പെരുന്നാള്‍ ‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പെരുന്നാള്‍ ‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010 നവംബർ 16, ചൊവ്വാഴ്ച

ഇതെങ്ങാനും ഇബ്രാഹീം നബി കണ്ടിരുന്നെങ്കില്‍!

അമേരിക്കയിലെ കാന്‍സാസ് യൂണിവേഴ്‌സിറ്റിയില്‍ ഗണിതശാസ്ത്ര വിഭാഗത്തിന്റെ തലവനാണ് ഡോ. ജെഫ്രിലാംഗ്. 27 വയസ്സുവരെ നാസ്തികനായി ജീവിച്ചു. അക്കാലെത്തെപ്പോഴോ ഖുര്‍ആന്‍ വായിക്കാനിടയായത് നിര്‍ണായക വഴിത്തിരിവായി. പിന്നീട് ഇസ്ലാം സ്വീകരിച്ച അദ്ദേഹം എഴുതിയ രണ്ടാമത്തെ പുസ്തകമായ Even Angels Ask എന്ന കൃതിയില്‍ അദ്ദേഹത്തിന്റെ ഹജ്ജ് അനുഭവങ്ങള്‍ വിശദീകരിക്കുന്നു. അതില്‍നിന്ന് ഒരു ഭാഗം ഉദ്ധരിച്ച് ഹഫീസ് തന്റെ ബ്ലോഗില്‍ നല്‍കിയ പോസ്റ്റ് കൂടുതല്‍ വായിക്കപ്പെടേണ്ടതുണ്ടെന്ന് തോന്നി. ചെറിയ മാറ്റത്തോടെ ഇവിടെയും നല്‍കുകയാണ്...


 "സാങ്കേതികമായി ഞാന്‍ ഇപ്പോള്‍ ഹജ്ജ്‌ നിര്‍വഹിച്ചുകഴിഞ്ഞു. പക്ഷേ എന്തോ ഒന്നിന്റെ അഭാവം എനിക്ക് അനുഭവപ്പെട്ടു. അതെന്നെ അസ്വസ്ഥനാക്കി. ഹജ്ജിലെ ഓരോ കര്‍മ്മവും വളരെ സൂക്ഷ്മതയോടെയും ഭയഭക്തിയോടെയും കൂടിയാണ് നിര്‍വഹിച്ചതെന്ന് എനിക്കറിയാം. എന്നിട്ടും എന്തോ ഒന്ന് ചെയ്യാന്‍ വിട്ടുപോയതുപോലുള്ള ഒരു തോന്നല്‍ എന്നില്‍ ഇച്ഛാഭംഗം സ്രഷ്ടിച്ചു.........

....... “ക്ഷമിക്കണം ഞാനൊന്നു ചോദിച്ചോട്ടെ!” വളരെ വിനയത്തോടും ക്ഷമാപണ സ്വരത്തിലും അയാള്‍ ചോദിച്ചു.
കണ്ണട വെച്ചുതന്നെ ഞാന്‍ എന്റെ ശിരസ്സ്‌ ശരിയാക്കി. 
“ചോദിച്ചോളൂ !” ദീര്‍ഘനിശ്വാസത്തോടെ  ഞാന്‍ പറഞ്ഞു.
“നിങ്ങള്‍ ഒരു അമേരിക്കക്കാരനാണോ?”
“അതെ” അടുത്ത ചോദ്യം എന്തായിരിക്കുമെന്നറിയാവുന്നതുകൊണ്ട് മടുപ്പോടെ ഞാന്‍ ഒരു നെടുവീര്‍പ്പുകൂടിയിട്ടു.

അനന്തരം അയാള്‍ അല്‍പംകൂടി എന്നോടു അടുത്തിരുന്ന് വളരെ പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു “താങ്കളെങ്ങനെയാണ് മുസ്ലിമായതെന്നു ഒന്ന് പറഞ്ഞു തരാമോ?”

കഴിഞ്ഞ ഏഴു ദിവസങ്ങളില്‍ , ഈ ചോദ്യം ഓരോ തവണ എന്നോടു ചോദിക്കുമ്പോഴും എന്റെ മറുപടിയുടെ ദൈര്‍ഘ്യം ക്രമേണ കുറഞ്ഞു വന്നിരുന്നു.ആദ്യ തവണ എന്റെ കഥ പറയാന്‍ അര മണിക്കൂറെടുത്തു. പക്ഷെ ഇപ്പോള്‍ ഞാനത് അര മിനിട്ടാക്കി കുറച്ചു. ഇരുത്തത്തിന്റെ രൂപം മാറ്റാതെ, കണ്ണുകള്‍ തുറക്കാതെ ഞാന്‍ താഴെ പറയുന്ന രത്നച്ചുരുക്കം അയാള്‍ക്ക്‌ നല്‍കി. “ക്രിസ്ത്യാനിയാണ് ഞാന്‍ ജനിച്ചത്‌. ദൈവം എന്ന ആശയത്തോട് യുക്തിപരമായ ചില സംശയങ്ങള്‍ ഉണ്ടായതുകാരണം പതിനെട്ടാം വയസ്സില്‍ ഒരു നാസ്തികനായി. പിന്നീടുള്ള പത്തുവര്‍ഷം നാസ്തികനായിതന്നെ തുടര്‍ന്നു. ഇരുപത്തെട്ടാം വയസ്സില്‍ ഒരു ഖുര്‍ആന്‍ വ്യാഖ്യാനം വായിക്കാനിടയായി. എന്റെ സംശയങ്ങള്‍ക്ക്‌ ഞാന്‍ ഖുര്‍ആനില്‍ തൃപ്തികരമായ മറുപടി കണ്ടെത്തിയെന്നു മാത്രമല്ല, അത് തുടര്‍ന്നു വായിച്ചതിന്റെ ഫലമായി ദൈവവിശ്വാസിയുമായി. അങ്ങനെ ഞാനൊരു മുസ്ലിമായി”.

എന്റെയീ ‘സിനോപ്സിസ്‌’ പറഞ്ഞുതീര്‍ത്തതോടെ, അപമര്യാദയാംവിധം ഹ്രസ്വമായ ഈ മറുപടി കേട്ട് അയാള്‍ സ്ഥലം വിട്ടുവോ എന്നറിയാന്‍ ഞാന്‍ ഇടംകണ്ണിട്ട് നോക്കി. എന്നെ അത്ഭുതപ്പെടുത്തികൊണ്ട്, അയാളുടെ കവിളിലൂടെ കണ്ണുനീര്‍ ഒഴുകുന്നതാണ് ഞാന്‍ കണ്ടത്‌. എന്റെ അമ്പരപ്പ് പിന്നെ പറയാനുണ്ടോ?

ആ നിമിഷത്തില്‍, ഇത്ര നിര്‍വികാരമായും ദുരഹങ്കാരത്തോടെയും പെരുമാറിയതിന് ഞാന്‍ ദൈവത്തോടു മാപ്പിരന്നു. വിശ്വാസത്തോടുള്ള ശക്തമായ സ്നേഹം ഇത്രയെളുപ്പത്തില്‍ കരയിക്കുകയും ഞാന്‍ പറഞ്ഞതുപോലുള്ള വികാരനിശൂന്യമായ കഥയില്‍ പോലും ദൈവത്തിന്റെ മഹത്വവും കാരുണ്യവും ദര്‍ശിക്കുകയും ചെയ്യുന്ന എന്റെയീ വിനീതനായ സഹോദരനെപോലെ എന്നെയും മാറ്റിത്തരേണമെന്നു അവനോടു പ്രാര്‍ഥിക്കുകയും ചെയ്തു. ഞാന്‍ നേരെയിരുന്ന്‍ അയാളുടെ മുഖത്തേക്ക് നോക്കി.

“എന്താണ് നിങ്ങളുടെ പേര്‍ ? ഏത്‌ നാട്ടുകാരനാണ് നിങ്ങള്‍?” ഞാന്‍ ചോദിച്ചു.
“എന്റെ പേര്‍ അഹമ്മദ്‌. ബംഗ്ലാദേശുകാരനാണ്.” ഒരു ചെറുപുഞ്ചിരിയോടെ അയാള്‍ മറുപടി നല്‍കി. എന്നിട്ട് കണ്ണുതുടച്ചു.
“താങ്കളെ കണ്ടുമുട്ടിയതില്‍ വളരെ സന്തോഷം,അഹമ്മദ്. എന്റെ പേര് ജഫ്രി. യുനൈറ്റഡ് സ്റ്റേറ്റ്സിലെ കന്‍സാസ് സംസ്ഥാനത്ത് നിന്നു വരുന്നു.” ഞങ്ങള്‍ അല്‍പം വിശദമായി പരിചയപ്പെട്ടശേഷം അഹമ്മദ്‌ പൊടുന്നനെ ആഹ്ലാദപൂര്‍വ്വം ചോദിച്ചു: “ഇത്തവണത്തേത് ആവേശകരമായ ഹജ്ജായിരുന്നു അല്ലേ, സഹോദരന്‍ ജെഫ്രീ?”
ഞാനൊന്നും മിണ്ടിയില്ല.
“ഓര്‍ത്തു നോക്കൂ, നാമിവിടെ എത്തിയ ദിവസം” അയാള്‍ തുടര്‍ന്നു: “നിങ്ങള്‍ക്ക് ചുറ്റും തീര്‍ഥാടകര്‍ വിളിച്ചുപറയുന്നത് കേട്ടിരുന്നില്ലേ? ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്, ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്.’ താങ്കള്‍ക്കറിയാമോ ഞങ്ങളുടെ നാട്ടില്‍ ‘ലബ്ബൈക്കി’ന്റെ അര്‍ത്ഥമെന്താണെന്ന്?”

“ക്ഷമിക്കണം എനിക്ക് ബംഗ്ലാദേശിനെ കുറിച്ച് ഒന്നുമറിയില്ല” ഞാന്‍ പറഞ്ഞു.
അയാള്‍ വളരെ സൂക്ഷ്മമായി എന്റെ നേരെ നോക്കികൊണ്ട് പറഞ്ഞു: ഞങ്ങളുടെ നാട്ടില്‍, ഒരധ്യാപകന്‍ ക്ലാസില്‍ വെച്ച് ഒരു വിദ്യാര്‍ത്ഥിയെ വിളിച്ചാല്‍ അവനുടനെ അറ്റന്‍ഷനില്‍ നിന്ന് ‘ലബ്ബൈക്ക്, ടീച്ചര്‍, ലബ്ബൈക്ക്’ എന്ന് പറയും. ‘ഞാന്‍ തയ്യാര്‍, പറഞ്ഞോളൂ! ഞാന്‍ ചെയ്യാം’ എന്നാണതിനര്‍ത്ഥം. അല്ലാഹുവിനോട് മുസ്ലിംകളായ നാം സ്വീകരിക്കെണ്ടുന്ന നിലപാടും ഇതുതന്നെ. അങ്ങനെയായിരുന്നു പ്രവാചകന്‍മാരുടെ രീതി. അല്ലാഹു ഇബ്രാഹിം നബിയോട് ഹജ്ജിന് ആഹ്വാനം നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍, അദ്ദേഹത്തോടൊപ്പം മക്കയില്‍ ആരുമുണ്ടായിരുന്നില്ല-അദ്ദേഹത്തിന്റെ കുടുംബവും ഏതാനും ആട്ടിടയന്‍മാരും ഉണ്ടായിരുന്നിരിക്കാം. അത് ഞാനോ നിങ്ങളോ ആയിരുന്നെങ്കില്‍ നാം സംശയിച്ച്, ‘ചുറ്റുവട്ടത്ത് ആരും കേള്‍ക്കാനില്ലാതെ ഹജ്ജിനു വിളിക്കുന്നതിനെന്തര്‍ത്ഥം’ എന്ന് ചോദിക്കുമായിരുന്നു. പക്ഷെ ഇബ്രാഹിം നബിയുടെ വിശ്വാസവും ദൈവത്തിലുള്ള പ്രതീക്ഷയും വമ്പിച്ചതായിരുന്നു. അതുകൊണ്ട് ഒരു നിമിഷം പോലും അദ്ദേഹം ശങ്കിച്ച് നിന്നില്ല. പകരം ആളൊഴിഞ്ഞ ആ പ്രദേശത്ത്‌ ഉടന്‍ ‘ആദാന്‍’ മുഴക്കുകയാണുണ്ടായത്. അല്ലയോ സഹോദരന്‍ ജഫ്രീ, തന്റെ വിളിക്ക് ഉത്തരം നല്‍കിക്കൊണ്ട് ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ ഇന്ന് ഇവിടെ സമ്മേളിച്ചതും നാം രണ്ടുപേര്‍, അമേരിക്കക്കാരനായ താങ്കളും ബംഗ്ലാദേശുകാരനായ ഞാനും, സഹോദരങ്ങളെപ്പോലെ മിനായിലേക്കുള്ള ഒരു ബസ്സില്‍ ഇരിക്കുന്നതും ഇബ്രാഹീം നബി കണ്ടിരുന്നെങ്കില്‍!”

ഇപ്പോള്‍ വികാരവിക്ഷോഭം എന്റെ ഊഴാമായിരുന്നു. എനിക്ക് എന്നെകുറിച്ച് വല്ലാത്ത ലജ്ജ തോന്നി. ഞാന്‍ കരഞ്ഞുപോകുമെന്നായി. തീര്‍ഥാടനത്തില്‍ ബാക്കിയായതെന്നു എനിക്ക് തോന്നിയ കര്‍മ്മം ഏതെന്ന് എനിക്കിപ്പോള്‍ പിടികിട്ടി. ഒത്തൊരുമ, സാഹോദര്യ ബോധം, ഇസ്‌ലാം വിശ്വാസികളുടെ മേല്‍ ചുമത്തുന്ന സ്നേഹം എന്നിവയുടെ അഭാവമായിരുന്നു എന്റെ ഹജ്ജ്‌ കര്‍മ്മത്തിലെ പോരായ്മ എന്ന് എനിക്ക് മനസ്സിലായി.' (മാലാഖമാര്‍ പോലും ചോദിക്കുന്നു -ജെഫ്രിലാംഗ്.  പേജ്: 254-275)

 വീണ്ടുമൊരു ഹജ്ജും ബലിപെരുന്നാളും വന്നണയുമ്പോള്‍ എന്താണ് ഇവയുടെ സന്ദേശം എന്ന് ഓര്‍ത്തപ്പോള്‍ ആദ്യം മനസ്സിലേക്ക് വന്നത് ജെഫ്രി ലംഗിന്റെ ഈ വരികളാണ്. പ്രവാചകന്‍ ഇബ്രാഹിമുമായി ബന്ധപ്പെട്ട ആരാധനാ കര്‍മ്മമാണ് ഹജ്ജ്‌. ഇസ്‌ലാമും ക്രിസ്തുമതവും ജൂതമതവും കൂടിച്ചേരുന്ന ബിന്ദുവാണ് ഇബ്രാഹീം (ബൈബിളിലെ അബ്രഹാം). ഇബ്രാഹിം നബിയെ ബഹുമാനിക്കുന്നത് മുസ്ലിംകള്‍ മാത്രമല്ല, ക്രൈസ്തവര്‍ക്കും ജൂതര്‍ക്കും അദ്ദേഹം ബഹുമാന്യനാണ്.  ഈ മൂന്ന് വിഭാഗത്തിനും ഒരു പൊതു പൈതൃകം ഉണ്ടെന്ന കാര്യം കൌതുകകരമാണ്. അതിനാല്‍ ഖുര്‍ആന്‍ പറഞ്ഞു “പ്രവാചകന്‍, പറയുക: `എന്റെ നാഥന്‍ ഉറപ്പായും എനിക്കു നേര്‍വഴി കാണിച്ചുതന്നിരിക്കുന്നു. വക്രതയേതുമില്ലാത്ത, തികച്ചും ഋജുവായ മതം. ഇബ്റാഹീം നിഷ്കളങ്കമായി അനുവര്‍ത്തിച്ചിരുന്ന മാര്‍ഗം. അദ്ദേഹം ബഹുദൈവാരാധകരില്‍പ്പെട്ടവനായിരുന്നില്ല.`” (6:161) ഏവരും അംഗീകരിക്കുന്ന വ്യകതിയായിരുന്നല്ലോ ഇബ്രാഹിം. ആദ്യം പരസ്പരം യോജിപ്പുള്ള കാര്യങ്ങളില്‍ ഒന്നിക്കുകയും അതില്‍ നിന്നുകൊണ്ട് വിയോജിപ്പുള്ള കാര്യങ്ങളില്‍ സംവദിക്കാനുമാണ് ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത്.  
വ്യത്യസ്ത മത വിഭാഗങ്ങള്‍ ജീവിക്കുന്ന ഒരു നാട്ടില്‍ മതകീയമായ ആഘോഷങ്ങള്‍ക്ക് എന്താണ് പ്രസക്തി? പരസ്പരം അറിയാനും അടുക്കാനും ഉള്ള അവസരങ്ങള്‍ അത് സൃഷ്ടിക്കുന്നു എന്നതാണെന്ന് ഞാന്‍ കരുതുന്നു. ഈ അവസരങ്ങള്‍ നാം ഉപയോഗപ്പെടുത്തേണ്ടതുണ്ട്. പരസ്പരം അറിയുന്നതിലൂടെ കൂടുതല്‍ നന്നായി പരസ്പരം അടുക്കാന്‍ നമുക്ക്‌ കഴിയും, കഴിയണം. ഇപ്പോള്‍ പെരുന്നാള്‍ സമയമാണ്. രണ്ടാഴ്ച കഴിഞ്ഞു ക്രിസ്തുമസ് വരുന്നു. ഈ അവസരങ്ങള്‍ മറ്റുള്ളവരെ കുറിച്ച് അറിയാനും അടുക്കാനും നാം ഉപയോഗിക്കുക. ഓഫറുകള്‍ ധാരാളമുള്ള ഈ കാലത്ത്‌ ഫോണുകള്‍ പരസ്പരം സംസാരിക്കുകയും ഹൃദയങ്ങള്‍ പരസ്പരം സംസാരിക്കാതിരിക്കുകയും ചെയ്യുന്നു എന്നതാണ് ദുഖകരമായ കാര്യം. 
എല്ലാവര്‍ക്കും ഹൃദ്യമായ ബലിപെരുന്നാള്‍ ആശംസകള്‍...
 

2009 ഡിസംബർ 7, തിങ്കളാഴ്‌ച

നേപ്പാളിലെ ബലിയും ഹജ്ജിലെ ബലിയും

നേപ്പാളില്‍ വര്‍ഷം തോറും ഗാധിമായി എന്ന ഹിന്ദുദൈവത്തെ പ്രീതിപ്പെടുത്താനായി രണ്ടര ലക്ഷം മൃഗങ്ങളെ ബലിയര്‍പ്പിക്കുന്ന ഒരു ചടങ്ങുണ്ട്. നവംമ്പര്‍ 24 ന് നടക്കുന്ന പ്രസ്തുത ആഘോഷ പരിപാടിയുടെ മുഖ്യഇനം ഈ ബലിയാണ് തെരഞ്ഞെടുക്കപ്പെടുന്ന 250 പേരാണ് അത്രയും മൃഗങ്ങളെ കുക്രി കത്തികള്‍ ഉപയോഗിച്ച് കഴുത്തുവെട്ടി ബലിയര്‍പ്പിക്കുന്നത്. കാളിദാസന്‍ എന്ന ബ്ലോഗര്‍ തന്റെ ഒരുപോസ്റ്റില്‍ ചിത്ര സഹിതം ചേര്‍ത്ത വിവരണത്തിന്റെ സംക്ഷിപ്തമാണിത്. അദ്ദേഹം സമാനമായ ഒരു കൊടും ക്രൂരത കണ്ടത് പിന്നെ ഹജ്ജിലാണ്. അദ്ദേഹം തുടര്‍ന്ന് പറയുന്നു.

'ഇതിനു സമാനമായ ഒരു ബലിയര്‍പ്പണം നടക്കുന്നത് മുസ്ലിങ്ങളുടെ ഹജ് കര്‍മ്മത്തോടനുബന്ധിച്ചാണ്. അത് എല്ലാ വര്‍ഷവും ആവര്‍ത്തിക്കുന്നു. അപ്പോള്‍ ആയിരക്കണക്കിനു മൃഗങ്ങളെ ബലിയര്‍പ്പിക്കുന്നു.

പ്രാകൃത നൂറ്റാണ്ടുകളില്‍ നടന്ന ഈ ഭീകരമായ ആചാരങ്ങള്‍ പരിഷ്കൃത യുഗത്തിലും നടക്കുന്നു എന്നതാണ്, വിചിത്രമായ കാര്യം.'

പലമതങ്ങളിലും ഈ ക്രൂരമായ ആചാരം നിലനിന്നിരുന്നു എന്ന് സമ്മതിക്കുന്നതോടൊപ്പം. പരിഷ്‌കൃതയുഗമെന്ന പേരുള്ള ഇക്കാലത്ത് ഇതെല്ലാം നടക്കുന്നത് നേപാളിലെ ഹിന്ദുക്കളിലും പിന്നെ ലോകമുസ്‌ലിംകളിലും മാത്രമാണ് എന്നതാണ് ബ്ലോഗറെ ഏറെ വിഷമിപ്പിക്കുന്ന കാര്യം.

സ്വാഭാവികമായും അതോടൊപ്പമുള്ള ചിത്രങ്ങളും അവിടുത്തെ വിശ്വാസികളുടെയും പുരോഹിതന്റെയും വാക്കുകളും റിപ്പോര്‍ട്ടുകളില്‍ കണ്ടപ്പോള്‍ അവതമ്മിലുള്ള സാമ്യം അറുക്കപ്പെടുന്ന ഉരുക്കളുടെ എണ്ണത്തില്‍ മാത്രമാണ് എന്ന് തോന്നിയതിനാല്‍ അത് വ്യക്തമാക്കാതിരിക്കാനായില്ല. ആ ബ്ലോഗില്‍ തുടര്‍ന്ന് ചര്‍ചയില്‍ പങ്കെടുക്കുന്നതിനുള്ള പരിമിതി മനസ്സിലായപ്പോള്‍ കൂടുതല്‍ വ്യക്തത ഇസ്‌ലാമിന്റെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കുന്നവര്‍ക്കായി ഇവിടെ ചര്‍ച ചെയ്യാമെന്ന് കരുതി.

2009 ഡിസംബർ 1, ചൊവ്വാഴ്ച

ബലി: മൃഗങ്ങളോടുള്ള ക്രൂരതയോ ?

ഒരു വിശ്വാസി എന്ന നിലയില്‍ എനിക്ക് മൃഗബലിയോടുള്ള നിലപാട് സ്വാഭാവികമായും ഖുര്‍ആന്‍ അനുശാസിച്ചത് പ്രകാരം തന്നെയാണ്. ദൈവിക ദര്‍ശനങ്ങളിലെല്ലാം മൃഗബലി നിയമമാക്കപ്പെട്ടിരുന്നു എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. അതിന്റെ ലക്ഷ്യമായി നമ്മുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്, ദൈവം നല്‍കിയ അനുഗ്രഹങ്ങളോടുള്ള നന്ദി പ്രകടിപ്പിക്കുക എന്നതാണ്. ഖുര്‍ആന്‍ അത് ഇപ്രകാരം വിവരിക്കുന്നു.

'സകല സമുദായത്തിനും നാം ഒരു ബലിനിയമം നിശ്ചയിച്ചു കൊടുത്തിട്ടുണ്ട്- (ആ സമുദായങ്ങള്‍) നാം അവര്‍ക്കേകിയ കാലികളില്‍ അല്ലാഹുവിന്റെ നാമം സ്മരിക്കേണ്ടതിന്. (ഈ ഭിന്നരീതികളുടെയെല്ലാം ഉദ്ദേശ്യം ഒന്നു തന്നെയാകുന്നു.) അതിനാല്‍ നിങ്ങളുടെ ദൈവം ഏക ദൈവമാകുന്നു. അവന്നു മാത്രം കീഴ്വണങ്ങുന്നവരാകുവിന്‍. പ്രവാചകരേ, വിനയം കൈക്കൊള്ളുന്നവരെ സുവിശേഷമറിയിച്ചുകൊള്ളുക.' (22:34)

മൃഗബലി എല്ലാ ദൈവികശരീഅത്തുകളിലും ആരാധനാസമ്പ്രദായത്തിന്റെ ഒരനിവാര്യഘടകമായിരുന്നു.ദൈവേതര ശക്തികള്‍ക്ക് ബലിനടത്തുന്ന സമ്പ്രദായം മനുഷ്യര്‍ സ്വന്തം നിലക്ക് നിര്‍മിച്ചതാണ്. മൃഗങ്ങളെ അകാരണമായി നശിപ്പിക്കുക എന്നതോ, അവയോട് ക്രൂരത കാണിക്കുക എന്നതോ ആയിരുന്നില്ല അതിന്റെ പിന്നിലുള്ള ഉദ്ദേശ്യം. കാലാന്തരത്തില്‍ പലമതങ്ങളിലും ദൈവം നിശ്ചയിച്ച നിയമങ്ങള്‍ക്കപ്പുറം പൌരോഹിത്യം അവരുടെ വകയായി നിര്‍മിച്ച നിയമങ്ങളില്‍ പെട്ടതാണ് അവയെല്ലാം. ദൈവമല്ലാത്തവര്‍ക്കുള്ള ബലിയും അപ്രകാരം തന്നെ. മനുഷ്യരുടെ ഉപയോഗത്തിനായി സൃഷ്ടിക്കപ്പെട്ട മൃഗങ്ങളുടെ മാസം പാവങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന വിധം ഉപയോഗപ്പെടുത്തുക എന്നതാണ് മൃഗബലിയുടെ ഭൌതികമായ പ്രയോജനം. അതോടൊപ്പം തന്റെ സൌകര്യങ്ങളും സമ്പത്തും ദൈവപ്രീതിക്കായി ദൈവനിയമങ്ങള്‍ക്കനുസരിച്ച് കൈകാര്യം ചെയ്യാന്‍ ഞാന്‍ സന്നദ്ധനാണ് എന്ന പ്രഖ്യാപനവും അതുള്‍കൊള്ളുന്നു. ബലിപെരുന്നാല്‍ ദിനത്തിലെ ബലി അതിനേക്കാള്‍ വലിയ ഒട്ടേറെ സന്ദേശം ഉള്‍കൊള്ളുന്നതാണ്. വിസ്താരഭയത്താല്‍ അതിവിടെ വിവരിക്കുന്നില്ല.

'അല്ലാഹു തനിക്ക് നല്‍കിയിട്ടുള്ള എല്ലാ വിഭവങ്ങളും അല്ലാഹുവിന്റേതുതന്നെയാണ് എന്ന് മനസാ കര്‍മണാ മനുഷ്യന്‍ സമ്മതിക്കേണ്ടതുണ്ട്. ഈമാനും ഇസ്ലാമും ആത്മാവിന്റെ ബലിയാണ്. നമസ്കാരവും നോമ്പും ശരീഅത്തിന്റെയും ശാരീരിക കഴിവുകളുടെയും ബലിയാണ്. സകാത്ത് വിവിധ രൂപത്തില്‍ അല്ലാഹു നല്‍കിയിട്ടുള്ള സമ്പത്തിന്റെ ബലിയാണ്. ജിഹാദ് സമയത്തിന്റെയും മാനസിക-ശാരീരിക കഴിവുകളുടെയും ബലിയാണ്. ദൈവികമാര്‍ഗത്തില്‍ യുദ്ധംചെയ്യുന്നത് ജീവന്റെ ബലിയാണ്. ഇവയെല്ലാം ഓരോരോ തരം അനുഗ്രഹങ്ങള്‍ക്കുള്ള നന്ദിപ്രകടനങ്ങളാകുന്നു. ഇതുപോലെ അല്ലാഹുവിന്റെ മഹത്തായ ഒരനുഗ്രഹത്തിനുള്ള നന്ദിപ്രകടനമെന്ന നിലക്കും അവന്റെ മഹത്വത്തിന്റെ അംഗീകാരമെന്ന നിലക്കുമാണ് മൃഗബലി നമ്മുടെ ബാധ്യതയായിത്തീരുന്നത്. അവന്‍ ധാരാളം മൃഗങ്ങളെ സൃഷ്ടിച്ച് നമുക്ക് കീഴ്പെടുത്തിത്തന്നു. നാം അവയെ സവാരി ചെയ്യുന്നു; വയല്‍ ഉഴാനും വണ്ടിവലിക്കാനും ഉപയോഗിക്കുന്നു; അവയുടെ മാംസം ഭക്ഷിക്കുന്നു; പാല്‍ കുടിക്കുന്നു; രോമവും തോലും അസ്ഥിയും രക്തവുമെല്ലാം ഉപയോഗപ്പെടുത്തുന്നു. ചുരുക്കത്തില്‍, ഓരോ വസ്തുവില്‍നിന്നും എണ്ണമറ്റ പ്രയോജനങ്ങള്‍ എടുക്കുന്നു.' (തഫ്ഹീമുല്‍ ഖുര്‍ആന്‍)

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഒരവിശ്വാസിയെ സംബന്ധിച്ചിടത്തോളം പ്രസക്തമല്ല എന്നറിഞ്ഞുകൊണ്ടുതന്നെയാണ് ഇത്രയും കാര്യങ്ങള്‍ വിശദീകരിച്ചത്. ചുരുക്കത്തില്‍ ബലിക്ക് പിന്നില്‍ ദൈവനിഷേധികള്‍ക്ക് കണ്ടെത്താന്‍ കഴിയാത്ത ചിലകാര്യങ്ങള്‍കൂടിയുണ്ട് എന്ന് സൂചിപ്പിക്കുകയാണ്. താഴെ നല്‍കിയ ഖുര്‍ആന്‍ സൂക്തങ്ങള്‍ കൂടി വായിക്കുക.

'(ബലി)ഒട്ടകങ്ങളെ നാം നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. നിങ്ങള്‍ക്കതില്‍ നന്‍മയുണ്ട്. അതിനാല്‍ അവയെ കാലുകളില്‍ നിര്‍ത്തിക്കൊണ്ട് അല്ലാഹുവിന്റെ നാമം സ്മരിക്കുക. അവ നിലംപതിച്ചാല്‍, അതില്‍നിന്ന് ആഹരിച്ചുകൊള്ളുവിന്‍. ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ടു അടങ്ങിക്കഴിയുന്നവനേയും സ്വന്തം ഇല്ലായ്മ തുറന്നുപറയുന്നവനേയും ഊട്ടുകയും ചെയ്യുക. ആ ജന്തുക്കളെ നാം ഈവിധം മെരുക്കിത്തന്നിരിക്കുന്നു, നിങ്ങള്‍ നന്ദി കാണിക്കേണ്ടതിന്. അവയുടെ മാംസമോ രക്തമോ അല്ലാഹുവിനെ പ്രാപിക്കുന്നില്ല. മറിച്ച്, അവനെ പ്രാപിക്കുന്നത് നിങ്ങളുടെ ഭക്തിയാകുന്നു. ഇവ്വിധം അവന്‍ നിങ്ങള്‍ക്ക് കാലികളെ മെരുക്കിത്തന്നിരിക്കുന്നു; അല്ലാഹു മാര്‍ഗദര്‍ശനം നല്‍കിയതിന് നിങ്ങള്‍ അവനെ മഹത്വപ്പെടുത്താന്‍. പ്രവാചകരേ, സുകൃതികളായ ആളുകളെ ശുഭവാര്‍ത്തയറിയിച്ചുകൊള്ളുക.' (22:36-37)

2009 നവംബർ 29, ഞായറാഴ്‌ച

ബലിപെരുന്നാള്‍: കഴുത്തറുക്കുന്ന കരിദിനം ?

അല്‍പം മാന്യനായ നിസ്സഹായന്‍ എന്ന അപരനാമത്തിലറിയപ്പെടുന്ന യുക്തിവാദി ബ്ളോഗറുടെ ജബ്ബാര്‍ മാഷിനുള്ള ഉപദേശമാണ് ഇവിടെ നല്‍കുന്നത്. ബലിപെരുന്നാളിനോടനുബന്ധിച്ച് നടക്കുന്ന മൃഗബലിയാണ് വിഷയം. 15 ലക്ഷത്തോളം മൃഗങ്ങള്‍ കൂട്ടത്തോടെ കഴുത്തറുക്കപ്പെടുന്ന കരിദിനമാണ് മാഷിനെ സംബന്ധിച്ചിടത്തോളം ബലിപെരുന്നാള്‍.

'ഇതൊന്നും വിശ്വാസികളോട് പറഞ്ഞിട്ട് കാര്യമില്ല മാഷേ !
അവരുടെ വിശ്വാസത്തില്‍ ദൈവം ഈ ഭൂമി മനുഷ്യനു വേണ്ടി സൃഷ്ടിച്ചു. സസ്യങ്ങളും പക്ഷി മൃഗാദികളും ഭക്ഷണത്തിനും മനുഷ്യന്റെ ആവശ്യങ്ങള്‍ക്കും വേണ്ടി സൃഷ്ടിക്കപ്പെട്ടു. ആകാശവും
നക്ഷത്രങ്ങളും ചന്ദ്രനുമെല്ലാം പെടുന്ന പ്രപഞ്ചം സൃഷ്ടാവ് മനുഷ്യനു വേണ്ടി നിര്‍മ്മിച്ച ഭോഗ്യവസ്തുക്കളാണ്. അതിനാല്‍ ദൈവത്തോട് അദമ്യമായ ഭക്തിയും വിശ്വാസവും പുലര്‍ത്തികൊണ്ട്, അവനെ സ്തുതിച്ചുകൊണ്ട് എല്ലാം ഭോഗിച്ചു ജീവിക്കുക എന്നതാണ് മനുഷ്യന്റെ കടമ. ജീവജാലങ്ങളുടെ വംശഹത്യയൊ അമിതഭോഗത്വര കൊണ്ടും മലിനീകരണം ഉണ്ടാകാവുന്ന പാ‍രിസ്ഥിതിക തകര്‍ച്ചയും വിഭവ ദൌര്‍ലഭ്യവുമൊന്നും തന്നെ വിശ്വാസികളെ അലട്ടേണ്ട പ്രശ്നങ്ങളല്ല. ഉത്തമ ഭക്തരായി ദൈവഭയത്തോടെ ജീവിച്ചാല്‍ എല്ലാം അദ്ദേഹം നോക്കിക്കൊള്ളും. അതാണ് വിശ്വാസികളുടെ മാര്‍ഗ്ഗം. അതിനാല്‍ കാരുണ്യവും സ്നേഹവും സ്വന്തം വിശ്വാസി സമൂഹത്തിലുള്ളവരോടു മാത്രം കാണിക്കേണ്ട മതമൂല്യങ്ങളത്രേ ! അന്യ മതസ്ഥരോ മൃഗങ്ങളോ അതിനര്‍ഹരല്ല. (ഒരു പക്ഷേ അന്യമതക്കാര്‍ അസത്യ വിശ്വാസികളായതു കൊണ്ട് തങ്ങളുടെ മാര്‍ഗ്ഗത്തിലേക്ക് വരാത്തിടത്തോളം അവരേയും മൃഗങ്ങള്‍ക്കൊപ്പം പരിഗണിച്ചു കൊണ്ട് കൊല്ലുകയോ അടിമകളാക്കുകയോ ചെയ്യാം.)'

യഥാര്‍ത്ഥത്തില്‍ യുക്തിവാദികള്‍ ആത്മാര്‍ഥമായിട്ട് തന്നെയാണോ ഇത്തരം കമന്റുകള്‍ എഴുതുന്നത് എന്നറിയാന്‍ എനിക്ക് താല്‍പര്യമുണ്ട്. അതിനാല്‍ അറിവുള്ളവര്‍ പ്രതികരിക്കുക.

2009 നവംബർ 27, വെള്ളിയാഴ്‌ച

ബലിപുത്രന്‍ ഇസ്മാഈലോ ഇസ്ഹാഖോ ?

ലോകത്തിലെ രണ്ട് പ്രബലമതവിഭാഗമായ മുസ്ലിംകളും ക്രിസ്ത്യാനികളും തമ്മില്‍ അഭിപ്രായ വ്യത്യാസമുള്ള ഒരു കാര്യമാണ്, ദൈവം പ്രവാചകനായ ഇബ് റാഹീമിനോട് ബലിയറുക്കാന്‍ ആവശ്യപ്പെട്ടത് തന്റെ പുത്രന്‍മാരില്‍ പെട്ട ഇസ്മായിലിനെയോ അതല്ല ഇസ്ഹാഖിനെയോ എന്നത്. ബലി പുത്രന്‍ ഇസ്ഹാഖാണെന്ന് ക്രിസ്ത്യനികളും ഇസ്മായീലാണെന്ന് മുസ്ലിംകളും വിശ്വസിക്കുന്നു. അതോടൊപ്പം ആദ്യകാല മുസ്ലിംകളില്‍ ചിലര്‍ക്ക് അക്കാര്യത്തില്‍ ചില സംശയങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടായിരുന്നു എന്നും കാണുന്നു. ഇക്കാര്യങ്ങളെക്കുറിച്ച് ആധുനിക ചിന്തകനും പണ്ഡിതനുമായ മൌലാനാ മൌദൂദിയുടെ നിരീക്ഷണങ്ങള്‍ ഇവിടെ ചേര്‍ക്കുകയാണ്. ആഘോഷത്തിന്റെ സന്ദര്‍ഭത്തില്‍ മതങ്ങളിലെ വ്യത്യാസം പൊലിപ്പിച്ചുകാണിക്കുക എന്നതല്ല ഉദ്ദേശ്യം.മുസ്‌ലിംകളില്‍ പ്രാമാണികരായ പ്രവാചകന്റെ അനുചരന്‍മാരില്‍ ചിലര്‍ക്കുപോലും ബലിപുത്രന്‍ ഇസ്ഹാഖാണെന്ന ധാരണയുണ്ടായിരുന്നുവെന്നത് മുസ്ലിംകള്‍ക്ക് പലര്‍ക്കും അജ്ഞാതമാണ്. യാഥാര്‍ഥ്യങ്ങള്‍ പരസ്പരം തിരിച്ചറിയുന്നത് നന്നായിരിക്കും എന്ന സദുദ്ദേശ്യം മാത്രമാണ് ഈ പോസ്റ്റിന്റെ ലക്ഷ്യം. മതസൌഹാര്‍ദ്ദ സമ്മേളനത്തിലും മറ്റും പങ്കെടുക്കുന്നവര്‍ക്ക് പലപ്പോഴും ഇത്തരം കാര്യങ്ങളെക്കുറിച്ച് ധാരണയില്ലാത്തതിനാല്‍ ഉണ്ടാകുന്ന ചില കല്ലുകടികള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഈ അഭിപ്രായ വ്യത്യാസത്തിന് കാരണമെന്ത്? തുടര്‍ന്ന് വായിക്കുക:

'ഇവിടെ നമ്മുടെ മുന്നില്‍ ഒരു ചോദ്യമുയര്‍ന്നുവരുന്നു. ഹ. ഇബ്റാഹീം (അ) തന്റെ ഏതു പുത്രനെയാണ് ബലി നല്‍കാന്‍ ഒരുങ്ങിയത്. ബലിയറുക്കപ്പെടാന്‍ സ്വയം സന്നദ്ധനായി മുന്നോട്ടുവന്നത് ഏതു പുത്രനായിരുന്നു? ആദ്യമായി ഈ ചോദ്യത്തിനു ബൈബിളില്‍നിന്നാണ് നമുക്ക് ഉത്തരം ലഭിക്കുന്നത്. അതിതാണ്:
"അതിന്റെ ശേഷം ദൈവം അബ്രഹാമിനെ പരീക്ഷിച്ചത് എങ്ങനെയെന്നാല്‍, അബ്രഹാം എന്നു വിളിച്ചതിനു ഞാന്‍ ഇതാ എന്നവന്‍ പറഞ്ഞു. അപ്പോള്‍ അവന്‍ നിന്റെ മകനെ, നീ സ്നേഹിക്കുന്ന നിന്റെ ഏകജാതനായ ഇസ്ഹാക്കിനെ കൂട്ടിക്കൊണ്ട് മേരിയാ ദേശത്തുചെന്നു അവിടെ ഞാന്‍ നിന്നോടു കല്‍പിക്കുന്ന ഒരു മലയില്‍ അവനെ ഹോമയാഗം കഴിക്ക എന്നരുളി ചെയ്തു.'' (ഉല്‍പത്തി 22:1-2)

ഇതില്‍ ഒരുവശത്ത് അല്ലാഹു ബലി നല്‍കാനാവശ്യപ്പെട്ടത് ഇസ്ഹാഖിനെയാണെന്നും മറുവശത്ത് ഇസ്ഹാഖ് അദ്ദേഹത്തിന്റെ ഏക പുത്രനാണെന്നും വ്യക്തമായി പറയുന്നു. എന്നാല്‍, ബൈബിളിന്റെ തന്നെ മറ്റു പ്രസ്താവനകള്‍ ഹ. ഇസ്ഹാഖ് (അ) ഇബ്റാഹീം (അ)ന്റെ ഏക പുത്രനായിരുന്നില്ല എന്ന് ഖണ്ഡിതമായി സ്ഥിരീകരിക്കുന്നുണ്ട്. ബൈബിളിലെ താഴെ പറയുന്ന വാക്യങ്ങള്‍ നോക്കുക: 'അബ്രഹാമിന്റെ ഭാര്യയായ സാറായി മക്കളെ പ്രസവിച്ചിരുന്നില്ല. എന്നാല്‍, അവള്‍ക്ക് ഹാഗാര്‍ എന്നു പേരുള്ള ഒരു മിസ്രയീമ്യ ദാസി ഉണ്ടായിരുന്നു. സാറായി അബ്രഹാമിനോട് ഞാന്‍ പ്രസവിക്കാതിരിപ്പാന്‍ യഹോവ എന്റെ ഗര്‍ഭം അടച്ചിരിക്കുന്നുവല്ലോ, എന്റെ ദാസിയുടെ അടുക്കല്‍ ചെന്നാലും. പക്ഷേ അവളാല്‍ എനിക്കു മക്കള്‍ ലഭിക്കും എന്നു പറഞ്ഞു. അബ്രഹാം സാറായിയുടെ വാക്കനുസരിച്ചു. അബ്രഹാം കനാന്‍ദേശത്തു പാര്‍ത്തു. പത്തു സംവല്‍സരം കഴിഞ്ഞപ്പോള്‍ അബ്രഹാമിന്റെ ഭാര്യയായ സാറായി മിസ്രയീമ്യ ദാസിയായ ഹാഗാറിനെ തന്റെ ഭര്‍ത്താവായ അബ്രഹാമിനു ഭാര്യയായി കൊടുത്തു. അദ്ദേഹം ഹാഗാറിനെ സമീപിച്ചു. അവള്‍ ഗര്‍ഭിണിയായി.' (ഉല്‍പത്തി 16:1-3)

"നീ ഗര്‍ഭിണിയല്ലോ. നീ ഒരു മകനെ പ്രസവിക്കും. യഹോവ നിന്റെ സങ്കടം കേള്‍ക്കകൊണ്ട് അവന്ന് യിശ്മയേല്‍ എന്നു പേര്‍ വിളിക്കണം.'' (ഉല്‍പത്തി 16-11)

"ഹാഗാര്‍ ഇശ്മയേലിനെ പ്രസവിച്ചപ്പോള്‍ അബ്രഹാമിന് 86 വയസ്സായിരുന്നു. (ഉല്‍പത്തി 16:16)
'ദൈവം പിന്നെ അബ്രഹാമിനോട്: നിന്റെ ഭാര്യയായ സാറായിയെ സാറായി എന്നല്ല വിളിക്കേണ്ടത്, അവളുടെ പേര്‍ സാറാ എന്ന് ഇരിക്കേണം. ഞാന്‍ അവളെ അനുഗ്രഹിച്ച് അവളില്‍നിന്ന് നിനക്കൊരു മകനെ തരും. ഞാന്‍ അവളെ അനുഗ്രഹിക്കുകയും അവള്‍ ജാതികള്‍ക്ക് മാതാവായിത്തീരുകയും ജാതികളുടെ രാജാക്കന്‍മാര്‍ അവളില്‍നിന്നുല്‍ഭവിക്കുകയും ചെയ്യും എന്ന് അരുളിച്ചെയ്തു. അപ്പോള്‍ അബ്രഹാം കമിഴ്ന്നുവീണു ചിരിച്ചു. നൂറുവയസ്സുള്ളവന് മകന്‍ ജനിക്കുമോ? തൊണ്ണൂറു വയസ്സുള്ള സാറാ പ്രസവിക്കുമോ? എന്നു തന്റെ ഹൃദയത്തില്‍ പറഞ്ഞു. യിശ്മയേല്‍ നിന്റെ മുമ്പാകെ ജീവിച്ചിരുന്നാല്‍ മതി എന്ന് അബ്രഹാം ദൈവത്തോടു പറഞ്ഞു. അതിന് ദൈവം അരുളിച്ചെയ്തു: അല്ല, നിന്റെ ഭാര്യയായ സാറാതന്നെ നിനക്കൊരു മകനെ പ്രസവിക്കും. നീ അവന്ന് യിസ്ഹാക്ക് എന്നുപേരിടണം. ഞാന്‍ അവനോടും അവന്റെ ശേഷം അവന്റെ സന്തതിയോടും നിന്റെ നിയമത്തെ നിത്യനിയമമായി ഉറപ്പിക്കും. യിശ്മയേലിനെക്കുറിച്ചും ഞാന്‍ നിന്റെ അപേക്ഷ കേട്ടിരിക്കുന്നു. ഞാന്‍ അവനെ അനുഗ്രഹിച്ച് അത്യന്തം സന്താനപുഷ്ടിയുള്ളവനാക്കി വര്‍ധിപ്പിക്കും. ഞാന്‍ അവനെ വലിയൊരു ജാതിയാക്കും. എന്റെ നിയമം ഞാന്‍ ഉറപ്പിക്കുന്നതോ ഇനിയത്തെ ആണ്ട് ഈ സമയത്ത് സാറാ നിനക്ക് പ്രസവിക്കാനുള്ള യിസ്ഹാക്കിനോട് ആകുന്നു. ദൈവം അബ്രഹാമിനോട് അരുളിച്ചെയ്തു തീര്‍ന്നശേഷം അവനെ വിട്ടു കയറിപ്പോയി. അനന്തരം അബ്രഹാം തന്റെ മകനായ യിശ്മയേലിനെയും അവന്റെ വീട്ടില്‍ ജനിച്ച സകല ദാസന്‍മാരെയും താന്‍ വിലക്കുവാങ്ങിയവരെ ഒക്കെയും അബ്രഹാമിന്റെ വീട്ടിലുള്ള സകല പുരുഷന്‍മാരെയും കൂട്ടി, ദൈവം തന്നോട് കല്‍പിച്ചതുപോലെ അവരുടെ അഗ്രചര്‍മത്തെ അന്നുതന്നെ പരിച്ഛേദനം കഴിച്ചു. അബ്രഹാം പരിച്ഛേദനയേറ്റപ്പോള്‍ അവന്ന് തൊണ്ണൂറ്റൊമ്പത് വയസ്സായിരുന്നു. അവന്റെ മകനായ യിശ്മയേല്‍ പരിച്ഛേദനയേറ്റപ്പോള്‍ അവന് പതിമൂന്ന് വയസ്സായിരുന്നു' (ഉല്‍പത്തി 17: 15-25).

'ദൈവം അബ്രഹാമിനോട് കല്‍പിച്ചിരുന്നതുപോലെ അവന്റെ മകനായ യിസ്ഹാക്കിന് എട്ടാംദിവസം പരിച്ഛേദനം കഴിച്ചു' (ഉല്‍പത്തി 21:4). 'അബ്രഹാമിന് ഇസ്ഹാഖ് എന്ന പുത്രന്‍ ജനിച്ചപ്പോള്‍ അദ്ദേഹത്തിന് നൂറുവയസ്സുണ്ടായിരുന്നു.' (ഉല്‍പത്തി 21:5)

ബൈബിള്‍ പ്രസ്താവനകളിലുള്ള വൈരുധ്യം ഈ ഉദ്ധരണികള്‍ തുറന്നുകാണിക്കുന്നു. 14 വര്‍ഷത്തോളം ഹ. ഇസ്മാഈല്‍(അ) തന്നെയായിരുന്നു ഇബ്റാഹീമി(അ)ന്റെ ഏകപുത്രന്‍ എന്നു വ്യക്തം. അതുകൊണ്ട് ബലി നല്‍കാന്‍ ആവശ്യപ്പെട്ടത് ഏകപുത്രനെയായിരുന്നുവെങ്കില്‍ അത് ഇസ്മാഈലി(അ)നെ ആയിരിക്കാനേ നിര്‍വാഹമുള്ളൂ. കാരണം, അദ്ദേഹം മാത്രമേ ഏകപുത്രനായിരുന്നിട്ടുള്ളൂ. ഇസ്ഹാഖിനെയാണ് ബലി നല്‍കാന്‍ ആവശ്യപ്പെട്ടതെങ്കില്‍ 'ഏക പുത്രന്‍' എന്നു പറഞ്ഞത് തെറ്റാകുന്നു.

ഇനി ഇസ്ലാമിക കഥകളിലേക്ക് നോക്കിയാല്‍ അതില്‍ കടുത്ത ഭിന്നതകള്‍ കാണാം. ഒരുകൂട്ടം ഖുര്‍ആന്‍ വ്യാഖ്യാതാക്കളും സ്വഹാബിവര്യന്‍മാരും താബിഈ പണ്ഡിതന്‍മാരും ഉദ്ധരിച്ചിട്ടുള്ളത് ബലിപുത്രന്‍ ഇസ്ഹാഖ്(അ) ആയിരുന്നുവെന്നാണ്. ഇങ്ങനെ അഭിപ്രായപ്പെട്ടവരില്‍ താഴെ പറയുന്നവര്‍ ഉള്‍പ്പെടുന്നു. ഹ. ഉമര്‍, അലി, അബ്ദുല്ലാഹിബ്നു മസ്ഊദ്, അബ്ബാസ് ഇബ്നു അബ്ദില്‍ മുത്ത്വലിബ്, ഇബ്നു അബ്ബാസ്, അബൂഹുറയ്റ , ഖതാദ, ഇക്രിമ, ഹസന്‍ബസ്വരി, സഈദുബ്നു ജുബൈര്‍, മുജാഹിദ്, ശഅ്ബി, മസ്റൂഖ്, മക്ഹൂല്‍, അത്വാഉ്, മുഖാതില്‍, സുദ്ദി, കഅ്ബുല്‍ അഹ്ബാര്‍, സൈദുബ്നു അസ്ലം, സുഹ്രി.
ബലിപുത്രന്‍ ഇസ്മാഈല്‍(അ) ആയിരുന്നുവെന്നാണ് മറുപക്ഷം പറയുന്നത്. ഇങ്ങനെ അഭിപ്രായപ്പെട്ടവരിലും താഴെ പറയുന്ന പേരുകള്‍ കാണാം. ഹ. അബൂബക്കര്‍, അലി, ഇബ്നു ഉമര്‍, ഇബ്നു അബ്ബാസ്, അബൂഹുറയ്റ, മുആവിയ, ഇക്രിമ, മുജാഹിദ്, യൂസുഫുബ്നു മഹ്റാന്‍, ഹസന്‍ ബസ്വരി, മുഹമ്മദുബ്നു കഅ്ബുല്‍ ഖുറളി, ശഅ്ബി, സഈദുബ്നുല്‍ മുസയ്യബ്, ദഹ്ഹാക്ക് , മുഹമ്മദുല്‍ ബാഖിര്‍, റബീഉബ്നു അനസ്, അഹ്മദുബ്നു ഹമ്പല്‍.

ഈ രണ്ടു പട്ടികകളും തുലനം ചെയ്തുനോക്കിയാല്‍ പല പേരുകളും രണ്ടിലും പൊതുവായിട്ടുണ്ടെന്നു കാണാം. അതായത്, ഒരേ പണ്ഡിതനില്‍നിന്നുതന്നെ രണ്ട് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. ഉദാഹരണമായി, ഹ. ഇബ്നു അബ്ബാസില്‍നിന്ന് ഇക്രിമ ഉദ്ധരിച്ചിട്ടുള്ളത് ബലിപുത്രന്‍ ഇസ്ഹാഖായിരുന്നുവെന്നാണ്. പക്ഷേ, ഇബ്നു അബ്ബാസില്‍നിന്ന് അത്വാഉബ്നു അബീറബാഹ് ഉദ്ധരിച്ചിട്ടുള്ളതിങ്ങനെയാണ്: ബലിപുത്രന്‍ ഇസ്ഹാഖായിരുന്നുവെന്ന് ജൂതന്‍മാര്‍ വാദിക്കുന്നു. പക്ഷേ, ജൂതന്‍മാര്‍ കള്ളം പറയുകയാണ്.' ഇതേപോലെ ഹ. ഹസന്‍ ബസ്വരിയില്‍നിന്നും അദ്ദേഹം ബലിപുത്രന്‍ ഇസ്ഹാഖാണെന്നു വാദിച്ചതായി ഒരു നിവേദനമുണ്ട്. എന്നാല്‍, ബലിപുത്രന്‍ ഇസ്മാഈലായിരുന്നുവെന്ന കാര്യത്തില്‍ ഹ. ഹസന്‍ ബസ്വരിക്ക് യാതൊരു സന്ദേഹവുമുണ്ടായിരുന്നില്ല എന്നാണ് അംറുബ്നു ഉബൈദ് ഉദ്ധരിച്ചിട്ടുള്ളത്.

ഈ നിവേദനവൈരുധ്യങ്ങളുടെ ഫലമായി ഇസ്ലാമിക പണ്ഡിതന്‍മാരില്‍ ഒരു വിഭാഗം ബലിപുത്രന്‍ ഇസ്ഹാഖായിരുന്നു എന്ന വീക്ഷണത്തില്‍ അടിയുറച്ചു നിന്നു. ഉദാ: ഇബ്നുജരീര്‍, ഖാളി ഇയാദ്. ചിലര്‍ ബലിപുത്രന്‍ ഇസ്മാഈലാണന്നും ഉറപ്പിച്ചു പറഞ്ഞു. ഉദാ: ഇബ്നു കഥീര്‍. ചിലരാകട്ടെ രണ്ടിനുമിടയില്‍ ചഞ്ചലരായി നിലകൊണ്ടു. ഉദാ: ജലാലുദ്ദീന്‍ സുയൂത്വി. എന്നാല്‍, സൂക്ഷ്മമായി പരിശോധിച്ചു നോക്കിയാല്‍ ബലിപുത്രന്‍ ഇസ്മാഈല്‍ (അ) തന്നെയായിരുന്നുവെന്ന് സംശയാതീതമായി ബോധ്യപ്പെടുന്നതാണ്. അതിന്റെ തെളിവുകള്‍ താഴെ സംഗ്രഹിക്കുന്നു.

i) മുകളിലെ ഖുര്‍ആന്‍ വാക്യങ്ങളില്‍ അല്ലാഹു അരുളിയ സംഗതികള്‍ ശ്രദ്ധിക്കുക. ദേശത്യാഗം ചെയ്യുന്ന വേളയില്‍ ഹ. ഇബ്റാഹീം (അ) ഒരു സല്‍പുത്രനുവേണ്ടി പ്രാര്‍ഥിച്ചു. അതിനുത്തരമായി അല്ലാഹു അദ്ദേഹത്തെ ഒരു സഹനശീലനായ പുത്രന്റെ സുവാര്‍ത്തയറിയിച്ചു. ഈ വാചകങ്ങളുടെ ആശയം തന്നെ ഇബ്റാഹീം(അ)ന്ന് മക്കളൊന്നും ഇല്ലാത്ത അവസരത്തിലായിരുന്നു ഈ പ്രാര്‍ഥനയെന്നും സുവാര്‍ത്ത ലഭിച്ചത് പ്രഥമ പുത്രന്റെ ജനനത്തെ കുറിച്ചാണെന്നും വിളിച്ചോതുന്നുണ്ട്. പിതാവിനോടൊപ്പം പ്രയത്നിക്കാറായപ്പോള്‍ അറുക്കാന്‍ കല്‍പിക്കപ്പെട്ടതും ഇതേ പുത്രനെയായിരുന്നുവെന്നും ഖുര്‍ആന്റെതന്നെ വാചകശൃംഖലയില്‍നിന്ന് വ്യക്തമാകുന്നു. ഇബ്റാഹീമിന്റെ പ്രഥമ പുത്രന്‍ ഇസ്മാഈല്‍ (അ) ആയിരുന്നു, ഇസ്ഹാഖ് (അ) ആയിരുന്നില്ല എന്നത് അസന്ദിഗ്ധമായി സ്ഥിരപ്പെട്ട കാര്യമാണ്. ഖുര്‍ആനില്‍ തന്നെയും (സൂറ ഇബ്റാഹീം: 39) അദ്ദേഹത്തിന്റെ പുത്രന്‍മാരുടെ ക്രമം ഇപ്രകാരമാണ് പറഞ്ഞിട്ടുള്ളത്.

(എനിക്ക് വാര്‍ധക്യകാലത്ത് ഇസ്മാഈലിനെയും ഇസ്ഹാഖിനെയും പ്രദാനംചെയ്ത അല്ലാഹുവിന് സര്‍വ സ്തുതിയും)

ii) വിശുദ്ധ ഖുര്‍ആന്‍ ഹ. ഇസ്ഹാഖിന്റെ ജനന സുവാര്‍ത്തയറിയിച്ചപ്പോള്‍ അദ്ദേഹത്തെപ്പറ്റി غُلاَمٌ عَلِيمٍ (വിജ്ഞനായ കുട്ടി) എന്നാണ് പറഞ്ഞത് وَبَشَّرُوهُ بِغُلاَمٍ عَلِيمٍ (അദ്ദാരിയാത്ത്: 28) لاَ تَوْجَلْ إِنَّا نُبَشِّرُكَ بِغُلاَمٍ عَلِيمٍ (അല്‍ ഹിജ്ര്‍: 53) എന്നാല്‍ ഇവിടെ സുവാര്‍ത്ത നല്‍കപ്പെടുന്ന കുട്ടിയെപ്പറ്റി غُلاَمٍ حَلِيمٍ (സഹനശീലനായ കുട്ടി) എന്നാണ് പറയുന്നത്. ഈ രണ്ടു പുത്ര•ാരുടെയും പ്രകടമായ ഗുണങ്ങള്‍ വെവ്വേറെയായിരുന്നുവെന്നും അറുക്കാന്‍ കല്‍പിക്കപെട്ടത് വിജ്ഞനായ കുട്ടിയായിരുന്നില്ല. സഹനശീലനായ കുട്ടിയായിരുന്നുവെന്നും ഇതില്‍നിന്നു വ്യക്തമാകുന്നു.

iii) വിശുദ്ധ ഖുര്‍ആന്‍ ഹ. ഇസ്ഹാഖി(അ)ന്റെ ജനനസുവാര്‍ത്ത നല്‍കുന്നതോടെ തന്നെ ഹ. യഅ്ഖൂബിന്റെയും ജനന സുവാര്‍ത്ത നല്‍കുന്നുണ്ട് فَبَشَّرْنَاهَا بِإِسْحَاقَ وَمِن وَرَاءِ إِسْحَاقَ يَعْقُوبَ (ഹൂദ്:71). പുത്രന്‍ ജനിക്കുമെന്ന സുവാര്‍ത്ത കൂടി ലഭിച്ചുകഴിഞ്ഞ സ്ഥിതിക്ക് അതേ പുത്രനെ താന്‍ അറുക്കുന്നതായി സ്വപ്നം കണ്ടാല്‍, അത് തന്റെ പുത്രനെ അറുത്തുകളയണമെന്ന ദൈവശാസനയായി ഇബ്റാഹീം (അ) മനസ്സിലാക്കാന്‍ ന്യായമെവിടെ? അല്ലാമാ ഇബ്നുജരീര്‍ ഈ തെളിവിന് മറുപടി പറഞ്ഞിട്ടുള്ളതിങ്ങനെയാണ്: ഹ. ഇബ്റാഹീമി(അ)ന് ഈ സ്വപ്നദര്‍ശനമുണ്ടായത് ഹ. ഇസ്ഹാഖിന് ഹ. യഅ്ഖൂബ് ജനിച്ചശേഷമായിരിക്കാം.' വാസ്തവത്തില്‍ ഇതു വളരെ ബാലിശമായ ഒരു മറുപടിയാണ്. 'ആ പുത്രന്‍ അദ്ദേഹത്തോടൊപ്പം പ്രയത്നിക്കുന്ന പ്രായമെത്തിയപ്പോള്‍ സ്വപ്നദര്‍ശനമുണ്ടായി എന്നാണ് ഖുര്‍ആന്‍ പറഞ്ഞിട്ടുള്ളത്.' മുന്‍ധാരണയില്ലാതെ ഈ വാക്യം വായിക്കുന്നവരുടെ മനസ്സിലും എട്ടു പത്തു വയസ്സായ ഒരു കുട്ടിയുടെ ചിത്രമാണ് വരിക. കുട്ടികളും കുടുംബവുമൊക്കെയുള്ള ഒരാളെ കുറിക്കാന്‍ ഈ വാക്കുകളുപയോഗിക്കുമെന്ന് ആരും സങ്കല്‍പിക്കുകയില്ല.

vi) കഥ മുഴുവന്‍ വിവരിച്ച ശേഷം അല്ലാഹു പറയുന്നു: 'നാം ഇസ്ഹാഖിന്റെ സുവാര്‍ത്ത നല്‍കി. സജ്ജനങ്ങളില്‍പെട്ട ഒരു പ്രവാചകന്‍.' അറുക്കുവാന്‍ സൂചന നല്‍കപ്പെട്ട പുത്രനല്ല ഇതെന്ന് ഇതില്‍ നിന്ന് മനസ്സിലാകുന്നു. ആദ്യം മറ്റൊരു പുത്രന്റെ സുവാര്‍ത്ത ലഭിച്ചു. പിന്നെ അവന്‍ ഒപ്പം പ്രയത്നിക്കുന്ന പ്രായമെത്തിയപ്പോള്‍ അറുക്കണമെന്ന് കല്‍പനയുണ്ടായി. ഇബ്റാഹീം(അ) ആ പരീക്ഷണത്തില്‍ വിജയം വരിച്ചപ്പോള്‍ ഇസ്ഹാഖ് എന്ന പുത്രന്റെ ജനന സുവാര്‍ത്ത ലഭിച്ചു. ഈ സംഭവക്രമവും അസന്ദിഗ്ധമായി വിധിക്കുന്നത് ബലി പുത്രന്‍ ഹ. ഇസ്ഹാഖ്(അ) ആയിരുന്നില്ലെന്നാണ്. പ്രത്യുത ആ കുട്ടി കുറേ വര്‍ഷം മുമ്പേ ജനിച്ചുകഴിഞ്ഞിരുന്നു. അല്ലാമാ ഇബ്നുജരീര്‍ സുവ്യക്തമായ ഈ തെളിവിനെയും ഖണ്ഡിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു: ആദ്യം ഇസ്ഹാഖി(അ)ന്റെ മാത്രം ശുഭവാര്‍ത്ത നല്‍കപ്പെട്ടു. പിന്നീട് അദ്ദേഹം അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി ബലിയാകാന്‍ സന്നദ്ധനായപ്പോള്‍ അതിനു സമ്മാനമെന്ന നിലയില്‍ അദ്ദേഹം പ്രവാചകനാകുമെന്ന് ശുഭവാര്‍ത്ത നല്‍കപ്പെട്ടു.' എന്നാല്‍ ഈ മറുപടി അദ്ദേഹത്തിന്റെ ആദ്യത്തെ മറുപടിയേക്കാള്‍ ബാലിശമാണെന്നേ പറയേണ്ടൂ. യഥാര്‍ഥത്തില്‍ അദ്ദേഹം പറയുംപ്രകാരം തന്നെയായിരുന്നു കാര്യമെങ്കില്‍ അല്ലാഹു പറയുക, 'നാം ഇസ്ഹാഖിന്റെ ശുഭവാര്‍ത്ത നല്‍കി, സജ്ജനങ്ങളില്‍പെട്ട ഒരു പ്രവാചകന്‍' എന്നല്ല, പ്രത്യുത താങ്കളുടെ അതേ പുത്രന്‍ സജ്ജനത്തില്‍പെട്ട ഒരു പ്രവാചകനാകുമെന്ന് നാം ശുഭവാര്‍ത്ത നല്‍കി എന്നായിരിക്കും.

v) ഹ. ഇസ്മാഈലി(അ)ന്ന് തെണ്ടമായി അറുക്കപ്പെട്ട മുട്ടനാടിന്റെ കൊമ്പ് ഹ. അബ്ദുല്ലാഹിബ്നു സുബൈറിന്റെ കാലംവരെ കഅ്ബയില്‍ സൂക്ഷിക്കപ്പെട്ടിരുന്നതായി പ്രബലമായ നിവേദനങ്ങളിലൂടെ സ്ഥിരപ്പെട്ടിട്ടുണ്ട്. പിന്നീട് ഹജ്ജാജുബ്നു യൂസുഫ് ഹറമില്‍ ഇബ്നു സുബൈറിനെ ഉപരോധിക്കുകയും കഅ്ബയെ ആക്രമിക്കുകയും ചെയ്തപ്പോഴാണ് ഈ കൊമ്പ് നഷ്ടപ്പട്ടത്. ഇബ്നു അബ്ബാസും ആമിര്‍ശഅ്ബിയും കഅ്ബയില്‍ ഈ കൊമ്പ് നേരില്‍ കണ്ടതായി സാക്ഷ്യപ്പെടുത്തിയിരിക്കുന്നു (ഇബ്നു കഥീര്‍). ഇത് ബലി സംഭവം അരങ്ങേറിയത് ശാമിലായിരുന്നില്ല, വിശുദ്ധ മക്കയിലായിരുന്നുവെന്നും ബലിക്ക് സന്നദ്ധനായത് ഇസ്മാഈല്‍ (അ) ആയിരുന്നുവെന്നും തെളിയിക്കുന്നു. അതുകൊണ്ടാണ് ഹ. ഇബ്റാഹീമും ഇസ്മാഈലും പുനരുദ്ധരിച്ച കഅ്ബയില്‍ അദ്ദേഹത്തിന്റെ സ്മരണ സൂക്ഷിക്കപ്പെട്ടത്.

vi) നൂറ്റാണ്ടുകളായി അറബിക്കഥകളില്‍ ബലികര്‍മം നടന്നത് മിനായില്‍ വെച്ചായിരുന്നുവെന്ന് അനുസ്മരിക്കപ്പെട്ടുപോരുന്നു. ഇത് വെറും കഥകളല്ല. അന്നുമുതല്‍ നബി(സ)യുടെ കാലംവരെ മിനായില്‍ ഇബ്റാഹീം (അ) ബലി നടത്തിയ അതേ സ്ഥലത്തുചെന്ന് ആളുകള്‍ ബലി നടത്തുക എന്നത് ഹജ്ജിന്റെ ചടങ്ങുകളിലൊന്നായി നടന്നുപോന്നിട്ടുണ്ട്. പ്രവാചകത്വലബ്ധിക്കുശേഷം നബി(സ)യും ഇതേ സമ്പ്രദായം തുടര്‍ന്നുപോന്നു. ഇന്നും ഹജ്ജ്വേളയില്‍ ദുല്‍ഹജ്ജ് പത്തിന് മിനായില്‍ ബലികര്‍മങ്ങള്‍ നടക്കുന്നു. നാലര സഹസ്രാബ്ദത്തോളമായി നിരന്തരം തുടര്‍ന്നുവരുന്ന ഈ സമ്പ്രദായം, ഹ. ഇബ്റാഹീമിന്റെ ബലിയുടെ അനന്തരാവകാശി ഇസ്മാഈല്‍ ആയിരുന്നു, ഇസ്ഹാഖ് ആയിരുന്നില്ല എന്ന് അനിഷേധ്യമായി സ്ഥാപിക്കുന്നു. ഹ. ഇസ്ഹാഖിന്റെ വംശത്തിലാവട്ടെ ജനങ്ങളെല്ലാം ഒരേസമയത്ത് ബലി നടത്തുകയും അത് ഹ. ഇബ്റാഹീമിന്റെ പുത്രബലിയുടെ അനുസ്മരണമാണെന്നവകാശപ്പെടുകയും ചെയ്യുന്ന തരത്തിലുള്ള ഒരു സമ്പ്രദായം ഒരിക്കലും നടന്നുവന്നിട്ടില്ല.

ഈ തെളിവുകളെല്ലാം വെച്ചുനോക്കുമ്പോള്‍, ഇതെല്ലാമുണ്ടായിട്ടും ബലിപുത്രന്‍ ഇസ്ഹാഖായിരുന്നുവെന്ന ആശയം മുസ്ലിം സമുദായത്തില്‍തന്നെ പ്രചരിച്ചതെങ്ങനെയെന്ന് അത്ഭുതപ്പെട്ടുപോകുന്നു. ജൂതന്‍മാര്‍ 'ബലിപുത്രന്‍' എന്ന മഹത്വം ഹ. ഇസ്മാഈലിനു വിലക്കി, സ്വന്തം പ്രപിതാവായ ഹ. ഇസ്ഹാഖിനെ അണിയിക്കാന്‍ ശ്രമിക്കുന്നുവെങ്കില്‍ അത് മനസ്സിലാക്കാവുന്ന കാര്യമാണ്. പക്ഷേ മുസ്ലിംകളില്‍ വലിയൊരു വിഭാഗം അവരുടെ ഈ കെട്ടുകഥകള്‍ സ്വീകരിച്ചതെന്തിനാണ്? അല്ലാമാ ഇബ്നു കഥീര്‍ തന്റെ തഫ്സീറില്‍ ഈ ചോദ്യത്തിന് സഗൌരവം മറുപടി നല്‍കിയിട്ടുണ്ട്. അദ്ദേഹം പറയുന്നു: യാഥാര്‍ഥ്യം അല്ലാഹുവിന്ന് മാത്രമേ അറിയൂ. പ്രത്യക്ഷത്തില്‍ മനസ്സിലാകുന്നതിതാണ്: ബലിപുത്രന്‍ ഇസ്ഹാഖാണെന്ന് സ്ഥാപിക്കുന്ന ഈ അഭിപ്രായങ്ങളെല്ലാം കഅ്ബുല്‍ അഹ്ബാറില്‍ നിന്നുദ്ധരിക്കപ്പെടുന്നവയാകുന്നു. ഹ. ഉമറിന്റെ കാലത്താണ് ഇയാള്‍ ഇസ്ലാം സ്വീകരിച്ചത്. ഇയാള്‍ പലപ്പോഴും പൌരാണിക ജൂത-ക്രൈസ്തവ ഗ്രന്ഥങ്ങളിലെ ഉള്ളടക്കങ്ങള്‍ അദ്ദേഹത്തെ കേള്‍പ്പിക്കാറുണ്ടായിരുന്നു. ഉമര്‍(റ) അത് കേള്‍ക്കാറുമുണ്ടായിരുന്നു. അതുകണ്ട് മറ്റാളുകളും ഇയാളുടെ വര്‍ത്തമാനങ്ങള്‍ താല്‍പര്യപൂര്‍വം കേള്‍ക്കാന്‍ തുടങ്ങി. അയാള്‍ പറഞ്ഞ, അര്‍ഥമുള്ളതും ഇല്ലാത്തതുമൊക്കെ ഉദ്ധരിക്കാനും തുടങ്ങി. എന്നാലോ, ഈ സമുദായത്തിന് അയാളുടെ വിജ്ഞാന നിധിയില്‍നിന്ന് യാതൊന്നും ആവശ്യമുണ്ടായിരുന്നില്ല.'

മുഹമ്മദുബ്നു കഅ്ബുല്‍ ഖുറളിയുടെ ഒരു നിവേദനം ഈ പ്രശ്നത്തില്‍ കൂടുതല്‍ വെളിച്ചം വീശുന്നുണ്ട്. അദ്ദേഹം വിവരിക്കുന്നു: ഒരിക്കല്‍, ഹ. ഉമറുബ്നു അബ്ദില്‍ അസീസിന്റെ സന്നിധിയില്‍ ഞാന്‍ ഹാജരുള്ളപ്പോള്‍ ഈ പ്രശ്നം ഉയര്‍ന്നുവന്നു. ബലിപുത്രന്‍ ഹ. ഇസ്ഹാഖോ ഹ. ഇസ്മാഈലോ? നേരത്തെ ഒരു ജൂതപണ്ഡിതനും പിന്നീട് ആത്മാര്‍ഥമായി ഇസ്ലാം സ്വീകരിച്ചവനുമായ ഒരാളും ഈ സന്ദര്‍ഭത്തില്‍ സദസ്സിലുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു: അമീറുല്‍ മുഅ്മിനീന്‍; അല്ലാഹുവാണ, അത് ഇസ്മാഈല്‍ തന്നെയായിരുന്നു. ജൂതന്‍മാര്‍ക്കും അതറിയാം. എങ്കിലും അറബികളോടുള്ള അസൂയകൊണ്ട് അവര്‍ ബലിപുത്രന്‍ ഇസ്ഹാഖായിരുന്നുവെന്ന് വാദിക്കുകയാണ്' (ഇബ്നുജരീര്‍). ഈ രണ്ടു കാര്യങ്ങളും ചേര്‍ത്തുവായിച്ചാല്‍ മുസ്ലിംകളില്‍ വ്യാപിച്ച ജൂത പ്രചാരണത്തിന്റെ സ്വാധീനമാണിതെന്ന് മനസ്സിലാക്കാവുന്നതാണ്. വൈജ്ഞാനിക കാര്യങ്ങളില്‍ മുസ്ലിംകള്‍ എപ്പോഴും നിഷ്പക്ഷമായിരുന്നു. അതുകൊണ്ട് പൂര്‍വ ഗ്രന്ഥങ്ങളെ അവലംബിച്ചുള്ള ചരിത്ര വാര്‍ത്തകളെന്ന വ്യാജേന ജൂതന്‍മാര്‍ പ്രചരിപ്പിച്ച വിവരങ്ങളെല്ലാം വൈജ്ഞാനിക യാഥാര്‍ഥ്യങ്ങളാണ് എന്നു കരുതി അവര്‍ സ്വീകരിച്ചു. ഇത് വിജ്ഞാനത്തിന്റെയല്ല, പക്ഷപാതിത്വത്തിന്റെ പ്രവര്‍ത്തനമാണെന്ന് അവര്‍ക്ക് തോന്നിയിരുന്നില്ല.'

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review