ഭീകരത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഭീകരത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2016 ജൂലൈ 17, ഞായറാഴ്‌ച

ഐ.എസ്.ഐ.എസ് നു പിന്നിൽ ആര് ?


കേരളത്തിലെ ചില വ്യക്തികളുടെയും കുടുംബങ്ങളുടെയും തിരോധാനവുമായി ബന്ധപ്പെട്ട് ഉണ്ടായ കോലാഹലങ്ങളുടെ പശ്ചാതലത്തിൽ ഐ.എസ്.ഐ.സ് വീണ്ടും മലയാളികളുടെ സജീവശ്രദ്ധയിൽ വന്നിരിക്കുകയാണ്. ഇവിടെ നിന്ന് അപ്രത്യക്ഷമായവർ പോയിട്ടുണ്ടാവുക എവിടേക്കായിരിക്കും എന്ന് മുസ്ലികളിലുണ്ടായ (കൃത്യമായി പറഞ്ഞാൽ മുജാഹിദുകളിലുണ്ടായ) വിഭജനത്തെസംബന്ധിച്ച് ധാരണയുള്ളവർക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അത് ഒന്ന് ശ്രീലങ്കയും അവിടുന്നും പോയാൽ യമനുമായിരിക്കും എന്ന് നേരത്തെ മനസ്സിലാക്കിയിരുന്നു അവർ. അവർ ഐ.സിൽ ചേരാനുള്ള സാധ്യതയില്ല എന്നും ചിന്തിച്ചിരുന്നു. എന്നാൽ കൃത്യമായ തെളിവില്ലാതെ ഇതൊന്നും ഉറപ്പിച്ച് പറയാനാവില്ല. പിന്നീട് നടന്ന ഗവൺമെന്റ് തല അന്വേഷണത്തിലും ഇക്കാര്യം തന്നെയാണ് വെളിപ്പെട്ടത്. എങ്കിലും ഐ.എസ് എന്ന ഭീകരഗ്രൂപ്പ് ഒരു യാഥാർഥ്യം തന്നെയാണ്. അതിന്റെ പ്രചോദനവും ലക്ഷ്യവും എന്ത് എന്ന കാര്യത്തിൽ കടുത്ത അഭിപ്രായം ലോകത്തിനുണ്ട്. ഇസ്ലാമുമായി അതിന് ഒരു ബന്ധവുമില്ലെന്ന് മുസ്ലിം സമൂഹം പറയുമ്പോൾ.. അതിനെ മുസ്ലികളായി തന്നെ കാണാനും ഖുർആനാണ് അവരുടെ പ്രചോദനം എന്ന് സ്ഥാപിക്കാനുമാണ് ഇസ്ലാമിക വിമർശകർ സമയം കണ്ടെത്തുന്നത്. നിങ്ങൾക്ക് അനിഷ്ടകരമാകുന്ന പ്രവർത്തനങ്ങൾ മുസ്ലിംകൾ ചെയ്താൽ അതിന് പിന്നിൽ പാശ്ചാത്യസാമ്രാജ്യത്വ ശക്തികളാണെന്നും ഇസ്രായീലാണെന്നും നിങ്ങൾ ആരോപിക്കും എന്നും അവർ പറഞ്ഞുവെക്കുന്നു. തെളിവായി ഐ.എസിനോടുള്ള സമീപനത്തെയും അവർ ഉദാഹരിക്കുന്നു. 

ബഗ്ദാദിയുടെ ഖിലാഫത്ത് എന്തുകൊണ്ട് ഇസ്ലാമികമല്ല എന്ന് ബഗ്ദാദി പ്രത്യക്ഷപ്പെട്ട കാലത്ത് തന്നെ (2014 ആഗസ്തിൽ എഴുതിയ പോസ്റ്റഇലൂടെ) ഈ ബ്ലോഗിൽ വിശദമായി ചർച ചെയ്തിട്ടുണ്ട്. അന്ന് അതെഴുതാനുള്ള കാരണം. അബൂബക്കർ ബഗ്ദാദി ഖിലാഫത്ത് വാദവുമായി രംഗത്ത് വന്നപ്പോൾ സോഷ്യൽ മീഡിയയിലൂടെ ചില മുസ്ലിം സുഹൃത്തുക്കൾ അതിനെ പിന്തുണച്ചുകൊണ്ട് സംസാരിച്ച സന്ദർഭത്തിൽ എഴുതേണ്ടിവന്നതാണ്. ഇന്ന് അത്തരം പിന്തുണ ആരും പരസ്യമായി നൽകുന്നില്ല. എഴുതുന്നവർ തന്നെ ഫൈയ്ക് ഐഡിയിൽ മറഞ്ഞിരുന്നാണ് അൽപമെങ്കിലും അത് ചെയ്യുന്നത്. വൈകാരികമായി മാത്രം കാര്യങ്ങളെ സമീപിച്ച അവർ ഖലീഫയെ എതിർക്കുന്നവർക്ക് ഒരു പേരും നൽകി കുലാവികൾ..  അന്ന് ഞങ്ങൾ കുറച്ചുപേർ ആ സംവാദത്തിൽ ഒറ്റപ്പെട്ടെങ്കിലും ഇന്ന് എല്ലാ മുസ്ലിം സംഘടനകളും ഒരുമിച്ച് ഐ.എസ് നെതിരിൽ രംഗത്തുണ്ട്. ഇന്നലെ പുറത്ത് വെച്ച് ഒന്നു രണ്ടു പേർ ഇക്കാര്യത്തെക്കുറിച്ച് വീണ്ടും അന്വേഷിച്ചു. ഈ പശ്ചാതലത്തിൽ സുഹൃത്ത് വി അമീൻ ചൂനൂർ എഴുതിയ  (മലയാളം ന്യൂസ് പത്രത്തിൽ) ലേഖനം ഈ ബ്ലോഗിന്റെ വായനക്കാർക്കായി ഇവിടെ ചേർക്കുകയാണ്. 

ഐ.എസിനെ സംബന്ധിച്ച് അന്തിമമായ ഒരു വിധിതീർപ്പ് എന്ന നിലക്കല്ല ഈ പോസ്റ്റ് ഇവിടെ നൽകിയത്.. ഒരു പക്ഷെ വർഷങ്ങളോളം അത് മറഞ്ഞുതന്നെ കിടക്കും. എന്നാൽ ചരിത്രഘട്ടങ്ങളിൽ എപ്പോഴെങ്കിലും അതിനെ ഉൽപാദിച്ചവർ തന്നെ അക്കാര്യം തുറന്നു പറയും അന്നൊരു പക്ഷെ ആ സംഘം ഇല്ലാതായിപ്പോയിട്ടുണ്ടാകും. അതിന്റെ സൃഷ്ടിച്ചവർ അന്നേക്ക് അതിന്റെ ലക്ഷ്യം നേടുകയും ചെയ്തിട്ടുണ്ടാവും. 

********************************************************************************************

## ഐ.എസ് ഇസ്രായില്‍ സൃഷ്ടി തന്നെ ##

-------വി. അമീന്‍ ചൂനൂര്‍-----

ഐ.എസ് അല്ലെങ്കില്‍ ഇസ്ലാമിക് സ്‌റ്റേറ്റ്, കൂണുപോലെ പെട്ടെന്ന് ഒരു ഇടിമുഴക്കത്തിലുണ്ടായതല്ല. രാഷ്ട്രം പോലുമല്ലാത്ത ഒരു വിഭാഗത്തിന് തന്ത്രവും ബുദ്ധികേന്ദ്രവും വിഭവ ആസൂത്രണവും ഇല്ലാതെ വെറുതെ രംഗപ്രവേശം ചെയ്ത് അധികാരം പിടിച്ചടക്കാന്‍ കഴിയുമെന്ന് കരുതുന്നതും വിവിധ രാജ്യങ്ങളില്‍ അവിടെയുള്ള സൈന്യത്തെ തോല്‍പിച്ച് മുന്നേറ്റം സൃഷ്ടിക്കുവാന്‍ സാധ്യമാകുമെന്ന് ചിന്തിക്കുന്നതും വങ്കത്തമാണ്. 

ഭാവിയെ കുറിച്ച് ഗവേഷണവും തിരക്കഥയും പരിശീലനവും വന്‍ ശക്തി രാഷ്ട്രങ്ങളില്‍ ആരുടെയോ പിന്തുണയും ഉള്ള വിഭാഗം തന്നെയായിരിക്കണം ഐ.എസ്. അങ്ങനെ നോക്കുമ്പോള്‍ ഐ.എസ് അതിന്റെ പേരില്‍ സൂചിപ്പിച്ച ഇസ്ലാമിനോട് ഒരു ബന്ധവുമില്ലാതിരിക്കുന്നതിനും അതിന്റെ രണ്ടക്ഷരത്തില്‍ തന്നെ തുടങ്ങുന്ന ഇസ്രായിലിനോട് ബന്ധപ്പെട്ട് നില്‍ക്കുന്നതിനും ചില ന്യായങ്ങള്‍ ഉണ്ട്. 

1. ഐ.എസിന്റെ പ്രവര്‍ത്തന മേഖലകള്‍ പരിശോധിച്ചാല്‍ വ്യക്തമാവുന്ന വളരെ പ്രധാനപ്പെട്ട ഒരു പോയന്റ് ഉണ്ട്. 'ഗ്രേറ്റര്‍ ഇസ്രായില്‍' എന്ന് അവര്‍ തന്നെ വിളിക്കുന്ന വന്‍ പദ്ധതിയുടെ മേഖലകളിലൂടെ തന്നെയാണ് ഇന്ന് ഐ.എസ് നടന്നു നീങ്ങിക്കൊണ്ടിരിക്കുന്നത് എന്ന വലിയ യാഥാര്‍ത്ഥ്യമാണത്. ഇറാഖും സിറിയയും ലിബിയയുമെല്ലാം അതില്‍ വരും. 

സിയോണിസത്തിന്റെ സ്ഥാപകന്‍ തിയോഡര്‍ പറയുന്നത് പ്രകാരം 'ഗ്രേറ്റര്‍ ഇസ്രായില്‍' നൈല്‍ നദി മുതല്‍ യൂഫ്രട്ടീസ് വരെ നീണ്ടുകിടക്കുന്ന ഒന്നാണ്. ഇറാഖിനെ അതിനു വേണ്ടി ആദ്യം ഉഴുതു മറിച്ച് ദുര്‍ബലമാക്കുന്ന നിലപാട് അമേരിക്കയിലൂടെ അവര്‍ നടപ്പിലാക്കി. ഇപ്പോള്‍ സിറിയയിലും ഐ.എസിലൂടെ അതിനു വേണ്ടിയുള്ള ശ്രമം നടക്കുന്നു. ഈജിപ്തിലും അവര്‍ക്ക് വേണ്ട മാറ്റങ്ങള്‍ നേടിയെടുക്കാന്‍ കഴിയും വിധം അധികാര മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കി.

മേഖലയില്‍ ആധിപത്യം ഉറപ്പിക്കുന്നതിനു വേണ്ടി തന്ത്രപരമായി ഇസ്രായില്‍ രൂപീകരിച്ച പദ്ധതിയാണ് യിനാന്‍ പദ്ധതി. ചുറ്റുവട്ടത്തുള്ള അറബ് രാഷ്ട്രങ്ങളെ ദുര്‍ബലമായ ചെറിയ പ്രദേശങ്ങളാക്കി പുനഃക്രമീകരിക്കുക എന്നത് അവരുടെ യിനാന്‍ പദ്ധതിയുടെ ഭാഗമാണ്. യിനാന്‍ രൂപീകരിച്ച വലിയ ഇസ്രായിലി സ്ട്രാറ്റജിസ്റ്റുകളുടെ അഭിപ്രായ പ്രകാരം ഇറാനാണ് ഇതിനുള്ള ഏറ്റവും വലിയ വെല്ലുവിളി. അതുകൊണ്ടു തന്നെ ഇറാഖിനെ അവര്‍ ഈ ബാല്‍ക്കനൈസേഷന്‍ പരിപാടിയുടെ കേന്ദ്രമായി നിശ്ചയിച്ചു. 

ഐ.എസ് സൗദി, കുവൈത്ത് മേഖലയില്‍ പോലും ചിലയിടങ്ങളില്‍ അക്രമ മാര്‍ഗങ്ങളിലൂടെ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു എന്നതും ശ്രദ്ധേയമാണ്. മേഖലയില്‍ ഈയിടെ നടന്ന വിവിധ ആക്രമണങ്ങള്‍ ഐ.എസ് ഏറ്റെടുത്തിരിക്കുകയാണ്. ഇത് ചില ദുസ്സൂചനകളാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. അല്‍ ഹസയില്‍ നിന്നും ഐ.എസ് അനുകൂലികളെ പിടികൂടുകയും ചെയ്തിരുന്നു. ശിയാക്കളുടെ മേഖലയില്‍ ആക്രമണം നടത്തുക വഴി ഐ.എസ് ഉദ്ദേശിക്കുന്നത് ഭിന്നത രൂപപ്പെടുത്തുകയും ദുര്‍ബലതയിലേക്ക് നയിക്കുകയുമാണ്. 

2. ഐ.എസിനു ഇസ്രായിലി പ്രതിരോധ സേനയുമായുള്ള ബന്ധമാണ് മറ്റൊരു സംഗതി. യു.എന്‍ അടുത്ത് പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാവുന്നത്. മെയ് 2013 മുതല്‍ ഐ.ഡി.എഫുമായി 'ഐ.എസ്' നിരന്തരമായ ബന്ധം പുലര്‍ത്തുന്നു എന്നാണ് യു.എന്‍ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ഐ.എസ് പോരാളികള്‍ക്കുള്ള ചികിത്സ വരെ ഉള്‍പ്പെടുന്ന തരത്തിലുള്ള ബന്ധങ്ങള്‍ അതിലുണ്ട്. സാധന സാമഗ്രികളുടെ കൈമാറ്റം പോലും നടന്നതായി യു.എന്‍ നിരീക്ഷണത്തില്‍ വ്യക്തമായതാണ്. വിവിധ ഇസ്രായില്‍ ഗവണ്മെന്റ് വെബ്‌സൈറ്റുകളിലേക്ക് ചൈനയില്‍ നിന്നുള്ള ചില ഹാക്കര്‍മാര്‍ ട്രോജന്‍ വൈറസ് അയച്ചതായി അവരുടെ ന്യൂസ് ഏജന്‍സി വ്യക്തമാക്കുകയുണ്ടായി. അവര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിലും ശക്തമായ ഇസ്രായില്‍-ഐ.എസ് ബന്ധങ്ങള്‍ ഉണ്ടായിരുന്നതായി വിദേശ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

3. ഐ.എസിനെ തകര്‍ക്കാനുള്ള ഓപറേഷന് അമേരിക്ക തുടക്കം കുറിച്ച സമയത്ത് ഇസ്രായിലിന്റെ ഭാഗത്ത് നിന്നും ഒരു വിധത്തിലുള്ള പിന്തുണയും അതിനുണ്ടായില്ല. ബ്രിട്ടനും ഓസ്‌ട്രേലിയയും പിന്തുണച്ച അമേരിക്കയുടെ നീക്കത്തെ ഇസ്രായിലി ഹൈക്കമാന്‍ഡ് തെറ്റായ ഒരു തീരുമാനമായാണ് വിലയിരുത്തിയത്. 

4. അമേരിക്കയും മിഡില്‍ ഈസ്റ്റിലെ ചില രാജ്യങ്ങളൂം ഐ.എസിനെതിരായി സൈനികമായി രംഗത്തിറങ്ങിയിട്ടും ബ്രിട്ടനും ഓസ്‌ട്രേലിയയുമടങ്ങിയ വന്‍ രാഷ്ട്രങ്ങള്‍ അതിനെ പിന്തുണച്ചിട്ടും മുന്നേറാന്‍ ഐ.എസിന് സാധിക്കുന്നുവെങ്കില്‍ അവരുടെ സൈനിക-ആയുധ-വിഭവ ശേഷിയാണ് അത് തെളിയിക്കുന്നത്. 
അത്ര വലിയ കരുത്ത് ഇന്ന് മുസ്ലിം സമൂഹത്തിന് ഒരു വിധത്തിലും നല്‍കാന്‍ സാധ്യമല്ല. എന്നാല്‍ ഇസ്രായിലിനു അതിനുള്ള ശേഷിയുണ്ടുതാനും. മിഡില്‍ ഈസ്റ്റിലെ രാജ്യങ്ങളെ കീഴടക്കാനുള്ള ആയുധ-സൈനിക ശേഖരം അവരുടെ കയ്യില്‍ ഉണ്ടായതുകൊണ്ടാണല്ലോ അവര്‍ക്ക് മുന്നേറ്റം സൃഷ്ടിക്കുവാന്‍ കഴിയുന്നത്.

5. ഇസ്ലാമിന്റെ പക്ഷത്ത് നിന്നും ദാര്‍ശനികമായ യാതൊരു പിന്തുണയും നല്‍കാന്‍ കഴിയാത്ത ഒന്നാണ് നിരപരാധികളെ ഏതെങ്കിലും തരത്തില്‍ ഉപദ്രവിക്കുക എന്നത്. എന്നാല്‍ അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും ചുക്കാന്‍ പിടിച്ചിട്ടുള്ള വിഭാഗം ഇസ്രായില്‍ തന്നെയാണ്. 

അത് നമുക്ക് ഫലസ്തീന്‍ അക്രമങ്ങളിലും മറ്റും കാണാന്‍ കഴിയും. ലോകത്ത് അവര്‍ പുലര്‍ത്തിക്കൊണ്ടിരിക്കുന്ന ധിക്കാരത്തിന്റേയും അക്രമത്തിന്റേയും പരിസരത്ത് നിന്ന് മാത്രമേ ഐ.എസ് പോലുള്ള കാടന്‍ സംഘത്തിന് ജന്മം കൊടുക്കാന്‍ കഴിയൂ. ഇസ്രായിലിന്റെ ചരിത്രത്തിലുള്ള മുന്നേറ്റങ്ങള്‍ക്കൊക്കെ ഈ ശൈലി ഉള്ളതായി കാണാന്‍ കഴിയും. എന്നാല്‍ ഇസ്ലാം ചരിത്രത്തില്‍ മുന്നേറ്റം സൃഷ്ടിച്ചിട്ടുള്ളത് ഈ ശൈലിയിലൂടെയല്ല. 

6. 'അമേരിക്കന്‍ ഫ്രീ പ്രസ്' വ്യക്തമാക്കിയത് പോലെ, ഐ.എസ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദി മൊസ്സാദിന്റെ സൃഷ്ടിയാണ്. നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയില്‍ നിന്നും സ്‌നോഡന്‍ വഴി പുറത്തായ 1.7 മില്യണ്‍ പേജുള്ള രഹസ്യ രേഖകള്‍ വ്യക്തമാക്കുന്നത് അതാണ്. 

7. ഐ.എസിന്റെ കയ്യിലുള്ള ആയുധങ്ങള്‍ ഇസ്രായലില്‍ നിര്‍മ്മിച്ചവയാണ് എന്ന് കണ്ടെത്തിയതാണ്. ഇറാഖ് പ്രവിശ്യയില്‍ ഐ.എസ് പിടിച്ചടക്കിയ മേഖലകളില്‍ നിന്നും കണ്ടെത്തിയ ആയുധങ്ങള്‍ വഴിയാണ് ഇത് ലോകത്തിനു മുന്നില്‍ വ്യക്തമാവുന്നത്.

8. വലിയ ആസൂത്രണമുള്ള ഒരു വിഭാഗമായതുകൊണ്ട് തന്നെയാണ് അവര്‍ വിജയിച്ചു മുന്നേറുന്നത്. എന്നാല്‍ അവരിലൂടെ നടപ്പിലാക്കപ്പെടുന്നത് സയണിസവും സാമ്രാജ്യത്വവും ആഗ്രഹിക്കുന്ന അജണ്ടകളാണ്. അത് ഇസ്ലാമോഫോബിയയാണ്. ഇസ്ലാമിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളേയും മുന്നേറ്റങ്ങളേയും മലീമസമാക്കലാണ്. ഐ.എസിന്റെ പ്രവര്‍ത്തനങ്ങള്‍ ഇത് രണ്ടും ലോകത്തിന് സമ്മാനിച്ചുകൊണ്ടു തന്നെയാണ് മുന്നോട്ട് പോകുന്നത്. ഇസ്ലാമിന്റെ ഒരു മൂല്യവും അവരിലൂടെ പ്രതിനിധാനം ചെയ്യപ്പെടുന്നില്ല. 

ഒരു ക്വട്ടേഷന്‍ സംഘം ആക്രമത്തിന് വരുന്നത് പോലെയാണ് കാര്യങ്ങള്‍ നടക്കുന്നത്. സ്വന്തം വേഷത്തില്‍ പ്രത്യക്ഷപ്പെടുകയല്ല. ആരെ മലീമസപ്പെടുത്തണോ അവരുടെ വേഷവും രൂപവും സ്വീകരിക്കുന്നു. അവരെക്കുറിച്ച് ലോകത്തെ ഭീതിപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി അവര്‍ പ്രവര്‍ത്തിക്കുന്നു. ഇതിനു ചരിത്രത്തില്‍ നിരവധി സമാനതകള്‍ ഉണ്ട്. പ്രവാചകനു ശേഷം പ്രത്യക്ഷപ്പെട്ട കള്ള പ്രവാചകന്‍ മുതല്‍ ഖാദിയാനിസവും അല്‍ ഖാഇദയും ഇന്ത്യന്‍ മുജാഹിദീനും ഒരേ ശൈലിയില്‍ പ്രത്യക്ഷപ്പെട്ടതാണ്. 

ലൈംഗിക അക്രമങ്ങള്‍, വധം, അക്രമങ്ങള്‍, ചരിത്രങ്ങളുടെ സര്‍വ്വനാശം, നിര്‍ബന്ധിത മതപരിവര്‍ത്തനം തുടങ്ങി പലതും ഉള്‍ക്കൊള്ളുന്ന ഒന്നാണ് ഇസ്ലാമിക് സ്‌റ്റേറ്റ് എന്ന് അവര്‍ ലോകത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇസ്ലാമോഫോബിയ പോലെ ഇസ്ലാമിക് സ്‌റ്റേറ്റ് ഫോബിയ വളര്‍ത്തുക. ആളുകള്‍ ഇസ്ലാമില്‍ നിന്ന് അകലുന്നതിനും ഇസ്ലാമിനെത്തന്നെ പിഴുതെറിയുവാനും വേണ്ടിയായിരുന്നു അവര്‍ ഇസ്ലാമോഫോബിയക്ക് തുടക്കം കുറിച്ചത്. 

എന്നാല്‍ അത് ഇസ്ലാമിനു വലിയ വളര്‍ച്ച നേടിക്കൊടുക്കുകയാണുണ്ടായത്. യൂറോപ്പിലും അമേരിക്കയിലും ഫോബിയാ കാലത്ത് 'ഇസ്ലാം' കൂടുതല്‍ മുന്നേറുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. മാത്രമല്ല, പലയിടങ്ങളിലും തികച്ചും സമാധാന വിപ്ലവങ്ങളിലൂടെ ഇസ്ലാമിന്റെ അടിത്തറയിലുള്ള രാജ്യങ്ങള്‍ രൂപപ്പെടുവാനുള്ള സാധ്യതകളും കാണാന്‍ തുടങ്ങി. ഇത് അവരിലുണ്ടാക്കിയ വിറളിയാണ് ഇസ്ലാമിക് സ്‌റ്റേറ്റ് ഫോബിയ എന്ന അജണ്ടയും ഇതില്‍ കൂട്ടിച്ചേര്‍ക്കാന്‍ കാരണം.ഇസ്ലാമിനോടും മുസ്ലിംകളോടും ഗുണകാംക്ഷയുള്ള ഒരു സംഘമാണ് ഐ.എസ് എങ്കില്‍ അതിന്റെ ആദ്യ പോരാട്ടം ഇസ്രായിലിനെതിരെയായിരിക്കണം. 2012-2015 ഘട്ടത്തില്‍ ഇസ്ലാമിക ലോകം ഏറെ ആശങ്കയോടും നിരാശയോടും വീക്ഷിച്ചത് ഇസ്രായിലിന്റെ ഫലസ്തീന്‍ നരവേട്ടയായിരുന്നു. ഐ.എസ് യഥാര്‍ഥ മുസ്ലിം സമൂഹത്തിന്റെ പ്രതിനിധി ആയിരുന്നെങ്കില്‍ മുസ്ലിം ലോകത്തിന്റെ സമാധാന അന്തരീക്ഷത്തെ തകര്‍ക്കുവാനായിരുന്നില്ല; മറിച്ച് ഇസ്രായിലിനു ഭീഷണി സൃഷ്ടിച്ചുകൊണ്ടായിരിക്കും അവര്‍ രംഗപ്രവേശം ചെയ്യുക. 

9. ഇസ്രായിലിനെതിരെ പ്രതികരിക്കുവാനും ഫലസ്തീന്‍ പോരാട്ടങ്ങള്‍ക്ക് ശക്തി പകരാനും ഇസ്ലാമിക പണ്ഡിതന്മാര്‍ ചെറുതല്ലാത്ത രീതിയില്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, ഇസ്ലാമിക ലോകത്ത് നിന്നും ഒരു പണ്ഡിതന്‍ പോലും ഐ.എസ് ചെയ്തികളെ ന്യായീകരിക്കുവാന്‍ ശ്രമിച്ചിട്ടില്ല. ശക്തമായി എതിര്‍ത്ത് അതിന്റെ എതിര്‍ ദിശയില്‍ നിലകൊള്ളുവാനാണ് പണ്ഡിത സമൂഹം ആഹ്വാനം ചെയ്തത്. ഇസ്രായിലിനെതിരെ പ്രതികരിക്കുന്ന അതേ ശൗര്യത്തോടെ ഐ.എസ് ചെയ്തികളേയും വിമര്‍ശിക്കണമെന്ന് അവര്‍ ആഹ്വാനം ചെയ്തു. 

ഇത് കേവലമായ ഒരു കൊള്ളക്കൂട്ടത്തിന്റെ എടുത്തുചാട്ടമല്ല. ആസൂത്രണമില്ലാത്ത, അയഞ്ഞ ഒരു സായുധ സംഘത്തിന്റെ വേട്ടയുമല്ല. സയണിസ്റ്റ്- സാമ്രാജ്യത്വ ശക്തികള്‍ക്ക് മിഡില്‍ ഈസ്റ്റിലുള്ള പുതിയ താല്‍പര്യങ്ങളുടെ പിടിച്ചടക്കലാണ്. പാശ്ചാത്യര്‍ പണ്ട് വിവിധ രാജ്യങ്ങളുടെ ഭരണം നേടിയെടുത്തതിന്റെ മറ്റൊരു ശൈലി. അന്യായങ്ങളെ കുറിച്ച് ലോകത്തില്‍ ആര്‍ക്കും ചോദിക്കാന്‍ തോന്നാത്ത വിധത്തില്‍ മുസ്ലിംകള്‍ക്കെതിരെ എന്തും ചെയ്യാന്‍ അവര്‍ക്ക് കഴിയും വിധം ആദ്യം രംഗങ്ങള്‍ സൃഷ്ടിച്ചു. അവര്‍ ഇസ്ലാമോഫോബിയ വളര്‍ത്തിയത് അതിനു വേണ്ടിയാണ്. ഒപ്പം അതേ ഫോബിയ ഉപയോഗപ്പെടുത്തി മേഖലയില്‍ അവരുടെ താല്‍പര്യങ്ങള്‍ നടപ്പിലാക്കാനും സയണിസ്റ്റ്-സാമ്രാജ്യത്വ ശക്തികള്‍ ശ്രമിച്ചു. അതാണ് ഐ.എസ്. 

ഐ.എസ് പേരിലും വസ്ത്രധാരണത്തിലും ചുണ്ടനക്കങ്ങളിലും ഇസ്ലാമിനെ സാദൃശ്യപ്പെടുത്തി ഇസ്ലാമിന്റെ സമാധാന ദാര്‍ശനികതയെ വക്രീകരിക്കുവാന്‍ ശ്രമിക്കുന്നു. എന്നാല്‍ അതിന്റെ ഹൃദയവും തലച്ചോറും ഓരോ ഘട്ടത്തിലും ഐ.എസിന്റെ ആശയ പരിസരം വ്യക്തമാക്കുകയും ചെയ്യുന്നു. കഴിഞ്ഞ കാലത്ത് ഇസ്ലാമോഫോബിയ വളര്‍ത്തപ്പെട്ടെങ്കിലും അതിന്റെ സ്രഷ്ടാക്കളുടെ നാട്ടില്‍ ഇസ്ലാമിന് ഏറ്റവുമധികം വളര്‍ച്ചയുണ്ടാക്കിയ കാലമായിത്തീര്‍ന്നു അത്. ഇസ്ലാമിക് സ്‌റ്റേറ്റ് ഫോബിയയാണ് അടുത്തതെങ്കില്‍ പുതിയ ഇസ്ലാമിക് സ്‌റ്റേറ്റുകള്‍ രൂപപ്പെടുന്നത് യൂറോപ്പിലായിരിക്കും. തീര്‍ച്ച.

------------------------

2010 ജൂലൈ 29, വ്യാഴാഴ്‌ച

ഒരു പ്രസ്താവന വി.എസ്. നടത്തുമ്പോള്‍..

തൊടുപുഴയിലെ കൈവെട്ടു സംഭവം ഇസ്‌ലാമിനെ പ്രതിചേര്‍ത്ത് ആഘോഷിക്കുന്നതില്‍ യുക്തിവാദി ബ്ലോഗര്‍മാര്‍ അലംഭാവം കാണിച്ചിട്ടില്ല. എന്നാല്‍ ആ ആഘോഷം വേണ്ടത്ര പൊലിപ്പിക്കുന്നതിന് തടസ്സമായത്, മുസ്‌ലിം സമൂഹം മൊത്തത്തില്‍ അതിനെ തള്ളിപ്പറഞ്ഞതും അപലപിച്ചതുമാണ്. അതുകൊണ്ട് ചില ഇസ്‌ലാമിക പ്രസ്ഥാനങ്ങളുമായി ചേര്‍ത്ത് പറഞ്ഞ് അവര്‍ തൃപ്തിയടഞ്ഞു. പക്ഷെ വി.എസിന്റെ പ്രസ്താവന ഒരു നല്ല ഇരയായി മാറുന്നതാണ് കണ്ടത്. ഇതിനെതിരെ ഇവിടെയും ചിലത് കുറിക്കണമെന്നുണ്ടായിരുന്നു. കടുത്ത ഇസ്‌ലാം വിരോധവും ഇസ്‌ലാമോഫോബിയയും ഗ്രസിച്ചിട്ടില്ലാത്ത, കാര്യങ്ങളെ യഥാര്‍ഥ വസ്തുതകളുടെ അടിസ്ഥാനത്തില്‍ നോക്കിക്കാണുന്ന, മുസ്ലികളല്ലാത്ത ബ്ലോഗര്‍മാര്‍ ഈ യുക്തിവാദികള്‍ക്ക് തക്ക മറുപടി നല്‍കുന്ന സന്തോഷകരമായ കാഴ്ചയാണ് കണ്ടത്. സ്വാഭാവികമായി അവര്‍ കൂലി എഴുത്തുകാരും തീവ്രവാദികളെ പിന്തുണക്കുന്നവരുമാണെന്ന വിളി കേള്‍ക്കേണ്ടി വന്നു എന്നത് യാഥാര്‍ഥ്യം. പറയുന്നത് ആത്മാര്‍ഥമായതിനാല്‍ അവര്‍ അതില്‍ പതറുന്നത് കണ്ടില്ല. അതിലൊരു പോസ്റ്റ് ഇവിടെ പേസ്റ്റ് ചെയ്യുന്നു. വായിക്കുക: 


{{{ കേരളത്തെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാക്കാന്‍ സംഘടിതമായ ശ്രമം നടക്കുന്നുവെന്നാണ്‌ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞത്‌. അതിനൊരു കാലപരിധിയും അദ്ദേഹം മുന്‍കൂട്ടിക്കാണുന്നുണ്ട്‌, 20 വര്‍ഷം. അതിനുള്ള ശ്രമങ്ങള്‍ ഇപ്പോഴേ നടക്കുന്നുണ്ടെന്നാണ്‌ മുഖ്യമന്ത്രിയുടെ വാക്കുകളില്‍ നിന്ന്‌ മനസ്സിലാക്കേണ്ടത്‌. `ചെറുപ്പക്കാരായ ആളുകളെയെല്ലാം തന്നെ സ്വാധീനിച്ചിട്ട്‌... പണം കൊടുത്തിട്ട്‌ അവരെ മുസ്‌ലിമാക്കുക, മുസ്‌ലിം യുവതികളെ കല്യാണം കഴിക്കുക, മുസ്‌ലിം ജനിക്കുക...ആ തരത്തിലിങ്ങനെ... മുസ്‌ലിം സമുദായത്തിന്‌ ഭൂരിപക്ഷമുണ്ടാക്കുക' - ഇതാണ്‌ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതിയെന്ന്‌ മുഖ്യമന്ത്രി വിശദീകരിക്കുന്നുമുണ്ട്‌. 

ഇത്തരം പദ്ധതികള്‍ ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കുന്നുണ്ടെന്ന ആരോപണം വര്‍ഷങ്ങളായി ഉന്നയിച്ചുവരുന്നത്‌ ഇവിടുത്തെ ഹിന്ദുത്വ വര്‍ഗീയ ശക്തികളാണ്‌. 1925ല്‍ രാഷ്‌ട്രീയ സ്വയം സേവക്‌ സംഘ്‌ (ആര്‍ എസ്‌ എസ്‌) രൂപവത്‌കരിക്കപ്പെടുന്നത്‌ തന്നെ ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌. ഹിന്ദു രാഷ്‌ട്രമാക്കുക എന്നാല്‍ അന്യ മതസ്ഥര്‍ ഇല്ലാത്ത, അല്ലെങ്കില്‍ അവര്‍ക്ക്‌ സ്വാധീനമൊന്നുമില്ലാത്ത സ്ഥിതിയുണ്ടാക്കുക എന്നാണ്‌ അര്‍ഥം. ഹിന്ദു ഭരണകൂടം സ്ഥാപിക്കുക, സാമൂഹിക, വ്യക്തി ജീവിതത്തിന്‌ ആധാരമായ സര്‍വ കാര്യങ്ങളും ഹിന്ദുമതത്തിന്റെ രീതി മര്യാദകളില്‍ അധിഷ്‌ഠിതമാക്കുക, വര്‍ഷങ്ങള്‍ കഴിയുമ്പോഴേക്കും ഹൈന്ദവര്‍ മാത്രമുള്ള ഒരു സമൂഹമുണ്ടാവുക - സാമാന്യേന പറഞ്ഞാല്‍ ഇതാണ്‌ പദ്ധതി. 


മുക്കാല്‍ നൂറ്റാണ്ടിലേറെക്കാലമായി ഇതിനുള്ള ശ്രമം നടക്കുന്നു. സ്വാതന്ത്ര്യാനന്തരം രാഷ്‌ട്രീയ പാര്‍ട്ടി എന്ന രൂപത്തിലും ആര്‍ എസ്‌ എസ്‌ അരങ്ങേറി. ഇന്ത്യയിലെ ഭൂരിപക്ഷ മതം ഹിന്ദുമതമായിട്ടുപോലും പ്രഖ്യാപിത ലക്ഷ്യത്തിന്റെ അടുത്തെങ്ങുമെത്താന്‍ ഇതുവരെ അവര്‍ക്ക്‌ സാധിച്ചില്ല. ആറ്‌ വര്‍ഷക്കാലം ഇതര കക്ഷികളുടെ സഹായത്തോടെ ബി ജെ പിക്ക്‌ ഇന്ത്യാരാജ്യം ഭരിക്കാനായി എന്ന്‌ മാത്രം. അപ്പോള്‍ പോലും ഒന്നും ചെയ്യാനായില്ലെന്നാണ്‌ ആര്‍ എസ്‌ എസ്‌ നേതാക്കള്‍ തന്നെ അടുത്തിടെ പറഞ്ഞത്‌. വിവാഹ നിയമം ഏകീകരിക്കാന്‍ പോലും അന്നത്തെ ബി ജെ പി സര്‍ക്കാര്‍ ശ്രമിച്ചില്ലെന്ന്‌ ആര്‍ എസ്‌ എസ്‌ തുറന്നു സമ്മതിക്കുന്നു. ഇതിന്‌ കാരണങ്ങള്‍ പലതുണ്ടാവാം. ഭരണഘടന ആവിഷ്‌കരിച്ചപ്പോള്‍ വിഭാവനം ചെയ്‌ത മതേതര വ്യവസ്ഥ, ഹൈന്ദവരിലെ ജാതി വ്യവസ്ഥ, ഇപ്പോഴും ഇന്ത്യന്‍ ദേശീയതയുമായി പൂര്‍ണമായും ഇണങ്ങിച്ചേരാത്ത വിഭാഗങ്ങള്‍ അങ്ങനെ പലതും. പൊതുവില്‍ ഭൂരിപക്ഷമായ ഹിന്ദുക്കള്‍ ഹിന്ദുരാഷ്‌ട്ര അജന്‍ഡ ഏറ്റെടുക്കാന്‍ മനസ്സ്‌ കാണിച്ചില്ല എന്ന്‌ പറയേണ്ടിവരും. തങ്ങളുടെ ആവാസ വ്യവസ്ഥയെ ജാതി, മത വൈവിധ്യങ്ങളോടെ ഉള്‍ക്കൊള്ളാന്‍ അവര്‍ തയ്യാറായിരുന്നു. ജാതി വ്യവസ്ഥ പോലുള്ളവയുടെ ദോഷഫലങ്ങള്‍ അതുകൊണ്ടുതന്നെ നിലനില്‍ക്കുകയും ചെയ്യുന്നു.

ഹിന്ദു രാഷ്‌ട്ര സ്ഥാപനത്തിനായുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുമുണ്ട്‌. സ്‌ഫോടനങ്ങള്‍ നടത്തി, വര്‍ഗീയ വിഭജനം നടത്താനുള്ള ശ്രമം ഒരു ഭാഗത്ത്‌. മുസ്‌ലിം സംഘടനകളോ വ്യക്തികളോ ആണ്‌ സ്‌ഫോടനത്തിന്‌ പിന്നിലെങ്കില്‍ അതിന്റെ കുറ്റം സമുദായത്തിനുമേലാകെ ചുമത്തി വെറുക്കപ്പെടേണ്ട വിഭാഗമായി ചിത്രീകരിക്കാനുള്ള ശ്രമം മറു ഭാഗത്ത്‌. രാഷ്‌ട്രീയാധികാരം കൈയടക്കി നിയമവും വിദ്യാഭ്യാസവും ചരിത്രവുമൊക്കെ സ്വന്തമാക്കുക എന്ന ലക്ഷ്യവും അവര്‍ക്കുണ്ട്‌. ഇത്തരം ശ്രമങ്ങളുടെയെല്ലാം ഭാഗമായിരുന്നു കേരളം, കര്‍ണാടകം എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുയര്‍ന്ന `ലൗ ജിഹാദ്‌' ആരോപണം. ഹിന്ദുത്വ സംഘടനകള്‍ മാത്രമല്ല, ക്രിസ്‌ത്യന്‍ സംഘടനകളും എസ്‌ എന്‍ ഡി പി യോഗം പോലുള്ള പ്രസ്ഥാനങ്ങളുടെ നേതാക്കളും ആ പ്രചാരണത്തില്‍ തീ പടര്‍ത്താന്‍ ശ്രമിച്ചിരുന്നു. 


സമ്പന്ന ഹിന്ദു കുടുംബങ്ങളിലെ പെണ്‍കുട്ടികളെ പ്രണയം നടിച്ച്‌ വശത്താക്കി, ഇസ്‌ലാമില്‍ ചേര്‍ക്കുകയോ ലൈംഗികമായി ഉപയോഗിച്ച ശേഷം ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും ഉപയോഗിക്കുകയോ ചെയ്യുന്നുവെന്ന്‌ ഉദാഹരണ സഹിതം ആരോപിക്കുമ്പോള്‍ രക്ഷിതാക്കളിലും കുടുംബങ്ങളിലുമുണ്ടാവാനിടയുള്ള ശങ്ക എത്രയായിരിക്കും? വെറുപ്പിന്റെ വിത്ത്‌ വിതക്കാന്‍ ഇതിലും വലിയൊരു ആയുധം വേറെയില്ല. ഉദാഹരിക്കപ്പെട്ട സംഭവങ്ങളുടെ അടിസ്ഥാനം ചോദ്യം ചെയ്യപ്പെടുകയും ശക്തിയായ പ്രതിരോധം ഉയരുകയും ചെയ്‌തതോടെയാണ്‌ ഈ പ്രചാരണങ്ങളുടെ മുനയൊടിഞ്ഞത്‌. കേരളത്തെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാക്കാന്‍ സംഘടിത ശ്രമം നടക്കുന്നുവെന്ന്‌ വി എസ്‌ അച്യുതാനന്ദന്‍ തന്നെ പറയുമ്പോള്‍ ഹൈന്ദവ സംഘടനകള്‍ ഇക്കാലമത്രയും നടത്തിയ പ്രചാരണങ്ങള്‍ക്ക്‌ ആധികാരികത കൈവരികയാണ്‌ ചെയ്യുന്നത്‌. ചെറുതല്ലാത്ത പ്രത്യാഘാതം അതുണ്ടാക്കുകയും ചെയ്യും. 


സമുദായാംഗങ്ങളുടെ എണ്ണം കൂട്ടി ഭൂരിപക്ഷം കൈവരിക്കാന്‍ എന്തെങ്കിലും ശ്രമം അടുത്ത കാലത്ത്‌ നടന്നിട്ടുണ്ടെങ്കില്‍ അത്‌ കത്തോലിക്കാ സഭയുടെ ഭാഗത്തുനിന്നാണ്‌. സാമ്പത്തികശേഷിയുള്ള ദമ്പതികളെല്ലാം `നാം രണ്ട്‌ നമുക്ക്‌ രണ്ട്‌' എന്ന തത്വമൊഴിവാക്കണമെന്നും കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‍കണമെന്നും അതുവഴി കത്തോലിക്കരുടെ എണ്ണം കൂട്ടണമെന്നും പള്ളികളിലൂടെയാണ്‌ സഭാ നേതൃത്വം സന്ദേശം നല്‍കിയത്‌. കേരളത്തെ ക്രൈസ്‌തവ മേധാവിത്വമുള്ള സമൂഹമാക്കുന്നതിനുള്ള ശ്രമമായി ഇതിനെ കാണാന്‍ സാധിക്കുമോ? അത്തരത്തില്‍ ശ്രമിച്ചാല്‍ മാറിമറിയുന്നതാണോ കേരളത്തിലെ സാമൂഹിക ഘടന? വി എസ്‌ പറഞ്ഞതുപോലെ മുസ്‌ലിം ജനിച്ച്‌ കാലക്രമേണ മുസ്‌ലിം ഭൂരിപക്ഷമാവണമെങ്കില്‍ മറ്റ്‌ സമുദായത്തിലെ യുവതീയുവാക്കളെ വന്ധ്യംകരിക്കേണ്ടിക്കൂടി വേണ്ടിവരും. അതിനുള്ള പോംവഴിയും ഹിന്ദുത്വ തീവ്രവാദ സംഘടനകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്‌. അതാണ്‌ `ഡോക്‌ടര്‍ ജിഹാദ്‌.' `ലൗ ജിഹാദ്‌' പ്രചാരണം തുടക്കത്തിലേ പാളിയതുകൊണ്ട്‌ `ഡോക്‌ടര്‍ ജിഹാദ്‌' പ്രചാരണം തുടങ്ങിയേടത്തുതന്നെ നില്‍ക്കുകയായിരുന്നു. വി എസിന്റെ സര്‍ട്ടിഫിക്കറ്റ്‌ കൂടി ലഭിച്ച സാഹചര്യത്തില്‍ സംഘ്‌ പരിവാറിന്‌ ഇത്‌ പൊടിതട്ടി എടുക്കാവുന്നതാണ്‌. 


ഇനി കേരളത്തില്‍ മുഖ്യമന്ത്രിയായ വി എസ്‌ അച്യുതാനന്ദന്‍ പറയുന്നതുപോലെ സംഘടിതമായ ശ്രമം നടക്കുന്നുണ്ടെന്ന്‌ തന്നെ സമ്മതിക്കുക. അതിനര്‍ഥം അമ്പതാണ്ട്‌ നീണ്ട വി എസ്‌ അച്യുതാനന്ദന്റെ രാഷ്‌ട്രീയ ജീവിതം പാഴായിപ്പോയെന്നാണ്‌. അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും അതിന്റെ വിവിധങ്ങളായ സംഘടനാ വിഭാഗങ്ങളുടെയും പ്രവര്‍ത്തനം വൃഥാവിലായെന്നാണ്‌. മറ്റു രാഷ്‌ട്രീയ പാര്‍ട്ടികളും അധികാരത്തില്‍ വന്ന ഭരണകൂടങ്ങളും പരാജയപ്പെട്ടുവെന്നാണ്‌. മുസ്‌ലിം ഭൂരിപക്ഷമുണ്ടാക്കി അതിനനുസൃതമായ ഭരണ സംവിധാനമുണ്ടാക്കണമെന്ന ചിന്താഗതി വളരുകയും അതിന്‌ സ്വാധീനമുറപ്പിക്കാന്‍ കഴിയുകയും ചെയ്യുന്നുവെങ്കില്‍ അതിനുള്ള രാഷ്‌ട്രീയ, സാമൂഹിക സാഹചര്യം നിലനില്‍ക്കുന്നുവെന്നാണ്‌ അര്‍ഥം. സ്വാതന്ത്ര്യം ഷഷ്‌ടിപൂര്‍ത്തി പിന്നിട്ടിട്ടും ഈ ജനവിഭാഗത്തിന്റെ വിശ്വാസം നേടിയെടുക്കാന്‍ രാഷ്‌ട്രീയ, ഭരണ നേതൃത്വത്തിന്‌ സാധിക്കാത്തതുകൊണ്ടാണ്‌ ഈ സാഹചര്യം നിലനില്‍ക്കുന്നത്‌. വിശ്വാസം നേടിയെടുക്കണമെങ്കില്‍ അവരുടെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യണമായിരുന്നു. സമൂഹത്തില്‍ തുല്യ അന്തസ്സ്‌ ഉറപ്പാക്കണമായിരുന്നു. അതിന്‌ സാധിച്ചിട്ടില്ല എന്ന്‌ തുറന്നു സമ്മതിക്കുന്നതിന്‌ തുല്യമാണ്‌ വി എസ്‌ അച്യുതാനന്ദന്റെ ഇപ്പോഴത്തെ പ്രസ്‌താവന. രാജ്യത്ത്‌ തുല്യാവസര കമ്മീഷന്‍ രൂപവത്‌കരിക്കുമെന്ന്‌ പ്രഖ്യാപിക്കുമ്പോള്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ കോണ്‍ഗ്രസും അംഗീകരിക്കുന്നത്‌ മറ്റൊന്നല്ല. 


ഈ സാഹചര്യം മാറണമെങ്കില്‍ ആദ്യം തിരുത്തേണ്ടത്‌ സ്വന്തം മനസ്സിനെയാണ്‌. മലപ്പുറം ജില്ലയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ മത്സരപ്പരീക്ഷകളില്‍ മുന്നിലെത്തുന്നതിന്‌ പിന്നില്‍ ദുരൂഹതയുണ്ടെന്ന്‌ പറഞ്ഞത്‌ ഇതേ വി എസ്‌ തന്നെയാണ്‌. മലപ്പുറത്തെ ജനസംഖ്യാനുപാതത്തെക്കുറിച്ച്‌ ബോധ്യമില്ലാത്തയാളല്ല അദ്ദേഹം. ഇത്തരത്തിലൊരു പ്രസ്‌താവന നടത്തുമ്പോള്‍ അതിന്റെ ലക്ഷ്യമേതെന്ന്‌ പ്രത്യേകിച്ച്‌ പറയേണ്ടതില്ല. കണക്കുകളോ, വസ്‌തുതകളോ ഈ ആക്ഷേപത്തിന്‌ തുണയായി അദ്ദേഹം അന്നും പിന്നീടും ഹാജരാക്കിയിട്ടില്ല. അപ്പോള്‍ പിന്നെ ലക്ഷ്യമെന്തായിരുന്നു? ഒരു വിഭാഗം വിദ്യാഭ്യാസ മേഖലയില്‍ പുരോഗതി നേടുന്നതിനെപ്പോലും സംശയത്തോടെ കാണുന്ന മനസ്സ്‌ അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന്‌ തന്നെ മനസ്സിലാക്കണം. പുതിയ പ്രസ്‌താവനയുടെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. 


ഇത്തരം സംശയങ്ങള്‍ നിലനിര്‍ത്തുകയും അത്‌ പ്രചരിപ്പിക്കുകയും ചെയ്യുന്ന നേതാക്കളും സംഘടനകളുമാണ്‌ ആളുകളെ വഴിതെറ്റിക്കുന്നത്‌; ഭൂരിപക്ഷ സമുദായത്തെ സംശയങ്ങളുടെ പരകോടിയിലേക്ക്‌, ന്യൂനപക്ഷ വിഭാഗങ്ങളെ അപകര്‍ഷതയുടെ ആഴങ്ങളിലേക്കും. അപകര്‍ഷതയുടെയും അവഗണനയുടെയും ആഴങ്ങളില്‍ നിന്നാണ്‌ സമരങ്ങളുണ്ടാവുന്നതെന്നും അത്‌ സായുധരീതിയിലേക്ക്‌ വഴിമാറുന്നതെന്നും വി എസ്‌ അച്യുതാനന്ദന്‌ അറിയാത്തതല്ലല്ലോ?

മുഖ്യമന്ത്രി സംസ്ഥാന ഭരണത്തിന്റെ നേതാവാണ്‌. ഭരണത്തിലെ വിവിധ വിഭാഗങ്ങളില്‍ നിന്ന്‌ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ അദ്ദേഹം സംസാരിക്കുക. ഇപ്പോള്‍ പറഞ്ഞ കാര്യങ്ങളും അത്തരത്തില്‍ ലഭിച്ച വിവരങ്ങളെ വിശകലനം ചെയ്‌താവണം. ഇത്തരം വിവരങ്ങള്‍ കൈമാറുന്നവര്‍ അപ്പപ്പോഴത്തെ കാര്യങ്ങളെക്കുറിച്ച്‌ മാത്രമേ ചിന്തിക്കുന്നുണ്ടാവൂ. ഭരണാധികാരികളും ആദരണീയമായ പ്രവര്‍ത്തന പാരമ്പര്യമുള്ള നേതാക്കളുമാവുമ്പോള്‍ മുന്‍കാലങ്ങളെക്കുറിച്ച്‌ കൂടി അറിവുണ്ടാവും. മതം മാറുകയോ മാറ്റുകയോ ചെയ്യുന്ന പതിവ്‌ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പല കാരണങ്ങളാല്‍ മതം മാറുന്നവരുണ്ടാവാം. ഇന്ന്‌ ദളിത്‌ ക്രൈസ്‌തവര്‍ എന്ന പേരില്‍ അറിയപ്പെടുന്നവര്‍ ക്രിസ്‌തുമതം സ്വീകരിക്കാനുണ്ടായ കാരണം ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയായിരുന്നു. അതുപോലുള്ള സാമൂഹിക, വ്യക്തി സാഹചര്യങ്ങള്‍ ഇപ്പോഴും മതം മാറ്റങ്ങള്‍ക്ക്‌ കാരണമാകുന്നുണ്ട്‌. 


ഏത്‌ മതത്തില്‍ വിശ്വസിക്കുന്നതിനും വിശ്വസിക്കുന്ന മതം പ്രചരിപ്പിക്കുന്നതിനും ഭരണഘടന അനുവാദം നല്‍കുന്നുണ്ട്‌. അതുകൊണ്ട്‌ മതം പ്രചരിപ്പിക്കുന്നതോ സ്വന്തം മതത്തിലേക്ക്‌ കൂടുതല്‍ ആളുകളെ ക്ഷണിക്കുന്നതോ തെറ്റായി കാണാനും സാധിക്കില്ല. സ്വാധീനം ചെലുത്തി, നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്‌ പ്രേരിപ്പിക്കുമ്പോഴാണ്‌ പ്രശ്‌നങ്ങളുണ്ടാവുന്നത്‌. കേരളം പോലെ വിവിധ മതസ്ഥര്‍ തിങ്ങിത്താമസിക്കുന്ന ഒരു പ്രദേശത്ത്‌ നിര്‍ബന്ധിത മതപരിവര്‍ത്തനമൊക്കെ ഏറെപ്പെട്ടെന്ന്‌ പുറത്തുവരുമെന്നുറപ്പ്‌. അത്തരത്തില്‍ പ്രകടമായ യാതൊന്നും ഇക്കാലയളവില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തതായി അറിവുമില്ല. മുക്കാല്‍ നൂറ്റാണ്ട്‌ കാലം ആര്‍ എസ്‌ എസും അരനൂറ്റാണ്ടിലേറെക്കാലം അതിന്റെ രാഷ്‌ട്രീയരൂപങ്ങളും ശ്രമിച്ചിട്ട്‌ നടക്കാത്തത്‌ വംശവര്‍ധനവിലൂടെ സാധിച്ചുകളയാമെന്ന്‌ ഏതെങ്കിലും മുസ്‌ലിം സംഘടന ധരിച്ചുവശായിട്ടുണ്ടെന്ന്‌ കരുതാനാവില്ല. മറിച്ചാണ്‌ കാര്യങ്ങളെങ്കില്‍ കൃത്യവും വ്യക്തവുമായ വിവരങ്ങള്‍ പരസ്യപ്പെടുത്തേണ്ട ബാധ്യത ഭരണകൂടത്തിനുണ്ട്‌. സംശയങ്ങള്‍ ശേഷിക്കാതിരിക്കാന്‍ അതാവും നല്ലത്‌. കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞുപോവണമായിരുന്നുവെന്ന്‌ പിന്നീട്‌ പറയിപ്പിക്കാതിരിക്കാനെങ്കിലും. }}}  ഈ ലേഖനം ഇതാ ഇവിടെയാണുള്ളത്.
ഈ പോസ്റ്റിനെതിരെയും ഉന്നയിക്കപ്പെട്ട പൊതുവായ ആരോപണം. ഇതില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പേര് പരാമര്‍ശിക്കാതെ തെറ്റിദ്ധരിപ്പിച്ചു എന്നാണ്. പോപ്പുലര്‍ ഫ്രണ്ടിനെതിരെ എന്ന നിലക്ക് തന്നെയാണ് വി.എസ്. പറഞ്ഞത്. എന്നാല്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങളും ശൈലിയും മുന്‍നിര്‍ത്തിയാണ് നിഷ്പക്ഷമതികള്‍  ആ പ്രസ്താവനയെ നോക്കിക്കണ്ടത് എന്നതാണ് സത്യം. മാത്രമല്ല സ്ഥാനത്തും അസ്ഥാനത്തും അതില്‍ ബന്ധപ്പെട്ട കക്ഷികളെ എടുത്ത് പറഞ്ഞ് ഒട്ടും ഗുണകരമാല്ലാത്ത പ്രശസ്തി അക്രമികള്‍ക്കുണ്ടാക്കി കൊടുക്കണം എന്ന് പറയുന്നതിലും കാര്യമില്ല. എന്ന നിലക്ക് ഇതില്‍ ബന്ധപ്പെട്ട പേര്‍ പരാമര്‍ശിക്കാത്തത് കുറ്റമല്ല. ഈ വിഷയത്തിലൊക്കെ വിമര്‍ശനമുന്നയിക്കുന്നവര്‍ക്ക് ഇസ്‌ലാമിലെ ഭരണവ്യവസ്ഥയെയും ഇസ്ലാം മതത്തെ മൊത്തതിലും എടുത്ത് പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്യാമെന്നും, തിരിച്ച് അതിനെതിരെ പ്രതികരിച്ചാല്‍ അത് തീവ്രവാദികളെ പിന്തുണക്കലാണെന്ന് പറയുന്നത് ഒട്ടും നീതിയല്ല. 
 

2010 ജൂലൈ 21, ബുധനാഴ്‌ച

ജിസ്യ എന്ന മതനികുതി ?

"നമുക്ക് കാത്തിരിക്കാം ഫിലിപ്പിന്‍സില്‍ ഒക്കെ നടക്കും പോലെ ക്രിസ്ത്യന്‍ പള്ളികളില്‍ സ്ഫോടനം നടക്കുന്ന കാലം. സ്കൂള്‍ കുട്ടികളും വീട്ടമ്മമാരും ഷോപിംഗ് മാളില്‍ ചിതറി വീഴുന്ന കാലം...

കേരളക്കരയിലെ മുഴുവന്‍ പേരും പരിച്ചെദം ചെയ്യുന്നത് വരെ നമുക്ക് ഇത് തുടരാം, എന്നിട്ടും ഹിന്ദുവായും ക്രിസ്ത്യാനി ആയും ജീവിക്കുന്നവന്റെ ഒക്കെ തലയില്‍ കനത്ത ജിസ്യ നമുക്ക് ചുമത്താം.

അങ്ങിനെ ഉണ്ടാകുന്ന ആ ലോക ക്രമം ഉണ്ടല്ലോ, അതാണ്‌ വിമോചനം!"
ഇ.എ.ജബ്ബാറിന്റെ ബ്ലോഗില്‍ ഒരാള്‍ നല്‍കിയ കമന്റിന്റെ ഒരു ഭാഗമാണിത്. ഇത്തരം അസഹിഷ്ണുത നിറഞ്ഞ കമന്റുകളും പോസ്റ്റുകളുമാണിപ്പോള്‍ ബൂലോകത്ത് അരങ്ങുവാഴുന്നത്. പലതിലും ഉള്ള ആശങ്കള്‍ അസ്ഥാനത്തല്ല. എന്നാല്‍ അതിന് പരിഹാരം ഇത്തരം കമന്റുകളാണോ? ഈ അവസരം വളരെ നിഷേധാത്മകമായി ഉപയോഗിക്കുന്നത് കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ സൂചിപ്പിച്ചപോലെ നിര്‍ഭാഗ്യവശാല്‍ ഒരു മതത്തോടും പ്രത്യേക താല്‍പര്യമില്ലെന്ന് പറയുന്ന യുക്തിവാദികള്‍ തന്നെ. വര്‍ഗീയവാദികള്‍ പ്രത്യേകം പോസ്റ്റ് ഇടേണ്ട കാര്യമില്ല. പല പേരുകളില്‍ അവര്‍ തങ്ങളുടെ മനസ്സിലെ വര്‍ഗീയത മുഴുവന്‍ പുറത്തെടുക്കുന്നു. മേല്‍ പറയപ്പെട്ട കമന്റ് പോലെ. അതില്‍ പ്രകോപനവും തങ്ങളുടെ അജ്ഞതയും മാത്രമല്ല. പരമാവധി ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. കൈവെട്ട് ഇസ്‌ലാമിക ഭരണത്തിന് വെമ്പല്‍കൊള്ളുന്നവരുടെ ശൈലി എന്നാണ് അഭ്യന്തരമന്തി തന്നെ കേരള ജനതക്ക് നല്‍കുന്ന സന്ദേശം. മുഴുവന്‍ ഇസ്‌ലാമിക സംഘടനകളും ഇസ്‌ലാമുമായി അതിന് ബന്ധമില്ല എന്ന് പറഞ്ഞിട്ടും. അദ്ദേഹം അംഗീകരിക്കാന്‍ തയ്യാറല്ല. അദ്ദേഹത്തിന് മറ്റു മതനിഷേധികളെപ്പോലെത്തന്നെ  ഇത് പറയുമ്പോള്‍ അദ്ദേഹത്തെ ഭരിക്കുന്നത് വിവേകമോ വിജ്ഞാനമോ അല്ല താല്‍കാലികതാല്‍പര്യങ്ങളുടെ പേരിലുള്ള അവിവേകമാണ്. കൈവെട്ടിയവരോ അതിന്റെ പേരില്‍ പിടിക്കപ്പെട്ടവരോ ഇസ്‌ലാമിക ഭരണവ്യവസ്ഥയെക്കുറിച്ച് സംസാരിക്കുന്നവരോ അത് തങ്ങങ്ങളുടെ പ്രവര്‍ത്തനത്തിന്റെ ഉന്നമായോ പറയുന്നത് ശ്രദ്ധയില്‍ പെട്ടിട്ടില്ല. അത്തരമൊരു സംസാരം നടത്തുന്ന സംഘടന രക്തദാനം നല്‍കിയാണ് ഇതിനോട് പ്രതികരിച്ചിട്ടുള്ളത് എന്നിരിക്കെ അഭ്യന്തരമന്തിയുടെ പ്രസ്താവനയിലെ വൈരുദ്ധ്യം പ്രകടമാണ്.

യുക്തിവാദികള്‍ ഇവിടെ ഒരു സമാധാനദുതന്റെ കുപ്പായമണിയുകയാണ്. അതിന് വേണ്ടി എല്ലായ്‌പോഴും ആക്രമണം ഇസ്‌ലാമിനെതിരെയാണെങ്കില്‍ അതിനെ നിസ്സാരവല്‍കരിച്ചും. നിഷേധിച്ചുമാണ് പ്രസ്താവന ഇറക്കാറുള്ളത്. മതത്തെ വിമര്‍ശിക്കാനുള്ള കുത്തക തങ്ങളുടെതാണ് എന്നാണ് നാട്യം. മാന്യമായ വിമര്‍ശനത്തെയും നിരൂപണത്തെയും ചൂണ്ടി ഇതര മതസ്ഥരെ പ്രകോപിക്കുന്ന ധാരാളം പോസ്റ്റുകളും കമന്റുകളും നല്‍കി കൊണ്ടിരിക്കുന്നു. ഇവിടെ അധ്യാപകന് ഒരു തെറ്റും സംഭവിച്ചിട്ടില്ല എന്ന് വരുത്തിതീര്‍ക്കുന്നത് സമാധാനപ്രിയരായതുകൊണ്ടാണ് എന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്. കാരണം ഇവരുടെ കാഴ്ചപ്പാടില്‍ അക്ബര്‍ മഹാകുറ്റവാളിയാണ്. അദ്ദേഹത്തെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്ന് നിരന്തരം ചോദിക്കുകയും ചെയ്യുന്നു. എന്നാല്‍ അക്ബര്‍ മാന്യമായ സംവാദമാണ് എന്നത് പ്രശ്‌നമല്ല. ഇവിടെ അക്ബറിന്റെ സംവാദ ശൈലിയോട് വിയോജിച്ചുകൊണ്ടുതന്നെ പറയട്ടെ. അദ്ദേഹം ആരുടെയെങ്കിലും ബഹുമാനിക്കപ്പെടുന്നവരെ അവമതിച്ചു എന്ന് എനിക്ക് തോന്നിയിട്ടില്ല. വസ്തുതകളെ വസ്തുതകളായി കണ്ടാണ് പരിഹാരം നിര്‍ദ്ദേശിക്കേണ്ടത്. കണ്ണടച്ചാല്‍ ഇരുട്ടാവില്ല എന്ന് യുക്തിവാദികള്‍ മനസ്സിലാക്കണം. അത് പ്രശ്‌ന പരിഹാരത്തിന് ഉതകുന്നതുമല്ല. പ്രകോപനം ഏത് ഭാഗത്ത് നിന്നുണ്ടായാലും അതിനെതിരെ ശക്തമായി പ്രതികരിക്കുക എന്നത് മനസ്സിലാക്കാന്‍ കഴിയും. എന്നാല്‍ എല്ലാഴ്‌പോഴും കുറ്റവാളികള്‍ ഒരു മതവിഭാഗത്തില്‍നിന്ന് തന്നെ എന്ന മുന്‍ധാരണയും അതനുസരിച്ചുള്ള പ്രതികരണങ്ങളും സമാധാന പാലനത്തിന് സഹായകമായ പ്രവര്‍ത്തനമല്ല.

മുകളില്‍ നല്‍കപ്പെട്ട കമന്റിലേക്ക് തിരിച്ചു പോകാം. അതിലെ മറ്റു പരാമര്‍ശങ്ങളെ അവഗണിച്ച് ആ സഹോദരന്‍ മനപ്പൂര്‍വം തെറ്റിദ്ധരിപ്പിച്ചതല്ല എന്ന ഗുണകാംക്ഷപരമായ മനോഭാവം നിലനിര്‍ത്തി പ്രസ്തുത കമന്റിലെ ഒരു വിഷയത്തെക്കുറിച്ച് ഇവിടെ ഒരു വിശദീകരണം നല്‍കുകയാണ്. യഥാര്‍ഥത്തില്‍ ഇസ്‌ലാമിന്റെ ശക്തി അതിലാണ്. ആര്‍ എന്തൊക്കെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചാലും അതിനെ ഗൗരവപൂര്‍വം പഠിക്കാന്‍ ശ്രമിക്കുന്നവര്‍ ഇക്കാലമത്രയും അത്യത്ഭുതകരമായ അതിന്റെ നിയമനിര്‍ദ്ദേശങ്ങശ്ക്ക് മുമ്പില്‍ തലകുനിച്ചിട്ടുണ്ട്. ഇസ്‌ലാമിലെ ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട പദങ്ങളിലൊന്നാണ് ജിസ്യ. ഇസ്‌ലാമിക ഭരണകൂടം നിലവില്‍ വന്നുകഴിഞ്ഞാല്‍ മുസ്‌ലിംകളല്ലാത്തവര്‍ക്ക് ഏര്‍പ്പെടുത്തുന്ന മതനികുതി എന്നാണ് അതിന് നിര്‍വചനമായി മുസ്‌ലികളല്ലാത്തവര്‍ മനസ്സിലാക്കിയിട്ടുള്ളത്.

എന്നാല്‍ എന്താണ ജിസ് യ യുടെ യഥാര്‍ഥ വ്യാഖ്യാനം.

ഇസ്‌ലാമിക ഭരണകൂടവുമായി യുദ്ധത്തിലേര്‍പ്പെടുന്നവരില്‍ അവസാനനിമിഷം വരെ അതില്‍ തുടരുകയും അതിജയിക്കപ്പെടുകയുമാണെങ്കില്‍ ലോകത്തുള്ള മറ്റേത് വ്യവസ്ഥയെയും പോലെ അവരിലെ ആയുധമെടുത്ത എല്ലാ പുരുഷന്‍മാരെയും വധിക്കാന്‍ ഇസ്‌ലാമിക സൈന്യത്തിനും അവകാശമുണ്ട്. എന്നാല്‍ ഇസ്‌ലാം മുന്‍ഗണനനല്‍കുന്നത്. അവരെ സുരക്ഷിത പ്രജകളാക്കുകയും യുദ്ധത്തിന് മുമ്പുണ്ടായിരുന്ന അവസ്ഥയില്‍ അവരെ ജീവിക്കാന്‍ വിടുകയും ചെയ്യുന്നതിനാണ്. എന്നാല്‍ പ്രവാചകന്റെ കാലത്തെ പൊതുസമ്പ്രദായം ഇതിനെതിരായിരുന്നു. കീഴടങ്ങുന്നവരെ ഉന്‍മൂലനം ചെയ്യുന്നതിലായിരുന്നു അന്നത്തെ പൊതുമനസ്സുണ്ടായിരുന്നത്. ഈ പൊതുമാനസികാവസ്ഥയെ പെട്ടെന്ന് മാറ്റുക പ്രയാസമാണ്. കാലത്തിന്റെ ചൈതന്യത്തോട് യുദ്ധം ചെയ്യുന്നത് അതിന്റെ സംസ്‌കരണ രീതിക്ക് എതിരാണ്. അതിനാല്‍ പ്രത്യക്ഷത്തില്‍ അതിനെ നിലനിര്‍ത്തുകയും ആ അനുവാദത്തെ പ്രയോജനപ്പെടുത്താന്‍ താല്‍പര്യപ്പെടാത്തവിധം പ്രവാചകന്റെയും അവിടുത്തെ അനുചരന്‍മാരുടെയും മാര്‍ഗദര്‍ശനത്തിലുടെ മുസ്‌ലിംകളില്‍ ഹൃദയവിശാലതയും ഉദാരതയുടെയും ചൈതന്യം സന്നിവേശിപ്പിക്കപ്പെട്ടു. അതിലൂടെ പഴയ ഉന്‍മൂലന സമ്പ്രദായത്തെ പ്രയോഗത്തില്‍ ദുര്‍ബലപ്പെടുത്തുകയായിരുന്നു. ഇസ്‌ലാമിക ചരിത്രത്തില്‍ ഒരൊറ്റ സന്ദര്‍ഭത്തില്‍ മാത്രമാണ് ഇതിനപവാദമായി ഉള്ളത്. ബാക്കിസന്ദര്‍ഭത്തിലെല്ലാം അവരെ സംരക്ഷിതപ്രജകളായി (ദിമ്മികളായി) നിലനിര്‍ത്തി. ചരിത്രത്തിലെ ഗതിവിഗതി മാറ്റിയ മനുഷ്യത്വപരമായ പരിഷ്‌കാരമായിരുന്നു. ഉന്‍മൂലനത്തിനിരയാക്കേണ്ടുന്ന ഒരു വിഭാഗത്തെ നേരിയ ഒരു പ്രതിഫലത്തിന് പകരം ഇസ്‌ലാമിക ഭരണകൂടം സര്‍വ സുരക്ഷയും നല്‍കി ജീവിക്കാന്‍ വിട്ടുക എന്ന തത്വം ഉള്‍കൊള്ളുന്ന സംരക്ഷിത പ്രജയാക്കല്‍. അഥവാ ദിമ്മിയാക്കല്‍. അവര്‍ നല്‍കേണ്ടുന്ന നാമമാത്ര നികുതിയാണ് ജിസ് യ.

ഇനി ഇത്തരത്തില്‍ സംരക്ഷിത പ്രജകളുടെ ഭരണഘനാപരമായ പദവി ചുരുക്കി വിവരിക്കാം:


1. ഭരണാധികാരി അവരില്‍നിന്നും ജിസ്യ സ്വീകരിക്കുന്നതോടെ ഏക്കാലത്തേക്കുമായി സംരക്ഷണകരാര്‍ നിലവില്‍വരും. അവരുടെ ധനവും ജീവനും സംരക്ഷിക്കാന്‍ മുസ്്‌ലിംകള്‍ ബാധ്യസ്ഥരാണ്. എന്തുകൊണ്ടെന്നാല്‍ ജിസ്യ സ്വീകരിക്കുന്നതോടെ ജീവന്റെയും ധനത്തിന്റെയും പവിത്രതയാണ് സ്ഥിരപ്പെടുന്നത്. അതിനുശേഷ അവരുടെ സമ്പത്തിനുമേല്‍ കൈവെക്കാനോ അവരെ അടിമകളാക്കാനോ മുസ്ലിംകള്‍ക്ക് ഒരവകാശവും ഉണ്ടായിരിക്കുന്നതല്ല. അവരില്‍നിന്ന് ജിസ്യ സ്വീകരിച്ചാല്‍ പിന്നെ അവരില്‍നിന്ന് ഒന്നും നിനക്കില്ല എന്ന് അബൂ ഉബൈദക്ക് ഉമര്‍ സ്പഷ്ടമായി എഴുതുകയുണ്ടായി.

2. ഉടമ്പടി നിലവില്‍വരുന്നതോടെ ഭൂമിയുടെ ഉടമാവകാശം അവര്‍ക്ക് തന്നെയായിരിക്കും. അതില്‍ കച്ചവടം, ദാനം, കടം, പണയം തുടങ്ങി എല്ലാ ക്രയവിക്രയങ്ങള്‍ക്കും അവര്‍ക്ക് അവകാശമുണ്ടായിരിക്കും. ഭരണകൂടത്തിന് അതില്‍ ഇടപെടാന്‍ ഒരവകാശവുമില്ല.

3. ജിസ്യയുടെ തോത് ഓരോരുത്തരുടെയും സാമ്പത്തികനില അനുസരിച്ചായിരിക്കും നിര്‍ണയിക്കപ്പെടുന്നത്. സമ്പന്നരില്‍നിന്ന് കൂടുതലും ശരാശരിക്കാരില്‍നിന്ന് കുറച്ചും ദരിദ്രരില്‍നിന്ന് അല്‍പമാത്രവും ഇടാക്കും. യാതൊരു വരുമാനവും ഇല്ലാതിരിക്കുകയും നിത്യവൃത്തിക്കുതന്നെ മറ്റുള്ളവരെ ആശ്രയിക്കുകയും ചെയ്യുന്ന പരമദരിദ്രരെ ജിസ്യയില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കിക്കൊടുക്കുകയും ചെയ്യും. ജിസ്യയായി നിര്‍ണിതമായ ഒരു സംഖ്യയും നിശ്ചയിച്ചിട്ടില്ല. പക്ഷെ അടക്കാന്‍ എളുപ്പമായത് മാത്രമേ നിശ്ചയിക്കാവൂ. രണ്ടാം ഖലീഫ ഉമര്‍ പണക്കാര്‍ക്ക് പ്രതിമാസം ഒരു ദിര്‍ഹമും ശരാശരിക്കാര്‍ക്ക് എട്ട് അണയും അധ്വാനിക്കുന്ന പാവപ്പെട്ടവര്‍ക്ക് നാലണയും ജിസ്യ നിശ്ചയിച്ചു.

4. യുദ്ധത്തില്‍ പങ്കെടുക്കാന്‍ ശേഷിയുള്ളവരുടെ മേല്‍ മാത്രമേ ജിസ്യ ചുമത്താന്‍ അനുവാദമുള്ളൂ. കുട്ടികള്‍ സ്ത്രീകള്‍, ഭ്രാന്തന്‍, അന്ധര്‍ അരാധനാലയങ്ങളിലെ സേവകര്‍, വൃദ്ധര്‍, സാധുക്കള്‍ , സന്യാസികള്‍ , അവശനിലയില്‍ കഴിയുന്ന രോഗികള്‍ , തുടങ്ങി യുദ്ധത്തില്‍ പങ്കെടുക്കാനാവാത്ത എല്ലാവരും ജിസ്യയില്‍നിന്ന് ഒഴിവാക്കപ്പെടുന്നു.

5. അവരുടെ പ്രദേശത്തെ ആരാധനാലയങ്ങള്‍ ഉപയോഗിക്കാന്‍ അവര്‍ക്കല്ലാതെ അവകാശമുണ്ടായിരിക്കുന്നതല്ല. പൗരാണിക ആരാധനാലയങ്ങളും സ്മരകങ്ങളും തകര്‍ക്കുന്നത് ആരുടേതായാലും ഒരു നിലക്കും അനുവദനീയമല്ല.

6. അവരുടെ രക്തം പവിത്രമാണ്. കൊലപാതകത്തിന്റെയോ പ്രതിക്രിയയുടെയോ കാര്യത്തില്‍ ഒരു വിവേചനവും പാടില്ല.

7. പൗരനിയമവും മുസ്‌ലിമിനും ദിമ്മിക്കും തുല്യമാണ്. ചീത്ത പറയുകയോ പരദൂഷണം പറയുകയോ ചെയ്യാവതല്ല.

8. ഉടമ്പടി വന്നതിന് ശേഷം മുസ്‌ലിംകള്‍ക്ക് സ്വാതന്ത്ര്യമില്ലെങ്കിലും അത് ദുര്‍ബലപ്പെടുത്താന്‍ സംരക്ഷിത പ്രജകള്‍ക്ക് സ്വാതന്ത്ര്യമുണ്ട്.

9. അവര്‍ എത്രകടുത്ത കുറ്റം ചെയ്താലും അവരുടെ സംരക്ഷിത പ്രജ എന്ന നിലക്കുള്ള അവകാശം റദ്ദ് ചെയ്യപ്പെടുകയില്ല.

10. പുതിയ ആരാധനാലയങ്ങള്‍ പണിയാന്‍ അവര്‍ക്കനുവാദമുണ്ടായിരിക്കും.

11. അടക്കാതെ മരണപ്പെട്ടാല്‍ അവരുടെ സ്വത്തില്‍നിന്നോ അവരുടെ അനന്തരാവകാശികളുടെ സ്വത്തില്‍നിന്നോ ഇടാക്കാവതല്ല.

12. സൈനിക സേവനത്തില്‍നിന്ന് ഒഴിവാക്കപ്പെട്ടിട്ടുള്ളതിനാല്‍ അവരുടെ സംരക്ഷണം കൂടി മുസ്‌ലിം പടയാളികളുടെ ചുമതലയാണ്.

എന്നാലും സ്വന്തം രാജ്യത്തിലെ പ്രജകളെ രണ്ടായികാണുന്ന ശൈലി ക്രൂരമാണ് എന്ന് പറയുന്നവര്‍ വീണ്ടും മറവിക്കടിമപ്പെട്ടവരോ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നവരോ ആണ്. കാരണം ആധുനികമായ കാലത്ത് കാണപ്പെടുന്നത് പോലുള്ള ഒരു രാജ്യത്തിലെ വിവിധ മതവിഭാഗങ്ങളില്‍ ചുമത്തുന്ന മതനികുതിയല്ല ജിസ്യ. മറിച്ച് ഇസ്്‌ലാമിക ഭരണകൂടവുമായി യുദ്ധത്തിലേര്‍പ്പെട്ടവര്‍ക്ക് അവരെ ഉന്‍മൂലനം ചെയ്യുന്നതിന് പകരമായി ഇസ്‌ലാം വെച്ച നീതിയിലധിഷ്ഠിതമായ പുരോഗമനപരമായ ഒരു നിയമത്തിന്റെ ഭാഗമാണ് അത്. ഇക്കാലത്ത് അവ പരാമര്‍ശവിഷയം പോലുമല്ല. എങ്കിലും അത് എന്താണ് എന്നറിയാതെ മേല്‍പറഞ്ഞത് പോലെ മനസ്സിലാക്കി വിദ്വേഷം വമിപ്പിക്കാതിരിക്കാന്‍ ഈ അറിവ് സഹായകമായെങ്കില്‍ എന്ന് വിചാരിച്ചാണ് ഇതിവിടെ നല്‍കിയത്.

(ഹദീസ് ഗ്രന്ഥങ്ങള്‍, കിതാബുല്‍ ഖറാജ്, ഫുതൂഹുല്‍ ബുല്‍ദാന്‍ തുടങ്ങിയ ഗ്രന്ഥങ്ങളിലൊക്കെ ഇവ കൂടുതല്‍ വിശദമായി വായിക്കാവുന്നതാണ്. മൗലാനാ മൗദൂദി അല്‍ജിഹാദു ഫില്‍ ഇസ്‌ലാമില്‍
പരിഷ്‌കൃത യുദ്ധനിയമം എന്ന അദ്ധ്യായത്തില്‍ 46 പേജുകളിലായി ഈ വിഷയം വ്യക്തമാക്കിയിട്ടുണ്ട്.)

2010 ജൂലൈ 17, ശനിയാഴ്‌ച

കൈവെട്ടിലെയും രക്തദാനത്തിലെയും ഇസ്ലാമികത

തൊടുപുഴ അധ്യാപകന്റെ കൈവെട്ടിയ ദിവസം തന്നെ ഒരു വിഭാഗം  ആ അധ്യാപകന്റെ ശസ്ത്രക്രിയക്ക് വേണ്ടി 9 കുപ്പി രക്തം നല്‍കുകയുണ്ടായി . ഇസ്‌ലാമിനെയും പ്രവാചകനെയും താറടിപ്പിക്കുന്ന വിധം ഒരു വിഭാഗത്തിന്റെ പ്രവര്‍ത്തനമുണ്ടായപ്പോള്‍ അതിനെതിരെ പ്രാവര്‍ത്തികമായി യഥാര്‍ഥ ഇസ്‌ലാമിന്റെ വശം കാണിച്ചുകൊടുക്കുകയായിരുന്നു അതുകൊണ്ട് അവര്‍ ലക്ഷ്യം വെച്ചത്. അപ്പോള്‍ അത് ചെയ്യാതെ വാക്കുകൊണ്ട് കൈവെട്ടു സംഭവത്തെ അപലപിക്കുന്നതില്‍ മാത്രം പരിമിതപ്പെടുത്തിയാല്‍ അതിന് പ്രത്യേകിച്ച് വിലയൊന്നുമില്ല. കാരണം കുറ്റാരോപിതമായ സംഘടനതന്നെ പരസ്യമായി അതിനെ ന്യായീകരിക്കാന്‍ ധൈര്യപ്പെട്ടിട്ടില്ല. പ്രധാന കാരണം ഇസ്‌ലാമികമായി അത് ന്യായീകരിക്കത്തക്കതല്ല അതെന്ന് അവര്‍ക്ക് തന്നെ ഉറപ്പുണ്ട്. എങ്കിലും ഒളിഞ്ഞു തെളിഞ്ഞും അതില്‍ കുറ്റാരോപിതമായ സംഘടനയില്‍ പെട്ടവര്‍ രക്തം നല്‍കിയതിനെതിരെ പ്രതികരിക്കുന്നുണ്ട്. അവര്‍ക്ക് വേണ്ടിയല്ല ഇവിടെ ചില കാര്യങ്ങള്‍ അതുമായി ബന്ധപ്പെട്ട് പറയാനുദ്ദേശിക്കുന്നത്. മറിച്ച് കൈവെട്ടിയത് ഇസ്‌ലാമികമാണെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത് യുക്തിവാദികള്‍ മാത്രമമാണ്. രക്തം നല്‍കിയത് പ്രശസ്തിക്ക് വേണ്ടിയും അവര്‍ ജല്‍പിക്കുന്നു. എന്നാല്‍ രക്തം നല്‍കിയത് ഇസ്‌ലാമികവും കൈവെട്ടിയത് അനിസ്ലാമികവും ജനശ്രദ്ധ ആകര്‍ഷിക്കാനും എന്ന നിലപാട് പങ്കുവെക്കുന്നവരുടെ കൂട്ടത്തിലാണ് ഞാനുള്ളത്. ഇത്തരുണത്തില്‍ ഈ രണ്ട് സംഭവങ്ങളും ഇസ്‌ലാമിക വെളിച്ചത്തില്‍ പരിശോധിക്കുന്ന ഒരു ലേഖനത്തിന്റെ പ്രസക്തഭാഗങ്ങള്‍ ഇവിടെ നല്‍കുകയാണ്. 2010 ജൂലൈ 17 ലെ പ്രബോധനത്തിലാണ് പ്രസ്തുത ലേഖനമുള്ളത്. തുടര്‍ന്ന് വായിക്കുക:

{{{ ന്യൂമാന്‍സ് കോളേജ് അധ്യാപകന്‍ ജോസഫ് ചെയ്ത തെറ്റ് പ്രവാചകന്റെ കാലത്തായിരുന്നുവെങ്കില്‍ പ്രവാചകന്റെ പ്രതികരണം എന്താകുമായിരുന്നു? പ്രവാചകജീവിതത്തില്‍ നിന്നുതന്നെ ഇതിനുത്തരം ലഭിക്കും. ഹിജ്‌റ അഞ്ചാംവര്‍ഷം മക്ക കടുത്ത ക്ഷാമത്തിനടിപ്പെട്ടു. പണക്കാര്‍ പോലും പട്ടിണിയുടെ പിടിയിലമര്‍ന്നു. ആഹാര സാധനങ്ങള്‍ കിട്ടാതായി. അപ്പോള്‍ മക്കയിലുണ്ടായിരുന്നവരെല്ലാം പ്രവാചകന്റെ കഠിനശത്രുക്കളായിരുന്നു. പ്രവാചകന്റെ ശരീരത്തില്‍ ഒട്ടകത്തിന്റെ അളിഞ്ഞ അവശിഷ്ടം കൊണ്ടിട്ടവര്‍, സാമൂഹിക ബഹിഷ്‌കരണത്തിലൂടെ ഒറ്റപ്പെടുത്തി പട്ടിണിക്കിട്ടവര്‍, നാട്ടില്‍നിന്ന് ആട്ടിയോടിച്ചവര്‍, നാടുവിട്ടിട്ടും സൈ്വരം കൊടുക്കാതെ ബദ്ര്‍-ഉഹുദ്-അഹ്‌സാബ്....... യുദ്ധങ്ങള്‍ നടത്തിയവര്‍, പ്രവാചകന്റെ പല്ല് അമ്പെയ്ത് പൊട്ടിച്ചവര്‍, അദ്ദേഹത്തിന്റെ പിതൃവ്യന്‍ ഉള്‍പ്പെടെ ഒട്ടേറെ ബന്ധുക്കളെയും അനുയായികളെയും കൊന്നൊടുക്കിയവര്‍. എന്നിട്ടും മക്കയിലെ എതിരാളികള്‍ ദാരിദ്ര്യത്താല്‍ ദുരിതത്തിലകപ്പെട്ടപ്പോള്‍ പ്രവാചകന്റെ മനസ്സലിഞ്ഞു. അവരുടെ പ്രയാസം അദ്ദേഹത്തെ ഒട്ടും സന്തോഷിപ്പിച്ചില്ല. നബി(സ) തന്റെ അനുയായികളോട് വീടുകളിലുള്ള ധാന്യം കൊണ്ടുവരാന്‍ കല്‍പിച്ചു. അവിടുന്ന് അതൊക്കെയും ശേഖരിച്ച് അംറുബ്‌നു ഉമയ്യ വശം മക്കയിലേക്ക് കൊടുത്തയച്ചു. അദ്ദേഹം അത് കൈമാറിയത് ശത്രുക്കളുടെ നേതാവായിരുന്ന അബൂസുഫ്‌യാനാണ്. അബൂസുഫ്‌യാന്‍ അത് വാങ്ങി വിതരണം ചെയ്തു. 

പ്രവാചകത്വത്തിന്റെ പത്താംവര്‍ഷം നബി(സ)യുടെ പരിരക്ഷണം ഏറ്റെടുത്തിരുന്ന പിതൃവ്യന്‍ അബൂത്വാലിബും പ്രിയപത്‌നി ഖദീജയും മരണമടഞ്ഞു. അതോടെ മക്കയില്‍ ജീവിതം ദുസ്സഹമായി. അതിനാല്‍ മക്കയുടെ അടുത്ത പ്രദേശമായ ത്വാഇഫില്‍ അഭയം തേടാന്‍ തീരുമാനിച്ചു. അദ്ദേഹം സൈദുബ്‌നു ഹാരിസിനോടൊപ്പം അവിടെയെത്തി. എന്നാല്‍ അന്നാട്ടുകാര്‍ പ്രവാചകന് അഭയം നല്‍കിയില്ലെന്നു മാത്രമല്ല, രൂക്ഷമായി ആക്ഷേപിക്കുകയും ശകാരിക്കുകയും പരിഹസിക്കുകയും ചെയ്തു. അന്ന് പ്രവാചകന്റെ നേരെ വന്ന കല്ലുകള്‍ സൈദുബ്‌നു ഹാരിസ് സ്വന്തം കൈകള്‍കൊണ്ട് തടുക്കുകയായിരുന്നു. അഭയം നിഷേധിച്ച സാഹചര്യത്തില്‍ താനിവിടെ വന്ന വിവരം മക്കയിലെ ശത്രുക്കളെ അറിയിക്കരുതെന്ന് നബി(സ) അവരോടാവശ്യപ്പെട്ടു. അതും അവരംഗീകരിച്ചില്ല. ഉടനെ അവര്‍ മക്കാനിവാസികളെ വിവരമറിയിച്ചു. അതോടൊപ്പം കുട്ടികളെ വിട്ട് തെറിവിളിപ്പിക്കുകയും ചെയ്തു. മുറിവേറ്റ ശരീരവും മനസ്സുമായി ത്വാഇഫിനോട് വിട പറഞ്ഞ പ്രവാചകനോട് അവര്‍ക്കെതിരെ ശിക്ഷാനടപടിക്ക് അനുവാദം ചോദിച്ചപ്പോള്‍ അതനുവദിച്ചില്ല. അതോടൊപ്പം അവര്‍ക്കായി ഇങ്ങനെ പ്രാര്‍ഥിക്കുകയും ചെയ്തു: ''അല്ലാഹുവേ, എന്റെ ജനതയെ നീ നേര്‍വഴിയില്‍ നയിക്കേണമേ, അവര്‍ക്ക് നീ മാപ്പേകണമേ; അവര്‍ അറിവില്ലാത്ത ജനമാണ്.'' ഇവ്വിധം ദ്രോഹിച്ചവര്‍ക്ക് മാപ്പ് നല്‍കുകയും അവര്‍ക്കായി പ്രാര്‍ഥിക്കുകയും ചെയ്ത പ്രവാചകന്‍ ഉറങ്ങിക്കിടന്നിരുന്ന തന്നെ തന്റെ വാളെടുത്ത് കൊല്ലാനൊരുങ്ങിയ ഗൗറസ് ബ്‌നു ഹാരിസിന് മാപ്പുകൊടുത്ത സംഭവം സുവിദിതമാണ്. അതുസംബന്ധിച്ച വള്ളത്തോളിന്റെ വിഖ്യാതമായ കവിത മലയാളികള്‍ക്ക് സുപരിചതവുമാണ്.

മുഹമ്മദ് നബിയുടെ എതിരാളികളുടെ നേതാവായിരുന്നു അബൂ സുഫ്‌യാന്‍. മക്കയില്‍ പ്രവാചകനും അനുയായികള്‍ക്കുമെതിരെ നടന്ന അക്രമമര്‍ദനങ്ങളില്‍ മിക്കതിനും നേതൃത്വം നല്‍കിയവരില്‍ ഒരാള്‍ അദ്ദേഹമാണ്. നബി(സ)ക്ക് നാടുവിടേണ്ടിവന്നതിലും അദ്ദേഹത്തിന് പങ്കുണ്ട്. മദീനയിലെത്തിയശേഷം പ്രവാചകനെതിരെ നടന്ന യുദ്ധങ്ങളിലേറെയും സംഘടിപ്പിച്ചത് അദ്ദേഹവും കൂട്ടാളികളുമാണ്. അബൂസുഫ്‌യാനെപ്പോലെത്തന്നെ പ്രവാചകനെ കഠിനമായി ദ്രോഹിച്ചയാളാണ് അബ്ദുല്ലാഹിബ്‌നു ഉമയ്യ. അവരെ സംബന്ധിച്ച് നബി(സ) പറഞ്ഞു: ''അബൂസുഫ്‌യാനില്‍നിന്ന് ഞാന്‍ വളരെയേറെ ദ്രോഹം സഹിച്ചു. അബ്ദുല്ലാഹിബ്‌നു ഉമയ്യ എനിക്കെതിരെ മക്കയിലുടനീളം അപവാദം പ്രചരിപ്പിക്കുകയും ചെയ്തു.'' എന്നിട്ടും നബി(സ) ഇരുവര്‍ക്കും മാപ്പുനല്‍കി.

മക്കാനിവാസികള്‍ ഭക്ഷ്യധാന്യങ്ങള്‍ക്ക് മുഖ്യമായി ആശ്രയിച്ചിരുന്നത് യമാമ ദേശക്കാരെയാണ്. അവരുടെ നേതാവായ സുമാമതു ബ്‌നു ആഥാല്‍ ഇസ്‌ലാം സ്വീകരിച്ചു. അതോടെ അദ്ദേഹം, പ്രവാചകനെയും അനുചരന്മാരെയും കഠിനമായി പ്രയാസപ്പെടുത്തിക്കൊണ്ടിരുന്ന മക്കാ നിവാസികള്‍ക്ക് ഒരു മണിധാന്യവും നല്‍കരുതെന്ന് നാട്ടുകാരോട് നിര്‍ദേശിച്ചു. അതോടെ പ്രയാസത്തിലകപ്പെട്ട മക്കക്കാര്‍ സുമാമയുടെ നിലപാട് മാറ്റാന്‍ പല ശ്രമങ്ങളും നടത്തി. ഒന്നും വിജയിച്ചില്ല. മുഹമ്മദ് നബി(സ) ആവശ്യപ്പെട്ടാലല്ലാതെ അദ്ദേഹം വഴങ്ങുകയില്ലെന്ന് ബോധ്യമായ മക്കക്കാര്‍ പ്രവാചകന് കത്തെഴുതി: ''ഞങ്ങള്‍ക്ക് ഭക്ഷ്യധാന്യം നല്‍കുന്നത് നിരോധിച്ചു കൊണ്ട് യമാമക്കാരോട് സുമാമ നല്‍കിയ നിര്‍ദേശം പിന്‍വലിക്കാനാവശ്യപ്പെട്ടാലും. ഈ പ്രയാസത്തില്‍നിന്ന് ഞങ്ങളെ രക്ഷിക്കണം.'' കത്ത് വായിച്ച നബി(സ) സുമാമക്ക് അയച്ച കത്തിലിങ്ങനെ കുറിച്ചിട്ടു: ''ദൈവം തന്നെ തള്ളിപ്പറയുന്നവരോടും തന്നില്‍ പങ്കുചേര്‍ക്കുന്നവരോടും കരുണകാണിക്കുന്നവനാണ്. നാമും ഉള്‍ക്കൊള്ളേണ്ടത് അതാണ്. അതിനാല്‍ മക്കയിലേക്കുള്ള ധാന്യക്കടത്ത് നിര്‍ത്തരുത്.''

മദീനയിലെ ജൂതനേതാവായിരുന്ന സലാമുബ്‌നു മിശ്കമിന്റെ ഭാര്യ സൈനബ് പ്രവാചകന് വിഷം കലര്‍ത്തിയ മാംസം നല്‍കി. പ്രവാചകന് ഈ ഹീന വൃത്തി മനസ്സിലായിട്ടും അവര്‍ക്ക് മാപ്പ് നല്‍കുകയാണുണ്ടായത്.

സ്വഫ്‌വാനുബ്‌നു ഉമയ്യ, ഉമൈറുബ്‌നു വഹബ് തുടങ്ങി ഇരുപതു വര്‍ഷത്തോളം തന്നെ ദ്രോഹിച്ച കൊടിയ ശത്രുക്കള്‍ക്കു പോലും മാപ്പു നല്‍കിയ പ്രവാചകന്‍ മക്കാ വിജയവേളയില്‍ സ്വീകരിച്ച ഉദാരമായ സമീപനത്തിന് ചരിത്രത്തില്‍ തുല്യതയില്ല. പ്രവാചകത്വ ലബ്ധി മുതല്‍ അന്നോളം തന്നെ നിരന്തരം ഉപദ്രവിച്ചു കൊണ്ടിരുന്ന തീരെ സൈ്വരം തരാതെ കഷ്ടപ്പെടുത്തിക്കൊണ്ടിരുന്ന, മുഴുവന്‍ എതിരാളികളെയും അദ്ദേഹത്തിന്റെ മുമ്പില്‍ ബന്ദികളാക്കി കൊണ്ടുവന്നു. വിവരണാതീതമായ അതിക്രമങ്ങളും കൊലകളും യുദ്ധങ്ങളും നടത്തിയവരായിരുന്നു അവര്‍. എന്നിട്ടും നബി(സ) അവര്‍ക്ക് മാപ്പേകി. പ്രവാചകന്‍ പ്രഖ്യാപിച്ചു: ''ഇന്ന് നിങ്ങള്‍ക്കെതിരെ പ്രതികാരമില്ല. നിങ്ങള്‍ക്കു പോകാം. നിങ്ങളെല്ലാം സ്വതന്ത്രരാണ്.''

ജീവിതത്തിലുടനീളം വിട്ടുവീഴ്ചയുടെയും മാപ്പിന്റെയും മാര്‍ഗമവലംബിച്ച പ്രവാചകന്‍ കഅ്ബ്ബുനു അശ്‌റഫിനെ കൊല്ലാന്‍ കല്‍പിച്ച കാര്യം എടുത്തുകാണിച്ചാണ് ടി.ജെ ജോസഫിന്റെ കൈവെട്ടിമാറ്റിയതിനെ ഇ-മെയിലിലൂടെയും ടെലഫോണ്‍ സന്ദേശങ്ങളിലൂടെയും ചിലര്‍ ന്യായീകരിക്കുന്നത്. എന്നാല്‍ കഅ്ബുബ്‌നു അശ്‌റഫിന്റെ സംഭവം തീര്‍ത്തും വ്യത്യസ്തമാണ്. മദീനയിലെ ഒരു യഹൂദ പണ്ഡിതനായിരുന്നു കഅ്ബ്. ഇസ്‌ലാമിക രാഷ്ട്രത്തിന്റെ വിജയവും വളര്‍ച്ചയും അയാളെ അത്യധികം അസൂയാലുവും അസ്വസ്ഥനുമാക്കി. ബദ്ര്‍ യുദ്ധത്തില്‍ മുസ്‌ലിംകള്‍ വിജയിച്ചതോടെ അയാളുടെ ശത്രുത പതിന്മടങ്ങ് വര്‍ധിച്ചു. അതിനാല്‍ മക്കയില്‍ പോയി ഇസ്‌ലാമിന്റെ ശത്രുക്കളെ കണ്ട് പ്രവാചകന്നും മദീനയിലെ ഇസ്‌ലാമിക രാഷ്ട്രത്തിനുമെതിരെ യുദ്ധം ചെയ്യാന്‍ നിരന്തരം പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ബദ്‌റില്‍ വധിക്കപ്പെട്ടവരുടെ ബന്ധുക്കളെ കണ്ട് പാട്ടുപാടി പ്രവാചകനെതിരെ അവരില്‍ പ്രതികാരവാഞ്ഛ ഉണര്‍ത്തി. തുടര്‍ന്ന് മദീനയിലേക്ക് മടങ്ങി മുസ്‌ലിംകള്‍ക്കും നബിതിരുമേനിക്കുമെതിരെ പ്രചാരണങ്ങള്‍ നടത്തി. കുലീനകളായ സ്ത്രീകളുടെ പേരില്‍ ശൃംഗാര കവിതകള്‍ ചൊല്ലി അവരെ അപമാനിച്ചു. ഇങ്ങനെ വ്യക്തമായ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരുന്ന കഅ്ബുബ്‌നു അശ്‌റഫ് രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷക്കും ഭദ്രതക്കും സമാധാനത്തിനും ഭീഷണിയായി. അപ്പോള്‍ ഭരണാധികാരിയെന്ന നിലയില്‍ നബി(സ) അയാളെ കുഴപ്പക്കാരനായി പ്രഖ്യാപിച്ചു. തന്ത്രപൂര്‍വം അയാളുടെ കഥകഴിച്ച് സമൂഹത്തെ രക്ഷിക്കാന്‍ മുന്നോട്ടുവന്ന മുഹമ്മദ്ബ്‌നു മസ്‌ലമക്കും കൂട്ടുകാര്‍ക്കും നബി(സ) അതിനനുമതി നല്‍കുകയാണുണ്ടായത്.

എന്നാല്‍ ഇവിടെ കൈവെട്ടാന്‍ ഒരു ഭരണാധികാരിയും ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. മാത്രമല്ല, ടി.ജെ ജോസഫും അദ്ദേഹത്തിന്റെ മതമേലധ്യക്ഷന്മാരും സംഭവത്തില്‍ മാപ്പു ചോദിച്ചിട്ടുണ്ട്. ന്യൂമാന്‍ കോളേജ് അധികൃതര്‍ അദ്ദേഹത്തെ ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സര്‍ക്കാര്‍ കേസെടുക്കുകയും അറസ്റ്റ് ചെയ്ത് നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.  ന്യൂമാന്‍ കോളേജ് സംഭവത്തില്‍ രാജ്യത്തെ പത്രമാധ്യമങ്ങളും പൊതു സമൂഹവും മുസ്‌ലിംകളോടൊപ്പമായിരുന്നു. ഈ സാഹചര്യത്തില്‍ ജോസഫിന്റെ കൈകൊത്തിയ ക്രൂരകൃത്യം പ്രവാചക മാതൃകക്കും ഇസ്‌ലാമിക അധ്യാപനങ്ങള്‍ക്കും എതിരാണെന്നതുപോലെ തന്നെ, മുസ്‌ലിം സമുദായത്തിന് ചീത്തപ്പേരും ഏറെ ദോഷവും വരുത്തിവെച്ച പൈശാചിക വൃത്തിയുമാണ്. അത് പ്രവാചക സ്‌നേഹത്തിന്റെ പ്രകടനമോ ഇസ്‌ലാമികമോ അല്ല. ഇസ്‌ലാമിക വിരുദ്ധമായ ഹീനകൃത്യമാണ്. അതിനാലാണ് ദേശീയ തലത്തിലും സംസ്ഥാന തലത്തിലുമുള്ള മുസ്‌ലിം സംഘടനകളും നേതാക്കളും പണ്ഡിതന്മാരും അതിനെ ശക്തമായി വിമര്‍ശിച്ചതും അധിക്ഷേപിച്ചതും.
 
പ്രതികാരത്തേക്കാള്‍ മാപ്പിനു ഊന്നല്‍ നല്‍കിയ ഖുര്‍ആന്‍ പറയുന്നു: ''നന്മയും തിന്മയും തുല്യമാവുകയില്ല. തിന്മയെ ഏറ്റവും നല്ല നന്മകൊണ്ട് തടയുക. അപ്പോള്‍ നിന്നോട് ശത്രുതയില്‍ കഴിയുന്നവന്‍ ആത്മമിത്രത്തെപ്പോലെ ആയിത്തീരും. ക്ഷമ പാലിക്കുന്നവര്‍ക്കല്ലാതെ ഈ നിലവാരത്തിലെത്താനാവില്ല. മഹാഭാഗ്യവാനല്ലാതെ ഈ പദവി ലഭ്യമല്ല.'' (41:34,35).}}}

ഈ ലേഖനത്തില്‍നിന്നും പ്രവാചകാധ്യാപനങ്ങളില്‍നിന്ന് മുസ്‌ലിം സമൂഹം എന്താണ് മനസ്സിലാക്കുന്നത് എന്ന് വ്യക്തമായി അറിയാന്‍ കഴിയും. ആരെയെങ്കിലും ഭയപ്പെട്ടത് കൊണ്ടല്ല കൈവെട്ടിയത് ഇസ്‌ലാമികമല്ല എന്ന് പറയാന്‍ കാരണം. മറിച്ച് അതിന് മാതൃക ഇല്ലാത്തതുകൊണ്ടുതന്നെയാണ്.

2010 ജൂലൈ 14, ബുധനാഴ്‌ച

കൈവെട്ട് : കേരളം കത്തിക്കാന്‍ തീപെട്ടി നല്‍കുന്നവര്‍

അക്രമങ്ങളൊ കൊലപാതകങ്ങളോ കേരളത്തില്‍ ആദ്യമായി സംഭവിക്കുന്നതല്ല. ഭീകരമായ രക്തമുറയുന്ന ഒട്ടേറെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച അക്രമരാഷ്ട്രീയത്തിന്റെ പ്രതീകമായി തീര്‍ന്ന സ്ഥലങ്ങള്‍ വരെ കേരളത്തിലുണ്ട്. മനുഷ്യജീവന്‍ ആരുടെതായാലും അതിന് തുല്യവിലയാണ്. അക്രമത്തിനും കൊലക്കും രാഷ്ട്രീയമെന്നോ മതമെന്നോ വ്യത്യാസമില്ല. ശരീരരവേദനയും കൈകാലുകള്‍ നഷ്ടപ്പെട്ടാലുണ്ടാകുന്ന പ്രയാസവും ഏത് മനുഷ്യനും പൊതുവാണ്. എല്ലാ മനുഷ്യരും സമന്‍മാരാണ് ചില മനുഷ്യര്‍ കൂടുതല്‍ സമന്‍മാരാണ് എന്ന് പറയുന്നതിലെ വൈരുദ്ധ്യം  പോലെ എല്ലാ അക്രമങ്ങളും തുല്യമാണെങ്കിലും ചില അക്രമങ്ങള്‍ക്ക് പതിവില്‍ കവിഞ്ഞ പ്രാധാന്യം വരുന്നു. അത്തരത്തിലൊന്നാണ്. തൊടുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ സംഭവം. തീര്‍ത്തും അപലപനീയമായ ക്രൂരത. മതവുമായി അതിനെ ചേര്‍ത്ത് പറയാവുന്ന ഒന്നും ഞാന്‍ കണ്ടിട്ടില്ല. അതിനെ ന്യായീകരിക്കുന്നവരുമായി ചിലയിടങ്ങളില്‍ സംവാദത്തിലേര്‍പ്പെട്ടപ്പോള്‍. മതത്തിലുപരിയായി മറ്റുചിലതാണ് പ്രതികാരത്തിന് പ്രേരകം എന്ന് തോന്നി. അതേതായാലും നിയമപാലകര്‍ അന്വേഷണം നടത്തി പുറത്ത് കൊണ്ടുവരും എന്നാശിക്കാം. തല്‍കാലം ആ കൃത്യത്തില്‍ ഏര്‍പ്പെട്ടവര്‍ തങ്ങള്‍ മതത്തിന് വേണ്ടിത്തന്നെ ചെയ്തുവെന്ന് അണയിട്ടാലും അതില്‍ അത്ഭുതപ്പെടുന്നില്ല. ചില അല്‍പജ്ഞാനികളുടെ പിന്തുണയെങ്കിലും അവരതിലൂടെ നേടിയെടുക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി അത് പ്രതീക്ഷിക്കാവുന്നതാണ്. 

പക്ഷെ ഇസ്‌ലാം മതത്തില്‍ കുറച്ചെന്തെങ്കിലും പഠനം നടത്തിയവര്‍ക്കറിയാം മതവുമായി ആ അക്രമത്തെ കൂട്ടിചേര്‍ത്ത് പറയുന്നതിലെ ബുദ്ധിശൂന്യത. ഇവിടെ ഇത്തരമൊരു ചര്‍ചക്ക് തുടക്കമിടാന്‍ കാരണം ഏതാണ്ട് ഒരു വര്‍ഷത്തോളമായി മതവിഷയങ്ങള്‍ ചര്‍ചചെയ്തുകൊണ്ടിരിക്കുന്ന ഈ ബ്ലോഗിനെയും സമാനമായ ഇതര ബ്ലോഗുകളെയും അത് കൈകാര്യം ചെയ്യുന്നവരെയും അതില്‍ അനുകൂലിച്ച് അഭിപ്രായം പറയുന്നവരെയുമെല്ലാം. ഈ പ്രശ്‌നത്തിന്റെ പേരില്‍ പ്രതിസ്ഥാനത്ത് നിര്‍ത്താനുള്ള ശ്രമം മതനിഷേധ യുക്തിവാദി ബ്ലോഗുകളില്‍ നിരന്തരം ആവര്‍ത്തിക്കുകയാണ്. സത്യത്തോട് ഒരു പ്രതിബദ്ധതയും കാണിക്കാത്തവരെ പറ്റെ അവഗണിക്കുന്നു. എന്നാല്‍ പലകാരണത്താല്‍ അത്തരം വിഭാഗത്തില്‍ പെടുത്താന്‍ കഴിയാത്ത സുശീല്‍കുമാറിന്റെ ബ്ലോഗിലെ പരാമര്‍ശം ഞാനിവിടെ സാമ്പിളിനായി ചേര്‍ക്കുന്നു:

സുശീല്‍ കുമാര്‍ പി പി പറഞ്ഞു...

{{{ മത വിശ്വാസികളുടെ സഹിഷ്ണുതയും സ്നേഹവും മതത്തിന്റെയല്ല മറിച്ച് അവര്‍ ജീവിക്കുന്ന മത നിരപേക്ഷ സമൂഹത്തിന്റെ സംഭാവനയാണെന്നര്‍ത്ഥം

മത ഭീകരനെയും അവനെ സൃഷ്ടിക്കുന്നവനെയും പരതി മറ്റെവിടെയും പോകേണ്ടാതില്ല. ഉള്ളിന്റെയുള്ളിലെ സ്വത്വബോധത്തില്‍ അത് എവിടെയോ പതുങ്ങിയിരിക്കുന്നുണ്ടൊ എന്ന് ആത്മപരിശോധന നടത്തി നോക്കുക

മത ഭീകരത മതത്തിന്റെതന്നെ ഉല്പ്പന്നമാനെന്ന്‌ എല്ലാവര്‍ക്കുമറിയാം. മതത്തെ അതിന്റെ പാപഭാരത്തില്‍നിന്ന് കുറ്റവിമുക്തമാക്കാന്‍ പെടാപ്പാടു പെടുന്നവര്‍ക്ക് അത് മറ്റാരേക്കാളുമറിയാം. മത വിശ്വാസത്തില്‍ നിന്നും മത മൗലിക വാദത്തിലേക്കും അവിടെനിന്നും മത തീവ്രവാദത്തിലേക്കും, തുടര്‍ന്ന് മത ഭീകരവാദത്തിലേക്കും, വംശഹത്യയിലേക്കുമുള്ള ദൂരം വളരെ വളരെ കുറവാണ്‌.}}}

ഈ വിഷയത്തില്‍ അല്‍പം മാന്യമായി നടത്തപ്പെട്ടതും എന്നാല്‍ ഏറെ അപകടകരവുമായ പരാമര്‍ശമുള്ള അഭിപ്രായം എന്ന നിലക്കാണ് ഇത് തെരെഞ്ഞെടുത്തത്. ചരിത്രത്തിലെപ്പോഴൊക്കെ മതവിശ്വാസികള്‍ തമ്മില്‍ അസ്വാരസ്യമുണ്ടായപ്പോഴും മതത്തെ മൊത്തത്തില്‍ തള്ളിപ്പറയുന്നവര്‍ ആ അവസരം മുതലെടുത്തുകൊണ്ട്. തങ്ങളുടെ മതനിഷേധം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതിന്നും തുടരുന്നു.

ഈ കമന്റിന്റെ അവസാന ഭാഗത്ത് നല്‍കപ്പെട്ട പരാമര്‍ശം മതവിശ്വാസികളുടെ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. കേരളത്തില്‍ 95%ലധികവും ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുന്നവരാണ്. അവരെയൊക്കെ വംശഹത്യക്കൊരുങ്ങി നില്‍ക്കുന്ന ഒരു വിഭാഗമായി സങ്കല്‍പിക്കുന്നത് മനുഷ്യത്വവിരുദ്ധമാണ് എന്ന തിരിച്ചറിവെങ്കിലും യുക്തിവാദികള്‍ക്കുണ്ടാകണം. മതമുള്ളവനിലും ഇല്ലാത്തവനിലുമൊക്കെ മാനുഷിക വാസനകളേക്കാള്‍ മൃഗീയവാസനകള്‍ സ്വാധീനം ചെലുത്തുന്നവരും അക്രമത്തിലേക്ക് പെട്ടെന്ന് തിരിയുന്ന വികാരജീവികളുമുണ്ടാകും. വളരെ ന്യൂനപക്ഷമായ അവരെ കണ്ടെത്തി പരിഹാരം കാണിക്കുകയോ. അതുമല്ലെങ്കില്‍ അത്തരക്കാരെ ഒറ്റപ്പെടുത്തി മഹാഭൂരിപക്ഷം വരുന്ന സമാധാനപ്രിയരായ ആളുകളെ കുറ്റവിമുക്തമാക്കുകയോ ചെയ്യുന്നതിന് പകരം. കുറ്റവാളികള്‍ക്ക് പിന്തുണ നല്‍കുന്ന വാദമാണ് ഈ സാമാന്യവല്‍കരണം എന്ന് പറയാതെ വയ്യ. മതവിശ്വാസത്തില്‍ നിന്ന് വംശഹത്യയിലേക്കുള്ള ദൂരം ചുരുക്കികാണിച്ചത് ശ്രദ്ധിച്ചിരിക്കുമല്ലോ. എന്നാല്‍ ഇത്തരം അക്രമികളെ തടയുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നതും മതവിശ്വാസമാണ്. മാത്രമല്ല ആ യഥാര്‍ഥ വിശ്വാസികളുടെ മുന്നില്‍ ന്യായം പറഞ്ഞ് പിടിച്ചുനില്‍ക്കുന്നതില്‍ അക്രമത്തിന്റെ മാര്‍ഗം സ്വീകരിക്കുന്ന ന്യൂനപക്ഷം പരാജയപ്പെടുകയും ചെയ്യുന്നത് കാണാതിരിക്കുന്നതെങ്ങനെ. 

മതത്തിന്റെ പേരിലുള്ള അക്രമം കൈകൊള്ളുന്നവര്‍ ദുര്‍ബലമാകുന്ന ഏക സന്ദര്‍ഭം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മതപരമായ ന്യായീകരണം ഇല്ലെന്ന് അറിയുമ്പോഴാണ്. കാരണം അക്രമത്തിന്റെ സ്വാഭാവിക പരിണതിയെക്കുറിച്ചെല്ലാം അവര്‍ ഊഹിച്ചുറപ്പിച്ചുതന്നെയാണ് ആ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത്. പോലീസ് പിടിക്കുമെന്നതോ ക്രൂരമായ മര്‍ദ്ദനത്തിനിരയാക്കി ജയിലിലടക്കുമെന്നതോ വധശിക്ഷക്ക് വിധിക്കുമെന്നതോ അവരെ ഭയപ്പെടുത്താന്‍ പോന്നതല്ല. എന്നാല്‍ തങ്ങളുടെ ഈ ശ്രമങ്ങള്‍ക്ക് മതപരമായ ന്യായീകരണമില്ലെന്നറിയുന്ന നിമിഷം അവര്‍ ദുര്‍ബലരാകുകയും നിഷ്‌ക്രിയരാകുകയും ചെയ്യും. ഈ മനഃശാസ്ത്രം പ്രയോഗിക്കുന്നതില്‍ നാം ജാഗരൂഗരാകേണ്ടതുണ്ട്. അതേ പ്രകാരം തന്നെയാണ് ഏത് വിഭാഗത്തില്‍ പെട്ട തീവ്രവാദി ഭീകരവാദികളുടെയും പരിണതി. ഹിന്ദുമതത്തില്‍ അത്തരം ഭീകര പ്രവര്‍ത്തകരുടെ അതില്ല എന്ന് ഇനിയെങ്കിലും ആരും പറയില്ലല്ലോ. പുറമെ നിന്നുള്ള എതിര്‍പ്പുകള്‍ അവരുടെ ശക്തിവര്‍ദ്ദിപ്പിക്കുയേ ഉള്ളൂ. അതുകൊണ്ടുതന്നെ ശ്രദ്ധിച്ചാല്‍ മനസ്സിലാകും രണ്ട് വിഭാഗത്തിലേയും ഭീകരവാദികള്‍ ടാര്‍ജറ്റ് ചെയ്യുന്നത് പരസ്പരമായിരിക്കും. രണ്ടുകൂട്ടരും പ്രതിയോഗികളെ ചൊല്ലി പരസ്പരം ഭീതി പടര്‍ത്തുന്നു. ഈ ഭീതിയിലാണ് അവരുടെ വെള്ളവും വളവുമുള്ളത്. പരസ്പരം ഭീതി, വിശ്വാസമില്ലായ്മ, സംശയം, അസഹിഷ്ണുത, സങ്കുചിതത്വം ഇവയിലാണ് ഇത്തരം സംഘങ്ങള്‍ നിലനില്‍ക്കുന്നത്. അതിനാല്‍ ആശയ സംവാദങ്ങളില്‍നിന്ന് ഇവര്‍ പൊതുവെ വിട്ടുനില്‍ക്കും. പങ്കെടുത്താലും തങ്ങളുടെ മേല്‍പറഞ്ഞ ലക്ഷ്യം പുര്‍ത്തീകരിക്കുന്ന വിധമായിരിക്കും അവര്‍ ഇടപെടുന്നത്.

ബ്ലോഗ് ലോകത്തും പുറത്തും യുക്തിവാദികള്‍ ഈ അക്രമികള്‍ക്ക് ശക്തിപകരുന്ന പ്രവര്‍ത്തനമാണ് അറിഞ്ഞോ അറിയാതെയോ നടത്തിക്കൊണ്ടിരിക്കുന്നത് എന്നതാണ് ഞാന്‍ ചര്‍ച ചെയ്തുകൊണ്ടിരിക്കുന്ന വിഷയത്തില്‍നിന്ന് മാറി ഒരു പോസ്റ്റ് ഇടേണ്ടിവന്നത്. സത്യത്തിന്റെ ശത്രുക്കള്‍ എല്ലായ്‌പോയും ഇതുപോലെ കുഴപ്പത്തിന്റെ തീ പടര്‍ത്താന്‍ ശ്രമിച്ചവരാണ്. എന്നാല്‍ അല്ലാഹുവും വിശ്വാസികളും അപ്പോഴെല്ലാം അത് ഊതിക്കെടുത്താന്‍ ശ്രമിച്ചു പോന്നു. അക്കാര്യമാണ് ഖുര്‍ആന്‍ വ്യക്തമാക്കുന്നത്.  

"അവര്‍ യുദ്ധത്തീ കത്തിക്കുമ്പോഴെല്ലാം അല്ലാഹു അത് ഊതിക്കെടുത്തുന്നു. ഭൂമിയില്‍ നാശം പരത്തുവാന്‍ ശ്രമിക്കുകയാണവര്‍. അല്ലാഹുവോ, നാശമുണ്ടാക്കുന്നവരെ അശേഷം സ്നേഹിക്കുന്നില്ലതന്നെ." (ഖുര്‍ആന്‍ 5:63)

ഭൂമിയിലെ വിശ്വാസപരമായ വൈവിദ്ധ്യം അല്ലാഹു അംഗീകരിച്ചതാണ്. അത് ഒരൊറ്റ വിശ്വാസത്തില്‍ മാറ്റിപണിയാന്‍ അല്ലാഹു പ്രവാചകന്‍മാരെയോ വിശ്വാസികളെയോ ചുമതലപ്പെടുത്തിയിട്ടില്ല. സമാധാന പൂര്‍വം പ്രബോധനം ചെയ്യാനാണ് കല്‍പിക്കപ്പെട്ടത്. മനുഷ്യബുദ്ധിയോടുള്ള ബഹുമാനവും അതില്‍ മാത്രമാണുള്ളത്. ദൈവിക സന്ദേശം സ്വീകരിക്കുന്നതിന്റെ ഗുണം അത് അംഗീകരിക്കുന്നവര്‍ക്ക് ഇഹത്തിലും പരത്തിലും അല്ലാഹുവിന്റെ വാഗ്ദാനമാണ്. ആവശ്യമുള്ളവര്‍ക്ക് അത് സ്വീകരിക്കാം. അല്ലാത്തവര്‍ക്ക് തിരസ്‌കരിക്കാം. ഇതാണ് മതത്തിന്റെ ഇവിഷയകമായ കാഴ്ചപ്പാട്. അതോടൊപ്പം ഈ സന്ദേശം മനുഷ്യര്‍ക്ക് ലഭിക്കാന്‍ ദൈവത്തിന്റെ സംവിധാനങ്ങളിലൊന്നാണ്. ഇത് മനസ്സിലാക്കിയവര്‍ സമാധാനപൂര്‍വം ഈ സന്ദേശത്തിന്റെ പ്രബോധനത്തിലേര്‍പ്പെടുക എന്നത്. അത് നിര്‍വഹിക്കുന്നവര്‍ തീവ്രവാദത്തിന്റെ കാറ്റൊഴിക്കുയാണ് ചെയ്യുന്നത് എന്ന് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധിയെങ്കിലും ബൂലോകത്തെ യുക്തിവാദികള്‍ മനസ്സിലാക്കിയെങ്കില്‍ എന്നാഗ്രഹിക്കുന്നു.

അതുകൊണ്ട് എനിക്ക് ബൂലോകയുക്തിവാദികളോട് പറയാനുള്ളത്. തീവ്രവാദികളുടെയും ഭീകരവാദികളുടെയും വാദത്തിന് പിന്തുണ നല്‍കുന്നവിധം അവരുടെ പ്രവര്‍ത്തനത്തിന്റെ മുരടും ഊര്‍ജവും അവരവരുടെ മതങ്ങളില്‍തന്നെ എന്ന് ഒരു വിവരവുമില്ലാതെ പറയാതിരിക്കുക. നിങ്ങള്‍ക്ക് ഈ നാട്ടിലെ സമാധാനശ്രമങ്ങളോട് പ്രതിപത്തിയുണ്ടെങ്കില്‍ അത്തരം തീവ്രവാദ ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ അടിവേരറുക്കുന്ന യഥാര്‍ഥവിശ്വാസികളുടെ പ്രവര്‍ത്തനങ്ങളെ തെറ്റിദ്ധരിപ്പിക്കാതിരിക്കുക.

കൈവെട്ടിയ യഥാര്‍ഥ പ്രതികളെ ഇനിയും അറസ്റ്റ് ചെയ്തതായി വിവരമില്ല. അറസ്റ്റ് ചെയ്യപ്പെട്ടവര്‍ തങ്ങള്‍ മതത്തിന് വേണ്ടിയാണ് അത് ചെയ്തത് എന്നംഗീകരിച്ചതായും വായിച്ചിട്ടില്ല. പക്ഷെ ഇവിടെയാര്‍ക്കും അത് മതത്തിന് വേണ്ടിയായിരുന്നു എന്ന കാര്യത്തില്‍ ഒരു സംശയവുമില്ലാത്ത വിധത്തിലാണ് പെരുമാറുന്നത്. എന്നാല്‍ അതേ അധ്യാപകന് 11 കുപ്പി രക്തം ഓപ്പറേഷന്‍ സമയത്ത് ആവശ്യമായി വന്നു. ചാനലില്‍ അത് പലതവണ ആവര്‍ത്തിച്ചു. എന്നാല്‍ ആരാണ് അത് നല്‍കിയതെന്ന് പറഞ്ഞില്ല. എന്നാല്‍ അത് നല്‍കിയവര്‍ മുസ്ലിം വിഭാഗത്തില്‍ പെട്ടവരും തങ്ങളുടെ പ്രചോദനം ഇസ്‌ലാമാണെനന്ന് പ്രഖ്യാപിച്ചവരുമാണ്. ഇവിടെയാണ് മാധ്യമങ്ങളുടെ ഇരട്ടത്താപ്പും അപകടകരമായ ജേര്‍ണലിസവും ഒളിഞ്ഞിരിക്കുന്നത്. രക്തം നല്‍കിയത് പാര്‍ട്ടി വളര്‍ത്താനുള്ള കുറുക്കന്റെ ശ്രമയായും കൈവെട്ടിയത് ഇസ്‌ലാം നടപ്പാക്കാനുള്ള ശ്രമമായും വിലയിരുത്തപ്പെടുന്നു. !! സമൂഹത്തിന് സത്യസന്ധത കിട്ടാകനിയാവുകയാണോ?.

2010 ഏപ്രിൽ 8, വ്യാഴാഴ്‌ച

വിശ്വസിക്കാത്തവരെ വധിക്കാന്‍ ദൈവം പറഞ്ഞുവോ?

എന്തിനാണ് വിശുദ്ധഖുര്‍ആനിലൂടെ വിശ്വാസികളോട് ശത്രുക്കള്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ ദൈവം ആവശ്യപ്പെട്ടത് ?. എന്തധികാരം നിലനിര്‍ത്താനാണ് അല്ലെങ്കില്‍ എന്ത് വെറുപ്പിന്റെ കാരണത്താലാണ് യുദ്ധം നിയമമാക്കപ്പെട്ടത്?. ദൈവത്തിന്റെ ലക്ഷ്യങ്ങള്‍ നേടിക്കൊടുക്കാന്‍ വേണ്ടിയാണോ അത്?. തന്നെ വണങ്ങാത്തവരെ വെറുക്കണമെന്നും അവര്‍ വധിക്കപ്പെടണമെന്നതും ദൈവത്തിന്റെ ആവശ്യമാണോ?. 

ഇ.എ.ജബ്ബാറിന്റെ പോസ്റ്റില്‍ ചര്‍ചക്കിടെ ഒരു സുഹൃത്ത് ഉയര്‍ത്തിയ ചിലചോദ്യങ്ങളില്‍ ആത്മാര്‍ഥതയുടെ ഒരു കണികയുണ്ടോ എന്ന് സംശയിച്ചുപോയി അതിന് പ്രതികരണമെഴുതാന്‍ തുനിഞ്ഞപ്പോള്‍ അതൊരു പോസ്റ്റായി മാറി. മാത്രമല്ല ഇതേ ചോദ്യം ഇസ്‌ലാമിനെ പഠിക്കാനാഗ്രഹിക്കുന്ന ചിലര്‍ക്കെങ്കിലും ഉണ്ടാകാനുള്ള നല്ല സാധ്യതയും ഉണ്ട്. കൂടുതല്‍ ചര്‍ചക്കായി ഈ ദീര്‍ഘിച്ച കമന്റ് ഇവിടെ പോസ്റ്റുന്നു.

ശരിയായ നാഗരികവ്യവസ്ഥയുടെ സംസ്ഥാപനം ലക്ഷ്യമിടുന്ന പ്രായോഗിക നൈതിക ക്രമമാണ് ഇസ്‌ലാം. അവയില്‍ കാല്‍പനികാസ്വാദനം പകരുന്ന ഉപാധികള്‍ അന്വേഷിക്കുന്നത് അര്‍ഥ ശൂന്യമായിരിക്കും. മരുന്ന് കൈപ്പായാലും മധുരമായാലും ആസ്വാദനം പകരലല്ല വൈദ്യശാസ്ത്രത്തിന്റെ ലക്ഷ്യം. മറിച്ച് ശരീരത്തിന്റെ സംസ്‌കരണമാണ്. അതിന്റെ ആരോഗ്യമാണ്. അതുപൊലെ ഒരു നൈതികക്രമത്തിന്റെ ലക്ഷ്യം കാല്‍പനിക രസം നല്‍കുകയോ കാഴ്ചപ്പണ്ടങ്ങളാവുകയോ അല്ല. മറിച്ച് കടുപ്പമാണെങ്കിലും മാര്‍ദവമാണെങ്കിലും സമൂഹത്തിന്റെ സംസ്‌കരണമാണ്. അതിനാല്‍ ഒരു സാമൂഹ്യപരിഷ്‌കരണം ലക്ഷ്യം വെക്കുന്ന ഒരു വ്യവസ്ഥക്ക് വാളോ പേനയോ ഏതെങ്കിലും ഒന്നുമാത്രമേ തെരഞ്ഞെടുക്കാന്‍ അനുവാദമുള്ളൂ എന്ന് തീരുമാനിക്കാനാവില്ല. അതിന്റെ ദൗത്യനിര്‍വഹണത്തില്‍ രണ്ടും ഒരു പോലെ ആവശ്യമായ സന്ദര്‍ഭങ്ങളുണ്ടാകും. ധിക്കാരികളെയും താന്തോന്നികളെയും ധാര്‍മികതയുടെയും മാനവികതയുടെയും പരിധിയില്‍ തളച്ചിടാന്‍ ഉദ്‌ബോധനം കൊണ്ടും ഉപദേശം കൊണ്ടും നേര്‍മാര്‍ഗത്തില്‍ കൊണ്ടുവരാനാവാത്തവിധം ദുഷ്‌കൃത്യങ്ങളിലും നൃശംസതകളിലും ഒരു സംഘം പരിധിവിടുകയും അന്യരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതില്‍ നിന്നും മറ്റുള്ളവരുടെ ആത്മീയ-ഭൗതിക-ധാര്‍മികജീവിതത്തെ കടന്നാക്രമിക്കുന്നതില്‍നിന്നും അവരെ തടയാന്‍ യുദ്ധമല്ലാതെ മറ്റൊരു മാര്‍ഗവും ഇല്ലാതാവുകയും ചെയ്താല്‍ പിന്നെ, നന്മയോട് ആഭിമുഖ്യവും ഗുണകാംക്ഷയുമുള്ള മനുഷ്യരുടെ ഒന്നാമത്തെ ബാധ്യത അവര്‍ക്കെതിരില്‍ വാളെടുക്കുകയും ദൈവദാസന്‍മാരില്‍നിന്ന തട്ടിയെടുക്കപ്പെട്ട അവകാശങ്ങള്‍ തിരിച്ചുകിട്ടുന്നതുവരെ അവിശ്രമം പൊരുതുകയും ചെയ്യുക എന്നതാണ്.

യുദ്ധത്തിന്റെ താല്‍പര്യം ?

'അല്ലാഹു ജനങ്ങളില്‍ ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തെക്കൊണ്ട് പ്രതിരോധിച്ചുകൊണ്ടിരിക്കുന്നില്ലായെങ്കില്‍ അല്ലാഹുവിന്റെ നാം ധാരാളമായി സ്മരിക്കപ്പെടുന്ന മഠങ്ങളും ചര്‍ചുകളും പ്രാര്‍ഥനാലയങ്ങളും പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു' (22:40) യുദ്ധത്തിന്റെ താല്‍പര്യവും നാഗരികജീവിതത്തില്‍ അത് അനിവാര്യമായി തീരുന്ന സാഹചര്യവുമാണ് ഈ സൂക്തത്തില്‍ പ്രതിപാദിക്കുന്നത്. ഇവിടെ മുസ്‌ലിം പള്ളികളെക്കുറിച്ച് മാത്രമല്ല പറയുന്നത് എന്ന ശ്രദ്ധേയമാണ്. നീതിബോധമുള്ള മനുഷ്യരിലൂടെ അക്രമികളെ പ്രതിരോധിച്ചില്ലെങ്കില്‍ ആരാധനാലയങ്ങള്‍ക്ക് പോലും രക്ഷയില്ലാത്തവിധം ലോകം കലാപകലുഷിതമാകും എന്ന വസ്തുത ഇവിടെ അനാവരണം ചെയ്യുന്നു. വല്ലവിഭാഗങ്ങളും ആരാധനാലയങ്ങള്‍ തകര്‍ക്കുക പോലുള്ള നീചകൃത്യങ്ങള്‍ക്ക് ഇറങ്ങിപുറപ്പെട്ടാല്‍ അവരുടെ അത്തരം ദുഷ്‌ചെയ്തികള്‍ മനുഷ്യരിലൂടെത്തന്നെ ഉന്‍മൂലനം ചെയ്യപ്പെടേണ്ടത് ആരോഗ്യപൂര്‍ണമായ നാഗരീകജീവിതത്തിന് അത്യന്താപേക്ഷിതമാണ് എന്ന് ഖുര്‍ആന്‍ ഇവിടെ വ്യക്തമാക്കുന്നു. മനുഷ്യരിലൂടെ നടത്തപ്പെടുന്ന ഈ പ്രതിരോധം ദൈവികനീതിയുടെ ഫലമാണ്. 'ഇപ്രകാരം അല്ലാഹു ഓരോ ജനക്കൂട്ടങ്ങളെ മറ്റു ജനക്കൂട്ടങ്ങളാല്‍ പ്രതിരോധിക്കുന്നില്ലെങ്കില്‍ ഭൂലോകം അമ്പേ താറുമാറായിപ്പോകുമായിരുന്നു. എന്നാല്‍ അല്ലാഹു ലോകത്തോട് ഏറെ കാരുണ്യമുറ്റവനാണ്' (2:251) ഭൂമിയില്‍ സമാധാനം പുലരണമെന്നാണ്. ജനസമൂഹങ്ങളുടെ പരസ്പര ശത്രുത പരാമര്‍ശിക്കവെ ഖുര്‍ആന്‍ പറഞ്ഞു. 'അവര്‍ യുദ്ധത്തിന്റെ അഗ്നി ജ്വലിപ്പിക്കുമ്പോഴെല്ലാം അല്ലാഹു അത് ഊതിക്കെടുത്തുന്നു. അവര്‍ ഭൂമിയില്‍ നാശം പരത്തുവാന്‍ യത്‌നിക്കുകയായിരുന്നു. അല്ലാഹുവോ നാശമുണ്ടാക്കുന്നവരെ ആശേഷം ഇഷ്ടപ്പെടുന്നില്ല.' (5:64)

യുദ്ധം എന്തിന് ?

ശത്രുതയും പകയും പക്ഷപാതിത്വവും പരമതവിദ്വേഷവും ആളിക്കത്തിക്കുന്ന ഇത്തരം യുദ്ധത്തിന്റെ അഗ്നിയെ കെടുത്തിക്കളയാനാണ് അല്ലാഹു തന്നെ ദാസന്‍മാരോട് വാളെടുക്കാന്‍ ആവശ്യപ്പെട്ടത്. ഖുര്‍ആന്‍ പറയുന്നു. 'ആര്‍ക്കെതിരില്‍ യുദ്ധം നടത്തപ്പെടുന്നുവോ അവര്‍ക്കനുമതി നല്‍കപ്പെട്ടിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍ അവര്‍ മര്‍ദിതരാകുന്നു. അല്ലാഹു അവരെ സഹായിക്കാന്‍ തികച്ചും കഴിവുറ്റവന്‍ തന്നെ.' (22:39).

യുദ്ധവുമായി അവതരിച്ച ഖുര്‍ആനിലെ ആദ്യസൂക്തമാണിത്. ആര്‍ക്കെതിരെയാണോ യുദ്ധം അനുവദിക്കപ്പെട്ടത് അവരുടെ കുറ്റമായി ഖുര്‍ആന്‍ ഇവിടെ എടുത്തുപറഞ്ഞത് അവരുടെ കൈവശം സമ്പത്സമൃദമായ രാജ്യമുണ്ടെന്നോ അവര്‍ മറ്റൊരു മതത്തിന്റെ അനുയായികളാണെന്നോ അല്ല. മറിച്ച് അവര്‍ അക്രമം പ്രവര്‍ത്തിക്കുകയും അന്യായമായി ജനങ്ങളെ അവരുടെ വീടുകളില്‍നിന്ന് പുറത്താക്കുകയും അല്ലാഹുമാത്രമാണ് ദൈവം എന്ന് പറയുന്നതില്‍ ജനങ്ങള്‍ക്ക് തടസ്സവും പ്രയാസവും സൃഷ്ടിക്കുകയും ചെയ്തവരാണ് എന്നാകുന്നു. ഇത്തരം അക്രമിക്കള്‍ക്കെതിരെ തങ്ങളുടെ ആത്മരക്ഷക്കുവേണ്ടി യുദ്ധംചെയ്യണമെന്നു മാത്രമല്ല അല്ലാഹു വിധിച്ചത്. പ്രത്യുത മറ്റുമര്‍ദിതതരയും പീഡിതരെയും കൂടി ഈ അക്രമികളില്‍നിന്ന് മോചിപ്പിക്കണമെന്നുകൂടി അല്ലാഹു ഊന്നിപറയുന്നു.

'പീഡിതരും അടിച്ചമര്‍ത്തപ്പെട്ടവരുമായ സ്ത്രീപുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും വേണ്ടി നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടാതിരിക്കുന്നതിന് എന്തുണ്ട് ന്യായം? ആ ജനമോ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നു: 'നാഥാ, മര്‍ദകരായ നിവാസികളുടെ ഈ നാട്ടില്‍നിന്നു ഞങ്ങളെ മോചിപ്പിക്കേണമേ, നിന്റെ പക്കല്‍നിന്നു ഞങ്ങള്‍ക്ക് ഒരു രക്ഷകനെ നിയോഗിച്ചുതരേണമേ, നീ ഞങ്ങള്‍ക്ക് ഒരു സഹായിയെ നിയോഗിച്ചുതരേണമേ!' (4:75)

ഇസ്‌ലാം എന്തിനാണ് വാളെടുത്തതെന്ന് മുകളിലെ വിശദീകരണത്തില്‍നിന്ന് ഗ്രഹിക്കാവുന്നതാണ്. പ്രവാചകന്റെയും അനുചരന്‍മാരുടെയും കാലത്ത് നടന്ന സൈനിക നീക്കങ്ങളില്‍ ഇതേ ലക്ഷ്യം മാത്രമേ കാണാന്‍ സാധിക്കൂ. ദൈവത്തെ വണങ്ങാത്തവരെ വെറുക്കാനോ വധിക്കാനോ ദൈവം ആര്‍ക്കും അനുവാദം നല്‍കിയിട്ടില്ല. അവരുടെ കാര്യം ദൈവം തന്നെ നോക്കിക്കൊള്ളും. പക്ഷെ ഒരു വിശ്വാസിക്കെതിരെ ശത്രുക്കള്‍ ആക്രമണത്തിനൊരുങ്ങിയാല്‍ അവരെ പ്രതിരോധിക്കേണ്ടത് വിശ്വാസിയുടെ ബാധ്യതയാണ്.  അതില്‍ ദൈവത്തിന്റെ സഹായം വിശ്വാസികള്‍ക്ക് പ്രതീക്ഷിക്കാം എന്നുമാത്രം. അല്ലാതെ ദൈവം വിശ്വാസികള്‍ക്ക് വേണ്ടിയുദ്ധം ചെയ്യുമെന്ന് പറഞ്ഞിട്ടില്ല. അതേ പ്രകാരം ജനങ്ങളെ അടിച്ചമര്‍ത്തി പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന അക്രമികളില്‍നിന്ന ജനതകള്‍ക്ക മോചനവും സുരക്ഷിതത്വം നല്‍കലും ഇസ്‌ലാമിക ഭരണാധികാരികളുടെ ചുമതലയില്‍ പെട്ടതാണ്. ഇത്തരം സമരങ്ങള്‍ക്കാണ് ദൈവമാര്‍ഗത്തിലുള്ള സമരം എന്ന പറയുന്നത്. അല്ലാതെ ആളുകളെ ഇസ്ലാമിക വിശ്വാസികളാക്കാനുള്ള സമരമോ യുദ്ധമോ അല്ല. മതത്തില്‍ ബലാല്‍കാരം പാടില്ല എന്നത് ഇസ്‌ലാമിന്റെ പ്രഖ്യാപിത തത്വമാണ്.

ഉസാമാബിന്‍ ലാദന്‍മാരും തടിയന്റവിടെ നസീര്‍മാരും പ്രതിനിധീകരിക്കുന്നത് മുകളില്‍ വിശദമാക്കിയ ഇസ്‌ലാമിന്റെ ധര്‍മസമരത്തെയല്ല. (മേല്‍ സൂചിപ്പിക്കപ്പെട്ടവര്‍ ദുരൂഹതകളില്‍നിന്ന മുക്തരല്ല എന്ന കാര്യം വിസ്മരിക്കുന്നില്ല). അവരുടെ പ്രഖ്യാപിത ലക്ഷ്യവും ഇവിടെ പറഞ്ഞതല്ല. ഇവരെപ്പോലുള്ളവരല്ല അത്തരം ധര്‍മയുദ്ധം നയിക്കേണ്ടത്. ഇസ്ലാമിന്റെ ഭരണനേതൃത്വമാണ്. ഇസ്്‌ലാമിക ഭരണഘടനയനുസരിച്ച മേല്‍സൂചിപ്പിക്കപ്പെട്ടവര്‍ ചെയ്യുന്നത് വധശിക്ഷയര്‍ഹിക്കുന്ന കുറ്റമാണ്. പക്ഷെ യുക്തിവാദികളുടെയും ഇസ്ലാം വിമര്‍ശകരുടെയും നിരന്തര ശ്രമത്തിലൂടെ മാധ്യമങ്ങളുടെ വര്‍ഗീയവല്‍ക്കരിക്കപ്പെട്ട ഉന്‍മാദത്തിലൂടെയും ഇവര്‍ പോരാടുന്നത് ഇസ്‌ലാമിന് വേണ്ടിയാണെന്ന ധാരണ, ഇസ്്‌ലാമിനെ തെറ്റിദ്ധരിച്ച കൂറച്ച് സാധുകളിലെങ്കിലും പകരാന്‍ ഇടയായിട്ടുണ്ട്. ഇവരാണ് ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നവരെന്നും മറ്റുള്ളവര്‍ ഭയംകൊണ്ട് മിതനിലപാട് സ്വീകരിക്കുകയാണ് എന്നും ഇവര്‍ പ്രചരിപ്പിക്കുന്നു.  ഇസ്‌ലാമിന്റെ ബാലപാഠം പോലും അറിയാതെ ഇത്തരം അബദ്ധങ്ങള്‍ തട്ടിവിടുന്നവര്‍ സമൂഹത്തോട് ചെയ്യുന്ന ക്രൂരതയും മനുഷ്യത്വമില്ലായ്മയും നിസ്സാരമല്ല.
 

2009 ഡിസംബർ 16, ബുധനാഴ്‌ച

ഖുര്‍ആനിലെ ക്രൂരതയുടെ സൂക്തങ്ങള്‍ ?!!

ഒരു മുസ്‌ലിം അവിശ്വാസികളോട് എങ്ങനെ പെരുമാറണം? (രണ്ടാം ഭാഗം)

'മാന്യ സുഹൃത്തുക്കളേ. അവിശ്വാസികളുമായി എങ്ങനെ പെരുമാറണം എന്നതിന് അവലംബം ഒരിക്കലും കാളിദാസന്‍ ഉദ്ധരിച്ച യുദ്ധപശ്ചാതലത്തില്‍ അവതരിച്ച
സൂക്തങ്ങളല്ല എന്ന് വിനീതമായി അറിയിക്കട്ടേ. നന്ദി.'

എന്ന എന്റെ കമന്റിന് കാളിദാസന്‍ ഇങ്ങനെ പ്രതികരിച്ചു:

'ആദ്യം ഇംഗ്ളീഷ് ഖുറാനില്‍ നിന്നും ഉദ്ധരിച്ചപ്പോള്‍ അത് വായിച്ചുനോക്കാനുള്ള മാന്യത പോലും ഇല്ലാതെ അസത്യമെന്നു പറഞ്ഞു. ലത്തീഫ് തന്നെ തന്ന മലയാളം ഖുറാനില്‍ നിന്നും ഉദ്ധരിച്ചപ്പോള്‍ അതേക്കുറിച്ച് പ്രതികരിക്കുന്നതിനു പകരം അതിന്റെ പശ്ചത്തലം അന്വേഷിച്ചു പോകുനു.

യുദ്ധ പശ്ചത്തലത്തിലായാലും അല്ലെങ്കിലും അവിശ്വാസികളെ എന്തു ചെയ്യണം എന്നതാണല്ലോ മൊഹമ്മദ് പറഞ്ഞിരിക്കുന്നത്.

പ്രചീനകാലത്തെ യുദ്ധങ്ങളില്‍ ശത്രുക്കളോട് ചെയ്തിരുന്നതിതാണ്. അവിടെ വിശ്വാസവും അവിശ്വാസവും ഒന്നുമില്ലായിരുന്നു. ശത്രുക്കള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ജനങ്ങള്‍ക് വിവേകമുണ്ടായപ്പോള്‍ ഈ ക്രൂരതകളൊക്കെ അവര്‍ മാറ്റി. ജനീവ കണ്‍വെന്‍ഷന്‍ പ്രകാരം യുദ്ധത്തടവുകാരോടു ചെയ്യേണ്ട മര്യാദകളൊക്കെ ഇന്ന് നിയമമാണ്. ഗ്വണ്ടനാമോ ബേയില്‍ തടവിലിട്ടിരിക്കുന്ന മുസ്ലിം ഭീകരര്‍ പോലും ഈ വകുപ്പുകളുപയോഗിച്ചാണു കേസു വാദിക്കുന്നത്. അവരും മുസ്ലിങ്ങള്‍ തന്നെയല്ലേ? അവിശ്വാസികളോട് ചെയ്യേണ്ട കാര്യങ്ങള്‍ മൊഹമ്മദ് പറഞ്ഞ പോലെ ചെയ്യുന്നു എന്നു സമാധാനിച്ച് അവര്‍ എന്തുകൊണ്ട് അതിനൊന്നും കീഴ്പ്പെടുന്നില്ല?

ലത്തീഫിനേപ്പോലെ ചിന്താ ശേഷി പണയം വച്ചവര്‍ ഇതൊക്കെയാണു ചിന്തിക്കേണ്ടത്.

ഇസ്ലാം ഒഴികെയുള്ള ലോകം മുഴുവന്‍ പ്രാകൃത അനാചാരങ്ങളില്‍ നിന്നും ഹീനതകളില്‍ നിന്നും എന്നേ മുക്തമായി. ഇസ്ലാം മാത്രം ഇന്നും അതെ പ്രാകൃത കാലഘട്ടത്തില്‍ ജീവിക്കുന്നു. അതേ ഞാന്‍ ചൂണ്ടികാണിച്ചുള്ളു. ലത്തീഫിനതൊക്കെ മനസിലാകുന്നുണ്ട്. പക്ഷെ അന്ധവിശ്വാസം ലത്തീഫിനെ അതൊക്കെ സമ്മതിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നു.'


കാളിദാസന്‍ നല്‍കിയ സൂക്തങ്ങളില്‍ അധ്യായം (5) മാഇദയിലെ 33, 34 സൂക്തങ്ങളാണിവിടെ നല്‍കുന്നത്. ഖുര്‍ആനില്‍ സൂക്തങ്ങളൊക്കെ മുഹമ്മദ് നബിയുടെതാണ് എന്ന ധാരണയിലാണ് കാളിദാസന്‍ സംസാരിക്കുന്നത്. അതവിടെ നില്‍ക്കട്ടേ. പ്രസ്തുത സൂക്തതില്‍ എന്ത് ക്രൂരതയാണുള്ളതെന്ന് സൂക്തവും അതോടൊപ്പമുള്ള മൌദൂദിയുടെ വ്യാഖ്യാനവും വായിച്ചിട്ട് നമ്മുക്ക് ചര്‍ചചെയ്യാം. മുന്‍ അനുഭവം വെച്ച് ഇത്തരം കാര്യങ്ങളില്‍ ഇപ്രാകരമുള്ള ചര്‍ചക്ക് നാഴികക്ക് നാല്‍പത് വട്ടം ഖുര്‍ആനില്‍ ഭീകരതയും ക്രൂരതയും ആരോപിക്കുന്നവര്‍ വരികയില്ല എന്നനിക്ക് പറയാന്‍ കഴിയും. അഥവാ അത്തരക്കാര്‍ വന്നാലും ഇതേക്കുറിച്ച് ചര്‍ചചെയ്യാതെ മറ്റുവല്ലതുമായിരിക്കും പറയുക. സത്യം ഗ്രഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി സൂക്തങ്ങള്‍ മുഴുവനായി നല്‍കുന്നു. ഗ്വണ്ടനാമോയും ജനീവയും ഇന്ത്യയുടെ ഭീകരവിരുദ്ധ നിയമങ്ങളും ഈ സൂക്തത്തിലെ പരാമര്‍ശങ്ങളും ഇതിലടങ്ങിയ മാനുഷികവും വിട്ടുവീഴ്ചയുടെതുമായ നിയമങ്ങളുടെയും താരതമ്യം വായനക്കാര്‍ക്ക് വിടുന്നു.

അല്ലാഹുവിനോടും അവന്റെ ദൂതനോടും യുദ്ധം ചെയ്യുകയും ഭൂമിയില്‍ അധര്‍മം വളര്‍ത്തുന്നതിനു യത്‌നിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ,55 വധിക്കപ്പെടുകയോ ക്രൂശിക്കപ്പെടുകയോ കൈകാലുകള്‍ വിപരീതമായി ഛേദിക്കപ്പെടുകയോ അല്ലെങ്കില്‍ നാടുകടത്തപ്പെടുകയോ ആകുന്നു.56 ഇത് അവര്‍ക്ക് ഇഹത്തില്‍ ഏര്‍പ്പെടുത്തുന്ന അപമാനമാകുന്നു. പരലോകത്തിലോ, ഇതെക്കാള്‍ ഭയങ്കരമായ ശിക്ഷയാണവര്‍ക്കുള്ളത്. പക്ഷേ, നിങ്ങള്‍ അവരെ പിടികൂടുംമുമ്പ് പശ്ചാത്തപിച്ചവരുടെ കാര്യമോ-നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്, അല്ലാഹു ഏറെ മാപ്പരുളുന്നവനും ദയാപരനുമാണെന്ന്.57 (5:33-34)

55. നാട്ടില്‍ സമാധാനവും സുരക്ഷിതത്വവും നിലനിര്‍ത്താനുള്ള ഉത്തരവാദിത്വം ഇസ്‌ലാമിക ഗവണ്‍മെന്റില്‍ അര്‍പ്പിതമായിരിക്കുന്ന ഭൂപ്രദേശമാണ് ഉദ്ദേശ്യം. അവിടെ സ്ഥാപിതമായ ഉത്തമ വ്യവസ്ഥക്കെതിരായ യുദ്ധമാണ് അല്ലാഹുവിനോടും അവന്റെ ദൂതനോടുമുള്ള യുദ്ധം. ഭൂമിയില്‍ ഒരുത്തമ വ്യവസ്ഥ സ്ഥാപിതമാകണമെന്നാണ് അല്ലാഹുവിന്റെ അഭീഷ്ടം. അതേ ആവശ്യാര്‍ഥമാണ് അവന്‍ പ്രവാചകരെ നിയോഗിച്ചയച്ചതും. അവിടെ മനുഷ്യന്നും തിര്യക്കുകള്‍ക്കും വൃക്ഷലതാദികള്‍ക്കും എന്നുവേണ്ട ഭൂമുഖത്തുള്ള സകലത്തിനും ശാന്തി ലഭിക്കണം അവിടെ മനുഷ്യത്വം അതിന്റെ നൈസര്‍ഗികമായ സമ്പൂര്‍ണ്ണത പ്രാപിക്കുമാറാകണം. അവിടെ ഭൂമുഖത്തുള്ള വിഭവങ്ങളും പദാര്‍ഥങ്ങളും വിനിയോഗിക്കപ്പെടുന്നത് മനുഷ്യപുരോഗതിക്ക് ഉതകുന്ന വിധത്തിലാവണം; മനുഷ്യവിനാശത്തിനാവരുത്. ഇങ്ങനെയുള്ള ഒരുത്തമ വ്യവസ്ഥ ഭൂമുഖത്തെവിടെയെങ്കിലും സ്ഥാപിതമായാല്‍ അതിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് വാസ്തവത്തില്‍ ദൈവത്തോടും ദൈവദൂതനോടുമുള്ള യുദ്ധം തന്നെയാണ്. അത് കൊലയും കൊള്ളയും കൊള്ളിവെപ്പും കവര്‍ച്ചയും നടത്തിക്കൊണ്ട് ചെറിയ തോതിലുള്ള അട്ടിമറിയായാലും കൊള്ളാം; ആ വ്യവസ്ഥ മാറ്റി തദ്സ്ഥാനത്ത് മറ്റൊരു ദുര്‍വ്യവസ്ഥ സ്ഥാപിക്കുവാന്‍ വേണ്ടി വന്‍തോതിലുള്ള അട്ടിമറിയായാലും കൊള്ളാം. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നവന്റെ പേരില്‍ രാജാവിനെതിരെ യുദ്ധം ചെയ്ത (Waging war against the King) കുറ്റം ചുമത്തപ്പെടുമെന്ന് ബ്രിട്ടീഷ് ഭരണകാലത്തെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലുണ്ടായിരുന്ന വകുപ്പുപോലെയാണിത്. അവന്റെ നടപടി, നാട്ടിന്റെ ഏതെങ്കിലും അകന്ന മൂലയില്‍ സ്ഥിതിചെയ്യുന്ന ഒരു സാധാരണ പട്ടാളക്കാരന്റെ നേരെ ആയിക്കൊള്ളട്ടെ, രാജാവ് അവന്റെ കൈപിടിയില്‍നിന്നു എത്ര തന്നെ ദൂരെ സ്ഥിതി ചെയ്തുകൊള്ളട്ടെ.


56. ഈ ശിക്ഷാനടപടികള്‍ മൊത്തത്തിലാണിവിടെ പ്രതിപാദിച്ചിട്ടുള്ളത്. ജഡ്ജിക്ക്, അല്ലെങ്കില്‍ അതത് കാലത്തെ ഖലീഫക്ക് ഓരോ കുറ്റക്കാരനും കുറ്റത്തിന്റെ സ്വഭാവമനുസരിച്ച് യുക്തം പോലെ ശിക്ഷ നല്‍കാവുന്നതാണ്. ഒരു വ്യക്തി ഇസ്‌ലാമിക രാഷ്ട്രത്തിനുള്ളില്‍ താമസിച്ചുകൊണ്ട് ഇസ്‌ലാമിക വ്യവസ്ഥയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് ഹീനമായ കുറ്റമാണെന്നും മേല്‍ പറഞ്ഞ കഠിന ശിക്ഷകളില്‍ ഏതും അവന്ന് നല്‍കാമെന്നും വെളിപ്പെടുത്തുകയാണ് സാക്ഷാലുദ്ദേശ്യം.


57. അതായത്, അട്ടിമറിശ്രമത്തില്‍നിന്ന് വിരമിക്കുകയും സത്യവ്യവസ്ഥയെ തകിടംമറിക്കാനുള്ള ഉദ്യമം ഉപേക്ഷിക്കുകയും അനന്തര ജീവിതരീതികൊണ്ട് താന്‍ സമാധാനകാംക്ഷിയും നിയമാനുസാരിയും സദ്‌വൃത്തനുമായിട്ടുണ്ടെന്ന് തെളിയിക്കുകയും ചെയ്താല്‍ പിന്നെ പൂര്‍വകാല നടപടിയുടെ പേരില്‍ മുന്‍പറഞ്ഞ ശിക്ഷകളില്‍ യാതൊന്നും അവന് നല്‍കാവതല്ല. എന്നാല്‍ വ്യക്തികളുടെ വല്ല അവകാശത്തിലും അവന്‍ കൈവച്ചിട്ടുണ്ടെങ്കില്‍ ആ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിവാകുന്നതുമല്ല. ഉദാഹരണമായി, ഒരാളെ വധിക്കുകയോ വല്ലവരുടെയും സ്വത്ത് പിടിച്ചെടുക്കുകയോ ചെയ്തുവെന്ന് വിചാരിക്കുക. അഥവാ മനുഷ്യന്റെ ജീവനോ സ്വത്തിനോ നാശം വരുത്തുന്ന എന്തെങ്കിലുമൊരു കുറ്റം അവനില്‍നിന്നുണ്ടായെന്ന് കരുതുക. എങ്കില്‍ ആ അപരാധത്തിന് ക്രിമിനല്‍ കേസ്സെടുക്കപ്പെടും. എന്നാല്‍ രാജദ്രോഹം, അട്ടിമറി, അല്ലാഹുവിനും റസൂലിനും എതിരായി യുദ്ധം എന്നീ ചാര്‍ജുകള്‍ അവന്റെ പേരില്‍ ചുമത്തപ്പെടുന്നതല്ല.

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review