2010, ജൂലൈ 29, വ്യാഴാഴ്‌ച

ഒരു പ്രസ്താവന വി.എസ്. നടത്തുമ്പോള്‍..

തൊടുപുഴയിലെ കൈവെട്ടു സംഭവം ഇസ്‌ലാമിനെ പ്രതിചേര്‍ത്ത് ആഘോഷിക്കുന്നതില്‍ യുക്തിവാദി ബ്ലോഗര്‍മാര്‍ അലംഭാവം കാണിച്ചിട്ടില്ല. എന്നാല്‍ ആ ആഘോഷം വേണ്ടത്ര പൊലിപ്പിക്കുന്നതിന് തടസ്സമായത്, മുസ്‌ലിം സമൂഹം മൊത്തത്തില്‍ അതിനെ തള്ളിപ്പറഞ്ഞതും അപലപിച്ചതുമാണ്. അതുകൊണ്ട് ചില ഇസ്‌ലാമിക പ്രസ്ഥാനങ്ങളുമായി ചേര്‍ത്ത് പറഞ്ഞ് അവര്‍ തൃപ്തിയടഞ്ഞു. പക്ഷെ വി.എസിന്റെ പ്രസ്താവന ഒരു നല്ല ഇരയായി മാറുന്നതാണ് കണ്ടത്. ഇതിനെതിരെ ഇവിടെയും ചിലത് കുറിക്കണമെന്നുണ്ടായിരുന്നു. കടുത്ത ഇസ്‌ലാം വിരോധവും ഇസ്‌ലാമോഫോബിയയും ഗ്രസിച്ചിട്ടില്ലാത്ത, കാര്യങ്ങളെ യഥാര്‍ഥ വസ്തുതകളുടെ അടിസ്ഥാനത്തില്‍ നോക്കിക്കാണുന്ന, മുസ്ലികളല്ലാത്ത ബ്ലോഗര്‍മാര്‍ ഈ യുക്തിവാദികള്‍ക്ക് തക്ക മറുപടി നല്‍കുന്ന സന്തോഷകരമായ കാഴ്ചയാണ് കണ്ടത്. സ്വാഭാവികമായി അവര്‍ കൂലി എഴുത്തുകാരും തീവ്രവാദികളെ പിന്തുണക്കുന്നവരുമാണെന്ന വിളി കേള്‍ക്കേണ്ടി വന്നു എന്നത് യാഥാര്‍ഥ്യം. പറയുന്നത് ആത്മാര്‍ഥമായതിനാല്‍ അവര്‍ അതില്‍ പതറുന്നത് കണ്ടില്ല. അതിലൊരു പോസ്റ്റ് ഇവിടെ പേസ്റ്റ് ചെയ്യുന്നു. വായിക്കുക: 


{{{ കേരളത്തെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാക്കാന്‍ സംഘടിതമായ ശ്രമം നടക്കുന്നുവെന്നാണ്‌ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞത്‌. അതിനൊരു കാലപരിധിയും അദ്ദേഹം മുന്‍കൂട്ടിക്കാണുന്നുണ്ട്‌, 20 വര്‍ഷം. അതിനുള്ള ശ്രമങ്ങള്‍ ഇപ്പോഴേ നടക്കുന്നുണ്ടെന്നാണ്‌ മുഖ്യമന്ത്രിയുടെ വാക്കുകളില്‍ നിന്ന്‌ മനസ്സിലാക്കേണ്ടത്‌. `ചെറുപ്പക്കാരായ ആളുകളെയെല്ലാം തന്നെ സ്വാധീനിച്ചിട്ട്‌... പണം കൊടുത്തിട്ട്‌ അവരെ മുസ്‌ലിമാക്കുക, മുസ്‌ലിം യുവതികളെ കല്യാണം കഴിക്കുക, മുസ്‌ലിം ജനിക്കുക...ആ തരത്തിലിങ്ങനെ... മുസ്‌ലിം സമുദായത്തിന്‌ ഭൂരിപക്ഷമുണ്ടാക്കുക' - ഇതാണ്‌ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതിയെന്ന്‌ മുഖ്യമന്ത്രി വിശദീകരിക്കുന്നുമുണ്ട്‌. 

ഇത്തരം പദ്ധതികള്‍ ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കുന്നുണ്ടെന്ന ആരോപണം വര്‍ഷങ്ങളായി ഉന്നയിച്ചുവരുന്നത്‌ ഇവിടുത്തെ ഹിന്ദുത്വ വര്‍ഗീയ ശക്തികളാണ്‌. 1925ല്‍ രാഷ്‌ട്രീയ സ്വയം സേവക്‌ സംഘ്‌ (ആര്‍ എസ്‌ എസ്‌) രൂപവത്‌കരിക്കപ്പെടുന്നത്‌ തന്നെ ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌. ഹിന്ദു രാഷ്‌ട്രമാക്കുക എന്നാല്‍ അന്യ മതസ്ഥര്‍ ഇല്ലാത്ത, അല്ലെങ്കില്‍ അവര്‍ക്ക്‌ സ്വാധീനമൊന്നുമില്ലാത്ത സ്ഥിതിയുണ്ടാക്കുക എന്നാണ്‌ അര്‍ഥം. ഹിന്ദു ഭരണകൂടം സ്ഥാപിക്കുക, സാമൂഹിക, വ്യക്തി ജീവിതത്തിന്‌ ആധാരമായ സര്‍വ കാര്യങ്ങളും ഹിന്ദുമതത്തിന്റെ രീതി മര്യാദകളില്‍ അധിഷ്‌ഠിതമാക്കുക, വര്‍ഷങ്ങള്‍ കഴിയുമ്പോഴേക്കും ഹൈന്ദവര്‍ മാത്രമുള്ള ഒരു സമൂഹമുണ്ടാവുക - സാമാന്യേന പറഞ്ഞാല്‍ ഇതാണ്‌ പദ്ധതി. 


മുക്കാല്‍ നൂറ്റാണ്ടിലേറെക്കാലമായി ഇതിനുള്ള ശ്രമം നടക്കുന്നു. സ്വാതന്ത്ര്യാനന്തരം രാഷ്‌ട്രീയ പാര്‍ട്ടി എന്ന രൂപത്തിലും ആര്‍ എസ്‌ എസ്‌ അരങ്ങേറി. ഇന്ത്യയിലെ ഭൂരിപക്ഷ മതം ഹിന്ദുമതമായിട്ടുപോലും പ്രഖ്യാപിത ലക്ഷ്യത്തിന്റെ അടുത്തെങ്ങുമെത്താന്‍ ഇതുവരെ അവര്‍ക്ക്‌ സാധിച്ചില്ല. ആറ്‌ വര്‍ഷക്കാലം ഇതര കക്ഷികളുടെ സഹായത്തോടെ ബി ജെ പിക്ക്‌ ഇന്ത്യാരാജ്യം ഭരിക്കാനായി എന്ന്‌ മാത്രം. അപ്പോള്‍ പോലും ഒന്നും ചെയ്യാനായില്ലെന്നാണ്‌ ആര്‍ എസ്‌ എസ്‌ നേതാക്കള്‍ തന്നെ അടുത്തിടെ പറഞ്ഞത്‌. വിവാഹ നിയമം ഏകീകരിക്കാന്‍ പോലും അന്നത്തെ ബി ജെ പി സര്‍ക്കാര്‍ ശ്രമിച്ചില്ലെന്ന്‌ ആര്‍ എസ്‌ എസ്‌ തുറന്നു സമ്മതിക്കുന്നു. ഇതിന്‌ കാരണങ്ങള്‍ പലതുണ്ടാവാം. ഭരണഘടന ആവിഷ്‌കരിച്ചപ്പോള്‍ വിഭാവനം ചെയ്‌ത മതേതര വ്യവസ്ഥ, ഹൈന്ദവരിലെ ജാതി വ്യവസ്ഥ, ഇപ്പോഴും ഇന്ത്യന്‍ ദേശീയതയുമായി പൂര്‍ണമായും ഇണങ്ങിച്ചേരാത്ത വിഭാഗങ്ങള്‍ അങ്ങനെ പലതും. പൊതുവില്‍ ഭൂരിപക്ഷമായ ഹിന്ദുക്കള്‍ ഹിന്ദുരാഷ്‌ട്ര അജന്‍ഡ ഏറ്റെടുക്കാന്‍ മനസ്സ്‌ കാണിച്ചില്ല എന്ന്‌ പറയേണ്ടിവരും. തങ്ങളുടെ ആവാസ വ്യവസ്ഥയെ ജാതി, മത വൈവിധ്യങ്ങളോടെ ഉള്‍ക്കൊള്ളാന്‍ അവര്‍ തയ്യാറായിരുന്നു. ജാതി വ്യവസ്ഥ പോലുള്ളവയുടെ ദോഷഫലങ്ങള്‍ അതുകൊണ്ടുതന്നെ നിലനില്‍ക്കുകയും ചെയ്യുന്നു.

ഹിന്ദു രാഷ്‌ട്ര സ്ഥാപനത്തിനായുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുമുണ്ട്‌. സ്‌ഫോടനങ്ങള്‍ നടത്തി, വര്‍ഗീയ വിഭജനം നടത്താനുള്ള ശ്രമം ഒരു ഭാഗത്ത്‌. മുസ്‌ലിം സംഘടനകളോ വ്യക്തികളോ ആണ്‌ സ്‌ഫോടനത്തിന്‌ പിന്നിലെങ്കില്‍ അതിന്റെ കുറ്റം സമുദായത്തിനുമേലാകെ ചുമത്തി വെറുക്കപ്പെടേണ്ട വിഭാഗമായി ചിത്രീകരിക്കാനുള്ള ശ്രമം മറു ഭാഗത്ത്‌. രാഷ്‌ട്രീയാധികാരം കൈയടക്കി നിയമവും വിദ്യാഭ്യാസവും ചരിത്രവുമൊക്കെ സ്വന്തമാക്കുക എന്ന ലക്ഷ്യവും അവര്‍ക്കുണ്ട്‌. ഇത്തരം ശ്രമങ്ങളുടെയെല്ലാം ഭാഗമായിരുന്നു കേരളം, കര്‍ണാടകം എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുയര്‍ന്ന `ലൗ ജിഹാദ്‌' ആരോപണം. ഹിന്ദുത്വ സംഘടനകള്‍ മാത്രമല്ല, ക്രിസ്‌ത്യന്‍ സംഘടനകളും എസ്‌ എന്‍ ഡി പി യോഗം പോലുള്ള പ്രസ്ഥാനങ്ങളുടെ നേതാക്കളും ആ പ്രചാരണത്തില്‍ തീ പടര്‍ത്താന്‍ ശ്രമിച്ചിരുന്നു. 


സമ്പന്ന ഹിന്ദു കുടുംബങ്ങളിലെ പെണ്‍കുട്ടികളെ പ്രണയം നടിച്ച്‌ വശത്താക്കി, ഇസ്‌ലാമില്‍ ചേര്‍ക്കുകയോ ലൈംഗികമായി ഉപയോഗിച്ച ശേഷം ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും ഉപയോഗിക്കുകയോ ചെയ്യുന്നുവെന്ന്‌ ഉദാഹരണ സഹിതം ആരോപിക്കുമ്പോള്‍ രക്ഷിതാക്കളിലും കുടുംബങ്ങളിലുമുണ്ടാവാനിടയുള്ള ശങ്ക എത്രയായിരിക്കും? വെറുപ്പിന്റെ വിത്ത്‌ വിതക്കാന്‍ ഇതിലും വലിയൊരു ആയുധം വേറെയില്ല. ഉദാഹരിക്കപ്പെട്ട സംഭവങ്ങളുടെ അടിസ്ഥാനം ചോദ്യം ചെയ്യപ്പെടുകയും ശക്തിയായ പ്രതിരോധം ഉയരുകയും ചെയ്‌തതോടെയാണ്‌ ഈ പ്രചാരണങ്ങളുടെ മുനയൊടിഞ്ഞത്‌. കേരളത്തെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാക്കാന്‍ സംഘടിത ശ്രമം നടക്കുന്നുവെന്ന്‌ വി എസ്‌ അച്യുതാനന്ദന്‍ തന്നെ പറയുമ്പോള്‍ ഹൈന്ദവ സംഘടനകള്‍ ഇക്കാലമത്രയും നടത്തിയ പ്രചാരണങ്ങള്‍ക്ക്‌ ആധികാരികത കൈവരികയാണ്‌ ചെയ്യുന്നത്‌. ചെറുതല്ലാത്ത പ്രത്യാഘാതം അതുണ്ടാക്കുകയും ചെയ്യും. 


സമുദായാംഗങ്ങളുടെ എണ്ണം കൂട്ടി ഭൂരിപക്ഷം കൈവരിക്കാന്‍ എന്തെങ്കിലും ശ്രമം അടുത്ത കാലത്ത്‌ നടന്നിട്ടുണ്ടെങ്കില്‍ അത്‌ കത്തോലിക്കാ സഭയുടെ ഭാഗത്തുനിന്നാണ്‌. സാമ്പത്തികശേഷിയുള്ള ദമ്പതികളെല്ലാം `നാം രണ്ട്‌ നമുക്ക്‌ രണ്ട്‌' എന്ന തത്വമൊഴിവാക്കണമെന്നും കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‍കണമെന്നും അതുവഴി കത്തോലിക്കരുടെ എണ്ണം കൂട്ടണമെന്നും പള്ളികളിലൂടെയാണ്‌ സഭാ നേതൃത്വം സന്ദേശം നല്‍കിയത്‌. കേരളത്തെ ക്രൈസ്‌തവ മേധാവിത്വമുള്ള സമൂഹമാക്കുന്നതിനുള്ള ശ്രമമായി ഇതിനെ കാണാന്‍ സാധിക്കുമോ? അത്തരത്തില്‍ ശ്രമിച്ചാല്‍ മാറിമറിയുന്നതാണോ കേരളത്തിലെ സാമൂഹിക ഘടന? വി എസ്‌ പറഞ്ഞതുപോലെ മുസ്‌ലിം ജനിച്ച്‌ കാലക്രമേണ മുസ്‌ലിം ഭൂരിപക്ഷമാവണമെങ്കില്‍ മറ്റ്‌ സമുദായത്തിലെ യുവതീയുവാക്കളെ വന്ധ്യംകരിക്കേണ്ടിക്കൂടി വേണ്ടിവരും. അതിനുള്ള പോംവഴിയും ഹിന്ദുത്വ തീവ്രവാദ സംഘടനകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്‌. അതാണ്‌ `ഡോക്‌ടര്‍ ജിഹാദ്‌.' `ലൗ ജിഹാദ്‌' പ്രചാരണം തുടക്കത്തിലേ പാളിയതുകൊണ്ട്‌ `ഡോക്‌ടര്‍ ജിഹാദ്‌' പ്രചാരണം തുടങ്ങിയേടത്തുതന്നെ നില്‍ക്കുകയായിരുന്നു. വി എസിന്റെ സര്‍ട്ടിഫിക്കറ്റ്‌ കൂടി ലഭിച്ച സാഹചര്യത്തില്‍ സംഘ്‌ പരിവാറിന്‌ ഇത്‌ പൊടിതട്ടി എടുക്കാവുന്നതാണ്‌. 


ഇനി കേരളത്തില്‍ മുഖ്യമന്ത്രിയായ വി എസ്‌ അച്യുതാനന്ദന്‍ പറയുന്നതുപോലെ സംഘടിതമായ ശ്രമം നടക്കുന്നുണ്ടെന്ന്‌ തന്നെ സമ്മതിക്കുക. അതിനര്‍ഥം അമ്പതാണ്ട്‌ നീണ്ട വി എസ്‌ അച്യുതാനന്ദന്റെ രാഷ്‌ട്രീയ ജീവിതം പാഴായിപ്പോയെന്നാണ്‌. അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും അതിന്റെ വിവിധങ്ങളായ സംഘടനാ വിഭാഗങ്ങളുടെയും പ്രവര്‍ത്തനം വൃഥാവിലായെന്നാണ്‌. മറ്റു രാഷ്‌ട്രീയ പാര്‍ട്ടികളും അധികാരത്തില്‍ വന്ന ഭരണകൂടങ്ങളും പരാജയപ്പെട്ടുവെന്നാണ്‌. മുസ്‌ലിം ഭൂരിപക്ഷമുണ്ടാക്കി അതിനനുസൃതമായ ഭരണ സംവിധാനമുണ്ടാക്കണമെന്ന ചിന്താഗതി വളരുകയും അതിന്‌ സ്വാധീനമുറപ്പിക്കാന്‍ കഴിയുകയും ചെയ്യുന്നുവെങ്കില്‍ അതിനുള്ള രാഷ്‌ട്രീയ, സാമൂഹിക സാഹചര്യം നിലനില്‍ക്കുന്നുവെന്നാണ്‌ അര്‍ഥം. സ്വാതന്ത്ര്യം ഷഷ്‌ടിപൂര്‍ത്തി പിന്നിട്ടിട്ടും ഈ ജനവിഭാഗത്തിന്റെ വിശ്വാസം നേടിയെടുക്കാന്‍ രാഷ്‌ട്രീയ, ഭരണ നേതൃത്വത്തിന്‌ സാധിക്കാത്തതുകൊണ്ടാണ്‌ ഈ സാഹചര്യം നിലനില്‍ക്കുന്നത്‌. വിശ്വാസം നേടിയെടുക്കണമെങ്കില്‍ അവരുടെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യണമായിരുന്നു. സമൂഹത്തില്‍ തുല്യ അന്തസ്സ്‌ ഉറപ്പാക്കണമായിരുന്നു. അതിന്‌ സാധിച്ചിട്ടില്ല എന്ന്‌ തുറന്നു സമ്മതിക്കുന്നതിന്‌ തുല്യമാണ്‌ വി എസ്‌ അച്യുതാനന്ദന്റെ ഇപ്പോഴത്തെ പ്രസ്‌താവന. രാജ്യത്ത്‌ തുല്യാവസര കമ്മീഷന്‍ രൂപവത്‌കരിക്കുമെന്ന്‌ പ്രഖ്യാപിക്കുമ്പോള്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ കോണ്‍ഗ്രസും അംഗീകരിക്കുന്നത്‌ മറ്റൊന്നല്ല. 


ഈ സാഹചര്യം മാറണമെങ്കില്‍ ആദ്യം തിരുത്തേണ്ടത്‌ സ്വന്തം മനസ്സിനെയാണ്‌. മലപ്പുറം ജില്ലയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ മത്സരപ്പരീക്ഷകളില്‍ മുന്നിലെത്തുന്നതിന്‌ പിന്നില്‍ ദുരൂഹതയുണ്ടെന്ന്‌ പറഞ്ഞത്‌ ഇതേ വി എസ്‌ തന്നെയാണ്‌. മലപ്പുറത്തെ ജനസംഖ്യാനുപാതത്തെക്കുറിച്ച്‌ ബോധ്യമില്ലാത്തയാളല്ല അദ്ദേഹം. ഇത്തരത്തിലൊരു പ്രസ്‌താവന നടത്തുമ്പോള്‍ അതിന്റെ ലക്ഷ്യമേതെന്ന്‌ പ്രത്യേകിച്ച്‌ പറയേണ്ടതില്ല. കണക്കുകളോ, വസ്‌തുതകളോ ഈ ആക്ഷേപത്തിന്‌ തുണയായി അദ്ദേഹം അന്നും പിന്നീടും ഹാജരാക്കിയിട്ടില്ല. അപ്പോള്‍ പിന്നെ ലക്ഷ്യമെന്തായിരുന്നു? ഒരു വിഭാഗം വിദ്യാഭ്യാസ മേഖലയില്‍ പുരോഗതി നേടുന്നതിനെപ്പോലും സംശയത്തോടെ കാണുന്ന മനസ്സ്‌ അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന്‌ തന്നെ മനസ്സിലാക്കണം. പുതിയ പ്രസ്‌താവനയുടെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. 


ഇത്തരം സംശയങ്ങള്‍ നിലനിര്‍ത്തുകയും അത്‌ പ്രചരിപ്പിക്കുകയും ചെയ്യുന്ന നേതാക്കളും സംഘടനകളുമാണ്‌ ആളുകളെ വഴിതെറ്റിക്കുന്നത്‌; ഭൂരിപക്ഷ സമുദായത്തെ സംശയങ്ങളുടെ പരകോടിയിലേക്ക്‌, ന്യൂനപക്ഷ വിഭാഗങ്ങളെ അപകര്‍ഷതയുടെ ആഴങ്ങളിലേക്കും. അപകര്‍ഷതയുടെയും അവഗണനയുടെയും ആഴങ്ങളില്‍ നിന്നാണ്‌ സമരങ്ങളുണ്ടാവുന്നതെന്നും അത്‌ സായുധരീതിയിലേക്ക്‌ വഴിമാറുന്നതെന്നും വി എസ്‌ അച്യുതാനന്ദന്‌ അറിയാത്തതല്ലല്ലോ?

മുഖ്യമന്ത്രി സംസ്ഥാന ഭരണത്തിന്റെ നേതാവാണ്‌. ഭരണത്തിലെ വിവിധ വിഭാഗങ്ങളില്‍ നിന്ന്‌ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ അദ്ദേഹം സംസാരിക്കുക. ഇപ്പോള്‍ പറഞ്ഞ കാര്യങ്ങളും അത്തരത്തില്‍ ലഭിച്ച വിവരങ്ങളെ വിശകലനം ചെയ്‌താവണം. ഇത്തരം വിവരങ്ങള്‍ കൈമാറുന്നവര്‍ അപ്പപ്പോഴത്തെ കാര്യങ്ങളെക്കുറിച്ച്‌ മാത്രമേ ചിന്തിക്കുന്നുണ്ടാവൂ. ഭരണാധികാരികളും ആദരണീയമായ പ്രവര്‍ത്തന പാരമ്പര്യമുള്ള നേതാക്കളുമാവുമ്പോള്‍ മുന്‍കാലങ്ങളെക്കുറിച്ച്‌ കൂടി അറിവുണ്ടാവും. മതം മാറുകയോ മാറ്റുകയോ ചെയ്യുന്ന പതിവ്‌ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പല കാരണങ്ങളാല്‍ മതം മാറുന്നവരുണ്ടാവാം. ഇന്ന്‌ ദളിത്‌ ക്രൈസ്‌തവര്‍ എന്ന പേരില്‍ അറിയപ്പെടുന്നവര്‍ ക്രിസ്‌തുമതം സ്വീകരിക്കാനുണ്ടായ കാരണം ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയായിരുന്നു. അതുപോലുള്ള സാമൂഹിക, വ്യക്തി സാഹചര്യങ്ങള്‍ ഇപ്പോഴും മതം മാറ്റങ്ങള്‍ക്ക്‌ കാരണമാകുന്നുണ്ട്‌. 


ഏത്‌ മതത്തില്‍ വിശ്വസിക്കുന്നതിനും വിശ്വസിക്കുന്ന മതം പ്രചരിപ്പിക്കുന്നതിനും ഭരണഘടന അനുവാദം നല്‍കുന്നുണ്ട്‌. അതുകൊണ്ട്‌ മതം പ്രചരിപ്പിക്കുന്നതോ സ്വന്തം മതത്തിലേക്ക്‌ കൂടുതല്‍ ആളുകളെ ക്ഷണിക്കുന്നതോ തെറ്റായി കാണാനും സാധിക്കില്ല. സ്വാധീനം ചെലുത്തി, നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്‌ പ്രേരിപ്പിക്കുമ്പോഴാണ്‌ പ്രശ്‌നങ്ങളുണ്ടാവുന്നത്‌. കേരളം പോലെ വിവിധ മതസ്ഥര്‍ തിങ്ങിത്താമസിക്കുന്ന ഒരു പ്രദേശത്ത്‌ നിര്‍ബന്ധിത മതപരിവര്‍ത്തനമൊക്കെ ഏറെപ്പെട്ടെന്ന്‌ പുറത്തുവരുമെന്നുറപ്പ്‌. അത്തരത്തില്‍ പ്രകടമായ യാതൊന്നും ഇക്കാലയളവില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തതായി അറിവുമില്ല. മുക്കാല്‍ നൂറ്റാണ്ട്‌ കാലം ആര്‍ എസ്‌ എസും അരനൂറ്റാണ്ടിലേറെക്കാലം അതിന്റെ രാഷ്‌ട്രീയരൂപങ്ങളും ശ്രമിച്ചിട്ട്‌ നടക്കാത്തത്‌ വംശവര്‍ധനവിലൂടെ സാധിച്ചുകളയാമെന്ന്‌ ഏതെങ്കിലും മുസ്‌ലിം സംഘടന ധരിച്ചുവശായിട്ടുണ്ടെന്ന്‌ കരുതാനാവില്ല. മറിച്ചാണ്‌ കാര്യങ്ങളെങ്കില്‍ കൃത്യവും വ്യക്തവുമായ വിവരങ്ങള്‍ പരസ്യപ്പെടുത്തേണ്ട ബാധ്യത ഭരണകൂടത്തിനുണ്ട്‌. സംശയങ്ങള്‍ ശേഷിക്കാതിരിക്കാന്‍ അതാവും നല്ലത്‌. കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞുപോവണമായിരുന്നുവെന്ന്‌ പിന്നീട്‌ പറയിപ്പിക്കാതിരിക്കാനെങ്കിലും. }}}  ഈ ലേഖനം ഇതാ ഇവിടെയാണുള്ളത്.
ഈ പോസ്റ്റിനെതിരെയും ഉന്നയിക്കപ്പെട്ട പൊതുവായ ആരോപണം. ഇതില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പേര് പരാമര്‍ശിക്കാതെ തെറ്റിദ്ധരിപ്പിച്ചു എന്നാണ്. പോപ്പുലര്‍ ഫ്രണ്ടിനെതിരെ എന്ന നിലക്ക് തന്നെയാണ് വി.എസ്. പറഞ്ഞത്. എന്നാല്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങളും ശൈലിയും മുന്‍നിര്‍ത്തിയാണ് നിഷ്പക്ഷമതികള്‍  ആ പ്രസ്താവനയെ നോക്കിക്കണ്ടത് എന്നതാണ് സത്യം. മാത്രമല്ല സ്ഥാനത്തും അസ്ഥാനത്തും അതില്‍ ബന്ധപ്പെട്ട കക്ഷികളെ എടുത്ത് പറഞ്ഞ് ഒട്ടും ഗുണകരമാല്ലാത്ത പ്രശസ്തി അക്രമികള്‍ക്കുണ്ടാക്കി കൊടുക്കണം എന്ന് പറയുന്നതിലും കാര്യമില്ല. എന്ന നിലക്ക് ഇതില്‍ ബന്ധപ്പെട്ട പേര്‍ പരാമര്‍ശിക്കാത്തത് കുറ്റമല്ല. ഈ വിഷയത്തിലൊക്കെ വിമര്‍ശനമുന്നയിക്കുന്നവര്‍ക്ക് ഇസ്‌ലാമിലെ ഭരണവ്യവസ്ഥയെയും ഇസ്ലാം മതത്തെ മൊത്തതിലും എടുത്ത് പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്യാമെന്നും, തിരിച്ച് അതിനെതിരെ പ്രതികരിച്ചാല്‍ അത് തീവ്രവാദികളെ പിന്തുണക്കലാണെന്ന് പറയുന്നത് ഒട്ടും നീതിയല്ല. 
 

2010, ജൂലൈ 21, ബുധനാഴ്‌ച

ജിസ്യ എന്ന മതനികുതി ?

"നമുക്ക് കാത്തിരിക്കാം ഫിലിപ്പിന്‍സില്‍ ഒക്കെ നടക്കും പോലെ ക്രിസ്ത്യന്‍ പള്ളികളില്‍ സ്ഫോടനം നടക്കുന്ന കാലം. സ്കൂള്‍ കുട്ടികളും വീട്ടമ്മമാരും ഷോപിംഗ് മാളില്‍ ചിതറി വീഴുന്ന കാലം...

കേരളക്കരയിലെ മുഴുവന്‍ പേരും പരിച്ചെദം ചെയ്യുന്നത് വരെ നമുക്ക് ഇത് തുടരാം, എന്നിട്ടും ഹിന്ദുവായും ക്രിസ്ത്യാനി ആയും ജീവിക്കുന്നവന്റെ ഒക്കെ തലയില്‍ കനത്ത ജിസ്യ നമുക്ക് ചുമത്താം.

അങ്ങിനെ ഉണ്ടാകുന്ന ആ ലോക ക്രമം ഉണ്ടല്ലോ, അതാണ്‌ വിമോചനം!"
ഇ.എ.ജബ്ബാറിന്റെ ബ്ലോഗില്‍ ഒരാള്‍ നല്‍കിയ കമന്റിന്റെ ഒരു ഭാഗമാണിത്. ഇത്തരം അസഹിഷ്ണുത നിറഞ്ഞ കമന്റുകളും പോസ്റ്റുകളുമാണിപ്പോള്‍ ബൂലോകത്ത് അരങ്ങുവാഴുന്നത്. പലതിലും ഉള്ള ആശങ്കള്‍ അസ്ഥാനത്തല്ല. എന്നാല്‍ അതിന് പരിഹാരം ഇത്തരം കമന്റുകളാണോ? ഈ അവസരം വളരെ നിഷേധാത്മകമായി ഉപയോഗിക്കുന്നത് കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ സൂചിപ്പിച്ചപോലെ നിര്‍ഭാഗ്യവശാല്‍ ഒരു മതത്തോടും പ്രത്യേക താല്‍പര്യമില്ലെന്ന് പറയുന്ന യുക്തിവാദികള്‍ തന്നെ. വര്‍ഗീയവാദികള്‍ പ്രത്യേകം പോസ്റ്റ് ഇടേണ്ട കാര്യമില്ല. പല പേരുകളില്‍ അവര്‍ തങ്ങളുടെ മനസ്സിലെ വര്‍ഗീയത മുഴുവന്‍ പുറത്തെടുക്കുന്നു. മേല്‍ പറയപ്പെട്ട കമന്റ് പോലെ. അതില്‍ പ്രകോപനവും തങ്ങളുടെ അജ്ഞതയും മാത്രമല്ല. പരമാവധി ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. കൈവെട്ട് ഇസ്‌ലാമിക ഭരണത്തിന് വെമ്പല്‍കൊള്ളുന്നവരുടെ ശൈലി എന്നാണ് അഭ്യന്തരമന്തി തന്നെ കേരള ജനതക്ക് നല്‍കുന്ന സന്ദേശം. മുഴുവന്‍ ഇസ്‌ലാമിക സംഘടനകളും ഇസ്‌ലാമുമായി അതിന് ബന്ധമില്ല എന്ന് പറഞ്ഞിട്ടും. അദ്ദേഹം അംഗീകരിക്കാന്‍ തയ്യാറല്ല. അദ്ദേഹത്തിന് മറ്റു മതനിഷേധികളെപ്പോലെത്തന്നെ  ഇത് പറയുമ്പോള്‍ അദ്ദേഹത്തെ ഭരിക്കുന്നത് വിവേകമോ വിജ്ഞാനമോ അല്ല താല്‍കാലികതാല്‍പര്യങ്ങളുടെ പേരിലുള്ള അവിവേകമാണ്. കൈവെട്ടിയവരോ അതിന്റെ പേരില്‍ പിടിക്കപ്പെട്ടവരോ ഇസ്‌ലാമിക ഭരണവ്യവസ്ഥയെക്കുറിച്ച് സംസാരിക്കുന്നവരോ അത് തങ്ങങ്ങളുടെ പ്രവര്‍ത്തനത്തിന്റെ ഉന്നമായോ പറയുന്നത് ശ്രദ്ധയില്‍ പെട്ടിട്ടില്ല. അത്തരമൊരു സംസാരം നടത്തുന്ന സംഘടന രക്തദാനം നല്‍കിയാണ് ഇതിനോട് പ്രതികരിച്ചിട്ടുള്ളത് എന്നിരിക്കെ അഭ്യന്തരമന്തിയുടെ പ്രസ്താവനയിലെ വൈരുദ്ധ്യം പ്രകടമാണ്.

യുക്തിവാദികള്‍ ഇവിടെ ഒരു സമാധാനദുതന്റെ കുപ്പായമണിയുകയാണ്. അതിന് വേണ്ടി എല്ലായ്‌പോഴും ആക്രമണം ഇസ്‌ലാമിനെതിരെയാണെങ്കില്‍ അതിനെ നിസ്സാരവല്‍കരിച്ചും. നിഷേധിച്ചുമാണ് പ്രസ്താവന ഇറക്കാറുള്ളത്. മതത്തെ വിമര്‍ശിക്കാനുള്ള കുത്തക തങ്ങളുടെതാണ് എന്നാണ് നാട്യം. മാന്യമായ വിമര്‍ശനത്തെയും നിരൂപണത്തെയും ചൂണ്ടി ഇതര മതസ്ഥരെ പ്രകോപിക്കുന്ന ധാരാളം പോസ്റ്റുകളും കമന്റുകളും നല്‍കി കൊണ്ടിരിക്കുന്നു. ഇവിടെ അധ്യാപകന് ഒരു തെറ്റും സംഭവിച്ചിട്ടില്ല എന്ന് വരുത്തിതീര്‍ക്കുന്നത് സമാധാനപ്രിയരായതുകൊണ്ടാണ് എന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്. കാരണം ഇവരുടെ കാഴ്ചപ്പാടില്‍ അക്ബര്‍ മഹാകുറ്റവാളിയാണ്. അദ്ദേഹത്തെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്ന് നിരന്തരം ചോദിക്കുകയും ചെയ്യുന്നു. എന്നാല്‍ അക്ബര്‍ മാന്യമായ സംവാദമാണ് എന്നത് പ്രശ്‌നമല്ല. ഇവിടെ അക്ബറിന്റെ സംവാദ ശൈലിയോട് വിയോജിച്ചുകൊണ്ടുതന്നെ പറയട്ടെ. അദ്ദേഹം ആരുടെയെങ്കിലും ബഹുമാനിക്കപ്പെടുന്നവരെ അവമതിച്ചു എന്ന് എനിക്ക് തോന്നിയിട്ടില്ല. വസ്തുതകളെ വസ്തുതകളായി കണ്ടാണ് പരിഹാരം നിര്‍ദ്ദേശിക്കേണ്ടത്. കണ്ണടച്ചാല്‍ ഇരുട്ടാവില്ല എന്ന് യുക്തിവാദികള്‍ മനസ്സിലാക്കണം. അത് പ്രശ്‌ന പരിഹാരത്തിന് ഉതകുന്നതുമല്ല. പ്രകോപനം ഏത് ഭാഗത്ത് നിന്നുണ്ടായാലും അതിനെതിരെ ശക്തമായി പ്രതികരിക്കുക എന്നത് മനസ്സിലാക്കാന്‍ കഴിയും. എന്നാല്‍ എല്ലാഴ്‌പോഴും കുറ്റവാളികള്‍ ഒരു മതവിഭാഗത്തില്‍നിന്ന് തന്നെ എന്ന മുന്‍ധാരണയും അതനുസരിച്ചുള്ള പ്രതികരണങ്ങളും സമാധാന പാലനത്തിന് സഹായകമായ പ്രവര്‍ത്തനമല്ല.

മുകളില്‍ നല്‍കപ്പെട്ട കമന്റിലേക്ക് തിരിച്ചു പോകാം. അതിലെ മറ്റു പരാമര്‍ശങ്ങളെ അവഗണിച്ച് ആ സഹോദരന്‍ മനപ്പൂര്‍വം തെറ്റിദ്ധരിപ്പിച്ചതല്ല എന്ന ഗുണകാംക്ഷപരമായ മനോഭാവം നിലനിര്‍ത്തി പ്രസ്തുത കമന്റിലെ ഒരു വിഷയത്തെക്കുറിച്ച് ഇവിടെ ഒരു വിശദീകരണം നല്‍കുകയാണ്. യഥാര്‍ഥത്തില്‍ ഇസ്‌ലാമിന്റെ ശക്തി അതിലാണ്. ആര്‍ എന്തൊക്കെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചാലും അതിനെ ഗൗരവപൂര്‍വം പഠിക്കാന്‍ ശ്രമിക്കുന്നവര്‍ ഇക്കാലമത്രയും അത്യത്ഭുതകരമായ അതിന്റെ നിയമനിര്‍ദ്ദേശങ്ങശ്ക്ക് മുമ്പില്‍ തലകുനിച്ചിട്ടുണ്ട്. ഇസ്‌ലാമിലെ ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട പദങ്ങളിലൊന്നാണ് ജിസ്യ. ഇസ്‌ലാമിക ഭരണകൂടം നിലവില്‍ വന്നുകഴിഞ്ഞാല്‍ മുസ്‌ലിംകളല്ലാത്തവര്‍ക്ക് ഏര്‍പ്പെടുത്തുന്ന മതനികുതി എന്നാണ് അതിന് നിര്‍വചനമായി മുസ്‌ലികളല്ലാത്തവര്‍ മനസ്സിലാക്കിയിട്ടുള്ളത്.

എന്നാല്‍ എന്താണ ജിസ് യ യുടെ യഥാര്‍ഥ വ്യാഖ്യാനം.

ഇസ്‌ലാമിക ഭരണകൂടവുമായി യുദ്ധത്തിലേര്‍പ്പെടുന്നവരില്‍ അവസാനനിമിഷം വരെ അതില്‍ തുടരുകയും അതിജയിക്കപ്പെടുകയുമാണെങ്കില്‍ ലോകത്തുള്ള മറ്റേത് വ്യവസ്ഥയെയും പോലെ അവരിലെ ആയുധമെടുത്ത എല്ലാ പുരുഷന്‍മാരെയും വധിക്കാന്‍ ഇസ്‌ലാമിക സൈന്യത്തിനും അവകാശമുണ്ട്. എന്നാല്‍ ഇസ്‌ലാം മുന്‍ഗണനനല്‍കുന്നത്. അവരെ സുരക്ഷിത പ്രജകളാക്കുകയും യുദ്ധത്തിന് മുമ്പുണ്ടായിരുന്ന അവസ്ഥയില്‍ അവരെ ജീവിക്കാന്‍ വിടുകയും ചെയ്യുന്നതിനാണ്. എന്നാല്‍ പ്രവാചകന്റെ കാലത്തെ പൊതുസമ്പ്രദായം ഇതിനെതിരായിരുന്നു. കീഴടങ്ങുന്നവരെ ഉന്‍മൂലനം ചെയ്യുന്നതിലായിരുന്നു അന്നത്തെ പൊതുമനസ്സുണ്ടായിരുന്നത്. ഈ പൊതുമാനസികാവസ്ഥയെ പെട്ടെന്ന് മാറ്റുക പ്രയാസമാണ്. കാലത്തിന്റെ ചൈതന്യത്തോട് യുദ്ധം ചെയ്യുന്നത് അതിന്റെ സംസ്‌കരണ രീതിക്ക് എതിരാണ്. അതിനാല്‍ പ്രത്യക്ഷത്തില്‍ അതിനെ നിലനിര്‍ത്തുകയും ആ അനുവാദത്തെ പ്രയോജനപ്പെടുത്താന്‍ താല്‍പര്യപ്പെടാത്തവിധം പ്രവാചകന്റെയും അവിടുത്തെ അനുചരന്‍മാരുടെയും മാര്‍ഗദര്‍ശനത്തിലുടെ മുസ്‌ലിംകളില്‍ ഹൃദയവിശാലതയും ഉദാരതയുടെയും ചൈതന്യം സന്നിവേശിപ്പിക്കപ്പെട്ടു. അതിലൂടെ പഴയ ഉന്‍മൂലന സമ്പ്രദായത്തെ പ്രയോഗത്തില്‍ ദുര്‍ബലപ്പെടുത്തുകയായിരുന്നു. ഇസ്‌ലാമിക ചരിത്രത്തില്‍ ഒരൊറ്റ സന്ദര്‍ഭത്തില്‍ മാത്രമാണ് ഇതിനപവാദമായി ഉള്ളത്. ബാക്കിസന്ദര്‍ഭത്തിലെല്ലാം അവരെ സംരക്ഷിതപ്രജകളായി (ദിമ്മികളായി) നിലനിര്‍ത്തി. ചരിത്രത്തിലെ ഗതിവിഗതി മാറ്റിയ മനുഷ്യത്വപരമായ പരിഷ്‌കാരമായിരുന്നു. ഉന്‍മൂലനത്തിനിരയാക്കേണ്ടുന്ന ഒരു വിഭാഗത്തെ നേരിയ ഒരു പ്രതിഫലത്തിന് പകരം ഇസ്‌ലാമിക ഭരണകൂടം സര്‍വ സുരക്ഷയും നല്‍കി ജീവിക്കാന്‍ വിട്ടുക എന്ന തത്വം ഉള്‍കൊള്ളുന്ന സംരക്ഷിത പ്രജയാക്കല്‍. അഥവാ ദിമ്മിയാക്കല്‍. അവര്‍ നല്‍കേണ്ടുന്ന നാമമാത്ര നികുതിയാണ് ജിസ് യ.

ഇനി ഇത്തരത്തില്‍ സംരക്ഷിത പ്രജകളുടെ ഭരണഘനാപരമായ പദവി ചുരുക്കി വിവരിക്കാം:


1. ഭരണാധികാരി അവരില്‍നിന്നും ജിസ്യ സ്വീകരിക്കുന്നതോടെ ഏക്കാലത്തേക്കുമായി സംരക്ഷണകരാര്‍ നിലവില്‍വരും. അവരുടെ ധനവും ജീവനും സംരക്ഷിക്കാന്‍ മുസ്്‌ലിംകള്‍ ബാധ്യസ്ഥരാണ്. എന്തുകൊണ്ടെന്നാല്‍ ജിസ്യ സ്വീകരിക്കുന്നതോടെ ജീവന്റെയും ധനത്തിന്റെയും പവിത്രതയാണ് സ്ഥിരപ്പെടുന്നത്. അതിനുശേഷ അവരുടെ സമ്പത്തിനുമേല്‍ കൈവെക്കാനോ അവരെ അടിമകളാക്കാനോ മുസ്ലിംകള്‍ക്ക് ഒരവകാശവും ഉണ്ടായിരിക്കുന്നതല്ല. അവരില്‍നിന്ന് ജിസ്യ സ്വീകരിച്ചാല്‍ പിന്നെ അവരില്‍നിന്ന് ഒന്നും നിനക്കില്ല എന്ന് അബൂ ഉബൈദക്ക് ഉമര്‍ സ്പഷ്ടമായി എഴുതുകയുണ്ടായി.

2. ഉടമ്പടി നിലവില്‍വരുന്നതോടെ ഭൂമിയുടെ ഉടമാവകാശം അവര്‍ക്ക് തന്നെയായിരിക്കും. അതില്‍ കച്ചവടം, ദാനം, കടം, പണയം തുടങ്ങി എല്ലാ ക്രയവിക്രയങ്ങള്‍ക്കും അവര്‍ക്ക് അവകാശമുണ്ടായിരിക്കും. ഭരണകൂടത്തിന് അതില്‍ ഇടപെടാന്‍ ഒരവകാശവുമില്ല.

3. ജിസ്യയുടെ തോത് ഓരോരുത്തരുടെയും സാമ്പത്തികനില അനുസരിച്ചായിരിക്കും നിര്‍ണയിക്കപ്പെടുന്നത്. സമ്പന്നരില്‍നിന്ന് കൂടുതലും ശരാശരിക്കാരില്‍നിന്ന് കുറച്ചും ദരിദ്രരില്‍നിന്ന് അല്‍പമാത്രവും ഇടാക്കും. യാതൊരു വരുമാനവും ഇല്ലാതിരിക്കുകയും നിത്യവൃത്തിക്കുതന്നെ മറ്റുള്ളവരെ ആശ്രയിക്കുകയും ചെയ്യുന്ന പരമദരിദ്രരെ ജിസ്യയില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കിക്കൊടുക്കുകയും ചെയ്യും. ജിസ്യയായി നിര്‍ണിതമായ ഒരു സംഖ്യയും നിശ്ചയിച്ചിട്ടില്ല. പക്ഷെ അടക്കാന്‍ എളുപ്പമായത് മാത്രമേ നിശ്ചയിക്കാവൂ. രണ്ടാം ഖലീഫ ഉമര്‍ പണക്കാര്‍ക്ക് പ്രതിമാസം ഒരു ദിര്‍ഹമും ശരാശരിക്കാര്‍ക്ക് എട്ട് അണയും അധ്വാനിക്കുന്ന പാവപ്പെട്ടവര്‍ക്ക് നാലണയും ജിസ്യ നിശ്ചയിച്ചു.

4. യുദ്ധത്തില്‍ പങ്കെടുക്കാന്‍ ശേഷിയുള്ളവരുടെ മേല്‍ മാത്രമേ ജിസ്യ ചുമത്താന്‍ അനുവാദമുള്ളൂ. കുട്ടികള്‍ സ്ത്രീകള്‍, ഭ്രാന്തന്‍, അന്ധര്‍ അരാധനാലയങ്ങളിലെ സേവകര്‍, വൃദ്ധര്‍, സാധുക്കള്‍ , സന്യാസികള്‍ , അവശനിലയില്‍ കഴിയുന്ന രോഗികള്‍ , തുടങ്ങി യുദ്ധത്തില്‍ പങ്കെടുക്കാനാവാത്ത എല്ലാവരും ജിസ്യയില്‍നിന്ന് ഒഴിവാക്കപ്പെടുന്നു.

5. അവരുടെ പ്രദേശത്തെ ആരാധനാലയങ്ങള്‍ ഉപയോഗിക്കാന്‍ അവര്‍ക്കല്ലാതെ അവകാശമുണ്ടായിരിക്കുന്നതല്ല. പൗരാണിക ആരാധനാലയങ്ങളും സ്മരകങ്ങളും തകര്‍ക്കുന്നത് ആരുടേതായാലും ഒരു നിലക്കും അനുവദനീയമല്ല.

6. അവരുടെ രക്തം പവിത്രമാണ്. കൊലപാതകത്തിന്റെയോ പ്രതിക്രിയയുടെയോ കാര്യത്തില്‍ ഒരു വിവേചനവും പാടില്ല.

7. പൗരനിയമവും മുസ്‌ലിമിനും ദിമ്മിക്കും തുല്യമാണ്. ചീത്ത പറയുകയോ പരദൂഷണം പറയുകയോ ചെയ്യാവതല്ല.

8. ഉടമ്പടി വന്നതിന് ശേഷം മുസ്‌ലിംകള്‍ക്ക് സ്വാതന്ത്ര്യമില്ലെങ്കിലും അത് ദുര്‍ബലപ്പെടുത്താന്‍ സംരക്ഷിത പ്രജകള്‍ക്ക് സ്വാതന്ത്ര്യമുണ്ട്.

9. അവര്‍ എത്രകടുത്ത കുറ്റം ചെയ്താലും അവരുടെ സംരക്ഷിത പ്രജ എന്ന നിലക്കുള്ള അവകാശം റദ്ദ് ചെയ്യപ്പെടുകയില്ല.

10. പുതിയ ആരാധനാലയങ്ങള്‍ പണിയാന്‍ അവര്‍ക്കനുവാദമുണ്ടായിരിക്കും.

11. അടക്കാതെ മരണപ്പെട്ടാല്‍ അവരുടെ സ്വത്തില്‍നിന്നോ അവരുടെ അനന്തരാവകാശികളുടെ സ്വത്തില്‍നിന്നോ ഇടാക്കാവതല്ല.

12. സൈനിക സേവനത്തില്‍നിന്ന് ഒഴിവാക്കപ്പെട്ടിട്ടുള്ളതിനാല്‍ അവരുടെ സംരക്ഷണം കൂടി മുസ്‌ലിം പടയാളികളുടെ ചുമതലയാണ്.

എന്നാലും സ്വന്തം രാജ്യത്തിലെ പ്രജകളെ രണ്ടായികാണുന്ന ശൈലി ക്രൂരമാണ് എന്ന് പറയുന്നവര്‍ വീണ്ടും മറവിക്കടിമപ്പെട്ടവരോ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നവരോ ആണ്. കാരണം ആധുനികമായ കാലത്ത് കാണപ്പെടുന്നത് പോലുള്ള ഒരു രാജ്യത്തിലെ വിവിധ മതവിഭാഗങ്ങളില്‍ ചുമത്തുന്ന മതനികുതിയല്ല ജിസ്യ. മറിച്ച് ഇസ്്‌ലാമിക ഭരണകൂടവുമായി യുദ്ധത്തിലേര്‍പ്പെട്ടവര്‍ക്ക് അവരെ ഉന്‍മൂലനം ചെയ്യുന്നതിന് പകരമായി ഇസ്‌ലാം വെച്ച നീതിയിലധിഷ്ഠിതമായ പുരോഗമനപരമായ ഒരു നിയമത്തിന്റെ ഭാഗമാണ് അത്. ഇക്കാലത്ത് അവ പരാമര്‍ശവിഷയം പോലുമല്ല. എങ്കിലും അത് എന്താണ് എന്നറിയാതെ മേല്‍പറഞ്ഞത് പോലെ മനസ്സിലാക്കി വിദ്വേഷം വമിപ്പിക്കാതിരിക്കാന്‍ ഈ അറിവ് സഹായകമായെങ്കില്‍ എന്ന് വിചാരിച്ചാണ് ഇതിവിടെ നല്‍കിയത്.

(ഹദീസ് ഗ്രന്ഥങ്ങള്‍, കിതാബുല്‍ ഖറാജ്, ഫുതൂഹുല്‍ ബുല്‍ദാന്‍ തുടങ്ങിയ ഗ്രന്ഥങ്ങളിലൊക്കെ ഇവ കൂടുതല്‍ വിശദമായി വായിക്കാവുന്നതാണ്. മൗലാനാ മൗദൂദി അല്‍ജിഹാദു ഫില്‍ ഇസ്‌ലാമില്‍
പരിഷ്‌കൃത യുദ്ധനിയമം എന്ന അദ്ധ്യായത്തില്‍ 46 പേജുകളിലായി ഈ വിഷയം വ്യക്തമാക്കിയിട്ടുണ്ട്.)

2010, ജൂലൈ 17, ശനിയാഴ്‌ച

കൈവെട്ടിലെയും രക്തദാനത്തിലെയും ഇസ്ലാമികത

തൊടുപുഴ അധ്യാപകന്റെ കൈവെട്ടിയ ദിവസം തന്നെ ഒരു വിഭാഗം  ആ അധ്യാപകന്റെ ശസ്ത്രക്രിയക്ക് വേണ്ടി 9 കുപ്പി രക്തം നല്‍കുകയുണ്ടായി . ഇസ്‌ലാമിനെയും പ്രവാചകനെയും താറടിപ്പിക്കുന്ന വിധം ഒരു വിഭാഗത്തിന്റെ പ്രവര്‍ത്തനമുണ്ടായപ്പോള്‍ അതിനെതിരെ പ്രാവര്‍ത്തികമായി യഥാര്‍ഥ ഇസ്‌ലാമിന്റെ വശം കാണിച്ചുകൊടുക്കുകയായിരുന്നു അതുകൊണ്ട് അവര്‍ ലക്ഷ്യം വെച്ചത്. അപ്പോള്‍ അത് ചെയ്യാതെ വാക്കുകൊണ്ട് കൈവെട്ടു സംഭവത്തെ അപലപിക്കുന്നതില്‍ മാത്രം പരിമിതപ്പെടുത്തിയാല്‍ അതിന് പ്രത്യേകിച്ച് വിലയൊന്നുമില്ല. കാരണം കുറ്റാരോപിതമായ സംഘടനതന്നെ പരസ്യമായി അതിനെ ന്യായീകരിക്കാന്‍ ധൈര്യപ്പെട്ടിട്ടില്ല. പ്രധാന കാരണം ഇസ്‌ലാമികമായി അത് ന്യായീകരിക്കത്തക്കതല്ല അതെന്ന് അവര്‍ക്ക് തന്നെ ഉറപ്പുണ്ട്. എങ്കിലും ഒളിഞ്ഞു തെളിഞ്ഞും അതില്‍ കുറ്റാരോപിതമായ സംഘടനയില്‍ പെട്ടവര്‍ രക്തം നല്‍കിയതിനെതിരെ പ്രതികരിക്കുന്നുണ്ട്. അവര്‍ക്ക് വേണ്ടിയല്ല ഇവിടെ ചില കാര്യങ്ങള്‍ അതുമായി ബന്ധപ്പെട്ട് പറയാനുദ്ദേശിക്കുന്നത്. മറിച്ച് കൈവെട്ടിയത് ഇസ്‌ലാമികമാണെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത് യുക്തിവാദികള്‍ മാത്രമമാണ്. രക്തം നല്‍കിയത് പ്രശസ്തിക്ക് വേണ്ടിയും അവര്‍ ജല്‍പിക്കുന്നു. എന്നാല്‍ രക്തം നല്‍കിയത് ഇസ്‌ലാമികവും കൈവെട്ടിയത് അനിസ്ലാമികവും ജനശ്രദ്ധ ആകര്‍ഷിക്കാനും എന്ന നിലപാട് പങ്കുവെക്കുന്നവരുടെ കൂട്ടത്തിലാണ് ഞാനുള്ളത്. ഇത്തരുണത്തില്‍ ഈ രണ്ട് സംഭവങ്ങളും ഇസ്‌ലാമിക വെളിച്ചത്തില്‍ പരിശോധിക്കുന്ന ഒരു ലേഖനത്തിന്റെ പ്രസക്തഭാഗങ്ങള്‍ ഇവിടെ നല്‍കുകയാണ്. 2010 ജൂലൈ 17 ലെ പ്രബോധനത്തിലാണ് പ്രസ്തുത ലേഖനമുള്ളത്. തുടര്‍ന്ന് വായിക്കുക:

{{{ ന്യൂമാന്‍സ് കോളേജ് അധ്യാപകന്‍ ജോസഫ് ചെയ്ത തെറ്റ് പ്രവാചകന്റെ കാലത്തായിരുന്നുവെങ്കില്‍ പ്രവാചകന്റെ പ്രതികരണം എന്താകുമായിരുന്നു? പ്രവാചകജീവിതത്തില്‍ നിന്നുതന്നെ ഇതിനുത്തരം ലഭിക്കും. ഹിജ്‌റ അഞ്ചാംവര്‍ഷം മക്ക കടുത്ത ക്ഷാമത്തിനടിപ്പെട്ടു. പണക്കാര്‍ പോലും പട്ടിണിയുടെ പിടിയിലമര്‍ന്നു. ആഹാര സാധനങ്ങള്‍ കിട്ടാതായി. അപ്പോള്‍ മക്കയിലുണ്ടായിരുന്നവരെല്ലാം പ്രവാചകന്റെ കഠിനശത്രുക്കളായിരുന്നു. പ്രവാചകന്റെ ശരീരത്തില്‍ ഒട്ടകത്തിന്റെ അളിഞ്ഞ അവശിഷ്ടം കൊണ്ടിട്ടവര്‍, സാമൂഹിക ബഹിഷ്‌കരണത്തിലൂടെ ഒറ്റപ്പെടുത്തി പട്ടിണിക്കിട്ടവര്‍, നാട്ടില്‍നിന്ന് ആട്ടിയോടിച്ചവര്‍, നാടുവിട്ടിട്ടും സൈ്വരം കൊടുക്കാതെ ബദ്ര്‍-ഉഹുദ്-അഹ്‌സാബ്....... യുദ്ധങ്ങള്‍ നടത്തിയവര്‍, പ്രവാചകന്റെ പല്ല് അമ്പെയ്ത് പൊട്ടിച്ചവര്‍, അദ്ദേഹത്തിന്റെ പിതൃവ്യന്‍ ഉള്‍പ്പെടെ ഒട്ടേറെ ബന്ധുക്കളെയും അനുയായികളെയും കൊന്നൊടുക്കിയവര്‍. എന്നിട്ടും മക്കയിലെ എതിരാളികള്‍ ദാരിദ്ര്യത്താല്‍ ദുരിതത്തിലകപ്പെട്ടപ്പോള്‍ പ്രവാചകന്റെ മനസ്സലിഞ്ഞു. അവരുടെ പ്രയാസം അദ്ദേഹത്തെ ഒട്ടും സന്തോഷിപ്പിച്ചില്ല. നബി(സ) തന്റെ അനുയായികളോട് വീടുകളിലുള്ള ധാന്യം കൊണ്ടുവരാന്‍ കല്‍പിച്ചു. അവിടുന്ന് അതൊക്കെയും ശേഖരിച്ച് അംറുബ്‌നു ഉമയ്യ വശം മക്കയിലേക്ക് കൊടുത്തയച്ചു. അദ്ദേഹം അത് കൈമാറിയത് ശത്രുക്കളുടെ നേതാവായിരുന്ന അബൂസുഫ്‌യാനാണ്. അബൂസുഫ്‌യാന്‍ അത് വാങ്ങി വിതരണം ചെയ്തു. 

പ്രവാചകത്വത്തിന്റെ പത്താംവര്‍ഷം നബി(സ)യുടെ പരിരക്ഷണം ഏറ്റെടുത്തിരുന്ന പിതൃവ്യന്‍ അബൂത്വാലിബും പ്രിയപത്‌നി ഖദീജയും മരണമടഞ്ഞു. അതോടെ മക്കയില്‍ ജീവിതം ദുസ്സഹമായി. അതിനാല്‍ മക്കയുടെ അടുത്ത പ്രദേശമായ ത്വാഇഫില്‍ അഭയം തേടാന്‍ തീരുമാനിച്ചു. അദ്ദേഹം സൈദുബ്‌നു ഹാരിസിനോടൊപ്പം അവിടെയെത്തി. എന്നാല്‍ അന്നാട്ടുകാര്‍ പ്രവാചകന് അഭയം നല്‍കിയില്ലെന്നു മാത്രമല്ല, രൂക്ഷമായി ആക്ഷേപിക്കുകയും ശകാരിക്കുകയും പരിഹസിക്കുകയും ചെയ്തു. അന്ന് പ്രവാചകന്റെ നേരെ വന്ന കല്ലുകള്‍ സൈദുബ്‌നു ഹാരിസ് സ്വന്തം കൈകള്‍കൊണ്ട് തടുക്കുകയായിരുന്നു. അഭയം നിഷേധിച്ച സാഹചര്യത്തില്‍ താനിവിടെ വന്ന വിവരം മക്കയിലെ ശത്രുക്കളെ അറിയിക്കരുതെന്ന് നബി(സ) അവരോടാവശ്യപ്പെട്ടു. അതും അവരംഗീകരിച്ചില്ല. ഉടനെ അവര്‍ മക്കാനിവാസികളെ വിവരമറിയിച്ചു. അതോടൊപ്പം കുട്ടികളെ വിട്ട് തെറിവിളിപ്പിക്കുകയും ചെയ്തു. മുറിവേറ്റ ശരീരവും മനസ്സുമായി ത്വാഇഫിനോട് വിട പറഞ്ഞ പ്രവാചകനോട് അവര്‍ക്കെതിരെ ശിക്ഷാനടപടിക്ക് അനുവാദം ചോദിച്ചപ്പോള്‍ അതനുവദിച്ചില്ല. അതോടൊപ്പം അവര്‍ക്കായി ഇങ്ങനെ പ്രാര്‍ഥിക്കുകയും ചെയ്തു: ''അല്ലാഹുവേ, എന്റെ ജനതയെ നീ നേര്‍വഴിയില്‍ നയിക്കേണമേ, അവര്‍ക്ക് നീ മാപ്പേകണമേ; അവര്‍ അറിവില്ലാത്ത ജനമാണ്.'' ഇവ്വിധം ദ്രോഹിച്ചവര്‍ക്ക് മാപ്പ് നല്‍കുകയും അവര്‍ക്കായി പ്രാര്‍ഥിക്കുകയും ചെയ്ത പ്രവാചകന്‍ ഉറങ്ങിക്കിടന്നിരുന്ന തന്നെ തന്റെ വാളെടുത്ത് കൊല്ലാനൊരുങ്ങിയ ഗൗറസ് ബ്‌നു ഹാരിസിന് മാപ്പുകൊടുത്ത സംഭവം സുവിദിതമാണ്. അതുസംബന്ധിച്ച വള്ളത്തോളിന്റെ വിഖ്യാതമായ കവിത മലയാളികള്‍ക്ക് സുപരിചതവുമാണ്.

മുഹമ്മദ് നബിയുടെ എതിരാളികളുടെ നേതാവായിരുന്നു അബൂ സുഫ്‌യാന്‍. മക്കയില്‍ പ്രവാചകനും അനുയായികള്‍ക്കുമെതിരെ നടന്ന അക്രമമര്‍ദനങ്ങളില്‍ മിക്കതിനും നേതൃത്വം നല്‍കിയവരില്‍ ഒരാള്‍ അദ്ദേഹമാണ്. നബി(സ)ക്ക് നാടുവിടേണ്ടിവന്നതിലും അദ്ദേഹത്തിന് പങ്കുണ്ട്. മദീനയിലെത്തിയശേഷം പ്രവാചകനെതിരെ നടന്ന യുദ്ധങ്ങളിലേറെയും സംഘടിപ്പിച്ചത് അദ്ദേഹവും കൂട്ടാളികളുമാണ്. അബൂസുഫ്‌യാനെപ്പോലെത്തന്നെ പ്രവാചകനെ കഠിനമായി ദ്രോഹിച്ചയാളാണ് അബ്ദുല്ലാഹിബ്‌നു ഉമയ്യ. അവരെ സംബന്ധിച്ച് നബി(സ) പറഞ്ഞു: ''അബൂസുഫ്‌യാനില്‍നിന്ന് ഞാന്‍ വളരെയേറെ ദ്രോഹം സഹിച്ചു. അബ്ദുല്ലാഹിബ്‌നു ഉമയ്യ എനിക്കെതിരെ മക്കയിലുടനീളം അപവാദം പ്രചരിപ്പിക്കുകയും ചെയ്തു.'' എന്നിട്ടും നബി(സ) ഇരുവര്‍ക്കും മാപ്പുനല്‍കി.

മക്കാനിവാസികള്‍ ഭക്ഷ്യധാന്യങ്ങള്‍ക്ക് മുഖ്യമായി ആശ്രയിച്ചിരുന്നത് യമാമ ദേശക്കാരെയാണ്. അവരുടെ നേതാവായ സുമാമതു ബ്‌നു ആഥാല്‍ ഇസ്‌ലാം സ്വീകരിച്ചു. അതോടെ അദ്ദേഹം, പ്രവാചകനെയും അനുചരന്മാരെയും കഠിനമായി പ്രയാസപ്പെടുത്തിക്കൊണ്ടിരുന്ന മക്കാ നിവാസികള്‍ക്ക് ഒരു മണിധാന്യവും നല്‍കരുതെന്ന് നാട്ടുകാരോട് നിര്‍ദേശിച്ചു. അതോടെ പ്രയാസത്തിലകപ്പെട്ട മക്കക്കാര്‍ സുമാമയുടെ നിലപാട് മാറ്റാന്‍ പല ശ്രമങ്ങളും നടത്തി. ഒന്നും വിജയിച്ചില്ല. മുഹമ്മദ് നബി(സ) ആവശ്യപ്പെട്ടാലല്ലാതെ അദ്ദേഹം വഴങ്ങുകയില്ലെന്ന് ബോധ്യമായ മക്കക്കാര്‍ പ്രവാചകന് കത്തെഴുതി: ''ഞങ്ങള്‍ക്ക് ഭക്ഷ്യധാന്യം നല്‍കുന്നത് നിരോധിച്ചു കൊണ്ട് യമാമക്കാരോട് സുമാമ നല്‍കിയ നിര്‍ദേശം പിന്‍വലിക്കാനാവശ്യപ്പെട്ടാലും. ഈ പ്രയാസത്തില്‍നിന്ന് ഞങ്ങളെ രക്ഷിക്കണം.'' കത്ത് വായിച്ച നബി(സ) സുമാമക്ക് അയച്ച കത്തിലിങ്ങനെ കുറിച്ചിട്ടു: ''ദൈവം തന്നെ തള്ളിപ്പറയുന്നവരോടും തന്നില്‍ പങ്കുചേര്‍ക്കുന്നവരോടും കരുണകാണിക്കുന്നവനാണ്. നാമും ഉള്‍ക്കൊള്ളേണ്ടത് അതാണ്. അതിനാല്‍ മക്കയിലേക്കുള്ള ധാന്യക്കടത്ത് നിര്‍ത്തരുത്.''

മദീനയിലെ ജൂതനേതാവായിരുന്ന സലാമുബ്‌നു മിശ്കമിന്റെ ഭാര്യ സൈനബ് പ്രവാചകന് വിഷം കലര്‍ത്തിയ മാംസം നല്‍കി. പ്രവാചകന് ഈ ഹീന വൃത്തി മനസ്സിലായിട്ടും അവര്‍ക്ക് മാപ്പ് നല്‍കുകയാണുണ്ടായത്.

സ്വഫ്‌വാനുബ്‌നു ഉമയ്യ, ഉമൈറുബ്‌നു വഹബ് തുടങ്ങി ഇരുപതു വര്‍ഷത്തോളം തന്നെ ദ്രോഹിച്ച കൊടിയ ശത്രുക്കള്‍ക്കു പോലും മാപ്പു നല്‍കിയ പ്രവാചകന്‍ മക്കാ വിജയവേളയില്‍ സ്വീകരിച്ച ഉദാരമായ സമീപനത്തിന് ചരിത്രത്തില്‍ തുല്യതയില്ല. പ്രവാചകത്വ ലബ്ധി മുതല്‍ അന്നോളം തന്നെ നിരന്തരം ഉപദ്രവിച്ചു കൊണ്ടിരുന്ന തീരെ സൈ്വരം തരാതെ കഷ്ടപ്പെടുത്തിക്കൊണ്ടിരുന്ന, മുഴുവന്‍ എതിരാളികളെയും അദ്ദേഹത്തിന്റെ മുമ്പില്‍ ബന്ദികളാക്കി കൊണ്ടുവന്നു. വിവരണാതീതമായ അതിക്രമങ്ങളും കൊലകളും യുദ്ധങ്ങളും നടത്തിയവരായിരുന്നു അവര്‍. എന്നിട്ടും നബി(സ) അവര്‍ക്ക് മാപ്പേകി. പ്രവാചകന്‍ പ്രഖ്യാപിച്ചു: ''ഇന്ന് നിങ്ങള്‍ക്കെതിരെ പ്രതികാരമില്ല. നിങ്ങള്‍ക്കു പോകാം. നിങ്ങളെല്ലാം സ്വതന്ത്രരാണ്.''

ജീവിതത്തിലുടനീളം വിട്ടുവീഴ്ചയുടെയും മാപ്പിന്റെയും മാര്‍ഗമവലംബിച്ച പ്രവാചകന്‍ കഅ്ബ്ബുനു അശ്‌റഫിനെ കൊല്ലാന്‍ കല്‍പിച്ച കാര്യം എടുത്തുകാണിച്ചാണ് ടി.ജെ ജോസഫിന്റെ കൈവെട്ടിമാറ്റിയതിനെ ഇ-മെയിലിലൂടെയും ടെലഫോണ്‍ സന്ദേശങ്ങളിലൂടെയും ചിലര്‍ ന്യായീകരിക്കുന്നത്. എന്നാല്‍ കഅ്ബുബ്‌നു അശ്‌റഫിന്റെ സംഭവം തീര്‍ത്തും വ്യത്യസ്തമാണ്. മദീനയിലെ ഒരു യഹൂദ പണ്ഡിതനായിരുന്നു കഅ്ബ്. ഇസ്‌ലാമിക രാഷ്ട്രത്തിന്റെ വിജയവും വളര്‍ച്ചയും അയാളെ അത്യധികം അസൂയാലുവും അസ്വസ്ഥനുമാക്കി. ബദ്ര്‍ യുദ്ധത്തില്‍ മുസ്‌ലിംകള്‍ വിജയിച്ചതോടെ അയാളുടെ ശത്രുത പതിന്മടങ്ങ് വര്‍ധിച്ചു. അതിനാല്‍ മക്കയില്‍ പോയി ഇസ്‌ലാമിന്റെ ശത്രുക്കളെ കണ്ട് പ്രവാചകന്നും മദീനയിലെ ഇസ്‌ലാമിക രാഷ്ട്രത്തിനുമെതിരെ യുദ്ധം ചെയ്യാന്‍ നിരന്തരം പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ബദ്‌റില്‍ വധിക്കപ്പെട്ടവരുടെ ബന്ധുക്കളെ കണ്ട് പാട്ടുപാടി പ്രവാചകനെതിരെ അവരില്‍ പ്രതികാരവാഞ്ഛ ഉണര്‍ത്തി. തുടര്‍ന്ന് മദീനയിലേക്ക് മടങ്ങി മുസ്‌ലിംകള്‍ക്കും നബിതിരുമേനിക്കുമെതിരെ പ്രചാരണങ്ങള്‍ നടത്തി. കുലീനകളായ സ്ത്രീകളുടെ പേരില്‍ ശൃംഗാര കവിതകള്‍ ചൊല്ലി അവരെ അപമാനിച്ചു. ഇങ്ങനെ വ്യക്തമായ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരുന്ന കഅ്ബുബ്‌നു അശ്‌റഫ് രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷക്കും ഭദ്രതക്കും സമാധാനത്തിനും ഭീഷണിയായി. അപ്പോള്‍ ഭരണാധികാരിയെന്ന നിലയില്‍ നബി(സ) അയാളെ കുഴപ്പക്കാരനായി പ്രഖ്യാപിച്ചു. തന്ത്രപൂര്‍വം അയാളുടെ കഥകഴിച്ച് സമൂഹത്തെ രക്ഷിക്കാന്‍ മുന്നോട്ടുവന്ന മുഹമ്മദ്ബ്‌നു മസ്‌ലമക്കും കൂട്ടുകാര്‍ക്കും നബി(സ) അതിനനുമതി നല്‍കുകയാണുണ്ടായത്.

എന്നാല്‍ ഇവിടെ കൈവെട്ടാന്‍ ഒരു ഭരണാധികാരിയും ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. മാത്രമല്ല, ടി.ജെ ജോസഫും അദ്ദേഹത്തിന്റെ മതമേലധ്യക്ഷന്മാരും സംഭവത്തില്‍ മാപ്പു ചോദിച്ചിട്ടുണ്ട്. ന്യൂമാന്‍ കോളേജ് അധികൃതര്‍ അദ്ദേഹത്തെ ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സര്‍ക്കാര്‍ കേസെടുക്കുകയും അറസ്റ്റ് ചെയ്ത് നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.  ന്യൂമാന്‍ കോളേജ് സംഭവത്തില്‍ രാജ്യത്തെ പത്രമാധ്യമങ്ങളും പൊതു സമൂഹവും മുസ്‌ലിംകളോടൊപ്പമായിരുന്നു. ഈ സാഹചര്യത്തില്‍ ജോസഫിന്റെ കൈകൊത്തിയ ക്രൂരകൃത്യം പ്രവാചക മാതൃകക്കും ഇസ്‌ലാമിക അധ്യാപനങ്ങള്‍ക്കും എതിരാണെന്നതുപോലെ തന്നെ, മുസ്‌ലിം സമുദായത്തിന് ചീത്തപ്പേരും ഏറെ ദോഷവും വരുത്തിവെച്ച പൈശാചിക വൃത്തിയുമാണ്. അത് പ്രവാചക സ്‌നേഹത്തിന്റെ പ്രകടനമോ ഇസ്‌ലാമികമോ അല്ല. ഇസ്‌ലാമിക വിരുദ്ധമായ ഹീനകൃത്യമാണ്. അതിനാലാണ് ദേശീയ തലത്തിലും സംസ്ഥാന തലത്തിലുമുള്ള മുസ്‌ലിം സംഘടനകളും നേതാക്കളും പണ്ഡിതന്മാരും അതിനെ ശക്തമായി വിമര്‍ശിച്ചതും അധിക്ഷേപിച്ചതും.
 
പ്രതികാരത്തേക്കാള്‍ മാപ്പിനു ഊന്നല്‍ നല്‍കിയ ഖുര്‍ആന്‍ പറയുന്നു: ''നന്മയും തിന്മയും തുല്യമാവുകയില്ല. തിന്മയെ ഏറ്റവും നല്ല നന്മകൊണ്ട് തടയുക. അപ്പോള്‍ നിന്നോട് ശത്രുതയില്‍ കഴിയുന്നവന്‍ ആത്മമിത്രത്തെപ്പോലെ ആയിത്തീരും. ക്ഷമ പാലിക്കുന്നവര്‍ക്കല്ലാതെ ഈ നിലവാരത്തിലെത്താനാവില്ല. മഹാഭാഗ്യവാനല്ലാതെ ഈ പദവി ലഭ്യമല്ല.'' (41:34,35).}}}

ഈ ലേഖനത്തില്‍നിന്നും പ്രവാചകാധ്യാപനങ്ങളില്‍നിന്ന് മുസ്‌ലിം സമൂഹം എന്താണ് മനസ്സിലാക്കുന്നത് എന്ന് വ്യക്തമായി അറിയാന്‍ കഴിയും. ആരെയെങ്കിലും ഭയപ്പെട്ടത് കൊണ്ടല്ല കൈവെട്ടിയത് ഇസ്‌ലാമികമല്ല എന്ന് പറയാന്‍ കാരണം. മറിച്ച് അതിന് മാതൃക ഇല്ലാത്തതുകൊണ്ടുതന്നെയാണ്.

2010, ജൂലൈ 14, ബുധനാഴ്‌ച

കൈവെട്ട് : കേരളം കത്തിക്കാന്‍ തീപെട്ടി നല്‍കുന്നവര്‍

അക്രമങ്ങളൊ കൊലപാതകങ്ങളോ കേരളത്തില്‍ ആദ്യമായി സംഭവിക്കുന്നതല്ല. ഭീകരമായ രക്തമുറയുന്ന ഒട്ടേറെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച അക്രമരാഷ്ട്രീയത്തിന്റെ പ്രതീകമായി തീര്‍ന്ന സ്ഥലങ്ങള്‍ വരെ കേരളത്തിലുണ്ട്. മനുഷ്യജീവന്‍ ആരുടെതായാലും അതിന് തുല്യവിലയാണ്. അക്രമത്തിനും കൊലക്കും രാഷ്ട്രീയമെന്നോ മതമെന്നോ വ്യത്യാസമില്ല. ശരീരരവേദനയും കൈകാലുകള്‍ നഷ്ടപ്പെട്ടാലുണ്ടാകുന്ന പ്രയാസവും ഏത് മനുഷ്യനും പൊതുവാണ്. എല്ലാ മനുഷ്യരും സമന്‍മാരാണ് ചില മനുഷ്യര്‍ കൂടുതല്‍ സമന്‍മാരാണ് എന്ന് പറയുന്നതിലെ വൈരുദ്ധ്യം  പോലെ എല്ലാ അക്രമങ്ങളും തുല്യമാണെങ്കിലും ചില അക്രമങ്ങള്‍ക്ക് പതിവില്‍ കവിഞ്ഞ പ്രാധാന്യം വരുന്നു. അത്തരത്തിലൊന്നാണ്. തൊടുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ സംഭവം. തീര്‍ത്തും അപലപനീയമായ ക്രൂരത. മതവുമായി അതിനെ ചേര്‍ത്ത് പറയാവുന്ന ഒന്നും ഞാന്‍ കണ്ടിട്ടില്ല. അതിനെ ന്യായീകരിക്കുന്നവരുമായി ചിലയിടങ്ങളില്‍ സംവാദത്തിലേര്‍പ്പെട്ടപ്പോള്‍. മതത്തിലുപരിയായി മറ്റുചിലതാണ് പ്രതികാരത്തിന് പ്രേരകം എന്ന് തോന്നി. അതേതായാലും നിയമപാലകര്‍ അന്വേഷണം നടത്തി പുറത്ത് കൊണ്ടുവരും എന്നാശിക്കാം. തല്‍കാലം ആ കൃത്യത്തില്‍ ഏര്‍പ്പെട്ടവര്‍ തങ്ങള്‍ മതത്തിന് വേണ്ടിത്തന്നെ ചെയ്തുവെന്ന് അണയിട്ടാലും അതില്‍ അത്ഭുതപ്പെടുന്നില്ല. ചില അല്‍പജ്ഞാനികളുടെ പിന്തുണയെങ്കിലും അവരതിലൂടെ നേടിയെടുക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി അത് പ്രതീക്ഷിക്കാവുന്നതാണ്. 

പക്ഷെ ഇസ്‌ലാം മതത്തില്‍ കുറച്ചെന്തെങ്കിലും പഠനം നടത്തിയവര്‍ക്കറിയാം മതവുമായി ആ അക്രമത്തെ കൂട്ടിചേര്‍ത്ത് പറയുന്നതിലെ ബുദ്ധിശൂന്യത. ഇവിടെ ഇത്തരമൊരു ചര്‍ചക്ക് തുടക്കമിടാന്‍ കാരണം ഏതാണ്ട് ഒരു വര്‍ഷത്തോളമായി മതവിഷയങ്ങള്‍ ചര്‍ചചെയ്തുകൊണ്ടിരിക്കുന്ന ഈ ബ്ലോഗിനെയും സമാനമായ ഇതര ബ്ലോഗുകളെയും അത് കൈകാര്യം ചെയ്യുന്നവരെയും അതില്‍ അനുകൂലിച്ച് അഭിപ്രായം പറയുന്നവരെയുമെല്ലാം. ഈ പ്രശ്‌നത്തിന്റെ പേരില്‍ പ്രതിസ്ഥാനത്ത് നിര്‍ത്താനുള്ള ശ്രമം മതനിഷേധ യുക്തിവാദി ബ്ലോഗുകളില്‍ നിരന്തരം ആവര്‍ത്തിക്കുകയാണ്. സത്യത്തോട് ഒരു പ്രതിബദ്ധതയും കാണിക്കാത്തവരെ പറ്റെ അവഗണിക്കുന്നു. എന്നാല്‍ പലകാരണത്താല്‍ അത്തരം വിഭാഗത്തില്‍ പെടുത്താന്‍ കഴിയാത്ത സുശീല്‍കുമാറിന്റെ ബ്ലോഗിലെ പരാമര്‍ശം ഞാനിവിടെ സാമ്പിളിനായി ചേര്‍ക്കുന്നു:

സുശീല്‍ കുമാര്‍ പി പി പറഞ്ഞു...

{{{ മത വിശ്വാസികളുടെ സഹിഷ്ണുതയും സ്നേഹവും മതത്തിന്റെയല്ല മറിച്ച് അവര്‍ ജീവിക്കുന്ന മത നിരപേക്ഷ സമൂഹത്തിന്റെ സംഭാവനയാണെന്നര്‍ത്ഥം

മത ഭീകരനെയും അവനെ സൃഷ്ടിക്കുന്നവനെയും പരതി മറ്റെവിടെയും പോകേണ്ടാതില്ല. ഉള്ളിന്റെയുള്ളിലെ സ്വത്വബോധത്തില്‍ അത് എവിടെയോ പതുങ്ങിയിരിക്കുന്നുണ്ടൊ എന്ന് ആത്മപരിശോധന നടത്തി നോക്കുക

മത ഭീകരത മതത്തിന്റെതന്നെ ഉല്പ്പന്നമാനെന്ന്‌ എല്ലാവര്‍ക്കുമറിയാം. മതത്തെ അതിന്റെ പാപഭാരത്തില്‍നിന്ന് കുറ്റവിമുക്തമാക്കാന്‍ പെടാപ്പാടു പെടുന്നവര്‍ക്ക് അത് മറ്റാരേക്കാളുമറിയാം. മത വിശ്വാസത്തില്‍ നിന്നും മത മൗലിക വാദത്തിലേക്കും അവിടെനിന്നും മത തീവ്രവാദത്തിലേക്കും, തുടര്‍ന്ന് മത ഭീകരവാദത്തിലേക്കും, വംശഹത്യയിലേക്കുമുള്ള ദൂരം വളരെ വളരെ കുറവാണ്‌.}}}

ഈ വിഷയത്തില്‍ അല്‍പം മാന്യമായി നടത്തപ്പെട്ടതും എന്നാല്‍ ഏറെ അപകടകരവുമായ പരാമര്‍ശമുള്ള അഭിപ്രായം എന്ന നിലക്കാണ് ഇത് തെരെഞ്ഞെടുത്തത്. ചരിത്രത്തിലെപ്പോഴൊക്കെ മതവിശ്വാസികള്‍ തമ്മില്‍ അസ്വാരസ്യമുണ്ടായപ്പോഴും മതത്തെ മൊത്തത്തില്‍ തള്ളിപ്പറയുന്നവര്‍ ആ അവസരം മുതലെടുത്തുകൊണ്ട്. തങ്ങളുടെ മതനിഷേധം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതിന്നും തുടരുന്നു.

ഈ കമന്റിന്റെ അവസാന ഭാഗത്ത് നല്‍കപ്പെട്ട പരാമര്‍ശം മതവിശ്വാസികളുടെ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. കേരളത്തില്‍ 95%ലധികവും ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുന്നവരാണ്. അവരെയൊക്കെ വംശഹത്യക്കൊരുങ്ങി നില്‍ക്കുന്ന ഒരു വിഭാഗമായി സങ്കല്‍പിക്കുന്നത് മനുഷ്യത്വവിരുദ്ധമാണ് എന്ന തിരിച്ചറിവെങ്കിലും യുക്തിവാദികള്‍ക്കുണ്ടാകണം. മതമുള്ളവനിലും ഇല്ലാത്തവനിലുമൊക്കെ മാനുഷിക വാസനകളേക്കാള്‍ മൃഗീയവാസനകള്‍ സ്വാധീനം ചെലുത്തുന്നവരും അക്രമത്തിലേക്ക് പെട്ടെന്ന് തിരിയുന്ന വികാരജീവികളുമുണ്ടാകും. വളരെ ന്യൂനപക്ഷമായ അവരെ കണ്ടെത്തി പരിഹാരം കാണിക്കുകയോ. അതുമല്ലെങ്കില്‍ അത്തരക്കാരെ ഒറ്റപ്പെടുത്തി മഹാഭൂരിപക്ഷം വരുന്ന സമാധാനപ്രിയരായ ആളുകളെ കുറ്റവിമുക്തമാക്കുകയോ ചെയ്യുന്നതിന് പകരം. കുറ്റവാളികള്‍ക്ക് പിന്തുണ നല്‍കുന്ന വാദമാണ് ഈ സാമാന്യവല്‍കരണം എന്ന് പറയാതെ വയ്യ. മതവിശ്വാസത്തില്‍ നിന്ന് വംശഹത്യയിലേക്കുള്ള ദൂരം ചുരുക്കികാണിച്ചത് ശ്രദ്ധിച്ചിരിക്കുമല്ലോ. എന്നാല്‍ ഇത്തരം അക്രമികളെ തടയുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നതും മതവിശ്വാസമാണ്. മാത്രമല്ല ആ യഥാര്‍ഥ വിശ്വാസികളുടെ മുന്നില്‍ ന്യായം പറഞ്ഞ് പിടിച്ചുനില്‍ക്കുന്നതില്‍ അക്രമത്തിന്റെ മാര്‍ഗം സ്വീകരിക്കുന്ന ന്യൂനപക്ഷം പരാജയപ്പെടുകയും ചെയ്യുന്നത് കാണാതിരിക്കുന്നതെങ്ങനെ. 

മതത്തിന്റെ പേരിലുള്ള അക്രമം കൈകൊള്ളുന്നവര്‍ ദുര്‍ബലമാകുന്ന ഏക സന്ദര്‍ഭം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മതപരമായ ന്യായീകരണം ഇല്ലെന്ന് അറിയുമ്പോഴാണ്. കാരണം അക്രമത്തിന്റെ സ്വാഭാവിക പരിണതിയെക്കുറിച്ചെല്ലാം അവര്‍ ഊഹിച്ചുറപ്പിച്ചുതന്നെയാണ് ആ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത്. പോലീസ് പിടിക്കുമെന്നതോ ക്രൂരമായ മര്‍ദ്ദനത്തിനിരയാക്കി ജയിലിലടക്കുമെന്നതോ വധശിക്ഷക്ക് വിധിക്കുമെന്നതോ അവരെ ഭയപ്പെടുത്താന്‍ പോന്നതല്ല. എന്നാല്‍ തങ്ങളുടെ ഈ ശ്രമങ്ങള്‍ക്ക് മതപരമായ ന്യായീകരണമില്ലെന്നറിയുന്ന നിമിഷം അവര്‍ ദുര്‍ബലരാകുകയും നിഷ്‌ക്രിയരാകുകയും ചെയ്യും. ഈ മനഃശാസ്ത്രം പ്രയോഗിക്കുന്നതില്‍ നാം ജാഗരൂഗരാകേണ്ടതുണ്ട്. അതേ പ്രകാരം തന്നെയാണ് ഏത് വിഭാഗത്തില്‍ പെട്ട തീവ്രവാദി ഭീകരവാദികളുടെയും പരിണതി. ഹിന്ദുമതത്തില്‍ അത്തരം ഭീകര പ്രവര്‍ത്തകരുടെ അതില്ല എന്ന് ഇനിയെങ്കിലും ആരും പറയില്ലല്ലോ. പുറമെ നിന്നുള്ള എതിര്‍പ്പുകള്‍ അവരുടെ ശക്തിവര്‍ദ്ദിപ്പിക്കുയേ ഉള്ളൂ. അതുകൊണ്ടുതന്നെ ശ്രദ്ധിച്ചാല്‍ മനസ്സിലാകും രണ്ട് വിഭാഗത്തിലേയും ഭീകരവാദികള്‍ ടാര്‍ജറ്റ് ചെയ്യുന്നത് പരസ്പരമായിരിക്കും. രണ്ടുകൂട്ടരും പ്രതിയോഗികളെ ചൊല്ലി പരസ്പരം ഭീതി പടര്‍ത്തുന്നു. ഈ ഭീതിയിലാണ് അവരുടെ വെള്ളവും വളവുമുള്ളത്. പരസ്പരം ഭീതി, വിശ്വാസമില്ലായ്മ, സംശയം, അസഹിഷ്ണുത, സങ്കുചിതത്വം ഇവയിലാണ് ഇത്തരം സംഘങ്ങള്‍ നിലനില്‍ക്കുന്നത്. അതിനാല്‍ ആശയ സംവാദങ്ങളില്‍നിന്ന് ഇവര്‍ പൊതുവെ വിട്ടുനില്‍ക്കും. പങ്കെടുത്താലും തങ്ങളുടെ മേല്‍പറഞ്ഞ ലക്ഷ്യം പുര്‍ത്തീകരിക്കുന്ന വിധമായിരിക്കും അവര്‍ ഇടപെടുന്നത്.

ബ്ലോഗ് ലോകത്തും പുറത്തും യുക്തിവാദികള്‍ ഈ അക്രമികള്‍ക്ക് ശക്തിപകരുന്ന പ്രവര്‍ത്തനമാണ് അറിഞ്ഞോ അറിയാതെയോ നടത്തിക്കൊണ്ടിരിക്കുന്നത് എന്നതാണ് ഞാന്‍ ചര്‍ച ചെയ്തുകൊണ്ടിരിക്കുന്ന വിഷയത്തില്‍നിന്ന് മാറി ഒരു പോസ്റ്റ് ഇടേണ്ടിവന്നത്. സത്യത്തിന്റെ ശത്രുക്കള്‍ എല്ലായ്‌പോയും ഇതുപോലെ കുഴപ്പത്തിന്റെ തീ പടര്‍ത്താന്‍ ശ്രമിച്ചവരാണ്. എന്നാല്‍ അല്ലാഹുവും വിശ്വാസികളും അപ്പോഴെല്ലാം അത് ഊതിക്കെടുത്താന്‍ ശ്രമിച്ചു പോന്നു. അക്കാര്യമാണ് ഖുര്‍ആന്‍ വ്യക്തമാക്കുന്നത്.  

"അവര്‍ യുദ്ധത്തീ കത്തിക്കുമ്പോഴെല്ലാം അല്ലാഹു അത് ഊതിക്കെടുത്തുന്നു. ഭൂമിയില്‍ നാശം പരത്തുവാന്‍ ശ്രമിക്കുകയാണവര്‍. അല്ലാഹുവോ, നാശമുണ്ടാക്കുന്നവരെ അശേഷം സ്നേഹിക്കുന്നില്ലതന്നെ." (ഖുര്‍ആന്‍ 5:63)

ഭൂമിയിലെ വിശ്വാസപരമായ വൈവിദ്ധ്യം അല്ലാഹു അംഗീകരിച്ചതാണ്. അത് ഒരൊറ്റ വിശ്വാസത്തില്‍ മാറ്റിപണിയാന്‍ അല്ലാഹു പ്രവാചകന്‍മാരെയോ വിശ്വാസികളെയോ ചുമതലപ്പെടുത്തിയിട്ടില്ല. സമാധാന പൂര്‍വം പ്രബോധനം ചെയ്യാനാണ് കല്‍പിക്കപ്പെട്ടത്. മനുഷ്യബുദ്ധിയോടുള്ള ബഹുമാനവും അതില്‍ മാത്രമാണുള്ളത്. ദൈവിക സന്ദേശം സ്വീകരിക്കുന്നതിന്റെ ഗുണം അത് അംഗീകരിക്കുന്നവര്‍ക്ക് ഇഹത്തിലും പരത്തിലും അല്ലാഹുവിന്റെ വാഗ്ദാനമാണ്. ആവശ്യമുള്ളവര്‍ക്ക് അത് സ്വീകരിക്കാം. അല്ലാത്തവര്‍ക്ക് തിരസ്‌കരിക്കാം. ഇതാണ് മതത്തിന്റെ ഇവിഷയകമായ കാഴ്ചപ്പാട്. അതോടൊപ്പം ഈ സന്ദേശം മനുഷ്യര്‍ക്ക് ലഭിക്കാന്‍ ദൈവത്തിന്റെ സംവിധാനങ്ങളിലൊന്നാണ്. ഇത് മനസ്സിലാക്കിയവര്‍ സമാധാനപൂര്‍വം ഈ സന്ദേശത്തിന്റെ പ്രബോധനത്തിലേര്‍പ്പെടുക എന്നത്. അത് നിര്‍വഹിക്കുന്നവര്‍ തീവ്രവാദത്തിന്റെ കാറ്റൊഴിക്കുയാണ് ചെയ്യുന്നത് എന്ന് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധിയെങ്കിലും ബൂലോകത്തെ യുക്തിവാദികള്‍ മനസ്സിലാക്കിയെങ്കില്‍ എന്നാഗ്രഹിക്കുന്നു.

അതുകൊണ്ട് എനിക്ക് ബൂലോകയുക്തിവാദികളോട് പറയാനുള്ളത്. തീവ്രവാദികളുടെയും ഭീകരവാദികളുടെയും വാദത്തിന് പിന്തുണ നല്‍കുന്നവിധം അവരുടെ പ്രവര്‍ത്തനത്തിന്റെ മുരടും ഊര്‍ജവും അവരവരുടെ മതങ്ങളില്‍തന്നെ എന്ന് ഒരു വിവരവുമില്ലാതെ പറയാതിരിക്കുക. നിങ്ങള്‍ക്ക് ഈ നാട്ടിലെ സമാധാനശ്രമങ്ങളോട് പ്രതിപത്തിയുണ്ടെങ്കില്‍ അത്തരം തീവ്രവാദ ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ അടിവേരറുക്കുന്ന യഥാര്‍ഥവിശ്വാസികളുടെ പ്രവര്‍ത്തനങ്ങളെ തെറ്റിദ്ധരിപ്പിക്കാതിരിക്കുക.

കൈവെട്ടിയ യഥാര്‍ഥ പ്രതികളെ ഇനിയും അറസ്റ്റ് ചെയ്തതായി വിവരമില്ല. അറസ്റ്റ് ചെയ്യപ്പെട്ടവര്‍ തങ്ങള്‍ മതത്തിന് വേണ്ടിയാണ് അത് ചെയ്തത് എന്നംഗീകരിച്ചതായും വായിച്ചിട്ടില്ല. പക്ഷെ ഇവിടെയാര്‍ക്കും അത് മതത്തിന് വേണ്ടിയായിരുന്നു എന്ന കാര്യത്തില്‍ ഒരു സംശയവുമില്ലാത്ത വിധത്തിലാണ് പെരുമാറുന്നത്. എന്നാല്‍ അതേ അധ്യാപകന് 11 കുപ്പി രക്തം ഓപ്പറേഷന്‍ സമയത്ത് ആവശ്യമായി വന്നു. ചാനലില്‍ അത് പലതവണ ആവര്‍ത്തിച്ചു. എന്നാല്‍ ആരാണ് അത് നല്‍കിയതെന്ന് പറഞ്ഞില്ല. എന്നാല്‍ അത് നല്‍കിയവര്‍ മുസ്ലിം വിഭാഗത്തില്‍ പെട്ടവരും തങ്ങളുടെ പ്രചോദനം ഇസ്‌ലാമാണെനന്ന് പ്രഖ്യാപിച്ചവരുമാണ്. ഇവിടെയാണ് മാധ്യമങ്ങളുടെ ഇരട്ടത്താപ്പും അപകടകരമായ ജേര്‍ണലിസവും ഒളിഞ്ഞിരിക്കുന്നത്. രക്തം നല്‍കിയത് പാര്‍ട്ടി വളര്‍ത്താനുള്ള കുറുക്കന്റെ ശ്രമയായും കൈവെട്ടിയത് ഇസ്‌ലാം നടപ്പാക്കാനുള്ള ശ്രമമായും വിലയിരുത്തപ്പെടുന്നു. !! സമൂഹത്തിന് സത്യസന്ധത കിട്ടാകനിയാവുകയാണോ?.

2010, ജൂലൈ 12, തിങ്കളാഴ്‌ച

ദൈവാസ്തിക്യത്തെ ശാസ്ത്രം പിന്തുണക്കുന്ന വിധം

ഈ തലക്കെട്ടുകളൊക്കെ മതനിഷേധികളായ ശാസ്ത്രവാദികളെ അങ്ങേഅറ്റം വിളറി പിടിപ്പിക്കുന്നതാണ്. കഴിഞ്ഞ എന്റെ പോസ്റ്റിന് വന്ന കമന്റുകളും,  സമാന വിഷയം കൈകാര്യം ചെയ്യുന്ന സ്ഥലങ്ങളിലും മറ്റും (മനോരോഗബാധിതരെപ്പോലെ ചില യുക്തിവാദികള്‍) നല്‍കിയ കമന്റുകളും ശ്രദ്ധയില്‍ പെടുകയുണ്ടായി. അതിലൊന്ന് ഇപ്രകാരമാണ്:
 " അതായത് പരിമിതികൾ അറിയാനും കൂടിയുള്ള ആന്തരിക ശേഷിയോടെയാണു ശാസ്ത്രം കുതിക്കുന്നത് എന്ന് സാരം...
അതേ സമയം ദൈവജ്ഞാനികൾക്ക് ഒരു പരിമിതിയും ഇല്ല. അവർക്ക് എല്ലാ സൃഷ്ടിയും നിയന്ത്രണവും നടത്തുന്നത് അങ്ങനൊരു ശക്തിയാണെന്ന് പൂർണ ഉറപ്പാണു. പരിമിതിയില്ലാത്ത പരിധികളില്ലാത്ത അന്തമോ ആദിയോ ഇല്ലാത്ത ശക്തിവിശേഷമെന്നൊക്കെ ഉഡായിപ്പിറക്കും... ഇതിന്റെ ഒരു പ്രോപ്പർട്ടിയുമൊട്ട് വിശദീകരിക്കാനും അറിയില്ല...പക്ഷേ പരിധിയും അന്തവുമൊന്നുമില്ലാത്തതാണെന്ന കാര്യം നല്ല തിട്ടമാണു..അതെങ്ങനെ എന്ന് ചോദിച്ചാൽ “ഗ്രന്ധം” പൊക്കിക്കാണിക്കും..അവുത്തേൽ പറഞ്ഞിട്ടൊണ്ടെങ്കീ ഓ...പിന്നെ എല്ലാം ഓക്കെ...

ശാസ്ത്രത്തിന്റെ പരിധിയളക്കാൻ നടക്കുന്നു, കൊറേ മണ്ടശിരോമണികള് !

നൾ ഹൈപ്പോതിസീസും ഓൾട്ടർനേറ്റിവ് ഹൈപ്പോതിസീസും എന്താണെന്ന് പോലും അറിയില്ല..വിഡ്ഢിത്തത്തിനു മാത്രം ഒരു കുറവുമില്ലേനും !! ആവൂ !
എന്താണ് ഈ പ്രകോപനത്തിന് കാരണം. മനസ്സിലാക്കിയിടത്തോളം, മതനിഷേധികളായവര്‍ സ്വയം തങ്ങള്‍ ശാസ്ത്രത്തിന്റെ ആളുകളാണെന്ന മിഥ്യാബോധമുണ്ട്. അതാകട്ടെ അവരുടെ ആകെയുള്ള മനസ്സമാധാനമാണ്. ദൈവത്തെ മാറ്റിനിര്‍ത്തുന്നതിന് അവര്‍ക്കുള്ള ആകെ ന്യായം ശാസ്ത്രീയമായി ദൈവത്തിന്റെ അസ്തിത്വം തെളിയിക്കപ്പെട്ടിട്ടില്ല എന്നതാണ്. ഇനി തെളിയിക്കപ്പെട്ടാല്‍ തങ്ങള്‍ ആ ദൈവത്തില്‍ വിശ്വസിക്കും എന്ന് പലരും പറയുന്നുമുണ്ട്. അതേ പ്രകാരം മലക്ക് ജിന്ന് പരലോകം ഇവയൊക്കെ ശാസ്ത്രത്തിന്റെ ഉരക്കല്ലിലിട്ട് ഉരച്ച് നോക്കി യാഥാര്‍ഥ്യം വ്യക്തമാക്കിക്കൊടുക്കുകയാണെങ്കില്‍ ഒരു കൈ നോക്കാം എന്നും പറഞ്ഞിട്ടുണ്ട്. രണ്ടാമത്തെ കാരണം. മതം എന്നത് ശാസ്ത്രവിരുദ്ധമാണ് എന്ന് മതവിശ്വാസികള്‍ അംഗീകരിക്കണം എന്നാണ് അവരുടെ ആഗ്രഹം. തങ്ങളുടെ മതത്തില്‍ ബുദ്ധിക്കോ യുക്തിക്കോ സ്ഥാനമില്ല അവ രണ്ടിനും പ്രവേശനമില്ലാത്ത വിശ്വാസം മാത്രമാണ് അതിന്റെ അടിസ്ഥാനം എന്ന് പൊതുവെ മതവിശ്വാസികള്‍ പറയാറുണ്ട്. അതില്‍നിന്ന് വ്യത്യസ്ഥമായി ഞാന്‍ സ്വീകരിക്കുന്ന നിലപാട് മതനിഷേധികളെ വല്ലാതെ പ്രയാസപ്പെടുത്തുന്നു.  ആശയ സംവാദമായതിനാല്‍ മറ്റു പ്രതികരണങ്ങള്‍ തല്‍കാലം സാധ്യമല്ലാത്തതിനാല്‍ സമനില നഷ്ടപ്പെട്ട മറ്റൊരാളുടെ പ്രതികരണം നോക്കൂ:
"ഞമ്മക്ക് അന്റെ ചള്ള് ഐപ്പാതിസിസും, ഓട്ട ഐപ്പാതിസിസും ഒന്നും അറിയേണ്ട ഒരു കാര്യൂല്ല..അതൊക്ക ഇയ്യ് അന്റെ കയ്യീല്‌ ബച്ചാമതി. പരിണാമം ഒലത്തി ഈയൊക്കെ എബടെ ബരെ പോവൂന്ന് കാണണം ഞമ്മക്ക്. അതൊക്കെ മുയോന്‍ തെറ്റാണെന്ന് ഞമ്മടെ പൊത്തകത്തിലുണ്ടേ..പോരാഞേന്‌ അതൊക്കെ തെറ്റാന്ന് ഞമ്മടെ യാഹ്യയിക്ക ചാത്രീയമായി തന്ന തെളീച്ചിട്ടിണ്ടീ..ഇയ്യ് അത് കണ്ടീലാന്നുണ്ടാ. പിന്ന, ഞമ്മക്ക് യ്യ് പറേണ പൊത്തകങ്ങളൊന്നും പഠിക്കാനെക്കൊണ്ടൊന്നും മനസ്സില്ല, ബിംഗ് മാംഗ് ഒക്കെ ശരിയാന്ന് ഇയ്യ് ഇന്നെ പഠിപ്പിക്കാന്‍ നോക്കണ്ടാ. അദൊക്ക തെറ്റാണ്‌ന്ന് ഇയ്യ്ക്ക് നല്ല പോദ്യാ.. പശ്ശേ, ബിംഗ് മാംഗ് മുയുക്ക ഞമ്മടെ കിത്താബിലിണ്ടീ, അദോണ്ട് ഇപ്പ അത് ശര്യന്ന്യാന്ന് തോന്നണ്‌,

പിന്ന, ഇയ്യ്, പരിണാമചിദ്ദാന്തം മുയ്ക്കനെ അന്റെ പുത്തിയാന്ന് പറയണ്ടാ. ഞമ്മടെ ചാത്രകാരന്മാര്‌ ഇപ്പ അയിന്റ ചൂക്തം പൊത്തകത്തില്‌ കണ്ടെത്തീന്,

പിന്ന, മന്‍സേമാര്‌ക്ക് ചെറീയ് പുത്തിയേ ഉള്ള്, അത് അനക്കറിയാ? ആ പുത്തി വച്ച് അന്റെ മാര്യൊള്ള മന്‍സേര്‌ക്ക് ഈ ദുനിയാവിന്റ, ഒരു തരിപോലും നിരീച്ചിക്കാന്‍ കയ്യൂല്ലാ..പശ്ശേ ഞമ്മടെ ആള്‍ക്കാര്‍ക്ക് അദൊക്കെ നല്ല പുശ്പ്പം പുശ്പം പോലെ അറിയാം. ഞമ്മക്ക് ഞമ്മന്റെ പടച്ചോന്‍ അദൊക്കെ നേരിട്ട് വെളിപാടിറക്കി തന്നേന്‌, ..അദ് പടച്ചോന്‍ തന്ന്യാ എറക്കീന്‌, ഞമ്മക്ക് നല്ല ഒറപ്പാ. അതോണ്ട് അയ്നപ്പ്റത്തെ ചത്യോന്നും ഇല്ലാ, ചത്യം ഒന്നേള്ള്, അത് ഞമ്മന്റെ കിത്താവാണ്‌. അതോണ്ട് ഇയ്യ് പോയി അന്റ പണി നോക്കീന്‌.."
ഇതൊക്കെ പറയുന്നത് അക്ഷരാഭ്യാസമില്ലാത്ത അന്ധമതവിശ്വാസികളല്ല. ശാസ്ത്രം എന്നാല്‍ തങ്ങളുടെ കുത്തകയാണെന്ന് ധരിക്കുകയും മതങ്ങളെല്ലാം അസംബന്ധമാണെന്നും ബോധ്യപ്പെട്ടതിനാല്‍ ദൈവനിഷേധം സ്വീകരിക്കുകയും ചെയ്യുന്ന മനുഷ്യവംശത്തിലെ അപൂര്‍വ ബുദ്ധിജീവികളുടെ 'സഹിഷ്ണുത'യുള്ള മനസ്സില്‍ നിന്ന് ഊറിവരുന്ന 'മൊഴിമുത്തു'കളാണിവ. ഇവ കേട്ടിട്ട് താങ്കള്‍ക്ക് അറപ്പുതോന്നുന്നെങ്കില്‍ ആ പഴഞ്ചന്‍ മതധാര്‍മിക മുല്യങ്ങള്‍ നിങ്ങളുടെ മനസ്സില്‍ ഇനിയും അവശേഷിക്കുന്നത് കൊണ്ടോ,  അല്ലെങ്കില്‍ താങ്കള്‍ ആഗ്രഹപണ്ഡിതന്‍മാരുടെ വാക്ക് കേള്‍ക്കുന്ന കുമ്പളങ്ങാ തലയനായതുകൊണ്ടോ ആയിരിക്കും.

ഈ ഭിക്ഷാംദേഹികളുടെ മനോഭാവം സ്വീകരിക്കാത്തതിന് അവര്‍ക്കുള്ള കെറുവ് എങ്ങനെ തീര്‍ക്കണമെന്നറിയാത്തതിനാല്‍ പറഞ്ഞു പോകുന്നതാണ്. മാന്യമായി പറയുന്നവരും കൂട്ടത്തിലുണ്ട് അതിലൊരാള്‍ ഇപ്രകാരം പ്രതികരിച്ചു:
 " നിശ്ചയമായും ഏതൊരു വസ്തുവിനെയും നാം സൃഷ്ടിച്ചതു ഒരുവ്യവസ്ഥ പ്രകാരമാണ്‌.

ഈയൊരൊറ്റ വരി മതിയല്ലോ മൊത്തം ശാസ്ത്രത്തിനെയും വ്യാഖ്യാനിച്ച് നമ്മടെ സ്വന്തം ആക്കാന്‍

ഫൂഗുരുത്വം?
വ്യവസ്ഥ വ്യവസ്ഥ

കെപ്ലറുടെ പ്ലാനറ്ററി മോഷന്‍ നിയമം
നേരത്തെ പറഞ്ഞ വ്യവസ്ഥ

ഷ്രോഡിഞ്ചറുടെ വേവ് ഈക്വേഷന്‍?
അതും നേരത്തെ പറഞ്ഞ വ്യവസ്ഥ.

ചുരുക്കിപ്പറഞ്ഞാല്‍ കഷ്ടപ്പെട്ട് ശാസ്ത്രീയമായ പരീക്ഷണങ്ങളും യുക്തിയും ഉപയോഗിച്ച് പാവം ശാസ്ത്രജ്ഞന്‍മാര്‍ ഒരേ സമയം ശശിയും സോമനും സുകുമാരനുമായി.  
ഇവിടെ ഈ കമന്റ് നല്‍കിയവരുടെ പേര്‍ പ്രസക്തമല്ല. എല്ലാം ഒരേ മനോഭാവം പങ്കുവെക്കുന്നു. അത് ഒരു തരം അസഹിഷ്ണതയുടെതും അഹങ്കാരത്തിന്റേതുമാണ് എന്നാണ് എന്റെ അഭിപ്രായം. മുട്ടുന്യായങ്ങളും മേല്‍ പറയപ്പെട്ട പരിഹാസവുമല്ലാതെ  വസ്തുതകളെ നേരിടാനാകാതെ മതവിശ്വാസികളെ തെറിയഭിഷേകം ചെയ്യുന്ന മനുഷ്യവംശത്തിലെ ഉന്നതകുലമഹിമ അവകാശപ്പെടുന്ന ഈ യുക്തിവാദികള്‍ ആരിലും ചിരിയുണര്‍ത്താതിരിക്കില്ല.

ശാസ്ത്രബോധം മനുഷ്യനെ ദൃഢവിശ്വാസിയാക്കുന്നു:

ഇത് കേവലം ഒരു അവകാശവാദം മാത്രമല്ല. ജനലക്ഷങ്ങളുടെ അനുഭവമാണ്. ഒരിടത്ത് ശാസ്ത്രത്തിലൂടെ ദൈവമുണ്ടെന്ന് തെളിയിക്കാനാവില്ല എന്ന് പറയുക. എന്നാല്‍ അതേ സമയം ശാസ്ത്രീയ പഠനത്തിലൂടെ ദൈവവിശ്വാസം ദൃഢീകരിക്കാം എന്ന അവകാശവാദമുന്നയിക്കുക. ഇത് ഞാന്‍ അബദ്ധത്തില്‍ പറഞ്ഞ് പോയതാണ് എന്ന് ചിലര്‍ കരുതുകയും ചൂണ്ടിക്കാണിക്കുകയും ചെയ്തു. ബോധപുര്‍വവും ചിന്തിച്ചും തന്നെയാണ് ദൈവവിശ്വാസികളോടൊപ്പം ഞാനും ഈ രണ്ട് പ്രസ്താവനകളും നടത്തിയത്. വിശുദ്ധ ഖുര്‍ആനില്‍ പ്രാപഞ്ചിക പ്രതിഭാസങ്ങളെ നിരീക്ഷിക്കാനും അവയെ പഠനം നടത്താനും ചിന്തിക്കാനും അടിക്കടി മനുഷ്യനോട് ആവശ്യപ്പെടുന്നു. നിങ്ങളുടെ ശരീരത്തിലും നിങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ടെന്ന് അറിയിക്കുന്നു. എന്താണിതിന്റെ ആവശ്യം എന്ന കാര്യത്തില്‍ വിശ്വാസികള്‍ക്കാര്‍ക്കും സംശയമില്ല. എന്തുകൊണ്ട് ശാസ്ത്രപരീക്ഷണങ്ങളിലൂടെ ദൈവത്തിന്റെ അസ്തിത്വം തെളിയിക്കാന്‍ സാധ്യമല്ല എന്ന് പറഞ്ഞുകഴിഞ്ഞു. ഈ പോസ്റ്റില്‍ ഉദ്ദേശിക്കുന്നത് ശാസ്ത്രപഠനം ഒരു വിശ്വാസിക്ക് ദൈവവിശ്വാസത്തില്‍ ദൃഢതനല്‍കുന്നതെങ്ങനെ എന്നാണ്. എന്ത് വന്നാലും ദൈവനിഷേധിയാകാന്‍ ഉറച്ച തീരുമാനമെടുത്തവര്‍ക്ക് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയും പരിഹാസം തുടരാം.

സ്വയം കേടുപാടുകള്‍ തീര്‍ക്കുന്ന ഒരു യന്ത്രം സങ്കല്‍പിക്കാനാവില്ല. എന്നാല്‍ മനുഷ്യശരീരത്തെക്കുറിച്ചു ചിന്തിച്ചു നോക്കൂ. സ്വയം പഴകിയ ഭാഗങ്ങള്‍ നീക്കം ചെയ്യുകയും പുതിയവ സ്വയം നിര്‍മിക്കുകയും ചെയ്യുന്നു. ഒരു സെല്‍ വിഭജിക്കപ്പെട്ടാണ് കോടിക്കണക്കിന് കോശങ്ങളുള്‍ക്കൊള്ളുന്ന മനുഷ്യശരീരം രൂപം കൊണ്ടിട്ടുള്ളത്. ഒരു ഇഷ്ട്ടിക സ്വയം വിഭജിക്കപ്പെട്ട് ലക്ഷക്കണക്കിന് ഇഷ്ടികളായി മാറുകയും അവ രൂപപ്പെട്ട് ഒരു മനോഹരമായ കെട്ടിടം രൂപം കൊള്ളുന്നതിനേക്കാള്‍ അത്ഭുതകരമായ പ്രവര്‍ത്തനാണ് മനുഷ്യശരീര രൂപീകരണത്തില്‍ നടക്കുന്നത്. ശാസ്ത്രം പുരോഗമിക്കുന്നതിന് മുമ്പുള്ള കാലഘട്ടത്തില്‍ മനുഷ്യര്‍ക്ക് ശരിരത്തിന്റെ ഈ സങ്കീര്‍ണ സ്വഭാവം അറിയില്ലായിരുന്നു. ആ അവസ്ഥയില്‍നിന്ന് ഇന്നത്തെ അവസ്ഥയിലെത്തിചേരുമ്പോള്‍ മനുഷ്യസൃഷ്ടിപ്പിലെ അത്ഭുതങ്ങള്‍ കൂടുതല്‍ വ്യക്തമാകുകയും ഒരു സൃഷ്ടാവിന്റെ ആവശ്യകത മനുഷ്യയുക്തി കൂടുതല്‍ ആവശ്യപ്പെടുകയുമാണ് ചെയ്യുന്നത്. പരിണാമവിശ്വാസത്തിന്റെ അടിത്തറയിളക്കിയതും ഈ ശാസ്ത്രീയ വളര്‍ചയാണ്.

ഇനി കോശങ്ങളുടെ പ്രവര്‍ത്തനം വീക്ഷിക്കുക. മനുഷ്യശരീരത്തിന്റെ രൂപഘടനയെക്കുറിച്ച് തികഞ്ഞ ബോധമുണ്ടെന്ന് തോന്നത്തക്കവിധമാണ് അവ അതിന്റെ ധര്‍മം നിര്‍വഹിക്കുന്നത്. രാസ പദാര്‍ഥങ്ങളുടെ മോളിക്യൂളുകള്‍ കോശത്തിലെ സംങ്കീര്‍ണ ഘടകങ്ങളായി രൂപാന്തരപ്പെടുന്നത് മുതല്‍ അണ്ഡകോശത്തിലെ ന്യൂക്ലിയസ് വ്യക്തിയുടെ സ്വഭാവത്തിന് രൂപം നല്‍കുന്നത് വരെയുള്ള പ്രവര്‍ത്തനമൊക്കെ അന്ധമായ പരിണാമത്തിന്റെ ഫലമാണ് എന്ന് ധരിക്കാന്‍ മനുഷ്യബുദ്ധിയെ നാം വല്ലാതെ പീഢിപ്പിക്കേണ്ടിവരും.

വീണ്ടും നോക്കുക. ഒരു സ്ത്രീയുടെ അണ്ഡാശയത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്ന അണ്ഡങ്ങളിലൊന്ന് കോടിക്കണക്കിന് വരുന്ന പുംബീജങ്ങളിലൊന്നുമായി ചേര്‍ന്നാണ് മനുഷ്യജന്‍മത്തിന് പ്രാരംഭം കുറിക്കുന്നത് ഇങ്ങനെ കൂടിച്ചേരുന്ന ബീജത്തിനും അണ്ഡത്തിനും അവയുടെ ആസ്തിക്യത്തെക്കുറിച്ച് പരസ്പരം ബോധമുണ്ടായി. ഏതോ ഒരു ബാഹ്യപ്രേരണയില്‍ പരസ്പരമാശ്ലേഷിച്ചു ഒരു വ്യക്തിക്ക് ജന്‍മം നല്‍കി. മാതാവിന്റെ ഗര്‍ഭാശയത്തില്‍നിന്ന് ലഭിക്കുന്ന രക്തം കൊണ്ടുതന്നെ എല്ലും പല്ലും പേശികളും നിര്‍മിക്കുന്നു. ഗര്‍ഭാശയാന്ധകാരത്തില്‍തന്നെ, ഭാവിജീവിതത്തില്‍ പ്രകാശവും ശബ്ധവും സ്വീകരിക്കാന്‍ സഹായകമായ സിരാകേന്ദ്രങ്ങള്‍ക്ക് രൂപം നല്‍കുന്നു. ഗര്‍ഭാശയത്തിന് പുറത്ത് വസിക്കാനാവശ്യമായ വിധത്തിലുള്ള അവയവങ്ങളും ശാരീരിക കഴിവുകളും അവിടെ വികസിച്ചുതുടങ്ങുന്നു. ഇതൊക്കെ യാദൃശ്ചികതയുടെ മാസ്മരശക്തിയാണെന്ന് ധരിക്കാന്‍ ദൈവത്തിന്റെ സാന്നിദ്ധ്യം തള്ളികളയാന്‍ മാത്രം എന്ത് തെളിവുകളാണ് ശാസ്ത്രകാരന്‍മാര്‍ക്ക് ലഭിച്ചതെന്ന് അവരിതുവരെ വെളിപ്പെടുത്തിയിട്ടില്ല. പരമാണു മുതല്‍ ഭീമാകാരമായ ജ്യോതിര്‍ഗോളങ്ങള്‍ വരെ അതിന്റെ ഘടനയിലും സ്വഭാവത്തിലും കാണപ്പെടുന്ന പരസ്പരാശ്രിതത്വവും, ഏകതാനതയും,  വ്യവസ്ഥാപിതത്വവും അവക്ക് പിന്നില്‍ ഒരു ശക്തിയുണ്ടെന്ന കാഴ്ചപ്പാടിനാണ് മനുഷ്യബുദ്ധി പിന്തുണന
ല്‍കുക.  

ഒരോ വസ്തുവിലും കാണുന്ന ശാസ്ത്രീയ പഠനങ്ങളെ വിശദീകരിക്കുക ഇവിടെ ഉദ്ദേശ്യമല്ല. അതിന് ഞാന്‍ അശക്തനാണു താനും. പറഞ്ഞുവരുന്നത്, ശാസ്ത്രത്തിന്റെ വളര്‍ച്ച എത്ര ഉത്തുംഗതയിലെത്തിയാലും ആ പഠനങ്ങളിലൂടെ ദൈവസൃഷ്ടിപ്പിന്റെ അത്ഭുതങ്ങള്‍ കൂടുതല്‍ വെളിപ്പെടുകയും ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ ദൈവവിശ്വാസത്തിന് ദൃഢതനല്‍കുകയും മാത്രമേ ചെയ്യുന്നുള്ളൂ എന്ന് സൂചിപ്പിക്കാനാണ്.

ദൈവവിശ്വാസം മനുഷ്യസഹജമാണ് അതുകൊണ്ടാണ് ദൈവനിഷേധികള്‍ എക്കാലത്തും സമുഹത്തില്‍ അപവാദങ്ങള്‍ മാത്രമായി മാറിയത്. വലിയ യുക്തിയോ ബുദ്ധിയോ പ്രയോഗിക്കാതെ തന്നെ മനുഷ്യന്‍ ദൈവവിശ്വാസികളായി മാറുന്നതിന് കാരണം ഈ ജന്മസിദ്ധമായ മനുഷ്യസ്വഭാവമാണ്. പ്രസിദ്ധ ഫ്രഞ്ച് തത്വചിന്തകനായ ദെക്കാര്‍ത്തെയുടെ വാക്കുകള്‍ ഈ വസ്തുത അനാവരണം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു:

"എന്റെ സത്തയുടെ പരിമിതയെക്കുറിച്ച ബോധത്തോടൊപ്പം തന്നെ പൂര്‍ണമായ ഒരു സത്തയുടെ ആസ്തിക്യം എനിക്കനുഭവപ്പെടുന്നു. എന്നില്‍ ഈ ബോധം നട്ടുപിടിപ്പിച്ചത് പൂര്‍ണതയുടെ സകലമാന ഗുണങ്ങളാലും വിഭൂഷിതമായ ആ പൂര്‍ണ സത്തയാണെന്ന് വിശ്വസിക്കാന്‍ ഞാന്‍ സ്വയം നിര്‍ബന്ധിതനാവുന്നതായി കാണുന്നു."

നമ്മിലോരോരുത്തര്‍ക്കും അനുഭവപ്പെടുന്നത് ദേക്കാര്‍ത്തെ അദ്ദേഹത്തിന്റെ ഭാഷയില്‍ പരഞ്ഞതായി മാത്രമേ എനിക്കതേ കുറിച്ച് തോന്നുന്നുള്ളൂ. എല്ലാറ്റിനെയും സംശയിക്കുന്ന ദേക്കാര്‍ത്തെ ഇങ്ങനെ പറഞ്ഞപ്പോള്‍. ഇബ്‌നു അത്വാഉ സ്സിക്കന്ദരി എന്ന വിശ്വാസി ഈ ആശയം പ്രകടിപ്പിച്ചത് ഇങ്ങനെയാണ്:

"എന്റെ നാഥാ, നിന്നെ ആശ്രയിച്ചു നിലകൊള്ളുന്ന ഒന്ന് എങ്ങനെ നിന്നിലേക്കുള്ള തെളിവാകും. നിനക്കില്ലാത്ത വ്യക്തത മറ്റുള്ളതിനുണ്ടെന്നോ? നിന്നെ ചൂണ്ടിക്കാണിക്കുന്ന തെളിവ് ആവശ്യമാകാന്‍ നീ എപ്പോഴാണ് അപ്രത്യക്ഷനായത്.? കാല്‍പാടുകള്‍ നിന്നിലേക്ക് വഴികാണിക്കുവാന്‍ നീ എപ്പോഴാണ് അകന്നു പോയത്?."

ഈ പോസ്റ്റ് സമാപിച്ചുകൊണ്ട് എനിക്കും ആവര്‍ത്തിക്കാനുള്ളത് ഇതാണ്.
എന്റെ നാഥാ.. നിന്നെ ചൂണ്ടിക്കാണിക്കുന്ന തെളിവ് ആവശ്യമാകാന്‍ നീ എപ്പോഴാണ് അപ്രത്യക്ഷനായത്.?.

ദൈവശാസ്ത്രപരമായി ഉന്നയിക്കപ്പെട്ട വാദങ്ങള്‍ക്ക് വിയോജിച്ചുകൊണ്ട് നല്‍കപ്പെട്ട കമന്റുകളിലെ ഒരു പോതുവികാരം,  എല്ലാം പുസ്തകത്തിലുണ്ടെന്ന് (വേദഗ്രന്ഥമാണ് ഉദ്ദേശ്യം) വിശ്വാസികള്‍ വാദിക്കുന്നതിലെ പുച്ഛവും, ശാസ്ത്രത്തിന് ദൈവത്തെ പരീക്ഷണനിരീക്ഷണങ്ങളിലൂടെ കണ്ടെത്താന്‍ പരിമിതിയുണ്ടെന്ന പ്രസ്താവനയുടെ നേരെയുള്ള പരിഹാസവുമാണ്. ശാസ്ത്രത്തിലൂടെ മനുഷ്യന് ഈ ലോകജീവിതം കൂടുതല്‍ സൗകര്യപ്രദമായി ഉപയോഗപ്പെടുത്തുന്നതിന് പരിശ്രമിക്കുന്നു. അതേ സമയം മതഗ്രന്ഥങ്ങള്‍ മനുഷ്യന് ശാസ്ത്രീയമായി കണ്ടെത്താനാകാത്ത മേഖലയയില്‍ മനുഷ്യന് വേണ്ട നിയമനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. ഇവ രണ്ടും ചേര്‍ന്ന് ഒരു ഉത്തമ സമൂഹസൃഷ്ടി സാധ്യമാകുന്നു. വേദവും ശാസ്ത്രവും മനുഷ്യന്റെ മിത്രങ്ങള്‍ തന്നെ. വസ്തുത ഇതായിരിക്കെ മതവിശ്വാസികള്‍ ശാസ്ത്രത്തിന്റെ സാങ്കേതിവിദ്യ ഉപയോഗപ്പെടുത്തി തങ്ങളുടെ അസംബന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നു എന്ന് പറയുന്ന ബുദ്ധിശൂന്യര്‍ അവഗണനയല്ലാതെ അര്‍ഹിക്കുന്നില്ല.

ദൈവമേ.. നിന്നെ മനസ്സിലാക്കാന്‍, നീ പറയുന്ന കാര്യങ്ങള്‍ ഉള്‍കൊള്ളാന്‍ തെളിവുകള്‍ മതിയായില്ല എന്ന് ദൈവിക വിചാരണവേളയില്‍ പറയാന്‍ കഴിയിയില്ല. എന്ന എന്റെ വാദത്തിന് വിശദീകരണം നല്‍കുകയായിരുന്നു ഈ ലേഖനങ്ങളിലൂടെ. ഇതിവിടെ അവസാനിക്കുന്നില്ല. ദൈവത്തിന്റെ മുമ്പില്‍ ഒഴികഴിവ് പറയാന്‍ തടസ്സമാകുന്ന മൂന്നാമത്തെ ഒരു തെളിവുണ്ട് അത് ദിവ്യവചനങ്ങളുടെ സാന്നിദ്ധ്യമാണ് തുടര്‍ന്നുള്ള ചര്‍ചകളില്‍ അതേകുറിച്ച് പറയാം.
 
 

2010, ജൂലൈ 1, വ്യാഴാഴ്‌ച

ശാസ്ത്രപഠനത്തിലൂടെ ദൈവത്തെ കണ്ടെത്താമോ ?

ദൈവാസ്തിക്യവും ശാസ്ത്രവും

യഥാര്‍ഥജ്ഞാനത്തിന്റെ അടിസ്ഥാനമായി ശാസ്ത്രലോകം പൊതുവെ പൊക്കിപ്പിടിക്കുന്നത് ഗവേഷണപരീക്ഷണങ്ങളിലൂടെയാണ്. പരീക്ഷണങ്ങളിലൂടെ അനുഭവിച്ചറിയാന്‍ കഴിയാത്തത് സങ്കല്‍പമായതിനാല്‍ അസ്വീകാര്യമാണെന്നാണ് വാദം. അപ്രകാരം നിരാകരിക്കപ്പെടുന്നതില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ദൈവാസ്തിക്യമാണ്. എന്നാല്‍ അനുഭവവേദ്യമായ പദാര്‍ഥങ്ങളില്‍ നടത്തപ്പെടുന്ന പരീക്ഷണങ്ങളിലൂടെ ചെന്നെത്തുന്ന നിഗമനവും സങ്കല്‍പങ്ങള്‍ തന്നെയാണ് എന്ന വസ്തുത വിസ്മരിക്കപ്പെടുന്നു. പ്രത്യക്ഷമായ ചില തെളിവുകളുടെയും സാഹചര്യങ്ങളുടെയും വെളിച്ചത്തില്‍ അഭിപ്രായ രൂപീകരണം നടത്തുകയാണ് ശാസ്ത്ര ഗവേഷകര്‍ ചെയ്യുന്നത്. ഇങ്ങനെയുള്ള നിഗമനങ്ങളില്‍ ദൈവാസ്തിക്യത്തെ നിഷേധിക്കാനാവശ്യമായതൊന്നും ലഭിക്കുന്നില്ലെന്നും. മറിച്ച് യുക്തിമാനും സര്‍വശക്തനുമായ ഒരു ദൈവത്തിന്റെ അസ്തിത്വമാണ് വെളിപ്പെടുക എന്ന് ദൈവവിശ്വാസികള്‍ വാദിക്കുന്നു. അതായത് ശാസ്ത്രീയ ഗവേഷണങ്ങള്‍ ദൈവമില്ല എന്നതിനേക്കാള്‍ ദൈവമുണ്ട് എന്ന നിഗമനത്തിലേക്കാണ് നമ്മെ നയിക്കുക. ഇവിടെയും നമ്മുടെ സാമാന്യബുദ്ധിയെ നാം ഉപയോഗപ്പെടുത്തേണ്ടിവരും.

മതം ശാസ്ത്രവിരുദ്ധമല്ല.

മതത്തോട് ആധുനികയുഗം പുലര്‍ത്തുന്ന ശത്രുതക്ക് കാരണം, മതവും ശാസ്ത്രവും പരസ്പരവിരുദ്ധമാണെന്ന വിശ്വാസമാണ്. ഇസ്‌ലാമിനെക്കുറിച്ചെങ്കിലും ഈ ധാരണതീര്‍ത്തും അടിസ്ഥാനരഹിതമാണ്. മനുഷ്യന്‍ ചന്ദ്രനില്‍ പാദമൂന്നിക്കഴിഞ്ഞിട്ടും മതത്തിന്റെ പൊങ്ങച്ചം പാടിനടക്കുന്നതെന്തിനാണ് എന്നാണ് 'അപ്പോളോ മനുഷ്യന്റെ' ചോദ്യം. ഈ ചോദ്യങ്ങള്‍ കണ്ടുപിടുത്തങ്ങള്‍ പുരോഗമിക്കുന്നതിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. ചോദ്യങ്ങളുടെ ധ്വനിയും മനോഭാവവും ഒന്നുതന്നെ. ക്ലോണിംഗിലൂടെ ആടിനെ സൃഷ്ടിച്ചപ്പോഴും അതിന് മുമ്പ് ഡി.എന്‍എയുടെ സൂക്ഷമഘടനയെ കണ്ടെത്തിയപ്പോഴും, ഇനി ദൈവത്തിന് പ്രസക്തിയില്ല എന്ന് ശാസ്ത്രലോകം വിശ്വാസികളുടെ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്. അത് ഇന്നും തുടരുന്നു. തികഞ്ഞ അജ്ഞതയില്‍നിന്നാണ് ഇത്തരം ചോദ്യങ്ങള്‍ ഉത്ഭവിക്കുന്നത്. മതവും ശാസ്ത്രുവും അവതമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവമെന്താണെന്നും മനസ്സിലാക്കിയിരുന്നെങ്കില്‍ കേവലം അപഹാസ്യമായൊരു നിഴല്‍യുദ്ധമാണ് തങ്ങള്‍ നയിക്കുന്നതെന്ന് വ്യക്തമാവാന്‍ അവര്‍ക്ക് ഒട്ടും പ്രയാസമില്ല.

മതത്തിന്റെയും ശാസ്ത്രത്തിന്റെയും വിഹാരരംഗങ്ങള്‍ വിഭിന്നമാണ്. പരീക്ഷണത്തിന്റെയും അനുഭവത്തിന്റയും അടിസ്ഥാനത്തില്‍ തെളിയിക്കപ്പെട്ടതാണ് ശാസ്ത്രം. പദാര്‍ഥവുമായാണതിന് ബന്ധം. ശാസ്ത്രം, പ്രാപഞ്ചിക പ്രതിഭാസങ്ങളുടെ വസ്തുസ്ഥിതിവിശകലനമാണ് നടത്തുന്നത്. ഭൗതികവസ്തുവിന്റെ പരിധിക്കതീതമായ കാര്യങ്ങള്‍ ശാസ്ത്രത്തിന്റെ ചര്‍ചാവിഷയമല്ല. അപ്രകാരം ശാസ്ത്രത്തിന്റെ പരിധിയില്‍വരുന്ന കാര്യങ്ങളുടെ വിശദീകരണം നല്‍കുക എന്നത് മതത്തിന്റെയോ വേദഗ്രന്ഥത്തിന്റെയോ ഉത്തരവാദിത്വവുമല്ല. ശാസ്ത്രീയ പഠനങ്ങള്‍ക്ക് മതത്തിന്റെ പരിധിയില്‍നിന്ന് വെളിയില്‍ കടക്കേണ്ടതില്ല. ജീവിതത്തിന്റെ മാര്‍ഗദര്‍ശനത്തിനായി അവതീര്‍ണമായ വിശ്വാസപ്രമാണങ്ങളുടെയും അനുഷ്ഠാനമുറകളുടെയും വിശദീകരണം മതം നല്‍കുന്നു. അതോടൊപ്പം മനുഷ്യന്റെ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ മേഖലകളില്‍ ജീവിതത്തിന് മാര്‍ഗദര്‍ശനം നല്‍കുക എന്ന ഉത്തരവാദിത്തവും ഇസ്‌ലാമിക ദര്‍ശനം ഏറ്റെടുക്കുന്നു. ശാസ്ത്രം മനുഷ്യന്റെ ഭൗതികമായ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇസ്‌ലാം മനുഷ്യന്റെ ഭൗതികവും ആത്മീയവുമായ അവസ്ഥകളെ പരിഗണിക്കുന്നു. അതിന് വേണ്ടിത്തന്നെയാണ് അത് പ്രാപഞ്ചിക പ്രതിഭാസങ്ങളെക്കുറിച്ച് ചിന്തിക്കാനും അവന്റെ ചുറ്റുമുള്ള കാര്യങ്ങളെക്കുറിച്ച് ഗവേഷണനിരീക്ഷണത്തിലേര്‍പ്പെടാനും അടിക്കടി  മനുഷ്യനെ ഉണര്‍ത്തുന്നത്.

മതവും ശാസ്ത്രവും ശത്രുക്കളായതെങ്ങനെ?
 
എന്നാല്‍ മതവും ശാസ്ത്രവും ഒരുമിച്ചു പോകില്ല എന്ന ചിന്തവളര്‍ത്തുന്നതില്‍ ചില പൗരോഹിത്യമതങ്ങള്‍ക്ക് പങ്കുണ്ടെന്ന വസ്തുത നിഷേധിക്കുന്ന പക്ഷം എന്റെ വിശകലനം അപുര്‍ണവും തെറ്റിദ്ധാരണ ജനകവുമായിരിക്കും. പ്രധാനമായും ക്രൈസ്തവ മതത്തെ ഇവിടെ പരാമര്‍ശിക്കേണ്ടതായി വരും. ശാസ്ത്രീയ ചിന്ത മതത്തിന്റെ ആണിക്കല്ലിളക്കാന്‍ പര്യാപ്തമാണെന്ന് ധരിച്ച പുരോഹിത വൃന്ദം അതിനെതിരില്‍ ഒരു ജീവന്‍മരണസമരത്തിനു തന്നെ സന്നദ്ദമാവുകയുണ്ടായി. ശാസ്ത്രത്തിന്റെ എല്ലാറ്റിനെയും ചോദ്യം ചെയ്യാനും, വിമര്‍ശനവിധേയമാക്കാനും, വിശ്വാസാചാരങ്ങളെ യുക്തിയുടെ അടിസ്ഥാനത്തില്‍ നിരൂപണം നടത്താനും ആരംഭിച്ചപ്പോഴാണ് മതത്തിന്റെ ഈ ഭാവമാറ്റം ദൃശ്യമായത്. പൗരോഹിത്യത്തിന്റെ കലവറകളെ നിഷ്‌കൃഷ്ടമായ പരിശോധനക്ക് വിധേയമാക്കാന്‍ സന്നദ്ധമായ ശാസ്ത്രകുകുകികളെ അധികാരം കൈവശമുണ്ടായിരുന്ന പൗരോഹിത്യമതം ഈ പ്രവണതകളെ അടിച്ചൊതുക്കാന്‍ ക്രൂരമായ ബലപ്രയോഗം ആരംഭിച്ചു. ശാസ്ത്രചരിത്രത്തെ രക്ഷരൂക്ഷിതമാക്കിയ ഭയാനകമായ സംഭവങ്ങള്‍ ഇതോടെ ചരിത്രത്തില്‍ സ്ഥാനം പിടിച്ചു.

സ്പെയിനില്‍ 1481 നും 1499 നുമിടക്കുള്ള ഏതാണ്ട് ഇരുപത് വര്‍ഷത്തിനിടയില്‍ മതത്തിനെതിരില്‍ സംസാരിക്കുന്നവരെ കണ്ടുപിടിച്ചു, മതഭ്രഷ്ട് ചുമത്തി എരിയുന്ന തീയില്‍ ജീവനോടെ ദഹിപ്പിക്കപ്പെട്ടത് 10,222 പേരായിയിരുന്നു എന്നത് ആരെയും ഞെട്ടിക്കാന്‍ പോന്നതാണ്. അതിന് വേണ്ടി പ്രത്യേകം കുറ്റവിചാരണ സഭകള്‍ സ്ഥാപിക്കപ്പെട്ടു. ഈ സ്ഥാപനം അതിന്റെ തുടക്കം മുതല്‍ അവസാനം വരെ 3,40,000 പേരെ ദൈവനിഷേധികളായി മുദ്രക്കുത്തുകയുണ്ടായി. അവരും മതത്തിന്റെ ക്രൂരമായ പ്രതിഷേധത്തിന്റെ ചൂടറിഞ്ഞു. ഗലീലിയോയും ബ്രൂണോയും അതില്‍നിന്ന മുക്തരായില്ല. ക്രിസ്തുമതപൗരോഹിത്യത്തിന്റെ ഈ ശത്രുതാമനോഭാവത്തിന്, ശാസ്ത്രലോകത്തെ മതത്തിന് കടകവിരുദ്ധമായ ഒരു നിലപാട് സ്വീകരിക്കാന്‍ പ്രേരിപ്പിച്ചതിലുള്ള അനിഷേധ്യമായ പങ്കിനെ ഒട്ടും നിസ്സാരമായി കാണുന്നില്ല. ഇസ്‌ലാമിനെ കേവലം ഒരു മതമായി കണ്ട യുക്തിവാദികള്‍ ഇക്കാര്യത്തില്‍ ഇസ്‌ലാം ക്രൈസ്തവ പൗരോഹിത്യത്തില്‍ ഇക്കാര്യത്തില്‍ ഭിന്നമാണ് എന്ന വസ്തുത അംഗീകരിക്കാന്‍ കൂട്ടാക്കുന്നില്ല. മതമാണോ ശാസ്ത്രവിരുദ്ധമായിരിക്കും എന്ന മുന്‍ധാരണക്കടിപ്പെട്ട് വിഢിവേഷം കെട്ടുകയാണ് ബൂലോക പുലികടക്കം ചെയ്യുന്നത്.

ഇസ്‌ലാമും ശാസ്ത്രപഠനങ്ങളും

ഇക്കാര്യത്തില്‍ വിശുദ്ധഖുര്‍ആനിന്റെ സമീപനം ഏറെ ഭിന്നമാണ്. ശാസ്ത്രീയ ചിന്തകളെ പ്രോത്സാഹിപ്പിക്കുകയാണ് അത് ചെയ്തത്. പ്രാപഞ്ചിക ഘടനയിലുള്ള അത്ഭുതാവഹമായ സംവിധാന ചാതുരിയിലേക്ക് മനുഷ്യന്റെ ശ്രദ്ധക്ഷണിക്കുന്നു. ഏതാനും സൂക്തങ്ങള്‍ കാണുക:

ഈ ജനം ഭൂമിയില്‍ സഞ്ചരിച്ചിട്ടില്ലെന്നോ, അവര്‍ക്ക് ഗ്രഹിക്കുന്ന മനസ്സുകളും കേള്‍ക്കുന്ന കാതുകളും ഉണ്ടാകുന്നതിന്? എന്നാല്‍ കണ്ണുകളല്ല അന്ധമാകുന്നത്; പ്രത്യുത, മാറിടങ്ങളിലുള്ള ഹൃദയങ്ങളാണ് അന്ധമാകുന്നത്. (22:46)

ആകാശഭൂമികളുടെ സൃഷ്ടിയിലും ദിനരാത്രങ്ങള്‍ മാറിമാറിവരുന്നതിലും, ബുദ്ധിശാലികള്‍ക്ക് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്; നിന്നും ഇരുന്നും കിടന്നും ഒക്കെ അല്ലാഹുവിനെ ജപിക്കുകയും ആകാശഭൂമികളുടെ നിര്‍മാണത്തില്‍ ചിന്തിക്കുകയും ചെയ്യുന്ന ബുദ്ധിശാലികള്‍ക്ക്. ..... (3:190,191)

ദൃഢവിശ്വാസമുള്ളവര്‍ക്ക് ഭൂമിയില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്; നിങ്ങളില്‍ത്തന്നെയും.... (51:20-21)

ഇവര്‍ ഒട്ടകങ്ങളെ നോക്കുന്നില്ലയോ, അവ എവ്വിധം സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്ന്? വിണ്ഡലത്തെ നോക്കുന്നില്ലയോ, അതെങ്ങനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നുവെന്ന്? പര്‍വതങ്ങളെ നോക്കുന്നില്ലയോ, അവ സ്ഥാപിക്കപ്പെട്ടിരിക്കുന്നതെങ്ങനെയെന്ന്? ഭൂതലത്തെ നോക്കുന്നില്ലയോ, അതെവ്വിധം വിസ്തൃതമാക്കപ്പെട്ടിരിക്കുന്നുവെന്ന്? (88:17-20)

എന്നാല്‍ ഈ പ്രയോഗങ്ങളില്‍ ശാസ്ത്രീയത കണ്ടെത്താനാണ് യുക്തിവാദികള്‍ ശ്രമിക്കാറുള്ളത്. അതിന് വേണ്ടി ആ കാലഘട്ടത്തിലെ ശാസ്ത്രീയ വിജ്ഞാനമനുസരിച്ചുള്ള കാര്യങ്ങളെ വിശുദ്ധ ഖുര്‍ആനിലുള്ളൂ എന്ന അവര്‍ ജല്‍പിക്കുകയും ചെയ്യുന്നു. മനുഷ്യനില്‍ ശാസ്ത്രത്തിന് നിര്‍വഹിക്കാന്‍ കഴിയാത്ത രംഗത്തുള്ള മാര്‍ഗദര്‍ശനമാണ് വിശുദ്ധവേദത്തിന്റെ ദൗത്യം. ഭൗതികമായി മനുഷ്യന് കണ്ടെത്താന്‍ കഴിയുന്നവയുടെ പഠനവും ഗവേഷണവും മനുഷ്യനോടാവശ്യപ്പെടുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്.  പ്രപഞ്ച സ്രഷ്ടാവായ ദൈവമാണ് അത് അവതരിപ്പിച്ചതെന്നതിനാല്‍ തെളിയിക്കപ്പെട്ട ശാസ്ത്രസത്യങ്ങള്‍ക്ക് വിരുദ്ധമായ ഒന്നും അതില്‍ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 1400 വര്‍ഷം മുമ്പ് മുതല്‍ മനുഷ്യനെ ദൈവവിശ്വസത്തിലേക്ക് അടുപ്പിക്കാനാവശ്യമായ വിവരങ്ങളാണ് അത് മനുഷ്യന് നല്‍കുന്നത്. അതിനിടയിലെ ഓരോ കാലഘട്ടത്തിലേയും മനുഷ്യര്‍/വിശ്വാസികള്‍ തങ്ങള്‍ക്ക് അന്നേവരെ ലഭിച്ച ശാസ്ത്രീയ നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി ഈ സൂക്തങ്ങളിലൂടെ ദൈവം ആഗ്രഹിച്ചതെന്തോ അത് നിറവേറ്റി. ഏത് കാലഘട്ടത്തിലും അതിനെ നിഷേധിക്കാന്‍ തീരുമാനിച്ചവര്‍ തങ്ങളുടെ നിഷേധത്തിനും അവയെത്തന്നെ കരുവാക്കി. അതിപ്പോഴും തുടര്‍ന്ന് വരുന്നു. സന്മനസ്സുകള്‍ അതില്‍നിന്ന് മാര്‍ഗദര്‍ശനവും, നിഷേധം കൈകൊണ്ടവര്‍ അതില്‍നിന്നുതന്നെ മാര്‍ഗഭ്രംശവും സ്വീകരിക്കുന്നു.

പ്രപഞ്ചത്തിന്റെ അനുപമമായ സംവിധാനചാതുരിയെക്കുറിച്ച് മനുഷ്യനെ ബോധവാനാക്കുക, അത് അവന്റെ ജീവിതത്തിന്ന് പ്രയോജനപ്പെടുത്താന്‍ പ്രേരിപ്പിക്കുക എന്നതാണ് മുകളില്‍നല്‍കിയ ശാസ്ത്രീയ പഠനങ്ങളിലൂടെ അത് ലക്ഷ്യം വെക്കുന്നത്. അതില്‍ രണ്ടാമത്തേത് നാം എല്ലാവരും ചെയ്തുകൊണ്ടിരിക്കുന്നു. ഇസ്‌ലാമിക കാഴ്ചപ്പാടില്‍ ദൈവത്തെക്കുറിച്ചറിയാനുള്ള വലിയ മാധ്യമങ്ങളിലൊന്ന് ദൈവസൃഷ്ടികളെ പഠിക്കുക എന്നതാണ്. പ്രപഞ്ചത്തിന്റെ ഓരോ അണുവിലും ശാസ്ത്രകാരന്‍ നടത്തുന്ന പരീക്ഷണം ദൈവത്തിലേക്ക് വഴിതെളിയിക്കുമെന്ന് അത് ഉറച്ച് വിശ്വസിക്കുന്നു. ഈ അടിസ്ഥാനത്തില്‍ ശാസ്ത്രീയാന്വേഷണം അവസനാനിക്കുന്നത് ദൈവാസ്തിക്യത്തെ അറിയുന്നതിന്റെ ആരംഭ ബിന്ദുവിലാണ് എന്ന പറഞ്ഞാല്‍ അത് തെറ്റാവുകയില്ല.

നാം എത്തിചേര്‍ന്ന ശാസ്ത്രീയ പഠനങ്ങള്‍ എങ്ങനെയാണ് ഈ രംഗത്ത് സഹായകമായി വര്‍ത്തിക്കുന്നതെന്ന് അടുത്ത പോസ്റ്റില്‍ ചര്‍ചചെയ്യാം.

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review