ജീവിതവിജയം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ജീവിതവിജയം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014 ജൂലൈ 5, ശനിയാഴ്‌ച

എന്തിനാണ് ദൈവത്തിന് ആരാധന ?


അതെ, ദൈവം നിങ്ങള്‍ക്ക് എളുപ്പമാണ് ഉദ്ദേശിക്കുന്നത്; ഞെരുക്കം ഉദ്ദേശിക്കുന്നില്ല. 

നോമ്പുമായി ബന്ധപ്പെട്ട് വന്ന വിശുദ്ധഖുര്‍ആനിലെ ഒരു സൂക്തത്തില്‍ ഇങ്ങനെ കാണാം. 'അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമാണ് ഉദ്ദേശിക്കുന്നത്. ഞെരുക്കം ഉദ്ദേശിക്കുന്നില്ല.' നോമ്പ് എന്ന അല്‍പം ത്യാഗം ആവശ്യമുള്ള ഒരു കര്‍മം, ഖുര്‍ആനിന്റെ സന്ദേശം സ്വീകരിച്ച വിശ്വാസി സമൂഹത്തിന് നിര്‍ബന്ധമാക്കിയ ശേഷം, റമളാനില്‍ നിങ്ങള്‍ രോഗിയോ യാത്രക്കാരനോ ആണെങ്കില്‍ അതേ മാസം തന്നെ നോമ്പ് അനുഷ്ഠിക്കണമെന്നില്ല, പിന്നീട് മറ്റു മാസങ്ങളില്‍ നോമ്പനുഷ്ഠിച്ച് എണ്ണം തികച്ചാല്‍ മതി എന്ന് പറഞ്ഞതിന് ശേഷമാണ് അല്ലാഹു വളരെ അടിസ്ഥാനപരമായ ഈ പ്രസ്താവന നടത്തുന്നത്. പ്രത്യക്ഷത്തില്‍ അനുഭവപ്പെടുന്നതിന് വിരുദ്ധമാണിത് എന്ന് തോന്നിയതിനാല്‍ ഇതേക്കുറിച്ച് അല്‍പം ചിന്തിച്ചു. നല്ലൊരു വിഭാഗം വിശ്വാസികളും അല്ലാത്തവരും ദൈവികമായ നിയമങ്ങളെ മനുഷ്യനെ ബുദ്ധിമുട്ടിക്കുന്നുവെന്ന് വിശ്വസിക്കുന്നവരാണ്. ഒരാള്‍ ഖുര്‍ആനിന്റെ അനുയായി ആകുന്നതോടെ ഒട്ടനേകം നിര്‍ബന്ധകര്‍മങ്ങളും വിധിവിലക്കുകളും അദ്ദേഹത്തിന് ബാധകമാവുകയാണ്... ജീവിതത്തിലെ സ്വതന്ത്ര്യം നഷ്ടപ്പെടുകയാണ്.... ജീവിതത്തിന്റെ ആസ്വാദനം തന്നെ ഇല്ലാതാവുകയാണ് എന്നൊക്കെയാണ് പൊതുവെയുള്ള ധാരണ. ഇത് കുറച്ചൊക്കെ ശരിയുമാണ്.  മതമില്ലെന്ന് പറയുന്നവരുടെ മുദ്രാവാക്യം തന്നെ ജീവിതം ആസ്വദിക്കൂ എന്നാകുന്നത് ഇതേ ധാരണയില്‍നിന്നാണ്. മനുഷ്യന് ദൈവം എന്ത് ഇഛിക്കുന്നവെന്ന് പറയുന്ന ഖുര്‍ആനിലെ ഭാഗം അതുകൊണ്ടുതന്നെ വളരെ അടിസ്ഥാനപരവും ദൈവത്തിന്റെ ഇതര കല്‍പനകളെ വിശദീകരിക്കാന്‍ പര്യാപ്തവുമാണ്. ആ അടിസ്ഥാനത്തില്‍ നിന്ന് മനുഷ്യന്റെ വിശ്വാസജീവിത്തെ നോക്കിക്കാണാനുള്ള ഒരു ശ്രമമാണ് ഈ പോസ്റ്റില്‍.

എന്തിന് നാം ദൈവത്തെ ആരാധിക്കണം ? 


നാം മനുഷ്യരാണ്. നമ്മില്‍ മഹാഭൂരിപക്ഷവും ഒരു സൃഷ്ടാവിനാല്‍ സൃഷ്ടിക്കപ്പെട്ടവരാണ് മനുഷ്യര്‍ എന്ന് വിശ്വസിക്കുന്നു. ആ സൃഷ്ടാവിനെക്കുറിച്ച് പലതരം വിഭാവനകളും പേരുകളും ഉണ്ടാവമാമെങ്കിലും സമൂഹത്തിലെ ഒരു ന്യൂനാല്‍ ന്യൂനപക്ഷമൊഴികെ ദൈവ വിശ്വാസികളാണ്. മനുഷ്യന്‍ തനിയെ ഉണ്ടായതാണ് എന്ന് വിശ്വസിക്കുന്ന ഒരു ന്യൂനപക്ഷത്തെ ഈ ചര്‍ചയില്‍ തല്‍കാലം അവഗണിക്കുന്നു. ദൈവ വിശ്വാസികള്‍ ചിന്തിക്കട്ടെ, സൃഷ്ടിച്ച ദൈവം തങ്ങളില്‍നിന്ന് വല്ലതും പ്രതീക്ഷിക്കുന്നുണ്ടോ. തങ്ങളുമായി ദൈവത്തിന് സൃഷ്ടിപ്പിന് പുറമെ വല്ല ബന്ധവുമുണ്ടോ?. ഉണ്ടെങ്കില്‍ അത് ഏത് തരം ബന്ധമാണ്. ദൈവ വിശ്വാസം കൊണ്ട് തങ്ങള്‍ക്ക് എന്തെങ്കിലും പ്രയോജനമുണ്ടോ ?. ദൈവത്തെ അരാധിക്കണമെന്നത് ആരുടെ ആവശ്യമാണ്?. അത് തങ്ങളുടെ ആവശ്യമോ ദൈവത്തിന്റെ ആവശ്യമോ?. ഒരു വിശ്വാസി നിര്‍ബന്ധമായും തന്നോട് ചോദിച്ചിരിക്കേണ്ട ഈ ചോദ്യങ്ങള്‍ക്ക് വിശുദ്ധഖുര്‍ആന്റെ അടിസ്ഥാനത്തില്‍ എനിക്ക് ലഭിച്ച മറുപടിയാണ് താഴെ നല്‍കുന്നത്.

ദൈവം നമുക്ക് വേണ്ടതെല്ലാം സൃഷ്ടിച്ചു. 


ഏകനായ ദൈവം ബോധപൂര്‍വം സൃഷ്ടിച്ച ഒരു സൃഷ്ടിയാണ് മനുഷ്യന്‍. മനുഷ്യനെ ഈ ലോകത്ത് ജീവിക്കാനാവശ്യമായ ഏറ്റവും നല്ല ഘടനയില്‍ സൃഷ്ടിച്ചിരിക്കുന്നു. ചില കഴിവുകള്‍ ഇതര ജീവികള്‍ക്ക് മനുഷ്യനേക്കാള്‍ കൂടുതലായി കാണാമെങ്കിലും അവയെയൊക്കെ നിയന്ത്രിക്കാനും ഉപയോഗപ്പെടുത്താനും ഭൂമിയിലെ കാണപ്പെടുന്നതും അല്ലാത്തതുമായ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താനാവശ്യമായ ബുദ്ധിപരമായ കഴിവുകളോടെയാണ് മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്. ഒരു കാലത്ത് അന്തരീക്ഷത്തിലൂടെ ശബ്ദവീചികളെ റേഡിയോ തരംഗങ്ങളാക്കി ലോകം മുഴുവന്‍ എത്തിക്കാന്‍ സാധിച്ചപ്പോള്‍ അന്നവന് അറിയാമായിരുന്നില്ല. അതേ അന്തരീക്ഷത്തിലൂടെ ചിത്രങ്ങളും വീഡിയോയും വരെ അപ്രകാരം ലോകം മുഴുവന്‍ എത്തിക്കാനാവുമെന്ന്. ദിനേനയെന്നോണം മനുഷ്യന്‍ ഈ ഭൌതിക സൌകര്യങ്ങളെ കൂടുതലായി കണ്ടെത്തികൊണ്ടിരിക്കുകയാണ്. ഇവയൊന്നും മനുഷ്യന്‍ സജ്ജീകരിച്ചതായിരുന്നില്ല. മനുഷ്യന്‍ കണ്ടെത്തി ഉപയോഗപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. മനുഷ്യനിന്നോളം ഒരു അണുവിനെ പോലും സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ല എന്ന് നാം അടിവരയിടുക. അതിനാല്‍ സൃഷ്ടിപ്പില്‍ ദൈവത്തിനല്ലാതെ പങ്കാളിത്തമില്ലെന്ന് ഖുര്‍ആന്‍ അണയിട്ട് പറയുന്നു.

ഏറ്റവും വലിയ അനുഗ്രഹം, വഴികാണിച്ചുതന്നുവെന്നത്.


തങ്ങളെ സൃഷ്ടിച്ചുവെന്നത് മനുഷ്യന് ദൈവം നല്‍കിയ വലിയ അനുഗ്രമാണ്. എന്നാല്‍ വിവേചന ശക്തിയും തെരഞ്ഞെടുപ്പ് അധികാരവും ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന മനുഷ്യനെ ദൈവം സൃഷ്ടിച്ച് അവനിഷ്ടപ്പെടുന്ന വിധത്തില്‍ ജീവിക്കാന്‍ വിടുന്ന പക്ഷം അത് മനുഷ്യനോട് ചെയ്യുന്ന അക്രമവും അനീതിയുമാകും. മനുഷ്യനോടുള്ള ദൈവത്തിന്റെ കാരുണ്യത്തിന്റെയും അനുഗ്രഹത്തിന്റെയും പൂര്‍ത്തീകരണമായി മനുഷ്യസൃഷ്ടിയുടെ ആരംഭം മുതല്‍ തന്നെ ഇഹലോകത്ത് സമാധാനത്തോടെയും ശാന്തിയോടെയും ക്ഷേമത്തോടെയും ജീവിക്കാനാവശ്യമായ നിയമനിര്‍ദ്ദേശങ്ങളും നല്‍കി എന്നാണ് ഖുര്‍ആന്റെ കാഴ്ചപ്പാട്. അതിനായി ദൈവം ഏര്‍പ്പെടുത്തിയ സംവിധാനമാണ് മനുഷ്യരില്‍നിന്ന് തന്നെ ചിലരെ തെരഞ്ഞെടുത്ത്, തന്റെ ദിവ്യസന്ദേശങ്ങള്‍ അവരിലൂടെ മനുഷ്യര്‍ക്കെത്തിക്കുക എന്നത്.

എന്താണ് നന്മ? എന്താണ് തിന്മ ?


മനുഷ്യന് ഈ ലോകത്ത് തന്റെ സഹജീവികളില്‍പെട്ട മനുഷ്യരോട് അക്രമവും ഉപദ്രവവും ചെയ്യാനും അവര്‍ക്ക് നന്മയും സഹായവും ചെയ്യാനും സാധിക്കും. അഥവാ നല്ലതും തിയ്യതും ചെയ്യാനാവും. ഈ അവസ്ഥയില്‍ അവനെ നന്മ ചെയ്യാന്‍ പ്രേരിപ്പിക്കുകയും തിന്മയെ വിലക്കുകയും ചെയ്യേണ്ടത് ദൈവത്തിന്റെ നീതിയുടെയും മനുഷ്യരോടുള്ള കാരുണ്യത്തിന്റെയും താല്‍പര്യമാണ്. അതുകൊണ്ടുതന്നെയാണ് തന്റെ വിധിവിലക്കുകള്‍ അനുസരിച്ച് ഭക്തിയുടെ മാര്‍ഗം കൈകൊള്ളുന്നവര്‍ക്ക് പ്രോത്സാഹനമായി സ്വര്‍ഗവും അവ ലംഘിച്ചുകൊണ്ട് സമസൃഷ്ടികള്‍ക്കും മനുഷ്യവംശത്തിന് പൊതുവിലും ഉപദ്രവമുണ്ടാക്കുന്നവര്‍ക്ക് നരകശിക്ഷയും മരണാനന്തരം ഉണ്ടെന്ന കാര്യം അല്ലാഹു പ്രവാചകന്മാരിലൂടെ പഠിപ്പിച്ചത്.

ആരാധനകള്‍ മനുഷ്യന് വേണ്ടി.


ഇസ്ലാമിന്റെ കാഴ്ചപ്പാടില്‍ നല്ല മനുഷ്യന്‍ എന്നത് കൂടുതല്‍ ആരാധനകള്‍ മാത്രമായി ചെയ്യുന്ന ആളല്ല. മറിച്ച് ജനങ്ങളോട് നന്നായി വര്‍ത്തിക്കുന്നവരാണ്. ആരാധനകള്‍ പോലും ദൈവത്തിന് വേണ്ടിയുള്ളതല്ല മനുഷ്യര്‍ക്ക് വേണ്ടിയുള്ളതാണ് അവര്‍ നല്ലവരാകാന്‍ വേണ്ടിയുള്ളതാണ്. ദൈവ കല്‍പനകളൊക്കെയും സഹജീവികളോട് നന്മ ചെയ്യാനും അവര്‍ക്ക് തിന്മയും ഉപദ്രവവും സംഭവിക്കുന്നത് വിലക്കാനുമുള്ളതാണ്. ഖുര്‍ആനില്‍ മനുഷ്യനെ സൃഷ്ടിച്ചത് തന്റെ കല്‍പനാനിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി അവനെ അനുസരിച്ച് ജീവിക്കലാണ് എന്ന് പറയുന്നുണ്ടെങ്കിലും അവ പാലിച്ചാല്‍ സംഭവിക്കുന്നത് മനുഷ്യന് ആശ്വാസമുണ്ടാവുക എന്നതാണ്. 


ഇസ്ലാമിലെ സുപ്രധാന ആരാധനാകര്‍മങ്ങളെ ഓരോന്നായി പരിശോധിച്ചാല്‍ ഈ കാര്യം കുറേകൂടി വ്യക്തമാകും. ആദ്യമായി വേണ്ടത്, സത്യസാക്ഷ്യപ്രഖ്യാപനമാണ്. ദൈവത്തിന് ഞാന്‍ വിധേയമായിരിക്കുന്നു. മുഹമ്മദ് നബിയെ പ്രവാചകനായി ഞാനിതാ സാക്ഷ്യം വഹിക്കുന്നുവെന്ന പ്രഖ്യാപനമാണ് ശഹാദത്ത് എന്ന പേരിലറിയപ്പെടുന്ന ആദ്യത്തെ കര്‍മം. തുടര്‍ന്ന് വരുന്ന അഞ്ചുസമയത്തെ നമസ്കാരം. അതിന് ദൈവം ഒരു ലക്ഷ്യം നിര്‍ണയിച്ചിട്ടുണ്ട്. ദൈവത്തെ സ്മരിക്കാന്‍ എന്നതാണത്. ദൈവത്തെ സ്മരിക്കുന്നതിലൂടെ അവന്റെ നിയമനിര്‍ദ്ദേശങ്ങള്‍ പാലിക്കാനുള്ള നല്ലൊരു ഉപാധികൈവരും എന്നതാണ് അതിന്റെ ഫലം. പ്രയോഗിക തലത്തില്‍ നമസ്കാരം മനുഷ്യനെ മ്ലേഛതയില്‍നിന്നും അധര്‍മത്തില്‍നിന്നും തടയും എന്നതും. എന്താണ് മ്ലേഛതയും അധര്‍മവുമായി കണക്കാക്കുന്നത് എന്ന് മുമ്പ് ബ്ലോഗില്‍ വിശദമാക്കിയതിനാല്‍ വീണ്ടും വിശദീകരിക്കുന്നില്ല. മൂന്നാമത്തെ ആരാധനാകര്‍മം സകാത്ത് ആണ്. ആരാധനാകര്‍മത്തില്‍ തന്നെ നേരിട്ട് മനുഷ്യക്ഷേമം ഉള്ളടക്കം ചെയ്ത സകാത്തിനെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കേണ്ടതില്ല. നാലാമത്തേത്, വൃതാനുഷ്ഠാനം. നോമ്പ് സ്വയം ഒരു ലക്ഷ്യമല്ല. ദൈവത്തെ ഓര്‍ക്കുകയും അവനെ സൂക്ഷിക്കുകയും ചെയ്യുന്ന മനോവികാരം വളര്‍ത്തിയെടുക്കുക. അതിലൂടെ കല്‍പനകള്‍ പ്രവൃത്തിപദത്തില്‍ കൊണ്ടുവരുവാനും നിരോധനങ്ങള്‍ വര്‍ജ്ജിക്കാനുമുള്ള മനശക്തിനേടുക എന്നതാണ് ലക്ഷ്യം. തഖ് വ എന്നതാണ് ഇതിന്റെ ഖുര്‍ആനിക പദം. ഇവ നേടിയെടുക്കാത്ത നോമ്പ് ദൈവത്തിന് ആവശ്യമില്ലെന്ന് പ്രവാചകനിലൂടെ അല്ലാഹു പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു. 


ഒരു മനുഷ്യനായി ഇവിടെ ജനിക്കാന്‍ കഴിഞ്ഞുവെന്നതിനേക്കാള്‍ മഹത്തരമാണ്. അതേ സൃഷ്ടാവായ ദൈവത്തിന്റെ സന്ദേശം തിരിച്ചറിഞ്ഞ് ജീവിക്കാനാകുന്നുവെന്നത്. അതിനേക്കാള്‍ മഹത്തായ ഒരു അനുഗ്രഹം വേറെയില്ല. ഖുര്‍ആനിലൂടെയാണ് ദൈവിക സന്ദേശങ്ങള്‍ ലഭിച്ചത്. അതിനാല്‍ ഒരു സത്യവിശ്വാസി അളവറ്റ കൃതജ്ഞതയുള്ളവനായിരിക്കും. അത് പ്രകടിപ്പിക്കാനുള്ള ഒരു അവസരം കൂടിയാണ് നോമ്പ് കാലം. 


ആരാധാകര്‍മങ്ങളില്‍ വിശദീകരിക്കാനുള്ളത്, ഹജ്ജും അതിനോടനുബന്ധിച്ച ചടങ്ങുകളുമാണ്. എല്ലാറ്റിലും മുന്തിനില്‍ക്കുന്നത്, മനുഷ്യനോടുള്ള ദൈവത്തിന്റെ അറ്റമില്ലാത്ത അനുഗ്രഹവും കാരുണ്യവും. ഹജ്ജിനെ സംബന്ധിച്ച് പിന്നീടാവാം. നോമ്പുമായി ബന്ധപ്പെട്ട് വന്ന സൂക്തങ്ങള്‍ പാരായണം ചെയ്തുനോക്കുക. മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ അവയില്‍ വ്യക്തമായികാണാം. 

[' മനുഷ്യര്‍ക്കാകമാനം മാര്‍ഗദര്‍ശകമായും സുവ്യക്തമായ സന്മാര്‍ഗ പ്രമാണങ്ങളായും സത്യാസത്യങ്ങളെ വേര്‍തിരിച്ചു കാണിക്കുന്ന ഉരകല്ലായും ഖുര്‍ആന്‍ അവതരിച്ച മാസമാകുന്നു റമദാന്‍. അതിനാല്‍ ഇനിമുതല്‍ നിങ്ങളില്‍ ആര്‍ ആ മാസം ദര്‍ശിക്കുന്നുവോ അവന്‍ ആ മാസം മുഴുവന്‍ വ്രതമനുഷ്ഠിക്കേണ്ടത് നിര്‍ബന്ധമാകുന്നു. രോഗിയോ യാത്രക്കാരനോ ആയവന്‍ മറ്റു നാളുകളില്‍ നോമ്പ് എണ്ണം തികക്കട്ടെ. അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമാണിഛിക്കുന്നത്, ഞെരുക്കമിഛിക്കുന്നില്ല. നിങ്ങള്‍ക്ക് നോമ്പിന്റെ എണ്ണം തികക്കാന്‍ സാധിക്കുന്നതിനും അല്ലാഹു സന്മാര്‍ഗം നല്‍കി ആദരിച്ചതിന്റെ പേരില്‍ നിങ്ങള്‍ അവന്റെ മഹത്വം അംഗീകരിച്ചു പ്രകീര്‍ത്തിക്കുന്നതിനും, അവനോട് കൃതജ്ഞതയുള്ളവരായിരിക്കുന്നതിനും വേണ്ടിയത്രെ അവന്‍ ഈ രീതി നിര്‍ദേശിച്ചുതന്നത്. (2:185)]


ചിന്തിക്കുക, നിങ്ങള്‍ ആരാണ് ?. എവിടെയാണ് ?. 

നോക്കുക എത്ര ലളിതവും യുക്തിഭദ്രവും മനുഷ്യപറ്റുള്ളതും മനുഷ്യോപകാരവുമായ ദര്‍ശനമാണ് ഇസ്ലാം മനുഷ്യന് മുന്നില്‍ വെക്കുന്നത്. നിങ്ങള്‍ ഇപ്പോള്‍ ഏത് വിശ്വാസമനുസരിച്ച് ജീവിക്കുന്നവനാകട്ടെ. ഖുര്‍ആന് പറയാനുള്ളത് ഇത് നിങ്ങള്‍ക്ക് കൂടിയുള്ളതാണ് എന്നാണ്. കാരണം ഖുര്‍ആന്റെ അവകാശി മനുഷ്യനാണ്. അത് മുസ്ലിമിനെ നന്നാക്കാനുള്ള മതഗ്രന്ഥമാണ് എന്ന ധാരണ തിരുത്തുക. ആര്‍ ഈ ലളിതമായ സത്യം അംഗീകരിക്കുന്നുവോ അവന് കുറേകൂടി അധികാര സ്വരത്തില്‍ കല്‍പനകള്‍ നല്‍കുന്നുവെന്നത് നേര് തന്നെ എന്ന് വെച്ച് ഇതിനെ മുസ്ലികളുടെ ഗ്രന്ഥമായി കണക്കാക്കുന്നത് ഖുര്‍ആന്റെ തന്നെ നിലപാടിന് നിരക്കുന്നതല്ല. നിങ്ങളുടെ ഈ ഗ്രന്ഥത്തെ തിരിച്ചറിയുക. തെറ്റിദ്ധാരണകള്‍ തിരുത്തുക.

അതെ, ഖുര്‍ആന്‍ നിങ്ങളുടെ ജീവിതത്തെ സുന്ദരമാക്കാനുള്ളതാണ്. പ്രയാസപ്പെടുത്താന്‍ ഉള്ളതല്ല. 

2012 ഡിസംബർ 18, ചൊവ്വാഴ്ച

ഇസ്ലാമിക വിശ്വാസം ; കെ.പി.എസിനുള്ള മറുപടി .

കെ.പി. സുകുമാരന്‍റെ ഒരു കമന്റും അതിനുള്ള പ്രതികരണവും.

K.P. Sukumaran
said...
['പ്രിയ ലത്തീഫ്, ഞാന്‍ കൂടുതലായി എന്ത് അഭിപ്രായം പറയാനാണ്? ഇസ്ലാം വിശ്വാസികളും ഇസ്ലാമില്‍ വിശ്വാസികള്‍ അല്ലാത്തവരും തമ്മില്‍ അടിസ്ഥാനപരമായി വ്യത്യാസമുണ്ട്. ദൈവം നേരിട്ട് നല്‍കിയ മതമാണ് ദൈവം എന്നും ആ ദൈവം സമഗ്രമായ ഒരു ജീവിതവ്യവസ്ഥ നല്‍കി എന്നും മുസ്ലീം അല്ലാത്ത ആരും തന്നെ കരുതുന്നില്ല. മുസ്ലീംകളുടെ മാത്രം ഒരു വിശ്വാസമാണത് എന്ന യാ‍ഥാര്‍ഥ്യം ആദ്യം അംഗീകരിക്കുക. അങ്ങനെയൊരു വിശ്വാസം മുസ്ലീംകള്‍ വെച്ചുപുലര്‍ത്തുന്നതില്‍ ആര്‍ക്കും എതിര്‍പ്പോ അനാദരവോ ഇല്ല താനും. എന്നാല്‍ എല്ലാ മനുഷ്യര്‍ക്കും ദൈവം അയച്ച അന്തിമ പ്രവാചകനാണ് മുഹമ്മദ് നബി എന്നും എല്ലാ മനുഷ്യര്‍ക്കും വേണ്ടി ദൈവം മുഹമ്മദ് നബി മുഖേന സമഗ്രമായ നിയമങ്ങള്‍ നല്‍കിയിട്ടുണ്ട് എന്ന് പറയുകയും ചെയ്യുമ്പോള്‍ അവിടെ പിന്നെ സംവാദത്തിന് ഇടമില്ല്ല. ആദ്യം തന്നെ ആ വാദം മുസ്ലീം അല്ലാത്ത ഒരാള്‍ തള്ളിക്കളയും. ആ വാദത്തില്‍ ഉറച്ച് നില്‍ക്കുന്ന ഒരു ഇസ്ലാം വിശ്വാസിയോട് അമുസ്ലീം ആയ ഒരാള്‍ക്ക് എന്താണ് പറയാനുള്ളത്. നിങ്ങള്‍ക്ക് നിങ്ങളുടെ വിശ്വാസം എനിക്ക് എന്റെ വിശ്വാസം എന്ന നിലപാട് തറയില്‍ നിന്നുകൊണ്ട് ജനാധിപത്യത്തെ കുറിച്ച് സംസാരിക്കാമെന്നാകില്‍ അതിന് ലത്തീഫിനെയോ മറ്റൊരു ജമാ‌അത്തേ ഇസ്ലാമിക്കാരനെയോ കിട്ടുകയില്ലല്ലൊ. എന്തെന്നാല്‍ ദൈവത്തിന്റെ നിയമം അനുസരിച്ചേ പറ്റൂ എന്ന ശാഠ്യത്തില്‍ നിന്നുകൊണ്ട് മാത്രമേ നിങ്ങള്‍ക്ക് സംസാരിക്കാന്‍ പറ്റൂ. അതാകട്ടെ ഒരു അമുസ്ലീം അപ്പോള്‍ തന്നെ തള്ളിക്കളയുകയും ചെയ്യും.

അത്കൊണ്ട് തന്നെ ഇസ്ലാമിലെ പല രീതികളോടും ആശയങ്ങളോടും യോജിപ്പ് ഉള്ള എനിക്ക് ജനാധിപത്യത്തെക്കുറിച്ച് ലത്തീഫുമായി സംവദിക്കാന്‍ കഴിയില്ല. എന്തെന്നാല്‍ ദൈവം മനുഷ്യന് ഒരു സമ്പൂര്‍ണ്ണമായ ഒരു ജീവിത വ്യവസ്ഥ നല്‍കിയിട്ടുണ്ടെന്ന് ലത്തീഫ് വിശ്വസിക്കുന്ന പോലെ അങ്ങനെ നല്‍കിയിട്ടില്ല എന്ന് ഞാനും വിശ്വസിക്കുന്നു. ആ സംഗതിയിന്മേല്‍ സംവാദത്തിന്റെ ആവശ്യമില്ല താനും. ആ വൈരുധ്യം നിലനില്‍ക്കവേ ജനാധിപത്യത്തെക്കുറിച്ച് നമുക്കിടയെ പൊതുവായ ഒന്നുമില്ല. എന്നെ സംബന്ധിച്ച് സ്റ്റേറ്റ്, സര്‍ക്കാര്‍, നിയമസഭ ഇത്യാദി സാമൂഹ്യസംഘാടനങ്ങള്‍ ഒക്കെ മനുഷ്യന്‍ നിര്‍മ്മിക്കുന്നതും കാ‍ലാകാലങ്ങളില്‍ പരിവര്‍ത്തനങ്ങള്‍ക്കും പരിഷ്ക്കരണങ്ങള്‍ക്കും വിധേയമാണ് താനും.

മനുഷ്യജീവിതം എന്നത് കൂട്ടായി മാത്രം നടക്കുന്ന ഒരു സാമൂഹ്യപ്രതിഭാസം ആയത്കൊണ്ടാണ് ഇമ്മാതിരി സാമുഹ്യസംഘടനകളും നിയമങ്ങളും ഒക്കെ വേണ്ടി വന്നത്. സര്‍ക്കാര്‍ എന്നതും മനുഷ്യന്‍ ഉണ്ടാക്കുന്ന സംഘടനകളില്‍ ഏറ്റവും ഉയര്‍ന്ന ഒരു രൂപം ആണെന്നാണ് ഞാന്‍ കരുതുന്നത്.

സര്‍ക്കാര്‍ എന്ന ഭരണകൂടവും നിയമങ്ങളും ഒന്നും അനിവാര്യമല്ലെന്നും അതൊന്നും ഇല്ലാത്ത ഒരു സാമൂഹ്യവ്യവസ്ഥ നിലവില്‍ വരുമെന്നും കരുതുന്ന ഒരു പ്രത്യയശാസ്ത്രവും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന വിശ്വാസികളും ഉണ്ടെന്ന് ലത്തീഫിന് അറിയാമോ? അതാണ് കമ്മ്യൂണിസവും കമ്മ്യൂണിസ്റ്റുകാരും. അങ്ങനെ ഭരണകൂടവും പട്ടാളവും എല്ലാം കൊഴിഞ്ഞുപോയി മനുഷ്യന്‍ തന്റെ ഉയര്‍ന്ന സാമൂഹ്യബോധം കൊണ്ട് സംഘര്‍ഷങ്ങളോ സംഘട്ടനങ്ങളോ ഇല്ലാ‍തെ ജീവിക്കുന്ന ഒരു കാലം വരുമോ എന്ന് ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. അങ്ങനെ വിശ്വസിക്കുന്നവനാണ് കമ്മ്യൂണിസ്റ്റ്. ദൈവം നല്‍കിയ സമ്പൂര്‍ണ്ണ ജീവിതവ്യവസ്ഥ അനുസരിച്ച് എല്ലാ മനുഷ്യരും ജീവിക്കുന്ന ഒരു കാലം വരും എന്ന് ലത്തീഫ് വിശ്വസിക്കുന്ന പോലെയുള്ള ഒരു വിശ്വാസമാണ് അതും. ഈ രണ്ട് വിശ്വാസങ്ങളും ഒരിക്കലും ലോകത്ത് സമ്പൂര്‍ണ്ണമായി, സാര്‍വ്വത്രികമായി പ്രയോഗത്തില്‍ വരില്ല എന്ന് കരുതുന്ന ജനാധിപത്യവാദിയാണ് ഞാന്‍. ഞാന്‍ മാത്രമല്ല, ഏത് ജനാധിപത്യവിശ്വാസിയും കരുതുന്നതും ലോകം മുഴുവനും ഇസ്ലാമികവ്യവസ്ഥയോ കമ്മ്യൂണിസ്റ്റ് വ്യവസ്ഥയോ ഒരിക്കലും വരില്ല എന്നാണ്. അത്കൊണ്ടാണ് ജനാധിപത്യസങ്കല്പങ്ങള്‍ക്ക് പുറത്താണ് ശുദ്ധ ഇസ്ലാമിസ്റ്റുകളായ ജമാ‌അത്തെ ഇസ്ലാമിക്കാരും കമ്മ്യൂണിസ്റ്റുകളും എന്ന് എന്നെ പോലെയുള്ളവര്‍ കരുതുന്നത്. ജനാധിപത്യത്തെ കുറിച്ച് നമ്മള്‍ സംസാരിക്കണമെങ്കില്‍ എല്ലാ മനുഷ്യര്‍ക്കും ദൈവം നല്‍കിയ നിയമം എന്ന സങ്കല്പം ലത്തീഫും , തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം എന്ന ആശയം കമ്മ്യൂണിസ്റ്റുകാരും ഒഴിവാക്കണം. അത് സാധിക്കില്ലാലോ. അപ്പോള്‍ പിന്നെ കൂടുതല്‍ തര്‍ക്കിച്ചിട്ട് എന്ത് കാര്യം :) ']
December 16, 2012 10:58 AM
------------------------------

ഞാന്‍ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന കെ.പി.എസിന്റെ മേല്‍ കമന്റ് എനിക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല. അദ്ദേഹത്തിന്റെ ബ്ലോഗില്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ചയില്‍ ഐഡി വെളിപ്പെടുത്തിയ വ്യക്തിത്വം എന്ന നിലക്ക് അദ്ദേഹത്തോട് മാത്രമായി  എന്റെ പ്രതികരണം പരിമിതപ്പെടുത്തുകയാണ്. അദ്ദേഹത്തിന്റെ അഭിപ്രായം വായിക്കുമ്പോള്‍ ഒരു പാട് വിയോജിപ്പുകള്‍ എനിക്ക് അവയില്‍ അനുഭവപ്പെടുന്നു. അത് പറയാതിരിക്കുന്നതെങ്ങനെ?. അത് കെ.പി.എസ് അംഗീകരിക്കുന്നോ ഇല്ലയോ എന്നത് എന്റെ ഇപ്പോഴത്തെ വിഷയമല്ല.

['ഇസ്ലാം വിശ്വാസികളും ഇസ്ലാമില്‍ വിശ്വാസികള്‍ അല്ലാത്തവരും തമ്മില്‍ അടിസ്ഥാനപരമായി വ്യത്യാസമുണ്ട്. ദൈവം നേരിട്ട് നല്‍കിയ മതമാണ് ദൈവം എന്നും ആ ദൈവം സമഗ്രമായ ഒരു ജീവിതവ്യവസ്ഥ നല്‍കി എന്നും മുസ്ലീം അല്ലാത്ത ആരും തന്നെ കരുതുന്നില്ല.']

ഏതൊരു മതവും ദൈവവുമായി ബന്ധപ്പെടുത്തി തന്നെയാണ് അതിന്റെ വിശ്വാസം ഉള്‍കൊള്ളുന്നത്. ഇനി ദൈവവിശ്വാസമില്ലാത്ത മതങ്ങളും ഉണ്ട് എന്നതിന് വിക്കി ഉദ്ധരിക്കേണ്ടതില്ല. ഈ ബ്ലോഗിന്റെ വായനക്കാരില്‍ പെട്ടുന്ന ക്രൈസ്തവമതവും ഹിന്ദുമതവും മാത്രമേ പ്രധാനമായും ഞാന്‍ ഉദ്ദേശിക്കുന്നുള്ളൂ. ദൈവം മനുഷ്യനാവശ്യമായ നിയമം നല്‍കിയിരിക്കുന്നുവെന്നത് ഇസ്ലാമിന്റെ മാത്രം അവകാശവാദമല്ല. ബൈബിളിലെ വചനങ്ങള്‍ വായിക്കുന്ന ഒരാള്‍ക്ക്  അവരുടെ വാദവും ഇതില്‍നിന്ന് വല്ലാതെയൊന്നും ഭിന്നമല്ല എന്ന് മനസ്സിലാക്കാവുന്നതേയൂള്ളൂ. മുസ്ലിംകളെപ്പോലെ ക്രൈസ്തവരും ഈ വിഷത്തില്‍ അത്ര ശക്തമായ വാദം ഉന്നയിക്കുന്നില്ലെങ്കില്‍ അതിനര്‍ഥം അക്കാര്യത്തില്‍ അവര്‍ക്ക് ആത്മവിശ്വാസക്കുറവുണ്ട് എന്ന് മാത്രമാണ്. ഹൈന്ദവ മതവും തഥൈവ. ഹിന്ദുമതം പൂര്‍ണമായും മനുഷ്യനിര്‍മിതമാണ് എന്ന് വിശ്വസിക്കുന്ന എത്ര ഹൈന്ദവ വിശ്വാസികളുണ്ടാകും. അവരങ്ങനെ പറയുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. അഥവാ ഉണ്ടെങ്കിലും തങ്ങളുടെ ദര്‍ശനം ദൈവദത്തമാണ് എന്ന് കരുതുന്നവര്‍ക്ക് അത് പറയാനുള്ള അവകാശം നഷ്ടപ്പെടുന്നില്ലോ.

ദൈവം നേരിട്ട് നല്‍കിയ മതമാണ് ഇസ്ലാം (ദൈവം എന്നത് തെറ്റിയതായിരിക്കാം) എന്നും ആ ദൈവം സമഗ്രമായ ഒരു ജീവിതവ്യവസ്ഥ നല്‍കി എന്നും മുസ്ലിമല്ലാത്ത ആരും തന്നെ കരുതുന്നില്ല എന്ന് പറയുന്നതില്‍ വല്ല അര്‍ഥവും ഉണ്ടോ?. ഇക്കാര്യം ഞാന്‍ നേരത്തെ ഉണര്‍ത്തിയതാണ്. മുഹമ്മദ് നബി മക്കയില്‍ ഭൂജാതനായി താന്‍ ദൈവത്തിന്റെ ദൂതനാണ് എന്ന് പറയുമ്പോള്‍ അന്നവിടെ ആരും മുസ്ലിംകളായി ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ വാദം സത്യസന്ധമാണ് എന്ന് മനസ്സിലാക്കിയവര്‍ അദ്ദേഹത്തിന്റെ അനുചരന്‍മാരാവുകയാണ് ഉണ്ടായത്. അവര്‍ ദൈവത്തിന് സമര്‍പ്പിതര്‍ എന്ന അര്‍ഥത്തില്‍ മുസ്ലിംകള്‍ എന്നറിയപ്പെട്ടു. ഇക്കാലത്തും ഈ വാദം അംഗീകരിക്കുന്നവര്‍ ഏത് മതത്തില്‍നിന്നായാലും അവര്‍ മുസ്ലിംകള്‍ എന്നറിയപ്പെടും. അതുകൊണ്ട് ഇസ്ലാം മനുഷ്യവംശത്തിന് ദൈവത്താല്‍ അവതീര്‍ണമായ ദൈവിക വ്യവസ്ഥയാണെന്ന് മുസ്ലിംകള്‍ മാത്രമേ അംഗീകരിക്കുന്നുള്ളൂ എന്ന് പറയുന്നത് സത്യമാണെങ്കിലും അപ്രകാരം ഒരു പരാമര്‍ശം കൊണ്ട് കെ.പി.എസ് എന്താണ് ഉദ്ദേശിക്കുന്നത് എന്നത് വ്യക്തമല്ല. ശേഷം പറയുന്നതില്‍നിന്ന് ഉദ്ദേശ്യം മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ അതില്‍ ധാരാളം അബന്ധങ്ങളും ഉണ്ട്.

['മുസ്ലീംകളുടെ മാത്രം ഒരു വിശ്വാസമാണത് എന്ന യാ‍ഥാര്‍ഥ്യം ആദ്യം അംഗീകരിക്കുക. അങ്ങനെയൊരു വിശ്വാസം മുസ്ലീംകള്‍ വെച്ചുപുലര്‍ത്തുന്നതില്‍ ആര്‍ക്കും എതിര്‍പ്പോ അനാദരവോ ഇല്ല താനും. എന്നാല്‍ എല്ലാ മനുഷ്യര്‍ക്കും ദൈവം അയച്ച അന്തിമ പ്രവാചകനാണ് മുഹമ്മദ് നബി എന്നും എല്ലാ മനുഷ്യര്‍ക്കും വേണ്ടി ദൈവം മുഹമ്മദ് നബി മുഖേന സമഗ്രമായ നിയമങ്ങള്‍ നല്‍കിയിട്ടുണ്ട് എന്ന് പറയുകയും ചെയ്യുമ്പോള്‍ അവിടെ പിന്നെ സംവാദത്തിന് ഇടമില്ല്ല.']

കെ.പി.എസിന്റെ ഈ ലോജിക്ക് എനിക്ക് തീരെ മനസ്സിലാകുന്നില്ല. മുസ്ലിംകള്‍ അവരുടെ ഒരു വാദം മുന്നോട്ട് വെക്കുന്നു. അതിന് അവരുടെതായ തെളിവുകളും ന്യായങ്ങളും പറയുന്നു. ഇന്നും പതിനായിരങ്ങള്‍ അത് മനസ്സിലാക്കുകയും ഉള്‍കൊള്ളുകയും ചെയ്യുന്നു. എന്നിരിക്കെ ഇത് സംവാദക്ഷമമല്ല എന്ന് പറയുന്നതിലെ യുക്തിരാഹിത്യം കെ.പി.എസ്സിന് ശാന്തമായി ആലോചിച്ചാല്‍ തന്നെ മനസ്സിലാകും എന്ന് ഞാന്‍ പ്രതീക്ഷിക്കുകയാണ്. (( എന്നാല്‍ എല്ലാ മനുഷ്യര്‍ക്കും ദൈവം അയച്ച അന്തിമ പ്രവാചകനാണ് മുഹമ്മദ് നബി എന്നും എല്ലാ മനുഷ്യര്‍ക്കും വേണ്ടി ദൈവം മുഹമ്മദ് നബി മുഖേന സമഗ്രമായ നിയമങ്ങള്‍ നല്‍കിയിട്ടുണ്ട് എന്ന് പറയുകയും ചെയ്യുമ്പോള്‍ ')) അവിടെ സത്യത്തില്‍ സംവാദം തുടങ്ങുകയാണ്.

['നിങ്ങള്‍ക്ക് നിങ്ങളുടെ വിശ്വാസം എനിക്ക് എന്റെ വിശ്വാസം എന്ന നിലപാട് തറയില്‍ നിന്നുകൊണ്ട് ജനാധിപത്യത്തെ കുറിച്ച് സംസാരിക്കാമെന്നാകില്‍ അതിന് ലത്തീഫിനെയോ മറ്റൊരു ജമാ‌അത്തേ ഇസ്ലാമിക്കാരനെയോ കിട്ടുകയില്ലല്ലൊ. എന്തെന്നാല്‍ ദൈവത്തിന്റെ നിയമം അനുസരിച്ചേ പറ്റൂ എന്ന ശാഠ്യത്തില്‍ നിന്നുകൊണ്ട് മാത്രമേ നിങ്ങള്‍ക്ക് സംസാരിക്കാന്‍ പറ്റൂ. അതാകട്ടെ ഒരു അമുസ്ലീം അപ്പോള്‍ തന്നെ തള്ളിക്കളയുകയും ചെയ്യും.']

മറ്റൊരു അര്‍ഥരഹിതമായ വാദമാണിത്. ശാഠ്യം എന്ന് പറയുന്നത് ഇസ്ലാമിന്റെ സ്വന്തം നിലപാടുതറയില്‍നിന്നുള്ള ഉറച്ച വിശ്വാസത്തെയാണ്. അതിനപ്പുറം ഒരു ശാഠ്യത്തിന് വാദത്തില്‍ പ്രസക്തിയില്ലല്ലോ?. ഈ വാദത്തിന്റെ ശ്രോതാക്കള്‍ കേട്ടമാത്രയില്‍ അത് അംഗീകരിക്കണമെന്ന ഒരു ചിന്തയും ഒരു മുസ്ലിമിനും ഇല്ല. വാദങ്ങള്‍ തെളിവുകള്‍ വെച്ച് ബുദ്ധിപരമായി ബോധ്യപ്പെട്ടെങ്കില്‍ മാത്രം സ്വീകരിച്ചാല്‍ മതി എന്നാണ് അത് പ്രതിയോഗികളോട് ആവശ്യപ്പെടുന്നത്. ഒരു പക്ഷെ കെ.പി.എസിന് കേള്‍ക്കുന്ന മാത്രയില്‍ തള്ളിക്കളയാന്‍ തോന്നുന്നുണ്ടാവാം. എന്നാല്‍ ആയിരക്കണക്കിന് അമുസ്ലിംകള്‍ അത് ശ്രവിക്കുകയും അതേക്കുറിച്ച് ചിന്തിക്കുകയും അവരില്‍ പലരും അത് ബോധ്യപ്പെടുകയും ചെയ്യുന്നുണ്ട് എന്നിരിക്കെ ഒരു അമുസ്ലിം അപ്പോള്‍ തന്നെ അത് തള്ളിക്കളയും എന്ന് പറയുന്നതില്‍ എന്തര്‍ഥം.

['അത്കൊണ്ട് തന്നെ ഇസ്ലാമിലെ പല രീതികളോടും ആശയങ്ങളോടും യോജിപ്പ് ഉള്ള എനിക്ക് ജനാധിപത്യത്തെക്കുറിച്ച് ലത്തീഫുമായി സംവദിക്കാന്‍ കഴിയില്ല. എന്തെന്നാല്‍ ദൈവം മനുഷ്യന് ഒരു സമ്പൂര്‍ണ്ണമായ ഒരു ജീവിത വ്യവസ്ഥ നല്‍കിയിട്ടുണ്ടെന്ന് ലത്തീഫ് വിശ്വസിക്കുന്ന പോലെ അങ്ങനെ നല്‍കിയിട്ടില്ല എന്ന് ഞാനും വിശ്വസിക്കുന്നു. ആ സംഗതിയിന്മേല്‍ സംവാദത്തിന്റെ ആവശ്യമില്ല താനും. ആ വൈരുധ്യം നിലനില്‍ക്കവേ ജനാധിപത്യത്തെക്കുറിച്ച് നമുക്കിടയെ പൊതുവായ ഒന്നുമില്ല. എന്നെ സംബന്ധിച്ച് സ്റ്റേറ്റ്, സര്‍ക്കാര്‍, നിയമസഭ ഇത്യാദി സാമൂഹ്യസംഘാടനങ്ങള്‍ ഒക്കെ മനുഷ്യന്‍ നിര്‍മ്മിക്കുന്നതും കാ‍ലാകാലങ്ങളില്‍ പരിവര്‍ത്തനങ്ങള്‍ക്കും പരിഷ്ക്കരണങ്ങള്‍ക്കും വിധേയമാണ് താനും.']
സത്യത്തില്‍ കെ.പി.എസിനോടെന്നല്ല ആരോടും എനിക്ക് ജനാധിപത്യത്തിന്റെ കാര്യത്തില്‍ സംവാദത്തില്‍ ഏര്‍പ്പെടണം എന്ന് താല്‍പര്യമില്ല. നാം പൂര്‍ണമായും അംഗീകരിച്ചാലും ഇല്ലെങ്കിലും നാം ജീവിക്കുന്നത് ജനാധിപത്യവ്യവസ്ഥിതിയിലാണ്. ആരെങ്കിലും അത് കുറ്റമറ്റതാണ് അതിനപ്പുറം ഒരു നന്മയോ വ്യവസ്ഥയോ ഇല്ലെന്ന് നിഷേധിക്കുന്നവെങ്കില്‍ അത് അദ്ദേഹത്തിന്റെ മാത്രം സ്വതന്ത്ര്യം. എനിക്ക് സംസാരിക്കാനുള്ളത് ഇസ്ലാമിനെക്കുറിച്ചും അതിന്റെ രാഷ്ട്രീയ വ്യവസ്ഥിതിയെക്കുറിച്ചുമാണ്. ഇന്ത്യയില്‍ ഇസ്ലാമിന്റെ രാഷ്ട്രീയത്തെക്കുറിച്ച ചര്‍ച പ്രസക്തമാക്കുന്നത് സമഗ്രമായ ഇസ്ലാമിന്റെ പ്രബോധനം എന്ന നിലക്ക് മാത്രമാണ് കാരണം. ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഇന്നത്തെ അവസ്ഥവെച്ച് മതത്തിന്റെ പേരോടുകൂടി അതിന്റെതായ രാഷ്ട്രീയ വീക്ഷണം മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതിന് വിലക്കുണ്ട്.

ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്ക് ഇസ്ലാമിന്റെതായ രാഷ്ട്രീയ കാഴ്പ്പാട് ഉണ്ട്. പക്ഷെ അതിലെ അപകടം വാദത്തിന് വേണ്ടി അംഗീകരിച്ചാല്‍ പോലും അത് പ്രയോഗവല്‍ക്കരിക്കാന്‍ സാധ്യമല്ലെന്നിരിക്കെ വെറുതെ ഒരു ഫോബിയ വളര്‍ത്താമെന്നല്ലാതെ പ്രത്യേകിച്ച് അത് അപകടം ഭീകരം എന്ന് ആവര്‍ത്തിക്കുന്നതില്‍ പ്രത്യേകിച്ച് കാര്യമൊന്നുമില്ല. ജനാധിപത്യവ്യവസ്ഥിതിയില്‍ ഒരു വ്യവസ്ഥ സ്വയം പരിചയപ്പെടുത്തി പിന്തുണ തേടുന്നത് അപകടം എന്ന് പറയുന്നതില്‍ തന്നെ തികഞ്ഞ ജനാധിപത്യവിരുദ്ധതയുണ്ട്. കാരണം ജനാധിപത്യവ്യവസ്ഥിതില്‍ ഭൂരിപക്ഷം അംഗീകരിക്കുന്നതാണല്ലോ അധികാരത്തില്‍ വരിക. അത്ര അപകടകരമായത് ജനങ്ങളുടെ ഭൂരപക്ഷം നേടുക അസംഭവ്യമാണ് എന്നതാണല്ലോ ജനാധിപത്യത്തിന്റെ സുരക്ഷിതത്വം.

ശേഷമുള്ള ഭാഗത്ത് കമ്മ്യൂണിസത്തെയും ഇസ്ലാമിനെയും സമീകരിക്കാനുള്ള ശ്രമം കെ.പി.എസ് നടത്തുന്നു. കമ്മ്യൂണിസത്തെക്കുറിച്ച് താങ്കള്‍ പറയുന്നത് ശരിയായിരിക്കാം. അത് അവര്‍ പറയുന്നത് പോലെ സംഭവിക്കാനുള്ള സാധ്യതയും ഇല്ലാതിരിക്കാം. എങ്കിലും അവര്‍ക്കും ജനാധിപത്യത്തില്‍ ഇടമുണ്ട്. അവര്‍ തങ്ങളുടെ രാഷ്ട്രീയ വീക്ഷണം എന്താണോ അത് പ്രചരിപ്പിക്കട്ടേ. ജനാധിപത്യത്തെക്കുറിച്ച് അവര്‍ക്ക് വിയോജിപ്പുകളുണ്ടെങ്കില്‍ അതും. എന്നിട്ടും ബഹുഭൂരിപക്ഷത്തിന് അത് സ്വീകാര്യമായി തോന്നുന്നെങ്കില്‍ അത് വരട്ടേ. എന്നല്ലേ ജനാധിപത്യത്തിന്റെ കാഴ്ചപ്പാട്. ഇസ്ലാം അതിന്റെ വിശാലമായ ജനാധിപത്യവും മതസ്വതന്ത്ര്യവും ചരിത്രത്തില്‍ കാണിച്ചുകൊടുത്താണ്. നിലവിലെ മുസ്ലിം ഭൂരപക്ഷ രാജ്യങ്ങളില്‍ പാശ്ചാത്യരുടെ കോളനവല്‍ക്കരണത്തില്‍നിന്ന് സ്വാതന്ത്ര്യം നേടിയപ്പോള്‍ അവരുടെ തന്നെ ഇഛ പ്രകാരം കുറേ ശൈഖുമാരെയും രാജാക്കളെയും വാഴിച്ചാണ് പോയത്. പിന്നീട് ജനഹിതത്തെക്കുറിച്ച് അവര്‍ സംസാരിച്ചിട്ടില്ല. ഇയ്യിടെ ജനങ്ങള്‍ക്ക് തെരഞ്ഞെടുക്കാനുള്ള സ്വതന്ത്രാവസരം കൈവന്നപ്പോള്‍ ഇസ്ലാമിക പ്രസ്ഥാനങ്ങളെ തന്നെ ജനങ്ങള്‍ അധികാരത്തില്‍ കൊണ്ടുവരുന്നതില്‍നിന്നും. ഇവിടെ പലരും ആവര്‍ത്തിച്ചുരുവിടുന്ന അപകടം കേവലം മിഥ്യയാണെന്നാണ് അത് കാണിക്കുന്നത്. അതോടൊപ്പം കാലത്തെ അതിജയിക്കാനുള്ള ഇസ്ലാമിക രാഷ്ട്രീയ വ്യവസ്ഥിതിയുടെ യോഗ്യതയും.

2012 മാർച്ച് 10, ശനിയാഴ്‌ച

സി.കെ ബാബുവിന്റെ മതവിജ്ഞാനം !?

മറ്റേതൊരു യുക്തിവാദിയെയും പോലെ മതവിമര്‍ശനം മുഖ്യാമായി കാണുകയും എന്നാല്‍ ഇതര യ്കുതിവാദികളില്‍നിന്ന് വ്യത്യസ്ഥമായി മതവിശ്വാസികളെല്ലാം ബുദ്ധിമരവിച്ച് മണ്ടന്‍മാരാണ് എന്ന് ആക്ഷേപിച്ച് വിയോജിക്കാനുള്ള അവസരം തടയുകയും ചെയ്യുന്ന യുക്തിവാദി ബ്ലോഗറുടെ പോസ്ററിലെ ചില പരാമര്‍ശങ്ങളോടുള്ള എന്റെ വിയോജിപ്പാണ് ഈ പോസ്റ്റ്. എത്രവലിയ യുക്തിവാദിയാണെങ്കിലും മതവിശ്വാസികള്‍ എന്താണ് പറയുന്നത് എന്ന് പോലും കേള്‍ക്കാന്‍ കൂട്ടാക്കാത്തതിനാല്‍ അദ്ദേഹത്തിന് ഇന്നേരെ മതവിശ്വാസം മനസ്സിലാക്കാനും സാധിച്ചിട്ടില്ല. ദൈവവിശ്വാസവും പ്രവാചകത്വവുമൊക്കെ അവതരിപ്പിക്കുന്ന വിധം മനസ്സിലാക്കി അതിനെ എതിര്‍ക്കുന്നതില്‍ ഒരു ഭംഗിയുണ്ട് പക്ഷെ മതത്തിന്റെ പേര് പരാമര്‍ശിച്ചിട്ടില്ലെങ്കിലും ഏത് മതത്തെയാണ് അദ്ദേഹം ഇവിടെ ഉന്നം വെക്കുന്നത് എന്ന് വ്യക്തമാണ്. യുക്തിവാദിയുടെ ധാരണകള്‍ പരിശോധിക്കാം. ഇതുപോലെയോ ഇതിനെക്കാള്‍ തെറ്റായോ ആണ് മഹാഭൂരിപക്ഷം യുക്തിവാദികളും നിഷേധികളും ഇസ്ലാമിനെ മനസ്സിലാക്കുന്നത് എന്നത് ഒരു വസ്തുതയാണ്.
'ഏകദേശം രണ്ടായിരത്തി അറുന്നൂറു്‌ വർഷങ്ങൾക്കു്‌ മുൻപു്‌ ആരംഭിച്ച ഗ്രീക്ക്‌ തത്വചിന്തയുടെ തുടർച്ചയായി രൂപമെടുത്തവയാണു് ആധുനിക പ്രകൃതിശാസ്ത്രങ്ങൾ. പ്രപഞ്ചത്തെപ്പറ്റിയും മനുഷ്യരെപ്പറ്റിയും അന്നത്തെ ഏതാനും ഗ്രീക്കുകാർ ദൈവങ്ങളുടെ സഹായമില്ലാതെ മനുഷ്യബുദ്ധി മാത്രമുപയോഗിച്ചു് ചിന്തിക്കാനും മനസ്സിലാക്കാനും തുടങ്ങിയ മാതൃകയിൽ ചിന്തിക്കുകയും അന്വേഷിക്കുകയും പഠിക്കുകയും ചെയ്യുന്ന വിജ്ഞാനശാഖകളാണു്‌ ആധുനികശാസ്ത്രങ്ങൾ. ഇതിനോടകം എത്രയോ ശാഖോപശാഖകളായി പിരിഞ്ഞു് അനുദിനമെന്നോണം അതീവ സങ്കീർണ്ണമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ശാസ്ത്രങ്ങളുടെ പൊതുവായ ഒരു അവലോകനം അർത്ഥപൂർവ്വവും ആധികാരികവുമായ രീതിയിൽ നടത്തുക എന്നതു് ഒരു മനുഷ്യബുദ്ധിയിൽ അസാദ്ധ്യമാണെന്നു് പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തിയില്ല. അത്ര വിപുലമാണു് ആധുനികശാസ്ത്രം. ശാസ്ത്രജ്ഞാനം പെരുകുകയാണെന്നതു് നിഷേധിക്കാനാവാത്ത ഒരു വസ്തുതയാണു്. അറിവിന്റെ അവസ്ഥ ഇതാണെന്നിരിക്കെ, ഇതുവരെ അറിഞ്ഞതും ഇനി അറിയാനിരിക്കുന്നതുമായ മുഴുവൻ കാര്യങ്ങളും എനിക്കറിയാം എന്നൊരു അവകാശവാദം ഒരുവൻ ഉന്നയിച്ചാൽ അതിനെ ഏതു് വകുപ്പിൽ പെടുത്തണമെന്നു് ചിന്തിച്ചാൽ മതി.'
ശാസ്ത്രം വളരെ ശാഖോപശാഖകളായി പിരിഞ്ഞ് പരീക്ഷണനിരീക്ഷണങ്ങളിലൂടെ കാര്യങ്ങള്‍ കണ്ടെത്തുമ്പോള്‍ അതൊന്നുമില്ലാതെ ഇവിടെ ചിലര്‍ തങ്ങള്‍ക്ക് എല്ലാം അറിയാം എന്ന അവകാശവാദം ഉന്നയിക്കുന്നുവെന്നതാണ് പറഞ്ഞുവന്നതിന്റെ ചുരുക്കം. ആരെയാണ് ഉദ്ദേശിക്കുന്നതെന്ന് താഴെ വരുന്ന വരികള്‍ വ്യക്തമാക്കുന്നു.

ശാസ്ത്രം വിശകലനം ചെയ്യുന്നത് പദാര്‍ഥവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. അവയ്കുപരി അഭൌതികമായ കുറേ യാഥാര്‍ഥ്യമുണ്ട് എന്നതാണ് മതം പറയുന്നത്. അതേ കുറിച്ച് പഠിക്കാന്‍ ശാസ്ത്രത്തിന് പരിമിതകളുണ്ട്. അതുകൊണ്ട് തന്നെ ശാസ്ത്രവിശ്വാസികള്‍ അഭൌതികം എന്നൊന്നില്ല എന്ന് നിഷേധിക്കാനാണ് ശ്രമിക്കാറുള്ളത്. ശാസ്ത്രം കണ്ടുപിടിക്കുന്ന എല്ലാ കാര്യങ്ങളും തങ്ങള്‍ക്ക് നേരത്തെ അറിയാം എന്ന് തലക്ക് വെളിവുള്ള ആരും പറയില്ല. മതവാദികളും അപ്രകാരം പറയുന്നില്ല. പക്ഷെ ആദ്യമായി അത്തരം ഇല്ലാത്ത ഒരു ആരോപണം ഉന്നയിച്ച് അതിന് മറുപടി പറഞ്ഞ് മതവിശ്വാസികളെ പരഹസിക്കാന്‍ ശ്രമിക്കുകയാണ് ഈ യുക്തിവാദി.

ശാസ്ത്രത്തെ വിശ്വാസികള്‍ ഉപയോഗപ്പെടുത്തുന്നത്. കണ്ടുപിടിച്ചതെല്ലാം ഞങ്ങളുടെ പുസ്തകത്തിലുണ്ട് എന്ന് പറയാനാല്ല. മറിച്ച് ശാസ്ത്രപഠനം ഈ പ്രപഞ്ചത്തിന് പിന്നില്‍ ഒരു ആസൂത്രകനെ തേടുന്നുവെന്ന് പറയാന്‍ വേണ്ടിയാണ്. ശാസ്ത്രത്തിന്റെ ചര്‍ചയില്‍ വരാത്ത; ഈ പ്രപഞ്ചം എന്തിനുണ്ടായി, ആരുണ്ടാക്കി, ഉണ്ടാക്കിയത് ബോധപൂര്‍വമാണോ മനുഷ്യനും ഈ പ്രപഞ്ചത്തിനും പിന്നില്‍ ഒരു സ്രഷ്ടാവുണ്ടോ, ഉണ്ടെങ്കില്‍ അവനോടുള്ള മനുഷ്യന്‍റെ ബന്ധം എങ്ങനെയാകണം. മനുഷ്യന്‍ ബോധപൂര്‍വം സൃഷ്ടിക്കപ്പെട്ടതാണോ, എങ്കില്‍ എന്താണ് അവന്‍റെ സൃഷ്ടിപ്പിന്റെ ഉദ്ദേശ്യം. എന്താണ് അവന്‍റെ ദൌത്യം, എന്തായിരിക്കും അവന്‍റെ പര്യവസാനം തുടങ്ങിയ ഒട്ടേറെ കാര്യങ്ങളാണ് മതത്തിന്റെ മുഖ്യമായ വിഷയം.   ഇതില്‍ ഒരു ശാസ്ത്രവാദി ക്ഷുഭിതനാകേണ്ട കാര്യമേ ഇല്ല.  ശാസ്ത്രം കണ്ടുപിടിച്ച, കണ്ടുപിടിക്കാനിരിക്കുന്ന എല്ലാം തനിക്ക് നേരത്തെ അറിയാം എന്ന വാദം ദൈവവിശ്വസിക്കില്ല. പക്ഷേ അദ്ദേഹം തുടര്‍ന്ന് പറയുന്നത് നോക്കൂ...
'എന്നാൽ, ഇതേ അവകാശവാദം പൊക്കിപ്പിടിച്ചുകൊണ്ടു് തികച്ചും നോർമൽ എന്നു് ഭാവിക്കുകയും, അതു് അംഗീകരിക്കാൻ തയ്യാറാവാത്തവർ മുഴുവൻ വിഡ്ഢികളും ഭ്രാന്തന്മാരും ആണെന്നു് ആക്രോശിക്കുകയും ചെയ്യുന്ന ഒരു വലിയ വിഭാഗം മനുഷ്യർ ഈ ലോകത്തിൽ ജീവിക്കുന്നുണ്ടു്. 'കാണപ്പെടുന്നവയും, കാണപ്പെടാത്തവയുമായ' സകലത്തിനേയും സൃഷ്ടിച്ചവനും, 'അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ' സകല കാര്യങ്ങളേയും അറിയുന്നവനും എന്നു് അവർതന്നെ വിശേഷിപ്പിക്കുന്ന ദൈവം എന്നൊരു വിചിത്ര സത്ത്വത്തെ അറിയാൻ മാത്രമല്ല, അനുഭവിക്കാനും തങ്ങൾക്കു് കഴിയും എന്നു് കട്ടായമായി പ്രഖ്യാപിക്കുന്ന ദൈവവിശ്വാസികൾ എന്നൊരു കൂട്ടമാണതു്. ലോകാരംഭം മുതൽ ലോകാവസാനം വരെയുള്ള കാര്യങ്ങൾ വള്ളിപുള്ളി വ്യത്യാസമില്ലാതെ പല കൊച്ചുപുസ്തകങ്ങളിൽ പലവിധത്തിൽ എഴുതിവച്ച ഒരു സർവ്വജ്ഞാനിയെയും അവന്റെ വാക്കുകളെയും 'അറിയുന്നവനെ' സമ്പൂർണ്ണജ്ഞാനിയെന്നല്ലാതെ മറ്റെന്താണു് വിളിക്കാനാവുക? '
കാല്‍നൂറ്റാണ്ടും അതിലപ്പുറവും ഒരു മതത്തെ വിമര്‍ശിച്ച് നടന്നിട്ടും ഒരു മതത്തിന്റെയും ബാലപാഠം പോലും തെറ്റാതെ പറയാനറിയാത്തവരെ എന്ത് വിളിക്കും. അന്ധര്‍ എന്നാണ് വിളിക്കേണ്ടത്. കണ്ണുകള്‍ക്കല്ല ഇവര്‍ക്ക് അന്ധത ബാധിച്ചിരിക്കുന്നത് മറിച്ച് ഹൃദയങ്ങള്‍ക്കാണ്. ഇല്ലാത്ത ഒരു അവകാശവാദം മതവിശ്വാസികളുടെ മേല്‍ ഉന്നയിക്കുകയും എന്നിട്ട് അത് അംഗീകരിക്കാത്തവരെ വിഢികളും ഭ്രാന്തന്‍മാരും എന്ന് ഇവര്‍ ആക്രോശിക്കുകയും ചെയ്യുന്നുവെന്നാണ് മഹാനായ ഒരു യുക്തിവാദിയുടെ ജല്‍പനം.

തങ്ങള്‍ക്ക് ദൈവത്തെ അറിയാം അനുഭവിക്കാം എന്നൊക്കെ പറയുന്നത് മഹാപാതകമൊന്നുമല്ല. അത് അറിയിക്കാന്‍ ദൈവം നല്‍കിയ സംവിധാനത്തെ ഉപയോഗപ്പെടുത്തി തങ്ങളത് മനസ്സിലാക്കി എന്നാണ് വിശ്വാസികള്‍ പറയുന്നത്. ഇസ്ലാമിനെ സംബന്ധിച്ച് ഇതാണ് അവകാശവാദം. ആര്‍ ദൈവം നല്‍കിയ പ്രവാചകത്വം എന്ന സംവിധാനത്തിലൂടെ ദൈവത്തെ പഠിക്കാന്‍ ശ്രമിക്കുന്നുവോ അവര്‍ക്ക് മാത്രമേ ശരിയായ ദൈവിക ജ്ഞാനം നേടാന്‍ കഴിയൂ എന്നത് അവകാശ വാദം മാത്രമല്ല. ഒരു സത്യം കൂടിയാണ്. ശാസ്ത്ര പഠനം അതിന് സഹായകമല്ല. ശാസ്ത്രത്തെ ശ്രദ്ധാപൂര്‍വം പഠിക്കുന്ന ഒരു വ്യക്തിക്ക് ഒരു പക്ഷെ അത്ഭുതകരമായ ഈ സൃഷ്ടിപ്പ് ബോധപൂര്‍വം നടന്ന ഒരു സൃഷ്ടിയുടെ ഭാഗമാണ് എന്ന് തോന്നിയേക്കാം. പക്ഷെ ആ സ്രഷ്ടാവിനെ യഥാവിധി മനസ്സിലാക്കാന്‍ അത് മാത്രം മതിയാവില്ല.

ലോകാരംഭം മുതല്‍ അവസാനം വരെ സകലകാര്യങ്ങളും ആ കൊച്ചു പുസ്തകത്തിലുണ്ട് എന്നല്ല ഒരു വിശ്വാസിയുടെയും അവകാശവാദം. മറിച്ച് ഖുര്‍ആന്‍ പോലുള്ള വേദഗ്രന്ഥത്തിന്റെ വക്താക്കള്‍ അവകാശപ്പെടുന്നത്. മനുഷ്യസമൂഹത്തിന്റെ സന്മാര്‍ഗദര്‍ശനത്തിന് വേണ്ടതെല്ലാം പൂര്‍ണമായി വിശുദ്ധ വേദഗ്രന്ഥത്തിലുണ്ട് എന്നാണ്. അത് ശരിയാണോ എന്ന് പരിശോധിച്ച് നോക്കിയാല്‍ മതിയല്ലോ പക്ഷെ അതില്‍ അല്‍പം വിനയം വേണം. അഹങ്കാരം സത്യം കണ്ടെത്തുന്നിന് മുന്നിലെ വലിയ തടസ്സമാണ്.

'ഈ ദൈവം പക്ഷേ ഒരു രാജ്യത്തിൽ ചെന്നു് പറയുന്നതല്ല മറ്റൊരു രാജ്യത്തിൽ ചെന്നു് പറയുന്നതു്. അതു് പോരാഞ്ഞിട്ടെന്നപോലെ, ഒരു പ്രദേശത്തുതന്നെ പല കാലങ്ങളിലായി രണ്ടും മൂന്നും വട്ടമൊക്കെ പ്രത്യക്ഷപ്പെട്ടു് അസന്ദിഗ്ദ്ധവും നിത്യവുമായ പ്രപഞ്ചസത്യങ്ങൾ എന്ന പേരിൽ വായിൽ തോന്നിയതൊക്കെ വിളിച്ചു് പറയാനും അങ്ങേർക്കു് മടിയൊന്നുമില്ല. ആത്യന്തികവും, ഒരു തരിക്കുപോലും കുറ്റമില്ലാത്തതുമായ ദൈവജ്ഞാനം ഇങ്ങനെ തുടരെത്തുടരെ വീണ്ടും വീണ്ടും പ്രത്യക്ഷപ്പെട്ടു് തിരുത്തേണ്ടി വരുന്നതു് എന്തുകൊണ്ടു് എന്നെനിക്കറിയില്ല. ദൈവികമായ ഈ സർവ്വജ്ഞാനത്തിന്റെ മറ്റൊരു പ്രത്യേകത ആജന്മശത്രുക്കളെപ്പോലെ മനുഷ്യരോടു് പരസ്പരം വെറുക്കാനും, അവരോടു് ഇവരെ കൊല്ലാനും ഇവരോടു് അവരെ കൊല്ലാനുമൊക്കെ ആഹ്വാനം ചെയ്യുന്നതു് സമാധാനസന്ദേശമായി ഏതു് മുക്രിക്കും വ്യാഖ്യാനിക്കാനാവുമെന്നതാണു്. ലൗകികനായ ഒരു മനുഷ്യൻ താനൊരു സർവ്വജ്ഞാനിയാണെന്നു് അവകാശപ്പെട്ടാൽ അവന്റെ തലയിലെ ചില പിരികൾ മുറുക്കാനാവാത്തവിധം ലൂസായിട്ടുണ്ടെന്നേ സാമാന്യബുദ്ധിയുള്ളവർ ചിന്തിക്കൂ. പക്ഷേ, സർവ്വജ്ഞാനത്തിനു് തുല്യം എന്നല്ലാതെ മറ്റൊരു അർത്ഥവും നൽകാനില്ലാത്ത ദൈവജ്ഞാനം അവകാശപ്പെടുന്ന ഒരു ആത്മീയനെ സമൂഹം, പ്രത്യേകിച്ചും വിശ്വാസികളുടെ സമൂഹം, ഉന്നത പീഠങ്ങൾ നൽകി ആദരിക്കുകയും ആരാധിക്കുകയുമാണു് പതിവു്. മതങ്ങൾക്കു് നിർണ്ണയാധികാരമുള്ള സമൂഹങ്ങൾ തങ്ങളെ നയിക്കാനുള്ള അവകാശം പതിച്ചുനൽകുന്നതു് ഇതുപോലെ പിരിവെട്ടിയ ആത്മീയ നേതാക്കൾക്കാണെന്നു് ചുരുക്കം. '
യുക്തിവാദി സര്‍വജ്ഞനപ്പോലെ മതത്തെക്കുറിച്ച് പറയുന്നതെല്ലാം അബദ്ധമാണ്. ദൈവം ഓരോ സ്ഥലത്തും ചെന്ന് പറഞ്ഞതൊക്കെ വ്യത്യസ്ഥമാണ് എന്ന് എവിടെ നിന്നാണ് ഇദ്ദേഹം മനസ്സിലാക്കിയത്. ദൈവം അരുളിചെയ്തത് തെറ്റാണ് എന്നോ അബദ്ധമാണ് എന്നോ പറയാന്‍ ഇദ്ദേഹത്തിന്റെ വശം എന്താണ് ഉള്ളത്. ദൈവമാണ് സൃഷ്ടിച്ചത് എന്ന് പറയുമ്പോള്‍ അല്ലെന്ന് പറയാന്‍ എന്ത് തെളിവാണുള്ളത്. മരണത്തിന് ശേഷം മനുഷ്യന്റെ നന്മതിന്മകള്‍ക്ക് പ്രതിഫലം നല്‍കും എന്ന് ദൈവം മുഖേന ദൈവദൂതന്‍ പറഞ്ഞത് നിഷേധിക്കാന്‍ എന്ത് ന്യായമാണ് യുക്തിവാദിയുടെ കൈവശം ഉള്ളത്. ദൈവം പരസ്പരം വെട്ടാനും കുത്താനും കൊല്ലാനും പരസ്പരം വെറുക്കാനും പഠിപ്പിച്ചുവെന്ന് ഏത് മതത്തെ പഠിച്ചാണ് ഈ തത്വജ്ഞാനി തട്ടിവിടുന്നത്.

ദൈവിക മതങ്ങള്‍ കണിശമായ ധാര്‍മിക മൂല്യങ്ങളില്‍ നിന്ന് ജീവിതം നയിക്കുന്ന ഒരു സമൂഹത്തെയാണ് സൃഷ്ടിക്കാന്‍ ശ്രമിച്ചത്. തങ്ങളെ നയിക്കാനുള്ള നിര്‍ണയാധികാരം ഇത്തരം സംഘങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നവര്‍ പിരിവെട്ടിയവരല്ല. മറിച്ച് തങ്ങളെ നിയന്ത്രിക്കാന്‍ തങ്ങളുടെ യുക്തിമാത്രം എന്ന ചിന്തിക്കുന്ന ഒന്നിനോടും ഉത്തരവാദിത്തമില്ലാത്ത ഒരു വിഭാഗത്തിന് തങ്ങളുടെ നിര്‍ണയാധികാരം കൈമാറുന്ന ജനതയുടെ അവസ്ഥയെന്തായിരിക്കുമെന്ന് ആലോചിച്ച് നോക്കൂ..

2012 ഫെബ്രുവരി 13, തിങ്കളാഴ്‌ച

മുഹമ്മദ് നബി ദൈവദൂതനോ സാധാരണ മനുഷ്യനോ ?

മുഹമ്മദ് നബി പ്രവാചകനോ അതല്ല കവലം ഒരു ചരിത്ര പുരുഷന്‍മാത്രമോ എന്ന ചോദ്യത്തിന് നാം ഉത്തരം കാണേണ്ടതുണ്ട്. കേവല ചരിത്ര പാരായണം കൊണ്ട് അദ്ദേഹം പ്രവാചകനാണോ എന്ന് നമ്മുക്ക് ഉറപ്പിക്കാനാവുന്ന അറിവ് ലഭിക്കുകയില്ല. അതിന് പ്രത്യേകമായി നമ്മുടെ യുക്തിയും മുന്നറിവുകളും ഉപയോഗപ്പെടുത്തേണ്ടതുണ്ട്. പ്രവാചകന്‍ എന്നുപയോഗിച്ചത് ദൈവദൂതന്‍ എന്ന അര്‍ഥത്തിലാണ്. അഥവാ മനുഷ്യര്‍ക്ക് ദൈവിക സന്ദേശം അറിയിച്ചു തന്നെ ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട മനുഷ്യവ്യക്തി.

1400 നൂറ്റാണ് മുമ്പ് മക്കയില്‍ ജീവിച്ച ഒരു വ്യക്തിയായിരുന്നു മുഹമ്മദ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഇല്ലാത്തവിധം ചരിത്രത്തില്‍ അദ്ദേഹം അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു. മാത്രമല്ല  ചരിത്രത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ മനുഷ്യവ്യക്തിത്വം ആര് എന്ന ചോദ്യത്തിനും സത്യസന്ധമായ മറുപടി മുഹമ്മദ് എന്നാണ്.  എന്നാല്‍ എന്താണ് അദ്ദേഹം നിര്‍വഹിച്ച ദൌത്യം. എന്തായിരുന്നു അദ്ദേഹത്തിന്റെ നിയോഗ ലക്ഷ്യം എന്നതിനെ മനസ്സിലാക്കുന്നതില്‍ ആളുകള്‍ രണ്ട് പക്ഷമാണ്. ഒരു വിഭാഗം അദ്ദേഹം പറഞ്ഞത് അംഗീകരിച്ച് അദ്ദേഹത്തെ വിലയിരുത്തി ഉത്തരം കണ്ടെത്തിയവരാണ്. മറ്റൊരു വിഭാഗം അദ്ദേഹം പറഞ്ഞതിനെ മുഖവിലക്കെടുക്കാതെ അദ്ദേഹത്തെക്കുറിച്ചുള്ള അഭിപ്രായം സ്വരൂപിച്ചവരാണ്. ഇത് രണ്ടും ഒരേ സമയം ശരിയായിരിക്കുകയില്ല. ഒരു കൂട്ടരുടെ നിലപാട് കൂടുതല്‍ ശരിയോട് അടുത്ത് നില്‍ക്കുന്നുണ്ട്. 

ഒരാള്‍ താന്‍ പ്രവാചകനാണ് എന്ന് അവകാശപ്പെടുമ്പോഴേക്ക് അയാളെ പ്രവാചകനായി വിശ്വസിക്കേണമോ. എങ്കില്‍ മനുഷ്യബുദ്ധിക്ക് എന്ത് സ്ഥാനം.? വിശ്വാസകാര്യങ്ങളില്‍ മനുഷ്യബുദ്ധിക്ക് സ്ഥാനമില്ലേ. യുക്തി ഉപയോഗിച്ചാല്‍ മുഹമ്മദ് നബി പ്രവാചകനാണ് എന്ന് മനസ്സിലാക്കാന്‍ ആവശ്യമായ തെളിവ് ലഭിക്കുമോ?. മുഹമ്മദ് നബിയുടെ പ്രവാചകത്വം അംഗീകരിക്കാതിരിക്കുന്നവര്‍ എല്ലാ സാധ്യകളും പരിഗണിച്ചിട്ടുണ്ടോ? ഒന്നുകില്‍ മുഹമദ് നബി തന്നെക്കുറിച്ച് അവകാശപ്പെട്ടത് സത്യം. അല്ലെങ്കില്‍ തന്നെക്കുറിച്ച് പറഞ്ഞത് കളവ്. ഇതല്ലാത്ത മറ്റൊരു സാധ്യത ഉണ്ടോ?. അദ്ദേഹം അവകാശപ്പെട്ടത് സത്യമെങ്കില്‍ അതിനെ കളവാക്കിയവരുടെ അവസ്ഥയും വളരെ പ്രയാസകരമാവില്ലേ?.

എങ്ങനെ ഒരു പ്രവാചകനെ തിരിച്ചറിയാം എന്ന് നമ്മുക്ക് ആദ്യം പരിശോധിക്കാം..

'കാവ്യപ്രതിഭയുള്ള ഒരാളുടെ സംസാരം കേട്ടാല്‍ അതയാളുടെ ജന്‍മസിദ്ധമായ കഴിവാണെന്ന് മനസ്സിലാകും. എത്ര തന്നെ ശ്രമിച്ചാലും അയാളുടേത് പോലുള്ള കവിത രചിക്കുവാന്‍ മറ്റുള്ളവര്‍ക്കാവില്ല. അതുപോലെ പ്രസംഗം, എഴുത്ത്, ശാസ്ത്രീയ ഗവേഷണം തുടങ്ങിയ കാര്യങ്ങളില്‍ ജന്‍മവാസനയുള്ളവരെയും അവരുടെ പ്രവൃത്തികളുടെ സവിശേഷതകളില്‍നിന്ന് തിരിച്ചറിയാം. കാരണം, അവര്‍ സ്വന്തം ജോലികളില്‍ അനന്യസാധാരണമായ യോഗ്യത തെളിയിച്ചിരിക്കും. ഇതുപോലെയാണ് പ്രവാചകനും.

1. അന്യര്‍ക്ക് ഊഹിക്കാന്‍പോലും കഴിയാത്ത കാര്യങ്ങള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ നിഷ്പ്രയാസം തെളിയും.
അന്യരുടെ ദൃഷ്ടിയില്‍പെടാത്ത സൂക്ഷ്മമായ സംഗതികളില്‍ ദൃഷ്ടികള്‍ പതിയും.

2. അദ്ദേഹം പറയുന്ന കാര്യങ്ങള്‍ നമ്മുടെ ബുദ്ധി അംഗീകരിക്കും. എന്നല്ല, അതാണ് ശരിയെന്ന് ബുദ്ധി സാക്ഷ്യപ്പെടുത്തും.

3.
അദ്ദേഹത്തിന്റെ ഓരോ വാക്കിന്റെയും സത്യാവസ്ഥ ദൈനംദിനാനുഭവങ്ങളും പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളും വഴി തെളിഞ്ഞുകൊണ്ടേയിരിക്കും. എന്നാല്‍ , എത്ര ശ്രമിച്ചാലും അത്തരം ഒരു വാക്കുപോലും നമുക്ക് പറയാനാവില്ല.

4. അദ്ദേഹത്തിന്റെ പ്രകൃതി പരിശുദ്ധമായിരിക്കും. തന്‍മൂലം സകല ഏര്‍പ്പാടുകളിലും ഋജുവും ശ്രേഷ്ഠവും സംശയരഹിതവുമായ മാര്‍ഗങ്ങളേ കൈക്കൊള്ളൂ. ചീത്ത വാക്കോ ദുഷ്പ്രവൃത്തിയോ അദ്ദേഹത്തില്‍നിന്നൊരിക്കലും പുറത്തുവരില്ല. സത്യവും സല്‍ക്കര്‍മങ്ങളും മറ്റുള്ളവരോടുപദേശിക്കുന്നതോടൊപ്പം സ്വയം പ്രാവര്‍ത്തികമാക്കുകയും ചെയ്യും. 


5. വാക്കിനെതിരായി പ്രവര്‍ത്തിച്ചതിന് ഉദാഹരണങ്ങള്‍ കാണില്ല, അദ്ദേഹത്തിന്റെ ജീവിതത്തില്‍; വാക്കിലോ പ്രവൃത്തിയിലോ സ്വാര്‍ഥതയുടെ നിഴലാട്ടംപോലും ദൃശ്യമാവില്ല. അന്യജീവന്നുതകുവാന്‍ സ്വജീവിതത്തിലദ്ദേഹം കഷ്ടനഷ്ടങ്ങള്‍ സഹിക്കും. മാത്രമല്ല, സ്വന്തം ഗുണത്തിനായി അന്യര്‍ക്ക് ഹാനിവരുത്തുകയുമില്ല.

6. സത്യസന്ധത, ശ്രേഷ്ഠചിന്ത, സന്‍മാര്‍ഗനിഷ്ഠ, പരിശുദ്ധി തുടങ്ങിയ ഉല്‍കൃഷ്ടഗുണങ്ങള്‍ക്ക് മാതൃകയായിരിക്കുമദ്ദേഹം. എത്ര തന്നെ പരിശോധിച്ചാലും അദ്ദേഹത്തിന്റെ ജീവിതത്തിലൊരു ന്യൂനത കണ്ടുപിടിക്കുക അസാധ്യമായിരിക്കും.


പ്രവാചകനെ തിരിച്ചറിയുവാന്‍ സഹായിക്കുന്ന സംഗതികളാണിവ.'
(ഇസ്ലാം  എന്ന പുസ്തകത്തില്‍നിന്ന് )

ഈ കാര്യങ്ങള്‍ വായിച്ചുകഴിഞ്ഞപ്പോള്‍ ഒരു ബ്ലോഗര്‍ സുഹൃത്തിനുണ്ടായ സംശയവും അതിന് ഞാന്‍ നല്‍കിയ മറുപടികളും സംക്ഷിപ്തമായി ഇവിടെ നല്‍ക്കുന്നു.

ഈ വിശേഷണങ്ങളുള്ള വ്യക്തികള്‍ പ്രവാചകന്‍മാരാണ് എന്നാണോ പറഞ്ഞുവരുന്നത് അങ്ങനെയെങ്കില്‍ ഈ ഗുണങ്ങള്‍ ഒത്തുവരുന്ന ചില ചരിത്രപുരുഷന്‍മാര്‍ പ്രവാചകന്‍മാരാണ് എന്ന് നമ്മുക്ക് പറയാമോ? ഉദാഹരണം ഗാന്ധിജി..

ആദ്യമായി പരിഗണിക്കേണ്ടത് ഏതൊരു മഹാനും തന്നെക്കുറിച്ച് എന്ത് അവകാശപ്പെട്ടുവെന്നാണ്. പ്രവാചകത്വം എന്നത് മനുഷ്യര്‍ ഒരു വ്യക്തിയില്‍ അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല ഒരു മഹാനായ മനുഷ്യന്‍റെ നന്മകളെ പിന്തുടരാന്‍ അദ്ദേഹത്തെ പ്രവാചകനായി അംഗീകരിച്ചതിന് ശേഷമേ സാധിക്കൂ എന്നുമില്ല. ചരിത്രത്തില്‍ കഴിഞ്ഞ് പോയ പ്രവാചകന്‍മാരെല്ലാം അവരുടെ പ്രവാചകത്വം സ്വയം വാദിച്ചവരാണ്. അത് പരിശോധിച്ച് സത്യമെന്ന് ബോധ്യപ്പെട്ടവരാണ് അദ്ദേഹത്തിന്റെ അനുയായികള്‍ . അനുയായികള്‍ വാദം അംഗീകരിക്കുന്നവരാണ്, സ്വീകരിക്കുന്നവരാണ്. അല്ലാതെ വാദം നേതാവില്‍ അടിച്ചേല്‍പിക്കുന്നവരല്ല. ഈ പോയിന്റില്‍നിന്നാണ് നാം പരിശോധന ആരംഭിക്കുന്നത്.

ചുരുക്കത്തില്‍, ഒരാള്‍ ദൈവത്തിന്റെ ദൂതനായി നിയോഗിക്കപ്പെടുമ്പോള്‍ അദ്ദേഹം ആദ്യമായി പ്രഖ്യാപിക്കുന്നത്. അല്ലെങ്കില്‍ ആദ്യപ്രഖ്യാപനത്തോടൊപ്പം ചേര്‍ക്കുന്നത്. താന്‍ ദൈവത്തിന്റെ ദൂതനാണ് എന്നായിരിക്കും.  മറ്റൊരു സാധ്യത ഒരാള്‍ താന്‍ ദൈവദൂതനാണെന്ന് തെറ്റായ അവകാശവാദമുന്നയിക്കാനുള്ളതാണ്. ഇവിടെ അദ്ദേഹത്തിന്റെ വാക്കും പ്രവര്‍ത്തിയും യോജിച്ചുവരുന്നെങ്കില്‍ അദ്ദേഹം പ്രവാചകനാണെന്ന കാര്യത്തില്‍ പിന്നീട് സംശയിക്കേണ്ട ആവശ്യമെന്ത്?. ഇത് പൊതുവായി പ്രവാചകത്വ സ്ഥരീകരണവുമായി ബന്ധപ്പെട്ടതാണ്.

അതേ സമയം നമ്മുടെ മുമ്പിലുള്ള പ്രശ്‌നം. മുഹമ്മദ് നബിയുടെ പ്രവാചകത്വമാണ്. അദ്ദേഹം ഈ മാനദണ്ഡമനുസരിച്ച് പ്രവാചകനാണോ അല്ലേ എന്ന് പരിശോധിക്കാന്‍ മനുഷ്യരിലോരോരുത്തര്‍ക്കും ബാധ്യതയുണ്ട്. കാരണം അദ്ദേഹം അഭിസംബോധനചെയ്തത് മുഴുവന്‍ മനുഷ്യരെയുമാണ്. ഞാന്‍ നിങ്ങളിലെല്ലാവരിലേക്കുമുള്ള ദൈവത്തിന്റെ ദൂതനാണ് എന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹം മനുഷ്യര്‍ക്കാവശ്യമുള്ള ദൈവത്തിന്റെ നിയമനിര്‍ദ്ദേശങ്ങളും രാഷ്ട്രീയ-സാംസ്‌കാരിക-നാഗരിക-ധാര്‍മികവ്യവസ്ഥകളുമായി ആഗതനായി. അദ്ദേഹത്തെ കണ്ടെത്താനും അതംഗീകരിക്കാനും കഴിഞ്ഞവര്‍ ദൈവനിയമം അനുസരിക്കുന്നവര്‍ എന്ന അര്‍ഥത്തില്‍ മുസ്്‌ലിംകള്‍ എന്ന് വിളിക്കപ്പെട്ടു. ചിലര്‍ ബോധ്യമായതിന് ശേഷവും തള്ളിക്കളഞ്ഞു. ചിലരാകട്ടെ അദ്ദേഹത്തിന്റെ വിളി കണ്ടില്ലെന്ന് നടിച്ചു, ദൈവമവര്‍ക്ക് സത്യബോധനം സ്വീകരിക്കാനാവശ്യമായ ബുദ്ധിയെ അവര്‍ ഉപയോഗപ്പെടുത്തിയില്ല. വേണ്ടവിധം അദ്ദേഹം പ്രബോധനം ചെയ്യപ്പെടാത്തതിനാല്‍ ചിലര്‍ അദ്ദേഹത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണയിലകപ്പെട്ടു.

ഏതായാലും നാം നമ്മുടെ മനസ്സാക്ഷിക്ക് നിരക്കുന്ന ഒരു മറുപടി കണ്ടെത്തേണ്ടതുണ്ട്. മുഹമ്മദ് നബിയുടെ പ്രവാചകത്വം അംഗീകരിക്കാനോ നിരാകരിക്കാനോ മാത്രം നാം പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് പഠിച്ചിട്ടുണ്ടോ?.

2011 ഡിസംബർ 11, ഞായറാഴ്‌ച

എന്താണ് ജീവിതവിജയം ?

Rasheed Kannur എന്താണ് ജീവിത വിജയം എന്നത്? ഒരു നല്ല പൊസിഷനില്‍ എത്തുക എന്നതോ? അതോ ആഗ്രഹിച്ച പൊസിഷനില്‍ എത്തുക എന്നതോ?

ഞാന്‍ കുറച്ചു കാലങ്ങളായി പലരോടും ചോദിച്ചു, അവര്‍ അവരുടെ അഭിപ്രായം പറഞ്ഞു..എന്താണ് നിങ്ങളുടെ അഭിപ്രായം??

*******************************************
Abdu Samad നല്ല കാശൊക്കെ ആയി കുറേ ഭൂമിയും പിന്നെ വലിയ വീടും കാറും നല്ലൊരു കെട്ട്യോളും ഒക്കെ ആയി സുഭിക്ഷമായി കഴിയുമ്പോൾ ആൾക്കാർ പറയും അവൻ ഭൌതികമായി ജീവിതവിജയം നേടി എന്ന്...!? എന്നാൽ ഈ നശ്വര ജീവിതത്തിൽ അതൊരു നേട്ടമാവാം പക്ഷെ അവിടെ ....?Shouckath Ali കുറെ കാശ് ഉണ്ടായാലും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഴിഞ്ഞാലും ആർക്കും സമാധാനം മാത്രം ഇല്ല . അപ്പോള്‍ മനസ്സിന് സമാധാനം കിട്ടുംപോഴല്ലേ ജീവിത വിജയം ലഭിക്കുകയുള്ളൂ ..Jane Na ജീവിതത്തിനു ഒരു ലക്ഷ്യമുണ്ടാവുക, അതിനു വേണ്ടി പ്രവര്‍ത്തിക്കുക. ലക്ഷ്യം നേടിയാലും ഇല്ലെങ്കിലും ജീവിത വിജയം.
Prathiba Sundaram ‎"സുഖ ലോലുപത" വിശദീകരികാമോ? എന്താണത്? കള്ളു, പെണ്ണ് / ആണ്, ഭക്ഷണം, അധികാരം, മുതലാളി..Abid Ali Madapuram ജീവിത വിജയം എന്നത് ആപേക്ഷികം മാത്രമാണ്.ആരും പൂര്‍ണ്ണമായ വിജയം നേടുന്നില്ല.ആണെങ്കില്‍ നമ്മുടെ ജീവിതം ഏതു നേരത്തും അവസാനിക്കുമായിരുന്നില്ല.ചില മേഖലകളില്‍ ചിലര്‍ മറ്റുള്ളവരേക്കാള്‍ ഉയരത്തില്‍ എത്താറുണ്ട്.അതും അയാളുടെ കഴിവ് കൊണ്ട് മാത്രവും അല്ല.ഭാഗ്യം എന്നതും നിര്‍ണ്ണായകമാണ്.

ആദ്യം ജീവിതം എന്ത് എന്നതിന്റെ ഉത്തരമാണ് തേടേണ്ടത് ? വിജയവും പരാജയവും എന്നാല്‍മാത്രമേ വിശദീകരിക്കാന്‍ പറ്റൂ
Tippu Kerala ജീവിത വിജയം എന്നത് കൊണ്ട് സ്വന്തം തലത്തില്‍ ആണെങ്കില്‍ സുഖത്തിലും ദുഖത്തിലും തുല്യതയോടെ നില്‍കാന്‍ കഴിയുന്ന അവസ്ഥ നേടിയെടുക്കാന്‍ കഴിയുക എന്നതാണ്

സാമൂഹിക തലത്തില്‍ ആണ് എങ്കില്‍ മനുഷ്യന്‍ എന്ന നിലയില്‍ ജനിച്ചു മരികുന്നതിനു മുമ്പായി നാലാളുകളെ സഹായിക്കാനുള്ള അവര്‍ക്ക് ഗുണമാകുന്ന വല്ലതും സ്വന്തം ജീവിതം കൊണ്ട് ഇവിടെ പടുത്തുയര്‍ത്തി മരണ ശേഷവും അയാളെ ഓര്‍മിക്കുന്ന തരത്തിലുള്ള നല്ല പ്രവര്‍ത്തനത്തിന്റെ ഒരു സ്തുപം ജീവിതം കൊണ്ട് ഉണ്ടാക്കപെടുക എന്നതാണ് ..
 
*******************************************************

Facebook ൽ നടന്ന ഒരു ചർചയിൽ നൽകപ്പെട്ട അഭിപ്രായങ്ങളാണ് മുകളിലേത്ത്. പലപ്പോഴും ഇത്തരം ചോദ്യങ്ങൾ  ചോദിക്കുകയോ മറുപടി പറയുകയോ ചെയ്യാതെ തന്നെ മനുഷ്യൻ ജീവിത വിജയം നേടാനുള്ള ഓട്ടത്തിലാണ്. പരാജയപ്പെടാൻ ആരും ജീവിക്കാറില്ലല്ലോ. അപ്പോൾ ഏത് മനുഷ്യനും ജീവിതത്തിൽ ആഗ്രഹിക്കുന്നത് വിജയം തന്നെ. എന്നാൽ എന്താണ് ജീവിതവിജയം ഈ ചോദ്യത്തിന് പലതരത്തിലുള്ള മറുപടികൾ ഒരേ സമയം ശരിയാകുമോ?. അഥവാ ഒരു മറുപടി മാത്രമേ ഉള്ളുവെങ്കിൽ അത് ബോധപൂർവം മനസ്സിലാക്കി തന്നെയാണോ ജീവിക്കാൻ ശ്രമിക്കുന്നത്. 

മനുഷ്യന്റെ വിശ്വാസമനുസരിച്ച് പ്രധാനമായും രണ്ട് തരം മറുപടികളാണ് ഉള്ളത്. ഒന്ന് ദൈവമുണ്ടെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലും  മറ്റൊന്ന് ദൈവമില്ലെന്ന വിശ്വാസത്തിന്റെ അടിത്തറയിൽ നിന്നും. രണ്ട് രണ്ട് തരം വിത്തിൽ നിന്നായതിനാൽ അതിൽനിന്നുണ്ടാകുന്ന ഫലവും രണ്ട് തരം തന്നെ.

1. ഭൗതിക കാഴ്ചപ്പാട് അനുസരിച്ച് (ദൈവമില്ലെന്ന വിശ്വസമനുസരിച്ച്) നൽകപ്പെടുന്ന മറുപടി ഇങ്ങനെയാണ്.
ജീവിത വിജയം എന്നത് അല്ലലും അലട്ടലുമില്ലാതെ മരിക്കുന്നത് വരെ ജീവിക്കുന്നതിന് പറയുന്ന പേരാണ്. അഹാരം, പാർപ്പിടം, വസ്ത്രം എന്നിവ സമയത്ത് ഇഷ്ടാനുസരണം ലഭിക്കുകയും ജഡികമായ ഇഛകളിൽ പരമാവധി പൂർത്തീകരിക്കാൻ സാധിക്കുകയും ചെയ്ത ഒരാളെക്കുറിച്ച് ഒരു ഭൗതിവാദി ജീവിതം വിജയിച്ചവനെന്ന് പറയും. അത്തരമൊരാൾ നല്ല പൊസിഷനിൽ എത്തുക എന്നത് കൊണ്ടുദ്ദേശിക്കുന്നത് ഭൗതിക സുഖങ്ങൾ ലഭ്യമാക്കാനാവശ്യമായ സമ്പത്തിന്റെയും സ്ഥാനത്തിന്റെയും ഉടമയാകുക എന്നതാണ്.


2. അതിഭൗതിക ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കുന്നവരുടെ മറുപടി (ദൈവവിശ്വാസമനുസരിച്ച്) ഇങ്ങനയാണ്.

മനുഷ്യനെ ഭൂമിയിൽ സൃഷ്ടിച്ചതും അവന് ഇവിടെ ജീവിക്കാൻ വേണ്ട വിഭവം ഒരുക്കിയതും അല്ലാഹുവാണ്. അതേ അല്ലാഹു തന്നെ അവന് ജീവിക്കാൻ വേണ്ട മാർഗദർശനവും നൽകി. അത് അവന് അറിയാക്കാൻ മനുഷ്യരിൽ നിന്ന് തന്നെ ദൂതൻമാരെ നിയോഗിച്ചു. അവർ മനുഷ്യന് മുന്നിൽ ദൈവിക നിർദ്ദേശങ്ങളനുസരിച്ച് ജീവിക്കേണ്ടതെങ്ങിനെയെന്ന് പ്രായോഗികമായി കാണിച്ചുകൊടുത്തു.

അവിധം ജീവിക്കുന്നത് ഇഹത്തിലെ ക്ഷേമത്തിനും സമാധാനത്തിനും മനശാന്തിക്കും ഭൗതിക സുഖങ്ങൾക്കും സഹായിക്കുമെന്നും. അതിന് വിരുദ്ധം പ്രവർത്തിക്കുന്നത്, അസമാധാനത്തിനും, പ്രയാസത്തിനും, മനക്ലേശത്തിനും ഇടവരുത്തുമെന്നും മൊത്തത്തിൽ തന്നെ ഭൗതികമായ ജീവിതത്തെപ്പോലും അത് കുടുസ്സാക്കുമെന്നും എല്ലാറ്റിലും ഉപരിയായി തന്റെ ജീവിതം നൽകിയ രക്ഷിതാവിനോടുള്ള നന്ദികേടിന്റെ പേരിൽ പരലോകത്തെ ശാശ്വതമായ ശിക്ഷക്ക് കാരണമാകുകയും ചെയ്യുമെന്ന് പ്രവാചകൻമാർ പഠിപ്പിച്ചുകൊടുത്തു.

ഇത് സത്യമെന്ന് വിശ്വസിച്ച് അതനുസരിച്ച് പ്രവർത്തിക്കുന്നവൻ ജീവിത വിജയം വരിച്ചു. അവൻ സാമ്പത്തികമായി ഏതവസ്ഥയിലാണെങ്കിലും ജീവിത്തിലെ ഏറ്റവും നല്ല പൊസിഷനിലെത്തി.

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review