2014, സെപ്റ്റംബർ 17, ബുധനാഴ്‌ച

മാധവിക്കുട്ടി മതം മാറിയത് നോബല്‍സമ്മാനം കിട്ടാന്‍ ?


മാധവിക്കുട്ടി ഇസ്ലാം സ്വീകരിച്ച് കമലാ സുരയ്യ ആയതിന്റെ പുതിയ കാരണങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ലീലാമേനോന്‍ ചില കാരണങ്ങള്‍ പറഞ്ഞിരുന്നു. അന്ന് എഴുതിവെച്ച ഒരു പോസ്റ്റ് പുതിയ കണ്ടെത്തിലിന്റെ വെളിച്ചത്തില്‍ ഇവിടെ പ്രസിദ്ധീകരിക്കുകയാണ്. പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്, ടി. പത്മനാഭന്‍ അവര്‍കളാണ്. ഒരു കാരണം പുന്നയൂര്‍കുളത്തെ ആഢ്യമാരോടുള്ള എതിര്‍പ്പാണെങ്കില്‍ രണ്ടാമത്തെ കാരണമായി അദ്ദേഹം കാണുന്നത്, ഇസ്ലാം സ്വീകരിച്ച് അറബ് ലോകത്തിന്റെ പിന്തുണയോടെ നോബല്‍ സമ്മാനം നേടിയെടുക്കാമെന്ന മോഹമാണത്രെ. രണ്ടാമത് പറഞ്ഞ കാരണം, പ്രത്യക്ഷത്തില്‍ തന്നെ അല്‍പം തമാശയായി എന്ന് പറയാതെ വയ്യ. പൊതുവെ കരുതപ്പെടുന്നത്  നോബല്‍ സമ്മാനവും ചില പാശ്ചാത്യന്‍ ശക്തികളുടെ ചൊല്‍പടിക്ക് വിധേയമാണ് എന്നാണ്. യാഥാര്‍ഥ്യം എന്ത് എന്നത് ഇവിടെ ചര്‍ച ചെയ്യുന്നില്ല. ജൂതലോബിക്ക്  (ലോക ജനസംഖ്യയില്‍ കേവലം 0.2 ശതമാനം മാത്രമുള്ള ജൂതന്മാരാണ് ഇതുവരെ വിതരണം ചെയ്ത നോബല്‍ സമ്മാനത്തിന്റെ 22 ശതമാനം കരസ്ഥമാക്കിയത് എന്ന വസ്തുതവെച്ച്) ആ വിഷയത്തില്‍ സ്വാധീനമുണ്ട് എന്ന വാദവും നിലവിലുണ്ടെങ്കിലും  ഇന്നേവരെ അറബികള്‍ക്കോ മുസ്ലിംകള്‍ക്കോ ഇക്കാര്യത്തില്‍ പങ്കൊന്നുമില്ല എന്ന് പൊതുവെ ധരിക്കപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ അധിക്രമം നടത്തിയവര്‍ക്കാണല്ലോ മിക്കവാറും സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കാറുള്ളത്.

വിഷയം അതല്ല. എന്തുകൊണ്ടാണ് മരിച്ച് വര്‍ഷങ്ങള്‍ ആയെങ്കിലും അവരുടെ ഇസ്ലാമതാശ്ലേഷണത്തിന് വിവിധ കാരണങ്ങള്‍ കണ്ടെത്തുന്നത് എന്ന ചോദ്യമാണ്. ആരാണ് ഈ അന്വേഷണം നടത്തുന്നത് എന്നന്വേഷിച്ചാല്‍ തന്നെ അതിനുള്ള ഏകദേശ ധാരണ ലഭിക്കും. ഇസ്ലാമിന്റെ മേന്മകൊണ്ടൊന്നുമല്ല അവര്‍ ഇസ്ലാം സ്വീകരിച്ചത് എന്ന് വരുത്തണം അത്ര തന്നെ. ആളുകള്‍ ഏത് കാരണത്താല്‍ ഇസ്ലാം സ്വീകരിച്ചാലും അവരുടെ ഭാവിഭാഗധേയം ഇഹത്തിലും പരത്തിലും നിര്‍ണയിക്കപ്പെടുന്നത് ഇസ്ലാം സ്വീകരണത്തിന് ശേഷം അവര്‍ എങ്ങനെ അതിനെ ഉള്‍കൊള്ളുകയും ആചരിക്കുകയും ചെയ്യുന്നുവെന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും. എത്രയോ ആളുകളുണ്ട് പേരില്‍ മാറ്റം വരികയും പിന്നീട് പഴയ ജീവിതം തന്നെ തുടരുകയും ചെയ്യുന്നവര്‍. എന്നാല്‍ ഇത്തരക്കാര്‍ എത്ര പ്രസിദ്ധരായിരുന്നാലും അതാരും പിന്നീട് വിഷയമാക്കാറില്ല. എന്നാല്‍ കമലാ സുരയ്യ പൂര്‍ണമായും മാറുന്നതാണ് നാം കണ്ടത്. അവരുടെ ജീവിതത്തെയും മനോഭാവത്തെയും വേഷത്തെയുമൊക്കെ അത് സ്വാധീനിച്ചു. 

നാം പിന്നീട് കണ്ടത് ഇങ്ങനെ ഇവര്‍ പറയുന്ന കാരണങ്ങളൊന്നും യാഥാര്‍ഥ്യമായിട്ടില്ല എന്നതാണ്. സമദാനി വിവാഹവാഗ്ദാനം നല്‍കിയതുകൊണ്ടാണ് മാധവിക്കുട്ടി മതം മാറിയത് എന്നായിരുന്നു, കഴിഞ്ഞ വര്‍ഷം ശ്രീമതി ലീലാമേനോന്‍ പറഞ്ഞതെങ്കില്‍ ഈ വര്‍ഷത്തെ കണ്ടുപിടുത്തം അവര്‍ നോബല്‍ സമ്മാനം ആഗ്രഹിച്ചാണ് മതം മാറിയത് എന്നാണ്. എങ്കില്‍ ജീവിതാന്ത്യത്തിലെങ്കിലും ഈ കൊടും ചതിയുടെ പേരില്‍ അവര്‍ക്ക് സ്വമതത്തിലേക്ക് തിരിച്ചു പോയിക്കൂടായിരുന്നോ എന്ന ചോദ്യം പ്രസക്തമാണ്.

ഇപ്രകാരം കാരണങ്ങള്‍ കണ്ടെത്തുന്നവര്‍ തന്നെ ഒരു കാര്യം സമ്മതിക്കാന്‍ നിര്‍ബന്ധിതരാണ്. പ്രേരകം എന്തായാലും കമലാ സുരയ്യ മരിക്കുന്നത് വരെ പൂര്‍വമതത്തിലേക്ക് തിരിച്ചുപോയിട്ടില്ല എന്നതാണ്. മറിച്ച് അവര്‍ ആ മാറ്റം അവര്‍ നന്നായി ആസ്വദിക്കുകയായിരുന്നു.

ഇനി പറയാന്‍ പോകുന്ന ഭാഗം 2013 ജൂണില്‍ എഴുതിവെച്ചതും ഇതുവരെ പബ്ലിഷ്  ചെയ്യാത്തതുമായ ബ്ലോഗ് പോസ്റ്റാണ്. അത്  ചേര്‍ക്കാന്‍ കാരണമുണ്ട്. അതില്‍ ഒരു സുഹൃത്ത് കമലാ സുരയ്യക്ക് നോബല്‍ സമ്മാനം ലഭിക്കാതെ വന്നത് തന്നെ ഇസ്ലാം സ്വീകരിച്ചതുകൊണ്ടാണ് എന്ന് സൂചിപ്പിക്കുന്നുണ്ട്.  അത് ഇപ്പോഴത്തെ കണ്ടെത്തിലിന് വിരുദ്ധമാണ്. നോബല്‍ സമ്മാനം കിട്ടാനായിരുന്നെങ്കില്‍ ഏറ്റവും നല്ല മാര്‍ഗം ഇസ്ലാമിനെ രണ്ട് തെറിപറഞ്ഞുകൊണ്ട് പുസ്തകം രചിക്കുകയാണ് എന്ന് വരെ കരുതുന്നവരാണ് മുസ്ലിംകളില്‍ ചിലര്‍.

-------------------------------------

കമലാ സുരയ്യയെക്കുറിച്ച് നേരത്തെ എഴുതിയ പോസ്റ്റിന് ഒരു തുടര്‍ച്ച ഉദ്ദേശിച്ചിരുന്നില്ല. പക്ഷെ വള്ളിക്കുന്നിന്റെ ബ്ലോഗിലെ ചില കമന്റുകള്‍ കണ്ടപ്പോള്‍ കുറച്ചുകൂടി എഴുതണമെന്ന് തോന്നി. ഒരു വ്യക്തിയുടെ മതമാറ്റത്തില്‍ വ്യക്തിപരമായി ദുഖിക്കുകയോ സന്തോഷിക്കുകയോ ചെയ്യേണ്ട ആവശ്യം മറ്റുള്ളവര്‍ക്ക് ഇല്ല. ലീലാ മേനോന്‍റെ ആരോപണത്തിലെ ഏറ്റവും ഗുരുതരമായ ഭാഗം. കമലാ ദാസിന് ആരോടെങ്കിലും പ്രേമമുണ്ടായിരുന്നുവെന്നതോ  ആ വ്യക്തിയുമായി അവിഹിതബന്ധം ഉണ്ടായിരുന്നുവെന്നതോ അല്ല, മറിച്ച് അവര്‍ സ്വന്തം മതത്തിലേക്ക് തിരിച്ചുപോകാന്‍ ഉദ്ദേശിച്ചിരുന്നുവെന്നും അത് മൂത്ത പുത്രന്‍ മുടക്കി എന്നും പറയുന്ന  വരികളാണ്. നേരത്തെ ഞാന്‍ മറുപടി പറഞ്ഞതും അതേ ആരോപണത്തിന്റെ പൊള്ളത്തരം തുറന്ന് കാണിക്കുന്നതിന് വേണ്ടിയാണ്. താഴെകാണുന്ന കമന്റ് എന്റെ ആശങ്കക്ക് അടിവരയിടുന്നു..

---------------------------------
ലീല മേനോന്റെ വെളിപ്പെടുത്തല്‍ വായിച്ചു .

പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ജീവിതത്തെ ആസ്വദിച്ച ഒരു അസാധാരണ സ്ത്രീ ആണ് അവരെന്നു അറിയാം. അതുകൊണ്ട് അവരുടെ തീരുമാനങ്ങളും അസാധാരണം തന്നെ. അവര്‍ മതം മാറി എന്ന് കേട്ടപ്പോള്‍ ഒരല്‍പം പോലും അത്ഭുതമോ മറ്റേതെങ്കിലും വികാരങ്ങളോ തോന്നിയിരുന്നില്ല. സമദാനിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെങ്കില്‍ നാട്ടുകാര്‍ക്ക് എന്ത് ? എനിക്ക് ഒന്നുമില്ല.! അതവരുടെ തീരുമാനവും സ്വാതന്ത്ര്യവും..ഇന്നും എന്നും എന്റെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരില്‍ ഒരാള്‍ മാധവിക്കുട്ടി തന്നെ.

പിന്നെ ആകെ ഉണ്ടായ ഒരു തിരിച്ചറിവ് ( ലീലാ മേനോന്റെ എഴുത്തില്‍ നിന്ന് ) ഇതാണ് : മാധവിക്കുട്ടിയുടെ മകന്‍ മോനു നാലപ്പാട്‌ ആണും പെണ്ണും കെട്ട ഒരു അസത്ത് ആയിരുന്നു.

( സമദാനി വാഗ്ദാനത്തില്‍ നിന്ന്‌ പിന്‍മാറിയപ്പോള്‍ കമല ഹിന്ദുമതത്തിലേക്ക്‌ തിരിച്ചു വരാന്‍ ആഗ്രഹിച്ചു. പക്ഷേ കമലയുടെ മൂത്ത മകന്‍ മോനു നാലപ്പാട്‌ അതിനെ ശക്തമായി എതിര്‍ത്തു. കമല ഹിന്ദു മതത്തിലേയ്ക്ക്‌ തിരിച്ചു വന്നാല്‍ മുസ്ലിങ്ങള്‍ കമലയെ മാത്രമല്ല മക്കളേയും ചെറുമക്കളേയും കൊല്ലും എന്നും മോനു അവരോട്‌ പറഞ്ഞു. )
-----------------------------------------

ഇതിന്റെ നിജസ്ഥിതി വ്യക്കമാക്കാന്‍ കമലാ സുരയ്യ ഇന്ന് ജീവിച്ചിരിപ്പില്ല. പക്ഷെ അവര്‍ എഴുതിയത് നമ്മുടെ മുന്നിലുണ്ട് ഈ ആരോപണത്തിലെ അവരുടെ പുത്രനും ഇവിടെയുണ്ട്. ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ സംസാരം ലീലാമേനോന്‍റെ ലേഖനം പുറത്ത് വരുന്നതിന് മുമ്പ് ഉണ്ടായതാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ അഭിമുഖത്തില്‍ ഇതുമായ ബന്ധപ്പെട്ട പരാമര്‍ശം ഉണ്ടാവുകയില്ല. ഇപ്പോള്‍ ആരോപണത്തിന്റെ സത്യതക്ക് തെളിവായി ഉന്നയിക്കുന്നത് ബന്ധപ്പെട്ട വ്യക്തി പ്രതികരിക്കുന്നില്ലല്ലോ കേസ് കൊടുക്കുന്നില്ലല്ലോ എന്നൊക്കെയാണ്. അദ്ദേഹം അങ്ങനെ ഭയപ്പെടുത്തിയിരുന്നോ ഇല്ലയോ എന്ന കാര്യം പിന്നേക്ക് വീടാം എന്നാല്‍ അവരുടെ എഴുത്തിലെ വരികളില്‍ (ഇസ്ലാമില്‍ എത്തിപ്പെട്ടത് ഏത് രൂപത്തിലൂടെയാണെങ്കിലും) അവരതില്‍ സമാധാനം കൊള്ളുന്നതും ആത്മാര്‍ഥമായി വിശ്വസിക്കുന്നതുമാണ് കാണാന്‍ കഴിയുന്നത്. അവര്‍ ഇസ്ലാമില്‍നിന്ന് നേടിയതെന്ത് എന്ന് അതില്‍ വ്യക്തമായി പറയുന്നു. അവരുടെ സ്വതസിദ്ധമായ ശൈലിയില്‍ എഴുതുന്നത് കാണുക..

'ഞങ്ങള്‍ വരും വര്‍ഷത്തില്‍ സൌജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുവാന്‍ ഒരുങ്ങുകയാണ്. എല്ലാ മാസത്തിലും ആദ്യ ഞായറാഴ്ച എട്ടുമണിമുതല്‍ ഒന്നുവരെ ദരിദ്രരായ രോഗികളെ വിദഗ്ദരായ ഡോക്മര്‍മാര്‍ പരിശോധിക്കുകയും അവര്‍ക്കായി മരുന്നുകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും. ദരിദ്രര്‍ വേണ്ടപ്പെട്ടവരായി മാറിയത് ഞാന്‍ ഇസ്ലാമിനെപ്പറ്റി പഠിച്ചപ്പോള്‍ മാത്രമാണ്. മുമ്പോക്കെ അവര്‍ മറ്റൊരു ഗ്രഹത്തില്‍ വസിക്കുന്നവരായിരുന്നു. അടുത്തുകൂടെ നടക്കുമ്പോഴും എല്ലാ അര്‍ഥത്തിലും അദൃശ്യര്‍, അപ്രധാനികള്‍, അവരുടെ മുഖങ്ങള്‍ നിറം മങ്ങിയ ഭൂപടങ്ങളായി ഞാന്‍ കണക്കാക്കി. എന്തുകൊണ്ടാണ് നിറം മങ്ങല്‍ സംഭവിച്ചത് എന്ന് ഞാന്‍ ചിന്തിച്ചതേയില്ല. പട്ടിണിയും തളര്‍ചയും കടബാധ്യതയും ഭയവും സ്ഥിരമായി അനുഭവിക്കുന്ന ഹതഭാഗ്യരുടെ ജീവ ചരിത്രങ്ങള്‍ എഴുതുവാന്‍ ഞന്‍ മിനക്കെട്ടതുമില്ല.  പ്രേമമെന്ന സ്വാര്‍ഥവികാരം എന്നെ അത്രകണ്ട് ബന്ധനസ്ഥയാക്കിയിരുന്നു. മറ്റുള്ളവരുടെ ഇതര വ്യഥകള്‍ എന്നെ അലട്ടിയില്ല. എന്റെ ശരീരം യാഥാര്‍ഥ ജീവിതത്തിലേക്കുള്ളത് പ്രയാണത്തിനുമുമ്പില്‍ ഒരു കടമ്പയായി. ഏറ്റവും നിര്‍ണായകമായ കടമ്പ.'

എന്റെ രണ്ടാമത്തെ മകന്‍ ഇന്നലെ പറഞ്ഞു. അമ്മ സ്വതന്ത്രയാണ്.  സ്വാതന്ത്ര്യം ഒരു നേട്ടമാണെന്ന് ഞാന്‍ പെട്ടെന്ന് മനസ്സിലാക്കി. സ്വതന്ത്ര്യം ഒരാഭാവമാണെന്ന് തോന്നിയിരുന്ന നാളുകള്‍ വിസ്മരിക്കപ്പെട്ടു. എന്റെ മുന്നില്‍ പുണ്യം ചെയ്യുവാനുള്ള സ്വാതന്ത്ര്യം കടല്‍പോലെ പരന്നു കിടക്കുന്നു.  ഈ സ്വാതന്ത്ര്യത്തിന് സീമകളില്ല. ഇതിന് കാലാവധിയില്ല. എനിക്ക് മേല്‍ ആരും ഉടമസ്ഥാവകാശം ഇനിമേല്‍ സ്ഥാപിക്കുകയില്ല. ദൈവമാണ് എന്റെ ഉടമ. അവന്‍ എന്നില്‍ സ്പന്ദനങ്ങള്‍ ഉണര്‍ത്തുന്നു. മറ്റൊരാള്‍ക്കും അതിനുള്ള കഴിവില്ല. (ജീവിതം കൊണ്ട് ഇത്രമാത്രം, പേജ്. 20,21)

സ്വാതന്ത്ര്യം എന്നുമെന്നും എന്റെ മതമായിരുന്നില്ലേ. ഇനി ആരും എന്ന വേദനിപ്പിക്കുകയില്ല എന്ന ബോധം എനിക്ക് വന്നുകഴിഞ്ഞു. പേരില്ലാത്ത ഭാഷകളില്‍ ഞാന്‍ എന്റെ ജീവന്റെ ജീവനോട് സംസാരിക്കുന്നു. അനേകം ജിഹ്വകളാല്‍ ഞാന്‍ അവനോട് രക്ഷക്കായി യാചിക്കുന്നു. തെറ്റിദ്ധാരണയുടെ മുള്‍പടര്‍പ്പുകളില്‍ അടിതെറ്റിവീഴുവാന്‍ ഞാന്‍ ഇനിയൊരിക്കലും തയ്യാറാവില്ല. ഭക്തി മൂര്‍ചയുള്ള ഒരായുധമല്ല. അതിന് ശത്രുതാബോധമില്ല. അത് ദാഹം ശമിപ്പിക്കുന്ന പുണ്യതീര്‍ഥം മാത്രം. ഭക്തിയെന്ന ശിരോവസ്ത്രം ഞാന്‍ ധരിക്കുന്നു. അതിന്റെ ഭാരത്താല്‍ എന്റെ ശിരസ്സ് താഴുന്നുവെന്ന് എനിക്കറിയാം. ഇനി ഈ ജീവിതം അവസാനിക്കുന്നത് വരെ എന്റെ ശിരസ്സ് താഴുന്നു തന്നെ കാണപ്പെടട്ടേ.. (പേജ് 21)

അടുത്ത അധ്യയം അവര്‍ തുടങ്ങുന്നതിങ്ങനെ...

'നിലാവിന്റെ അലങ്കാരങ്ങള്‍ മാത്രം ശരീരത്തിലണിഞ്ഞ് ചഞ്ചലനയനങ്ങളോടെ ഈ വഴിയെ കടുന്നുപോവുന്നവള്‍ ആരാണ്?.

അവള്‍ക്ക് സ്വന്തമായി ഒരു പേരില്ലേ ?

ദൈവത്തെ പ്രേമഭാജനമായി അംഗീകരിച്ചവര്‍ നടന്ന ദുര്‍ഘടന പാതയാണ് ഈ മലഞ്ചെരുവില്‍ രണ്ടായി പിളരുന്നത്. ഒരു നിമിഷത്തിന് നടത്തം നിര്‍ത്തി ഇടത്തോട്ടും വലത്തോട്ടും നോക്കാത്ത പഥികരില്ല. സ്വര്‍ഗമോ നരകമോ തന്റെ ലക്ഷ്യമെന്ന് തീരുമാനിക്കുന്നത് ആ അവസാനകാത്തില്‍ മനുഷ്യന്‍ തന്നെയാണ്. പച്ചഗേറ്റിലൂടെ നിസ്സങ്കോചം പുറത്തുവന്ന വിദേശയാത്രക്കാരന്‍റെ പെട്ടിയില്‍ നികുതി അടക്കേണ്ട സ്വത്തുക്കള്‍ ഉണ്ടാവുകയില്ല. പാപത്തിന് നികുതിയുണ്ടെന്ന് അറിയാത്തവര്‍ ആരാണ്.'  (പേജ്. 23)

കഥയിലും നോവലിലുമൊന്നും വലിയ താല്‍പര്യമില്ലാത്ത മതമീംമാംസയില്‍ താല്‍പര്യമുള്ളവരെ പോലും അവരെ സ്നേഹിക്കുന്നവരാക്കിയത് ഇസ്ലാം ആശ്ലേഷത്തിന് ശേഷം അവര്‍ എഴുതിയ ആഴമുള്ള ഇതുപോലെത്തെ വരികളാണ്. (അവര്‍ അവരുടെ ജീവിതയാത്രയില്‍ അല്‍പ സമയം നിന്നു ഇടതും വലതും നോക്കി. സ്വര്‍ഗത്തെ അവര്‍ സ്വയം തെരഞ്ഞെടുത്തു. നികുതി അടക്കേണ്ട സ്വത്തുക്കള്‍ക്ക് നികുതി അടച്ചു. പച്ച ഗേറ്റിലൂടെ തന്നെ അവര്‍ ധൈര്യപൂര്‍വം പ്രവേശിച്ചു.)  അതില്‍ എന്തിന് അവരെ ഇങ്ങനെ പരിഹസിക്കണം. ബ്ലോഗ് കമന്റില്‍ ഒരാള്‍ ഇങ്ങനെ പറഞ്ഞു.

'കമല ദാസ് എന്നത് സ്വന്തം പേരിന്റെ കൂടെ ഭര്‍ത്താവായിരുന്ന ദാസിന്റെ പേരും കൂടിച്ചേര്‍ത്ത് പറഞ്ഞിരുന്നതാണ്. മതം മാറിയപ്പോള്‍ ഭര്‍ത്താവിന്റെ പേരു പോലും അവര്‍ ഉപേക്ഷിച്ചു. അത് മറ്റൊരാളെ ഭര്‍ത്താവായി സ്വീകരിക്കാന്‍ വേണ്ടി ആയിരുന്നു.

വ്യക്തി ജീവിതത്തിലും, കുടുംബജീവിതത്തിലും  പൊതു ജീവിതത്തിലും അര്‍ജ്ജവം വളരെ കുറഞ്ഞ ഒരു വ്യക്തി ആയിരുന്നു മാധവിക്കുട്ടി. എന്റെ കഥ എന്ന പുസ്തകം എഴുതിയപ്പോള്‍ അത് ആത്മകഥയാണെന്നു പറഞ്ഞു. സ്വന്തം ഭര്‍ത്താവിനും കുടുംബത്തിനും  വേദനയും നാണക്കേടും  ഉണ്ടാക്കുന്ന പലതും അതിലുണ്ടായപ്പോള്‍ കുടുംബത്തിലും പ്രശ്നമായി. അപ്പോള്‍  അതില്‍ പലതും ഭാവന ആയിരുന്നു എന്ന് മാറ്റി പറഞ്ഞു. ഒരെഴുത്തുകാരിയുടെ സത്യ സന്ധത അല്ല അതിലുള്ളത്.

മതം മാറി മുസ്ലിമായതുകൊണ്ട് കാരകുന്നിനേപ്പോലുള്ള മുസ്ലിങ്ങള്‍ അവരുടെ വക്കാലത്തേറ്റെടുക്കുന്നു. അല്ലെങ്കില്‍ ഒരു മുസ്ലിമും അവരേപ്പറ്റി ഒരു നല്ലവാക്കും പറയില്ല.

സാമാന്യം ഭേദപ്പെട്ട കഥകളും കവിതകളും അവര്‍ സാഹിത്യത്തിനു സംഭാവന ചെയ്തു. അതുകൊണ്ട് നോബല്‍ പുരസ്കാരത്തിനു വരെ ശുപാര്‍ശ ചെയ്യപ്പെട്ടു. പക്ഷെ ഇസ്ലാമില്‍ ചേര്‍ന്നതോടെ അവരുടെ സാഹിത്യ ജീവിതം  അവസാനിച്ചു. സര്‍ഗ്ഗ ശേഷിയും വറ്റി വരണ്ടു. എന്താണതിന്റെ കാരണമെന്ന് ഏതെങ്കിലും കുഴലൂത്തുകാര്‍ക്ക് ഒന്ന് വിശദീകരിക്കാമോ?'

എല്ലാവര്‍ക്കും അറിയാവുന്നത് പോലെ തന്നെ ഒരു കഥാകാരിയെന്ന നിലക്ക് അവര്‍ പലതും എഴുതിയിട്ടുണ്ട്. അതൊക്കെ സത്യമാകണമെന്നില്ല. എല്ലാ കഥയെഴുത്തുകാരും തങ്ങളെ പറ്റിപറയുന്നത് പൂര്‍ണമായ സത്യമാകണമെന്ന് വാശിപിടിക്കാനാവില്ല. അന്നവര്‍ അവരുടെ കഥയുടെയും കവിതയുടെയും നോവലിന്റെയും വായനക്കാരെയാണ് ലക്ഷ്യം വെച്ചത്, അവര്‍ തന്നെ പിന്നീട് പറഞ്ഞ പോലെ കാശാണ് ഉദ്ദേശിച്ചത്. സ്വാഭാവികമായും മറ്റുള്ളവര്‍ ഇതിന്റെ പേരില്‍ അവരെ ബുദ്ധിമുട്ടിച്ചപ്പോള്‍  ആ ഭാവനകള്‍ സത്യമല്ല എന്ന് തുറന്ന് പറഞ്ഞത് ഭീരുത്വം കാരണമാണ് എന്ന് വിധിക്കുന്നത് ശരിയല്ല. ഇതേക്കുറിച്ച് അവര്‍ മുസ്ലിമായ ശേഷം എഴുതിയതെന്തെന്ന് കാണുക.

'എന്റെ വാക്കുകള്‍ തങ്ങളുടെ കുടുംബാംഗങ്ങളെ കുത്തിമുറിവേല്‍പ്പിക്കുന്നുവെന്ന് ചില വായനക്കാര്‍ എന്റെ സെക്രട്ടറിയോട് ആവലാതിപ്പെട്ടുവത്രേ. അവരെ മനസ്സില്‍ കണ്ടുകൊണ്ടല്ല ഞാന്‍ ഉപന്യാസങ്ങളും കവിതകളും എഴുതിയത്. അവരുടെ ശങ്കാകുലമായ മനസ്സുകളുടെ ചെളിക്കുണ്ടില്‍ ഇനിയൊരിക്കലും ഞാന്‍ കാല്‍ താഴ്തുകയില്ല.  ആ വഴിയേ ഞാന്‍ ഇനി ഒരിക്കലും യാത്ര ചെയ്യുകയില്ല. എനിക്ക് ജീര്‍ണത മടുത്തുകഴിഞ്ഞു. തേജസിലേക്കുള്ള പ്രയാണം ആരും കാണുന്നില്ലേ. ഇനി എന്റെ വാസസ്ഥലം അവന്റെ ഉള്ളിലാണ്. അവന്റെ വാസസ്ഥലം എന്റെയുള്ളിലും. ഞാന്‍ അവനാകുന്ന ഖനിയില്‍ വിളഞ്ഞ സ്വര്‍ണം ശേഖരിക്കുന്നു. എന്റെ ശരീരം ഇന്ന് പാഴ്വസ്തുവാണ്. ഇനി സ്വര്‍ണം വിളയാത്ത ഖനി. അവന്റെ മുന്നില്‍ കൈകൂപ്പുന്നത് എന്റെ ആത്മാവ് മാത്രമാണ്. എന്റെ രക്തധമനികള്‍ വഹിക്കുന്ന നൌകകളില്‍ കൊയ്തെടുത്ത കതിര്‍കുലകള്‍ പോലെ ചൈതന്യം നിറക്കുന്നത് അവനാണ്. അവന്‍ എന്റെ മേല്‍ ഉടമസ്ഥാവകാശം സ്ഥാപിച്ചുകഴിഞ്ഞു. ഇതാണോ ഭക്തിയെന്ന പ്രക്രിയ ?. ഇതാണോ പൂര്‍ണമായ കീഴടങ്ങല്‍ ?.' (പേജ്. 30)

എങ്ങനെയാണ് ഒരാള്‍ പൂര്‍ണനായ മുസ്ലിമാക്കുന്നത് (അഥവാ ദൈവത്തിന് മുന്നില്‍ സര്‍വസ്വവും അര്‍പിച്ച് കീഴടങ്ങുന്നത്) എന്ന് അനുഭവിച്ചറിയുകയും അത് പ്രകടിപ്പിക്കുകയും ചെയ്യുകയാണ് കമലാ സുരയ്യ. ഇത്രയും സുന്ദരമായ സത്യസന്ധമായ വിധത്തില്‍ ഇസ്ലാം സ്വീകരിച്ചവര്‍ അത്യപൂര്‍വമാണ്. ഈ അനുഭവത്തെ ഇത്ര മനോഹരമായി വര്‍ണിച്ച ഇസ്ലാം സ്വീകര്‍ത്താക്കളെയും മലയാളം കണ്ടിട്ടില്ല. ഇസ്ലാം സ്വീകരിച്ചശേമുള്ള അവരുടെ മുഖത്ത് തെളിഞ്ഞു കത്തുന്ന പ്രകാശം നിങ്ങള്‍ കണ്ടിട്ടില്ലേ. അതേ കുറിച്ച് അവര്‍ നല്‍ക്കുന്ന ചിന്തോദീപകമായ മൊഴിമുത്തുകള്‍ പകര്‍ത്തി ഈ ബ്ലോഗ് അവസാനിപ്പിക്കുകയാണ്. ഇസ്ലാം വിമര്‍ശകരൊക്കെ ഇപ്പോള്‍ കമലാ സുരയ്യക്കെതിരെ സടകുടഞ്ഞ് എഴുന്നേറ്റിരിക്കുകയാണ് ബ്ലോഗിലും ഫെയ്സ് ബുക്കിലും. കമലാ സുരയ്യ പ്രപഞ്ചസ്രഷ്ടാവായ  അവരുടെ പ്രേമഭാജനത്തിലെത്തിക്കഴിഞ്ഞു. ഇനി നിങ്ങള്‍ക്ക് എന്തും പറയാം.

'മനുഷ്യരൊക്കെ എന്നോട് എന്തുകൊണ്ടാണ് ഇങ്ങനെ പെരുമാറുന്നത്. ഞാന്‍ മനുഷ്യരില്‍നിന്ന് അകന്നകന്നുപോവുകയാണ്. അല്ലാഹുവിനോട് എനിക്ക് അഗാധമായ പ്രണയമുണ്ട്. എന്നാല്‍ അതിനുള്ളില്‍ നിറയെ ഭക്തിയാണ്. എല്ലാ പ്രണയത്തിലും എനിക്ക് ഭക്തികണ്ടെത്താന്‍ കഴിയുന്നു. അങ്ങനെയാണ് ഞാന്‍ ദൈവത്തിന്റെ ഒരു അവയവമായി മാറിയത്. എനിക്കതൊരക്കലും മുറിച്ച് കളയാന്‍ കഴിയില്ല. അതോടെ എന്റെ എല്ലാ സംശയങ്ങളും തീര്‍ന്നു. ദൈവത്തെ മാനം കെടുത്തി എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല. ചിലരെന്നോട് തര്‍ക്കിക്കും, ഇതു പുതുതായി വന്ന ദൌര്‍ബല്യമാണെന്ന്. എനിക്കങ്ങനെ തോന്നിയിട്ടില്ല. ദൈവത്തോട് അടുക്കുന്നത് എങ്ങനെയാണ് ദൌര്‍ബല്യമാകുന്നത്. എനിക്കത് മനസ്സിലാക്കുന്നില്ല. ആര്‍ക്കും എന്നെയും മനസ്സിലാകുന്നില്ല. പ്രണയം ദൈവത്തോട് മാത്രമായി ചുരുങ്ങുകയാണ്. എന്നെ ദൈവത്തിന് മനസ്സിലാകും. എന്റെ മക്കള്‍ക്കും. അതുമതി. അത്രയൊക്കെ നേടിയല്ലോ.' (ജീവിതം കൊണ്ട് ഇത്രമാത്രം , പേജ് 54)


Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review