2010, സെപ്റ്റംബർ 29, ബുധനാഴ്‌ച

ഖുര്‍ആന്റെ ദൈവികതക്ക് ഒമ്പതാമത്തെ തെളിവ്.

വൈരുദ്ധ്യമില്ലാത്ത വേദഗ്രന്ഥം:

ഖുര്‍ആന്റെ ദൈവികതക്കുള്ള ഒമ്പതാമത്തെ തെളിവ്, അതില്‍ യാതൊരു വിധ ഭിന്നതയോ വൈരുദ്ധ്യമോ കാണപ്പെടുന്നില്ല എന്നതാണ്. ഖുര്‍ആനില്‍ ഭിന്നതയോ വൈരുദ്ധ്യമോ ഇല്ല എന്നത് അതിന്റെ ദൈവികതയെക്കുറിച്ച അവകാശവാദം പോലെ ഖുര്‍ആനിന്റെ തന്നെ അവകാശവാദമാണ്. ദൈവികതക്കുള്ളതെളിവായി അതിനെ പരിചയപ്പെടുത്തുകയും ചെയ്യുന്നു. വിശുദ്ധഖുര്‍ആനില്‍ 4:82  സൂക്തത്തില്‍ ഇങ്ങനെ കാണാം. 'അല്ലാഹുവല്ലാത്ത വല്ലവരുടെയും പക്കല്‍നിന്നുള്ളതായിരുന്നെങ്കില്‍ അവര്‍ അതില്‍ ധാരാളം ഭിന്നതകള്‍ കാണുമായിരുന്നു.'

സുദീര്‍ഘമായ ഇരുപത്തിമൂന്ന് വര്‍ഷക്കാലത്തിനുള്ളില്‍ ഭിന്ന വിരുദ്ധമായ പരിതഃസ്ഥിതികള്‍ക്കിടയിലാണ് വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണത പ്രാപിച്ചത്. അതിന്റെ രചയിതാവ് ഒരു മനുഷ്യനായിരുന്നെങ്കില്‍ അതില്‍ പ്രതിപാദ്യങ്ങളും സിദ്ധാന്തങ്ങളും അധ്യാപനങ്ങളും ആദ്യന്തം വൈരുദ്ധ്യത്തില്‍നിന്നും ഭിന്നതകളില്‍നിന്നും പരിശുദ്ധമായിരിക്കുക തികച്ചും അസംഭവ്യമായിരുന്നു. മാത്രമല്ല ഒരേ പരിതസ്ഥിതിയില്‍ അല്‍പം ചില മാസങ്ങള്‍ക്കുള്ളില്‍ തുടര്‍ചയായി എഴുതിയതായിരുന്നാല്‍ പോലും അത്തരം വൈകല്യങ്ങളില്‍നിന്ന് പൊതുവെ രക്ഷപ്പെടാറില്ല. എന്നിരിക്കെ ശതകണക്കിന് മാസങ്ങളും സഹസ്രക്കണക്കിന് ദിവസങ്ങളും പിന്നിട്ട ശേഷം പൂര്‍ണത പ്രാപിക്കുകയും പരിതസ്ഥിതികളുടെ അസാധാരണ കയറ്റിറങ്ങളെ അഭിമുഖീകരിക്കുക്കുകയും ചെയ്ത ഒരു ഗ്രന്ഥത്തില്‍ എങ്ങനെ വൈരുദ്ധ്യവും ഭിന്നതയും ഇല്ലാതിരിക്കും. സാധാരണ ഗതിയില്‍ അതെങ്ങനെ സംഭവ്യമാകും.

എന്നാല്‍ വിശുദ്ധഖുര്‍ആനില്‍ ഈ 'അസംഭവ്യം' ഒരു യാഥാര്‍ഥ്യമായി തീര്‍ന്നത് നാം കാണുന്നു. അതിലെ പരന്നു കിടക്കുന്ന പ്രതിപാദ്യങ്ങളിലും വിശദമായ നിയമനിര്‍ദ്ദേശങ്ങളിലും അങ്ങേ അറ്റത്തെ രഞ്ജിപ്പ് കാണപ്പെടുന്നു. അതിനാല്‍ ഖുര്‍ആന്റെ കര്‍ത്താവ് ഒരു മനുഷ്യനല്ല പ്രത്യുത സര്‍വജ്ഞനും സൂക്ഷ്മജ്ഞനും സര്‍വശക്തനുമായ ഒരസ്ഥിത്വമാകുന്നു. അവന്റെ ജ്ഞാനത്തില്‍ യാതൊരു ഭേദഗതിക്കും പഴുതില്ല. ദീര്‍ഘമായ കാലയളവിന് പോലും അവന്റെ അരുളപ്പാടില്‍ യാതൊരു മാറ്റവും വരുത്താന്‍ സാധ്യമല്ല.

ഖുര്‍ആനില്‍ വൈരുദ്ധ്യമില്ല എന്ന അതിന്റെ അവകാശവാദം അംഗീകരിക്കാന്‍ ഖുര്‍ആന്‍ വിമര്‍ശകര്‍ തയ്യാറാവില്ല. അതിനാല്‍ ഖുര്‍ആനില്‍ വൈരുദ്ധ്യമുണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ വ്യാപകമായ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്.   ആ വിമര്‍ശകര്‍ നല്‍കുന്ന സൂക്തങ്ങള്‍ മുന്‍ധാരണയില്ലാതെ പഠനവിധേയമാക്കുന്ന ആര്‍ക്കും അവ പരസ്പരം വിശദീകരിക്കുകയോ ഒരേ കാര്യത്തിന്റെ വിവിധഭാഗങ്ങള്‍ വിശദീകരിക്കുകയോ ചെയ്യുകയാണെന്ന് മനസ്സിലാകും.   പലതിലും ഇതിലെവിടെയാണ് വൈരുദ്ധ്യം എന്ന് അവരോട് തിരിച്ചു ചോദിക്കേണ്ടി വരുന്നു.

ചരിത്രവും, നിയമവും, ധാര്‍മിക സദാചാരനിയമങ്ങളും, ഭൗതിക പ്രതിഭാസങ്ങളുടെ വിവരണവുമൊക്കെ ഉള്‍ചേര്‍ന്ന ഒരു ഗ്രന്ഥം. അവയെല്ലാം പരസ്പരം ബന്ധപ്പെട്ട് മാലയില്‍ കോര്‍ത്ത മുത്തുമണികളെന്നോണം സമഗ്രമായ സ്വഭാവത്തില്‍ കാണപ്പെടുന്നു.    അത് രചിച്ചുവെന്നും പകര്‍ത്തിയെഴുതിയെന്നും പറയുന്ന 'മുഹമ്മദ് എന്ന മനുഷ്യന്‍ ' തന്റെ പ്രബോധനം ആരംഭിച്ച് മരിക്കുന്നത് വരെ സ്വസ്ഥമായി പള്ളിയില്‍ ചിന്താനിമഗ്നനായി രചനയില്‍ ചെലവഴിക്കുകയായിരുന്നില്ല. മറിച്ച് ആരംഭം മുതല്‍ ഒരു നിമിഷം പോലും അടങ്ങിയിരിക്കാന്‍ അദ്ദേഹത്തിന്റെ പ്രതിയോഗികള്‍ അനുവദിച്ചിരുന്നില്ല. ഇതിനിടയില്‍ നിരക്ഷരനായ അദ്ദേഹം മനുഷ്യാരംഭം മുതല്‍ അന്ന് വരെ ചരിത്രത്തിന്റെ ഗതിവിഗതികളെ മാറ്റിയ മുഴുവന്‍ പ്രധാന സംഭവങ്ങളെയും വിവരിക്കുന്നു ഒരു ദൃക്‌സാക്ഷിയെപ്പോലെ, ഒരു മുഴുസമയ അധ്യാപകനും പടയാളിയും പരിഷ്‌കര്‍ത്താവും ഭരണാധികാരിയും ആയി മരണം വരെ തുടരുന്നു. 1400 വര്‍ഷത്തിന് ശേഷവും അതുല്യമായി തുടരുന്ന ഒരു ജീവിത വ്യവസ്ഥ രൂപീകരിക്കുകയും ചെയ്യുന്നു.  ഒരു മനുഷ്യന് നാം എത്രമാത്രം കഴിവ് സങ്കല്‍പിച്ചാലും ഇത് അതില്‍നിന്ന് പുറത്ത് കടക്കുന്നില്ലേ. ഒരു നിമിഷം ചിന്തിക്കുക.

തോമസ് കാര്‍ലൈന് മുഹമ്മദ് നബിയെക്കുറിച്ച് പറഞ്ഞവാക്കുകള്‍ വിശുദ്ധഖുര്‍ആന്റെ കാര്യത്തിലും ഞാന്‍ ആവര്‍ത്തിക്കട്ടേ. 'വഞ്ചന ലോകത്തിതുപോലെ വളരുകയും പുഷ്ടിപ്പെടുകയും ചെയ്‌താല്‍ മാനവതയെക്കുറിച്ച്‌ എന്തു ചിന്തിക്കണമെന്നറിയാതെ ഒരാള്‍ പരിപൂര്‍ണമായും അന്തംവിട്ടവനായിത്തീരും'.

2010, സെപ്റ്റംബർ 23, വ്യാഴാഴ്‌ച

ഖുര്‍ആന്റെ ദൈവികതക്ക് എട്ടാമത്തെ തെളിവ്.

ഖുര്‍ആനിലെ ശാസ്ത്രീയ സത്യങ്ങള്‍ :

വിശുദ്ധഖുര്‍ആന്റെ ദൈവികതക്കുള്ള എട്ടാമത്തെ തെളിവ്; അതില്‍ ഒട്ടേറെ പ്രാപഞ്ചിക യാഥാര്‍ഥ്യങ്ങള്‍ വിവരിക്കപ്പെട്ടതായി കാണാം, എന്നാല്‍ അവയെല്ലാം തന്നെ തെളിയിക്കപ്പെട്ട ശാസ്ത്ര സത്യങ്ങളുമായി ഒത്തുപോകുന്നു എന്നതാണ്. ഖുര്‍ആന്‍ അവതരിക്കുന്ന കാലഘട്ടത്തില്‍ ലോകത്തിന് പൊതുവെയും അറബികള്‍ക്ക് പ്രത്യേകിച്ചും ആ യാഥാര്‍ഥ്യങ്ങള്‍ അജ്ഞാതമായിരുന്നു. മാത്രമല്ല അന്നത്തെ സമുന്നത ശാസ്ത്രജ്ഞന്മാരിലോ തത്വശാസ്ത്ര പണ്ഡിതന്‍മാരിലോ അവയെ സംബന്ധിച്ചറിയുന്ന ഒരു വ്യക്തിപോലുമുണ്ടായിരുന്നില്ല. നൂറ്റാണ്ടുകളിലൂടെ വൈജ്ഞാനികവും ശാസ്ത്രീയവുമായ നിരീക്ഷണ-പരീക്ഷണങ്ങള്‍ അവയുടെ പുരോഗമന മാര്‍ഗത്തിലേക്കുള്ള നിരവധി ഘട്ടങ്ങളെ തരണം ചെയ്തുകൊണ്ടാണ് അവയ്ക് പ്രസ്തുത യാഥാര്‍ഥ്യങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞത്.  അതേസമയം വസ്തുക്കളെയും പ്രാപഞ്ചിക പ്രതിഭാസങ്ങളെയും സംബന്ധിച്ച ഖുര്‍ആന്റെ പരാമര്‍ശങ്ങളില്‍ ഒരിക്കല്‍ പോലും അബദ്ധം സംഭവിച്ചില്ല എന്നത് ഖുര്‍ആന്‍ സര്‍വജ്ഞനായ ദൈവത്തില്‍നിന്നാണെന്നതിനുള്ള തെളിവാണ്.

ഒട്ടേറെ ശാസ്ത്രസത്യങ്ങള്‍ ഖുര്‍ആന്‍ വെളിപ്പെടുത്തിയാതായി പണ്ഡിതന്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്. അവയെയൊക്കെ എടുത്ത് ചിലര്‍ പരിഹസിക്കാറുണ്ട് എന്നത് ശരിയാണ്. എന്നാല്‍ ഖുര്‍ആന്‍ പറഞ്ഞ ഇന്ന കാര്യം തെളിയിക്കപ്പെട്ട ശാസ്ത്രത്തിന് വിരുദ്ധമാണ് എന്ന് തെളിയിക്കാന്‍ ശ്രമിക്കാതെ. ഏതൊരു സമാന്യയുക്തിക്കും മനസ്സിലാകുന്ന വിധം പറഞ്ഞ ചില അലങ്കാരങ്ങളെയും ഉപമകളെയും എടുത്ത് ഇതൊന്നും തെളിയിക്കപ്പെട്ട ശാസ്ത്രത്തിന് യോജിക്കുന്നില്ല എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയാണ് ഖുര്‍ആന്‍ വിമര്‍ശകര്‍ സാധാരണയായി ചെയ്യാറുള്ളത്. ഭൂമിയ തൊട്ടിലാക്കി, വിശാലമാക്കി എന്നൊക്കെ ദൈവം മനുഷ്യന് ചെയ്തുകൊടുത്ത അനുഗ്രഹങ്ങളായി എടുത്ത് പറയുന്ന സൂക്തങ്ങളെ ഖുര്‍ആനില്‍ ഭൂമി പരന്നിട്ടാണെന്നും. അക്കാലത്തെ മനുഷ്യന് ശാസ്ത്രീയമായി  സംഭവിച്ച അബദ്ധങ്ങളൊക്കെ ഖുര്‍ആനിലുമുണ്ട് എന്ന് വാദിക്കുകയാണ് അവര്‍ .

ഇതൊടൊപ്പം വിമര്‍ശകര്‍ മനസ്സിലാക്കേണ്ട കാര്യം, ഖുര്‍ആന്‍ അടിസ്ഥാനപരമായി ഒരു മാര്‍ഗദര്‍ശക ഗ്രന്ഥമാണ് എന്നതാണ്. ശാസ്ത്രീയ അറിവുകള്‍ പകര്‍ന്ന് നല്‍കാന്‍ അവതരിക്കപ്പെട്ടതല്ല അത്. പദാര്‍ഥത്തെയും പ്രപഞ്ചിക യാഥാര്‍ഥ്യങ്ങളെയും പരീക്ഷണ നീരിക്ഷണങ്ങളിലൂടെ കണ്ടെത്താനാവശ്യമായ യുക്തിയും ബുദ്ധിയും അതിനുള്ള സാഹചര്യവും നല്‍കിയാണ് ദൈവം നിയോഗിച്ചിരിക്കുന്നത്. ഭൂമിയുടെ ആകൃതി പറയാനോ, മഴയുടെ വര്‍ഷിക്കുന്നതെങ്ങനെ എന്ന് വ്യക്തമാക്കാനോ, പനിക്കുള്ള പാരാസെറ്റാമോള്‍ നിര്‍മിക്കേണ്ടതെങ്ങനെയെന്നോ ഒരു പ്രവാചകന്‍ നിയോഗിതനായി പറഞ്ഞുതരേണ്ട കാര്യമല്ല. മറിച്ച് ഒരു വേദഗ്രന്ഥം, എന്താണ് നന്മയെന്നും എന്താണ് തിന്മയെന്നും പറഞ്ഞുതരേണ്ടതുണ്ട്. മനുഷ്യന്‍ അവന്റെ ഭൗതിക ജീവിതം സുകകരമാക്കാന്‍ എന്തെന്ത് മൂല്യങ്ങളും സാദാചാരവും നിയമനിര്‍ദ്ദേശവും പാലിക്കണമെന്നും അത് പറഞ്ഞു തരേണ്ടതുണ്ട്. ആ ഉത്തരവാദിത്തം ഖുര്‍ആന്‍ നിര്‍വഹിക്കുന്നു. കേവലം ചില മാര്‍ഗരേഖ നല്‍കുന്നതില്‍ അതിന്റെ ദൗത്യം അവസാനിപ്പിച്ചിട്ടില്ല. മനുഷ്യന്റെ മാനസികാവസ്ഥയും അവന്റെ ഇഛയും അവന് നല്‍കപ്പെട്ട വിവേചനാധികാരവും  പരിഗണിച്ച് ഈ നിയമനിര്‍ദ്ദേശങ്ങള്‍ പാലിക്കത്തക്കവിധം ഒരു മാനസികനില കൈവരിക്കാന്‍ ചില വിശ്വാസങ്ങള്‍ അവനില്‍ നട്ടുപിടിപ്പിക്കാനുള്ള ശ്രമവും ഖുര്‍ആന്‍ നടത്തിയിരിക്കുന്നു. അതിന് വേണ്ടിയാണ്, ദൈവത്തെക്കുറിച്ചും മലക്കുകളെക്കുറിച്ചും പ്രവാചകന്‍മാരെക്കുറിച്ചും വേദഗ്രന്ഥത്തെക്കുറിച്ചും പരലോകത്തെക്കുറിച്ചുമുള്ള വിശ്വാസങ്ങള്‍ അടിസ്ഥാനമായി നിശ്ചയിച്ചത്. അവ മനുഷ്യനെ നന്മയില്‍ ബോധമുള്ളവനാക്കാനും അതിനെ അറിയാനും അതിന് വേണ്ടി പ്രേരിപ്പിക്കാനും ഇടയാക്കുന്നു. ഈ വിശ്വാസങ്ങളുടെ അഭാവത്തില്‍ നിയമം എന്തിന് വേണ്ടി ആര്‍ക്ക് വേണ്ടി അനുസരിക്കണം എന്ന് മനുഷ്യന്‍ ചിന്തിക്കാതിരിക്കില്ല. അവന് ലഭിക്കുന്ന വ്യത്യസ്ഥമായ അറിവിനനുസരിച്ച് അവന്‍ നിയമം പാലിക്കുകയോ പാലിക്കാതിരിക്കുകയോ ചെയ്‌തേക്കാം. ഇസ്‌ലാമിലെ വിശ്വാസത്തിന്റെ പ്രസക്തി അവിടെയാണ്. ഈ വിശ്വാസകാര്യങ്ങള്‍ ഭൗതിക വസ്തുകളുടെ പഠനത്തിലൂടെ മാത്രം കണ്ടെത്തുക സാധ്യമല്ല. ആ കുറവ് പരിഹരിക്കുന്നത് ദിവ്യവെളിപാടിലൂടെയാണ്.

വിശ്വാസകാര്യങ്ങളില്‍ പ്രഥമ സ്ഥാനത്ത് വരുന്നത് ദൈവത്തിലുള്ള വിശ്വാസമാണ്. ആ വിശ്വാസം രൂഢമൂലമാകുന്നത് പ്രാപഞ്ചിക പ്രതിഭാസങ്ങളിലും ചുറ്റുമുള്ള വസ്തുക്കളിലും കാണുന്ന അത്ഭുതങ്ങളെക്കുറിച്ച് ചിന്തിച്ചും ഗ്രഹിച്ചുമാണ്. അത് മനസ്സിലാക്കി കഴിഞ്ഞാല്‍ പിന്നീട് ദൈവാനുഗ്രഹങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങും. വിശുദ്ധഖുര്‍ആനിലെ പാദാര്‍ഥ സംബന്ധിയായ പരാമര്‍ശങ്ങള്‍ ഈ ലക്ഷ്യം വെച്ചുള്ളതാണ്. എന്നാല്‍ അത് എക്കാലത്തെയും ആളുകള്‍ക്ക് മനസ്സിലാകുന്ന തരത്തിലല്ലെങ്കില്‍ ചരിത്രത്തിലെ നീണ്ട കാലയളവില്‍ അതുകൊണ്ടുദ്ദേശിക്കപ്പെട്ട ലക്ഷ്യം സാധിക്കാതെ പോകും. അതുകൊണ്ട് ഏക്കാലത്തെയും മനുഷ്യര്‍ക്ക് മനസ്സിലാകുന്ന ശാസ്ത്രമേ ഖുര്‍ആനിലുള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്. അല്ലാതെ ഇക്കാലത്തെ ഭൗതികവാദികളെ അമ്പരപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള ഒരു പരമാമര്‍ശമല്ല അവയൊന്നും. സൂര്യന്റെ ചലനം സംബന്ധിച്ച പരാമര്‍ശം അത്തരത്തിലുള്ളതാണ്. എന്നാല്‍ ചിലതെല്ലാം ഒരു വിവരം എന്ന നിലക്ക് കാലഘട്ടം സ്വീകരിച്ചു പോന്നിരിക്കാം. അതിലൊന്നാണ്. പ്രപഞ്ചം വാതകാവസ്ഥയിലായിരുന്നു എന്ന് സൂചിപ്പിക്കുന്ന സൂക്തവും, ആകാശഗോളങ്ങള്‍ പരസ്പരം ഒട്ടിചേര്‍ന്ന അവസ്ഥയിലായിരുന്നു പിന്നീട് നാം അവയെ വേര്‍പ്പെടുത്തി എന്ന് പരാമര്‍ശിക്കുന്ന സൂക്തവും.

ഖുര്‍ആന്‍ ദൈവികമാണെങ്കിലും ഇക്കാര്യമൊക്കെ എങ്ങനെ പറഞ്ഞാലും പിന്നീട് കണ്ടെത്തുന്ന പക്ഷം അതില്‍ അബദ്ധം സംഭവിക്കുന്നെങ്കില്‍ ഖുര്‍ആന്‍ ദൈവികമല്ല  എന്ന് ധൈര്യപൂര്‍വം പറയാന്‍ അത് മതിയായിരുന്നു.  പക്ഷെ അതിന് ഇടനല്‍കാത്തവിധം ശാസ്ത്രീയമാണ് അതിലെ പരാമര്‍ശങ്ങള്‍ എന്നത് ഖുര്‍ആനെക്കുറിച്ച് ചിന്തിക്കുന്നവര്‍ പ്രത്യേകം പരിഗണിക്കേണ്ടത് തന്നെയാണ്. ഇത് മാത്രമായി ഖുര്‍ആന്റെ ദൈവികതക്ക് തെളിവായി ചുണ്ടിക്കാണിക്കുകയല്ല ഞാന്‍ ചെയ്യുന്നത് മറിച്ച് ഇതുകൂടി ചേരുമ്പോഴെ ഖുര്‍ആന്‍ ദൈവികമാണെന്ന അവകാശവാദം ശരിയാകൂ എന്ന് സ്ഥാപിക്കുകയാണ്.

ഇത്രയും സുക്ഷമായ  ഒരു ഗ്രന്ഥം ആറാം നൂറ്റാണ്ടില്‍ അറേബ്യയില്‍ ജീവിച്ച നിരക്ഷരനായ ഒരു മനുഷ്യന്റെ നാവിലൂടെ വന്നുവെന്ന് നാം ബുദ്ധിയുടെ ഏത് തലത്തില്‍നിന്നുകൊണ്ടാണ് പറയുക. അതിനാല്‍ പ്രപഞ്ചയാഥാര്‍ഥ്യങ്ങള്‍ക്ക് ജന്മം നല്‍കിയ ദൈവമാണ് ഖുര്‍ആന്‍ അവതരിപ്പിച്ചത് എന്ന യാഥാര്‍ഥ്യം വെളിവാക്കുന്ന ഒരു തെളിവായി ഇത് മാറുന്നു.

2010, സെപ്റ്റംബർ 20, തിങ്കളാഴ്‌ച

ഇ.എ.ജബ്ബാറിനോട് കെ.കെ. ആലിക്കോയക്ക് പറയാനുള്ളത്.

 ഇ.എ. ജബ്ബാര്‍ ബൂലോകത്ത് അപരിചിതനല്ല. അദ്ദേഹംത്തിന്റെ ഇസ്‌ലാം വിരുദ്ധ പോസ്റ്റുകള്‍ വായിക്കാത്തവര്‍ അപൂര്‍വമായിരിക്കും. അദ്ദേഹം തന്നെ പറയുന്നത് പോലെ ഇസ്‌ലാമിലെ നന്മ പറയാന്‍ ധാരാളം ആളുകള്‍ ഉണ്ടായിരിക്കെ അതിലെ തിന്‍മകള്‍ ചൂണ്ടിക്കാണിക്കുക എന്ന ദൗത്യമാണ് അദ്ദേഹം ഏറ്റെടുത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ മനുഷ്യസ്‌നേഹ തല്‍പരതയില്‍ എന്നെ പോലുള്ളവര്‍ക്ക് സംശയമുണ്ടെങ്കിലും അതപ്രകാരം തന്നയായിരിക്കും എന്ന് തീര്‍ത്ത് പറയാനാവില്ല. ഇസ്ലാമിന്റെ തനിസ്വരൂപം എന്നാല്‍ തനിക്ക് ചുറ്റും കാണുന്ന അന്ധവിശ്വാസജഡിലമായ ആചാരരൂപമാണെന്നും. പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്താണ് ഇസ്‌ലാമിനെ അവതരിപ്പിക്കുന്നതെന്നും പ്രചരിപ്പിക്കുന്നതില്‍ ജബ്ബാര്‍ മാഷ് മുന്നില്‍ നില്‍ക്കുന്നു. അത് സത്യമല്ല എന്നുറപ്പുള്ളതുകൊണ്ടാണ് എന്നെ പോലുള്ളവര്‍ അദ്ദേഹത്തിന്റെ വാദങ്ങള്‍ മുഖവിലക്കെടുക്കാതിരിക്കുന്നത്. ഞങ്ങളുയര്‍ത്തുന്ന യുക്തിപരമായ ചോദ്യങ്ങള്‍ക്ക് ശരിയായി ഉത്തരം പറയുവോളം ജബ്ബാര്‍ മാഷിന്റെ സ്വസമുദായ സ്‌നേഹം കാപട്യമായി അവശേഷിക്കാനാണ് സാധ്യത. അതിനദ്ദേഹം തയ്യാറാകുമെന്ന് കരുതുന്നു.

അദ്ദേഹം ഖുര്‍ആനിലെ അബദ്ധങ്ങളും അരുതായ്മകളുമായി കാണുന്ന പരാമര്‍ശത്തിലെ സത്യാവസ്ഥ വ്യക്തമാക്കാന്‍ പലശ്രമങ്ങളും ഇതിന് മുമ്പും നടന്നിട്ടുണ്ട്. നാജ്, ചിന്തകന്‍, ശെബു, അസീസ്, സലാഹുദ്ദീന്‍, സുബൈര്‍ തുടങ്ങിയവരും അദ്ദേഹത്തിന്റെ മുസ്‌ലിംകളെ ഭീകരന്‍മാരും അപരിഷ്‌കൃതരും ആക്കി തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമത്തിനെതിരെ എം.എ ബക്കര്‍, കുരുത്തം കെട്ടവന്‍, വേണു ഗോപാല്‍ എന്നിവരും മറുപടി നല്‍കി. നല്‍കപ്പെട്ട മറുപടികള്‍ നിലനിര്‍ത്തി അതിനോട് മാന്യമായിത്തന്നെ പ്രതികരിച്ചു (അദ്ദേഹത്തിന്റെ ശൈലിയനുസരിച്ച്). ഇപ്പോള്‍ അദ്ദേഹത്തോട് കാര്യമായി സംവദിച്ചുകൊണ്ടിരിക്കുന്നത് കെ.കെ. ആലിക്കോയ എന്ന നവാഗത ബ്ലോഗറാണ്. അദ്ദേഹത്തിന്റെ ഒരു മെയില്‍ ഇവിടെ പേസ്റ്റ് ചെയ്യുകയാണ്.

ജബ്ബാര്‍ മാഷ് ഖുര്‍ആനിലെ സ്വര്‍ഗത്തെയും അതിലെ സൗകര്യങ്ങളെയും പരിഹസിച്ചത് വായിച്ചവര്‍ക്ക് അതിനെതിരെയുള്ള പ്രതികരണവും ലഭിക്കാതെ പോകരുത് എന്നുള്ളതിനാല്‍ അദ്ദേഹത്തിന്റെ മെയില്‍ വായനക്കും ചര്‍ചക്കുമായി ഇവിടെ നല്‍കുകയാണ്.  അതേ പ്രകാരം ജബ്ബാര്‍ മാഷിന്റെ ഒരു വാദമാണ് ഇസ്‌ലാം പ്രചരിച്ചത് സമാധാനമാര്‍ഗത്തിലൂടെയല്ല അക്രമത്തിലൂടെയാണ് എന്നത്. ഇതിനും ചരിത്രപരമായ സാക്ഷ്യം ലഭിക്കുകയില്ല എന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷെ സമാധാനത്തെക്കുറിക്കുന്ന സൂക്തങ്ങളെല്ലാം മക്കയിലവതരിച്ചതാണെന്നും മദീനയില്‍ ചെന്നപ്പോള്‍  അതെല്ലാം മാറ്റിവെച്ച് അക്രമത്തിന്റെ മാര്‍ഗം തെരഞ്ഞെടുത്തുവെന്നുമാണ് ജബ്ബാര്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്. സത്യത്തെ കഴുത്ത് ഞെരിച്ചു കൊണ്ടെ ഈ വാദം സ്ഥാപിക്കാന്‍ കഴിയൂ. പതിവുപോലെ വിഷയത്തില്‍നിന്ന് തെന്നിയിട്ടുണ്ടെങ്കിലും. ആ വാദം എത്രമാത്രം അസംബന്ധമാണ് എന്ന് വ്യക്തമാക്കാന്‍ ഈ ചര്‍ച ഉപകരിക്കും. ആലിക്കോയ എഴുതിയത് വായിക്കുക:
 
[[[ ജബ്ബാര്‍ എഴുതി: "സ്വര്‍ഗ്ഗവും നരകവുമൊക്കെ ബന്ധപ്പെട്ട പോസ്റ്റില്‍ ചര്‍ച്ച ചെയ്യാം. "

മക്കയിലെ മുശ്‌രിക്കുകളുടെ സംവാദ പരാജയവും ഇങ്ങനെത്തന്നെ ആയിരുന്നു. ഖുര്‍ആനില്‍ നിന്ന് ആളുകളുടെ ശ്രദ്ധ തിരിച്ചു വിടാന്‍ വേണ്ടി അവര്‍ പല കോപ്രായങ്ങളും കാട്ടിയിരുന്നു. "ഈ സത്യനിഷേധികള്‍ പറയുന്നു: `ഈ ഖുര്‍ആന് നിങ്ങള്‍ ചെവികൊടുക്കുകയേ അരുത്. അത് കേള്‍പ്പിക്കപ്പെടുമ്പോള്‍ ബഹളമുണ്ടാക്കുക. അങ്ങനെ നിങ്ങള്‍ക്കതിനെ ജയിക്കാം.` ഈ നിഷേധികളെ നാം കൊടിയ ശിക്ഷ രുചിപ്പിക്കുകതന്നെ ചെയ്യും. അവര്‍ ചെയ്തുകൊണ്ടിരുന്ന കൊടും പാതകങ്ങള്‍ക്ക് തികഞ്ഞ പ്രതിഫലം നല്‍കുന്നതുമാകുന്നു. അല്ലാഹുവിന്റെ വൈരികള്‍ക്കുള്ള ആ പ്രതിഫലമത്രെ നരകം! അതില്‍തന്നെയായിരിക്കും അവരുടെ സ്ഥിര താമസത്തിനുള്ള വീട്."(ഖുര്‍ആന്‍ 41: 26-28)

ഈ സൂക്തം മൌദൂദി വ്യാഖ്യാനിക്കുനു:

 'നബി(സ)യുടെ പ്രബോധനം പരാജയപ്പെടുത്താന്‍ നിശ്ചയിച്ച മക്കയിലെ അവിശ്വാസികള്‍ അവലംബിച്ച പരിപാടികളിലൊന്നായിരുന്നു ഇത്. ഖുര്‍ആന്‍ ജനഹൃദയങ്ങളിലുളവാക്കുന്ന പ്രതികരണത്തെക്കുറിച്ചും അത് കേള്‍പ്പിക്കുന്ന ആളുടെ അവസ്ഥയെയും അത്തരം ഒരു വ്യക്തിത്വം അത് അവതരിപ്പിക്കുമ്പോഴുണ്ടാകുന്ന ഉയര്‍ന്ന പ്രതിഫലനശക്തിയെയും കുറിച്ചും അവര്‍ക്ക് നന്നായറിയാമായിരുന്നു. ഇത്ര ഉന്നതനായ ഒരാളില്‍നിന്ന്, ഈ വിധം ഹൃദയാവര്‍ജകമായ വചനങ്ങള്‍ കേള്‍ക്കുന്നവര്‍ അതില്‍ ആകൃഷ്ടരാവുക തന്നെ ചെയ്യുമെന്ന് അവര്‍ മനസ്സിലാക്കി. അതുകൊണ്ട് ഈ വചനങ്ങള്‍ കേള്‍ക്കാതെയും ആരെയും കേള്‍പ്പിക്കാതെയും കഴിക്കാന്‍ പരിപാടിയിട്ടു. മുഹമ്മദ് അത് കേള്‍പ്പിക്കാന്‍ തുടങ്ങിയാല്‍ ഉടനെ ബഹളം കൂട്ടുക, കൂക്കും ചൂളവുമിടുക, സന്ദേഹങ്ങളും വിമര്‍ശനങ്ങളും തുരുതുരാ ഉന്നയിക്കുക, അങ്ങനെ അദ്ദേഹത്തിന്റെ ശബ്ദം ആര്‍ക്കും കേള്‍ക്കാനാവാത്തവണ്ണം രംഗം ശബ്ദമുഖരിതമാക്കുക, ഇത്തരം സൂത്രങ്ങളിലൂടെ അല്ലാഹുവിന്റെ പ്രവാചകനെ തോല്‍പിച്ചുകളയാമെന്നായിരുന്നു അവരുടെ വിചാരം.'

നബിയുടെ പ്രബോധനം പരാജയമായിരുന്നുവെങ്കില്‍  എന്തിനായിരുന്നു ഈ കുരവയിടല്‍?

ഇസ്‌ലാമിന്‍റെ പ്രബോധന വിജയത്തിന്ന് ത്ടയിടാന്‍  വേണ്ടി മക്കയിലെ അവിശ്വാസികള്‍ പ്രയോഗിച്ച മറ്റൊരു തന്ത്രം ഖുര്‍ആന്‍ വിവരിക്കുന്നു:

"വഞ്ചനാത്മകമായ വര്‍ത്തമാനങ്ങള്‍ വിലയ്ക്കുവാങ്ങി കൊണ്ടുവരുന്ന ചില മനുഷ്യരുണ്ട്; ഒരു വിവരവുമില്ലാതെ ദൈവിക മാര്‍ഗത്തില്‍നിന്ന് ജനത്തെ വ്യതിചലിപ്പിക്കുന്നതിനും ഈ മാര്‍ഗത്തിലേക്കുള്ള പ്രബോധനത്തെ പരിഹസിക്കുന്നതിനും വേണ്ടി. അത്തരമാളുകള്‍ക്കുള്ളത് അവരെ അത്യധികം നിന്ദിതരാക്കുന്ന ശിക്ഷയത്രെ. നമ്മുടെ സൂക്തങ്ങള്‍ ഓതിക്കേള്‍പ്പിക്കുമ്പോള്‍, താനതു കേട്ടിട്ടേയില്ല എന്ന മട്ടില്‍ മഹാ ഗര്‍വോടെ അവന്‍ തിരിഞ്ഞുകളയുന്നു; കാതുകളില്‍ അടപ്പുള്ളതുപോലെ. ശരി, അവനെ വേദനയേറിയ ശിക്ഷയുടെ സുവിശേഷമറിയിച്ചുകൊള്ളുക. (31:6,7)

ഈ സൂക്തത്തിന്‌ മൌദൂദിയുടെ വ്യാഖ്യാനം:

"ഇബ്നു ഹിശാം മുഹമ്മദുബ്നു ഇസ്ഹാഖിനെ ഉദ്ധരിക്കുന്നു: മക്കയില്‍ നിഷേധികളുടെ സകലവിധ പ്രതിലോമ പ്രവര്‍ത്തനങ്ങളെയും അതിജയിച്ചുകൊണ്ട് നബി(സ)യുടെ സന്ദേശം പ്രചരിച്ചുകൊണ്ടിരുന്നപ്പോള്‍ നള്റുബ്നു ഹാരിസ് ഖുറൈശികളോടു പറഞ്ഞു: `നിങ്ങള്‍ ഇയാള്‍ക്കെതിരില്‍ ഇങ്ങനെ പ്രവര്‍ത്തിച്ചതുകൊണ്ടൊന്നും ഫലമില്ല. കുട്ടിക്കാലം മുതല്‍ മധ്യവയസ്സുവരെ നിങ്ങള്‍ക്കിടയില്‍ കഴിഞ്ഞുകൂടിയവനാണ് ഇയാള്‍. ഇന്നേവരെ ഇയാള്‍ സ്വഭാവചര്യകളില്‍ സര്‍വോല്‍കൃഷ്ടനായിരുന്നു. വിശ്വസ്തതയില്‍ എല്ലാവരുടെയും മുമ്പിലായിരുന്നു. ഇന്നിതാ നിങ്ങള്‍ പറയുന്നു; അയാള്‍ ജ്യോത്സ്യനാണ്, മാന്ത്രികനാണ്, ഭ്രാന്തനാണ്, കവിയാണ് എന്നൊക്കെ. ഇതൊക്കെ ആരാണ് വിശ്വസിക്കുക?! മാന്ത്രികന്മാര്‍ ഏതുതരം സൂത്രങ്ങളാണവലംബിക്കുകയെന്ന് ജനങ്ങള്‍ക്കറിയില്ലെന്നോ? ഒരു ജ്യോത്സ്യന്‍ ഏതുതരം വര്‍ത്തമാനങ്ങളാണ് പറയുകയെന്ന് ജനങ്ങള്‍ക്കറിയില്ലേ? കവിതയെയും കവികളെയും കുറിച്ച് ആളുകള്‍ തീരേ അജ്ഞരാണോ? ഭ്രാന്തിനെക്കുറിച്ചും ജനങ്ങള്‍ക്ക് ഒരു വിവരവുമില്ലെന്നാണോ? ഈ ആരോപണങ്ങളില്‍ ഏതാണ് മുഹമ്മദി(സ)ന്ന് യോജിക്കുക; അത് വിശ്വസിപ്പിച്ച് ജനങ്ങളെ അയാളില്‍നിന്നകറ്റുവാന്‍? നില്‍ക്കട്ടെ, ഞാനിതിനൊരു വിദ്യകണ്ടിട്ടുണ്ട്.` അനന്തരം അയാള്‍ ഇറാഖിലേക്കു പോയി. അവിടെനിന്ന് അനറബി രാജാക്കന്മരുടെ ചരിതങ്ങളും റുസ്തം കഥകളും ശേഖരിച്ചുകൊണ്ടുവന്ന് മക്കയില്‍ കഥാസദസ്സുകള്‍ സംഘടിപ്പിക്കുകയായിരുന്നു ലക്ഷ്യം. അപ്പോള്‍ ജനശ്രദ്ധ ഖുര്‍ആനില്‍നിന്നകന്ന് കഥകളില്‍ മുഴുകിക്കൊള്ളുമല്ലോ. (സീറത്തു ഇബ്നിഹിശാം വാള്യം 1, പേജ് 320-321) ഇതേ നിവേദനം `അസ്ബാബുന്നുസൂലി`ല്‍ വാഹിദി , കല്‍ബിയില്‍ നിന്നും മുഖാതിലില്‍നിന്നും ഉദ്ധരിച്ചിട്ടുണ്ട്. ഇബ്നു അബ്ബാസ് ഇപ്രകാരംകൂടി പ്രസ്താവിച്ചിരിക്കുന്നു: നള്ര്‍ ഈ ഉദ്ദേശ്യാര്‍ഥം ഗായികകളായ ദാസികളെക്കൂടി വാങ്ങിക്കൊണ്ടുവന്നിരുന്നു. ആരെങ്കിലും പ്രവാചകന്റെ പ്രബോധനത്തില്‍ സ്വാധീനിക്കപ്പെട്ടിരിക്കുന്നുവെന്നു കേട്ടാല്‍ അയാള്‍ക്ക് ഒരു ദാസിയെ ഏല്‍പിച്ചുകൊടുക്കും. അവളോട് പറയും: `നന്നായി ആടിപ്പാടി ഇദ്ദേഹത്തിന്റെ മനസ്സിനെ കീഴടക്കി മറ്റേ ഭാഗത്തു നിന്നകറ്റണം.` മഹാ ധിക്കാരികള്‍ എക്കാലത്തും തുടര്‍ന്നുവന്നിട്ടുള്ള ഒരു സൂത്രം തന്നെയാണിത്. സാധാരണക്കാരെ കളിതമാശകളുടെയും കഥകളുടെയും സംസ്കാരത്തില്‍ മുക്കിക്കളയാന്‍ ശ്രമിക്കുക. അങ്ങനെ അവരെ ഗൌരവമുള്ള ജീവിത പ്രശ്നങ്ങളെക്കുറിച്ചും തങ്ങള്‍ മഹാനാശത്തിലേക്ക് തള്ളിവിടപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നതിനെക്കുറിച്ചും ഒട്ടും ബോധമില്ലാത്തവരാക്കിത്തീര്‍ക്കുക. `ലഹ്വുല്‍ ഹദീസി`ന്റെ ഈ വ്യാഖ്യാനം നിരവധി സഹാബികളില്‍നിന്നും താബിഇകളില്‍നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്."

(ഇബ്‌നു ഇസ്‌ഹാഖ്, ഇബ്‌നു ഹിഷാം, വാഹിദി, ഇബ്‌നു അബ്ബാസ് എന്നിവരെയാണ്‌ മൌദൂദി അവലംബിച്ചതെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.)

ഇസ്‌ലാമിക പ്രബോധനം പരാജയമായിരുന്നുവെങ്കില്‍, സംവാദത്തില്‍ മുശ്‌രിക്കുകള്‍ വിജയിച്ചു നില്‍ക്കുകയായിരുന്നുവെങ്കില്‍ എന്തിനായിരുന്നു ഇത്തരം 'ശ്രദ്ധ തിരിക്കല്‍' പരിപാടികള്‍ അവര്‍ നടത്തിയിരുന്നത്? മദീനയില്‍ ഒരു രാഷ്ട്രം സ്ഥാപിക്കാന്‍ മാത്രമുള്ള ആളുകളെ യുദ്ധം തുടങ്ങുന്നതിന്ന് വളരെ മുമ്പ് തന്നെ പ്രവാചകന്ന് കിട്ടിയിട്ടുണ്ടായിരുന്നു എന്ന് ആര്‍ക്കാണറിയാത്തത്? Read: thafheem.net

........
Alikoya: ഖുര്‍ആനില്‍ നിന്ന് ആളുകളുടെ ശ്രദ്ധ തിരിച്ചു വിടാന്‍ വേണ്ടി അവര്‍ പല കോപ്രായങ്ങളും കാട്ടിയിരുന്നു.

-----
Jabbar: ‘ഖുര്‍ ആന്‍ സംവാദം‘ എന്ന എന്റെ ബ്ലോഗില്‍നിന്നും ശ്രദ്ധ തിരിച്ചു വിടാന്‍ വേണ്ടി മുസ്ലിം സുഹൃത്തുക്കളും തുടക്കം മുതലേ പല കോപ്രായങ്ങളും കാട്ടിയിരുന്നു.

Alikoya:

അപ്പോള്‍ നിങ്ങള്‍ തുല്യ ദുഖിതര്‍! ആ ദുഃഖത്തില്‍ ഞാനും പങ്ക് ചേരുന്നു. അതോടൊപ്പം ചില കാര്യങ്ങള്‍ ചോദിക്കട്ടെ:

1. അവിശ്വാസികള്‍ ആളുകളെ ഖുര്‍ആനില്‍ നിന്നകറ്റാന്‍ ശ്രമിച്ചത് എന്തിനായിരുന്നു?

2. ഖുര്‍ആന്‍ നടത്തിയ പ്രബോധനം വിജയമായിരുന്നുവെന്നും അത് ആളുകളെ ആകര്‍ഷിച്ചിരുന്നു എന്നുമല്ലേ അതിന്നര്‍ത്ഥം?

3. അത് ആളുകളെ ആകര്‍ഷിച്ചിരുന്നില്ലെങ്കില്‍ പിന്നെ അകറ്റാന്‍ ശ്രമിച്ചതെന്തിനായിരുന്നു?

4. സംവാദത്തില്‍ ഖുര്‍ആന്‍ പരാചയപ്പെടുകയാണ്‌ ചെയ്തിരുന്നതെങ്കില്‍, അത് അങ്ങനെ പരാചയപ്പെടട്ടെ എന്ന് കരുതി വെറുതെ വിട്ടാല്‍ പോരായിരുന്നോ?

5. മറ്റു രീതിയില്‍ ആളുകളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഖുര്‍ആന്‍ ഒന്ന് മനസ്സിലാക്കി നോക്കണമെന്ന് ആളുകള്‍ക്ക് തോന്നുമായിരുന്നില്ലേ? അങ്ങനെ തോന്നിയതായി ചരിത്രത്തിലുണ്ടോ?

6. അങ്ങനെ ആര്‍ക്കെങ്കിലും തോന്നുകയും എന്നിട്ട് ഖുര്‍ആന്‍ കേള്‍ക്കാനോ വായിക്കാനോ ശ്രമിക്കുകയും അങ്ങനെ അയാള്‍ ഇസ്‌ലാമിന്‍റെ കടുത്ത വിരോധിയായി മാറുകയും ചെയ്തതിന്ന് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാമോ?

7. ഇബ്‌നു ഹിഷാം, ഇബ്‌നു ഇസ്‌ഹാഖ്, ഇബ്‌നു അബ്ബാസ്, വാഹിദി എന്നിവര്‍ ഇതിനെക്കുറിച്ച് വല്ലതും എഴുതിയത് താങ്കള്‍ കണ്ടിട്ടുണ്ടോ?
.....
താങ്കള്‍ നേരത്തെ എഴുതിയിരുന്നു: "അങ്ങനെയൊന്നുമല്ല സുഹൃത്തേ ഈ നിഗമനത്തിലെത്തിയത്. ചരിത്രമൊക്കെ നന്നായി മനസ്സിലാക്കിത്തന്നെയാണ്."
............

ജബ്ബാര്‍ എഴുതി: "എന്നിട്ടെന്തേ അവര്‍ സ്വയം വിശ്വസിക്കാതിരുന്ന്ത്? നരകത്തില്‍ പോകുമെന്നുറപ്പുണ്ടായിട്ടും !"
..............

1. നാല്‍പ്പതാമത്തെ വയസ്സില്‍ പ്രവാചകത്വം കിട്ടിയ മുഹമ്മദ് എത്ര വര്‍ഷം കഴിഞ്ഞാണ്‌ യുദ്ധം ചെയ്യാന്‍ തുടങ്ങിയത്?

2. യുദ്ധം തുടങ്ങുന്ന സമയത്ത് പ്രവാചകന്ന് കൃത്യം/ സുമാര്‍ എത്ര അനുയായികളുണ്ടായിരുന്നു?

3. ഇവര്‍ അനുയായികളാകാന്‍ കാരണം എന്തായിരുന്നു? എന്തായിരുന്നു അവരുടെ പ്രചോദനം?

4. മക്കയില്‍ നിന്ന് മദീനയിലേക്ക് പലായനം നടത്തിയ അനുയായികള്‍ കൃത്യം/സുമാര്‍ എത്ര പേരുണ്ടായിരുന്നു?

5. ഈ കാലത്ത് മദീനയില്‍ പ്രവാചകന്ന് കൃത്യം/ സുമാര്‍ എത്ര അനുയായികളുണ്ടായിരുന്നു?

6. യുദ്ധം ചെയ്യാത്ത കാലത്ത്, ആരുടെയും നിര്‍ബന്ധത്തിന്ന് വഴങ്ങിയല്ലാതെ, കുറെ അനുയായികളെ മുഹമ്മദ് നബിക്ക് കിട്ടിയിട്ടുണ്ടെന്ന് താങ്കള്‍ കരുതുന്നുണ്ടോ?

7. അവിശ്വസിക്കാന്‍ പലരും നിര്‍ബന്ധിച്ചിട്ടും, അതിന്നായി അതി ക്രൂരമായി പീഡിപ്പിച്ചിട്ടും പിന്തിരിയാതെ ചിലര്‍ മുഹമ്മദിന്‍റെ കൂടെ തന്നെ ഉറച്ചു നിന്നുവെന്ന് മുസ്‌ലിംകള്‍ പറയുന്നു. ഇത് ശരിയാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ? ശരിയാണെങ്കില്‍ അവരെ പിടിച്ചു നില്‍ക്കാന്‍ പ്രേരിപ്പിച്ചത് എന്തായിരുന്നു?

8. ഇങ്ങനെ പീഡിപ്പിക്കപ്പെട്ട രണ്ട് പേര്‍ രക്തസാക്ഷികളായെന്നും ഇസ്‌ലാം ഉപേക്ഷിക്കുന്നതിനേക്കാള്‍ മരണമാണ്` നല്ലതെന്ന് അവര്‍ തീരുമാനിച്ചുവെന്നും മുസ്‌ലിംകള്‍ പറയുന്നു. ഇത് ശരിയാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ? ശരിയാണെങ്കില്‍ അവരെ പിടിച്ചു നില്‍ക്കാന്‍ പ്രേരിപ്പിച്ചത് എന്തായിരുന്നു? ]]]

ആലിക്കോയയും മെയില്‍ ഇവിടെ അവസാനിക്കുന്നു. ചര്‍ച വീക്ഷിക്കാന്‍ ബന്ധപ്പെട്ട ലിങ്കുകള്‍ സന്ദര്‍ശിക്കുക.

2010, സെപ്റ്റംബർ 11, ശനിയാഴ്‌ച

യുക്തിവാദം യുക്തിവാദികളാല്‍ വിമര്‍ശിക്കപ്പെടുമ്പോള്‍..

ജബ്ബാര്‍ മാഷിന്റെ ബ്ലോഗില്‍ ഒരു വര്‍ഷം മുമ്പ് അദ്ദേഹത്തിന്റെ വാദങ്ങളില്‍, എന്റെ യുക്തിക്കും അറിവിനും യോജിക്കാത്ത പരാമര്‍ശങ്ങള്‍ക്ക് മറുപടി പറഞ്ഞ് കുറച്ച് നാളുകള്‍ ഞാന്‍ ചെലവഴിച്ചിട്ടുണ്ട്. ഒരു കാര്യം സ്വയം ബോധ്യപ്പെടുക എന്നത് ഒരു സ്വകാര്യ സന്തോഷം തന്നെയാണ്. യുക്തിവാദത്തെയും യുക്തിവാദികളെയും നേര്‍ക്ക് നേരെ അറിയുക എന്നത് ഒരു ആവശ്യമാണ്. യുക്തിവാദികളും ഇസ്‌ലാമും എന്ന ജ. ഒ. അബ്ദുറഹ്മാന്റെ പുസ്തകവും അതിന് കാരണമായ ഖുര്‍ആന്‍ ഒരു വിമര്‍ശന പഠനം എന്ന ശ്രീ. ഇടമറുകിന്റെ പുസ്തകവും അനുബന്ധ പുസ്തകങ്ങളും വായിച്ച അറിവേ ഈ കാര്യത്തില്‍ ഉണ്ടായിരുന്നുള്ളൂ. യുക്തിവാദികളുമായി സംവദിക്കാന്‍ ഒരു സൗകര്യമുണ്ട്. കാരണം അവരുടെത് ഇസ്‌ലാമിനെക്കുറിച്ചുള്ള ആക്ഷേപങ്ങളും പരിഹാസവും മാത്രമാണ്. ഇസ്ലാമിനെ കുറിച്ച് ധാരണയും അറിവും ഉള്ളവര്‍ക്ക് അവരോട് മറുപടി പറയാം. യുക്തിവാദത്തെക്കുറിച്ച് പഠിക്കാന്‍ ഒന്നുമില്ല. എല്ലാറ്റിനും മനുഷ്യയുക്തിയും ബുദ്ധിയും മതി എന്ന് പറയുന്ന അവര്‍ക്ക് തങ്ങളുടെ ആ വാദത്തോട് തന്നെ നീതി പുലര്‍ത്താനാവില്ല. കാരണം ഒരു വിശ്വാസിയുടെ ബുദ്ധിയും യുക്തിയും ഒരു മതദര്‍ശനത്തില്‍ സമാധാനം കണ്ടെത്തിയാല്‍ ആ മനുഷ്യയുക്തിയെ അവര്‍ക്ക് അംഗീകരിക്കാനാവുകയില്ല. ആകെയുള്ള ഒരു തത്വം ഇത്രമേല്‍ ദുര്‍ബലവും അപ്രായോഗികവുമായി അവരുതന്നെ സമ്മതിക്കുന്നു എന്നാണ് ഇത് അര്‍ഥമാക്കുന്നത്.

ഞാന്‍ മറുപടി പറഞ്ഞുകൊണ്ടിരുന്ന കാലത്ത് ജബ്ബാര്‍മാഷിന്റ ബ്ലോഗില്‍ സംവാദം നടത്തുന്നതിന്റെ ഫലശൂന്യത ചൂണ്ടിക്കാണിച്ചവരോട് എനിക്ക് അനിഷ്ടം തോന്നിയിരുന്നു. അതിനുകാരണം സ്വയം ബോധ്യമാകാനുള്ള എന്റെ ശ്രമത്തെ ന്യായം പറയാതെ നിരുത്സാഹപ്പെടുത്തിയത് കൊണ്ടാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. മറ്റൊരു കാരണം വാദിക്കുന്ന യുക്തിവാദിയെക്കാളേറെ ഒരു വിശ്വാസി ലക്ഷ്യം വെക്കുന്നത് അത് വായിച്ച് തെറ്റിദ്ധരിക്കാനിടയുള്ള ഒരു വായനക്കാരനെയാണ്. ഇന്നും സംവദിക്കുന്നവരുടെ പ്രധാന ന്യായം അതുതന്നെയായിരിക്കും. അതിലും ഒരു പ്രശ്‌നമുണ്ട്.
വിശാസികളെ പ്രകോപിപിച്ച് സംവാദം ചൂടുള്ളതാക്കുക അങ്ങനെ വായനക്കാരെ ആകര്‍ശിക്കുക എന്ന ഒരു തന്ത്രം അദ്ദേഹത്തിനുള്ളതായി എനിക്ക് ബോധ്യപ്പെട്ടു. അതില്‍ മനപ്പൂര്‍വം വീഴാന്‍ താല്‍പര്യമില്ലാത്തതിനാല്‍ നേരിട്ടുള്ള ചര്‍ച ഒഴിവാക്കുകയും അവര്‍ ചര്‍ചചെയ്യുന്ന വിഷയത്തിന്റെ മര്‍മം കണ്ടെത്തി അതിന് ഇസ്‌ലാമികമായ ന്യായം നല്‍കാനുമാണ് ഞാന്‍ എന്റെ ബ്ലോഗില്‍ ശ്രമിച്ചത്. നേരിട്ട് ബോധ്യപ്പെടാന്‍ ആഗ്രഹിക്കുന്നവരെ ഞാന്‍ നിരുത്സാഹപ്പെടുത്തുന്നില്ല. മറിച്ച് ഞാന്‍ താഴെ കാണിച്ചതിന്ന് വിരുദ്ധമായി വല്ലതും അത്തരക്കാര്‍ക്ക് ശ്രദ്ധയില്‍ പെടുന്ന പക്ഷം അവര്‍ ഇവിടെ കമന്റ് ബോക്‌സില്‍ നല്‍കി സഹകരിക്കണമെന്ന് മാത്രം അഭ്യര്‍ഥിക്കുന്നു.

എന്റെ  യുക്തിവാദികളുമായുള്ള സംവാദ കാലയളവില്‍ മനസ്സിലാക്കിയത്. ഇവിടെ യക്തിവാദികളുടെ ഇസ്‌ലാം വിമര്‍ശനത്തിന് ഒരു പ്രതീകം എന്ന നിലക്കാണ് ജബ്ബാര്‍ മാഷെ പരാമര്‍ശിക്കുന്നത്. കാരണം മറ്റുള്ള യുക്തിവാദികളും കാളിദാസനെപോലുള്ള ക്രിസ്തീയ വിമര്‍ശകരും ജബ്ബാര്‍ മാഷിനെ ഉദ്ധരിക്കുക മാത്രമാണ് ചെയ്യുന്നത്. ചിലര്‍ മറ്റു ചില യുക്തിവാദ സൈറ്റുകളും അവലംബിക്കുന്നുണ്ടാകാം. ജബ്ബാര്‍ മാഷ് തന്നെ ഉന്നയിക്കുന്ന മുഖ്യാരോപണങ്ങള്‍  മുക്കാല്‍ നൂറ്റാണ്ടിലേറെയായി ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വാദങ്ങളുടെ പതിപ്പുകള്‍ മാത്രമാണ്. 

1. ഒരു യുക്തിവാദി ഇസ്‌ലാമിനെക്കുറിച്ച് ചിലതൊക്കെ തെറ്റായി ധരിച്ചിരിക്കുന്നുവെന്നതല്ല പ്രശ്‌നം; മറിച്ച് ഇസ്‌ലാം എന്ന മതം തന്നെ ലോകത്താകമാനം കുഴപ്പങ്ങളുണ്ടാക്കുന്നു, മാന്യരും സംസ്‌കാരസമ്പന്നരുമായ ഖുറൈശികള്‍ക്കിടയില്‍ ജനിച്ച് അപരിഷ്‌കൃതനും ക്രൂരനുമായ നേതാവായി രംഗത്ത് വരികയും അക്രമത്തിലധിഷ്ഠിതമായ ഒരു മതം കെട്ടിപ്പടുക്കുകയും ചെയ്ത വ്യക്തിയായി പ്രവാചകനെ തെറ്റായി മനസ്സിലാക്കുന്നു, അതാണ് ഭൂലോക സത്യം എന്ന നിലയില്‍ സമൂഹത്തില്‍ അതിന്റെ നിഷേധാത്മക പ്രതികരണം ഒട്ടും പരിഗണിക്കാതെ മുപ്പത് വര്‍ഷമായി പ്രബോധനം നടത്തിക്കൊണ്ടരിക്കുന്നു.

2. ഇത്തരം കാര്യങ്ങള്‍ ഇവ്വിധം ചര്‍ചചെയ്യുന്നത് ഒരു ഹോബിയായി കാണുന്നു, അതില്‍ ഒരു തരം നിര്‍വൃതി അനുഭവിക്കുന്നു. തന്നെ ചീത്തപറയുന്നതും വിമര്‍ശിക്കുന്നതും മുതലെടുത്ത് അത് നേരെ പ്രവാചകന് നേരെ തിരിച്ചുവിടുന്നു. അത്തരം കമന്റുകള്‍ നിലനിര്‍ത്തി മുസ്ലികളുടെ അസഹിഷ്ണുതക്കും മറ്റും തെളിവായി അവതരിപ്പിക്കുകയും വായനക്കാരുടെ സഹതാപം പിടിച്ചു പറ്റുകയും ചെയ്യുന്നു. അതുകൊണ്ടാണ് കെ.പി.എസ് പുതിയ പോസ്റ്റില്‍ പോലും ജബ്ബാര്‍ മാഷ് മുസ്ലിംകളെ ഹൃദയത്തോട് ചേര്‍ത്ത് വെച്ച് സ്‌നേഹ്കുന്നു എന്നൊക്കെ മാഷെ പുകഴ്തിയത്.

3. മുസ്‌ലിംകളില്‍ വളരെ ചെറിയ ന്യൂനപക്ഷം ചെയ്യുന്ന തെറ്റുകളും അവിവേകങ്ങളും ഇസ്‌ലാമിന്റെ മുഴുവന്‍ ചുമലില്‍ ചാര്‍ത്തി. യഥാര്‍ഥ ഇസ്‌ലാമെന്നാല്‍ ക്രൂരതയും ഭീകരതയുമാണെന്ന് വരുത്തിതീര്‍ക്കുന്നു. 

ഇതിലെ സാമൂഹ്യവിരുദ്ധവും നിഷേധാത്മകവുമായ വശം ഏതാണെന്ന് ഏത് സാമാന്യബുദ്ധിക്കും മനസ്സിലാകും. കുറ്റം ചെയ്തവരെയും അതിനെ മതത്തിന്റെ ബാനറിന് കീഴില്‍നിന്ന് തന്നെ എതിര്‍ക്കുന്ന ഭൂരിപക്ഷത്തെയും ഒരേ പോലെ കുറ്റപ്പെടുത്തുന്നതിനാല്‍ മുസ്ലിംകള്‍ക്ക് യുക്തിവാദികളുമായി യോജിച്ച് കുറ്റവാളികളെ ഒറ്റപ്പെടുത്താനും അവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷക്ക് പ്രേരിപ്പിക്കാനും സാധിക്കാതെ വരും എന്നതാണ്.  മറ്റൊന്ന് യഥാര്‍ഥ മതം ക്രൂരമാണ് എന്ന തെറ്റായ ധാരണയിലൂടെ മുഴുവന്‍ വിശ്വാസികളെയും സംശയിക്കാനുള്ള മാനസിക നില വളര്‍ത്തപ്പെടുന്നു. ഇത് സമൂഹ്യമായ അകല്‍ചക്കും കുഴപ്പത്തിനും വഴിവെക്കുന്നു. എന്നാല്‍ മനുഷ്യസ്‌നേഹത്തെക്കുറിച്ച വാചാലരാകുന്നവര്‍ക്ക് മനുഷ്യവിരുദ്ധവും സാമൂഹ്യവിരുദ്ധവുമായ ഈ തലം മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നു.

4. സ്വന്തമായി ഒന്നിനും മറുപടിപറയേണ്ടതില്ലാത്തതിനാല്‍ ആക്ഷേപങ്ങളും പരിഹാസവും മാത്രമായി അദ്ദേഹത്തിന് കഴിഞ്ഞുകൂടാനാകുന്നു. 

സ്വന്തമായി ഒരു നിലപാടുതറയില്ലെന്നതാണ് യുക്തിവാദികള്‍ നേരിടുന്ന ഒരു ദുരന്തം. ഈ ദുരന്തമനുഭവിക്കുന്നത് അവര്‍ മാത്രമായിരുന്നെങ്കില്‍ ഈ പട്ടിണിയില്‍ തന്നെ അവരെ നഷിക്കാന്‍ വിട്ടാല്‍ മതിയായിരുന്നു. പക്ഷെ ഈ ഇല്ലായ്മ പരിഹരിക്കുന്നതിനും അവരുടെ ശബ്ദം കേള്‍പ്പിക്കുന്നതിനും അവര്‍ കണ്ട മാര്‍ഗം ഇസ്‌ലാമിക വിമര്‍ശനമാണ്.  ബുദ്ധിയും വിവേകവുമുള്ള മുഴുവന്‍ ജനതയും അംഗീകരിക്കുന്നതുമാണ്, ആ ചോദ്യം തയ്യാറാക്കിയതില്‍ ഒരു അധ്യാപകനെന്ന നിലക്കുള്ള സാമൂഹികവബോധം ജോസഫ് മാഷ് പ്രകടിപ്പിച്ചില്ല എന്നത്. ഇക്കാര്യം അദ്ദേഹത്തിനുതന്നെ ബോധ്യപ്പെട്ടതുമാണ്. എന്നാല്‍ യുക്തിവാദികള്‍ അദ്ദേഹത്തെ തന്റെ തെറ്റിനെ ന്യായീകരിക്കേണ്ടതെങ്ങനെയെന്ന് പഠിപ്പിക്കുകായിരുന്നു ഇതു വരെ. ആ വാദം അദ്ദേഹം സ്വയം ഏറ്റെടുത്തത് കൊണ്ടാണ് അദ്ദേഹത്തിന്റെ വിശദീകരണം മാനേജ്‌മെന്റിന് മതിയാകാതെ പോയത് എന്ന് കരുതുന്നവനാണ് ഇയ്യുള്ളവന്‍.

5. ഈ മതം യുക്തിവാദി പറയുന്നത് പോലെയാണ് എന്ന് വാദത്തിന് സമ്മതിച്ചുകൊടുക്കുക പകരം എന്താണെന്ന് ഒരിക്കലും അവ പറയില്ല. മനുഷ്യന് അവന്റെ യുക്തിയും ബുദ്ധിയും ഉപയോഗിച്ചാല്‍ ധാര്‍മികയും മൂല്യവും കണ്ടെത്താം എന്ന് മാത്രമാണ് അദ്ദേഹത്തിന് ആകെ പറയാനുള്ളത്. പിന്നെ ആദരവ് കൊടുത്ത് ആദരവ് വാങ്ങണമെന്നും സ്‌നേഹം കൊടുത്ത് സ്‌നേഹം വാങ്ങണമെന്നും. (എന്നാല്‍ ഇത് രണ്ടും യുക്തിവാദികളില്‍ പലരും ഇതുവരെ ബ്ലോഗില്‍ പ്രയോഗിച്ച് കണ്ടിട്ടില്ല- നാട്ടുകാര്‍ക്കിടയിലും സുഹൃത്തുക്കള്‍ക്കിടയിലും പിടിച്ചുനില്‍ക്കാന്‍ അത് പ്രയോഗിക്കുന്നുണ്ടാവാം).

6. സംഭവങ്ങളെയും വസ്തുതകളെയും അല്‍പം വളച്ചൊടിച്ചാല്‍ ആക്ഷേപത്തിനുള്ള ഒരു വകയാകുമെങ്കില്‍ അതേ പ്രകാരം ചെയ്യും.  ഉന്നയിച്ച് പ്രശ്‌നത്തിന് മറുപടി വരുന്നു എന്ന് കാണുമ്പോള്‍ മറ്റൊരു ആരോപണം ഉന്നയിക്കും. 

അങ്ങനെയാണ് 'മുഹമ്മദ് നബി രണ്ടാം ക്ലാസുകാരിയെ അടിച്ചു കൊന്നു' എന്ന പോസ്റ്റ് പിറക്കുന്നത്. സംഭവം മാധ്യമം പത്രത്തില്‍ നബി മുഹമ്മദ് എന്ന് അധ്യാപകന്റെ അടിയില്‍ ഒരു രണ്ടാം ക്ലാസുകാരി മരണപ്പെട്ട വാര്‍ത്തയുണ്ട്. ഈ വാര്‍ത്തയിലേക്ക് ഒരു ലിങ്കും കമന്റ് ബോക്‌സില്‍,
'മാധ്യമം റിപ്പോര്‍ട്ടറുടെ കയ്യും കാലും വെട്ടി കണ്ണു കുത്തിപ്പൊട്ടിച്ച് വെയിലത്തിട്ടു കൊല്ലണ്ടേ?'
'ഈ വാര്‍ത്ത വായിച്ച് ഒരു കഥയെഴുതണം എന്നാര്‍ക്കെങ്കിലും തോന്നിയാലത്തെ കഥ ഒന്നോര്‍ത്തു നോക്കൂ !!'
എന്ന രണ്ട് അസംബന്ധവും എഴുതിചേര്‍ത്താല്‍ ചിത്രകാരനടക്കം എല്ലാ യുക്തിവാദികളും അവിടെ മേളിച്ച് ജയജയ പാടും. ഒരു വലിയ വാദപ്രതിവാദം. ഇതിലും അദ്ദേഹത്തിന് ഇസ്‌ലാമിനെയും പ്രവാചകനെയും പരിഹസിക്കാനുള്ള എല്ലാം ലഭിക്കും.

ഇനി നോക്കുക. ജോസഫ് മാഷ് ഏതെങ്കിലും കഥാപാത്രത്തിന് മുഹമ്മദ് എന്ന പേര്‍ നല്‍കിയതാണോ ആ സംഭവത്തിലെ ആകെ തുക. പത്രത്തിലെ ചരമ പേജില്‍നിന്ന് മുഹമ്മദ് എന്ന പേരുള്ളവരുടെ സര്‍വേ തയ്യാറാക്കുന്നതില്‍നിന്ന് ആരെന്ത് മനസ്സിലാക്കിയാലും വേണ്ടതില്ല. ഞാന്‍ മനസ്സിലാക്കുന്നത്. ഇവര്‍ക്ക് ക്രിയാത്മകമായി ഒന്നും സമൂഹത്തിന് സമര്‍പ്പിക്കാനില്ലെന്നും. ഇത്തരം ആക്ഷേപങ്ങള്‍ ഒരു സമയം കളയാനുള്ള/ആസ്വാദനത്തിനുള്ള മാര്‍ഗമായി സ്വീകരിച്ചിരിക്കുന്നുവെന്നുമാണ്. ദൈവവിശ്വാസം നല്‍കുന്ന ശാന്തിയുടെയും സമാധാനത്തിന്റെയും സ്ഥാനത്ത് ഇങ്ങനെ ഒരാസ്വാദനം നാം അവര്‍ക്ക് വകവെച്ചുനല്‍കി അവരെ അവഗണിക്കുന്നതിനെക്കുറിച്ചും വിശ്വാസികള്‍ക്ക് ആലോചിക്കാവുന്നതാണ്.  ജോസഫ് മാഷ് ചെയ്തതിലെ സംസ്‌കാരം യുക്തിവാദികള്‍ക്ക് വ്യക്തമാകാന്‍ യുക്തിവാദിയായ ഇടമറുക് തന്റെ മോനെ പരലോകത്ത് നിന്ന് വിളിച്ച് പറയുന്നതായി സങ്കല്‍പിച്ചാല്‍ മതിയല്ലോ. ഞാനതിന്റെ ചിത്രീകരണം ഇവിടെ നല്‍കാത്തത് ബോധപൂര്‍വമാണ്. അതിനുപോലും യുക്തിവാദികള്‍ ആക്ഷേപിച്ചുകൊണ്ടിരിക്കുന്ന ധാര്‍മിക ബോധം എന്നെ അനുവദിക്കുന്നില്ല. അല്ലെങ്കില്‍ ജോസഫിനെയും സനലിനെയും കഥാപാത്രമാക്കി ആ സംഭാഷണം ഇവിടെ നല്‍കുമായിരുന്നു. മാത്രമല്ല അതുകേട്ട് സഹിക്കാനുള്ള സഹിഷ്ണുത ഇക്കാലത്തിനിടക്ക് യുക്തിവാദികള്‍ തെളിയിച്ചിട്ടുമില്ല.

7. ആക്ഷേപാര്‍ഹമായി അദ്ദേഹം കാണുന്ന ഒരു വിഷയം മാത്രമെടുത്ത് ഒരിക്കലും സംവാദത്തിന് സന്നദ്ധമാകില്ല. ഒരു പോസ്റ്റില്‍ പരമാവധി വിഷയം എടുത്ത് ചേര്‍ക്കും. മുഖ്യമായി നല്‍കപ്പെട്ട വിഷയമുണ്ടെങ്കില്‍ എല്ലാ പോസ്റ്റിലും കമന്റിലും അദ്ദേഹം മുപ്പത് വര്‍ഷമായി ആരോപിച്ചുകൊണ്ടിരിക്കുന്ന മുഴുവന്‍ ആരോപണങ്ങളും കടന്ന് വരും. പുതിയ പല ആക്ഷേപങ്ങളും ഉന്നയിക്കുന്നതില്‍ മറ്റൊരു  യുക്തിയും കൂടിയുണ്ട്. തന്റെ പഴയ പോസ്റ്റുകളിലേക്ക് ഒരു ലിങ്ക് അതിനൊരു കാരണം. അതിനൊക്കെ അവസരം നല്‍കണോ. അതല്ല ഇസ്‌ലാമിനെ മനസ്സിലാക്കാനാഗ്രഹിക്കുന്നവര്‍ക്ക് ആക്ഷേപ പ്രത്യാരോപണങ്ങളിലൂടെയല്ലാതെ അതിനെ വായിക്കാനാവില്ലേ. സത്യാന്വേഷികള്‍ ജബ്ബാര്‍ മാഷിന്റെയും സമാന മനസ്‌കരുടെയും ബ്ലോഗില്‍നിന്ന് ലഭിച്ച സംശയങ്ങള്‍ക്ക് തങ്ങളുടെ ബ്ലോഗിലൂടെ സംശയനിവൃത്തി വരുത്തിയാല്‍ പോരെ.

 ഇപ്രകാരം ചിന്തക്ക് പ്രേരകമായത് ഇയ്യിടെ പ്രവാചകനെക്കുറിച്ചുള്ള വിദ്വേഷം അതിന്റെ പരമകാഷ്ഠ പ്രാപിച്ചതിനാല്‍ ഒരുത്തന്‍ പ്രവാചകനെ സചിത്രസഹിതം അവഹേളിക്കാനുള്ള ശ്രമം നടത്തി എന്നാല്‍ പ്രത്യക്ഷത്തില്‍ തന്നെ അതില്‍നിന്ന് വിട്ടുനില്‍ക്കേണ്ടിയിരുന്ന ചില വിശ്വാസികള്‍ അവിടെയും സംവാദത്തിനൊരുങ്ങി. മറ്റൊന്ന് ഇയ്യിടെയായി ചില യുക്തിവാദികള്‍ അല്‍പം യുക്തിയോടെ തന്നെ ഇക്കാര്യങ്ങളെ സമീപിക്കാന്‍ തുടങ്ങി അവര്‍ക്ക് പോലും മനസ്സിലായ കാര്യങ്ങള്‍ മുസ്‌ലിം പക്ഷത്ത് നിന്ന് സംവദിക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കാതെ പോകുന്നതിലെ പ്രയാസവും. 

യുക്തിവാദികളില്‍ ചിലര്‍തന്നെ ജബ്ബാര്‍ മാഷിന്റെ ബ്ലോഗില്‍നിന്ന് പ്രചോദമുള്‍കൊണ് തങ്ങള്‍ ഇസ്‌ലാമിനെക്കുറിച്ച് എന്തൊക്കെയോ മനസ്സിലാക്കിയിരിക്കുന്നു എന്ന് കാണിക്കാന്‍ പോസ്റ്റുകളിടുന്നുണ്ട്. അവര്‍ കുറെയൊക്കെ മാന്യമായി സംവദിക്കാന്‍ താല്‍പര്യപ്പെടുന്നവരും സത്യത്തോട് പൂര്‍ണമായി മുഖംതിരിഞ്ഞ് നില്‍ക്കാത്തവരുമാണ്. എന്നാല്‍ ചിലര്‍ ഞാന്‍ നേരത്തെ സൂചിപ്പിച്ച പോലെയുള്ളവരും ഈ പ്രശ്‌നത്തിലും ഖുര്‍ആനികമായി പരിഹാരം വിശ്വാസികള്‍ക്ക് സാധ്യമാണ് എന്ന് പറഞ്ഞ് ഞാന്‍ അവസാനിപ്പിക്കുന്നു. അത് തിരിച്ച് അവരെ ആക്ഷേപിക്കലോ അവിടെ മറുപടി പറയാന്‍ സമയം ചെലവഴിക്കലോ അല്ല. പ്രവാചകന്റെ കാലത്ത് ബ്ലോഗില്ലെങ്കിലും വിശുദ്ധഖുര്‍ആനെ തെറ്റിദ്ധരിപ്പിക്കാനും പ്രവാചകനെ ഭത്സിക്കാനും സംവാദം സദസുകള്‍ സംഘടിപ്പിക്കപ്പെടുമായിരുന്നു. അവരുടെ സംവാദം അത് മാത്രമാകുമ്പോള്‍ അവിടെ ഇരിക്കരുതെന്നും അവര്‍ മറ്റുവിഷത്തിലേര്‍പ്പെടുന്നത് വരെ അതിലേക്ക് തിരിച്ചു പോകരുതെന്നും വിശ്വാസികളെ ഉണര്‍ത്തി. തിരിച്ച് പോയാല്‍ നിങ്ങളും അവരെ പോലെ ആകും. ശരിയല്ലേ പ്രവാചകനെ കൂടുതല്‍ അവമതിക്കാന്‍ കൂട്ടുനില്‍ക്കുന്നതിലൂടെ തത്വത്തില്‍ രണ്ടുകൂട്ടരും ചെയ്യുന്നത് ഒരേ പ്രവര്‍ത്തനമാകുകയാണ്. അവരെ നോക്കേണ്ട ചുമതല നാം ഏറ്റെടുക്കേണ്ടതില്ല. അവരര്‍ഹിക്കുന്നത് അവര്‍ക്ക് ലഭിക്കും. ഏത് കാര്യത്തിലും വിശ്വാസികളെ വഴികാണിക്കുന്ന ഖുര്‍ആന്‍ ഈ പ്രശ്‌നത്തിലും വിധി പറയട്ടേ. കേള്‍ക്കുക:

പ്രവാചകാ, ജനങ്ങള്‍ നമ്മുടെ സൂക്തങ്ങളെ വിമര്‍ശിച്ചു സംസാരിക്കുന്നതു കണ്ടാല്‍, അവര്‍ ആ സംസാരമുപേക്ഷിച്ചു മറ്റു വര്‍ത്തമാനങ്ങളിലേര്‍പ്പെടുന്നതുവരെ നീ അവരില്‍നിന്ന് അകന്നുപോവുക. വല്ലപ്പോഴും ചെകുത്താന്‍ നിന്നെ വിസ്മൃതിയില്‍ പെടുത്തിയെന്നാല്‍, എപ്പോള്‍ ആ അബദ്ധം ബോധ്യമാകുന്നുവോ, അതുമുതല്‍ ഇത്തരം ധിക്കാരികളോടൊപ്പം ഇരിക്കാന്‍ പാടുള്ളതല്ല. അവരുടെ കണക്കിലുള്ള ഒരു സംഗതിയുടെയും ഉത്തരവാദിത്വം ഭക്തജനങ്ങള്‍ക്കില്ല. പക്ഷേ, ഉദ്ബോധിപ്പിക്കേണ്ട കടമയുണ്ടെന്നുമാത്രം- അവര്‍ ദുര്‍മാര്‍ഗത്തില്‍നിന്നു മോചിതരായെങ്കിലോ. സ്വന്തം മതത്തെ വിനോദവും ഹാസ്യവുമായെടുക്കുകയും ഭൌതികജീവിതത്തിന്റെ മോഹവലയത്തില്‍ കുടുങ്ങുകയും ചെയ്തവരെ വിട്ടുകളയുക. എങ്കിലും ഈ ഖുര്‍ആന്‍ കേള്‍പ്പിച്ചുകൊണ്ട് ഉപദേശിക്കുകയും ഉദ്ബുദ്ധരാക്കുകയും ചെയ്തുകൊണ്ടിരിക്കണം; ആരും സ്വന്തം ദുരാചാരങ്ങളുടെ ദുഷ്പരിണതിയാല്‍ പിടികൂടപ്പെടാതിരിക്കാന്‍ . (6:68-70)

ഇത് പറഞ്ഞിട്ടും ബോധ്യപ്പെടാത്തവരോട് ഖുര്‍ആന്‍ വീണ്ടും പറയുന്നു.
'ദൈവികസൂക്തങ്ങള്‍ നിഷേധിക്കപ്പെടുന്നതും പരിഹസിക്കപ്പെടുന്നതും കേട്ടാല്‍ അവര്‍ മറ്റു വര്‍ത്തമാനങ്ങളിലേര്‍പ്പെടുന്നതുവരെ നിങ്ങള്‍ അവരോടൊപ്പം ഇരിക്കരുതെന്ന് അല്ലാഹു ഈ വേദത്തിലൂടെ നേരത്തെ നിങ്ങളോട് വിധിച്ചിട്ടുള്ളതാണല്ലോ. അവ്വിധം ചെയ്യുകയാണെങ്കില്‍ നിങ്ങളും അവരുടെ മാതിരിയാകുന്നു. അല്ലാഹു കപടവിശ്വാസികളെയും സത്യനിഷേധികളെയും നരകത്തില്‍ സമ്മേളിപ്പിക്കുന്നവനാണെന്ന് ഉറപ്പിച്ചുകൊള്ളുക.' (4:140)
ദൈവിക വചനത്തെത്തന്നെ പരിഹസിക്കുന്നവര്‍ക്ക് ഇതിലും എന്തെല്ലാം അനര്‍ഥങ്ങള്‍ കണ്ടെത്താം!!. ഇസ്‌ലാം വിമര്‍ശനത്തെ വെറുക്കുന്നു, സംവാദത്തിന് ധൈര്യമില്ല എന്നൊക്കെ ഈ പോസ്റ്റ് വെച്ചു ആക്ഷേപിക്കാം. കമന്റ് ബോക്‌സ് എല്ലാവര്‍ക്കുമായി തുറന്നിട്ടുകൊണ്ട് നിങ്ങളുടെ പ്രതികരണം പ്രതീക്ഷിക്കുന്നു.

2010, സെപ്റ്റംബർ 3, വെള്ളിയാഴ്‌ച

ഈ ജീവിതം പരമാവധി ആസ്വദിക്കുക,

 ബ്ലോഗര്‍ യരലവ എനിക്ക് നല്‍കിയ ഉപദേശവും അതിനുള്ള മറുപടിയാണ് താഴെ. ഉപദേശത്തിന് ശരിയായ മറുപടി പ്രവൃത്തിപദത്തില്‍ അത് കൊണ്ടുവരിക എന്നതാണ്. പക്ഷെ ഇവിടെ ആ ഉപദേശം എനിക്ക് സ്വീകാര്യയോഗ്യമായി തോന്നാത്തതിനാല്‍ വാക്കുകളിലൂടെ മറുപടി ആവശ്യമായി വന്നു. ഇസ്‌ലാമിന്റെ ജീവിത വീക്ഷണം വ്യത്യസ്ഥമായ ഒരു കോണില്‍നിന്ന് നോക്കിക്കാണുന്ന ഈ കമന്റ് എന്റെ ബ്ലോഗിലെ വായനക്കാരുമായി പങ്കുവെക്കുന്നത് നന്നായിരിക്കുമെന്ന് തോന്നി.

ഉപദേശം: 'തനിക്കും, താന്‍ ജീവിക്കുന്ന സമൂഹത്തിനും, തന്റെ ജന്മം ഒരു ബാധ്യതയായിത്തീര്‍ക്കുന്ന ഒരു സുന്ദരമായ പ്രഹസന കലയാണ് ഇസ്ലാമിക ദൈവ വിശ്വാസം. അമ്പത് വയസ്സ് കഴിഞ്ഞ് മക്കയും സ്വപ്നം കണ്ട് കഴിയുന്ന മുസ്ലിങ്ങള്‍ക്കിടയില്‍ ഒരു സര്‍വേ ചെയ്ത് നോക്കിയാല്‍ അറിയാം, പരലോക ശാശ്വതവിജയം സ്വപ്നം കണ്ട് ആരാധനയും ഭജനയുമായി മാത്രം കഴിഞ്ഞ് ജീവിതം പാഴാക്കുന്നതിന്റെ ക്രൂരമായ നിസ്സാഹായത. ഇസ്ലാമിന്റെ ഭൂമിക ഈ ഭൂമിയിലൊന്നുമല്ല. മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം ഈ ലോകം ഒരു വഴിയമ്പലം മാത്രമാണ്.

മനുഷ്യജന്മം ഒരത്ഭുതമാണ്. അത് ആസ്വദിക്കണമെങ്കില്‍ മനുഷ്യനായി ജീവിക്കാനുള്ള ഭാഗ്യമുണ്ടാവണം. അടിമത്വം ഭാരമാണ്. നുകങ്ങള്‍ ഇറക്കിവെച്ചു ഒന്നു തനിയെ നടക്കാന്‍ ശ്രമിക്കൂ.'

 എന്റെ പ്രതികരണം:

പ്രിയ യരലവ,

മതത്തെ താങ്കള്‍ മനസ്സിലാക്കിയ പോലെയല്ല എല്ലാവരും മനസ്സിലാക്കുന്നത് എന്നെങ്കിലും ആദ്യമായി അംഗീകരിക്കൂ. നിങ്ങള്‍ മനസ്സിലാക്കിയ പോലെത്തന്നെയാണ് മതം എന്ന് വിശ്വസിക്കാനുള്ള അവകാശത്തെ ഞാന്‍ നിഷേധിക്കുന്നില്ല. എന്നാല്‍ അതല്ല എന്ന് പറയാനുള്ള എന്റെ അവകാശം ഞാനിവിടെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.

മൊത്തം മതത്തെ എനിക്ക് പ്രതിനിധീകരിക്കാനാവില്ല. ഞാന്‍ പ്രതിനിധാനം ചെയ്യുന്ന മതത്തിന്റെ അന്തസത്തയായി ഞാന്‍ മനസ്സിലാക്കിയത്, ഒരു വിശ്വാസി തന്റെ ജീവിതത്തില്‍ ഊര്‍ജ്വസ്വലനായിരിക്കണം എന്നാണ്. അവന്‍ ലോകത്തിന് അനുഗ്രഹമാകണം. വിശ്വാസം അവന് വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സമൂഹജീവിതത്തിലും രാഷ്ടീയജീവിതത്തിലും സമാധാനവും ശാന്തിയും നേടികൊടുക്കണം. അതി സൂചിപ്പിക്കുന്നതിന് കൂടിയാണ് ഇസ്‌ലാം (സമാധാനം) എന്ന് പേര്‍ വെക്കപ്പെട്ടിരിക്കുന്നത്.

(O.T. ഇത് പറയുമ്പോള്‍ യുക്തിവാദികള്‍ എല്ലാവരും കൂടി ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും പാകിസ്ഥാനിലെയും ബോംബ് സ്‌ഫോടനവും മറ്റും പറയും എന്നറിയാം.)

മനുഷ്യാരംഭം മുതല്‍ പ്രവാചകന്‍മാരിലൂടെ നല്‍കപ്പെട്ട ദര്‍ശനമാണ് ഇസ്‌ലാം. ഇസ്‌ലാം ആരംഭിക്കുന്നതും അവസാനിക്കുന്നതും പാകിസ്ഥാനില്ലെന്ന് ചുരുക്കം.

ഇസ്‌ലാമിന്റെ കാഴ്ചപ്പാടില്‍ മനുഷ്യന്‍ ഒരു അനുഗൃഹീത/ആദരണീയ സൃഷ്ടിയാണ്. അവന്റെ ലക്ഷ്യം അവന് നല്‍കപ്പെട്ട ഭൗതിക സൗകര്യങ്ങളും നിയമനിര്‍ദ്ദേശങ്ങളും അനുസരിച്ച് ഈ ലോകത്ത് സമാധാനപൂര്‍ണമായ ജീവിതം നയിച്ച് ഭൂമിയിലെ അവന് ആസ്വദിക്കാവുന്ന സൗകര്യങ്ങള്‍ പൂര്‍ണമായി തന്നെ ആസ്വദിച്ച് ജീവിക്കുക എന്നതാണ്.

ഒരു യഥാര്‍ഥ വിശ്വാസി ദൈവം മനുഷ്യന് നല്‍കിയ സൗകര്യങ്ങള്‍ നന്നായി അനുഭവിക്കുന്നവനാണ്. അതിനുതകുന്ന കല്‍പനകളും നിരോധനങ്ങളുമാണ് ദൈവം മനുഷ്യന് നല്‍കിയിട്ടുള്ളത്. മറിച്ചുള്ള ഒരു ഉദാഹരണം കാണാന്‍ കഴിയില്ല. അതോടൊപ്പം അപ്രകാരം ജീവിക്കുന്ന മനുഷ്യന് പരലോകത്ത് സ്വര്‍ഗം നല്‍കണമെന്നും അവന്‍ കരുതുന്നു. എത്ര ഉദാത്തമായ സങ്കല്‍പം.

പക്ഷെ ഒരു യുക്തിവാദി വഴിതെറ്റുന്നത് ഇവിടെയാണ്. അവന്‍ ചോദിക്കുന്നത് എല്ലാമനുഷ്യരെയും തെറ്റ് ചെയ്യാന്‍ കഴിയാത്തവരായി അതേ സമയം ഭൂമിയില്‍ പരമാവധി ആസ്വദിക്കാന്‍ സൗകര്യം ചെയ്യുന്ന വിധം പടക്കുകയും പരലോകത്ത് എല്ലാവര്‍ക്കും സ്വര്‍ഗം നല്‍കുകയും ചെയ്താല്‍ പോരായിരുന്നോ എന്നാണ്?.

ദൈവം നല്‍കിയ വിശേഷബുദ്ധി ഉപയോഗിച്ച് അല്‍പം ബുദ്ധിമുട്ടുന്നവന് മാത്രമേ ഈ സൗകര്യങ്ങള്‍ നല്‍കേണ്ടതുള്ളൂ എന്ന ദൈവം തീരുമാനിച്ചെങ്കില്‍ അതില്‍ എനിക്ക് അത്ഭുതം തോന്നുന്നില്ല. മറിച്ച് ചിന്തിക്കുന്നവര്‍ക്ക് ദൈവിക കോടതിയില്‍ ന്യായം പറഞ്ഞ് നോക്കുകയാമാകാം. പക്ഷേ ദൈവമേ തെളിവ് പോരായിരുന്നു (God! Not enough evidence!!) എന്ന് മാത്രം പറയരുത്.

ദൈവം ചില നിയന്ത്രണങ്ങള്‍ മനുഷ്യന് നല്‍കിയിട്ടുണ്ട്. ഉദാഹരണം വ്യഭിചരിക്കരുത്. ഇതിന്റെ പ്രയോജനം ലഭിക്കുന്നത് മനുഷ്യനല്ലേ. കുത്തഴിഞ്ഞ ലൈംഗികതക്ക് വേണ്ടിവാദിക്കുന്നവരും സ്വന്തം ഭാര്യവ്യഭിചരിക്കുന്നത് ഇഷ്ടപ്പെടില്ല. സ്വന്തം പുത്രിയെ വ്യഭിചാരത്തിന് നല്‍കില്ല. അപ്പോള്‍ വെളിപ്പെടുന്ന കാപട്യം മറച്ചുപിടിക്കാന്‍ ആര്‍ക്ക് കഴിയും. മാത്രമല്ല കുത്തഴിഞ്ഞ ലൈംഗികത നടമാടുന്ന രാജ്യങ്ങളില്‍ സമാധാനപൂര്‍ണമായ ദാമ്പത്യവും കുടുംബബന്ധങ്ങളും സാധ്യമാണോ. മറ്റു വിധിവിലക്കുകളേയും പരിശോധിക്കാം.

ആരാധനകളടക്കമുള്ള ഇസ്‌ലാമിന്റെ കല്‍പനകളും മനുഷ്യനന്മ ഉദ്ദേശിച്ചാണ്. മനുഷ്യബന്ധങ്ങളെ പരിഗണിക്കാത്ത ആരാധന ദൈവത്തിന് ആവശ്യമില്ല. ഒരാളെ ചീത്തപറഞ്ഞാല്‍ എന്റെ നോമ്പിന്റെ പ്രതിഫലം നഷ്ടപ്പെട്ടു. ദൈവാരാധനയില്‍ മനുഷ്യബന്ധത്തെ ഇത്രമാത്രം പരിഗണിച്ച ഒരു മതം വേറെയുണ്ടോ.

ശരിയാണ് ഇഹലോകം വിശ്വാസിയുടെ ജയിലാണ്. എന്ന് വെച്ചാല്‍ സ്വാതന്ത്ര്യന് ചില പരിധികള്‍ നിശ്ചയിച്ചിട്ടുണ്ട്. അത് അന്യരുടെ അവകാശം ഹനിക്കാതിരിക്കുന്നതിന് വേണ്ടിയാണ്. വ്യഭിചാരത്തെ നിരോധിച്ചപ്പോള്‍ വിവാഹത്തെ പുണ്യകരമായി കണ്ടു. നല്ല ഭക്ഷണം അനുവദിച്ചു, ചീത്ത ഭക്ഷണം വിലക്കി.

താങ്കള്‍ താങ്കളുടെ പുത്രനെ സ്‌നേഹിക്കുന്നുവെങ്കില്‍ ചില നിയന്ത്രണങ്ങള്‍ അവന് ഏര്‍പ്പെടുത്തും. ആ അടിമത്വമേ ദൈവവും ആവശ്യപ്പെടുന്നുള്ളൂ. എന്നെ സൃഷ്ടിച്ച എന്റെ ആവശ്യങ്ങളെല്ലാം മാന്യമായി അംഗീകരിച്ച ദൈവത്തിന്റെ നിയമങ്ങള്‍ പാലിക്കുന്നതിന് പറയുന്ന പേരാണ് ഇസ്‌ലാമിലെ അടിമത്തം. (ഇബാദത്ത് എന്ന് അറബിയിലും പറയും). സുഹൃത്തേ ഈ അടിമത്തം ഒരു ഭാരമല്ല. ഒരാശ്വാസമാണ്. ഒരാവശ്യമാണ്. ഒരു അനിര്‍വചനീയമായ ആസ്വാദനമാണ്.

ഇവയെല്ലാം ഉപേക്ഷിക്കുന്നതിലൂടെ മറിച്ച് നിങ്ങള്‍ക്കോ?... ദൈവനിഷേധത്തിലൂടെ നിങ്ങള്‍ നേടുന്ന അമിത ആസ്വാദനമെന്ത്?... അമിത ലാഭമെന്ത്?... നിങ്ങള്‍ ഈ സമൂഹത്തിന് സംഭാവന ചെയ്യുന്നതെന്ത്?.. . മനുഷ്യകുലത്തിന് നിങ്ങളെക്കൊണ്ടുള്ള നേട്ടമെന്ത്?.... നിങ്ങളെപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.

അങ്ങനെ ചിന്തിച്ചാല്‍ നിങ്ങള്‍ക്കും ഒരു ചാപ്പവീഴും ഇപ്പോള്‍ കെ.പി.എസിന് വീണ അതേ ചാപ്പ. എന്നാല്‍ അത് താല്‍കാലികവുമായിരിക്കും. പക്ഷെ സത്യത്തിന് വേണ്ടി നിലനില്‍ക്കാനുള്ള യോഗ്യത പരീക്ഷിക്കപ്പെടുക തന്നെ ചെയ്യും.  ഈ തിരിച്ചറിവ് ആര്‍ക്കും സാധ്യമാണ്.

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review