2019, ജൂലൈ 31, ബുധനാഴ്‌ച

ദൈവത്തിന്റെ നിലവാരം യുക്തിവാദികളുടെ വീക്ഷണത്തില്‍

യുക്തിവാദികള്‍ എന്നുതന്നെ പറഞ്ഞാല്‍ മതി ജബ്രയെന്ന് പ്രത്യേകം പറയേണ്ടതില്ല കാരണം യുക്തിവാദികള്‍ എന്നുപറഞ്ഞാല്‍ തന്നെ ഇപ്പോള്‍ ഒരു വിഭാഗമേ ഉള്ളൂ. കാരശേരി പറഞ്ഞതുപോലെ തങ്ങള്‍ക്ക് മാത്രമേ ബുദ്ധിയുള്ളൂവെന്ന തെറ്റിദ്ധരിക്കുന്ന വിഭാഗം, ഒരു പ്രസിദ്ധവ്ലോഗര്‍  പറഞ്ഞപോലെ മതങ്ങളെ ചൊറിഞ്ഞുകൊണ്ടിരിക്കുന്ന വിഭാഗം. സകലമതങ്ങളും നശിച്ചുപോയാലെ നാട്ടില്‍ സമാധാനം പുലരൂ എന്നുകരുതി. 24 മണിക്കൂര്‍ മതത്തെയും ദൈവത്തെയും കുറിച്ചാലോചിച്ച് സമയം ചെലവഴിക്കുന്ന വിഭാഗം. ദൈവത്തിന്റെ കാര്യത്തില്‍ അവരുടെ പുതിയ നിലപാട് എന്താണ്?. അടുത്തിടെ കണ്ട അവരുടെ പോസ്റ്റുകളില്‍നിന്നും വീഡിയോകളില്‍നിന്നും കൃത്യമായ ഒരു ഉത്തരം ലഭിക്കുന്നില്ല. പ്രധാനമായും 3 വീക്ഷണങ്ങളാണ് മാറിമാറി അവതരിപ്പിക്കുന്നത്.

1.
ഈ പ്രപഞ്ചത്തിന് സ്രഷ്ടാവായ ഒരു ദൈവം ഉണ്ടാകുന്നതിന് യുക്തിവാദികള്‍ എതിരല്ല. ദൈവവിശ്വാസം നന്മചെയ്യാന്‍ പ്രേരകമാകുന്നെങ്കില്‍ അത്തരം വിശ്വാസത്തോട് യോജിപ്പാണ്.

2.
ദൈവം ഉണ്ട്. പക്ഷെ അത് ഇപ്പോള്‍ ഒരു മതവിഭാഗവും പറയുന്ന ദൈവമല്ല. ദൈവമാകാനുള്ള യോഗ്യത അവയ്കൊന്നുമില്ല.

3.
ദൈവമില്ല. ഉണ്ട് എന്നുള്ള വിശ്വാസം പരമാബദ്ധമാണ്. കാരണം ഇതുവരെ ശാസ്ത്രീയമായി അത് തെളിയിക്കപ്പെട്ടിട്ടില്ല. ഇല്ലാത്ത ഒന്ന് തെളിയിക്കാന്‍ സാധ്യമല്ലെന്നതിനാല്‍ തെളിയിക്കപ്പെടുമെന്ന പ്രതീക്ഷയും വെച്ച് പുലര്‍ത്തുന്നില്ല.

ദൈവമില്ലെന്നും അതൊരു ബാലിശമായ സങ്കല്‍പമാണെന്നും സ്ഥാപിക്കാന്‍ 'ഡിങ്കദൈവം' എന്ന ഒരു ദൈവത്തില്‍ തങ്ങള്‍ വിശ്വസിക്കുന്നതായി കാണിക്കുകയും ചെയ്യുന്നു.

യുക്തിവാദികള്‍ കൊണ്ടുനടക്കുന്ന പല വ്യക്തികളും തങ്ങളുടെ നിരന്തരമായ മതപരിഹാസത്തിനൊപ്പിമില്ലെന്ന അറിവും തങ്ങള്‍ ദൈവനിഷേധികളല്ലെന്ന തുറന്നുപറച്ചിലും യുക്തിവാദികളെ വല്ലാതെ ഇളിഭ്യരാക്കിയിട്ടുണ്ട് എന്ന് യുക്തിവാദികളുടെ സംസാരത്തില്‍ നിന്ന് മനസ്സിലാക്കാനാവും. ആ ജാള്യതമാറ്റാന്‍ വേണ്ടി ഇയ്യിടെയുണ്ടാക്കിയ ഒരു തിയറിയാണ് ഇതിലെ ഒന്നും രണ്ടും. ശരിക്കും അവര്‍ പ്രചരിപ്പിക്കാനുദ്ദേശിക്കുന്നത് ദൈവമില്ലെന്ന മൂന്നാമത്തെ വിശ്വാസം തന്നെ.

പക്ഷെ ദൈവമില്ലെന്ന വിശ്വാസത്തിന് ഒരു ദൗര്‍ബല്യമുണ്ട്. ഈ പ്രപഞ്ചത്തിന്റ വൈപുല്യവും ഓരോ സൃഷ്ടിപ്പിലെയും വിശദീകരിക്കാനാവാത്ത ആസൂത്രണവും മനസ്സിലാക്കുമ്പോള്‍ മനുഷ്യബുദ്ധിതന്നെ അതിന്റെ പിന്നിലൊരു ശക്തിയുണ്ടാവും എന്ന ഒരു ചിന്തക്കടിമപ്പെടുന്നു. ദൈവമില്ലെന്ന് പറയുമ്പോഴും അതവനെ വിടാതെ പിന്തുടരുന്നു. അങ്ങനെയാണ് ദൈവനിഷേധികളെന്ന നാട്യത്തില്‍ നടന്ന പലരും വാര്‍ദ്ധക്യത്തില്‍ തികഞ്ഞ ദൈവവിശ്വാസികളാവുകയോ മിനിമം ദൈവമില്ലെന്ന പല്ലവി പാടുന്നതില്‍നിന്ന് വിട്ടുനില്‍ക്കുകയോ ചെയ്യുന്നത്. അതിന്റെ തന്നെ ഒരു പ്രതിഫലനമാണ് മതങ്ങള്‍ പരിചയപ്പെടുത്തുന്ന ദൈവത്തിന് ദൈമാകാനുള്ള യോഗ്യതയില്ലെന്നുള്ള വാദം. ചില ദൈവസങ്കല്‍പ്പങ്ങളില്‍ അത് ശരിയാണ് എന്ന് അംഗീകരിച്ചുകൊണ്ടു തന്നെ പറയട്ടെ. ദൈവത്തിന് അയോഗ്യതയായി പറയുന്ന 90 ശതമാനം കാര്യങ്ങളും വിശുദ്ധഖുര്‍ആനില്‍ പരിചയപ്പെടുത്തുന്ന ദൈവത്തിന് അവരുടേതായ ഒരു ഭാഷ്യം ചമച്ച് അത് അയോഗ്യതയായി അവതരിപ്പിക്കുന്നതായാണ് കാണുന്നത്. എന്നാല്‍ എന്തൊക്കെയായിരിക്കണം ദൈവത്തിന്റെ യോഗ്യത എന്നവര്‍ ഒരിടത്തും പറയുകയില്ല. അവരുടെ വാദങ്ങള്‍ ഉദ്ധരിച്ച് മറുപടി പറയുന്നതിനുമുമ്പ് പ്രധാനമായും അവരുടെ അയോഗ്യത, ദൈവം മനുഷ്യരുടെ ഭാഷയില്‍ സംസാരിക്കുന്നതും ദൈവം ഉടനടി പ്രത്യക്ഷപ്പെട്ട് തീരുമാനങ്ങള്‍ക്ക് വിധികല്‍പിക്കാത്തതുമാണ് എന്ന് മനസ്സിലാക്കാനാവും. ബാക്കിയുള്ളവയൊക്കെ എണ്ണം തികക്കാനുള്ള ഒരു ശ്രമത്തിന്റെ ഭാഗമാണ്. അതിന് ശേഷം പറയും ആറാം നൂറ്റാണ്ടിലെ കാട്ടറബികളുടെ ഒരു ഗോത്രദൈവമാണ് അല്ലാഹു എന്ന്. ഖുര്‍ആനില്‍ ഒരു ദൈവത്തെ പരിചയപ്പെടുത്തിയിട്ടുണ്ട്. അതില്‍ അന്നത്തെ ആളുകളില്‍ ചിലര്‍ വിശ്വസിച്ചു. ചിലര്‍ അവിശ്വസിച്ചു. അന്ന് വിശ്വസിക്കാത്തവരുടെ ദൈവസങ്കല്‍പ്പം ഇപ്പോഴത്തെ യുക്തിവാദി വീക്ഷണവുമായി വളരെയേറെ യോജിപ്പുകാണുന്നു. ഖുര്‍ആന്‍ അത് ഇങ്ങനെ വിശദീകരിക്കുന്നു.

'
നിങ്ങളുടെ അടുക്കല്‍ വന്നുകഴിഞ്ഞ സ്പഷ്ടമായ മാര്‍ഗദര്‍ശനങ്ങള്‍ ഗ്രഹിച്ചശേഷം നിങ്ങള്‍ വഴുതിപ്പോവുകയാണെങ്കില്‍, നന്നായി അറിഞ്ഞുകൊള്ളുക, അല്ലാഹു സര്‍വത്തെയും അതിജയിക്കുന്നവനും യുക്തിമാനുമത്രെ. (ഈ ഉപദേശനിര്‍ദേശങ്ങളെല്ലാം ലഭിച്ചുകഴിഞ്ഞിട്ടും ജനം നേര്‍വഴി സ്വീകരിക്കുന്നില്ലെങ്കില്‍ പിന്നെ) ഇനി അല്ലാഹു തന്നെ മേഘക്കുടയും ചൂടി മലക്കുകളുടെ അകമ്പടിയോടെ കണ്‍മുമ്പില്‍ ഇറങ്ങിവരുകയും കാര്യം തീരുമാനിക്കുകയും ചെയ്യണമെന്നാണോ ഇവര്‍ പ്രതീക്ഷിക്കുന്നത്? ഒടുവില്‍ സകല സംഗതികളും സമര്‍പ്പിക്കപ്പെടുന്നത് അല്ലാഹുവിന്റെതന്നെ സമക്ഷത്തിലാണല്ലോ.'

(
വിശുദ്ധ ഖുര്‍ആന്‍ അധ്യായം : 2, സൂക്തം : 209,210)

ഈ സൂക്തം ശ്രദ്ധയോടെ ഒന്ന് വായിച്ചുനോക്കുക, ആരാണ് ദൈവസങ്കല്‍പത്തില്‍ 6ാം നൂറ്റാണ്ടിലെ അറബികളുടെ വീക്ഷണം പുലര്‍ത്തുന്നത് ഖുര്‍ആനോ അതല്ല അതിന്റെ നിഷേധികളോ.

ആദ്യം ഖുര്‍ആനിലെ ദൈവത്തെ ഒന്ന് ചുരുങ്ങിയ രൂപത്തില്‍ പരിചയപ്പെടുത്താം. ഈ പറയുന്ന മുഴുവന്‍ കാര്യങ്ങള്‍ക്കും സൂക്തങ്ങള്‍ തെളിവായി ഉദ്ധരിക്കാനാവും. പക്ഷെ സുഗമമായ വായനക്ക് അത് തടസ്സമാകുമെന്നതിനാലും ഈ പോസ്റ്റ് വല്ലാതെ ദീര്‍ഘിച്ചുപോകും എന്നതിനാലും ഒഴിവാക്കുന്നു.

ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചത് യുക്തിമാനും സര്‍വശക്തനും സര്‍വ്വജ്ഞനുമായ ഒരു അസ്തിത്വമാകുന്നു. അറബിയില്‍ അതിനെ അല്ലാഹു എന്ന് വിളിക്കുന്നു. ആ അസ്തിത്വം ഏകാനാകുന്നു. ഭൂമിയില്‍ മനുഷ്യനെ സൃഷ്ടിച്ചവന്‍ അവനെ ഭൂമിയിലെ ഏറ്റവും ആദരണീയനായി തെരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു. ഭൂമിയിലെ സകല വസ്തുക്കളും മനുഷ്യന്റെ സേവനത്തിനായിട്ടാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. മനുഷ്യന് ശരീരവും ജീവനും നല്‍കിയ ദൈവം അവനുവേണ്ട ജീവിതരീതിയും ആദ്യം മുതലേ മനുഷ്യന് പറഞ്ഞുകൊടുക്കാനുള്ള സംവിധാനം ചെയ്തിട്ടുണ്ട്. അതിനെയാണ് പ്രവാചകത്വം എന്ന് പറയുന്നത്. അങ്ങനെ മനുഷ്യനോട് സ്രഷ്ടാവായ ദൈവം നീതികാണിച്ചിരിക്കുന്നു. അതോടൊപ്പം തന്റെ സാര്‍മാര്‍ഗിക നിയമത്തിന് അവനെ സൃഷ്ടിപ്പില്‍തന്നെ വിധേയമാക്കിയിട്ടില്ല. അവ തെരഞ്ഞെടുക്കാനും തള്ളിക്കളയാനുമുള്ള ഇഛാശക്തിയോടെയാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ഭൂമിയിലെ സൗകര്യങ്ങള്‍ അവന് ഉപയോഗപ്പെടുത്തി ദൈവം നിശ്ചയിക്കപ്പെട്ട കാലത്തോളം ഇവിടെ കഴിയാം. കഴിയുന്ന കാലമത്രയും ദൈവികമായ നിയമനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ജീവിക്കുക. എങ്കില്‍ അവന് ഭൂമിയില്‍ ഭയപ്പെടേണ്ടിവരികയില്ല. പിന്നീട് ദുഃഖിക്കാന്‍ ഇടയാകുന്നതുമല്ല. മരണശേഷം മനുഷ്യന്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്ക് കണക്കുബോധിപ്പിക്കേണ്ടതായിവരും അവന്റെ ജീവിതം എന്തിന് ചെലവഴിച്ചുവെന്ന് ചോദിക്കപ്പെടും. അതില്‍ വിജയിച്ചാല്‍ പരലോകത്ത് വെച്ച് ശാശ്വതസ്വര്‍ഗ്ഗം ലഭിക്കും അഥവാ വിചാരണയില്‍ പരാജയപ്പെട്ടാല്‍ ശാശ്വതമായ നരകശിക്ഷയും അനുഭവിക്കേണ്ടിവരും.

ഇതാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന ദൈവവീക്ഷണവും ജീവിതവീക്ഷണവും. ഇതില്‍ ചിലകാര്യങ്ങള്‍ നമുക്ക് വന്നുകഴിഞ്ഞതും ചിലത് വരാനിരിക്കുന്നതുമാണ്. വന്നുകഴിഞ്ഞത് പ്രവാചകന്‍മാരാണ്. അവരിലൂടെ നല്‍കപ്പെട്ട വേദഗ്രന്ഥങ്ങളും. അത് പരിശോധിച്ചാല്‍ അങ്ങനെ ഒന്ന് സംഭവിച്ചതായി കാണാം. മനുഷ്യരില്‍ ചിലരത് അംഗീകരിക്കുന്നില്ലെന്നത് അത് ഇല്ല എന്നതിന് തെളിവല്ല. ചിലരതു നിഷേധിക്കുന്നത് ദൈവം നിഷേധിക്കാവുന്ന വിധത്തില്‍ മനുഷ്യനെ സൃഷ്ടിച്ചതുകൊണ്ടാണ്. ഈ കാര്യത്തില്‍ ദൈവിക തീരുമാനം അങ്ങനെയാണ്. മനുഷ്യന് സ്വതന്ത്രമായ തീരുമാനാധികാരം നല്‍കുകയും അവന്‍ മനസ്സാ സ്വീകരിക്കുന്നുവെങ്കില്‍ അവന് ഇരുലോകത്തും നന്മയും തിരസ്കരിക്കുകയാണെങ്കില്‍ ഇഹലോകത്ത് ഇടുങ്ങിയ ജീവിതവും പരലോകത്ത് ശിക്ഷയും ലഭിക്കും. മനുഷ്യനെ അവന്റെ പ്രവര്‍ത്തനത്തിന്റെ ഫലം അനുഭവിക്കാന്‍ ദൈവം വിട്ടിരിക്കുന്നു.

വരാനിരിക്കുന്നത് പരലോകജീവിതമാണ്. ഇഹലോക ജീവിതം തന്നെയാണ് പരലോക ജീവിതത്തിന് തെളിവായി ഖുര്‍ആന്‍ ഉദ്ധരിക്കുന്നത്. ഇഹലോക ജീവിതം നാം അനുഭവിക്കുന്നു. ഇനി ഇതിനെ ഒന്നുകൂടി മറ്റൊരു വിധത്തില്‍ പുനസൃഷ്ടിക്കുക ഒട്ടും പ്രയാസമുള്ളതല്ല. കൂടുതല്‍ എളുപ്പമാകുന്നുവെന്നതാണ് ഖുര്‍ആന്‍ മനുഷ്യന് മനസ്സിലാക്കാന്‍ വേണ്ടി പരിചയപ്പെടുത്തുന്നത്. (ദൈവത്തിന് രണ്ടും എളുപ്പമുള്ളതാകുന്നുവെന്നതാണ് സത്യം)

വിശുദ്ധഖുര്‍ആന്‍, അധ്യായം അര്‍റൂം (30) 25 മുതല്‍ 29 വരെ സൂക്തങ്ങള്‍ വായിക്കുക.

(25-27)
വാനലോകങ്ങളും ഭൂമിയും അവന്റെ ആജ്ഞാനുസാരം നിലകൊള്ളുന്നുവെന്നതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ.36 പിന്നീടവന്‍ നിങ്ങളെ ഭൂമിയില്‍നിന്നു വിളിച്ചാല്‍, ആ ഒറ്റ വിളിക്കുതന്നെ നിങ്ങള്‍ ധൃതിയില്‍ പുറപ്പെട്ടുവരുന്നതാകുന്നു. ആകാശഭൂമികളിലുള്ളതെന്തും അവന്റെ അടിമകളത്രെ. എല്ലാം അവന്റെത്തന്നെ ആജ്ഞാനുവര്‍ത്തികളുമാകുന്നു. അവനാകുന്നു ആദിയില്‍ സൃഷ്ടിക്കുന്നത്. പിന്നീട് അവന്‍തന്നെ അത് പുനഃസൃഷ്ടിക്കുന്നു. ഇത് അവന്ന് അതീവ ലളിതമാകുന്നു. വാനലോകങ്ങളിലും ഭൂമിയിലും അവന്റെ ഗുണം സര്‍വോന്നതമത്രെ. അവന്‍ അജയ്യനും അഭിജ്ഞനുമല്ലോ.
(28-29) 39
നിങ്ങള്‍ക്കവന്‍ നിങ്ങളില്‍ത്തന്നെ ഒരു ഉദാഹരണം കാണിച്ചുതരുന്നു. നിങ്ങളുടെ ഉടമസ്ഥതയിലുള്ള അടിമകളില്‍, നാം നിങ്ങള്‍ക്കേകിയ സമ്പത്തിലും സൗഭാഗ്യത്തിലും തുല്യ പങ്കാളിത്തമുള്ളവരും, സ്വജനങ്ങളെ പരസ്പരം ഭയപ്പെടുന്നപോലെ, നിങ്ങള്‍ ഭയപ്പെടുന്നവരുമായ വല്ല അടിമകളുമുണ്ടോ? ബുദ്ധി ഉപയോഗിക്കുന്ന ജനത്തിന് നാം ദൃഷ്ടാന്തങ്ങള്‍ ഈ വിധം തുറന്നുവിശദീകരിച്ചുകൊടുക്കുന്നു. പക്ഷേ, ഈ അക്രമികള്‍ ജ്ഞാനവും ബോധവുമില്ലാതെ സ്വേച്ഛകളുടെ പിമ്പേ ഗമിക്കുകയാകുന്നു. അല്ലാഹു വഴിതെറ്റിച്ചവനെ ഇനി ആര്‍ക്കാണ് വഴി കാണിക്കാനാവുക? ഇങ്ങനെയുള്ളവര്‍ക്ക് ഒരു സഹായിയും ഉണ്ടാകുന്നതല്ല

 

ഇവിടെ നാം കാണുന്നത് അല്ലാഹു മനുഷ്യര്‍ക്ക് മനസ്സിലാകുന്ന രൂപത്തില്‍ അവനോട് സംവദിക്കുന്നതാണ്. അവന് മനസ്സിലാകുന്ന ഉദാഹരണങ്ങള്‍ അവന്‍ നല്‍കുന്നു. ഇതൊക്കെ യുക്തിവാദി ഭാഷയില്‍ ദൈവത്തിന്റെ അയോഗ്യതയാണ്. അവരെന്താണ് ഉദ്ദേശിക്കുന്നത്. ദൈവം കടുകട്ടിയുള്ള തത്വം മാത്രമേ പറയാവൂ എന്നാണോ. എങ്കില്‍ അത് മനുഷ്യര്‍ക്ക് സന്ദേശം നല്‍കാന്‍ കൂടുതല്‍ പര്യാപ്തമാവുമോ?. അതല്ല മനുഷ്യന് തന്നെ സ്വയം കണ്ടെത്താന്‍ കഴിയുന്ന പ്രപഞ്ചത്തെയും അതിലെ സൃഷ്ടികളെയും സംബന്ധിച്ച ശാസ്ത്രം മുന്‍കൂട്ടി മനുഷ്യനോട് പറയണമെന്നോ എങ്കില്‍ ഈ സന്‍മാര്‍ഗദര്‍ശനത്തിന് അത് എങ്ങനെയാണ് കൂടുതല്‍ സഹായകമാവുക. ഭൂമിയെക്കുറിച്ചും ആകാശത്തെക്കുറിച്ചും പരിമിതമായ അറിവുണ്ടായിരുന്ന ആളുകളോട് ഭൂമിയെ നാം പടച്ചത് ഗോളരൂപത്തിലാണെന്നും, ഭൂമി സൂര്യനെചുറ്റുകയാണെന്നും നാം അടുത്ത കാലത്ത് മനസ്സിലാക്കിയ കാര്യങ്ങള്‍ പറഞ്ഞതുകൊണ്ട് വല്ല ഉപകാരവും ഉണ്ടാകുമായിരുന്നോ? അതല്ല അതൊന്നും തെളിയിക്കാന്‍ പോലും സാധ്യമല്ലാത്ത കാലത്ത് അത് കൂടുതല്‍ നിഷേധത്തിന് കാരണമാവുകയാണോ ചെയ്യുക.

അപ്പോള്‍ പിന്നെ നിങ്ങള്‍ അവകാശവാദമുന്നയിക്കുന്നതോ എന്ന് ചോദിക്കും. അവകാശവാദം ഇത്രമാത്രമാണ്. ഖുര്‍ആന്‍ മനുഷ്യന് കണ്ടുപിടിക്കാന്‍ കഴിയുന്ന ശാസ്ത്രം പറഞ്ഞുതരാന്‍ അവതരിപ്പിക്കപ്പെട്ടതല്ല. അത് മനുഷ്യന് കണ്ടെത്താം. കണ്ടെത്താതിരിക്കാം. രണ്ടായാലും ഏതൊരു മനുഷ്യനും ആവശ്യമായ സാന്‍മാര്‍ഗികനിയമനിര്‍ദ്ദേശങ്ങളാണ് ഖുര്‍ആന്റെ മുഖ്യപ്രമേയം. അത് മനുഷ്യനെ ബോധ്യപ്പെടുത്താന്‍ അതിന് പിന്നിലെ സ്രഷ്ടാവിനെ ബോധ്യപ്പെടുത്താന്‍, ദൈവം ചില പ്രാപഞ്ചിക പ്രതിഭാസങ്ങളിലേക്ക് സമയാസമയങ്ങളില്‍ ശ്രദ്ധക്ഷണിച്ചിട്ടുണ്ട്. അത്തരം കാര്യങ്ങള്‍ ഇന്നുവരെ തെളിയിക്കപ്പെട്ട ശാസ്ത്രസത്യങ്ങള്‍ക്ക് യോജിച്ചുവരുന്നുവെന്ന് മാത്രമാണ് ഖുര്‍ആനിന്റെ അനുയായികള്‍ അവകാശപ്പെടുന്നത്. അത്രമാത്രമേ അവകാശപ്പെടേണ്ടതായിട്ടുള്ളൂ.

ഖുര്‍ആന്‍ ദൈവവുമായി ബന്ധപ്പെട്ടുപറയുന്ന ഒരു കാര്യവും മനുഷ്യയുക്തിയുമായി ഇടയുന്നതല്ല. അദൃശ്യനായ ദൈവവും, ദൈവമാണ് ഈ പ്രപഞ്ചം സൃഷ്ടിച്ചതെന്നുമുള്ള വസ്തുത ഒരു പരീക്ഷണനിരീക്ഷണങ്ങളിലൂടെയും സ്ഥിരീകരിക്കാനോ തള്ളിക്കളയാനോ സാധ്യമല്ല. അത്തരം കാര്യങ്ങളാണ് പ്രവാചകന്‍മാരിലൂടെ ദൈവം മനുഷ്യനെ അറിയിച്ചിട്ടുള്ളത്. മനുഷ്യന് സന്മാര്‍ഗദര്‍ശനത്തിന് ഈ സംവിധാനം ഫലപ്രദമായിരുന്നുവെന്നതാണ് ചരിത്രത്തില്‍നിന്ന് നമുക്ക് ലഭിക്കുന്നത്. ചിലരതിനെ പരിഹസിക്കുകയും നിഷേധിക്കുകയും ചെയ്യുന്നുണ്ട് എന്നത് സത്യം. അത് അങ്ങനെതന്നെയാവും സംഭവിക്കുക എന്നതും ഖുര്‍ആനില്‍ തന്നെ കാണാം എന്നിരിക്കെ അതില്‍ അത്ഭുതത്തിന് ഒരു അവകാശവുമില്ല.

ദൈവത്തിന്റെ അയോഗ്യതപറഞ്ഞുവേദഗ്രന്ഥങ്ങളെ നിഷേധിക്കുന്നത് വലിയ ബുദ്ധിയായി നിഷേധികള്‍ക്ക് തോന്നുമെങ്കിലും നൂഹ് നബിയുടെ ജനതമുതല്‍ അവതരിപ്പിച്ച അതേ അയോഗ്യത തന്നെയാണ് ഈ ആധുനിക കാലത്തും നിഷേധികളുടെ ന്യായം എന്നത് മാത്രമാണ് എനിക്ക് അത്ഭുതമായി തോന്നുന്നത്.

ഇത്രയും കാര്യങ്ങള്‍ മനസ്സിലാക്കിയാല്‍, യുക്തിവാദികള്‍ കാണുന്ന, ദൈവത്തിന്റെ അയോഗ്യതകള്‍ വായിക്കുന്നത് രസകരമായിരിക്കും.  അത് അടുത്ത പോസ്റ്റില്‍ വായിക്കാം.

2019, ജൂലൈ 13, ശനിയാഴ്‌ച

ജീവിതത്തില്‍ ഉത്തരം കണ്ടെത്തേണ്ട 10 ചോദ്യങ്ങള്‍

നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട പത്ത് ചോദ്യങ്ങള്‍ക്ക് യുക്തിവാദികള്‍ നല്‍കിയ മറുപടി മുമ്പുള്ള ഒരു പോസ്റ്റില്‍ നിങ്ങള്‍ വായിച്ചിരുന്നു. അതെ ചോദ്യങ്ങള്‍ വിശ്വാസിയോട് ചോദിച്ചാലുള്ള മറുപടിയാണ് ഈ പോസ്റ്റില്‍. വിശ്വാസിയോടുള്ള ചോദ്യം എന്ന നിലക്ക് ചെറിയമാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ആ പോസ്റ്റിന്റെ ഒരു തുടര്‍ചയാണിത്. വായിക്കാത്തവര്‍ ആദ്യം അത് വായിക്കുക. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

1. ഈ പ്രപഞ്ചം ഉണ്ടാതെങ്ങനെയാണ് ?.  ഇതേക്കുറിച്ച് കേവലം ചില ഊഹങ്ങളല്ലാതെ വ്യക്തമായ വല്ല തെളിവുകളും നിരത്താൻ ആവുമോ? ഉണ്ടെങ്കിൽ അതെന്താണ് ?.

ഉത്തരം: ഈ പ്രപഞ്ചം ദൈവം  സൃഷ്ടിച്ചതാണ്. മനുഷ്യനടക്കമുള്ള ജീവജാലങ്ങൾ ദൈവം ഉദ്ദേശ്യപൂ‍‍വ്വം സൃഷ്ടിച്ചതും അവന്റെ തന്നെ മേൽനോട്ടത്തിലുമാണ്. കേവല ഊഹങ്ങളല്ല ഇവയുടെ പിൻബലം മറിച്ച് വിശുദ്ധ വേദഗ്രന്ഥമായ ഖു‍ആൻ അവ വ്യക്തമാക്കിയിരിക്കുന്നു. മനുഷ്യയുക്തിക്കും ഈ അത്ഭുതകരമായ പ്രപഞ്ചഘടനക്കും അവയിലെ അനിതസാധാരണമായ ആസൂത്രണ പ്രവ‍ത്തനങ്ങള്‍ക്കും പിന്നിൽ യുക്തിമാനായ ഒരു അസ്തിത്വം ഉണ്ടെന്ന കാര്യം എളുപ്പം ഉൾകൊള്ളാനാവുന്നു. 

2. ഈ ഭൂമിയിൽ ജീവികൾ ഉണ്ടാതെങ്ങനെ?. ഭൂമിയിൽ മനുഷ്യവാസം ആരംഭിച്ചിട്ട് എത്രവർഷമായി?. യുക്തിവാദമനുസരിച്ച് മനുഷ്യന് ഇതര ജീവികളിൽനിന്നും വല്ല പ്രത്യേകതയും ഉണ്ടോ?. ധാർമികമായി വല്ല നിയമവും അവൻ പിന്തുടരാൻ ബാധ്യസ്ഥനാണോ?. ഉണ്ടെങ്കിൽ അത് ആരാണ് ഉണ്ടാക്കിയത്?. 

ഈ ഭൂമിയിൽ ജീവിവ‍ഗ്ഗം തനിയെ ഉണ്ടായതല്ല. ദൈവത്തിന്റെ ആസൂത്രിതവും ബോധപൂ‍വവുമായ സൃഷ്ടിപ്പാണതിന് കാരണം. മനുഷ്യവാസം ആരംഭിച്ചിട്ട് എത്രവ‍ഷമായി എന്ന ച‍ച്ചക്ക് സൃഷ്ടിവാദമനുസരിച്ച് പ്രസക്തി തോന്നുന്നില്ല. മനുഷ്യന് ഇതര സൃഷ്ടികളിൽ നിന്ന് വിഭിന്നമായ സവിശേഷതകളുണ്ട്. വിവേചന ബുദ്ധിയും യുക്തിയുമാണവയിൽ പ്രധാനം. ഇതര ജീവിജാലങ്ങൾ അവയുടെ ജന്മവാസനയനുസരിച്ച് ജീവിച്ച് മരിച്ചുപോകുമ്പോൾ മനുഷ്യൻ അവയെയൊക്കെ ബുദ്ധിപരമായി ഉപയോഗപ്പെടുത്താൻ കഴിയുന്ന അവസ്ഥയിലാണ്. ഈ കഴിവുകൊണ്ടുതന്നെ മനുഷ്യൻ അവന്റെ പ്രവ‍ത്തനങ്ങൾക്ക് ഉത്തരവാദിയാണ്. 

3. മനുഷ്യന്റെ യഥാർത്ഥ ജീവിത ദൌത്യം എന്താണ് ?. അവന് ആരോടെങ്കിലും വല്ല കടപ്പാടും ഉണ്ടോ ?.

ഈ ഭൂമിയിൽ അതിന്റെ താളഐക്യം നഷ്ടപ്പെടുത്താതെ സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കുക. ഇതര സൃഷ്ടിജാലങ്ങൾക്ക് അവ അര്‍ഹിക്കുന്ന പരിഗണനനൽകുക. അതിനായി ദൈവത്തിങ്കൽനിന്ന് കാലാകാലങ്ങളിൽ അവതീ‍ര്‍ണമായ സന്ദേശം പിൻപറ്റുക. ഇതാണ് മനുഷ്യൻ്റെ ജീവിത ദൌത്യം. തീ‍ച്ചയായും മനുഷ്യന് അവന്റെ സൃഷ്ടാവിനോട് കടപ്പാടുണ്ട്. അതിനാൽ അവന്റെ കൽപനകൾ അവൻ പൂര്‍ണമായി അനുസരിക്കണം. അവൻ ആരെയൊക്കെ പരിഗണിക്കമെന്ന് കൽപിച്ചുവോ അവരോടുള്ള ബാധ്യതകൾ നി‍വഹിക്കണം. ഇതൊന്നും ദൈവത്തിന് വേണ്ടിയല്ല. മനുഷ്യന്റെ അവസ്ഥകളറിയുന്ന സ്രഷ്ടാവായ ദൈവം മനുഷ്യന്റെ നന്മക്ക് കാണിച്ചുതന്ന ജീവിതമാര്‍ഗം പിന്‍പറ്റുമ്പോള്‍ വ്യക്തിക്കും സമൂഹത്തിനും നന്മവരുന്നു. 

4. മനുഷ്യന്റെ ചരിത്രത്തിൽ അവരിൽ ഭൂരിപക്ഷവും ഒരു ദൈവത്തിൽ വിശ്വസിക്കുകയോ പല ദൈവസങ്കൽപ്പങ്ങൾ വെച്ചുപുലർത്തുകയോ ചെയ്തിരുന്നു. എന്താണിതിന് കാരണം ?. 

മനുഷ്യൻ പൊതുവെ ഈ പ്രപഞ്ച ഉണ്മക്ക് യുക്തിപരമായ ഒരു ന്യായം തേടുന്നു. അതിന്റെ ഫലമായി അതിന്റെ പിന്നിൽ ഒരു അമാനുഷിക ശക്തിയെ കണ്ടെത്തുന്നു. പക്ഷെ ദൈവികമായ സന്ദേശത്തിന്റെ അഭാവത്തിൽ പല സൃഷ്ടികളിലും ദിവ്യത്വം ദ‍ശിക്കുകയോ അവയെ ദൈവത്തിന്റെ പ്രതിരൂപമായി ആരാധിക്കുകയോ ഒക്കെ ചെയ്തുവരുന്നു. പലപ്പോഴും അത്തരം ചെയ്തികൾ യുക്തിവിചാരത്തിൽ നിന്ന് പുറത്തുകടക്കുകയും യുക്തിരഹിതമായി തീരുകയും ചെയ്യുന്നു. അങ്ങനെ ആള്‍ദൈവത്തെയും ബിംബങ്ങളെയും പ്രകൃതിശക്തികളെയും ആരാധിക്കുന്നു. എന്നാല്‍ വേദഗ്രന്ഥങ്ങളെന്ന പേരിലുള്ള ഇതരമതങ്ങളിലുള്ള പുണ്യഗ്രന്ഥങ്ങളില്‍ പോലും ഏകദൈവവിശ്വാസത്തെ അനുകൂലിക്കുകയും അത്തരത്തിലുള്ള ആരാധനകളെ തിരസ്കരിക്കുകയും ചെയ്യുന്ന വചനങ്ങള്‍ ധാരാളമായി കാണാനാവും. 

5. മനുഷ്യൻ പിന്തുടരുന്ന ധാർമിക മൂല്യങ്ങൾ മനുഷ്യരുണ്ടാക്കിയതാണോ?. അവയെ പിന്തുടരുന്നതിന്റെ ന്യായം എന്താണ് ?. 

മനുഷ്യന്റെ ജീവിതം അ‍ത്ഥപൂ‍ണമാവണമെങ്കില്‍ അവൻ ചില ധാ‍മികസദാചാര നിയമങ്ങൾ ബോധപൂ‍വം പിന്തുടരേണ്ടതുണ്ട്. അല്ലെങ്കിൽ മനുഷ്യജീവിതവും മൃഗങ്ങളുടെ അവസ്ഥയും തുല്യമാവുക മാത്രമല്ല അവയെക്കാൾ അധഃപതിക്കുകയും ചെയ്യും. അതിനാൽ ദൈവം പ്രവാചകൻമാരിലൂടെ നൽകിയത് ഈ ധാ‍മിക മൂല്യങ്ങളാണ്. ഒരിക്കലും മാറ്റം ആവശ്യമില്ലാത്ത മൂല്യങ്ങൾ ദൈവദത്തമാണ്. എങ്കിലും ഏത് മനുഷ്യനും അവയെ പെട്ടെന്ന തിരിച്ചറിയാൻ കഴിയും അതിനാൽ അറിയപ്പെടുന്നത് എന്നർഥമുള്ള (മഅ്റൂഫ്) വാക്കാണ് ഖു‍ആൻ അതിന് പ്രയോഗിച്ചിട്ടുള്ളത്. ഏതൊരു വിഭാഗത്തിലും സമാധാനം പുലരുന്നത് ഈ മുല്യങ്ങള്‍ പാലിക്കുമ്പോഴാണ്. കള്ളന്‍മാരും കൊള്ളക്കാരും ഒത്തൊരുമിച്ച് സമാധാനത്തോടെ പ്രവര്‍ത്തിക്കുന്നത് പോലും സത്യസന്ധത എന്ന ഗുണം അവരുടെ ഗ്യാങില്‍ പ്രാവര്‍ത്തികമാക്കുമ്പോഴാണ്. 

6. ഈ ലോകത്ത് പൂർണമായ നീതി പുലരുന്നതായി കാണുന്നില്ല. എന്നിരിക്കെ നീതി ലഭ്യമാക്കാത്തവരുടെ അവസ്ഥയെന്താണ്?. കുറ്റവാളികൾക്ക് അർഹിക്കുന്ന ശിക്ഷ ലഭിക്കുന്നില്ല. മറ്റുള്ളവർക്ക് നന്മ ചെയ്യാനുള്ള ശ്രമത്തിനിടയിൽ മരണപ്പെടുന്നവരുടെ അവസ്ഥയെ എങ്ങനെ വിലയിരുത്തുന്നു?. 

ഈ ലോകത്ത് പൂർണമായ നീതി പുലരുന്നില്ല എന്നത് യാഥാര്‍ഥ്യം. കുറ്റവാളി പലപ്പോഴും ശിക്ഷിക്കപ്പെടാതെ പോകുന്നു. നിരപരാധികൾ ക്രൂരമായ പീഢനത്തിനും ശിക്ഷക്കും വിധേയമാകുന്നു. അതുകൊണ്ടുതന്നെ ഇഹലോകത്തിനപ്പുറത്ത് നീതിപൂ‍വകമായ വിചാരണയും ശിക്ഷയും പ്രതിഫലവും നൽകപ്പെടുന്ന ഒരു ലോകം ഏതൊരു മനുഷ്യന്റെയും ആഗ്രവും സ്വപ്നവുമാണ്. ദൈവം അനുശാസിക്കുന്ന വിധത്തിൽ ക‍‍ർമങ്ങളനുഷ്ടിച്ചവർക്ക് ഇവിടെ കാണപ്പെടുന്ന പൂ‍ര്‍ണമായ നീതി പൂലരാത്ത അവസ്ഥയിൽ അത്ഭുതമില്ല. അവർ  നീതി പുലരുന്ന  ലോകം മുന്നിൽ കാണുന്നു. മറ്റുള്ളവർക്ക് നന്മചെയ്യാനുള്ള ശ്രമത്തിൽ മരണപ്പെടുന്നത് അതുകൊണ്ടുതന്നെ ഒരു ദുര്യോഗമോ ഏറ്റവും വലിയ ഒരു ദുർഭാഗ്യമോ ആയിക്കാണാൻ വിശ്വാസിക്ക് സാധ്യമല്ല. 

7. മതവിശ്വാസികൾ ആരോ എഴുതിയുണ്ടാക്കിയ പുസ്തകത്തെ ദൈവികമായി കണ്ട് പിന്തുടരുകയാണ് എന്നതാണല്ലോ  യുക്തിവാദികളുടെ ആരോപണം. അതിനുള്ള മറുപടി എന്താണ് ? 

മനുഷ്യരൊക്കെയും ആരുടെയോ നിർദ്ദേശങ്ങളും കൻപനകളും അനുസരിക്കുന്നവ‍ർതന്നെയാണ്. ഇല്ലെങ്കിൽ സ്വന്തം അറിവിന്റെയും അനുഭവത്തിന്റെയും അടിസ്ഥാനത്തിൽ ജീവിക്കുന്നവർ. ആ നിലക്ക് തങ്ങളുടെ ബുദ്ധിക്കും യുക്തിക്കും സമ്പൂർണ തൃപ്തി പ്രദാനം ചെയ്യുന്ന ഒരു വേദഗ്രന്ഥത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നതിൽ ഒട്ടും തന്നെ ഒരു വിശ്വാസി ലജ്ജിക്കുന്നില്ല. ആരോ എഴുതിയുണ്ടാക്കി എന്നതില്‍ ഒരു യുക്തിവാദിക്ക് പരാതിയുണ്ടാവേണ്ടതില്ല. അതിലുള്ള കാര്യങ്ങള്‍ മനുഷ്യനന്മക്കുതകുന്നതാണോ അതല്ല അവനെ ചൂഷണം ചെയ്യുന്നതാണോ എന്നേ യഥാര്‍ഥത്തില്‍ തന്നെ യുക്തിവാദി അന്വേഷിക്കേണ്ടതുള്ളൂ. 

8. മതജീവിതം കൊണ്ട് നിങ്ങൾ ഈ ലോക ജീവത്തിൽ എന്ത് നേട്ടമാണ് ഉണ്ടാക്കിയത്?. മതിനിഷേധികളെക്കാള്‍ നിങ്ങളെന്ത് ഭൌതികസുഖമാണ് അനുഭവിച്ചത്?. 

മതമുക്തമായ ജീവിതം വല്ല സന്തോഷവും അധികമായി നൽകും എന്ന് ഒരു വിശ്വാസിക്ക് തോന്നാനിടയില്ല. കാരണം താൽകാലികമായി ചില സൌകര്യങ്ങൾ അനുഭവപ്പെടാമെങ്കിലും ജീവിതത്തിലുടനീളം അവ‍ അനുഭവിക്കുന്ന ആത്മീയമായ ശൂന്യതയും ദീർകാലാടിസ്ഥാനത്തിൽ നോക്കുമ്പോൾ താൽകാലിക സുഖഭോഗങ്ങളുടെ ഫലവും മതമുക്തമായ ജീവിതം വലിയ ഒരു ദുരന്തമാണ് മനുഷ്യന് നൽകുന്നത് എന്ന് വ്യക്തമാക്കുന്നു. എന്നാല്‍ മതവിശ്വാസിക്കാകട്ടെ അവന്റെ ജീവത്തിലുണ്ടാവുന്ന ഏത് കാര്യവും നന്മയായിട്ടേ അവന് അന്തിമമായി കലാശിക്കൂ എന്ന വിശ്വാസം ഉണ്ട്. അതിനാല്‍ അവന്‍ ജീവതത്തില്‍ സ്വസ്ഥനാണ്. മറിച്ച് തന്റെ ജീവിതം മുഴുവന്‍ തന്റെ യുക്തിയനുസരിച്ചാണ് നീങ്ങുന്നതെന്ന് വിശ്വസിക്കുന്നവന്‍ തകര്‍ചയ്യില്‍ പതറുകയും നിരാശയിലകപ്പെടുകയും ചെയ്യും. 

9. മതവിശ്വാസികൾ അവരുടെ യുക്തിയനുസരിച്ചുള്ള ജീവിതമാണ് നയിക്കുന്നത് എന്ന് അംഗീകരിക്കാൻ യുക്തിവാദികൾക്ക് എന്തുകൊണ്ടാണ് സാധിക്കാത്തത്?.

യുക്തിവാദം എന്നാല്‍  യുക്തിഅനുസരിച്ച് ജീവിതത്തെ കാണുക അതനുസരിച്ച് പ്രവര്‍ത്തിക്കുക എന്നാണ് യുക്തിവാദികള്‍ പ്രചരിപ്പിക്കാറുള്ളതെങ്കിലും ദൈവത്തെ നിഷേധിക്കുന്ന ഒന്നിനെയാണ് അവര്‍ യുക്തിവാദമായി അംഗീകരിക്കുന്നത്.  അല്ലായിരുന്നെങ്കില്‍ ദൈവമുണ്ടെന്ന് പറയുന്നവന്റെ യുക്തിയെ ചോദ്യം ചെയ്താലും അത് യുക്തിയല്ല എന്ന് യുക്തിയെതന്നെ അവര്‍ നിഷേധിക്കില്ലായിരുന്നു.   യുക്തിവാദി പലകാര്യത്തിലും തികഞ്ഞ അജ്ഞത പുലർത്തുന്നവനാണ്. എല്ലാ ദൈവവിശ്വാസികളും യുക്തിപരമായ വിശ്വാസമാണ് ഉള്‍കൊള്ളുന്നതെന്ന് എനിക്ക് അഗീകരിക്കാനാവില്ലെങ്കിലും അതവരുടെ യുക്തിയാണ് എന്നംഗീകരിക്കാന്‍ എനിക്ക് പ്രയാസമില്ല. ദൈവവിശ്വാസം യുക്തിഹീനവും ദൈവനിഷേധം യുക്തിപരവുമാണ് എന്നത് യുക്തിവാദിയുടെ ഒട്ടും യുക്തിപരമല്ലാത്ത ഒരു യുക്തിയാണ് എന്ന് പറയേണ്ടിവരും. 

10. മനുഷ്യരുടെ മരണശേഷം എന്തുസംഭവിക്കുമെന്നാണ് താങ്കള്‍ പ്രതീക്ഷിക്കുന്നത് അഥവാ വിശ്വസിക്കുന്നത് ?

മനുഷ്യരൊക്കെയും മരണശേഷം അവരുടെ ജീവിതത്തിന്റെ കണക്കു ബോധിപ്പിക്കാൻ ദൈവസമക്ഷം ഒരുമിച്ചു കൂട്ടപ്പെടുന്ന ഒരു ദിനം വരാനുണ്ട്. അന്ന് പൂർ‍ണമായ നീതി നടപ്പിലാക്കപ്പെടും ഇതാണ് ഖുർആൻ നൽകുന്ന ഇസ്ലാമികമായ കാഴ്ചപ്പാട്. ഈ വിശ്വാസം ഒട്ടേറെ ഗുണങ്ങൾ ജീവിതത്തിന് നൽകുന്നു. മനസ്സമാധാനവും സംതൃപ്തിയും പ്രാധനം ചെയ്യുന്നുവെന്നതിനാൽ ഈ കാഴചപ്പാട് ലഭിച്ചത് ഒരു വലിയ അനുഗ്രമായി വിശ്വാസി മനസ്സിലാക്കുന്നു. 

ഒരു മനുഷ്യന്‍ ജീവിതത്തില്‍ ആഗ്രഹിക്കുന്നതെന്ത് ?


യുക്തിവാദമെന്നാല്‍ ഇസ്ലാം വിമര്‍ശനം എന്ന നിലയിലേക്ക് മാറിയിട്ട് ഏതാനും വര്‍ഷങ്ങളായി. മുമ്പ് കാലത്ത് അവരുടെ തന്നെ വാദമനുസരിച്ച് ഏല്ലാ മതങ്ങളെയും വിമര്‍ശിക്കുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ പിന്നീടത് ഇസ്ലാം വിമര്‍ശനമായി മാറിയിരിക്കുന്നു. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ബ്ലോഗ് ക്രിയേറ്റ് ചെയ്യാനുണ്ടായ കാരണം തന്നെ ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ ചര്‍ചകളുടെ അതിപ്രസരമായിരുന്നു. ഇസ്ലാമിനെ വിമര്‍ശിക്കുന്നത് യുക്തിവാദികളാണ് ആരംഭിച്ചത് അതിനുള്ള ധൈര്യം അവര്‍ക്ക് മാത്രമാണ് ഉള്ളത് എന്ന നിലക്കുള്ള തള്ള് ഇപ്പോള്‍ പതിവായി അവര്‍ ഉയര്‍ത്താറുണ്ട്. നിരന്തരമായ യുക്തിവാദി വിമര്‍ശനം കൊണ്ട് ഇപ്പോള്‍ മുസ്ലിംകള്‍ക്ക് വിമര്‍ശനം സഹിക്കാനുള്ള സഹിഷ്ണുത വന്നുവെത്രെ. ഇതൊരു മഹത്തായ നേട്ടമായി അവര്‍ പലപ്പോഴും എടുത്ത് പറയുന്നുണ്ട്. സത്യത്തില്‍ ഇസ്ലാമിലെ അവസാന ദൈവദൂതന്‍ ആഗതനായി പ്രബോധനമാരംഭിച്ചതുമുതല്‍ അതിനോടുള്ള ശത്രുതയും എതിര്‍പ്പും വിമര്‍ശനവും ആരംഭിച്ചിട്ടുണ്ട്. ഖുര്‍ആനിലെ വലിയ ഒരളവോളം സൂക്തങ്ങള്‍ അത്തരം പരാമര്‍ശങ്ങളുള്ളതാണ്. അതിനുമപ്പുറം സായുധമായ പോരാട്ടങ്ങളും അതിനെതിരെ ഏറ്റവും ശക്തിയുണ്ടായിരുന്നത് അന്നായിരുന്നു. ലോകചരിത്രത്തില്‍ പിന്നീട് ഇന്നെവരെ അത്തരം ബഹുമുഖമായ ആക്രമണം ഇസ്ലാമിനെതിരെ നടന്നിരുന്നോ എന്നത് സംശയമാണ്. പ്രവാചകനെ അവര്‍ക്ക് അന്ന് വിളിക്കാവുന്ന ഏറ്റവും കടുത്ത പ്രയോഗങ്ങളാല്‍ തന്നെ അവര്‍ അഭിസംബോധന ചെയ്തിരുന്നു. ഭ്രാന്തന്‍, മാരണക്കാരന്‍, കവി, കള്ളപ്രവാചകന്‍, കട്ടെഴുത്തുകാരന്‍ ഇതൊക്കെ ഖുര്‍ആന്‍ സൂചിപ്പിച്ച അവരുടെ ചില പ്രയോഗങ്ങളാണ്. ഈ എതിര്‍പ്പുകളില്‍ വല്ലകാര്യവും ഉണ്ടായിരുന്നെങ്കില്‍ പ്രവാചകാധ്യാപനങ്ങള്‍ ലോകത്ത് ഇന്ന് കാണുന്ന വിധം പ്രചരിക്കകയോ ഒന്നര സഹസ്രാബ്ദമായി നിലനില്‍ക്കുകയോ ചെയ്യുമായിരുന്നില്ല. അന്നും അതിന് ശേഷവും നിലനിന്ന് സകല എതിര്‍പ്പുകളെയും അതിജീവിച്ച് അത് മുന്നോട്ട് പോകുന്നതിന് യുക്തിപരമായ ഒരൊറ്റ ന്യായമേ ഞാന്‍ കാണുന്നുള്ളു. സത്യം എതിര്‍ക്കുന്നവരുടെ പക്ഷത്തല്ല എന്നതുമാത്രം. 

ഓരോ കാലത്തും ആക്ഷേപങ്ങള്‍ സമാനസ്വാഭാവമുള്ളതാണെങ്കിലും ഒരേ തരത്തിലായിരുന്നില്ല. അക്കാലത്ത് ആക്ഷേപിക്കാന്‍ ഏറ്റവും ശക്തമായ പ്രയോഗമാണ് പ്രതിയോഗികള്‍ തേടാറുള്ളത്. നബിയുടെ കാലത്ത് ഭ്രാന്ത്, മാരണക്കാരന്‍ എന്നതൊക്കെ ആളുകളെ ഇതില്‍നിന്നകറ്റാന്‍ ആക്ഷേപമായി ഉപയോഗിച്ചുരുന്നുവെങ്കില്‍ പിന്നീടത്, ബാര്‍ബേറിയന്‍മാര്‍ എന്നായി മുസ്ലിംകളെക്കുറിക്കുന്ന പദപ്രയോഗം (ചരിത്രപരമായി അന്വേഷിക്കുമ്പോള്‍ വളരെ രസകരമായ ചില കാരണങ്ങള്‍ അതിന് പിന്നിലുണ്ട്), പീന്നീട് മതമൗലികവാദികള്‍ എന്നും അതിനു ശേഷം തീവ്രവാദികള്‍ എന്നും അതിന് ഗൗരവം പോയപ്പോള്‍ ഭീകരവാദികള്‍ എന്നും ഉപയോഗിച്ചു. അതിന് ശേഷം ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഐ.എസ്സിലേക്ക് ചേര്‍ത്തുകൊണ്ടാണ്. ഇസ്ലാമിനെ സംബന്ധിച്ച് വളരെ മിതമായ ഒരു പോസ്റ്റിട്ടാല്‍ തന്നെ കമന്റില്‍ വന്ന് ചോദിക്കുക. താങ്കളെപ്പോഴാണ്  ചന്തിക്ക് വെടികൊള്ളാന്‍ (ചന്തിക്കുള്ള തെക്കന്‍ ഭാഷയാണ് ഫെയ്കുകള്‍ സാധാരണ ഉപയോഗിക്കുക അത് ഇവിടെ പറയുന്നില്ല. വടക്ക് ഭാഗത്ത് അതിന് അര്‍ഥം വേറെയാണ്) സിറിയയിലേക്ക് പോകുന്നത് എന്നായിരിക്കും.

മതനിഷേധികള്‍ പ്രചരിപ്പിക്കുന്ന ഒരു സന്ദേശം
ഇസ്ലാമിനെ എതിര്‍ക്കുന്നതും വിമര്‍ശിക്കുന്നതും ഏതോ മഹത്തായ മനുഷ്യനന്മക്കുള്ള പ്രവര്‍ത്തനം എന്നാണ് യുക്തിവാദ ലൈന്‍. നിരന്തരമായി അത് കേള്‍ക്കേണ്ടിവന്നപ്പോഴാണ്. മനുഷ്യന്റെ ഇഹപര നന്മ മാത്രം ലക്ഷ്യം വെക്കുന്ന ഇസ്ലാം എന്ന ജീവിത ദര്‍ശനത്തിന്റെ ഒരു വ്യക്തിയിലുണ്ടാക്കുന്ന സദ്ഫലങ്ങളെക്കുറിച്ച് അവരുടെ തന്നെ ഗ്രൂപ്പില്‍ ഒരു കുറിപ്പ് ഇടേണ്ടിവന്നത്.   ആ പോസ്റ്റ് അതുകൊണ്ട് തന്നെ ഇവിടെ നല്‍കുകയാണ്. അതിലെ പത്തുപോയിന്റുകള്‍ ഓരോന്നായി വിശദീകരിക്കണമെന്നുണ്ട്. 


ഇസ്ലാമിക വിശ്വാസം എനിക്ക് നല്‍കിയതെന്തൊക്കെ എന്ന് ഇവിടെ പറയാം. ഇത് എന്റെ മാത്രം അവസ്ഥയല്ല. ഇതില്‍ ലൈക്ക് ചെയ്യുന്നവരുടെ കൂടിയാണ്. അതുമല്ല ഇസ്ലാം ഒരു വ്യക്തിക്ക് നല്‍ക്കുന്ന അനുഗ്രഹങ്ങളില്‍ ചിലത് മാത്രമണ്. 1. ഈ ജീവിതത്തെക്കുറിച്ച വ്യക്തമായ ഒരു കാഴ്ചപ്പാടും ദിശാബോധവും അതെനിക്ക് നല്‍കി. 

2. ഞാനും മറ്റുമനുഷ്യരും തമ്മിലുള്ള ബന്ധമെന്താണെന്നും, ഞാനും ഈ പ്രകൃതിയും അതിലെ കോടാനുകോടി ജീവജാലങ്ങളും തമ്മിലുള്ള ബന്ധം എന്താണെന്നും ഞാനും തന്റെ സൃഷ്ടാവും തമ്മിലുള്ള ബന്ധമെന്താണെന്നും മനസ്സിലാക്കി. 

3. ഞാന്‍‍ എവിടെ നിന്ന് വന്നുവെന്നും, എന്താണ് എനിക്ക് നിര്‍വഹിക്കാനുള്ള ദൗത്യമെന്നും, ഞാന്‍‍ ഇനി എങ്ങോട്ട് പോകുന്നുവെന്നും മനസ്സിലാക്കി. 

4. മനുഷ്യന്‍മാരുണ്ടാക്കിയ സകല ചങ്ങലകളില്‍നിന്നും അടിമത്തത്തില്‍നിന്നും മോചിതനായി. 

5. ജീവിതത്തില്‍ നിറഞ്ഞ സന്തോഷം അനുഭവിക്കാനായി. എന്തുകൊണ്ടെന്നാല്‍ ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ഒരു പരീക്ഷണത്തിന്റെ ഭാഗമാണെന്നും അതിനെ സുന്ദരമായി മറികടക്കാനുള്ള മാര്‍ഗങ്ങള്‍ ദൈവികമായി നല്‍കപ്പെട്ട ഗ്രന്ഥത്തിലുണ്ടെന്നതും അങ്ങനെ മറികടക്കുമ്പോള്‍ ഉണ്ടാവുന്ന സൗഖ്യവും സമാധാനവും. (മുസ്ലിംകളില്‍ പൊതുവെ ആത്മഹത്യ കുറവാണ് എന്നതിന്റെ കാരണവും ഇതുതന്നെ.) പ്രതിസന്ധികളില്‍ പ്രയാസം തോന്നാറുണ്ടെങ്കിലും നിരാശപ്പെടുകയോ തകരുകയോ ചെയ്യാറില്ല. 

6. ജീവിതത്തില്‍ നിര്‍ഭയത്വം ലഭിച്ചു. ദൈവം എനിക്ക് ഇഛിച്ചതല്ലാതെ മറ്റൊന്നും സംഭവിക്കുകയില്ലെന്നും. എന്റെ ജീവിതം ഇവിടം കൊണ്ട് അവസാനിക്കുന്നില്ലെന്നും. ഞാന്‍ ‍ മുഴുസമയവും എന്നെ സൃഷ്ടിച്ച് പരിപാലിക്കുന്ന ഒരു സ്രഷ്ടാവിന്റെ കണ്‍മുന്നിലാണെന്ന അടിയുറച്ച വിശ്വാസവും നല്‍കുന്ന ഒരു അനുഭൂതിയും നിര്‍ഭയത്വവുമുണ്ട്. അത് അനുഭവിച്ച് തന്നെ അറിയണം. അത് നിങ്ങളെ പറഞ്ഞുമനസ്സിലാക്കി തരാനും അനുഭവിപ്പിക്കാനും ഞാനശക്തനാണ്. ഇസ്ലാമിനെ മനസ്സിലാക്കി ആചരിച്ച ഒരാളും പിന്നീട് അത് മാറുന്നതിനെക്കുറിച്ച് ചിന്തിക്കാത്തത് ഈ അനുഭവം കൊണ്ടാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. 

7. എല്ലാറ്റിലുമുപരി, നന്മതിന്മകള്‍ക്ക് വ്യക്തമായ ഒരു നിര്‍വചനം ലഭിച്ചു. അതിലൂടെ സാധ്യമായ നന്മകള്‍ ചെയ്തു ജീവിക്കാനാവുന്നതുമൂലം ജീവിതത്തില്‍ ഒരു മനുഷ്യന് ലഭിക്കാനിടയുള്ള സകല സൗഭാഗ്യങ്ങളും ആസ്വദിച്ചു ജീവിക്കാനാകുന്നു. (അവസാനിക്കുന്നില്ല) 

8. എന്റെ ജീവിതത്തിന് മുഴുവനും വഴിക്കാട്ടിയായി മനുഷ്യരുടെ കൈകടത്തലുകളില്‍നിന്ന് മുക്തമായ ഒരു ദൈവിക ഗ്രന്ഥം എനിക്ക് ലഭിച്ചു. അതാണ് വിശുദ്ധഖുര്‍ആന്‍. 
9. ജീവിതത്തിന് മാതൃകയായി ഒരു ലോകനേതാവിനെ തന്നെ എനിക്ക് ലഭിച്ചു. ജീവിതത്തിന് മാതൃകയാക്കാവുന്ന ഒരു വ്യക്തി വേണം. ഇല്ലെങ്കില്‍ അങ്ങനെ ഒരാളെ മനുഷ്യന്‍ ഉണ്ടാക്കും. എന്നാല്‍ ഇവിടെ എനിക്ക് അങ്ങനെ ഒരു വ്യക്തിയെ തേടിപ്പിടിക്കേണ്ടി വന്നില്ല. ദൈവദൂതനായ മുഹമ്മദ് നബി (അദ്ദേഹത്തില്‍ ദൈവത്തിന്റെ സമാധനവും ശാന്തിയും വര്‍ഷിക്കുമാറാകട്ടെ) എന്റെ ജീവിതത്തിന് എനിക്ക് മാതൃകയാണ്. അദ്ദേഹത്തിന്റെ ഒരു നിഴലുപോലുമാകാന്‍ എനിക്ക് സാധിച്ചിട്ടില്ലെങ്കിലും. 


10. ഒരു മനുഷ്യന് ജീവതത്തില്‍ ലഭിക്കാവുന്ന ഒരു സുഖാസ്വാദനവും ഇസ്ലാം മൂലം എനിക്ക് തടയപ്പെട്ടതായി കാണാനാവുന്നില്ല. കാരണം എന്റെ നാഥന്‍ എന്നോട് നിരോധിച്ചതല്ലാം മ്ലേഛതകളാണ്. പ്രത്യക്ഷത്തില്‍ അവയില്‍ ചിലത് ആസ്വാദനമായി യുക്തിയില്ലാത്തവര്‍ക്ക് തോന്നുമെങ്കിലും ഇതില്‍നിന്നൊക്കെ തടയാനായി 40 വര്‍ഷമല്ല 400 വര്‍ഷം യുക്തിവാദികളെന്ന് പറയുന്നവര്‍ അധ്വാനിച്ചാലും ഒരു കാര്യവുമില്ലന്നറിയുന്നതിനാല്‍ അവരോട് അല്‍പം സഹതാപം മാത്രം.

 ----------------

ഇതിന് മറുപടിയെന്ന നിലയില്‍ E A Jabbar എന്ന യുക്തിവാദി ഇങ്ങനെ പറഞ്ഞു. 


സ്വതന്ത്രചിന്ത എനിക്ക് നല്കിയതെന്തൊക്കെ എന്ന് ഇവിടെ പറയാം. ഇത് എന്റെ മാത്രം അവസ്ഥയല്ല. ഇതില് ലൈക്ക് ചെയ്യുന്നവരുടെ കൂടിയാണ്. അതുമല്ല യുക്തിവാദം ഒരു വ്യക്തിക്ക് നല്ക്കുന്ന അനുഗ്രഹങ്ങളില് ചിലത് മാത്രമണ്.


1. ഈ ജീവിതത്തെക്കുറിച്ച വ്യക്തമായ ഒരു കാഴ്ചപ്പാടും ദിശാബോധവും അതെനിക്ക് നല്കി.

2. ഞാനും മറ്റുമനുഷ്യരും തമ്മിലുള്ള ബന്ധമെന്താണെന്നും, ഞാനും ഈ പ്രകൃതിയും അതിലെ കോടാനുകോടി ജീവജാലങ്ങളും തമ്മിലുള്ള ബന്ധം എന്താണെന്നും മനസ്സിലാക്കി.

3. ഞാന്‍‍ എവിടെ നിന്ന് വന്നുവെന്നും, എന്താണ് എനിക്ക് നിര്വഹിക്കാനുള്ള ദൗത്യമെന്നും, ഞാന്‍‍ ഇനി എങ്ങോട്ട് പോകുന്നുവെന്നും മനസ്സിലാക്കി.

4. മനുഷ്യന്മാരുണ്ടാക്കിയ സകല കെട്ടുകഥകളിൽനിന്നും അന്ധവിശ്വാസ ചങ്ങലകളില്നിന്നും അടിമത്തത്തില്നിന്നും മോചിതനായി.

5. ജീവിതത്തില് നിറഞ്ഞ സന്തോഷം അനുഭവിക്കാനായി. എന്തുകൊണ്ടെന്നാല് ജീവിതത്തെ അതിൻ്റെ ശരിയായ അർത്ഥത്തിലും യാഥാർത്ഥ്യബോധത്തോടെയും നോക്കിക്കാണാനായി. ജീവിതത്തെ അതിഗൗരവത്തിൽ കാണാതെ നിസ്സാരമായി കാണുന്നതിനാൽ അമിതമായ ഉൽക്കണ്ഠയോ ഭയമോ ഇല്ലാതെ ഏതു പ്രതിസന്ധികളെയും നിസ്സാരമായി മറികടക്കാനായി. 

6. ജീവിതത്തില് നിര്ഭയത്വം ലഭിച്ചു. ദൈവം എല്ലാം മുൻ കൂട്ടി നിശ്ചയിച്ചു വെച്ചിട്ടുണ്ട് എന്നതുപോലുള്ള വിഡ്ഢിത്തങ്ങളിൽ വിശ്വാസമില്ലാത്തതിനാൽ എല്ലാ കാര്യങ്ങളും ശാസ്ത്രീയമായും ശ്രദ്ധയോടെയും നിർവ്വഹിക്കാനും അതുവഴി പല അപകടസാധ്യതകളെയും ഇല്ലാതാക്കി സുരക്ഷിതമായി ജീവിക്കാനായി. . എന്റെ ജീവിതം ഇവിടം കൊണ്ട് അവസാനിക്കുമെന്നതിനാൽ ഇവിടെ ലഭിച്ച അസുലഭാവസരം പരമാവധി സന്തോഷമായും സമാധാനമായും സഹജീവികളോടൊപ്പം അവരുടെ കൂടി സന്തോഷം ഉറപ്പാക്കിക്കൊണ്ട് ആസ്വദിക്കാനായി. 

7. എല്ലാറ്റിലുമുപരി, നന്മതിന്മകള്ക്ക് വ്യക്തമായ ഒരു നിര്വചനം ലഭിച്ചു. പ്രാകൃത ഗോത്രമനുഷ്യൻ്റെ മാനദണ്ഡങ്ങൾ മാറ്റി ആധുനിക പരിഷ്കൃതമനുഷ്യൻ്റെ മാനദൺഡങ്ങൾക്കനുസരിച്ചു നന്മതിനമാ സങ്കല്പങ്ങളെ മാറ്റി പ്രതിഷ്ഠിക്കാനായി എന്നതാണു ഏറ്റവും പ്രധാന നേട്ടം. അതിലൂടെ സാധ്യമായ നന്മകള് ചെയ്തു ജീവിക്കാനാവുന്നതുമൂലം ജീവിതത്തില് ഒരു മനുഷ്യന് ലഭിക്കാനിടയുള്ള സകല സൗഭാഗ്യങ്ങളും ആസ്വദിച്ചു ജീവിക്കാനാകുന്നു. (അവസാനിക്കുന്നില്ല)

8. എന്റെ ജീവിതത്തിന് മുഴുവനും വഴിക്കാട്ടിയായി മനുഷ്യരുടെ അറിവും ചിന്തയും സർഗ്ഗാത്മകസൃഷ്ടികളും സർവ്വോപരി എനിക്കു കിട്ടിയ യുക്തിചിന്താശേഷിയും ഉപയോഗിക്കാനായി. ആധുനിക മാനവിക മൂല്യങ്ങളെ മനസ്സിലാക്കാനും ഉൾക്കൊള്ളാനും സാധ്യമായി. പ്രാകൃത മതമണ്ടത്തരങ്ങളെ ചവറ്റു കുട്ടയിൽ നിക്ഷേപിച്ചു ശുദ്ധവായു ശ്വസിക്കാനുമായി.

9. ജീവിതത്തിന് മാതൃകയായി ഒരു വ്യക്തിയെ കൾട് നേതാവായി മനസ്സിൽ പ്രതിഷ്ടിക്കുന്നതിനു പകരം വ്യക്തികളെയല്ല നമുക്കു ബോധ്യമായ ശരികളെയാണു നാം മാതൃകയാക്കേണ്ടത് എന്ന പാഠം പഠിച്ചു. 

10. ഒരു മനുഷ്യന് ജീവതത്തില് ലഭിക്കാവുന്ന ഒരു സുഖാസ്വാദനവും യുക്തിചിന്ത മൂലം എനിക്ക് തടയപ്പെട്ടതായി കാണാനാവുന്നില്ല.

ഇതില്നിന്നൊക്കെ തടയാനായി 40 വര്ഷമല്ല 400 വര്ഷം അന്ധവിശ്വാസികൾ അധ്വാനിച്ചാലും ഒരു കാര്യവുമില്ലന്നറിയുന്നതിനാല് അവരോട് അല്പം സഹതാപം മാത്രം.


 -------------------

ഇതില്‍നിന്ന് ഒരു കാര്യം വ്യക്തം ചെറിയ മാറ്റത്തിരുലുകളുണ്ടെങ്കിലും ഒരു വ്യക്തി ഈ ജീവിതത്തില്‍ അനുഗ്രഹമായി കാണുന്നത് ഇതൊക്കെ തന്നെയാണ്. യുക്തിവാദിയാണെങ്കിലും മറ്റേതൊരു മതവിശ്വാസിയാണെങ്കിലും. ഇങ്ങനെ വിശദമായി അതേക്കുറിച്ച് ചിന്തിക്കുന്നില്ലെങ്കിലും ഓരോ വ്യക്തിയും ഉള്ളിന്റെ ഉള്ളിലെങ്കിലും ഇതൊക്കെ ആഗ്രഹിക്കുന്നു. ചിലതെല്ലാം അവന്‍ അതിലൂടെ നേടുന്നു. അതെ നേട്ടമാണ് അവനെ /അവളെ ആ വിശ്വാസത്തിലുറപ്പിച്ച് നിര്‍ത്തുന്നത്. യുക്തിവാദം എന്നാല്‍ അത് കാര്യങ്ങളെ യുക്തിപരമായി കാണുന്ന ഒരു ജീവിതരീതിയാണ് എന്നൊക്കെ ഭംഗിവാക്ക് പറയുമെങ്കിലും ഇപ്പോള്‍ അതിലൂടെ നടക്കുന്നത് അന്ധമായി ദൈവമില്ലെന്ന വിശ്വാസത്തില്‍ സ്വേഛയനുസരിച്ച് ജീവിക്കുന്ന ഒരു ജീവിതരീതിയാണ്. സ്വന്തം യുക്തിയനുസരിച്ച് ഒരാള്‍ നിലവിലുള്ള ഒരു ജീവിതദര്‍ശനത്തെ തെരഞ്ഞെടുത്താല്‍ അത് യുക്തിയായി അംഗീകരിക്കപ്പെടില്ല എന്നതുതന്നെയാണ്. ഇപ്പോഴത്തെ യുക്തിവാദം ഒരു വിശ്വാസമാണ് എന്ന് പറയാനുള്ള കാരണം. 

ഒരാളുടെ യുക്തിപ്രവര്‍ത്തിക്കുന്നത് അയാള്‍ക്ക് ലഭ്യമായ അറിവിന്റെകൂടി പിന്‍ബലത്തിലാണ്. അതുകൊണ്ട് തന്നെ രണ്ട് യുക്തിവാദികളുടെ വിചാരങ്ങളും പ്രവര്‍ത്തനങ്ങളും ഭിന്നമായിരിക്കും. മതത്തെക്കാള്‍ യുക്തിവാദികള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകാനുള്ള കാരണവും അതുതന്നെ. എന്നാല്‍ ദൈവമില്ലന്ന വിശ്വാസമാണ് അവരെ ഒരുമിപ്പിച്ചു നിര്‍ത്തുന്നത്. എന്നാല്‍ ഈ ഗംഭീരമായ പ്രപഞ്ചസംവിധാനം തനിയെ രൂപംകൊണ്ടതാണെന്നത് യുക്തിവിരുദ്ധമായി ഒരു വിശ്വാസിക്ക് അനുഭവപ്പെടുന്നു. പിന്നീട് അതെങ്ങനെ ഉണ്ടായി എന്നതിന് ദൈവം എന്ന് മതവിശ്വാസി ഉത്തരം കൊടുക്കുമ്പോള്‍ തന്നെ പോലും വിശ്വാസിപ്പിക്കാനാവാത്ത പരിണാമസിദ്ധാന്തത്തിലും മറ്റും വിശ്വസിച്ച് യുക്തിവാദി സായൂജ്യമടയുന്നു. 

ജീവിതത്തില്‍ നേടേണ്ട അനുഗ്രഹങ്ങളെക്കുറിച്ച് ദൈവമുണ്ടെന്ന് വിശ്വസിക്കുന്നവനും ഇല്ലെന്ന് വിശ്വസിക്കുന്നവനും ഒരേ കാഴ്ചപ്പാട് ആണ് എന്ന് തെളിഞ്ഞതിനാല്‍ യുക്തിവാദം എങ്ങനെയാണ് അതിലെ ഓരോ പോയിന്റിനും സഹായകമാകുന്നത് എന്നും ഇസ്ലാമിക വിശ്വാസം എങ്ങനയാണവ നേടിത്തരുന്നത് എന്ന ചര്‍ചക്കും വളരെ പ്രസക്തിയുണ്ട്. ആരോഗ്യകരമായ ഈ ചര്‍ചയാകട്ടെ ഇനി യുക്തിവാദിക്കും ഇസ്ലാമിനും ഇടയില്‍ നടക്കേണ്ടത്. 

ഇതിലെ ഓരോ പോയിന്റും അടുത്ത പോസ്റ്റുകളില്‍ വിശദീകരിക്കാന്‍ ഉദ്ദേശിക്കുന്നു. അതിന് ദൈവം ഉതവി നല്‍കുമാറകട്ടെ.. 
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review