലതീഫ് ! അതിന്റെ വ്യാപ്തിയും അതിരുകളും ഒന്നും നമുക്ക് അറിയില്ല. അല്പം മാത്രമേ ഇന്നും അറിയു. അതിനാല്‍ തന്നെ എങ്ങനെ ഉണ്ടായി? എപ്പോള്‍ ഉണ്ടായി? എപ്പോഴെങ്കിലും ഇല്ലാതിരുന്നിട്ടുണ്ടോ? പ്രപഞ്ചം ഉണ്ടായിക്കഴിഞ്ഞിട്ടുണ്ടോ?അതോ ഇപ്പോഴും ഉണ്ടാകല്‍ തുടരുന്നുണ്ടോ? ഇതിനൊന്നും കിറു കൃത്യമായ ഉത്തരം മനുഷ്യനു കണ്ടെത്താനായിട്ടില്ല്ല. . അതിനാല്‍ ഈ ചോദ്യത്തിനു അറിയില്ല എന്ന ഉത്തരമേ യുക്തിവാദിക്കുള്ളു. അറിയാവുന്ന കാര്യങ്ങള്‍ വെച്ച് ചില ഊഹങ്ങള്‍ മാത്രമേ ശാസ്ത്രത്തിനു പോലും ഉള്ളു. എന്നാല്‍ ഈ പറഞ്ഞതിനര്‍ത്ഥം ആരോ പണ്ട് പറഞ്ഞൂ പോയ മുത്തശ്ശിക്കഥകള്‍ സത്യമാണു എന്നല്ല. അന്യേഷണത്തിലൂടെ നിരീക്ഷണ പരീകഷണങ്ങളിലൂടെ ശാസ്ത്രം കണ്ടെത്തിയ കാര്യങ്ങ്ളെ മാത്രമേ അറിവായി സ്വീകരിക്കാന്‍ യുക്തിവാദിക്കു കഴിയൂ !

ചോദ്യം 2.  ഈ ഭൂമിയിൽ ജീവികൾ ഉണ്ടാതെങ്ങനെ?.
(ഭൂമിയിൽ മനുഷ്യവാസം ആരംഭിച്ചിട്ട് എത്രവർഷമായി?. യുക്തിവാദമനുസരിച്ച് മനുഷ്യന് ഇതര ജീവികളിൽനിന്നും വല്ല പ്രത്യേകതയും ഉണ്ടോ?. ധാർമികമായി വല്ല നിയമവും അവൻ പിന്തുടരാൻ ബാധ്യസ്ഥനാണോ?. ഉണ്ടെങ്കിൽ അത് ആരാണ് ഉണ്ടാക്കിയത്?.) 

യുക്തിവാദിയുടെ മറുപടി 1: ജീവന്റെ ആവിർഭാവത്തെക്കുറിച്ച് വ്യക്തമായ ഒരു ചിത്രം നൽകാൻ ഇന്നുവരെ ആർക്കും സാധിച്ചിട്ടില്ല. സാമൂഹിക ജീവി എന്ന നിലയിൽ പല നിയമങ്ങളും പിന്തുടരാൻ മനുഷ്യന് ബാധ്യതയുണ്ട്. അത്തരം നിയമങ്ങൾ ആവശ്യാനുസരണം മനുഷ്യൻ തന്നെ നിർമ്മിക്കുന്നു.

യുക്തിവാദിയുടെ മറുപടി 2:  ജീവികളുടെ അടിസ്ഥാന ഘടന നിരീക്ഷിച്ചു കൊണ്ട് ശാസ്ത്രം അനുമാനിക്കുന്നത് അജൈവ പദാത്ഥങ്ങള്‍ കൂടുതല്‍ സങ്കീര്ണ ഘടന പ്രാപിച്ചപ്പോ‍ാള്‍ ഉണ്ടായ സവിശേഷ ഗുണങ്ങളാണു ജീവന്‍ എന്നാണു. അവ വീണ്ടും സങ്കീര്‍ണത കൈവരി്ച്ച് പരിണമിച്ചപ്പോള്‍ ജീവികള്‍ ഉണ്ടായി . മനുഷ്യനും ! മനുഷ്യനും ഇതര ജീവികളും തമ്മില്‍ മാത്രമല്ല വ്യത്യാസം. എണ്ണത്തിലും പിണ്ഡത്തിലൂം കൂടുതല്‍ ഉള്ള ജീവികള്‍ സൂക്ഷമജീവികളായ ഏക കോശക്കാരാണു. അവയും ബഹു കോശ ജീവികളും തമ്മില്‍ വലിയ അന്തരം ഉണ്ട്. അമീബയും പൂച്ചയും തമ്മിലുള്ള വ്യത്യാസം ഉദാഹരണം. അത്രയൊന്നും വ്യത്യാസമില്ല മനുഷ്യനും കുരങ്ങനും തമ്മില്‍.. ധാര്‍മ്മികത എന്നത് കൂട്ടമായി ജീവിക്കാന്‍ അനിവാര്യമായതു കൊണ്ട് മാത്രം ഉണ്ടായതാണു. അതു മനുഷ്യന്റെ ആവശ്യമാണു. ദൈവങ്ങളുടെ അല്ല ! അത് ഉണ്ടാക്കിയതും വികസിപ്പിച്ചതും മനുഷ്യന്‍ തന്നെ ! ദൈവങ്ങള്‍ അല്ല !!.

ചോദ്യം 3. മനുഷ്യന്റെ യഥാർത്ഥ ജീവിത ദൌത്യം എന്താണ് ?.
(അവന് ആരോടെങ്കിലും വല്ല കടപ്പാടും ഉണ്ടോ?.)

യുക്തിവാദിയുടെ മറുപടി : സുഖമായി ജീവിച്ച് മരിക്കുക എന്നതാണ് ലളിതമായിപ്പറഞ്ഞാൽ മനുഷ്യന്റെ ജീവിത ദൌത്യം. പ്രപഞ്ചത്തോടാകമാനം മനുഷ്യൻ കടപ്പെട്ടിരിക്കുന്നു. കാരണം, അവന്റെ ജീവിതം സാധ്യമാക്കുന്നതിൽ പ്രപഞ്ചത്തിലെ ഓരോ ഘടകത്തിനും അതിന്റേതായ പങ്കുണ്ട്.ചോദ്യം 4.  മനുഷ്യന്റെ ചരിത്രത്തിൽ അവരിൽ ഭൂരിപക്ഷവും ഒരു ദൈവത്തിൽ വിശ്വസിക്കുകയോ പല ദൈവസങ്കൽപ്പങ്ങൾ വെച്ചുപുലർത്തുകയോ ചെയ്തിരുന്നു. എന്താണിതിന് കാരണം ?. 

യുക്തിവാദിയുടെ മറുപടി :  അറിവില്ലായ്മ.

ചോദ്യം 5.  മനുഷ്യൻ പിന്തുടരുന്ന ധാർമിക മൂല്യങ്ങൾ മനുഷ്യരുണ്ടാക്കിയതാണോ?.
(നിങ്ങൾ അവയെ പിന്തുടരുന്നതിന്റെ ന്യായം എന്താണ് ?. )

യുക്തിവാദിയുടെ മറുപടി: ധാർമ്മിക മൂല്യങ്ങൾക്ക് രൂപം നൽകിയത് മനുഷ്യൻ തന്നെയാണ്. എന്നാൽ, അതിന് അടിസ്ഥാനമാകുന്നത് സ്നേഹം, ദയ തുടങ്ങിയ നൈസർഗ്ഗിക വികാരങ്ങളാണ്.

ചോദ്യം 6. ഈ ലോകത്ത് പൂർണമായ നീതി പുലരുന്നതായി കാണുന്നില്ല. എന്നിരിക്കെ നീതി ലഭ്യമാക്കാത്തവരുടെ അവസ്ഥയെന്താണ്?.
(കുറ്റവാളികൾക്ക് അർഹിക്കുന്ന ശിക്ഷ ലഭിക്കുന്നില്ല. മറ്റുള്ളവർക്ക് നന്മ ചെയ്യാനുള്ള ശ്രമത്തിനിടയിൽ മരണപ്പെടുന്നവരുടെ അവസ്ഥയെ എങ്ങനെ വിലയിരുത്തുന്നു?.) 

യുക്തിവാദിയുടെ മറുപടി: ഈ ലോകത്ത് നീതി ലഭിക്കാത്തവരുടെ അവസ്ഥയും അർഹിക്കുന്ന ശിക്ഷ ലഭിക്കാത്തവരുടെ അവസ്ഥയും പ്രതിഷേധാർഹമാണ്. മറ്റുള്ളവർക്ക് നന്മ ചെയ്യാനുള്ള ശ്രമത്തിനിടയിൽ മരണപ്പെടുന്നവരുടെ അവസ്ഥയെ കഷ്ടമെന്നേ പറയേണ്ടൂ. ഇത്തരം അനീതികൾ ആവർത്തിക്കാതിരിക്കാനായി പരിശ്രമിക്കുക മാത്രമാണ് പോംവഴി.

ചോദ്യം 7.  മതവിശ്വാസികൾ ആരോ എഴുതിയുണ്ടാക്കിയ പുസ്തകത്തെ ദൈവികമായി കണ്ട് പിന്തുടരുകയാണ് എന്നതാണല്ലോ  നിങ്ങളുടെ ആരോപണം. അങ്ങനെ തന്നെ എന്ന് വാദത്തിന് വേണ്ടി സമ്മതിച്ചാൽ ഇതിനേക്കാൾ നല്ലൊരു തത്വസംഹിതയാണോ നിങ്ങൾ പിന്തുടരുന്നത്?. 

യുക്തിവാദിയുടെ മറുപടി:   യുക്തിബോധമാണ് മാനവകുലത്തിന്റെ നിലനിൽ‌പ്പിനുതന്നെ ആധാരമായ തത്വസംഹിത. അതിനെയാണ് ഞങ്ങൾ പിന്തുടരുന്നത്.

ചോദ്യം 8.  മതമുക്തമായ ജീവിതം കൊണ്ട് നിങ്ങൾ ഈ ലോക ജീവത്തിൽ എന്ത് നേട്ടമാണ് ഉണ്ടാക്കിയത്?.
(മതവിശ്വാസികളെക്കാൾ നിങ്ങളെന്ത് ഭൌതികസുഖമാണ് അനുഭവിച്ചത്?. മാനസികമായി എന്ത് സൌഖ്യമാണ് അതുകൊണ്ട് മതവിശ്വാസികളെക്കാൾ നിങ്ങൾ അനുഭവിച്ചത്?.)

യുക്തിവാദിയുടെ മറുപടി: സ്വാതന്ത്യം - അതാണ് മതമുക്തമായ ജീവിതം കൊണ്ട് ഭൌതികമായും മാനസികമായും സാമൂഹികമായും ഞങ്ങൾക്ക് ലഭിച്ചിട്ടുള്ള നേട്ടം. മതത്തെയോ ദൈവത്തെയോ പിന്തുടരുന്നില്ല എന്നുള്ളതുകൊണ്ട് തീവ്രവാദികളുടെ ഭാഗത്തുനിന്നുള്ള ചില ഭീഷണികൾക്കപ്പുറം മറ്റു കുഴപ്പങ്ങളൊന്നും ഞങ്ങൾക്ക് ഉണ്ടാകുന്നുമില്ല.

ചോദ്യം 9. മതവിശ്വാസികൾ അവരുടെ യുക്തിയനുസരിച്ചുള്ള ജീവിതമാണ് നയിക്കുന്നത് എന്ന് അംഗീകരിക്കാൻ യുക്തിവാദികൾക്ക് എന്തുകൊണ്ടാണ് സാധിക്കാത്തത്?.
(യുക്തിഭദ്രമായ ഒരു ദൈവവീക്ഷണം നിങ്ങൾക്ക് ഇതുവരെ ലഭിച്ചില്ല എന്നതല്ലേ കാര്യം?.)
യുക്തിവാദിയുടെ മറുപടി: മതവിശ്വാസിയുടെ യുക്തി, മതവിശ്വാസമില്ലാത്തവരുടെ യുക്തി എന്നിങ്ങനെ യുക്തികൾ പല ഇനമില്ല. ഒരു ഗണിത സമവാക്യം പോലെ യുക്തി സാർവ്വ ജനീനമാണ്, സാർവ്വ കാലികമാണ്, സാർവ്വ ലൌകികമാണ്. പ്രപഞ്ചസൃഷ്ടാവിനെയാണ് ദൈവം എന്നു വിളിക്കുന്നതെങ്കിൽ ദൈവവീക്ഷണം ഒരിക്കലും യുക്തിഭദ്രമാവില്ല. കാരണം, സൃഷ്ടിയും വിനാശവും ആരാലും സാധിക്കാത്തതാണ്.
ചോദ്യം 10. 
മനുഷ്യരുടെയും മൃഗങ്ങളുടെയും മരണശേഷം ഒരേ പോലുള്ള പരിണാമമാണോ നിങ്ങൾ പ്രതീക്ഷിക്കുന്നത് ?.
(നിങ്ങളുടെ മരണശേഷം എന്ത് സംഭവിക്കും?. ഇത് നിങ്ങളുടെ കേവല വിശ്വാസമോ, അതല്ല വ്യക്തമായ തെളിവിന്റെ പിൻബലമതിനുണ്ടോ?.)
 

യുക്തിവാദിയുടെ മറുപടി: മനുഷ്യരായാലും മൃഗങ്ങളായാലും മരിച്ചാൽ സാധാരണഗതിയിൽ ശരീരം ജീർണ്ണിച്ച് വിഘടിക്കും. ഇത് തെളിയിക്കാൻ ഒരു ശവശരീരത്തിന് എന്തു സംഭവിക്കുന്നു എന്ന് നേരിട്ട് നിരീക്ഷിച്ചാൽ മാത്രം മതിയാകും.

ഈ ചോദ്യങ്ങൾക്ക് ഒരു ഇസ്ലാം മതവിശ്വാസിക്ക് നൽകാവുന്ന മറുപടി ഈ പോസ്റ്റിൽ വായിക്കാം..

2016, ഫെബ്രുവരി 7, ഞായറാഴ്‌ച

മദീനയിലെ ജിഹാദി പ്രവർത്തനം

ഒരു യുക്തിവാദിയുടെ ആരോപണം

മുഹമ്മദിന്റെ മക്കയിലേയും മദീനയിലേയും ജീവിതം രണ്ടായി ഭാഗിച്ചാൽ മക്കയിലെ 13 കൊല്ലത്തെ മതപ്രബോധനത്തിൽ 150 ൽ പരം പേരാണ് അദ്ദേഹത്തെ അംഗീകരിച്ചത്. മദീനയിലെത്തി ജിഹാദീ പ്രവർത്തനമാണ് അദ്ദേഹത്തെ പച്ചതൊടീച്ചത്. മുഹമ്മദ് മരിക്കുമ്പോൾ മക്കയിലേയും മദീനയിലേയും എല്ലാവരും മുസ്ലിം ആവേണ്ടി വന്നു. യുദ്ധങ്ങൾ മുഹമ്മദിനെ വിജയിപ്പിക്കുകയായിരുന്നു. ജിഹാദിപ്രവർത്തനങ്ങളില്ലാതെ മക്കയിലെ പോലെ ഇസ്ലാമിനെ പ്രചരിപ്പിച്ചിരുന്നെങ്കിൽ‍ ഏതാനും പേരു മാത്രമേ അദ്ദേഹത്തിന്റെ കൂടെ ഉണ്ടാവുമായിരുന്നുള്ളൂ. മക്കയിൽ നിന്ന് മുഹമ്മദ് പ്രതിരോധത്തിലായിരുന്നപ്പോൾ പറഞ്ഞിരുന്ന ഖുറാനിൽ എഴുതിയ സൂക്തങ്ങളും മദീനയിലെത്തി ജിഹാദീപ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ പറഞ്ഞു തുടങ്ങിയ മദനിയ്യായ ഖുറാന്‍ വചനങ്ങളും ശ്രദ്ധിച്ചാൽ ഈ വിത്യാസം കാണാം.


ആരോപണത്തിന് മറുപടി 
മുഹമ്മദ് നബിയെ സംബന്ധിച്ച് കുറേ മുമ്പ് തന്നെ യുക്തിവാദികൾ ഉന്നയിച്ചുവരുന്ന ഒരു ആരോപണമാണ് അൽപം കൂടി ശാസ്ത്രീയമായി ഗ്രാഫിന്റെയൊക്കെ സഹായത്തോടെ ഇയ്യിടെ ഒരു യുക്തിവാദി ഫെയ്സ് ബുക്ക് ഗ്രൂപിൽ ഉന്നയിച്ചിരിക്കുന്നത്.  അൽപം വസ്തുതകളും കുറേ ധാരണകളും കൂട്ടിക്കെട്ടി ഉണ്ടാക്കിയ ഈ ആരോപണം ഇസ്ലാമിനെ സംബന്ധിച്ച് കൂടുതൽ പഠിക്കാൻ അവസരം ലഭിക്കാത്തവരെ സംബന്ധിച്ചിടത്തോളം വിശ്വസനീയമായി തോന്നാം. അതിനാൽ ഇതിലെ വസ്തുതകളും ധാരണ(പിശകു)കളും വേർത്തിരിക്കേണ്ടതുണ്ട്. 


മേൽ ആരോപണത്തിലെ ഏറെക്കുറെ സത്യസന്ധമായ കാര്യം ഇതുമാത്രമാണ്.  പ്രവാചകൻ മുഹമ്മദ് നബിയുടെ മക്കാപ്രബോധന കാലയളവിൽ ഇസ്ലാം സ്വീകരിച്ചവർ ഇവിടെ സൂചിപ്പിക്കപ്പെട്ട പോലെ 150  വരുമെന്നതാണ്. അതേ സമയം മദീനാകാലഘട്ടത്തിലെകൂടി ഇസ്ലാം സ്വീകരിച്ചവർ ഒരു ലക്ഷത്തിലധികം വരും. 

ഈ വസ്തുതകളോട് അദ്ദേഹം ഒരുപാട് തെറ്റായ ധാരണകൾ കൂട്ടിചേർത്തിരിക്കുന്നു.

1.  ജിഹാദി പ്രവർത്തനങ്ങളില്ലാതെയാണ് മക്കയിൽ പ്രബോധനം ചെയ്തത് എന്ന ധ്വനി ഇസ്ലാമിക സാങ്കേതികപദങ്ങളെ സംബന്ധിച്ച യുക്തിവാദിയുടെ തികഞ്ഞത ധാരണപിശകാണ്. ജിഹാദ് എന്നത് സത്യസന്ദേശ പ്രബോധനമാർഗ്ഗത്തിലെ മുഴുവൻ അധ്വാന പരിശ്രമങ്ങളുമാണ്. ഇസ്ലാമിക രാഷ്ട്രഘടനയെ ശക്തി ഉപയോഗിച്ച് തകർക്കാൻ വരുന്നവരെ സായുധമായി നേരിടുന്നതും ജിഹാദിന്റെ ഭാഗം തന്നെ. ഇതിനെ സായുധജിഹാദ് എന്നോ യുദ്ധം (ഖിതാല്) എന്നൊക്കെ പറയാവുന്നതാണ്. 


2. മുഹമ്മദ് മരിക്കുമ്പോൾ മക്കയിലെയും മദീനയിലെയും എല്ലാവരും മുസ്ലിംകളാകേണ്ടിവന്നു. ഇത് മറ്റൊരു ധാരണപിശകാണ്. ആരെയും മുസ്ലിംകളാകാൻ പ്രവാചകനോ അനുചരൻമാരോ നിർബന്ധിച്ചിരുന്നില്ല. മാത്രമല്ല മദീനയിലെത്തിയ ശേഷവും ഇസ്ലാമിനെ അംഗീകരിക്കാത്ത ജൂത മതസ്ഥർക്ക് അവരുടെ ആരാധനകളും കർമങ്ങളും അനുസരിച്ച് ജീവിക്കാനുള്ള അവകാശം ഉണ്ടായിരുന്നു. മക്കയിലോ മദീനയിലോ നബിയോ അനുചരൻമാരോ ആരെയെങ്കിലും ഭയപ്പെടുത്തിയോ യുദ്ധം ചെയ്തോ ഇസ്ലാം സ്വീകരിക്കാൻ നിർബന്ധിച്ചതായി പോലും കാണാൻ കഴിയില്ലെ എന്നിരിക്കെ ഇത് ധാരണ പിശക് മാത്രമല്ല ബോധപൂർവമുള്ള തെറ്റിദ്ധരിപ്പിക്കലാണ്. 

3. ജിഹാദിപ്രവർത്തനങ്ങളില്ലാതെ മക്കയിലെ പോലെ ഇസ്ലാമിനെ പ്രചരിപ്പിച്ചിരുന്നെങ്കിൽ‍ ഏതാനും പേരു മാത്രമേ അദ്ദേഹത്തിന്റെ കൂടെ ഉണ്ടാവുമായിരുന്നുള്ളൂ. ഇതും ഒരു തെറ്റിദ്ധാരണയാണ്. മക്കയിലും മദീനയിലുമൊക്കെ പ്രബോധനപ്രവർത്തനം നടത്തിയത് ഒരേ തരത്തിൽ തന്നെയാണ്. എന്നാൽ മദീനയിൽ അൽപം കൂടി അനുകൂലമായ ഒരു സാഹചര്യം സംജാതമായി. അത് ഇസ്ലാമിന്റെ രാഷ്ട്രീയമായ സത്ഫലങ്ങൾ കൂടി ജനങ്ങൾക്ക് അനുഭവഭേദ്യമായി എന്നതാണ്. അഥവാ മദീനയിൽ പ്രവാചകൻ എത്തിചേരുന്നതിന് മുമ്പ് തന്നെ മുസ്അബ് ബ്നു ഉമൈറിനെ പോലുള്ള സഹാബി വര്യൻമാരുടെ നേതൃത്വത്തിൽ ഇസ്ലാം പ്രചരിക്കുകയും മദീനയുടെ അധികാരം സ്ഥാപിക്കാനാവശ്യമായ മേൽകൈ നേടുകയും ചെയ്തിരുന്നു. ഒരു ഭരണനേതാവിന്റെ കുറവ് മാത്രമാണ് അവിടെയുണ്ടായിരുന്നത്. നബിയുടെ ഭരണപാടവത്തിന് കീഴിൽ മദീന മുഹമ്മദ് നബിക്ക് കീഴിലായി. അതുകൊണ്ടുമാത്രം അവിടെയുള്ള ജൂതഗോത്രത്തെ ബലം പ്രായോഗിച്ച് തന്റെ അധികാരത്തിന് കീഴിൽകൊണ്ടുവരാനല്ല പ്രവാചകൻ ശ്രമിച്ചത്. മറിച്ച് അവരുമായി രാഷ്ട്രീയ കരാർ ഉണ്ടാക്കുകയാണ് ചെയ്തത്. എന്നാൽ ജൂതഗോത്രങ്ങൾ ഓരോന്നായി കരാർ ലംഘിച്ചപ്പോൾ സ്വഭാവികമായും അവർ മദീനയിൽനിന്ന് പുറത്താക്കപ്പെട്ടുവെന്നതാണ് ശരി. മദീനയിലെ ഔസ്, ഖസ്റജ് അറബ് ഗോത്രങ്ങളായിരുന്നു നബിയുടെ ശക്തി. അതിലുപരിയായി മക്കയിൽ നിന്ന് വന്ന് ചേർന്ന അനുചരൻമാരും. ജൂതൻമാരിൽനിന്ന് ഒരു പ്രവാചകന്റെ ആഗമനം മനസ്സിലാക്കിയ ഔസ്, ഖസ്റജ് ഗോത്രങ്ങൾ പ്രവാചകനിൽ കൂട്ടമായി വിശ്വസിച്ചതാണ് മദീനയിലെ ശക്തിയുടെ നിധാനം. അതോടൊപ്പം തന്നെ മക്കയിലും ഇസ്ലാം ശക്തിയാർജിച്ചുകൊണ്ടിരുന്നു. അങ്ങനെയാണ് നബിയുടെ അവസാനകാലത്ത് നടന്ന വിടവാങ്ങൽ ഹജ്ജിന് ഒരു ലക്ഷത്തിൽ പരം ആളുകൾ കൂടെയുണ്ടായത്. 

4. മക്കയിൽ നിന്ന് മുഹമ്മദ് പ്രതിരോധത്തിലായിരുന്നപ്പോൾ പറഞ്ഞിരുന്ന ഖുറാനിൽ എഴുതിയ സൂക്തങ്ങളും മദീനയിലെത്തി ജിഹാദീപ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ പറഞ്ഞു തുടങ്ങിയ മദനിയ്യായ ഖുറാന്‍ വചനങ്ങളും ശ്രദ്ധിച്ചാൽ ഈ വിത്യാസം കാണാം.  എന്ത് വ്യത്യാസമാണ് ആരോപകൻ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമല്ല. എങ്കിലും ഒരു ആരോപണം ഇതിൽ വ്യഗ്യമായി ഉദ്ദേശിച്ചിരിക്കുന്നു.  മക്കയിൽ നബി പ്രതിരോധത്തിലായിരുന്നു. മദീനയിൽ അദ്ദേഹം ആക്രമണകാരിയും മറ്റുള്ളവർ പ്രതിരോധത്തിലുമായി. എന്നാൽ സത്യം അതല്ല. മക്കയിൽ ശാരീരികമായ പ്രതിരോധം വേണ്ടെന്ന് വെച്ചിരുന്നെങ്കിലും പ്രബോധനപരമായി ഏതെങ്കിലും ഒരു ഘട്ടത്തിൽ പ്രതിരോധത്തിലായതായി കാണാനാവില്ല. മിക്കപ്പോഴും പ്രബോധിതരാണ് പ്രതിരോധത്തിലായത് എന്നതത്രെ കാര്യം. മദീനയിൽ ഇസ്ലാമിക രാഷ്ട്രീയ വ്യവസ്ഥിതികൂടിയുണ്ടായി അത്തരം വ്യവസ്ഥിതികളെ പ്രതിരോധിക്കാൻ സായുധമായ പോരാട്ടം അനിവാര്യമായി വരും. ലോകത്ത് ഒരു രാജ്യവും പട്ടാളങ്ങളില്ലാതെയില്ല. ആ പട്ടാളത്തിൽ ജൂതന്മാരും ഇസ്ലാം സ്വീകരിക്കാത്തവരുമൊക്കെ ഉണ്ടാകണം എന്നായിരുന്നു വ്യവസ്ഥ. ഇസ്ലാമിനെ പ്രതിരോധിക്കുക എന്നതിനെക്കാൾ മദീനയെ പ്രതിരോധിക്കലായിരുന്നു അതിന്റെ പ്രധാന ദൌത്യം. എന്നാൽ ജൂതൻമാരുടെ പിന്മാറ്റവും ചതിയും കാരണം അത് പൂർണമായി നടപ്പിലാകാതെ പോയി എന്നതാണ് വസ്തുത. ബനൂ ഖൈനുക്കാഉം ബനൂ നളീറും സന്ധിലംഘിച്ചപ്പോൾ പോലും ബാക്കിയുള്ള ബനൂഖുറൈളയെ നബി തിരുമേനി വിശ്വാസത്തിലെടുത്തിരുന്നു. എന്നാൽ അഹ്സാബ് യുദ്ധത്തിന്റെ അവസാനത്തിൽ അവരും കാലുമാറിയപ്പോഴാണ്. മദീനയിൽ നിന്ന് ജൂതന്മാർക്ക് പോകേണ്ടവന്നത്. നബി തിരുമേനി ഒരു ഘട്ടത്തിലും ആക്രമണകാരിയായിട്ടില്ല. മറിച്ച് മദീനയിൽ വെച്ച് സായുധമായി പ്രതിരോധിക്കേണ്ടിവന്നിട്ടുണ്ട്. റോമും പേർഷ്യയും കോളനികളെ പോലെ അടിമകളാക്കിയ അറബ് ദേശങ്ങളെ തദ്ദേശീയരുടെ സഹായത്തോടെ മോചിപ്പിച്ചിട്ടുണ്ട്.

5. ഇസ്ലാമിനെക്കുറിച്ച ഏറ്റവും വലിയ തെറ്റിദ്ധാരണ യുക്തിവാദി ആരോപകനും പങ്കുവെക്കുന്നു. അതിൽ നിന്നാണ് ഈ ആരോപണം തന്നെയുണ്ടാകുന്നത്. ഇസ്ലാം ഒരു ജീവിത വ്യവസ്ഥയാണ്. ആരാധനകളും ജീവിത മര്യാദകളും ധാർമികസദാചാര നിയമങ്ങളും ഉള്ളതുപോലെ തന്നെ ക്രിമിനൽ ശിക്ഷാനിയമങ്ങളും അവ നടപ്പാക്കുന്നതിനായി രാഷ്ട്രീയ വ്യവസ്ഥയും ഒക്കെ അത് ഉൾകൊള്ളുന്നു. ഈ കാഴ്ചപ്പാട് ഇല്ലായെങ്കിൽ ഇസ്ലാം യുദ്ധം ചെയ്തുതൊക്കെ അത് അംഗീകരിക്കാത്ത അവിശ്വാസികളെ ഇസ്ലാമിലേക്ക് ചേർക്കാനോ അവിശ്വാസികൾക്കെതിരിലോ ആയിരിക്കും എന്ന ധാരണയുണ്ടാകും. അത് ഏറെക്കുറെ ശരിയുമാണ്. ഇതുസംബന്ധമായ ചർചയിൽ അബൂസുഫ് യാൻ മുസ്ലിമാകുവാൻ നിർബന്ധിക്കപ്പെടുകയാണുണ്ടായത് എന്ന് ആരോപകരിലൊരാൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. വസ്തുതയാകട്ടെ അബൂസുഫ് യാൻ വധാർഹനാകുന്നത് ഒരു യുദ്ധകുറ്റവാളി എന്ന നിലക്കാണ്. അത്തരം കുറ്റവാളികളുടെ ശിക്ഷ ഇസ്ലാമിനെ പിൻപറ്റാൻ സന്നദ്ധമായാൽ ലഘൂകരിക്കും. ഇത് ഇസ്ലാം മുന്നോട്ട് വെക്കുന്ന ഒരു അധികസൌകര്യമായേ കാണേണ്ടതുള്ളൂ. ഒരു പക്ഷെ ഇതര രാഷ്ട്രീയ വ്യവസ്ഥയിൽ അവർക്ക് കൊലയിൽ കുറഞ്ഞ ഒരു ശിക്ഷയും നൽകാനില്ല. അതിനപ്പുറം ഈ സംഭവത്തെ കാണാൻ കഴിയില്ല. കാരണം മറിച്ചൊരു വ്യഖ്യാനം ഖുർആന് തന്നെ എതിരാണ്. മതത്തിൽ ബലാൽകാരമില്ല എന്നത് അതിന്റെ അടിസ്ഥാന തത്വമാണ്. 

2016, ഫെബ്രുവരി 5, വെള്ളിയാഴ്‌ച

യുക്തിവാദികളോട് 10 ചോദ്യങ്ങൾ

1. ഈ പ്രപഞ്ചം ഉണ്ടാതെങ്ങനെയാണ് ?.  ഇതേക്കുറിച്ച് കേവലം ചില ഊഹങ്ങളല്ലാതെ വ്യക്തമായ വല്ല തെളിവുകളും നിരത്താൻ ആവുമോ? ഉണ്ടെങ്കിൽ അതെന്താണ് ?. 

2. ഈ ഭൂമിയിൽ ജീവികൾ ഉണ്ടാതെങ്ങനെ?. ഭൂമിയിൽ മനുഷ്യവാസം ആരംഭിച്ചിട്ട് എത്രവർഷമായി?. യുക്തിവാദമനുസരിച്ച് മനുഷ്യന് ഇതര ജീവികളിൽനിന്നും വല്ല പ്രത്യേകതയും ഉണ്ടോ?. ധാർമികമായി വല്ല നിയമവും അവൻ പിന്തുടരാൻ ബാധ്യസ്ഥനാണോ?. ഉണ്ടെങ്കിൽ അത് ആരാണ് ഉണ്ടാക്കിയത്?. 

3. മനുഷ്യന്റെ യഥാർത്ഥ ജീവിത ദൌത്യം എന്താണ് ?. അവന് ആരോടെങ്കിലും വല്ല കടപ്പാടും ഉണ്ടോ ?.

4. മനുഷ്യന്റെ ചരിത്രത്തിൽ അവരിൽ ഭൂരിപക്ഷവും ഒരു ദൈവത്തിൽ വിശ്വസിക്കുകയോ പല ദൈവസങ്കൽപ്പങ്ങൾ വെച്ചുപുലർത്തുകയോ ചെയ്തിരുന്നു. എന്താണിതിന് കാരണം ?. 

5. മനുഷ്യൻ പിന്തുടരുന്ന ധാർമിക മൂല്യങ്ങൾ മനുഷ്യരുണ്ടാക്കിയതാണോ?. അവയെ പിന്തുടരുന്നതിന്റെ ന്യായം എന്താണ് ?. 

6. ഈ ലോകത്ത് പൂർണമായ നീതി പുലരുന്നതായി കാണുന്നില്ല. എന്നിരിക്കെ നീതി ലഭ്യമാക്കാത്തവരുടെ അവസ്ഥയെന്താണ്?. കുറ്റവാളികൾക്ക് അർഹിക്കുന്ന ശിക്ഷ ലഭിക്കുന്നില്ല. മറ്റുള്ളവർക്ക് നന്മ ചെയ്യാനുള്ള ശ്രമത്തിനിടയിൽ മരണപ്പെടുന്നവരുടെ അവസ്ഥയെ എങ്ങനെ വിലയിരുത്തുന്നു?. 

7. മതവിശ്വാസികൾ ആരോ എഴുതിയുണ്ടാക്കിയ പുസ്തകത്തെ ദൈവികമായി കണ്ട് പിന്തുടരുകയാണ് എന്നതാണല്ലോ  നിങ്ങളുടെ ആരോപണം. അങ്ങനെ തന്നെ എന്ന് വാദത്തിന് വേണ്ടി സമ്മതിച്ചാൽ ഇതിനേക്കാൾ നല്ലൊരു തത്വസംഹിതയാണോ നിങ്ങൾ പിന്തുടരുന്നത്?. 

8. മതമുക്തമായ ജീവിതം കൊണ്ട് നിങ്ങൾ ഈ ലോക ജീവത്തിൽ എന്ത് നേട്ടമാണ് ഉണ്ടാക്കിയത്?. മതവിശ്വാസികളെക്കാൾ നിങ്ങളെന്ത് ഭൌതികസുഖമാണ് അനുഭവിച്ചത്?. മാനസികമായി എന്ത് സൌഖ്യമാണ് അതുകൊണ്ട് മതവിശ്വാസികളെക്കാൾ നിങ്ങൾ അനുഭവിച്ചത്?. 

9. മതവിശ്വാസികൾ അവരുടെ യുക്തിയനുസരിച്ചുള്ള ജീവിതമാണ് നയിക്കുന്നത് എന്ന് അംഗീകരിക്കാൻ യുക്തിവാദികൾക്ക് എന്തുകൊണ്ടാണ് സാധിക്കാത്തത്?.  യുക്തിഭദ്രമായ ഒരു ദൈവവീക്ഷണം നിങ്ങൾക്ക് ഇതുവരെ ലഭിച്ചില്ല എന്നതല്ലേ കാര്യം?. 

10. മനുഷ്യരുടെയും മൃഗങ്ങളുടെയും മരണശേഷം ഒരേ പോലുള്ള പരിണാമമാണോ നിങ്ങൾ പ്രതീക്ഷിക്കുന്നത് ?. നിങ്ങളുടെ മരണശേഷം എന്ത് സംഭവിക്കും?. ഇത് നിങ്ങളുടെ കേവല വിശ്വാസമോ, അതല്ല വ്യക്തമായ തെളിവിന്റെ പിൻബലമതിനുണ്ടോ?. 

2016, ഫെബ്രുവരി 1, തിങ്കളാഴ്‌ച

ഒരു യുക്തിവാദിയുടെ 25 ചോദ്യങ്ങൾ

ഒരു യുക്തിവാദി തന്റെ ഫെയ്സ് ബുക്ക് പോസ്റ്റിൽ ചോദിച്ച 25 ചോദ്യങ്ങൾക്ക് ഞാനും എന്റെ രണ്ട് സഹോദരൻമാരും നൽകിയ മറുപടികളടങ്ങിയതാണ് ഈ പോസ്റ്റ്. 

Q 1. സത്യത്തില്‍ ലോകത്ത് എത്ര ദൈവങ്ങള്‍ ഉണ്ട്?

A 1.
ഒരു ദൈവം. ഖുര്‍ആനില്‍ ആ ദൈവത്തെ അല്ലാഹ് എന്ന് വിളിക്കുന്നു.

Q 2.
പല ദൈവങ്ങള്‍ ഉണ്ടെങ്കില്‍ ഇവരില്‍ ആരാണ് പ്രപഞ്ചം ഉണ്ടാക്കിയത്?

A 2.
പലദൈവങ്ങളില്ല എന്നാതാണ് ഉത്തരം. അതുകൊണ്ടുതന്നെ ഇവരിൽ ആരാണ് പ്രപഞ്ചം ഉണ്ടാക്കിയത് എന്ന ചോദ്യത്തിന് പിന്നെ പ്രസക്തി ഇല്ല. 

Q 3.
ഒരൊറ്റ ദൈവം മാത്രമേ ഉള്ളൂ എങ്കില്‍ ഏത് മതം പറയുന്നതാണ് ശരിയായ ദൈവം?

A 3. ഒരൊറ്റ ദൈവം മാത്രമേ ഉള്ളൂവെങ്കിൽ, ദൈവത്തിന്റെ എണ്ണത്തിന്റെ വിഷയത്തിൽ അത്തരം വിശ്വാസം പുലർത്തുന്നതെല്ലാം ശരിയാണ് എന്നാണ് എന്റെ അഭിപ്രായം. 


Q 4.
ഈ പ്രപഞ്ചം മൊത്തവും നമ്മള്‍ ഓരോരുത്തരേയും സൃഷ്ടിച്ചത് ദൈവമാണെന്നാണ് പറയപ്പെടുന്നത്. അപ്പോള്‍ തീര്‍ച്ചയായും ഞാനുള്‍പ്പടെ, ഇന്ന് ദൈവത്തില്‍ വിശ്വാസമില്ലാത്തവരെയും സൃഷ്ടിച്ചത് ദൈവമാകണം. എന്തുകൊണ്ടാണ് സ്വന്തം സൃഷ്ടികളില്‍ പോലും തന്നിലുള്ള വിശ്വാസം നിലനിര്‍ത്താന്‍ ദൈവത്തിന് കഴിയാത്തത്?

A 4.
ദൈവത്തില്‍ വിശ്വസിക്കാവുന്ന വിധം ബുദ്ധിയും ചിന്തയും യുക്തിയും നല്‍കിയാണ് ഓരോ മനുഷ്യനെയും ദൈവം സൃഷ്ടിച്ചിരിക്കുന്നത്. ചിലര്‍ ദൈവം തൃപ്തിപ്പെട്ട വിധം ദൈവത്തെ കണ്ടെത്തുകയും ആ ദൈവത്തിന്റെ നിയമനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ജീവിതത്തെ ചിട്ടപ്പെടുത്തി ശരിയായ ജീവിതം നയിക്കുകയും ചെയ്യുന്നു. ചിലര്‍ അതിന് സന്നദ്ധമാകുന്നില്ല. മനുഷ്യന്‍ വിശ്വസിച്ചില്ല എന്നതിനാല്‍ ദൈവത്തിന് ഒരു കുറവും സംഭവിക്കുന്നില്ല. അതുകൊണ്ടു തന്നെ വിശ്വസിക്കേണ്ടത് മനുഷ്യന്റെ ആവശ്യമാണ്. ചുരുക്കത്തില്‍ സ്വന്തം സൃഷ്ടികളില്‍ തന്നിലുള്ള വിശ്വാസം നിലനിര്‍ത്താന്‍ കഴിയുന്നവിധം (വിശ്വസിക്കാതിരിക്കാന്‍ പറ്റാത്തവിധം) മനുഷ്യനെ സൃഷ്ടിക്കാമായിരുന്നു. പക്ഷെ സ്വന്തം ഇഛക്കനുസരിച്ച് ദൈവവിശ്വാസം കൈകൊള്ളാനും ഉപേക്ഷിക്കാനും സാധിക്കുന്ന വിധത്തിലാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്.

Abdul Latheef CK Q 5. മതതീവ്രവാദം ഇന്ന്‍ ലോകം നേരിടുന്ന ഏറ്റവും വലിയ ശാപമാണ്. എന്നാല്‍ അതാത് മതസ്ഥര്‍ പറയുന്നത്, മതതത്വങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഒരു ന്യൂനപക്ഷം മാത്രമാണ് ഇതിന് ഉത്തരവാദികള്‍ എന്നാണ്. എന്തുകൊണ്ടാണ് ദൈവങ്ങള്‍ നേരിട്ടോ ദൈവീകദൂതരോ രൂപം കൊടുത്ത ഈ മതതത്വങ്ങള്‍ പല വ്യാഖ്യാനങ്ങള്‍ക്ക് ഇട നല്‍കാതെ straight forward ആയി എഴുതപ്പെടാത്തത്?

A 5.
മതതത്വങ്ങള്‍ straight forward ആയി എഴുതപ്പെട്ടിട്ടില്ല എന്നത് ഒരു തെറ്റിദ്ധാരണയാണ്. ആ ധാരണയില്‍നിന്നാണ് ഈ ചോദ്യം ഉത്ഭവിക്കുന്നത്. മറിച്ച് ദൈവം മനുഷ്യന് മാര്‍ഗദര്‍ശനം നല്‍കിയിരിക്കുന്നു. അതനുസരിച്ച് ജീവിക്കാന്‍ സന്നദ്ധമായാല്‍ മതതീവ്രവാദം ഉണ്ടാവില്ല. പക്ഷെ ദൈവം നല്‍കിയ ജീവിത ദര്‍ശനം ഒരാള്‍ക്ക് വിശ്വസിക്കാതിരിക്കാന്‍ സാധിക്കുന്ന പോലെ തന്നെ. അതിനെ വക്രീകരിച്ച് ഉള്‍കൊള്ളാനും സാധിക്കും. യഥാവിധി അത് പിന്‍പറ്റുമ്പോള്‍ അതിന്റെ ഗുണം അത് പിന്തുടരുന്നവര്‍ക്കാണ്. തെറ്റായി മനസ്സിലാക്കി പ്രവര്‍ത്തിക്കുമ്പോള്‍ അതിന്റെ ദോഷവും അനുഭവിക്കേണ്ടിവരും. ചുരുക്കത്തില്‍ മനുഷ്യന്റെ പ്രവര്‍ത്തനത്തിലെ വൈകല്യം മാത്രമാണ് കാണപ്പെടുന്ന കുഴപ്പങ്ങള്‍ക്ക് ഹേതു.

Q 6.
കഴിഞ്ഞ ചോദ്യത്തിന്റെ തുടര്‍ച്ചയാണ്, തന്റെ വാക്കുകള്‍ വളച്ചൊടിച്ച് ചിലര്‍ ഈ ലോകത്ത് ദുരന്തം വിതയ്ക്കുന്നത് കണ്ടിട്ടും എന്തുകൊണ്ടാണ് ദൈവം അതില്‍ ഇടപെടാത്തത്?

A 6.
മനുഷ്യന്‍ തിന്മ ചെയ്യുമ്പോഴേക്ക് ദൈവം ഇടപെട്ട് ശിക്ഷിക്കുക എന്നതല്ല ദൈവിക ചര്യ. മറിച്ച് മനുഷ്യന് ഒരു നിശ്ചിത കാലയളവ് ജീവിതം നല്‍കുക. ആ നല്‍കപ്പെട്ട ജീവിതത്തില്‍ അവന്‍ എങ്ങനെ പെരുമാറി എന്നതിനനുസരിച്ച് മരണാനന്തരം പ്രതിഫലം നല്‍കുക എന്നതാണ്. എന്നാല്‍ ചിലപ്പോഴൊക്കെ ദൈവം ഇവിടെ വെച്ച് തന്നെ ശിക്ഷിച്ചെന്ന് വരാം. അതില്‍ ദൈവിക യുക്തി നമുക്ക് പൂര്‍ണമായി മനസ്സിലാക്കാന്‍ സാധിച്ചുകൊള്ളണം എന്നില്ല.

Abdul Latheef CK Q 7. ഇത്രയും പെര്‍ഫക്റ്റ് ആയ ലോകം താനേ ഉണ്ടാവില്ല, ദൈവം എന്നൊരു intelligent designer ഇതിന്റെ പിന്നിലുണ്ട് എന്നാണ് മതവിശ്വാസികള്‍ പറയുന്നത്. അപ്പോള്‍ അംഗവൈകല്യം സംഭവിച്ചവരെയും ബുദ്ധിമാന്ദ്യം സംഭവിച്ചവരെയും ഒക്കെ സൃഷ്ടിച്ചത് ആരാണ്? അവരെയും ദൈവം തന്നെ മനപ്പൂര്‍വം സൃഷ്ടിച്ചതാണെങ്കില്‍ മറ്റുള്ളവരില്‍ നിന്നും എന്ത് വ്യത്യാസമാണ് അദ്ദേഹം അത്തരം ആളുകളില്‍ ഉദ്ദേശിക്കുന്നത്?

A 7.
മനുഷ്യന്റെ ജീവിതം അവനിവിടെ ഒരു പരീക്ഷയാണ്. ഓരോരുത്തര്‍ക്കും നല്‍കപ്പെട്ട സാധ്യതയനുസരിച്ച് മാത്രമാണ് ബാധ്യത പ്രതീക്ഷിക്കുന്നത്. കാഴ്ച നല്‍കിയതും അത് എടുത്തതും ദൈവം തന്നെ എന്ന് വിശ്വസിക്കുന്നു. പൂര്‍ണനായ മനുഷ്യനും ഒട്ടേറെ പരിമിതികള്‍ ഉണ്ടല്ലോ. അതിനാല്‍ ഓരോ മനുഷ്യനും അവന് നല്‍കപ്പെട്ട സാധ്യത ഉപയോഗപ്പെടുത്തി ദൈവിക നിര്‍ദ്ദേശങ്ങളനുസരിച്ച് ജീവിക്കുക. പരലോക പ്രതിഫലമാകട്ടേ അവന് പൂര്‍ണമായി നല്‍കപ്പെടുകയും ചെയ്യും.

(
ദൈവമില്ലെന്ന് വാദിക്കുന്നവര്‍ക്ക് ഇവിടെ എന്താണ് മറുപടി പറയാനുള്ളത് എന്നും. അത് മനുഷ്യമനസ്സിന് എന്ത് ആശ്വാസമാണ് നല്‍കുക എന്നതും കൂട്ടത്തില്‍ ചിന്തിക്കട്ടേ.)
-----------------

Zuhair Ali 8.മനുഷ്യരെ സൃഷ്ടിച്ചത് ദൈവമാണെങ്കില്‍ vestigial organs എന്നറിയപ്പെടുന്ന മനുഷ്യന് പ്രത്യേകിച്ചു ഗുണമൊന്നും ഇല്ലാത്ത അവയവങ്ങള്‍ (പുരുഷന്റെ മുലക്കണ്ണുകള്‍, സ്ത്രീകളിലെ കന്യാചര്‍മം, അപ്പന്‍ഡിക്സ് തുടങ്ങിയവ ഉദാഹരണം) ഉണ്ടാക്കിയത് എന്തിനാണ്?

A8.
ഈ ചോദ്യം ചോദിക്കേണ്ടത് താങ്കളല്ല. ഈ ലോകത്തിന്റെ അവസാനത്തിന് തൊണ്ട് മുമ്പ് മരണപ്പെടേണ്ട വ്യക്തിയാണ്. കാരണം ഓരോ നിമിഷവും ഓരോ ശാസ്ത്ര ശാഖയും ന്നു കൊണ്ടിരിക്കുകയാണ്. എല്ലാം കണ്ടെത്തി ക്ലോസ് ചെയ്ത ഒരു ശാസ്ത്രശാഖയും ഇല്ല എന്നാണെന്റെ അറിവ്. ഏതായാലും ശരീരശാസ്ത്രം (Anatomy) എന്തായാലും ഇല്ല. പറഞ്ഞ് മനുഷ്യശരീരത്തിന്റെ മുഴുവ ഫങ്ഷന് ഇതു വരെ ശാസ്ത്രജ്ഞക്ക് അന്തിമമായി നിണയിക്കാനായിട്ടില്ല. ഒരു vestigial organs ആയി അറിയപ്പെട്ടിരുന്ന പലതും ഇന്ന് ആ ഗണത്തിലില്ല എന്നതു തന്നെ കാരണം. മനുഷ്യ ശരീരത്തിലെ കോടിക്കണക്കിന് ജീനുകക്കും കോശങ്ങക്കും എസൈമുകക്കും ഫഗ്ഷ ഉണ്ടെന്ന് ശാസ്ത്രം ഇന്ന് കണ്ടെത്തിയിട്ടുണ്ടെങ്കി ഇതുവരെ കണ്ടെത്താത്തതിനും ഫങ്ഷ ഉണ്ട് ഉണ്ട് എന്ന് മനസ്സിലാക്കലാണ് യുക്തി.

9.കൊടുങ്കാറ്റുകളും ഭൂമികുലുക്കങ്ങളും വെള്ളപ്പൊക്കങ്ങളും ഉണ്ടാക്കുന്നത് ആരാണ്? ദൈവം തന്നെയാണ് എങ്കില്‍ എന്തിനായിരിക്കും അദ്ദേഹം അത് ചെയ്യുന്നത്? ഇനി ദൈവമല്ലാതെ മറ്റാരെങ്കിലും ആണെങ്കില്‍ എന്തുകൊണ്ടാണ് ദൈവം അത് തടയാത്തത്?

A9.
ഈ ചോദ്യം ഇങ്ങിനെയും ചോദിക്കാം. എന്തിനാണ് മനുഷ്യ മരണപ്പെടുന്നത്. ദൈവമാണ് മനുഷ്യനെ കൊല്ലുന്നതെങ്കി എന്തിനാണ് അങ്ങിനെ ചെയ്യുന്നത്. ഇനി ദൈവമല്ലെങ്കി ദൈവം തടയാത്തതെന്ത്? ഇതിന്റെ Plural Function തന്നെയാണ് ഒരുപാട് പേ ഒരുമിച്ച് മരണപ്പെടുന്ന ദുരന്തത്തിലും സംഭവിക്കുന്നത്. ജനിപ്പിച്ചത് ദൈവമാണെങ്കി മരിപ്പിക്കുന്നതു ദൈവം തന്നെ. അത് ഒറ്റക്കോ കൂട്ടായോ ആവാം. ഒരു വഷം ഇത്തരം ദുരന്തത്തി മരിക്കുന്നതിനേക്കാ ആളുക സ്വാഭാവിക മരണം വരിക്കുന്നുണ്ട് എന്ന സത്യം ചോദ്യകത്താവ് ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു.

10.ദൈവം മനുഷ്യരെ നഗ്നരായിട്ടാണ് സൃഷ്ടിച്ചത് എങ്കില്‍ അവര്‍ വസ്ത്രം ധരിക്കുന്നത് എന്തിനാണ്?

A10. Funny Ques..
പ്രകൃതി മനുഷ്യരെ നഗ്നരായിട്ടാണ് സൃഷ്ടിച്ചതെങ്കി എന്തിനാണ് ദൈവവിശ്വാസമില്ലാത്ത യുക്തിവാദികളും നിരീശ്വരവാദികളും സ്വയം വസ്ത്രം ധരിക്കുകയും ഭാര്യക്കും അമ്മക്കും മക്കക്കും വസ്ത്രം വാങ്ങിച്ചു നകുകയും ചെയ്യുന്നത്. വസ്തം ധരിക്കുന്നത് എന്തിന്? ഊരിയിട്ട് നടക്കാമല്ലോ? ആരാണ് തടസ്സം?ദൈവത്തെ ഭയന്നാണോ വസ്തം ധരിക്കുന്നത്? അതോ ദൈവം പറഞ്ഞിട്ടോ? വസ്ത്രം അലങ്കാരവും സംസ്കാരവുമാണ് മനുഷ്യന് ആജ്ജിച്ച നാഗരികതയുടെ ഭാഗം കൂടിയാണ്. ചോദ്യം ഇവിടെ അവസാനിപ്പിക്കണമെന്നില്ല. വീടില്ലാതെയാണ് മനുഷ്യനെ ദൈവം സൃഷ്ടിച്ചെതെങ്കി അവ വീടു വെക്കുന്നതെന്തിനാണ്. വാഹനമില്ലാതെയാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചതെങ്കി അവ വാഹനത്തി കയറുന്നതെന്തിനാണ്...ഹാ...വയ്യ.

-----------------------------------------
Noorul Ameen 9. കൊടുങ്കാറ്റുകളും ഭൂമികുലുക്കങ്ങളും വെള്ളപ്പൊക്കങ്ങളും ഉണ്ടാക്കുന്നത് ആരാണ്? ദൈവം തന്നെയാണ് എങ്കില്‍ എന്തിനായിരിക്കും അദ്ദേഹം അത് ചെയ്യുന്നത്? ഇനി ദൈവമല്ലാതെ മറ്റാരെങ്കിലും ആണെങ്കില്‍ എന്തുകൊണ്ടാണ് ദൈവം അത് തടയാത്തത്?

ദൈവം തന്നെ കാരണം:

"
കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. ( അത്തരം സന്ദര്‍ഭങ്ങളില്‍ ) ക്ഷമിക്കുന്നവര്‍ക്ക്‌ സന്തോഷവാര്‍ത്ത അറിയിക്കുക." [ഖുര്‍ആന്‍ 2:155]

10.
ദൈവം മനുഷ്യരെ നഗ്നരായിട്ടാണ് സൃഷ്ടിച്ചത് എങ്കില്‍ അവര്‍ വസ്ത്രം ധരിക്കുന്നത് എന്തിനാണ്?

നഗ്നത മറക്കുവാന്‍. മനുഷ്യരെ മറ്റ് മൃഗങ്ങളെ പോലെ സൃഷ്ടിച്ചിട്ടുള്ളതല്ല എന്നുള്ളത് ചിന്തിക്കുവാന്‍ കൂടിയാണ് വസ്ത്രം മനുഷ്യന് മാത്രമായി ദൈവം നല്‍കിയതും.

"
ആദം സന്തതികളേ, നിങ്ങള്‍ക്കു നാം നിങ്ങളുടെ ഗോപ്യസ്ഥാനങ്ങള്‍ മറയ്ക്കാനുതകുന്ന വസ്ത്രവും അലങ്കാരവസ്ത്രവും നല്‍കിയിരിക്കുന്നു. ധര്‍മ്മനിഷ്ഠയാകുന്ന വസ്ത്രമാകട്ടെ അതാണു കൂടുതല്‍ ഉത്തമം. അവര്‍ ശ്രദ്ധിച്ച്‌ മനസ്സിലാക്കാന്‍ വേണ്ടി അല്ലാഹു അവതരിപ്പിക്കുന്ന തെളിവുകളില്‍ പെട്ടതത്രെ അത്‌. " [ഖുര്‍ആന്‍ 7:26]

11.
പുതിയ തലമുറയെ ഉത്പാദിപ്പിക്കാന്‍ ദൈവം നല്കിയ മാര്‍ഗമാണ് സെക്സും പ്രസവവും എങ്കില്‍ സെക്സ് സന്തോഷകരവും പ്രസവം ഇത്ര വേദനാകരവും ആയത് എന്തുകൊണ്ടാണ്?

ഒരു കയറ്റമുണ്ടെകില്‍ ഒരു ഇറക്കമുണ്ടായിരിക്കും , സുഖമുണ്ടെകില്‍ ദുഖവും ഉണ്ടായിരിക്കും, ചിരി ഉണ്ടെകില്‍ കരച്ചിലും ഉണ്ടായിരിക്കും etc etc
ഇങ്ങനെയാണ് ദൈവം ഇഹലോകം ചിട്ടപ്പെടുത്തിയിരിക്കുന്നത് .

12: .
ആഫ്രിക്കന്‍ രാജ്യങ്ങളിലെ പട്ടിണിക്കോലങ്ങളായ ജനങ്ങളെ സൃഷ്ടിച്ചത് ആരാണ്?

ദൈവം

13..
ക്ഷേത്രങ്ങളിലും പള്ളികളിലും ദൈവം ഉണ്ടെങ്കില്‍ അവയ്ക്കു മുകളില്‍ മിന്നല്‍ രക്ഷാചാലകങ്ങളും അവിടങ്ങളില്‍ വാതിലുകളും അവയ്ക്ക് പൂട്ടും താക്കോലും മറ്റ് ആധുനിക സുരക്ഷാ സംവിധാനങ്ങളും ഒക്കെ എന്തിനാണ്?

ക്ഷേത്രങ്ങളിലും പള്ളികളിലും ദൈവം താമസിക്കുന്നില്ല.

14..
ഇനി ക്ഷേത്രങ്ങളിലും പള്ളികളിലും ദൈവം ഇല്ലെങ്കില്‍ പിന്നെ അവയൊക്കെ എന്തിനാണ്?

കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് സൌകര്യം ഉണ്ടാകുവാന്‍.

15..
ആരാധനാലയങ്ങളില്‍ കാണിക്ക സമര്‍പ്പിക്കുന്നതും ദൈവവുമായി ബന്ധമുണ്ടോ? ഉണ്ടെങ്കില്‍ കൈക്കൂലിക്കാരനായ ഒരു ഉദ്യോഗസ്ഥനും ദൈവവും തമ്മില്‍ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? ഇനി ബന്ധമില്ലെങ്കില്‍ പിന്നെ എന്താണ് ദൈവകാര്യത്തില്‍ കാണിക്കയുടെ പ്രസക്തി? (കുറിപ്പ്: ആരാധനാവശ്യങ്ങള്‍ക്കായി നല്‍കുന്ന എല്ലാ സംഭാവനകളും പൂജകളും കാണിക്ക എന്ന നിര്‍വചനത്തില്‍ പെടുത്തിയിരിക്കുന്നു)

കാണിക്ക സമര്‍പ്പിക്കുന്നത് ദൈവവുമായി ബന്ധമില്ല.
---------------------------------------------

Abdul Latheef CK Q 16. സര്‍വശക്തന്‍ ആയിരുന്നിട്ടും ഈ ലോകത്ത് ഇത്രയധികം കൊള്ളരുതായ്മകള്‍ നടക്കുന്നത് കണ്ടിട്ട് ദൈവം ഇടപെടാത്തത് എന്തുകൊണ്ടാണ്? അദ്ദേഹം ഇടപെടുന്നുണ്ട് എന്നാണെങ്കില്‍ എന്തുകൊണ്ടാണ് ഇത്രയധികം കൊള്ളരുതായ്മകള്‍ നടക്കുന്നത്?

A 16
ഈ ചോദ്യം വരുന്നത് മനുഷ്യനില്‍നിന്നുണ്ടാകുന്ന കൊള്ളരുതായ്മകളെ ദൈവത്തിന് അസഹ്യമായി സഹിക്കേണ്ടിവരുന്നുവെന്ന ധാരണയില്‍നിന്നാണ്. ജീവിതം ഒരു പരീക്ഷണാലയമാണ്. എങ്ങനെയാണ് പരീക്ഷയില്‍ വിജയിക്കേണ്ടത് എന്ന് ദൈവം മുന്‍കൂടി പ്രവാചകന്‍മാരിലൂടെ പഠിപ്പിച്ചിട്ടുണ്ട്. ഇനിയുള്ള പരീക്ഷാകാലയളവില്‍ ചിലര്‍ ലാബില്‍ വെച്ച് സള്‍ഫ്യറിക്ക് ആസിഡ് കൊണ്ട് നിര്‍ദ്ദേശിക്കപ്പെട്ട പരീക്ഷണം നടത്തി മാര്‍ക്ക് വാങ്ങുന്നതിന് പകരം അത് തെറ്റായി ഉപയോഗിച്ച് ശരീരം പൊള്ളിക്കുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം അവന് തന്നെയാണ്.

തെറ്റ് ചെയ്തവരെ അപ്പപ്പോള്‍ ശിക്ഷിക്കുക എന്ന നിലപാട് ഞാന്‍ വിശ്വസിക്കുന്ന ദൈവത്തിനില്ല. ഒരു നിശ്ചിത അവധിവരെ പിന്തിച്ചിടുകയും, ചെയ്ത തെറ്റിന് പിന്നീട് പിടികൂടുകയും ചെയ്യുക എന്നതാണ് ദൈവിക ചര്യ.

Q 17. എല്ലാവരും തന്നില്‍ വിശ്വസിക്കണം എന്ന്‍ മതഗ്രന്ഥങ്ങളില്‍ ദൈവങ്ങള്‍ ആഹ്വാനം ചെയ്യുന്നു. ഇത്രയധികം നിരീശ്വരവാദികള്‍ ഉണ്ടായിട്ടും ഒരൊറ്റ തവണ പ്രത്യക്ഷപ്പെട്ടാല്‍ അവരെ വിശ്വസിപ്പിക്കാന്‍ കഴിയും എന്നിരിക്കെ അദ്ദേഹമെന്താണ് ഒരിക്കല്‍ പോലും നിരീശ്വരവാദികളുടെ മുന്നില്‍ പ്രത്യക്ഷപ്പെടാത്തത്?

A 17.
നിരീശ്വരവാദി ഉണ്ടാകുന്നത് ദൈവത്തെക്കുറിച്ച് ഗൌരവത്തോടെ ചിന്തിക്കാന്‍ ശ്രമിക്കാത്തതുകൊണ്ടും, സ്വന്തം യുക്തിയെ ഉപയോഗിക്കാത്തത് കൊണ്ടുമാണ്. ഒരു സാധാരണ മനുഷ്യന്റെ മുന്നിലും ദൈവം നേരിട്ട് പ്രത്യക്ഷപ്പെട്ട് തന്റെ നിയമം നല്‍കുന്നില്ല. മനുഷ്യരില്‍നിന്ന് സത്യസന്ധരായ ഒരാളെ തെരഞ്ഞെടുത്ത് അദ്ദേഹത്തിലൂടെ യുക്തിഭദ്രമായ നിലയില്‍ ദൈവത്തെ മനസ്സിലാക്കികൊടുക്കയാണ് ദൈവം സ്വീകരിച്ച മാര്‍ഗം. നിഷേധിക്കാന്‍ തീരുമാനിച്ചവന്റെ മുന്നില്‍ ഒരു തവണയല്ല നൂറ് തവണ പ്രത്യക്ഷപ്പെട്ടാലും അവന്‍ വിശ്വസിക്കുകയില്ല. ഇനി വിശ്വസിക്കണമെങ്കില്‍ ദൈവനിഷേധികള്‍ക്ക് വാഗ്ദത്തം ചെയ്യപ്പെട്ട ശിക്ഷ മുന്നില്‍ കാണണം. അന്ന് വിശ്വസിക്കും എന്ന് ദൈവം ഖുര്‍ആനില്‍ (അവസാന വേദത്തില്‍) പറഞ്ഞിട്ടുണ്ട്. അത് വരാന്‍ പോകുന്ന സംഗതിയാണ്. കാത്തിരുന്ന് കാണാം. അറിയുക... അതിന് ശേഷം പിന്നീട് ഒരു മടക്കം ഇല്ല.

 Q 18. ഏതെങ്കിലും ഓപണ്‍ എയര്‍ ഗ്രൌണ്ടിലോ എല്ലാവര്‍ക്കും കാണാവുന്ന തരത്തില്‍ ആകാശത്തിലോ പ്രത്യക്ഷപ്പെട്ടാല്‍ നിരീശ്വരവാദികള്‍ ഉള്‍പ്പടെ എല്ലാവരും സര്‍വശക്തനായ ദൈവത്തെ അംഗീകരിക്കും എന്നിരിക്കെ ഇതിനകം തന്നെ ദൈവത്തില്‍ ഉറച്ചു വിശ്വസിക്കുന്ന (/അങ്ങനെ പറയപ്പെടുന്ന) പുരോഹിതന്‍മാരുടെ മുന്നില്‍ അപ്പത്തിലും കല്ലിലും ഒക്കെ മാത്രമായി അദ്ദേഹം പ്രത്യക്ഷപ്പെടുന്നത് എന്തുകൊണ്ടാണ്?

A 18.
ഈ അതിഗംഭീരമായ പ്രപഞ്ചവും അതിലെ അതിസങ്കീര്‍ണവും സൂക്ഷമവും യുക്തിഭദ്രവുമായ സൃഷ്ടികളെയും കണ്‍മുന്നില്‍ കണ്ടിട്ടും അതിന് പിന്നില്‍ ഒരു യുക്തിമാനായ സ്രഷ്ടാവുണ്ടെന്ന് ഊഹിക്കാന്‍ പോലും കഴിയാത്തവര്‍ക്ക് തങ്ങള്‍ക്ക് കാണാവുന്ന വിധം പദാര്‍ഥ രൂപത്തിലുള്ള ഒരു അസ്തിത്വം ദൈവമെന്ന് പറഞ്ഞ് വന്ന് ഇറങ്ങിവന്നാല്‍ വിശ്വസിക്കാന്‍ സാധിക്കുമെന്നോ ?. ഇവര്‍ യുക്തി ഉപയോഗിക്കുന്നില്ലെന്നതിന് ഏറ്റവും വലിയ തെളിവ് അത് തന്നെ. ഈ പദാര്‍ഥ ലോകത്തിന്റെ സ്രഷ്ടാവ് പദാര്‍ഥാതീതനായ ഒരു അസ്തിത്വമാകുക എന്നതാണ് യുക്തി. പകരം ഒരു പദാര്‍ഥ രൂപത്തിലുള്ള എത്ര സങ്കീര്‍ണമായ അവതാരം പ്രത്യക്ഷപ്പെട്ടാലും അത് ദൈവമല്ല എന്നാണ് മനസ്സിലാക്കേണ്ടത്.

ചോദ്യം പ്രധാനമായും അപ്പത്തിലും കല്ലിലും ദൈവം പ്രത്യക്ഷപ്പെടുന്നുവെന്ന് വാദിക്കുന്ന ബഹുദൈവ വിശ്വസികളുടെയോ വികലമായ ദൈവം സങ്കള്‍പം പുലര്‍ത്തുന്ന പൌരോഹിത്യമത സങ്കല്‍പത്തെയോ മനസ്സില്‍ വെച്ചാണ്.

ഇസ്ലാം യുക്തിഭദ്രമല്ലാത്ത അത്തരം വിശ്വാസങ്ങളെ തള്ളിക്കളയുന്നു..

 Q 19. ദൈവത്തില്‍ വിശ്വസിക്കാത്തവരെ മതവിശ്വാസികള്‍ ഉപദ്രവിക്കുന്ന സംഭവങ്ങള്‍ പലതാണ്. എന്തുകൊണ്ടാണ് ദൈവം നേരിട്ട് അവരെ ഒന്നും ചെയ്യാത്തത്? വളരെയധികം പ്രായം ചെല്ലുന്നതുവരെ സുഖമായി ജീവിച്ചിരുന്നവരാണല്ലോ മിക്ക നിരീശ്വരവാദികളും.

A 19.
ദൈവവത്തില്‍ വിശ്വസിക്കാത്തവരെ ഉപദ്രവിക്കണം എന്നത് ദൈവികമായ നിര്‍ദ്ദേശത്തിന്റെ ഭാഗമല്ല. അപ്രകാരം ചെയ്യുന്നവരെ ദൈവനിഷേധികള്‍ക്കൊപ്പം ദൈവം ശിക്ഷക്ക് വിധേയമാക്കുന്നതാണ്. മരിക്കുന്നത് വരെ സുഖമായി ജീവിക്കാന്‍ നിരീശ്വരവാദികള്‍ക്കും കഴിഞ്ഞെന്നിരിക്കും. ഒരു വിശ്വാസി ജീവിതാവസാനം വരെ പ്രയാസത്തിലും കഴിഞ്ഞെന്നുവരാം. നേരത്തെ സുഹൈറലി ചോദിച്ച പോലെ തന്നെ. ഈ ലോകത്തോടെ ജീവിതം അവസാനിച്ചുവെന്ന് വന്നാല്‍ മാത്രമേ ഈ ചോദ്യത്തിന് പ്രസക്തിയുള്ളൂ. പ്രമാണം ഉദ്ധരിക്കരുതെന്ന് ആവശ്യപ്പെട്ടതുകൊണ്ടാണ് മുകളിലെ ഉത്തരങ്ങളിലൊന്നും ഖുര്‍ആന്‍ സൂക്തം ക്വാട്ട് ചെയ്യാത്തത്. ചോദ്യം ആവര്‍ത്തിച്ചത് കൊണ്ട് ഇവിടെ അത്തരം ഒരു സൂക്തം ക്വാട്ട് ചെയ്യേണ്ടതുണ്ട്.

 Q 20. ഏതാണ്ട് എല്ലാ മതങ്ങളും സ്രഷ്ടാവ് ഏകനാണ് എന്ന്‍ പറയുന്നു. എന്തുകൊണ്ടാണ് മതഗ്രന്ഥങ്ങള്‍ എപ്പോഴും ഒരു പ്രത്യേക ഭൂവിഭാഗത്തെ (Geographical area) ചുറ്റിപ്പറ്റിയുള്ള കാര്യങ്ങള്‍ മാത്രം പറയുന്നത്? എന്തുകൊണ്ടാണ് ഹിന്ദു ദൈവങ്ങളും ഹൈന്ദവ കഥാപാത്രങ്ങളും ഇന്ത്യ ഉപഭൂഖണ്ഡം കേന്ദ്രീകരിച്ചും ഇസ്ലാമിക കഥാപാത്രങ്ങള്‍ അറേബ്യന്‍ ഉപഭൂഖണ്ഡം കേന്ദ്രീകരിച്ചും മാത്രം കാണപ്പെടുന്നത്?

A 20.
ഏതാണ്ട് എല്ലാ മതഗ്രന്ഥങ്ങളും സ്രഷ്ടാവ് ഏകാനാണ് എന്ന് പറയുന്നുവെന്ന പ്രസ്താവന ശരിയാണ്. ഓരോ മതഗ്രന്ഥങ്ങളും എവിടെയാണോ അവതരിച്ചത് അതിന്റെ പ്രഥമ അഭിസംബോധിതരെ പ്രത്യേകമായി പരിഗണിക്കുക എന്നത് സ്വാഭാവികമാണ്. ദൈവം യുക്തിമാനാണ് എന്നതിന്റെ തെളിവാണത്. യാത്ര സൌകര്യങ്ങള്‍ ഇത്ര വിപലവും അനായാസകരവുമല്ലാത്ത കാലത്ത് വിവിധ രാജ്യങ്ങള്‍ ദിവ്യത്വം സ്ഥാപിക്കാന്‍ വേണ്ടി മാത്രം പരാമര്‍ശിക്കേണ്ടതില്ല. എന്നാല്‍ പോലും ഖുര്‍ആനില്‍ റഷ്യയിലെ അന്ന് അറബികള്‍ക്ക് പരിചയമില്ലാത്ത സ്ഥലങ്ങളുമായി ബന്ധപ്പെട്ട ചരിത്രം വരെ പരാമര്‍ശിച്ചിട്ടുണ്ട്. ഇസ്ലാമിക കഥാപാത്രങ്ങള്‍ എന്നതുകൊണ്ടുദ്ദേശിച്ചത് പ്രവാചകന്‍മാരെ സംബന്ധിച്ചാണെങ്കില്‍ സിറിയ ഫലസ്തീന്‍ ജോര്‍ഡാന്‍ ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ പ്രവാചകന്‍മാര്‍ അതില്‍ വരുന്നു.

 Q 21. ഒരേ ദൈവത്തിന്റെ സൃഷ്ടികള്‍ ആയിട്ടും നമ്മളെന്താണ് പല പല ഭാഷകള്‍ സംസാരിക്കുന്നത്, പല പല രൂപത്തില്‍ കാണപ്പെടുന്നത്? ആഫ്രിക്കയിലും ചൈനയിലും ഇംഗ്ലണ്ടിലും ആളുകള്‍ പല രൂപത്തില്‍ ഇരിക്കുന്നതെന്തുകൊണ്ടാണ്?

A 21.
ഒരേ ദൈവത്തിന്റെ സൃഷ്ടികള്‍ ഒരേ ഭാഷ സംസാരിക്കണമെന്നും ഒരേ ഭക്ഷണം കഴിക്കണമെന്നും വ്യത്യസ്ഥ രൂപത്തില്‍ ഉണ്ടാവരുതെന്നും ഏത് മതവിശ്വാസത്തിന്റെ ആളുകളാണ് വിശ്വസിക്കുന്നത്. പല ഭാഷകള്‍ എന്തുകൊണ്ട് സംസാരിക്കുന്നുവെന്നതിനും എന്തുകൊണ്ട് ഒരേ രൂപത്തില്‍ ഇരിക്കുന്നില്ല എന്നതിനും ശാസ്ത്രീയമായ വല്ല ഉത്തരവും ഉണ്ടെങ്കില്‍ അത് സ്വീകരിക്കാന്‍ വിശ്വാസികളും ഒരുക്കമാണ്.


 Q 22. തന്റെ സൃഷ്ടികള്‍ പല പല ഭാഷകള്‍ സംസാരിക്കുന്നവരായിട്ടും ദൈവം എന്തുകൊണ്ടാണ് സംസ്കൃതം, ഹീബ്രു, അറബിക് തുടങ്ങിയ ചില ഭാഷകള്‍ മാത്രം ഗ്രന്ഥരചനയ്ക്ക് വേണ്ടി തിരഞ്ഞെടുത്തത്?

A 22.
ദൈവിക ഗ്രന്ഥം ഏത് ഭാഷയില്‍ അവതരിച്ചാലും ഇതര ജനവിഭാഗത്തിന് അത് മനസ്സിലാക്കാനുള്ള സംവിധാനം നിലവിലുണ്ട്. അതിനാല്‍ തന്നെ ഏതെങ്കിലും ഒരു ഭാഷയില്‍ അവതരിക്കുന്നത് ഒരു കുറവല്ല. ഇനി ആണെങ്കില്‍ തന്നെ സകലമനുഷ്യര്‍ക്കും മനസ്സിലാകുന്ന ഒരു ഭാഷ മനുഷ്യന്‍ പണ്ടുമുതലേ ഉപയോഗിക്കുന്നില്ല എന്നത് മനുഷ്യന്റെ മാത്രം കുറവാണ്. ഏതായാലും അതൊരു കുറവായി ദൈവം കാണുന്നില്ല. അതിനാല്‍ ഓരോ ജനതയിലും പ്രവാചകന്‍മാര്‍ വന്നപ്പോള്‍ അവരുടെ ഭാഷയില്‍ സംസാരിച്ചു. അറബിയല്‍ അവതരിച്ച ഖുര്‍ആന്‍ ഇന്ന് ലോകത്ത് എല്ലാ ഭാഗത്തും അനുയായികളുണ്ട്.


 Q 23. ദൈവം പ്രാര്‍ത്ഥന കേള്‍ക്കുമോ? കേള്‍ക്കുമെങ്കില്‍, സര്‍വജ്ഞനായ ദൈവം കരയുന്ന കുട്ടിക്കേ പാലുള്ളൂ എന്ന നയം സ്വീകരിക്കാതെ എല്ലാവരുടെയും ആഗ്രഹം അറിഞ്ഞുകണ്ട് സാധിച്ചുകൊടുക്കാത്തത് എന്തുകൊണ്ടാണ്? ഇനി ദൈവം പ്രാര്‍ത്ഥന കേള്‍ക്കില്ല എങ്കില്‍, പിന്നെ വിശ്വാസികള്‍ എന്തിനാണ് പ്രാര്‍ത്ഥിക്കുന്നത്? ഇനി ദൈവം ചില പ്രാര്‍ത്ഥനകള്‍ മാത്രം തെരെഞ്ഞെടുത്ത് സാധിച്ചുതരും എങ്കില്‍ എന്താണ് ആ തെരെഞ്ഞെടുപ്പിനുള്ള മാനദണ്ഡം?

A 23.
തീര്‍ചയായും ദൈവം പ്രാര്‍ഥന കേള്‍ക്കും. പക്ഷെ പ്രാര്‍ഥനകള്‍ സ്വീകരിക്കപ്പെടുന്നത് സര്‍ജ്ഞനായ ദൈവത്തിന്റെ യുക്തിയനുസരിച്ചാണ്. എല്ലാവരും ദീര്‍ഘായുസിനും സമ്പത്തിനും പ്രാര്‍ഥിക്കുന്നു. രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍ വരെ തനിക്ക് രോഗമില്ലാതിരിക്കാന്‍ പ്രാര്‍ഥിക്കുന്നു. പക്ഷെ ആ പ്രാര്‍ഥനകളൊക്കെ ചോദിക്കുന്നതിനുസരിച്ച് സ്വീകരിച്ച് ഉത്തരം നല്‍കുകയാണെങ്കില്‍ ഉണ്ടാവുന്ന ലോകം ഇത്ര വൈവിധ്യപൂര്‍ണമോ സന്തോഷകരമോ ആയിരിക്കുമോ എന്ന് സംശയമാണ്. ചോദിക്കുന്നവര്‍ക്ക് മാത്രമല്ല. ചോദിക്കാത്തവരുടെയും ആവശ്യങ്ങള്‍ ഒരു യുക്തിയനുസരിച്ച് പൂര്‍ത്തീകരിച്ചു നല്‍കുന്നുണ്ട്. എന്നാല്‍ ദൈവം ചോദിക്കാനാവശ്യപ്പെട്ടു. നാം അത് ചോദിക്കാതിരിക്കുന്നത് ദൈവ ധിക്കാരമാണ്.

 Q 24. അപകടങ്ങളില്‍ നിന്നോ രോഗങ്ങളില്‍ നിന്നോ ഒക്കെ രക്ഷപ്പെടുമ്പോ വിശ്വാസികള്‍ ദൈവം രക്ഷിച്ചു എന്ന്‍ പറയാറുണ്ട്. പക്ഷേ അങ്ങനെയെങ്കില്‍ ആ അപകടങ്ങളും രോഗങ്ങളുമൊക്കെ വരുത്തിയത് ആരാണ്?

A 24.
അതെ ദൈവം തന്നെയാണ് അപകടത്തില്‍ പെടുത്തുന്നതും രക്ഷപ്പെടുത്തുന്നതും. അത് ഇന്നലെ ഞാന്‍ നേരിട്ട് അനുഭവിച്ചു. സാമാന്യം നല്ല വേഗതയില്‍ വന്ന കാറ് എതിരെ വന്ന ബസ്സ് പോകറ്റ് റോഡിലെക്ക് തിരിയാനായി വെട്ടിച്ച് ട്രാക്കില്‍ കയറിയപ്പോള്‍ ഗള്‍ഫില്‍നിന്ന് വന്ന റജിസ്ട്രേഷന്‍ പോലും പൂര്‍ണായിട്ടില്ലാത്ത പുതിയ കാറ് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. നേരെ ഇടിച്ച് ഞങ്ങളൊക്കെ ഇന്ന് വാര്‍ത്തയാകേണ്ടിയിരുന്നതാണ്. പക്ഷെ വെട്ടിതിരിച്ചപ്പോള്‍ ഒരിക്കലും അപടകത്തില്‍ പെടാന്‍ സാധ്യതയില്ലാത്ത ബൈക്കുകാരനെ പോയി ഇടിച്ചു. അദ്ദേഹത്തിന്റെ തല കാറില്‍ ഇടിച്ചെങ്കിലും എക്സറെയിലോ സ്കാനിംഗിലോ യാതൊരു കുഴപ്പവും കണ്ടില്ല വൈകുന്നേരത്തോടെ ആശുപത്രി വിട്ടു. ഇന്ന് വീണ്ടം ചെന്ന് പരിശോധിക്കും എന്ന് പറഞ്ഞിട്ടുണ്ട്. ഇവിടെ മനുഷ്യന്റെ നോട്ടക്കുറവ് അശ്രദ്ധ എന്നിവക്കൊക്കെ പങ്കുണ്ട് എന്നാല്‍ ബൈക്കിടിച്ച് വീണ ഓരാള്‍ക്ക് നേരെ തൊട്ടുപിന്നില്‍ ഒരു വാഹനം ഉണ്ടായിരുന്നെങ്കില്‍ അല്ലെങ്കില്‍ ബൈക്കിന് പകരം അവിടെ വന്നത് മറ്റൊരു ഹെവി വാഹനമായിരുന്നെങ്കില്‍ അപകടം കൂടുതല്‍ ഭീകരമാവുമായിരുന്നു. ഇതിലൊക്കെ ദൈവത്തിന്റെ പങ്ക് എവിടെ എന്ന് ചോദിക്കാം. എന്നാല്‍ ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ദൈവമാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇടപെടുന്നതും. രക്ഷപ്പെടുത്തുന്നതും. രക്ഷപ്പെട്ട പിതാവിന് ഞങ്ങളുടെ നേരെ അക്ഷോഭ്യാനായി നില്‍ക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് ദൈവവിശ്വാസമാണ്. അതേ പ്രകാരം ഞങ്ങളില്‍നിന്ന് കാശ് വാങ്ങാതെ മെഡിക്കല്‍ കോളേജിലെത്തിക്കുയും ഞങ്ങള്‍ അവനെ വേണ്ടിവിധം പരിചരിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം അവിടെ വിട്ട് പോയ ശബരിമലയില്‍ പോകാന്‍ കറുത്ത തുണിയെടുത്ത് നില്‍ക്കുന്ന ഹിന്ദു സുഹൃത്തിനെ പ്രേരിപ്പിച്ചതിലും ദൈവവിശ്വാസം ഉണ്ട് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. അഥവാ ദൈവവിശ്വാസിക്ക് ഇത്തരം കാര്യങ്ങള്‍ കുറേകൂടി ജാഗ്രത്തായി നിര്‍വഹിക്കാന്‍ സാധിക്കും.

 Q 25. ദൈവത്തെ സൃഷ്ടിച്ചത് ആരാണ്?

A 25.
യുക്തി ഉപയോഗിക്കുന്ന ഒരാള്‍ ഇങ്ങനെ ചോദിക്കില്ല. പല കാരണങ്ങളുണ്ട്. ഒന്ന് ദൈവം സ്രഷ്ടാവാണ്. സൃഷ്ടിയല്ല. ദൈവം സൃഷ്ടിക്കപ്പെട്ടവനാണെങ്കില്‍ സ്രഷ്ടാവ് വെറെ ഒരാള്‍ വേണം. ദൈവം ആദികാരണമാണ്. ഒരു ആദികാരണം ഭൌതികവാദിക്കും വേണം. ഭൌതികവാദിയുടെ വീക്ഷണത്തില്‍ ആദികാരണം പദാര്‍ഥമാണ്. യുക്തിയില്ലാത്ത പദാര്‍ഥം യുക്തിപൂര്‍വം പരിണമിച്ചു അതി സങ്കീര്‍ണമായ ഈ ചരാചരങ്ങളൊക്കെ യുക്തിപൂര്‍വം സജ്ജീകരിക്കപ്പെട്ടുവെന്ന് ചിന്തിക്കുന്നതിനേക്കാള്‍ എന്റെ യുക്തിക്ക് ബോധ്യപ്പെടുന്നത് പദാര്‍ഥാതീതനായ ഒരു അതിശക്തമാനും അതിഗംഭീരനും അഭിജ്ഞനുമായ ഒരു അസ്തിത്വം വളരെ ബോധപൂര്‍വം ഈ പ്രപഞ്ചത്തെയും അതിലെ സകല വസ്തുക്കളെയും സൃഷ്ടിച്ചുവെന്നതാണ്.

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review