ഏത് സംഭവത്തിലും ഇസ്‌ലാമിനെ ഒന്ന് കൊട്ടാനുള്ള വല്ലകാരണവും ഇ.എ.ജബ്ബാര്‍ കണ്ടെത്തും. സ്വാഭാവികമായും ഇത്തവണയും ടിയാന്‍ പതിവുതെറ്റിച്ചില്ല. സൂര്യഗ്രഹണം എന്താണെന്ന് അല്ലാഹു പറഞ്ഞുകൊടുത്തില്ല എന്നതും, മുഹമ്മദിനറിയാത്തതെന്നും അല്ലാഹുവിന്നറിയില്ല എന്നതും, ആ സമയത്ത് നമസ്‌കരിക്കാന്‍ പള്ളിയിലെത്തണമെന്നതിലൂടെ അതിലെ ശാസ്ത്രീയത കണ്ടെത്താനുള്ള സാഹചര്യം മുസ്‌ലിംകള്‍ക്ക് നഷ്ടപ്പെടുത്തി എന്നൊക്കെയാണ് മൊത്തത്തില്‍ പോസ്റ്റില്‍ നിന്ന് മാലോകര്‍ മനസ്സിലാക്കേണ്ടത്. പക്ഷെ പോസ്റ്റിന്റെ യഥാര്‍ത്ഥ ബെനഫിറ്റ് തുടര്‍ന്നുള്ള കമന്റുകളാണ്. തുടര്‍ന്നുള്ള ഇസ്‌ലാമിനെതിരെയുള്ള കൊഞ്ഞനം കാട്ടലാണ് ഏറ്റവും പ്രധാനം. 'ഗ്രഹണത്തിന്റെയന്ന് നരബലി കൊടുക്കുന്ന ആചാരവും തിരിച്ചുവരട്ടേയെന്ന് പ്രാര്‍ഥിക്കാം.' എന്നൊരുവന്റെ വക. 'ആദ്യം കത്തിച്ചുകളയേണ്ടത് ഹദീസും ഖുര്‍ആനുമാണ് അന്ധവിശ്വാസത്തിലേക്ക് നയിക്കുന്ന ഗ്രന്ഥങ്ങള്‍ ...കഷ്ടം'... ഈ രൂപത്തിലാണ് കമന്റുകളുടെ പോക്ക്. ഒരുമാന്യന് തൃപ്തിവരണമെങ്കില്‍ മുസ്ലിം പണ്ഡിതന്‍മാരെക്കൂടി കത്തിക്കണം. അതിനുള്ള സമയം കഴിഞ്ഞതിലുള്ള പരിഭവവും അദ്ദേഹം മറച്ചുവെക്കുന്നില്ല. ഇസ്‌ലാമിനെയും മുസ്ലിംകളെയും എന്തും പറയാം മറുപടി പറഞ്ഞാല്‍ അതിന്റെ പേരാണ് അസഹിഷ്ണുത.
എന്തായിരുന്നു ആ സമയത്ത് അല്ലാഹു ചെയ്യേണ്ടിയിരുന്നത് അതും പറഞ്ഞുതരുന്നുണ്ട് മാഷ്. ചന്ദ്രന്‍ വന്ന് സൂര്യനെ അല്പ നേരം മറയുന്നതാണു ഗ്രഹണമെന്നും അതില്‍ ഭയപ്പെടാനൊന്നുമില്ലെന്നും അല്ലാഹു മുഹമ്മദിന് പറഞ്ഞുകൊടുക്കേണ്ടിയിരുന്നുവത്രേ.
സംഭവിച്ചത് ഇതാണ്: മുഗീറതുബ്‌നു ശുഅ്ബയില്‍ നിന്ന് : നബിയുടെ കാലത്ത് (നബിപുത്രന്‍) ഇബ്‌റാഹീം മറിച്ച ദിവസം സൂര്യഗ്രഹണമുണ്ടായി. അപ്പോള്‍ ജനങ്ങള്‍ പറഞ്ഞു ഇബ്‌റാഹീമിന്റെ മരണം മൂലമാണ് സൂര്യഗ്രഹണമുണ്ടായത് തദവസരം റസൂല്‍ പറഞ്ഞു ഒരാളുടെയും മരണം കാരണത്താലോ ജീവിതം കാരണത്താലോ സൂര്യനും ചന്ദ്രനും ഗ്രഹണം ബാധിക്കുകയില്ല. ഗ്രഹണം ബാധിച്ചതായി നിങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ നമസ്‌കരിക്കുകയും അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയും ചെയ്യുക. (ബുഖാരി).
ഇതേ സംഭവം അബൂമൂസ എന്ന സഹാബി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 'റസൂല്‍ വിഹ്വലതയോടെ എഴുന്നേറ്റു എന്ന ഒരു പ്രയോഗമുണ്ട്'. ഇതേ ഹദീസ പലരും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ആ പ്രയോഗമില്ല. അക്കാരണത്താല്‍ തന്നെ പ്രസ്തുത റിപ്പോര്‍ട്ടര്‍ക്ക് അങ്ങനെ തോന്നിയതാകാം. ഇനി യഥാര്‍ഥത്തില്‍ തന്നെ അദ്ദേഹം ഭയപ്പെട്ടിരുന്നുവെങ്കില്‍ അതില്‍ ആശ്ചര്യപ്പെടാനില്ല, പൂര്‍വിക സമുദായങ്ങള്‍ക്ക് ശിക്ഷ ഭവിച്ചപ്പോള്‍ ഇതുപോലെ ആകാശം ഇരുണ്ട് കൂടിയിരുന്നു എന്ന് കാണാം. ദൈവനിഷേധികള്‍ വിചാരിച്ചു മഴവര്‍ഷിക്കാന്‍ പോകുകയാണെന്ന് പക്ഷെ അവരുടെ മേല്‍ വര്‍ഷിച്ചത് ശിക്ഷയുടെ പേമാരിയായിരുന്നു. ഇത് സംബന്ധിച്ച സൂക്തങ്ങള്‍ അവതരിച്ചുകൊണ്ടിരുന്ന കാലഘട്ടത്തില്‍ സമാനനിഷേധം തുടര്‍ന്ന് കൊണ്ടിരിക്കെ ആകാശം ഇരുണ്ട് കൂടിയപ്പോള്‍ പ്രവാചകന്‍ ഭയപ്പെട്ടുവെങ്കില്‍ അത് സ്വന്തം ശരീരത്തെ പേടിച്ചായിരിക്കില്ല എന്നത് പ്രവാചകന്‍മാരെ അറിയുന്നവരോട് വിശദീകരിക്കേണ്ടതില്ല.
ഗ്രഹണമാണെന്ന് മനസ്സിലായപ്പോള്‍ അതുമായി ബന്ധപ്പെട്ട് സമൂഹത്തിലുണ്ടായ ഒരന്ധവിശ്വാസം അദ്ദേഹം നീക്കം ചെയ്തു. മരണത്തിനോ ജനനത്തിനോ ഗ്രഹണവുമായി ബന്ധമില്ലെന്ന് അദ്ദേഹം ഉണര്‍ത്തി. ആളുകളെ പള്ളിയില്‍ ഒരുമിച്ച് കൂടി നമസ്‌കരിച്ചു. അക്കാലത്ത് ദൈവം ഇടപ്പെട്ട് ഭയപ്പെടേണ്ട എന്ന് പറഞ്ഞ് നമസ്‌കാരം മുടക്കിയില്ല എന്നത് അത്രവലിയ തെറ്റൊന്നുമല്ല. ആ സമയത്ത് നഗ്നനേത്രങ്ങള്‍ കൊണ്ട് സൂര്യനെ നോക്കാനിടവരുകയും അതവരുടെ കാഴ്ചയെ ബാധിക്കുയും ചെയ്യുമായിരുന്ന അവസ്ഥയില്‍ നിന്ന് അന്നത്തെ ജനങ്ങളെയും പിന്നീടുള്ള ജനതയേയും രക്ഷപ്പെടുത്തി എന്നാണ് അതിനെക്കുറിച്ച് പറയേണ്ടത്. അന്ന് അതിന്റെ ശാസ്ത്രീയത വിശദീകരിക്കാന്‍ നില്‍ക്കുന്നതിലേറെ മണ്ടത്തരം വേറെയുണ്ടോ. മാത്രമല്ല അത് മനുഷ്യന് വിട്ടുകൊടുക്കുകയാണ് അല്ലാഹു ചെയ്തിട്ടുള്ളത്. പ്രവാചകന്‍മാരെ അയക്കുന്നത് പ്രപഞ്ചപ്രതിഭാസങ്ങളുടെ ശാസ്ത്രീയത വിശദീകരിക്കാനല്ല. അവയ്ക് പിന്നിലുള്ള അസ്തിത്വത്തെ പരിചയപ്പെടുത്താനാണ്. അത് ശാസത്രം കൊണ്ട് ലഭിക്കുകയില്ല. അത് കണ്ടെത്താന്‍ കഴിയാത്ത അല്‍പന്‍മാരാണ്. വിശ്വാസികളുടെ കാര്യത്തില്‍ കൂട്ടവിലാപമുയര്‍ത്തുന്നത്.
സൂര്യനും ചന്ദ്രനും ദൈവികദൃഷ്ടാന്തങ്ങളില്‍ പെട്ട രണ്ട് ദൃഷ്ടാന്തമാണ് എന്ന് പറഞ്ഞതിലൂടെ തന്നെ അതിനെ വായിക്കാനും പഠിക്കാനുമുള്ള പ്രേരണയുണ്ട്. ആയത്തുകള്‍ പഠിക്കാനുള്ളതാണ്. ഖുര്‍ആനിലെ സൂക്തങ്ങള്‍ക്കും ആയത്തുകള്‍ എന്നാണ് പറയുക എന്നോര്‍ക്കുക. ഖുര്‍ആനിക സൂക്തങ്ങള്‍ ചിന്തിക്കാനും മനനംചെയ്യാനുമുള്ളതാണ് എന്നതാണ് അവയിലെ സാമ്യത. ഇതൊരു നിര്‍ബന്ധനമസ്‌കാരമല്ലാത്തതിനാല്‍ ഇവിടെ തെറ്റിദ്ധരിപ്പിക്കപ്പെടുന്നത് പോലെ ചന്ദ്രനെക്കുറിച്ചും സൂര്യനെക്കുറിച്ചും പഠിക്കുന്നവര്‍ക്കൊന്നും അതിന് തടസ്സമില്ല. ഇതിന് വേണ്ടി. ആയിരത്തിമൂന്നൂറ് വര്‍ഷം ജനങ്ങളെ ചന്ദ്രഗ്രണം നോക്കാന്‍ വിടേണ്ട എന്ന് അല്ലാഹു തീരുമാനിച്ചെങ്കില്‍ അതിന് ഇവരൊക്കെ ഇങ്ങനെ വികാരം കൊള്ളേണ്ടതുണ്ടോ.
ചുരക്കത്തില്‍ ഏത് ഭൗതികപ്രതിഭാസങ്ങളും വിശ്വാസികള്‍ക്ക് ദൈവത്തില്‍ വിശ്വാസം കൂടുതല്‍ വര്‍ദ്ധിപ്പിക്കാനും കൂടുതല്‍ സല്‍കര്‍മങ്ങളനുഷ്ഠിക്കാനും (ഗ്രഹണമുണ്ടായാല്‍ നാല് കാര്യങ്ങള്‍ കല്‍പിച്ചു. ദൈവത്തോട് പ്രാര്‍ഥിക്കുക, ദൈവമഹത്വം വാഴ്തുക. ദാനധര്‍മങ്ങള്‍ ചെയ്യുക, നമസ്‌കരിക്കുക)അവസരം നല്‍കുന്നു. യുക്തിവാദികള്‍ക്കാകട്ടേ ദൈവനിഷേധം കൂടുതല്‍ വര്‍ദ്ധിപ്പിക്കാനും അതോടൊപ്പം കൂടുതല്‍ തിന്മചെയ്യാനും (അല്ലാഹുവിനെയും പ്രാവചകനെയും പരമാവധി പരിഹസിക്കുക, വിശ്വാസികളോടുള്ള വെറുപ്പും വിദ്വേഷവും വര്‍ദ്ധിപ്പിക്കുക തുടങ്ങിയ..) ഇടയാക്കുന്നു.
ദൈവം മഹോന്നതന്‍ , അവനാകുന്നു സകല സ്തുതിയും.
9:34:00 PM
CKLatheef

